• Skip to Content
  • Sitemap
  • Advance Search
Social Welfare

ഓൾ ചിക്കി ലിപി

ഭാഷാ ശാക്തീകരണത്തിൻ്റെ നൂറു വർഷങ്ങൾ

Posted On: 16 FEB 2026 4:20PM

•   ഓൾ ചിക്കി ലിപിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ് 2026 ഫെബ്രുവരി 16-ന് ന്യൂഡൽഹിയിൽ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നു.

 •   ഓൾ ചിക്കി ലിപിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഭാരത സർക്കാർ ഒരു സ്മരണികാ നാണയവും സ്മരണികാ തപാൽ സ്റ്റാമ്പും പുറത്തിറക്കുന്നു.


 •   സന്താളി ഭാഷയ്ക്കായി 1925-ൽ പണ്ഡിറ്റ് രഘുനാഥ് മുർമു ആണ് ഓൾ ചിക്കി ലിപി വികസിപ്പിച്ചെടുത്തത്. പിന്നീട് 2003-ൽ സന്താളി ഭാഷയെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തി.


 •   സന്താളി ഭാഷയുടെ ഉച്ചാരണരീതികളെ കൃത്യമായി പ്രതിനിധീകരിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത 30 അക്ഷരങ്ങളാണ് ഈ ലിപിയിലുള്ളത്.

ആമുഖം

 



 

നൂറ്റാണ്ടുകളായി അറിവും സാംസ്‌കാരിക സ്മരണകളും കൈമാറ്റം ചെയ്യപ്പെട്ടിരുന്നത് എഴുത്തിലൂടെയല്ല, മറിച്ച് സംസാരത്തിലൂടെയായിരുന്നു. നാടോടിക്കഥകൾ, പാട്ടുകൾ, ആചാരങ്ങൾ, കഥപറച്ചിൽ എന്നിവയുടെ സമ്പന്നമായ പാരമ്പര്യത്തിൽ വേരൂന്നിയ സന്താളി ഭാഷ, തലമുറകളിലൂടെ തനിമ ചോരാതെ നിലനിന്ന ഊർജ്ജസ്വലമായ ഒരു വാമൊഴി പൈതൃകത്തിലൂടെയാണ് അതിൻ്റെ തുടർച്ച കാത്തുസൂക്ഷിച്ചത്.

ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിൽ വ്യാപകമായി സംസാരിക്കപ്പെടുന്ന ഇന്ത്യയിലെ പ്രമുഖ ഗോത്രവർഗ്ഗ ഭാഷകളിലൊന്നായ സന്താളിയുടെ ഔദ്യോഗിക ലിപിയാണ് ഓൾ ചിക്കി. ആസ്ട്രോഏഷ്യാറ്റിക് ഭാഷാ കുടുംബത്തിൽപ്പെട്ട സന്താളി, ചരിത്രപരമായി ഇത്തരം വാമൊഴി പാരമ്പര്യങ്ങളിലൂടെയാണ് അഭിവൃദ്ധി പ്രാപിച്ചത്. എന്നിരുന്നാലും, ഈ കരുത്ത് സാംസ്‌കാരികമായ തുടർച്ച ഉറപ്പാക്കിയപ്പോഴും ഒരു നിശ്ചിത ലിപിയുടെ അഭാവം രേഖപ്പെടുത്തൽ, ഔപചാരിക വിദ്യാഭ്യാസം, സാഹിത്യ വികസനം എന്നിവയിൽ കാര്യമായ വെല്ലുവിളികൾ ഉയർത്തിയിരുന്നു.

ഓൾ ചിക്കി ലിപിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന ഈ ഉദ്ഘാടന ചടങ്ങ്, പ്രമുഖ വ്യക്തികളേയും ലിപിയുടെ പാരമ്പര്യം ആദരിക്കുന്നതിനുള്ള സ്മരണികാ സംരംഭങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്നു.

ഓൾ ചിക്കി ലിപി ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ്


പണ്ഡിറ്റ് രഘുനാഥ് മുർമു രൂപകൽപ്പന ചെയ്ത ഓൾ ചിക്കി ലിപിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങ്, സാംസ്‌കാരിക മന്ത്രാലയവും ഫാഗുണും (പ്രതിമാസ സന്താളി പത്രം) സംയുക്തമായി 2026 ഫെബ്രുവരി 16-ന് ന്യൂഡൽഹിയിലെ ഡോ. അംബേദ്കർ ഇൻ്റർനാഷണൽ സെൻ്ററിൽ സംഘടിപ്പിക്കുന്നു

ബഹുമാനപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുർമു ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കേന്ദ്ര ഗോത്രവർഗ്ഗ കാര്യ  മന്ത്രി ശ്രീ ജുവൽ ഓറം, കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരും ചടങ്ങിൽ സംബന്ധിക്കും.


പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ:

 •   ഓൾ ചിക്കി ലിപിയെക്കുറിച്ചുള്ള പ്രത്യേക പ്രദർശനം

 •   ഓൾ ചിക്കി ലിപിയെ ആസ്പദമാക്കിയുള്ള ഹ്രസ്വചിത്രത്തിൻ്റെ പ്രദർശനം

 •   സ്മരണികാ നാണയത്തിൻ്റെ പ്രകാശനം

 •   ലിപിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള സ്മരണികാ തപാൽ സ്റ്റാമ്പിൻ്റെ പ്രകാശനം

 •   സാംസ്‌കാരിക പരിപാടികൾ

ചരിത്ര പശ്ചാത്തലം

ഇരുപതാം നൂറ്റാണ്ടിനു മുമ്പ്, റോമൻ, ബംഗാളി, ഒഡിയ, ദേവനാഗരി എന്നിവയുൾപ്പെടെ കടമെടുത്ത വിവിധ ലിപികൾ ഉപയോഗിച്ചായിരുന്നു സന്താളി ഭാഷ എഴുതിയിരുന്നത്. ഈ ലിപികൾ പരിമിതമായ രേഖപ്പെടുത്തലുകൾക്ക് സഹായിച്ചിരുന്നെങ്കിലും, സന്താളി ഭാഷയുടെ സവിശേഷമായ ഉച്ചാരണ രീതികളെ കൃത്യമായി പ്രതിനിധീകരിക്കാൻ ഇവയ്ക്ക് കഴിഞ്ഞിരുന്നില്ല. ഈ ഭാഷയിൽ അടങ്ങിയിരിക്കുന്ന ഗ്ലോട്ടൽ സ്റ്റോപ്പുകൾ, പ്രത്യേക സ്വര ക്രമങ്ങൾ തുടങ്ങിയ തനതായ ശബ്ദങ്ങൾ മറ്റ് ഭാഷാ ലിപികളിലൂടെ കൃത്യമായി അവതരിപ്പിക്കുക പ്രയാസകരമായിരുന്നു. തത്ഫലമായി, ഇത് ഉച്ചാരണത്തിലും അർത്ഥത്തിലും പലപ്പോഴും വൈകല്യങ്ങൾ സൃഷ്ടിക്കുകയും വിദ്യാഭ്യാസ രംഗത്ത് തടസ്സങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഇത് ഭാഷയുടെ വ്യവസ്ഥാപിതമായ വളർച്ചയേയും സംരക്ഷണത്തേയും കാര്യമായി ബാധിച്ചു.

സന്താളി ഭാഷയെ വെറുമൊരു വാമൊഴി പാരമ്പര്യത്തിൽ നിന്ന് രേഖപ്പെടുത്തപ്പെട്ട ഒരു പൈതൃകമാക്കി മാറ്റിയ ആ ദീർഘദർശിയാണ് ഓൾ ചിക്കി പ്രസ്ഥാനത്തിൻ്റെ കേന്ദ്രബിന്ദു.


പണ്ഡിറ്റ് രഘുനാഥ് മുർമു: ഓൾ ചിക്കിയുടെ ശില്പി

 



 

സാന്താളി സമൂഹത്തിലെ ആദരണീയ വ്യക്തിത്വമായ ഗുരു പണ്ഡിറ്റ് രഘുനാഥ് മുർമു 1905-ൽ ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലുള്ള ദണ്ഡ്‌ബോസ് ഗ്രാമത്തിലാണ് ജനിച്ചത്. ചെറുപ്പം മുതലേ സന്താളി പാരമ്പര്യങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം, തൻ്റെ ഭാഷയ്ക്ക് തനതായ ഒരു ലിപി രൂപപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. ഈ ദീർഘവീക്ഷണമാണ് ഓൾ ചിക്കി ലിപിയുടെ പിറവിക്ക് കാരണമായത്. ഇത് സന്താളി ഭാഷയ്ക്ക് ശാസ്ത്രീയവും ഉച്ചാരണാധിഷ്ഠിതവുമായ ഒരു എഴുത്തുരീതി പ്രദാനം ചെയ്തു.

തൻ്റെ  വൈജ്ഞാനിക പ്രവർത്തനങ്ങൾക്കപ്പുറം, വിവിധ പ്രദേശങ്ങളിലെ സാന്താളി സമൂഹങ്ങൾക്കിടയിൽ സാക്ഷരതയും ഓൾ ചിക്കി ലിപിയെക്കുറിച്ചുള്ള അവബോധവും വളർത്തുന്നതിനായി അദ്ദേഹം സജീവമായി പ്രവർത്തിച്ചു. സാംസ്കാരിക സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും അദ്ദേഹം നല്കിയ  സംഭാവനകൾ പരിഗണിച്ച് 'പണ്ഡിറ്റ്' എന്ന ബഹുമതി നല്കി അദ്ദേഹത്തെ ആദരിച്ചു.

•  സന്താളി ഭാഷയ്ക്ക് സ്വന്തമായി ഒരു ലിപി നല്കുന്നതിനായി 1925-ൽ ഓൾ ചിക്കി വികസിപ്പിച്ചു.

•  ഓൾ ചിക്കി ലിപിയിലെ ആദ്യ പുസ്തകമായ ഹൈ സെറീന (1936) രചിച്ചു.

സാന്താളി സംസ്‌കാരത്തിൻ്റെ ആഴവും വികാരങ്ങളും പ്രതിഫലിപ്പിക്കുന്ന 'ബിഡു-ചന്ദൻ' പോലുള്ള സ്വാധീനശക്തിയുള്ള കൃതികളും പണ്ഡിറ്റ് മുർമു രചിച്ചിട്ടുണ്ട്. റാഞ്ചി സർവ്വകലാശാലയുടെ ഓണററി ഡോക്ടറേറ്റും ഒഡീഷ സാഹിത്യ അക്കാദമിയുടെ ബഹുമതികളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.

ഓൾ ചിക്കി ലിപിയുടെ രൂപീകരണം

 

സന്താളി ഭാഷയ്ക്ക് ശാസ്ത്രീയവും സമർപ്പിതവുമായ ഒരു എഴുത്തുരീതി നല്കുന്നതിനായി 1925-ൽ പണ്ഡിറ്റ് രഘുനാഥ് മുർമു ആണ് ഓൾ ചിക്കി വികസിപ്പിച്ചെടുത്തത്.

പ്രധാന ഭാഷാ സവിശേഷതകൾ ഇവയാണ്:

•  സന്താളി ഭാഷയ്ക്ക് മാത്രമായി രൂപകൽപ്പന ചെയ്തത്.

•  സ്വരാക്ഷരങ്ങളേയും വ്യഞ്ജനാക്ഷരങ്ങളേയും പ്രതിനിധീകരിക്കുന്ന 30 അക്ഷരങ്ങൾ.

•  ഓരോ ചിഹ്നവും ഒരു പ്രത്യേക ശബ്ദവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

•  ഗ്ലോട്ടൽ സ്റ്റോപ്പുകളും തനതായ ഉച്ചാരണ ഘടകങ്ങളും കൃത്യമായി ഒപ്പിയെടുക്കുന്നു.

കടമെടുത്ത ലിപികളിൽ നിന്ന് വ്യത്യസ്തമായി, ഭാഷാപരമായ കൃത്യതയുള്ളതും സാംസ്കാരികമായി വേരൂന്നിയതുമായ ഒരു എഴുത്ത് ആവിഷ്കാര മാധ്യമം ഓൾ ചിക്കി പ്രദാനം ചെയ്തു.

ഓൾ ചിക്കി ലിപിയുടെ അവതരണം ഒരു ലിഖിത ഭാഷ എന്ന നിലയിലുള്ള സന്താളിയുടെ പരിണാമത്തിൽ ഒരു നിർണ്ണായക വഴിത്തിരിവായി മാറി. ഭാഷാപരമായ ആധികാരികതയിൽ വേരൂന്നിയ ഒരു ലിപി നല്കുന്നതിലൂടെ, ഭാഷയെ ഒരു പ്രത്യേക വാമൊഴി മാധ്യമത്തിൽ നിന്ന് ഘടനാപരമായ എഴുത്തുരൂപത്തിലേക്ക് മാറ്റാൻ അത് പ്രാപ്തമാക്കി.

പദാവലി, വ്യാകരണം, ഉച്ചാരണം എന്നിവ കൃത്യതയോടെ രേഖപ്പെടുത്തുന്നത് ഈ ലിപി സാധ്യമാക്കി. ഇത് ഭാഷാ ഉപയോഗത്തിൻ്റെ  മാനദണ്ഡവൽക്കരണം സുഗമമാക്കുകയും അതുവഴി അധ്യാപനം, വിവർത്തനം, പ്രസിദ്ധീകരണം എന്നിവയെ പിന്തുണയ്ക്കുകയും ചെയ്തു.


ഭരണഘടനാപരമായ നാഴികക്കല്ല്: എട്ടാം പട്ടികയിൽ സന്താളി ഉൾപ്പെടുത്തിയത് (2003)

ഓൾ ചിക്കി ലിപിയുടെ യാത്രയിലെ നിർണ്ണായക നിമിഷം രേഖപ്പെടുത്തിയത് 2003-ലാണ്, അന്ന് 92-ാമത് ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ സന്താളി ഭാഷയെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി. സാംസ്കാരികമായി സമ്പന്നമെങ്കിലും ഭരണപരമായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു ഭാഷയിൽ നിന്ന് ഇന്ത്യയുടെ ഔദ്യോഗിക ഭാഷാ ചട്ടക്കൂടിനുള്ളിൽ അംഗീകരിക്കപ്പെട്ട ഒന്നിലേക്ക് സന്താളി ഭാഷയെ പരിവർത്തനം ചെയ്തതിനെ ഈ ചരിത്രപരമായ അംഗീകാരം അടയാളപ്പെടുത്തി. ഈ ഉൾപ്പെടുത്തൽ  വിദ്യാഭ്യാസം, ഭരണനിർവ്വഹണം, പൊതുവിനിമയം എന്നിവയിൽ സ്ഥാപനപരമായ പിന്തുണ ലഭിക്കാൻ ഭാഷയെ പ്രാപ്തമാക്കി. കൂടാതെ മത്സര പരീക്ഷകൾ, സാഹിത്യ പ്രോത്സാഹനം, അക്കാദമിക് ഗവേഷണം എന്നിവയിൽ ഇതിൻ്റെ ഉപയോഗം സുഗമമാക്കുകയും ചെയ്തു. പ്രധാനമായും, സ്കൂൾ പാഠ്യപദ്ധതികൾ, സംസ്ഥാനതല പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ ഔദ്യോഗിക മേഖലകളിൽ ഓൾ ചിക്കി ലിപി സ്വീകരിക്കുന്നത് ഈ അംഗീകാരം ശക്തിപ്പെടുത്തി. ഇത് കേവലമൊരു ഭാഷാപരമായ ഉൾപ്പെടുത്തൽ മാത്രമായിരുന്നില്ല, മറിച്ച് സാന്താളി സമൂഹത്തിൻ്റെ  സ്വത്വം, പൈതൃകം, ബൗദ്ധിക പാരമ്പര്യങ്ങൾ എന്നിവയുടെ സ്ഥിരീകരണം കൂടിയായിരുന്നു.


സന്താളി ഭാഷയിലുള്ള ഭരണഘടന: ഭാഷാപരമായ നീതിയും ജനാധിപത്യപരമായ പ്രവേശനവും ഉറപ്പാക്കുന്നു.



 

ഭരണഘടനാപരമായ അവബോധവും ലഭ്യതയും വിപുലീകരിക്കുന്നതിനുള്ള ചരിത്രപരമായ ഒരു സംരംഭത്തിലൂടെ, ഇന്ത്യൻ ഭരണഘടന ഓൾ ചിക്കി ലിപി ഉപയോഗിച്ച് ഔദ്യോഗികമായി സന്താളി ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും 2025 ഡിസംബറിൽ അത് പുറത്തിറക്കുകയും ചെയ്തു. നിയമനിർമ്മാണ വകുപ്പ് പ്രസിദ്ധീകരിച്ച  ഈ പതിപ്പ്, രാജ്യത്തിൻ്റെ അടിസ്ഥാന നിയമഗ്രന്ഥം അതിൻ്റെ തന്നെ തദ്ദേശീയ ലിപിയിൽ സന്താളി ഭാഷയിൽ ലഭ്യമാകുന്നത് ഇതാദ്യമായാണ്. ഭരണഘടനാപരമായ മൂല്യങ്ങളും അവകാശങ്ങളും സന്താളി സംസാരിക്കുന്ന പൗരന്മാർക്ക് പരിചിതമായ ഭാഷാ രൂപത്തിൽ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനായുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ വിവർത്തനം പ്രതിനിധീകരിക്കുന്നത്. ഭരണനിർവ്വഹണം, സമത്വം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകളുമായും, അഞ്ചും ആറും പട്ടികകൾക്ക് കീഴിലുള്ള ഗോത്രവർഗ്ഗ സംരക്ഷണ വ്യവസ്ഥകളുമായും നേരിട്ട് ഇടപഴകാൻ ഇത് വഴിയൊരുക്കുന്നു. ഈ സംരംഭം പങ്കാളിത്ത ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും സന്താളി ഭാഷയുടെ ലിഖിത ആവിഷ്കാരത്തിനുള്ള പ്രധാന മാധ്യമമെന്ന നിലയിൽ ഓൾ ചിക്കി ലിപിയുടെ പങ്ക് വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.

 


 

പണ്ഡിറ്റ് രഘുനാഥ് മുർമു രൂപപ്പെടുത്തിയ ലിപിയുടെ ശതാബ്ദി വർഷത്തോടനുബന്ധിച്ചുള്ള ഈ പ്രകാശനം, ജനാധിപത്യ ശാക്തീകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഭാഷാപരമായ ഉൾപ്പെടുത്തലിനുള്ള വർദ്ധിച്ചുവരുന്ന സ്ഥാപനപരമായ അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്നു.


ഓൾ ചിക്കി ലിപിയുടെ 100 വർഷങ്ങൾക്കായി സ്മരണികാ നാണയവും തപാൽ സ്റ്റാമ്പും

ഓൾ ചിക്കി ലിപിയുടെ ശാശ്വതമായ സാംസ്കാരികവും ഭാഷാപരവുമായ സംഭാവനകൾ പരിഗണിച്ച്, അതിൻ്റെ  ശതാബ്ദി (1925–2025) ആഘോഷിക്കുന്നതിനായി ഭാരത സർക്കാർ 100 രൂപയുടെ സ്മരണികാ നാണയം പുറത്തിറക്കുന്നു.

നാണയത്തിൻ്റെ രൂപകൽപ്പന ദേശീയ പ്രതീകാത്മകതയും സാംസ്കാരിക ആദരവും പ്രതിഫലിപ്പിക്കുന്നു. നാണയത്തിൻ്റെ  മുൻഭാഗത്ത് അശോക സ്തംഭവും നാണയത്തിൻ്റെ  മൂല്യവും  ആലേഖനം ചെയ്തിട്ടുണ്ട്. മറുവശത്ത് ഓൾ ചിക്കി അക്ഷരങ്ങളുടെ പശ്ചാത്തലത്തിൽ പണ്ഡിറ്റ് രഘുനാഥ് മുർമുവിൻ്റെ   ഛായാചിത്രവും ലിപിയുടെ 100 വർഷത്തെ അനുസ്മരിപ്പിക്കുന്ന ലിഖിതവുമുണ്ട്.

ഭാഷാപരമായ സ്വത്വം ശക്തിപ്പെടുത്തുന്നതിലും, സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിലും, തദ്ദേശീയ പൈതൃകം സംരക്ഷിക്കുന്നതിലും ലിപി വഹിച്ച പരിവർത്തനപരമായ പങ്കിനുള്ള ഔദ്യോഗിക ദേശീയ അംഗീകാരത്തെയാണ് സ്മരണികാ നാണയം പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ സ്മരണികാ  നാണയശേഖരത്തിൽ ഓൾ ചിക്കി ലിപി ഉൾപ്പെടുത്തുന്നതിലൂടെ, രാജ്യത്തിൻ്റെ  സാംസ്കാരിക വൈവിധ്യത്തിൽ ഇതിനുള്ള പ്രാധാന്യത്തെ ഈ സംരംഭം അംഗീകരിക്കുകയും ഗോത്രവർഗ്ഗ വിജ്ഞാന പാരമ്പര്യങ്ങൾ വരുംതലമുറകൾക്കായി സംരക്ഷിക്കേണ്ടതിൻ്റെ  പ്രാധാന്യം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.

ഈ നാണയപരമായ ആദരത്തിന് അനുബന്ധമായി, ശതാബ്ദി നാഴികക്കല്ല് അടയാളപ്പെടുത്തുന്നതിനായി ഒരു സ്മരണികാ തപാൽ സ്റ്റാമ്പും പുറത്തിറക്കുന്നുണ്ട്. സാംസ്കാരികവും  ഭാഷാപരവുമായ നേട്ടങ്ങളെ ആദരിക്കുന്ന ഇന്ത്യയുടെ ദീർഘകാലമായുള്ള ഫിലാറ്റിലിക് പാരമ്പര്യം മുൻനിർത്തി, ഈ സ്റ്റാമ്പ് ദേശീയ അംഗീകാരത്തിൻ്റെ ശാശ്വത പ്രതീകമായി വർത്തിക്കുന്നു.

ഉപസംഹാരം

ഇന്ന്, ഓൾ ചിക്കി എന്നത് ഒരു എഴുത്തുരീതിയേക്കാൾ ഉപരിയാണ്. ഇത് ഭാഷാപരമായ അന്തസ്സിൻ്റേയും, സാംസ്കാരിക പ്രതിരോധശേഷിയുടേയും, ബൗദ്ധികമായ സ്വയം നിർണ്ണയത്തിൻ്റേയും പ്രതീകമായി നിലകൊള്ളുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ, ആധുനിക വിദ്യാഭ്യാസവുമായും പൊതുജീവിതവുമായും ഇടപഴകുന്നതിനോടൊപ്പം തന്നെ തങ്ങളുടെ സ്വത്വം ഉറപ്പിച്ചു പറയാൻ ഈ ലിപി സന്താളി സംസാരിക്കുന്നവരെ പ്രാപ്തരാക്കി. തദ്ദേശീയമായ ശബ്ദങ്ങൾ ഔദ്യോഗിക വിജ്ഞാന സംവിധാനങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതിലൂടെ ഇന്ത്യയുടെ ഭാഷാപരമായ വൈവിധ്യം ശക്തിപ്പെടുത്തുന്നതിനും ഇത് സംഭാവന നല്കിയിട്ടുണ്ട്.

ഓൾ ചിക്കി ലിപിയുടെ ശതാബ്ദി കേവലം കാലത്തിൻ്റെ കടന്നുപോകലിനെ മാത്രമല്ല, മറിച്ച് സ്വത്വത്തിൻ്റേയും അന്തസ്സിൻ്റേയും സാംസ്കാരിക തുടർച്ചയുടേയും അടിസ്ഥാനമെന്ന നിലയിലുള്ള ഭാഷയുടെ ശാശ്വതമായ കരുത്തിനേയും കൂടിയാണ് അടയാളപ്പെടുത്തുന്നത്. 1925-ൽ പണ്ഡിറ്റ് രഘുനാഥ് മുർമുവിൻ്റെ ലിപി രൂപീകരണം മുതൽ വിദ്യാഭ്യാസം, സാഹിത്യം, ഭരണഘടനാപരമായ അംഗീകാരം എന്നിവ ലഭ്യമാക്കുന്നതിലെ അതിൻ്റെ പങ്ക് വരെ, ഓൾ ചിക്കി സന്താളി ഭാഷയെ ഒരു വാമൊഴി പാരമ്പര്യത്തിൽ നിന്ന് ഊർജ്ജസ്വലമായ ഒരു ലിഖിത മാധ്യമമാക്കി മാറ്റി. ഇതിൻ്റെ യാത്ര തദ്ദേശീയ വിജ്ഞാന സംവിധാനങ്ങളുടെ പ്രതിരോധശേഷിയേയും ദേശീയ ചട്ടക്കൂടിനുള്ളിൽ ഭാഷാപരമായ വൈവിധ്യം സംരക്ഷിക്കേണ്ടതിൻ്റെ  പ്രാധാന്യത്തേയും പ്രതിഫലിപ്പിക്കുന്നു.

2003-ൽ സന്താളി ഭാഷയെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയതും ഓൾ ചിക്കിയുടെ 100 വർഷങ്ങൾ പ്രമാണിച്ച് സ്മരണികാ നാണയവും സ്റ്റാമ്പും പുറത്തിറക്കുന്നതും ഒരുമിച്ച് ചേർന്ന്, ഈ ലിപിയെ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൻ്റെ  അവിഭാജ്യ ഘടകമായി അംഗീകരിക്കുന്നതിനെ പ്രതീകവൽക്കരിക്കുന്നു. ഓൾ ചിക്കി അതിൻ്റെ അടുത്ത നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ, അത് പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിലുള്ള ഒരു പാലമായും വരുംതലമുറകൾക്കുള്ള ഒരു വഴികാട്ടിയായും നിലകൊള്ളുന്നു. ഭാഷ എന്നത് കേവലം ആശയവിനിമയത്തിനുള്ള ഒരു ഉപാധി മാത്രമല്ല, മറിച്ച് കൂട്ടായ ഓർമ്മയുടേയും സ്വത്വത്തിൻ്റേയും ജീവനുള്ള ആവിഷ്കാരമാണെന്ന ആശയത്തെ ഇത് വീണ്ടും ഉറപ്പിക്കുന്നു.


റഫറൻസുകൾ:

 

The President of India

https://presidentofindia.nic.in/press_releases/president-india-releases-constitution-india-santhali-language   

Ministry of Culture

https://www.instagram.com/p/DUvMW5jEy61/  

Ministry of Finance

https://egazette.gov.in/WriteReadData/2026/269981.pdf

All India Radio

https://www.newsonair.gov.in/president-murmu-releases-constitution-in-santhali-language-at-rashtrapati-bhavan/

Press Information Bureau

https://www.pib.gov.in/PressReleasePage.aspx?PRID=2208484&reg=3&lang=1

https://www.pib.gov.in/PressReleseDetail.aspx?PRID=2208453&reg=6&lang=1

Click here to see pdf 

****

(Explainer ID: 157428) आगंतुक पटल : 5
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Gujarati
Link mygov.in
National Portal Of India
STQC Certificate