• Skip to Content
  • Sitemap
  • Advance Search
Social Welfare

ദേശീയ ബാലികാ ദേശീയ ബാലികാ ദിനാഘോഷം

പെൺകുട്ടികളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട പുരോഗതി, സംരംഭങ്ങൾ, നേട്ടങ്ങൾ

Posted On: 23 JAN 2026 1:48PM

പ്രധാന വസ്തുതകൾ

 •   പെൺകുട്ടികളുടെ അവകാശങ്ങൾ, ശാക്തീകരണം, തുല്യ അവസരങ്ങൾ എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി 2008 മുതൽ എല്ലാ വർഷവും ജനുവരി 24-ന് ഇന്ത്യയിൽ ദേശീയ ബാലികാ ദിനം ആചരിക്കുന്നു.

 •   രാജ്യത്തുടനീളമുള്ള 97.5 ശതമാനം സ്കൂളുകളിലും പെൺകുട്ടികൾക്കായി ശൗചാലയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

 •   UDISE റിപ്പോർട്ട് പ്രകാരം, 2024-2025 കാലയളവിൽ സെക്കൻഡറി തലത്തിൽ പെൺകുട്ടികളുടെ മൊത്തം  പ്രവേശന അനുപാതം (GER) 80.2 ശതമാനത്തിലെത്തി.

 •   2025-26 ലെ കേന്ദ്ര ബജറ്റിൽ മിഷൻ ശക്തിക്ക് 3,150 കോടി രൂപ അനുവദിച്ചു.

 •   2026 ജനുവരി വരെയുള്ള കണക്കനുസരിച്ച്, മൊത്തം 2,153 ശൈശവ വിവാഹങ്ങൾ തടയുകയും രാജ്യത്തുടനീളം 60,262 ശൈശവ വിവാഹ നിരോധന ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ആമുഖം

പെൺകുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, മൊത്തത്തിലുള്ള ക്ഷേമം എന്നിവ ഉയർത്തിക്കാട്ടുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദേശീയ ബാലികാ ദിനം ഇന്ത്യയിൽ എല്ലാ വർഷവും ജനുവരി 24-ന് ആഘോഷിക്കുന്നു.

ലിംഗവിവേചനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും, തുല്യ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, പെൺകുട്ടികൾക്ക് ശാക്തീകരിക്കപ്പെട്ട പൗരന്മാരായി അഭിവൃദ്ധി പ്രാപിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കുന്നതിനുമുള്ള ഒരു വേദിയായി ഈ ദിനം വർത്തിക്കുന്നു. 2008-ൽ വനിതാ ശിശു വികസന മന്ത്രാലയമാണ് (MWCD) ഈ ദിനാചരണത്തിന് തുടക്കം കുറിച്ചത്. രാജ്യത്തിന് കൂടുതൽ ശോഭനവും നീതിയുക്തവുമായ ഭാവി രൂപപ്പെടുത്തുന്നതിൽ പെൺകുട്ടികൾക്കുള്ള നിർണ്ണായ പങ്കിനെ ഇത് അടിവരയിടുന്നു. ഇത് സ്ത്രീകൾ നയിക്കുന്ന വികസനം, 2047-ഓടെ വികസിത ഭാരതം തുടങ്ങിയ ഇന്ത്യയുടെ കാഴ്ചപ്പാടുകളുമായി ഫലപ്രദമായി പൊരുത്തപ്പെടുന്നതാണ്.

പെൺകുട്ടികളുടെ ശാക്തീകരണത്തിനായി വാദിക്കുന്നു

ലിംഗപരമായ പക്ഷപാതം, പെൺ ഭ്രൂണഹത്യ, ശിശുലിംഗാനുപാതവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, ശൈശവ വിവാഹം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലുള്ള തടസ്സങ്ങൾ ഉൾപ്പെടെ പെൺകുട്ടികൾ നേരിടുന്ന നിരന്തരമായ അസമത്വങ്ങൾ പരിഹരിക്കാനുള്ള അവസരം ദേശീയ ബാലികാ  ദിനം നല്കുന്നു. കൂടാതെ, പെൺകുട്ടികളെ തുല്യരായി വിലമതിക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സാമൂഹിക മനോഭാവം മാറ്റേണ്ടതിൻ്റെ ആവശ്യകത ഇത് ഊന്നിപ്പറയുന്നു, അതുവഴി അവരുടെ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, നൈപുണ്യ വികസനം, ഡിജിറ്റൽ ഉൾച്ചേർക്കൽ, STEM മേഖലകളിലെ പങ്കാളിത്തം, മാനസികാരോഗ്യ പിന്തുണ, അക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം, നേതൃത്വപരമായ പങ്കുവഹിക്കാനുള്ള അവസരങ്ങൾ എന്നിവയാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. സുസ്ഥിരമായ പരിശ്രമങ്ങളിലൂടെ, പ്രത്യേകിച്ച് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP) പദ്ധതിക്ക് കീഴിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ ജനനസമയത്തെ ലിംഗാനുപാതം (SRB) 2014-15 ലെ ഏകദേശം 918-ൽ നിന്ന് 2023-24-ൽ 930 ആയി ഉയർന്നു.

ഇതിനുപുറമെ, ഇന്ത്യയിൽ സെക്കൻഡറി തലത്തിലുള്ള (9-10 ക്ലാസുകൾ) പെൺകുട്ടികളുടെ മൊത്തം പ്രവേശന അനുപാതം (GER) 2014-15 ലെ 75.51 ശതമാനത്തിൽ നിന്ന് 2023-24 ൽ 78.0 ശതമാനമായി മെച്ചപ്പെട്ടു. കൂടാതെ, 2024–25 ൽ സെക്കൻഡറി തലത്തിലുള്ള പെൺകുട്ടികളുടെ മൊത്തം പ്രവേശന അനുപാതം (GER) 80.2 ശതമാനത്തിലെത്തി.

ഈ വർദ്ധനവ് പെൺകുട്ടികളുടെ ഉയർന്ന പങ്കാളിത്തത്തേയും ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സമഗ്ര ശിക്ഷ തുടങ്ങിയ സംരംഭങ്ങളുടെ സ്വാധീനത്തേയും പ്രതിഫലിപ്പിക്കുന്നു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നതും അടുത്ത തലങ്ങളിലേക്കുള്ള മാറ്റവും സംബന്ധിച്ച വിപുലമായ വെല്ലുവിളികൾക്കിടയിലും സെക്കൻഡറി വിദ്യാഭ്യാസത്തിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെ ഇത് അടിവരയിടുന്നു.

 

  

പ്രധാന സർക്കാർ സംരംഭങ്ങളും നേട്ടങ്ങളും

പെൺകുട്ടികളെ സംരക്ഷിക്കുന്നതിനും, വിദ്യാഭ്യാസം നല്കുന്നതിനും, ശാക്തീകരിക്കുന്നതിനുമായി  ലക്ഷ്യബോധത്തോടെയുള്ള നിരവധി പദ്ധതികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. സുരക്ഷ, സംരക്ഷണം, ശാക്തീകരണ ഇടപെടലുകൾ എന്നിവ സംയോജിപ്പിക്കുന്ന മിഷൻ ശക്തി എന്ന കുടക്കീഴിലാണ് ഇവയിൽ പലതും ഉൾപ്പെടുത്തിയിരിക്കുന്നത്.

 


 

മിഷൻ ശക്തി

15-ാം ധനകാര്യ കമ്മീഷൻ കാലയളവിലേക്കായി (2021-26) ഒരു സംയോജിത പദ്ധതി എന്ന നിലയിൽ 2022-ൽ (2022 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നു) വനിതാ ശിശു വികസന മന്ത്രാലയം മിഷൻ ശക്തി ആരംഭിച്ചു. രണ്ട് പ്രധാന ഉപപദ്ധതികളിലൂടെ സ്ത്രീ സുരക്ഷ, സംരക്ഷണം, ശാക്തീകരണം എന്നിവയ്ക്കായുള്ള ഇടപെടലുകളെ ഇത് ശക്തിപ്പെടുത്തുന്നു;

 •   സംബൽ: സുരക്ഷയിലും സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വൺ സ്റ്റോപ്പ് സെൻ്ററുകൾ, വനിതാ  ഹെൽപ്പ് ലൈൻ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, നാരി അദാലത്തുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 •   സമർത്ഥ്യ: ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രധാനമന്ത്രി മാതൃ വന്ദന യോജന, പൽന, ശക്തി സദൻ, സഖി നിവാസ്, സങ്കൽപ് ഹബ്ബുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനം, പൗര പങ്കാളിത്തം, ജീവിതചക്ര പിന്തുണ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്ത്രീകളേയും പെൺകുട്ടികളേയും രാഷ്ട്രനിർമ്മാണത്തിൽ തുല്യ പങ്കാളികളായി വളരാൻ ഈ മിഷൻ പ്രാപ്തരാക്കുന്നു. 2025-26 ലെ കേന്ദ്ര ബജറ്റിൽ മിഷൻ ശക്തിക്ക് 3,150 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഈ പരിശ്രമങ്ങൾക്ക് പൂരകമായി കുട്ടികളെ സംരക്ഷിക്കുന്നതിനും ലിംഗാധിഷ്ഠിത അക്രമങ്ങൾ തടയുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ള ശക്തമായ നിയമ ചട്ടക്കൂടുകളും നിലവിലുണ്ട്.

വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും ശാക്തീകരണം സുഗമമാക്കുന്നു

ലിംഗസമത്വത്തിൻ്റേയും ദീർഘകാല ശാക്തീകരണത്തിൻ്റേയും മൂലക്കല്ലായി വിദ്യാഭ്യാസത്തെ അംഗീകരിച്ചുകൊണ്ട്, പെൺകുട്ടികളുടെ പ്രവേശന വിടവുകൾ പരിഹരിക്കുന്നതിനും, പഠന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും, പെൺകുട്ടികൾക്ക് STEM, പ്രൊഫഷണൽ മേഖലകളിലേക്കുള്ള പാതകൾ തുറക്കുന്നതിനുമായി നിരവധി മുൻനിര പരിപാടികൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിലെ പുരോഗതി:

 •  2024–25 കാലയളവിൽ അടിസ്ഥാന ഘട്ടം മുതൽ സെക്കൻഡറി ഘട്ടം വരെ എൻറോൾ ചെയ്ത ആകെ പെൺകുട്ടികളുടെ എണ്ണം 11,93,34,162 ആണ്.

 •  ആകെ 14,21,205 സ്കൂളുകളിൽ പെൺകുട്ടികൾക്കായുള്ള ശൗചാലയ സൗകര്യം ലഭ്യമാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇതിൽ 13,72,881 എണ്ണം പ്രവർത്തനക്ഷമമാണ്.

സമഗ്ര ശിക്ഷ

സ്‌കൂൾ വിദ്യാഭ്യാസത്തിനായുള്ള (പ്രീ-സ്‌കൂൾ മുതൽ പന്ത്രണ്ടാം ക്ലാസ് വരെ) ഈ സംയോജിത പദ്ധതി 2018-ൽ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചു. സർവ്വ ശിക്ഷാ അഭിയാൻ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ തുടങ്ങിയ മുൻകാല പദ്ധതികളെ ഇത് സംയോജിപ്പിക്കുന്നു. ഈ പദ്ധതി ദേശീയ വിദ്യാഭ്യാസ നയം (NEP) 2020-മായി പൊരുത്തപ്പെടുന്നതാണ്. പെൺകുട്ടികൾക്കായി പ്രത്യേക ശൗചാലയങ്ങൾ, പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള സ്റ്റൈപ്പൻഡ് (CWSN), ലിംഗനീതി ഉറപ്പാക്കുന്ന അധ്യാപന സാമഗ്രികൾ, അധ്യാപകർക്കുള്ള ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ ലക്ഷ്യാധിഷ്ഠിത ഇടപെടലുകളിലൂടെ ലിംഗപരവും സാമൂഹികവുമായ വിടവുകൾ നികത്തുന്നതിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കിക്കൊണ്ട് എല്ലാവരേയും ഉൾക്കൊള്ളുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം, അടിസ്ഥാന സാക്ഷരത/സംഖ്യാശാസ്ത്രം, തൊഴിലധിഷ്ഠിത പരിചയം എന്നിവയ്ക്ക് സമഗ്ര ശിക്ഷ ഊന്നൽ നല്കുന്നു.

കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയം (KGBV)

വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന ബ്ലോക്കുകളിൽ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ (SC/ST/OBC/ന്യൂനപക്ഷ/BPL കുടുംബങ്ങൾ) നിന്നുള്ള 10 മുതൽ 18 വയസ്സുവരെയുള്ള പെൺകുട്ടികൾക്കായി ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ താമസിച്ച് പഠിക്കാനുള്ള സ്കൂൾ സൗകര്യങ്ങൾ കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയങ്ങൾ നല്കുന്നു. സമഗ്ര ശിക്ഷയ്ക്ക് കീഴിൽ നവീകരിച്ച കസ്തൂർബ ഗാന്ധി ബാലികാ വിദ്യാലയങ്ങൾ പ്രാഥമികതലത്തിൽ നിന്ന് ഹയർ സെക്കൻഡറി തലത്തിലേക്കുള്ള പെൺകുട്ടികളുടെ സുഗമമായ മാറ്റം ഉറപ്പാക്കുന്നു.

 


 

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ (BBBP)

2015-ൽ ഹരിയാനയിൽ ആരംഭിച്ച ഈ മുൻനിര പദ്ധതി ഒരു ദശാബ്ദത്തിലേറെയായി സ്വാധീനം ചെലുത്തിയിട്ടുണ്ട് (2025-ൽ രാജ്യവ്യാപകമായ പരിപാടികളോടെ ഇതിൻ്റെ പത്താം വാർഷികം ആഘോഷിച്ചു). ഇപ്പോൾ മിഷൻ ശക്തിയുടെ സംബൽ ഉപപദ്ധതിയിൽ ഉൾപ്പെടുത്തുകയും എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുകയും ചെയ്തിട്ടുള്ള BBBP, ലിംഗഭേദാധിഷ്ഠിത ലിംഗ തിരഞ്ഞെടുപ്പ് തടയുന്നതിലും, പെൺകുട്ടികളുടെ അതിജീവനവും സംരക്ഷണവും ഉറപ്പാക്കുന്നതിലും, വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജനനസമയത്തെ ലിംഗാനുപാതത്തിൽ (SRB) പുരോഗതി കൈവരിക്കുന്നതിനും, സെക്കൻഡറി വിദ്യാഭ്യാസത്തിൽ പെൺകുട്ടികളുടെ പ്രവേശനം വർദ്ധിപ്പിക്കുന്നതിനും, ആരോഗ്യപരിചരണത്തിനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനും, എൻ.ജി.ഒ-കളും മാധ്യമങ്ങളുമായുള്ള ബഹുമേഖലാ പ്രചാരണങ്ങളിലൂടെയും സഹകരണത്തിലൂടെയും കമ്മ്യൂണിറ്റി തലത്തിലുള്ള സ്വഭാവ മാറ്റങ്ങൾ വളർത്തിയെടുക്കുന്നതിനും ഈ പദ്ധതി സഹായിച്ചിട്ടുണ്ട്.

ഉഡാൻ

വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ മാർഗ്ഗനിർദ്ദേശപ്രകാരം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 2014-ൽ ആരംഭിച്ച ഒരു നൂതന സംരംഭമാണ് ഉഡാൻ. പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളിൽ പെൺകുട്ടികളുടെ പ്രവേശനം കുറയുന്നത് പരിഹരിക്കാനാണ് ഈ പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. സ്‌കൂൾ തലത്തിലുള്ള പഠനത്തിനും എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകളുടെ (JEE പോലുള്ളവ) ആവശ്യകതകൾക്കുമിടയിലുള്ള വിടവ് നികത്തിക്കൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്.

പഠന സാമഗ്രികൾ, വീഡിയോ ട്യൂട്ടോറിയലുകൾ, വെർച്വൽ ക്ലാസുകൾ, വാരാന്ത്യ സമ്പർക്ക സെഷനുകൾ എന്നിവയുൾപ്പെടെയുള്ള സൗജന്യ ഓൺലൈൻ ഉറവിടങ്ങൾ ഇത് നല്കുന്നു. പതിനൊന്ന്, പന്ത്രണ്ട്  ക്ലാസുകളിലെ പെൺകുട്ടികളെ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പശ്ചാത്തലത്തിലുള്ളവരെ, ഫലപ്രദമായി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും STEM ഉന്നതവിദ്യാഭ്യാസത്തിൽ അവരുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

സാങ്കേതിക വിദ്യാഭ്യാസത്തിൽ ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും പെൺകുട്ടികൾക്ക് ഗുണലവാരമുള്ള ഉന്നതവിദ്യാഭ്യാസത്തിന് തുല്യമായ അവസരം ഉറപ്പാക്കുന്നതിനുമുള്ള ദേശീയ ലക്ഷ്യങ്ങളുമായി ഈ പദ്ധതി പൊരുത്തപ്പെടുന്നു.

നർച്ചറിംഗ് ആസ്പിറേ0ഷൻസ് ത്രൂ വൊക്കേഷണൽ ട്രെയിനിംഗ് ഫോർ യംഗ് അഡോളസൻ്റ്  ഗേൾസ് (NAVYA)

2025 ജൂൺ 24-ന് ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ആരംഭിച്ച നവ്യ (NAVYA), വനിതാ ശിശു വികസന മന്ത്രാലയത്തിൻ്റേയും (MWCD) നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിൻ്റേയും (MSDE) സംയുക്ത പൈലറ്റ് പദ്ധതിയാണ്. 19 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 27 ആസ്പിറേഷണൽ, വടക്കുകിഴക്കൻ ജില്ലകളിലെ 16-18 വയസ്സ് പ്രായമുള്ള (കുറഞ്ഞത് പത്താം ക്ലാസ് യോഗ്യതയുള്ള) കൗമാരക്കാരായ പെൺകുട്ടികളെയാണ് ഇത് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 (PMKVY 4.0) യ്ക്ക്  കീഴിൽ 3,850 പെൺകുട്ടികൾക്ക് പരിശീലനം നല്കുക എന്നതാണ് പ്രാരംഭ ലക്ഷ്യം. പരമ്പരാഗതമല്ലാത്തതും പുതുതായി ഉയർന്നുവരുന്നതുമായ മേഖലകളിൽ തൊഴിലധിഷ്ഠിത നൈപുണ്യങ്ങൾ കൊണ്ട് പങ്കാളികളെ സജ്ജമാക്കുന്നതിൽ ഈ പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വികസിത ഭാരതം @2047 എന്ന ദർശനവുമായി പൊരുത്തപ്പെടുന്ന നവ്യ സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുകയും തൊഴിൽ മേഖലയിലെ ലിംഗപരമായ മുൻവിധികൾ തകർക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് സേവനങ്ങൾ എത്താത്തയിടങ്ങളിലും ഗോത്രവർഗ്ഗ മേഖലകളിലുമുള്ള  എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനത്തിൻ്റെ  വക്താക്കളായി പെൺകുട്ടികളെ ഇത് ശാക്തീകരിക്കുന്നു. ഈ സംരംഭം 19 സംസ്ഥാനങ്ങളിലായി 27 ജില്ലകളെ ഉൾക്കൊള്ളുന്നു. കൂടാതെ ഡിജിറ്റൽ മാർക്കറ്റിംഗ്, സൈബർ സുരക്ഷ, നിർമ്മിതബുദ്ധി അധിഷ്ഠിത സേവനങ്ങൾ, ഗ്രീൻ ജോബ്സ്  തുടങ്ങിയ പരമ്പരാഗതമല്ലാത്തതും ഭാവിയിലേക്കുള്ളതുമായ മേഖലകളിൽ PMKVY 4.0 യ്ക്ക് കീഴിൽ 3,850 കൗമാരക്കാരായ പെൺകുട്ടികൾക്ക് പരിശീലനം നല്കാൻ ലക്ഷ്യമിടുന്നു.

വിജ്ഞാൻ ജ്യോതി പദ്ധതി

ശാസ്ത്ര സാങ്കേതിക വകുപ്പ് (DST) നടപ്പിലാക്കുന്ന വിജ്ഞാൻ ജ്യോതി പദ്ധതി 9 മുതൽ 12 വരെ ക്ലാസുകളിലെ മിടുക്കരായ പെൺകുട്ടികളെ (പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലുള്ളവരെ) STEM വിഷയങ്ങൾ  തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. കൗൺസിലിംഗ്, ലാബ് സന്ദർശനങ്ങൾ, വർക്ക്‌ഷോപ്പുകൾ, മാതൃകാ വ്യക്തികളുമായുള്ള ഇടപെടലുകൾ, സയൻസ് ക്യാമ്പുകൾ, അക്കാദമിക് പിന്തുണ എന്നിവ ഇതിലെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. പദ്ധതി ആരംഭിച്ചത് മുതൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 35 ഇടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 300 ജില്ലകളിൽ നിന്നുള്ള 80,000-ത്തിലധികം  മിടുക്കരായ പെൺകുട്ടികളെ വിജ്ഞാൻ ജ്യോതി പ്രോഗ്രാം പിന്തുണച്ചിട്ടുണ്ട്.

പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ

പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും, പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ നിരക്ക് കുറയ്ക്കുന്നതിനും, സെക്കൻഡറി, ഉന്നത, സാങ്കേതിക വിദ്യാഭ്യാസ തലങ്ങളിലെ  മികച്ച വിദ്യാർത്ഥിനികളെ പിന്തുണയ്ക്കുന്നതിനുമായി കേന്ദ്ര സർക്കാർ ലക്ഷ്യാധിഷ്ഠിതമായ നിരവധി സ്കോളർഷിപ്പ് പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്.

STEM വിഷയങ്ങളിൽ സ്ത്രീകളുടെ പ്രവേശനം

ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം (STEM) എന്നീ വിഷയങ്ങളിൽ സ്ത്രീകളുടെ പ്രവേശനം വർദ്ധിപ്പിക്കുന്നതിനായി IIT-കളിലും NIT-കളിലും സ്ത്രീകൾക്കായി അധിക സീറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാതൃക രാജ്യത്തുടനീളമുള്ള മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലിംഗപരമായ വൈവിധ്യം മെച്ചപ്പെടുത്തിയിട്ടുണ്ട്.

യുജിസി നെറ്റ്- ജൂനിയർ റിസർച്ച് ഫെലോഷിപ്പ്

STEM വിദ്യാഭ്യാസം ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും പിഎച്ച്.ഡി ചെയ്യുന്നതിനായി ഈ ഫെല്ലോഷിപ്പുകൾ നൽകുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ, STEM വിഷയങ്ങളിലെ ആകെ 12,323 സ്കോളർമാരിൽ 6,435 പേർ സ്ത്രീകളാണ്, ഇത് 50 ശതമാനത്തിലധികമാണ്.

2024-25 കാലയളവിൽ, STEM വിഷയങ്ങളിലെ ആകെ 13,727 സ്കോളർമാരിൽ 7,293 പേർ സ്ത്രീകളാണ്, ഇത് ആകെ ഫെല്ലോകളുടെ 53 ശതമാനത്തിലധികമാണ്.

ബിരുദാനന്തര പഠനത്തിനുള്ള ദേശീയ സ്കോളർഷിപ്പ്

കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് പദ്ധതി 2023-24-ൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP) നടപ്പിലാക്കി. നിലവിലുള്ള നാല് പദ്ധതികളെ സംയോജിപ്പിച്ചുകൊണ്ട് റെഗുലർ, ഫുൾ ടൈം പ്രോഗ്രാമുകൾ ചെയ്യുന്ന ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെ ഇത് പിന്തുണയ്ക്കുന്നു. യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കൾക്കായുള്ള പി.ജി സ്കോളർഷിപ്പ്, എം.ടെക്/എം.ഇ/എം.ഫാം എന്നിവയ്ക്കുള്ള ഗേറ്റ്/GPAT യോഗ്യത നേടിയ വിദ്യാർത്ഥികൾക്കായുള്ള പി.ജി സ്കോളർഷിപ്പ്, SC/ST വിഭാഗക്കാർക്കായുള്ള പ്രൊഫഷണൽ കോഴ്സുകൾക്കുള്ള പി.ജി സ്കോളർഷിപ്പ്, കൂടാതെ ഏകമകൾക്കുള്ള പി.ജി ഇന്ദിരാഗാന്ധി സ്കോളർഷിപ്പ് എന്നിവയാണ് അവ. 10,000 സ്ലോട്ടുകൾക്കായി ഒരു മെറിറ്റ് പട്ടിക തയ്യാറാക്കുന്നു, ഇതിൽ കേന്ദ്ര  സർക്കാരിൻ്റെ  സംവരണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  30 ശതമാനം സ്ത്രീകൾക്കായി സംവരണം ചെയ്തിരിക്കുന്നു (3,000 പേർ തിരഞ്ഞെടുക്കപ്പെടുന്നു). സ്ലോട്ടുകൾ STEM വിഷയങ്ങൾക്കും (50%) ഹ്യുമാനിറ്റീസിനും (50%) തുല്യമായി വിഭജിച്ചിരിക്കുന്നു. പ്രോഗ്രാമിൻ്റെ കാലയളവിൽ സ്കോളർമാർക്ക് വർഷം തോറും 1,50,000 രൂപ ലഭിക്കുന്നു. കോഴ്സ് കാലയളവിൽ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1,50,000 രൂപ വീതവും നല്കുന്നു.

AISHE റിപ്പോർട്ട് പ്രകാരം, 2014-15 മുതൽ 2022-23 വരെയുള്ള കാലയളവിൽ സ്ത്രീകളുടെ ബിരുദാനന്തര ബിരുദ പ്രവേശനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് 19,86,296-ൽ നിന്ന് 32,02,950 ആയി വർദ്ധിച്ചു, ഇത് 12,16,654 വിദ്യാർത്ഥികളുടെ സമ്പൂർണ വർദ്ധനവും 61.3 ശതമാനം വളർച്ചാ നിരക്കും പ്രതിഫലിപ്പിക്കുന്നു.

പിഎച്ച്.ഡി ബിരുദത്തിൽ സ്ത്രീകളുടെ പ്രവേശനം

AISHE റിപ്പോർട്ട് പ്രകാരം, 2014-15 മുതൽ 2022-23 വരെയുള്ള കാലയളവിൽ സ്ത്രീകൾക്കിടയിലെ പിഎച്ച്.ഡി പ്രവേശനം ശ്രദ്ധേയമായ വളർച്ച പ്രകടമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ പിഎച്ച്.ഡി പ്രവേശനം 2014-15-ലെ 47,717-ൽ നിന്ന് 2022-23-ൽ 1,12,441 ആയി വർദ്ധിച്ചു. ഇത് 64,724 പേരുടെ സമ്പൂർണ വർദ്ധനവും ഏകദേശം 135.6 ശതമാനം വളർച്ചയും രേഖപ്പെടുത്തി.

AICTE പ്രഗതി സ്കോളർഷിപ്പ് പദ്ധതി

മിടുക്കരായ പെൺകുട്ടികളെ ഉന്നതവിദ്യാഭ്യാസം നേടാൻ ശാക്തീകരിക്കുന്നതിനായി 2014-15 ൽ ആരംഭിച്ച AICTE പ്രഗതി സ്കോളർഷിപ്പ് പദ്ധതിയിലൂടെ ഡിപ്ലോമ, ഡിഗ്രി കോഴ്സുകൾക്ക് 5,000 വീതം  പ്രതിവർഷം 10,000 സ്കോളർഷിപ്പുകൾ നല്കുന്നു. ഇത് 23 സംസ്ഥാനങ്ങളേയും/ കേന്ദ്രഭരണ പ്രദേശങ്ങളേയും കൂടാതെ വടക്കുകിഴക്കൻ മേഖലയും ജമ്മു കശ്മീരും ഉൾപ്പെടെയുള്ള ബാക്കി 13 മേഖലകളിലെ അർഹരായ എല്ലാ പെൺകുട്ടികളേയും ഉൾക്കൊള്ളുന്നു. 2024-25 ൽ 35,998 വിദ്യാർത്ഥിനികൾ ഈ പദ്ധതിയുടെ പ്രയോജനം നേടി, ഇത് പദ്ധതിയുടെ വിപുലമായ വ്യാപ്തിയും സ്വാധീനവും എടുത്തുകാണിക്കുന്നു.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലിംഗസമത്വം മെച്ചപ്പെടുന്നു

2014-15 നും 2022-23 (താൽക്കാലികം) നും ഇടയിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (HEIs) ഗണ്യമായ വളർച്ചയുണ്ടായി. ഓൾ ഇന്ത്യ സർവ്വേ ഓൺ ഹയർ എജ്യുക്കേഷനിൽ (AISHE) രജിസ്റ്റർ ചെയ്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 2014-15 ലെ 51,534 ൽ നിന്ന് 2022-23 ൽ 60,380 ആയി വർദ്ധിച്ചു. ഇതേ കാലയളവിൽ, ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം 2014-15 ലെ 3.42 കോടിയിൽ നിന്ന് 2022-23 ൽ 4.46 കോടിയായി ഉയർന്നു. സ്ത്രീകളുടെ പ്രവേശനത്തിൽ വൻ വർദ്ധനവ് ഉണ്ടായി എന്നതാണ് ശ്രദ്ധേയമായ കാര്യം. 2014-15 ലെ 1.57 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 ൽ ഇത് 2.18 കോടിയിലെത്തി, അതായത് 38 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. സ്ത്രീകളുടെ മൊത്തം പ്രവേശന അനുപാതവും (GER) മെച്ചപ്പെട്ടു, ഇത് 2014-15 ലെ 22.9 ൽ നിന്ന് 2022-23 (താൽക്കാലികം) ൽ 30.2 ആയി ഉയർന്നു. ഉന്നതവിദ്യാഭ്യാസത്തിലെ ലിംഗസമത്വത്തിലേക്കുള്ള സ്ഥിരമായ പുരോഗതിയെ ഇത് പ്രതിഫലിപ്പിക്കുന്നു. കൂടാതെ, STEM വിദ്യാഭ്യാസത്തിൽ ലോകമെമ്പാടുമുള്ള ഏറ്റവും ഉയർന്ന വനിതാ പങ്കാളിത്ത നിരക്കുകളിലൊന്ന് ഇന്ത്യ കൈവരിച്ചു, STEM വിഷയങ്ങളിൽ പ്രവേശനം നേടിയവരിൽ 43 ശതമാനവും സ്ത്രീകളാണ്.

ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ വിവിധ സംരംഭങ്ങളുടേയും പദ്ധതികളുടേയും ഫലമായി, അധിക സീറ്റുകൾ ഏർപ്പെടുത്തിയതിലൂടെ  IIT-കളിലും NIT-കളിലും സ്ത്രീകളുടെ പ്രവേശനം 10 ശതമാനത്തിൽ താഴെയായിരുന്നത് ഇരട്ടിയിലധികം വർദ്ധിച്ച് 20 ശതമാനത്തിന് മുകളിലെത്തി. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ (HEIs) എണ്ണം 2014-15 ലെ 51,534 ൽ നിന്ന് 2022-23 (താൽക്കാലികം) ൽ 60,380 ആയി ഉയർന്നു.   വിദ്യാർത്ഥികളുടെ എൻറോൾമെൻ്റ്  4.46 കോടിയായി വർദ്ധിച്ചു, ഇതിൽ സ്ത്രീകളുടേത് 38 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ട്  2.18 കോടിയായി ഉയർന്നു. സ്ത്രീകളുടെ മൊത്ത പ്രവേശന അനുപാതം  (FGER) 2014-15 ലെ 22.9 ൽ നിന്ന് 2022-23 (താൽക്കാലികം) ൽ 30.2 ആയി മെച്ചപ്പെട്ടു, ഇത് ലിംഗസമത്വത്തിലെ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. STEM പ്രവേശനത്തിൽ   ഇപ്പോൾ 43 ശതമാനവും സ്ത്രീകളാണ്, ഇത് ആഗോളതലത്തിൽ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്. അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്. സ്കൂളുകളിലെ പെൺകുട്ടികളുടെ ശൗചാലയങ്ങൾ 97.5 ശതമാനമായി ഉയർന്നു. ഐ.ഐ.ടി-മദ്രാസിൻ്റെ വിദ്യ ശക്തി പദ്ധതി പോലുള്ള സംരംഭങ്ങൾ ഗ്രാമീണ മേഖലയിലുള്ളവർക്കും വിദ്യാർത്ഥിനികൾക്കും STEM വിദ്യാഭ്യാസത്തിൽ കൂടുതൽ പിന്തുണ നല്കുന്നു.

ഓരോ മകൾക്കും സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുന്നു

പീഡനത്തിനും ശൈശവ വിവാഹത്തിനുമെതിരെ സമഗ്രമായ നിയമങ്ങൾ വഴി ഓരോ പെൺകുട്ടിക്കും സുരക്ഷിതവും പരിപോഷിപ്പിക്കപ്പെടുന്നതുമായ അന്തരീക്ഷം ഒരുക്കുന്നതിനാണ് സർക്കാർ മുൻഗണന നല്കുന്നത്. ഈ മേഖലയിലെ പ്രധാന കേന്ദ്ര ഇടപെടലുകളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:

ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമവും പോക്‌സോ (POCSO) നിയമവും

2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമവും 2012-ലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമവും (POCSO) കുട്ടികൾക്ക് സമഗ്രമായ സുരക്ഷാ കവചങ്ങൾ വാഗ്ദാനം ചെയ്യുന്നു. 18 വയസ്സിന് താഴെയുള്ള ആരെയും കുട്ടിയായി നിർവ്വചിക്കുന്ന പോക്‌സോ നിയമം ലിംഗഭേദമില്ലാതെ നടപ്പിലാക്കുന്ന ഒന്നാണ്. ഇത് ലൈംഗിക അതിക്രമം, പീഡനം, ചൈൽഡ് പോണോഗ്രഫി എന്നിവയെ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നു. കുട്ടികൾക്ക് അനുകൂലമായ നടപടിക്രമങ്ങൾ, നിർബന്ധിത റിപ്പോർട്ടിംഗ് വ്യവസ്ഥകൾ, വേഗത്തിലുള്ള വിചാരണ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക കോടതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ശൈശവ വിവാഹ നിരോധന നിയമം

2006-ലെ ശൈശവ വിവാഹ നിരോധന നിയമം മുൻപുണ്ടായിരുന്ന 1929-ലെ ശൈശവ വിവാഹ നിയന്ത്രണ നിയമത്തിന് (ശാരദ നിയമം) പകരമായി നിലവിൽ വന്നതാണ്. ശൈശവ വിവാഹങ്ങളെ നിയന്ത്രിക്കുന്നതിന് പകരം നിയമപരമായി നിരോധിക്കുന്നതിലേക്കും, ഇരയാക്കപ്പെട്ടവർക്ക് മെച്ചപ്പെട്ട സംരക്ഷണവും ആശ്വാസവും നല്കുന്നതിലേക്കുമാണ് ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പഠനം പാതിവഴിയിൽ നിലയ്ക്കുക, ആരോഗ്യപരമായ സങ്കീർണ്ണതകൾ, പരിമിതമായ അവസരങ്ങൾ എന്നിങ്ങനെ നേരത്തെയുള്ള വിവാഹം മൂലമുള്ള കഠിനമായ പ്രത്യാഘാതങ്ങളെ പ്രതിരോധിച്ചുകൊണ്ട് പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനും അവരുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള അവകാശം ഉറപ്പാക്കുന്നതിനും ഈ നിയമം നിയമപരമായ പിന്തുണ നല്കുന്നു. നിയമപ്രകാരം, വിവാഹസമയത്ത് കുട്ടിയായിരുന്ന കക്ഷിയുടെ താല്പര്യമനുസരിച്ച് ശൈശവ വിവാഹങ്ങൾ റദ്ദാക്കാവുന്നതാണ് . വിവാഹത്തിന് ഇരയായ വ്യക്തിക്ക് (അല്ലെങ്കിൽ അവരുടെ രക്ഷിതാവിന്/സുഹൃത്തിന്) പ്രായപൂർത്തിയായി രണ്ട് വർഷത്തിനുള്ളിൽ വിവാഹം റദ്ദാക്കുന്നതിനായി ജില്ലാ കോടതിയിൽ ഹർജി നല്കാവുന്നതാണ്.

ബാല വിവാഹ മുക്ത ഭാരതം

 



 

ശൈശവ വിവാഹ നിരോധന നിയമത്തിൻ്റെ തുടർച്ചയായി, വനിതാ ശിശു വികസന മന്ത്രാലയത്തിന് കീഴിൽ 2024 നവംബറിൽ കേന്ദ്ര സർക്കാർ ബാല വിവാഹ മുക്ത ഭാരതം പ്രചാരണം ആരംഭിച്ചു. തീവ്രമായ അവബോധം, നിയമപാലനം, കമ്മ്യൂണിറ്റി ശാക്തീകരണം, വിവിധ മേഖലകളുടെ സഹകരണം എന്നിവയിലൂടെ ശൈശവ വിവാഹങ്ങൾ നിർമ്മാർജ്ജനം ചെയ്യാനാണ് ഈ രാജ്യവ്യാപക സംരംഭം ലക്ഷ്യമിടുന്നത്. 2030-ഓടെ  ശൈശവ വിവാഹം, നേരത്തെയുള്ള വിവാഹം, നിർബന്ധിത വിവാഹം ഉൾപ്പെടെയുള്ള എല്ലാ ദോഷകരമായ ആചാരങ്ങളും ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന സുസ്ഥിര വികസന ലക്ഷ്യം (SDG) 5.3-മായി ഇത് ചേർന്നുനിൽക്കുന്നു. റിപ്പോർട്ടിംഗിനും അവബോധത്തിനുമായി പ്രത്യേക പോർട്ടൽ, ജില്ലാതല നിരീക്ഷണം, മികച്ച പ്രകടനം കാഴ്ചവെക്കുന്ന പ്രദേശങ്ങൾക്ക് പുരസ്കാരങ്ങൾ, 2026-ഓടെ ശൈശവ വിവാഹ നിരക്ക് 10 ശതമാനം കുറയ്ക്കാനും 2030-ഓടെ ബാല വിവാഹ മുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനും ലക്ഷ്യമിട്ടുള്ള 100 ദിവസത്തെ തീവ്രപ്രചാരണം (2025 ഡിസംബറിൽ ആരംഭിച്ചത്) എന്നിവ ഈ പ്രചാരണത്തിൽ ഉൾപ്പെടുന്നു.

കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള പദ്ധതി (SAG)

രാജ്യവ്യാപകമായുള്ള ആസ്പിറേഷണൽ ജില്ലകളിലേയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലേയും 14-18 വയസ്സ് പ്രായമുള്ള പെൺകുട്ടികളെയാണ് കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള പദ്ധതി ലക്ഷ്യമിടുന്നത്. അവരുടെ ആരോഗ്യവും പോഷകാഹാര നിലവാരവും മെച്ചപ്പെടുത്തുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഈ പദ്ധതിക്ക് കീഴിൽ രണ്ട് പ്രധാന ഘടകങ്ങളുണ്ട്.

പോഷകാഹാര ഘടകത്തിന് കീഴിൽ, പ്രാദേശിക ഉൽപ്പന്നങ്ങൾ, ഫോർട്ടിഫൈഡ് അരി, ചെറുധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ, പുതിയ പഴങ്ങൾ/പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തി വർഷത്തിൽ 300 ദിവസത്തേക്ക് അനുബന്ധ പോഷകാഹാരവും ഭക്ഷണവും (600 കലോറി, 18-20 ഗ്രാം പ്രോട്ടീൻ, മൈക്രോ ന്യൂട്രിയൻ്റുകൾ) നല്കുന്നു. ഇത് ചൂടുള്ള പാകം ചെയ്ത ഭക്ഷണമായും, വീട്ടിലേക്ക് കൊണ്ടുപോകാവുന്ന റേഷനായും ലഭ്യമാക്കുന്നു. പോഷകാഹാരേതര ഘടകത്തിൽ, വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തിലൂടെ അയൺ-ഫോളിക് ആസിഡ് (IFA) ഗുളികകൾ നല്കൽ, ആരോഗ്യ പരിശോധനകൾ, പോഷകാഹാര-ആരോഗ്യ വിദ്യാഭ്യാസം, നൈപുണ്യ വികസനം, വിളർച്ച നിയന്ത്രണം എന്നിവ ഉൾപ്പെടുന്നു. കൂടാതെ, സ്കൂൾ പഠനം നിർത്തിയ പെൺകുട്ടികളെ വീണ്ടും ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് മടങ്ങാൻ ഇത് പ്രോത്സാഹിപ്പിക്കുകയും, അവർക്ക് ജീവിത നൈപുണ്യങ്ങൾ, സാക്ഷരത, സംഖ്യാ വൈദഗ്ദ്ധ്യം എന്നിവ നല്കുകയും അവരുടെ തീരുമാനമെടുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 2024 ഡിസംബർ 31-ലെ കണക്കനുസരിച്ച് 24,08,074 കൗമാരക്കാരായ പെൺകുട്ടികൾ പോഷൺ ട്രാക്കർ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആർത്തവ ശുചിത്വ പദ്ധതി (MHS)

 


 

ഗ്രാമപ്രദേശങ്ങളിലെ 10-19 വയസ്സ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ ആർത്തവ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈ പദ്ധതി ആരംഭിച്ചു.

കൗമാരക്കാരായ പെൺകുട്ടികൾക്കിടയിൽ സുരക്ഷിതവും ശുചിത്വമുള്ളതുമായ ആർത്തവ രീതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.

ഗ്രാമപ്രദേശങ്ങളിൽ താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ സാനിറ്ററി നാപ്കിനുകളുടെ ലഭ്യത വർദ്ധിപ്പിക്കാൻ ഇത് ശ്രമിക്കുന്നു.

സാനിറ്ററി നാപ്കിനുകളുടെ പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമായ നിർമ്മാർജ്ജനം ഉറപ്പാക്കുന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.

2011-ൽ തിരഞ്ഞെടുത്ത 107 ജില്ലകളിൽ ആരംഭിച്ച ഈ പദ്ധതി "ഫ്രീഡേയ്‌സ്"  എന്ന ബ്രാൻഡിന് കീഴിൽ സബ്‌സിഡി നിരക്കിൽ നാപ്കിനുകൾ നല്കിയിരുന്നു. 2014 മുതൽ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ സംസ്ഥാനങ്ങൾ നാപ്കിനുകൾ സംഭരിക്കുകയും ആശാ പ്രവർത്തകർ വിതരണവും അവബോധ പ്രവർത്തനങ്ങളും നടത്തുകയും ചെയ്യുന്നു. 2025 നവംബറിലെ കണക്കനുസരിച്ച്, 'സുവിധ' നാപ്കിനുകളുടെ ആകെ വില്പ്പന 96.30 കോടിയാണ്. ആശാ പ്രവർത്തകർ സബ്‌സിഡി നിരക്കിലുള്ള സാനിറ്ററി നാപ്കിൻ പാക്കറ്റുകൾ വിതരണം ചെയ്യുകയും മാസത്തിലൊരിക്കൽ ആരോഗ്യ അവബോധ  യോഗങ്ങൾ നടത്തുകയും ചെയ്യുന്നു. അതേസമയം, മിതമായ നിരക്കിൽ ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനായി പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജന (PMBJP) ഒരു പാഡിന് ഒരു രൂപ നിരക്കിൽ ജൻ ഔഷധി സുവിധ സാനിറ്ററി പാഡുകൾ ലഭ്യമാക്കുന്നു.

പോഷൺ അഭിയാൻ

2018 മാർച്ച് 8-ന് രാജസ്ഥാനിലെ ജുൻജുനുവിൽ ആരംഭിച്ച ഈ പദ്ധതി കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 0-6 വയസ്സ് പ്രായമുള്ള കുട്ടികൾ എന്നിവരുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നിരീക്ഷണം, വിവിധ മേഖലകളുടെ ഏകോപനം, ജനപങ്കാളിത്തം എന്നിവയിലൂടെ കുട്ടികളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് മൂലമുള്ള ഭാരക്കുറവ് എന്നിവ കുറയ്ക്കാൻ ഈ പരിപാടി ലക്ഷ്യമിടുന്നു. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിൽ ഇതൊരു സമഗ്ര സമീപനമാണ് സ്വീകരിക്കുന്നത്.

മിഷൻ വാത്സല്യ

പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് അവരുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ അനുഭാവപൂർണ്ണവും പിന്തുണ നല്കുന്നതുമായ ഒരു സാഹചര്യം ഒരുക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് മിഷൻ വാത്സല്യ. 2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ  പരിചരണവും സംരക്ഷണവും) നിയമപ്രകാരം (2021-ൽ ഭേദഗതി ചെയ്തത്) നിർവ്വചിക്കപ്പെട്ടിട്ടുള്ള കുട്ടികൾക്ക് സ്ഥാപനപരവും സ്ഥാപനപരമല്ലാത്തതുമായ പരിചരണ സേവനങ്ങൾ നല്കുന്നതിന് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഈ പദ്ധതി സാമ്പത്തിക സഹായം നല്കുന്നു.

 


 

ഈ പരിശ്രമങ്ങൾക്ക് പൂരകമായി,  2015 ലെ ജെ.ജെ നിയമപ്രകാരം നിർദ്ദേശിച്ചിട്ടുള്ള കുട്ടികൾക്കായുള്ള എമർജൻസി ഔട്ട്‌റീച്ച് ഹെൽപ്പ് ലൈൻ, ആഭ്യന്തര മന്ത്രാലയത്തിൻ്റെ 112 എന്ന ഹെൽപ്പ് ലൈനുമായി സംയോജിപ്പിച്ച് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഏകോപിപ്പിച്ച് ഈ പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്റ്റേറ്റ് ഡബ്ല്യു.സി.ഡി കൺട്രോൾ റൂമുകൾ സ്ഥാപിക്കുകയും 728 ജില്ലാ ചൈൽഡ് ഹെൽപ്പ് ലൈൻ യൂണിറ്റുകളെ ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട് (2026 ജനുവരി 21 വരെയുള്ള കണക്കനുസരിച്ച്).

കൂടാതെ, മിഷൻ വാത്സല്യ പോർട്ടൽ എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് 'ട്രാക്ക് ചൈൽഡ്' , 'ഖോയ-പായ'  തുടങ്ങിയ മുൻകാല ശിശു സംരക്ഷണ സംവിധാനങ്ങളെ ഒന്നിപ്പിക്കുന്നു. ഇത് കാണാതായവർ, അനാഥർ, ഉപേക്ഷിക്കപ്പെട്ടവർ, ശരണാലയങ്ങളിൽ ഏൽപ്പിക്കപ്പെട്ടവർ എന്നിവരായ കുട്ടികൾക്കായുള്ള സേവനങ്ങൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കുന്നു. സി.ഡബ്ല്യു.സി, ജെ.ജെ.ബി, സി.സി.ഐ തുടങ്ങിയ പങ്കാളികൾക്ക് ഒരൊറ്റ  ജോലിസ്ഥലം നല്കുന്നതിലൂടെ, ജോലികളിലെ ആവർത്തനം കുറയ്ക്കാനും എം.ഐ.എസ് ഡാഷ്‌ബോർഡുകൾ വഴി നിരീക്ഷണം ശക്തമാക്കാനും ഇതിന് സാധിക്കുന്നു.

സാമ്പത്തിക ഉൾച്ചേർക്കൽ പ്രോത്സാഹിപ്പിക്കൽ

പെൺകുട്ടികളുടെ ദീർഘകാല സാമ്പത്തിക സുരക്ഷയും സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി, അവരുടെ വിദ്യാഭ്യാസം, വിവാഹം, ഭാവി ആവശ്യങ്ങൾ എന്നിവ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക സമ്പാദ്യ-നിക്ഷേപ പദ്ധതികൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്.

സുകന്യ സമൃദ്ധി യോജന (SSY)

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി 2015-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഈ മുൻനിര പദ്ധതി പെൺകുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിനും വിവാഹത്തിനും സാമ്പത്തിക സുരക്ഷയും സമ്പാദ്യവും വാഗ്ദാനം ചെയ്യുന്നു. 2024 നവംബറോടെ രാജ്യവ്യാപകമായി 4.2 കോടിയിലധികം അക്കൗണ്ടുകൾ തുറന്നു കഴിഞ്ഞു, ഇത് പദ്ധതിയിലുള്ള ജനങ്ങളുടെ ശക്തമായ പങ്കാളിത്തത്തേയും വിശ്വാസത്തേയും സൂചിപ്പിക്കുന്നു. ഈ മാസം 11 വർഷം പൂർത്തിയാക്കുന്ന എസ്.എസ്.വൈ (SSY), പെൺമക്കളുടെ ഭാവിയിലേക്ക് നിക്ഷേപം നടത്താൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നു. ഇത് സാമ്പത്തിക ഉൾച്ചേർക്കൽ, ലിംഗസമത്വം, ദീർഘകാല സാമൂഹിക പുരോഗതി എന്നിവ വളർത്തുന്നു.

ഉപസംഹാരം

2026-ലെ ദേശീയ ബാലികാ ദിനം പെൺകുട്ടികളെ ശാക്തീകരിക്കേണ്ടതിൻ്റേയും തുല്യതയുടേയും അവസരങ്ങളുടേയും സാഹചര്യം ഒരുക്കേണ്ടതിൻ്റേയും പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നു. ജനപങ്കാളിത്തം, എൻ.ജി.ഒകൾ, സ്കൂളുകൾ, അംഗൻവാടികൾ എന്നിവയുടെ പിന്തുണയോടെയുള്ള വിവിധ സംരംഭങ്ങളിലൂടെ പെൺകുട്ടികളുടെ അതിജീവനം, വിദ്യാഭ്യാസം, ശാക്തീകരണം എന്നിവയിൽ ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ അവബോധ പ്രചാരണങ്ങൾ, നയങ്ങൾ നടപ്പിലാക്കൽ, സാമൂഹ്യ  ഇടപെടലുകൾ എന്നിവയിലൂടെ ലിംഗസമത്വത്തിലേക്കും സാമൂഹിക മനോഭാവത്തിലെ മാറ്റത്തിലേക്കുമുള്ള  ഇന്ത്യയുടെ കുതിപ്പ് തുടരുന്നു.

സർക്കാരിൻ്റേയും സിവിൽ സൊസൈറ്റിയുടേയും സമൂഹത്തിൻ്റേയും നിരന്തരമായ പ്രതിബദ്ധതയോടെ, ഓരോ പെൺകുട്ടിയും വിലമതിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും സ്വന്തം കഴിവുകൾ തിരിച്ചറിയാൻ ശാക്തീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു സമത്വ പൂർണ്ണമായ സമൂഹത്തിലേക്ക് ഇന്ത്യ മുന്നേറുകയാണ്.



റഫറൻസുകൾ:

Press Information Bureau:

https://www.pib.gov.in/PressReleasePage.aspx?PRID=2205104&reg=3&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=154585&ModuleId=3&reg=3&lang=1

https://www.pib.gov.in/PressReleseDetailm.aspx?PRID=2100642&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1808683&reg=3&lang=2

https://archive.pib.gov.in/4yearsofnda/schemesSlide/Beti%20Bachao.htm?

https://www.pib.gov.in/PressReleasePage.aspx?PRID=2204133&reg=3&lang=1

Ministry of Health and Family Welfare:

https://sansad.in/getFile/loksabhaquestions/annex/1715/AU1348.pdf?source=pqals#:~:text=The%20aim%20is%20to%20promote,health%20services%20at%20affordable%20prices

https://nhm.gov.in/index1.php?lang=1&level=3&sublinkid=1021&lid=391#:~:text=Background,for%20her%20own%20personal%20use

Ministry of Women and Child Development:

https://sansad.in/getFile/loksabhaquestions/annex/184/AU913_GfputK.pdf?source=pqals

https://www.indiabudget.gov.in/doc/eb/sbe101.pdf


Ministry of Education:
https://www.education.gov.in/sites/upload_files/mhrd/files/statistics-new/UDISE+Report%202024-25%20-%20Existing%20Structure.pdf

https://dashboard.udiseplus.gov.in/report2025/static/media/UDISE+2024_25_Booklet_nep.ea09e672a163f92d9cfe.pdf

Click here to see in pdf

****

(Explainer ID: 157075) आगंतुक पटल : 5
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Kannada
Link mygov.in
National Portal Of India
STQC Certificate