Infrastructure
ഇന്ത്യയുടെ അപൂർവ ഭൗമധാതു കാര്യനയം: ഉത്പാദനം, ഇടനാഴികൾ, ആഗോള സംയോജനം
Posted On:
02 FEB 2026 6:53PM
പ്രധാന കാര്യങ്ങൾ
അപൂർവ ഭൗമ സ്ഥിര കാന്ത (റെയർ എർത്ത് പെർമനന്റ് മാഗ്നറ്റ്)ങ്ങളുടെ ഖനനം, സംസ്‌കരണം, ഗവേഷണം, ഉത്പാദ നം എന്നിവയ്ക്കായി ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ സമർപ്പിത അപൂർവ ഭൗമധാതു ഇടനാഴികൾ 2026-27 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു.
2025 നവംബറിൽ 7,280 കോടി രൂപയുടെ ആർ.ഇ.പി.എം നിർമ്മാണ പദ്ധതി അംഗീകരിച്ചു.
പ്രതിവർഷം 6,000 മെട്രിക് ടൺ സംയോജിത ആർ.ഇ.പി.എം ശേഷി സൃഷ്ടിക്കും.
അഞ്ച് വർഷത്തിനുള്ളിൽ 6,450 കോടി രൂപയുടെ വിൽപ്പന അധിഷ്ഠിത പ്രോത്സാഹനാനുകൂല്യങ്ങൾ.
നൂതന സൗകര്യങ്ങൾക്കായി 750 കോടി രൂപയുടെ മൂലധന സബ്സിഡി.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) 482.6 ദശലക്ഷം ടൺ അപൂർവ-ഭൗമ അയിര് വിഭവങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആമുഖം
ഇലക്ട്രിക് വാഹനങ്ങൾ, കാറ്റാടി യന്ത്രങ്ങൾ, ഇലക്ട്രോണിക്‌സ്, എയ്റോസ്പേസ്, പ്രതിരോധം എന്നിവയ്ക്ക് അത്യാവശ്യമായ ഉയർന്ന പ്രകടനമികവുള്ള കാന്തങ്ങളായ അപൂർവ്വ ഭൗമ സ്ഥിര കാന്തങ്ങൾ (ആർ.ഇ.പി.എം)ക്കായി ഒരു ആഭ്യന്തര ആവാസവ്യവസ്ഥ സ്ഥാപിച്ചുകൊണ്ട് നിർണായക വസ്തുക്കളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ഇന്ത്യ നിർണായക നടപടികൾ കൈക്കൊള്ളുന്നു. ഈ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനായി അപൂർവ-ഭൗമ ഓക്‌സൈഡുകൾ മുതൽ പൂർത്തിയായ കാന്തങ്ങൾ വരെയുള്ള മുഴുവൻ മൂല്യ ശൃംഖലയും ഉൾക്കൊള്ളുന്ന, സംയോജിത ആർ.ഇ.പി.എം ഉത്പാദന ശേഷി പ്രതിവർഷം 6,000 മെട്രിക് ടൺ ആയി വികസിപ്പിക്കുന്നതിനുള്ള 7,280 കോടി രൂപയുടെ പദ്ധതിക്ക് 2025 നവംബറിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകി.
ഇതിനു പൂരകമായി, ഖനനം, സംസ്‌കരണം, ഗവേഷണം, ഉത്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ സമർപ്പിത അപൂർവ ഭൗമധാതു ഇടനാഴികൾ (റെയർ എർത്ത് കോറിഡോർ) സൃഷ്ടിക്കുമെന്ന് 2026-27 ലെ കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചു. ഈ ഉദ്യമങ്ങൾ ആത്മനിർഭര ഭാരതം, ഹരിതഗൃഹ വാതക-ബഹിർഗമന അനുപാതം 2070 ഓടെ പൂജ്യമാക്കൽ (നെറ്റ് സീറോ 2070), 2047 ഓടെ വികസിത ഭാരതം എന്നീ ദേശീയ മുൻഗണനകളുമായി യോജിക്കുകയും, അതിനൊപ്പം ആഗോള നൂതന-പദാർത്ഥ മൂല്യ ശൃംഖലകളിൽ ഇന്ത്യയെ ഒരു നിർണായക സ്വാധീനശക്തിയായി അടയാളപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യയിലെ അപൂർവ ഭൗമ സ്ഥിര കാന്തങ്ങളുടെ
തന്ത്രപരമായ പ്രാധാന്യവും വിഭവശേഷിയും
ഉയർന്ന കാന്തിക ശക്തിക്കും സ്ഥിരതയ്ക്കും പേരുകേട്ട, ഏറ്റവും ശക്തമായ സ്ഥിര കാന്തങ്ങളിൽ ഒന്നാണ് അപൂർവ ഭൗമ സ്ഥിര കാന്തങ്ങൾ (ആർ.ഇ.പി.എം). അവയുടെ ഒതുക്കമുള്ള വലിപ്പവും ശക്തമായ പ്രകടനമികവും ഇലക്ട്രിക് വാഹന മോട്ടോറുകൾ, കാറ്റാടി യന്ത്ര ജനറേറ്ററുകൾ, ഉപഭോക്തൃ-വ്യാവസായിക ഇലക്ട്രോണിക്‌സ്, ആകാശയാത്ര അധിഷ്ഠിത സാങ്കേതികവിദ്യാ (എയ്റോസ്പേസ്) സംവിധാനങ്ങൾ, പ്രതിരോധ സജ്ജീകരണങ്ങൾ, കൃത്യതയാർന്ന സെൻസറുകൾ തുടങ്ങിയ നൂതന എൻജിനീയറിങ് പ്രയോഗങ്ങൾക്ക് അവയെ അത്യന്താപേക്ഷിതമാക്കുന്നു.
ശുദ്ധമായ ഊർജ്ജം, നൂതന ഗതാഗതസംവിധാനം, തന്ത്രപ്രധാന മേഖലകൾ എന്നിവയിൽ ഇന്ത്യ അതിന്റെ ഉത്പാദന പാദമുദ്രകൾ വിപുലീകരിക്കുമ്പോൾ, ആർ.ഇ.പി.എമ്മുകളുടെ വിശ്വസനീയമായ ആഭ്യന്തര വിതരണം നിർണായകമാണ്. ഇത് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക മാത്രമല്ല, നൂതന പദാർഥങ്ങൾക്കായുള്ള ആഗോള മൂല്യ ശൃംഖലകളിൽ ഇന്ത്യയുടെ മത്സരക്ഷമത ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യയുടെ വിഭവ അടിത്തറ:
ഇന്ത്യയിൽ അപൂർവ-ഭൗമ ധാതുക്കളുടെ ഗണ്യമായ ശേഖരം ഉണ്ട്, ഇത് ആർ.ഇ.പി.എം നിർമ്മാണം പോലെ അസംസ്‌കൃത വസ്തുക്കളെ ഉത്പന്നങ്ങളാക്കി മാറ്റുന്ന (ഡൗൺസ്ട്രീം) വ്യവസായങ്ങൾക്ക് ശക്തമായ അടിത്തറ നൽകുന്നു.
മോണസൈറ്റ് നിക്ഷേപങ്ങൾ: ഇന്ത്യയിൽ 13.15 ദശലക്ഷം ടൺ മോണസൈറ്റ് ഉണ്ട്, ഇതിൽ ഏകദേശം 7.23 ദശലക്ഷം ടൺ അപൂർവ-ഭൗമ ഓക്‌സൈഡുകൾ (ആർ.ഇ.ഒ) അടങ്ങിയിരിക്കുന്നു.
ഭൂമിശാസ്ത്രപരമായ വ്യാപനം: ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിൽ, പ്രധാനമായും തീരദേശ കടൽത്തീര മണൽ, തേരി/ചുവന്ന മണൽ, ഉൾനാടൻ എക്കൽ എന്നിവയിൽ ഈ നിക്ഷേപങ്ങൾ കാണപ്പെടുന്നു.
അധിക വിഭവങ്ങൾ: ഗുജറാത്തിലും രാജസ്ഥാനിലും, ഹാർഡ്-റോക്ക് പ്രദേശങ്ങളിൽ 1.29 ദശലക്ഷം ടൺ യഥാസ്ഥാനീയ ആർ.ഇ.ഒ വിഭവങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
പര്യവേക്ഷണ ശ്രമങ്ങൾ: ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി.എസ്.ഐ) 34 പര്യവേക്ഷണ പദ്ധതികളിലായി 482.6 ദശലക്ഷം ടൺ അപൂർവ-ഭൗമ അയിര് വിഭവങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് കരുതൽ ശേഖരം കൂടുതൽ വർദ്ധിപ്പിച്ചു.
സംയോജിത ആർ.ഇ.പി.എം ഉത്പാദന ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നതിനായുള്ള ഇന്ത്യയുടെ ശക്തമായ അസംസ്‌കൃത വസ്തു അടിത്തറയാണ് ഈ കരുതൽ ശേഖരങ്ങൾ ഒന്നിച്ച് പ്രകടമാക്കുന്നത്.
മേഖലയിൽ പര്യവേക്ഷണം നടത്തുകയും നിക്ഷേപിക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത:
ഇന്ത്യയ്ക്ക് ശക്തമായ അപൂർവ-ഭൗമ വിഭവ അടിത്തറയുണ്ടെങ്കിലും, സ്ഥിര കാന്തങ്ങളുടെ ആഭ്യന്തര ഉത്പാദനമെന്നത് ഇപ്പോഴും വികസ്വര ഘട്ടത്തിലാണ്. പ്രധാനമായും ചൈനയിൽ നിന്നുള്ള ഇറക്കുമതിയാണ് ആവശ്യകതയുടെ ഭൂരിഭാഗവും നിറവേറ്റുന്നത് (2022നും 25നും ഇടയിൽ മൂല്യം അനുസരിച്ച് ഏകദേശം 60-80 ശതമാനവും അളവ് അനുസരിച്ച് 85-90 ശതമാനവും).
വൈദ്യുത ഗതാഗതസംവിധാനം, പുനരുപയോഗിക്കാവുന്ന ഊർജ്ജം, ഇലക്ട്രോണിക്‌സ്, പ്രതിരോധ സജ്ജീകരണങ്ങൾ എന്നിവയിലെ ദ്രുതഗതിയിലുള്ള വളർച്ച കാരണം 2030 ആകുമ്പോഴേക്കും അപൂർവ ഭൗമ സ്ഥിര കാന്തങ്ങളുടെ ഉപഭോഗം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ദീർഘകാല സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനുമായി ഇന്ത്യക്ക് ആഭ്യന്തര കാര്യക്ഷമത വിപുലീകരിക്കുകയും ഈ മേഖലയിൽ നിക്ഷേപിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
അപൂർവ ഭൗമ ധാതു നിർമ്മാണത്തിനും ഇടനാഴികൾക്കും വേണ്ടിയുള്ള ബജറ്റ് പിന്തുണ:
2026-27 ലെ കേന്ദ്ര ബജറ്റ്, അടുത്തിടെ അംഗീകരിച്ച അപൂർവ ഭൗമ സ്ഥിര കാന്ത (ആർ.ഇ.പി.എം) ഉത്പാദന പദ്ധതിയെ പുതിയ ഇടനാഴി അധിഷ്ഠിത സംരംഭങ്ങൾക്കൊപ്പം പൂരകമാക്കുന്നതിലൂടെ നിർണായക വസ്തുക്കളിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത കെട്ടിപ്പടുക്കുന്നതിന് ശക്തമായ ഊന്നൽ നൽകിയിട്ടുണ്ട്. ഈ നടപടികൾ ഒരുമിച്ച്, ആഭ്യന്തര ശേഷി ശക്തിപ്പെടുത്തുന്നതിനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനും നൂതന പദാർഥ മേഖലയിൽ ഇന്ത്യയെ ആഗോള നേതൃശക്തിയായി പ്രതിഷ്ഠിക്കുന്നതിനുമുള്ള സമഗ്രമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നു.
ആർ.ഇ.പി.എം ഉത്പാദന പദ്ധതി:
നിർണ്ണായക വസ്തുക്കളിൽ ഇന്ത്യയുടെ സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നതിനായി, 2025 നവംബർ 26-ന് കേന്ദ്ര സർക്കാർ അപൂർവ ഭൗമ സ്ഥിരം കാന്തങ്ങൾക്കായുള്ള ഒരു പ്രധാന പദ്ധതിക്ക് അംഗീകാരം നൽകി. പൂർണ്ണമായും സംയോജിതമായ ഒരു ആഭ്യന്തര ഉത്പാദന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഈ സംരംഭം സാമ്പത്തിക പിന്തുണയും പ്രോത്സാഹനാനുകൂല്യങ്ങളും നൽകുന്നു.
സാമ്പത്തിക വിഹിതം: 7,280 കോടി രൂപ:
കാര്യക്ഷമത സൃഷ്ടിക്കൽ: താപയോജിത(സിന്റർ ചെയ്ത) ആർ.ഇ.പി.എമ്മുകളുടെ 6,000 എം.പി.ടി.എ (പ്രതിവർഷ മെട്രിക് ടൺ) സംയോജിത ഉത്പാദന ശേഷി, ആഗോള മത്സരാധിഷ്ഠിത ലേലം വഴി അഞ്ച് ഗുണഭോക്താക്കൾക്ക് വരെ വിതരണം ചെയ്തു.
പ്രോത്സാഹന ആനുകുല്യങ്ങൾ: അഞ്ച് വർഷത്തേക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട പ്രോത്സാഹന ആനുകൂല്യങ്ങളായി 6,450 കോടി രൂപ.
മൂലധന സബ്സിഡി: നൂതന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിന് 750 കോടി രൂപ.
സമയക്രമം: സജ്ജീകരണത്തിന് രണ്ട് വർഷത്തെ രൂപീകരണഘട്ടവും തുടർന്ന് ഉത്പാദനവുമായി ബന്ധപ്പെട്ട് അഞ്ച് വർഷത്തെ പ്രോത്സാഹന ആനുകൂല്യ വിതരണവും.
ലക്ഷ്യം: അപൂർവ-ഭൗമ ഓക്‌സൈഡുകൾ മുതൽ പൂർത്തിയായ കാന്തങ്ങൾ വരെയുള്ള ഒരു ആദ്യന്ത ആവാസവ്യവസ്ഥ സ്ഥാപിക്കുക, വൈദ്യുത ഗതാഗത സംവിധാനം, പുനരുപയോഗ ഊർജ്ജം, ഇലക്ട്രോണിക്‌സ്, ആകാശ യാത്രാധിഷ്ഠിത സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങിയ മേഖലകൾക്കുള്ള വിതരണം ഉറപ്പാക്കുക.
2026-27 ലെ കേന്ദ്ര ബജറ്റ്: അപൂർവ ഭൗമധാതു ഇടനാഴികൾ
ആർ.ഇ.പി.എം പദ്ധതിയെ പൂരകമാക്കുന്നതിനായി, 2026-27 ലെ കേന്ദ്ര ബജറ്റിൽ ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ പ്രത്യേക അപൂർവ ഭൗമ ധാതു ഇടനാഴികൾ പ്രഖ്യാപിച്ചു. ഈ ഇടനാഴികൾ ഇത്തരം സംസ്ഥാനങ്ങളുടെ ധാതു സമ്പന്നമായ അടിത്തറ പ്രയോജനപ്പെടുത്തിക്കൊണ്ട് ഖനനം, സംസ്‌കരണം, ഗവേഷണം, ഉത്പാദനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ സംരംഭം ശക്തമായ പ്രാദേശിക സമ്പദ് വ്യവസ്ഥകൾ സൃഷ്ടിക്കുകയും ഗവേഷണ-വികസന കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഇന്ത്യയെ ആഗോള നൂതന പദാർത്ഥ മൂല്യ ശൃംഖലകളുമായി കൂടുതൽ ആഴത്തിൽ സംയോജിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ഇടനാഴികൾ ഒഡീഷയിലും കേരളത്തിലും നിലവിലുള്ള ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡിൻ്റെ സാന്നിധ്യത്തിന് നേരിട്ട് പൂർണതയേകുന്നു.
മുമ്പ് ഭാരത അപൂർവ്വ ഭൗമധാതു ക്ലിപ്തം (ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ്) എന്നറിയപ്പെട്ടിരുന്ന ഐ.ആർ.ഇ.എൽ (ഇന്ത്യ) ലിമിറ്റഡ് 1963 മുതൽ കേന്ദ്ര ആണവോർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുകയാണ്. പ്രതിവർഷം 10 ലക്ഷം ടൺ സംസ്‌കരണ ശേഷിയുള്ള ഇത് ഇൽമനൈറ്റ്, റൂട്ടൈൽ, സിർക്കോൺ, സില്ലിമനൈറ്റ്, ഗാർനെറ്റ് തുടങ്ങിയ തന്ത്രപ്രധാന ധാതുക്കൾ ഉത്പാദിപ്പിക്കുന്നു. പ്രധാനമായും, ഒഡീഷയിൽ ഒരു അപൂർവ്വ ഭൗമധാതു സത്ത്‌വേർതിരിച്ചെടുക്കൽ ശാല(എക്‌സ്ട്രാക്ഷൻ പ്ലാൻ്റ്)യും കേരളത്തിലെ ആലുവയിൽ ഒരു അപൂർവ്വ ഭൗമധാതു ശുദ്ധീകരണ ശാല (റിഫൈനിങ് യൂണിറ്റ്) യും ഐ.ആർ.ഇ.എൽ നടത്തുന്നു. ഇവ രണ്ടും ഇടനാഴി സംരംഭവുമായി പൊരുത്തപ്പെടുന്നു. ഐ.ആർ.ഇ.എല്ലിൻ്റെ സ്ഥാപിത സൗകര്യങ്ങളെ പുതിയ ഇടനാഴികളുമായി സംയോജിപ്പിക്കുന്നതിലൂടെ, ആഭ്യന്തര ഭൗമ ധാതു ശേഷി വികസിപ്പിക്കാനും, നൂതന ഉത്പാദനരീതി പരിപോഷിപ്പിക്കാനും, സ്വാശ്രയത്വത്തിലേക്കും ശുദ്ധമായ ഊർജ്ജത്തിലേക്കുമുള്ള ഇന്ത്യയുടെ പരിവർത്തനം ത്വരിതപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നു.
ദേശീയ ലക്ഷ്യങ്ങളുമായി സംയോജിപ്പിച്ച് അപൂർവ ഭൗമധാതു വികസനം:
അപൂർവ ഭൗമ ധാതു വികസനം വിശാലമായ ദേശീയ മുൻഗണനകളുമായി എങ്ങനെ യോജിപ്പിക്കുന്നുവെന്ന് ഇന്ത്യയുടെ സമീപകാല നയ നടപടികൾ പ്രതിഫലിപ്പിക്കുന്നു. വ്യാവസായിക വളർച്ചയിൽ മാത്രമല്ല, ശുദ്ധമായ ഊർജ്ജം, പ്രതിരോധം, തന്ത്രപരമായ വിഭവ സുരക്ഷ എന്നിവയിലുമത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സ്വാശ്രയത്വം (ആത്മനിർഭര ഭാരതം): 2022-25 കാലയളവിൽ ചൈനയിൽ നിന്ന് 60-80 ശതമാനം മൂല്യവും 85-90 ശതമാനം അളവിലുമുള്ള സ്ഥിരം കാന്തങ്ങൾ ഇറക്കുമതി ചെയ്തയിടത്ത് നിന്ന്, ഇറക്കുമതി ആശ്രയത്വം കുറയ്ക്കുന്നതിലൂടെ ഇന്ത്യ അതിൻ്റെ ആഭ്യന്തര ശേഷി ശക്തിപ്പെടുത്താനും നിർണായക വിതരണ ശൃംഖലകൾ സുരക്ഷിതമാക്കാനും ലക്ഷ്യമിടുന്നു.
ശുദ്ധമായ ഊർജ്ജ പരിവർത്തനം: വൈദ്യുത വാഹന മോട്ടോറുകൾക്കും കാറ്റാടി യന്ത്ര ജനറേറ്ററുകൾക്കും അപൂർവ ഭൗമ കാന്തങ്ങൾ അത്യാവശ്യമാണ്. ഇവ രണ്ടും ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ വികസനത്തിനും അതിൻ്റെ 'നെറ്റ് സീറോ 2070' ദർശനത്തിനും ഇവ രണ്ടും പ്രധാനമാണ്. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇടനാഴികൾ ധാതു സമ്പന്നമായ സംസ്ഥാനങ്ങൾ ഈ പരിവർത്തനത്തിന് നേരിട്ട് സംഭാവന നൽകുന്നുവെന്നത് ഉറപ്പാക്കും.
ദേശീയ സുരക്ഷയും പ്രതിരോധവും: ആകാശ യാത്രാധിഷ്ഠിത സാങ്കേതിക വിദ്യാ സംവിധാനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ, കൃത്യതയാർന്ന സെൻസറുകൾ എന്നിവയ്ക്ക് അപൂർവ ഭൗമ കാന്തങ്ങൾ അത്യന്താപേക്ഷിതമാണ്. ആഭ്യന്തര ഇടനാഴികളും ഉത്പാദന ശേഷിയും തന്ത്രപരമായ പ്രയോഗങ്ങൾക്ക് സുരക്ഷിതമായ അഭിഗമ്യത ഉറപ്പാക്കി, ആഗോള വിതരണ ശൃംഖലയിലെ പ്രതിബന്ധങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
നയപരവും സ്ഥാപനപരവുമായ പരിഷ്‌കാരങ്ങൾ: ഈ സംരംഭങ്ങൾ 2023-ൽ ഭേദഗതി ചെയ്ത ഖനി, ധാതു (വികസനവും നിയന്ത്രണവും) നിയമത്തിന് കീഴിലുള്ള പരിഷ്‌കാരങ്ങളെ പൂർത്തീകരിക്കുന്നു. അത് നിർണായക ധാതുക്കളുടെ ഒരു സമർപ്പിത പട്ടിക അവതരിപ്പിക്കുകയും പര്യവേക്ഷണവും ഖനനവും സ്വകാര്യ പങ്കാളിത്തത്തിന് തുറന്നുകൊടുക്കുകയും ചെയ്തു. അപൂർവ ഭൗമ ധാതുക്കളുടെയും മറ്റ് തന്ത്രപ്രധാന ധാതുക്കളുടെയും സുസ്ഥിര വിതരണ ശൃംഖലകൾ സുരക്ഷിതമാക്കാൻ ലക്ഷ്യമിടുന്ന, 2025 ജനുവരിയിൽ അംഗീകരിച്ച ദേശീയ നിർണായക ധാതു ദൗത്യ (നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷൻ)വുമായി ഇവ യോജിക്കുന്നു.
ആഗോള ധാതു പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തൽ:
ഇന്ത്യയുടെ അപൂർവ ഭൗമ ധാതു, നിർണായക ധാതു കാര്യനയം, ആഭ്യന്തര പരിഷ്‌കാരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ഉത്പതിഷ്ണുതയുള്ള വിതരണ ശൃംഖലകൾ നിർമ്മിക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണവുമായി അത് അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു.
ഉഭയകക്ഷി കരാറുകൾ:
ആസ്‌ത്രേലിയ, അർജൻ്റീന, സാംബിയ, മൊസാംബിക്ക്, പെറു, സിംബാബ്വെ, മലാവി, ഐവറികോസ്റ്റ് (കോട്ട് ഡീ ഐവോയർ) തുടങ്ങിയ ധാതു സമ്പന്ന രാജ്യങ്ങളുമായി കേന്ദ്ര ഖനി മന്ത്രാലയം കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.
ശുദ്ധമായ ഊർജ്ജം, നൂതന ഗതാഗതസംവിധാനങ്ങൾ, പ്രതിരോധ പ്രയോഗങ്ങൾ എന്നിവയ്ക്ക് ആവശ്യമായ അപൂർവ ഭൗമ ധാതുക്കളിലേക്കും മറ്റ് നിർണായക ധാതുക്കളിലേക്കും ദീർഘകാല അഭിഗമ്യത ഉറപ്പാക്കുക എന്നതാണ് ഈ പങ്കാളിത്തങ്ങളുടെ ലക്ഷ്യം.
ബഹുമുഖ പ്ലാറ്റ് ഫോമുകൾ:
നിർണായക ധാതുക്കൾക്കായുള്ള ആഗോള വിതരണ ശൃംഖലകളെ വൈവിധ്യവത്കരിക്കുന്നതിലും സുരക്ഷിതമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന സമ്പദ്വ്യവസ്ഥകളുടെ ഒരു കൂട്ടായ്മയായ ധാതു സുരക്ഷാ പങ്കാളിത്ത(മിനറൽസ് സെക്യൂരിറ്റി പാർട്ണർഷിപ്പ്-എം.എസ്.പി)ത്തിൽ ഇന്ത്യ പങ്കാളിയാവുന്നു.
ശുദ്ധമായ ഊർജ്ജത്തിലും നിർണായക ധാതു വിതരണ ശൃംഖലകളിലും സഹകരണം ഉൾപ്പെടുന്ന ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിൻ്റെ (ഐ.പി.ഇ.എഫ്) ഭാഗമാണ് ഇന്ത്യ.
ഈ പ്ലാറ്റ് ഫോമുകൾ ഇന്ത്യയ്ക്ക് സാങ്കേതികവിദ്യ, നിക്ഷേപം, സുസ്ഥിര ഖനന രീതികൾ എന്നിവയിൽ സഹകരിക്കാനുള്ള അവസരങ്ങൾ ലഭ്യമാക്കുകുകയും അതുവഴി വിതരണ തടസ്സങ്ങളുടെ അപകടസാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു.
ഖാനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡിൻ്റെ (കാബിൽ) പങ്ക്
കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (നാൽകോ), ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (എച്ച്.സി.എൽ), മിനറൽ എക്‌സ്‌പ്ലോറേഷൻ-കൺസൾട്ടൻസി ലിമിറ്റഡ് (എം.ഇ.സി.എൽ) എന്നിവയുടെ സംയുക്ത സംരംഭമാണ് കാബിൽ.
ഇന്ത്യയുടെ ആഭ്യന്തര മൂല്യ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്തിന് പുറത്തുള്ള ധാതു ആസ്തികൾ ഏറ്റെടുക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ചുമതല.
അഞ്ച് ലിഥിയം ബ്രൈൻ ബ്ലോക്കുകളുടെ(ലിഥിയം ലവണാംശമുള്ള ഉപ്പുവെള്ളം ഖനനം ചെയ്യുന്ന മേഖലകൾ) പര്യവേക്ഷണത്തിനും ഖനനത്തിനുമായി അർജൻ്റീനയിലെ 'കാമ്യൻ' ഖനന, ഊർജ്ജ കമ്പനിയുമായി കാബിൽ ഒരു കരാറിൽ ഒപ്പുവച്ചു. ഇത് വിദേശങ്ങളിലെ നിർണായക ധാതു ആസ്തികൾ ഉറപ്പാക്കുന്നതിൽ കൈവരിച്ച ഒരു സുപ്രധാന ചുവടുവെയ്പ്പിനെ അടയാളപ്പെടുത്തുന്നു.
ഉപസംഹാരം:
ശക്തമായ ആഭ്യന്തര വിഭവ ശേഷിയും ലക്ഷ്യബോധമുള്ള നയവും സാമ്പത്തിക പിന്തുണയും സംയോജിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ അപൂർവ ഭൗമധാതു കാര്യനയം സ്വയംപര്യാപ്തതയിലേക്ക് നിശ്ചയദാർഢ്യത്തോടെ നീങ്ങുകയാണ്. 7,280 കോടി രൂപയുടെ ആർ.ഇ.പി.എം നിർമ്മാണ പദ്ധതിയും 2026-27 ലെ കേന്ദ്ര ബജറ്റിലെ സമർപ്പിത അപൂർവ ഭൗമധാതു ഇടനാഴികളുടെ പ്രഖ്യാപനവും ചേർന്ന് ഖനനം, സംസ്‌കരണം, ഗവേഷണം, ഉത്പാദനം എന്നിവയ്ക്കായി ഒരു സംയോജിത ചട്ടക്കൂട് തന്നെ സൃഷ്ടിക്കുന്നു.
ഈ നടപടികൾ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും, ശുദ്ധമായ ഊർജ്ജ, പ്രതിരോധ വിതരണ ശൃംഖലകളെ ശക്തിപ്പെടുത്തുകയും, ആത്മനിർഭര ഭാരതം, 2070 ഓടെ നെറ്റ് സീറോ, 2047 ഓടെ വികസിത ഭാരതം എന്നീ ദേശീയ മുൻഗണനകളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. പരസ്പര പൂരകമായ അന്താരാഷ്ട്ര പങ്കാളിത്തങ്ങളും സ്ഥാപനപരമായ പരിഷ്‌കാരങ്ങളും നിർണായക ധാതുക്കളിലേക്ക് ഉത്പതിഷ്ണുതയുള്ള അഭിഗമ്യത കൂടുതൽ ഉറപ്പാക്കുന്നു. ഏകോപിതമായ ആഭ്യന്തര, ആഗോള ഉദ്യമങ്ങളിലൂടെ, നൂതന ധാതുപദാർഥങ്ങളുടെ മൂല്യ ശൃംഖലകളിൽ വിശ്വസനീയവും മത്സരക്ഷമതയുള്ളതുമായ ഒരു പങ്കാളിയായി ഇന്ത്യ സ്വയം സ്ഥാനം പിടിച്ചുകൊണ്ടിരിക്കുന്നു.
സൂചനകൾ:
Ministry of Heavy Industries:
https://www.pib.gov.in/PressReleasePage.aspx?PRID=2194687®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2151394®=3&lang=2
Ministry of Mines:
https://www.pib.gov.in/PressReleasePage.aspx?PRID=2114467®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=1945102®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=1996380®=3&lang=2
mines.gov.in/admin/storage/ckeditor/NCMM_1739251643.pdf
Department of Atomic Energy:
https://www.pib.gov.in/PressReleasePage.aspx?PRID=2147282®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2147282®=3&lang=2
IREL (India) Limited:
https://www.irel.co.in/quick-aboutus
Union Budget 2026-27:
https://www.indiabudget.gov.in/
Press Information Bureau:
https://www.pib.gov.in/PressNoteDetails.aspx?NoteId=156753&ModuleId=3®=3&lang=1
***
(Explainer ID: 157194)
आगंतुक पटल : 5
Provide suggestions / comments