Economy
കേന്ദ്ര ബജറ്റ് 2026–27: ഇന്ത്യയുടെ ടെക്സ്റ്റൈൽ മൂല്യ ശൃംഖലയെ ശക്തിപ്പെടുത്തുന്നു
Posted On:
04 FEB 2026 9:58AM
പ്രധാന വസ്തുതകൾ:
- 2026-27 ലെ കേന്ദ്ര ബജറ്റ്, തൊഴിലവസരങ്ങൾ, കയറ്റുമതി, ഗ്രാമീണ ഉപജീവന മാർഗ്ഗങ്ങൾ, സുസ്ഥിര ഉൽപ്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ടെക്സ്റ്റൈൽസ് മേഖലയെ രാജ്യത്തിൻ്റെ വളർച്ചാ തന്ത്രത്തിൻ്റെ കേന്ദ്രബിന്ദുവാക്കി.
- മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ വഴിയും എംഎംഎഫ്, ടെക്നിക്കൽ ടെക്സ്റ്റൈൽസ് എന്നിവയ്ക്കുള്ള പിന്തുണയിലൂടെയും വിപുലമായ രീതിയിൽ, ആധുനിക ഉൽപ്പാദനത്തിന് പ്രോത്സാഹനം നൽകുന്നു.
- പണം ലഭ്യമാക്കൽ നടപടികൾ, ക്ലസ്റ്റർ നവീകരണം, നൈപുണ്യ സംരംഭങ്ങൾ എന്നിവയിലൂടെ എംഎസ്എംഇകളെയും കരകൗശല വിദഗ്ധരെയും പിന്തുണയ്ക്കുന്നു.
- ആഗോള ടെക്സ്റ്റൈൽ മൂല്യ ശൃംഖലകളിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് പുതിയ ദിശയിലുള്ള നയങ്ങൾ, സുസ്ഥിരത, മത്സരശേഷി എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.
ടെക്സ്റ്റൈൽസ് മേഖലയ്ക്ക് കേന്ദ്ര സ്ഥാനം നൽകി 2026-27ലെ കേന്ദ്ര ബജറ്റ്
2026–27 ലെ കേന്ദ്ര ബജറ്റ് ടെക്സ്റ്റൈൽസ് ഉൾപ്പെടെയുള്ള തന്ത്രപരമായ, വികസനോൻമുഖ മേഖലകളിലെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ, രാജ്യത്തിൻ്റെ ഏറ്റവും പുരാതനവും വൈവിധ്യപൂർണ്ണവുമായ വ്യവസായങ്ങളിൽ ഒന്നാണ് ടെക്സ്റ്റൈൽ മേഖല. 2026–27 ലെ കേന്ദ്ര ബജറ്റ് ഇന്ത്യയുടെ വളർച്ചയുടെ കാതലായ സ്ഥാനത്ത് ടെക്സ്റ്റൈൽ മേഖലയെ പ്രതിഷ്ഠിക്കുകയും സമ്പദ് വ്യവസ്ഥയിൽ അതിൻ്റെ തന്ത്രപരമായ പ്രാധാന്യം എടുത്തു കാണിക്കുകയും ചെയ്യുന്നു. തൊഴിൽ സാധ്യത കൂടുതലുള്ള ഈ വ്യവസായത്തിന് മുൻഗണന നൽകുന്നതിലൂടെ, തൊഴിലവസര സൃഷ്ടി, കയറ്റുമതി വളർച്ച, ഗ്രാമീണ ഉപജീവനമാർഗ്ഗം, സുസ്ഥിര ഉൽപ്പാദനം എന്നിവയുടെ പ്രധാന ചാലകമായി ടെക്സ്റ്റൈൽസ് മേഖലയെ ബജറ്റ് അംഗീകരിക്കുന്നു.

ഇന്ത്യൻ ടെക്സ്റ്റൈൽ മേഖലയ്ക്ക് ഗണ്യമായ ആന്തരിക ശക്തികളുണ്ട് എന്നത് ശ്രദ്ധേയമാണ് - വിസ്തൃതിയുടെ അടിസ്ഥാനത്തിൽ, ലോകത്തിലെ ഏറ്റവും വലിയ പരുത്തി കൃഷിയുള്ള രാജ്യം, ചണത്തിൻ്റെ ഏറ്റവും വലിയ ഉത്പാദക രാജ്യം, പട്ടിൻ്റെയും പരുത്തിയുടെയും രണ്ടാമത്തെ വലിയ ഉത്പാദക രാജ്യം, മനുഷ്യനിർമ്മിത നാരുകൾ (എംഎംഎഫ്) വിഭാഗത്തിലെ രണ്ടാമത്തെ പ്രധാന ആഗോള കേന്ദ്രം, പോളിസ്റ്റർ, വിസ്കോസ് നാരുകളുടെ രണ്ടാമത്തെ വലിയ ഉത്പാദക രാജ്യം എന്നീ നിലകളിൽ ഇന്ത്യ മുന്നിലാണ്.
നെയ്തെടുക്കുന്ന വളർച്ച: 2026–27 ബജറ്റ് ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖലയെ ഉത്തേജിപ്പിക്കുന്നതെങ്ങനെ
2026-27 ലെ കേന്ദ്ര ബജറ്റിൽ, ടെക്സ്റ്റൈൽ മൂല്യ ശൃംഖലയെയാകെ - ഫൈബർ മുതൽ ഫാഷൻ വരെ, ഗ്രാമ വ്യവസായങ്ങൾ മുതൽ ആഗോള വിപണികൾ വരെ -ശക്തിപ്പെടുത്തുന്നതിനായി സമഗ്രവും സംയോജിതവുമായ ഒരു നയ ചട്ടക്കൂട് പ്രഖ്യാപിച്ചു.
ടെക്സ്റ്റൈൽ മേഖലയ്ക്കുള്ള സംയോജിത പരിപാടി
മത്സരശേഷി വർദ്ധിപ്പിക്കുക, സ്വയംപര്യാപ്തത വളർത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ട്, ടെക്സ്റ്റൈൽ മേഖലയ്ക്കായി അഞ്ച് ഉപഘടകങ്ങളെ ആധാരമാക്കി ഒരു സംയോജിത പരിപാടി ഗവൺമെൻ്റ് നിർദ്ദേശിച്ചിട്ടുണ്ട്.

- ദേശീയ ഫൈബർ പദ്ധതി: മനുഷ്യനിർമ്മിത നാരുകൾ (MMF), നവയുഗ നാരുകൾ എന്നിവയ്‌ക്കൊപ്പം പട്ട്, കമ്പിളി, ചണം തുടങ്ങിയ പ്രകൃതിദത്ത നാരുകളെ പിന്തുണച്ചുകൊണ്ട്, നൂൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആഭ്യന്തര നൂൽ ലഭ്യത ശക്തിപ്പെടുത്തുന്നതിലൂടെയും ആധുനിക തുണിത്തരങ്ങളിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും, പരുത്തിക്ക് ഉപരിയായി വൈവിധ്യവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും, ഉയർന്ന നിലവാരമുള്ള പ്രത്യേക തുണിത്തരങ്ങളിൽ ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
- ടെക്സ്റ്റൈൽ വികസനവും തൊഴിൽ പദ്ധതിയും: പരമ്പരാഗത തുണിത്തര ക്ലസ്റ്ററുകളുടെ നവീകരണത്തിൽ ഈ ഘടകം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. യന്ത്രസാമഗ്രികൾ, സാങ്കേതികവിദ്യയിലെ നൂതനാശയങ്ങൾ, പൊതു പരിശോധന, സർട്ടിഫിക്കേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്ക് മൂലധന പിന്തുണ നൽകുന്നു. ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, ഗുണനിലവാര പാലനം മെച്ചപ്പെടുത്തുന്നതിനും, വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- ദേശീയ കൈത്തറി, കരകൗശല പരിപാടി: കൈത്തറി, കരകൗശല വസ്തുക്കൾ എന്നിവയ്ക്കായി നിലവിലുള്ള പദ്ധതികൾ ഒരു ഏകീകൃത ദേശീയ പരിപാടിക്ക് കീഴിൽ സംയോജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും ലക്ഷ്യബോധമുള്ളതും ഫലപ്രദവുമായ പിന്തുണ നൽകുക, വരുമാനം മെച്ചപ്പെടുത്തുക, വിപണി ബന്ധങ്ങൾ ഉറപ്പാക്കുക, ഇന്ത്യയുടെ സമ്പന്നമായ തുണിത്തരങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ലക്ഷ്യം. കൂടാതെ, മെഗാ ക്ലസ്റ്റർ വികസന പരിപാടി, ആവശ്യകത അടിസ്ഥാനമാക്കിയുള്ള പ്രത്യേക അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നീ രണ്ട് ഘടകങ്ങളിലൂടെ പ്രകൃതിദത്ത ചായങ്ങളുടെ പ്രോത്സാഹനത്തിനും ഡൈ ഹൗസുകൾ സ്ഥാപിക്കുന്നതിനും ഗവണ്മെൻ്റ് സാമ്പത്തിക സഹായം നൽകുന്നു.
- ടെക്സ്-ഇക്കോ സംരംഭം: ടെക്സ്-ഇക്കോ സംരംഭം ആഗോളതലത്തിൽ മത്സരാധിഷ്ഠിതവും പരിസ്ഥിതി സൗഹൃദപരവുമായ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും (ടി&എ) നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ആഭ്യന്തര ഉൽപ്പാദനത്തെ അന്താരാഷ്ട്ര സുസ്ഥിരതാ മാനദണ്ഡങ്ങളുമായി സമന്വയിപ്പിക്കുന്നു. കൂടാതെ ഉയർന്നുവരുന്ന ഹരിത വിപണികളിലേക്കുള്ള പ്രവേശനത്തെ പിന്തുണയ്ക്കുന്നു.
- സമർഥ് 2.0 സംരംഭം: നവീകരിച്ച നൈപുണ്യ പരിപാടിയായ സമർഥ് 2.0, വ്യവസായ, അക്കാദമിക് സ്ഥാപനങ്ങളുമായി ആഴത്തിലുള്ള സഹകരണത്തിലൂടെ ടെക്സ്റ്റൈൽ നൈപുണ്യ ആവാസവ്യവസ്ഥയെ നവീകരിക്കാൻ ലക്ഷ്യമിടുന്നു. മൂല്യ ശൃംഖലയിലുടനീളം വ്യവസായത്തിന് അനുയോജ്യമായ വൈദഗ്ധ്യമുള്ള മനുഷ്യ വിഭവശേഷിയുടെ ലഭ്യത ഉറപ്പാക്കാൻ ഇത് ശ്രമിക്കുന്നു.
മെഗാ ടെക്സ്റ്റൈൽ പാർക്കുകളും ടെക്‌നിക്കൽ ടെക്സ്റ്റൈൽസും
സംയോജിത അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിലും, കാര്യക്ഷമത വിപുലമാക്കുന്നതിലും, ടെക്സ്റ്റൈൽ മൂല്യ ശൃംഖലയിലുടനീളം മൂല്യവർദ്ധന പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചാലഞ്ച് രീതിയിൽ മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുമെന്ന് ഗവൺമെൻ്റ് പ്രഖ്യാപിച്ചു. വ്യാവസായിക, മെഡിക്കൽ, പ്രതിരോധ, അടിസ്ഥാന സൗകര്യ മേഖലകളിലെ ഉയർന്ന പ്രയോഗ സാധ്യതയുള്ള വിഭാഗമായ ടെക്നിക്കൽ ടെക്സ്റ്റൈൽസിൻ്റെ വളർച്ചയ്ക്കും ഈ പാർക്കുകൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
മഹാത്മാഗാന്ധി ഗ്രാം സ്വരാജ് സംരംഭം
ഖാദി, കൈത്തറി, കരകൗശല വസ്തുക്കൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ മഹാത്മാഗാന്ധി ഗ്രാം സ്വരാജ് സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഗോള വിപണി ബന്ധം, ബ്രാൻഡിംഗ്, കാര്യക്ഷമമായ പരിശീലനം, വൈദഗ്ദ്ധ്യം, ഗുണനിലവാരം മെച്ചപ്പെടുത്തൽ, പ്രക്രിയകളുടെ ആധുനികവൽക്കരണം എന്നിവയ്ക്ക് ഈ സംരംഭം ഊന്നൽ നൽകുന്നു. ഒരു ജില്ല, ഒരു ഉൽപ്പന്നം (ODOP) സംരംഭത്തെ പിന്തുണയ്ക്കുന്നതിനൊപ്പം നെയ്ത്തുകാർ, ഗ്രാമ വ്യവസായങ്ങൾ, ഗ്രാമീണ മേഖലയിലെ യുവാക്കൾ എന്നിവയ്ക്ക് പ്രയോജനം ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം.
ടെക്സ്റ്റൈൽസിനും അനുബന്ധ മേഖലകൾക്കുമുള്ള കയറ്റുമതി പ്രോത്സാഹന നടപടികൾ
തുണിത്തരങ്ങളുടെയും അനുബന്ധ മേഖല ഉൽപ്പന്നങ്ങളുടെയും കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനായി, തുണിത്തരങ്ങൾ, തുകൽ വസ്ത്രങ്ങൾ, തുകൽ അല്ലെങ്കിൽ സിന്തറ്റിക് പാദരക്ഷകൾ, തീരുവ രഹിത ഇറക്കുമതി സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന മറ്റ് തുകൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കാർക്ക്, കയറ്റുമതി ബാധ്യതാ കാലയളവ് ആറ് മാസത്തിൽ നിന്ന് പന്ത്രണ്ട് മാസമായി നീട്ടുന്നതായി ബജറ്റ് പ്രഖ്യാപിച്ചു. കയറ്റുമതിക്കാർക്ക് കൂടുതൽ പ്രവർത്തനപരമായ എളുപ്പം, സുഗമമായ നിർവഹണം, മെച്ചപ്പെട്ട പ്രവർത്തന മൂലധന പരിപാലനം എന്നിവ നൽകുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
എന്താണ് TReDS?
ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങൾ വഴി എംഎസ്എംഇകളുടെ വ്യാപാര ഇടപാടുകൾക്ക് ധനസഹായവും കിഴിവും നൽകുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമാണ് TReDS. കോർപ്പറേറ്റുകൾ, ഗവൺമെൻ്റ് വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വാങ്ങുന്നവരിൽ നിന്ന് ലഭിക്കേണ്ട തുകകൾ ഇതിലൂടെ നൽകാം.
TReDS വഴി ടെക്സ്റ്റൈൽ എംഎസ്എംഇകൾക്കുള്ള ലിക്വിഡിറ്റി പിന്തുണ
ടെക്സ്റ്റൈൽസ് എംഎസ്എംഇകൾക്കുള്ള ലിക്വിഡിറ്റി ലഭ്യത ശക്തിപ്പെടുത്തുന്നതിന്, ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിംഗ് സിസ്റ്റത്തിൻ്റെ (TReDS) ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ഗവൺമെൻ്റ് പ്രഖ്യാപിച്ചു. അതിലൂടെ ഇതിനകം 7 ലക്ഷം കോടി രൂപയിലധികം സുഗമമാക്കിയിട്ടുണ്ട്.
പ്രധാന നടപടികളിൽ ചിലത്:
- എംഎസ്എംഇകളിൽ നിന്നുള്ള സംഭരണത്തിനായി സിപിഎസ്ഇകൾ TReDS നിർബന്ധിതമായി ഉപയോഗിക്കണം
- TReDS-ൽ കിഴിവ് നൽകുന്ന ഇൻവോയ്‌സുകൾക്ക്, ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റ് ഫോർ മൈക്രോ ആൻഡ് സ്‌മോൾ എൻ്റർപ്രൈസസ് (CGTMSE) വഴിയുള്ള വായ്പ ഉറപ്പ് പിന്തുണ
- ഗവൺമെൻ്റ് സംവിധാനങ്ങൾക്ക് വസ്തുക്കൾ വാങ്ങുന്നതിന് വേഗത്തിലും കുറഞ്ഞ ചെലവിലുമുള്ള ധനസഹായം സാധ്യമാക്കുന്നതിന് ഗവൺമെൻ്റ് ഇ-മാർക്കറ്റ്‌പ്ലേസിനെ (GeM) TReDS-മായി ബന്ധിപ്പിക്കണം
- ദ്വിതീയ വിപണി പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനും ലിക്വിഡിറ്റി മെച്ചപ്പെടുത്തുന്നതിനുമായി ആസ്തി പിന്തുണയുള്ള സെക്യൂരിറ്റികളായി TReDS വസ്തുക്കൾ അവതരിപ്പിക്കുന്നു
എസ്എംഇ വളർച്ചാ ഫണ്ടും ചാമ്പ്യൻ എസ്എംഇകളും
ഭാവിയിലെ "ചാമ്പ്യൻ എസ്എംഇ"കളെ സൃഷ്ടിക്കുന്നതിനായി ₹10,000 കോടി രൂപയുടെ പ്രത്യേക എസ്എംഇ വളർച്ചാ ഫണ്ട് അവതരിപ്പിച്ചു. തിരഞ്ഞെടുത്ത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ഫണ്ട് ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ വളർച്ച, കയറ്റുമതി, തൊഴിൽ എന്നിവയെ നയിക്കുന്ന ടെക്സ്റ്റൈൽ മേഖല
179 ബില്യൺ യു.എസ് ഡോളറായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ ടി&എ വ്യവസായം രാജ്യത്തിൻ്റെ ജിഡിപിയിൽ ~2% സംഭാവന ചെയ്യുന്നു. ഇത് ഉൽപ്പാദന മൊത്ത മൂല്യവർദ്ധനവിൻ്റെ (ജിവിഎ) ~11% സംഭാവന ചെയ്യുന്നു. കൂടാതെ കയറ്റുമതിയിൽ 8.63% വിഹിതം സംഭാവന ചെയ്യുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക ഘടനയിൽ അതിൻ്റെ നിർണായക പങ്ക് അടിവരയിടുന്നു.

കയറ്റുമതി വളർച്ചയുടെ ആക്കം നിലനിർത്തുന്നു
ടി&എയുടെ ആഗോള കയറ്റുമതി രാജ്യങ്ങളിൽ ആറാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. ഈ വിഭാഗത്തിൽ ഇന്ത്യയ്ക്ക് ലോക കയറ്റുമതിയിൽ ~4% വിഹിതമുണ്ട്.
ഇന്ത്യയുടെ ടി&എ (കരകൗശല വസ്തുക്കൾ ഉൾപ്പെടെ) കയറ്റുമതി 2025 സാമ്പത്തിക വർഷത്തിൽ 37.75 ശതകോടി യു.എസ് ഡോളറായി വർദ്ധിച്ചു. ആഗോള വ്യാപാര അന്തരീക്ഷത്തിന് മങ്ങലേറ്റിട്ടും, ഈ മേഖലയുടെ പൊരുത്തപ്പെടുത്തൽ, വൈവിധ്യമാർന്ന വിപണി സാന്നിധ്യം, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, തൊഴിൽ-ശക്തി എന്നിവയിലുടനീളം കരുത്ത് പ്രതിഫലിപ്പിക്കുന്നു. ഇത് 2024 സാമ്പത്തിക വർഷത്തിലെ 35.87 ബില്യൺ യു.എസ് ഡോളറിൽ നിന്നാണ് ഉയർച്ച കൈവരിച്ചത്.
- 2025 ഡിസംബറിൽ, കരകൗശല വസ്തുക്കൾ (7.2%), റെഡി-മെയ്ഡ് വസ്ത്രങ്ങൾ (2.89%), എംഎംഎഫ് നൂൽ, തുണിത്തരങ്ങൾ, മേഡ്-അപ്പുകൾ (3.99%) തുടങ്ങിയ പ്രധാന വിഭാഗങ്ങളിലായി കയറ്റുമതി വളർച്ച വിപുലമായിരുന്നു.
- ആഗോള ആവശ്യകതയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും, മൂല്യവർദ്ധിത ഉൽപ്പാദനം, പരമ്പരാഗത കരകൗശല വസ്തുക്കൾ, തൊഴിലവസരം കൂടുതലുള്ള മേഖലകൾ എന്നിവയിലുടനീളം ഇന്ത്യയുടെ മത്സര നേട്ടത്തെ ഈ പ്രവണതകൾ ശക്തിപ്പെടുത്തുന്നു.
നിങ്ങൾക്കറിയാമോ?
2025 ജനുവരി-നവംബർ കാലയളവിൽ, ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖല 118 രാജ്യങ്ങളിലും ലക്ഷ്യസ്ഥാനങ്ങളിലുമായി കയറ്റുമതി വളർച്ച രേഖപ്പെടുത്തി!
2025, ഗണ്യമായ വിപണി വൈവിധ്യവൽക്കരണത്തിൻ്റെ വർഷമായിരുന്നു. യുഎഇ, ഈജിപ്ത്, പോളണ്ട്, സുഡാൻ, ജപ്പാൻ, നൈജീരിയ, അർജൻ്റീന, കാമറൂൺ, ഉഗാണ്ട എന്നിവയുൾപ്പെടെ ഉയർന്നുവരുന്നതും പരമ്പരാഗതവുമായ വിപണികളിൽ ഇത് പ്രകടമായിരുന്നു. സ്പെയിൻ, ഫ്രാൻസ്, നെതർലാൻഡ്‌സ്, ജർമ്മനി, യുകെ തുടങ്ങിയ പ്രധാന യൂറോപ്യൻ വിപണികളിൽ വളർച്ച സ്ഥിരമായി തുടർന്നു.
തൊഴിൽ ഉത്പാദനം
കൃഷി കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽ ഉത്പാദന മേഖലയാണ് ടെക്സ്റ്റൈൽ മേഖല. 2026-27 ലെ സാമ്പത്തിക സർവേ പ്രകാരം, 8 പ്രധാന വ്യവസായ ഗ്രൂപ്പുകളിലെ തൊഴിലവസരങ്ങളിൽ ടെക്സ്റ്റൈൽ വ്യവസായത്തിന് 9% വിഹിതമുണ്ട്. സ്ത്രീകളും ഗ്രാമീണ സമൂഹങ്ങളും ഉൾപ്പെടെ 45 ദശലക്ഷത്തിലധികം പേർക്ക് ഈ മേഖല നേരിട്ട് തൊഴിൽ നൽകുന്നുണ്ടെന്ന് 2025 ലെ കണക്കുകൾ കാണിക്കുന്നു.
ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖലയുടെ വളർച്ചാ ഘടകങ്ങൾ
വർഷങ്ങളായി, ആഭ്യന്തര, അന്തർദേശീയ വിപണികളിലുടനീളമുള്ള ബഹുജന സമൂഹത്തെ മുൻനിർത്തി, താങ്ങാനാവുന്ന നിരക്കിൽ വിപണി വസ്ത്രങ്ങൾ മുതൽ ഉയർന്ന മൂല്യമുള്ള വിഭാഗങ്ങൾ വരെയുള്ള വിശാലമായ ആവശ്യകത നിറവേറ്റാനുള്ള ശേഷി ഇന്ത്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ മത്സരശേഷി നിലനിർത്തുന്നതിനും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ട് നിരവധി സംരംഭങ്ങളിലൂടെ ഈ മേഖലയെ ഗവൺമെൻ്റ് സജീവമായി പിന്തുണയ്ക്കുന്നു.
2025ൽ പിഎം മിത്ര പദ്ധതിയുടെ ഗണ്യമായ പുരോഗതി
- ഗ്രീൻഫീൽഡ്/ബ്രൗൺഫീൽഡ് പ്രദേശങ്ങളിൽ 2027-28 വരെ 7 വർഷത്തേക്ക് ₹4445 കോടി വകയിരുത്തിക്കൊണ്ട് 7 പിഎം മെഗാ ഇൻ്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൺ ആൻഡ് അപ്പാരൽ (പിഎം മിത്ര) പാർക്കുകൾ സ്ഥാപിക്കാൻ ഗവൺമെൻ്റ് അംഗീകാരം നൽകി.
- ₹27,434 കോടി നിക്ഷേപ സാധ്യതയുള്ള നിക്ഷേപ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.
- ₹2590.99 കോടിയുടെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ 7 സംസ്ഥാന ഗവൺമെൻ്റുകളും ആരംഭിച്ചു.
- ഈ പദ്ധതിയിലൂടെ 3 ലക്ഷം പേർക്ക് (ഒരു ലക്ഷം നേരിട്ടും 2 ലക്ഷം പരോക്ഷമായും) തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ പാർക്കിലും ₹10,000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്നു.
ടെക്‌സ്റ്റൈൽസിനായുള്ള പിഎൽഐ പദ്ധതി
- 2029-30 സാമ്പത്തിക വർഷം വരെ പ്രവർത്തിക്കുന്ന ടെക്‌സ്റ്റൈൽസ് സംരംഭങ്ങൾക്കുള്ള ഉൽപ്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (പിഎൽഐ), MMF വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും ടെക്നിക്കൽ ടെക്സ്റ്റൈൽസിൻ്റെയും ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
- വ്യവസായത്തിൽ വിപുലത കൈവരിക്കാനും, മത്സരക്ഷമതയുള്ളവരാകാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, പ്രായോഗികമായ സംരംഭത്തിൻ്റെയും മത്സരക്ഷമമായ വ്യവസായത്തിൻ്റെയും സൃഷ്ടിയെ പിന്തുണയ്ക്കാനും ഇത് ലക്ഷ്യമിടുന്നു.
പരുത്തി മേഖല പരിഷ്കാരങ്ങൾ
- പരുത്തി മേഖല മൂല്യ ശൃംഖലകളിലുടനീളം ഏകദേശം 6 ദശലക്ഷം കർഷകരെയും 40–50 ദശലക്ഷം പേരെയും പിന്തുണയ്ക്കുന്നു.
- സുതാര്യത വർദ്ധിപ്പിക്കുന്നതിനായി, കർഷകർക്ക് സ്വയം രജിസ്ട്രേഷനും സ്ലോട്ട് ബുക്കിംഗും സാധ്യമാക്കുന്ന കപാസ് കിസാൻ മൊബൈൽ ആപ്പ് ആരംഭിച്ചു.
- ഇന്ത്യൻ പരുത്തിയുടെ ആഗോള വിപണി സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനായി 'കസ്തൂരി കോട്ടൺ ഭാരത്' പരിപാടി ആരംഭിച്ചു.
- കൂടാതെ, പരുത്തി ബെയ്‌ലുകൾക്കായുള്ള 2023 ലെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് (ക്യുസിഒ) 2026 ഓഗസ്റ്റ് വരെ മാറ്റിവച്ചു.
സുസ്ഥിരതയും ചാക്രികതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭം
പുതുക്കിയ ഉൽപ്പന്നങ്ങളുടെ പൊതു സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായി ടെക്സ്റ്റൈൽസ് കമ്മിറ്റി, ജിഇഎം, സ്റ്റാൻഡിംഗ് കോൺഫറൻസ് ഓഫ് പബ്ലിക് എൻ്റർപ്രൈസസ് (സ്കോപ്പ്), സർക്കിൾ ബാക്ക് കാമ്പെയ്ൻ, ദേശീയ കൈത്തറി വികസന പദ്ധതി, ദേശീയ ടെക്സ്റ്റൈൽ സുസ്ഥിര കൗൺസിൽ എന്നിവ തമ്മിൽ ഒരു ത്രികക്ഷി ധാരണാപത്രം ഒപ്പുവച്ചു.
തൊഴിൽ പരിഷ്കരണങ്ങൾ
- പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നത് ടെക്സ്റ്റൈൽ വ്യവസായത്തിൽ ഗണ്യമായ സ്വാധീനം സൃഷ്ടിക്കുന്നു.
- വേതനം, തൊഴിൽ സാഹചര്യങ്ങൾ, ജോലിസ്ഥല സുരക്ഷ, സാമൂഹിക സുരക്ഷ, തർക്ക പരിഹാരം എന്നിവ ഉൾക്കൊള്ളുന്ന ഒരു ഏകീകൃത ചട്ടക്കൂട് സ്ഥാപിച്ചുകൊണ്ട്, ഈ കോഡുകൾ, നിർവഹണ നടപടികൾ കാര്യക്ഷമമാക്കുകയും തൊഴിലാളി ക്ഷേമം ശക്തിപ്പെടുത്തുകയും ചെയ്തു.
ചരക്ക്, സേവന നികുതി 2.0 (ജിഎസ്ടി)
- 2025 ലെ തുണിത്തര മേഖലയിലെ അടുത്ത തലമുറ ജിഎസ്ടി യുക്തിസഹമാക്കൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാകുന്നതിനും നിർമ്മാതാക്കൾക്ക് ആശ്വാസം നൽകുന്നതിനും കയറ്റുമതിയും തൊഴിലും വർദ്ധിപ്പിക്കുന്നതിനും കാരണമായി.
സുസ്ഥിരമായ കയറ്റുമതി ആക്കം, വിശാലമാകുന്ന വിപണി കാൽപ്പാടുകൾ, മൂല്യവർദ്ധിത വിഭാഗങ്ങളുടെ ശക്തമായ പ്രകടനം എന്നിവ സാങ്കേതിക വികസനത്തിനുള്ള വിശ്വസനീയവും സ്ഥിരതയുള്ളതുമായ ഒരു ആഗോള ഉറവിടമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുന്നു. വൈവിധ്യവൽക്കരണം, മത്സരശേഷി, എംഎസ്എംഇ പങ്കാളിത്തം എന്നിവയിൽ തുടർച്ചയായ ഊന്നൽ നൽകിക്കൊണ്ട്, വരും കാലയളവിൽ കയറ്റുമതി വർദ്ധിപ്പിക്കാനും ആഗോള മൂല്യ ശൃംഖലകളുമായുള്ള സംയോജനം കൂടുതൽ ആഴത്തിലാക്കാനും ഈ മേഖലയ്ക്ക് മികച്ച ശേഷിയുണ്ട്.
ടെക്സ്റ്റൈൽ മേഖലയുടെ വീക്ഷണം
വിപുലീകരണം , ആധുനികവൽക്കരണം എന്നിവയിലേക്കാണ് സമീപകാലത്തെ നയതീരുമാനങ്ങൾ മുൻതൂക്കം നൽകുന്നത്. സംയോജിത ടെക്സ്റ്റൈൽ പാർക്കുകൾ, എംഎംഎഫിനും ടെക്നിക്കൽ ടെക്സ്റ്റൈൽസിനുമുള്ള പിന്തുണ, നിക്ഷേപ പ്രോത്സാഹനങ്ങൾ, അസംസ്കൃത വസ്തുക്കളുടെ നിയന്ത്രണങ്ങൾ ലഘൂകരിക്കൽ എന്നിവയെല്ലാം മത്സരശേഷിയും മൂല്യവർദ്ധനയും മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നു.
അതേസമയം, ടെക്സ്റ്റൈൽസ് മന്ത്രാലയം കയറ്റുമതിക്കായി ഒരു അഭിലാഷകരമായ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. ഏകദേശം ₹3 ലക്ഷം കോടിയുടെ നിലവിലെ തുണിത്തര കയറ്റുമതിയെ, ശക്തമായ ആഭ്യന്തര ഉൽപ്പാദനത്തിലൂടെയും വിശാലമായ ആഗോള വ്യാപനത്തിലൂടെയും വിഷൻ 2030ൽ ഏകദേശം ₹9 ലക്ഷം കോടിയായി വികസിപ്പിക്കുക എന്ന ദർശനം സ്വീകരിച്ചിരിക്കുന്നു.
വ്യാപാര വികസനങ്ങൾ വീക്ഷണത്തിന് മറ്റൊരു ദിശ കൂടി നൽകുന്നു. ഇന്ത്യയുടെ സാങ്കേതിക-അധിഷ്ഠിത മേഖലയ്ക്കുള്ള ഒരു പരിവർത്തനാത്മക വ്യാപാര കരാറായ ഇന്ത്യ-ഇയു എഫ്‌ടിഎ, തുണിത്തരങ്ങളിലും വസ്ത്രങ്ങളിലും തീരുവരഹിത ലഭ്യത വാഗ്ദാനം ചെയ്യുന്നു. എല്ലാ താരിഫ് സംവിധാനവും ഉൾക്കൊള്ളുന്ന ഇത്, താരിഫ് 12% വരെ കുറയ്ക്കുന്നു. ഇത് മരം, മുള, കൈകൊണ്ട് നിർമ്മിച്ച ഗൃഹോപകരണങ്ങൾ എന്നിവയിൽ 10.5% വരെ തീരുവ കുറയ്ക്കുന്നു. തീരുവ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ, പ്രത്യേകിച്ച് തൊഴിൽ മേഖലകൾക്ക് ഗുണം ചെയ്യുന്നതിലൂടെ, ഇന്ത്യ-ഇയു എഫ്‌ടിഎയ്ക്ക് യൂറോപ്യൻ വിപണിയിലേക്കുള്ള ഇന്ത്യയുടെ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതി ഗണ്യമായി വികസിപ്പിക്കാൻ കഴിയുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടുത്തിടെ പറഞ്ഞു.
2026-27 ലെ കേന്ദ്ര ബജറ്റ് തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, സമഗ്ര വളർച്ച, സുസ്ഥിരത, ഏകോപിത നിർവ്വഹണം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നു. സംസ്ഥാനങ്ങൾ, വ്യവസായമേഖല, എംഎസ്എംഇകൾ, കരകൗശല വിദഗ്ധർ, നൈപുണ്യ സ്ഥാപനങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ ടെക്‌സ്റ്റൈൽസ് മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ ഇത് ആഗോള തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും മത്സരാധിഷ്ഠിതവും വിശ്വസനീയവും ഭാവി സജ്ജവുമായ കേന്ദ്രമായി ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു.
ഉപസംഹാരം
ശക്തമായ ഉൽപാദന അടിസ്ഥാനസൗകര്യങ്ങൾ, വർദ്ധിച്ചുവരുന്ന കയറ്റുമതി, സുസ്ഥിരമായ നയ പിന്തുണ എന്നിവയുടെ കരുത്തിൽ ഇന്ത്യ തുണിത്തരങ്ങളുടെയും വസ്ത്രങ്ങളുടെയും കയറ്റുമതിയിൽ മുൻനിരയിലാണ്.

നൂൽ, ഉൽപ്പാദനം, നൈപുണ്യം, സുസ്ഥിരത, വിപണി പ്രവേശനം എന്നിവ വരെയുള്ള മൂല്യ ശൃംഖലയെ ആകെ ശക്തിപ്പെടുത്തുന്നതിലൂടെ 2026–27 ലെ കേന്ദ്ര ബജറ്റ് ഈ ആക്കത്തെ പിന്തുണയ്ക്കുന്നു.
വ്യാപാര പങ്കാളിത്തം വികസിപ്പിക്കുന്നതിനൊപ്പം വിപുലത, സാങ്കേതികവിദ്യ, മൂല്യവർദ്ധന എന്നിവയിലേക്കുള്ള വ്യക്തമായ മുന്നേറ്റവും ചേർന്ന്, രാജ്യത്തുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഉപജീവന മാർഗ്ഗങ്ങളെ പിന്തുണയ്ക്കുന്നതിലും ഈ നടപടികൾ സഹായമാകുന്നു. ഒപ്പം ആഗോള തലത്തിൽ ഈ മേഖലയിൽ രാജ്യത്തിൻ്റെ പങ്ക് കൂടുതൽ ആഴത്തിലാക്കുന്നു.
അവലംബം:
Ministry of Finance
https://www.indiabudget.gov.in/economicsurvey/doc/echapter.pdf
https://www.indiabudget.gov.in/doc/budget_speech.pdf
Ministry of Textiles
https://www.pib.gov.in/PressReleasePage.aspx?PRID=2221486®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2208051®=6&lang=1
https://www.pib.gov.in/PressReleaseIframePage.aspx?PRID=2215380®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2219250®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2204546®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2222481®=3&lang=2
Ministry of Commerce & Industry
https://www.pib.gov.in/PressReleasePage.aspx?PRID=2117470®=3&lang=2
Reserve Bank of India
https://www.rbi.org.in/commonman/English/scripts/FAQs.aspx?Id=3138
India Brand Equity Foundation
https://www.ibef.org/industry/textiles
Click here to see in PDF
***
(Explainer ID: 157241)
आगंतुक पटल : 7
Provide suggestions / comments