Economy
ഡിജിറ്റൈസേഷന്‍ മുതല്‍ ഇന്റലിജന്‍സ് വരെ: ഇന്ത്യയില്‍ നീതിന്യായ സംവിധാനത്തെ AI മെച്ചപ്പെടുത്തുന്നതെങ്ങനെ
Posted On:
11 FEB 2026 1:35PM

പ്രധാന സവിശേഷതകള്‍
*ഇകോര്‍ട്ട്‌സ് ഘട്ടം III ലെ ഗവണ്മെന്റ് നിക്ഷേപം, ഉത്തരവാദിത്വമുള്ള സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ഇന്ത്യയുടെ നീതിന്യായ വിതരണം ശക്തിപ്പെടുത്തുന്നതിനുള്ള ദീര്‍ഘകാല പ്രതിജ്ഞാബദ്ധതയെ സൂചിപ്പിക്കുന്നു.
*SUPACE, AI-അധിഷ്ഠിത ട്രാന്‍സ്‌ക്രിപ്ഷന്‍, വിവര്‍ത്തനം തുടങ്ങിയ സംവിധാനങ്ങള്‍ വഴി AI ,സുപ്രീം കോടതിയെയും നിരവധി ഹൈക്കോടതികളെയും പ്രവര്‍ത്തനങ്ങളില്‍ പിന്തുണയ്ക്കുന്നു.
*ഓട്ടോമേറ്റഡ് ഫയലിംഗ്, ഇന്റലിജന്റ് ഷെഡ്യൂളിംഗ്, കേസ് ഇന്‍ഫര്‍മേഷന്‍ സംവിധാനം മെച്ചപ്പെടുത്തല്‍, ചാറ്റ്‌ബോട്ടുകള്‍ വഴി വ്യവഹാരികളുമായി ആശയവിനിമയം എന്നിവയിലൂടെ ഈ സംവിധാനങ്ങള്‍ കാര്യക്ഷമത മെച്ചപ്പെടുത്തുന്നു.
*നിയന്ത്രണത്തോടെയും ജാഗ്രതയോടെയും നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നു. നീതിന്യായ തീരുമാനമെടുക്കലിനെ സാങ്കേതികവിദ്യ സഹായിക്കുന്നു, എന്നാല്‍ ഒരിക്കലും അതിനു പകരമാവില്ലെന്ന് ഉറപ്പാക്കുന്നു.
ആമുഖം:
AI- അധിഷ്ഠിത കോടതികളിലേക്കുള്ള ഇന്ത്യയുടെ കൃത്യമായ പ്രയാണം
ഏതൊരു സാധാരണ പ്രഭാതത്തിലും, ഇന്ത്യയിലെ കോടതികളുടെ താളം തിരക്കേറിയതായിരിക്കും: ഫയലുകള്‍ നീക്കുന്നു, കേസ് വിളിക്കുന്നു, അഭിഭാഷകര്‍ തിരക്കേറിയ ഇടനാഴികളില്‍ സഞ്ചരിക്കുന്നു, വാദം കേള്‍ക്കലുകള്‍ക്കായി കാത്തിരിക്കുന്ന വ്യവഹാരികള്‍. വര്‍ദ്ധിച്ചുവരുന്ന കേസുകളുടെ തിരക്ക്, ഭാഷാ വൈവിധ്യം, പ്രവേശനത്തിനും നടപടിക്രമങ്ങളുടെ സങ്കീര്‍ണ്ണതകള്‍ക്കും ഇടയിലുള്ള പിരിമുറുക്കം എന്നിവ ഈ സംവിധാനം പതിറ്റാണ്ടുകളായി കൈകാര്യം ചെയ്യുന്നു
സമീപകാലത്തായി ഏകോപിതമായ ഡിജിറ്റല്‍ പരിവര്‍ത്തന മുന്നേറ്റത്തിലൂടെ ജുഡീഷ്യറിയെ ആധുനികവല്‍കരിക്കുന്നു. 2023 മുതല്‍ ആരംഭിച്ച ഇ-കോര്‍ട്ട്‌സ് പദ്ധതി മൂന്നാം ഘട്ടത്തിന് കീഴില്‍, കോടതിമുറികളിലും രജിസ്ട്രികളും വ്യക്തമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. കടലാസ് ഫയലുകള്‍ ക്രമേണ ഡിജിറ്റല്‍ ഫയലിംഗുകള്‍ വഴി മാറ്റി സ്ഥാപിക്കപ്പെട്ടു; കേസുകളുടെ പട്ടിക തത്സമയം പരിഷ്‌കരിക്കുന്നു ; വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിരന്തരം വാദം കേള്‍ക്കല്‍ നടത്തുന്നു; കൂടാതെ രാജ്യമെമ്പാടും ജുഡീഷ്യല്‍ രേഖകള്‍ തടസ്സമില്ലാതെ ലഭ്യമാക്കാനും കഴിയും.
നിങ്ങള്‍ക്കറിയാമോ?
ഒരു പ്രത്യേക തീയതിയില്‍ വാദം കേള്‍ക്കുന്നതിനായി ഉള്‍പ്പെടുത്തിയിരിക്കുന്ന കേസുകളുടെ വിശദാംശങ്ങള്‍ കോസ് ലിസ്റ്റില്‍ അടങ്ങിയിരിക്കുന്നു.
വിവര, വിനിമയ സാങ്കേതിക വിദ്യ ഉപയോഗിച്ച് കോടതികളിലുടനീളമുള്ള ജുഡീഷ്യല്‍ പ്രക്രിയകള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവും പ്രവേശനക്ഷമവുമാക്കുന്നതിന് നിയമ, നീതി മന്ത്രാലയത്തിന് കീഴിലുള്ള നീതിന്യായ വകുപ്പിന്റെ ഒരു അഖിലേന്ത്യാ മിഷന്‍ മോഡ് പ്രോജക്റ്റാണ് ഇ-കോര്‍ട്ട്‌സ്.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ വിശാലമായ കാഴ്ചപ്പാടില്‍ , നിര്‍മിത ബുദ്ധി (AI) ശ്രദ്ധാപൂര്‍വ്വം കൃത്യമായ പങ്ക് വഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഗവണ്മെന്റ് , സുപ്രീം കോടതി, ഹൈക്കോടതികള്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (NIC), IIT മദ്രാസ് പോലുള്ള സ്ഥാപനങ്ങള്‍ എന്നിവയുടെ പിന്തുണയോടെ, AI സംവിധാനങ്ങള്‍ ഇപ്പോള്‍ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു:

വാക്കാലുള്ള വാദങ്ങളുടെ ട്രാന്‍സ്‌ക്രിപ്ഷന്‍,
വിധികളുടെ വിവര്‍ത്തനം,
ഇ-ഫയലിംഗിലെ പിഴവുകള്‍ തിരിച്ചറിയല്‍,
നിയമ ഗവേഷണം,
മെറ്റാഡാറ്റ കണ്ടെത്തല്‍.
ഇ-കോര്‍ട്ട്‌സ് പദ്ധതിയ്ക്ക് കീഴില്‍ വികസിപ്പിച്ച ഇ-കോര്‍ട്ട്‌സ് സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളില്‍ AI, അതിന്റെ ഉപവിഭാഗങ്ങളായ മെഷീന്‍ ലേണിംഗ് (ML), ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്‌നിഷന്‍ (OCR), നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. ഡിജിറ്റല്‍ കോടതി 2.1 പോലുള്ള പുതിയ ആപ്ലിക്കേഷനുകളും LegRAA, SUPACE പോലുള്ള സംവിധാനങ്ങളും മികച്ച ജുഡീഷ്യല്‍ പ്രവര്‍ത്തന രീതികളിലേക്കുള്ള ആദ്യകാല, എന്നാല്‍ പ്രധാനപ്പെട്ട ചുവടുവയ്പ്പുകളെ പ്രതിനിധീകരിക്കുന്നു.
സാങ്കേതികവിദ്യ ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങളെ പൂരകമാക്കുകയും വേഗത, കൃത്യത, സുതാര്യത എന്നിവ മെച്ചപ്പെടുത്തുകയും തീരുമാനങ്ങള്‍ എടുക്കുന്നതിന് മനുഷ്യര്‍ക്കുള്ള സ്വാതന്ത്ര്യവും പ്രാധാന്യവും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ആവാസവ്യവസ്ഥയാണ് ഇന്ന് ഉയര്‍ന്നുവരുന്നത്.
ഡിജിറ്റൈസേഷനില്‍ നിന്ന് AIയിലേക്ക്: ജുഡീഷ്യല്‍ ടെക്‌നോളജി തുടര്‍ച്ച
ഇന്ത്യയുടെ നീതിന്യായ രംഗത്ത് AIയുടെ സംയോജനം പെട്ടെന്നുള്ള സാങ്കേതിക കുതിച്ചുചാട്ടമല്ല, സ്ഥിരവും ആസൂത്രിതവുമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ദശകത്തില്‍, കോടതികള്‍ അടിസ്ഥാന കമ്പ്യൂട്ടറൈസേഷനില്‍ നിന്ന് രാജ്യവ്യാപകമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, തത്സമയ ഡാറ്റ സംവിധനം , വെര്‍ച്വല്‍ കോടതികള്‍, ബഹുഭാഷാ വിധിലഭ്യത എന്നിവയിലേക്ക് മാറിയിരിക്കുന്നു.
ഡിജിറ്റൈസേഷനിലേക്കുള്ള പ്രാരംഭ ഘട്ടം 2007ല്‍, ഇ-കോര്‍ട്ട്‌സ് മിഷന്‍ മോഡ് പ്രോജക്റ്റ് വഴിയാണ് ആരംഭിച്ചത്. ഇനിപ്പറയുന്നവയില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിച്ചു:
• കേസ് ഫയലുകള്‍ സൂക്ഷിക്കാനും വീണ്ടെടുക്കാനും ഡിജിറ്റലായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തില്‍ കോടതി രേഖകള്‍ കമ്പ്യൂട്ടര്‍വല്‍കരിക്കുന്നു.
• ദൈനംദിന കേസ് ഷെഡ്യൂളുകള്‍ ഓണ്‍ലൈനില്‍ തത്സമയം പ്രസിദ്ധീകരിക്കാനും പരിഷ്‌കരിക്കാനും കഴിയുന്ന വിധത്തില്‍ കോസ് ലിസ്റ്റുകള്‍ ഡിജിറ്റൈസ് ചെയ്യുന്നു.
• കേസ് പുരോഗതിയും ഭരണപരമായ നടപടികളും നിരീക്ഷിക്കുന്നതിനായി കോടതികള്‍ക്ക് ഒരു ഏകീകൃത പ്ലാറ്റ്‌ഫോം ലഭ്യമാക്കുന്നതിനായി ഇലക്ട്രോണിക് കേസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (സിഐഎസ്) പ്രാപ്തമാക്കുന്നു
കോടതി വിവരങ്ങള്‍ കൂടുതല്‍ പ്രാപ്യമാക്കുകയും അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കും വ്യവഹാരികള്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ഒന്നാം ഘട്ടത്തിന്റെ പ്രാഥമിക ലക്ഷ്യം
രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ഡിജിറ്റൈസേഷന്‍ പക്വത നേടിയപ്പോള്‍, ഡാറ്റ ലഭ്യതയില്‍ നിന്ന് നീങ്ങി പരിപാലനമെന്നത് വെല്ലുവിളിയായി മാറി. ഇ-കോര്‍ട്ട്‌സ് പ്രോജക്റ്റിന്റെ തുടര്‍ച്ചയായ ഘട്ടങ്ങളില്‍, ഇനിപ്പറയുന്നവ അവതരിപ്പിച്ചു:
•ഇ-ഫയലിംഗിനുള്ള സംവിധാനങ്ങള്‍
• പിഴവുകള്‍ കണ്ടെത്തുന്നതിനുള്ള ഇലക്ട്രോണിക് സൂക്ഷ്മപരിശോധന
•സമന്‍സുകളുടെ ഡിജിറ്റല്‍ സേവനം
•ഓട്ടോമേറ്റഡ് കേസ് ലിസ്റ്റിംഗ്
ഈ തുടര്‍ച്ചയിലെ അടുത്ത ഘട്ടത്തെ നിര്‍മ്മിത ബുദ്ധി പ്രതിനിധീകരിക്കുന്നു. മുന്‍കാല ഡിജിറ്റല്‍ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇപ്പോള്‍ എ ഐ അധിഷ്ഠിത സംവിധാനങ്ങള്‍ക്ക് കഴിയുന്നവ:
•പ്രോസസ്സിംഗ് ഭാഷ
•പാറ്റേണുകള്‍ തിരിച്ചറിയല്‍
•സങ്കീര്‍ണ്ണമായ ഡാറ്റ അധിഷ്ഠിത ജോലികളില്‍ സഹായിക്കല്‍.
പ്രധാനമായും, ഇന്ത്യന്‍ നീതിന്യായ മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം നിലവിലുള്ള സംവിധാനങ്ങള്‍ക്ക് പകരമായിട്ടല്ല, മറിച്ച് അവയുടെ ഒരു കൂട്ടിച്ചേര്‍ക്കലായാണ് സ്ഥാപിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് കേസ് മാനേജ്‌മെന്റ് & ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ICMIS), ഇ-ഫയലിംഗ് മൊഡ്യൂളുകള്‍, വിധി ഡാറ്റാബേസുകള്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ നിര്‍മ്മിത ബുദ്ധി ഉള്‍ച്ചേര്‍ത്തിരിക്കുന്നു.
വിവിധ ഡൊമെയ്‌നുകളിലുടനീളം AI പുരോഗതി: തത്സമയ, പൈലറ്റ് നിര്‍വഹണം
ജുഡീഷ്യറിയില്‍ AI ഇതിനകം തന്നെ പ്രവര്‍ത്തനക്ഷമമാണ്. നിര്‍വചിക്കപ്പെട്ട ഭരണപര, പിന്തുണ മേഖലകളില്‍ തിരഞ്ഞെടുത്ത സംവിധാനങ്ങള്‍ സ്ഥാപനപരമായ മേല്‍നോട്ടത്തോടെ ഉപയോഗിക്കുന്നു. ഈ വിന്യാസങ്ങള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമോ നിയന്ത്രിതമായി പൈലറ്റ് ഘട്ടങ്ങളിലോ ആണ്.

കോടതിമുറി വ്യവഹാരങ്ങളിലെ AI: സംസാരം തത്സമയം പിടിച്ചെടുത്ത് രേഖയാക്കുന്നു
സുപ്രീം കോടതിയില്‍ AI യുടെ ആദ്യകാലത്തെ ഏറ്റവും ദൃശ്യമായ ഉപയോഗങ്ങളിലൊന്ന് വാക്കാലുള്ള വാദങ്ങളെ തത്സമയം രേഖപ്പെടുത്തലാണ്, പ്രത്യേകിച്ച് ഭരണഘടനാ ബെഞ്ച് വിഷയങ്ങളില്‍. പരമ്പരാഗതമായി, കോടതി നടപടികള്‍ കൈയെഴുത്തു കുറിപ്പുകള്‍, തിരഞ്ഞെടുത്ത ഭാഗങ്ങളുടെ കേട്ടെഴുത്ത് അല്ലെങ്കില്‍ വാദത്തിനു ശേഷമുള്ള സംഗ്രഹങ്ങളെ ആശ്രയിച്ചിരുന്നു.
കൂടുതല്‍ സുതാര്യതയ്ക്കും രേഖകളുടെ കൃത്യതയ്ക്കുമായി വാക്കാലുള്ള വാദങ്ങളുടെ ഏതാണ്ട് തത്സമയ രേഖപ്പെടുത്തല്‍ നടത്താന്‍ സംഭാഷണം തിരിച്ചറിയാന്‍ കഴിയുന്ന AI സംവിധാനം പ്രാപ്തമാക്കുന്നു. സുപ്രീം കോടതിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളില്‍ ഈ ട്രാന്‍സ്‌ക്രിപ്റ്റുകള്‍ പുറത്തിറക്കുന്നു. ഭരണഘടനാ ബെഞ്ച് നടപടിക്രമങ്ങളില്‍ വിജയകരമാണെന്ന് കണ്ടതിനു ശേഷം ഈ സംവിധാനം ക്രമേണ പതിവ് വാദ നടപടികളിലേക്ക് വ്യാപിപ്പിക്കുന്നു.
ഈ വിന്യാസം ML ന്റെ ഒരു ഉപവിഭാഗമായ ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്‌നിഷന്‍ (ASR) സങ്കേതം ഉപയോഗിക്കുന്നു. നിയമപരമായ പദാവലി, ഉച്ചാരണങ്ങള്‍, കോടതിമുറി സംഭാഷണം എന്നിവ തിരിച്ചറിയാന്‍ പരിശീലനം ആര്‍ജിച്ചതാണ് ഇത്. അതേസമയം അന്തിമ വിധികല്പനയ്ക്ക് മനുഷ്യര്‍ നേതൃത്വം നല്‍കുന്നു .
ബഹുഭാഷയിലുള്ള നീതിക്കായി AI: വിധിന്യായങ്ങളുടെ വിവര്‍ത്തനം
ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ ഭാഷാ പ്രാപ്യത വളരെക്കാലമായി ഒരു ഘടനാപരമായ തടസ്സമാണ്. വിധിന്യായങ്ങള്‍ പ്രധാനമായും ഇംഗ്ലീഷിലാണ് എഴുതുന്നതെങ്കിലും, വ്യവഹാരികളില്‍ വലിയൊരു വിഭാഗം പ്രാദേശിക ഭാഷകള്‍ മാത്രം ഉപയോഗിക്കുന്നവരാണ്. വിധിന്യായങ്ങളുടെ വിവര്‍ത്തനത്തിലൂടെ ഈ വിടവ് നികത്താന്‍ AI പ്രയോജനപ്പെടുത്തുന്നു.
നിങ്ങള്‍ക്കറിയാമോ?
സുപ്രീം കോടതി വിധിന്യായങ്ങള്‍ തിരയാനും വായിക്കാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള ഒരു സൗജന്യ, ഡിജിറ്റല്‍, ഉപയോക്തൃസൗഹൃദ സേവനമാണ് eSCR (ഇലക്ട്രോണിക് സുപ്രീം കോര്‍ട്ട് റിപ്പോര്‍ട്ട്‌സ്) പോര്‍ട്ടല്‍.
എന്‍ഐസിയുമായി സഹകരിച്ച്, നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP) ഉപയോഗിച്ചുകൊണ്ട് AI സംവിധാനം സുപ്രീം കോടതി വിധിന്യായങ്ങളെ 18 ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. ഇതിനായി, സുപ്രീം കോടതിയുടെ AI-അധിഷ്ഠിത വിവര്‍ത്തന സംവിധാനമായ SUVAS (സുപ്രീം കോടതി വിധിക് അനുവാദ് സോഫ്റ്റ്‌വെയര്‍), ഇംഗ്ലീഷ് വിധിന്യായങ്ങളെയും ഉത്തരവുകളെയും പ്രാദേശിക ഭാഷകളാക്കി മാറ്റുന്നു. ഇത് കോടതി വ്യവഹാരങ്ങളില്‍ പ്രവേശനക്ഷമതയും പ്രാദേശിക ഭാഷാ ഉപയോഗവും വര്‍ദ്ധിപ്പിക്കുന്നു. വിവര്‍ത്തനം ചെയ്ത ഈ വിധിന്യായങ്ങള്‍ ഇഎസ്‌സിആര്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത് പൊതുജനങ്ങള്‍ക്ക് ഇവയുടെ ലഭ്യത ഗണ്യമായി വര്‍ധിപ്പിക്കുന്നു.
സുപ്രീം കോടതി, ഹൈക്കോടതി AI വിവര്‍ത്തന സമിതികള്‍ ഗുണനിലവാരവും ഭരണഘടനാ കൃത്യതയും നിരീക്ഷിക്കുന്നു. നീതി ലഭ്യമാക്കുന്നതിന് നീതിന്യായ ചട്ടക്കൂടുകള്‍ക്കുള്ളില്‍ വിവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിലൂടെ, AI ഉപയോഗം സഹായകരമായി തുടരുന്നു.
ഫയലിംഗ്, രജിസ്ട്രി പ്രവര്‍ത്തനങ്ങളില്‍ AI: നടപടി ക്രമങ്ങളുടെ ഭാരം കുറയ്ക്കല്‍
നടപടിക്രമങ്ങളുടെ പരിശോധനയ്ക്ക് മനുഷ്യ വിഭവശേഷി ആവശ്യമുള്ള കോടതി രജിസ്ട്രികളിലും AI ഉപയോഗിക്കുന്നു. ഇ-ഫയലിംഗുകളിലെ പിഴവുകള്‍ തിരിച്ചറിയുന്നതിന് സുപ്രീം കോടതി രജിസ്ട്രി, മദ്രാസ് IIT-യുമായി ചേര്‍ന്ന് AI സങ്കേതം നിര്‍മ്മിച്ചിട്ടുണ്ട്.
പരാതികള്‍, അനുബന്ധങ്ങള്‍, ഫോര്‍മാറ്റിംഗ്, മെറ്റാഡാറ്റ, ഫയലിംഗ് നിയമങ്ങള്‍ പാലിക്കല്‍ എന്നിവ പരിശോധിക്കാന്‍ മെഷീന്‍ ലേണിംഗ് (ML), ഒപ്റ്റിക്കല്‍ ക്യാരക്ടര്‍ റെക്കഗ്‌നിഷന്‍ (OCR) എന്നിവയെ ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. മാനുഷിക സൂക്ഷ്മപരിശോധനയ്ക്ക് പകരം, AI സംവിധാനം സാധ്യതയുള്ള പിഴവുകള്‍ കണ്ടെത്തുന്നു. ഇത് രജിസ്ട്രി ഉദ്യോഗസ്ഥര്‍ക്ക് ആഴത്തിലുള്ള പരിശോധനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു
നിലവില്‍, ഈ സംവിധാനം പൈലറ്റ് ഘട്ടത്തിലാണ്. പരിശോധനയ്ക്കും അഭിപ്രായ സമാഹാരത്തിനുമായി ഏതാനും അഭിഭാഷകര്‍ക്ക് ഈ രേഖകളിലേക്ക് പ്രവേശനം നല്‍കുന്നു. നേരത്തെയുള്ള കണ്ടെത്തലും വേഗത്തിലുള്ള തിരുത്തലും വഴി നിര്‍ണായക ഘട്ടത്തിലെ കാലതാമസം കുറയ്ക്കുകയാണ് ലക്ഷ്യം.
നിയമ ഗവേഷണ സഹായത്തില്‍ AI: LegRAA, SUPACE
ജുഡീഷ്യല്‍ വിശകലനം പ്രതിസ്ഥാപിക്കാതെ തന്നെ കേസുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ജഡ്ജിമാരെ സഹായിക്കുന്നതിന് AI സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. രേഖകള്‍ വിശകലനം ചെയ്തും, പ്രസക്തമായ നിയമ റഫറന്‍സുകള്‍ വേര്‍തിരിച്ചെടുത്തും, ഗവേഷണ സാമഗ്രികള്‍ സംഘടിപ്പിച്ചും ജഡ്ജിമാരെ പിന്തുണയ്ക്കുന്നു. ഈ സങ്കേതങ്ങള്‍ NLP, ML സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നു. ഇത്, ഫലങ്ങള്‍ ശുപാര്‍ശ ചെയ്യുന്നതിനോ സ്വയമേവ വിധിന്യായങ്ങള്‍ തയ്യാറാക്കുന്നതിനോ ഒരു പങ്കുമില്ലാതെ, ഗവേഷണ സഹായത്തിനു മാത്രമായി കര്‍ശനമായി പ്രവര്‍ത്തിക്കുന്നു.
സുപ്രീം കോര്‍ട്ട് പോര്‍ട്ടല്‍ ഫോര്‍ അസിസ്റ്റന്‍സ് ഇന്‍ കോര്‍ട്ട് എഫിഷ്യന്‍സി (SUPACE) പ്രസക്തമായ കീഴ്‌വഴക്കങ്ങള്‍ തിരിച്ചറിയാനും കേസുകളുടെ വസ്തുതാപരമായ ഘടന മനസ്സിലാക്കാനും സഹായിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു AI- അധിഷ്ഠിത സംവിധാനമാണ്. SUPACE പരീക്ഷണ ഘട്ടത്തിലാണ്. പതിവ് ജുഡീഷ്യല്‍ ഉപയോഗത്തിനായി ഇതുവരെ വിന്യസിച്ചിട്ടില്ല.
വോയ്‌സ്-ടു-ടെക്സ്റ്റ്, ഡിക്‌റ്റേഷന്‍ എന്നിവയില്‍ AI പിന്തുണ: ASR-SHRUTI, PANINI
നിയമപരമായ എഴുത്ത് പ്രക്രിയയെ പിന്തുണയ്ക്കുന്നതിനും കരട് രൂപം എഴുതി തയ്യാറാക്കുന്നതിനുള്ള സമയം കുറയ്ക്കുന്നതിനും, ഡിജിറ്റല്‍ കോര്‍ട്ട്‌സ് 2.1 പോലുള്ള ആപ്ലിക്കേഷനുകളില്‍ AI അധിഷ്ഠിത ഡിക്‌റ്റേഷനും വിവര്‍ത്തന ഉപകരണങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
ഉത്തരവുകളും വിധിന്യായങ്ങളും ശബ്ദത്തെ എഴുത്താക്കി മാറ്റുന്ന വോയ്‌സ്-ടു-ടെക്സ്റ്റ് രീതിയെ ASR-SHRUTI പിന്തുണയ്ക്കുന്നു

പാണിനി വിവര്‍ത്തനത്തെയും ഭാഷാ ഘടനയെയും പിന്തുണയ്ക്കുന്നു.
എഡിറ്റോറിയല്‍, ജുഡീഷ്യല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നിലനിര്‍ത്തിക്കൊണ്ട് കരട് രൂപം തയ്യാറാക്കുന്നതിന് ജഡ്ജിമാരെ ഈ സംവിധാനം സഹായിക്കുന്നു. കര്‍തൃത്വമോ യുക്തിയോ മാറ്റാതെ അവ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു.
നിയമ സംവിധാന ഘടനയില്‍ AI സംയോജനം
നിലവിലുള്ള നീതിന്യായ അടിസ്ഥാന സൗകര്യങ്ങളില്‍ ചുവടെ പറയുന്ന എല്ലാ AI സംവിധാനങ്ങളും സംയോജിപ്പിച്ചിരിക്കുന്നു:
•ഇന്റഗ്രേറ്റഡ് കേസ് മാനേജ്‌മെന്റ് & ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (ICMIS)
•കേസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് (CIS) 4.0
•ഇ-ഫയലിംഗ്, വിധി ന്യായം പരിശോധനാ പോര്‍ട്ടലുകള്‍
നിങ്ങള്‍ക്കറിയാമോ?
സുപ്രീം കോടതിയുടെ ഇ-നോട്ടീസുകള്‍, ഇ-കോസ് പട്ടികകള്‍, ഡിജിറ്റല്‍ കേസ് പ്രവേശന ക്ഷമത , കേസുകളുടെ ഓണ്‍ലൈന്‍ നിരീക്ഷണം, ഹൈക്കോടതികള്‍, ഗവണ്‍മെന്റ് വകുപ്പുകള്‍, ജയിലുകള്‍, പോലീസ് സ്‌റ്റേഷനുകള്‍ എന്നിവയുമായി പരസ്പരം ബന്ധിപ്പിക്കല്‍ എന്നിവയെ ഐസിഎംഐഎസ് സംവിധാനം സാധ്യമാക്കുന്നു.
•ഇ-കമ്മിറ്റി സംരംഭത്തിന് കീഴില്‍ വികസിപ്പിച്ചെടുത്ത സിഐഎസ്, നീതിന്യായ സംവിധാനത്തില്‍ സുതാര്യതയും വ്യവഹാര സൗഹൃദവും വര്‍ദ്ധിപ്പിക്കുന്നു. ഹൈക്കോടതികള്‍ക്കും ജില്ലാ കോടതികള്‍ക്കുമായി സിഐഎസ് 4.0 പരിഷ്‌കരിച്ച ഉപയോക്തൃ ഇന്റര്‍ഫേസുകള്‍, ഡാഷ്‌ബോര്‍ഡുകള്‍, മെച്ചപ്പെട്ട കേസ് പരിപാലന സംവിധാനം എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഒറ്റപ്പെട്ടതോ ബാഹ്യമോ ആയ സംവിധാനങ്ങളായിട്ടല്ല, ജുഡീഷ്യല്‍ സ്വാതന്ത്ര്യവും ഭരണഘടനാ ഉത്തരവാദിത്വവും ശക്തിപ്പെടുത്തുന്ന സ്ഥാപനപരമായ അതിരുകള്‍ക്കുള്ളിലാണ് AI പ്രവര്‍ത്തിക്കുന്നതെന്ന് ഇത് ഉറപ്പാക്കുന്നു.
AI-യും ക്രിമിനല്‍ നീതി ആവാസവ്യവസ്ഥയും
ഘടനാപരമായ ഡിജിറ്റല്‍ പരിഷ്‌കാരങ്ങള്‍ക്കൊപ്പം, അന്വേഷണം, തെളിവുകള്‍, പ്രോസിക്യൂഷന്‍, വിധിനിര്‍ണ്ണയം എന്നിവ ഉള്‍ക്കൊള്ളുന്ന ക്രിമിനല്‍ നീതി ആവാസവ്യവസ്ഥയില്‍ AI-യുടെ പങ്ക് വികസിച്ചുകൊണ്ടിരിക്കുന്നു. പോലീസ്, ഫോറന്‍സിക്‌സ്, പ്രോസിക്യൂഷന്‍, ജയിലുകള്‍, കോടതികള്‍ എന്നിവയെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതിലൂടെ, കാലതാമസത്തിനും വിവര വിടവുകള്‍ക്കും കാരണമായ പരസ്പര ഏകോപനമില്ലായ്മ പരിഹരിക്കാന്‍ AI സഹായിക്കുന്നു.
പരസ്പര പ്രവര്‍ത്തനക്ഷമമായ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയില്‍ (ICJS) എഐ യുടെ സാന്നിധ്യം
'ഒരു ഡാറ്റ, ഒരു എന്‍ട്രി' എന്ന തത്വത്തില്‍ പോലീസ്, കോടതികള്‍, ജയിലുകള്‍, ഫോറന്‍സിക് സംവിധാനങ്ങള്‍, പ്രോസിക്യൂഷന്‍ ഡാറ്റാബേസുകള്‍ എന്നിവയെ ഡിജിറ്റലായി ബന്ധിപ്പിക്കുന്ന ICJS-ല്‍ AI- അധിഷ്ഠിത സംവിധാനം നിരവധി ഘടകങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗണ്യമായ അളവില്‍ ക്രിമിനല്‍ കേസ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനും, നടപടിക്രമങ്ങള്‍ നിരീക്ഷിക്കുന്നതിനും ഏജന്‍സികള്‍ തമ്മിലുള്ള വിവര കൈമാറ്റത്തിന്റെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനും AI സഹായിക്കുന്നു.
കോടതികളെ സംബന്ധിച്ചിടത്തോളം, പരിശോധിച്ച എഫ്‌ഐആറുകള്‍, കുറ്റപത്രം, കസ്റ്റഡി നില, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവ വേഗത്തില്‍ ലഭ്യമാക്കുന്നതിലൂടെ നേരിട്ടുള്ള ഫയലുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു. തെളിവുകളുടെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താതെ തന്നെ AI അധിഷ്ഠിത ഡാറ്റ കൈകാര്യം ചെയ്യല്‍ സ്ഥിരതയും സമയക്ലിപ്തതയും മെച്ചപ്പെടുത്തുന്നു.
ക്രിമിനല്‍ വിരലടയാളങ്ങളുടെ കേന്ദ്രീകൃതവും തിരയാന്‍ കഴിയുന്നതുമായ ഒരു ദേശീയ ശേഖരം സൃഷ്ടിക്കുന്നതിനാണ് 1.23 കോടിയിലധികം രേഖകള്‍ ഉള്‍ക്കൊള്ളുന്ന നാഷണല്‍ ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (NAFIS) വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത് പരമ്പരാഗത സമ്പ്രദായങ്ങളെ മാറ്റി രാജ്യവ്യാപകമായി നിയമ നിര്‍വ്വഹണ ഏജന്‍സികളിലുടനീളം കൃത്യവും സമയബന്ധിതവും ഏകീകൃതവുമായ വിരലടയാള അധിഷ്ഠിത തിരിച്ചറിയല്‍ ഉറപ്പാക്കുകയും ചെയ്യുന്നു.
നടപടിക്രമങ്ങളുടെയും തെളിവുകളുടെയും AI- പിന്തുണയുള്ള റെക്കോര്‍ഡിംഗ്
കോടതി നടപടികളുടെ റെക്കോര്‍ഡിംഗും സംരക്ഷണവും AI- അധിഷ്ഠിത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നു. ദൈനംദിന നടപടിക്രമങ്ങള്‍ സിഐഎസിനുള്ളില്‍ ഡിജിറ്റലായി പകര്‍ത്തുന്നു. അതേസമയം തിരഞ്ഞെടുത്ത കോടതികളിലെ വാദം കേള്‍ക്കലുകളുടെ തത്സമയ സ്ട്രീമിംഗ് സുതാര്യത വര്‍ദ്ധിപ്പിക്കുന്നു.
ICJS-ന് കീഴില്‍ അവതരിപ്പിച്ച ന്യായ ശ്രുതി പോലുള്ള ആപ്ലിക്കേഷനുകള്‍ സുരക്ഷിതമായ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വെര്‍ച്വല്‍ രീതിയില്‍ ഹാജരാകലും സാക്ഷ്യങ്ങള്‍ നല്‍കലും സുഗമമാക്കുന്നു. AI- പിന്തുണയുള്ള ശബ്ദ സംവിധാനം വ്യക്തത, തുടര്‍ച്ച, കൃത്യമായ ഡോക്യുമെന്റേഷന്‍ എന്നിവ പ്രത്യേകിച്ച് വിവിധ സ്ഥലങ്ങളിലുടനീളമുള്ള ഒന്നിലധികം പങ്കാളികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ വിചാരണകളില്‍ ഉറപ്പാക്കുന്നു. കൂടാതെ, ഇ-സാക്ഷ്യ പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ തെളിവുകളുടെ ഡിജിറ്റല്‍ റെക്കോര്‍ഡിംഗ് കൃത്യത മെച്ചപ്പെടുത്തുകയും രേഖകളുടെ സമഗ്രതയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.
സ്ഥാപന ഭരണം, സുരക്ഷാ സംവിധാനങ്ങള്‍, നിക്ഷേപങ്ങള്‍
ഘടനാപരമായ മേല്‍നോട്ടം ഉറപ്പാക്കുന്നതിനായി, സുപ്രീം കോടതി ഒരു AI കമ്മിറ്റി രൂപീകരിച്ചു. പിന്നീട് അതിന്റെ ലക്ഷ്യം ശക്തിപ്പെടുത്തുന്നതിനായി പുനഃസംഘടിപ്പിച്ചു. ഒരു സിറ്റിംഗ് സുപ്രീം കോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റി, വിവര്‍ത്തനം, ഗവേഷണ സഹായം, ഓട്ടോമേഷന്‍ തുടങ്ങി നീതിന്യായ സംവിധാനത്തിലെ AI സംരംഭങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും വ്യാപകമായി ഏറ്റെടുക്കുന്നതിന് മുന്‍പ് പൈലറ്റ് പദ്ധതി അവലോകനം ചെയ്യുകയും ചെയ്യുന്നു.
വിശദമായ പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ (DPRകള്‍) അംഗീകരിച്ച പ്രകാരം ഇ-കോര്‍ട്ട്‌സ് പ്രോജക്റ്റ് ഘട്ടം IIIന് കീഴില്‍ മിക്ക AI സംവിധാനങ്ങളും വികസിപ്പിച്ചെടുക്കുന്നു. സുപ്രീം കോടതിയുടെ ഇ-കമ്മിറ്റി നയവും തന്ത്രവും സജ്ജമാക്കുന്നു. അതേസമയം ഹൈക്കോടതികള്‍ ദേശീയ മാനദണ്ഡങ്ങള്‍ക്കുള്ളില്‍ പ്രാദേശിക പൊരുത്തപ്പെടുത്തല്‍ അനുവദിക്കുന്നു.
ഡാറ്റ സ്വകാര്യത, സുരക്ഷ, പക്ഷപാതമില്ലായ്മ എന്നിവ അടങ്ങുന്ന സുരക്ഷാ സംവിധാനങ്ങള്‍ ജുഡീഷ്യറി വ്യക്തമായി അംഗീകരിച്ചിട്ടുണ്ട്. സുരക്ഷിതമായ കണക്റ്റിവിറ്റി, പ്രാമാണീകരണ സംവിധാനങ്ങള്‍, ജുഡീഷ്യല്‍ ഡാറ്റയുടെ സംരക്ഷണം എന്നിവ പരിശോധിക്കുന്നതിന് ഹൈക്കോടതി ജഡ്ജിമാരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന പ്രത്യേക ഉപസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.
നിക്ഷേപങ്ങളുടെയും ശേഷി വര്‍ദ്ധിപ്പിക്കലിന്റെയും കാര്യത്തില്‍, ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ AI യുടെ സംയോജനം ഈ ദിശയിലുള്ള ഗവണ്‍മെന്റിന്റെ സുസ്ഥിരമായ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. 7,210 കോടി രൂപ ചെലവില്‍, AI, ML, ബ്ലോക്ക്‌ചെയിന്‍ എന്നിവയുള്‍പ്പെടെയുള്ള 'ഭാവി സാങ്കേതിക പുരോഗതി'ക്കായി ഇ-കോര്‍ട്ട്‌സ് പ്രോജക്റ്റിന്റെ മൂന്നാം ഘട്ടത്തിനായി, ഫണ്ട് നീക്കിവച്ചിട്ടുണ്ട്.
ഉപസംഹാരം: ഭരണഘടനാപരമായ മനോഭാവമുള്ള സാങ്കേതികവിദ്യ
ഒരു നീണ്ട കോസ് ലിസ്റ്റിന്റെ അവസാനം, ഒരു ജഡ്ജി ഇപ്പോഴും നിര്‍ത്തുന്നു, ശ്രദ്ധിക്കുന്നു, വസ്തുതകള്‍ തൂക്കിനോക്കുന്നു, നിയമം നിര്‍വഹിക്കുന്നു. ആ രീതി മാറിയിട്ടില്ല. മാറിയത് അതിനെ ചുറ്റിപ്പറ്റിയുള്ള കീഴ്‌വഴക്കങ്ങള്‍ കണ്ടെത്താന്‍ എടുക്കുന്ന സമയം, രേഖകള്‍ വേര്‍തിരിക്കാന്‍ ആവശ്യമായ ശ്രമം, ഭാഷയും ലോജിസ്റ്റിക്‌സും മൂലമുണ്ടാകുന്ന കാലതാമസം എന്നിവയാണ്. ജുഡീഷ്യല്‍ തീരുമാനങ്ങളുടെ കാതലായ ഭാഗത്തെ സ്പര്‍ശിക്കാതെ, ഈ ഇടങ്ങളില്‍ സമ്മര്‍ദം കുറച്ചുകൊണ്ട് എ ഐ നിശബ്ദമായി പ്രവര്‍ത്തിക്കുന്നു.
സാങ്കേതിക പരിഷ്‌കാരങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകുമ്പോള്‍, നീതിന്യായ വ്യവസ്ഥയിലെ ഡിജിറ്റല്‍ സങ്കേതങ്ങള്‍ സാങ്കേതികവിദ്യയുടെ ജനാധിപത്യവത്കരണം, എല്ലാ കോടതികളിലേക്കും പ്രവേശനം ഉറപ്പാക്കല്‍; 'എല്ലാവര്‍ക്കും ക്ഷേമം, എല്ലാവര്‍ക്കും സന്തോഷം' എന്നതിനായുള്ള സാങ്കേതികവിദ്യ, പൊതുനന്മ അടിസ്ഥാനമാക്കിയുള്ള നൂതനാശയങ്ങള്‍ തുടങ്ങിയവയാല്‍ കൂടുതലായി രൂപപ്പെടുന്നു; മാനവ രാശിയുടെ അന്തസ്സ്, നീതി, വിശ്വാസം എന്നിവ നിര്‍മിത ബുദ്ധി ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ, കാര്യക്ഷമതയ്ക്കായി സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തിക്കൊണ്ട്, സന്തുലിതവും ഭരണഘടനാപരമായി അടിസ്ഥാനപരവുമായ രീതിയില്‍ AIയെ സംയോജിപ്പിക്കുന്നു. അതേസമയം മനുഷ്യരാല്‍ നേരിട്ട് പുറപ്പെടുവിക്കുന്ന വിധി പരമപ്രധാനമാണെന്ന് ഉറപ്പാക്കുന്നു. ഭരണഘടനാ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ നീതി നടപ്പാക്കലിനെ ശക്തിപ്പെടുത്തുന്ന സൂക്ഷ്മമായ സമീപനമാണിത്.
റഫറന്‍സുകള്‍
നിയമനീതി മന്ത്രാലയം
From Digitisation to Intelligence: How AI is Enhancing Access to Justice in India
(Explainer ID: 157348)
आगंतुक पटल : 6
Provide suggestions / comments