• Sitemap
  • Advance Search
Social Welfare

ഭാരത് പര്‍വ് 2026

Posted On: 31 JAN 2026 3:57PM

റിപ്പബ്ലിക്കിന്റെ ഹൃദയതാളമായി സംസ്‌കാരം

ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിന്റെ മാറ്റൊലികള്‍ ജനുവരിയുടെ തണുത്ത കാറ്റില്‍ മറയുമ്പോള്‍ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ട രാഷ്ട്രത്തിന്റെ ആത്മാവിന്റെ പ്രതിഫലനമെന്നോണം ജീവന്‍ തുടിക്കുന്ന കാന്‍വാസായി മാറി.

 



 

കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പിച്ച ആറുദിവസത്തെ ദേശീയ സാംസ്‌കാരിക വിനോദസഞ്ചാര മേള 'ഭാരത് പര്‍വ് 2026' ജനുവരി 26 മുതല്‍  31 വരെയാണ് സംഘടിപ്പിച്ചത്.  2016 മുതല്‍ സംഘടിപ്പിച്ചുവരുന്ന ഈ മഹോത്സവം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന പൈതൃകത്തിന്റെ വര്‍ണക്കാഴ്ചകളില്‍ മുഴുകാന്‍ വര്‍ഷംതോറും സന്ദര്‍ശകരെ ക്ഷണിക്കുന്നു.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലെ പുല്‍ത്തകിടികളിലും  ജ്ഞാന്‍ പഥിലുമാണ് ഭാരത് പര്‍വ് സംഘടിപ്പിക്കുന്നത്.   'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്', 'ദേഖോ അപ്നാ ദേശ്' എന്നീ ദേശീയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ സമ്പന്ന സാംസ്‌കാരിക, കലാ പാരമ്പര്യങ്ങളെയും രുചിഭേദങ്ങളെയും  ആത്മീയ പൈതൃകങ്ങളെയും  മേള ആഘോഷമാക്കുന്നു.  വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വവും വിനോദസഞ്ചാര സാധ്യതകളും പ്രദര്‍ശിപ്പിക്കുന്ന സുപ്രധാന വേദിയായി  ഈ മേള പരിണമിച്ചിരിക്കുന്നു.

 

  

 

വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍

ഭാരത് പര്‍വിന്റെ ഈ വര്‍ഷത്തെ പതിപ്പിന് ഒരു സവിശേഷ പ്രാധാന്യമുണ്ട്.  കേവലം റിപ്പബ്ലിക് ദിനാഘോഷമെന്നതിലുപരി  'അമ്മേ, ഞാന്‍ നിന്നെ വന്ദിക്കുന്നു' എന്നര്‍ത്ഥം വരുന്ന 'വന്ദേമാതരം' രചിക്കപ്പെട്ടതിന്റെ 150-ാം വാര്‍ഷികം കൂടിയാണിത്.  

ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച 'വന്ദേമാതരം' ആദ്യമായി പ്രസിദ്ധീകരിച്ചത് 1875 നവംബര്‍ 7-ന് 'ബംഗദര്‍ശന്‍' എന്ന സാഹിത്യ മാസികയിലാണ്. പിന്നീട് 1882-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ അനശ്വര നോവല്‍ 'ആനന്ദമഠ'ത്തില്‍ ഇത് ഉള്‍പ്പെടുത്തി. തുടര്‍ന്ന് രവീന്ദ്രനാഥ ടാഗോറാണ് വന്ദേമാതരത്തിന് സംഗീതം നല്‍കിയത്.

ആധുനിക ഇന്ത്യയുടെ പിറവിയ്ക്ക് കാരണമായ വിപ്ലവ വീര്യത്തെയും നാനാത്വത്തിലെ ഏകത്വം സംബന്ധിച്ച  ഭരണഘടനാപരമായ ചൈതന്യത്തെയും ജനപങ്കാളിത്തത്തെയും  ഈ പ്രമേയം പ്രതിഫലിപ്പിക്കുന്നു.

 

    

 

ഇന്ത്യയെ അറിയാം, ഓരോ പവലിയനിലൂടെയും


മേളയുടെ വേദികളിലുടനീളം രാജ്യത്തിന്റെ വൈവിധ്യം  വ്യത്യസ്ത തലങ്ങളില്‍  സന്ദര്‍ശകര്‍ക്ക് അനുഭവവേദ്യമാക്കി.  

റിപ്പബ്ലിക് ദിന നിശ്ചലദൃശ്യങ്ങള്‍: ദൃശ്യാവിഷ്‌കാരങ്ങളുടെ പ്രയാണം

ജനുവരി 26-ന് കര്‍ത്തവ്യ പഥിലൂടെ മുന്നോട്ടുനീങ്ങിയ 41 റിപ്പബ്ലിക് ദിന നിശ്ചലദൃശ്യങ്ങളുടെ പ്രദര്‍ശനമായിരുന്നു പ്രധാന ആകര്‍ഷണം. ദൃശ്യാവിഷ്‌കാരങ്ങളെ അടുത്തുകാണാന്‍ സന്ദര്‍ശകര്‍ക്ക് ഇത് അവസരമൊരുക്കി.

സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കേന്ദ്ര മന്ത്രാലയങ്ങളെയും  പ്രതിനിധീകരിച്ച നിശ്ചലദൃശ്യങ്ങള്‍ സാംസ്‌കാരിക പൈതൃകവും പരിസ്ഥിതി അവബോധവും  മുതല്‍ നൂതനാശയങ്ങളും സാമൂഹ്യപുരോഗതിയും വരെ വൈവിധ്യമാര്‍ന്ന പ്രമേയങ്ങള്‍ ചിത്രീകരിച്ചു. അടുത്തുനിന്ന് കാണുമ്പോള്‍ ഓരോ നിശ്ചലദൃശ്യത്തിലെയും  കരകൗശല വൈദഗ്ധ്യവും പ്രതീകാത്മകതയും കൂടുതല്‍ പ്രകടമായി.  

 

    
 

സാംസ്‌കാരിക പരിപാടികള്‍: പാരമ്പര്യത്തിന്റെ അരങ്ങേറ്റം

 

  

 

വിവിധ വേദികളിലായി 48 സാംസ്‌കാരിക പരിപാടികള്‍ നാടോടി, ശാസ്ത്രീയ പാരമ്പര്യ കലാരൂപങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു.  സംസ്ഥാന സംഘങ്ങളും സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രശസ്ത കലാകാരന്മാരും  അവതരിപ്പിച്ച നൃത്തരൂപങ്ങളും സംഗീത വിരുന്നുകളും നാടകങ്ങളും  ഓരോ സായാഹ്നത്തിനും താളവും വര്‍ണവുമേകി.  

കൂടാതെ ഇന്ത്യന്‍ സായുധ സേനയുടെയും പാരാ മിലിട്ടറി ബാന്‍ഡുകളുടെയും ആവേശം നിറഞ്ഞ 22 പ്രകടനങ്ങളിലൂടെ അന്തരീക്ഷത്തില്‍ ദേശസ്‌നേഹത്തിന്റെ ചൈതന്യം അലയടിച്ചു.  

 
പ്രാദേശിക രുചിവൈവിധ്യങ്ങള്‍


ഇന്ത്യയിലെ ഏതൊരു യാത്രയും രാജ്യത്തെ ഭക്ഷ്യവൈവിധ്യം അനുഭവിക്കാതെ പൂര്‍ണമാകില്ല.  രാജ്യത്തെ രുചി വൈവിധ്യങ്ങളുടെ ഭൂപടം പോലെയായിരുന്നു ഭാരത് പര്‍വില്‍ ഒരുക്കിയ വിപുലമായ ഫുഡ് കോര്‍ട്ട്. 60-ലേറെ സ്റ്റാളുകളില്‍ പരമ്പരാഗത രീതികളും പ്രാദേശിക ചേരുവകളും ഉപയോഗിച്ച് തയ്യാറാക്കിയ വ്യത്യസ്തമായ വിഭവങ്ങള്‍  പ്രദര്‍ശിപ്പിച്ചു. പലയിടത്തും തത്സമയ പാചക പ്രദര്‍ശനങ്ങളുമുണ്ടായിരുന്നു. ചെറുധാന്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങള്‍, ഗോത്രവര്‍ഗ ഭക്ഷ്യ പാരമ്പര്യങ്ങള്‍ എന്നിവയില്‍ തുടങ്ങി  പ്രശസ്ത പ്രാദേശിക വിഭവങ്ങള്‍ വരെ ഉള്‍പ്പെട്ട  ഭക്ഷ്യപ്രദര്‍ശനത്തിലൂടെ ഭൂപ്രകൃതിയും കാലാവസ്ഥയും സംസ്‌കാരവും എങ്ങനെ ഇന്ത്യയുടെ ഭക്ഷ്യ വൈവിധ്യം രൂപപ്പെടുത്തിയെന്നതിന്റെ നേര്‍സാക്ഷ്യമായി.  സന്ദര്‍ശകരെ സംബന്ധിച്ചിടത്തോളം കേവലം ഭക്ഷണാസ്വാദനത്തിലുപരി ഭക്ഷ്യ പാരമ്പര്യം, സുസ്ഥിരത, പ്രാദേശിക സ്വത്വം എന്നിവയെക്കുറിച്ചറിയാനും ഭക്ഷ്യമേള വേദിയൊരുക്കി.  

  

ചെങ്കോട്ടയില്‍ ഫ്രാന്‍സും ഝാര്‍ഖണ്ഡും കണ്ടുമുട്ടിയപ്പോള്‍

 

ഫ്രഞ്ച് സന്ദര്‍ശകരിലൊരാള്‍ ആദ്യമായി ഝാര്‍ഖണ്ഡിലെ വിഭവങ്ങള്‍ രുചിച്ചറിഞ്ഞത് സാംസ്‌കാരിക വിനിമയമെന്ന ഭാരത് പര്‍വിന്റെ ലക്ഷ്യം അര്‍ത്ഥപൂര്‍ണമായ നിമിഷമായിരുന്നു. റാഞ്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റിലെ വിദ്യാര്‍ത്ഥികള്‍ ഷെഫ് ഹരേ കൃഷ്ണ ചൗധരിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ ധുസ്‌ക, ആലൂ ചന  തുടങ്ങിയ പരമ്പരാഗത വിഭവങ്ങള്‍ അദ്ദേഹം ആസ്വദിച്ചു. 'ഭക്ഷണത്തിന്റെ രുചിയും ലാളിത്യവും സവിശേഷതയും' അദ്ദേഹത്തെ ഏറെ ആകര്‍ഷിച്ചു. പ്രാദേശിക സംസ്‌കാരവുമായും സുസ്ഥിര ഭക്ഷണരീതികളുമായും ഈ വിഭവങ്ങളുടെ ആഴമേറിയ ബന്ധം അദ്ദേഹം എടുത്തുപറഞ്ഞു. ഗോത്ര പാരമ്പര്യങ്ങളിലും ഗ്രാമീണ രീതികളിലുമധിഷ്ഠിതമായ ഝാര്‍ഖണ്ഡിന്റെ സമ്പന്ന ഭക്ഷ്യ പൈതൃകത്തിലൂടെ ആവിഷ്‌കരിച്ച  യാത്രയായിരുന്നു ഈ വേദിയിലൊരുക്കിയത്.



 

കരകൗശലവും തുണിത്തരങ്ങളും സമൂഹവും

സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും കരകൗശല,  കൈത്തറി വികസന കമ്മിഷണറേറ്റുകളുടെയും ട്രൈഫെഡിന്റെയും  മേല്‍നോട്ടത്തിലൊരുക്കിയ 102-ലേറെ സ്റ്റാളുകളടങ്ങുന്ന കരകൗശല-കൈത്തറി വിപണി ഏറെ ശ്രദ്ധേയമായി.  തലമുറകളായി കൈമാറിവരുന്ന നൈപുണ്യവും സാംസ്‌കാരിക സ്മരണകളും തുടിക്കുന്ന കൈത്തറി വസ്ത്രങ്ങള്‍, ലോഹോല്പന്നങ്ങള്‍, തടിയില്‍ നിര്‍മിച്ച ശില്പങ്ങള്‍, ചിത്രങ്ങള്‍, ആഭരണങ്ങള്‍ എന്നിവ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരുന്നു.  ഒപ്പം  34 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ വിനോദസഞ്ചാര പവലിയനുകളും 24 കേന്ദ്ര മന്ത്രാലയങ്ങളുടെ സ്റ്റാളുകളും ചേര്‍ന്ന് പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും  സാംസ്‌കാരിക വിനിമയ കേന്ദ്രങ്ങളുടെയും പൊതു സംരംഭങ്ങളുടെയും  പ്രദര്‍ശനമൊരുക്കി.  സംവേദനാത്മക ദൃശ്യങ്ങളിലൂടെ ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയെയും ഭരണപരമായ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സന്ദര്‍ശകര്‍ക്ക്  അറിവുപകര്‍ന്നു.  


    


പങ്കാളിത്തം ക്ഷണിക്കുന്ന സംസ്‌കാരം

സന്ദര്‍ശകര്‍ക്ക് പരസ്പരം സംവദിക്കാനാവുന്ന തരത്തിലാണ്  ഭാരത് പര്‍വ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ പതിപ്പ് എല്ലാ പ്രായത്തിലെയും സന്ദര്‍ശകരെ സജീവമായി പങ്കെടുക്കാന്‍  പ്രോത്സാഹിപ്പിച്ചു. കുട്ടികള്‍ക്കായി പ്രത്യേക മേഖലകള്‍, സാംസ്‌കാരിക പ്രശ്‌നോത്തരികള്‍, തെരുവുനാടകങ്ങള്‍,  മറ്റ് പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സന്ദര്‍ശകര്‍ കേവലം കാഴ്ചക്കാര്‍ മാത്രമായി ഒതുങ്ങുന്നില്ലെന്ന് ഉറപ്പാക്കി. പകരം അനുഭവിച്ചറിയേണ്ടതും പങ്കുവെക്കേണ്ടതുമായ ഒന്നായി അവര്‍ സംസ്‌കാരത്തെ ഏറ്റെടുത്തു.  തലമുറകളിലുടനീളം സാംസ്‌കാരിക അവബോധം വളര്‍ത്തുകയെന്ന മേളയുടെ വലിയ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ സമീപനം.

 



 

ഡിജിറ്റല്‍ പ്രദര്‍ശനങ്ങളും പ്രത്യേകം സജ്ജീകരിച്ച  പ്രദര്‍ശനശാലകളും പാരമ്പര്യവും സാങ്കേതികവിദ്യയും തമ്മിലെ അകലം  കുറച്ചു. പൈതൃകത്തിന്റെ ആഴം ചോര്‍ന്നുപോകാതെ  യുവതലമുറയ്ക്ക് അത് പ്രാപ്യമാക്കാന്‍ ഇതുവഴി സാധിച്ചു.

ഭാരത് പര്‍വിന്റെ ഭാഗമായി നജഫ്ഗഡിലെ ഗ്രാമീണ ആരോഗ്യ പരിശീലക കേന്ദ്രം  സന്ദര്‍ശകര്‍ക്കായി സിപിആര്‍  പ്രദര്‍ശനങ്ങളും, ആയുര്‍വേദ-പ്രതിരോധ ആരോഗ്യ ചര്‍ച്ചകളും പ്രശ്‌നോത്തരികളും 'നിങ്ങളുടെ ആശാ പ്രവര്‍ത്തകരെ അറിയുക' എന്ന പേരില്‍ പ്രത്യേക കോര്‍ണറും ഒരുക്കി പൊതുജനങ്ങള്‍ക്ക് ആരോഗ്യ അവബോധം പകര്‍ന്നു.  അതേസമയം, ദേശീയ ശാസ്ത്രകേന്ദ്രത്തിന്റെ  സംവേദനാത്മക ശാസ്ത്ര പ്രദര്‍ശനം പരീക്ഷണങ്ങളിലൂടെയും ഡിജിറ്റല്‍ ഡിസ്പ്ലേകളിലൂടെയും ലളിതമായും ആകര്‍ഷകമായും ശാസ്ത്രത്തെ അവതരിപ്പിച്ച് ജനസഞ്ചയത്തെ ആകര്‍ഷിച്ചു.  

 

 

 

 

 

അനുഭവങ്ങള്‍ പങ്കുവെച്ച് സന്ദര്‍ശകര്‍

ട്രൈഫെഡ് പിന്തുണയോടെ സജ്ജീകരിച്ച തന്റെ സ്റ്റാളില്‍ മേഘാലയയിലെ പശ്ചിമ ഗാരോ ഹില്‍സ് ജില്ലയിലെ തുര സ്വദേശി 26-കാരനായ റിക്സ്രാങ് ഡി. മോമിന്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ നിന്നു. ഗോത്രവര്‍ഗ ജ്ഞാനങ്ങളിലധിഷ്ഠിതമായ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പുതുതലമുറ സംരംഭകരുടെ പ്രതിനിധിയാണദ്ദേഹം. മോമിനെ സംബന്ധിച്ചിടത്തോളം ചായ കേവലം ഒരുല്പന്നമല്ല; മറിച്ച് അത് മേഘാലയയിലെ ഗോത്രസമൂഹങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. വനപാരമ്പര്യങ്ങളിലൂടെയും കൂട്ടായ അധ്വാനത്തിലൂടെയുമാണത് രൂപംകൊണ്ടത്.  ഭാരത് പര്‍വില്‍  പങ്കെടുത്തതിലൂടെ സ്വന്തം നാട്ടില്‍ ലഭിക്കാനിടയില്ലാത്ത ഒന്ന് മോമിന് ലഭിച്ചു.   രാജ്യമൊന്നടങ്കം നല്‍കിയ അംഗീകാരവും ശ്രദ്ധയുമാണത്.  വിദൂര ദേശങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട യുവശബ്ദങ്ങള്‍ക്ക് ദേശീയ തലത്തിലേക്ക് കടന്നുവരാനും സ്വന്തം കഥകള്‍ പങ്കിടാനും പൈതൃകാധിഷ്ഠിത ഉപജീവനമാര്‍ഗങ്ങളില്‍ ആത്മാഭിമാനവും അവസരവും കണ്ടെത്താനും ഇത്തരം വേദികള്‍  വഴിയൊരുക്കുന്നു.

 



 

ഡെന്മാര്‍ക്കിലെ  59-കാരനായ കാര്‍ഡിയോളജിസ്റ്റ് ജേക്കബ് മോളര്‍ അവിചാരിതമായാണ്  മേളയിലെത്തിയത്. ഇന്ത്യയിലെത്തി വെറും എട്ട് മണിക്കൂര്‍ തികയുന്നതിന് മുന്‍പ്  ഡല്‍ഹിയിലെ ചെങ്കോട്ട കാണാനിറങ്ങിയ അദ്ദേഹം ഭാരത് പര്‍വിന്റെ താളലയങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു.   'വളരെ ചെറിയൊരു രാജ്യം'  എന്ന് സ്വയം വിശേഷിപ്പിച്ച ഡെന്‍മാര്‍ക്കില്‍നിന്ന് എത്തിയ അദ്ദേഹത്തെ ഇന്ത്യയുടെ ബൃഹത്തായ ഈ മഹോത്സവം  വിസ്മയിപ്പിച്ചു.  പ്രധാന വേദിയിലെ കലാപ്രകടനങ്ങളാണ് അദ്ദേഹത്തെ ആദ്യം ആകര്‍ഷിച്ചത്. കൗതുകത്തോടെയും പ്രശംസയോടെയും  ചുറ്റിലും വൈവിധ്യങ്ങള്‍ ആസ്വദിച്ച അദ്ദേഹം ഭക്ഷ്യമേള സന്ദര്‍ശിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു.  


 

ഡല്‍ഹി സ്വദേശിയായ 26-കാരന്‍ ആര്യന്‍ കരണ്‍ സിങ്ങിനെ സംബന്ധിച്ചിടത്തോളം ഭാരത് പര്‍വ് പരിചിതവും അതേസമയം പുതുമയാര്‍ന്നതുമായ അനുഭവമാണ് നല്‍കിയത്.  മേളയെക്കുറിച്ചറിഞ്ഞത് ഇന്‍സ്റ്റഗ്രാമിലൂടെയാണെങ്കിലും ചെങ്കോട്ടയുടെ മൈതാനത്തേക്ക് കടന്നുവന്നപ്പോള്‍ അദ്ദേഹത്തിന്റെ  കൗതുകം വലിയ ആദരവായി മാറി. ജീവിതകാലം മുഴുവന്‍ രാജ്യതലസ്ഥാനത്ത് ജീവിച്ചിട്ടും ഒരൊറ്റ വേദിയില്‍  ഇത്രയേറെ സംസ്ഥാനങ്ങളുടെ സംസ്‌കാരങ്ങള്‍ അനുഭവിച്ചറിയാനായത് ആദ്യമായാണെന്ന് ആര്യന്‍ പറയുന്നു.  റിപ്പബ്ലിക് ദിന നിശ്ചലദൃശ്യങ്ങളുടെ പ്രദര്‍ശനമാണ് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. ജനുവരി 26-ന്റെ പരേഡ് ആദ്യമായാണ് കാണുന്നതെന്നും   ചെങ്കോട്ടയുടെ പശ്ചാത്തലത്തില്‍ ഈ നിശ്ചലദൃശ്യങ്ങള്‍ കാണുമ്പോള്‍  വലിയ ദേശസ്‌നേഹം തോന്നുന്നുവെന്നും ആര്യന്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ  സ്റ്റാളുകളില്‍ നിന്ന്  ലാഫിങും  ഫില്‍റ്റര്‍ കോഫിയും ആസ്വദിച്ചപ്പോള്‍ ഇന്ത്യയുടെ വൈവിധ്യം കേവലം ആശയത്തിലുപരി തൊട്ടറിയാവുന്ന  യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

 

 

റിപ്പബ്ലിക്കിനെ പ്രതിഫലിപ്പിക്കുന്ന ഉത്സവം

ഇന്ത്യയുടെ കരുത്ത് അതിന്റെ സ്ഥാപനങ്ങളില്‍ മാത്രമല്ലെന്നും മറിച്ച് രാജ്യത്തെ ജനങ്ങളിലും  പാരമ്പര്യങ്ങളിലുമാണെന്നും ഓര്‍മപ്പെടുത്തുകയാണ് ഭാരത് പര്‍വ്.  സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായ ചെങ്കോട്ടയുടെ പശ്ചാത്തലത്തില്‍ ഈ മഹോത്സവം റിപ്പബ്ലിക്കിന്റെ  ജീവിതാവിഷ്‌കാരമായി മാറുന്നു.

ഇന്ത്യയെന്ന മഹത്തായ ആശയത്തിലൂടെ സഞ്ചരിക്കാനും അതിന്റെ അനേകം സ്വരങ്ങള്‍ക്ക് കാതോര്‍ക്കാനും ഒടുവില്‍ രാജ്യത്തിന്റെ പങ്കിട്ട സാംസ്‌കാരിക പൈതൃകത്തോടുള്ള ആഴമേറിയ ബന്ധം തിരിച്ചറിഞ്ഞ് മടങ്ങാനും 'ഭാരത് പര്‍വ്' സന്ദര്‍ശകര്‍ക്ക് സുവര്‍ണാവസരമൊരുക്കുന്നു.

2026 ജനുവരി 31-ന്  സമാപന ചടങ്ങില്‍  മുഖ്യാതിഥിയായി ഉപരാഷ്ട്രപതിയുടെ പങ്കാളിത്തം വേദിയുടെ ദേശീയ പ്രാധാന്യം അടിവരയിട്ടു.  

ഭാരത് പര്‍വിന് പരിസമാപ്തി കുറിക്കുമ്പോള്‍ അത് സന്ദര്‍ശകര്‍ക്ക് കേവലം ഓര്‍മകള്‍ മാത്രമല്ല സമ്മാനിച്ചത്,  മറിച്ച് അനേകം സ്വരങ്ങളും പാരമ്പര്യങ്ങളും കൂട്ടായ അഭിമാനവും ചേര്‍ന്ന് രൂപപ്പെടുത്തിയ 'ഇന്ത്യ'യെന്ന ആശയത്തോട് ആഴത്തിലുള്ള  ആത്മബന്ധം കൂടിയാണ്.


അവലംബം:

https://www.pib.gov.in/PressReleasePage.aspx?PRID=2218525&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2218957&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2219507&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2219961&reg=3&lang=1

https://static.pib.gov.in/WriteReadData/specificdocs/documents/2025/nov/doc2025116686201.pdf

Click here to see in PDF

***

(Explainer ID: 157166) आगंतुक पटल : 75
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Kannada