Infrastructure
സുരക്ഷിത പാതകളിൽ: കവചും നിർമിതബുദ്ധിയും ഇന്ത്യയിൽ റെയിൽവേ സുരക്ഷയെ ശാക്തീകരിക്കുന്നത് എങ്ങനെ
Posted On:
06 FEB 2026 1:55PM

പ്രധാന കാര്യങ്ങൾ
- ട്രെയിനുകൾക്ക് സംരക്ഷണമേകുകയും, കൂട്ടിയിടി തടയുന്നതിനുള്ള പ്രതിരോധശേഷി നൽകുകയും ചെയ്യുന്ന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു സ്വയംപ്രവർത്തന ട്രെയിൻ സുരക്ഷാ (എ.ടി.പി) സംവിധാനമാണ് കവച്.
- ഇപ്പോൾ 2,200-ലധികം റൂട്ട് കിലോമീറ്ററുകളിൽ (ഒരു നിശ്ചിത പാതയുടെ ആകെ ദൂരം) കവച് സുരക്ഷാ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
- ഇപ്പോൾ അഞ്ച് ഇന്ത്യൻ റെയിൽവേ സോണുകളിലായി 1,300-ലധികം റൂട്ട് കിലോമീറ്റർ പരിധിയിൽ കവച് 4.0 വ്യാപിച്ചുകഴിഞ്ഞു.
- വന്ദേ ഭാരത് 4.0 അതിൻ്റെ നൂതന സുരക്ഷാ, സാങ്കേതിക ചട്ടക്കൂടിൻ്റെ ഭാഗമായി കവച് 5.0 ഉൾപ്പെടുത്താൻ വിഭാവനം ചെയ്തിട്ടുണ്ട്.
ആമുഖം
കുടുംബങ്ങൾ വീണ്ടും ഒന്നിക്കും, തൊഴിലാളികൾ വീട്ടിലേക്ക് മടങ്ങും, വിദ്യാർത്ഥികൾ സുരക്ഷിതമായി എത്തിച്ചേരും...എന്നിങ്ങനെ ഓരോ ട്രെയിൻ യാത്രയും ആഴത്തിലുള്ള മാനുഷിക വാഗ്ദാനമാണ് വഹിക്കുന്നത്. ആ വാഗ്ദാനത്തിന് പിന്നിൽ, വർത്തമാന, ഭാവി ഗതാഗത വെല്ലുവിളികളെ നേരിടുന്നതിനായി ഇന്ത്യൻ റെയിൽവേ ഒരു വലിയ പരിവർത്തനത്തിന് വിധേയമാകുകയാണ്. വർദ്ധിച്ചുവരുന്ന ട്രെയിൻ ഗതാഗതവും ശൃംഖലയുടെ വേഗതാ സാധ്യതകൾ വർദ്ധിപ്പിക്കാനുള്ള പദ്ധതികളും കണക്കിലെടുത്ത്, സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം റോളിങ് സ്റ്റോക്ക് (പാളത്തിലൂടെ സഞ്ചരിക്കുന്ന റെയിൽവെ വാഹനങ്ങൾ), പാതകൾ, റെയിൽവേ ശൃംഖലയ്ക്ക് ആവശ്യമായ വൈദ്യുത ശക്തി (ട്രാക്ഷൻ പവർ), സിഗ്നലിങ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിലവിലുള്ള ആസ്തികളുടെ ശേഷി പരമാവധിയാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്വയംപ്രവർത്തന ട്രെയിൻ സംരക്ഷണ (എടിപി) സംവിധാനമായ കവചാണ് ഈ സുരക്ഷാ വിപ്ലവത്തിന് നേതൃത്വം നൽകുന്നത്. നൂതനമായ എഐ അധിഷ്ഠിത നിരീക്ഷണ, പ്രവചന ഉപകരണങ്ങളുമായി സംയോജിപ്പിച്ച്, എല്ലാ വർഷവും ശക്തവും വേഗതയേറിയതും കൂടുതൽ വിശ്വസനീയവുമായി വളരുന്ന ഒരു സുരക്ഷാ ആവാസവ്യവസ്ഥ നിർമ്മിക്കാൻ കവച് റെയിൽവേയെ സഹായിക്കുന്നു. ഇതിൻ്റെ ഫലങ്ങൾ വ്യക്തമാണ്: 2014-15 ൽ സംഭവിച്ചത് 135 ട്രെയിൻ അപകടങ്ങളാണെങ്കിൽ 2024-25 ൽ 31 ആയും 2025-26 ൽ (നവംബർ വരെ) 11 ആയും കുത്തനെ കുറഞ്ഞു. അപകട പ്രതിരോധം, ആധുനിക സാങ്കേതിക നിക്ഷേപം, ഓരോ യാത്രയും സുരക്ഷിതമാണെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധത എന്നിവയിലുള്ള സുസ്ഥിരമായ ശ്രദ്ധയാണ് ഈ മെച്ചപ്പെടുത്തലുകൾ പ്രതിഫലിപ്പിക്കുന്നത്.
ഈ സുരക്ഷാ പരിവർത്തനം സുസ്ഥിരമായ സാമ്പത്തിക നിക്ഷേപത്തിലൂടെ ശക്തിപ്പെടുത്തുന്നു. 2013-14 ൽ 39,200 കോടിയിൽ നിന്ന് 2022-23 ൽ 87,336 കോടിയായും 2023-24ൽ 1,01,662 കോടിയായും 2024-25ൽ 1,14,022 കോടിയായും 2025-26 ൽ 1,17,693 കോടിയായും ഇന്ത്യൻ റെയിൽവേ സുരക്ഷയ്ക്കായുള്ള ചെലവ് ക്രമാനുഗതമായി വർദ്ധിപ്പിച്ചു. ഇത് റെയിൽ ശൃംഖലയിലുടനീളം സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ദീർഘകാല പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു.
എന്താണ് കവച്?
കവച് എന്നത് ട്രെയിനിന് സംരക്ഷണവും അപകട പ്രതിരോധ ശേഷിയും നൽകുന്ന ഒരു സ്വയം പ്രവർത്തക സാഹചര്യ അവബോധ സംവിധാനമാണ്. മനുഷ്യസഹജമായ പിഴവുകൾ, പ്രവർത്തന പരിമിതികൾ, ഉപകരണങ്ങളുടെ പിഴവുകൾ എന്നിവ മൂലമുണ്ടാകുന്ന അപകടകരമായ സംഭവങ്ങളിൽ നിന്ന് ട്രെയിനുകളുടെ പ്രവർത്തനങ്ങളിൽ ഒരു നിർണായക സുരക്ഷാ പാളിയായി വർത്തിച്ചു കൊണ്ട് ഇത് സംരക്ഷണമേകുന്നു. മണിക്കൂറിൽ 120 കിലോമീറ്ററിനപ്പുറമുളള സുരക്ഷിതമായ പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ ചലന അധികാരം, ലക്ഷ്യ വേഗത, ലക്ഷ്യ ദൂരം, സിഗ്‌നൽ വശങ്ങൾ തുടങ്ങിയ സിഗ്‌നലിംഗ് വിവരങ്ങൾ കാബിനിലേക്ക് തത്സമയം പ്രദർശിപ്പിച്ച് കൊണ്ട് ഈ സംവിധാനം ലോക്കോ പൈലറ്റുമാരെ സഹായിക്കുന്നു.
റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ) വഴി ഇന്ത്യൻ റെയിൽവേ വികസിപ്പിച്ചെടുത്ത കവച്, സിഗ്‌നൽ തെറ്റിച്ചുള്ള ട്രെയിൻ യാത്ര (എസ്.പി.എ.ഡി), അമിത വേഗത, കൂട്ടിയിടികൾ എന്നിവയിൽ നിന്ന് ട്രെയിനുകളെ സംരക്ഷിക്കുന്നു. ഈയൊരു അധിക സുരക്ഷാ പാളി നൽകുന്നതിലൂടെ, ഇന്ത്യയിലെ അതിവേഗതയും, ഉയർന്ന സാന്ദ്രതയുള്ള റെയിൽ ശൃംഖലയിലുടനീളമുള്ള പ്രവർത്തനങ്ങളിലിത് ഒരു നിർണായക പങ്ക് വഹിക്കുന്നു.
എന്തുകൊണ്ടാണ് നമുക്ക് 'കവച്' ആവശ്യമായി വരുന്നത് ?
മുമ്പ്, ഇന്ത്യൻ റെയിൽവേയിലെ ട്രെയിനുകളുടെ പ്രവർത്തനങ്ങൾ പ്രധാനമായും റെയിൽവേ പാളങ്ങൾക്കിരുവശവും സ്ഥാപിച്ചിരിക്കുന്ന പാതയോര സൂചനകളെയും (ട്രാക്ക് സൈഡ് സിഗ്‌നലിംഗ്) മാനുഷിക നിയന്ത്രണത്തെയും ആശ്രയിച്ചിരുന്നു. ആധുനിക സംയോജന സംവിധാനങ്ങൾ സുരക്ഷ മെച്ചപ്പെടുത്തിയെങ്കിലും, അവ ട്രെയിൻ നിയന്ത്രിക്കുന്ന ലോക്കോ പൈലറ്റിൻ്റെ പാതക്കിരുവശവുമുള്ള സൂചകങ്ങളിലെ സിഗ്‌നലുകൾ നിരീക്ഷിക്കാനും വേഗത നിയന്ത്രിക്കാനുമുള്ള കഴിവിനെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. മനുഷ്യനെ ആശ്രയിച്ചുള്ള ഈ വ്യവസ്ഥയ്ക്ക് സഹജമായ പരിമിതികളുണ്ടായിരുന്നു, കാരണം തെറ്റിപ്പോയതോ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതോ ആയ സിഗ്‌നലുകൾ ഗുരുതരമായ അപകടങ്ങൾക്ക് നിമിത്തമായി.
അനുവദനീയമായ വേഗത, പോകേണ്ട ദൂരം, ട്രെയിനിൻ്റെ കൃത്യമായ സ്ഥാനം, ട്രാക്ക് ചരിവുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പരമ്പരാഗത സിഗ്നലിങ് സംവിധാനങ്ങളിൽ കാബിനിനുള്ളിൽ ലഭ്യമല്ലായിരുന്നു. പാതയുടെ വളവും പ്രതികൂല കാലാവസ്ഥയും പലപ്പോഴും സിഗ്നലിൻ്റെ ദൃശ്യപരതയെ ബാധിച്ചു, അതേസമയം ഉയർന്ന സുരക്ഷയ്ക്ക് ട്രെയിനുകൾക്കിടയിൽ കൂടുതൽ അകലം ആവശ്യമായി വന്നു, ഇത് ശൃംഖലാ ശേഷി കുറച്ചു. മുൻകൂർ വിവരങ്ങളില്ലാതെ ബ്ലോക്ക് സെക്ഷനുകളിൽ പ്രവർത്തിക്കുന്നത് പ്രവർത്തന അപകടസാധ്യത വർദ്ധിപ്പിച്ചു.
സിഗ്‌നൽ തെറ്റിച്ചുള്ള ട്രെയിൻ യാത്രയ്‌ക്കൊപ്പം ഉയർന്ന വേഗതയിൽ സംഭവിക്കുന്ന കുറഞ്ഞ പ്രതികരണ സമയം, പരിമിതമായ സാഹചര്യ അവബോധം, ഇടയ്ക്കിടെയുള്ള മൂടൽമഞ്ഞ്, കുറഞ്ഞ ദൃശ്യതയുള്ള സാഹചര്യങ്ങൾ എന്നീ വെല്ലുവിളികളും സ്വയംപ്രവർത്തന ട്രെയിൻ സംരക്ഷണ സംവിധാനങ്ങളുടെ ആവശ്യകതയെ ശക്തിപ്പെടുത്തി.
ട്രെയിനുകളുടെ സ്ഥാനം, വേഗത, ചലന അധികാരം എന്നിവ തുടർച്ചയായി നിരീക്ഷിക്കുന്നതിനും സുരക്ഷിതമല്ലാത്ത പ്രവർത്തനങ്ങൾ തടയുന്നതിന് യാന്ത്രികമായി ഇടപെടുന്നതിനുമായാണ് എ.ടി.പി സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തത്. വാഹനത്തിരക്ക് വർധിക്കുകയും പ്രവർത്തന വേഗത കൂടുകയും ചെയ്ത സാഹചര്യത്തിൽ, റെയിൽ ശൃംഖലയിലുടനീളം സുരക്ഷയും വിശ്വസ്തതയും നിലനിർത്തുന്നതിന് ഇവയുടെ വിന്യാസം അത്യന്താപേക്ഷിതമായി മാറി. ഈ സാഹചര്യത്തിൽ, റെയിൽവേ സിഗ്‌നലിംഗിലെ ഏറ്റവും ഉയർന്ന ആഗോള സുരക്ഷാ മാനദണ്ഡങ്ങളിലൊന്നായ സുരക്ഷാ സമഗ്ര തലം നാലിൽ (എസ്.ഐ.എൽ 4) സാക്ഷ്യപ്പെടുത്തിയ കവച്, തുടർച്ചയായ തത്സമയ സാഹചര്യ അവബോധവും സുരക്ഷാ മാനദണ്ഡങ്ങളുടെ സ്വയമേവയുള്ള നടപ്പാക്കലും നൽകിക്കൊണ്ട് ഈ വിടവുകൾ പരിഹരിക്കുന്നു. ട്രെയിനിനുള്ളിലെ ബൗദ്ധിക സംവിധാനങ്ങളും പാതയോരത്തെ നിയന്ത്രണ സംവിധാനങ്ങളും സ്വയംപ്രവർത്തന ഇടപെടലുകളും തമ്മിലുള്ള സംയോജനത്തിലൂടെ, ഇന്ത്യൻ റെയിൽവെയിലെ ട്രെയിൻ പ്രവർത്തന സംവിധാനങ്ങളുടെ സുരക്ഷിതത്വം, വിശ്വാസ്യത, സ്ഥിരത എന്ന കവച് ഗണ്യമായി വർധിപ്പിക്കുന്നു.
കവചിൻ്റെ ഗുണങ്ങൾ
- ലോക്കോ പൈലറ്റുമാർക്ക് ഉപയോക്തൃ-സൗഹൃദ കാബ് സിഗ്‌നലിങ്.
- മൾട്ടി-വെണ്ടർ ഇൻ്റർഓപ്പറബിലിറ്റി (വിവിധ വിതരണക്കാർ തമ്മിലുള്ള പരസ്പര പ്രവർത്തന ക്ഷമത) - ഒരൊറ്റ വിതരണക്കാരനെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നു.
- ഇന്ത്യൻ റെയിൽവേയുടെ പ്രത്യേക ആവശ്യകതകൾക്കും സാഹചര്യങ്ങൾക്കും അനുയോജ്യം.
- മൂടൽമഞ്ഞുള്ള കാലാവസ്ഥയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നു.
- ഉയർന്ന വേഗതയിൽ ഫലപ്രദം
- ട്രെയിൻ യാത്രകളുടെ കേന്ദ്രീകൃത തത്സമയ നിരീക്ഷണം പ്രാപ്യമാക്കുന്നു.
കവച്-പ്രവർത്തന തത്വം
അൾട്രാ ഹൈ ഫ്രീക്വൻസി റേഡിയോ ആൻ്റിനകളും പാതയിൽ ഉറപ്പിച്ച റേഡിയോ ആവൃത്തി തിരിച്ചറിയൽ ടാഗുകളും ഉപയോഗിച്ച് പാതയോര സംവിധാനങ്ങളും ട്രെയിൻ എഞ്ചിനും (ലോക്കോമോട്ടീവ്) തമ്മിലുള്ള തുടർച്ചയായ തത്സമയ ആശയവിനിമയത്തിലൂടെയാണ് കവച് പ്രവർത്തിക്കുന്നത്. ഈ ടാഗുകൾ ട്രെയിനുകളുടെ സ്ഥാനം കൃത്യമായി നിർണയിക്കുന്നു. അതേസമയം, വഴിയോര (നിശ്ചല) യൂണിറ്റുകൾ സ്റ്റേഷൻ സംയോജന സംവിധാനങ്ങളിൽ നിന്ന് സിഗ്‌നൽ സൂചനകൾ, പോയിൻ്റ് സ്ഥാനങ്ങൾ, പാതാ വിനിയോഗം (ട്രാക്ക് ഒക്യുപ്പൻസി), പാതയുടെ സ്ഥിതി എന്നിവയുൾപ്പെടെയുള്ള തത്സമയ വിവരങ്ങൾ ശേഖരിക്കുന്നു.
ട്രെയിനിൻ്റെ സ്ഥാനം, വേഗത, പാതയുടെ രൂപരേഖ (ചെരിവുകൾ, വേഗത പരിധികൾ) എന്നിവയ്‌ക്കൊപ്പം ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തി, പാതയോര സംവിധാനങ്ങൾ ഒരു ട്രെയിനിന് സഞ്ചരിക്കാൻ അനുവാദമുള്ള സുരക്ഷിത ദൂരമായ ചലനാധികാര പരിധി കണക്കാക്കുകയും അത് ട്രെയിനിൽ ഘടിപ്പിച്ച കവച് സുരക്ഷാ യൂണിറ്റിലേക്ക് കൈമാറുകയും ചെയ്യുന്നു. ട്രെയിനിൽ ഘടിപ്പിച്ച ഈ സംവിധാനം ട്രെയിനിൻ്റെ വേഗത തുടർച്ചയായി നിരീക്ഷിക്കുകയും ലോക്കോ പൈലറ്റിന് നിർണായക വിവരങ്ങൾ ദൃശ്യമാക്കുകയും വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങൾക്കായി വേഗത കുറക്കൽ വളവുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ട്രെയിൻ ഒരു അപകട (ചുവന്ന) സിഗ്‌നലിനെ സമീപിക്കുകയോ, അനുവദനീയമായ വേഗത കവിയുകയോ, അല്ലെങ്കിൽ പരസ്പരവിരുദ്ധമായ ഒരു പാതയിലേക്ക് പ്രവേശിക്കുകയോ ചെയ്താൽ, കവച് യാന്ത്രികമായി ബ്രേക്കുകൾ പ്രയോഗിക്കുന്നു, അപകട സിഗ്നൽ കടന്നു പോകുന്നത് തടയുകയും കൂട്ടിയിടി സാധ്യതകൾ ഒഴിവാക്കുകയും ചെയ്യുന്നു. ബ്ലോക്ക് സെക്ഷനുകളിൽ, രണ്ട് ട്രെയിനുകൾ പരസ്പരം നീങ്ങുന്നതായി കണ്ടെത്തിയാൽ, സുരക്ഷാസംവിധാനം ഇരു ട്രെയിനുകൾക്കും ദൃശ്യമാത്രയിൽ നിർത്താനുള്ള നിർദേശം സ്വയമേവ നൽകുന്നു.

എല്ലാ നിർണായക പ്രവർത്തന പരിപാടികളും ഒരു കേന്ദ്ര നിരീക്ഷണ സംവിധാനത്തിലേക്ക് പ്രക്ഷേപണം ചെയ്യപ്പെടുകയും, ഇത് ശൃംഖലയിലുടനീളം ദൃശ്യപരത ഉറപ്പാക്കുകയും ചെയ്യുന്നു. അതേസമയം, സുരക്ഷിതമായ ആശയവിനിമയ പ്രോട്ടോക്കോളുകളും ആധികാരികത പരിശോധനാ സംവിധാനങ്ങളും സുരക്ഷാസംവിധാനത്തിൻ്റെ സമഗ്രതയെ സംരക്ഷിക്കുന്നു.
കവച്-സുരക്ഷാ സവിശേഷതകൾ
ഈ പ്രവർത്തന ചട്ടക്കൂടിൻ്റെ പിന്തുണയോടെ, അപകടങ്ങൾ ഒഴിവാക്കുന്നതിനും, ഡ്രൈവർമാരുടെ ശ്രദ്ധ വർദ്ധിപ്പിക്കുന്നതിനും, സ്വയം നിയന്ത്രിത ഇടപെടലുകളിലൂടെയും തത്സമയ മേൽനോട്ടത്തിലൂടെയും പ്രവർത്തന അച്ചടക്കം നടപ്പിലാക്കുന്നതിനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ 'കവച്' പ്രദാനം ചെയ്യുന്നു.
ഇതിൻ്റെ പ്രധാന സുരക്ഷാ സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:
- ട്രെയിൻ സിഗ്നൽ മറികടക്കുന്നത് കണ്ടെത്തുകയും തടയുകയും ചെയ്യുന്നു- സിഗ്നലിന് മുമ്പ് ട്രെയിൻ യാന്ത്രികമായി നിർത്തുന്നു.
- ട്രെയിനിൻ്റെ മുന്നോട്ടുള്ള യാത്രയ്ക്കുള്ള അനുമതി, ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരം, വേഗത, സിഗ്‌നൽ സൂചനകൾ എന്നിവ കാബിനുള്ളിലെ ഡിസ്പ്ലേയിൽ കാണിച്ചുകൊണ്ടുള്ള ക്യാബ് സിഗ്‌നലിങ് സംവിധാനം.
- ട്രെയിൻ എഞ്ചിൻ്റെ തുടർച്ചയായ തത്സമയ വിവരങ്ങൾ
- ടേൺഔട്ടുകളിൽ (ട്രെയിനുകളെ ഒരു ട്രാക്കിൽ നിന്ന് മറ്റൊരു ട്രാക്കിലേക്ക് മാറ്റുന്ന സംവിധാനം) നടപ്പിലാക്കുന്ന വേഗതാ നിയന്ത്രണങ്ങൾ.
- സ്ഥിരമായ വേഗതാ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കൽ.
- പരീക്ഷണാടിസ്ഥാനത്തിൽ താൽക്കാലിക വേഗതാ നിയന്ത്രണങ്ങൾ പാലിക്കൽ.
- ലെവൽ ക്രോസിങ് ഗേറ്റുകളെ സമീപിക്കുമ്പോൾ ട്രെയിൻ ഹോൺ തനിയെ പ്രവർത്തിക്കൽ.
- പിന്നോട്ടുരുളൽ/മുന്നോട്ടുരുളൽ എന്നിവയിൽ നിന്നുള്ള സംരക്ഷണം- ഒരു ട്രെയിൻ നിർത്തുന്ന സമയത്തോ അല്ലെങ്കിൽ കയറ്റങ്ങളിലും ഇറക്കങ്ങളിലും നിൽക്കുമ്പോഴോ, അപ്രതീക്ഷിതമായി മുന്നോട്ടും പിന്നോട്ടും നീങ്ങുന്നത് തടയുന്നു.
- എല്ലാ തരം ട്രെയിൻ കൂട്ടിയിടികളും പ്രതിരോധിക്കൽ: നേർക്കു നേരെയുള്ളതും, പിൻഭാഗത്തു നിന്നുള്ളതും, വശങ്ങളിൽ നിന്നുള്ളതുമായവ.
- നിർണായക സാഹചര്യങ്ങളിൽ അടിയന്തര നിർത്തൽ (എമർജൻസി സ്‌റ്റോപ്പ്) സന്ദേശങ്ങൾ.
- പ്രവർത്തന സുരക്ഷയ്ക്കായി ട്രെയിനിൻ്റെ ദൈർഘ്യം കണക്കാക്കൽ.
- ഷണ്ടിങ് പരിധികളുടെ സാധുതാവത്കരണം.
- ശൃംഖല കൈകാര്യ സംവിധാനം (നെറ്റ്‌വർക്ക് മാനേജ്മെൻ്റ് സിസ്റ്റം) വഴി ട്രെയിൻ ചലനങ്ങളുടെ കേന്ദ്രീകൃത തത്സമയ നിരീക്ഷണം.
കവചിൻ്റെ ഉത്സവം:
കവചിൻ്റെ വികസനവും വിന്യാസവും ഘട്ടം ഘട്ടമായും വ്യവസ്ഥാപിതമായുമാണ് നിർവഹിക്കപ്പെട്ടത്. പാസഞ്ചർ ട്രെയിനുകളിൽ പ്രാരംഭ ഫീൽഡ് പരീക്ഷണങ്ങൾ 2016 ഫെബ്രുവരിയിൽ ആരംഭിച്ചു. പ്രവർത്തന പരിചയത്തിൻ്റെയും ഒരു സ്വതന്ത്ര സുരക്ഷാ പരിശോധകൻ നടത്തിയ സ്വതന്ത്ര സുരക്ഷാ വിലയിരുത്തലിൻ്റെയും അടിസ്ഥാനത്തിൽ, 2018-19 കാലയളവിൽ കവച് പതിപ്പ് 3.2 വിതരണം ചെയ്യുന്നതിനായി മൂന്ന് സ്ഥാപനങ്ങൾക്ക് അംഗീകാരം ലഭിച്ചു.
ദക്ഷിണ മധ്യ റെയിൽവേയിൽ 1,465-ലധികം റൂട്ട് കിലോമീറ്ററുകളും അതിൽ നിന്ന് നേടിയ അനുഭവവും ഉള്ളതിനാൽ, തുടർച്ചയായ മെച്ചപ്പെടുത്തലുകളിലൂടെയും നവീകരണങ്ങളിലൂടെയും ഈ സംവിധാനം വികസിക്കുകയാണ്. ഈ വികസനങ്ങൾ ഇന്ത്യൻ റെയിൽവേ ശൃംഖലയിലുടനീളം വിപുലമായ പ്രയോഗത്തിന് മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും അനുയോജ്യതയും പ്രാപ്തമാക്കുന്ന ഒരു പുതുക്കിയ രൂപപ്പെടുത്തലിൽ കലാശിച്ചു.
തുടർന്ന്, 2020 ജൂലൈയിൽ കവച് ദേശീയ സ്വയം പ്രവർത്തന ട്രെയിൻ സംരക്ഷണ സംവിധാനമായി (എടിപി) അംഗീകരിക്കപ്പെട്ടു. വിശ്വസനീയമായ സുരക്ഷാസംവിധാന പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ ടെലി കമ്മ്യൂണിക്കേഷൻ, ഒപ്റ്റിക്കൽ ഫൈബർ അടിസ്ഥാനസൗകര്യങ്ങൾ, പാതയോര, സ്റ്റേഷൻ അധിഷ്ഠിത, ട്രെയിൻ എഞ്ചിൻ അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ, യാത്രാവേളയിലുള്ളതും ആശയവിനിമയവുമായി ബന്ധപ്പെട്ടതുമായ പ്രവർത്തനങ്ങൾ എന്നിവയും നിർവഹണത്തിൽ ഉൾപ്പെടുന്നു.
പ്രവർത്തന പരിചയത്തെയും സ്വതന്ത്ര സുരക്ഷാ വിലയിരുത്തലിനെയും അടിസ്ഥാനമാക്കിയുള്ള തുടർച്ചയായ പുരോഗതി 2024 ജൂലൈയിൽ കവച് പതിപ്പ് 4.0 അംഗീകരിക്കുന്നതിലേക്ക് നയിച്ചു. റെയിൽവേ സുരക്ഷയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. ഇന്ത്യയുടെ വൈവിധ്യവും ഉയർന്ന സാന്ദ്രതയുമുള്ള റെയിൽ ശൃംഖലയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കവച് 4.0 പതിപ്പ് ഒരു പ്രധാന സാങ്കേതിക കുതിച്ചുചാട്ടത്തെയാണ് പ്രതിനിധീകരിക്കുന്നത്.

ഈ വ്യവസ്ഥാപിത നവീകരണങ്ങൾ കവച് 4.0 നെ കൂടുതൽ കരുത്തുറ്റതും, പ്രതികരണശേഷിയുള്ളതും, ഇന്ത്യയുടെ വൈവിധ്യമാർന്നതും ഉയർന്ന സാന്ദ്രതയുള്ളതുമായ റെയിൽ ശൃംഖലയിലുടനീളം വലിയ തോതിലുള്ള വിന്യാസത്തിന് അനുയോജ്യവുമാക്കുന്നു. ഈ സംവിധാനം ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതായി സ്വതന്ത്ര സുരക്ഷാ പരിശോധകൻ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
നഗരപ്രാന്തപ്രദേശ വിഭാഗങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന നൂതന സുരക്ഷാ, സിഗ്‌നലിങ് സംവിധാനമായ കവച് 5.0 ൻ്റെ അവതരണം, 2025 ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. സുരക്ഷിതവും കാര്യക്ഷമവുമായ പ്രയാണം നിലനിർത്തിക്കൊണ്ട് കൂടുതൽ ആവൃത്തിയിൽ ട്രെയിൻ പ്രവർത്തനങ്ങൾ സാധ്യമാക്കുന്നതിലൂടെ ട്രെയിനുകൾക്കിടയിലെ ഗതാഗത സ്തംഭനം ഗണ്യമായി കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്വയം പ്രവർത്തന തീവണ്ടി സംരക്ഷണ സംവിധാനത്തിൻ്റെ അടുത്ത പരിണാമമായ കവച് 5.0, അതിൻ്റെ വിപുലമായ സുരക്ഷ, സാങ്കേതിക ചട്ടക്കൂടിൻ്റെ ഭാഗമായി വന്ദേ ഭാരത് 4.0-ൽ ഉൾപ്പെടുത്താൻ വിഭാവനം ചെയ്തിട്ടുണ്ട്.

കവചിൻ്റെ കാര്യനയവും പുരോഗതിയും
റെയിൽവെ ഗതാഗതത്തിൻ്റെ ഏകദേശം 96 ശതമാനവും ഉയർന്ന സാന്ദ്രതാ ശൃംഖല (എച്ച്.ഡി.എൻ), ഉയർന്ന തോതിൽ ഉപയോഗമുള്ള ശൃംഖല (എച്ച്.യു.എൻ) എന്നീ സഞ്ചാരമാർഗങ്ങളിലൂടെയാണ് നടക്കുന്നത്. ഈ യാത്രാസൗകര്യത്തിൻ്റെ സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കുന്നതിന്, റെയിൽവേ ബോർഡ് നിർവചിച്ചിരിക്കുന്ന മുൻഗണനകളെ അടിസ്ഥാനമാക്കി, കേന്ദ്രീകൃതമായ രീതിയിലാണ് കവച് പ്രയോഗവത്കരണം നടത്തുന്നത്.
- പ്രഥമ പരിഗണന: ന്യൂഡൽഹി-മുംബൈ, ന്യൂഡൽഹി-ഹൗറ ഭാഗങ്ങൾ ഉൾപ്പെടെയുള്ള ഉയർന്ന സാന്ദ്രതയുള്ള റൂട്ടുകളിൽ സ്വയംപ്രവർത്തന ഗതാഗത നിയന്ത്രണ സിഗ്‌നലിങ്ങും (ബ്ലോക്ക് സിഗ്നലിങ്) കേന്ദ്രീകൃത ഗതാഗത നിയന്ത്രണവും (സി.ടി.സി) ഉപയോഗിച്ച് മണിക്കൂറിൽ 160 കിലോമീറ്റർ വേഗത അനുവദനീയമാക്കുന്നു.
- രണ്ടാമത്തെ മുൻഗണന: എ.ബി.എസും സി.ടി.സിയുമുള്ള ഉയർന്ന ഉപയോഗമുള്ള ശൃംഖലാ വഴികൾ.
- മൂന്നാമത്തെ മുൻഗണന: എ.ബി.എസ് ഉള്ള മറ്റ് യാത്രക്കാരുടെ ഉയർന്ന സാന്ദ്രതയുള്ള വഴികൾ.
- നാലാമത്തെ മുൻഗണന: ശേഷിക്കുന്ന എല്ലാ സഞ്ചാരപാതകളും.
വിപുലമായ പരീക്ഷണങ്ങൾക്ക് ശേഷം, കവച് 4.0 പതിപ്പ്, തുടക്കത്തിൽ 738 റൂട്ട് കിലോമീറ്ററുകളിൽ പ്രവർത്തനമാരംഭിച്ചു. അതിൽ ഡൽഹി-മുംബൈ പാതയിൽ പൽവാൾ-മഥുര-നാഗ്ദ സെക്ഷൻ (633 റൂട്ട് കിലോമീറ്റർ), ഡൽഹി-ഹൗറ പാതയിൽ ഹൗറ-ബർധമാൻ സെക്ഷൻ (105 റൂട്ട് കിലോമീറ്റർ) എന്നിവ ഉൾപ്പെടുന്നു. അതിനുശേഷം ഡൽഹി-മുംബൈ, ഡൽഹി-ഹൗറ ഇടനാഴികളിലെ ബാക്കിയുള്ള ഭാഗങ്ങളിലും കവച് സംവിധാനം നടപ്പിലാക്കിത്തുടങ്ങി.
നടക്കുന്ന വിപുലീകരണത്തിൻ്റെ ഭാഗമായി, ഗുജറാത്തിലെ ബജ്‌വ (വഡോദര)യ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള ആദ്യ സെക്ഷനിൽ 96 റൂട്ട് കിലോമീറ്റർ പരിധിയിൽ കവച് 4.0 പതിപ്പ് ഉപയോഗക്ഷമമായി. ഇത് പുതിയ പ്രവർത്തന മേഖലകളിലേക്കുള്ള അതിൻ്റെ പവേശനത്തെ അടയാളപ്പെടുത്തുന്നു.
2026 ജനുവരിയിൽ, ഒരു മാസത്തിൽ ഒരൊറ്റ ദിവസം 472.3 റൂട്ട് കിലോമീറ്ററുകളിൽ കവച് 4.0 പതിപ്പ് സുരക്ഷാ സംവിധാനം സ്ഥാപിച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇത് ഇതുവരെയുള്ളതിൽ വെച്ചേറ്റവും ഉയർന്ന നിരക്കാണ്. പുതുതായി ഉൾപ്പെടുത്തിയ പാതകളിൽ പശ്ചിമ റെയിൽവേയിലെ വഡോദര-വിരാർ (344 കിലോമീറ്റർ), ഉത്തര റെയിൽവേയിലെ തുഗ്ലക്കാബാദ് ജങ്ഷൻ കാബിൻ-പൽവാൾ (35 കിലോമീറ്റർ), പൂർവ മദ്ധ്യ റെയിൽവേയിലെ മൻപൂർ-സർമതൻർ (93.3 കിലോമീറ്റർ) എന്നിവ ഉൾപ്പെടുന്നു. ഈ വിപുലീകരണത്തോടെ, ഇപ്പോൾ അഞ്ച് ഇന്ത്യൻ റെയിൽവേ സോണുകളിലായി 1,306.3 റൂട്ട് കിലോമീറ്ററുകൾ ദൂരത്തിൽ കവച് 4.0 പതിപ്പ് സുരക്ഷാസംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇത് ഡൽഹി-മുംബൈ, ഡൽഹി-ഹൗറ പാതകൾ പോലുള്ള പ്രധാന ഇടനാഴികളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നു. അധികമായി അനുവദിച്ച പ്രവൃത്തികൾ 2,667 റൂട്ട് കിലോമീറ്റർ ഉൾക്കൊള്ളുന്നു, ഇതിൻ്റെ നടപ്പാക്കൽ പുരോഗമിക്കുകയാണ്.
സ്വയംനിയന്ത്രിത (ഓട്ടോമാറ്റിക്) ബ്രേക്കിങ് പരീക്ഷണങ്ങളിലൂടെ ഈ സംവിധാനം വിജയകരമായി പരീക്ഷിച്ചു. വഡോദര-നാഗ്ദ, വിരാർ-മുംബൈ സെൻട്രൽ എന്നീ പാതകളിലുൾപ്പെടെ കൂടുതൽ വിപുലീകരണം നടക്കുകയാണ്, കൂടാതെ റാഫ്താർ ദൗത്യത്തിന് കീഴിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത വർദ്ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
മൊത്തത്തിൽ, കവച് ഇപ്പോൾ 2,200-ലധികം റൂട്ട് കിലോമീറ്ററുകളിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇത് ദേശീയ റെയിൽ ശൃംഖലയിലുടനീളം ഇന്ത്യയുടെ തദ്ദേശീയമായ സ്വയംനിയന്ത്രിത ട്രെയിൻ സുരക്ഷാ സംവിധാനത്തിൻ്റെ സുസ്ഥിരവും ത്വരിതപ്പെടുന്നതുമായ വികാസത്തെ പ്രതിഫലിപ്പിക്കുന്നു.
റെയിൽവേ സുരക്ഷയ്ക്കായി നിർമിതബുദ്ധിയും സാങ്കേതിക വിദ്യയും നയിക്കുന്ന സിഗ്‌നലിങ്, ടെലികോം നടപടികൾ
പ്രവർത്തന സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ വിവര സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, ഇന്ത്യൻ റെയിൽവേ റെയിൽവേ ശൃംഖലയിലുടനീളം വിവിധതരം നിർമിതബുദ്ധി, ടെലികോം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തുന്നു.
കവചിനൊപ്പം, തത്സമയ നിരീക്ഷണം, പ്രവചനീയമായ അറ്റകുറ്റപ്പണി, സ്വയംപ്രവർത്തിത മുന്നറിയിപ്പുകൾ, മാനുഷികമായ നേരിട്ടുള്ള ഇടപെടലിനെ ആശ്രയിക്കുന്നത് കുറയ്ക്കൽ, സംവിധാനത്തിൻ്റെ പ്രതികരണശേഷി മെച്ചപ്പെടുത്തൽ, അപകട പ്രതിരോധവും അടിസ്ഥാന സൗകര്യ ഉത്പതിഷ്ണുതയും ശക്തിപ്പെടുത്തൽ എന്നിവയിലൂടെ പരമ്പരാഗത സുരക്ഷാ സംവിധാനങ്ങളെ ഈ സംരംഭങ്ങൾ പൂരകമാക്കുന്നു.
നിർമിതബുദ്ധി അധിഷ്ഠിത നുഴഞ്ഞുകയറ്റ നിർണയ സംവിധാനം (ഐ.ഡി.എസ്):
അപകടസാധ്യതയുള്ള ഇടനാഴികളിലെ റെയിൽവേ ട്രാക്കുകളിൽ ആനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും സാന്നിധ്യം കണ്ടെത്തുന്നതിന് ഡിസ്ട്രിബ്യൂട്ടഡ് അക്കോസ്റ്റിക് സെൻസിങ് (ഡി.എ.എസ്) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒരു നിർമിത ബുദ്ധി അധിഷ്ഠിത നുഴഞ്ഞുകയറ്റ നിർണ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൃഗങ്ങളുടെ ചലനത്തെക്കുറിച്ച് തത്സമയ ജാഗ്രതാനിർദേശങ്ങൾ സൃഷ്ടിക്കുകയും ലോക്കോ പൈലറ്റുമാർ, സ്റ്റേഷൻ മാസ്റ്റർമാർ, കൺട്രോൾ റൂമുകൾ എന്നിവയ്ക്ക് മുന്നറിയിപ്പുകൾ കൈമാറുകയും ചെയ്യുന്നു, ഇത് മുൻകരുതൽ നടപടികൾ സാധ്യമാക്കുകയും കൂട്ടിയിടികളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
- വടക്കുകിഴക്കൻ അതിർത്തി റെയിൽവെയിൽ 141 റൂട്ട് കിലോമീറ്ററിലധികം പ്രവർത്തനക്ഷമം.
- കൂടുതലായി 981 റൂട്ട് കിലോമീറ്ററുകൾക്കുള്ള ടെൻഡറുകൾ നൽകി.
റെയിൽവേ ട്രാക്കുകൾക്ക് സമീപം വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് ആനകളുടെ, ചലനം കൂടുതൽ തടയുന്നതിനായി, ലെവൽ ക്രോസിങ്ങുകളിൽ നൂതനമായ ഹണി ബീ ബസർ (തേനീച്ചകളുടെ മൂളൽ ശബ്ദം കൃത്രിമമായി പുറപ്പെടുവിക്കുന്ന) ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ഉപകരണങ്ങൾ സൃഷ്ടിക്കുന്ന ശബ്ദം ആനകളെ റെയിൽവേ ട്രാക്കുകളിൽ നിന്ന് അകറ്റുന്നതിനുള്ള ഒരു പ്രതിരോധമായി പ്രവർത്തിക്കുന്നു. കൂടാതെ, രാത്രിസമയങ്ങളിലും ദൃശ്യപരത കുറവായ സാഹചര്യങ്ങളിലും, നേരെയുള്ള റെയിൽവെ ട്രാക്കുകളിൽ വന്യജീവിസാന്നിധ്യം കണ്ടെത്തുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ തെർമൽ വിഷൻ ക്യാമറകൾ ഉപയോഗിക്കുന്നു. ഇത് ലോക്കോ പൈലറ്റുമാർക്ക് സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകുന്നു.
വീഡിയോ നിരീക്ഷണ സംവിധാനം (വി.എസ്.എസ്):
സ്റ്റേഷൻ തല സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി, 1,731 റെയിൽവേ സ്റ്റേഷനുകളിൽ വീഡിയോ നിരീക്ഷണ സംവിധാനങ്ങൾ (വി.എസ്.എസ്) ഏർപ്പെടുത്തിയിട്ടുണ്ട്. നുഴഞ്ഞുകയറ്റം, അലഞ്ഞുതിരിയൽ തുടങ്ങിയ സ്വയംപ്രവർത്തിത ഓട്ടോമേറ്റഡ് ഇവൻ്റ് ഡിറ്റക്ഷന് (ഉള്ളടക്കങ്ങളിൽ നിന്ന് പ്രധാന സംഭവങ്ങൾ തനിയെ കണ്ടെത്തുന്ന സാങ്കേതികവിദ്യ) വേണ്ടി നിർമിതബുദ്ധി അധിഷ്ഠിത വീഡിയോ അപഗ്രഥനം (വി.എ), തത്സമയ തിരിച്ചറിയലിനും നിരീക്ഷണത്തിനുമുള്ള മുഖം തിരിച്ചറിയൽ സോഫ്റ്റ്‌വെയർ (എഫ്.ആർ.എസ്) എന്നിവ ഈ സംവിധാനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് മുൻകരുതൽ സുരക്ഷാ പരിപാലനത്തെ പിന്തുണയ്ക്കുന്നു.
നിർമിതബുദ്ധി അധിഷ്ഠിത പ്രവചനാത്മക പരിപാലനവും പരിശോധനയും:
- സിഗ്‌നലിങ് സംവിധാനങ്ങളിലെ തകരാറുകൾ മുൻകൂട്ടി പ്രവചിക്കുന്നതിനുള്ള ഏകീകൃത പ്രവചന യുക്തിയും മുന്നറിയിപ്പ് സംവിധാനവും വികസിപ്പിക്കുന്നതിനായി, തിരഞ്ഞെടുത്ത സ്റ്റേഷനുകളിൽ അവയുടെ നിർമിത ബുദ്ധി അധിഷ്ഠിത പ്രവചനാത്മക പരിപാലനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നു.
- റോളിംഗ് സ്റ്റോക്കിലെ പോരായ്മകൾ നേരത്തേ കണ്ടെത്തുന്നതിനും മെച്ചപ്പെട്ട ആസ്തി ആരോഗ്യ നിരീക്ഷണത്തിനുമായി റോളിംഗ് സ്റ്റോക്ക് സംവിധാനത്തിൻ്റെയും (ഒ.എം.ആർ.എസ്), ട്രെയിൻ ചക്രങ്ങളുടെ ആഘാതഭാര നിർണയ സംവിധാനങ്ങളുടെയും (വീൽ ഇംപാക്റ്റ് ലോഡ് ഡിറ്റക്ടറുകൾ) തത്സമയ നിരീക്ഷണം സാധ്യമാക്കി.
- ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ തൂങ്ങിക്കിടക്കുന്നതോ കാണാതായതോ ആയ ഘടകങ്ങൾ കണ്ടെത്തുന്ന, നിർമിതബുദ്ധിയാലും യന്ത്രപഠനത്താലും നിയന്ത്രിതമായ പാതയോര യന്ത്ര ദർശനാധിഷ്ഠിത പരിശോധനാ സംവിധാനത്തിനായി (വേസൈഡ് മെഷീൻ വിഷൻ-ബേസ്ഡ് ഇൻസ്‌പെക്ഷൻ സിസ്റ്റം -എം.വി.ഐഎസ്) ഇന്ത്യൻ റെയിൽവേയും ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡും (ഡി.എഫ്.സി.സി.ഐ.എൽ) തമ്മിൽ ഒരു ധാരണാപത്രം ഒപ്പുവച്ചു.
- ചക്രത്തിൻ്റെ ജ്യാമിതിയും തേയ്മാനവും യാതൊരു സ്പർശനവുമില്ലാതെ തന്നെ തത്സമയം സ്വയമേവ അളക്കാൻ പ്രാപ്തമാക്കി, പ്രവർത്തനസുരക്ഷയും പരിപാലന കാര്യക്ഷമതയും വർധിപ്പിക്കുന്ന സ്വയംപ്രവർത്തന ചക്രരൂപ ഘടന പരിമാണ സംവിധാനത്തിനായി (ഓട്ടോമാറ്റിക് വീൽ പ്രൊഫൈൽ മെഷർമെൻ്റ് സിസ്റ്റം - എ.ഡബ്ല്യു.പി.എം.എസ്) ഇന്ത്യൻ റെയിൽവേയും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും (ഡി.എം.ആർ.സി) തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.
ഡിജിറ്റൽ റേഡിയോ ആശയവിനിമയം:
സുരക്ഷിതമായ ട്രെയിൻ പ്രവർത്തനങ്ങൾ ലോക്കോ പൈലറ്റും ഗാർഡും തമ്മിലുള്ള വിശ്വസനീയമായ ശബ്ദ ആശയവിനിമയത്തെ ആശ്രയിച്ചിരിക്കുന്നു. പരമ്പരാഗത അനലോഗ് സംവിധാനങ്ങൾക്ക് പകരമായി 5 വാട്ട് ശേഷിയുള്ള വളരെ ഉയർന്ന ആവൃത്തിയുള്ള (വി.എച്ച്.എഫ്) ഡിജിറ്റൽ വാക്കി-ടോക്കി സെറ്റുകളുടെ സംഭരണം പതിവാക്കി.
തുരങ്ക ആശയവിനിമയ സംവിധാനങ്ങൾ:
ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യു.എസ്.ബി.ആർ.എൽ) പദ്ധതി ഉൾപ്പെടെ, നീളമുള്ള തുരങ്ക വിഭാഗങ്ങളിൽ തുരങ്ക ആശയവിനിമയ സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഈ സംവിധാനങ്ങൾ ട്രെയിനുകളും പ്രവർത്തന നിയന്ത്രണ കേന്ദ്രങ്ങളും തമ്മിൽ തടസ്സമില്ലാത്ത റേഡിയോ ആശയവിനിമയം ഉറപ്പാക്കുകയും തുരങ്കത്തിലെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഒപ്റ്റിക്കൽ ഫൈബർ കേബിൾ (ഒ.എഫ്.സി) ശൃംഖല:
ആധുനിക സിഗ്‌നൽ സംവിധാനം, ടെലികോം, ഡാറ്റാ ആശയവിനിമയങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി, ഒ.എഫ്.സി ശൃംഖല വികസിപ്പിച്ചു. 2025 ഒക്ടോബർ വരെ, 619 റൂട്ട് കിലോമീറ്റർ ഒ.എഫ്.സി സ്ഥാപിച്ചു, ഇത് ആകെ വ്യാപ്തി ഏകദേശം 67,233 റൂട്ട് കിലോമീറ്ററിലേക്ക് എത്തിക്കുന്നു.
യാത്രക്കാർക്കുള്ള വിവര, മാർഗ്ഗനിർദ്ദേശക സംവിധാനം:
1,064 സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ബോഗി മാർഗനിർദേശക സംവിധാനം (സി.ജി.എസ്) യാത്രക്കാരെ ബോഗികൾ കണ്ടെത്താൻ സഹായിക്കുന്നതിന് അവയുടെ സ്ഥാനങ്ങൾ പ്രദർശിപ്പിക്കുന്നു. 1,449 സ്റ്റേഷനുകളിലെ ട്രെയിൻ അറിയിപ്പ് ബോർഡുകളിൽ (ട്രെയിൻ ഇൻഡിക്കേഷൻ ബോർഡ്) ട്രെയിൻ നമ്പർ, പേര്, സമയം, പ്ലാറ്റ് ഫോം എന്നിവയുൾപ്പെടെയുള്ള ട്രെയിൻ വരവ്/പുറപ്പെടൽ വിശദാംശങ്ങൾ പ്രദർശിപ്പിക്കുന്നു.
ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഇൻ്റർലോക്കിങ്:
2025 ഡിസംബർ വരെ, 6,660 സ്റ്റേഷനുകളിൽ പോയിൻ്റുകളുടെയും സിഗ്‌നലുകളുടെയും കേന്ദ്രീകൃത പ്രവർത്തനത്തോടുകൂടിയ ഇലക്ട്രിക്കൽ/ഇലക്ട്രോണിക് ഇൻ്റർലോക്കിങ് സംവിധാനങ്ങൾ നൽകിയിട്ടുണ്ട്. മാനുഷിക പിഴവ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഈ സംവിധാനങ്ങൾ ഗണ്യമായി കുറയ്ക്കുന്നു.
ജാഗ്രതാ നിയന്ത്രണ ഉപകരണങ്ങൾ (വി.സി.ഡി)
ലോക്കോ പൈലറ്റുമാരുടെ ജാഗ്രത മെച്ചപ്പെടുത്തുന്നതിനായി എല്ലാ എഞ്ചിനുകളും ജാഗ്രതാ നിയന്ത്രണ (വിജിലൻസ് കൺട്രോൾ) ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു.
മൂടൽമഞ്ഞ് സുരക്ഷാ നടപടികൾ:
- വൈദ്യുതീകരിച്ച പ്രദേശങ്ങളിലെ സിഗ്‌നലുകൾക്ക് മുമ്പായി രണ്ട് ഓവർഹെഡ് ഇക്യുപ്മെൻ്റ് മാസ്റ്റുകൾ (ഒ.എച്ച്.ഇ-വൈദ്യുതി കമ്പികൾ താങ്ങിനിർത്തുന്ന ഉരുക്കുതൂണുകൾ) സ്ഥാപിച്ചിരിക്കുന്ന സിഗ്‌നൽ മാസ്റ്റുകളിൽ പ്രതിഫലനശേഷഇയുള്ള (റിട്രോ-റിഫ്‌ലെക്റ്റീവ്) സിഗ്മ ബോർഡുകൾ നൽകിയിട്ടുണ്ട്. മൂടൽമഞ്ഞ് കാരണം ദൃശ്യപരത കുറവായിരിക്കുമ്പോൾ മുന്നിലുള്ള സിഗ്‌നലിനെക്കുറിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനാണിത്.
- മൂടൽമഞ്ഞ് ബാധിത പ്രദേശങ്ങളിലെ ലോക്കോ പൈലറ്റുമാർക്ക് ഒരു ജി.പി.എസ് അധിഷ്ഠിത ഫോഗ് സുരക്ഷാ ഉപകരണം (എഫ്.എസ്.ഡി) നൽകിയിട്ടുണ്ട്. ഇത് സിഗ്‌നലുകൾ, ലെവൽ ക്രോസിംഗ് ഗേറ്റുകൾ തുടങ്ങിയ ലാൻഡ്മാർക്കുകളിലേക്കുള്ള ദൂരം അറിയാൻ അവരെ പ്രാപ്തരാക്കുന്നു.
ട്രാക്ക്-റെയിൽ ആരോഗ്യ അവലോകനം:
- ആന്തരിക പോരായ്മകൾ കണ്ടെത്തുന്നതിനും തകരാറുള്ള പാളങ്ങൾ സമയബന്ധിതമായി നീക്കംചെയ്യുന്നത് ഉറപ്പാക്കുന്നതിനും റെയിലുകളുടെ അൾട്രാസോണിക് ഫ്ളോ ഡിറ്റക്ഷൻ (യു.എസ്.എഫ്) പരിശോധന പതിവായി നടത്തുന്നു.
- ന്യൂനതകൾ തിരിച്ചറിയുന്നതിനും, സവാരി ഗുണനിലവാരം വിലയിരുത്തുന്നതിനും, അറ്റകുറ്റപ്പണി ആവശ്യകതകൾ പ്രവചിക്കുന്നതിനും ആന്ദോളന നിരീക്ഷണ സംവിധാനം (ഓസിലേഷൻ മോണിറ്ററിങ് സിസ്റ്റം-ഒ.എം.എസ്), ട്രാക്ക് റെക്കോർഡിങ് കാറുകൾ (ടി.ആർ.സി) എന്നിവ ഉപയോഗിച്ച് ട്രാക്ക് ജ്യാമിതിയുടെ അവലോകനം നടത്തുന്നു.
ഡിജിറ്റൽ ട്രാക്ക് ആസ്തി നിയന്ത്രണം:
- യുക്തിസഹമായ അറ്റകുറ്റപ്പണി ആസൂത്രണം പ്രാപ്തമാക്കുന്നതിനും വിഭവ വിന്യാസം കാര്യക്ഷമമാക്കുന്നതിനുമായി ഒരു ട്രാക്ക് ഡാറ്റാബേസും തീരുമാന പിന്തുണാ സംവിധാനവും ഉൾപ്പെടെയുള്ള പാതാ ആസ്തികളുടെ ഒരു വെബ് അധിഷ്ഠിത ഓൺലൈൻ അവലോകന സംവിധാനം അനുവർത്തിച്ചു.
ഉപസംഹാരം:
കവച് 4.0, വരാനിരിക്കുന്ന കവച് 5.0, നിർമ്മിത ബുദ്ധി അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുടെ സംയോജിത വിന്യാസത്തിലൂടെ, ഇന്ത്യൻ റെയിൽവേ ആധുനികവും സംയോജിതവും പ്രവചനാത്മകവുമായൊരു സുരക്ഷാ സംവിധാനം സജീവമായി നിർമ്മിക്കുകയാണ്. ഈ സാങ്കേതിക വിദ്യകൾ പ്രവർത്തന വിശ്വാസ്യത ശക്തിപ്പെടുത്തുകയും, യാത്രക്കാരെയും ജീവനക്കാരെയും സംരക്ഷിക്കുകയും, അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുകയും, സബർബൻ ശേഷി വർദ്ധിപ്പിക്കുകയും, വന്യജീവി സുരക്ഷ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
2016 ലെ ആദ്യ പരീക്ഷണഘട്ടം മുതൽ ഇന്ന് രാജ്യവ്യാപകമായി വലിയ തോതിലുള്ള വിന്യാസം വരെയുള്ള ഈ യാത്ര, സുരക്ഷ, തദ്ദേശീയ നൂതനാശയങ്ങൾ, തുടർച്ചയായ മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള സുസ്ഥിരമായ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. പദ്ധതി നിർവഹണം തുടരുന്നതിനനുസരിച്ച്, ലോകത്തിലെ ഏറ്റവും സുരക്ഷിതവും, സാങ്കേതികമായി ഏറ്റവും മുന്നിട്ടുനിൽക്കുന്നതും, ഭാവിയിലേക്ക് പൂർണസജ്ജവുമായ റെയിൽ ശൃംഖലകളിൽ ഒന്നായി മാറുന്നതിലേക്ക് ഇന്ത്യൻ റെയിൽവേ ക്രമാനുഗതമായി മുന്നേറുകയാണ്.
അവലംബം:
Ministry of Railways
Click here to see in PDF
****
(Explainer ID: 157238)
आगंतुक पटल : 7
Provide suggestions / comments