• Skip to Content
  • Sitemap
  • Advance Search
Economy

വ്യാപാര നേട്ടത്തില്‍ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; സുപ്രധാന മേഖലകളിലെ കയറ്റുമതിയ്ക്ക് 30 ട്രില്യണ്‍ ഡോളറിന്റെ യുഎസ് വിപണി തുറക്കുന്നു

Posted On: 09 FEB 2026 12:00PM
പ്രധാന വസ്തുതകള്‍

30 ട്രില്യണ്‍ ഡോളറിന്റെ യു.എസ് വിപണിയില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ഇന്ത്യ പ്രവേശനം ഉറപ്പാക്കി.

തുണിത്തര വസ്ത്ര മേഖലയുടെ നികുതി 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു; 113 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന യു.എസ്. വിപണിയില്‍ പട്ട് ഉല്പന്നങ്ങള്‍ക്ക് തീരുവരഹിത പ്രവേശനം ഉറപ്പാക്കി.

യന്ത്രസാമഗ്രി കയറ്റുമതിയുടെ നികുതി 18 ശതമാനമായി കുറച്ചു, ഇത് 477 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന യു.എസ്. വിപണിയില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നു.

1.36 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന ഇന്ത്യന്‍ കാര്‍ഷിക കയറ്റുമതിക്ക് അധിക നികുതിയില്ലാതെ യു.എസില്‍ പ്രവേശനം.

സുഗന്ധവ്യഞ്ജനങ്ങള്‍, ചായ, കാപ്പി, പഴങ്ങള്‍, അണ്ടിപ്പരിപ്പ് വര്‍ഗങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാന ഉല്പന്നങ്ങള്‍ക്ക് തീരുവ രഹിത ആനുകൂല്യം ലഭിച്ചു.

പ്രത്യേക പരിഗണനയര്‍ഹിക്കുന്ന പാലുല്പന്നങ്ങള്‍, ഇറച്ചി, പക്ഷിജന്യ ഉല്പന്നങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് പൂര്‍ണ സംരക്ഷണം തുടര്‍ന്നും ഉറപ്പാക്കി.

ഇന്ത്യയ്ക്ക് ലഭിക്കുന്ന നേട്ടങ്ങളെന്തെല്ലാം?  

യുഎസിന്റെ 900 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന ആഗോള ഇറക്കുമതിയ്ക്ക് 18% മികച്ച മത്സര നിരക്ക്.

യുഎസിന്റെ 50 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന ആഗോള ഇറക്കുമതി തീരുവ രഹിതം.  

യുഎസിന്റെ 720 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന ആഗോള ഇറക്കുമതിയ്ക്ക് അധിക നികുതിയില്ല.

യുഎസിന്റെ 350 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന ആഗോള ഇറക്കുമതിയ്ക്ക് നിലവിലെ നികുതി ഇളവ് തുടരും.

232 ഇനം നികുതി നിരക്കുകളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണന.


ആമുഖം
ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാര കരാര്‍ ഇന്ത്യയുടെ ആഗോള വ്യാപാര ഇടപാടുകളിലെ സുപ്രധാന നാഴികക്കല്ലാണ്. 30 ട്രില്യണ്‍ ഡോളറിലേറെ മൂല്യംവരുന്ന യു.എസ് വിപണിയില്‍ ഇന്ത്യന്‍ കയറ്റുമതിയ്ക്ക് കരാര്‍ സുസ്ഥിര മുന്‍ഗണനാ പ്രവേശനം ഉറപ്പാക്കുന്നു. സമഗ്ര നികുതി ഏകീകരണം, വലിയ ഉല്പന്ന വിഭാഗങ്ങളിലുടനീളം തീരുവരഹിത പ്രവേശനം, മെച്ചപ്പെട്ട ഡിജിറ്റല്‍ സാങ്കേതിക സഹകരണം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യയിലെ കര്‍ഷകരെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും ആഭ്യന്തര വ്യവസായങ്ങളെയും സംരക്ഷിക്കാന്‍ കൃത്യമായി രൂപപ്പെടുത്തിയ ചട്ടക്കൂടും കരാര്‍ വാഗ്ദാനം ചെയ്യുന്നു.

2024ല്‍ അമേരിക്കയിലേക്ക് ഇന്ത്യയുടെ ആകെ കയറ്റുമതി 86.35 ബില്യണ്‍ ഡോളറില്‍ എത്തിനില്‍ക്കെ വസ്ത്രനിര്‍മാണം, തുകല്‍, രത്‌നങ്ങളും ആഭരണങ്ങളും, കൃഷി, യന്ത്രസാമഗ്രികള്‍, ഗൃഹാലങ്കാരങ്ങള്‍, ഔഷധനിര്‍മാണം, സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ സുപ്രധാന മേഖലകളില്‍ മത്സരപരമായ പ്രവേശനം കരാര്‍ ഗണ്യമായി വര്‍ധിപ്പിക്കുന്നു.

നികുതി മാറ്റങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്ക് എങ്ങനെ ഗുണകരമാകുന്നു?

2024ല്‍ അമേരിക്കയിലേക്ക് ഇന്ത്യ നടത്തിയ 86.35 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി അടിത്തറയ്ക്ക് ഇപ്പോള്‍ നടപ്പാക്കിയ വലിയ നികുതി പരിഷ്‌കാരങ്ങള്‍ ഗുണകരമാകും.

പരസ്പര തീരുവകളില്‍ വലിയ ഇളവ് !

പല ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്കും നേരത്തെ നിലവിലുണ്ടായിരുന്ന 50% വരെ ഉയര്‍ന്ന പരസ്പര തീരുവകള്‍ ഇപ്പോള്‍ ഗണ്യമായി കുറച്ചു. ആകെ കയറ്റുമതിയില്‍ 40.96 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന ഉല്പന്നങ്ങള്‍ ഈ പരസ്പര തീരുവകള്‍ക്ക് വിധേയമായിരുന്നു.

കരാര്‍ പ്രകാരം കയറ്റുമതിയില്‍ 30.94 ബില്യണ്‍ ഡോളറിന്റെ നികുതി 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചു. 10.03 ബില്യണ്‍ ഡോളറിന്റെ മറ്റൊരു നികുതി 50 ശതമാനത്തില്‍ നിന്ന് പൂര്‍ണമായി ഇല്ലാതാക്കി. ഇതിനര്‍ത്ഥം യു.എസ് വിപണിയിലെത്തുന്ന ഇന്ത്യന്‍ ഉല്പന്നങ്ങളില്‍ വലിയൊരു പങ്കിന് ഇപ്പോള്‍ തീരെ കുറഞ്ഞ നികുതിയോ അല്ലെങ്കില്‍ പൂര്‍ണ നികുതിയിളവോ ലഭിക്കുമെന്നാണ്. ഇത് ഉല്പന്നങ്ങളുടെ വിലയിലെ മത്സരശേഷി ഗണ്യമായി വര്‍ധിപ്പിക്കുന്നു.

നികുതി ഒഴിവാക്കിയ വിഭാഗം – അധിക തീരുവയില്ല

അധിക ഘടനാ നികുതിയിലെ ഇളവിലൂടെ നികുതി ഒഴിവാക്കിയ വിഭാഗത്തിന് കീഴിലെ 1.04 ബില്യണ്‍ ഡോളറിന്റെ ഉല്പന്നങ്ങള്‍ക്ക് തീരുവ രഹിത പ്രവേശനം ഉറപ്പാക്കുന്നു. ഇതില്‍ 1.035 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന കാര്‍ഷികോല്പന്നങ്ങള്‍ക്ക് അമേരിക്ക പരസ്പര നികുതി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ കാര്‍ഷിക കയറ്റുമതിക്കാര്‍ക്ക് സ്ഥിരതയും മുന്‍കൂര്‍ വ്യക്തതയും നല്‍കുന്നതിനൊപ്പം പ്രധാന കാര്‍ഷികോല്പന്നങ്ങള്‍ക്ക് തടസരഹിതമായ വിപണി പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു.

സെക്ഷന്‍ 232 (അന്തിമ ഉപഭോഗ അടിസ്ഥാനത്തില്‍) പ്രതിബദ്ധതകള്‍

അധിക തീരുവ ഘടനയിലെ ഇളവ് പ്രകാരം സെക്ഷന്‍ 232ന് (അന്തിമ ഉപഭോഗ അടിസ്ഥാനത്തില്‍) കീഴിലെ 28.30 ബില്യണ്‍ ഡോളറിന്റെ ഉല്പന്നങ്ങള്‍ക്ക് പരസ്പര നികുതി ഇല്ലാതാക്കുന്നു. നേരത്തെ 50% വരെ ഉയരാമായിരുന്ന ഈ ഉല്പന്നങ്ങളുടെ അധിക തീരുവ ഇപ്പോള്‍ പൂര്‍ണമായി ഇല്ലാതാക്കി.  

പ്രധാന മേഖലകളിലെ ഘടനാപരമായ മത്സര മുന്‍തൂക്കം  

ഇന്ത്യയ്ക്ക് അനുകൂലമായ രീതിയില്‍ നികുതി നിരക്കുകളില്‍ വ്യക്തമായ വ്യത്യാസം കരാര്‍ സൃഷ്ടിക്കുന്നു. ഇന്ത്യന്‍ ഉല്പന്നങ്ങളുടെ നികുതി കുറച്ചപ്പോഴും യു.എസ് വിപണിയിലെ മറ്റ് മുന്‍നിര വിതരണക്കാരായ ചൈന (35%), വിയറ്റ്‌നാം (20%), ബംഗ്ലാദേശ് (20%), മലേഷ്യ (19%), ഇന്തോനേഷ്യ (19%), ഫിലിപ്പീന്‍സ് (19%), കംബോഡിയ (19%), തായ്‌ലന്‍ഡ് (19%) എന്നീ രാജ്യങ്ങള്‍ക്ക് ഇപ്പോഴും ഉയര്‍ന്ന നികുതി നിരക്കുകള്‍ തുടരുകയാണ്.


നികുതി നിരക്കിലെ ഈ വ്യത്യാസം ഇന്ത്യന്‍ ഉല്പന്നങ്ങളുടെ വിലയിലെ മത്സരശേഷി ഗണ്യമായി വര്‍ധിപ്പിക്കുകയും യു.എസ് വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തൊഴിലധിഷ്ഠിത വ്യവസായങ്ങള്‍, നിര്‍മാണ മേഖലകള്‍, മൂല്യമേറിയ ഉല്പന്ന വിഭാഗങ്ങള്‍ എന്നിവയില്‍ കയറ്റുമതി സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഇത് വഴിയൊരുക്കുന്നു.


മേഖലാടിസ്ഥാനത്തിലെ നേട്ടങ്ങള്‍:  
തുണിത്തര  വസ്ത്രനിര്‍മാണ മേഖല  

തുണിത്തര കയറ്റുമതിയുടെ നികുതിനിരക്ക് 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കുകയും പട്ട് ഉല്പന്നങ്ങള്‍ക്ക് തീരുവ രഹിത പ്രവേശനം ലഭിക്കുകയും ചെയ്തു. ഇത് 113 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന യു.എസ് വിപണിയില്‍ വലിയ അവസരങ്ങള്‍ തുറക്കുന്നു.



റെഡിമെയ്ഡ് വസ്ത്രങ്ങള്‍, പരവതാനികള്‍, മനുഷ്യനിര്‍മിത തുണിത്തരങ്ങള്‍, കോട്ടണ്‍ തുണിത്തരങ്ങള്‍, കൃത്രിമ ഫൈബറുകള്‍, ബെഡ്‌സ്‌പ്രെഡുകള്‍, ബ്ലീച്ച് ചെയ്ത തുണികള്‍, കര്‍ട്ടനുകള്‍, നൂല്‍, കുട്ടികളുടെ വസ്ത്രങ്ങള്‍, ബെഡ് ലിനന്‍, ബ്ലാങ്കറ്റുകള്‍, ഗ്ലൗസുകള്‍ എന്നിവയുള്‍പ്പെടെ പ്രധാന വിഭാഗങ്ങള്‍ക്ക് നികുതി നിരക്കിലെ ഈ കുറവ് ഗുണകരമാകും.

വസ്ത്രനിര്‍മാണ മേഖലയ്ക്ക് വലിയ ഉത്തേജനം നല്‍കുന്ന കരാര്‍ ചെറുകിട സംരംഭങ്ങളെയും ഉല്പാദന മേഖലകളെയും ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിപണിയിലെ മികച്ച പ്രവേശനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ആഗോള വസ്ത്ര വിതരണ ശൃംഖലയില്‍ വിശ്വസ്ത പങ്കാളിയെന്ന ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കാനും സഹായിക്കും.

തുകല്‍, പാദരക്ഷാ മേഖല

ഇന്ത്യയുടെ തുകല്‍പാദരക്ഷാ മേഖലയ്ക്ക് വലിയ നേട്ടങ്ങള്‍ നല്‍കുന്ന കരാര്‍ യു.എസ് വിപണിയില്‍ ഇന്ത്യയെ ഇഷ്ടവിതരണക്കാരാക്കി മാറ്റുന്നു. ഇന്ത്യയുടെ കയറ്റുമതി നികുതി നിരക്ക് 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് 42 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന യു.എസ് വിപണിയിലേക്ക് മികച്ച പ്രവേശനം ഉറപ്പാക്കുന്നു.


പൂര്‍ണമായി സംസ്‌കരിച്ച തുകല്‍, തുകല്‍ പാദരക്ഷകള്‍, പാദരക്ഷാ ഘടകങ്ങള്‍ എന്നിവയ്ക്കാണ് ഇത് പ്രധാനമായും പ്രയോജനം ചെയ്യുക. നികുതി കുറഞ്ഞതോടെ തുകല്‍ വ്യവസായത്തിലെ മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ വിപണി വിപുലീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഈ തൊഴിലധിഷ്ഠിത മേഖലയിലെ വളര്‍ച്ച സൂക്ഷ്മചെറുകിട ഇടത്തരം സംരംഭങ്ങളിലും ഉല്പാദന കേന്ദ്രങ്ങളിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ വഴിയൊരുക്കും.  

രത്‌നങ്ങളും ആഭരണങ്ങളും  
രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി നികുതി നിരക്ക് 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് 61 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന യു.എസ് വിപണിയില്‍ മുന്‍ഗണനാ പ്രവേശനം ഉറപ്പാക്കുന്നു.  


 
കൂടാതെ വജ്രം, പ്ലാറ്റിനം, നാണയങ്ങള്‍ എന്നിവയുള്‍പ്പെടെ പ്രധാന വിഭാഗങ്ങള്‍ക്ക് 29 ബില്യണ്‍ ഡോളറിന്റെ യു.എസ് വിപണിയില്‍ തീരുവ രഹിത പ്രവേശനം ഉറപ്പാക്കി. മിനുക്കിയെടുത്ത വജ്രങ്ങള്‍, ലാബ് നിര്‍മിത സിന്തറ്റിക് വജ്രങ്ങള്‍, നിറമുള്ള രത്‌നങ്ങള്‍, സ്വര്‍ണവും വെള്ളിയും പ്ലാറ്റിനവും ഉപയോഗിച്ച് നിര്‍മിച്ച ആഭരണങ്ങള്‍ എന്നിവയ്ക്ക് ഈ ഇളവ് വലിയ ഗുണംചെയ്യും.  

ഗൃഹാലങ്കാരങ്ങള്‍
ഗൃഹാലങ്കാര ഉല്പന്നങ്ങളുടെ കയറ്റുമതി നികുതി നിരക്ക് 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് 52 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന യു.എസ് വിപണിയില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നു. തടി ഉപയോഗിച്ച് നിര്‍മിച്ച ഫര്‍ണിച്ചറുകള്‍, തലയിണകള്‍, കുഷ്യനുകള്‍, പുതപ്പുകള്‍, വൈദ്യുതേതര വിളക്കുകള്‍, മറ്റ് ഗൃഹാലങ്കാര സാമഗ്രികള്‍ എന്നിവയ്ക്ക് ഈ നികുതി ഇളവ് ഗുണകരമാകും.
കൂടാതെ ഇരിപ്പിടങ്ങള്‍, അലങ്കാരദീപങ്ങള്‍, പ്രകാശിക്കുന്ന സൂചനാ ബോര്‍ഡുകള്‍, വിളക്കുകളുടെ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഇനങ്ങള്‍ക്ക് 13 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന യു.എസ് വിപണിയില്‍ തീരുവ രഹിത പ്രവേശനം ഉറപ്പാക്കി.

കളിപ്പാട്ടങ്ങള്‍
ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതിയുടെ നികുതി 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് 18 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന യു.എസ് വിപണിയിലേക്ക് മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കുന്നു. മികച്ച വിപണി പ്രവേശനവും അനുകൂല നികുതി വ്യവസ്ഥയും വഴി യു.എസ് കളിപ്പാട്ട വിപണിയില്‍ വിശ്വസ്ത വിതരണക്കാരായി വളരാന്‍ ഇന്ത്യയ്ക്ക് ഇതിലൂടെ സാധിക്കും. സൂക്ഷ്മ-ചെറുകിട- ഇടത്തരം സംരംഭങ്ങളടക്കം ആഭ്യന്തര നിര്‍മാതാക്കള്‍ക്ക് ഉല്പാദനം വര്‍ധിപ്പിക്കാനും ആഗോള വിതരണ ശൃംഖലയുടെ ഭാഗമാകാനും അന്താരാഷ്ട്ര വിപണിയില്‍ സാന്നിധ്യം വിപുലീകരിക്കാനും കരാര്‍ പുതിയ അവസരങ്ങള്‍ നല്‍കുന്നു.

യന്ത്രസാമഗ്രികളും ഭാഗങ്ങളും (വിമാന ഭാഗങ്ങള്‍ ഒഴികെ)  
ലോകത്തെ ഏറ്റവും വലിയ വ്യാവസായിക വിപണികളിലൊന്നിലേക്ക് പ്രവേശനം മെച്ചപ്പെടുത്തുന്നതിലൂടെ ഇന്ത്യയുടെ യന്ത്രസാമഗ്രിഘടകഭാഗ നിര്‍മാണ മേഖലയ്ക്ക് കരാര്‍ വലിയ ഉത്തേജനം നല്‍കുന്നു. യന്ത്രസാമഗ്രി കയറ്റുമതിയുടെ നികുതി 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് 477 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന യു.എസ് യന്ത്രസാമഗ്രി വിപണിയില്‍ വലിയ അവസരങ്ങള്‍ തുറക്കുന്നു.

 

നിലവില്‍ ഈ മേഖലയില്‍ ഇന്ത്യയുടെ കയറ്റുമതി 2.35 ബില്യണ്‍ ഡോളറാണ്. നികുതി കുറഞ്ഞതോടെ വിവിധതരം യന്ത്രങ്ങളുടെയും അവയുടെ ഭാഗങ്ങളുടെയും നിര്‍മാണത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ മത്സരശേഷി വര്‍ധിക്കുമെന്നാണ് കരുതുന്നത്. ഇത് നിര്‍മാണ മേഖലയിലെ ഇന്ത്യയുടെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും മൂല്യവര്‍ധിത വ്യാവസായിക കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് കരുത്തേകുകയും ചെയ്യുന്നു.

കൃഷി: കര്‍ഷകരുടെ സംരക്ഷണം ഉറപ്പാക്കി കയറ്റുമതി സാധ്യതകള്‍ വിപുലീകരിക്കുന്നു  
അമേരിക്കയുമായി കാര്‍ഷിക വ്യാപാരത്തില്‍ ഇന്ത്യ 1.3 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചം നിലനിര്‍ത്തുന്നുണ്ട്. 2024ല്‍ അമേരിക്കയിലേക്ക് ഇന്ത്യയുടെ കയറ്റുമതി 3.4 ബില്യണ്‍ ഡോളറും ഇറക്കുമതി 2.1 ബില്യണ്‍ ഡോളറുമാണ്.

കാര്‍ഷിക കയറ്റുമതിക്ക് തീരുവ രഹിത പ്രവേശനം  
1.36 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന ഇന്ത്യന്‍ കയറ്റുമതിക്ക് അമേരിക്ക അധിക നികുതി ഒന്നും ഈടാക്കില്ല. സുഗന്ധവ്യഞ്ജനങ്ങള്‍; ചായ, കാപ്പി എന്നിവയും അവയുടെ സത്തുകളും; കൊപ്ര, വെളിച്ചെണ്ണ; സസ്യമെഴുക്; അടയ്ക്ക, ബ്രസീല്‍ നട്‌സ്, കശുവണ്ടി, ചെസ്റ്റ്‌നട്ട് തുടങ്ങിയ അണ്ടിപ്പരിപ്പ് വര്‍ഗങ്ങള്‍; വെണ്ണപ്പഴം, വാഴപ്പഴം, പേരയ്ക്ക, മാങ്ങ, കിവി, പപ്പായ, പൈനാപ്പിള്‍, ഷിറ്റാക്കി കൂണ്‍ തുടങ്ങിയ പഴങ്ങളും പച്ചക്കറികളും; ബാര്‍ലി, കാനറി വിത്തുകള്‍ തുടങ്ങിയ ധാന്യങ്ങള്‍; ബേക്കറി ഉല്പന്നങ്ങള്‍; കൊക്കോയും കൊക്കോ ഉല്പന്നങ്ങളും; എള്ള്, കസ്‌കസ്; പഴച്ചാര്‍, ജ്യൂസുകള്‍, ജാം തുടങ്ങിയ സംസ്‌കരിച്ച ഉല്പന്നങ്ങള്‍ എന്നിവ ഇതിന്റെ ഗുണം നേടുന്നു.  

ഇതില്‍ 1.035 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന കാര്‍ഷികോല്പന്നങ്ങള്‍ക്ക് അനിശ്ചിതത്വം ഒഴിവാക്കുന്നതിനായി പരസ്പര നികുതി അമേരിക്ക പൂജ്യമാക്കിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ കര്‍ഷകര്‍ക്കും കയറ്റുമതിക്കാര്‍ക്കും സ്ഥിരതയും മുന്‍കൂര്‍ ധാരണയും നല്‍കുന്നു.

ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെ വിപണി പ്രവേശനം  
നേരത്തെയുണ്ടായിരുന്ന വ്യാപാര കരാറുകളിലെ ഇന്ത്യയുടെ സമീപനത്തിനനുസൃതമായി ഉല്പന്നങ്ങളുടെ പ്രാധാന്യവും പ്രത്യേക പരിഗണനയും കണക്കിലെടുത്താണ് കാര്‍ഷിക വിപണിയുടെ പ്രവേശനം രൂപപ്പെടുത്തിയിരിക്കുന്നത്. തീരുവ ഉടന്‍ ഒഴിവാക്കുന്നവ, ഘട്ടംഘട്ടമായി ഒഴിവാക്കുന്നവ (10 വര്‍ഷം വരെ), തീരുവ കുറയ്ക്കുന്നവ, മുന്‍ഗണനാ പരിധി, തീരുവ വിഹിത പരിധി എന്നിങ്ങനെ പല വിഭാഗങ്ങളിലായാണ് ഇവയെ തരംതിരിച്ചിരിക്കുന്നത്.

പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കാര്‍ഷിക മേഖലകളെ ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ തീരുവ ഒഴിവാക്കുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പൂര്‍ണമായി സംരക്ഷിച്ചിരിക്കുന്നു. ഇറച്ചി, പക്ഷിജന്യ ഉല്പന്നങ്ങള്‍, പാലുല്പന്നങ്ങള്‍; ജനിതകമാറ്റം വരുത്തിയ ഉല്പന്നങ്ങള്‍, ഭക്ഷ്യോല്പന്നങ്ങള്‍; സോയാമീല്‍; ചോളം; ധാന്യങ്ങള്‍; ചോളം, ബാജ്‌റ, റാഗി, കോഡോ, അമരന്ത് തുടങ്ങിയ ചെറുധാന്യങ്ങള്‍; സ്‌ട്രോബെറി, ചെറി, നാരങ്ങ ഇനങ്ങള്‍ തുടങ്ങിയ പഴവര്‍ഗങ്ങള്‍; പച്ചപ്പയര്‍, കാബൂളി കടല, ചെറുപയര്‍ തുടങ്ങിയ പയറുവര്‍ഗങ്ങള്‍; എണ്ണക്കുരുക്കള്‍; ചില കാലിത്തീറ്റകള്‍; നിലക്കടല; തേന്‍; യവപാനീയങ്ങള്‍; മദ്യേതര പാനീയങ്ങള്‍; ധാന്യപ്പൊടി, അന്നജം; സുഗന്ധ എണ്ണകള്‍, ഇന്ധനത്തിനായി ഉപയോഗിക്കുന്ന എഥനോള്‍; പുകയില എന്നിവ ഇതിലുള്‍പ്പെടുന്നു.

 

തിരഞ്ഞെടുത്ത പ്രാധാന്യമേറിയ ചില ഉല്പന്നങ്ങള്‍ക്ക് മിതമായ തോതില്‍ തീരുവ സംരക്ഷണം തുടരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 'തീരുവ കുറയ്ക്കല്‍' വിഭാഗമാണ് ബാധകമാക്കിയിരിക്കുന്നത്. സസ്യങ്ങളുടെ ഭാഗങ്ങള്‍, ഒലീവ്, പൈറെത്രം, പിണ്ണാക്ക് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. മറ്റ് സ്വതന്ത്ര വ്യാപാര കരാറുകളിലെ ഇന്ത്യയുടെ നിലപാടിന് സമാനമായി മദ്യപാനീയങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിനൊപ്പം കുറഞ്ഞ ഇറക്കുമതി നിരക്ക് അടിസ്ഥാനമാക്കിയ നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതീവ പ്രാധാന്യമേറിയ ചില ഉല്പന്നങ്ങള്‍ തീരുവ വിഹിത പരിധി പ്രകാരം ഉദാരമാക്കിയിട്ടുണ്ട്; പരിമിതമായ അളവില്‍ മാത്രം കുറഞ്ഞ നികുതിയില്‍ ഇവ അനുവദിക്കും. തൊണ്ടോടു കൂടിയ ബദാം, വാള്‍നട്ട്, പിസ്ത, പരിപ്പുവര്‍ഗങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.  

ഇന്ത്യയിലെ ഭക്ഷ്യസംസ്‌കരണ വ്യവസായം ഉപയോഗിക്കുന്നതും വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതുമായ ചില ഉല്പന്നങ്ങള്‍ക്ക് പത്തു വര്‍ഷം വരെ നീളുന്ന ഘട്ടംഘട്ടമായ തീരുവ ഒഴിവാക്കല്‍ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ആല്‍ബുമിനുകള്‍; വെളിച്ചെണ്ണ, ആവണക്കെണ്ണ, പരുത്തിക്കുരു എണ്ണ തുടങ്ങിയ ചില എണ്ണകള്‍; കുളമ്പ് പൊടി; പന്നിക്കൊഴുപ്പ്; സ്റ്റിയറിന്‍; ഘടനാമാറ്റം വരുത്തിയ അന്നജം; പെപ്‌റ്റോണുകളും അവയുടെ വകഭേദങ്ങളും തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഈ ദീര്‍ഘകാല പരിധി ആഭ്യന്തര പങ്കാളികള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ക്ക് സമയം നല്‍കുന്നു.

മറ്റ് സ്വതന്ത്ര വ്യാപാര കരാറുകള്‍ പ്രകാരം ഇതിനകം ഉദാരവല്‍ക്കരിച്ച പ്രത്യേക പരിഗണനാ പട്ടികയിലില്ലാത്ത ചില ഉല്പന്നങ്ങള്‍ക്ക് മാത്രമാണ് ഉടന്‍ തീരുവ ഒഴിവാക്കല്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

38 ബില്യണ്‍ ഡോളറിന്റെ വ്യാവസായിക കയറ്റുമതിക്ക് തീരുവ രഹിത പ്രവേശനം  
38 ബില്യണ്‍ ഡോളര്‍ മൂല്യംവരുന്ന വ്യാവസായിക കയറ്റുമതിക്ക് അധിക തീരുവകളില്ലാതെ ഈ കരാര്‍ പ്രവേശനം ഉറപ്പാക്കുന്നു.

സെക്ഷന്‍ 232 വ്യവസ്ഥകള്‍ പ്രകാരം വിമാന ഭാഗങ്ങള്‍, യന്ത്രസാമഗ്രികളും അവയുടെ ഭാഗങ്ങളും, ജനറിക് മരുന്നുകളും മരുന്ന് നിര്‍മാണ ഘടകങ്ങളും, അടിസ്ഥാന വാഹന ഭാഗങ്ങള്‍ എന്നിവയ്ക്ക് അധിക തീരുവ ബാധകമാകില്ല.

കൂടാതെ രത്‌നങ്ങളും വജ്രങ്ങളും; പ്ലാറ്റിനം; നാണയങ്ങള്‍; ക്ലോക്കുകളും വാച്ചുകളും; സുഗന്ധ എണ്ണകള്‍; അലങ്കാരദീപങ്ങളും പ്രകാശിക്കുന്ന സൂചനാ ബോര്‍ഡുകളും പോലുള്ള തിരഞ്ഞെടുത്ത ഗൃഹാലങ്കാര വസ്തുക്കള്‍; ഇരുമ്പ്അലുമിനിയം ഓക്‌സൈഡുകളും വിലയേറിയ ലോഹങ്ങളുടെ അജൈവ സംയുക്തങ്ങളും ഉള്‍പ്പെടുന്ന അജൈവ രാസവസ്തുക്കള്‍; ഉപകരണങ്ങള്‍; ധാതുക്കളും പ്രകൃതിവിഭവങ്ങളും; കടലാസ്, പ്ലാസ്റ്റിക്, തടി എന്നിവ ഉപയോഗിച്ച് നിര്‍മിച്ച ഉല്പന്നങ്ങള്‍; പ്രകൃതിദത്ത റബര്‍ തുടങ്ങിയ പ്രധാന വ്യാവസായിക ഉല്പന്ന വിഭാഗങ്ങള്‍ക്കും തീരുവ രഹിത പ്രവേശനം ലഭിക്കും.

കാര്‍ഷികേതര വിപണി പ്രവേശനവും ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളും  
വിപണി പ്രവേശന ചട്ടക്കൂടിന് അന്തിമരൂപം നല്‍കുന്നതിന് മുന്‍പ് ഉല്പന്നങ്ങളുടെ പ്രാധാന്യവും ഓരോ മേഖലയുടെയും പ്രത്യേക ആവശ്യങ്ങളും തിരിച്ചറിയുന്നതിന് വ്യാവസായിക സ്ഥാപനങ്ങള്‍, വിവിധ മേഖലാ അസോസിയേഷനുകള്‍, ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ എന്നിവയുമായി നടത്തിയ വിപുലമായ ചര്‍ച്ചകള്‍ ഈ കരാറില്‍ പ്രതിഫലിക്കുന്നു.  

ഉല്പന്നങ്ങളുടെ പ്രാധാന്യത്തിന്റെയും പ്രത്യേക പരിഗണനയുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് വ്യാവസായിക ഉല്പന്നങ്ങളുടെ വിപണി പ്രവേശനം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഉടനടി തീരുവ ഒഴിവാക്കല്‍, പത്ത് വര്‍ഷം വരെ ഘട്ടംഘട്ടമായ തീരുവ കുറയ്ക്കല്‍, തീരുവ വിഹിത പരിധി പ്രകാരമുള്ള പ്രവേശനം എന്നിവ സമന്വയിപ്പിച്ചിരിക്കുന്നു.

വാഹനനിര്‍മാണം പോലെ പ്രാധാന്യമേറിയ മേഖലകളെ തീരുവ വിഹിത പരിധി, തീരുവ കുറയ്ക്കല്‍ എന്നീ സംവിധാനങ്ങളിലൂടെയാണ് ഉദാരവത്കരിച്ചിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുടെ കാര്യത്തില്‍ ദീര്‍ഘകാലയളവില്‍ ഘട്ടംഘട്ടമായി തീരുവ കുറയ്ക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. വിലയേറിയ ലോഹങ്ങളും മറ്റ് പ്രത്യേക പരിഗണനയര്‍ഹിക്കുന്ന വ്യാവസായിക ഉല്പന്നങ്ങളും വിഹിതപരിധി അടിസ്ഥാനത്തില്‍ തീരുവ കുറയ്ക്കുന്ന നടപടിയിലൂടെ ക്രമീകരിച്ചിരിക്കുന്നു. ഇത്തരം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ വഴി രാജ്യത്തെ ഉല്പാദന ശേഷിയെയോ തൊഴിലവസരങ്ങളെയോ ബാധിക്കാതെ വ്യവസായങ്ങളുടെ മത്സരശേഷി മെച്ചപ്പെടുത്താന്‍ കരാറിലൂടെ സാധിക്കുന്നു.

 

വ്യാപാര സൗകര്യങ്ങളുടെയും ഗുണനിലവാര സംവിധാനങ്ങളുടെയും ശാക്തീകരണം


തീരുവ ഇളവുകള്‍ക്ക് പുറമെ, വ്യാപാരം സുഗമമാക്കുന്നതിന് നികുതിയേതര നടപടികളിലും കരാര്‍ വ്യക്തത വരുത്തുന്നു. വ്യാപാരത്തിലെ സാങ്കേതിക തടസങ്ങള്‍ നീക്കുന്നതിനൊപ്പം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലെ ഇന്ത്യയുടെ അവകാശം സംരക്ഷിച്ച് വിപണി പ്രവേശനത്തില്‍ സന്തുലിതവും മികച്ചതുമായ മാറ്റങ്ങളാണ് ഈ വ്യവസ്ഥകള്‍ വാഗ്ദാനം ചെയ്യുന്നത്.

നൂതന സാങ്കേതിക ഉല്പന്നങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഐസിടി ഉല്പന്നങ്ങള്‍ തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ ഗുണനിലവാര മാനദണ്ഡങ്ങളും അക്രഡിറ്റേഷന്‍ സംവിധാനങ്ങളും പാലിക്കേണ്ട നിയമങ്ങളുടെ ലളിതവത്കരണവും ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും അമേരിക്കയും സംയുക്തമായി പ്രവര്‍ത്തിക്കും.

ഗുണനിലവാര സര്‍ട്ടിഫിക്കറ്റുകളുടെ പരസ്പര അംഗീകാരത്തിലൂടെ ഒരേ ഉല്പന്നം പലതവണ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ഒഴിവാക്കാനാവും. ഇത് കയറ്റുമതിക്കാരുടെ സമയവും ചെലവും ലാഭിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടല്‍ സാധ്യമാകുന്നതോടെ അത്യാധുനിക യന്ത്രസാമഗ്രികളും മെഡിക്കല്‍ ഉപകരണങ്ങളും ഇലക്ട്രോണിക്‌സും ഉള്‍പ്പെടെ മേഖലകളിലെ ഇന്ത്യന്‍ നിര്‍മാതാക്കള്‍ക്ക് ഗുണനിലവാരം ഉയര്‍ത്താനാവും. യൂറോപ്യന്‍ യൂണിയന്‍, യുകെ, ജപ്പാന്‍ തുടങ്ങിയ വികസിത വിപണികളടക്കം ആഗോള വിതരണ ശൃംഖലകളില്‍ കൂടുതല്‍ ആഴത്തില്‍ പങ്കാളികളാകാന്‍ ഇത് ഇന്ത്യയെ പ്രാപ്തമാക്കും.

ഐസിടി, അര്‍ധചാലകങ്ങള്‍, ഡിജിറ്റല്‍ ഇന്ത്യ
ഇന്ത്യന്‍ ഡാറ്റാ സെന്ററുകളുടെ വിപുലീകരണത്തിനും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കും ആവശ്യമായ അത്യാധുനിക അര്‍ധചാലക ചിപ്പുകള്‍, സെര്‍വര്‍ ഘടകങ്ങള്‍, മറ്റ് നിര്‍ണായക സാങ്കേതിക വിഭവങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്ന കരാര്‍ ഇന്ത്യയുടെ ഡിജിറ്റല്‍ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ശേഷി കൂടിയ കംപ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷിത ലഭ്യത ആഗോള ആവശ്യങ്ങള്‍ക്കനുസരിച്ച് വളരാന്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ പ്രാപ്തമാക്കുന്നു.

ലളിതവത്കരിച്ച ലൈസന്‍സിങ് നടപടിക്രമങ്ങള്‍ ഇറക്കുമതി ലൈസന്‍സിങ് സംവിധാനത്തില്‍ കൂടുതല്‍ സുതാര്യതയും വ്യക്തതയും കൊണ്ടുവരുന്നു. ഭരണപരമായ തടസങ്ങള്‍ കുറയ്ക്കാനും വിതരണ ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു. സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് സ്‌റ്റോക്കുകള്‍ കുറച്ച് ഉല്പന്ന വികസനവും വിതരണവും ത്വരിതപ്പെടുത്താന്‍ ഇതിലൂടെ സാധിക്കുന്നു.  

വരുംതലമുറ സാങ്കേതികവിദ്യകളിലേക്ക് മെച്ചപ്പെട്ട പ്രവേശനം ലഭ്യമാകുന്നതോടെ പ്രോസസ്സിംഗ് പവര്‍, ലേറ്റന്‍സി, സേവന നിലവാരം എന്നിവയില്‍ ഇന്ത്യന്‍ ഡാറ്റാ സെന്ററുകള്‍ ആഗോളതലത്തില്‍ മത്സരക്ഷമത കൈവരിക്കുന്നു. അതേസമയം, രാജ്യത്തിന്റെ തന്ത്രപരമായ താല്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ നൂതനാശയങ്ങളും സാങ്കേതിക പുരോഗതിയും മുന്നോട്ടുകൊണ്ടുപോകുന്നതിന് കരാര്‍ സുപ്രധാന ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.  

ആരോഗ്യവൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യം

മെഡിക്കല്‍ ഉപകരണ മേഖലയില്‍ ഇന്ത്യയും അമേരിക്കയും പരസ്പരപൂരക ബന്ധമാണ് പുലര്‍ത്തുന്നത്. അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങളും ശസ്ത്രക്രിയ ഉപകരണങ്ങളുടെ മെച്ചപ്പെട്ട ലഭ്യതയും ഇന്ത്യയിലെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ വിപുലീകരിക്കാന്‍ സഹായിക്കുന്നു.  

ജീവന്‍ രക്ഷാ സാങ്കേതിക വിദ്യകള്‍ സുഗമമായി ലഭ്യമാകുന്നത് സവിശേഷ ആരോഗ്യ സേവനങ്ങളുടെ ചിലവ് കുറയ്ക്കാനും അവ എല്ലാവരിലേക്കും എത്തിക്കാനും വഴിയൊരുക്കും. ചികിത്സാ ഫലങ്ങള്‍ മെച്ചപ്പെടുത്താനും ഇന്ത്യയുടെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു.  

ഇന്ത്യ–യു.എസ് ഡിജിറ്റല്‍ വ്യാപാര പങ്കാളിത്തം  

ആഗോള വാണിജ്യരംഗത്ത് അതിവേഗം വളരുന്ന ഘടകങ്ങളിലൊന്നായി ഡിജിറ്റല്‍ വ്യാപാരം മാറിയിരിക്കുന്നു. ലോകവ്യാപാര സംഘടനയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ഡിജിറ്റല്‍ സേവന കയറ്റുമതി 2023ലെ 4.35 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2024ല്‍ 4.78 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു; 9.8 ശതമാനം വാര്‍ഷിക വളര്‍ച്ചയാണിത് സൂചിപ്പിക്കുന്നത്.

പ്രമുഖ ഡിജിറ്റല്‍ കയറ്റുമതി രാജ്യമെന്ന നിലയില്‍ ഇന്ത്യ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞു. 2024ല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സേവന കയറ്റുമതി 10.3 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 0.28 ട്രില്യണ്‍ ഡോളറിലെത്തി. ഡിജിറ്റലായി നല്‍കുന്ന സേവനങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ലോകത്ത് അഞ്ചാം സ്ഥാനവും ഇറക്കുമതിയില്‍ 11-ാം സ്ഥാനവുമുണ്ട്. അതേസമയം, കയറ്റുമതിയിലും ഇറക്കുമതിയിലും അമേരിക്കയ്ക്കാണ് ഒന്നാം സ്ഥാനം.

പരസ്പരപൂരക കരുത്തും പങ്കിട്ട അവസരങ്ങളും  

ഡിജിറ്റല്‍ വ്യാപാരത്തില്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പരസ്പരപൂരകമായ കരുത്തുണ്ട്. ഡിജിറ്റല്‍ സേവനങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ് അമേരിക്ക. അതേസമയം ഐ.ടി സേവനങ്ങളിലും, വ്യാപാര നടപടിക്രമങ്ങളിലും നിര്‍വഹണത്തിലും ഡിജിറ്റല്‍ പരിഹാരങ്ങളിലും മികച്ച ശേഷി സ്വന്തമായ ഇന്ത്യ ലോകത്തെ മുന്‍നിര കയറ്റുമതി രാജ്യങ്ങളിലൊന്നാണ്.  

ഇരുരാജ്യങ്ങളും തമ്മിലെ വ്യവസ്ഥാപിതമായ ഡിജിറ്റല്‍ വ്യാപാര ചട്ടക്കൂട് നിയന്ത്രണങ്ങളിലെ അനിശ്ചിതത്വം കുറയ്ക്കുകയും നിയമപാലനത്തിലെ തടസങ്ങള്‍ നീക്കുകയും രാജ്യാന്തര സേവന വിതരണം സുഗമമാക്കുകയും ചെയ്യുന്നു. ഡിജിറ്റല്‍ സേവനങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ഈ ചട്ടക്കൂട് ഇന്ത്യന്‍ കമ്പനികള്‍ക്ക് കൂടുതല്‍ വിപണി പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു.  

ചെറുകിട സംരംഭങ്ങളും നൂതനാശയങ്ങളും തന്ത്രപരമായ സാങ്കേതിക സഹകരണവും സാധ്യമാക്കുന്നു  

ഏകീകൃത ഡിജിറ്റല്‍ വ്യാപാര നിയമങ്ങള്‍ ഇടപാടുകളിലെ ചെലവുകള്‍ കുറയ്ക്കുകയും വ്യാപാരസംരംഭങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ഡിജിറ്റല്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. രാജ്യാന്തര ഡിജിറ്റല്‍ വ്യാപാരത്തില്‍ ചെറുകിട സംരംഭങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ ഇത് വലിയ അവസരങ്ങള്‍ തുറക്കുന്നു.

ഇരുരാജ്യങ്ങളും പരസ്പരം അംഗീകരിച്ച ഡിജിറ്റല്‍ വ്യാപാര ചട്ടക്കൂടുകള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയില്‍ കൂടുതല്‍ യു.എസ് നിക്ഷേപം കൊണ്ടുവരാന്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ സേവന കയറ്റുമതിയെ ശക്തിപ്പെടുത്തുന്ന ഈ നീക്കത്തിലൂടെ ഡിജിറ്റല്‍ സ്റ്റാര്‍ട്ടപ്പുകള്‍, ക്ലൗഡ് കംപ്യൂട്ടിങ്, നിര്‍മിതബുദ്ധി (എഐ), ഫിന്‍ടെക്, ഹെല്‍ത്ത്‌ടെക് മേഖലകളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനാവുന്നു.  

രണ്ട് സുപ്രധാന ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥകള്‍ തമ്മിലെ ഈ പങ്കാളിത്തം തന്ത്രപരമായ സാങ്കേതിക സഹകരണം വര്‍ധിപ്പിക്കുകയും ആവശ്യമായ നിയന്ത്രണങ്ങളും ദേശീയ സുരക്ഷാ മാനദണ്ഡങ്ങളും നിലനിര്‍ത്തി നൂതനാശയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.  

ഉപഭോക്തൃ ക്ഷേമം: ആഭ്യന്തര വിതരണത്തെ ബാധിക്കാതെ ഇറക്കുമതി മെച്ചപ്പെടുത്തുന്നു

ആഭ്യന്തര കര്‍ഷകര്‍ക്കോ ഉല്പാദകര്‍ക്കോ സമ്മര്‍ദമുണ്ടാക്കാത്ത രീതിയില്‍ ആവശ്യകതയിലെ കുറവുകള്‍ നികത്തുന്നതിനായി തിരഞ്ഞെടുത്ത ഉപഭോക്തൃ ഉല്പന്നങ്ങളുടെ ഇറക്കുമതി സുഗമമാക്കുന്ന കരാര്‍ ഉപഭോക്തൃ ക്ഷേമം ഉറപ്പാക്കുന്നു.

പരിമിതവും വ്യവസ്ഥാപിതവുമായ വിപണി പ്രവേശനം വഴി ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ ആഭ്യന്തര ഉല്പാദനത്തിന് പകരമാകുകയല്ല, മറിച്ച് അതിന് പൂരകമായി മാറുകയാണ് ചെയ്യുന്നത്. വിപണിയില്‍ വിലസ്ഥിരത നിലനിര്‍ത്താനും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്‍ ലഭ്യമാക്കാനും ഇത് സഹായിക്കുന്നു.

മരങ്ങളില്‍ വളരുന്ന അണ്ടിപ്പരിപ്പ് വര്‍ഗങ്ങള്‍; ബെറി ഉള്‍പ്പെടെ ശുദ്ധവും സംസ്‌കരിച്ചതുമായ പഴങ്ങള്‍; പ്രത്യേക വിഭാഗത്തില്‍പ്പെട്ടതും ഗുണനിലവാരം കൂടിയതുമായ എണ്ണകള്‍; യീസ്റ്റ്, മാര്‍ഗരൈന്‍, അബലോണ്‍ എന്നിവയുള്‍പ്പെടെ സംസ്‌കരിച്ച ഭക്ഷ്യോല്‍പന്നങ്ങള്‍; വൈന്‍, ഗുണനിലവാരമേറിയ പാനീയങ്ങള്‍; തിരഞ്ഞെടുത്ത വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണങ്ങള്‍; സാല്‍മണ്‍, കോഡ്, അലാസ്‌ക പൊള്ളാക്ക് തുടങ്ങി ശീതീകരിച്ച മത്സ്യങ്ങള്‍ എന്നിവയാണ് പ്രധാന ഉപഭോക്തൃ ഉല്പന്ന വിഭാഗങ്ങള്‍.

ഇന്ത്യന്‍ ഉല്പാദന മേഖലയെയും മൂല്യശൃംഖലകളെയും ശക്തിപ്പെടുത്തുന്ന ഇടക്കാല ഉല്പന്നങ്ങള്‍  

ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കരുത്തുപകരുന്ന നിര്‍ണായക ഇടക്കാല ഉല്പന്നങ്ങളുടെ ലഭ്യതയ്ക്ക് കരാര്‍ വഴിയൊരുക്കുന്നു. അസംസ്‌കൃത വസ്തുക്കളും പ്രത്യേക ഘടകഭാഗങ്ങളും മത്സരാധിഷ്ഠിത വ്യവസ്ഥകളില്‍ ലഭ്യമാക്കുന്നതിലൂടെ മൂല്യവര്‍ധിത ഉല്പാദനം ശക്തിപ്പെടുത്താനും ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്താനും ഈ ചട്ടക്കൂട് സഹായിക്കുന്നു.

മിനുക്കാത്ത വജ്രങ്ങളും വിലയേറിയ കല്ലുകളും; ഔഷധനിര്‍മാണത്തിനും കാര്‍ഷിക സംസ്‌കരണത്തിനും ഉപയോഗിക്കുന്ന പ്രത്യേക രാസപദാര്‍ത്ഥങ്ങള്‍; തിരഞ്ഞെടുത്ത ഔഷധ നിര്‍മാണ ഘടകങ്ങള്‍; അര്‍ധചാലക വേഫറുകളും ഫാബ്രിക്കേഷന്‍ ഘടകങ്ങളും; ഐ.സി സബ്‌സ്‌ട്രേറ്റുകള്‍, സെന്‍സറുകള്‍, മൈക്രോകണ്‍ട്രോളറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍; കാര്‍ബണ്‍ ഫൈബറുകളും സ്‌പെഷ്യാലിറ്റി മെറ്റീരിയലുകളും; വ്യാവസായിക എന്‍സൈമുകള്‍; വ്യാവസായിക യന്ത്രഭാഗങ്ങളും കൃത്യതാ ഉപകരണങ്ങളും; എയ്‌റോസ്‌പേസ് ഘടകങ്ങള്‍; ലിഥിയം സംയുക്തങ്ങളും കാഥോഡ് മെറ്റീരിയലുകളും ഉള്‍പ്പെടെ ബാറ്ററി സാമഗ്രികള്‍; കുറഞ്ഞ ചിലവില്‍ ലഭ്യമാകുന്ന ഫോസ്‌ഫേറ്റ് റോക്ക്, പൊട്ടാഷ് തുടങ്ങി വളം നിര്‍മാണത്തിന്റെ അസംസ്‌കൃത വസ്തുക്കള്‍ എന്നിവയാണ് പ്രധാന ഇടക്കാല ഉല്പന്നങ്ങള്‍.

ഉയര്‍ന്ന സാങ്കേതികവിദ്യയും അത്യാധുനിക സാങ്കേതിക ഇറക്കുമതിയും
ആഭ്യന്തര ശേഷി വര്‍ധനയ്ക്ക് സഹായിക്കുന്ന നൂതന സാങ്കേതിക, തന്ത്രപ്രധാന ഉല്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കി ഇന്ത്യയുടെ സാങ്കേതിക പുരോഗതിയെ കരാര്‍ പിന്തുണയ്ക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് പ്രവേശനം ലഭിക്കുന്നതിലൂടെ ഇന്ത്യയുടെ ഡിജിറ്റല്‍വ്യാവസായിക പരിവര്‍ത്തനം ത്വരിതപ്പെടുകയും സ്വയംപര്യാപ്തതയെന്ന ലക്ഷ്യം ശക്തിപ്പെടുകയും ചെയ്യുന്നു.

രോഗനിര്‍ണയ ചിത്രീകരണ ഉപകരണങ്ങളും ശസ്ത്രക്രിയാ റോബോട്ടിക്‌സും ഉള്‍പ്പെടെ അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍; എഐ ചിപ്പുകളും പ്രകടനശേഷി കൂടിയ പ്രോസസറുകളും; അര്‍ധചാലക നിര്‍മാണ ഉപകരണങ്ങള്‍; ക്ലൗഡ് കംപ്യൂട്ടിങ് അടിസ്ഥാനസൗകര്യങ്ങള്‍ക്കാവശ്യമായ ഹാര്‍ഡ്‌വെയര്‍; ടെലികോം, ഐ.സി.ടി നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍; സൈബര്‍ സുരക്ഷാ ഹാര്‍ഡ്‌വെയര്‍; അതിലോലമല്ലാത്ത എയ്‌റോസ്‌പേസ് ഇലക്ട്രോണിക്‌സ്; സ്മാര്‍ട്ട് ഗ്രിഡുകളും മീറ്ററുകളും ഉള്‍പ്പെടെ ഹരിതോര്‍ജ സാങ്കേതികവിദ്യകള്‍; കാര്‍ഷികമേഖലയിലെ കൃത്യതാ സാങ്കേതികവിദ്യ; ബയോടെക്‌നോളജി ഗവേഷണ ഉപകരണങ്ങള്‍; ക്വാണ്ടം കംപ്യൂട്ടിങ് ഘടകങ്ങള്‍; അത്യാധുനിക ലബോറട്ടറിപരിശോധന ഉപകരണങ്ങള്‍; ഉപഗ്രഹം  ബഹിരാകാശ സാങ്കേതിക ഘടകങ്ങള്‍; ഡാറ്റാ സെന്റര്‍ അടിസ്ഥാനസൗകര്യ ഉപകരണങ്ങള്‍ എന്നിവയാണ് പ്രധാന നൂതന സാങ്കേതിക വിഭാഗങ്ങള്‍.

ഭാവിയിലേക്ക് തന്ത്രപരമായ പങ്കാളിത്തം  
ലോകത്തെ രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകള്‍ക്കിടയിലെ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായകവും പരിവര്‍ത്തനപരവുമായ ചുവടുവെപ്പാണ് ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാര കരാര്‍.

30 ട്രില്യണ്‍ ഡോളറിന്റെ വിപണി തുറന്നുനല്‍കിയും കയറ്റുമതിയുടെ വലിയൊരു പങ്കിന്റെ നികുതി ഏകീകരിച്ചും വിപുലമായ ഉല്പന്നങ്ങള്‍ക്ക് തീരുവ രഹിത ആനുകൂല്യം ഉറപ്പാക്കിയും ഡിജിറ്റല്‍തന്ത്രപ്രധാന സാങ്കേതിക സഹകരണം ശക്തിപ്പെടുത്തിയും ഇന്ത്യയുടെ ആഗോള വ്യാപാര നിലവാരം കരാര്‍ ഗണ്യമായി ഉയര്‍ത്തുന്നു.

ഒപ്പം, ഉല്പന്നങ്ങളുടെ പ്രത്യേക പ്രാധാന്യം പരിഗണിച്ച് കൃത്യമായ സമീപനം സ്വീകരിക്കുന്നത് കര്‍ഷകര്‍ക്കും സൂക്ഷ്മചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും ആഭ്യന്തര വ്യവസായങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കുന്നു. വളര്‍ച്ചയും സംരക്ഷണവും തമ്മിലും മത്സരശേഷിയും പ്രതിരോധാത്മകതയും തമ്മിലും വിപുലീകരണവും ദേശീയ താല്പര്യവും തമ്മിലും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന ഈ ചട്ടക്കൂട് സുസ്ഥിര കയറ്റുമതി അധിഷ്ഠിത വളര്‍ച്ചയ്ക്കും ആഗോളതലത്തില്‍ ആഴമേറിയ പങ്കാളിത്തത്തിനും ദീര്‍ഘകാല സാമ്പത്തിക കരുത്തിനും ഇന്ത്യയെ സജ്ജമാക്കുന്നു.

PDF കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
***
 
(Explainer ID: 157271) आगंतुक पटल : 23
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Nepali , Assamese , Bengali , Gujarati , Telugu , Kannada
Link mygov.in
National Portal Of India
STQC Certificate