Farmer's Welfare
വളങ്ങളുടെ സന്തുലിത ഉപയോഗം: സുസ്ഥിര കൃഷിയുടെ ഒരു സുപ്രധാന ചാലകശക്തി
Posted On:
31 JAN 2026 10:25AM
പ്രധാന കാര്യങ്ങള്‍
വിളകളുടെ ആവശ്യകത, മണ്ണിന്റെ ഫലഭൂയിഷ്ഠത, നിലവിലുള്ള കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി, എല്ലാ അവശ്യ സ്ഥൂല പോഷകങ്ങളും (മാക്രോ ന്യൂട്രിയന്റുകള്‍), സൂക്ഷ്മ പോഷകങ്ങളും (മൈക്രോ ന്യൂട്രിയന്റുകള്‍) ഉചിതമായ അനുപാതങ്ങള്‍, അളവ്, സമയക്രമം, രീതികള്‍ എന്നിവയനുസരിച്ച് പ്രയോഗിക്കുന്നത് സന്തുലിത വളപ്രയോഗത്തില്‍ ഉള്‍പ്പെടുന്നു.
മണ്ണ് ആരോഗ്യ കാര്‍ഡ് (സോയില്‍ ഹെല്‍ത്ത് കാര്‍ഡ്) പദ്ധതി, പോഷക അധിഷ്ഠിത സബ്‌സിഡി, വേപ്പ് പൂശിയ യൂറിയ, ഇഷ്ടാനുസൃതമാക്കിയതും ശക്തിപ്പെടുത്തിയതുമായ വളങ്ങള്‍, നാനോ വളങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉദ്യമങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ വളങ്ങളുടെ സന്തുലിത ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു.
നഷ്ടം കുറയ്ക്കുകയും ദീര്‍ഘകാല ഉല്‍പ്പാദനക്ഷമത നിലനിര്‍ത്തുകയും ചെയ്യുന്നതിനോടൊപ്പം മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തിയും പോഷക ഉപയോഗ കാര്യക്ഷമത വര്‍ദ്ധിപ്പിച്ചും പുനരുല്‍പ്പാദന കൃഷി സന്തുലിത വളപ്രയോഗത്തെ ശക്തിപ്പെടുത്തു.
മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള ശുപാര്‍ശകള്‍, ഇഷ്ടാനുസൃതമാക്കിയ വളങ്ങള്‍, സംയോജിത പോഷക നിയന്ത്രണ സമീപനങ്ങള്‍ എന്നിവ കൂടുതല്‍ കൃത്യവും കാര്യക്ഷമവുമായ വളപ്രയോഗം സാധ്യമാക്കുന്നു.
ആമുഖം: സന്തുലിത വളപ്രയോഗത്തിന്റെ യുക്തി
.
ഹരിതവിപ്ലവം ഇന്ത്യയുടെ കാര്‍ഷിക ചരിത്രത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവായി. വിപുലമായ ജലസേചനത്തിന്റെയും രാസവള ഉപയോഗത്തിന്റെയും പിന്തുണയോടെ 1960-കളുടെ മധ്യത്തില്‍ അവതരിപ്പിച്ച വളപ്രയോഗത്തോട് ഗുണപരമായി പ്രതികരിച്ച് ഉയര്‍ന്ന വിളവ് നല്‍കുന്ന അരിയുടെയും ഗോതമ്പിന്റെയും ഇനങ്ങള്‍ (എച്ച്.വൈ.വികള്‍) അന്നന്നത്തെ അന്നത്തിന് മാത്രം വകയുണ്ടായിരുന്ന ഒരു രാജ്യത്തെ സ്വയംപര്യാപ്തവും ഒടുവില്‍ ഭക്ഷ്യ കയറ്റുമതി ചെയ്യുന്നതുമായ ഒരു രാഷ്ട്രമാക്കി മാറ്റി.
ഭക്ഷ്യധാന്യ ഉല്‍പാദനത്തിലെ ഈ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് ദേശീയ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക മാത്രമല്ല, പട്ടിണി ഗണ്യമായി കുറയ്ക്കുകയും ഗ്രാമീണമേഖലയിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് ഇന്ത്യയെ മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് മാതൃകയാക്കി മാറ്റി.
എന്നിരുന്നാലും, ഈ ഉല്‍പാദനക്ഷമതാ നേട്ടങ്ങള്‍ക്ക് അടിസ്ഥാനമായ തീവ്രത ക്രമേണ അതിന്റെ പരിമിതികള്‍ വെളിപ്പെടുത്തി. നൈട്രജന്‍ വളങ്ങളോടുള്ള അനുപാതമില്ലാത്ത ആശ്രയത്വവും, ജൈവവളങ്ങളുടെ കുറഞ്ഞ ഉപയോഗവും ചേര്‍ന്നുള്ള തുടര്‍ച്ചയായ കൃഷിരീതി, പോഷക അസന്തുലിതാവസ്ഥയ്ക്കും മണ്ണിന്റെ ആരോഗ്യം സ്ഥിരമായി വഷളാകുന്നതിനും കാരണമായി.
അമിതവും അസന്തുലിതവുമായ വളപ്രയോഗം ദ്വിതീയ, സൂക്ഷ്മ പോഷകങ്ങളുടെ ശോഷണം, മണ്ണിന്റെ ഘടനയിലെ അപചയം, ഒഴുക്കുനീക്കത്തിലൂടെയും മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നതിലൂടെയുള്ള പോഷക നഷ്ടം എന്നിവ വര്‍ദ്ധിപ്പിച്ചു.
* സസ്യങ്ങളുടെ ഉപാപചയ പ്രക്രിയകളെ തടസ്സപ്പെടുത്തുന്നതിലൂടെ,
* കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കും ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിലൂടെ,
* ഉത്പാദനത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിലൂടെ
-മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയുന്നത് വിളകളുടെ
വളര്‍ച്ചയെയും വിളവിനെയും പ്രതികൂലമായി ബാധിക്കുന്നു.
അസന്തുലിതമായ വളപ്രയോഗം മണ്ണിന്റെ നശീകരണത്തിനപ്പുറം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഈ പ്രക്രിയകള്‍ പരിസ്ഥിതി മലിനീകരണത്തിന് കൂടുതല്‍ ഇടയാക്കുകയും ആരോഗ്യപരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പോഷകക്കുറവുള്ള മണ്ണില്‍ കൃഷി ചെയ്യുന്ന വിളകള്‍ക്ക് പലപ്പോഴും തീറ്റയിലും കാലിത്തീറ്റയിലും ആവശ്യമായ അവശ്യ ധാതുക്കളുടെ അഭാവം ഉണ്ടാകുകയും മൃഗങ്ങളുടെ ആരോഗ്യം തകരാറിലാകുകയും ഉല്‍പാദനക്ഷമത കുറയുകയും ചെയ്യുന്നതിനാല്‍ ഈ പ്രതികൂല ഫലങ്ങള്‍ കന്നുകാലി മേഖലയിലേക്കും വ്യാപിക്കുന്നു. തല്‍ഫലമായി, സംയോജിത വിള-കന്നുകാലി ഉല്‍പാദന സംവിധാനങ്ങളുടെ ദീര്‍ഘകാല സുസ്ഥിരതയ്ക്കും കാര്യക്ഷമതയ്ക്കും പോഷക അസന്തുലിതാവസ്ഥ ഒരു പ്രധാന തടസ്സമായി മാറുന്നു. അതിനാല്‍, മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്നതും ശാസ്ത്രീയമായി മികച്ച രീതികള്‍ സ്വീകരിക്കുന്നതും കാര്‍ഷിക ഉല്‍പാദനത്തിന്റെ സുസ്ഥിരതയ്ക്ക് അടിസ്ഥാനമാണ്. രാസ, ഭൗതിക, ജൈവ ഗുണങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന മണ്ണിന്റെ ഫലഭൂയിഷ്ഠത, പോഷകങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, സാമ്പത്തിക നിലനില്‍പ്പ്, പരിസ്ഥിതി സംരക്ഷണം എന്നിവയുടെ അടിസ്ഥാനമായി മാറുന്നു.

അസന്തുലിതമായ വളപ്രയോഗത്തിന്റെ വെല്ലുവിളികള്‍ക്കുള്ള മറുപടിയായി, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍), ദീര്‍ഘകാല വളപ്രയോഗ പരീക്ഷണങ്ങളെക്കുറിച്ചുള്ള അഖിലേന്ത്യാ ഏകോപിത ഗവേഷണ പദ്ധതി (എ.ഐ.സി.ആര്‍.പി-എല്‍.ടി.എഫ്.ഇ) ആരംഭിച്ചു. വിപുല പരിധിയിലുള്ള കാര്‍ഷിക-പാരിസ്ഥിതിക മേഖലകളിലും വിള സമ്പ്രദായങ്ങളിലും നടപ്പിലാക്കിയ ഈ പഠനം, മണ്ണിന്റെ ആരോഗ്യം, വിള ഉല്‍പാദനക്ഷമത, വ്യവസ്ഥയുടെ സുസ്ഥിരത എന്നിവയില്‍ സുസ്ഥിര വളപ്രയോഗത്തിന്റെ ദീര്‍ഘകാല ഫലങ്ങള്‍ വിലയിരുത്തുന്നതിനാണ് രൂപകല്‍പ്പന ചെയ്തത്. പോഷക ഖനനം, മണ്ണൊലിപ്പ്, യുക്തിസഹമായി വളം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള ശക്തമായ അനുഭവസിദ്ധ തെളിവുകള്‍ ഈ പഠനം നല്‍കിയിട്ടുണ്ട്. അതുവഴി പരിസ്ഥിതി ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം ഉയര്‍ന്ന വിളവര്‍ധക കൃഷി നിലനിര്‍ത്തുന്നതിനായി, ഉയര്‍ന്ന നയരൂപീകരണത്തെ വിവരദായകമാക്കുകയും യുക്തിസഹമായ പോഷക പരിപാലന രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍, മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള ഒരു പ്രധാന കാര്യനയമായി സന്തുലിത വളപ്രയോഗത്തെ സജീവമായി പ്രോത്സാഹിപ്പിച്ചുവരുന്ന കേന്ദ്ര സര്‍ക്കാര്‍, അതുവഴി സുസ്ഥിര കാര്‍ഷിക ഉല്‍പ്പാദനക്ഷമതയെയും പിന്തുണയ്ക്കുന്നു.
എന്തൊക്കെയാണ് വളങ്ങള്‍?
ഒന്നോ അതിലധികമോ സസ്യ പോഷകങ്ങള്‍ നല്‍കുന്നതിനായി മണ്ണില്‍ ചേര്‍ക്കുന്ന പ്രകൃതിദത്തമോ കൃത്രിമമോ ആയ ഏതൊരു വസ്തുവും വളമാണ്.
വളങ്ങളെ വിശാലമായി അജൈവ, ജൈവ വളങ്ങള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു:
വിളകള്‍ക്ക് കൃത്യവും ദ്രുതഗതിയിലുമുള്ള പോഷക വിതരണം സാധ്യമാക്കുന്ന തരത്തില്‍ സാന്ദ്രീകൃത രൂപങ്ങളില്‍ പ്രത്യേക പോഷകങ്ങള്‍ അടങ്ങിയ ഉല്‍പ്പാദിത രാസ സംയുക്തങ്ങളാണ് അജൈവ വളങ്ങള്‍.
കമ്പോസ്റ്റ്, മൃഗവിസര്‍ജ്ജ്യങ്ങള്‍, വിള അവശിഷ്ടങ്ങള്‍, കടല്‍പ്പായല്‍, എല്ലുപൊടി തുടങ്ങിയ പ്രകൃതിദത്ത സ്രോതസ്സുകളില്‍ നിന്നാണ് ജൈവ വളങ്ങള്‍ ഉത്പാദിപ്പിക്കുന്നത്. മണ്ണിന്റെ ഘടന, ജൈവവസ്തുക്കള്‍, ജൈവിക പ്രവര്‍ത്തനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനൊപ്പം അവ പോഷകങ്ങളെ ക്രമേണ സന്തുലിതമായി പ്രദാനം ചെയ്യുന്നു, കൂടാതെ രക്തപ്പൊടി, തൂവല്‍പ്പൊടി, കൊമ്പ് അല്ലെങ്കില്‍ കുളമ്പ്‌പൊടി തുടങ്ങിയ മൃഗങ്ങളുടെ ഉപോല്‍പ്പന്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
സന്തുലിത വളപ്രയോഗം:
സുസ്ഥിര കൃഷിയിലേക്കുള്ള ഒരു താക്കോല്‍
സന്തുലിത പോഷക പരിപാലനം, പോഷകങ്ങളുടെ ആഗിരണം പരമാവധിയാക്കിയും ശോഷണം കുറച്ചും വളമുപയോഗ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നു, അതേസമയം പോഷകങ്ങള്‍ക്കിടയില്‍ മെച്ചപ്പെട്ട സസ്യവളര്‍ച്ച, വിള പ്രകടനം, ഉല്‍പ്പാദനക്ഷമത എന്നിവയെ പിന്തുണയ്ക്കുന്ന സംയോജിത ഇടപെടലുകളും വളര്‍ത്തിയെടുക്കുന്നു. മണ്ണിന്റെ ജൈവാംശവും ജൈവികാരോഗ്യവും ഉള്‍പ്പെടെ ദീര്‍ഘകാലത്തേക്ക് മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. മതിയായ പോഷകങ്ങളിലൂടെ സാധ്യതയുള്ളതും യാഥാര്‍ത്ഥ്യമാകുന്നതുമായ വിളകളുടെ വിളവുകള്‍ തമ്മിലുള്ള വിടവ് നികത്താന്‍ ഇത് സഹായിക്കുകയും അസന്തുലിതമായ വളപ്രയോഗം മൂലമുണ്ടാകുന്ന പോഷകങ്ങളുടെ ഒഴുക്ക്, മണ്ണിലേക്കുള്ള ആഴ്ന്നിറങ്ങള്‍, ഹരിതഗൃഹ വാതക ബഹിര്‍ഗമനം തുടങ്ങിയ പാരിസ്ഥിതിക ആഘാതങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു.

സന്തുലിത വളപ്രയോഗത്തിന്റെ ശാസ്ത്രീയ അടിത്തറ ജസ്റ്റസ് വോണ്‍ ലീബിഗിന്റെ 'പരിമിത (മിനിമം) നിയമ'ത്തില്‍ നിന്ന് മനസ്സിലാക്കാം, മറ്റ് പോഷകങ്ങളുടെ സമൃദ്ധി കണക്കിലെടുക്കാതെ, ഏറ്റവും പരിമിതപ്പെടുത്തുന്ന പോഷകമാണ് വിള വളര്‍ച്ചയെ നിയന്ത്രിക്കുന്നതെന്ന് ഇത് പ്രസ്താവിക്കുന്നു. മറ്റ് അവശ്യ പോഷകങ്ങളുടെ അപര്യാപ്തയുടെ പശ്ചാത്തലത്തില്‍ ഒരൊറ്റ പോഷകത്തിന്റെ അമിത പ്രയോഗത്തിന്റെ നിരര്‍ത്ഥകത ഈ തത്വം അടിവരയിടുന്നു.
അതിനാല്‍, സന്തുലിതമായ വളപ്രയോഗം എന്നത് വിളകളുടെ ആവശ്യകതകള്‍, മണ്ണിന്റെ ഫലഭൂയിഷ്ഠത, നിലവിലുള്ള കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി എല്ലാ അവശ്യ സസ്യ പോഷകങ്ങളായ സ്ഥൂല പോഷകങ്ങളും സൂക്ഷ്മ പോഷകങ്ങളും ഉചിതമായ അനുപാതങ്ങള്‍, അളവുകള്‍, സമയക്രമം, രീതികള്‍ എന്നിവയില്‍ പ്രയോഗിക്കുന്നതിനെ സൂചിപ്പിക്കുന്നു. നൈട്രജന്‍ (എന്‍), ഫോസ്ഫറസ് (പി), പൊട്ടാസ്യം (കെ) എന്നിവ മാത്രം പ്രയോഗിക്കുന്ന പരമ്പരാഗത രീതിക്ക് അപ്പുറത്തേക്ക് ഇത് കടന്നുചെല്ലുകയും, ഒരു സമഗ്ര പോഷക പരിപാലന സമീപനത്തെ സംയോജിപ്പിക്കുകയും ചെയ്യുന്നു.

സന്തുലിത വളപ്രയോഗത്തിന്റെ ഗുണങ്ങള്‍
സന്തുലിത വളപ്രയോഗം സുസ്ഥിര കൃഷിയുടെ അടിസ്ഥാന സ്തംഭമാണ്, ഇത് വൈവിധ്യമാര്‍ന്ന തലങ്ങളിലുള്ള കാര്‍ഷിക, സാമ്പത്തിക, പാരിസ്ഥിതിക നേട്ടങ്ങള്‍ പ്രദാനം ചെയ്യുന്നു.
ഉയര്‍ന്ന വിള ഉല്‍പ്പാദനക്ഷമത: സന്തുലിതമായ പോഷക വിതരണം വിളകളെ അവയുടെ പൂര്‍ണ്ണ ശേഷിയിലെത്താന്‍ പ്രാപ്തമാക്കുന്നു, ഇത് ഗണ്യമായി ഉയര്‍ന്ന വിളവിന് വഴിയൊരുക്കുന്നു.
ഉയര്‍ന്ന വിളവ് നല്‍കുന്ന ഇനങ്ങളുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനം: മെച്ചപ്പെട്ട വിള ഇനങ്ങളുടെ ഉല്‍പ്പാദനക്ഷമതാ നേട്ടങ്ങള്‍ പരമാവധിയാക്കുന്നതിന് സമീകൃതമായ പോഷകങ്ങള്‍ നിര്‍ണായകമാണ്.
മെച്ചപ്പെട്ട പോഷക ഉപയോഗ കാര്യക്ഷമത: മതിയായ സൂക്ഷ്മ പോഷക ലഭ്യത, സ്ഥൂല പോഷക ഉപയോഗ കാര്യക്ഷമതയെ വര്‍ദ്ധിപ്പിക്കുകയും മാലിന്യം കുറയ്ക്കുകയും ചെയ്യുന്നു.
മെച്ചപ്പെട്ട വിള ഗുണനിലവാരവും സമ്മര്‍ദ്ദ പ്രതിരോധവും: നല്ല പോഷകങ്ങള്‍ ലഭിക്കുന്ന സസ്യങ്ങള്‍ മെച്ചപ്പെട്ട രോഗ പ്രതിരോധശേഷിയും സമ്മര്‍ദ്ദ സഹിഷ്ണുതയും പ്രകടിപ്പിക്കുന്നു, ഇത് മനുഷ്യ ഉപഭോഗത്തിനും മൃഗങ്ങളുടെ തീറ്റയ്ക്കുമായുള്ള ഉയര്‍ന്ന നിലവാരമുള്ള വിളവെടുപ്പിന് കാരണമാകുന്നു.
മണ്ണിന്റെ മെച്ചപ്പട്ട ആരോഗ്യവും സുസ്ഥിരതയും: സന്തുലിതമായ വളപ്രയോഗം മണ്ണിന്റെ ഫലഭൂയിഷ്ഠത, സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം, മണ്ണിന്റെ ഘടന, ജലം നിലനിര്‍ത്താനുള്ള ശേഷി എന്നിവ വര്‍ദ്ധിപ്പിക്കുന്നു.
കുറഞ്ഞ പാരിസ്ഥിതിക ആഘാതങ്ങള്‍: വിളകളുടെ ആവശ്യകതയുമായി പോഷക പ്രയോഗം പൊരുത്തപ്പെടുന്നത് പോഷകങ്ങളുടെ ഒഴുക്ക്, ആഴ്ന്നിറങ്ങിയുള്ള ശോഷണം, ജലമലിനീകരണം എന്നിവ കുറയ്ക്കുന്നു.
ലാഭകരമായ ഉല്പാദന ഘടക ഉപയോഗം: സമീകൃതമായ പോഷക പരിപാലനം, കര്‍ഷകരെ ഉല്പാദന ഘടകങ്ങള്‍ ഏറ്റവും കാര്യക്ഷമമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന വിളവും മികച്ച ഗുണനിലവാരവും വഴി വരുമാനം മെച്ചപ്പെടുത്തുന്നതിനൊപ്പം അനാവശ്യമായ വളച്ചെലവ് കുറയ്ക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലാഭകരമായ സമീപനമാക്കി ഇതിനെ മാറ്റുന്നു.

സന്തുലിതമായ വളപ്രയോഗ പ്രക്രിയ: മണ്ണില്‍ നിന്ന് പരിഹാരത്തിലേക്ക്
സന്തുലിത വളപ്രയോഗം കൈവരിക്കുന്നതിന് ശാസ്ത്രം, നയം, സാങ്കേതികവിദ്യ, കര്‍ഷക പങ്കാളിത്തം എന്നിവ സമന്വയിപ്പിക്കുന്ന ഒരു ബഹുമുഖ കാര്യനയം ആവശ്യമാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ സുസ്ഥിരമായ പോഷക പരിപാലനം ഉറപ്പാക്കുന്നതിന് ഇനിപ്പറയുന്ന നടപടികള്‍ നിര്‍ണായകമാണ്:
1. സംയോജിത പോഷക പരിപാലനം (ഐ.എന്‍.എം) സന്തുലിതമായ വളപ്രയോഗം കൈവരിക്കുന്നതിനുള്ളതും, പ്രായോഗികവും ശാസ്ത്രാധിഷ്ഠിതവുമായ ചട്ടക്കൂടായ 'മികച്ച പോഷക ഉപയോഗ' തത്വത്തില്‍ അധിഷ്ഠിതവുമായ ഒരു പ്രധാന കാര്യനയമാണ്.
ജൈവ ഉല്പാദന ഘടകങ്ങള്‍, ധാതു വളങ്ങള്‍, ജൈവ സ്രോതസ്സുകള്‍ എന്നിവ വിവേകപൂര്‍വ്വം സംയോജിപ്പിച്ചുകൊണ്ട് പോഷകങ്ങളുടെ കാര്യക്ഷമവും സാമ്പത്തികപരവും സുസ്ഥിരവുമായ പ്രയോഗം ഇത് പ്രാപ്തമാക്കുന്നു.
രാസവളങ്ങളോ ജൈവവളങ്ങളോ തനിയെ ഉപയോഗിക്കുന്നത് വിളകളുടെ പൂര്‍ണ്ണമായ പോഷക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമല്ലെന്ന് ഐ.എന്‍.എം തിരിച്ചറിയുന്നു. അതനുസരിച്ച്, ഇത് ഇനിപ്പറയുന്ന സമന്വയിപ്പിക്കുന്ന ഒരു സമഗ്ര സമീപനത്തെ പ്രോത്സാഹിപ്പിക്കുന്നു.
രാസവളങ്ങള്‍ - അവശ്യ സ്ഥൂല പോഷകങ്ങള്‍ (എന്‍.പി.കെ) നല്‍കുന്നതിന്.
ജൈവവസ്തുക്കള്‍ - കമ്പോസ്റ്റ്, കാലിത്തൊഴുത്ത് വളം, ചാണകം, ധൈഞ്ച പോലുള്ള പച്ചിലവളങ്ങള്‍ എന്നിവ മണ്ണിന്റെ ഘടന, ജലം നിലനിര്‍ത്തല്‍, സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നു.
വിള ഭ്രമണവും അവശിഷ്ട പരിപാലനവും- വ്യവസ്ഥാവൈവിധ്യം വര്‍ദ്ധിപ്പിക്കുന്നു. കീട-രോഗ ആവര്‍ത്തന ചക്രങ്ങളെ തടസ്സപ്പെടുത്തുന്നു, പോഷക ഉപയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുന്നു.
2. സാങ്കേതികവിദ്യയിലൂടെ പ്രത്യേകം തയ്യാറാക്കിയ വളങ്ങള്‍:
ഒരു പ്രത്യേക വിളയുടെയും മണ്ണിന്റെയും പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇഷ്ടാനുസൃത (പ്രത്യേകം തയ്യാറാക്കിയ) വളങ്ങള്‍ രൂപപ്പെടുത്തുന്നു. ശാസ്ത്രീയമായി നിര്‍ണ്ണയിക്കപ്പെട്ട അനുപാതത്തില്‍ സൂക്ഷ്മ, സ്ഥൂല പോഷകങ്ങള്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ളവയാണ് ഇത്തരം വളങ്ങള്‍.
ഉദാഹരണത്തിന്, സിങ്ക്, ബോറോണ്‍, സള്‍ഫര്‍ തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ പ്രാദേശിക മണ്ണിന്റെ അപര്യാപ്തതയെ അടിസ്ഥാനമാക്കി യൂറിയയുമായോ ഡി.എ.പി (ഡൈഅമോണിയം ഫോസ്‌ഫേറ്റ്) യുമായോ കലര്‍ത്താം. ഈ ലക്ഷ്യകേന്ദ്രീകൃത പ്രയോഗം പോഷക നഷ്ടം കുറയ്ക്കാനും വളത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും മികച്ച വിള പ്രതികരണത്തിലേക്ക് നയിക്കാനും സഹായിക്കുന്നു.
3. മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള വളപ്രയോഗ നിര്‍ദേശങ്ങള്‍: സന്തുലിത വളപ്രയോഗത്തില്‍ മണ്ണ് പരിശോധന അടിസ്ഥാനപരവും അത്യാവശ്യവുമായൊരു ഘട്ടമാണ്. പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കി, മണ്ണിനെ താഴ്ന്നത്, ഇടത്തരം അല്ലെങ്കില്‍ ഉയര്‍ന്നത് എന്നിങ്ങനെ പോഷകമൂല്യമുള്ളതായി തരംതിരിക്കുന്നു. പോഷകക്കുറവുള്ള മണ്ണില്‍ വളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും പോഷകമൂല്യം അതിനകം തന്നെ ആവശ്യത്തിന് ഉള്ളിടത്ത് കുറയ്ക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ക്ക് കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള മണ്ണിന്റെ വിവരങ്ങള്‍ നല്‍കുന്നതിലൂടെ മണ്ണ് ആരോഗ്യ കാര്‍ഡ് പദ്ധതി ഈ സമീപനത്തെ പിന്തുണയ്ക്കുന്നു, ഇത് വളങ്ങള്‍ കൂടുതല്‍ കൃത്യമായി പ്രയോഗിക്കാനും അമിതമായ ഉപയോഗം ഒഴിവാക്കാനും അവരെ പ്രാപ്തരാക്കുന്നു.
4. മണ്ണ് പരിശോധനാ വിള പ്രതികരണ (എസ്.ടി.സി.ആര്‍) സമീപനം: എസ്.ടി.സി.ആര്‍ സമീപനം വളപ്രയോഗത്തെ വിള വിളവ് ലക്ഷ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ആവശ്യമുള്ളത്ര വിളവ് നേടുന്നതിനുള്ള കൃത്യമായ പോഷക ആവശ്യകതകള്‍ കണക്കാക്കുന്നതിന് മണ്ണിന്റെ പോഷക നില, വിള തരം, പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവ കണക്കിലെടുക്കുന്നു. ഈ രീതി വളങ്ങളുടെ അമിതവും അപര്യാപ്തവുമായ പ്രയോഗം തടഞ്ഞുകൊണ്ട്, പോഷക ഉപയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുകയും, സുസ്ഥിര വിള ഉല്‍പാദനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
5. രോഗനിര്‍ണയത്തിനും നിര്‍ദേശത്തിനുമുള്ള സംയോജിത സംവിധാനം (ഡി.ആര്‍.ഐ.എസ്): സമ്പൂര്‍ണ്ണ പോഷക മൂല്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നൈട്രജന്‍ മുതല്‍ ഫോസ്ഫറസ് (എന്‍/പി) അല്ലെങ്കില്‍ നൈട്രജന്‍ മുതല്‍ പൊട്ടാസ്യം (എന്‍/കെ) വരെയുള്ള പോഷക അനുപാതങ്ങള്‍ വിലയിരുത്തുന്നതിനായി ഈ സമീപനം സസ്യകലകളെ വിശകലനം ചെയ്യുന്നു. അസന്തുലിതാവസ്ഥ കണ്ടെത്തുമ്പോള്‍, തിരുത്തല്‍ നടപടികള്‍ - സാധാരണയായി ഉപരിതലത്തിലൂടെ വളമോ മണ്ണോ ചേര്‍ക്കുന്ന രീതി- നിര്‍ദേശിക്കപ്പെടുന്നു. ദീര്‍ഘകാല വിളകള്‍ക്ക് ഈ സമീപനം ഗുണം ചെയ്യും. ഗോതമ്പ്, സോയാബീന്‍ എന്നിവയില്‍ ഇത് ശുഭകരമായ ഫലങ്ങള്‍ കാണിച്ചിട്ടുണ്ട്.
6. സ്ഥല-നിര്‍ദിഷ്ട പോഷക പരിപാലനം (സൈറ്റ്-സ്‌പെസിഫിക് ന്യൂട്രിയന്റ് മാനേജ്‌മെന്റ്):
ഒരു വിളയുടെ യഥാര്‍ത്ഥ ആവശ്യതകള്‍ക്കും ഒരു ഇടത്തിലെ മണ്ണിന്റെ വ്യതിയാനത്തിനും അനുസൃതമായി വളങ്ങള്‍ പ്രയോഗിക്കുന്നതില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏകീകൃത തോതിലുള്ള വളം ഉപയോഗിക്കുന്നതിനുപകരം, പോഷകങ്ങള്‍ എവിടെയാണോ എപ്പോഴാണോ ആവശ്യമായി വരുന്നത് അവിടെ മാത്രമായി പ്രയോഗിക്കുന്നുവെന്നത് ഇത് ഉറപ്പാക്കുന്നു.'
ഇതില്‍ ഇവ ഉള്‍പ്പെടുന്നു:
* ഒരേ കൃഷിയിടത്തിലെ മണ്ണിന്റെ ഫലഭൂയിഷ്ഠതയിലെ വ്യത്യാസങ്ങള്‍ മനസ്സിലാക്കുന്നതിനായി കൃഷിയിടത്തിലെ വ്യതിയാനം വിലയിരുത്തല്‍
* കരുതല്‍ മണ്ണ്, വിള അവശിഷ്ടങ്ങള്‍, ജൈവ വളം തുടങ്ങിയ നിലവിലുള്ള പോഷക സ്രോതസ്സുകള്‍ ഉപയോഗിക്കല്‍
* പോഷക വിടവുകള്‍ നികത്താന്‍ മാത്രം വളങ്ങള്‍ പ്രയോഗിക്കല്‍, അധിക ഉപയോഗം ഒഴിവാക്കല്‍.
ഈ സമീപനം മൂന്ന് ഘട്ടങ്ങള്‍ പിന്തുടരുന്നു:
* പ്രാദേശിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഒരു യഥാര്‍ത്ഥ വിളവ് ലക്ഷ്യം സജ്ജമാക്കല്‍.
* മണ്ണില്‍ നിന്നും ജൈവ സ്രോതസ്സുകളില്‍ നിന്നുമുള്ള തദ്ദേശീയ പോഷക വിതരണം കണക്കാക്കല്‍.
* ബാക്കിയുള്ള പോഷകക്കുറവ് പരിഹരിക്കാന്‍ വളങ്ങള്‍ പ്രയോഗിക്കുക.
പുനരുല്‍പ്പാദന കൃഷി: സന്തുലിത
വളപ്രയോഗത്തിനുള്ള ഒരു പൂരക സമീപനം
മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിലും ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു സമഗ്ര കൃഷി സമീപനമാണ് പുനരുല്‍പ്പാദന കൃഷി. മണ്ണിന്റെ പ്രക്ഷുബ്ദത കുറയ്ക്കല്‍, വിള ഭ്രമണം പ്രോത്സാഹിപ്പിക്കല്‍, ഇടവിളകള്‍ കൃഷി ചെയ്യല്‍, കാര്‍ഷിക വനവല്‍ക്കരണ സംവിധാനങ്ങള്‍ സംയോജിപ്പിക്കല്‍ എന്നിവയാണ് ഇതിന്റെ പ്രധാന രീതികള്‍.
മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്നതിലൂടെയും ജൈവവസ്തുക്കളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെയും, പുനരുല്‍പ്പാദന രീതികള്‍ പോഷകങ്ങളും ഈര്‍പ്പവും നിലനിര്‍ത്താനുള്ള മണ്ണിന്റെ ശേഷി വര്‍ദ്ധിപ്പിക്കുകയും അതുവഴി വിളകളുടെ പോഷക ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് പോഷക നഷ്ടം കുറയ്ക്കുന്നതിനും, ആവര്‍ത്തിച്ചുള്ള വളപ്രയോഗങ്ങളുടെ ആവശ്യകത കുറയ്ക്കുന്നതിനും, കൂടുതല്‍ കാര്യക്ഷമമായ പോഷക ഉപയോഗത്തിനും കാരണമാകുന്നു, ഇത് സന്തുലിത വളപ്രയോഗത്തെ പിന്തുണയ്ക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍, വ്യാപകമായി സ്വീകരിക്കപ്പെടുന്ന പുനരുല്‍പ്പാദന രീതികളില്‍ സൂക്ഷ്മ ജലസേചനം, കൃത്യതയുള്ള യന്ത്രവല്‍ക്കരണം, പ്രകൃതി കൃഷി, ഇടവിളകളുടെ വിളവെടുപ്പ്, പുതയിടല്‍, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാര്‍ഷിക സംവിധാനം എന്നിവ ഉള്‍പ്പെടുന്നു.

സന്തുലിത വളപ്രയോഗത്തെ നയിക്കുന്ന സര്‍ക്കാര്‍ സംരംഭങ്ങള്‍:
മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, വിള ഉല്‍പാദനക്ഷമത നിലനിര്‍ത്തുന്നതിനും, പരിസ്ഥിതി നാശം കുറയ്ക്കുന്നതിനും സന്തുലിത വളപ്രയോഗത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, കാര്‍ഷിക മേഖലയിലുടനീളം അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുത്ത് വിപുലമായ സംരംഭങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
മണ്ണ് ആരോഗ്യ കാര്‍ഡ്:
2015-ല്‍ ആരംഭിച്ച മണ്ണ് ആരോഗ്യ കാര്‍ഡ് പദ്ധതി, ശാസ്ത്രീയ മണ്ണ് പരിശോധനയെ അടിസ്ഥാനമാക്കി, ഓരോ ഭൂവുടമയ്ക്കും ശാസ്ത്രീയമായി സൃഷ്ടിച്ച, ഭാഗം തിരിച്ചുള്ള പരിശോധനാ ഫലം കര്‍ഷകര്‍ക്ക് നല്‍കുന്നു. പന്ത്രണ്ട് പ്രധാന മാനദണ്ഡങ്ങളിലുടനീളം മണ്ണിന്റെ ആരോഗ്യം എസ്.എച്ച്.സി വിലയിരുത്തുന്നു. ഇതില്‍ സ്ഥൂല പോഷകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും സൂക്ഷ്മ പോഷകങ്ങളായ സിങ്ക്, ഇരുമ്പ്, ചെമ്പ്, മാംഗനീസ്, ബോറോണ്‍ എന്നിവയും; മണ്ണിന്റെ പ്രതിപ്രവര്‍ത്തനം (പി.എച്ച്), വൈദ്യുതചാലകത (ഇ.സി), ജൈവ കാര്‍ബണ്‍ (ഒ.സി) തുടങ്ങിയ മണ്ണിന്റെ നിര്‍ണായക ഗുണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന മണ്ണ് ആരോഗ്യ കാര്‍ഡ് കര്‍ഷകര്‍ക്ക് അവരുടെ മണ്ണിന്റെ പോഷക നിലയെയും ഭൗതിക രാസ അവസ്ഥയെയും കുറിച്ച് സമഗ്രമായ ധാരണ നല്‍കുന്നു. രാസവളങ്ങള്‍, ജൈവ വളങ്ങള്‍, ജൈവ ഉല്പാദന ഘടകങ്ങള്‍, മണ്ണ് സംസ്‌കരണം എന്നിവയുടെ ഉചിതമായ ഉപയോഗത്തെക്കുറിച്ചുള്ള വിള നിര്‍ദ്ദിഷ്ട ശുപാര്‍ശകളും ഇത് വാഗ്ദാനം ചെയ്യുന്നു. ഇത് അറിവോടെയുള്ള തീരുമാനമെടുക്കലിനും ദീര്‍ഘകാല മണ്ണ് ആരോഗ്യ പരിപാലനത്തിനും പിന്തുണ നല്‍കുന്നു.
2025 ജൂലൈയോടെ ഈ പദ്ധതി 93,000-ത്തിലധികം കര്‍ഷക പരിശീലന പരിപാടികളും, ഏകദേശം 6.8 ലക്ഷം മേഖലാ (ഫീല്‍ഡ്) പ്രദര്‍ശനങ്ങളും, ആയിരക്കണക്കിന് ബോധവല്‍ക്കരണ കാമ്പെയിനുകളും പ്രദാനം ചെയ്തു. 2025 നവംബര്‍ പകുതിയോടെ, രാജ്യത്തുടനീളം 25.55 കോടിയിലധികം മണ്ണ് ആരോഗ്യ കാര്‍ഡുകള്‍ വിതരണം ചെയ്തു, ഇത് സന്തുലിത പോഷക പരിപാലനം പ്രോത്സാഹിപ്പിക്കുന്നതില്‍ പദ്ധതിയുടെ വ്യാപ്തിയും പ്രചാരവും പ്രതിഫലിപ്പിക്കുന്നു.
പോഷക അധിഷ്ഠിത സബ്സിഡി (എന്‍.ബി.എസ്) പദ്ധതി
നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സള്‍ഫര്‍ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സന്തുലിത ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പോഷക അധിഷ്ഠിത സബ്സിഡി (എന്‍.ബി.എസ്) പദ്ധതി, കര്‍ഷകര്‍ ഒരു വളത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനും, വിള ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. ഈ പദ്ധതി പ്രകാരം, ഡി.എ.പി ഉള്‍പ്പെടെയുള്ള ഫോസ്‌ഫേറ്റ്, പൊട്ടാസ്യം (പി, കെ) വളങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരു നിശ്ചിത സബ്സിഡി നല്‍കുന്നു. സബ്സിഡി നിരക്കുകള്‍ ഓരോ വളത്തിന്റെയും പോഷക ഉള്ളടക്കവുമായി ബന്ധിപ്പിച്ച് കാലാനുസൃതമായി പരിഷ്‌കരിക്കുന്നു.
2025-26 കാലഘട്ടത്തിലെ റാബിയ്ക്കുള്ള അംഗീകൃത എന്‍.ബി.എസ് നിരക്കുകള്‍ 2025 ഒക്ടോബര്‍ 1 മുതല്‍ 2026 മാര്‍ച്ച് 31 വരെയാണ് പ്രാബല്യത്തിലുള്ളത്. 2022-23 നും 2024-25 നും ഇടയില്‍, തദ്ദേശീയവും ഇറക്കുമതി ചെയ്തതുമായ ഫോസ്‌ഫേറ്റ്, പൊട്ടാസ്യം വളങ്ങള്‍ക്ക് 2.04 ലക്ഷം കോടി രൂപയിലധികം സബ്‌സിഡിയായി അനുവദിച്ചു.
വേപ്പ് പൂശിയ യൂറിയ
ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ യൂറിയയിലും 100 ശതമാനം വേപ്പ് പൂശല്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി, അതുവഴി അനുബന്ധ ചെലവുകള്‍ നികത്തുന്നതിനായി വളം നിര്‍മ്മാതാക്കള്‍ക്ക് പരമാവധി ചില്ലറ വില്‍പ്പന വില (എംആര്‍പി) 5 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ അനുവദിച്ചു. തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന യൂറിയയ്ക്ക് 2015 സെപ്റ്റംബര്‍ മുതലും ഇറക്കുമതി ചെയ്യുന്ന യൂറിയയ്ക്ക് 2015 ഡിസംബര്‍ മുതലും ഈ ആവശ്യകത നടപ്പിലാക്കി, അതിന്റെ ഫലമായി ദേശീയ യൂറിയ വിതരണം വേപ്പ് പൂശിയ മിശ്രിതങ്ങളിലേക്ക് പൂര്‍ണ്ണമായും മാറി.
വേപ്പെണ്ണ ഉപയോഗിച്ച് സംസ്‌കരിച്ച പരമ്പരാഗത യൂറിയയാണ് വേപ്പ് പൂശിയ യൂറിയ. ഇത് നൈട്രജന്റെ പരിവര്‍ത്തന പ്രക്രിയയെ തടയുന്ന ഘടകമായി പ്രവര്‍ത്തിക്കുകയും നൈട്രജന്‍ മണ്ണില്‍ ലയിക്കുന്ന പ്രവര്‍ത്തനം മന്ദഗതിയിലാക്കുകയും അതുവഴി പോഷക ലഭ്യതയും വിളകളുടെ ആവശ്യകതയും സമന്വയിപ്പിക്കുകയും ചെയ്യുന്നു. ഇത് നൈട്രജന്‍ ഉപയോഗക്ഷമത മെച്ചപ്പെടുത്തുകയും പോഷക നഷ്ടം കുറയ്ക്കുകയും വളത്തിന്റെ അമിത ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു. യൂറിയ ഉപഭോഗം കുറയ്ക്കാന്‍ കര്‍ഷകരെ ഇത് സഹായിക്കുന്നു. തല്‍ഫലമായി, വേപ്പ് പൂശിയ യൂറിയ ഉപയോഗിക്കുന്നത് മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക ഉല്‍പാദന സംവിധാനങ്ങളില്‍ കൂടുതല്‍ കാര്യക്ഷമതയ്ക്കും കാരണമാകുന്നു.
പരമ്പരാഗത കൃഷി വികസന യോജന
2015 ല്‍ ആരംഭിച്ച പരമ്പരാഗത കൃഷി വികസന യോജന (പി.കെ.വി.വൈ) മൂന്ന് വര്‍ഷത്തേക്ക് ഹെക്ടറിന് 31,500 രൂപ സാമ്പത്തിക സഹായം നല്‍കിക്കൊണ്ട് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. കമ്പോസ്റ്റ്, ജൈവവളങ്ങള്‍, ജൈവ ഉത്പാദന വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം ഉള്‍പ്പെടെയുള്ള സുസ്ഥിരമായ മണ്ണ് ഫലഭൂയിഷ്ഠതാ സമീപനങ്ങളുമായി പരമ്പരാഗത കാര്‍ഷിക രീതികള്‍ സംയോജിപ്പിച്ച് സന്തുലിത പോഷക പരിപാലനത്തെ ഈ പദ്ധതി പിന്തുണയ്ക്കുന്നു. പി.കെ.വി.വൈ ആരംഭിച്ചതു മുതല്‍ 2025 ഒക്ടോബര്‍ 31 വരെ ആകെ 16.90 ലക്ഷം ഹെക്ടര്‍ പ്രദേശം ഇതിന്റെ കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പി.എം-പ്രണം (ഭൂമിമാതാവിന്റെ പുനഃസ്ഥാപനം, അവബോധം, പോഷണം, അഭിവൃദ്ധിപ്പെടുത്തല്‍ എന്നിവയ്ക്കായുള്ള പ്രധാനമന്ത്രി പരിപാടി)
പിഎം-പ്രണം പദ്ധതി (ഭൂമിമാതാവിന്റെ പുനഃസ്ഥാപനം, അവബോധം, പോഷണം, അഭിവൃദ്ധിപ്പെടുത്തല്‍ എന്നിവയ്ക്കായുള്ള പ്രധാനമന്ത്രിയുടെ പരിപാടി) രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലും സന്തുലിത പോഷക പ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജൈവ വളങ്ങള്‍, ജീവാണു വളങ്ങള്‍, കമ്പോസ്റ്റ് തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബദലുകള്‍ സ്വീകരിക്കുന്നതിനെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ശരാശരി ഉപഭോഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഒരു നിശ്ചിത സാമ്പത്തിക വര്‍ഷത്തില്‍ രാസവള (യൂറിയ, ഡി.എ.പി, എന്‍.പി.കെ, എം.ഒ.പി) ഉപഭോഗം കുറയ്ക്കുന്നതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വ്യവസ്ഥ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഇതുവഴി വളം സബ്സിഡി ലാഭത്തിന്റെ 50 ശതമാനത്തിന് തുല്യമായ പ്രോത്സാഹനങ്ങള്‍ ലഭ്യമാക്കുന്നു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍, 14 സംസ്ഥാനങ്ങള്‍ കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷങ്ങളിലെ ശരാശരിയെ അപേക്ഷിച്ച് രാസവള ഉപഭോഗത്തില്‍ 15.14 ലക്ഷം മെട്രിക് ടണ്ണിന്റെ കുറവ് രേഖപ്പെടുത്തി.
നാനോ വളങ്ങളുടെ പ്രചാരണം
നാനോ സാമഗ്രികള്‍ (മെറ്റീരിയലുകള്‍) എന്നറിയപ്പെടുന്ന ചെറിയ കണികകളില്‍ ആവൃതമായ സസ്യ പോഷകങ്ങളാണ് നാനോ വളങ്ങള്‍. ഇവ പോഷകങ്ങളെ സാവധാനം പുറത്തുവിടാനും കുറഞ്ഞ മാലിന്യത്തോടെ വിളകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാനും അനുവദിക്കുന്നു. അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി, കേന്ദ്ര വളം വകുപ്പ് ഇനിപ്പറയുന്ന പ്രധാന സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്:
ശില്‍പശാലകള്‍, വെബ്ബിനാറുകള്‍, മേഖലാ അവതരണങ്ങള്‍, തെരുവ് നാടകങ്ങള്‍, പ്രാദേശിക സിനിമകള്‍ എന്നിവയിലൂടെയുള്ള ബോധവല്‍ക്കരണ കാമ്പെയ്നുകള്‍
രാജ്യവ്യാപകമായി പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളില്‍ (പി.എം.കെ.എസ്.കെ) നാനോ യൂറിയയുടെയും നാനോ ഡൈഅമോണിയം ഫോസ്‌ഫേറ്റിന്റെയും (ഡിഎപി) ലഭ്യത.
ലഭ്യത ഉറപ്പാക്കുന്നതിന് പ്രതിമാസ വള വിതരണ ആസൂത്രണത്തില്‍ നാനോ യൂറിയയുടെ സംയോജനം.
നാനോ വകഭേദങ്ങള്‍ ഉള്‍പ്പെടെ സന്തുലിത വളം ഉപയോഗത്തിന്റെ രാജ്യവ്യാപക പ്രോത്സാഹനം
മേഖലാ പ്രദര്‍ശനങ്ങളുടെയും ഘടനാപരമായ കര്‍ഷക ഇടപെടലുകളുടെയും പിന്തുണയോടെ 15 കാര്‍ഷിക-കാലാവസ്ഥാ മേഖലകളിലുടനീളം നാനോ ഡയമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) സ്വീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു 'മഹത്തായ പ്രചാരണപരിപാടി' (മഹാ അഭിയാന്‍) സംഘടിപ്പിക്കുക.
ഗ്രാമീണ തലത്തില്‍ പരിശീലനം ലഭിച്ച സംരംഭകരുടെ പിന്തുണയോടെ, വളം തളിക്കുന്നതിന് കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ പ്രയോഗവത്കരണത്തിനായി ഡ്രോണ്‍ അധിഷ്ഠിതവും, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതുമായ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍.
നാനോ വളങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാനും വ്യാപിപ്പിക്കാനും വളം നിര്‍മാണ കമ്പനികള്‍ക്ക് പ്രോത്സാഹനമേകല്‍.
ഇഷ്ടാനുസൃതവും ശാക്തീകരിച്ചതുമായ വളങ്ങളുടെ വികസനം
പോഷക ആവശ്യങ്ങള്‍ക്കനുസൃതമായി ശക്തിപ്പെടുത്തിയ, മണ്ണ്, വിള, പ്രദേശം എന്നിവ അടിസ്ഥാനമാക്കിയുള്ള വളങ്ങള്‍ പ്രയോഗിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചുവരുന്നു. പോഷക അധിഷ്ഠിത സബ്സിഡി (എന്‍ബിഎസ്) നയത്തിന് കീഴില്‍, ബോറോണ്‍, സിങ്ക് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ ചേര്‍ത്ത് ശക്തിപ്പെടുത്തിയതോ പൂശിയതോ ആയ സബ്സിഡിയുള്ള ഫോസ്‌ഫേറ്റ്, പൊട്ടാസ്യം വളങ്ങളുടെ വകഭേദങ്ങള്‍ക്ക് സബ്സിഡി പിന്തുണയ്ക്ക് അര്‍ഹതയുണ്ട്.
ഇത് കൂടാതെ, ശാക്തീകരിച്ചതോ ആവൃതമാക്കിയതോ ആയ ഈ വളങ്ങള്‍ക്ക് ഒരോ മെട്രിക് ടണ്ണിനും അധിക സബ്സിഡി ലഭ്യമാവുന്നു. പ്രാഥമിക പോഷകങ്ങള്‍ക്കൊപ്പം അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും സന്തുലിത പോഷക പ്രയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്.
വളം വിതരണവും കര്‍ഷക താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള നിര്‍വഹണ സംരംഭങ്ങള്‍.
കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ദേശീയ വളം വിതരണ ശൃംഖലയുടെ സമഗ്രത ഉറപ്പാക്കുന്നതിനുമായി, ഖാരിഫ് സീസണിലും ഇപ്പോഴത്തെ റാബി സീസണിലും (2025 ഏപ്രില്‍-2026 ജനുവരി മധ്യം) കേന്ദ്ര വളം വകുപ്പ്, കേന്ദ്ര കൃഷി, കര്‍ഷകക്ഷേമ വകുപ്പുമായി വളരെയടുത്ത ഏകോപനത്തോടെ സമഗ്രമായ ഒരു നിര്‍വഹണ യജ്ഞം നടത്തി.
വളങ്ങളുടെ ലക്ഷ്യവ്യതിയാനവും ദുരുപയോഗവും തടയുന്നതിനായി സംസ്ഥാന സര്‍ക്കാരുകളുമായും ജില്ലാതല അധികാരികളുമായും സഹകരിച്ച്, പരിശോധനകള്‍, റെയ്ഡുകള്‍, നിയമനടപടികള്‍ എന്നിവയുള്‍പ്പെടെ വിപുലമായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ എന്നിവ സ്വീകരിച്ചു. ഈ നീക്കത്തിന്റെ ഭാഗമായി, 14,692 കാരണം കാണിക്കല്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കുകയും 6,373 ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തു, 766 പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ (എഫ്.ഐ.ആര്‍) രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മുന്‍കരുതലോടെയും കര്‍ശനമായും നടപ്പിലാക്കുന്ന ഈ നടപടികള്‍ വളങ്ങളുടെ സമയബന്ധിതമായ ലഭ്യത ഉറപ്പാക്കുകയും, വിപണി അച്ചടക്കം ശക്തിപ്പെടുത്തുകയും, രാജ്യവ്യാപകമായുള്ള വളം വിതരണ സംവിധാനങ്ങളുടെ സമഗ്രത സംരക്ഷിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
മണ്ണൊലിപ്പ്, പോഷക അസന്തുലിതാവസ്ഥ, പാരിസ്ഥിതിക സമ്മര്‍ദ്ദം തുടങ്ങിയ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനൊപ്പം കാര്‍ഷിക ഉല്‍പാദനക്ഷമത നിലനിര്‍ത്തുന്നതിനുള്ള ഇന്ത്യയുടെ കാര്യനയത്തില്‍ സന്തുലിത വളപ്രയോഗം കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നു.
അശാസ്ത്രീയ വളപ്രയോഗത്തില്‍ നിന്നുള്ള അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട്, ശാസ്ത്രാധിഷ്ഠിതവും കര്‍ഷക കേന്ദ്രീകൃതവുമായ ഇടപെടലുകളിലൂടെ പോഷക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും വളപ്രയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ മുന്‍കരുതലോട് കൂടിയതും ഏകോപിതവുമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മണ്ണ് ആരോഗ്യ കാര്‍ഡ് പദ്ധതിയ്ക്ക് കീഴില്‍ മണ്ണ് പരിശോധന അടിസ്ഥാനമാക്കിയുള്ള നിര്‍ദേശങ്ങള്‍, പോഷക അധിഷ്ഠിത സബ്സിഡി, സംയോജിത പോഷക പരിപാലനം അഭിവൃദ്ധിപ്പെടുത്തല്‍, ഇഷ്ടാനുസൃതമാക്കിയതും പോഷകസമൃദ്ധമാക്കിയതുമായ വളങ്ങളുടെ പ്രോത്സാഹനം, നാനോ വളങ്ങള്‍ പോലുള്ള നൂതന ഉപാധികളുടെ സ്വീകരണം തുടങ്ങിയ സംരംഭങ്ങള്‍ പോഷക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും വള ഉപയോഗ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള തീവ്രമായ നയപര പരിശ്രമത്തെ പ്രതിഫലിപ്പിക്കുന്നു. മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിനും, വിഭവോപയോഗം ഉത്തമവത്കരിക്കുന്നതിനും, കാര്‍ഷിക മേഖലയുടെ ദീര്‍ഘകാല ഉത്പതിഷ്ണുതയും ഉത്പാദനക്ഷമതയും ശക്തിപ്പെടുത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയെ ഈ ഇടപെടലുകള്‍ അടിവരയിടുന്നു.
അവംലംബം:
Lok Sabha
Ministry of Agriculture and Farmers Welfare
PIB Press Releases
PIB Backgrounders
Economic Survey 2025-2026
Click here to see pdf
***
(Explainer ID: 157143)
आगंतुक पटल : 5
Provide suggestions / comments