• Skip to Content
  • Sitemap
  • Advance Search
Social Welfare

സംസ്കാരത്തിനും ഭാഷകൾക്കുമായുള്ള നിർമ്മിത ബുദ്ധി

Posted On: 09 FEB 2026 5:39PM

പ്രധാന വസ്തുതകൾ

  • ഭാഷിണി, അനുവാദിനി, ജ്ഞാൻ ഭാരതം, ആദി വാണി തുടങ്ങിയ ദേശീയ പ്ലാറ്റ്‌ഫോമുകളിലൂടെ സംസ്കാരത്തിനും ഭാഷകൾക്കും വേണ്ടിയുള്ള നിർമ്മിത ബുദ്ധി പ്രവർത്തനങ്ങളെ ഇന്ത്യ വ്യവസ്ഥാപിതമാക്കുന്നു.
  • പുരാതന കൈയ്യെഴുത്തുപ്രതികളുടെ ഡിജിറ്റൈസേഷൻ, അക്കാദമിക് ഉള്ളടക്കങ്ങളുടെ വിവർത്തനം, ഗോത്രവർഗ്ഗ ഭാഷകളുടേയും വംശനാശ ഭീഷണി നേരിടുന്ന ഭാഷകളുടേയും സംരക്ഷണം എന്നിവയിലൂടെ സാംസ്കാരികവും വിജ്ഞാനപരവുമായ ആസ്തികൾ പ്രായോഗികമായി ഉപയോഗിക്കാൻ നിർമ്മിത ബുദ്ധി സഹായിക്കുന്നു.
  • സാംസ്കാരികവും സൃഷ്ടിപരവുമായ മേഖലകളെ ഡിജിറ്റൽ മൂല്യശൃംഖലയുമായി സംയോജിപ്പിക്കാനും, കരകൗശല വിദഗ്ധരെ വിവിധ പ്ലാറ്റ്‌ഫോമുകളുമായും അവസരങ്ങളുമായും ബന്ധിപ്പിക്കാനും നിർമ്മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നു.

 

സാംസ്കാരിക സംരക്ഷണത്തിൽ നിന്ന് സാംസ്കാരിക പങ്കാളിത്തത്തിലേക്ക്

ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ഭാഷാപരമായ വൈവിധ്യവുമാണ് അതിൻ്റെ സാമൂഹിക സ്വത്വത്തേയും വിജ്ഞാന സംവിധാനങ്ങളേയും രൂപപ്പെടുത്തുന്നത്. കൈയ്യെഴുത്തുപ്രതികൾ, സ്മാരകങ്ങൾ, കലാരൂപങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവ മുതൽ വാമൊഴിയായി കൈമാറിവരുന്ന പാരമ്പര്യങ്ങൾ, നാടോടിക്കഥകൾ, തദ്ദേശീയമായ അറിവുകൾ എന്നിവ വരെ ഇന്ത്യയുടെ സംസ്കാരം നിരവധി ഭാഷകളിലൂടെയും ലിപികളിലൂടെയും സംസാരരൂപങ്ങളിലൂടെയുമാണ് സൃഷ്ടിക്കപ്പെടുന്നതും കൈമാറ്റം ചെയ്യപ്പെടുന്നതും.



2011-ലെ സെൻസസ് പ്രകാരം, ഇന്ത്യയുടെ ഭാഷാ ഭൂപടത്തിൽ 22 ഭരണഘടനാപരമായ ഔദ്യോഗിക ഭാഷകളും 99 ഇതര ഭാഷകളും ഉൾപ്പെടുന്നു. ഇവ വിവിധ ഭാഷാ കുടുംബങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. കൂടാതെ ആയിരക്കണക്കിന് മാതൃഭാഷകളും ഗോത്രഭാഷകളും ഇതിലുണ്ട്. നമ്മുടെ ഭാഷാപരമായ പൈതൃകവും അതിലടങ്ങിയിരിക്കുന്ന സമ്പന്നമായ പരമ്പരാഗത അറിവുകളും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സുസ്ഥിരമായ സ്ഥാപനപരവും വിദ്യാഭ്യാസപരവും ഡിജിറ്റലുമായ സംരംഭങ്ങളും കേന്ദ്ര സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

സാംസ്കാരിക വിഭവങ്ങളും പരമ്പരാഗത അറിവുകളും സംരക്ഷിക്കുന്നതിനും, ജനങ്ങൾക്ക് പരിചിതവും സൗകര്യപ്രദവുമായ ഭാഷകളിലും രൂപങ്ങളിലും അവ ലഭ്യമാക്കുന്നതിനും നിർമ്മിത ബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പരിശ്രമത്തിൻ്റെ കാതൽ. ഇതിനായി സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണം ആവശ്യമാണ്. ഈ പ്രക്രിയയിൽ നിർമ്മിത ബുദ്ധി ഒരു പ്രധാന സഹായിയായി ഉയർന്നുവന്നിട്ടുണ്ട്. സാംസ്കാരിക ആസ്തികളുടെ ഡിജിറ്റൈസേഷനും കണ്ടെത്തലിനും പിന്തുണ നല്കുന്നതിലൂടെയും, ബഹുഭാഷാ-ശബ്ദ അധിഷ്ഠിത സേവനങ്ങൾ സാധ്യമാക്കുന്നതിലൂടെയും പൈതൃകവും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കാൻ നിർമ്മിത ബുദ്ധി സഹായിക്കുന്നു. കൂടാതെ പാരമ്പര്യത്തിനും സാങ്കേതികവിദ്യയ്ക്കും ഇടയിലുള്ള വിടവുകൾ നികത്താൻ ഇത് സഹായിക്കുന്നു. "സർവ്വേ ഭവന്തു സുഖിനഃ, സർവ്വേ സന്തു നിരാമയഃ" (എല്ലാവർക്കും ക്ഷേമം എല്ലാവർക്കും സന്തോഷം) എന്ന ലക്ഷ്യത്തോട് ചേർന്നുനിൽക്കുന്ന, മനുഷ്യരാശിക്കുവേണ്ടിയുള്ള സാങ്കേതികവിദ്യയായി നിർമ്മിത ബുദ്ധിയെ ഉപയോഗിക്കുന്നതിനുള്ള ദർശനത്തെ ഈ സമീപനം പ്രതിഫലിപ്പിക്കുന്നു.

 

ഭാഷയെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായി കെട്ടിപ്പടുക്കൽ

സംസ്കാരം, അറിവ്, പൊതു സേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിനായി അടിസ്ഥാനസൗകര്യങ്ങളെ ആധാരമാക്കിയുള്ള ഒരു സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

ഈ ഭാഷാ അടിസ്ഥാന സൗകര്യത്തിൻ്റെ പ്രധാന സ്തംഭങ്ങളിൽ ഇവ ഉൾപ്പെടുന്നു:

ദേശീയ ഭാഷാ വിവർത്തന ദൗത്യം (NLTM) - ഭാഷിണി

ദേശീയ ഭാഷാ വിവർത്തന ദൗത്യത്തിന് കീഴിൽ 2022-ൽ ആരംഭിച്ച ഭാഷിണി, ഡിജിറ്റൽ ലോകത്തെ ഇന്ത്യയുടെ വിശാലമായ ഭാഷാ വൈവിധ്യത്തെ ഉൾക്കൊള്ളുന്നതിനായാണ് വികസിപ്പിച്ചെടുത്തത്. ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് നേരിട്ട് ഭാഷാ-ശബ്ദ ശേഷികൾ ഉൾച്ചേർക്കുന്നതിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് രാജ്യത്ത് ഉപയോഗിക്കുന്ന വിവിധ ഭാഷകളിൽ പൊതു പ്ലാറ്റ്‌ഫോമുകൾ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിക്കുന്നു.

ഒരേസമയം മൂന്ന് പ്രധാന തടസ്സങ്ങളെയാണ് ഭാഷിണി പരിഹരിക്കുന്നത്:

  • ഭാഷാ തടസ്സം - പ്രാദേശിക ഭാഷകളോ അവയുടെ ഉച്ചാരണങ്ങളോ മനസ്സിലാക്കാൻ കഴിയാത്ത സംവിധാനങ്ങൾ.
  • ഡിജിറ്റൽ തടസ്സം - ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന സങ്കീർണ്ണമായ ഇൻ്റർഫേസുകൾ.
  • സാക്ഷരതാ തടസ്സം - വിവരങ്ങൾ അറിയുന്നതിനായി വായനയേയും ടൈപ്പിംഗിനേയും മാത്രം ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ.


ഒരു സിസ്റ്റം എന്ന നിലയിൽ, ബഹുഭാഷാ നിർമ്മിത ബുദ്ധിയെ ഒരു ദേശീയ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായി ഭാഷിണി കെട്ടിപ്പടുക്കുന്നു. ഇന്ത്യൻ ഭാഷകളിലുടനീളം വിവർത്തനം, സ്പീച്ച്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച്, ലിപ്യന്തരണം, രേഖകൾ മനസ്സിലാക്കാനുള്ള ശേഷി തുടങ്ങിയ ഭാഷാ സേവനങ്ങൾ ഇത് നല്കുന്നു. ഇത് മറ്റ് പ്ലാറ്റ്‌ഫോമുകൾക്ക് തുടക്കം മുതൽ സ്വന്തമായി വികസിപ്പിക്കാതെ തന്നെ തങ്ങളുടെ സംവിധാനങ്ങളിൽ ഭാഷാ-ശബ്ദ സൗകര്യങ്ങൾ എളുപ്പത്തിൽ ചേർക്കാൻ സഹായിക്കുന്നു.

ഭാഷിണി ഇതിനകം തന്നെ വലിയ തോതിൽ പ്രവർത്തിച്ചുവരുന്നു:

  • 22 ഭാഷകളിൽ ശബ്ദ സേവനവും, 36 ഭാഷകളിൽ ടെക്സ്റ്റ് സേവനങ്ങളും നല്കുന്നു.
  • 350-ലധികം നിർമ്മിത ബുദ്ധി മാതൃകകളും ഡാറ്റാ സെറ്റുകളും ഇതിൽ ഉൾക്കൊള്ളുന്നു.
  • ഇതുവരെ 400 കോടിയിലധികം ഭാഷാപരമായ പ്രക്രിയകൾ പൂർത്തിയാക്കി.


സഹകരണമാണ് ഇതിൻ്റെ പ്രധാന കരുത്ത്. ഗവേഷണ സ്ഥാപനങ്ങൾ, ഭാഷാ വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, സംസ്ഥാന സർക്കാരുകൾ, വ്യവസായ പങ്കാളികൾ എന്നിവർ സംയുക്തമായി ഈ പ്ലാറ്റ്‌ഫോമിലേക്ക് സംഭാവന നല്കുന്നു. യഥാർത്ഥ ലോകത്തിലെ ഉപയോഗത്തിലൂടെയും പ്രാദേശിക പങ്കാളിത്തത്തിലൂടെയും ഭാഷാ മാതൃകകൾ നിരന്തരം മെച്ചപ്പെടുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.

ഒരു അടിസ്ഥാന ഭാഷാ പാളി എന്ന നിലയിൽ, ഭാഷാപരമായ വൈവിധ്യത്തെ പ്രായോഗികമായ ഡിജിറ്റൽ പ്രവേശനമാക്കി മാറ്റാൻ ഭാഷിണിക്ക് സാധിക്കുന്നു. ഇത് ജനങ്ങൾക്ക് വിവരങ്ങൾ, സംസ്കാരം, പൊതുസേവനങ്ങൾ എന്നിവ അവർക്ക് മനസ്സിലാകുന്ന ഭാഷകളിലും രൂപങ്ങളിലും ലഭ്യമാക്കാൻ സഹായിക്കുന്നു.

 •   ഭാഷിണി ഉപയോഗത്തിൻ്റെ പ്രധാന ഉദാഹരണങ്ങൾ

◦  കാശി തമിഴ് സംഗമം 2.0-ലെ തത്സമയ പ്രസംഗ വിവർത്തനം:

വാരാണസിയിൽ നടന്ന കാശി തമിഴ് സംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ പ്രസംഗത്തിനിടെ ഭാഷിണി എന്ന നിർമ്മിത ബുദ്ധി പ്ലാറ്റ്‌ഫോം ഉപയോഗിച്ചു. അദ്ദേഹത്തിൻ്റെ ഹിന്ദി പ്രസംഗം തത്സമയം തമിഴിലേക്ക് വിവർത്തനം ചെയ്തതിലൂടെ, തമിഴ് സംസാരിക്കുന്നവർക്ക് അത് അവരുടെ സ്വന്തം ഭാഷയിൽ മനസ്സിലാക്കാൻ സാധിച്ചു. തത്സമയ സാംസ്കാരിക വിനിമയങ്ങളിൽ ഭാഷിണിയുടെ വിവർത്തന ശേഷി പ്രകടമാക്കുന്നതായിരുന്നു ഈ പരിപാടി.

 

◦  മഹാ കുംഭമേള 2025-ലെ ബഹുഭാഷാ പിന്തുണ:

2025-ലെ മഹാ കുംഭമേളയിൽ തീർത്ഥാടകർക്ക് വഴികാട്ടുന്നതിനായി 'കുംഭ് സഹായക്' എന്ന ബഹുഭാഷാ, വോയ്‌സ് ചാറ്റ്‌ബോട്ടിന് കരുത്തുപകർന്നത് ഭാഷിണിയാണ്. ഹിന്ദി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ 11 ഭാഷകളിൽ ഇവൻ്റുകളെക്കുറിച്ചുള്ള വിവരങ്ങളും നാവിഗേഷൻ സഹായവും നല്കാൻ ഈ ചാറ്റ്‌ബോട്ട് സഹായിച്ചു. കൂടാതെ, വിവിധ ഭാഷാ പശ്ചാത്തലങ്ങളിൽ നിന്നുള്ളവർക്ക് സൗകര്യപ്രദമാകുന്ന രീതിയിൽ തത്സമയ ടെക്സ്റ്റ്-വോയ്‌സ് വിവർത്തനത്തോടു കൂടിയ 'ഡിജിറ്റൽ ലോസ്റ്റ് ആൻഡ് ഫൗണ്ട്' പരിഹാരവും ഇതിൻ്റെ ഭാഗമായിരുന്നു.

ഒരു അടിസ്ഥാന ഭാഷാ ഇൻഫ്രാസ്ട്രക്ചർ എന്ന നിലയിൽ, ഭാഷാപരമായ വൈവിധ്യത്തെ പ്രായോഗികമായ ഡിജിറ്റൽ പ്രവേശനമാക്കി മാറ്റാൻ ഭാഷിണിക്ക് സാധിക്കുന്നു. ഇത് ജനങ്ങൾക്ക് വിവരങ്ങൾ, സംസ്കാരം, പൊതുസേവനങ്ങൾ എന്നിവ അവരുടെ സ്വന്തം ഭാഷകളിൽ ലഭ്യമാക്കാൻ സഹായിക്കുന്നു. എല്ലാവരേയും ഉൾക്കൊള്ളുന്ന പങ്കാളിത്തത്തിലേക്കും ശാക്തീകരണത്തിലേക്കുമുള്ള നിർണ്ണായകമായ ഒരു ചുവടുവെയ്പ്പാണിത്.

 

ഇന്ത്യൻ ഭാഷകൾക്കായുള്ള സാങ്കേതിക വികസനം (TDIL)

ഇന്ത്യൻ ഭാഷാ കമ്പ്യൂട്ടിംഗിന് ആവശ്യമായ അടിസ്ഥാന സാങ്കേതിക അടിത്തറ പാകിയ കേന്ദ്ര സർക്കാരിൻ്റെ ദീർഘകാല പദ്ധതിയാണ് TDIL. ഒന്നിലധികം ഇന്ത്യൻ ഭാഷകളിലുടനീളമുള്ള ലിപികൾ, സ്പീച്ച്, ടെക്സ്റ്റ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 •   താഴെ പറയുന്നവ ഉൾപ്പെടെയുള്ള പ്രധാന ഭാഷാ സാങ്കേതികവിദ്യകളുടെ വികസനത്തിലും അവയുടെ ഏകീകരണത്തിലുമാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്:

◦    മെഷീൻ ട്രാൻസ്ലേഷൻ

◦    ഇന്ത്യൻ ലിപികൾക്കായുള്ള ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR)

◦    സ്പീച്ച്-ടു-ടെക്സ്റ്റ്, ടെക്സ്റ്റ്-ടു-സ്പീച്ച് സംവിധാനങ്ങൾ

◦    കൈയ്യക്ഷരം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യയും ലിപ്യന്തരണ ഉപകരണങ്ങളും.



 •   TDIL താഴെ പറയുന്ന രീതിയിൽ പ്രായോഗിക ഉപയോഗം സാധ്യമാക്കുന്നു:


◦    പ്ലാറ്റ്‌ഫോമുകളിലുടനീളം പുനരുപയോഗിക്കാൻ കഴിയുന്ന പൊതു ഭാഷാ വിഭവങ്ങൾ, ഡാറ്റാസെറ്റുകൾ, മാനദണ്ഡങ്ങൾ എന്നിവ സൃഷ്ടിക്കുന്നു.

◦    ഭാഷാന്തര പ്രവേശനം പിന്തുണയ്ക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് സ്വന്തം ഭാഷകളിൽ വിവരങ്ങൾ വീണ്ടെടുക്കാനും ആശയവിനിമയം നടത്താനും സാധിക്കുന്നു.

◦    വിവിധ ഉപകരണങ്ങളിലും സിസ്റ്റങ്ങളിലും ഇന്ത്യൻ ഭാഷകൾക്ക് ഏകീകൃതമായ ഡിജിറ്റൽ പ്രാതിനിധ്യം ഉറപ്പാക്കുന്നു.


 •   ഇന്ത്യൻ ഭാഷാ മെഷീൻ ട്രാൻസ്ലേഷൻ ടൂളുകൾ പോലുള്ള TDIL പിന്തുണയുള്ള സിസ്റ്റങ്ങൾ ഭരണനിർവ്വഹണം, വിദ്യാഭ്യാസം, വിവര വ്യാപനം എന്നിവയിൽ ബഹുഭാഷാ പ്രവേശനത്തിൻ്റെ ആദ്യകാല യഥാർത്ഥ ലോക മാതൃകകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

ഒരു അടിസ്ഥാന ഭാഷാ സാങ്കേതിക പദ്ധതി എന്ന നിലയിൽ, ഭാഷാ ഗവേഷണത്തിൽ നിന്ന് വിപുലമായ ഭാഷാ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിന് TDIL വഴിയൊരുക്കി. ഇത് പിൽക്കാലത്ത് ഭാഷിണി പോലുള്ള പ്ലാറ്റ്‌ഫോമുകൾക്ക് നേരിട്ട് പിന്തുണ നല്കുകയും ഡിജിറ്റൽ, സാംസ്കാരിക, വിജ്ഞാന മേഖലകളിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്തു.

 

അനുവാദിനി (AICTE)

അക്കാദമിക്, സാങ്കേതിക, വിജ്ഞാന ഉള്ളടക്കങ്ങൾ വൻതോതിൽ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനായി ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE) വികസിപ്പിച്ചെടുത്ത നിർമ്മിത ബുദ്ധി അധിഷ്ഠിത ബഹുഭാഷാ വിവർത്തന പ്ലാറ്റ്‌ഫോമാണ് അനുവാദിനി.

•   താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ ഇത് പ്രായോഗിക ഭാഷാ പ്രവേശനം സാധ്യമാക്കുന്നു:

◦    പാഠപുസ്തകങ്ങൾ, റഫറൻസ് സാമഗ്രികൾ, പഠന വിഭവങ്ങൾ എന്നിവയുടെ നിർമ്മിതബുദ്ധി വഴിയുള്ള വിവർത്തനം.

◦    ടെക്സ്റ്റ്, ഡോക്യുമെൻ്റ്, സ്പീച്ച് എന്നിവയുൾപ്പെടെയുള്ള മൾട്ടിമോഡൽ വിവർത്തന ശേഷികൾ.

◦    ഇ-കുംഭ് പോലുള്ള ദേശീയ വിവരശേഖരണങ്ങളുമായുള്ള സംയോജനം വഴി വിവർത്തനം ചെയ്ത ഉള്ളടക്കങ്ങൾ വൻതോതിൽ ലഭ്യമാക്കുന്നു.



•   അനുവാദിനി സാധ്യമാക്കുന്ന പ്രായോഗിക ഉപയോഗങ്ങൾ:

◦    ഉന്നതവിദ്യാഭ്യാസവും സാങ്കേതിക വിജ്ഞാനവും പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരങ്ങൾ നല്കുന്നു.

◦    പഠന വിഭവങ്ങൾ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കുന്നതിലൂടെ നൈപുണ്യ വികസനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയെ പിന്തുണയ്ക്കുന്നു.

◦    ഇന്ത്യൻ ഭാഷകളെ ആശയവിനിമയത്തിന് മാത്രമല്ല, അറിവ് പകർന്നുനല്കുന്നതിനുള്ള മാധ്യമങ്ങളായി കൂടി ശക്തിപ്പെടുത്തുന്നു.

നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഈ പ്ലാറ്റ്‌ഫോം ഇന്ത്യൻ ഭാഷകളിലെ അറിവുകളിലേക്കും  വൈദഗ്ധ്യത്തിലേക്കുമുള്ള പ്രവേശനം വികസിപ്പിക്കാൻ സഹായിക്കുന്നു. വിദ്യാഭ്യാസം, നൈപുണ്യം, സാംസ്കാരിക വിജ്ഞാന സംവിധാനങ്ങൾ എന്നിവയിലെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ഇത് സാമൂഹിക ശാക്തീകരണത്തിനും തൊഴിലവസരങ്ങൾക്കും സംഭാവന നല്കുന്നു.

 

സാംസ്കാരിക പൈതൃകം, വിജ്ഞാന സംവിധാനങ്ങൾ, ഭാഷാ വൈവിധ്യം എന്നിവയ്ക്കായുള്ള നിർമ്മിത ബുദ്ധി

ഇന്ത്യയുടെ വിശാലമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനോടൊപ്പം അത് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാർ പൈതൃക സംരക്ഷണം, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ, ഭാഷാ വൈവിധ്യം എന്നിവയിലുടനീളം വിപുലമായ ലഭ്യത, കണ്ടെത്താനുള്ള എളുപ്പം, എല്ലാവരേയും ഉൾക്കൊള്ളൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിർമ്മിത ബുദ്ധി വിന്യസിക്കുന്നു.

ജ്ഞാൻ ഭാരതം മിഷൻ

ഇന്ത്യയുടെ കൈയ്യെഴുത്തുപ്രതി പൈതൃകത്തിൻ്റേയും പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളുടേയും സർവേ, ഡോക്യുമെൻ്റേഷൻ, ഡിജിറ്റൈസേഷൻ, പ്രചാരണം എന്നിവ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ ദൗത്യമാണിത്. ഇതിൻ്റെ ഭാഗമായി ഒരു ദേശീയ ഡിജിറ്റൽ വിവരശേഖരവും സൃഷ്ടിക്കുന്നുണ്ട്.

•  താഴെ പറയുന്ന നിർമ്മിതബുദ്ധി അധിഷ്ഠിത ഉപകരണങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തുന്നു:

◦    പുരാതന കൈയ്യെഴുത്തുപ്രതികൾ തിരിച്ചറിയുന്നതിനുള്ള ഹാൻഡ്‌റിട്ടൺ ടെക്സ്റ്റ് റെക്കഗ്നിഷൻ (HTR), OCR സാങ്കേതികവിദ്യകൾ.

◦    വിവിധ ലിപികളിലും ഭാഷകളിലുമുള്ള മെറ്റാഡാറ്റ (ഡാറ്റയെക്കുറിച്ചുള്ള ഡാറ്റ) വേർതിരിച്ചെടുക്കലും ഇൻ്റലിജൻ്റ് കാറ്റലോഗിംഗും.

◦    ഡിജിറ്റലൈസ് ചെയ്ത പൈതൃക ഉള്ളടക്കങ്ങൾ കണ്ടെത്താനും ഉപയോഗിക്കാനുമുള്ള മെച്ചപ്പെട്ട സൗകര്യം.

•  പ്രധാന നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:

◦    കൃതി സമ്പദ എന്ന ഡിജിറ്റൽ ശേഖരത്തിൽ 44 ലക്ഷത്തിലധികം കൈയ്യെഴുത്തുപ്രതികൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്.

◦    ഡിജിറ്റൈസേഷനും ലഭ്യതയും വർദ്ധിപ്പിക്കുന്നതിനായി 482.85 കോടി രൂപ ചെലവിൽ (2024–31 കാലയളവ്) ദൗത്യത്തിന് അംഗീകാരം ലഭിച്ചു.

സാംസ്കാരിക പൈതൃകത്തെ ഭൗതിക ആർക്കൈവുകളിൽ നിന്ന് പൊതു ഡിജിറ്റൽ പ്രവേശനത്തിലേക്ക് മാറ്റുന്നത് ഈ ദൗത്യം ഉറപ്പാക്കുന്നു. ഇത് ദീർഘകാല സംരക്ഷണത്തിനും പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും സഹായകമാകും.

 

ജ്ഞാൻ-സേതു (ജ്ഞാൻ ഭാരതത്തിന് കീഴിലുള്ള ദേശീയ നിർമ്മിത ബുദ്ധി ഇന്നൊവേഷൻ ചലഞ്ച്)

കൈയ്യെഴുത്തുപ്രതികളുടെ സംരക്ഷണം, അക്ഷരസ്ഫുടത വരുത്തൽ, വീണ്ടെടുക്കൽ, ലഭ്യത എന്നിവയ്ക്കായി നിർമ്മിത ബുദ്ധി അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി ആരംഭിച്ച ദേശീയ ചലഞ്ചാണ് ജ്ഞാൻ-സേതു.

•   നിർമ്മിതബുദ്ധിയുടെ പ്രായോഗികമായ ഉപയോഗങ്ങളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു:

◦    കാറ്റലോഗിംഗും ഡാറ്റാസെറ്റ് നിർമ്മാണവും.

◦    ഡിജിറ്റലൈസേഷനും ആർക്കൈവിംഗും.

◦    ലിപികൾ വായിച്ചെടുക്കലും വിജ്ഞാന വ്യാപനവും


•   പ്രധാന നേട്ടങ്ങൾ ഇവയാണ്:

◦    പൈതൃക സംരക്ഷണത്തിനായി അവാർഡ് ജേതാക്കളായ നിർമ്മിത ബുദ്ധി പ്രോട്ടോടൈപ്പുകളെ കണ്ടെത്തിക്കൊണ്ട് ദേശീയ ചലഞ്ച് വിജയകരമായി പൂർത്തിയാക്കി.

സാംസ്കാരിക സ്ഥാപനങ്ങളും നിർമ്മിത ബുദ്ധി ആവാസവ്യവസ്ഥയും തമ്മിലുള്ള സഹകരണം ശക്തമാക്കിക്കൊണ്ട്, നേരിട്ട് നടപ്പിലാക്കാൻ കഴിയുന്ന എ.ഐ പരിഹാരങ്ങളുടെ ഒരു ശൃംഖല ഈ പദ്ധതി സൃഷ്ടിച്ചു.

ആദി വാണി – ഗോത്ര ഭാഷകൾക്കായുള്ള നിർമ്മിത ബുദ്ധി പ്ലാറ്റ്‌ഫോം

ഇന്ത്യയുടെ സാംസ്കാരികവും വാമൊഴിയുമായ പൈതൃകത്തിൻ്റെ കേന്ദ്രബിന്ദുവായ ഗോത്ര ഭാഷകളുടെ സംരക്ഷണം, പ്രചാരണം, പുനരുജ്ജീവനം എന്നിവയ്ക്കായുള്ള നിർമ്മിത ബുദ്ധി അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് ആദി വാണി.

•   താഴെ പറയുന്ന മാർഗ്ഗങ്ങളിലൂടെ ഇത് പ്രായോഗിക ഉപയോഗം സാധ്യമാക്കുന്നു:

◦    ഹിന്ദി, ഇംഗ്ലീഷ്, ഗോത്രഭാഷകൾ എന്നിവയ്ക്കിടയിലുള്ള തത്സമയ വിവർത്തനം.

◦    വാമൊഴി ഭാഷകൾക്കായി സ്പീച്ച്-ടു-ടെക്സ്റ്റ് ട്രാൻസ്ക്രിപ്ഷൻ.

◦    യുവതലമുറയ്ക്കായുള്ള ഭാഷാ പഠന മൊഡ്യൂളുകൾ.

◦    നാടോടിക്കഥകൾ, വാമൊഴി ചരിത്രങ്ങൾ, സാമൂഹിക വിവരണങ്ങൾ എന്നിവയുടെ ഡിജിറ്റൈസേഷൻ.

•   പ്രധാന നേട്ടങ്ങൾ (ബീറ്റാ ഘട്ടം):

◦    സന്താളി, ഭിലി, മുണ്ഡാരി, ഗോണ്ടി തുടങ്ങിയ ഗോത്ര ഭാഷകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രാഥമിക ഘട്ടം ആരംഭിച്ചു, കൂടുതൽ ഭാഷകളിലേയ്ക്കുള്ള വിപുലീകരണം പുരോഗമിക്കുന്നു.

◦    പൊതു സന്ദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഗോത്രഭാഷകളിൽ ഉപശീർഷകങ്ങൾ നല്കാൻ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു.

•   ഗോത്രഭാഷകളെ ഡിജിറ്റൽ, വിദ്യാഭ്യാസ, പൊതുവിനിമയ മേഖലകളിലേക്ക് കൊണ്ടുവരുന്നതിലൂടെ ഇത് സാമൂഹിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നു.


നിർമ്മിത ബുദ്ധിയിലൂടെ പങ്കാളിത്തവും അവസരങ്ങളും ഉറപ്പാക്കുന്നു

സംസ്കാരം, ഭാഷ, അറിവ് എന്നിവയിലേക്കുള്ള പ്രവേശനം നിർമ്മിത ബുദ്ധി മെച്ചപ്പെടുത്തുന്നതിനോടൊപ്പം, ഈ പ്രവേശനത്തെ സാമ്പത്തിക അവസരങ്ങളായും സാമൂഹിക ശാക്തീകരണമായും മാറ്റുക എന്നതാണ് അടുത്ത ഘട്ടം. ഇന്ത്യയുടെ സാംസ്കാരിക-സർഗ്ഗാത്മക മേഖലകളിൽ ഇത് വളരെ പ്രധാനമാണ്. കാരണം, അവിടുത്തെ ഉപജീവനമാർഗ്ഗങ്ങൾ പരമ്പരാഗത കഴിവുകൾ, പ്രാദേശിക അറിവ്, സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള രീതികൾ എന്നിവയെ ആശ്രയിച്ചുള്ളതാണ്.

ഇന്ത്യയുടെ അസംഘടിത-സർഗ്ഗാത്മക സമ്പദ്‌ വ്യവസ്ഥയുടെ വലിയൊരു ഭാഗം കരകൗശല വിദഗ്ധരും, കരകൗശല തൊഴിലാളികളും, സാംസ്കാരിക പ്രവർത്തകരുമാണ്. പ്രാദേശിക പശ്ചാത്തലങ്ങളെ പരിഗണിച്ചുകൊണ്ടും എല്ലാവരേയും ഉൾക്കൊള്ളുന്ന രീതിയിലും രൂപകൽപ്പന ചെയ്യുകയാണെങ്കിൽ, സാംസ്കാരിക സ്വത്വം നിലനിർത്തിക്കൊണ്ടുതന്നെ ഉൽപ്പന്നങ്ങളുടെ വിപണി സാധ്യതകൾ, ഉത്പാദനക്ഷമത, നൈപുണ്യ വികസനം, ഡിജിറ്റൽ വിപണിയിലെ പങ്കാളിത്തം എന്നിവ മെച്ചപ്പെടുത്തുന്നതിലൂടെ ഇവരുടെ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കാൻ നിർമ്മിതബുദ്ധിക്ക് സാധിക്കും.

 

കരകൗശല വിദഗ്ധർക്കും സാംസ്കാരിക പ്രവർത്തകർക്കുമായി നിർമ്മിത ബുദ്ധി പ്രാപ്തമാക്കുന്ന പാതകൾ

 •   ഭാഷാ സൗഹൃദ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള മെച്ചപ്പെട്ട വിപണി പ്രവേശനം

◦    നിർമ്മിതബുദ്ധി അധിഷ്ഠിത വിവർത്തനങ്ങളും കണ്ടെത്തൽ ഉപാധികളും കരകൗശല വിദഗ്ധരെ അവരുടെ ഉൽപ്പന്നങ്ങൾ, അവയ്ക്ക് പിന്നിലെ കഥകൾ, സാംസ്കാരിക മൂല്യം എന്നിവ വിവിധ ഭാഷകളിലും പ്രദേശങ്ങളിലും അവതരിപ്പിക്കാൻ സഹായിക്കുന്നു.

◦    ബഹുഭാഷാ കാറ്റലോഗുകളും ഇൻ്റർഫേസുകളും ഇടനിലക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുകയും വിശാലമായ വിപണികളിലേയ്ക്കുള്ള പ്രവേശനം സാധ്യമാക്കുകയും ചെയ്യുന്നു.

 •   ശബ്ദ അധിഷ്ഠിതവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ ഇടപെടലുകൾ

◦    അക്ഷരജ്ഞാനമോ ഡിജിറ്റൽ സാക്ഷരതയോ പരിമിതമായ കരകൗശല വിദഗ്ധർക്ക് അവരുടെ സ്വന്തം ഭാഷയിൽ സംസാരിച്ചുകൊണ്ട് തന്നെ വിവിധ പ്ലാറ്റ്‌ഫോമുകളും പരിശീലന മൊഡ്യൂളുകളും സേവനങ്ങളും ലഭ്യമാക്കാൻ ശബ്ദ അധിഷ്ഠിത ഇൻ്റർഫേസുകൾ സഹായിക്കുന്നു.

◦    ഇത്തരം ഇൻ്റർഫേസുകൾ ഡിജിറ്റൽ സംവിധാനങ്ങളിൽ കൂടുതൽ ജനപങ്കാളിത്തം സാധ്യമാക്കുന്നു.

 •   നൈപുണ്യ വികസനം, ഉത്പാദനക്ഷമത, സംരംഭകത്വ പിന്തുണ

◦    ഗുണനിലവാരം മെച്ചപ്പെടുത്തൽ, ഡിജിറ്റൽ മാർക്കറ്റിംഗ്, വിലനിർണ്ണയം, ഇൻവെൻ്ററി മാനേജ്‌മെൻ്റ്  തുടങ്ങിയ മേഖലകളിൽ ആവശ്യാനുസരണം പരിശീലനം നല്കാൻ എ.ഐ അധിഷ്ഠിത പഠന സഹായികൾക്ക് സാധിക്കും.

◦    ഉത്പാദനം ആസൂത്രണം ചെയ്യാനും ആവശ്യകത കൃത്യമായി മനസ്സിലാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും വിവരശേഖരണങ്ങൾ അവരെ സഹായിക്കുന്നു.

 •   വിശ്വാസ്യത, ഉറവിടം, സാംസ്കാരിക ആധികാരികത

◦    പൈതൃക ഉൽപ്പന്നങ്ങൾക്കും ജി.ഐ ടാഗ് ലഭിച്ച ഉൽപ്പന്നങ്ങൾക്കും അവയുടെ ആധികാരികത തെളിയിക്കാനും ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും നിർമ്മിത ബുദ്ധി അധിഷ്ഠിത ഡോക്യുമെൻ്റേഷൻ-ടാഗിംഗ് സംവിധാനങ്ങൾ സഹായിക്കുന്നു.

◦    വ്യക്തവും സുതാര്യവുമായ ഡിജിറ്റൽ പ്രാതിനിധ്യം ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും സാംസ്കാരിക മൂല്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഭാഷാ പ്രവേശനവും ശബ്ദ അധിഷ്ഠിത ഉപകരണങ്ങളും സാംസ്കാരിക ബോധവും എ.ഐ സംവിധാനങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ, കരകൗശല വിദഗ്ധരും സാംസ്കാരിക പ്രവർത്തകരും വെറും ഗുണഭോക്താക്കൾ എന്നതിലുപരി സാങ്കേതികവിദ്യയുടെ സജീവ ഉപയോക്താക്കളായി മാറുന്നു. ഇത്തരത്തിൽ, ജോലിയുടെ അന്തസ്സും സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങളും ഇന്ത്യയുടെ സാംസ്കാരിക-സർഗ്ഗാത്മക പാരമ്പര്യവും ശക്തിപ്പെടുത്തിക്കൊണ്ട് നിർമ്മിത ബുദ്ധി സാമൂഹിക ശാക്തീകരണത്തെ പിന്തുണയ്ക്കുന്നു.

 

സംസ്കാരം, ഭാഷ, ഉപജീവനം എന്നിവയ്ക്കായി എല്ലാവരേയും ഉൾക്കൊള്ളുന്ന നിർമ്മിതബുദ്ധി വികസിപ്പിക്കൽ

പൊതു സംവിധാനങ്ങളിലുടനീളം ഇന്ത്യ നിർമ്മിതബുദ്ധി വ്യാപിപ്പിക്കുമ്പോൾ, സാങ്കേതികവിദ്യ കൂടുതൽ സാംസ്കാരിക പങ്കാളിത്തത്തിലേക്കും സാമൂഹിക ശാക്തീകരണത്തിലേക്കും സുസ്ഥിരമായ ഉപജീവനത്തിലേക്കും നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. എല്ലാവരേയും ഉൾക്കൊള്ളുന്ന സാമൂഹിക വികസനത്തിനായുള്ള നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള നിതി ആയോഗിൻ്റെ റിപ്പോർട്ട് ഉൾപ്പെടെയുള്ള സമീപകാല നയരൂപീകരണങ്ങൾ പൊതു ഇടങ്ങളിൽ നിർമ്മിത ബുദ്ധി മികച്ച രീതിയിൽ ഉപയോഗിക്കുന്നതിന് താഴെ പറയുന്ന പ്രധാന വശങ്ങൾ ചൂണ്ടിക്കാണിക്കുന്നു:

  • പരിശോധിക്കാവുന്ന ഡിജിറ്റൽ ക്രെഡൻഷ്യലുകളിലൂടെ വിശ്വാസം കെട്ടിപ്പടുക്കൽ: പരിശീലന ദാതാക്കൾ, തൊഴിലുടമകൾ, പ്ലാറ്റ്‌ഫോമുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവർക്ക് വിശ്വസനീയമായ പ്രവൃത്തി-നൈപുണ്യ സർട്ടിഫിക്കറ്റുകൾ നല്കാൻ ഇത് അനുമതി നല്കുന്നു. ഇവ വിവിധ സംവിധാനങ്ങളിലൂടെ എളുപ്പത്തിൽ പരിശോധിക്കാമെന്നത് വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.
  • ഭാഷാധിഷ്ഠിത എ.ഐ ഉപകരണങ്ങൾ വ്യാപിപ്പിക്കുകയും, ഇൻ്റർനെറ്റ് ലഭ്യത കുറഞ്ഞ ഇടങ്ങളിലും ഓഫ്‌ലൈനായും പ്രവർത്തിക്കുന്ന എ.ഐ സംവിധാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് നിർമ്മിത ബുദ്ധി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക.
  • സംസ്ഥാന-ജില്ലാ തലത്തിലുള്ള പദ്ധതികളെ പിന്തുണച്ചുകൊണ്ടും, പ്രാദേശിക സൗകര്യങ്ങളെ ഡിജിറ്റൽ വർക്ക് ഹബ്ബുകളായി ഉപയോഗിച്ചുകൊണ്ടും, ഡിജിറ്റൽ നൈപുണ്യവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിന് സാമൂഹിക സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ടും പ്രാദേശിക തലത്തിലുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കുക.
  • എല്ലാവരേയും ഉൾക്കൊള്ളുന്ന എ.ഐ പരിഹാരങ്ങൾ ഏകോപിതവും സുസ്ഥിരവുമായ രീതിയിൽ വ്യാപിപ്പിക്കുന്നതിന് സർക്കാർ, സാങ്കേതിക ദാതാക്കൾ, അക്കാദമിക് സ്ഥാപനങ്ങൾ, വ്യവസായ സംഘടനകൾ, പൗര സമൂഹം എന്നിവയെ ഒന്നിപ്പിച്ചുകൊണ്ട് വിവിധ പങ്കാളികളുടെ സഹകരണം പ്രോത്സാഹിപ്പിക്കുക.


ഈ ശ്രമങ്ങൾ നിർമ്മിത ബുദ്ധിയെ കേവലമൊരു സാങ്കേതിക ഉപകരണം എന്നതിലുപരി, ഇന്ത്യയുടെ സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പൊതു നന്മയാക്കി മാറ്റും. മനുഷ്യൻ്റെ ജീവിത യാഥാർത്ഥ്യങ്ങൾ കേൾക്കുകയും മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന 'മനുഷ്യരാശിയ്ക്കായുള്ള സാങ്കേതികവിദ്യ' എന്ന ആശയത്തെ ഈ മനുഷ്യകേന്ദ്രീകൃത സമീപനം ശക്തിപ്പെടുത്തുന്നു. നിർമ്മിത ബുദ്ധി വിന്യാസത്തെ എല്ലാവരേയും ഉൾക്കൊള്ളുന്നതും അവസരങ്ങൾ നല്കുന്നതുമായ രീതിയിൽ ക്രമീകരിക്കുന്നതിലൂടെ, ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും സർഗ്ഗാത്മക സമൂഹങ്ങളും ഡിജിറ്റൽ ശാക്തീകരണമുള്ളതും സാമൂഹികമായി എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഒരു ഭാവിയിലേക്ക് സജീവ പങ്കാളികളായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ സാധിക്കും.

Click here for pdf file. 

****

(Explainer ID: 157288) आगंतुक पटल : 12
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Manipuri , Bengali , Gujarati , Telugu , Kannada
Link mygov.in
National Portal Of India
STQC Certificate