• Skip to Content
  • Sitemap
  • Advance Search
Rural Prosperity

2026-27 കേന്ദ്ര ബജറ്റ്: വികേന്ദ്രീകരണത്തിലൂടെ ഗ്രാമീണ പരിവർത്തനം

സ്ഥാപനങ്ങൾ, നിക്ഷേപം, ഉൾച്ചേർക്കൽ

Posted On: 13 FEB 2026 3:22PM

പ്രധാന കാര്യങ്ങൾ
 

  • സുസ്ഥിരമായ സാമ്പത്തിക പ്രതിബദ്ധത ഗ്രാമീണ പരിവർത്തനത്തിന് നിമിത്തമായി, ഗ്രാമീണ വികസനത്തിനായുള്ള ബജറ്റ് വിഹിതം 87,765 കോടി രൂപയിൽ (2016-17) നിന്ന് 2.73 ലക്ഷം കോടി രൂപയായി (2026-27) 211 ശതമാനത്തിലധികം വർദ്ധിച്ചു.
  • ദാരിദ്ര്യം ഗണ്യമായി കുറഞ്ഞു, അതിദാരിദ്ര്യം 5.3 ശതമാനം (2022-23) ആയി, ഇത് ആഗോള ശരാശരിയേക്കാൾ കുറവാണ്. ബഹുമുഖ ദാരിദ്ര്യം 11.28 ശതമാനമായി കുറഞ്ഞു.
  • സ്ത്രീകൾ നയിക്കുന്ന കൂട്ടായ്മകൾ 9 ലക്ഷം സമൂഹ കേഡറുകളുടെ പിന്തുണയോടെ, 90.09 ലക്ഷം സ്വയം സഹായ സംഘങ്ങളിലായി 10.05 കോടി സ്ത്രീകളെ അണിനിരത്തിക്കൊണ്ട് അവസാനതലം വരെയും വിതരണം ഉറപ്പാക്കുന്നു.
  • ഗ്രാമീണ കണക്റ്റിവിറ്റി ഏതാണ്ട് സാർവത്രികമാണ്, പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്കുള്ള ബജറ്റ് വിഹിതം 2016-17 ലെ 12,581 കോടി രൂപയിൽ നിന്ന് 2026-27 ൽ 19,000 കോടി രൂപയായി വർദ്ധിച്ചു (51 ശതമാനമാണ് വർദ്ധനവ്).
  • 11 വർഷത്തിനിടെ 3.70 കോടി ഗ്രാമീണ ഭവനങ്ങൾ നിർമ്മിച്ചതിലൂടെ, പാർപ്പിട നിർമാണം മുൻനിർത്തിയുള്ള സുരക്ഷ വലിയ തോതിൽ വിപുലീകരിക്കപ്പെട്ടു. പി.എം.എ.വൈ-ജി  (പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ) ബജറ്റ് വിഹിതം 2016-17ലെ 15,000 കോടി രൂപയിൽ നിന്ന് 2026-27 ൽ 54,916.70 കോടി രൂപയായി (266.1 ശതമാനമാണ് വർദ്ധനവ്).



ആമുഖം

'എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം, എല്ലാവരുടെയും പരിശ്രമം, എല്ലാവരുടെയും വിശ്വാസം' (സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ പ്രയാസ്, സബ്കാ വിശ്വാസ്) എന്ന വികസന ചട്ടക്കൂടിന് കീഴിൽ സമഗ്ര വളർച്ചയ്ക്കായി ഇന്ത്യ നടപ്പിലാക്കിയ ഉദ്യമങ്ങൾ സമീപ വർഷങ്ങളിൽ പരിമാണാർഹമായ ഫലങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ ഫലങ്ങൾ സുസ്ഥിരമായ ദാരിദ്ര്യ ലഘൂകരണം, സാമൂഹിക-സാമ്പത്തിക അസമത്വങ്ങൾ ക്രമേണ കുറയ്ക്കൽ, അടിസ്ഥാന സേവനങ്ങളിലേക്കുള്ള മെച്ചപ്പെട്ട അഭിഗമ്യത എന്നിവയിൽ പ്രതിഫലിക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ വലിയൊരു ഭാഗം ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നതും സാമൂഹിക-സാമ്പത്തിക പുരോഗതിക്കായി പൊതുനിക്ഷേപം, തദ്ദേശ സ്ഥാപനങ്ങൾ, സമൂഹാധിഷ്ഠിത ഭരണനിർവഹണ സംവിധാനങ്ങൾ എന്നിവയെ ആശ്രയിക്കുന്നതും തുടരുന്നതിനാൽ ഗ്രാമീണ പരിവർത്തനം ഈ പ്രക്രിയയുടെ കേന്ദ്രബിന്ദുവാണ്.

വിപുലമായ പൊതുചെലവ്, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ചട്ടക്കൂടുകളിലെ പരിഷ്‌കാരങ്ങൾ, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സ്വീകരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സാമൂഹിക സ്ഥാപനങ്ങളുടെയും ശക്തമായ പങ്കാളിത്തം എന്നിവയുടെ സംയോജനമാണ് ഇന്ത്യയിൽ ഗ്രാമീണവികസനത്തെ കൂടുതലായി രൂപപ്പെടുത്തിയത്. ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ന്യായബോധം, അന്തസ്സ്, തുല്യ അവകാശങ്ങൾ എന്നിവയിൽ ഊന്നൽ നൽകുന്ന സമഗ്ര വികസനത്തെക്കുറിച്ചുള്ള വിശാലമായ ധാരണയെ ഈ സമൂല വ്യതിയാനം പ്രതിഫലിപ്പിക്കുന്നു.

 



 

ഗ്രാമവികസനത്തിനുള്ള കേന്ദ്ര ബജറ്റ് വിഹിതം 2016-17ൽ 87,765 കോടി രൂപയിൽ നിന്ന് 2026-27ൽ 2,73,108 കോടി രൂപയായി വർദ്ധിച്ചുവെന്നത് ഈ ദശകത്തിൽ 211 ശതമാനത്തിലധികം വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ, പ്രാദേശിക സ്ഥാപന ശേഷി എന്നിവ ശാക്തീകരിക്കുന്നതിനുള്ള സുസ്ഥിരമായ സാമ്പത്തിക പ്രതിബദ്ധതയെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.

നയപരമായ മാറ്റം: ക്ഷേമ വിതരണത്തിൽ
നിന്ന് വികേന്ദ്രീകൃത പങ്കാളിത്തത്തിലേക്ക്


ഈ പരിവർത്തനത്തിൻ്റെ ഒരു അനിവാര്യ മാനമെന്നത്, പൂർണ്ണമായും സർക്കാർ നയിക്കുന്ന വികസന മാതൃകയിൽ നിന്ന് കൂടുതൽ സമൂഹാധിഷ്ഠിതവും വികേന്ദ്രീകൃതവുമായ സമീപനങ്ങളിലേക്കുള്ള ക്രമേണയുള്ള മാറ്റമാണ്. വികസന സംരംഭങ്ങളുടെ ആസൂത്രണം, നിർവഹണം, അവലോകനം എന്നിവയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിസ്ഥാനതല സ്ഥാപനങ്ങളും നിർണായക പങ്കാളികളായി കൂടുതലായി അംഗീകരിക്കപ്പെടുന്നു. ഈ പരിവർത്തനം പ്രാദേശിക ശബ്ദങ്ങളെ വികസന മുൻഗണനകൾ രൂപപ്പെടുത്താൻ പ്രാപ്തമാക്കി, വളർച്ചാ പ്രക്രിയകളെ കൂടുതൽ പങ്കാളിത്തപരവും സന്ദർഭാനുസൃതവും സുസ്ഥിരവുമാക്കി.

വികസന സംരംഭങ്ങളുടെ ആസൂത്രണം, നിർവഹണം, അവലോകനം എന്നിവയിൽ സമൂഹങ്ങളെ നേരിട്ട് ഭാഗഭാക്കാവാൻ അവസരമേകിക്കൊണ്ട് 1992-ലെ 73-ാമത് ഭരണഘടനാ ഭേദഗതി, പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ (പി.ആർ.ഐ) അടിസ്ഥാന ജനാധിപത്യത്തിൻ്റെ വാഹകരായി സ്ഥാപനവൽക്കരിച്ചു. ഈ അടിത്തറയിൽ കെട്ടിപ്പടുക്കുന്നതിലൂടെ, മുമ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെന്നറിയപ്പെട്ടിരുന്ന വികസിത ഭാരതം- ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക ദൗത്യം (ഗ്രാമീൺ), ദീനദയാൽ അന്ത്യോദയ യോജന-ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, സ്വച്ഛ് ഭാരത് ദൗത്യം, ജൽ ജീവൻ ദൗത്യം തുടങ്ങിയ പ്രധാന ദേശീയ പരിപാടികൾ പഞ്ചായത്തുകൾ, സ്വയം സഹായ സംഘങ്ങൾ (എസ്.എച്ച്.ജികൾ), അടിസ്ഥാനതല സംഘടനകൾ എന്നിവയിലൂടെ പ്രവർത്തിച്ചുകൊണ്ട് പങ്കാളിത്ത സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

 



 

ഗുണഭോക്തൃ അധിഷ്ഠിത പങ്കാളിത്തത്തിൽ നിന്ന് സംസ്ഥാനത്തിനും സമൂഹങ്ങൾക്കും ഇടയിലുള്ള സജീവ പങ്കാളിത്തത്തിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്ന ജൻ ഭാഗിദാരി തത്വത്തെയാണ് ഈ നയ പരിണാമം പ്രതിഫലിപ്പിക്കുന്നത്. കാര്യക്ഷമതാ വികസനം, സാങ്കേതികവിദ്യാധിഷ്ഠിത ഇടപെടൽ, ശാക്തീകരിച്ച സാമൂഹിക സ്ഥാപനങ്ങൾ, പങ്കാളിത്ത ആസൂത്രണം, ബജറ്റിങ് പ്രക്രിയകൾ എന്നിവയിലൂടെ പങ്കാളിത്തം കൂടുതലായി പിന്തുണയ്ക്കപ്പെടുന്നു. ധനകാര്യ വികേന്ദ്രീകരണം ഈ സമീപനത്തെ കൂടുതൽ ശക്തിപ്പെടുത്തി. 15-ാം ധനകാര്യ കമ്മീഷൻ (2021-2026) പ്രകാരം പഞ്ചായത്തുകളിലേക്കുള്ള നേരിട്ടുള്ള ധനവിനിമയങ്ങൾ ഏകദേശം 2.36 ലക്ഷം കോടി രൂപയിൽ നിന്ന് 16-ാം ധനകാര്യ കമ്മീഷന് (2026-2031) കീഴിൽ ഏകദേശം 4.35 ലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചു, അതുവഴി പ്രാദേശിക സാമ്പത്തിക സ്വയംഭരണം ഗണ്യമായി മെച്ചപ്പെടുത്തുന്നു.

ഇന്ത്യയിലെ സാമൂഹിക സംരക്ഷണ വ്യാപനവും ദാരിദ്ര്യ ലഘൂകരണ ഫലങ്ങളും

 



 

സാമൂഹിക മേഖലയിലെ സുസ്ഥിരമായ പൊതു നിക്ഷേപങ്ങൾ വഴി, സാമൂഹിക സംരക്ഷണം വികസിപ്പിക്കുന്നതിലും ദാരിദ്ര്യം കുറയ്ക്കുന്നതിലും ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. മെച്ചപ്പെട്ട കുടിവെള്ള ലഭ്യത, ഗാർഹിക വൈദ്യുതീകരണം, ഗ്രാമീണ ശുചിത്വം എന്നിവയുൾപ്പെടെയുള്ള സാമൂഹിക സംരക്ഷണ സംവിധാനങ്ങളുടെ പരിധി 2016-ൽ 22 ശതമാനത്തിൽ നിന്ന് 2025-ൽ 64.3 ശതമാനമായി വർദ്ധിച്ചു. ഇത് സാമൂഹിക സുരക്ഷാ പരിധിയുടെ ഗണ്യമായ വികാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സാമൂഹിക സേവന ചെലവിലെ (എസ്.എസ്.ഇ) ക്രമാനുഗത വർദ്ധനവാണ് ഈ വികാസത്തിന് സഹായകമായത്, ഇത് 2022 സാമ്പത്തിക വർഷം മുതൽ സ്ഥിരമായി വളർന്നു. 2022, 2026 സാമ്പത്തിക വർഷങ്ങൾക്കിടയിലെ ബജറ്റ് എസ്റ്റിമേറ്റിൽ എസ്.എസ്.ഇ 12 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കോടെ (സി.എ.ജി.ആർ) വളർന്നു. വിദ്യാഭ്യാസ, ആരോഗ്യ ചെലവുകൾ യഥാക്രമം 11 ശതമാനവും 8 ശതമാനവുമായി വർദ്ധിക്കുകയും ചെയ്തു.

ബഹുമുഖ സൂചകങ്ങളിലൂടെ ദാരിദ്ര്യം വിലയിരുത്തൽ:

 


നീതി ആയോഗ് പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ബഹുമുഖ ദാരിദ്ര്യ സൂചിക (എം.പി.ഐ) പ്രകാരം, 2005-06 ൽ 55.3 ശതമാനമായിരുന്ന ദാരിദ്ര്യ തല അനുപാതം 2019-21 ൽ 14.96 ശതമാനമായും 2022-23 ൽ 11.28 ശതമാനമായും കുറഞ്ഞു. തെണ്ടുൽക്കർ കമ്മിറ്റി രീതിശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ കാലക്രമേണ ദാരിദ്ര്യത്തിൽ പ്രകടമായ കുറവുണ്ടായതായി സൂചിപ്പിക്കുന്നു. 2011-12 നും 2023-24 നും ഇടയിൽ, ദാരിദ്ര്യ നിരക്ക് കുത്തനെ കുറഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാനങ്ങളിലുടനീളം ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ദാരിദ്ര്യനിരക്കിൽ കുറഞ്ഞ തലങ്ങളാണ് പ്രകടമായത്. ഒരുമിച്ച് വിലയിരുത്തുമ്പോൾ, സുസ്ഥിരമായ സാമ്പത്തിക വളർച്ചയും, ലക്ഷ്യകേന്ദ്രീകൃതമായ സാമൂഹിക ക്ഷേമ ഇടപെടലുകളും അടിസ്ഥാന സേവനങ്ങളിലേക്കുള്ള വിപുലമായ അഭിഗമ്യതയും ഇന്ത്യയിലെ ദാരിദ്ര്യത്തിൽ ഗണ്യമായ കുറവുണ്ടാക്കിയിട്ടുണ്ടെന്ന് ഈ പ്രവണതകൾ സൂചിപ്പിക്കുന്നു. വിവിധ ക്ഷേമ പരിപാടികളിലൂടെയും സന്ദർഭാനുസൃത നയ നവീകരണങ്ങളിലൂടെയുമുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പരിശ്രമങ്ങളെ ഈ പുരോഗതി പ്രതിഫലിപ്പിക്കുന്നു.

അടിസ്ഥാന സേവനങ്ങളിലൂടെ ഗ്രാമീണ ജീവിത നിലവാരം മെച്ചപ്പെടുത്തൽ:
തുല്യ അവസരം വികസിപ്പിക്കുക, കേവല ദാരിദ്ര്യം കുറയ്ക്കുക, അസമത്വ വിപുലീകരണത്തിൻ്റെ അപകടസാധ്യത കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇന്ത്യയിലെ പൊതുനയം. താങ്ങാനാവുന്ന ചെലവിൽ പാർപ്പിടം, ഭക്ഷണം, സാമൂഹിക സുരക്ഷ, സാമ്പത്തിക ഉൾച്ചേർക്കൽ, സാർവത്രിക അടിസ്ഥാന സേവനങ്ങൾ, താങ്ങാനാവുന്ന ആരോഗ്യ സംരക്ഷണം എന്നിവയിലേക്കുള്ള അഭിഗമ്യത വിപുലീകരിക്കുന്നതിൽ സർക്കാർ സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഈ ഇടപെടലുകൾ ഒരുമിച്ച്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഒരു സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഈ ഇടപെടലുകളുടെ വ്യാപ്തിയും പരിണിതഫലങ്ങളും കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പദ്ധതി നിർവഹണ മന്ത്രാലയത്തിൻ്റെ (എം.ഒ.എസ്.പി.ഐ) 2025-ലെ സുസ്ഥിര വികസന ലക്ഷ്യം ദേശീയ സൂചക ചട്ടക്കൂട് പുരോഗതി റിപ്പോർട്ടിൽ പ്രതിഫലിക്കുന്നു, ഇത് വിവിധ വികസന സൂചകങ്ങളിലുടനീളം ഗണ്യമായ പുരോഗതി രേഖപ്പെടുത്തുന്നു.


സുരക്ഷിതമായ കുടിവെള്ള ലഭ്യത

 



 

ഗ്രാമീണ മേഖലകളിൽ സുരക്ഷിതമായ കുടിവെള്ള ലഭ്യത ഏതാണ്ട് സാർവത്രിക പരിധിയ്ക്കടുത്തായി. 'എല്ലാ വീട്ടിലും കുടിവെള്ളം' എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 2019-ൽ ആരംഭിച്ച ജൽ ജീവൻ ദൗത്യം (ജെ.ജെ.എം) പ്രകാരം ഇത് പരിവർത്തനാത്മകമായ പുരോഗതി പ്രകടമാക്കി. തുടക്കത്തിൽ 3.23 കോടി ഗ്രാമീണ കുടുംബങ്ങൾക്ക് (17 ശതമാനം) മാത്രമേ പൈപ്പ് ജല കണക്ഷനുകൾ ഉണ്ടായിരുന്നുള്ളൂ. 2025 നവംബറോടെ, 12.50 കോടി കുടുംബങ്ങളെ കൂടി അധികമായി ഉൾപ്പെടുത്തി, മൊത്തം ഗുണഭോക്തൃ കുടുംബങ്ങളുടെ എണ്ണം ഏകദേശം 15.74 കോടിയാക്കി ഉയർത്തി. അതിനാൽ, മെച്ചപ്പെട്ട കുടിവെള്ള സ്രോതസ്സുകൾ ഉപയോഗിക്കുന്ന ഗ്രാമീണ കുടുംബങ്ങളുടെ അനുപാതം 2015-16 ലെ 94.6 ശതമാനത്തിൽ നിന്ന് 2024-25 ൽ 99.6 ശതമാനമായി വർദ്ധിച്ചു. സ്വതന്ത്ര വിലയിരുത്തലുകൾ പ്രകാരം സ്ത്രീകൾക്ക് ഗണ്യമായ സമയ ലാഭം, സാമ്പത്തിക പ്രവർത്തനങ്ങളിൽ വർധിത പങ്കാളിത്തം, ജലജന്യ രോഗങ്ങളുടെ കുറവ് എന്നിവയുൾപ്പെടെ സാമൂഹികവും ആരോഗ്യപരവുമായ നിർണായക നേട്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് 2025-26 ലെ സാമ്പത്തിക സർവേ റിപ്പോർട്ട് ചെയ്യുന്നു. ശുചിത്വത്തിലും വൈദ്യുതി ലഭ്യതയിലും ഉണ്ടായ ഗണ്യമായ പുരോഗതി ഈ നേട്ടങ്ങളെ കൂടുതൽ പൂരകമാക്കി.

ശുചിത്വ സൗകര്യങ്ങളിലേക്കുള്ള അഭിഗമ്യത

 


 


2019 ഒക്ടോബറോടെ രാജ്യവ്യാപകമായി വെളിയിട മലമൂത്ര വിസർജ്ജന മുക്ത (ഒ.ഡി.എഫ്) പദവി കൈവരിക്കുന്നതിനായി 2014 ൽ സ്വച്ഛ് ഭാരത് ദൗത്യം (ഗ്രാമീൺ) ആരംഭിക്കുകയും, 2019-20 ഓടെ എല്ലാ ജില്ലകളെയും ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുകയും ചെയ്തു. 2025 ഡിസംബർ 31 വരെ, സ്വച്ഛ് ഭാരത് ദൗത്യത്തിന് കീഴിലുള്ള 96 ശതമാനത്തിലധികം ഗ്രാമങ്ങളും ഒ.ഡി.എഫ് പ്ലസ് പദവി നേടിയിട്ടുണ്ട്. ഒ.ഡി.എഫ് പദവി നിലനിർത്തുകയും, ഖര, ദ്രവ മാലിന്യ സംസ്‌കരണം ഉറപ്പാക്കുകയും, ദൃശ്യപരമായി വൃത്തിയായി തുടരുകയും ചെയ്യുന്ന ഗ്രാമത്തെയാണ് ഒ.ഡി.എഫ് പ്ലസ് ഗ്രാമം എന്ന് നിർവചിച്ചിരിക്കുന്നത്. 2026 ഫെബ്രുവരി ഒമ്പതിലെ കണക്കനുസരിച്ച്, രാജ്യത്ത് 5.68 ലക്ഷം ഒ.ഡി.എഫ് പ്ലസ് ഗ്രാമങ്ങൾ നിലവിലുണ്ട്, അതിൽ 5.29 ലക്ഷം ഗ്രാമങ്ങളിൽ ഖരമാലിന്യ സംസ്‌കരണത്തിന് അനുയോജ്യമായ ക്രമീകരണങ്ങളും 5.46 ലക്ഷം ഗ്രാമങ്ങളിൽ ദ്രവ മാലിന്യ സംസ്‌കരണത്തിന് അനുയോജ്യമായ സംവിധാനങ്ങളുമുണ്ട്. ഇതുവരെ 2,331 പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റുകൾ, 2.70 ലക്ഷം പൊതു ശുചിത്വ സമുച്ചയങ്ങൾ, 12.05 കോടി ഗാർഹിക ശൗചാലയങ്ങൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്.

സാർവത്രിക ഗാർഹിക വൈദ്യുതീകരണം ഉറപ്പാക്കൽ

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതീകരിക്കാത്തതും വൈദ്യുതീകരണത്തിന് സന്നദ്ധതയുള്ളതുമായ എല്ലാ വീടുകൾക്കും, വൈദ്യുതീകരണ സന്നദ്ധതയുള്ള നഗരപ്രദേശങ്ങളിലെ പാവപ്പെട്ട എല്ലാ വീടുകൾക്കും വൈദ്യുതി കണക്ഷനുകൾ നൽകിക്കൊണ്ട് സാർവത്രിക ഗാർഹിക വൈദ്യുതീകരണം കൈവരിക്കുന്നതിനായി 2017-ൽ പ്രധാനമന്ത്രി സഹജ് ബിജ്ലി ഹർ ഘർ യോജന (സൗഭാഗ്യ) ആരംഭിച്ചു. 2017 ൽ, വൈദ്യുതീകരിക്കാത്ത വീടുകളുടെ ആകെ എണ്ണം 3 കോടിയാണെന്നായിരുന്നു കണക്കാക്കിയിരുന്നത്. അതിൽ രാജ്യത്തുടനീളമുള്ള 2.86 കോടി വീടുകൾ 2021-22 സാമ്പത്തിക വർഷത്തോടെ വൈദ്യുതീകരിച്ചു. 2019 മാർച്ച് 31 ലെ കണക്കനുസരിച്ച്, വൈദ്യുതീകരണ സന്നദ്ധതയുള്ള എല്ലാ വീടുകളുടെയും നൂറുശതമാനം വൈദ്യുതീകരണം എല്ലാ സംസ്ഥാനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സുരക്ഷിതവും താങ്ങാവുന്നതുമായ ഗ്രാമീണ ഭവന നിർമ്മാണത്തിലേക്കുള്ള അഭിഗമ്യത വിപുലമാക്കൽ

 



 

താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളുടെ അന്തസ്സ്, സുരക്ഷ, സാമ്പത്തിക പങ്കാളിത്തം എന്നിവയിൽ ഭവന നിർമ്മാണം നിർണായക ഘടകമാണ്. 2016 ഏപ്രിൽ മുതൽ നടപ്പിലാക്കിയ പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ (പി.എം.എ.വൈ-ജി), 2029 ഓടെ അർഹരായ ഗ്രാമീണ കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഉറപ്പുള്ള വീടുകൾ നൽകിക്കൊണ്ട് എല്ലാവർക്കും വീട് എന്ന ലക്ഷ്യം കൈവരിക്കാൻ ലക്ഷ്യമിടുന്നു. ആകെ ലക്ഷ്യമിട്ട 4.95 കോടി വീടുകളിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 4.14 കോടി ഭവന യൂണിറ്റുകൾ അനുവദിക്കുകയും അതിൽ 3.86 കോടി യൂണിറ്റുകൾക്ക് അനുമതി അംഗീകാരം നൽകുകയും ചെയ്തു. ഇതിൽ 2.93 കോടി യൂണിറ്റുകൾ ഇതിനകം പൂർത്തിയായി. ഇത് കൂടാതെ, മുൻകാല ഭവന പദ്ധതികളിൽ പൂർത്തിയാകാതെ കിടന്നിരുന്ന 76.98 ലക്ഷം വീടുകളുടെ നിർമ്മാണവും പൂർത്തിയാക്കിയതോടെ കഴിഞ്ഞ 11 വർഷത്തിനിടെ നിർമ്മിച്ച മൊത്തം ഗ്രാമീണഭവനങ്ങളുടെ എണ്ണം 3.70 കോടിയായി. ഗ്രാമീണ ഭവന നിർമ്മാണത്തിനുള്ള നയപരമായ ഉയർന്ന പരിഗണന പ്രതിഫലിപ്പിച്ചുകൊണ്ട്, പി.എം.എ.വൈ-ജിക്കുള്ള ബജറ്റ് വിഹിതം 2016-17 ലെ 15,000 കോടി രൂപയിൽ നിന്ന് 2026-27 ൽ 54,916.70 കോടി രൂപയായി വർദ്ധിപ്പിച്ചു.

ഗ്രാമീണ റോഡ് ശൃംഖലയിലൂടെ ആദ്യന്ത അഭിഗമ്യത ഉറപ്പാക്കൽ

ഗ്രാമീണ വികസനത്തിൻ്റെ അടിസ്ഥാന സ്തംഭമായ ഗ്രാമീണ കണക്റ്റിവിറ്റി, ആരോഗ്യപരിചരണം, വിദ്യാഭ്യാസം, വിപണികൾ, തൊഴിലവസരങ്ങൾ എന്നിവയിലേക്കുള്ള അഭിഗമ്യത വർദ്ധിപ്പിച്ചുകൊണ്ട് ദാരിദ്ര്യ നിർമാർജനത്തിന് നേരിട്ട് സംഭാവന നൽകുന്നു. 2000-ൽ ആരംഭിച്ച പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പി.എം.ജി.എസ്.വൈ-1) അർഹതയുള്ള, കണക്റ്റിവിറ്റിയില്ലാത്ത ആവാസ വ്യവസ്ഥകളിലേക്ക് എല്ലാ കാലാവസ്ഥയിലും റോഡ് കണക്റ്റിവിറ്റി നൽകുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നു. 2026 ജനുവരി പകുതിയോടെ,  യോഗ്യമായ 99.6 ശതമാനത്തിലധികം ആവാസ വ്യവസ്ഥകളും ബന്ധിപ്പിക്കപ്പെട്ടു. പി.എം.ജി.എസ്.വൈ-1 യ്ക്ക് കീഴിൽ 6.25 ലക്ഷം കിലോമീറ്റർ ദൈർഘ്യമുള്ള 1,63,665 റോഡുകളും 7,210 പാലങ്ങളും പൂർത്തിയായി.

 

     

 

2013-ൽ ആരംഭിച്ച പ്രധാനമന്ത്രി ഗ്രാം സഡക് യോജന (പി.എം.ജി.എസ്.വൈ-2) നിലവിലുള്ള ഗ്രാമീണ റോഡ് ശൃംഖല ശക്തിപ്പെടുത്തുന്നതിലും പരിഷ്‌കരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 2026 ജനുവരി പകുതിയോടെ, 49,087 കിലോമീറ്റർ ദൈർഘ്യമുള്ള 6,612 റോഡുകളും 749 പാലങ്ങളും ഈ ഘട്ടത്തിന് കീഴിൽ പൂർത്തിയായി. തുടർന്ന്, 2019 ൽ അംഗീകരിച്ച പി.എം.ജി.എസ്.വൈ-3, ജനവാസ കേന്ദ്രങ്ങളെ കാർഷിക വിപണികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ പരിചരണ സൗകര്യങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന 1.25 ലക്ഷം കിലോമീറ്റർ നിർണായക ഗ്രാമീണ പാതകൾ ഏകീകരിക്കാൻ ലക്ഷ്യമിടുന്നു. പി.എം.ജി.എസ്.വൈ-3 പ്രകാരം, നാളിതുവരെ 1.02 ലക്ഷം കിലോമീറ്ററിലധികം റോഡുകളും 1,734 പാലങ്ങളും പൂർത്തിയായി. ഗ്രാമീണ കണക്റ്റിവിറ്റിയിൽ സുസ്ഥിരതയുള്ള നയപരമായ ഊന്നൽ പ്രതിഫലിപ്പിക്കുന്നതിനായി,  പി.എം.ജി.എസ്.വൈയ്ക്കുള്ള ബജറ്റ് വിഹിതം 2016-17 ലെ 12,581 കോടി രൂപയിൽ നിന്ന് 19,000 കോടി രൂപയായി കേന്ദ്രസർക്കാർ വർദ്ധിച്ചു.

ആദിവാസി, ദുർബല സമൂഹങ്ങൾക്കുള്ള സേവനങ്ങളിലേക്കും ഉൾച്ചേർക്കലിലേക്കുമുള്ള അഭിഗമ്യത മെച്ചപ്പെടുത്തൽ

ഗോത്രവർഗക്കാർക്കും പ്രത്യേകിച്ച് ദുർബല സമൂഹങ്ങൾക്കും ലക്ഷ്യകേന്ദ്രീകൃതമായ അടിസ്ഥാന സൗകര്യ ഇടപെടലുകൾ കൂടുതൽ മുൻഗണന നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് ദുർബല ഗോത്ര വിഭാഗങ്ങളുടെ (പി.വി.ടി.ജികൾ) 28,700 ആവാസ വ്യവസ്ഥകളിലായി സർക്കാർ പദ്ധതികളുടെ പൂർണമായ വ്യാപനം കൈവരിക്കാൻ ശ്രമിക്കുന്ന പി.എം.-ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ (പി.എം-ജൻമൻ) പദ്ധതി പ്രകാരം, 7,324 കിലോമീറ്റർ ദൂരത്തിൽ വ്യാപിക്കുന്ന 2,495 റോഡുകളും 164 പാലങ്ങളും അനുവദിച്ചു. ഇതിൽ 2026 ജനുവരി 15 നകം 263 റോഡുകൾ പൂർത്തീകരിച്ചു. ഈ ശ്രമങ്ങൾക്ക് പൂരകമായി, ധർത്തി അഭ-ജൻജാതിയ ഗ്രാം ഉത്കർഷ് അഭിയാൻ (ഡിഎ-ജെജിയുഎ) 63,000ത്തിലധികം ആദിവാസി ഗ്രാമങ്ങളെ ഉൾക്കൊള്ളുന്നു, കൂടാതെ കുടിവെള്ളം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, ഉപജീവന അവസരങ്ങൾ എന്നിവയിലേക്കുള്ള അഭിഗമ്യത വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.


പ്രകൃതിവിഭവങ്ങളുടെ സാമൂഹികോത്തരവാദിത്തപരമായ പരിപാലനത്തെ ശക്തിപ്പെടുത്തുന്ന സംരംഭങ്ങളിലൂടെ പരിസ്ഥിതി സുസ്ഥിരതയും ഉപജീവനബന്ധിത അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ പുരോഗമിക്കുന്നു. 4,105 വൻ ധൻ വികാസ് കേന്ദ്രങ്ങൾ സ്ഥാപിച്ചതിലൂടെ ഏകദേശം 1.2 ദശലക്ഷം വ്യക്തികൾക്ക് പ്രയോജനം ലഭിച്ചു. അതേസമയം, 2006 ലെ വനാവകാശ നിയമം നടപ്പിലാക്കിയതിൻ്റെ ഫലമായി 2.5 ദശലക്ഷത്തിലധികം വനാവകാശ പട്ടയങ്ങൾ വിതരണം ചെയ്യപ്പെട്ടു, അതുവഴി ഭൂമിയുടെയും വനവിഭവങ്ങളുടെയും മേലുള്ള സമൂഹ നിയന്ത്രണം ശക്തിപ്പെടുത്തി.

ഗ്രാമീണമേഖലകളിലെ ഡിജിറ്റൽവത്കരണവും സാങ്കേതികവിദ്യാധിഷ്ഠിത സേവനങ്ങളുടെ വിതരണവും

ഗ്രാമീണ ഇന്ത്യയിൽ സമഗ്രവും കാര്യക്ഷമവുമായ സേവന വിതരണത്തിനുള്ള ഒരു നിർണായക ഘടകമായി ഡിജിറ്റൽ വത്കരണം ഉയർന്നുവന്നിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സ്വാംശീകരണവുമായി ഭരണ പരിഷ്‌കാരങ്ങൾ സംയോജിപ്പിക്കുന്നത് ഗ്രാമീണ പരിപാടികളുടെ നടത്തിപ്പിൽ സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം എന്നിവ വർദ്ധിപ്പിക്കുകയും, അതേസമയം വിദൂര പ്രദേശങ്ങളിലും സേവനങ്ങൾ കുറഞ്ഞ പ്രദേശങ്ങളിലും പൊതു സേവനങ്ങളിലേക്കുള്ള അഭിഗമ്യത വർദ്ധിപ്പിക്കുകയും ചെയ്തു. ആധാർ നമ്പർ ബന്ധിപ്പിക്കൽ പ്രക്രിയ (ആധാർ സീഡിംഗ്) അതിവേഗം വികസിക്കുകയും, ആധാർ അധിഷ്ഠിത പണവിനിമയ സംവിധാനങ്ങൾക്ക് വ്യാപക സ്വീകാര്യത ലഭ്യമാവുകയും ഇലക്ട്രോണിക് വേതന വിതരണങ്ങൾ ഏതാണ്ട് സാർവത്രികമാവുകയും ചെയ്തു. വ്യക്തിഗത ഗാർഹിക തലത്തിൽ ആസ്തികൾ സൃഷ്ടിക്കപ്പെടുന്നതിൻ്റെ വർദ്ധിത അനുപാതത്തോടെ, ആസ്തികളുടെ വിപുല തോതിലുള്ള ഭൂമിശാസ്ത്രപരമായ സ്ഥാനം രേഖപ്പെടുത്തലിലൂടെ (ജിയോ-ടാഗിങ്) പദ്ധതി അവലോകനം ശാക്തീകരിച്ചു.

 


ഗ്രാമീണ സ്വത്തവകാശം ഔപചാരികമാക്കുന്നതിനും, തർക്കങ്ങൾ കുറയ്ക്കുന്നതിനും, വായ്പ, സർക്കാർ സേവനങ്ങളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിനും സ്വാമിത്വ പദ്ധതി ഡ്രോൺ അധിഷ്ഠിത രൂപരേഖാ ചിത്രീകരണം ഉപയോഗിക്കുന്നു. 2025 ഡിസംബർ വരെ, 3.28 ലക്ഷം ഗ്രാമങ്ങളിൽ സർവേകൾ നടത്തി, 1.82 ലക്ഷം ഗ്രാമങ്ങളിലായി 2.76 കോടി ഉടമസ്ഥാവകാശ രേഖ സൃഷ്ടിച്ചു. ഇതിനു പൂരകമായി, നമോ ഡ്രോൺ ദീദി സംരംഭം ഡ്രോൺ അധിഷ്ഠിത കാർഷിക, രൂപരേഖാ ചിത്രീകരണ സേവനങ്ങളിലൂടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നു. 2023-24 ൽ 1,094 ഡ്രോണുകൾ സ്വയംസഹായ സംഘ നടത്തിപ്പുകാരായ വനിതകൾക്ക് വിതരണം ചെയ്തു.


ഡിജിറ്റൽ ഇന്ത്യ ഭൂരേഖ ആധുനികവത്കരണ പരിപാടി (ഡിഐഎൽആർഎംപി) പ്രകാരമുള്ള ഭൂഭരണ പരിഷ്‌കാരങ്ങൾ ഡിജിറ്റൽവത്കരണത്തെ കൂടുതൽ പുരോഗമിപ്പിച്ചു. ഗ്രാമീണ അവകാശ രേഖകളുടെ 99.8 ശതമാനവും, സബ്-രജിസ്‌ട്രേഷൻ ഓഫീസുകളുടെ 95.73 ശതമാനവും കമ്പ്യൂട്ടർവൽക്കരിച്ചു. 36.67 കോടി ഭൂമി ഭാഗങ്ങൾക്ക് യുണീക്ക് ലാൻഡ് പാഴ്‌സൽ ഐഡൻ്റിഫിക്കേഷൻ നമ്പറുകൾ അഥവാ ഭൂ ആധാർ നൽകിക്കൊണ്ട്, സുതാര്യതയും ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്കുള്ള അഭിഗമ്യതയും ശക്തിപ്പെടുത്തി.

സമൂഹം നയിക്കുന്ന സ്ഥാപനങ്ങൾ സമഗ്രഭരണവും ഉപജീവനമാർഗ്ഗവും സാധ്യമാക്കുന്നു

ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യം, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുടനീളമുള്ള ഫലപ്രദമായ അവസാനഘട്ട സേവന വിതരണത്തിന് സാമൂഹിക സ്ഥാപനങ്ങൾ, മുന്നണി പ്രവർത്തകർ, പ്രാദേശിക ഭരണാധികാരികൾ എന്നിവർ കേന്ദ്രബിന്ദുവാകുന്ന ഒരു മാനുഷിക വ്യവസ്ഥ എന്ന നിലയിൽ ഇന്ത്യയുടെ വികസനാനുഭവം സംസ്ഥാന ശേഷിയെ എടുത്തുകാണിക്കുന്നു. അവരുടെ ശേഷികളുടെ ശാക്തീകരണം പ്രാദേശിക തലത്തിലുള്ള പ്രതികരണശേഷി, ഉത്തരവാദിത്തം, പൊതു സേവന വിതരണത്തിൻ്റെ മൊത്തത്തിലുള്ള ഫലപ്രാപ്തി എന്നിവ വർദ്ധിപ്പിക്കുന്നു.

ഫലപ്രദമായ തദ്ദേശ ഭരണത്തിനായി യുവാക്കളെയും പഞ്ചായത്തുകളെയും ശാക്തീകരിക്കുന്നു

സ്‌കൂളുകളിലെ പ്രതീകാത്മക ഗ്രാമസഭാ പ്രക്രിയകളിലൂടെ അടിസ്ഥാനതല ഭരണനിർവഹണത്തെക്കുറിച്ച് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിലൂടെ മാതൃകാ യുവ ഗ്രാമസഭ (എം.വൈ.ജി.എസ്) ജനാധിപത്യ ഇടപെടലും പൗര അവബോധവും പ്രോത്സാഹിപ്പിക്കുന്നു. ജവഹർ നവോദയ വിദ്യാലയങ്ങൾ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകൾ തുടങ്ങിയ സ്ഥാപനങ്ങൾ വഴി രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ഇത്, തദ്ദേശ ഭരണത്തിൽ സുതാര്യത, ഉൾച്ചേർക്കൽ, ഉത്തരവാദിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനൊപ്പം നേതൃത്വപരമായ കഴിവുകൾ വളർത്തിയെടുക്കുന്നു.

ഇതിനോടൊപ്പം, പരിഷ്‌കരിച്ച രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (ആർജിഎസ്എ) നേതൃത്വ വികസനം, ഇ-ഗവേണൻസ്, കൂടുതൽ ആഴത്തിലുള്ള ഭരണഘടനാപരമായ അധികാരകൈമാറ്റം എന്നിവയിലൂടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ സ്ഥാപനപരമായ ശേഷി വർദ്ധിപ്പിച്ചുകൊണ്ട് വികേന്ദ്രീകൃത ഭരണത്തെ ശക്തിപ്പെടുത്തുന്നു. 2022-23 സാമ്പത്തിക വർഷം മുതൽ 2025-26 വരെയുള്ള കാലയളവിൽ 5,911 കോടി രൂപ വകയിരുത്തി നടപ്പിലാക്കിയ ആർ.ജി.എസ്.എ, തദ്ദേശ ഭരണത്തിൻ്റെ കാര്യക്ഷമതയും പങ്കാളിത്ത നിലവാരവും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. 2026-27 ലെ കേന്ദ്ര ബജറ്റിൽ, അടിസ്ഥാന സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള തുടർച്ചയായ ഊന്നൽ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആർ.ജി.എസ്.എയ്ക്ക് 1,142 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഗ്രാമീണ പരിവർത്തനത്തിൻ്റെ ചാലകങ്ങളായി സ്ത്രീകൾ നയിക്കുന്ന സ്ഥാപനങ്ങൾ

ദീനദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിൻ്റെ (ഡി.എ.വൈ-എൻ.ആർ.എൽ.എം) കേന്ദ്രബിന്ദുവാണ് സ്ത്രീകൾ നയിക്കുന്ന സ്ഥാപനങ്ങൾ. അവ സ്ത്രീകളെ ഗ്രാമീണ പരിവർത്തനത്തിൻ്റെ പ്രധാന ചാലകങ്ങളായി അടയാളപ്പെടുത്തുന്നു. 2026-27 ലെ കേന്ദ്ര ബജറ്റിൽ ഈ പദ്ധതിക്ക് 19,200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്വയം സഹായ സംഘങ്ങളും അവരുടെ കൂട്ടായ്മകളും വഴി, ഈ പരിപാടി ഗ്രാമീണ കുടുംബങ്ങൾക്ക് സമ്പാദ്യം, വായ്പ ലഭ്യത, സാമൂഹിക പിന്തുണ എന്നിവയ്ക്കുള്ള ഒരു കൂട്ടായ വേദി നൽകുന്നു. സാമ്പത്തിക ഉൾച്ചേർക്കലും സഞ്ചിത സാമ്പത്തിക പ്രവർത്തനങ്ങളും വികസിപ്പിച്ചുകൊണ്ട് നാളിതുവരെ, 10.05 കോടി സ്ത്രീകളെ 90.09 ലക്ഷം സ്വയം സഹായ സംഘങ്ങളിലേക്കായി അണിനിരത്തിയിട്ടുണ്ട്.

 



 

സാമ്പത്തിക ഇടപെടലുകൾക്കപ്പുറം, സുസ്ഥിര കൃഷി, കന്നുകാലി പരിപാലന ഇടപെടലുകൾ എന്നിവയിലൂടെ സ്ത്രീ കർഷകരെ ഈ പരിപാടി പിന്തുണയ്ക്കുകയും കാർഷികേതര സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പ്രാദേശിക വിഭവങ്ങളെ അടിസ്ഥാനമാക്കി ഭൂരഹിതരായ സ്ത്രീകൾക്ക് ഉപജീവന അവസരങ്ങൾ ലഭ്യമാക്കുന്നു. പഞ്ചസൂത്രത്തിൽ നങ്കൂരമിട്ടതും ദശസൂത്ര ചട്ടക്കൂടിലൂടെ വ്യാപിപ്പിച്ചതുമായ സ്വയം സഹായ സംഘങ്ങൾ ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, പ്രാദേശിക ഭരണം, അർഹതകളിലേക്കുള്ള പ്രവേശനം, സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ എന്നിവയിലുടനീളം സമൂഹ വികസനത്തിന് കൂടുതൽ സംഭാവന നൽകുന്നു. സമൂഹത്തിൻ്റെ നേതൃത്വത്തിലുള്ള ഗ്രാമീണ വികസനത്തിൻ്റെയും സാമൂഹിക പരിവർത്തനത്തിൻ്റെയും കേന്ദ്ര സ്ഥാപനങ്ങളായി അവയെ അടയാളപ്പെടുത്തുന്നു.

ഉപജീവനമാർഗ്ഗത്തിനും സേവന വിതരണത്തിനുമായി സ്ത്രീകൾ നയിക്കുന്ന സാമൂഹിക വിഭവ ശേഖരം

ബാങ്ക് സഖികൾ, കൃഷി സഖികൾ, പശു സഖികൾ, സംരംഭ പ്രോത്സാഹന സിആർപികൾ എന്നിവയുൾപ്പെടെയുള്ള കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാർ (സി.ആർ.പികൾ) സ്ത്രീകൾ നയിക്കുന്ന സാമൂഹിക സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. ഈ കേഡറുകൾ സ്ത്രീകളുടെ ഏജൻസി, നേതൃത്വം, ഉപജീവനമാർഗ്ഗ ഫലങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നു; നിലവിൽ, 1.49 ലക്ഷം ബാങ്ക് സഖികൾ സാമ്പത്തിക സേവനങ്ങൾ നൽകിവരുന്നു. അതേസമയം 9 ലക്ഷത്തിലധികം സി.ആർ.പികൾ കൃഷി, ബാങ്കിങ്, ഇൻഷുറൻസ്, പോഷകാഹാരം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയെ അടിസ്ഥാനപരമായി പിന്തുണയ്ക്കുന്നു. 6 മുതൽ 8 വർഷം വരെയുള്ള ഇടപെടൽ ആവൃത്തിയിലൂടെ, സ്വയം സഹായ സംഘ  കുടുംബങ്ങൾ ഭക്ഷ്യസുരക്ഷയും സ്ഥിരതയുള്ള വരുമാനവും കൈവരിച്ച്, അതുവഴി സുസ്ഥിരമായ ഉപജീവനമാർഗ്ഗ മെച്ചപ്പെടുത്തലുകൾക്ക് സംഭാവനയേകുമെന്ന് പ്രതീക്ഷിക്കുന്നു.

 



ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, 'എല്ലാ വീടുകളിലും സംരംഭം, എല്ലാ വീടുകളിലും സമൃദ്ധി (ഹർ ഘർ ഉദ്യം, ഹർ ഗാവോം സമൃദ്ധ്) എന്ന ദർശനത്തിന് കീഴിൽ 50,000 സി.ആർ.പിമാരെ പരിശീലിപ്പിക്കാനും 50 ലക്ഷം എസ്.എച്ച്.ജി അംഗങ്ങൾക്ക് സംരംഭ വികസന പിന്തുണ നൽകാനും വ്യവസായ സംരംഭകത്വ ദേശീയ കാമ്പയിൻ ലക്ഷ്യമിടുന്നു. ഇന്ത്യാ പോസ്റ്റുമായി സഹകരിച്ച് ഡിജിറ്റൽ ഉപകരണങ്ങളുടെയും വില്പന കേന്ദ്ര ഉപകരണങ്ങളുടെയും പിന്തുണയോടെ സ്ത്രീകൾ നയിക്കുന്ന ബി.സി (ബാങ്കിങ് പ്രതിനിധി) സഖികൾ ബാങ്കിങ്ങിലേക്കും സാമൂഹിക സുരക്ഷാ സേവനങ്ങളിലേക്കുമുള്ള പ്രവേശനം കൂടുതൽ വിപുലീകരിച്ചു. മുൻനിരയിൽ, ഡിഎവൈ-എൻആർഎൽഎം സി.ആർ.പികളും അങ്കണവാടി ജീവനക്കാരും, എ.എൻ.എമ്മുകളും, ആശ പ്രവർത്തകരും തമ്മിലുള്ള സംയോജനം എസ്.ബി.സി.സി അധിഷ്ഠിത സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തി, മാതൃ-ശിശു ആരോഗ്യ രീതികളും ആരോഗ്യ സേവനങ്ങളുടെ ഉപയോഗവും മെച്ചപ്പെടുത്തി.

സമവേശി ആജീവിക യോജന: അതിദരിദ്രരെ മുഖ്യധാരയിലെത്തിക്കൽ സമീപനം

ഡിഎവൈ-എൻആർഎൽഎം പദ്ധതിയ്ക്ക് കീഴിൽ 2023 ഏപ്രിലിൽ ആരംഭിച്ച സമവേശി ആജീവിക യോജന, ഉപജീവനമാർഗ്ഗങ്ങൾ, സാമൂഹിക സംരക്ഷണം, സാമൂഹിക ശാക്തീകരണം, സാമ്പത്തിക ഉൾച്ചേർക്കൽ എന്നിവയിലുടനീളം സംയോജിത പിന്തുണയിലൂടെ ഗ്രാമീണ സ്ത്രീകൾക്കിടയിൽ സുസ്ഥിരമായ ഉപജീവനമാർഗ്ഗം പ്രോത്സാഹിപ്പിക്കുന്നതിനായി അതിദരിദ്രരെ മുഖ്യധാരയിലെത്തിക്കുന്ന സമീപനം സ്വീകരിക്കുന്നു. ബിഹാറിലെ സതത് ജീവികോപർജൻ യോജന (എസ്.ജെ.വൈ) പോലുള്ള സംസ്ഥാനതല പരീക്ഷണ പദ്ധതികൾ ആസ്തി കൈമാറ്റം, പരിശീലനം, കാര്യക്ഷമതാ വികസനം, സമയബന്ധിതമായ ഉപജീവന പിന്തുണ എന്നിവയിലൂടെ മാതൃകയുടെ ഫലപ്രാപ്തി പ്രകടമാക്കുന്നു. കൂടാതെ സാമൂഹിക സുരക്ഷാ പദ്ധതികളിലേക്കുള്ള പ്രവേശനവും സമൂഹ അധിഷ്ഠിത വിവര നിയന്ത്രണ സംവിധാനം (എം.ഐ.എസ്) വഴി ഡാറ്റാധിഷ്ഠിത നിരീക്ഷണവും ഇതിൽ ഉൾപ്പെടുന്നു.

ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വാഷ് (ജലശുചിത്വവും ആരോഗ്യരക്ഷയും) എന്നിവയിലേക്കുള്ള സമൂഹാധിഷ്ഠിത സമീപനങ്ങൾ (എഫ്.എൻ.എച്ച്.ഡബ്ല്യു)

ആരോഗ്യ, പോഷകാഹാര ഫലങ്ങളിലെ ഇന്ത്യയുടെ പുരോഗതി ദേശീയ പരിപാടികൾക്കൊപ്പം സമൂഹം നയിക്കുന്ന വിതരണ സംവിധാനങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്കിനെ പ്രതിഫലിപ്പിക്കുന്നു. 2025-26 ലെ സാമ്പത്തിക സർവേയിൽ സൂചിപ്പിച്ചതുപോലെ, 1990 മുതൽ ഇന്ത്യ ആഗോള ശരാശരിയെക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മാതൃമരണ നിരക്ക് 86 ശതമാനവും, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 78 ശതമാനവും, നവജാതശിശു മരണനിരക്ക് 70 ശതമാനവും കുറഞ്ഞു. 2013 ൽ ആയിരം പ്രസവങ്ങളിൽ 40 ആയിരുന്ന ശിശുമരണനിരക്ക് 2023 ൽ 25 ആയി കുറഞ്ഞു. ഇത് മാതൃ-ശിശു ആരോഗ്യത്തിലെ സുസ്ഥിരമായ പുരോഗതിയെ അടിവരയിടുന്നു.  

 



 

അടിസ്ഥാനതല ഫലങ്ങൾ ശക്തിപ്പെടുത്തുന്നതിന്, പോഷകാഹാരക്കുറവ്, ശുചിത്വം, ആരോഗ്യ അവബോധം എന്നിവയുമായി ബന്ധപ്പെട്ട നിരന്തരമായ വെല്ലുവിളികളെ നേരിടുന്നതിനായി ഡിഎവൈ-എൻആർഎൽഎ, ഭക്ഷണം, പോഷകാഹാരം, ആരോഗ്യം, വാഷ് (എഫ്.എൻ.എച്ച്.ഡബ്ല്യു) ഇടപെടലുകൾ സ്ഥാപനവൽക്കരിച്ചിട്ടുണ്ട്. സാമൂഹിക-സ്വഭാവ വ്യതിയാന ആശയവിനിമയത്തിന് (എസ്.ബി.സി.സി) മുൻഗണന നൽകിക്കൊണ്ട്, ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ പ്രത്യേക കാര്യനയങ്ങളിലൂടെ നടപ്പിലാക്കുന്ന ഈ ഇടപെടലുകൾ മാതൃ-ശിശു ആരോഗ്യം, ഭക്ഷണ വൈവിധ്യം, വിളർച്ച കുറയ്ക്കൽ, ആർത്തവ ശുചിത്വം, രോഗ പ്രതിരോധം, ശുചിത്വ രീതികൾ, മാലിന്യ സംസ്‌കരണം എന്നിവ ഉൾക്കൊള്ളുന്നു. അതേസമയം പോഷകാഹാര തോട്ടങ്ങൾ, പിൻമുറ്റത്തെ കോഴിവളർത്തൽ, ചെറിയ കന്നുകാലികൾ, പാലുത്പാദനം തുടങ്ങിയ പോഷകാഹാര സംവേദനക്ഷമതയുള്ള ഉപജീവനമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. 2025 ആയപ്പോഴേക്കും, 683 ജില്ലകളിലായി 6,406 ബ്ലോക്കുകളിൽ എഫ്.എൻ.എച്ച്.ഡബ്ല്യു ഇടപെടലുകൾ ആരംഭിച്ചു. ഇത് സാമൂഹിക ഇടപെടൽ ശക്തിപ്പെടുത്തുകയും, പഞ്ചായത്ത് തല സംരംഭങ്ങളെയും സർക്കാർ പദ്ധതികളെയും കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും, കൂടുതൽ ഉൾച്ചേർക്കുന്നതും പങ്കാളിത്തമുള്ളതുമായ പ്രാദേശിക ഭരണനിർവഹണത്തിലേക്കുള്ള സ്വഭാവ വ്യതിയാന മാറ്റത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഗ്രാമീണ മേഖലയിലെ നൈപുണ്യ വികസനം, സംരംഭകത്വം, തൊഴിൽ.


ഇന്ത്യയിലെ ഗ്രാമീണ തൊഴിൽ വിപണി, കൃഷിയെയും സ്വയം തൊഴിലിനെയും കൂടുതലായി ആശ്രയിക്കുക വഴി രൂപപ്പെടുത്തിയ ഒരു വ്യത്യസ്തമായ തൊഴിൽ ഘടന പ്രകടമാക്കുന്നു. 2025 ഒക്ടോബർ-ഡിസംബർ കാലയളവിലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം, ഗ്രാമീണ തൊഴിലിൽ കാർഷിക തൊഴിലാളികളും (58.5 ശതമാനം) സ്വയം തൊഴിൽ (63.2 ശതമാനം) തൊഴിലാളികളുമാണ് മുൻനിരയിലുള്ളത്. ഈ വിഭാഗങ്ങളിൽ സ്ത്രീകൾ താരതമ്യേന ഉയർന്ന പങ്കാളിത്തം കാണിക്കുന്നു. ഗ്രാമീണ സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഉപജീവനമാർഗ്ഗങ്ങൾ, നൈപുണ്യങ്ങൾ, സംരംഭ അവസരങ്ങൾ എന്നിവ ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം ഇത് അടിവരയിടുന്നു.

സമഗ്രമായ ഗ്രാമീണ വളർച്ചയ്ക്കുള്ള നൈപുണ്യ പാതകൾ

ഗ്രാമീണ മേഖലകളിൽ ഉൽപ്പാദനക്ഷമമായ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനും ഉപജീവന അവസരങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിനും നൈപുണ്യ വികസനം ഒരു നിർണായക ഉപകരണമാണ്. ദേശീയ നൈപുണ്യ വികസന കോർപറേഷൻ (എൻ.എസ്.ഡി.സി) സെക്ടർ സ്‌കിൽ കൗൺസിലുകളുടെ നിർബന്ധിത മൂന്നാം കക്ഷി സാക്ഷ്യപ്പെടുത്തൽ വഴി ഗുണനിലവാരവും വ്യവസായ പ്രസക്തിയും ഉറപ്പാക്കിക്കൊണ്ട്, ഉറപ്പായ ഉദ്യോഗനിയമനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ആവശ്യകത അടിസ്ഥാനമാക്കിയുള്ള നൈപുണ്യ പരിശീലനത്തിലൂടെ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (ഡിഡിയു-ജികെവൈ) ഈ ലക്ഷ്യം നിറവേറ്റുന്നു. 15-35 വയസ്സ് പ്രായമുള്ള ദരിദ്രരായ ഗ്രാമീണ യുവാക്കളെയാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. സ്ത്രീകൾക്കും വികലാംഗർ, പ്രത്യേകിച്ച് ദുർബല ഗോത്ര വിഭാഗങ്ങൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിവരുൾപ്പെടെ മറ്റ് ദുർബല വിഭാഗങ്ങൾക്കും 45 വയസ്സ് വരെയാണ് ഉയർന്ന പ്രായപരിധി.

 



27 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടപ്പിലാക്കിയ ഡിഡിയു-ജികെവൈ, 37 മേഖലകളെയും 816 തൊഴിൽ ചുമതലകളെയും ഉൾക്കൊള്ളുന്ന 2,369 പരിശീലന കേന്ദ്രങ്ങളിലൂടെ പ്രവർത്തിക്കുന്നു. 2025 ഒക്ടോബർ വരെ, 82,272 ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുകയും 37,035 പേർക്ക് ഈ വർഷം നിയമനം ലഭ്യമാവുകയും ചെയ്തു. തുടക്കം മുതൽ, മൊത്തത്തിൽ 17.92 ലക്ഷം യുവാക്കൾക്ക് പരിശീലനം ലഭിച്ചു, 11.64 ലക്ഷം പേർക്ക് വേതന സഹിത തൊഴിലിൽ നിയമനം ലഭിച്ചു. ഡിഡിയു-ജികെവൈയ്ക്ക് അനുബന്ധമായി, 33 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 616 ജില്ലകളിലെ 629 സ്ഥാപനങ്ങളിലായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന സ്ഥാപനങ്ങൾ (ആർ.എസ്.ഇ.ടി.ഐകൾ) പ്രവർത്തിക്കുന്നു. പ്രാദേശികമായി പ്രസക്തമായ വൈദഗ്ധ്യവും സംരംഭകത്വ പരിശീലനവും വഴി വേതനവും സ്വയം തൊഴിലും പ്രോത്സാഹിപ്പിക്കുന്നു. തുടക്കം മുതൽ, ആർ.എസ്.ഇ.ടി.ഐകൾ ഏകദേശം 59 ലക്ഷം ഗ്രാമീണ യുവാക്കളെ പരിശീലിപ്പിച്ചിട്ടുണ്ട്, അവരിൽ ഏകദേശം 43 ലക്ഷം പേർക്ക് സ്വയം തൊഴിലോ വേതന സഹിത തൊഴിലോ ലഭ്യമായിട്ടുണ്ട്. ഗ്രാമീണ തൊഴിൽ വിപണി ഫലങ്ങളും സംരംഭ സൃഷ്ടിയും ശക്തിപ്പെടുത്തുന്നതിൽ അവരുടെ പങ്ക് ഇത് അടിവരയിടുന്നു.

ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകൾക്കുള്ള സംരംഭകത്വ പാതകൾ

ഗ്രാമീണ വരുമാനം വർദ്ധിപ്പിക്കുന്നതിനും സ്ത്രീ തൊഴിൽ ശക്തി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നത് അവിഭാജ്യമാണ്. ഉൽപ്പാദനം, പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ സേവനങ്ങൾ, കാർഷിക സംസ്‌കരണം തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളുമായി നൈപുണ്യ വികസന സംരംഭങ്ങളെ സംയോജിപ്പിക്കുന്നത് സ്ത്രീകൾക്കായുള്ള സാമ്പത്തിക അവസരങ്ങൾ വിശാലമാക്കുന്നു. 'ജോലിയിലേക്ക് മടങ്ങുക', 'റിട്ടേൺഷിപ്പ് പ്രോഗ്രാമുകൾ' എന്നിവയുൾപ്പെടെയുള്ള പൂരക നടപടികൾ തൊഴിൽ ശക്തി പുനഃപ്രവേശനത്തിന് അവരെ സഹായിക്കുന്നു. അതേസമയം, സ്വയം സഹായ സംഘങ്ങളെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ ആവാസവ്യവസ്ഥയിലേക്ക് സംയോജിപ്പിക്കുന്നത് ഉപജീവന പ്രവർത്തനങ്ങളിൽ നിന്ന് ഔപചാരികവും വളർച്ചാധിഷ്ഠിതവുമായ സംരംഭങ്ങളിലേക്കുള്ള സ്ത്രീകളുടെ പരിവർത്തനത്തെ പിന്തുണയ്ക്കുന്നു.

ഗ്രാമീണ സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾക്കായുള്ള ഷീ-മാർട്ടുകൾ

ലഖ്പതി ദീദി (ലക്ഷം രൂപ സമ്പാദിക്കുന്ന സഹോദരി) പരിപാടിയുടെ വിജയത്തെ അടിസ്ഥാനമാക്കി, 2026-27 ലെ കേന്ദ്ര ബജറ്റ്, ക്ലസ്റ്റർ തല കൂട്ടായ്മകൾക്കുള്ളിൽ സാമൂഹിക ഉടമസ്ഥതയിലുള്ള ചില്ലറ വ്യാപാര ശാലകളായി സ്വയം സഹായ സംരംഭക (ഷീ) മാർട്ടുകൾ സ്ഥാപിക്കാൻ നിർദ്ദേശിക്കുന്നു. മെച്ചപ്പെടുത്തിയതും നൂതനവുമായ ധനസഹായ സംവിധാനങ്ങളുടെ പിന്തുണയോടെ, ഈ സംരംഭങ്ങൾ സ്ത്രീകളുടെ ഉപജീവനമാർഗ്ഗം വായ്പ അധിഷ്ഠിത പ്രവർത്തനങ്ങളിൽ നിന്ന് സുസ്ഥിരമായ സംരംഭ ഉടമസ്ഥതയിലേക്കുള്ള പരിവർത്തനം ലക്ഷ്യമിടുന്നു.

ഗ്രാമീണ ഇന്ത്യയിലെ തൊഴിൽ പാതകൾ മെച്ചപ്പെടുത്തൽ

2025-ലെ വികസിത ഭാരതം- ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക ദൗത്യം (ഗ്രാമീൺ) ആക്ട്, ഇന്ത്യയുടെ ഗ്രാമീണ തൊഴിൽ നയത്തിലെ ഒരു പ്രധാന പരിഷ്‌കാരത്തെ പ്രതിനിധീകരിക്കുന്നു. 2026-27 ൽ 95,692.31 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ, ഉത്തരവാദിത്ത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലൂടെയും അടിസ്ഥാന സൗകര്യ വികസനത്തിൻ്റെയും കാലാവസ്ഥാ ഉത്പതിഷ്ണുതയുടെയും ലക്ഷ്യങ്ങളുമായി തൊഴിലവസര സൃഷ്ടിയെ യോജിപ്പിക്കുന്നതിലൂടെയും ഈ നിയമം തൊഴിലുറപ്പ് വ്യവസ്ഥയെ നവീകരിക്കുന്നു. എം.ജി.എൻ.ആർ.ഇ.ജി.എയേക്കാൾ ഗണ്യമായ പുരോഗതിയാണ് ഈ നിയമം പ്രതിനിധീകരിക്കുന്നത്.

 

  • ഗ്രാമീണ കുടുംബത്തിന് പ്രതിവർഷം 125 ദിവസത്തെ അവിദഗ്ധ വേതന തൊഴിൽ എന്നത് നിയമപരമായ അവകാശമാക്കി ഈ നിയമനിർമ്മാണം അവതരിപ്പിക്കുന്നു.
  • ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനമാർഗങ്ങൾ, ദുരന്തനിവാരണ തയ്യാറെടുപ്പ് എന്നീ നാല് മുൻഗണനാ മേഖലകളെ ഇത് നിർണയിക്കുന്നു.
  • തൊഴിൽ ലഭ്യതാ കാലതാമസത്തിനുള്ള നഷ്ടപരിഹാരം, വൈകിയ തൊഴിൽ നഷ്ടപരിഹാരം, അവകാശനിഷേധ വ്യവസ്ഥകൾ നീക്കം ചെയ്യൽ, ഉത്തരവാദിത്തം ശക്തിപ്പെടുത്തൽ എന്നിവയ്ക്കുള്ള വ്യവസ്ഥകൾ വഴി അവകാശാധിഷ്ഠിത സുരക്ഷാ നടപടികൾ ഇത് വർദ്ധിപ്പിക്കുന്നു.


ഉപസംഹാരം

കഴിഞ്ഞ ദശകത്തിലെ ഇന്ത്യയുടെ ഗ്രാമീണ വികസന സഞ്ചാരഗതി, വിഘടിച്ച ക്ഷേമ വ്യവസ്ഥയിൽ നിന്ന് സംയോജിതവും വികേന്ദ്രീകൃതവും സമൂഹാധിഷ്ഠിതവുമായ വികസന മാതൃകയിലേക്കുള്ള ഘടനാപരമായ പരിവർത്തനത്തെ സൂചിപ്പിക്കുന്നു.
ബജറ്റ് വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് വരുത്തിയതിൻ്റെ തെളിവായ സുസ്ഥിരമായ പൊതുനിക്ഷേപം, ഭവന നിർമ്മാണം, ഗ്രാമീണ കണക്റ്റിവിറ്റി, കുടിവെള്ളം, ശുചിത്വം, ഡിജിറ്റൽ സേവനങ്ങൾ, സാമൂഹിക സംരക്ഷണം എന്നിവയിലേക്കുള്ള പ്രവേശനം വിശാലമാക്കി. അതോടൊപ്പം ഗ്രാമീണ മേഖലയിലെ ഉപജീവനമാർഗ്ഗങ്ങൾ, നൈപുണ്യ രൂപവത്കരണം, സംരംഭകത്വം എന്നിവ ശക്തിപ്പെടുത്തുകയും ചെയ്തു.

ഗ്രാമഭരണത്തെ നിഷ്‌ക്രിയ ആനുകൂല്യ ഗുണഭോക്തൃ മാതൃകകളിൽ നിന്ന് ജൻ ഭാഗീദാരി തത്വത്തിൽ അധിഷ്ഠിതമായ സജീവവും പങ്കാളിത്തപരവുമായ സഹവർത്തകത്വത്തിലേക്ക് പുനഃക്രമീകരിച്ച പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കമ്മ്യൂണിറ്റി കേഡറുകൾ എന്നിവയുൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണമാണ് ഈ പരിവർത്തനത്തിൻ്റെ കേന്ദ്രബിന്ദു. സാങ്കേതികവിദ്യാധിഷ്ഠിത സേവന വിതരണം, സ്ത്രീകൾ നയിക്കുന്ന സ്ഥാപന ചട്ടക്കൂടുകൾ, സുസ്ഥിരമായ വരുമാനം ഉറപ്പാക്കുന്ന ഉപജീവന കാര്യനയങ്ങൾ എന്നിവ സുതാര്യത, ഉൾച്ചേർക്കൽ, ഉത്പതിഷ്ണുത എന്നിവയെ, പ്രത്യേകിച്ച് ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങൾക്കിടയിൽ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിൽ, ഈ പരിഷ്‌കാരങ്ങൾ ഗ്രാമീണ ഇന്ത്യയെ വികസന ഇടപെടലുകളുടെ സ്വീകർത്താവ് എന്ന നിലയിൽ മാത്രമല്ല, മറിച്ച് എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച, ജനാധിപത്യ ഭരണം, ദീർഘകാല സാമൂഹിക-സാമ്പത്തിക സുസ്ഥിരത എന്നിവയുടെ നിർണായക ചാലകശക്തി എന്ന നിലയിലും സ്ഥാനപ്പെടുത്തുന്നു. 

 

അവലംബം:

Ministry of Finance

https://www.indiabudget.gov.in/doc/bh1.pdf

https://www.indiabudget.gov.in/doc/eb/stat4a.pdf

https://www.indiabudget.gov.in/economicsurvey/doc/echapter.pdf

https://www.indiabudget.gov.in/budget2016-2017/ub2016-17/bh/bh1.pdf

https://www.indiabudget.gov.in/budget2016-2017/ub2016-17/eb/sbe75.pdf

https://www.indiabudget.gov.in/doc/Budget_at_Glance/budget_at_a_glance.pdf

Ministry of Rural Development

https://lakhpatididi.gov.in/latest-updates/

https://www.pib.gov.in/PressReleasePage.aspx?PRID=2221796&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2210378&reg=3&lang=1

https://lakhpaticdn.lokos.in/lakhpati/2025/07/1.-Letter-on-adoption-of-Dashasutra-strategy.pdf

https://lakhpaticdn.lokos.in/lakhpati/2025/08/Inspire-Change-Vision-Building-Inclusive-Livelihoods-Samaveshi-Ajeevika-Yojana.pdf.pdf

Ministry of Panchayati Raj

https://www.pib.gov.in/PressReleasePage.aspx?PRID=2198179&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2184163&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1918601&reg=3&lang=2

Ministry of Statistical and Programme Implementation

https://www.mospi.gov.in/uploads/latestReleases/latest_release_1770719453921_1a3b8cae-43ae-4e1b-a5df-32941f4598a8_Press_note_Oct_dec_2025_PLFS_QB_updated.0_final.pdf

Ministry of Jal Shakti

https://www.pib.gov.in/Pressreleaseshare.aspx?PRID=1848437&reg=3&lang=2

Niti Aayog

https://www.pib.gov.in/PressReleaseIframePage.aspx?PRID=1996271&reg=3&lang=2

Click here for pdf file. 

 

****

(Explainer ID: 157353) आगंतुक पटल : 5
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali
Link mygov.in
National Portal Of India
STQC Certificate