Technology
ഇന്ത്യയുടെ ഡ്രോൺ ആവാസവ്യവസ്ഥ
നയത്തിൽ നിന്ന് പൊതു സേവന പരിവർത്തനത്തിലേക്ക്
Posted On:
17 FEB 2026 10:02AM
പ്രധാന സവിശേഷതകൾ
- 2026 ഫെബ്രുവരി വരെ, 38,500 -ൽ അധികം രജിസ്റ്റർ ചെയ്ത ഡ്രോണുകൾ (UIN), 39,890 ഡിജിസിഎ -അംഗീകൃത റിമോട്ട് പൈലറ്റുമാർ, 244 അംഗീകൃത പരിശീലന സ്ഥാപനങ്ങൾ എന്നിവയുള്ള ഒരു നിയന്ത്രിത ഡ്രോൺ ആവാസവ്യവസ്ഥ ഇന്ത്യ സൃഷ്ടിച്ചു.
- സ്വമിത്വ പദ്ധതി പ്രകാരം, 3.28 ലക്ഷം ഗ്രാമങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് സർവേ നടത്തി. 31 സംസ്ഥാനങ്ങളിലായി 1.82 ലക്ഷം ഗ്രാമങ്ങൾക്കായി 2.76 കോടി ഭൂവസ്തു കാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്.
- നമോ ഡ്രോൺ ദീദി സംരംഭത്തിന് കീഴിൽ 500-ൽ അധികം വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 1,094 ഡ്രോണുകൾ വിതരണം ചെയ്തു, ഇത് കാർഷിക ഉൽപ്പാദനക്ഷമതയും ഉപജീവനമാർഗ്ഗവും വർദ്ധിപ്പിക്കുന്നു.
ആമുഖം
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഡ്രോൺ സാങ്കേതികവിദ്യ ആഗോളതലത്തിൽ ഒരു പരിവർത്തന സങ്കേതമായി ഉയർന്നുവന്നിട്ടുണ്ട്. ഭരണ, വികസന മേഖലകളിലുടനീളം ഇന്ത്യ അതിൻ്റെ സാധ്യതകൾ അതിവേഗം പ്രയോജനപ്പെടുത്തുന്നു. പരിമിതമായ തോതിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്, ഇന്ന് പൊതു സേവന വിതരണം, അടിസ്ഥാന സൗകര്യ പരിപാലനം, കൃഷി, ദേശീയ സുരക്ഷ എന്നിവയെ പുനർനിർമ്മിക്കുന്ന ഘടനാപരവും വികസനപരവുമായ ഡ്രോൺ ആവാസവ്യവസ്ഥയായി പരിണമിച്ചു.
ഇന്ന്, ഭൂമി, സ്വത്ത് എന്നിവയുടെ സർവേകൾ, സൂക്ഷ്മ കൃഷി, അടിസ്ഥാന സൗകര്യ പരിശോധന, ദുരന്തനിവാരണം, റെയിൽവേ, ഹൈവേ നിരീക്ഷണം, പ്രതിരോധ മേഖലയിലെ ഉപയോഗം എന്നിവയ്ക്കായി ഇന്ത്യയിൽ ഡ്രോണുകൾ ഉപയോഗിക്കുന്നു. നിർമ്മാതാക്കൾ, സോഫ്റ്റ്‌വെയർ, ഘടക നിർമാതാക്കൾ, സേവന ദാതാക്കൾ, പരിശീലന സ്ഥാപനങ്ങൾ, സർട്ടിഫൈഡ് പൈലറ്റുകൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, ഏകീകൃത നിയന്ത്രണ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവർ ഉൾപ്പെടുന്ന ഒരു സമഗ്ര ആവാസവ്യവസ്ഥയുടെ വളർച്ചയെ ഈ ഉയർന്ന സ്വീകാര്യത പ്രതിഫലിപ്പിക്കുന്നു.
ആസൂത്രിതവും അനുയോജ്യവുമായ നയ ഇടപെടലുകൾ ഈ ആവാസവ്യവസ്ഥയുടെ വിപുലീകരണത്തെ പിന്തുണച്ചിട്ടുണ്ട്. പുരോഗമനപരമായ നയ പരിഷ്കാരങ്ങൾ, ലളിതമാക്കിയ നിയന്ത്രണങ്ങൾ, ശക്തമായ ഡിജിറ്റൽ ഭരണ സംവിധാനങ്ങൾ എന്നിവയിലൂടെ ഈ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിൽ കേന്ദ്ര ഗവൺമെൻ്റ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഉദാരവൽക്കരിച്ച ഡ്രോൺ നിയമങ്ങൾ, ഡിജിറ്റൽ സ്കൈ ഏക ജാലക പ്ലാറ്റ്‌ഫോം, ലക്ഷ്യാധിഷ്ഠിത നൈപുണ്യ വികസന പരിപാടികൾ, നിർമ്മാണ പ്രോത്സാഹനങ്ങൾ എന്നിവ തടസ്സങ്ങൾ കുറയ്ക്കുകയും നടപടികൾ മെച്ചപ്പെടുത്തുകയും ഡ്രോണുകളെ മുൻനിര ഗവൺമെൻ്റ് പദ്ധതികളിലേക്കും പൊതു സേവന പ്രവർത്തനങ്ങളിലേക്കും പരിധിയില്ലാതെ സംയോജിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്തു.
ഡ്രോൺ സാങ്കേതികവിദ്യകളിലൂടെയുള്ള പൊതു സേവന വിതരണത്തിൻ്റെ പരിവർത്തനം
ഇന്ത്യയിൽ കാര്യക്ഷമവും പ്രതികരണശേഷിയുള്ളതുമായ പൊതു സേവന വിതരണത്തിൻ്റെ ഒരു പ്രധാന സംവിധാനമായി ഡ്രോൺ സാങ്കേതികവിദ്യ മാറിയിരിക്കുന്നു. ഗ്രാമങ്ങളുടെ സർവേ, മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിലെ മാപ്പിംഗ് പദ്ധതി-സ്വാമിത്വ (SVAMITVA), പ്രധാൻ മന്ത്രി ഫസൽ ബീമ യോജന (PMFBY) തുടങ്ങിയ മുൻനിര ഗവൺമെൻ്റ് പദ്ധതികളുമായി ഡ്രോണുകൾ സംയോജിപ്പിച്ചിരിക്കുന്നു. ഭരണത്തിൽ ചടുലത, കൃത്യത, സുതാര്യത എന്നിവ ഇത് വർദ്ധിപ്പിക്കുന്നു. ഭൂമി സർവേ, വിള നിർണയം, അടിസ്ഥാന സൗകര്യ നിരീക്ഷണം, ദുരന്തനിവാരണം, പ്രതിരോധം എന്നിവയിൽ അവയുടെ വിന്യാസം സേവന വിതരണം മെച്ചപ്പെടുത്തുക മാത്രമല്ല, ഗവൺമെൻ്റ് പരിപാടികളിലുടനീളം ഡ്രോണുകളുടെ സ്വീകാര്യത ത്വരിതപ്പെടുത്തുകയും എല്ലാ തലങ്ങളിലും നൂതനാശയങ്ങളും കാര്യക്ഷമതയും വളർത്തുകയും ചെയ്യുന്നു.
- 1. കൃഷിയും കർഷക സേവനങ്ങളും: 2023 നവംബറിൽ ആരംഭിച്ച നമോ ഡ്രോൺ ദീദി പദ്ധതി, കേന്ദ്ര ഗവൺമെൻ്റിൻ്റെ ഒരു മുൻനിര സംരംഭമാണ്. ആധുനിക കാർഷിക രീതികളെ പിന്തുണയ്ക്കുന്നതിനായി വനിതാ സ്വയം സഹായ സംഘങ്ങൾക്ക് (SHG) ഡ്രോണുകൾ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കാർഷിക കാര്യക്ഷമത മെച്ചപ്പെടുത്തുക, വിള ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, കാർഷിക ചെലവ് കുറയ്ക്കുക, സ്ത്രീകൾക്ക് സുസ്ഥിരമായ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യങ്ങൾ.

കൃഷിയിലും കർഷക സേവനങ്ങളിലും നമോ ഡ്രോൺ ദീദിയുടെ സ്വാധീനം
• പദ്ധതിയുടെ തുടക്കം മുതൽ, പ്രധാന വളം നിർമ്മാണ കമ്പനികൾ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 1,094 ഡ്രോണുകൾ വിതരണം ചെയ്തിട്ടുണ്ട്, ഇതിൽ നമോ ഡ്രോൺ ദീദി സംരംഭത്തിന് കീഴിലെ 500-ലധികം ഡ്രോണുകൾ ഉൾപ്പെടുന്നു.
• മാനുഷിക, തൊഴിൽ-തീവ്ര കൃഷി രീതികളിൽ നിന്ന് സൂക്ഷ്മമായ കൃഷിരീതിയിലേക്കുള്ള ഒരു പ്രധാന മാറ്റമാണ് നമോ ഡ്രോൺ ദീദി പദ്ധതി.
• മൻ കി ബാത്തിൻ്റെ 110-ാം പതിപ്പിൽ ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ള ഒരു ഡ്രോൺ ദീദി, കർഷകർക്ക് വളം സ്പ്രേ ചെയ്യുന്ന സേവനങ്ങൾ നൽകുന്നതിനും വരുമാനവും സാമൂഹിക ശാക്തീകരണവും വർദ്ധിപ്പിക്കുന്നതിനും തൻ്റെ സ്വയം സഹായ സംഘത്തെ ഡ്രോൺ പരിശീലനം എങ്ങനെ പ്രാപ്തമാക്കി എന്ന് വിശദമാക്കി.
- 2. ഭൂമിയുടെ മാപ്പിംഗ്: ഗ്രാമങ്ങളുടെ സർവേയിലും മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളുടെ മാപ്പിംഗിലും (SVAMITVA) ഡ്രോൺ സാങ്കേതികവിദ്യ പ്രധാന പങ്ക് വഹിക്കുന്നു. ഈ പദ്ധതി 2020 ഏപ്രിലിൽ ആരംഭിച്ചു. ഇത് പഞ്ചായത്തിരാജ് മന്ത്രാലയം, സംസ്ഥാന ഗവൺമെൻ്റുകൾ, സർവേ ഓഫ് ഇന്ത്യ എന്നിവ ചേർന്ന് നടപ്പിലാക്കി വരുന്നു. ഭൂമി തർക്ക കേസുകൾ പരിഹരിക്കുന്നതിനും ബാങ്ക് വായ്പ ലഭ്യത മെച്ചപ്പെടുത്തുന്നതിനുമായി ഗ്രാമീണ 'അബാദി' പ്രദേശങ്ങളുടെ സർവേയ്ക്കായി ഡ്രോൺ അധിഷ്ഠിത മാപ്പിംഗിനാണ് ഈ പദ്ധതി ഉദ്ദേശിക്കുന്നത്.
സ്വാമിത്വ പദ്ധതിയുടെ സ്വാധീനം
• ഏകദേശം 3.44 ലക്ഷം ഗ്രാമങ്ങളെ ഉൾപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
• 2025 ഡിസംബർ വരെ, 3.28 ലക്ഷം ഗ്രാമങ്ങളിൽ ഡ്രോൺ സർവേ പൂർത്തിയായി. ഇത് മൊത്തം ലക്ഷ്യത്തിൻ്റെ 95% ആണ്.
• 2025 ഡിസംബർ വരെ, 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.82 ലക്ഷം ഗ്രാമങ്ങളിൽ 2.76 കോടി ഭൂവുടമ കാർഡുകൾ തയ്യാറാക്കിയിട്ടുണ്ട്.
•2025 മാർച്ച് വരെ, 31 സംസ്ഥാനങ്ങളും/ കേന്ദ്രഭരണ പ്രദേശങ്ങളും ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
- 3. ദേശീയപാത വികസനത്തിനായുള്ള വ്യോമ മാപ്പിംഗ്: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI), എല്ലാ ഹൈവേ പദ്ധതികൾക്കും പ്രതിമാസ ഡ്രോൺ-വീഡിയോ റെക്കോർഡിംഗുകൾ നിർബന്ധമാക്കുന്നു. പ്രതിമാസ താരതമ്യത്തിനായി കരാറുകാർ NHAI യുടെ ഡാറ്റാബേസിലേക്ക് നിലവിലെ മാസത്തെയും മുൻ മാസത്തെയും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. മേൽനോട്ടത്തിനായുള്ള കൺസൾട്ടൻ്റുകൾ ഈ റെക്കോർഡിംഗുകൾ വിശകലനം ചെയ്യുകയും പ്രതിമാസ പുരോഗതിയുടെ ഡിജിറ്റൽ റിപ്പോർട്ടുകളിൽ അഭിപ്രായം നൽകുകയും ചെയ്യുന്നു. അതേസമയം, പൊരുത്തക്കേടുകൾ തിരിച്ചറിയുന്നതിന് പ്രോജക്ട് ഡയറക്ടർമാർ നേരിട്ടുള്ള പരിശോധനകളിൽ അവ തമ്മിൽ ഒത്തുനോക്കുന്നു. ഡാറ്റാ ലേക്കിൽ സംഭരിച്ചിരിക്കുന്ന ഡ്രോൺ വീഡിയോകൾ ഒരു സ്ഥിരം രേഖയായി വർത്തിക്കുന്നു. ആർബിട്രൽ ട്രൈബ്യൂണലുകൾക്കും കോടതികൾക്കും മുമ്പാകെ തർക്ക പരിഹാരത്തിൽ ഇത് തെളിവായി ഉപയോഗിക്കാം.
- 4. ദുരന്തനിവാരണത്തിലും അടിയന്തര പ്രതികരണത്തിലും ഡ്രോണുകളുടെ ഉപയോഗം: പ്രകൃതി ദുരന്തങ്ങളിൽ മികച്ച രീതിയിൽ പ്രതികരിക്കാൻ ഡ്രോണുകൾ ഇന്ത്യയെ സഹായിക്കുന്നു. ദുരന്ത സാഹചര്യങ്ങൾക്കായി നോർത്ത് ഈസ്റ്റ് സെൻ്റർ ഫോർ ടെക്നോളജി ആപ്ലിക്കേഷൻ ആൻഡ് റീച്ച് (NECTAR) ഒരു പ്രത്യേക ഡ്രോൺ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ ഡ്രോണിന് ദീർഘനേരം അന്തരീക്ഷത്തിൽ സ്ഥിരത പുലർത്താനും ഭാരമേറിയ ഉപകരണങ്ങൾ വഹിക്കാനും കഴിയും. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മറ്റ് ദുരന്തങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ദുരിത ബാധിത പ്രദേശങ്ങൾ നിരീക്ഷിക്കാൻ ഇത് ഉപയോഗിക്കുന്നു. ആകാശത്ത് നിന്ന് ഡ്രോൺ തത്സമയ ദൃശ്യങ്ങൾ അയയ്ക്കുന്നു. ഇത് രക്ഷാപ്രവർത്തകർക്ക് സാഹചര്യം വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. ഇത് തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ വേഗത്തിലാക്കുകയും മികച്ച ഏകോപനം സാധ്യമാക്കുകയും ചെയ്യുന്നു.
- 5. റെയിൽവേ ഡ്രോൺ നിരീക്ഷണം: റെയിൽവേ ട്രാക്കുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ മെച്ചപ്പെട്ട നിരീക്ഷണത്തിനും അറ്റകുറ്റപ്പണികൾക്കുമായി യുഎവികൾ/ഡ്രോണുകൾ വിന്യസിക്കാൻ റെയിൽവേ മന്ത്രാലയം അതിൻ്റെ എല്ലാ സോണുകളോടും ഡിവിഷനുകളോടും നിർദ്ദേശിച്ചു. പടിഞ്ഞാറൻ കേന്ദ്ര റെയിൽവേ ആദ്യമായി ക്യാമറകൾ വാങ്ങി അതിൻ്റെ ഡിവിഷനുകളിലുടനീളം പരീക്ഷിച്ചു. എത്തിച്ചേരാൻ പ്രയാസമുള്ള പ്രദേശങ്ങളുടെ പരിശോധനയും ട്രാക്ക്, പദ്ധതി നിരീക്ഷണത്തിൻ്റെ കാര്യക്ഷമതയും ഇത് മെച്ചപ്പെടുത്തി. പതിവ് അറ്റകുറ്റപ്പണികൾക്കും അടിസ്ഥാന സൗകര്യ പരിപാലനത്തിനും പിന്തുണ നൽകുന്നതിനായി സോണൽ റെയിൽവേകളും പൊതുമേഖലാ യൂണിറ്റുകളും UAV സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
നിങ്ങൾക്കറിയാമോ?
റെയിൽ യാർഡുകളിലും സ്റ്റേഷൻ പരിസരങ്ങളിലും റെയിൽവേ ട്രാക്കുകളിലും സുരക്ഷാ നിരീക്ഷണത്തിനായി റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) ഡ്രോണുകൾ ഉപയോഗിക്കുന്നു. ഈ ഡ്രോണുകൾ തത്സമയ ട്രാക്കിംഗ്, വീഡിയോ സ്ട്രീമിംഗ്, ആകാശ നിരീക്ഷണം എന്നിവ നടത്തുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും അതിക്രമിച്ചു കടക്കാതിരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നു.

- 6. പ്രതിരോധ മേഖലയിൽ ഡ്രോണുകൾ: ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ ഡ്രോണുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിർത്തികൾ നിരീക്ഷിക്കാനും രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കാനും കൃത്യമായ ആക്രമണങ്ങൾ നടത്താനും ഇത് സായുധ സേനയെ സഹായിക്കുന്നു. ഓപ്പറേഷൻ സിന്ദൂർ സമയത്ത്, ഇന്ത്യൻ ഡ്രോണുകളും യുദ്ധോപകരണങ്ങളും ശത്രു ലക്ഷ്യങ്ങളെ കൃത്യമായും കണിശമായും നശിപ്പിച്ചു. നിർണായക അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭീഷണികളോട് വേഗത്തിൽ പ്രതികരിക്കുന്നതിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റഡാർ ശൃംഖലകൾ, കമാൻഡ് സെൻ്ററുകൾ എന്നിവയുമായി ചേർന്ന് ഡ്രോണുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.
ഇന്ത്യയിൽ ഡ്രോണുകൾ, വിവിധ മേഖലകളിലുടനീളം പരിവർത്തനാത്മകമായ സാമൂഹിക-സാമ്പത്തിക, വികസന ഫലങ്ങൾ നൽകുന്നു. കാർഷിക മേഖലയിൽ അവയുടെ ഉപയോഗം വനിതാ കർഷകരെ ശാക്തീകരിക്കുകയും അപകടസാധ്യതയുടെ വിലയിരുത്തൽ മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, അടിസ്ഥാന സൗകര്യങ്ങളിലും നഗര ആസൂത്രണത്തിലും അവ മുൻകരുതൽ നിരീക്ഷണവും മികച്ച വിഭവ പരിപാലനവും പ്രാപ്തമാക്കിയിട്ടുണ്ട്. ദുരന്തനിവാരണത്തിലും ദേശീയ സുരക്ഷയിലും, ഡ്രോണുകൾ തയ്യാറെടുപ്പും ദ്രുത പ്രതികരണ ശേഷിയും ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ സേവന വിതരണം പുനർരൂപകൽപ്പന ചെയ്യുകയും മികച്ചതും കൂടുതൽ പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ഭരണം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതിൽ ഡ്രോൺ സാങ്കേതികവിദ്യയുടെ പങ്കിനെ ഈ പ്രായോഗിക ഉപയോഗങ്ങൾ എടുത്തു കാണിക്കുന്നു. വിപുലീകരിക്കാവുന്നതും ഭാവിക്ക് അനുയോജ്യമായതുമായ ഒരു പരിഹാരമെന്ന നിലയിൽ ഇത് വളരെ പ്രാധാന്യം അർഹിക്കുന്നു
നയം, പരിപാടികൾ, പരിഷ്കരണങ്ങൾ എന്നിവയിലൂടെ ഇന്ത്യയിൽ ഡ്രോൺ സ്വീകാര്യത ത്വരിതപ്പെടുത്തുന്നു
ഡ്രോണുകളുടെ സ്വീകാര്യതയും നിർമ്മാണവും ത്വരിതപ്പെടുത്തുന്നതിന് കേന്ദ്ര ഗവൺമെൻ്റ് ഒരു സമഗ്ര നയ-സാമ്പത്തിക ചട്ടക്കൂട് സ്ഥാപിച്ചിട്ടുണ്ട്. നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, അനുമതി നടപടികൾ ലളിതമാക്കുന്നതിനും, ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നടപടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
- ഡ്രോൺ നിയമങ്ങൾ, 2021, ഡ്രോൺ (ഭേദഗതി) നിയമങ്ങൾ 2022 & 2023: ഡ്രോൺ നിയമങ്ങൾ, 2021, 2022 ലും 2023 ലും കൊണ്ടുവന്ന ഭേദഗതികൾ എന്നിവ ഇന്ത്യയുടെ ഡ്രോൺ ആവാസവ്യവസ്ഥയെ ഗണ്യമായി ഉദാരവൽക്കരിച്ചു.
- ഫോമുകൾ 25 ൽ നിന്ന് 5 ആയി കുറയ്ക്കുകയും അംഗീകാര ആവശ്യകതകൾ 72 ൽ നിന്ന് 4 ആയി കുറയ്ക്കുകയും ചെയ്തുകൊണ്ട് നിയന്ത്രണ നടപടിക്രമങ്ങൾ ലളിതമാക്കി.
- ഫീസുകൾ യുക്തിസഹമാക്കുകയും ഡ്രോൺ വലുപ്പം എന്ന മാനദണ്ഡത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.
- പൗരന്മാർക്ക് 500 കിലോഗ്രാം വരെ ഭാരമുള്ള ഡ്രോണുകൾ ഉപയോഗിച്ച് പ്രവർത്തനങ്ങൾ അനുവദിച്ചു. അതുവഴി വാണിജ്യ, വ്യാവസായിക ഉപയോഗം വികസിപ്പിച്ചു.
- ഡ്രോൺ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമാതിർത്തിയുടെ ഏകദേശം 90% ഹരിത മേഖലയായി പ്രഖ്യാപിച്ചു, ഇത് 400 അടി വരെ പറക്കാൻ അനുവദിച്ചു.
- പരമ്പരാഗത പൈലറ്റ് ലൈസൻസിൻ്റെ ആവശ്യകത ഡിജിസിഎ നൽകുന്ന റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മാറ്റി.
- പാസ്‌പോർട്ട് ആവശ്യകത നീക്കം ചെയ്തു. ഡ്രോണുകൾ പ്രവർത്തിപ്പിക്കാൻ ഗവൺമെൻ്റ് നൽകുന്ന ഏതെങ്കിലും ഐഡിയും വിലാസ തെളിവും മതിയാകും.
മൊത്തത്തിൽ, ഈ പരിഷ്കരണങ്ങൾ പ്രവേശന തടസ്സങ്ങളെ ഗണ്യമായി കുറയ്ക്കുകയും ഗ്രാമീണ, വാണിജ്യ മേഖലയിൽ ഡ്രോണുകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും സേവന മാതൃകയായി ഡ്രോണുകളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്തു.

- 2. ഉൽപ്പാദന ബന്ധിത പ്രോത്സാഹനം (പിഎൽഐ): ഡ്രോണുകൾക്കും ഡ്രോൺ ഘടകങ്ങൾക്കുമുള്ള പിഎൽഐ പദ്ധതിക്ക് ₹120 കോടിയുടെ അംഗീകൃത വിഹിതമുണ്ട്. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഉയർന്ന മൂല്യമുള്ള ആഭ്യന്തര ഉൽപ്പാദനം വളർത്തുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇകൾക്കും അവരുടെ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കാനും ആഭ്യന്തര ഡ്രോൺ നിർമ്മാണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും ഈ പദ്ധതി സഹായിക്കുന്നു.
- 3. ഡ്രോണുകളുടെ ജിഎസ്ടി: 2025 സെപ്റ്റംബറിൽ ഡ്രോണുകളുടെ ജിഎസ്ടി ഏകീകൃത 5% ആയി കുറച്ചു. നേരത്തെ 18%, 28% എന്നീ നികുതി നിരക്കുകൾ നീക്കം ചെയ്തു. ഈ ലളിതവൽക്കരിച്ച നികുതി ഡ്രോണുകളുടെ വാണിജ്യപരവും വ്യക്തിഗതവുമായ വിശാലമായ ഉപയോഗത്തെ പിന്തുണയ്ക്കുന്നു. ഡ്രോൺ പൈലറ്റ് പരിശീലനത്തിനായി ഉപയോഗിക്കുന്ന ഫ്ലൈറ്റ്, മോഷൻ സിമുലേറ്ററുകൾക്കും പുതുതലമുറ ജിഎസ്ടി പരിഷ്കരണം ബാധകമാണ്. പരിശീലന സ്ഥാപനങ്ങൾക്കുള്ള ചെലവ് കുറയ്ക്കുന്നത് ഡ്രോൺ രംഗത്തെ നൈപുണ്യ വികസനത്തെ കൂടുതൽ ശക്തിപ്പെടുത്തും.
- 4. ഡിജിറ്റൽ സ്കൈ, 2018, ഇജിസിഎ: ഡ്രോൺ രജിസ്ട്രേഷൻ, റിമോട്ട് പൈലറ്റ് സർട്ടിഫിക്കേഷൻ, ടൈപ്പ് സർട്ടിഫിക്കേഷൻ, ആർപിടിഒ അംഗീകാരം തുടങ്ങിയ നിയന്ത്രണ സേവനങ്ങൾ ഡിജിറ്റൽ സ്കൈ പ്ലാറ്റ്‌ഫോമിൽ നിന്ന് ഇജിസിഎയിലേക്ക് മാറ്റി. കൂടാതെ, ഫ്ലൈറ്റ് പ്ലാൻ, വ്യോമഭൂപടം തുടങ്ങിയ പ്രവർത്തന സേവനങ്ങൾ ഡിജിറ്റൽ സ്കൈ പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചിരിക്കുന്നു.
ഡിജിറ്റൽ സ്കൈ പ്ലാറ്റ്‌ഫോമിൻ്റെ പ്രധാന നേട്ടങ്ങൾ
• 2026 ഫെബ്രുവരി 9 വരെ, 38,575 ഡ്രോണുകൾ വിജയകരമായി രജിസ്റ്റർ ചെയ്യുകയും യുണീക്ക് ഐഡൻ്റിഫിക്കേഷൻ നമ്പർ (യുഐഎൻ) നൽകുകയും ചെയ്തു.
• രാജ്യത്തുടനീളം സാക്ഷ്യപ്പെടുത്തിയതും നിയമാനുസരണമുള്ളതുമായ ഡ്രോൺ പ്രവർത്തനങ്ങൾ പ്രാപ്തമാക്കുന്ന 39,890 റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റുകൾ (ആർപിസി) 2026 ഫെബ്രുവരി വരെ നൽകി
• രാജ്യവ്യാപകമായി 244 റിമോട്ട് പൈലറ്റ് പരിശീലന സ്ഥാപനങ്ങൾക്ക് (ആർപിടിഒ) ഡിജിസിഎ അംഗീകാരം നൽകി. പൈലറ്റ് പരിശീലനത്തിനും നൈപുണ്യ വികസനത്തിനുമുള്ള സ്ഥാപന ശേഷി ഇത് ശക്തിപ്പെടുത്തുന്നു.
5. മുൻനിര പരിപാടികളിലൂടെ പരിസ്ഥിതി വ്യവസ്ഥ വികസനവും ശേഷി വർദ്ധിപ്പിക്കലും:
• ഭാരത് ഡ്രോൺ ശക്തി, ഭാരത് ഡ്രോൺ മഹോത്സവ്, ഡ്രോൺ ഇൻ്റർനാഷണൽ എക്സ്പോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഡ്രോണുകളുടെ (DaaS) സേവന സ്റ്റാർട്ടപ്പുകളെയും പുതിയ ബിസിനസ് മാതൃകകളെയും പ്രോത്സാഹിപ്പിക്കുന്നു. അവ തദ്ദേശീയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുകയും സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, വ്യവസായം, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
• ഡിജിസിഎ-അംഗീകൃത പരിശീലന പരിപാടികളും റിമോട്ട് പൈലറ്റ് പരിശീലന സ്ഥാപനങ്ങളും (RPTO-കൾ) ചേർന്ന് സർട്ടിഫൈഡ് ഡ്രോൺ പൈലറ്റുമാരുടെ ദേശീയ സഞ്ചയത്തെ വികസിപ്പിക്കുന്നു.
• ആളില്ലാ വിമാന സംവിധാനങ്ങളിലെ മാനവ വിഭവശേഷി വികസനത്തിനായുള്ള പരിപാടിയാണ് സ്വയാൻ (SwaYaan). ഇത് പരിശീലനത്തെയും പ്രതിഭാ സൃഷ്ടിയെയും പിന്തുണയ്ക്കുന്നു. ഇതുവരെ, 337 സഹകരണ പങ്കാളിത്തത്തോടെ 857 ലധികം പ്രവർത്തനങ്ങൾ നടത്തി. 26,000 ലധികം പങ്കാളികൾക്ക് പ്രയോജനം ലഭിച്ചു.
• നാഷണൽ ഇന്നൊവേഷൻ ചലഞ്ച് ഫോർ ഡ്രോൺ ആപ്ലിക്കേഷൻ ആൻഡ് റിസർച്ച് (NIDAR) വിദ്യാർത്ഥികളെയും ഗവേഷകരെയും ഉൾക്കൊള്ളുന്നു. ദുരന്തനിവാരണത്തിനും സൂക്ഷ്മമായ കൃഷിരീതിക്കും വേണ്ടിയുള്ള ഡ്രോണുകളെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഈ പ്രോഗ്രാം ₹40 ലക്ഷം സമ്മാനത്തുക വാഗ്ദാനം ചെയ്യുന്നു. കൂടാതെ സ്റ്റാർട്ടപ്പ് ഇൻകുബേഷനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പുരോഗമനപരമായ നിയന്ത്രണങ്ങൾ, സാമ്പത്തിക പ്രോത്സാഹനങ്ങൾ, സമർപ്പിത ശേഷി വികസന സംരംഭങ്ങൾ എന്നിവയിലൂടെ, ഡ്രോൺ ഉപയോഗവും ഉൽപ്പാദനവും ത്വരിതപ്പെടുത്തുന്ന ഒരു സമഗ്ര ആവാസവ്യവസ്ഥ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്. ഡ്രോൺ നിയമങ്ങൾക്ക് കീഴിലുള്ള ലളിതമായ അനുമതി, ആഭ്യന്തര ഉൽപ്പാദനത്തിന് പിഎൽഐ വഴിയുള്ള പിന്തുണ, കുറഞ്ഞ ജിഎസ്ടി, ഡിജിറ്റൽ സ്കൈ പോലുള്ള പ്ലാറ്റ്‌ഫോമുകൾ, നൈപുണ്യ വികസനം, നൂതനാശയ പരിപാടികൾ എന്നിവയെല്ലാം സ്വാശ്രയവും ഭാവിസജ്ജവുമായ ഒരു മേഖലയെ വളർത്തിയെടുക്കുന്നതിനൊപ്പം, വാണിജ്യ, വ്യാവസായിക, സാമൂഹിക മേഖലയിൽ ഡ്രോണുകളുടെ വ്യാപകമായ ഉപയോഗം പ്രാപ്തമാക്കുകയും ചെയ്യുന്നു
ഉപസംഹാരം
ഇന്ത്യയുടെ ഡ്രോൺ മേഖല, പൈലറ്റ് പദ്ധതികളിൽ നിന്ന് പുരോഗമന നയങ്ങൾ, നിയന്ത്രണ ചട്ടങ്ങൾ, നിർദിഷ്ട സാമ്പത്തിക പ്രോത്സാഹനങ്ങൾ എന്നിവ പിന്തുണയ്ക്കുന്ന ഒരു മുഖ്യധാരാ, നൂതനാശയ -നിയന്ത്രിത മേഖലയായി മാറിയിരിക്കുന്നു. സ്ത്രീകൾ നയിക്കുന്ന സംരംഭകത്വം, ഗ്രാമീണ മേഖല, ആഭ്യന്തര ഉൽപ്പാദനം എന്നിവയെ പിന്തുണയ്ക്കുന്ന സംരംഭങ്ങളിലൂടെ, സാങ്കേതിക നവീകരണത്തെയും വ്യാപകമായ സ്വീകാര്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരു ഘടനാപരമായ ചട്ടക്കൂട് ഗവൺമെൻ്റ് സൃഷ്ടിച്ചിട്ടുണ്ട്. കൃഷി, ഭൂമി- സ്വത്ത് സർവേകൾ, അടിസ്ഥാന സൗകര്യ നിരീക്ഷണം, ദുരന്ത ആഘാത വിലയിരുത്തൽ, പൊതു സേവന വിതരണം തുടങ്ങിയ നിർണായക മേഖലകളിൽ ഡ്രോണുകൾ ഇപ്പോൾ പ്രയോജനപ്പെടുത്തുന്നു.
ഭാവിയിൽ, തദ്ദേശീയ ഉൽപ്പാദനത്തിൻ്റെ തുടർച്ചയായ വിപുലീകരണം, റിമോട്ട് പൈലറ്റുമാർക്കുള്ള നൈപുണ്യ വികസനം, സംസ്ഥാന, കേന്ദ്ര പരിപാടികളുമായുള്ള സംയോജനം എന്നിവയിലൂടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം, അടിസ്ഥാന സൗകര്യ മേൽനോട്ടം, ദേശീയ സുരക്ഷ എന്നിവയ്ക്കായി ഡ്രോണുകൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയെ പ്രാപ്തമാക്കുന്നു. ബജറ്റ് വിഹിതം, നൂതനാശയ ഗ്രാൻ്റുകൾ, തന്ത്രപരമായ വിന്യാസം എന്നിവയുൾപ്പെടെ വർദ്ധിച്ചുവരുന്ന ഗവൺമെൻ്റ് പിന്തുണയോടെ, വാണിജ്യ വളർച്ച, സാങ്കേതിക സ്വാശ്രയത്വം, സമഗ്ര വികസനം എന്നിവ സന്തുലിതമാക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ആളില്ലാ വ്യോമ സംവിധാനങ്ങളിൽ ആഗോള നേതൃ നിരയിലെത്താൻ ഇന്ത്യ സജ്ജമാവുകയും ചെയ്യുന്നു.
റഫറൻസുകൾ
Lok Sabha
Rajya Sabha
Ministry of Information and Broadcasting
National Highways Authority of India
Ministry of Civil Aviation
Others
Click here for pdf file.
****
(Explainer ID: 157459)
आगंतुक पटल : 7
Provide suggestions / comments