• Skip to Content
  • Sitemap
  • Advance Search
Economy

2026-27 സാമ്പത്തികവര്‍ഷത്തെ കേന്ദ്ര ബജറ്റ്: മൂലധന ഉല്പന്ന മേഖലയുടെ ശാക്തീകരണം

Posted On: 03 FEB 2026 2:33PM

പ്രധാന വസ്തുതകൾ

  • സർക്കാർ മൂലധനച്ചെലവ് 2017-18 സാമ്പത്തിക വർഷത്തെ 2.63 ലക്ഷം കോടി രൂപയിൽ നിന്ന് 4.2 മടങ്ങ് വർധിച്ച് 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 11.21 ലക്ഷം കോടി രൂപയായി ഉയർന്നു

  • 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ പൊതു മൂലധനച്ചെലവ് 12.2 ലക്ഷം കോടി രൂപയായി പ്രഖ്യാപിച്ചു

  • വ്യാവസായിക ഉല്പാദന സൂചികയിലെ  മൂലധന ഉല്പന്നങ്ങൾ 2025 ഡിസംബറിൽ മുൻവർഷത്തെ അപേക്ഷിച്ച് 8.1% വളർച്ച രേഖപ്പെടുത്തി.

  • 10,000 കോടി രൂപയുടെ കണ്ടെയ്‌നർ നിർമാണ പദ്ധതിയും പുതിയ നിർമാണ-അടിസ്ഥാന സൗകര്യ ഉപകരണങ്ങളുടെയും അത്യാധുനിക യന്ത്രസാമഗ്രികളുടെയും നിർമാണ സംരംഭങ്ങളും പ്രഖ്യാപിച്ചു.

  • കരാർ അടിസ്ഥാനത്തിലുള്ള ഉല്പാദന സേവന മേഖലയ്ക്കും ഇലക്ട്രോണിക്സ് നിർമാണ മേഖലകൾക്കും അഞ്ച് വർഷ നികുതി ഇളവുകളും വിവിധ മേഖലകളിലെ മൂലധന ഉല്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഇളവുകളും പ്രഖ്യാപിച്ചു.

 

ആമുഖം

സർക്കാരിൻ്റെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളുടെയും ഉല്പാദന മേഖലയ്ക്ക് നല്‍കുന്ന ശക്തമായ പ്രോത്സാഹനത്തിൻ്റെയും പിന്തുണയോടെ ഇന്ത്യയുടെ വ്യാവസായിക നയത്തിലെ തന്ത്രപ്രധാന അടിത്തറയാണ് രാജ്യത്തെ മൂലധന ഉല്പന്ന മേഖല. അടിസ്ഥാന സൗകര്യ വിപുലീകരണം, വ്യാവസായിക ശേഷി വർധന, സമ്പദ്‌ വ്യവസ്ഥയിലെ സാങ്കേതിക പുരോഗതി എന്നിവയുടെ നിർണായക ചാലകശക്തിയാണ് ഈ രംഗം.

 

ഉയർന്ന കൃത്യതയോടെ നിർമാണ ശേഷി കെട്ടിപ്പടുക്കാനും സാങ്കേതിക പുരോഗതി കൈവരിച്ച ഉപകരണങ്ങൾ പ്രോത്സാഹിപ്പിക്കാനും ആഗോളതലത്തിൽ മത്സരക്ഷമതയാര്‍ന്ന വ്യാവസായിക ആവാസവ്യവസ്ഥ സൃഷ്ടിക്കാനും ലക്ഷ്യമിട്ട് മൂലധന ഉല്പന്ന മേഖല സർക്കാർ നയത്തിൻ്റെ പ്രധാന ശ്രദ്ധാകേന്ദ്രമായി തുടരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തിൽ ഈ മേഖലയുടെ നിർണായക പ്രാധാന്യം കണക്കിലെടുത്ത് ലക്ഷ്യാധിഷ്ഠിത ആനുകൂല്യങ്ങളിലൂടെയും ശാക്തീകരിച്ച നിയന്ത്രണ ചട്ടക്കൂടുകളിലൂടെയും മേഖലയുടെ വിപുലീകരണത്തിന് നിരന്തര പിന്തുണ നൽകിവരുന്നു. വർധിച്ചുവരുന്ന വ്യാപാരവും ഉയര്‍ന്ന നിക്ഷേപങ്ങളും ആവശ്യമായ അതിവേഗം വളരുന്ന സമ്പദ്‌ വ്യവസ്ഥയെ പിന്തുണയ്‌ക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുകാട്ടുന്ന 2026-27-ലെ കേന്ദ്ര ബജറ്റ് ഈ മുന്നേറ്റത്തിന് കൂടുതൽ കരുത്തേകുന്നു.

 

മൂന്ന് 'കർത്തവ്യ'ങ്ങളുടെ ചട്ടക്കൂടിലധിഷ്ഠിതമായി ആവിഷ്കരിച്ച കേന്ദ്ര ബജറ്റ് വിവിധ സുപ്രധാന മേഖലകളിൽ ഇടപെടലുകൾ നിർദേശിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും പ്രഥമ പരിഗണന നൽകുന്നു. ആഭ്യന്തര നിർമാണ ശേഷിയും അടിസ്ഥാന സൗകര്യ വികസനവും ശക്തിപ്പെടുത്താന്‍ മേഖലകൾ തിരിച്ച് രൂപീകരിച്ച പദ്ധതികളിലും തുടർച്ചയായ മൂലധനച്ചെലവിലും ഊന്നൽ നൽകി മൂലധന ഉല്പന്ന വികസനം ഈ തന്ത്രത്തിൻ്റെ പ്രധാന ഘടകമായി തുടരുന്നു.

 

നിക്ഷേപം വർധിപ്പിക്കാനും ആഭ്യന്തര ശേഷി മെച്ചപ്പെടുത്താനും മൂലധന ഉല്പന്ന മേഖലയിലെ ദീർഘകാല സാമ്പത്തിക വളർച്ച പിന്തുണയ്ക്കാനും നിർദിഷ്ട നടപടികൾ ലക്ഷ്യമിടുന്നു.

 

മൂലധന ഉല്പന്നങ്ങൾ 

ചരക്കുകള്‍ നേരിട്ടോ അല്ലാതെയോ നിര്‍മിക്കാനോ ഉല്പാദിപ്പിക്കാനോ അല്ലെങ്കിൽ വിവിധ സേവനങ്ങൾ നൽകാനോ ആവശ്യമായ നിര്‍മാണ/ഉല്പാദന കേന്ദ്രങ്ങള്‍, യന്ത്രസാമഗ്രികൾ, ഉപകരണങ്ങൾ, അനുബന്ധ സാമഗ്രികൾ എന്നിവയെയാണ് "മൂലധന ഉല്പന്നങ്ങൾ" എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. മാറ്റിസ്ഥാപിക്കൽ, ആധുനികവല്‍ക്കരണം, സാങ്കേതികവിദ്യ മെച്ചപ്പെടുത്തല്‍, വിപുലീകരണം എന്നിവയ്ക്ക് ആവശ്യമായവയും ഇതിലുൾപ്പെടുന്നു.

 

നിർമാണ മേഖല, ഖനനം, കൃഷി, ജലകൃഷി, മൃഗസംരക്ഷണം, പുഷ്പകൃഷി, തോട്ടകൃഷി, മത്സ്യകൃഷി, പക്ഷിവളർത്തൽ, പട്ടുനൂൽ കൃഷി, മുന്തിരിക്കൃഷി എന്നിവയ്ക്കും സേവന മേഖലയ്ക്കും മൂലധന ഉല്പന്നങ്ങൾ ഉപയോഗിക്കാം.

 

ഇന്ത്യയുടെ വളർച്ചാ യന്ത്രത്തിന് കരുത്തേകുന്ന മൂലധന ഉൽപ്പന്ന മേഖല

വൻകിട നിർമാണങ്ങൾക്കും അടിസ്ഥാന സൗകര്യ പദ്ധതികൾക്കും പിന്തുണ നൽകി ഇന്ത്യയുടെ സാമ്പത്തിക തന്ത്രത്തിൽ മൂലധന ഉല്പന്ന മേഖല സുപ്രധാന പങ്കുവഹിക്കുന്നു. ദ്രുതഗതിയില്‍ നടപ്പാകുന്ന നഗരവല്‍ക്കരണം,  അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ, ശക്തമായ നയ പിന്തുണ എന്നിവയിലൂന്നിയ ഈ മേഖല ദീർഘകാല വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കാനും ആഗോള സമ്പദ്‌ വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താനും സുസജ്ജമാണ്.

 

ആഭ്യന്തര നിർമാണ ശേഷി ശക്തിപ്പെടുത്താനാവശ്യമായ അടിത്തറയായാണ് മൂലധന ഉല്പന്നങ്ങളെ പൊതുവെ കണക്കാക്കുന്നത്. സമ്പദ്‌ വ്യവസ്ഥയിൽ വന്‍ തോതില്‍ സ്വാധീനം ചെലുത്തുന്ന ഈ മേഖല നിർമാണ രംഗത്തിനും മറ്റ് അനുബന്ധ മേഖലകൾക്കും ആവശ്യമായ യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഉള്‍പ്പെടെ നിർണായക ഘടകങ്ങൾ വിതരണം ചെയ്ത് ഉപഭോക്തൃ വ്യവസായങ്ങളിലെ വളർച്ചയെയും തൊഴിലവസരങ്ങളെയും ഗണ്യമായി സ്വാധീനിക്കുന്നു.

 

വ്യാവസായിക വളർച്ചയിൽ മൂലധന ഉല്പന്നങ്ങളുടെ പങ്ക്

 

A blue and white chartAI-generated content may be incorrect.

 

2025-26 സാമ്പത്തിക വർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച ഇന്ത്യയുടെ വ്യാവസായിക വളർച്ചയില്‍ നിർമാണ മേഖല പ്രധാന ചാലകശക്തിയായി മാറുകയും വർഷത്തിലുടനീളം കൂടുതൽ കരുത്ത് പ്രാപിക്കുകയും ചെയ്തു. 2025-26 ലെ സാമ്പത്തിക സർവേ പ്രകാരം നിർമാണ മേഖലയിലെ ആകെ മൂല്യവർധനയുടെ (ജിവിഎ) വളർച്ച 2025-26 സാമ്പത്തിക വർഷം വേഗത്തിലാവുകയും ആദ്യപാദം 7.72 ശതമാനത്തിലും രണ്ടാംപാദം 9.13 ശതമാനത്തിലുമെത്തുകയും ചെയ്തു. മേഖലയിലെ ഘടനാപരമായ പരിവർത്തനങ്ങൾ ഈ നേട്ടത്തിന് വലിയ പിന്തുണ നൽകി.

 

കൂടാതെ, നിർമാണ മേഖലയിലെ വ്യാപക വികാസവും (8.1%) ഖനന മേഖലയിലെ തുടർച്ചയായ വളർച്ചയും (6.8%) കാരണം വ്യാവസായിക ഉല്പാദന സൂചിക 2025 ഡിസംബറിൽ 7.8% വളർച്ച രേഖപ്പെടുത്തി. ഉപയോഗാധിഷ്ഠിത വർഗീകരണത്തിന് കീഴിലെ മൂലധന ഉല്പന്ന വിഭാഗമാണ് ഈ പ്രകടനത്തിൽ മുഖ്യപങ്ക് വഹിച്ചത്. ഇക്കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 8.1% വർധനയാണ് ഈ വിഭാഗം രേഖപ്പെടുത്തിയത്.

 

2021-22 സാമ്പത്തിക വർഷം മുതല്‍ മൂലധന ഉല്പന്ന മേഖലയുടെ കയറ്റുമതി പ്രകടനം ആഭ്യന്തര ഉല്പാദന ശേഷി വിപുലീകരണവുമായും സമ്പദ്‌ വ്യവസ്ഥയിലെ നിക്ഷേപ പ്രവർത്തനങ്ങളുടെ ശാക്തീകരണവുമായും ബന്ധപ്പെട്ടിരിക്കുന്നു. 2023-24 സാമ്പത്തിക വർഷം 31,621 കോടി രൂപയായിരുന്ന കയറ്റുമതി സുസ്ഥിര വളര്‍ച്ച കൈവരിച്ച്  2024-25 സാമ്പത്തിക വർഷം 33,356 കോടി രൂപയായി ഉയർന്നു. അതുപോലെ ഉല്പാദനത്തിലും ശ്രദ്ധേയ വർധനയുണ്ടായി. മുൻ സാമ്പത്തിക വർഷത്തെ 1,85,858 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024-25-ൽ ഇത് 2,05,194 കോടി രൂപയിലെത്തി. ഇറക്കുമതിയുടെ കാര്യത്തിൽ 2024-25 സാമ്പത്തിക വർഷത്തെ വ്യാപാര ഇറക്കുമതി മുൻവർഷത്തേക്കാൾ 6.3% വർധിച്ച് 721.2 ബില്യൺ ഡോളറിലെത്തി. നിർണായക ഇടക്കാല ഉല്പന്നങ്ങളുടെയും മൂലധന ഉപകരണങ്ങളുടെയും ശക്തമായ ആവശ്യകതയാണ് ഇതിലേക്ക് പ്രാഥമികമായി നയിച്ചത്. രാജ്യത്തെ ശക്തമായ ആഭ്യന്തര ആവശ്യകതയുടെ പ്രതിഫലനമാണിത്. കൂടാതെ, മൂലധന ഉല്പന്ന ഇറക്കുമതി 2025-26 -ലെ ആദ്യപാദം 6.6% വർധിക്കുകയും രണ്ടാം പാദം 9.2% എന്ന നിലയില്‍ വളര്‍ച്ചാവേഗം കൈവരിക്കുകയും  ചെയ്തു. ഈ രണ്ട് പ്രവണതകളും രാജ്യത്തെ സുസ്ഥിര നിക്ഷേപ പ്രവർത്തനങ്ങളെയും വിദേശത്തുനിന്ന് നൂതന സാങ്കേതിക യന്ത്രസാമഗ്രികളെ ആശ്രയിക്കുന്നതിനെയും എടുത്തുകാട്ടുന്നു.  

 

കൂടാതെ, ലഭ്യമായ ഏറ്റവും പുതിയ സാമ്പത്തിക സൂചകങ്ങള്‍ മൂലധന ഉല്പന്ന മേഖലയിലെ മികച്ച നിക്ഷേപങ്ങളെ സൂചിപ്പിക്കുന്നു. ഈ മേഖലയിലെ സമഗ്ര വളർച്ച ഉല്പാദന പ്രവർത്തനങ്ങൾ വർധിക്കുന്നതായും സാമ്പത്തിക രംഗം കൂടുതൽ കരുത്ത് പ്രാപിക്കുന്നതായും കാണിക്കുന്നു. 

 

ഉറച്ച നിക്ഷേപ ഉണർവ് സൂചിപ്പിക്കുന്ന സാമ്പത്തിക സൂചകങ്ങൾ (വാർഷിക വളർച്ച, %)

സൂചകങ്ങൾ

2026 സാമ്പത്തിക

വര്‍ഷം ഒന്നാം പാദം

2026 സാമ്പത്തിക

വര്‍ഷം രണ്ടാം പാദം

2026 സാമ്പത്തിക

വര്‍ഷം മൂന്നാം പാദം

ശരാശരി

പ്രതിമാസ വാർഷിക വളർച്ച

(2016-20 സാമ്പത്തിക

വര്‍ഷങ്ങള്‍) 

മൂലധന ഉല്പന്ന ഇറക്കുമതി

6.6

9.2

13.4

7.1

ഉല്പാദന ശേഷി വിനിയോഗം (ശതമാനത്തില്‍) 

74.1

74.8

ലഭ്യമല്ല

72.9

അവലംബം: സാമ്പത്തിക സർവേ 2025-26

 

 

എന്താണ് മൂലധന ഉൽപ്പന്ന ഇറക്കുമതി?

വൈദ്യുത യന്ത്രസാമഗ്രികളും ഉപകരണങ്ങളും; ഇരുമ്പും ഉരുക്കും ഒഴികെ അടിസ്ഥാന ലോഹങ്ങൾ; ക്ഷീര, അനുബന്ധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യന്ത്രങ്ങൾ ഉൾപ്പെടെ വ്യാവസായിക യന്ത്രസാമഗ്രികൾ; യന്ത്രോപകരണങ്ങൾ; മറ്റ് നിർമാണ യന്ത്രസാമഗ്രികൾ; പദ്ധതി നിര്‍വഹണ സാമഗ്രികൾ; ഗതാഗത ഉപകരണങ്ങൾ എന്നിവയുടെ സമഗ്ര ഇറക്കുമതിയെ 'മൂലധന ഉല്പന്ന ഇറക്കുമതി' എന്ന് നിർവചിക്കുന്നു.  

 

 

സർക്കാർ മൂലധനച്ചെലവില്‍ 2021-22 സാമ്പത്തിക വർഷം മുതൽ ക്രമാനുഗത വർധന 

 

A blue rectangular object with textAI-generated content may be incorrect.

 

2018-19 മുതൽ 2021-22 വരെ സാമ്പത്തിക വർഷങ്ങളിൽ സർക്കാരിൻ്റെ മൂലധനച്ചെലവ് ഏകദേശം 92% വർധിച്ച് 3.07 ലക്ഷം കോടി രൂപയിൽ നിന്ന് 5.92 ലക്ഷം കോടി രൂപയായി. രാജ്യവ്യാപകമായി നിലവാരമേറിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയെന്ന വിശാല ലക്ഷ്യത്തെ പിന്തുണച്ച് ഈ വർധന തുടർന്നുള്ള സാമ്പത്തിക വർഷങ്ങളിലും പ്രകടമായി.

  

കൂടാതെ, സർക്കാരിൻ്റെ മൂലധന വിഹിതം 2017-18 ലെ 2.63 ലക്ഷം കോടി രൂപയിൽ നിന്ന് ഏകദേശം 4.2 മടങ്ങ് വർധിച്ച് 2025-26 സാമ്പത്തിക വർഷം ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 11.21 ലക്ഷം കോടി രൂപയായി മാറി. അതേസമയം, 2025-26 സാമ്പത്തിക വർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം ഫലപ്രദമായ പൊതു മൂലധനച്ചെലവ് 15.48 ലക്ഷം കോടി രൂപയാണ്.

 

മൂലധന ഉല്പന്ന വികാസത്തിൻ്റെ മേഖലാടിസ്ഥാനത്തിലെ സ്വാധീനം

ഇന്ത്യയുടെ വികസിക്കുന്ന മൂലധന ഉല്പന്ന മേഖല നിരവധി വ്യാവസായിക വിഭാഗങ്ങളിൽ ശക്തമായ വളർച്ചയെ പിന്തുണയ്ക്കുന്നു. വ്യാവസായിക പ്രവർത്തനങ്ങളും സമഗ്ര സാമ്പത്തിക വികസനവും മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഈ മേഖലയുടെ നിർണായക പങ്ക് മൂലം ഇതിന് വലിയ ശ്രദ്ധ ലഭിക്കുന്നു.  രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് അത്യന്താപേക്ഷിതമായ യന്ത്രസാമഗ്രികള്‍, നിർമാണം തുടങ്ങിയ മറ്റ് വ്യവസായങ്ങളെയും ഈ മേഖല ഉൾക്കൊള്ളുന്നു. ഉദാഹരണത്തിന്, ആഭ്യന്തര-കയറ്റുമതി വിപണികളിലെ ശക്തമായ ആവശ്യകത മൂലം ഇലക്ട്രിക്കൽ ഉപകരണ വിഭാഗം വൈദ്യുതോപകരണങ്ങളില്‍  തുടർച്ചയായി രണ്ടക്ക ഉല്പാദന വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ മൂലധന ഉല്പന്ന മേഖല നിക്ഷേപാധിഷ്ഠിത വളർച്ചാ തന്ത്രത്തിൻ്റെ സുപ്രധാന സ്തംഭമായി ഉയർന്നുവരുന്നുവെന്നാണ് ഈ പ്രവണതകളെല്ലാം ഒരുമിച്ച് സൂചിപ്പിക്കുന്നത്. വ്യാവസായിക ശേഷി ശക്തിപ്പെടുത്തുന്ന ഈ പ്രവണത അടിസ്ഥാന സൗകര്യ നിർമാണം ത്വരിതപ്പെടുത്തുകയും രാജ്യത്തിൻ്റെ ദീർഘകാല സാമ്പത്തിക വളര്‍ച്ച നിലനിർത്തുകയും ചെയ്യുന്നു.

 

സമ്പദ്‌ വ്യവസ്ഥയ്ക്ക് ഉത്തേജനമായി ബജറ്റിൽ മൂലധന ഉല്പന്നങ്ങൾക്ക് മുൻഗണന  

2026-27 ലെ കേന്ദ്ര ബജറ്റ് രാജ്യവളർച്ചയുടെയും വ്യാവസായിക പരിവർത്തനത്തിൻ്റെയും പ്രധാന ചാലകശക്തിയായി മൂലധന ഉല്പന്ന മേഖലയെ അടയാളപ്പെടുത്തുന്നു. മൂലധന ഉല്പന്നങ്ങള്‍ക്കായി പ്രത്യേക ഇടപെടലുകളുടെ പിന്തുണയോടെ തന്ത്രപ്രധാനവും നൂതനവുമായ ഏഴ് മേഖലകളിൽ നിർമാണ ശേഷി വിപുലീകരിക്കാന്‍ ബജറ്റ് മുൻഗണന നൽകുന്നു. ഉല്പാദനക്ഷമതയും ഗുണനിലവാരവും വർധിപ്പിക്കാന്‍ നിർമാണ മേഖലയിലും ഊർജ പരിവർത്തനത്തിലും ഈ മേഖലയുടെ പങ്ക് ബജറ്റ് ശക്തിപ്പെടുത്തുന്നു. ഇന്ത്യയെ ആഗോള വിപണികളുമായി കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കുന്നതിനൊപ്പം ആഭ്യന്തര ശേഷി വര്‍ധിപ്പിക്കാനും ഈ നടപടികൾ ലക്ഷ്യമിടുന്നു.

 

A blue and white diagramAI-generated content may be incorrect.

 

പൊതു മൂലധനച്ചെലവ്: അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ വളർച്ച

സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയെന്ന നിലയിൽ പൊതുനിക്ഷേപത്തിൻ്റെ പങ്ക് ശക്തിപ്പെടുത്തി അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റ് ശക്തമായ ഉത്തേജനം നൽകുന്നു. പൊതു മൂലധനച്ചെലവ് 2025-26 സാമ്പത്തിക വർഷത്തെ (ബജറ്റ് എസ്റ്റിമേറ്റ്) അപേക്ഷിച്ച് ഏകദേശം 9% വർധിപ്പിച്ച് 2026–27 സാമ്പത്തിക വർഷം  12.2 ലക്ഷം കോടി രൂപയാക്കാൻ നിർദേശിക്കുന്നു. 2014-15 സാമ്പത്തിക വർഷത്തെ 2 ലക്ഷം കോടി രൂപയിൽ നിന്ന് പൊതു മൂലധനച്ചെലവ് പലമടങ്ങ് വർധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ  വളർച്ചയ്ക്കും സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കാനും സമ്പദ്‌ വ്യവസ്ഥയിലുടനീളം ഉല്പാദനക്ഷമത വർധിപ്പിക്കാനും നൽകുന്ന തുടർച്ചയായ പ്രാധാന്യത്തെ ഇത് അടിവരയിടുന്നു.  

 

മൂലധന ഉല്പന്ന വികസനത്തിലൂടെ നിർമാണ മേഖലയുടെ ശാക്തീകരണം 

ശക്തമായ മൂലധന ഉല്പന്ന ശേഷി വിവിധ വ്യവസായങ്ങളിലെ ഉല്പാദനക്ഷമതയ്ക്കും ഗുണനിലവാരത്തിനും അടിസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞ് ആഭ്യന്തര ശേഷി വർധിപ്പിക്കാന്‍ നിരവധി ലക്ഷ്യാധിഷ്ഠിത ഇടപെടലുകൾ ബജറ്റില്‍ നിർദേശിച്ചിട്ടുണ്ട്.

  • കൃത്യതയേറിയ നിർമാണം മെച്ചപ്പെടുത്തുന്നതിന് രണ്ട് സ്ഥലങ്ങളിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഹൈ-ടെക് ടൂൾ റൂമുകൾ സ്ഥാപിക്കാൻ നിർദേശിക്കുന്നു. ഡിജിറ്റൽ സംവിധാനങ്ങളടങ്ങുന്ന ഓട്ടോമാറ്റഡ് സർവീസ് ബ്യൂറോകളായി നിലകൊള്ളുന്ന ഈ സൗകര്യങ്ങൾ ഉയർന്ന കൃത്യതയോടെ ഘടകഭാഗങ്ങളുടെ രൂപകല്പനയും പരിശോധനയും നിർമാണവും  പ്രാദേശികമായി കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നു.  

  • കൂടാതെ, മൂല്യമേറിയതും സാങ്കേതിക പുരോഗതി കൈവരിച്ചതുമായ നിർമാണ-അടിസ്ഥാന സൗകര്യ ഉപകരണങ്ങളുടെ ആഭ്യന്തര ഉല്പാദനം ശക്തിപ്പെടുത്തുന്നതിന് നിര്‍മാണ അടിസ്ഥാനസൗകര്യ ഉപകരണ  വികസന പദ്ധതി നിർദേശിച്ചിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളിൽ ഉപയോഗിക്കുന്ന ലിഫ്റ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ തുടങ്ങി മെട്രോ പദ്ധതികള്‍ക്കും ഉയർന്ന മലനിരകളിലെ റോഡുകൾക്കും ഉപയോഗിക്കുന്ന ടണൽ ബോറിംഗ് മെഷീനുകൾ വരെ വിപുലമായ ഉപകരണങ്ങൾ ഇതിലുള്‍പ്പെടുന്നു.

  • ചരക്കുനീക്കം, വ്യാപാര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിന്  ആഗോളതലത്തിൽ മത്സരക്ഷമതയാര്‍ന്ന കണ്ടെയ്‌നർ നിർമാണ ആവാസവ്യവസ്ഥ സൃഷ്ടിക്കുകയെന്ന  ലക്ഷ്യത്തോടെ കണ്ടെയ്‌നർ നിർമാണ പദ്ധതിയും ബജറ്റ് നിർദേശിക്കുന്നു. അഞ്ചുവർഷ കാലയളവിൽ  10,000 കോടി രൂപയുടെ ബജറ്റ് വിഹിതമാണ് ഈ പദ്ധതിക്കായി നിർദേശിച്ചിരിക്കുന്നത്.

 

കരാറടിസ്ഥാനത്തിലെ ഉല്പാദനത്തിനും ഇലക്ട്രോണിക്സ് നിർമാണത്തിനും പിന്തുണ

ഇന്ത്യയിലെ ടോൾ മാനുഫാക്ചറിങ് അഥവാ കരാറടിസ്ഥാനത്തിലെ ഉല്പാദന സേവനത്തിന് ഉത്തേജനം നൽകുകയെന്ന ലക്ഷ്യത്തോടെ ഒരു നികുതി നിയന്ത്രിത മേഖലയ്ക്കകത്ത് കരാറടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന ഉല്പാദകന് മൂലധന ഉല്പന്നങ്ങളോ ഉപകരണങ്ങളോ നൽകുന്ന വിദേശരാജ്യത്തെ ഏതെൊരു  സ്ഥാപനത്തിനും അഞ്ചുവർഷത്തേക്ക് ആദായനികുതി ഇളവ് ബജറ്റില്‍ നിർദേശിക്കുന്നു.

 

കൂടാതെ, ഇലക്ട്രോണിക്സ് നിർമാണത്തിൽ ഏർപ്പെട്ട ടോൾ മാനുഫാക്ചറിങ് സംരംഭങ്ങള്‍ക്ക് പ്രത്യേക പിന്തുണയും നൽകിയിട്ടുണ്ട്. ഈ നിർദേശപ്രകാരം നികുതി നിയന്ത്രിത മേഖലയില്‍ കരാറടിസ്ഥാനത്തില്‍ ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾ നിർമിക്കുന്ന സംരംഭങ്ങള്‍ക്ക് മൂലധന ഉൽപ്പന്നങ്ങളോ ഉപകരണങ്ങളോ നൽകുന്ന ഏതൊരു വിദേശ കമ്പനിക്കും നികുതി ഇളവ് നൽകും. 2026 ഏപ്രിൽ 1 മുതൽ ആരംഭിക്കുന്ന അഞ്ച് നികുതി വർഷങ്ങളിലേക്കാണ് ഈ ഇളവ് നിർദേശിച്ചിരിക്കുന്നത്.

 

ഇന്ത്യൻ കരാർ നിർമാതാക്കളുടെ  മൂലധന നിക്ഷേപ ഭാരം കുറയ്ക്കാനും അതുവഴി ഉല്പാദനച്ചെലവ് കുറയ്ക്കാനും ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമാണം പ്രോത്സാഹിപ്പിക്കാനും ഈ നടപടി ലക്ഷ്യമിടുന്നു. നിർദിഷ്ട ഭേദഗതി 2030-31 നികുതി വർഷം വരെ ബാധകമാണ്.

 

ഊർജ്ജ പരിവർത്തനവും നിർണായക ധാതുക്കളും: മൂലധന ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കൽ

ഊര്‍ജ്ജ പരിവർത്തനത്തെയും ഊർജ്ജ സുരക്ഷയെയും പിന്തുണയ്ക്കുന്നതിന് ബാറ്ററികൾക്കുവേണ്ടി ലിഥിയം-അയൺ സെല്ലുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന മൂലധന ഉല്പന്നങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവയിലെ ഇളവ്, ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങള്‍ക്കായി ലിഥിയം-അയൺ സെല്ലുകൾ നിർമിക്കാൻ ഉപയോഗിക്കുന്നവയ്ക്കും ബാധകമാക്കാൻ ബജറ്റ് നിർദേശിക്കുന്നു.

 

കൂടാതെ, നിർണായക ധാതുക്കൾക്കായി ആഭ്യന്തര മൂല്യശൃംഖലകൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ഇത്തരം ധാതുക്കൾ സംസ്കരിക്കാനാവശ്യമായ മൂലധന ഉല്പന്നങ്ങളുടെ ഇറക്കുമതിയ്ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാനും നിർദേശമുണ്ട്.

 

മൂലധന ഉല്പന്ന മേഖലയെ ശാക്തീകരിക്കുന്ന സമീപകാല നയപിന്തുണ 

ആഭ്യന്തര ശേഷി മെച്ചപ്പെടുത്താനും ഇന്ത്യയുടെ നിക്ഷേപാധിഷ്ഠിത വളർച്ചാ ഘട്ടവുമായി പൊരുത്തപ്പെടാനും ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ ആവിഷ്കരിച്ചതിലൂടെ മൂലധന ഉല്പന്ന മേഖലയുടെ സർക്കാര്‍ നയപിന്തുണ ഗണ്യമായി വിപുലീകരിച്ചിട്ടുണ്ട്. സമീപകാല നയപിന്തുണകളിൽ ചിലത്:

 

ഉല്പാദന അനുബന്ധ പ്രോത്സാഹന (പിഎല്‍ഐ) പദ്ധതികൾ

പ്രധാന മേഖലകളിൽ നിക്ഷേപം ആകർഷിക്കുക, അത്യാധുനിക സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നത് സുഗമമാക്കുക, പ്രവർത്തനക്ഷമത വർധിപ്പിക്കുക, ഉല്പാദനത്തിൻ്റെ തോത് വർധിപ്പിച്ച് സാമ്പത്തിക നേട്ടം കൈവരിക്കുക എന്നിവയാണ് പിഎൽഐ പദ്ധതികളുടെ പ്രധാന ലക്ഷ്യം. ഇന്ത്യൻ ഉല്പാദകരുടെ ആഗോള മത്സരക്ഷമത ശക്തിപ്പെടുത്താൻ ഇത് വഴിയൊരുക്കുന്നു. 2025-26 സാമ്പത്തിക സർവേയിലെ ചില പ്രധാന മേഖലകളിലെ നേട്ടങ്ങള്‍:

 

  • പിഎൽഐ-ഓട്ടോ പദ്ധതി: നൂതന ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യയില്‍ വാഹനങ്ങളുടെയും ഘടകഭാഗങ്ങളുടെയും നിർമാണം പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ 2025 സെപ്റ്റംബർ വരെ  35,657 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും 48,974 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും  സാധിച്ചു.

  • പിഎൽഐ-അഡ്വാൻസ്ഡ് കെമിസ്ട്രി സെൽ പദ്ധതി: ഇന്ത്യയുടെ ഇലക്ട്രിക് വാഹന ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തി ബാറ്ററി നിർമാണം പ്രാദേശികമാക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭത്തിൻ്റെ ഭാഗമായി ഇതുവരെ 40 GWh ശേഷി അനുവദിച്ചുകഴിഞ്ഞു. 

 

ഇന്ത്യയുടെ നിർമാണ മേഖലയെ ശക്തിപ്പെടുത്തുന്നതിൽ പിഎൽഐ പദ്ധതികളുടെ വർധിച്ചുവരുന്ന സ്വാധീനം

2025-2026 ലെ സാമ്പത്തിക സർവേ പ്രകാരം 2025 സെപ്റ്റംബർ വരെ  2.0 ലക്ഷം കോടിയിലധികം രൂപയുടെ യഥാർത്ഥ നിക്ഷേപമാണ് ഉണ്ടായത്. ഇത് 18.70 ലക്ഷം കോടിയിലധികം രൂപയുടെ അധിക ഉല്പാദനത്തിലേക്കും വിൽപ്പനയിലേക്കും നയിക്കുകയും 12.60 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ (പ്രത്യക്ഷവും പരോക്ഷവും) സൃഷ്ടിക്കുകയും ചെയ്തു.

കൂടാതെ 14 മേഖലകളിലുമായി അംഗീകരിക്കപ്പെട്ട 806 അപേക്ഷകളില്‍ 12 മേഖലകളിലായി 23,946 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ആകെ വിതരണം ചെയ്തത്. പദ്ധതിക്ക് കീഴിലെ പ്രധാന മേഖലകളുടെ പിന്തുണയോടെ പിഎൽഐ പദ്ധതികൾ വഴി നടത്തുന്ന കയറ്റുമതി 8.20 ലക്ഷം കോടി രൂപ പിന്നിട്ടു.

 

ഇന്ത്യൻ മൂലധന ഉല്പന്ന മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കാന്‍ പദ്ധതി

2022-ൽ അവതരിപ്പിച്ച 'ഇന്ത്യൻ മൂലധന ഉല്പന്ന മേഖലയിലെ മത്സരക്ഷമത വർധിപ്പിക്കാനായി ആവിഷ്കരിച്ച പദ്ധതിയുടെ രണ്ടാം ഘട്ട'ത്തിൻ്റെ ഭാഗമായി മേഖലയെ ശക്തിപ്പെടുത്താന്‍ സർക്കാർ ലക്ഷ്യാധിഷ്ഠിത നടപടികൾ സ്വീകരിക്കുന്നുണ്ട്. നൂതനാശയ പോർട്ടലുകൾ വഴി സാങ്കേതികവിദ്യ തിരിച്ചറിയൽ, നൂതന മികവു കേന്ദ്രങ്ങൾ സ്ഥാപിക്കൽ, പൊതു എന്‍ജിനീയറിങ് സേവന കേന്ദ്രങ്ങള്‍ സജ്ജീകരിക്കൽ, പരിശോധന-സാക്ഷ്യപ്പെടുത്തല്‍  നടപടികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കൽ, സമഗ്ര നൈപുണ്യ വികസന സംരംഭങ്ങൾ നടപ്പാക്കല്‍ തുടങ്ങി ആറ് പ്രധാന ഘടകങ്ങൾ പദ്ധതിയിലുൾപ്പെടുന്നു.

 

2025 നവംബർ വരെ ലഭ്യമായ കണക്കനുസരിച്ച് രണ്ടാം ഘട്ടത്തിന് കീഴിൽ 29 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ഇതിൽ ആകെ 891.37 കോടി രൂപ പദ്ധതി ചെലവിൽ 714.64 കോടി രൂപ സർക്കാർ വിഹിതമാണ്.  പദ്ധതിക്ക് കീഴിൽ വികസിപ്പിച്ച സാങ്കേതികവിദ്യകൾ ഫ്രാൻസ്, ബെൽജിയം, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ വിപണികൾ കീഴടക്കിയത് മേഖലയുടെ മെച്ചപ്പെട്ടുവരുന്ന ആഗോള മത്സരക്ഷമത തെളിയിക്കുന്നു.

 

നിർണായക ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കായി വ്യവസായ മേഖലയും പ്രമുഖ അക്കാദമിക -ഗവേഷണ സ്ഥാപനങ്ങളും പങ്കാളികളായി സർക്കാർ ധനസഹായത്തിന് പദ്ധതികൾ നിർദേശിക്കുന്ന  ആവശ്യകതാധിഷ്ഠിത പദ്ധതിയാണിത്. ദീർഘകാലാടിസ്ഥാനത്തില്‍ വ്യാവസായിക-അക്കാദമിക സഹകരണം വളർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

 

ഉപസംഹാരം

'കർത്തവ്യ'ങ്ങളിലും സമഗ്ര സാമ്പത്തിക വളർച്ചയും വികസനവും കൈവരിക്കാന്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിശ്ചയദാര്‍ഢ്യത്തിലും അധിഷ്ഠിതമായ ഈ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിൽ മൂലധന ഉല്പന്ന മേഖല നിർണായക പങ്കുവഹിക്കുന്നു. നിലവിലെ നയപിന്തുണയും 2026-27 ലെ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ച പുതിയ നടപടികളും ചേർന്ന് വരും വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് ശക്തമായ സംഭാവന നൽകാൻ ഈ മേഖല സജ്ജമായിക്കഴിഞ്ഞു.

 

അവലംബം

Ministry of Finance

https://www.pib.gov.in/PressReleasePage.aspx?PRID=2221458&reg=3&lang=1

https://www.indiabudget.gov.in/economicsurvey/doc/echapter.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2219907&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2221451&reg=3&lang=2

https://www.indiabudget.gov.in/doc/budget_speech.pdf

https://www.pib.gov.in/PressReleseDetail.aspx?PRID=2221425&reg=3&lang=1

Ministry of Commerce & Industry

https://www.pib.gov.in/PressReleaseIframePage.aspx?PRID=2117968&reg=3&lang=2

https://content.dgft.gov.in/Website/dgftprod/58357641-6838-401a-b880-7cdec59285c6/FTP2023_Chapter11.pdf

Ministry of Heavy Industries

https://heavyindustries.gov.in/sites/default/files/2025-02/heavy_annual_report_2024-25_final_27.02.2025_compressed.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2149750&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2042179&reg=3&lang=2

Ministry of Statistics & Programme Implementation

https://www.pib.gov.in/PressReleasePage.aspx?PRID=2219602&reg=3&lang=2

https://mospi.gov.in/uploads/latestreleasesfiles/1767782498513-GDP%20Press%20Note%20on%20FAE%202025-26.pdf

Central Board of Direct Taxes

https://incometaxindia.gov.in/Documents/Budget2026/FAQs-Budget-2026.pdf  

Union Budget FY 2026-27: Strengthening Capital Goods Sector

 

***

(Explainer ID: 157209) आगंतुक पटल : 3
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Bengali
Link mygov.in
National Portal Of India
STQC Certificate