• Skip to Content
  • Sitemap
  • Advance Search
Global Affairs

ഇന്ത്യ–EU പങ്കാളിത്തം: യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ഇടപെടൽ

Posted On: 24 JAN 2026 12:05PM

പ്രധാന വസ്തുതകൾ

  • യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ ഇടപെടൽ യൂറോപ്പിലുള്ള അതിന്റെ തന്ത്രപരമായ ശ്രദ്ധയെ എടുത്തുകാണിക്കുന്നു; ഇത് വരാനിരിക്കുന്ന ഇന്ത്യ-EU ഉച്ചകോടിയുമായും നിലവിലുള്ള സ്വതന്ത്ര വ്യാപാര കരാറുമായും പൊരുത്തപ്പെടുന്നു.
  • 2024-25 കാലയളവിൽ ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് ഏകദേശം 136 ബില്യൺ ഡോളറിലെത്തി, ഇത് യൂറോപ്യൻ യൂണിയനെ ഇന്ത്യയുടെ ഏറ്റവും വലിയ ചരക്ക് വ്യാപാര പങ്കാളിയാക്കി മാറ്റി.
  • 2019-നും 2024-നും ഇടയിൽ, സേവന മേഖലയിലെ ഇന്ത്യ-EU ഉഭയകക്ഷി വ്യാപാരം ക്രമാനുഗതമായി വളർന്നു; ഇന്ത്യൻ കയറ്റുമതി 19 ബില്യൺ യൂറോയിൽ നിന്ന് 37 ബില്യൺ യൂറോയായും EU-വിൽ നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി 29 ബില്യൺ യൂറോയായും വർദ്ധിച്ചു.
  • 2024-ലെ കണക്കനുസരിച്ച്, 16,268 ബ്ലൂ കാർഡ് ഉടമകൾ ഉൾപ്പെടെ 931,607-ലധികം ഇന്ത്യക്കാർ യൂറോപ്യൻ യൂണിയനിൽ താമസിക്കുന്നു; കൂടാതെ കഴിഞ്ഞ 20 വർഷത്തിനിടെ 6,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പുകൾ ലഭിച്ചു. ഇത് ഇന്ത്യ-EU സഞ്ചാരസ്വാതന്ത്ര്യത്തെയും വിദ്യാഭ്യാസ ബന്ധങ്ങളെയും എടുത്തുകാണിക്കുന്നു.

ആമുഖം

ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-EU ഉച്ചകോടിക്ക് മുന്നോടിയായി ഇരുപക്ഷവും ഇടപെടലുകൾക്ക് ആക്കം കൂട്ടിയതോടെ ഇന്ത്യ-EU ബന്ധം പുതുക്കിയ തന്ത്രപരമായ മുന്നേറ്റത്തിന്റെ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ദീർഘകാലമായി നിലനിൽക്കുന്ന സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും നിലവിലുള്ള പദ്ധതികൾക്ക് അപ്പുറത്തേക്ക് പങ്കാളിത്തത്തെ നയിക്കുന്നതിനായി പുതിയ 'സംയുക്ത തന്ത്രപരമായ അജണ്ട' സ്വീകരിക്കുന്നതിനും ഇന്ത്യയും യൂറോപ്യൻ യൂണിയനും ശ്രമിക്കുന്നു. വ്യാപാരം, നിക്ഷേപം, ശുദ്ധ-ഹരിത ഊർജ്ജം, ശാസ്ത്ര സാങ്കേതിക വിദ്യ, സുരക്ഷയും പ്രതിരോധവും, ഡിജിറ്റൽ സംരംഭങ്ങൾ, കണക്റ്റിവിറ്റി, ബഹിരാകാശം, കൃഷി എന്നിവയിലുടനീളമുള്ള ഉഭയകക്ഷി പ്രതിജ്ഞാബദ്ധതയെ ഈ നിരന്തര ഇടപെടൽ അടിവരയിടുന്നു.

2025 ഫെബ്രുവരിയിൽ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നിന്റെ നേതൃത്വത്തിലുള്ള EU കോളേജ് ഓഫ് കമ്മീഷണേഴ്‌സ് ന്യൂഡൽഹി സന്ദർശിച്ചതോടെ, സമീപ വർഷങ്ങളിൽ ഇന്ത്യ-EU ഉന്നതതല ഇടപെടലുകൾ ശക്തിപ്പെട്ടു - യൂറോപ്പിന് പുറത്തുള്ള ഒരു ഉഭയകക്ഷി പങ്കാളിയുമായുള്ള ഇത്തരത്തിലുള്ള ആദ്യത്തെ സന്ദർശനമായിരുന്നു ഇത്. 2025 ജൂണിൽ കാനഡയിൽ നടന്ന ജി7, ജി20 തുടങ്ങിയ ബഹുരാഷ്ട്ര വേദികൾക്കിടയിലും നേതാക്കൾ കൂടിക്കാഴ്ച നടത്തി; കൂടാതെ പ്രധാനമന്ത്രിയും പ്രസിഡന്റ് വോൺ ഡെർ ലെയ്‌നും പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും തമ്മിൽ 2025 സെപ്റ്റംബറിൽ നടത്തിയ ടെലിഫോൺ ചർച്ചകൾ ഉൾപ്പെടെയുള്ള പതിവ് ബന്ധങ്ങൾ നിലനിർത്തുകയും ചെയ്തു.

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധങ്ങളുടെ അവലോകനം

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ബന്ധം ജനാധിപത്യം, നിയമവാഴ്ച, നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം, ഫലപ്രദമായ ബഹുരാഷ്ട്രവാദത്തോടുള്ള പ്രതിജ്ഞാബദ്ധത എന്നിവയുൾപ്പെടെ പങ്കിട്ട മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമാണ്. വ്യാപാരവും നിക്ഷേപവും, സുരക്ഷയും പ്രതിരോധവും, കാലാവസ്ഥാ സംരക്ഷണവും ശുദ്ധമായ ഊർജ്ജവും, ഡിജിറ്റൽ പരിവർത്തനം, കണക്റ്റിവിറ്റി, ശാസ്ത്ര-സാങ്കേതിക വിദ്യ, ജനങ്ങൾ തമ്മിലുള്ള വിനിമയം എന്നിങ്ങനെ വിപുലമായ മേഖലകളെ ഈ ബന്ധം ഉൾക്കൊള്ളുന്നു. 2024-25-ൽ ഉഭയകക്ഷി വ്യാപാരം ഏകദേശം 136 ബില്യൺ ഡോളറിലെത്തിയതോടെ ചരക്ക് വ്യാപാരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയായി EU തുടരുന്നു. ചരക്കുകളുടെയും സേവനങ്ങളുടെയും കാര്യത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള മികച്ച വ്യാപാര പങ്കാളികളിലൊന്നാണ് യൂറോപ്യൻ യൂണിയൻ.

2020-ൽ അംഗീകരിച്ച 'ഇന്ത്യ-EU സ്ട്രാറ്റജിക് പാർട്ണർഷിപ്പ്: എ റോഡ്മാപ്പ് ടു 2025' നയിക്കുന്ന ഈ ബഹുമുഖ പങ്കാളിത്തം, കൂടുതൽ പരസ്പര സമൃദ്ധിക്കും ആഗോള സ്ഥിരതയ്ക്കുമായി താഴെ പറയുന്ന വശങ്ങളിൽ വികസിച്ചുകൊണ്ടിരിക്കുന്നു:

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള മുൻകാല ഇടപെടൽ

ഇന്ത്യ-EU പങ്കാളിത്തം പതിറ്റാണ്ടുകളായി വികസിച്ചുവന്നതാണ്; ഇത് അടിസ്ഥാന നയതന്ത്ര ഇടപെടലുകളിൽ തുടങ്ങി രാഷ്ട്രീയ സംഭാഷണങ്ങൾ, സാമ്പത്തിക സഹകരണം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, സാങ്കേതികവിദ്യ തുടങ്ങിയ ആഗോള വെല്ലുവിളികൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ബഹുമുഖ തന്ത്രപരമായ സഖ്യമായി വ്യാപിച്ചു. 1960-കളിലെ ആദ്യകാല അംഗീകാരം മുതൽ 21-ാം നൂറ്റാണ്ടിലെ വാർഷിക ഉച്ചകോടികളുടെയും സംയുക്ത സംരംഭങ്ങളുടെയും സ്ഥാപനം വരെ, വ്യാപാരം, നിക്ഷേപം, സുസ്ഥിര വികസനം എന്നിവയിലെ പരസ്പര താൽപ്പര്യങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് ഈ ബന്ധം ഗണ്യമായി പുരോഗമിച്ചു.

ആദ്യകാല അടിത്തറകൾ

ഇന്ത്യയും EUവും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ 1960-കളുടെ തുടക്കം മുതലുള്ളതാണ്; 1962-ൽ യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിയുമായി (EEC) ബന്ധം സ്ഥാപിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. ഇത് ഔദ്യോഗിക സഹകരണത്തിന് അടിത്തറ പാകി, 1993-ലെ സംയുക്ത രാഷ്ട്രീയ പ്രസ്താവനയിലും 1994-ലെ സഹകരണ കരാറിലും ഇത് കലാശിച്ചു; ഉഭയകക്ഷി രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

2000-ങ്ങളുടെ തുടക്കത്തിൽ കൈവരിച്ച പ്രധാന നാഴികക്കല്ലുകൾ

2000-ങ്ങളുടെ തുടക്കത്തിൽ സുപ്രധാനമായ നിരവധി സംഭവങ്ങൾ ഈ പങ്കാളിത്തത്തെ രൂപപ്പെടുത്തി. ഒന്നാമത്തെ ഇന്ത്യ-EU ഉച്ചകോടി 2000 ജൂണിൽ ലിസ്ബണിൽ നടന്നു, ഇത് രാഷ്ട്രീയ-സാമ്പത്തിക കാര്യങ്ങളിൽ വാർഷിക ഉന്നതതല സംവാദങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിനുപിന്നാലെ, 2004-ൽ ഹേഗിൽ നടന്ന അഞ്ചാമത് ഉച്ചകോടിയിൽ ബന്ധം 'തന്ത്രപരമായ പങ്കാളിത്തമായി' ഉയർത്തി, ഇത് വ്യാപാരത്തിന് അപ്പുറത്തേക്ക് സുരക്ഷയും സാംസ്കാരിക വിനിമയവും ഉൾപ്പെടുത്തി വിപുലീകരിച്ചു.

ഇന്ത്യ-EU ബന്ധങ്ങളിലെ സമീപകാല മുന്നേറ്റം

ചട്ടക്കൂട് സ്ഥാപിച്ച 2000-കളുടെ തുടക്കത്തിലെ നാഴികക്കല്ലുകളിൽ നിന്ന് വ്യത്യസ്തമായി, സമീപകാല സംഭവവികാസങ്ങൾ അതിവേഗം മുന്നേറി. 2020 ജൂലൈയിൽ 'ഇന്ത്യ – EU സ്ട്രാറ്റജിക് പാർട്ണർഷിപ്പ്: എ റോഡ്മാപ്പ് ടു 2025' സ്വീകരിച്ചു, 2021 മെയ് മാസത്തിൽ സ്വതന്ത്ര വ്യാപാര-നിക്ഷേപ ചർച്ചകൾ പുനരാരംഭിച്ചു, 2022 ഏപ്രിലിൽ ഇന്ത്യ-EU വ്യാപാര സാങ്കേതിക കൗൺസിൽ (TTC) ആരംഭിച്ചു. 2025 ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ടിടിസിയുടെ രണ്ടാമത്തെ മന്ത്രിതല യോഗം ഡിജിറ്റൽ-ഗ്രീൻ ടെക്നോളജികളിലെ സഹകരണം പ്രോത്സാഹിപ്പിച്ചു; ഇത് അടിസ്ഥാനപരമായ ചർച്ചകളിൽ നിന്ന് പ്രവർത്തനക്ഷമമായ, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പങ്കാളിത്തത്തിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തി.

ഇന്ത്യ-EU സംഭാഷണം - തന്ത്രപരമായ പങ്കാളിത്ത ഘടന

കഴിഞ്ഞ ദശകത്തിൽ ഇന്ത്യ-EU ബന്ധം ഗണ്യമായി ആഴത്തിലായി; പ്രാഥമികമായി സംഭാഷണങ്ങളിൽ അധിഷ്ഠിതമായ ഇടപെടലുകളിൽ നിന്ന് പ്രതിരോധം, അടിസ്ഥാന സൗകര്യങ്ങൾ, നിക്ഷേപങ്ങൾ, തൊഴിൽപരമായ സഞ്ചാരം, ഉയർന്നുവരുന്ന ആഗോള മുൻഗണനകൾ എന്നിവയിലുടനീളമുള്ള പ്രവർത്തനക്ഷമമായ തന്ത്രപരമായ സഹകരണങ്ങളിലേക്ക് ഇത് മാറി.

ഈ പരിണാമത്തെ നയിക്കുന്നതിൽ 'ഇന്ത്യ–EU സ്ട്രാറ്റജിക് പാർട്ണർഷിപ്പ്: എ റോഡ്മാപ്പ് ടു 2025' നിർണ്ണായക പങ്കുവഹിച്ചു; നിർദ്ദിഷ്ട സുരക്ഷാ, പ്രതിരോധ പങ്കാളിത്തം, വ്യാപാര സാങ്കേതിക കൗൺസിൽ (TTC) എന്നിവ പോലുള്ള ഉന്നതതല പ്രതിജ്ഞാബദ്ധതകളിൽ ഇത് എത്തിനിൽക്കുന്നു. കാലാവസ്ഥാ വ്യതിയാനം, വിതരണ ശൃംഖല സുരക്ഷ, പ്രാദേശിക സമാധാനം തുടങ്ങിയ പങ്കിട്ട വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായി ഇത് പ്രതിഷ്ഠിക്കുന്നു.

വ്യാപാരവും സാമ്പത്തിക ശ്രദ്ധയും

വ്യാപാരം ഈ ബന്ധത്തിന്റെ ആണിക്കല്ലാണ്; ഇതിൽ EU ഒരു പ്രധാന പങ്കാളിയായി ഉയർന്നുവരുന്നു. ഇന്ത്യയും EUവും തമ്മിലുള്ള ഉഭയകക്ഷി ചരക്ക് വ്യാപാരം ഗണ്യമായി വളർന്നു, 2024-25-ൽ ഇത് 136 ബില്യൺ ഡോളറിലെത്തി; യന്ത്രസാമഗ്രികൾ, ഗതാഗത ഉപകരണങ്ങൾ, രാസവസ്തുക്കൾ എന്നിവ EU ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ, യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ, അടിസ്ഥാന ലോഹങ്ങൾ, ധാതു ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു.

കൂടാതെ, 2019 മുതൽ 2024 വരെ സേവന മേഖലയിലെ ഇന്ത്യ-EU ഉഭയകക്ഷി വ്യാപാരം സ്ഥിരമായ വളർച്ച പ്രകടിപ്പിച്ചു; ഇന്ത്യൻ കയറ്റുമതി 2019-ലെ 19 ബില്യൺ യൂറോയിൽ നിന്ന് 2024-37 ബില്യൺ യൂറോയായി വർദ്ധിച്ചു. കൂടാതെ, EUവിൽ നിന്നുള്ള ഇറക്കുമതിയും വർദ്ധിച്ച് 2024-29 ബില്യൺ യൂറോയിലെത്തി.

പ്രതിരോധവും സുരക്ഷയും

2025-ൽ ഇന്ത്യ-EU സുരക്ഷാ-പ്രതിരോധ ബന്ധങ്ങൾ ഗണ്യമായി വർദ്ധിച്ചു; ഫെബ്രുവരിയിൽ EU കോളേജ് ഓഫ് കമ്മീഷണേഴ്സിന്റെ സന്ദർശന വേളയിലെ നേതാക്കളുടെ പ്രസ്താവന ഇതിൽ നിർണ്ണായകമായി. ഒരു 'സുരക്ഷാ, പ്രതിരോധ പങ്കാളിത്തം' പരിശോധിക്കാൻ ഇതിൽ തീരുമാനമായി, EU ഡിഫൻസ് കമ്മീഷണറും ഇന്ത്യയുടെ കേന്ദ്ര പ്രതിരോധ സഹമന്ത്രിയും തമ്മിലുള്ള ചർച്ചകളും ഇതിൽ ഉൾപ്പെട്ടു.

2025 ഡിസംബറിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ ‍ഡിഫൻസ് മാനുഫാക്ചറേഴ് സിന്റെ ഒരു പ്രതിനിധി സംഘം യൂറോപ്യൻ യൂണിയൻ കമ്മീഷണറുമായി ഇടപഴകുന്നതിനും വ്യാവസായിക സഹകരണം വളർത്തുന്നതിനുമായി ബ്രസ്സൽസ് സന്ദർശിച്ചതോടെ ഈ ആക്കം തുടർന്നു. 2025 സെപ്റ്റംബറിൽ EU-വിന്റെ 27 അംഗരാജ്യങ്ങളെയും പ്രതിനിധീകരിക്കുന്ന 'EU പൊളിറ്റിക്കൽ ആൻഡ് സെക്യൂരിറ്റി കമ്മിറ്റി' അതിന്റെ ആദ്യ ഏഷ്യൻ സന്ദർശനം നടത്തി; ഇന്ത്യയിൽ വിദേശകാര്യ സെക്രട്ടറി, ഡെപ്യൂട്ടി എൻഎസ്എ (NSA), സെക്രട്ടറി (വെസ്റ്റ്) എന്നിവരുമായി ഉന്നതതല കൂടിക്കാഴ്ചകൾ നടത്തി തന്ത്രപരമായ സംഭാഷണങ്ങൾ മുന്നോട്ട് കൊണ്ടുപോയി. ഈ ശ്രമങ്ങൾക്ക് അനുബന്ധമായി, സംയുക്ത നാവിക അഭ്യാസങ്ങൾ സമുദ്ര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തി; ഇതിൽ 2025 ജൂണിൽ ഇന്ത്യൻ സമുദ്രത്തിലും 2023 ഒക്ടോബറിൽ ഗൾഫ് ഓഫ് ഗിനിയയിലും 2021 ജൂണിൽ ഗൾഫ് ഓഫ് ഏഡനിലും നടന്ന അഭ്യാസങ്ങളും 2018-ലും 2019-ലും സൊമാലിയക്ക് സമീപം മാനുഷിക സഹായത്തിനായി നടത്തിയ സംയുക്ത എസ്കോർട്ട് ഓപ്പറേഷനുകളും ഉൾപ്പെടുന്നു.

ശുദ്ധോർജ്ജവും കാലാവസ്ഥയും

സുസ്ഥിര വികസനം, കാലാവസ്ഥാ സംരക്ഷണം, ശുദ്ധോർജ്ജത്തിലേക്കുള്ള മാറ്റം എന്നിവയോടുള്ള പങ്കിട്ട പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്ന ഇന്ത്യ-EU പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാണ് ഊർജ്ജ-കാലാവസ്ഥാ സഹകരണം.

ഇന്ത്യ-EU ഊർജ്ജ-കാലാവസ്ഥാ ഇടപെടലുകളുടെ കേന്ദ്രബിന്ദു 2016-ൽ സ്ഥാപിതമായ 'ക്ലീൻ എനർജി ആൻഡ് ക്ലൈമറ്റ് പാർട്ണർഷിപ്പ്' (CECP) ആണ്. ഇതിന്റെ മൂന്നാം ഘട്ടം 2024 നവംബറിൽ അംഗീകരിച്ചത് ഉഭയകക്ഷി സഹകരണത്തിന്റെ വർദ്ധിച്ചുവരുന്ന വ്യാപ്തിയെ സൂചിപ്പിക്കുന്നു. 2018 മുതൽ അന്താരാഷ്ട്ര സോളാർ അലയൻസിൽ പങ്കാളിയായ EU സൗരോർജ്ജ വിന്യാസത്തെ പിന്തുണയ്ക്കുന്നു; അതേസമയം യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് തിരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങളിലെ അർബൻ റെയിൽ, മെട്രോ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സുസ്ഥിര ഗതാഗത, നഗര സഞ്ചാര പദ്ധതികൾക്ക് ധനസഹായം നൽകുന്നു.

ഇന്ത്യ-EU സഹകരണം ഓഫ്‌ഷോർ വിൻഡ് എനർജി, ഗ്യാസ് ഇൻഫ്രാസ്ട്രക്ചർ വികസനം, മീഥേൻ പുറന്തള്ളൽ കുറയ്ക്കൽ, നിക്ഷേപം, സാങ്കേതിക കൈമാറ്റം എന്നിവയെയും ഉൾക്കൊള്ളുന്നു. 2021 മാർച്ചിൽ 'കോളിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചറിൽ' (CDRI) EU ചേർന്നത് കാലാവസ്ഥാ പ്രതിരോധമുള്ള അടിസ്ഥാന സൗകര്യങ്ങളിലെ പങ്കിട്ട മുൻഗണനകളെ അടിവരയിടുന്നു. ആധുനിക ശാസ്ത്ര മേഖലകളിൽ, 2020 ജൂലൈയിൽ ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തെക്കുറിച്ച് ഇന്ത്യയും EU-വും 'യൂററ്റോമുമായി' (EURATOM) ഒരു ഗവേഷണ-വികസന (R&D) കരാറിൽ ഒപ്പിട്ടു; കൂടാതെ 2017 മുതൽ ഇന്ത്യ CERN-ലെ ഒരു അസോസിയേറ്റ് അംഗവുമാണ്.

കണക്റ്റിവിറ്റി

മേഖലകളിലുടനീളം സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യയും യൂറോപ്യൻ യൂണിയനും തങ്ങളുടെ പങ്കാളിത്തത്തിന്റെ തന്ത്രപരമായ സ്തംഭമായി കണക്റ്റിവിറ്റിയിലുള്ള സഹകരണം ക്രമാനുഗതമായി വിപുലീകരിച്ചു. ഇന്ത്യ-EU കണക്റ്റിവിറ്റി സംരംഭങ്ങൾ സാമ്പത്തിക സംയോജനം വർദ്ധിപ്പിക്കുന്നതിനും ഉഭയകക്ഷി ഇടപെടലുകൾക്ക് അപ്പുറം സന്തുലിതമായ വികസനത്തെ പിന്തുണയ്ക്കുന്നതിനും ശ്രമിക്കുന്നു.

ഇന്ത്യ-EU കണക്റ്റിവിറ്റി പങ്കാളിത്തം (2021) - 2021-ൽ ആരംഭിച്ച ഈ പങ്കാളിത്തം ഗതാഗതം, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജ ശൃംഖലകൾ എന്നിവയിലുടനീളം സഹകരണം ശക്തിപ്പെടുത്തുന്നതിനും ആളുകൾ, ചരക്കുകൾ, സേവനങ്ങൾ, ഡാറ്റ, മൂലധനം എന്നിവയുടെ തടസ്സമില്ലാത്ത നീക്കം സുഗമമാക്കുന്നതിനും ലക്ഷ്യമിടുന്നു.

ത്രികക്ഷി വികസന സഹകരണം (ജൂൺ 2025) - മൂന്നാം ലോകരാജ്യങ്ങളിൽ സംയുക്തമായി വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനായി 2025 ജൂണിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ത്രികക്ഷി വികസന സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ഭരണപരമായ ക്രമീകരണത്തിൽ ധാരണയായി.

ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) (സെപ്റ്റംബർ 2023) - 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സൗദി അറേബ്യ, യുഎഇ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) വികസിപ്പിക്കുന്നതിൽ സഹകരിക്കുന്നതിനായി ഒരു ധാരണാപത്രം പ്രഖ്യാപിച്ചു.

ശാസ്ത്രവും സാങ്കേതികവിദ്യയും

കൂട്ടായ ഗവേഷണവും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനപരമായ ചട്ടക്കൂടുകളുടെ പിന്തുണയോടെ, ഇന്ത്യ-EU പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമാണ് ശാസ്ത്ര സാങ്കേതിക സഹകരണം. 2007-ൽ ഒപ്പിട്ട ശാസ്ത്ര സാങ്കേതിക സഹകരണ കരാറിലാണ് ഉഭയകക്ഷി ഇടപെടലുകൾ അധിഷ്ഠിതമായിരിക്കുന്നത്; സ്മാർട്ട് ഗ്രിഡുകൾ, വെള്ളം, വാക്സിനുകൾ, ഐസിടി (ICT), പോളാർ സയൻസ്, യൂറോപ്യൻ റിസർച്ച് കൗൺസിലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന യുവ ശാസ്ത്രജ്ഞരുടെ മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് മാർഗനിർദേശം നൽകുന്ന ഒരു സംയുക്ത സ്റ്റിയറിംഗ് കമ്മിറ്റിയാണിത്.

കൂടാതെ, യൂറോപ്യൻ റിസർച്ച് ആൻഡ് ഇന്നൊവേഷൻ ഫ്രെയിം വർക്ക് പ്രോഗ്രാമായ "ഹൊറൈസൺ 2020"-ന് കീഴിലുള്ള തിരഞ്ഞെടുത്ത പദ്ധതികളിൽ (പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തിലും ധ്രുവ ഗവേഷണത്തിലും) ഇന്ത്യൻ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയവും യൂറോപ്യൻ കമ്മീഷനും ഒരു സഹ-ധനസഹായ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യ-EU ബഹിരാകാശ സഹകരണം

പതിറ്റാണ്ടുകൾ നീണ്ട സാങ്കേതിക സഹകരണത്തിന്റെയും വർദ്ധിച്ചുവരുന്ന സ്ഥാപന ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ കെട്ടിപ്പടുത്തിട്ടുള്ള ഇന്ത്യ-EU തന്ത്രപരമായ പങ്കാളിത്തത്തിന്റെ സുപ്രധാനമായ ഒരു വശമാണ് ബഹിരാകാശ സഹകരണം.

ഇന്ത്യ-EU ബഹിരാകാശ ഇടപെടലുകൾ 1960-കളിൽ തന്നെ ആരംഭിച്ചതാണ്, അന്ന് യൂറോപ്പിന്റെ ഏരിയാൻ ലോഞ്ചറുകൾ ഉപയോഗിച്ചാണ് ഇന്ത്യൻ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നത്. തുടർന്ന്, യൂറോപ്യൻ കമ്മീഷനും ബഹിരാകാശ വകുപ്പും തമ്മിലുള്ള സഹകരണ കരാർ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡാറ്റയിലേക്കുള്ള പരസ്പര പ്രവേശനം ഉൾപ്പെടെ ഭൗമ നിരീക്ഷണ സഹകരണം ശക്തിപ്പെടുത്തി. ഇതിന് സമാന്തരമായി, ഐഎസ്ആർഒയും (ISRO) യൂറോപ്യൻ സ്പേസ് ഏജൻസിയും (ESA) നാവിഗേഷൻ, ഓപ്പറേഷൻസ്, ഡാറ്റ കൈകാര്യം ചെയ്യൽ എന്നിവയിൽ കൈമാറ്റം സാധ്യമാക്കുന്ന തരത്തിൽ ക്രോസ്-സപ്പോർട്ട് ക്രമീകരണങ്ങളിൽ ഒപ്പുവെച്ചു; ഇത് ചന്ദ്രയാൻ-3, ആദിത്യ-എൽ1 തുടങ്ങിയ പ്രധാന ദൗത്യങ്ങളിൽ പ്രയോജനപ്പെട്ടു. പ്രവർത്തനപരമായ സഹകരണം പ്രതിഫലിപ്പിച്ചുകൊണ്ട്, ഇഎസ്എയുടെ പ്രോബ-3 മിഷൻ 2024 ഡിസംബറിൽ ഐഎസ്ആർഒയുടെ PSLV-XL വിജയകരമായി വിക്ഷേപിച്ചു.

ഈ പ്രവർത്തന ബന്ധങ്ങൾക്കൊപ്പം ഉന്നതതല സ്ഥാപന ഇടപെടലുകളും നടന്നിട്ടുണ്ട്. 2025 ഫെബ്രുവരിയിൽ, യൂറോപ്യൻ യൂണിയൻ പ്രതിരോധ, ബഹിരാകാശ കമ്മീഷണർ ന്യൂഡൽഹിയിൽ ശാസ്ത്ര സാങ്കേതിക സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. ഇതിനെത്തുടർന്ന് 2025 നവംബറിൽ ബ്രസ്സൽസിൽ വെച്ച് ആദ്യഘട്ട ഇന്ത്യ-EU ബഹിരാകാശ സംഭാഷണം നടന്നു, ഇത് ചിട്ടയായ ഇടപെടലുകൾക്ക് ഒരു പ്രത്യേക വേദിയൊരുക്കി. കൂടാതെ, 2025 മെയ് മാസത്തിൽ, ഐഎസ്ആർഒയും ഇഎസ്എയും മനുഷ്യ ബഹിരാകാശ പര്യവേഷണ സഹകരണത്തിനായുള്ള ഒരു സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു, ഇത് ഭാവി ലക്ഷ്യമിട്ടുള്ള ബഹിരാകാശ മേഖലകളിലേക്ക് സഹകരണം വിപുലീകരിക്കുന്നതിനെ അടയാളപ്പെടുത്തുന്നു.

കുടിയേറ്റവും മൊബിലിറ്റിയും

ആദ്യകാല കുടിയേറ്റ ചർച്ചകൾ 2016-ലെ 'കോമൺ അജണ്ട ഓൺ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി' (CAMM) പോലുള്ള വ്യവസ്ഥാപിത ചട്ടക്കൂടുകളിലേക്ക് പുരോഗമിച്ചു; ഇത് വിദഗ്ധ തൊഴിലാളികളുടെ ഒഴുക്ക്, സാമൂഹിക സുരക്ഷ, EU-വിന്റെ ജനസംഖ്യാപരമായ ആവശ്യങ്ങളും ഇന്ത്യയുടെ അധിക തൊഴിലാളി ശേഷിയും നിറവേറ്റുന്നതിനുള്ള ക്രമമായ കുടിയേറ്റം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു.

2025 നവംബറിൽ നടന്ന ഒമ്പതാമത് ഹൈ-ലെവൽ ഡയലോഗ് ഓൺ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി ഐസിടി പ്രൊഫഷണലുകൾക്കായി ഇന്ത്യയിൽ ഒരു പ്രാരംഭ 'യൂറോപ്യൻ ലീഗൽ ഗേറ്റ്‌വേ ഓഫീസ്' നിർദ്ദേശിക്കുകയും യുവ പ്രൊഫഷണലുകൾക്കായി സമഗ്രമായ മൊബിലിറ്റി ചട്ടക്കൂടുകൾ പരിശോധിക്കുകയും ചെയ്തുകൊണ്ട് ഇതിന്റെ നടപ്പിലാക്കൽ മുന്നോട്ട് കൊണ്ടുപോയി. 2024 അവസാനത്തോടെ, ആകെ 931,607 ഇന്ത്യൻ പൗരന്മാർ EUവിൽ താമസിക്കുന്നു; ബ്ലൂ കാർഡ് ഉടമകളിൽ ഏറ്റവും വലിയ വിഭാഗം (20.8%) ഇന്ത്യക്കാരാണ് (2024-16,268 പേർ).

ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പുകൾ ഏറ്റവും കൂടുതൽ ലഭിക്കുന്നവരിൽ ഇന്ത്യൻ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. കഴിഞ്ഞ 20 വർഷത്തിനിടയിൽ, യൂറോപ്പിലുടനീളമുള്ള പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനുമായി 6,000-ത്തിലധികം സ്കോളർഷിപ്പുകൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട്.

തന്ത്രപരമായി, ഇത് പുതിയ യൂറോപ്യൻ മിഷനുകൾ പോലുള്ള വിപുലീകരണങ്ങൾക്കിടയിൽ മനുഷ്യകേന്ദ്രീകൃതമായ ബന്ധങ്ങളും ആഗോള പ്രതിഭാപ്രവാഹവും വർദ്ധിപ്പിക്കുന്ന കുടിയേറ്റ പങ്കാളിത്തത്തിലൂടെ ഇന്ത്യയുടെ നയതന്ത്ര വിനിമയത്തെ പിന്തുണയ്ക്കുന്നു. ഇന്ത്യയുടെ പുരോഗതി സുഗമമായ നിയമപരമായ വഴികളിലും യോഗ്യതാ അംഗീകാരത്തിലും പ്രകടമാണ്, ഇത് ഇന്ത്യയ്ക്കും EU രാജ്യങ്ങൾക്കും ഒരു പ്രധാന പ്രതിഭാസ്രോതസ്സായി ഇന്ത്യയെ മാറ്റുന്നു.

ഉപസംഹാരം

ഇന്ത്യ-EU ബന്ധം പങ്കിട്ട മൂല്യങ്ങൾ, വർദ്ധിച്ചുവരുന്ന സാമ്പത്തിക ബന്ധങ്ങൾ, പൊതുവായ തന്ത്രപരമായ താൽപ്പര്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ശക്തവും ഭാവി ലക്ഷ്യമിട്ടുള്ളതുമായ പങ്കാളിത്തമായി പരിണമിച്ചു. വർദ്ധിച്ചുവരുന്ന വ്യാപാരം, സ്ഥിര EU നിക്ഷേപങ്ങൾ, കണക്റ്റിവിറ്റി, ശുദ്ധോർജ്ജം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, സുരക്ഷ, തൊഴിൽപരമായ മൊബിലിറ്റി തുടങ്ങിയ മേഖലകളിലെ സഹകരണം വ്യക്തവും പ്രായോഗികവുമായ ഫലങ്ങൾ നൽകുന്ന പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നു.

ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ, ഗ്ലോബൽ ഗേറ്റ്‌വേ, ഐഎംഇസി (IMEC), എഫ്‌ടിഎ (FTA) ചർച്ചകളിലെ പുരോഗതി തുടങ്ങിയ സംരംഭങ്ങൾ ഇന്ത്യയും EU-വും തമ്മിലുള്ള ആഴത്തിലുള്ള സ്ഥാപനപരമായ യോജിപ്പിനെ പ്രതിഫലിപ്പിക്കുന്നു. ഈ മുന്നേറ്റത്തിന്റെ അടിസ്ഥാനത്തിൽ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റയെയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നിനെയും 2026 ജനുവരി 25 മുത 27 വരെ ഒരു ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യ ക്ഷണിച്ചത്, ഇന്ത്യ-EU ബന്ധത്തെ തങ്ങളുടെ ആഗോള-യൂറോപ്യൻ തന്ത്രത്തിന്റെ പ്രധാന സ്തംഭമായി ഉയർത്താനുള്ള ഗവൺമെന്റിന്റെ ഉദ്ദേശ്യത്തെ അടിവരയിടുന്നു.

References:

Ministry of External Affairs

Eurostat

 

European Union Commission

  • https://ec.europa.eu/commission/presscorner/detail/en/ip_25_2116

India–EU Partnership: India’s Growing Engagement with European Union

 

***

SK

(Explainer ID: 157095) आगंतुक पटल : 45
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Gujarati , Telugu , Kannada
Link mygov.in
National Portal Of India
STQC Certificate