• Skip to Content
  • Sitemap
  • Advance Search
Others

ദേശീയ സമ്മതിദായക ദിനം 2026

എൻ്റെ ഇന്ത്യ, എൻ്റെ വോട്ട്

Posted On: 24 JAN 2026 9:31PM

പ്രധാന വസ്തുതകൾ

 • വോട്ടർമാരെ ആദരിക്കുന്നതിനും, യുവജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും, ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും, സാർവത്രിക പ്രായപൂർത്തി വോട്ടവകാശം പ്രോത്സാഹിപ്പിക്കുന്നതിനുമായി ജനുവരി 25ന് ഇന്ത്യയിലുടനീളം ദേശീയ സമ്മതിദായക ദിനം ആചരിക്കുന്നു.

 •   2026-ലെ ദേശീയ സമ്മതിദായക ദിനത്തിൻ്റെ പ്രമേയം "എൻ്റെ ഇന്ത്യ, എൻ്റെ വോട്ട്" എന്നതാണ്, ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഹൃദയത്തിലാണ് പൗരൻ എന്നതാണ് ഇതിൻ്റെ  ടാഗ്‌ലൈൻ.

 •   ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സുതാര്യത ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) നിരവധി പരിഷ്കാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. SVEEP വോട്ടർ ബോധവൽക്കരണം വർദ്ധിപ്പിക്കുകയും, ECINET ആഗോളതലത്തിൽ സാങ്കേതികവിദ്യ പങ്കുവെയ്ക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്തു.


 •   തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യാൻ സി-വിജിൽ (cVIGIL) സംവിധാനം സഹായിച്ചു. പോളിംഗ് സ്റ്റേഷനുകളിലെ നൂറ് ശതമാനം വെബ്കാസ്റ്റിംഗ് സുതാര്യത വർദ്ധിപ്പിച്ചു. വോട്ടർ തിരിച്ചറിയൽ കാർഡുകളുടെ (EPIC) വിതരണം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുന്ന രീതിയിൽ വേഗത്തിലാക്കി.

 

ആമുഖം

എല്ലാ വർഷവും ജനുവരി 25 ന് ഇന്ത്യയിൽ ദേശീയ സമ്മതിദായക ദിനം ആചരിക്കുന്നു. ഇത് ജനാധിപത്യത്തെ ആഘോഷിക്കുകയും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കുചേരാൻ ഓരോ പൗരനേയും ശാക്തീകരിക്കുകയും ചെയ്യുന്നു. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 324 പ്രകാരം 1950 ജനുവരി 25-ന് സ്ഥാപിതമായ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ (ECI) സ്ഥാപക ദിനത്തെയാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്.

 



ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനും നടത്താനും ഉത്തരവാദിത്തമുള്ള പ്രധാന ഭരണഘടനാ സ്ഥാപനമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതുവരെ 18 പൊതുതെരഞ്ഞെടുപ്പുകളും 400-ലധികം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും കമ്മീഷൻ നടത്തിയിട്ടുണ്ട്. രാജ്യസഭ, സംസ്ഥാന നിയമനിർമ്മാണ കൗൺസിലുകൾ (നിലവിലുള്ളയിടങ്ങളിൽ), കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ഡൽഹി ദേശീയ തലസ്ഥാന പ്രദേശം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ എന്നിവയ്ക്ക് പുറമെ ഇന്ത്യയുടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ ഉന്നത പദവികളിലേക്കുള്ള തെരഞ്ഞെടുപ്പുകൾക്കും കമ്മീഷൻ മേൽനോട്ടം വഹിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉൾപ്പെടുന്ന ഒരു ബഹു-അംഗ സ്ഥാപനമാണിത്.

2026-ലെ ദേശീയ സമ്മതിദായക ദിനത്തിൻ്റെ പ്രമേയം "എൻ്റെ ഇന്ത്യ, എൻ്റെ വോട്ട്" എന്നതാണ്, ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഹൃദയത്തിലാണ് പൗരൻ എന്നതാണ് ഇതിൻ്റെ ടാഗ്‌ലൈൻ. പൗരകേന്ദ്രീകൃതമായ തെരഞ്ഞെടുപ്പ് പ്രക്രിയകൾ രൂപകൽപ്പന ചെയ്യാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ശ്രമങ്ങളെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പൗരന്മാരുടെ സൗകര്യങ്ങൾ മുൻനിർത്തിയാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പൗരന്മാരുടെ പങ്കാളിത്തം ഇത് പ്രോത്സാഹിപ്പിക്കുന്നു.

 



 

ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങ് ന്യൂഡൽഹിയിലാണ് നടക്കുന്നത്. പരിപാടിയെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്ത യുവ വോട്ടർമാർക്ക് രാഷ്ട്രപതി വോട്ടർ തിരിച്ചറിയൽ കാർഡുകൾ (EPIC) വിതരണം ചെയ്യുകയും, മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് മാനേജ്‌മെൻ്റിൽ അവർ നല്കിയ വിശിഷ്ടമായ സംഭാവനകൾക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരങ്ങൾ. അതോടൊപ്പം, ഈ മേഖലയിൽ പ്രവർത്തിക്കുന്ന സിവിൽ സർവ്വീസ് സംഘടനകളേയും ആദരിക്കും.

 

ദേശീയ സമ്മതിദായക ദിനത്തിൻ്റെ പ്രാധാന്യം

ഏതൊരു ജനാധിപത്യത്തിൻ്റേയും വിജയകരമായ നടത്തിപ്പിന് ജനാധിപത്യ, തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ വോട്ടർമാരുടെ പങ്കാളിത്തം അനിവാര്യമാണ്. കുറ്റമറ്റ ജനാധിപത്യ തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനം തന്നെ ഇതാണ്.

ഇന്ത്യയിൽ, അർഹരായ എല്ലാ ഇന്ത്യക്കാരും വോട്ടർ പട്ടികയിൽ ഉണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കുന്നു. വോട്ടർ പട്ടികയിലുള്ള എല്ലാവരും സ്വമേധയാ വോട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും കമ്മീഷൻ പ്രവർത്തിക്കേണ്ടതുണ്ട്. ഈ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ ദേശീയ സമ്മതിദായക ദിനം സഹായിക്കുന്നു. വോട്ടർ രജിസ്ട്രേഷനെക്കുറിച്ചും പങ്കാളിത്തത്തെക്കുറിച്ചും ഇത് അവബോധം സൃഷ്ടിക്കുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ജനാധിപത്യപരമായ വോട്ടവകാശം വിനിയോഗിക്കാനും അർഹരായ പൗരന്മാരെ ഈ ദിനം പ്രോത്സാഹിപ്പിക്കുന്നു. ദേശീയ സമ്മതിദായക ദിനം രാജ്യത്തെ എല്ലാ വോട്ടർമാർക്കുമായി സമർപ്പിക്കപ്പെട്ടതാണ്. പുതിയ വോട്ടർമാരെ ചേർക്കുന്നതിലാണ് ഈ ആഘോഷം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള പുതിയ വോട്ടർമാരെ ഈ ദിവസം ആദരിക്കുന്നു.

രാജ്യത്തുടനീളം ഏകദേശം 11 ലക്ഷം പോളിംഗ് ബൂത്തുകളിലും, ജില്ലാതലത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ (DEO) നേതൃത്വത്തിലും, സംസ്ഥാനതലത്തിൽ ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ (CEO) നേതൃത്വത്തിലും ദേശീയ സമ്മതിദായക ദിനം ആഘോഷിക്കുന്നു. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) ഓരോ പോളിംഗ് സ്റ്റേഷൻ പരിധിയിലും പരിപാടികൾ സംഘടിപ്പിക്കുകയും പുതുതായി രജിസ്റ്റർ ചെയ്ത വോട്ടർമാരെ ആദരിക്കുകയും ചെയ്യുന്നു.

പൊതുജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലുന്നതിനായി, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അതിൻ്റെ സ്ഥാപക ദിനമായ ജനുവരി 25-ന് ദേശീയ സമ്മതിദായക ദിനം ആഘോഷിക്കുന്ന പതിവിന് 2011-ൽ തുടക്കമിട്ടു. സെമിനാറുകൾ, സൈക്കിൾ റാലികൾ, മനുഷ്യച്ചങ്ങലകൾ, നാടൻ കലാരൂപങ്ങൾ, മിനി മാരത്തണുകൾ, മത്സരങ്ങൾ, ബോധവൽക്കരണ സെമിനാറുകൾ എന്നിങ്ങനെ വിപുലമായ പരിപാടികളോടെയാണ് ഈ ദിനം രാജ്യത്തുടനീളം വലിയ ആവേശത്തോടെ ആഘോഷിക്കുന്നത്. ഈ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും യുവജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണ്, വോട്ടിംഗിനെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും അവരിൽ അവബോധം വളർത്തുക എന്നതാണ് ഇതിൻ്റെ പരമമായ ലക്ഷ്യം.

 

പ്രധാന പ്രവർത്തനങ്ങളും ആഘോഷങ്ങളും

ദേശീയ സമ്മതിദായക ദിനാഘോഷത്തിൻ്റെ ഭാഗമായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു.

2026-ലെ ദേശീയ സമ്മതിദായക ദിനത്തിൽ നല്കുന്ന ദേശീയ തെരഞ്ഞെടുപ്പ് പുരസ്കാരങ്ങൾ

തെരഞ്ഞെടുപ്പ് മാനേജ്‌മെൻ്റിലും വോട്ടർമാർക്കുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെ ആദരിക്കുന്നത് ദേശീയ സമ്മതിദായക ദിനത്തിൻ്റെ അവിഭാജ്യ ഘടകമാണ്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നടക്കുന്ന ചടങ്ങുകളിൽ ഈ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നു. ഈ വർഷത്തെ പുരസ്കാരങ്ങൾ മികച്ച തിരഞ്ഞെടുപ്പ് ജില്ലകളെ അംഗീകരിക്കും.

2026-ലെ മികച്ച തെരഞ്ഞെടുപ്പ് ജില്ലാ പുരസ്കാരങ്ങൾ താഴെപ്പറയുന്ന വിഷയങ്ങൾക്ക് കീഴിലുള്ള നേട്ടങ്ങളെ ആദരിക്കും:

1. നൂതന വോട്ടർ ബോധവൽക്കരണ സംരംഭങ്ങൾ: പൗരന്മാരെ ശാക്തീകരിക്കുകയും അവരെ തെരഞ്ഞെടുപ്പിൽ പങ്കാളികളാക്കുകയും ചെയ്യുന്ന സർഗ്ഗാത്മകമായ വോട്ടർ വിദ്യാഭ്യാസ പരിപാടികൾ, ബോധവൽക്കരണ പ്രചാരണങ്ങൾ, ജനപങ്കാളിത്ത പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരം.

2. തെരഞ്ഞെടുപ്പുകളിൽ സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം: തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ കാര്യക്ഷമത, സുതാര്യത, കൃത്യത എന്നിവ വർദ്ധിപ്പിക്കുന്നതിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയ
മികച്ച മാതൃകകൾക്ക് ആദരം.

3. പരിശീലനവും ശേഷി വികസനവും: മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത പരിശീലന പരിപാടികൾക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സമഗ്രമായ വിലയിരുത്തലിനും നല്കുന്ന ആദരം.

4. തെരഞ്ഞെടുപ്പ് മാനേജ്‌മെൻ്റും ലോജിസ്റ്റിക്സും: പോളിംഗ് സ്റ്റേഷനുകൾ, വോട്ടിംഗ് സാമഗ്രികൾ, ഉദ്യോഗസ്ഥരുടെ വിന്യാസം എന്നിവയുൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്നതിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം.

5. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കലും നിർവ്വഹണവും: നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പിലാക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനുമുള്ള മികച്ച തന്ത്രങ്ങൾക്കുള്ള അംഗീകാരം.

6. മാധ്യമ പുരസ്കാരങ്ങൾ : അച്ചടി മാധ്യമം, ടെലിവിഷൻ, റേഡിയോ, ഓൺലൈൻ/സോഷ്യൽ മീഡിയ എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ വോട്ടർ ബോധവൽക്കരണത്തിനായി നടത്തിയ മികച്ച പ്രചാരണ പരിപാടികൾക്കുള്ള പുരസ്കാരം.

 

2026- ലെ ദേശീയ സമ്മതിദായക ദിനത്തിൽ അവതരിപ്പിക്കുന്ന പരിപാടികൾ 

 

ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ താഴെപ്പറയുന്നവയുടെ അവതരണവും ദേശീയ സമ്മതിദായക ദിനം വേദിയാകുന്നു:

1. വോട്ടർമാർക്കുവേണ്ടിയുള്ള ബോധവൽക്കരണ പ്രചാരണങ്ങൾ, അഥവാ പൊതുജന സമ്പർക്ക സംരംഭങ്ങൾ.

2. സ്ഥാപനപരമായ പ്രസിദ്ധീകരണങ്ങൾ, റിപ്പോർട്ടുകൾ അഥവാ വിജ്ഞാന ഉൽപ്പന്നങ്ങൾ.

3. ജനാധിപത്യ പ്രക്രിയകൾ, വോട്ടർ പങ്കാളിത്തം, തെരഞ്ഞെടുപ്പ് നവീകരണങ്ങൾ എന്നിവ എടുത്തുകാണിക്കുന്ന ശ്രാവ്യ-ദൃശ്യ സാമഗ്രികൾ.

4. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നേട്ടങ്ങൾ വ്യക്തമാക്കുന്ന പ്രസിദ്ധീകരണത്തിൻ്റെ പ്രകാശനം.

5. ബിഹാറിലെ പൊതുതെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിനെക്കുറിച്ചുള്ള പ്രസിദ്ധീകരണത്തിൻ്റെ  പ്രകാശനം.

6. തെരഞ്ഞെടുപ്പ് മാനേജ്‌മെൻ്റിലും ജനാധിപത്യ വികസനത്തിലും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആഗോള നേതൃത്വം പ്രതിഫലിപ്പിക്കുന്ന വീഡിയോയുടെ പ്രകാശനം.

 



 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ

എല്ലാ സ്കൂളുകളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും പ്രത്യേക പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. സംവാദങ്ങൾ, ചർച്ചകൾ, വിവിധ മത്സരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചിത്രരചന, ലഘുനാടകങ്ങൾ, പാട്ടുകൾ, പെയിൻ്റിംഗ്, ഉപന്യാസ രചന എന്നിവയിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഉത്തരവാദിത്തമുള്ള വോട്ടർമാരായി മാറാൻ ഇത്തരം പ്രവർത്തനങ്ങൾ യുവമനസ്സുകളെ പ്രചോദിപ്പിക്കുന്നു.

അറിവുള്ളതും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ തെരഞ്ഞെടുപ്പ് പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) പദ്ധതിയുമായി ഏകോപിപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രധാനപ്പെട്ട പദ്ധതിയാണ് SVEEP. രാജ്യത്തുടനീളമുള്ള വോട്ടർ വിദ്യാഭ്യാസം, അവബോധം, സാക്ഷരത എന്നിവയിലാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2009-ലാണ് ഈ പദ്ധതി ആരംഭിച്ചത്. അന്നുമുതൽ, തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് നല്കിക്കൊണ്ട് ഇന്ത്യയിലെ വോട്ടർമാരെ ഇത് സജ്ജരാക്കുന്നു.

 

വർഷങ്ങളിലൂടെയുള്ള പരിവർത്തനാത്മക തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനം സ്ഥാപനപരവും സാങ്കേതികവും വോട്ടർ കേന്ദ്രീകൃതവുമായ തുടർച്ചയായ പരിഷ്കാരങ്ങളിലൂടെ വലിയ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. ജനാധിപത്യ പങ്കാളിത്തവും തെരഞ്ഞെടുപ്പ് സുതാര്യതയും ശക്തിപ്പെടുത്തുക എന്നതാണ് ഇവയുടെ ലക്ഷ്യം.

 



മറ്റ് പ്രധാന സംരംഭങ്ങൾ

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമത, എല്ലാവരെയും ഉൾക്കൊള്ളുന്ന സ്വഭാവം, സുതാര്യത എന്നിവ വർദ്ധിപ്പിക്കുന്നതിനായി മറ്റ് നിരവധി സംരംഭങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

 

പോളിംഗ് സ്റ്റേഷൻ മാനേജ്‌മെൻ്റ്  

പോളിംഗ് സ്റ്റേഷനുകളിൽ മൊബൈൽ ഡെപ്പോസിറ്റ് സൗകര്യം: പോളിംഗ് സുഗമമാക്കുന്നതിനും ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി പോളിംഗ് സ്റ്റേഷനുകൾക്ക് പുറത്ത് മൊബൈൽ ഫോൺ സൂക്ഷിക്കാനുള്ള കൗണ്ടറുകൾ സ്ഥാപിച്ചു.

പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ പരിധി 1,200 ആയി നിശ്ചയിച്ചു: തിരക്ക് കുറയ്ക്കുന്നതിനും ക്യൂവിൻ്റെ നീളം കുറയ്ക്കുന്നതിനുമായി ഒരു പോളിംഗ് സ്റ്റേഷനിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1,200 ആയി നിജപ്പെടുത്തി. ഫ്ലാറ്റുകളിലും റെസിഡൻഷ്യൽ സൊസൈറ്റികളിലും അധിക ബൂത്തുകൾ സജ്ജീകരിച്ചു.

പോളിംഗ് സ്റ്റേഷനുകളിൽ നൂറ് ശതമാനം വെബ്കാസ്റ്റിംഗ്: തെരഞ്ഞെടുപ്പ് ദിവസത്തെ നിർണ്ണായക പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉറപ്പാക്കി. ചട്ടലംഘനങ്ങളില്ലാതെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

വോട്ടർ സേവനങ്ങളും വിവരങ്ങളും

കൂടുതൽ വ്യക്തതയുള്ള വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് (VIS): വോട്ടർ വെരിഫിക്കേഷൻ എളുപ്പമാക്കുന്നതിനായി സീരിയൽ നമ്പറും പാർട്ട് നമ്പറും വ്യക്തമായി കാണത്തക്ക രീതിയിൽ വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ പരിഷ്കരിച്ചു.

വോട്ടർ തിരിച്ചറിയൽ കാർഡുകളുടെ (EPIC) വേഗത്തിലുള്ള വിതരണം: വോട്ടർ പട്ടികയിലെ മാറ്റങ്ങൾക്കും പുതുക്കലുകൾക്കും ശേഷം 15 ദിവസത്തിനുള്ളിൽ വോട്ടർ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നത് പുതിയ സ്റ്റാൻഡേർഡ് പ്രവർത്തന നടപടിക്രമം ഉറപ്പാക്കുന്നു. ഇതിൻ്റെ ഓരോ ഘട്ടത്തിലും വോട്ടർമാർക്ക് എസ്.എം.എസ് അപ്‌ഡേറ്റുകളും ലഭിക്കും.

ജനാധിപത്യ മികവിൻ്റെ ശാശ്വതമായ ഒരു ആഗോള പാരമ്പര്യം കെട്ടിപ്പടുക്കുന്നതിനായി EMB നേതാക്കളുടെ ഉച്ചകോടികൾ, നയ സംഭാഷണങ്ങൾ, വിദഗ്ദ്ധ ശില്പശാലകൾ, സംയുക്ത ഗവേഷണങ്ങൾ, വിജ്ഞാന ഉൽപ്പന്നങ്ങൾ, ശേഷി വികസന സംരംഭങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വാധീനശക്തിയുള്ള പരിപാടികൾ IIIDEM, അന്താരാഷ്ട്ര IDEA എന്നിവയിലൂടെ ഇന്ത്യ സംഘടിപ്പിക്കും.

ഉപസംഹാരം

ജനാധിപത്യ മൂല്യങ്ങളോടും എല്ലാവരേയും ഉൾക്കൊള്ളുന്ന ഭരണത്തോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവായി ദേശീയ സമ്മതിദായക ദിനം നിലകൊള്ളുന്നു. 2011-ൽ ആരംഭിച്ചതുമുതൽ ഈ വാർഷികാഘോഷം രാജ്യത്തിൻ്റെ എല്ലാ കോണുകളേയും സ്പർശിക്കുന്ന രാജ്യത്തെ ഏറ്റവും വ്യാപകമായ പൗര പരിപാടികളിൽ ഒന്നായി പരിണമിച്ചു. 2026-ലെ പ്രമേയം, ഓരോ വോട്ടും വിലപ്പെട്ടതാണെന്നും ഒരു വോട്ടർ പോലും വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ കടമയിൽ ഓരോ പൗരനും സുപ്രധാന പങ്കുണ്ടെന്നുമുള്ള സന്ദേശം ശക്തിപ്പെടുത്തുന്നു. വർദ്ധിച്ചുവരുന്ന തെരഞ്ഞെടുപ്പ് പങ്കാളിത്തത്തിലൂടെയും വനിതാ വോട്ടർമാരുടെ എണ്ണത്തിലെ വർദ്ധനവിലൂടെയും വിപുലമായ അടിസ്ഥാന സൗകര്യങ്ങളിലൂടെയും ഇന്ത്യയുടെ ജനാധിപത്യ യാത്ര ലോകത്തിന് പ്രചോദനം നല്കുന്നത് തുടരുന്നു.

അവലംബം:

 

Election Commission of India

Vikaspedia

Press Information Bureau

My Bharat Gov

Others:

Click here for pdf file.

****

(Explainer ID: 157086) आगंतुक पटल : 6
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Kannada
Link mygov.in
National Portal Of India
STQC Certificate