• Skip to Content
  • Sitemap
  • Advance Search
Technology

ഇന്ത്യയിൽ AI യുടെ ജനാധിപത്യവൽക്കരണം

രാജ്യവ്യാപകമായി AI വിഭവങ്ങൾ, ‌നൈപുണ്യം, സാങ്കേതികവിദ്യ എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കൽ

Posted On: 10 FEB 2026 2:36PM

 

 

പ്രധാന വസ്തുതകൾ

  • 38,000-ത്തിലധികം GPU-കൾ മണിക്കൂറിന് വെറും ₹65 നിരക്കിൽ ലഭ്യമാണ്; ഇത് കുറഞ്ഞ ചെലവിൽ AI ഉപയോഗിക്കാനുള്ള അവസരം വർദ്ധിപ്പിക്കുന്നു.
  • ഇന്ത്യയിലെ 99.9% ജില്ലകളിലും 5G സേവനം ലഭ്യമാണ്. ഇത് രാജ്യത്തുടനീളം വിപുലമായ AI ഇൻഫ്രാസ്ട്രക്ചറിന് കരുത്തേകുന്നു.
  • AIKosh 7,500-ലധികം ഡാറ്റാസെറ്റുകളും 273 മോഡലുകളും പങ്കിട്ട ദേശീയ വിഭവങ്ങളായി വാഗ്ദാനം ചെയ്യുന്നു.

ആമുഖം

ഇന്ത്യയുടെ വികസന യാത്രയിലെ ഒരു പ്രധാന സ്തംഭമായി ആർട്ടിഫിഷ്യൽ ഇൻറലിലിജൻസ് (AI) മാറിയിരിക്കുന്നു. ഇത് ഭരണനിർവഹണം ശക്തിപ്പെടുത്തുകയും പൊതുസേവന വിതരണം മെച്ചപ്പെടുത്തുകയും സാധാരണക്കാരിലേക്ക് വൻതോതിൽ എത്തിച്ചേരാവുന്ന പരിഹാരങ്ങൾ സാധ്യമാക്കുകയും ചെയ്യുന്നു. മനുഷ്യരാശിയുടെ പുരോഗതി എപ്പോഴും സാങ്കേതികവിദ്യയാൽ രൂപപ്പെട്ടതാണ്. വൈദ്യുതി ദൈനംദിന ജീവിതത്തെയും ജോലിയെയും മാറ്റിമറിച്ചു. കമ്പ്യൂട്ടറുകൾ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തി. ഇന്റർനെറ്റ് അതിർത്തികൾക്കപ്പുറമുള്ള ആളുകളെയും സംവിധാനങ്ങളെയും ബന്ധിപ്പിച്ചു, മൊബൈൽ ഫോണുകൾ സാങ്കേതികവിദ്യയെ നേരിട്ട് പൗരന്മാരുടെ കൈകളിലെത്തിച്ചു. അടിത്തറകളിൽ നിന്നുകൊണ്ട് എഐ ഇപ്പോൾ കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, ഉൽപ്പാദനം, കാലാവസ്ഥാ സംരക്ഷണം, ഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ മനുഷ്യരോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എഐയുടെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനും എഐയുടെ ജനാധിപത്യവൽക്കരണം അനിവാര്യമാണ്.

ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ആർക്കൊക്കെ ഫലപ്രദമായി നവീകരിക്കാനും മത്സരിക്കാനും ഭരിക്കാനും കഴിയുമെന്ന് നിർണ്ണയിക്കുന്നത് കമ്പ്യൂട്ടിംഗ് പവർ, ഡാറ്റാ ശേഖരണങ്ങൾ, മോഡൽ ഇക്കോസിസ്റ്റങ്ങൾ എന്നിവയിലേക്കുള്ള തുല്യമായ പ്രവേശനമാണ്. ഇന്ത്യയുടെ വികസനാധിഷ്ഠിത സമീപനം എഐ തന്ത്രത്തിൻറെ കേന്ദ്രബിന്ദുവായി ജനാധിപത്യവൽക്കരണത്തെ പ്രതിഷ്ഠിക്കുന്നു. ഇത് വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും പൊതുസ്ഥാപനങ്ങൾക്കും നവീന ആശയങ്ങൾ ഉള്ളവർക്കും പങ്കാളിത്തം ഉറപ്പാക്കുന്നു.

കാഴ്ചപ്പാടിൻറെ തുടർച്ചയായി, 'ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026' ഫെബ്രുവരി 16 മുതൽ 20 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് നടക്കും. ഗ്ലോബൽ സൗത്തിൽ  നടക്കുന്ന ആദ്യത്തെ ആഗോള എഐ ഉച്ചകോടി എന്ന നിലയിൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും എഐയുടെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, സാങ്കേതിക കമ്പനികൾ, വിദഗ്ധർ എന്നിവർ ഇതിൽ ഒത്തുചേരും.

എന്താണ് എഐയുടെ ജനാധിപത്യവൽക്കരണം?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൈവിധ്യമാർന്ന ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ലഭ്യമാകുന്നതും താങ്ങാനാവുന്നതും ലളിതമായി ഉപയോഗിക്കാൻ കഴിയുന്നതുമാക്കുന്നതിനെയാണ് എഐയുടെ ജനാധിപത്യവൽക്കരണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത് കേവലം നിർമ്മിച്ചുകഴിഞ്ഞ ആപ്പുകൾ ലഭ്യമാക്കുന്നതിനും അപ്പുറമാണ്. എഐ നിർമ്മാണത്തിന് ആവശ്യമായ കമ്പ്യൂട്ടിംഗ് പവർ, ഡാറ്റാസെറ്റുകൾ, മോഡൽ ഇക്കോസിസ്റ്റങ്ങൾ തുടങ്ങിയ അടിസ്ഥാന ഘടകങ്ങൾ എല്ലാവർക്കും പ്രാപ്യമാക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. വിഭവങ്ങൾ വലിയ തോതിൽ ലഭ്യമാകുന്നതോടെ, വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എഐ ഉപയോഗിച്ച് കൈവരിക്കാവുന്ന നേട്ടങ്ങളുടെ വ്യാപ്തി വർദ്ധിക്കുന്നു.

സാമ്പത്തിക അവസരങ്ങൾ വിപുലമാക്കുക എന്നതും ജനാധിപത്യവൽക്കരണത്തിന്റെ ലക്ഷ്യമാണ്. ഇന്ത്യയിലെ സാങ്കേതിക-എഐ മേഖലയിലായി 60 ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നു എന്നത് മുന്നേറ്റത്തിന്റെ പ്രതിഫലനമാണ്. 2025 ഒക്ടോബറിൽ പുറത്തിറങ്ങിയ നിതി ആയോഗിന്റെ AI ഫോർ ഇൻക്ലൂസീവ് സോഷ്യൽ ഡെവലപ്‌മെന്റ് റിപ്പോർട്ട്, സേവനങ്ങൾ, വിപണികൾ, സാമ്പത്തിക സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ ഇന്ത്യയിലെ 49 കോടി അസംഘടിത മേഖലയിലെ തൊഴിലാളികളെ ശാക്തീകരിക്കാനുള്ള എഐയുടെ സാധ്യതകളെ അടിവരയിടുന്നു.

ഇന്ത്യയുടെ ഡിജിറ്റൽ തത്വശാസ്ത്രത്തിൽ ഊന്നിയാണ് സമീപനം വികസിപ്പിച്ചിരിക്കുന്നത്. യുപിഐ ഡിജിറ്റൽ പേയ്മെന്റുകളെ എല്ലാവർക്കും പ്രാപ്യമാക്കി. ആധാർ ജനസംഖ്യാടിസ്ഥാനത്തിൽ ഡിജിറ്റൽ ഐഡന്റിറ്റി സാധ്യമാക്കി. തദ്ദേശീയമായ 4G, 5G സാങ്കേതികവിദ്യകൾ സാങ്കേതിക സ്വയംപര്യാപ്തതയ്ക്ക് കരുത്തേകി. അതേ പാത പിന്തുടർന്ന്, സുതാര്യതയ്ക്കും കുറഞ്ഞ ചെലവിനും പ്രാപ്യമായ നവീനാശയങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് എഐ ഇന്ന് സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്കായി പ്രവർത്തിക്കുന്നു.

പൊതുനന്മയ്ക്കായി എഐ ആപ്ലിക്കേഷനുകളുടെ ജനാധിപത്യവൽക്കരണം

എഐ സാങ്കേതികവിദ്യ വലിയ തോതിൽ ജനങ്ങളിലേക്ക് എത്തുമ്പോൾ മാത്രമാണ് അത് മൂല്യവത്താകുന്നത്. എഐ ദൈനംദിന ജീവിതവും പൊതുസേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി വിവിധ മേഖലകളിൽ പ്രായോഗികമായി നടപ്പിലാക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇൻ്റർനെറ്റും മൊബൈൽ ഫോണുകളും വ്യാപകമായ ഉപയോഗത്തിലൂടെ സമൂഹത്തിൽ എങ്ങനെ മാറ്റം വരുത്തിയോ, അതേ പാതയാണ് എഐയും ഇപ്പോൾ പിന്തുടരുന്നത്. ലളിതമായി ഉപയോഗിക്കാൻ കഴിയുന്നതും എല്ലാവർക്കും ലഭ്യമാകുന്നതുമായ ആപ്ലിക്കേഷനുകൾക്ക് മുൻഗണന നൽകുന്നതിലൂടെ, എഐയുടെ ഗുണഫലങ്ങൾ എല്ലാവരെയും ഉൾക്കൊള്ളുന്നതും അളക്കാവുന്നതുമായ രീതിയിൽ പൊതുസമൂഹത്തിന് ലഭിക്കുന്നുണ്ടെന്ന് ഇന്ത്യ ഉറപ്പാക്കുന്നു.

വിവിധ പ്രധാന മേഖലകളിൽ എഐ ആപ്ലിക്കേഷനുകൾ ഇതിനോടകം തന്നെ മാറ്റങ്ങൾ കൊണ്ടുവന്നു തുടങ്ങിയിട്ടുണ്ട്: കാർഷികമേഖലയിൽ കാലാവസ്ഥാ പ്രവചനം, കീടബാധ സാധ്യതകൾ തിരിച്ചറിയുക, ജലസേചനത്തിനും വിതയ്ക്കലിനുമുള്ള നിർദ്ദേശങ്ങൾ നൽകുക എന്നിവയിലൂടെ എഐ കർഷകരെ സഹായിക്കുന്നു. 'കിസാൻ -മിത്ര' പോലുള്ള പ്ലാറ്റ്ഫോമുകൾ സർക്കാർ പദ്ധതികൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുമ്പോൾ നാഷണൽ പെസ്റ്റ് സർവൈലൻസ് സിസ്റ്റം, വിള ആരോഗ്യ നിരീക്ഷണം എന്നിവ സാറ്റലൈറ്റ്-കാലാവസ്ഥാ ഡാറ്റ ഉപയോഗിച്ച് വിളകളെ സംരക്ഷിക്കുകയും കർഷകരുടെ വരുമാനം സുരക്ഷിതമാക്കുകയും ചെയ്യുന്നു.

ആരോഗ്യമേഖലയിൽ രോഗങ്ങൾ നേരത്തെ കണ്ടെത്താനും മെഡിക്കൽ ചിത്രങ്ങൾ വിശകലനം ചെയ്യാനും ടെലിമെഡിസിൻ സേവനങ്ങൾ ശക്തിപ്പെടുത്താനും എഐ സഹായിക്കുന്നു. ഇത് ഗ്രാമീണ മേഖലയിലെ രോഗികളെ വിദഗ്ധ ഡോക്ടർമാരുമായി ബന്ധിപ്പിക്കുകയും ചികിത്സയുടെ ഗുണനിലവാരവും വ്യാപ്തിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഭാഷിണി: എഐയിലൂടെ ഭാഷാതടസ്സങ്ങൾ നീക്കുന്നു

ഇന്ത്യൻ ഭാഷകളിലുടനീളം വിവർത്തനവും സംസാരത്തിലൂടെയുള്ള സേവനങ്ങളും ലഭ്യമാക്കുന്ന ഒരു എഐ അധിഷ്ഠിത പ്ലാറ്റ്ഫോമാണ് ഭാഷിണി. എഴുതാനോ വായിക്കാനോ പ്രയാസമുള്ള പൗരന്മാർക്ക് പോലും ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു.

2022 ജൂലൈയിൽ ആരംഭിച്ച ഭാഷിണി ഇതിനോടകം 12 ലക്ഷത്തിലധികം ആളുകൾ ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.നിലവിൽ 36-ലധികം ഭാഷകളെ പ്ലാറ്റ്ഫോം പിന്തുണയ്ക്കുന്നു. 350-ലധികം എഐ മോഡലുകൾ ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. കൂടാതെ 450-ലധികം സജീവ ഉപഭോക്താക്കളും സേവനം ഉപയോഗിക്കുന്നുണ്ട്.

ദുരന്തനിവാരണ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനും എഐ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മഴ, മൂടൽമഞ്ഞ്, അതിതീവ്ര കാലാവസ്ഥ എന്നിവ പ്രവചിക്കാൻ എഐ ഉപയോഗിക്കുന്നു. ചുഴലിക്കാറ്റുകളുടെ തീവ്രത വിലയിരുത്താൻ 'അഡ്വാൻസ്ഡ് ഡ്വോറക് ടെക്നിക്' പോലുള്ള സംവിധാനങ്ങൾ സഹായിക്കുമ്പോൾ, തത്സമയ നിർദ്ദേശങ്ങൾ നൽകുന്നതിനായി 'മൗസം ജിപിടി' വികസിപ്പിച്ചുവരുന്നു.

വ്യാപകമായ എഐ ഉപയോഗം ഇന്ത്യയുടെ നൂതനാശയ രംഗത്തും പ്രകടമാണ്. 2026 ജനുവരിയിലെ കണക്കനുസരിച്ച്, രണ്ട് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളുമായി ആഗോളതലത്തിൽ ഏറ്റവും മികച്ച മൂന്ന് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിൽ ഒന്നായി ഇന്ത്യ നിലകൊള്ളുന്നു. ഇതിൽ ഏകദേശം 90 ശതമാനം സ്റ്റാർട്ടപ്പുകളും ഏതെങ്കിലും തരത്തിൽ എഐ അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. രാജ്യത്തുടനീളമുള്ള പ്രശ്നപരിഹാര മാർഗങ്ങളിലും പുതിയ കണ്ടെത്തലുകളിലും എഐ എത്രത്തോളം ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എഐ ഇൻഫ്രാസ്ട്രക്ചറിന്റെ ജനാധിപത്യവൽക്കരണം

എഐ ജനാധിപത്യവൽക്കരിക്കണമെങ്കിൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് കരുത്തേകുന്ന അടിസ്ഥാന സൗകര്യങ്ങൾ സുതാര്യവും താങ്ങാനാവുന്നതും എല്ലാവർക്കും ലഭ്യമാകുന്നതുമാണെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആപ്ലിക്കേഷനുകൾ, മോഡലുകൾ, കമ്പ്യൂട്ടിംഗ്, ഇൻഫ്രാസ്ട്രക്ചർ, ഊർജ്ജം എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ സമഗ്രമായ 'എഐ സ്റ്റാക്ക്' ആണ് സമീപനത്തിന് വഴികാട്ടുന്നത്. ഇവയെ പരസ്പരബന്ധിതമായ ദേശീയ ശേഷികളായാണ് ഇന്ത്യ കാണുന്നത്. അഞ്ച് വർഷത്തേക്ക് 10,371.92 കോടി രൂപ സാമ്പത്തിക വിഹിതത്തോടെ 2024 മാർച്ചിൽ അംഗീകരിച്ച 'ഇന്ത്യ എഐ മിഷൻ' ലക്ഷ്യത്തിലേക്കുള്ള അടിത്തറ പാകുകയാണ്. എഐ സേവനങ്ങൾ ലഭ്യമാക്കുക, ഡാറ്റയുടെ ലഭ്യത ഉറപ്പാക്കുക, പൊതുനന്മയ്ക്കായി എഐ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ പ്രാപ്തമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഡാറ്റാസെറ്റുകളും മോഡലുകളും ലഭ്യമാക്കൽ

ഉയർന്ന നിലവാരമുള്ള ഡാറ്റാസെറ്റുകളും വീണ്ടും ഉപയോഗിക്കാവുന്ന മോഡലുകളും ലഭ്യമാക്കുക എന്നത് എഐ ജനാധിപത്യവൽക്കരണത്തിന്റെ പ്രധാന ചാലകശക്തിയാണ്. കാര്യങ്ങൾ തുടക്കം മുതൽ നിർമ്മിക്കുന്നതിന് പകരം, തയ്യാറായിട്ടുള്ള ഡാറ്റയും മോഡലുകളും ഉപയോഗിച്ച് പ്രവർത്തിക്കാൻ ദേശീയ പ്ലാറ്റ്ഫോമുകൾ ഡെവലപ്പർമാരെ പ്രാപ്തരാക്കുന്നു. ശ്രമങ്ങൾക്ക് കരുത്തുപകരുന്നത് എഐ ഡാറ്റാസെറ്റുകൾക്കും മോഡലുകൾക്കുമായുള്ള ദേശീയ പ്ലാറ്റ്ഫോമായ 'AIKosh' ആണ്. ഇത് ഗവൺമെന്റ്, ഇതര ഗവൺമെന്റ് സ്രോതസ്സുകളിൽ നിന്നുള്ള ഡാറ്റാസെറ്റുകൾ ഒരുമിച്ച് കൊണ്ടുവരികയും വിവിധ മേഖലകൾക്കായി ലഭ്യമാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്നത് നവീകരണ പ്രക്രിയ വേഗത്തിലാക്കാനും കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനും സഹായിക്കുന്നു.

AIKosh: ഇന്ത്യയുടെ പൊതു എഐ വിഭവ പ്ലാറ്റ്ഫോം

2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, AIKosh 20 മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 7,541 ഡാറ്റാസെറ്റുകളും 273 എഐ മോഡലുകളും ഒരൊറ്റ ദേശീയ പ്ലാറ്റ്ഫോമിൽ ഒരുമിച്ച് കൊണ്ടുവരുന്നു. 2025 ഡിസംബറായപ്പോഴേക്കും പ്ലാറ്റ്ഫോമിൽ 3.85 ലക്ഷത്തിലധികം സന്ദർശനങ്ങളും, 11,000 രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും, 26,000 ഡൗൺലോഡുകളും രേഖപ്പെടുത്തിയിട്ടുണ്ട്

ഡാറ്റാ ലഭ്യതയ്ക്കൊപ്പം, ഇന്ത്യൻ വിവരങ്ങളും ഭാഷകളും ഉപയോഗിച്ച് പരിശീലിപ്പിച്ച വലിയ മൾട്ടിമോഡൽ എഐ മോഡലുകൾ ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്നുണ്ട്. സമീപനം സാങ്കേതികമായ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നതോടൊപ്പം പ്രാദേശിക ആവശ്യങ്ങൾ വലിയ തോതിൽ നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. 'ഇന്ത്യ എഐ മിഷന്റെ' കീഴിൽ ഇതിനായി 500-ലധികം നിർദ്ദേശങ്ങൾ ലഭിക്കുകയും ആദ്യ രണ്ട് ഘട്ടങ്ങളിലായി 12 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കുകയും ചെയ്തു. സർവം എഐ, സോക്കറ്റ് എഐ, ജ്ഞാനി എഐ, ഗാൻ എഐ, അവതാർ എഐ, ഐഐടി ബോംബെ നേതൃത്വം നൽകുന്ന ഭാരത്ജെൻ, സെൻടെയിക്, ജെൻ ലൂപ്പ്, ഇൻ്റലിഹെൽത്ത്, ശോധ് എഐ, ഫ്രാക്റ്റൽ അനലിറ്റിക്സ്, ടെക് മഹീന്ദ്ര മേക്കേഴ്സ് ലാബ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കമ്പ്യൂട്ടിംഗ് സൗകര്യങ്ങൾ ലഭ്യമാക്കൽ

കമ്പ്യൂട്ടിംഗ് പവറിന്റെ പരിമിതമായ ലഭ്യത ചരിത്രപരമായി എഐ വികസനത്തെ ചില വലിയ സ്ഥാപനങ്ങളിൽ മാത്രമായി ഒതുക്കി നിർത്തിയിരുന്നു. സബ്സിഡി നിരക്കിലുള്ളതും പൊതുവായി ഉപയോഗിക്കാവുന്നതുമായ കമ്പ്യൂട്ടിംഗ് വിഭവങ്ങളിലൂടെ തടസ്സം നീക്കം ചെയ്യപ്പെടുകയാണ്. 'ഇന്ത്യ എഐ മിഷന്റെ' കീഴിൽ, 38,000-ത്തിലധികം ഹൈ-എൻഡ് ജിപിയു-കൾ ഇതിനോടകം സജ്ജീകരിച്ചിട്ടുണ്ട്. ഇവ മണിക്കൂറിന് വെറും 65 രൂപ നിരക്കിൽ ലഭ്യമാണ്; ഇത് ആഗോള ശരാശരി ചെലവിന്റെ ഏകദേശം മൂന്നിലൊന്ന് മാത്രമാണ്. കൂടാതെ, അത്യാധുനിക എഐ പ്രോസസ്സിംഗ് ശേഷികൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനായി 1,050 ടിപിയു-കളും ലഭ്യമാക്കിയിട്ടുണ്ട്.

എന്താണ് ജിപിയു-കളും (GPUs) ടിപിയു-കളും (TPUs)?

ജിപിയു അഥവാ ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റ് സാധാരണ പ്രോസസ്സറുകളേക്കാൾ വേഗത്തിൽ ചിന്തിക്കാനും ചിത്രങ്ങൾ വിശകലനം ചെയ്യാനും  എഐ പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനും സങ്കീർണ്ണമായ ജോലികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യാനും കമ്പ്യൂട്ടറുകളെ സഹായിക്കുന്ന കരുത്തുറ്റ ചിപ്പുകളാണ.

ടിപിയു അഥവാ ടെൻസർ പ്രോസസിംഗ് യൂണിറ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രവർത്തനങ്ങൾക്കായി മാത്രം പ്രത്യേകം രൂപകൽപ്പന ചെയ്ത ചിപ്പുകളാണ്. എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ വലിയ അളവിലുള്ള വിവരങ്ങൾ വളരെ വേഗത്തിൽ കൈകാര്യം ചെയ്യാൻ ടിപിയു സഹായിക്കുന്നു.

നാഷണൽ സൂപ്പർകമ്പ്യൂട്ടിംഗ് മിഷൻ വഴി അതിവേഗ കമ്പ്യൂട്ടിംഗ് സൗകര്യങ്ങളും ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്. ഐഐടികൾ, ഐസറുകൾ, മറ്റ് ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലുടനീളമായി 40 പെറ്റാഫ്ലോപ്സ് ശേഷിയുള്ള സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. പരം സിദ്ധി-എഐ, ഐരാവത് തുടങ്ങിയ സംവിധാനങ്ങൾ ഭാഷാ വിശകലനം, കാലാവസ്ഥാ പ്രവചനം, മരുന്ന് കണ്ടെത്തൽ തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്കായി പൊതുവായി ഉപയോഗിക്കാവുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു.

ചിപ്പുകളും സെമികണ്ടക്ടർ ശേഷികളും ലഭ്യമാക്കൽ

കമ്പ്യൂട്ടിംഗ് സൗകര്യങ്ങളുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള ജനാധിപത്യവൽക്കരണം ആഭ്യന്തര ചിപ്പ് നിർമ്മാണ ശേഷിയെ ആശ്രയിച്ചിരിക്കുന്നു. എഐ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും വിദേശ വിതരണ ശൃംഖലകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ഇന്ത്യ തങ്ങളുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുകയാണ്. 76,000 കോടി രൂപ വിഹിതമുള്ള 'ഇന്ത്യ സെമികണ്ടക്ടർ മിഷൻ' (ISM), നിർമ്മാണം, രൂപകൽപ്പന, നൈപുണ്യ വികസനം എന്നിവയെ പിന്തുണയ്ക്കുന്നു. 2025 ഡിസംബറിലെ കണക്കനുസരിച്ച്, 6 സംസ്ഥാനങ്ങളിലായി ഏകദേശം 1.60 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള 10 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ഇന്ത്യയുടെ ചിപ്പ് വിപണി 2030-ഓടെ 100 മുതൽ 110 ബില്യൺ ഡോളർ വരെയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2026–27 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച 'ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0' ദിശയിലുള്ള മറ്റൊരു ചുവടുവെപ്പാണ്. 2026–27 സാമ്പത്തിക വർഷത്തേക്ക് ഇതിനായി 1,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. വ്യവസായ അധിഷ്ഠിത ഗവേഷണങ്ങൾക്കും പരിശീലന കേന്ദ്രങ്ങൾക്കുമാണ് ഘട്ടത്തിൽ കൂടുതൽ മുൻഗണന നൽകുന്നത്. സാങ്കേതിക വിദ്യയുടെ വികാസം ആഴത്തിലാക്കാനും ഭാവിയിലേക്കാവശ്യമായ നൈപുണ്യമുള്ള ഒരു തൊഴിൽസേനയെ കെട്ടിപ്പടുക്കാനും ഘട്ടം ലക്ഷ്യമിടുന്നു. ഇത് ഇന്ത്യയിൽ എളുപ്പത്തിൽ ലഭ്യമാകുന്നതും കരുത്തുറ്റതുമായ എഐ കമ്പ്യൂട്ടിംഗ് അടിത്തറയെ ശക്തിപ്പെടുത്തും.

ഡാറ്റാ സെന്ററുകളും കണക്റ്റിവിറ്റിയും ലഭ്യമാക്കൽ

എഐ (AI) സാങ്കേതികവിദ്യ വ്യാപകമായി വിന്യസിക്കുന്നതിന് വിപുലമായ ഡാറ്റാ സെന്ററുകളും വിശ്വസനീയമായ കണക്റ്റിവിറ്റിയും അത്യന്താപേക്ഷിതമാണ്. അഞ്ചാം തലമുറ (5G) മൊബൈൽ സേവനങ്ങൾ ഇപ്പോൾ ഇന്ത്യയിലെ 99.9 ശതമാനം ജില്ലകളിലും ലഭ്യമാണ്, ഇത് ജനസംഖ്യയുടെ 85 ശതമാനത്തെയും ഉൾക്കൊള്ളുന്നു. 2025 ഒക്ടോബറിലെ കണക്കനുസരിച്ച്, രാജ്യത്തുടനീളം 5.08 ലക്ഷം 5G ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ (BTS) സ്ഥാപിച്ചുകഴിഞ്ഞു.

വർദ്ധിച്ചുവരുന്ന ഡിജിറ്റലൈസേഷൻ, ക്ലൗഡ് അഡോപ്ഷൻ, ഗവൺമെന്റ്-വ്യവസായ മേഖലകളിലെ എഐ ഉപയോഗം എന്നിവ കാരണം ഇന്ത്യയുടെ ഡാറ്റാ സെന്റർ ഇക്കോസിസ്റ്റം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ ക്ലൗഡ് ഡാറ്റാ സെന്റർ ശേഷി ഏകദേശം 1,280 മെഗാവാട്ട് (MW) ആണ്. ഇത് ബാങ്കിംഗ്, വൈദ്യുതി, പൊതു ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ നിർണ്ണായക മേഖലകളെ പിന്തുണയ്ക്കുന്നു. 2030-ഓടെ ശേഷി 4 മുതൽ 5 മടങ്ങ് വരെ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വർദ്ധിച്ചുവരുന്ന മൊബൈൽ കവറേജും ഡാറ്റാ സെന്റർ ഇക്കോസിസ്റ്റത്തിന്റെ വികാസവും വിദൂര പ്രദേശങ്ങളിലുള്ള സാധാരണക്കാർക്ക് പോലും ഡാറ്റാ സെന്ററുകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങളും ആപ്ലിക്കേഷനുകളും ഉപയോഗിക്കാനും അവയുടെ നിർമ്മാണത്തിൽ പങ്കാളികളാകാനുമുള്ള അവസരമൊരുക്കും.

ആഗോള നിക്ഷേപങ്ങൾ ഇന്ത്യയുടെ എഐ (AI) ഇൻഫ്രാസ്ട്രക്ചറിനെ ശക്തിപ്പെടുത്തുന്നു

ഇന്ത്യയുടെ എഐ ഇക്കോസിസ്റ്റം വൻതോതിലുള്ള ആഗോള നിക്ഷേപങ്ങളെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഗിൾ വിശാഖപട്ടണത്ത് 15 ബില്യൺ ഡോളറിന്റെ എഐ ഹബ്ബ് സ്ഥാപിക്കുന്നു; ആമസോൺ വെബ് സർവീസസ് (AWS) മഹാരാഷ്ട്രയിലെ ഡാറ്റാ സെന്ററിനായി 8.3 ബില്യൺ ഡോളർ നിക്ഷേപിക്കുന്നു.

ലോകത്തിലെ മൊത്തം ഡാറ്റയുടെ ഏകദേശം 20 ശതമാനവും ഇന്ത്യയിലാണ് ഉള്ളത്, എന്നാൽ ആഗോളതലത്തിലെ ഡാറ്റാ സെന്റർ ശേഷിയുടെ കേവലം 3 ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. മികച്ച കടലിനടിയിലുള്ള കേബിൾ ശൃംഖലയുടെയും അനുകൂലമായ നയങ്ങളുടെയും പിന്തുണയോടെ, ഇന്ത്യയിലെ ആകെ ഡാറ്റാ ശേഷിയുടെ 25 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന മുംബൈയും നവി മുംബൈയുമാണ് രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ ഹബ്ബ്.ബെംഗളൂരുവും ഹൈദരാബാദും രാജ്യത്തെ ശേഷിയുടെ ഏകദേശം 22 ശതമാനം വീതം കൈകാര്യം ചെയ്യുന്നു. ചെന്നൈ 13 ശതമാനവും, ഡൽഹി എൻസിആർ (NCR) മേഖല 14 ശതമാനവും സംഭാവന ചെയ്യുന്നു. പുണെ, കൊൽക്കത്ത എന്നീ നഗരങ്ങൾ യഥാക്രമം 6 ശതമാനം, 3 ശതമാനം എന്നിങ്ങനെയാണ് പങ്കുവഹിക്കുന്നത്. ഇന്ത്യയുടെ ഡാറ്റാ സെന്റർ മേഖല വിവിധ പ്രദേശങ്ങളിലായി സ്ഥിരതയോടെ വികസിച്ചുകൊണ്ടിരിക്കുകയാണ്.

വിശ്വസനീയവും സുസ്ഥിരവുമായ ഊർജ്ജലഭ്യത

എല്ലാ എഐ (AI) ഇൻഫ്രാസ്ട്രക്ചറുകളുടെയും അടിസ്ഥാനം വിശ്വസനീയമായ ഊർജ്ജ വിതരണമാണ്. എഐ ഡാറ്റാ സെന്ററുകൾക്ക് വലിയ അളവിൽ ഊർജ്ജം ആവശ്യമായതിനാൽ, സുസ്ഥിരതയും സ്ഥിരതയും ഇതിൽ അത്യന്താപേക്ഷിതമാണ്. ഇന്ത്യയുടെ ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റം ആവശ്യകതയെ പിന്തുണയ്ക്കുന്നു. പാരിസ് ഉടമ്പടി പ്രകാരം 2030-ഓടെ കൈവരിക്കേണ്ടിയിരുന്ന ലക്ഷ്യം അഞ്ച് വർഷം മുമ്പേ, അതായത് 2025 ജൂണിൽ തന്നെ ഇന്ത്യ സ്വന്തമാക്കിരാജ്യത്തെ ആകെ വൈദ്യുതി ശേഷിയുടെ 50 ശതമാനവും ഫോസിൽ ഇതര ഇന്ധന സ്രോതസ്സുകളിൽ നിന്നാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. 2025 നവംബറായപ്പോഴേക്കും പുനരുപയോഗ ഊർജ്ജ ശേഷി 253.96 GW ആയി ഉയർന്നു. ഇത് 2024 നവംബറിനെ അപേക്ഷിച്ച് 23 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 2025- മാത്രം ഇന്ത്യ റെക്കോർഡ് അളവായ 44.5 GW പുനരുപയോഗ ഊർജ്ജ ശേഷി കൂട്ടിച്ചേർത്തു.

സ്ഥിരവും തടസ്സമില്ലാത്തതുമായ വൈദ്യുതി നൽകുന്നതിൽ ആണവോർജ്ജവും പ്രധാന പങ്ക് വഹിക്കുന്നു. ശാന്തി ആക്ട് 2025, ആണവ മേഖലയെ ആധുനികവൽക്കരിക്കാനും പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും വിദേശ നിക്ഷേപം സാധ്യമാക്കാനും ലക്ഷ്യമിടുന്നു. നിലവിൽ ഇന്ത്യയുടെ ആണവോർജ്ജ ശേഷി 8.78 GW ആണ്. തദ്ദേശീയമായ 700 MW, 1000 MW റിയാക്ടറുകളുടെ വികസനത്തിലൂടെയും അന്താരാഷ്ട്ര സഹകരണത്തിലൂടെയും ഇത് 2031–32 ഓടെ 22.38 GW ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാറ്റ, കമ്പ്യൂട്ടിംഗ്, ചിപ്പുകൾ, കണക്റ്റിവിറ്റി, ഊർജ്ജം എന്നിവയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിലൂടെ, എഐ ശേഷികൾ രാജ്യത്തുടനീളമുള്ള ഗവേഷകർക്കും സ്ഥാപനങ്ങൾക്കും ലഭ്യമാണെന്ന് ഇന്ത്യ ഉറപ്പാക്കുന്നു.

എഐ (AI) ജനാധിപത്യവൽക്കരണത്തിനായുള്ള നിയന്ത്രണ-നയ പരിസ്ഥിതി

എഐ ഇൻഫ്രാസ്ട്രക്ചർ ജനാധിപത്യവൽക്കരിക്കുന്നതിന് പിന്തുണയേകുന്ന നിയന്ത്രണങ്ങളും നയ ചട്ടക്കൂടുകളും അത്യന്താപേക്ഷിതമാണ്. സുരക്ഷ, കുറഞ്ഞ ചെലവ്, പൊതു ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്നതോടൊപ്പം എഐ സേവനങ്ങൾ ലഭ്യമാക്കുന്ന വിശ്വസനീയമായ ഡിജിറ്റൽ അടിത്തറ കെട്ടിപ്പടുക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഗവൺമെന്റ് ക്ലൗഡും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും: ഇന്ത്യാ ഗവൺമെന്റിന്റിന്റെ ക്ലൗഡ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കീഴിൽ 'മേഘ്രാജ്' എന്ന ജിഐ ക്ലൗഡ് സ്ഥാപിച്ചു. ഐടി മന്ത്രാലയത്തിന്റെ (MeitY) പിന്തുണയോടെ പ്രവർത്തിക്കുന്ന ഇത് -ഗവേണൻസ് സേവനങ്ങൾക്കായി സുരക്ഷിതവും വിപുലീകരിക്കാവുന്നതുമായ ക്ലൗഡ് സേവനങ്ങൾ നൽകുന്നു. ഉപയോഗത്തിനനുസരിച്ച് പണമടയ്ക്കുന്ന രീതി, വേഗത്തിലുള്ള വിന്യാസം എന്നിവ എഐ നടപ്പിലാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങളും ചെലവും കുറയ്ക്കുന്നു. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (NIC) സേവനങ്ങൾ വിവിധ സർക്കാർ വിഭാഗങ്ങൾക്ക് നൽകുന്നു. 2025 ഡിസംബറിലെ കണക്കനുസരിച്ച്, 2,170 മന്ത്രാലയങ്ങളും വകുപ്പുകളും മേഘ്രാജിൽ തങ്ങളുടെ ആപ്ലിക്കേഷനുകൾ വിന്യസിച്ചുകഴിഞ്ഞു. ഇത് പൊതുസേവനങ്ങളിൽ എഐയുടെ വ്യാപകമായ ഉപയോഗത്തിന് വഴിയൊരുക്കുന്നു.

ഡാറ്റാ ഗവേണൻസും നിയമപരമായ പിന്തുണയും: സുതാര്യതയും സുരക്ഷയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതാണ് ഇന്ത്യയുടെ ഡാറ്റാ ഗവേണൻസ് ചട്ടക്കൂട്. 2012-ലെ നാഷണൽ ഡാറ്റാ ഷെയറിംഗ് ആൻഡ് ആക്സസിബിലിറ്റി പോളിസിക്ക് കീഴിൽ 2017- അവതരിപ്പിച്ച 'ഗവൺമെന്റ് ഓപ്പൺ ഡാറ്റാ ലൈസൻസ് ഇന്ത്യ', സ്വകാര്യരഹിതമായ പൊതുവിവരങ്ങൾ വീണ്ടും ഉപയോഗിക്കാൻ അനുമതി നൽകുന്നു. data.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഗവൺമെന്റ് ഡാറ്റാസെറ്റുകൾ ഉപയോഗിച്ച് എഐ പരിഹാരങ്ങൾ വികസിപ്പിക്കാൻ ഇത് ഗവേഷകരെയും ഡെവലപ്പർമാരെയും സഹായിക്കുന്നു. അതേസമയം, 2023-ലെ ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ (DPDP) ആക്ട് വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നു. ഡാറ്റ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിലൂടെ ഇത് വിശ്വാസ്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുന്നു.

നടപടികൾ ഒത്തുചേരുന്നതിലൂടെ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് തന്നെ ഡാറ്റയിലേക്കുള്ള പ്രവേശനം വിപുലീകരിക്കാനും, എഐ ഇൻഫ്രാസ്ട്രക്ചർ വളരുന്നതിന് സുസ്ഥിരമായ ഒരു സാഹചര്യം ഒരുക്കാനും ഇന്ത്യക്ക് സാധിക്കുന്നു.

വിദ്യാഭ്യാസം, നൈപുണ്യ വികസനം, എഐ (AI) സാക്ഷരത

എഐയുടെ ജനാധിപത്യവൽക്കരണം സാങ്കേതികവിദ്യയെപ്പോലെ തന്നെ മനുഷ്യരെയും ആശ്രയിച്ചിരിക്കുന്നു. എഐ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനും യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കാനായി അത് പ്രയോഗിക്കാനും അറിവും നൈപുണ്യവുമുള്ള ഒരു തൊഴിൽസേന അത്യാവശ്യമാണ്. സ്കൂൾ വിദ്യാഭ്യാസം മുതൽ ഉന്നത ഗവേഷണം വരെ എല്ലാ തലങ്ങളിലും പഠന സൗകര്യങ്ങൾ ഒരുക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

  • സെന്റർ ഓഫ് എക്സലൻസ് (CoE): ഗവേഷണാധിഷ്ഠിത നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യം, കൃഷി, സുസ്ഥിര നഗരങ്ങൾ എന്നീ മേഖലകളിൽ സർക്കാർ 'സെന്റർ ഓഫ് എക്സലൻസ്' സ്ഥാപിച്ചു. വിദ്യാഭ്യാസ മേഖലയ്ക്കായുള്ള നാലാമത്തെ കേന്ദ്രം 2025-ലെ ബജറ്റിൽ പ്രഖ്യാപിച്ചു. കൂടാതെ, യുവാക്കളെ വ്യവസായത്തിന് അനുയോജ്യമായ എഐ നൈപുണികൾ  പഠിപ്പിക്കുന്നതിനായി അഞ്ച് ദേശീയ നൈപുണ്യ വികസന കേന്ദ്രങ്ങളും (National Centres of Excellence for Skilling) സജ്ജമാക്കിയിട്ടുണ്ട്.
  • സ്കില്ലിംഗ് ഫോർ എഐ റെഡിനസ്  സോർ (SOAR): 2025 ജൂലൈയിൽ നൈപുണ്യ വികസന മന്ത്രാലയം ആരംഭിച്ച പദ്ധതി 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും ലക്ഷ്യമിടുന്നു. ഇതിൽ എഐയുടെ ധാർമ്മികമായ ഉപയോഗം, മെഷീൻ ലേണിംഗ് തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക കോഴ്സുകൾ ലഭ്യമാണ്.
  • തൊഴിലധിഷ്ഠിത പരിശീലനം: ക്രാഫ്റ്റ്സ്മെൻ ട്രെയിനിംഗ് സ്കീമിന് കീഴിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇൻഡസ്ട്രിയൽ റോബോട്ടിക്സ് തുടങ്ങിയ 31 പുതിയ കോഴ്സുകൾ ഐടിഐകളിലൂടെയും (ITI) നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെയും രാജ്യവ്യാപകമായി നൽകിവരുന്നു.
  • യുവാക്കൾക്കായി 'യുവൈ' (YUVAi): 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് എഐ സാങ്കേതികവിദ്യയും സാമൂഹിക നൈപുണികളും  പകർന്നുനൽകുന്നതിനായി 2022 നവംബറിൽ ആരംഭിച്ച പദ്ധതിയാണിത്. കൃഷി, ആരോഗ്യം, പരിസ്ഥിതി തുടങ്ങി എട്ട് പ്രധാന മേഖലകളിൽ എഐ എങ്ങനെ പ്രയോഗിക്കാം എന്ന് പദ്ധതിയിലൂടെ പഠിപ്പിക്കുന്നു.
  • ഗവൺമെന്റ് ഉദ്യോഗസ്ഥർക്കുള്ള എഐ പരിശീലനം: ഭരണനിർവഹണത്തിലും നയരൂപീകരണത്തിലും എഐ പ്രയോഗിക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ഒരു 'എഐ കോംപിറ്റൻസി ഫ്രെയിംവർക്ക്' രൂപീകരിച്ചു.
  • ഇന്ത്യ എഐ മിഷന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസവും ഗവേഷണവും: മിഷൻ 500 പിഎച്ച്ഡി സ്കോളർമാർക്കും 5,000 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും 8,000 ബിരുദ വിദ്യാർത്ഥികൾക്കും ഫെലോഷിപ്പുകളും അടിസ്ഥാന സൗകര്യങ്ങളും നൽകുന്നു. രണ്ടാം നിര (Tier 2), മൂന്നാം നിര (Tier 3) നഗരങ്ങളിൽ ഡാറ്റാ-എഐ ലബോറട്ടറികൾ സ്ഥാപിച്ചുവരികയാണ്. ഇതിനകം NIELITയും വ്യവസായ പങ്കാളികളുമായിച്ചേർന്ന്  31 ലാബുകൾ പ്രവർത്തനമാരംഭിച്ചു; 174 ഐടിഐകളിലും പോളിടെക്നിക്കുകളിലും കൂടുതൽ ലാബുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

പ്രവർത്തനങ്ങൾ ഒത്തുചേരുന്നതിലൂടെ ഇന്ത്യയിലെ എഐ ആവാസവ്യവസ്ഥയിൽ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വളർച്ചയ്ക്കായി മികച്ചൊരു പ്രതിഭാശൃംഖല (Talent pipeline) രൂപപ്പെടുകയും രാജ്യത്തെ എഐ സാക്ഷരത ശക്തിപ്പെടുകയും ചെയ്യുന്നു.

 എഐ വിഭവങ്ങളുടെ ജനാധിപത്യവൽക്കരണത്തിനായുള്ള ആഗോള സഹകരണം

പല രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് 'ഗ്ലോബൽ സൗത്തിൽ' (Global South), എഐയുടെ ജനാധിപത്യവൽക്കരണം എന്നത് ഡാറ്റ, കമ്പ്യൂട്ടിംഗ്, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ അടിസ്ഥാന വിഭവങ്ങൾ ന്യായമായ വിലയിൽ ലഭ്യമാകുന്നതിനെ ആശ്രയിച്ചിരിക്കുന്നു. വെല്ലുവിളി നേരിടുന്നതിന് ഏകോപിതമായ ആഗോള സഹകരണം ആവശ്യമാണ്. 'ഇന്ത്യ-എഐ ഇംപാക്ട് സമ്മിറ്റ് 2026' ഇതിനായി ഒരു പൊതുവേദി ഒരുക്കുന്നു. 15 മുതൽ 20 വരെ ഭരണത്തലവന്മാരും, 50-ലധികം അന്താരാഷ്ട്ര മന്ത്രിമാരും, നൂറിലധികം ആഗോള-ഇന്ത്യൻ സിഇഒമാരും (CXO) ഇതിൽ പങ്കുചേരും.

ഉച്ചകോടിയിലെ ചർച്ചകൾ ഏഴ് തീമുകളിലായി വിഭജിക്കപ്പെട്ട 'ചക്രങ്ങൾ' (Chakras) അഥവാ വർക്കിംഗ് ഗ്രൂപ്പുകളിലൂടെയാണ് നടക്കുന്നത്. ഇതിൽ 'എഐ വിഭവങ്ങളുടെ ജനാധിപത്യവൽക്കരണം' എന്ന വർക്കിംഗ് ഗ്രൂപ്പ് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യ, ഈജിപ്ത്, കെനിയ എന്നിവർ സംയുക്തമായി നേതൃത്വം നൽകുന്ന ഗ്രൂപ്പ്, വിഭവങ്ങൾ പങ്കുവെക്കുന്നതിലൂടെയും സഹകരണത്തിലൂടെയും കൂടുതൽ ഉൾക്കൊള്ളുന്നതും സന്തുലിതവുമായ ഒരു ആഗോള എഐ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാൻ രാജ്യങ്ങളെയും പങ്കാളികളെയും ഒന്നിപ്പിക്കുന്നു.

അത്യാവശ്യമായ എഐ വിഭവങ്ങൾ എല്ലാവർക്കും പ്രാപ്യമാകുന്നതും താങ്ങാനാവുന്നതുമാണെന്ന് ഉറപ്പുവരുത്താൻ വർക്കിംഗ് ഗ്രൂപ്പ് പരിശ്രമിക്കുന്നു. ഇതിലൂടെ എല്ലാ രാജ്യങ്ങൾക്കും തങ്ങളുടെ ദേശീയ മുൻഗണനകൾക്ക് അനുസൃതമായി എഐയുടെ വികസനത്തിലും വിന്യാസത്തിലും അർത്ഥവത്തായ രീതിയിൽ പങ്കുചേരാൻ സാധിക്കും.

വർക്കിംഗ് ഗ്രൂപ്പിന്റെ ലക്ഷ്യങ്ങൾ:

  • എഐ (AI) വിഭവങ്ങൾ ആഗോള പൊതുസ്വത്തായി കണ്ട് അവയുടെ ലഭ്യതയും കുറഞ്ഞ ചെലവും ഉറപ്പാക്കുക.
  • വികേന്ദ്രീകൃതമായ എഐ ഇൻഫ്രാസ്ട്രക്ചർ കെട്ടിപ്പടുക്കുന്നതിനും നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി അന്താരാഷ്ട്ര സഹകരണം സുഗമമാക്കുക.
  • പ്രാദേശികമായ എഐ ഇക്കോസിസ്റ്റങ്ങളെ ശക്തിപ്പെടുത്തുന്നതിനായി നൈപുണ്യ വികസനത്തെയും അറിവ് പങ്കുവെക്കുന്നതിനെയും പിന്തുണയ്ക്കുക.

 

തുല്യമായ പ്രവേശനം, സഹകരണം, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, എല്ലാ രാജ്യങ്ങൾക്കും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനുമായി എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു ഭാവി ഉറപ്പാക്കാൻ വർക്കിംഗ് ഗ്രൂപ്പ് പരിശ്രമിക്കുന്നു.

ഉപസംഹാരം

എഐയുടെ ജനാധിപത്യവൽക്കരണത്തിൽ ഇന്ത്യ സ്വീകരിക്കുന്ന സമീപനം സാങ്കേതികവിദ്യയുടെ വ്യാപ്തിയും എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയും നവീകരണവും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകാമെന്ന് തെളിയിക്കുന്നു. കുറഞ്ഞ ചെലവ്, സുതാര്യത, വിശ്വാസ്യത എന്നിവയിലൂന്നിയുള്ള പ്രവർത്തനം എഐയുടെ ഗുണഫലങ്ങൾ കർഷകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സ്റ്റാർട്ടപ്പുകൾക്കും പൊതുസ്ഥാപനങ്ങൾക്കും ഒരുപോലെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നു. 'ഇന്ത്യഎഐ ഇംപാക്ട് സമ്മിറ്റ് 2026'-ന് ആതിഥേയത്വം വഹിക്കുമ്പോൾ, ഇന്ത്യ തങ്ങളുടെ അനുഭവങ്ങളെ ഒരു ആഗോള തലത്തിലേക്ക് ഉയർത്തുകയും ഗ്ലോബൽ സൗത്തിന്റെ (Global South) മുൻഗണനകൾക്ക് അനുസൃതമായ ഒരു മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. മുന്നോട്ടുള്ള പാത വ്യക്തമാണ്. എഐയുടെ ജനാധിപത്യവൽക്കരണം എന്നത് ഒരു ഒറ്റത്തവണ പ്രവൃത്തിയല്ല, മറിച്ച് സാങ്കേതിക പുരോഗതി സമൂഹത്തെ ശക്തിപ്പെടുത്തുന്നുവെന്നും അസമത്വങ്ങൾ കുറയ്ക്കുന്നുവെന്നും എല്ലാവർക്കും വേണ്ടിയുള്ള സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നുവെന്നും ഉറപ്പാക്കുന്ന ഒരു തുടർച്ചയായ പ്രതിബദ്ധതയാണ്.

അവലംബം:

 

PIB Backgrounders:

Ministry of Electronics & IT:

Ministry of Information and Broadcasting:

Office of the Principle Scientific Advisor:

Ministry of Skill Development and Entrepreneurship:

Ministry of New and Renewable Energy:

Ministry of Communications:

Click here to see pdf 

***

SK

 

(Explainer ID: 157325) आगंतुक पटल : 6
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , हिन्दी , Manipuri , Bengali , Kannada
Link mygov.in
National Portal Of India
STQC Certificate