• Sitemap
  • Advance Search
Security

യുദ്ധക്കളങ്ങൾക്കപ്പുറം: മാനുഷിക സഹായ, ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സായുധ സേനകൾ

Posted On: 15 FEB 2026 11:22AM

പ്രധാന വസ്തുതകൾ

  • ഇന്ത്യയുടെ പരമാധികാരവും അതിർത്തികളും സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ മാനുഷിക സഹായം, വൈദ്യസഹായം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ രാജ്യത്തിന്റെ കരുത്തായി മാറുന്ന ആദ്യ പ്രതികരണ സേനയായും ഇന്ത്യൻ സായുധ സേന പ്രവർത്തിക്കുന്നു.
  • 2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി ഇന്ത്യയുടെ ദുരന്തനിവാരണ (HADR) പ്രവർത്തനങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കര, നാവിക, വ്യോമ സേനകളുടെയും കോസ്റ്റ് ഗാർഡിന്റെയും അഭൂതപൂർവമായ ഏകോപനത്തിലൂടെയുള്ള പ്രവർത്തനമാണ് അന്ന് കാഴ്ചവെച്ചത്.
  • കോവിഡ്-19 മഹാമാരിക്കാലത്ത് 'ഓപ്പറേഷൻ സമുദ്ര സേതു' വഴി 55 ദിവസങ്ങൾക്കുള്ളിൽ കടൽമാർഗ്ഗം 3,992 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്.
  • 2025-ൽ ഇന്ത്യൻ കരസേന പത്ത് സംസ്ഥാനങ്ങളിലായി 80-ലധികം സ്ഥലങ്ങളിൽ 141 കോളങ്ങൾ വിന്യസിച്ചു. ഇതിലൂടെ 28,293 സിവിലിയന്മാരെ രക്ഷപ്പെടുത്തുകയും 7,318 പേർക്ക് വൈദ്യസഹായം നൽകുകയും 2,617 പേർക്ക് ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുകയും ചെയ്തു.
  • 2025 മാർച്ചിൽ നടന്ന *'ഓപ്പറേഷൻ ബ്രഹ്മ'യുടെ ഭാഗമായി, മ്യാൻമറിൽ ഇന്ത്യൻ സൈന്യത്തിന്റെ 60 ബെഡുകളുള്ള ഫീൽഡ് ഹോസ്പിറ്റൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ 2,500-ലധികം ഭൂകമ്പ ഇരകളെ ചികിത്സിച്ചു. ആറ് വിമാനങ്ങളും അഞ്ച് നാവിക കപ്പലുകളും ചേർന്ന് 750 മെട്രിക് ടൺ ദുരിതാശ്വാസ സാമഗ്രികൾ അവിടെ എത്തിച്ചു.
  • 2025-ലെ 'ദിത്വ' ചുഴലിക്കാറ്റിനെത്തുടർന്ന് ശ്രീലങ്കയിൽ ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും 2,500-ലധികം ആളുകളെ ഒഴിപ്പിക്കാനും 'ഓപ്പറേഷൻ സാഗർ ബന്ധു' വഴി സാധിച്ചു. 1,058 ടൺ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തതിനൊപ്പം വിദേശ പൗരന്മാരുൾപ്പെടെ 264 പേരെ ഇന്ത്യൻ വ്യോമസേന സുരക്ഷിതമായി മാറ്റുകയും ചെയ്തു.

ആമുഖം

ഇന്ത്യയുടെ ആഗോള ഇടപെടലുകളുടെ അവിഭാജ്യ ഘടകമാണ് മാനുഷിക സഹായവും ദുരന്തനിവാരണ പ്രവർത്തനങ്ങളും (HADR). പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ദുരന്തങ്ങൾ അടിക്കടി ഉണ്ടാവുകയും അവയുടെ ആഘാതം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഇന്ത്യ തങ്ങളുടെ വിപുലമായ ദുരന്തനിവാരണ പരിചയം ഉപയോഗപ്പെടുത്തി രാജ്യത്തിനകത്തും ദുരന്തബാധിതരായ മറ്റ് രാജ്യങ്ങൾക്കും കൃത്യസമയത്ത് ഏകോപിതവും വ്യവസ്ഥാപിതവുമായ സഹായം നൽകുന്നു. പ്രതികൂല സാഹചര്യങ്ങളിൽ പ്രവർത്തിക്കാനുള്ള കഴിവ്, സംഘടനാ മികവ്, ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം എന്നിവ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സായുധ സേനയെ ഏറ്റവും അനുയോജ്യമാക്കുന്നു. അതുകൊണ്ടുതന്നെ ഏതൊരു ദുരന്തമുഖത്തും പലപ്പോഴും സായുധ സേനയാണ് ആദ്യമെത്തുന്നത്. സിവിൽ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയാത്തവിധം ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോൾ, "വേഗതയേറിയതും കാര്യക്ഷമവും ഏകോപിതവും കൃത്യവുമായ" പ്രതികരണം ഉറപ്പാക്കുക എന്നതാണ് HADR-ന്റെ ലക്ഷ്യം. സിവിൽ സംവിധാനങ്ങളുടെ പരിമിതികൾക്ക് അപ്പുറത്തേക്ക് ദുരന്ത വ്യാപ്തി കൂടുമ്പോൾ ദേശീയവും അന്തർദ്ദേശീയവുമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവൺമെന്റ് പലപ്പോഴും സായുധ സേനയെ വിന്യസിക്കാറുണ്ട്.

നമ്മുടെ പങ്കാളിത്ത രാജ്യങ്ങൾക്ക് ഇന്ത്യ പ്രദാന ചെയ്യുന്ന മാനുഷിക സഹായവും ദുരന്തനിവാരണ പ്രവർത്തനങ്ങളും പ്രധാനമായും ലക്ഷ്യമിടുന്നത്, ദുരന്തസമയത്തും അതിനുശേഷവും ജീവനുകൾ രക്ഷിക്കുന്നതിനും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും മനുഷ്യന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയുള്ള കൃത്യസമയത്തുള്ള സഹായം ഉറപ്പാക്കുക എന്നതാണ്.

രക്ഷാപ്രവർത്തനങ്ങൾക്കായി സൈനികരെ വിന്യസിക്കുക, ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കുക, അവശ്യ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുക, മാനുഷിക സഹായങ്ങൾ എത്തിക്കുക എന്നിവ ഇന്ത്യൻ കരസേന നിർവഹിക്കുന്നു. വിദേശത്തുനിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുക, ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുക, സമുദ്രതീരങ്ങളിലെ സഹായത്തിനായി കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിക്കുക എന്നിവയിൽ ഇന്ത്യൻ നാവികസേന നിർണ്ണായക പങ്ക് വഹിക്കുന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വാസ സാമഗ്രികൾ, മെഡിക്കൽ ടീമുകൾ, ദുരന്തനിവാരണ ഉദ്യോഗസ്ഥർ എന്നിവരെ എത്തിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനും ഇന്ത്യൻ വ്യോമസേന തന്ത്രപരമായ നീക്കങ്ങൾ നടത്തുന്നു. ഈ ശ്രമങ്ങൾക്ക് അനുപൂരകമായി, തീരദേശ മേഖലകളിലെ ചുഴലിക്കാറ്റ്, സുനാമി, ഭൂകമ്പം, എണ്ണ പര്യവേക്ഷണ പ്ലാറ്റ്‌ഫോമുകളിലെ തീപിടുത്തം, പ്രളയം എന്നിവയുടെ സമയത്ത് ദ്രുതഗതിയിലുള്ള പ്രതികരണവും സമുദ്ര സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് സഹായം നൽകുന്നു.

ഉത്ഭവം, നയരൂപീകരണം, സ്ഥാപനപരമായ ചട്ടക്കൂട്

വിദേശത്തോ രാജ്യത്തിനകത്തോ ഉണ്ടാകുന്ന മാനുഷിക പ്രതിസന്ധികളോട് ഏകോപിതവും കൃത്യസമയത്തുള്ളതും വിശ്വസനീയവുമായ രീതിയിൽ പ്രതികരിക്കാൻ പ്രാപ്തമാക്കുന്ന ശക്തമായ നയങ്ങളിലും സ്ഥാപനപരമായ ഘടനയിലുമാണ് ഇന്ത്യയുടെ മാനുഷിക സഹായ-ദുരന്തനിവാരണ (HADR) നിലപാടുകൾ ഊന്നിയുറപ്പിച്ചിരിക്കുന്നത്. 'HADR' എന്ന പദം പ്രാഥമികമായി അന്താരാഷ്ട്ര ഇടപെടലുകൾക്കാണ് ഉപയോഗിക്കുന്നതെങ്കിലും, ആഭ്യന്തര ദുരന്തനിവാരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് നിയമപരമായ ഒരു ചട്ടക്കൂടിന് കീഴിലാണ്. നയതന്ത്രം, പ്രതിരോധം, ദുരന്തനിവാരണ സംവിധാനങ്ങൾ, പൊതുജനാരോഗ്യ ശേഷി എന്നിവയെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഗവൺമെന്റിന്റെ സമ്പൂർണ്ണമായ ഒരു സമീപനമാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

നയപരമായ ചട്ടക്കൂട്

അന്താരാഷ്ട്ര ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ 'ദുരന്താഘാത ലഘൂകരണത്തിനായുള്ള പത്തിനം അജണ്ട'യിലെ പത്താം അജണ്ടയായ "ദുരന്തങ്ങളോടുള്ള അന്താരാഷ്ട്ര പ്രതികരണങ്ങളിൽ കൂടുതൽ ഏകോപനം കൊണ്ടുവരിക" എന്ന ലക്ഷ്യമാണ് ഇന്ത്യയുടെ സമീപനത്തിന് വഴികാട്ടുന്നത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി (NDMA) 2024 ഒക്ടോബറിൽ 'അന്താരാഷ്ട്ര HADR മാർഗ്ഗനിർദ്ദേശങ്ങൾ' പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളെ ഈ മാർഗ്ഗനിർദ്ദേശങ്ങൾ വ്യവസ്ഥാപിതമാക്കുന്നു. ദുരന്തബാധിത രാജ്യങ്ങളുടെ പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള ബഹുമാനം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും മനുഷ്യാവകാശ മാനദണ്ഡങ്ങളുടെയും പാലനം, സുതാര്യത, ഉത്തരവാദിത്തം, ധാർമ്മികമായ പെരുമാറ്റം എന്നിവയാണ് ഇതിന്റെ അടിസ്ഥാന തത്വങ്ങൾ.ഈ മാർഗ്ഗനിർദ്ദേശങ്ങൾ യുഎൻഡിആർആർ (UNDRR) ജെൻഡർ ആക്ഷൻ പ്ലാനുമായി (2024) പൊരുത്തപ്പെടുന്നവയുമാണ്, ഇത് മാനുഷിക പ്രവർത്തനങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിക്ക് (Inclusivity) കരുത്തേകുന്നു. പ്രധാനമായും, ദ്രുതഗതിയിലുള്ള പ്രതികരണങ്ങളിൽ ഇന്ത്യൻ സായുധ സേനയുടെ പങ്കിനെ ഈ മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നു. തന്ത്രപരമായ ഗതാഗത സൗകര്യങ്ങൾ (Strategic Lift), ലോജിസ്റ്റിക്സ്, വൈദ്യസഹായം, ഒഴിപ്പിക്കൽ, എഞ്ചിനീയറിംഗ് ജോലികൾ എന്നിവയിൽ സായുധ സേനയുടെ പങ്ക് ഇത് നിർബന്ധമാക്കുന്നു. കൂടാതെ, ഡ്രോണുകൾ, എഐ (AI) അധിഷ്ഠിത പ്രവചനങ്ങൾ തുടങ്ങിയ സാങ്കേതിക വിദ്യകളുടെ സംയോജനത്തിന് ഇതിൽ കൂടുതൽ ഊന്നൽ നൽകുന്നു.

രാജ്യത്തിനകത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ 2005-ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് നിയന്ത്രിക്കപ്പെടുന്നത്. ഈ നിയമം ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ യഥാക്രമം NDMA, SDMA, UDMA/DDMA എന്നിവയിലൂടെ മൂന്ന് തട്ടുകളിലുള്ള ഒരു സ്ഥാപനപരമായ ചട്ടക്കൂട് ഉറപ്പാക്കുന്നു. ഇന്ത്യയിൽ ദുരന്തനിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന ​ഗവൺമെന്റുകൾക്കാണെങ്കിലും കേന്ദ്ര  ഗവൺമെന്റ് സാമ്പത്തികവും സാങ്കേതികവും ലോജിസ്റ്റിക്സുമായ സഹായങ്ങൾ നൽകിക്കൊണ്ട് ഏകോപന ചുമതല വഹിക്കുന്നു. ദേശീയതലത്തിൽ വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കാബിനറ്റ് സെക്രട്ടറിയുടെ കീഴിലുള്ള നാഷണൽ ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി (NCMC) ആണ് മൊത്തത്തിലുള്ള നിയന്ത്രണവും ഏകോപനവും നിർവ്വഹിക്കുന്നത്. ഇതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് (MHA) നോഡൽ മന്ത്രാലയമായി പ്രവർത്തിക്കുന്നത്. വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള പ്രവർത്തനങ്ങൾ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി (NEC) ഏകോപിപ്പിക്കുന്നു. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിന്റെ കീഴിലുള്ള ജില്ലാ ദുരന്തനിവാരണ അതോറിറ്റികളാണ് ഇൻസിഡന്റ് കമാൻഡ് ടീമുകളിലൂടെ (ICT) നയിക്കുന്നത്. കൂടാതെ, സിവിലിയൻ സംവിധാനങ്ങളെ സഹായിക്കുന്നതിനായി സൈന്യത്തെ വിന്യസിക്കുന്നതിന് ഈ നിയമം നിയമപരമായ പരിരക്ഷ നൽകുന്നു.

പ്രധാന സ്ഥാപനങ്ങൾ

  • വിദേശകാര്യ മന്ത്രാലയം (MEA): ഇന്ത്യയുടെ വിദേശ രാജ്യങ്ങളിലെ ദുരന്തനിവാരണ (HADR) പ്രവർത്തനങ്ങളുടെ നോഡൽ മന്ത്രാലയമാണിത്. നയതന്ത്ര ഏകോപനം, ദുരന്തബാധിത രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകൾ സ്വീകരിക്കൽ, അന്താരാഷ്ട്ര തലത്തിലുള്ള ആശയവിനിമയം എന്നിവയുടെ ഉത്തരവാദിത്തം ഈ മന്ത്രാലയത്തിനാണ്.
  • റാപ്പിഡ് റെസ്‌പോൺസ് സെൽ (RRC), MEA: കോവിഡ്-19 ഏകോപനത്തിനായി 2021-ൽ സ്ഥാപിതമായ ഈ സെൽ, നിലവിൽ വിദേശ HADR പ്രവർത്തനങ്ങളുടെ കേന്ദ്ര ഏകോപന ഹബ്ബായി പ്രവർത്തിക്കുന്നു. NDMA, NDRF, സായുധ സേനകൾ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, മറ്റ് കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയുമായി ചേർന്ന് ഇത് പ്രവർത്തിക്കുന്നു.
  • ആഭ്യന്തര മന്ത്രാലയം (MHA): ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 'ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം ഫോർ എമർജൻസി റെസ്‌പോൺസ്' (ICR-ER), NDRF, NDMA, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ചേർന്ന് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. വിദേശകാര്യ മന്ത്രാലയവുമായും മറ്റ് പങ്കാളികളുമായും സഹകരിച്ച് ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര HADR മിഷനുകളുടെ ഏകോപനവും ഇത് നിർവ്വഹിക്കുന്നു.
  • ആഭ്യന്തര മന്ത്രാലയവുമായും (MHA) വിദേശകാര്യ മന്ത്രാലയവുമായും (MEA) ചേർന്ന്, ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി എൻ.ഡി.എം.എ (NDMA) ഒരു കേന്ദ്ര കൺട്രോൾ റൂം നിയന്ത്രിക്കുകയും മറ്റ് പങ്കാളികളുമായി സഹകരിച്ച് ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ദൗത്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു.
  • പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഹെഡ്ക്വാർട്ടേഴ്സ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് (HQ IDS): തന്ത്രപരമായ നീക്കങ്ങൾക്കായുള്ള ഗതാഗത സൗകര്യം (Strategic lift), ലോജിസ്റ്റിക്സ്, വൈദ്യസഹായം, എഞ്ചിനീയറിംഗ് സേവനങ്ങൾ, ദ്രുതഗതിയിലുള്ള വിന്യാസ സംവിധാനങ്ങൾ എന്നിവ നൽകുന്നു.
  • ദേശീയ ദുരന്തനിവാരണ അതോറിറ്റി (NDMA): അന്താരാഷ്ട്ര HADR ഉൾപ്പെടെയുള്ള ദുരന്ത പ്രതികരണങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങളും ഏകോപന സംവിധാനങ്ങളും രൂപപ്പെടുത്തുന്ന ഉന്നത നയരൂപീകരണ സമിതിയാണിത്.
  • ദേശീയ ദുരന്ത പ്രതികരണ സേന (NDRF): ആവശ്യമുള്ള ഘട്ടങ്ങളിൽ വിദഗ്ധ പരിശീലനം ലഭിച്ച ദുരന്ത പ്രതികരണ സേനാംഗങ്ങളെ വിന്യസിക്കുന്നു.
  • ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം (MoH&FW): എമർജൻസി മെഡിക്കൽ ടീമുകൾ, രോഗ നിരീക്ഷണം, ആഗോള ഏകോപനം, എല്ലാവരെയും ഉൾക്കൊള്ളുന്ന ആരോഗ്യ സേവനം എന്നിവയിലൂടെ മെഡിക്കൽ-പൊതുജനാരോഗ്യ സഹായങ്ങൾക്ക് നേതൃത്വം നൽകുന്നു. പൊതുജനാരോഗ്യ പരിപാലനത്തിനായി ലോകാരോഗ്യ സംഘടനയുമായും (WHO) മറ്റ് ആരോഗ്യ ഏജൻസികളുമായും ഇത് ഏകോപനം നടത്തുന്നു.

ഈ സ്ഥാപനങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സംയുക്തമായി ഇന്ത്യയുടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതവും വേഗതയേറിയതും തന്ത്രപരമായി യോജിച്ചതുമാണെന്ന് ഉറപ്പാക്കുന്നു.

സാങ്കേതികവിദ്യയുടെ സംയോജനത്തിന് (ഡ്രോണുകൾ, എഐ അധിഷ്ഠിത പ്രവചനങ്ങൾ എന്നിവ) മുൻഗണന നൽകിക്കൊണ്ട്, ദ്രുതഗതിയിലുള്ള വിന്യാസത്തിൽ സായുധ സേനയുടെ പങ്ക് ഈ ചട്ടക്കൂട് നിർബന്ധമാക്കുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഇന്ത്യൻ സായുധ സേനയുടെ നിർണ്ണായക പങ്കിനെ എൻ.ഡി.എം.എ-യുടെ (NDMA) എച്ച്.എ.ഡി.ആർ (HADR) മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുന്നു: കരസേന സൈനികരെ വിന്യസിക്കുകയും ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിക്കുകയും ചെയ്തേക്കാം; ദുരിതാശ്വാസ പ്രവർത്തകരെയും വൈദ്യസഹായവും എത്തിക്കുന്നതിനും ആളുകളെ ഒഴിപ്പിക്കുന്നതിനും വ്യോമസേനയെ ചുമതലപ്പെടുത്തിയിരിക്കുന്നു; ആളുകളെ ഒഴിപ്പിക്കുന്നതിനും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും നാവികസേനയ്ക്ക് കപ്പലുകൾ ഉപയോഗിക്കാം, കൂടാതെ ചുഴലിക്കാറ്റ് അല്ലെങ്കിൽ സുനാമി പോലുള്ള സമുദ്ര ദുരന്തങ്ങളിൽ കോസ്റ്റ് ഗാർഡ് സഹായം നൽകുന്നു. ദുരന്ത നിവാരണത്തിനായുള്ള 'സെൻഡായി ചട്ടക്കൂടിന്' കീഴിലുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുമായി പൊരുത്തപ്പെടുന്നതാണ് ഈ സമീപനം. തയ്യാറെടുപ്പ്, അതിജീവന ശേഷി, ഫലപ്രദമായ പ്രതികരണം, ഏകോപിതമായ പുനരുദ്ധാരണം എന്നിവയ്ക്കാണ് ഈ ചട്ടക്കൂട് ഊന്നൽ നൽകുന്നത്.

ആഭ്യന്തര മാനുഷിക സംരംഭങ്ങൾ

വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം, ഉരുൾപൊട്ടൽ, വ്യാവസായിക അല്ലെങ്കിൽ ഗതാഗത അപകടങ്ങൾ എന്നിവയുൾപ്പെടെയുള്ള ദേശീയ ദുരന്ത പ്രതികരണങ്ങൾക്കായി ഇന്ത്യൻ സായുധ സേനയെ പതിവായി വിന്യസിക്കാറുണ്ട്. NDMA, NDRF, സംസ്ഥാന ദുരന്ത പ്രതികരണ സേനകൾ (SDRF), സിവിൽ അഡ്മിനിസ്‌ട്രേഷൻ എന്നിവയോടൊപ്പം ദേശീയ HADR ചട്ടക്കൂടിന്റെ അവിഭാജ്യ ഘടകമായാണ് ഇവർ പ്രവർത്തിക്കുന്നത്. രക്ഷാപ്രവർത്തനം, ദുരിതാശ്വാസം, വൈദ്യസഹായം, ഒഴിപ്പിക്കൽ, നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനം എന്നിവയ്ക്കായി ആകാശ-കര-കടൽ മാർഗ്ഗങ്ങളിലൂടെ  അതിവേഗം വിന്യസിക്കാനുള്ള സായുധ സേനയുടെ കഴിവ് ഈ ദൗത്യങ്ങൾ തെളിയിക്കുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി (2004)

2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി ഇന്ത്യയുടെ HADR ചരിത്രത്തിലെ ഒരു നിർണ്ണായക നിമിഷമായിരുന്നു. ആ ദുരന്തത്തിന്റെ വലിയ വ്യാപ്തിയും ഭൂമിശാസ്ത്രപരമായ പരപ്പും കാരണം അഭൂതപൂർവമായ ഒരു ഏകോപിത പ്രതികരണം ആവശ്യമായി വന്നു. കര, നാവിക, വ്യോമ സേനകളും കോസ്റ്റ് ഗാർഡും സംയുക്തമായി ഇതിൽ പങ്കുചേർന്നു. 'ഓപ്പറേഷൻ സീവേവ്' എന്നറിയപ്പെട്ട ഈ ദൗത്യത്തിൽ ഇന്ത്യൻ വ്യോമസേന നിർണ്ണായക പങ്ക് വഹിച്ചു. 2004 ഡിസംബർ 26-ന് കാർ നിക്കോബാർ എയർഫീൽഡിൽ നിന്ന് Mi-8 ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് അടിയന്തര തിരച്ചിൽ-രക്ഷാ ദൗത്യങ്ങൾ ആരംഭിച്ചു.

 

ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ IL-76, AN-32, HS-748 വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് നടത്തിയ തുടർച്ചയായ പ്രവർത്തനങ്ങളിലൂടെ വൻതോതിൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും അതിജീവിച്ചവരെ ഒഴിപ്പിക്കാനും സാധിച്ചു. ഈ പ്രവർത്തനം ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കും വ്യാപിപ്പിച്ചു. ഏകദേശം 17 ടണ്ണോളം ദുരിതാശ്വാസ സാമഗ്രികൾ അവിടെ എത്തിക്കുകയും ആവശ്യമായവരെ ഒഴിപ്പിക്കുകയും ചെയ്തു. ഭാവിയിലെ സംയുക്ത സേനാ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായുള്ള ഒരു മാതൃകയായി ഈ ദൗത്യം മാറി.

സംസ്ഥാനങ്ങളും ഇന്ത്യാ ഗവൺമെൻറും സംയുക്തമായി ആരംഭിച്ച വിപുലമായ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾ സാഹചര്യം വളരെ വേഗത്തിൽ സാധാരണ നിലയിലാക്കാൻ സഹായിച്ചു. കരസേന, നാവികസേന, വ്യോമസേന, കോസ്റ്റ് ഗാർഡ്, പാരാ മിലിട്ടറി സേനകൾ എന്നിവയിൽ നിന്നായി ഏകദേശം 20,900 സൈനികരെ ഇതിനായി വിന്യസിച്ചു. 40 നാവിക/ കോസ്റ്റ് ഗാർഡ് കപ്പലുകളും 34 വിമാനങ്ങളും 42 ഹെലികോപ്റ്ററുകളും ഈ ബൃഹദ് ദൗത്യത്തിന്റെ ഭാഗമായി.

വൻകരയിൽ നിന്ന് 28,734 പേരെ രക്ഷപ്പെടുത്തി. കൂടാതെ ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ കുടുങ്ങിക്കിടന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെ 6000-ത്തിലധികം ആളുകളെ വൻകരയിൽ എത്തിച്ചു. ആകെ 6.36 ലക്ഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും 930 ദുരിതാശ്വാസ ക്യാമ്പുകളിൽ പാർപ്പിക്കുകയും ചെയ്തു.

മാലിദ്വീപിനുള്ള സഹായം (ഓപ്പറേഷൻ കാസ്റ്റർ)

മാലെ ലക്ഷ്യമാക്കി ഐ.എൻ.എസ് മൈസൂർ, ഐ.എൻ.എസ് ഉദയഗിരി, ഐ.എൻ.എസ് ആദിത്യ എന്നീ മൂന്ന് കപ്പലുകൾ പുറപ്പെട്ടു. ഐ.എൻ.എസ് മൈസൂറിൽ രണ്ട് ഹെലികോപ്റ്ററുകളും മറ്റ് കപ്പലുകളിൽ ഒന്നു വീതവും ഉണ്ടായിരുന്നു. കുടിവെള്ളവും ജലശുദ്ധീകരണ പ്ലാന്റും സഹിതമാണ് ഐ.എൻ.എസ് ആദിത്യ എത്തിയത്. മെഡിക്കൽ ടീമുകൾ, മരുന്നുകൾ, ദുരിതാശ്വാസ ഉപകരണങ്ങൾ എന്നിവയും ഈ കപ്പലുകളിൽ ഉണ്ടായിരുന്നു. 2004 ഡിസംബർ 28-ന് ഐ.എൻ.എസ് മൈസൂരും ഡിസംബർ 29-ന് ഐ.എൻ.എസ് ഉദയഗിരിയും ഡിസംബർ 30-ന് ഐ.എൻ.എസ് ആദിത്യയും മാലെയിലെത്തി.

ശ്രീലങ്കയ്ക്കുള്ള സഹായം (ഓപ്പറേഷൻ റെയിൻബോ)

കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും കണ്ടെത്തുന്നതിനായി ശ്രീലങ്ക സഹായം അഭ്യർത്ഥിച്ചപ്പോൾ ഇന്ത്യൻ നാവികസേന ഉടൻ തന്നെ പ്രതികരിച്ചു. കൂടാതെ, 2004 ഡിസംബർ 26-ന് ഒരു ഡോർണിയർ വിമാനം മെഡിക്കൽ ടീമിനെയും 600 കിലോ ഗ്രാം മരുന്നുകളെയും കൊളംബോയിൽ എത്തിച്ചു. ശ്രീലങ്കയ്ക്കായി ഇന്ത്യ 4 കപ്പലുകളാണ് നിയോഗിച്ചത്. ഐ.എൻ.എസ് ശാരദ, ഐ.എൻ.എസ് സത്‌ലജ് എന്നിവ ഗാലെ ലക്ഷ്യമാക്കി നീങ്ങുകയും ഡിസംബർ 27-ന് അവിടെ എത്തുകയും ചെയ്തു. ഐ.എൻ.എസ് സന്ധ്യായക് ഐ.എൻ.എസ് സുകന്യ എന്നീ രണ്ട് കപ്പലുകൾ ട്രിങ്കോമാലിയിലേക്ക് തിരിക്കുകയും ഡിസംബർ 27-ന് അവിടെ എത്തിച്ചേരുകയും ചെയ്തു. എല്ലാ കപ്പലുകളിലും ഹെലികോപ്റ്ററുകളും ഡൈവർമാരും ഉണ്ടായിരുന്നു. കൂടാതെ മെഡിക്കൽ ടീമുകൾ, മരുന്നുകൾ, ദുരിതാശ്വാസ ഉപകരണങ്ങൾ എന്നിവയും ഈ കപ്പലുകളിൽ കരുതിയിരുന്നു.

ഉത്തരാഖണ്ഡ് പ്രളയം (ജൂൺ 2013)

2013-ലെ ഉത്തരാഖണ്ഡ് ദുരന്തസമയത്ത് കരസേന, വ്യോമസേന, ഐ.ടി.ബി.പി (ITBP), എൻ.ഡി.ആർ.എഫ് (NDRF) തുടങ്ങി വിവിധ സേനാ വിഭാഗങ്ങൾ സംയുക്തമായി വൻതോതിലുള്ള രക്ഷാപ്രവർത്തനങ്ങളും ഒഴിപ്പിക്കൽ ദൗത്യങ്ങളും നടത്തി. വ്യോമസേന 'ഓപ്പറേഷൻ രാഹത്' വഴിയും കരസേന 'ഓപ്പറേഷൻ സൂര്യ ഹോപ്പ്' വഴിയും ആയിരക്കണക്കിന് വിമാനയാത്രകൾ നടത്തുകയും കുടുങ്ങിക്കിടന്ന വലിയൊരു വിഭാഗം ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു.ദുരന്തബാധിത പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിലായി 730 മെട്രിക് ടൺ അവശ്യസാധനങ്ങളാണ് വ്യോമസേന ആകാശത്തുനിന്ന് താഴേക്ക് എത്തിച്ചത്. 2013-ലെ ഉത്തരാഖണ്ഡ് ദുരന്തത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കായി സി-130 ജെ സൂപ്പർ ഹെർക്കുലീസ്, എം.ഐ-26, എം.എൽ.എച്ച് (MLH), എ.എൽ.എച്ച് (ALH), ചീറ്റ, എം.ഐ-17 വി5 (Mi-17V5) എന്നീ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചു.

ജമ്മു കശ്മീർ പ്രളയം (സെപ്റ്റംബർ 2014)

2014-ലെ ജമ്മു കശ്മീർ പ്രളയസമയത്ത് വൻതോതിലുള്ള രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസത്തിനുമായി ഇന്ത്യൻ വ്യോമസേന 'ഓപ്പറേഷൻ മേഘ് രാഹത്' ആരംഭിച്ചു. ഇന്ത്യൻ കരസേന, എൻ.ഡി.ആർ.എഫ് (NDRF), സിവിൽ ഏജൻസികൾ എന്നിവയുമായി സഹകരിച്ച് ഏകദേശം 70 വ്യോമസേനാ വിമാനങ്ങൾ വിന്യസിച്ചു. ഇതിലൂടെ 96,000-ത്തിലധികം ആളുകളെ രക്ഷപ്പെടുത്തുകയും 3,500 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികൾ ദുരന്തബാധിത പ്രദേശങ്ങളിൽ എത്തിക്കുകയും ചെയ്തു. ഏകദേശം 2,18,000 സിവിലിയന്മാർക്ക് വൈദ്യസഹായം, പാർപ്പിടം, ഭക്ഷണം എന്നിവ ലഭ്യമാക്കി. ഒരു ഓഫീസറുടെ നേതൃത്വത്തിലുള്ള 10 അംഗ നാവികസേനാ ഡൈവിംഗ് ടീമും രണ്ട് ജെമിനി ബോട്ടുകളും രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിരുന്നു.

കേരള പ്രളയം (ഓഗസ്റ്റ് 2018)

പ്രതിരോധ സേനകളും എൻ.ഡി.ആർ.എഫ്/ദേശീയ ഏജൻസികളും  ഈ ദൗത്യത്തിൽ സജീവമായി പങ്കുചേർന്നു. 40 ഹെലികോപ്റ്ററുകൾ, 31 വിമാനങ്ങൾ, 182 രക്ഷാസംഘങ്ങൾ, പ്രതിരോധ സേനയുടെ 18 മെഡിക്കൽ ടീമുകൾ, 58 എൻ.ഡി.ആർ.എഫ് ടീമുകൾ, 500-ലധികം ബോട്ടുകൾ എന്നിവ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ചു. 60,000-ത്തിലധികം ആളുകളെ രക്ഷപ്പെടുത്തുകയോ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയോ ചെയ്തു. വ്യോമസേനയുടെയും നാവികസേനയുടെയും ആകാശ-സമുദ്ര സംവിധാനങ്ങൾ ഉപയോഗിച്ച് വൻതോതിൽ ആളുകളെ മാറ്റുകയും ദുരിതാശ്വാസ സാമഗ്രികൾ ആകാശത്തുനിന്ന് താഴേക്ക് എത്തിക്കുകയും (airdrop) ചെയ്തു.

ഫാനി ചുഴലിക്കാറ്റ് (മെയ് 2019)

ഒഡീഷ തീരത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളും ഒഴിപ്പിക്കലും നടത്തുന്നതിനായി ഇന്ത്യൻ നാവികസേന കപ്പലുകളും പ്രത്യേക സംഘങ്ങളെയും (മെഡിക്കൽ ടീമുകൾ, ഡൈവർമാർ, ദുരിതാശ്വാസ സാമഗ്രികൾ) മുൻകൂട്ടി വിന്യസിച്ചു. ഒന്നിലധികം എൻ.ഡി.ആർ.എഫ് (NDRF) ടീമുകൾ, കരസേനയുടെ എഞ്ചിനീയറിംഗ് കോളങ്ങൾ, വിമാനങ്ങൾ/ഹെലികോപ്റ്ററുകൾ, നാവിക കപ്പലുകൾ എന്നിവ കേന്ദ്ര പ്രതികരണത്തിന്റെ ഭാഗമായി വിന്യസിക്കപ്പെട്ടു. 'ഫാനി' ചുഴലിക്കാറ്റ് സമയത്ത് 19 കരസേനാ കോളങ്ങൾ, 09 എഞ്ചിനീയറിംഗ് ടാസ്‌ക് ഫോഴ്‌സ് (ETF), 27 വിമാനങ്ങൾ/ഹെലികോപ്റ്ററുകൾ, സായുധ സേനയുടെ 16 കപ്പലുകൾ എന്നിവയാണ് രക്ഷാപ്രവർത്തനത്തിനായി സർക്കാർ സജ്ജമാക്കിയത്.

ഉംപുൻ ചുഴലിക്കാറ്റ് (മെയ് 2020)

കിഴക്കൻ ഇന്ത്യയിൽ, പ്രത്യേകിച്ച് പശ്ചിമ ബംഗാളിലും ഒഡീഷയിലും ചുഴലിക്കാറ്റ് കരതൊടുന്നതിന് മുൻപും ശേഷവും ഇന്ത്യൻ വ്യോമസേന അതീവ ജാഗ്രത പാലിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. അതേസമയം കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഒഴിപ്പിക്കൽ നടപടികൾ ഏകോപിപ്പിച്ചു. 25 ഫിക്സഡ് വിംഗ് വിമാനങ്ങളും 31 ഹെലികോപ്റ്ററുകളും ഉൾപ്പെടെ ആകെ 56 ഹെവി-മീഡിയം ലിഫ്റ്റ് സംവിധാനങ്ങൾ വ്യോമസേന ഇതിനായി മാറ്റിവെച്ചിരുന്നു.

സൗത്ത് ലൊനാക് ഹിമതടാക വിസ്ഫോടനം (ഒക്ടോബർ 2023)

സിക്കിമിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള സൗത്ത് ലൊനാക്കിലുണ്ടായ ഹിമതടാക വിസ്ഫോടനം തീസ്ത നദിയിൽ 50-60 അടി ഉയരത്തിൽ വെള്ളപ്പൊക്കമുണ്ടാക്കി. ലാചുങ്ങിലെയും കിഴക്കൻ സിക്കിമിലെയും മഞ്ഞുപുതച്ച പ്രദേശങ്ങളിൽ കുടുങ്ങിക്കിടന്ന സിവിലിയന്മാരെ രക്ഷിക്കുന്നതിനായി 'ഓപ്പറേഷൻ ഹിംരാഹത്ആരംഭിച്ചു. ഇതിലൂടെ 1,247 വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

NHIDCL ടണൽ രക്ഷാദൗത്യം (നവംബർ 2023)

2023 നവംബർ 12-ന് ഉത്തരാഖണ്ഡിലെ നിർമ്മാണത്തിലിരുന്ന സിൽക്യാര-ദണ്ഡൽഗാവ് ടണൽ തകരുകയും 41 തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയും ചെയ്തു. ഇതിനെത്തുടർന്ന് ഇന്ത്യൻ കരസേന ഉടൻ തന്നെ എഞ്ചിനീയറിംഗ് വിഭാഗത്തെയും ടണൽ വിദഗ്ധരെയും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. 2023 നവംബർ 29-ന് എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി പുറത്തെത്തിച്ചുകൊണ്ട് ദൗത്യം വിജയകരമായി പൂർത്തിയാക്കി.

മിഗ്ജൗം ചുഴലിക്കാറ്റ്, ചെന്നൈ (ഡിസംബർ 2023)

അഡയാർ നദിയിലെയും മണപ്പാക്കം കനാലിലെയും കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് 2023 ഡിസംബർ 4-ന് ഇന്ത്യൻ കരസേന രക്ഷാപ്രവർത്തനം ആരംഭിക്കുകയും ഡിസംബർ 7-ഓടെ 230 സിവിലിയന്മാരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഡിസംബർ 18-നുണ്ടായ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് കരസേനാ വിഭാഗങ്ങൾ ചേർന്ന് ചെന്നൈയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് 1,083 സിവിലിയന്മാരെ രക്ഷപ്പെടുത്തി.

രാജ്യവ്യാപകമായ പ്രളയ-ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ (2024)

ദുരന്തനിവാരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യൻ കരസേന എക്കോ ടാസ്‌ക് ഫോഴ്‌സ് (ETF) ഉൾപ്പെടെ 83 കോളങ്ങൾ പതിനാല് സംസ്ഥാനങ്ങളിലായി വിന്യസിച്ചു. ഈ ദൗത്യങ്ങളിലൂടെ 29,972 സിവിലിയന്മാരെ രക്ഷപ്പെടുത്തുകയും, ഏകദേശം 3,000 പേർക്ക് വൈദ്യസഹായം നൽകുകയും, 13,000-ത്തിലധികം ആളുകൾക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തു. മണിപ്പൂർ (മെയ് 2024), വയനാട്, കേരളം (ജൂലൈ 2024), ഉത്തരാഖണ്ഡ് (ജൂലൈ 2024), ഗുജറാത്ത് (ഓഗസ്റ്റ് 2024) എന്നിവിടങ്ങളിലാണ് പ്രധാന രക്ഷാപ്രവർത്തനങ്ങൾ നടന്നത്.

രാജ്യവ്യാപകമായ പ്രളയ-ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ (2025)

2025-ൽ ഇന്ത്യൻ കരസേന പത്ത് സംസ്ഥാനങ്ങളിലായി 80-ലധികം സ്ഥലങ്ങളിൽ എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സ് ഉൾപ്പെടെ 141 കോളങ്ങളെ വിന്യസിച്ചു. ഈ പ്രവർത്തനങ്ങളുടെ ഫലമായി 28,293 സിവിലിയന്മാരെ രക്ഷപ്പെടുത്താനും 7,318 വ്യക്തികൾക്ക് വൈദ്യസഹായം നൽകാനും 2,617 പേർക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യാനും സാധിച്ചു.

അസം (കൽക്കരി ഖനി തൊഴിലാളികളുടെ രക്ഷാപ്രവർത്തനം, ജനുവരി 2025), തെലങ്കാന (ടണൽ രക്ഷാദൗത്യം, ഫെബ്രുവരി 2025), ഉത്തരാഖണ്ഡ് (ചമോലി ജില്ലയിലെ ഹിമപാത രക്ഷാദൗത്യം, ഫെബ്രുവരി 2025, ധാരാളി മേഘവിസ്ഫോടന രക്ഷാദൗത്യം, ഓഗസ്റ്റ് 2025) എന്നിവിടങ്ങളിൽ പ്രധാന ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നു. കൂടാതെ മണിപ്പൂർ, ത്രിപുര (ജൂൺ 2025), ജമ്മു കശ്മീർ, പഞ്ചാബ് (ഓഗസ്റ്റ് 2025), മഹാരാഷ്ട്ര (സെപ്റ്റംബർ 2025) എന്നിവിടങ്ങളിലും അധിക പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തു.

പ്രധാന അന്താരാഷ്ട്ര HADR, ഒഴിപ്പിക്കൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ

ഇന്ത്യൻ മഹാസമുദ്ര മേഖലയിലും അതിനപ്പുറവും വിശ്വസ്തരായ 'ആദ്യ പ്രതികരണക്കാർ' എന്ന നിലയിൽ ഇന്ത്യ ഇന്ന് സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കൃത്യസമയത്ത് മാനുഷിക സഹായവും ഒഴിപ്പിക്കൽ നടപടികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഇന്ത്യ എത്തിക്കുന്നു. ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ, ഗവൺമെന്റിന്റെ വസുധൈവ കുടുംബകം, സാഗർ എന്നീ ദർശനങ്ങളുടെ പ്രതിഫലനമാണ്. ഇത് ആഗോള സമാധാനത്തോടും കരുണയോടുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയെ കാണിക്കുന്നു. 2025 ഏപ്രിലിൽ കർണാടകയിലെ കാർവാറിൽ നിന്ന് കൊമോറോസ്, കെനിയ, മഡഗാസ്കർ, മാലിദ്വീപ്, മൗറീഷ്യസ്, മൊസാംബിക്ക്, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 44 നാവിക ഉദ്യോഗസ്ഥരുമായി ഐ.എൻ.എസ് സുനയന 'ഐ.ഒ.എസ് സാഗർ' (IOS SAGAR) ആയി യാത്ര തിരിച്ചത് ശ്രദ്ധേയമാണ്. കൂട്ടായ സമുദ്ര സുരക്ഷ, ശേഷി വർദ്ധിപ്പിക്കൽ, സഹകരണം എന്നിവയിലുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ഇത് എടുത്തുകാണിക്കുന്നു. കൂടാതെ, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പങ്കിട്ട വളർച്ചയും സ്ഥിരതയും ലക്ഷ്യമിടുന്ന സാഗർ (SAGAR) ദർശനത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഈ സംരംഭങ്ങൾ ഇന്ത്യയുടെ വികസിതമായിക്കൊണ്ടിരിക്കുന്ന മാനുഷിക സഹായ-ദുരന്തനിവാരണ (HADR), സമുദ്ര നയതന്ത്ര സിദ്ധാന്തങ്ങളെ പ്രതിഫലിപ്പിക്കുന്നു; ഇവിടെ കരയിലെ ദ്രുതഗതിയിലുള്ള ദുരന്ത പ്രതികരണ പ്രവർത്തനങ്ങൾ ഇന്ത്യയുടെ സജീവമായ നാവിക നയതന്ത്രത്തിനും കൂട്ടായ സുരക്ഷാ ശ്രമങ്ങൾക്കും പൂരകമായി വർത്തിക്കുന്നു.

ഓപ്പറേഷൻ മൈത്രി (നേപ്പാൾ, 2015)

2015 ഏപ്രിലിലുണ്ടായ നേപ്പാൾ ഭൂകമ്പത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ദ്രുതഗതിയിലുള്ള ദുരിതാശ്വാസ പ്രവർത്തനമാണ് ഓപ്പറേഷൻ മൈത്രി. ഇന്ത്യൻ വ്യോമസേന (IAF), കരസേനയുടെ എഞ്ചിനീയർ ടാസ്ക് ഫോഴ്സ്, എൻ.ഡി.ആർ.എഫ് (NDRF) സംഘങ്ങൾ, വിദേശകാര്യ മന്ത്രാലയം (MEA) എന്നിവയുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് ഇതിൽ നടന്നത്.നേപ്പാൾ ഭൂകമ്പം ഉണ്ടായി നാല് മണിക്കൂറിനുള്ളിൽ തന്നെ ഇന്ത്യൻ വ്യോമസേന (IAF) ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കുകയും 11,200 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. 295 എൻ.ഡി.ആർ.എഫ് (NDRF) ഉദ്യോഗസ്ഥർ, 46.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ, അഞ്ച് സ്നിഫർ ഡോഗുകൾ എന്നിവയെ എത്തിക്കുന്നതിനായി C-130J, C-17, IL-76 വിമാനങ്ങൾ വിന്യസിച്ചു. ഈ വ്യോമശേഖരത്തിൽ (Fleet) C-130J സൂപ്പർ ഹെർക്കുലീസ്, C-17 ഗ്ലോബ്മാസ്റ്റർ III, IL-76 ഗജരാജ്, An-32 വിമാനങ്ങളും എട്ട് Mi-17 സീരീസ് മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകളും (Mi-17 V5 ഉൾപ്പെടെ) ഉൾപ്പെട്ടിരുന്നു. കൂടാതെ, ഭൂകമ്പാനന്തര ദുരിതാശ്വാസത്തിന്റെയും ദീർഘകാല വികസന പിന്തുണയുടെയും ഭാഗമായി നേപ്പാളിനായി ഇന്ത്യ 100 കോടി യുഎസ് ഡോളറിന്റെ (US $1 billion) വമ്പിച്ച പുനർനിർമ്മാണ സഹായ പാക്കേജ് പ്രഖ്യാപിച്ചു; ഇതിൽ ഗണ്യമായ ഒരു ഭാഗം ഗ്രാന്റ് (സൗജന്യ ധനസഹായം) ആയിരുന്നു. നിലവിലുണ്ടായിരുന്ന 100 കോടി ഡോളറിന്റെ ഉഭയകക്ഷി സഹായ പദ്ധതിക്ക് പുറമെയായിരുന്നു ഇത്. ഇതോടെ അഞ്ച് വർഷത്തിനുള്ളിൽ നേപ്പാളിന് ഇന്ത്യ നൽകുന്ന ആകെ സാമ്പത്തിക സഹായം 200 കോടി യുഎസ് ഡോളറായി (US $2 billion) ഉയർന്നു.

ഓപ്പറേഷൻ ദേവി ശക്തി (അഫ്ഗാനിസ്ഥാൻ, 2021)

2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് 669 പേരെ ഇന്ത്യ ഒഴിപ്പിച്ച നടപടിയാണ് ഓപ്പറേഷൻ ദേവി ശക്തി. ഇന്ത്യൻ വ്യോമസേനയുടെയും എയർ ഇന്ത്യയുടെയും വിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ഈ ദൗത്യത്തിൽ 448 ഇന്ത്യൻ പൗരന്മാരും, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള 206 അഫ്ഗാൻ പൗരന്മാരും, 15 വിദേശ പൗരന്മാരും ഉൾപ്പെട്ടിരുന്നു. ഡിസംബർ 10-ന്  ഒരു പ്രത്യേക വിമാനത്തിൽ 10 ഇന്ത്യക്കാരെയും 94 അഫ്ഗാൻ പൗരന്മാരെയും തിരികെ എത്തിച്ചു. ഇതോടൊപ്പം രണ്ട് ഗുരു ഗ്രന്ഥ സാഹിബ് സ്വരൂപങ്ങളും പുരാതനമായ ഹിന്ദു കൈയെഴുത്തുപ്രതികളും ഇന്ത്യയിലെത്തിച്ചു. പവിത്രമായ അഞ്ച് ശ്രീ ഗുരു ഗ്രന്ഥ സാഹിബ് സ്വരൂപങ്ങളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കിയ ഗവൺമെൻറ്, കാബൂളിലെ ഇന്ദിരാഗാന്ധി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് ആവശ്യമായ വൈദ്യസഹായ സാമഗ്രികൾ അയച്ചു നൽകുകയും അവ ലോകാരോഗ്യ സംഘടന (WHO) ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.

മിഷൻ സാഗർ (ഇന്ത്യൻ മഹാസമുദ്ര മേഖല, 2020–2022; തുടർപ്രവർത്തനങ്ങളും)

സാഗറിന് (SAGAR) കീഴിലുള്ള നാവിക HADR പ്രവർത്തനങ്ങൾ: പ്രധാനമന്ത്രിയുടെ സാഗർ എന്ന ദർശനത്തിന് കീഴിൽ 2020 മെയ് മാസത്തിലാണ് മിഷൻ സാഗർ ആരംഭിച്ചത്. ഇന്ത്യൻ മഹാസമുദ്രത്തിലുടനീളമുള്ള വിദേശ രാജ്യങ്ങളിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിനായി തുടർച്ചയായ ഇന്ത്യൻ നാവികസേന വിന്യാസങ്ങൾക്കാണ് ഈ ദൗത്യം സാക്ഷ്യം വഹിച്ചത്.കോവിഡ്-19 കാലഘട്ടത്തിൽ, ഐ.എൻ.എസ് കേസരി (INS Kesari), ഐ.എൻ.എസ് ഐരാവത് (INS Airavat) തുടങ്ങിയ കപ്പലുകൾ മാലിദ്വീപ്, മൗറീഷ്യസ്, സീഷെൽസ്, മഡഗാസ്കർ, കൊമോറോസ്, സുഡാൻ, മൊസാംബിക്ക് ഉൾപ്പെടെയുള്ള 15 രാജ്യങ്ങളിലേക്ക് 3,000 മെട്രിക് ടണ്ണിലധികം ഭക്ഷ്യസഹായം, 300 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ, 900 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, 20 ഐഎസ്ഒ (ISO) കണ്ടെയ്നറുകൾ എന്നിവ എത്തിച്ചു നൽകി. പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും അടുത്ത ഏകോപനത്തോടെ നടപ്പിലാക്കിയ ഈ ദൗത്യങ്ങൾ, മേഖലയിലെ 'ആദ്യ പ്രതികരണക്കാർ' എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്ക് വീണ്ടും ഉറപ്പിക്കുന്നു.

ഓപ്പറേഷൻ സമുദ്ര സേതു (2020)

2020 മെയ് 5-ന് ആരംഭിച്ച ഓപ്പറേഷൻ സമുദ്ര സേതു (അർത്ഥം: "കടൽ പാലം"), കോവിഡ്-19 കാലഘട്ടത്തിൽ ഇന്ത്യൻ നാവികസേന നടത്തിയ വമ്പിച്ച സമുദ്ര ഒഴിപ്പിക്കൽ ദൗത്യമായിരുന്നു. ഏകദേശം 55 ദിവസങ്ങൾ നീണ്ടുനിന്ന ഈ ദൗത്യത്തിലൂടെ ഐ.എൻ.എസ് ജലാശ്വ, ഐ.എൻ.എസ് ഐരാവത്, ഐ.എൻ.എസ് ശാർദ്ദുൽ, ഐ.എൻ.എസ് മഗർ എന്നീ കപ്പലുകൾ ഉപയോഗിച്ച് 23,000 കിലോമീറ്ററിലധികം സഞ്ചരിച്ച് 3,992 ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിച്ചു.

ഓപ്പറേഷൻ ഗംഗ (യുക്രെയ്ൻ, 2022)

2022 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യ നടത്തിയ സുപ്രധാന ഒഴിപ്പിക്കൽ ദൗത്യമാണ് ഓപ്പറേഷൻ ഗംഗ. 76 വാണിജ്യ വിമാനങ്ങളും 14 ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളും ഉൾപ്പെടെ ആകെ 90 വിമാനങ്ങളിലൂടെ 18,282 പൗരന്മാരെയാണ് രക്ഷപ്പെടുത്തിയത്. ഈ ദൗത്യത്തിന്റെ മുഴുവൻ ചിലവും ഭാരത സർക്കാർ വഹിച്ചു; വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെയാണ് ഇത് പൂർത്തിയാക്കിയത്.

ഓപ്പറേഷൻ ദോസ്ത് (തുർക്കി, സിറിയ - 2023)

2023 ഫെബ്രുവരി 6-ന് തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയിലും ഉണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് ഇന്ത്യ നടത്തിയ അടിയന്തര ദുരിതാശ്വാസ ദൗത്യമാണ് 'ഓപ്പറേഷൻ ദോസ്ത്'. ദുരന്തനിവാരണ രംഗത്തെ മുൻപരിചയം മുൻനിർത്തി, ലോകരാജ്യങ്ങളിൽ ആദ്യമായി പ്രതികരിച്ചവരിൽ ഒന്നായ ഇന്ത്യ, തുർക്കിയിലെ ഹതായ് പ്രവിശ്യയിലുള്ള ഇസ്കെന്ദറുണിൽ 99 മെഡിക്കൽ വിദഗ്ധരും പാരാമെഡിക്കൽ ജീവനക്കാരുമടങ്ങുന്ന ഒരു ഇന്ത്യൻ ആർമി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിച്ച് ആയിരത്തിലധികം ആളുകൾക്ക് ചികിത്സയും നിരവധി ശസ്ത്രക്രിയകളും അടിയന്തര ശുശ്രൂഷകളും നൽകി. കൂടാതെ, 30 കിടക്കകളുള്ള സ്വയംപര്യാപ്തമായ മറ്റൊരു ഫീൽഡ് ഹോസ്പിറ്റലും ഇതിനായി സജ്ജീകരിച്ചു. അഞ്ച് C-17 വ്യോമസേനാ വിമാനങ്ങളിലായി 250-ലധികം ഉദ്യോഗസ്ഥരെയും അത്യാധുനിക ഉപകരണങ്ങളും ഉൾപ്പെടെ 135 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളുമാണ് തുർക്കിയിലേക്ക് അയച്ചത്; ഒപ്പം സിറിയയിലെ ഡമാസ്കസിലേക്ക് ഒരു C-130J വിമാനം വഴി 6 ടണ്ണിലധികം അടിയന്തര സഹായങ്ങളും എത്തിച്ചു നൽകി.

ഓപ്പറേഷൻ കാവേരി (സുഡാൻ, ഏപ്രിൽ 2023)

2023 ഏപ്രിൽ 19-ന് ആരംഭിച്ച ഓപ്പറേഷൻ കാവേരി, ഇന്ത്യൻ വ്യോമസേനയുടെയും ഇന്ത്യൻ നാവികസേനയുടെയും സംവിധാനങ്ങൾ  ഉപയോഗിച്ച് ഇന്ത്യൻ സായുധ സേന നടത്തിയ ഏകോപിത ഒഴിപ്പിക്കൽ ദൗത്യമായിരുന്നു. ഈ ദൗത്യത്തിനിടെ ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ കരസേന ആകെ 2,171 'മീൽസ് റെഡി ടു ഈറ്റ്' (MREs - ഉടൻ കഴിക്കാവുന്ന ഭക്ഷണപ്പൊതികൾ) ലഭ്യമാക്കി. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിലേക്കും, തുടർന്ന് ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്കുമാണ് ഒഴിപ്പിക്കൽ നടപടികൾ നടത്തിയത്. ഇതിലൂടെ അവിടെയുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷിതമായ മടങ്ങിവരവ് ഉറപ്പാക്കി.

ഓപ്പറേഷൻ ബ്രഹ്മ (മ്യാൻമർ, 2025)

ഭൂകമ്പം തകർത്ത മ്യാൻമറിന് സഹായഹസ്തവുമായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ ബ്രഹ്മ'യിലൂടെ 2025 ഏപ്രിൽ പകുതി വരെ ദുരിതാശ്വാസ, വൈദ്യസഹായ, പശ്ചാത്തല സൗകര്യ പ്രവർത്തനങ്ങൾ തുടരുകയും മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുകയും ചെയ്തു. മാർച്ച് 28-ലെ ദുരന്തത്തിന് പിന്നാലെ 'ആദ്യ പ്രതികരണക്കാർ' എന്ന നിലയിൽ ഇടപെട്ട ഇന്ത്യ, അത്യാവശ്യ മരുന്നുകൾ, ഭക്ഷ്യധാന്യങ്ങൾ, കൂടാരങ്ങൾ, പുതപ്പുകൾ, പെട്ടെന്ന് സജ്ജമാക്കാവുന്ന മെഡിക്കൽ ഷെൽട്ടറുകൾ, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങൾ, പ്രീഫാബ്രിക്കേറ്റഡ് ഓഫീസ് ഘടനകൾ എന്നിവയുൾപ്പെടെ ഏകദേശം 750 ടൺ മാനുഷിക സഹായം ലഭ്യമാക്കി. 200 കിടക്കകളുള്ള ഒരു ഫീൽഡ് ഹോസ്പിറ്റലിലൂടെ 2,500-ലധികം രോഗികൾക്ക് ചികിത്സ നൽകിയതോടൊപ്പം, 80 അംഗ എൻ.ഡി.ആർ.എഫ് (NDRF) അർബൻ സെർച്ച് ആൻഡ് റെസ്ക്യൂ ടീമിനെയും 127 അംഗ ഇന്ത്യൻ ആർമി മെഡിക്കൽ ടീമിനെയും അവിടെ വിന്യസിച്ചു. നാവിക സേനയുടെ ഭാഗത്തുനിന്ന്, ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലുള്ള ഐ.എൻ.എസ് സത്പുര, ഐ.എൻ.എസ് സാവിത്രി എന്നീ കപ്പലുകൾ മാർച്ച് 29-ന് 40 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെടുകയും മാർച്ച് 31-ന് അവ യാങ്കൂൺ മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. കൂടാതെ, ആൻഡമാൻ നിക്കോബാർ കമാൻഡിൽ നിന്നുള്ള ഐ.എൻ.എസ് കാർമുക്, എൽ.സി.യു 52 എന്നീ കപ്പലുകൾ അവശ്യസാധനങ്ങളടങ്ങിയ 30 ടൺ സാമഗ്രികൾ ഏപ്രിൽ 1-ന് യാങ്കൂൺ തുറമുഖത്തെത്തിച്ചു. ഇതിനുപുറമെ, ഏപ്രിൽ 1-ന് വിശാഖപട്ടണത്തുനിന്ന് പുറപ്പെട്ട ഐ.എൻ.എസ് ഘരിയൽ (INS Gharial), മ്യാൻമറിലെ ജനങ്ങളുടെ അടിയന്തര ഭക്ഷ്യാവശ്യങ്ങൾക്കായി 405 മെട്രിക് ടൺ അരി, 30 മെട്രിക് ടൺ പാചക എണ്ണ, 5 മെട്രിക് ടൺ ബിസ്ക്കറ്റ്, 2 മെട്രിക് ടൺ ഇൻസ്റ്റന്റ് നൂഡിൽസ് എന്നിവയുൾപ്പെടെ ആകെ 442 മെട്രിക് ടൺ ഭക്ഷ്യസഹായവും അവിടെ എത്തിച്ചു നൽകി.

കടൽമാർഗ്ഗമുള്ള പ്രവർത്തനങ്ങൾക്ക് പൂരകമായി, കൂടാരങ്ങൾ, ജനറേറ്ററുകൾ, കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ, അത്യാവശ്യ മരുന്നുകൾ എന്നിവയുൾപ്പെടെ ഏകദേശം 16 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യൻ വ്യോമസേനയുടെ (IAF) C-130J വിമാനം വഴി എത്തിച്ചു. കൂടാതെ, മ്യാൻമറിന്റെ പുനരുദ്ധാരണത്തിനായുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധത പ്രകടിപ്പിച്ചുകൊണ്ട്, ഏപ്രിൽ 15-ന് വ്യോമസേന 20 പ്രീ-ഫാബ്രിക്കേറ്റഡ് ഓഫീസ് മോഡ്യൂളുകൾ നേപ്പിഡോയിലേക്ക് അയച്ചു.

ഓപ്പറേഷൻ സാഗർ ബന്ധു (2025)

ഡിത്വ ചുഴലിക്കാറ്റിനെത്തുടർന്ന് ശ്രീലങ്കയ്ക്ക് സമഗ്രമായ മാനുഷിക സഹായവും ദുരന്തനിവാരണ പിന്തുണയും നൽകുന്നതിനായി 2025 നവംബർ 28-ന് ആരംഭിച്ച ദൗത്യമാണ് 'ഓപ്പറേഷൻ സാഗർ ബന്ധു'. 2025 ഡിസംബർ 9 വരെയുള്ള കണക്കനുസരിച്ച്, ഉണങ്ങിയ റേഷൻ, കൂടാരങ്ങൾ, ടാർപോളിനുകൾ, ശുചിത്വ കിറ്റുകൾ, വസ്ത്രങ്ങൾ, ജലശുദ്ധീകരണ കിറ്റുകൾ എന്നിവയുൾപ്പെടെ ഏകദേശം 1,058 ടൺ ദുരിതാശ്വാസ സാമഗ്രികളും, 4.5 ടൺ മരുന്നുകളും ശസ്ത്രക്രിയ ഉപകരണങ്ങളും, കൂടാതെ 60 ടൺ പ്രത്യേക ഉപകരണങ്ങളും ഇന്ത്യ കൈമാറി. ഐ.എൻ.എസ് വിക്രാന്ത്, ഐ.എൻ.എസ് ഉദയഗിരി, ഐ.എൻ.എസ് സുകന്യ, ഐ.എൻ.എസ് ഘരിയൽ, എൽ.സി.യു L51, L54, L57 എന്നീ ഇന്ത്യൻ നാവികസേനാ കപ്പലുകൾ തമിഴ്‌നാട്ടിൽ നിന്ന് കൊളംബോയിലേക്കും ട്രിങ്കോമാലിയിലേക്കും 1,000 ടണ്ണിലധികം സാമഗ്രികൾ എത്തിച്ചു. ഇന്ത്യൻ വ്യോമസേനയുടെ Mi-17 ഹെലികോപ്റ്ററുകൾ 264 അതിജീവിതരെ ഒഴിപ്പിക്കുകയും 50 ടൺ സാധനങ്ങൾ എത്തിക്കുകയും ചെയ്തപ്പോൾ, വ്യോമസേനാ വിമാനങ്ങൾ വഴി രക്ഷപ്പെടുത്തിയ 400 പേരടക്കം ആകെ 2,500-ലധികം ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. മഹിയംഗനയിലെ പാരാ ഫീൽഡ് ഹോസ്പിറ്റലിൽ 2,200-ലധികം രോഗികൾക്ക് ചികിത്സ നൽകി വരുന്നു, കൂടാതെ തകർന്ന ഗതാഗത സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ കരസേനാ എഞ്ചിനീയർമാർ 248 ടൺ ബെയ്‌ലി ബ്രിഡ്ജ് ഉപകരണങ്ങളുമായി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി, ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച വടക്കൻ പ്രവിശ്യയിലെ കിളിനോച്ചി ജില്ലയിൽ 110 ടൺ ഭാരമുള്ള 120 അടി നീളമുള്ള ഇരട്ടപ്പാത ബെയ്‌ലി ബ്രിഡ്ജ് 2025 ഡിസംബർ 23-ന് തുറന്നുകൊടുത്തു; ഇന്ത്യയിൽ നിന്ന് വിമാനമാർഗ്ഗം എത്തിച്ച് സ്ഥാപിച്ച ഈ പാലം മേഖലയിലെ സുപ്രധാന യാത്രാസൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിലും പുനരധിവാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും വലിയ പങ്കുവഹിച്ചു.

രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലും ദുരന്തങ്ങളുണ്ടാകുമ്പോൾ ഇന്ത്യ നടത്തുന്ന ഇടപെടലുകൾ, അതിന്റെ വ്യവസ്ഥാപിതമായ മാനുഷിക സഹായ-ദുരന്തനിവാരണ (HADR) ചട്ടക്കൂടിനെയാണ് ഉദാഹരിക്കുന്നത്. കര-നാവിക-വ്യോമ സേനകളുടെ അതിവേഗത്തിലുള്ള വിന്യാസവും പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഏകോപനവും വഴി സംയോജിതമായ ഒരു രക്ഷാപ്രവർത്തനം ഇവിടെ സാധ്യമാകുന്നു. ഇത്തരം പ്രവർത്തനപരിചയം, വിവിധ ഏജൻസികൾ ചേർന്ന് നടത്തുന്ന സമീപകാല തയ്യാറെടുപ്പുകൾക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകുന്നു; ഇത് ഭാവിയിലുണ്ടായേക്കാവുന്ന പ്രാദേശിക അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പരസ്പര സഹകരണം, വിവരങ്ങൾ പങ്കുവെക്കൽ, ഗവൺമെന്റിന്റെ സമഗ്രമായ പ്രതിസന്ധി മാനേജ്‌മെന്റ് എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

സമീപകാല വികസനങ്ങളും തയ്യാറെടുപ്പുകളും

വിവിധ ഏജൻസികളുടെ പങ്കാളിത്തത്തിന് ഊന്നൽ നൽകിക്കൊണ്ട്, ദേശീയ-പ്രാദേശിക തലങ്ങളിൽ ആശയവിനിമയം, ഏകോപനം, അതിവേഗത്തിലുള്ള പ്രതിസന്ധി പരിഹാരം എന്നിവ ഈ പരിശ്രമങ്ങൾ ശക്തിപ്പെടുത്തുന്നു. സിവിൽ അഡ്മിനിസ്‌ട്രേഷൻ, സായുധ സേനകൾ, പ്രധാന ദുരന്തനിവാരണ പങ്കാളികൾ എന്നിവർക്കിടയിൽ ഒരു സംയോജിത സമീപനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, അറിവും അനുഭവങ്ങളും മികച്ച പ്രവർത്തനരീതികളും പരസ്പരം പങ്കുവെക്കാൻ ഈ സംരംഭങ്ങൾ സഹായിക്കുന്നു. വലിയ തോതിലുള്ള അടിയന്തര സാഹചര്യങ്ങളിൽ സജ്ജമായിരിക്കാനും, ദ്രുതഗതിയിലുള്ള വിന്യാസത്തിനും, എല്ലാ മേഖലകളെയും (കര, കടൽ, ആകാശം) ഉൾപ്പെടുത്തിയുള്ള ഫലപ്രദമായ സംയുക്ത പ്രവർത്തനങ്ങൾക്കും ഇവ കരുത്തുപകരുന്നു. കൂടാതെ, ദുരന്തനിവാരണ രംഗത്തെ (HADR) കൂട്ടായ മാനേജ്‌മെന്റിന്റെ പ്രാധാന്യത്തെ ഇത് അടിവരയിടുകയും ചെയ്യുന്നു.

എക്സർസൈസ് സമന്വയ് (2022)

ഇന്ത്യൻ വ്യോമസേനയുടെ വാർഷിക സംയുക്ത എച്ച്.എ.ഡി.ആർ (HADR) പരിശീലനമായ 'സമന്വയ് 2022', നവംബർ 28 മുതൽ 30 വരെ ആഗ്ര വ്യോമസേനാ താവളത്തിൽ വെച്ച് നടന്നു. ഇതിൽ എൻ.ഡി.എം.എ (NDMA), എൻ.ഡി.ആർ.എഫ് (NDRF), ഡി.ആർ.ഡി.ഒ (DRDO), ബി.ആർ.ഒ (BRO), ഐ.എം.ഡി (IMD) തുടങ്ങിയ ദേശീയ ഏജൻസികളും സിവിൽ അഡ്മിനിസ്‌ട്രേഷനും ഒപ്പം ആസിയാൻ (ASEAN) രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. ദുരന്തനിവാരണത്തെക്കുറിച്ചുള്ള സെമിനാർ, വിവിധ ഏജൻസികളുടെ ശേഷി തെളിയിക്കുന്ന പ്രദർശനം, വ്യവസ്ഥാപിതമായ തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനുള്ള ടേബിൾടോപ്പ് വ്യായാമം എന്നിവ ഈ പരിശീലനത്തിന്റെ ഭാഗമായിരുന്നു.

എക്സർസൈസ് ചക്രവാത് (2023)

വാർഷിക സംയുക്ത എച്ച്.എ.ഡി.ആർ പരിശീലനമായ 'ചക്രവാത് 2023', ഇന്ത്യൻ നാവികസേനയുടെ നേതൃത്വത്തിൽ ഒക്ടോബർ 9 മുതൽ 11 വരെ ഗോവയിൽ വെച്ച് സംഘടിപ്പിച്ചു. സായുധ സേനകൾ, എൻ.ഡി.എം.എ (NDMA), എൻ.ഡി.ആർ.എഫ് (NDRF) തുടങ്ങിയ പ്രമുഖ ദേശീയ ഏജൻസികളെ ഇത് ഒന്നിപ്പിച്ചു. മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൊമോറോസ്, മഡഗാസ്കർ, മാലിദ്വീപ്, മൗറീഷ്യസ്, മൊസാംബിക്ക്, സീഷെൽസ്, ശ്രീലങ്ക, ടാൻസാനിയ എന്നീ എട്ട് സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇതിൽ പങ്കെടുത്തു. ഏകോപിപ്പിച്ചുള്ള ദുരന്തനിവാരണം, വിവിധ വിഭാഗങ്ങൾ തമ്മിലുള്ള പ്രവർത്തനക്ഷമത (Interoperability), വലിയ തോതിലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള സംയുക്ത തയ്യാറെടുപ്പ് എന്നിവയിലായിരുന്നു ഈ പരിശീലനം ശ്രദ്ധ കേന്ദ്രീകരിച്ചത്.

എക്സർസൈസ് സംയുക്ത വിമോചൻ (2024)

ഇന്ത്യയുടെ ദുരന്തനിവാരണ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട്, ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിൽ ബഹുരാഷ്ട്ര വാർഷിക സംയുക്ത എച്ച്.എ.ഡി.ആർ (HADR) പരിശീലനമായ 'സംയുക്ത വിമോചൻ 2024', നവംബർ 18-19 തീയതികളിൽ അഹമ്മദാബാദിലും പോർബന്തറിലുമായി നടന്നു. ഇന്ത്യൻ സായുധ സേനകൾ, എൻ.ഡി.എം.എ (NDMA), എൻ.ഡി.ആർ.എഫ് (NDRF), സംസ്ഥാന സേനകൾ എന്നിവയുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ലോജിസ്റ്റിക്സ്, ദ്രുത പ്രതികരണം, രക്ഷാപ്രവർത്തനം, പരിക്കേറ്റവരെ ഒഴിപ്പിക്കൽ, പുനരധിവാസം എന്നിവ ഈ അഭ്യാസത്തിൽ പ്രദർശിപ്പിച്ചു. ദുരന്തനിവാരണ രംഗത്തെ കൂട്ടായ പ്രവർത്തനശേഷി ഉയർത്തിക്കാട്ടുന്നതായിരുന്നു ഈ പരിശീലനം.

എക്സർസൈസ് ടൈഗർ ട്രയംഫ് (2025)

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മൂന്ന് സേനാവിഭാഗങ്ങളുടെയും  സംയുക്ത എച്ച്.എ.ഡി.ആർ പരിശീലനമായ 'ടൈഗർ ട്രയംഫ് 2025'-ന്റെ നാലാം പതിപ്പ് 2025 ഏപ്രിൽ 1 മുതൽ 11 വരെ നടന്നു. ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ ഐ.എൻ.എസ് ജലാശ്വ, ഐ.എൻ.എസ് ഘരിയൽ, ഐ.എൻ.എസ് മുംബൈ, ഐ.എൻ.എസ് ശക്തി എന്നിവയും ഹെലികോപ്റ്ററുകളും ലാൻഡിംഗ് ക്രാഫ്റ്റുകളും ഇതിൽ പങ്കെടുത്തു. കൂടാതെ പി-8ഐ (P8I) ലോംഗ് റേഞ്ച് മാരിടൈം പെട്രോൾ എയർക്രാഫ്റ്റ്, 91 ഇൻഫൻട്രി ബ്രിഗേഡ്, 12 മെക്കനൈസ്ഡ് ഇൻഫൻട്രി ബറ്റാലിയൻ എന്നിവയിൽ നിന്നുള്ള സൈനികർ, വ്യോമസേനയുടെ സി-130 (C-130) വിമാനങ്ങൾ, എം.ഐ-17 (MI-17) ഹെലികോപ്റ്ററുകൾ, റാപ്പിഡ് ആക്ഷൻ മെഡിക്കൽ ടീം (RAMT) എന്നിവയും ദൗത്യത്തിൽ ഉൾപ്പെട്ടു. യുഎസ് നേവി, മറൈൻ കോർപ്സ്, ആർമി, എയർഫോഴ്‌സ് വിഭാഗങ്ങളുമായി ചേർന്ന് പ്രവർത്തിച്ച ഈ പരിശീലനം ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത ഏകോപനം, കമാൻഡ്-ആൻഡ്-കൺട്രോൾ നടപടിക്രമങ്ങൾ, ദുരിതാശ്വാസ സന്നദ്ധത എന്നിവ ഗണ്യമായി വർദ്ധിപ്പിച്ചു.

ഉപസംഹാരം

പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള തന്ത്രപരമായ ദർശനത്തിലാണ് ദുരന്തനിവാരണ പ്രവർത്തനങ്ങളോടുള്ള (HADR) ഇന്ത്യയുടെ പ്രതിബദ്ധത ഉറച്ചുനിൽക്കുന്നത്. സായുധ സേനയുടെ "നേഷൻ ഫസ്റ്റ്" (രാജ്യം പ്രഥമം) എന്ന ലക്ഷ്യത്തെ ഈ ദൗത്യങ്ങൾ അടിവരയിടുന്നു; പ്രതിസന്ധികളെ അതിജീവിക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ ഇതിലൂടെ സാധിക്കുന്നു. ഇന്ത്യയുടെ "നെയ്‌ബർഹുഡ് ഫസ്റ്റ്" (അയൽരാജ്യങ്ങൾക്ക് മുൻഗണന) നയത്തോടുള്ള പ്രതിബദ്ധതയും ലോകം ഒരു കുടുംബമാണെന്ന "വസുധൈവ കുടുംബകം" എന്ന കാലാതീതമായ ഭാരതീയ തത്ത്വചിന്തയും ഈ മാനുഷിക സഹായങ്ങൾ എടുത്തുകാട്ടുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സൗഹൃദ രാജ്യങ്ങളോട് തോളോട് തോൾ ചേർന്ന് നിൽക്കുന്നതിലൂടെ, ഈ മേഖലയിലെ ഒരു 'ആദ്യ പ്രതികരണക്കാർ' ആയി തുടരാനുള്ള ഇന്ത്യയുടെ ഉറച്ച തീരുമാനത്തെയാണ് ഇന്ത്യൻ കരസേന പ്രതിഫലിപ്പിക്കുന്നത്.

അവലംബം:

 

Ministry of Defence (MoD)

Press Information Bureau

Ministry of External Affairs https://www.mea.gov.in/press-releases.htm?dtl/39421/Operation_Brahma__Support_to_Myanmar_continues_April_16_2025

· https://www.mea.gov.in/distinguished-lectures-detail.htm?492&utm

· https://www.hcicolombo.gov.in/section/press-releases/2under-operation-sagar-bandhu-1000-tonnes-of-relief-material-fromtamil-nadu-arrives-in-sri-lanka

· https://www.mea.gov.in/rajya-sabha.htm?dtl%2F39214%2FQUESTION+NO2324+RELIEF+AND+MEDICAL+ASSISTANCE+TO+OTHER+NATIONS

 

High Commission of India, Colombo, Sri Lanka

National Disaster Management Authority/National Disaster Response Force/National Institute of Disaster Management

· https://ndma.gov.in/Governance/Guidelines

Indian Army

All India Radio

 

Commerce Ministry

 

Department Of Atomic Energy

 

English PDF

***

SK

(Explainer ID: 157474) आगंतुक पटल : 61
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Kannada