• Sitemap
  • Advance Search
Economy

ഒരു ജില്ല ഒരു ഉൽപ്പന്നം (ഒ.ഡി.ഒ.പി)

പ്രാദേശിക തെരുവുകളിൽ നിന്ന് ആഗോള വിപണികളിലേക്കുള്ള ഒരു പ്രയാണം

Posted On: 23 JAN 2026 10:05AM

പ്രധാന കാര്യങ്ങൾ

ഒ.ഡി.ഒ.പി പ്രാദേശിക കരകൗശലവിദഗ്ധരെ ശാക്തീകരിക്കുകയും പരമ്പരാഗത കഴിവുകൾ പുനരുജ്ജീവിപ്പിക്കുകയും ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഈ സംരംഭം രാജ്യവ്യാപകമായി വ്യാപിച്ചു, 770-ലധികം ജില്ലകളെ സാമ്പത്തിക കേന്ദ്രങ്ങളാക്കി മാറ്റുന്നു.

ഉത്തർപ്രദേശിൽ ആരംഭിച്ച ഇത് ഇപ്പോൾ പ്രാദേശിക സാമ്പത്തിക പരിവർത്തന രംഗത്തെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സംരംഭമാണ്.

ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലെയ്‌സ് (ജി.ഇ.എം)-ഒ.ഡി.ഒ.പി ബസാർ പോലുള്ള ഇ-കൊമേഴ്സ് പ്രാരംഭ പരിചയപ്പെടുത്തൽ സംരംഭങ്ങൾ ഇന്ത്യയിലെ ഏറ്റവും മികച്ച ഒ.ഡി.ഒ.പി വാഗ്ദാനങ്ങളിൽ ചിലത് പ്രദർശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു.

ആമുഖം: പ്രാദേശിക കരകൗശലവസ്തുക്കൾ ഒരു ദേശീയ വിപ്ലവത്തിന് തിരികൊളുത്തിയ സ്ഥലം


ഉത്തർപ്രദേശിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൊറാബാദ്, ഉരുകിയ ലോഹത്തെ മികച്ച പിച്ചള പാത്രങ്ങളാക്കി രൂപപ്പെടുത്തിയ കരകൗശലവിദഗ്ധരുടെ തലമുറകൾ വസിച്ച ഒരു നഗരമാണ്.


പതിറ്റാണ്ടുകളായി, കുടുംബം നടത്തുന്ന പണിശാലകളിൽ ഈ കരകൗശല വിദഗ്ധർ തങ്ങളുടെ നൈപുണ്യങ്ങൾ മെച്ചപ്പെടുത്തി, പലപ്പോഴും അവരുടെ പട്ടണങ്ങൾക്കപ്പുറമുള്ള ലോകത്തിന് അവ അജ്ഞാതമായിരുന്നു. 2018 ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു. സംസ്ഥാനം നേതൃത്വം നൽകുന്ന ഒരു നൂതന പരീക്ഷണത്തിന്റെ ഭാഗമായി, മൊറാദാബാദിലെ പിച്ചളപ്പാത്രങ്ങൾ ധീരമായൊരു പുതുസംരംഭമായ 'ഒരു ജില്ല ഒരു ഉൽപ്പന്നം' (ഒ.ഡി.ഒ.പി) പദ്ധതി പ്രകാരം ജില്ലയുടെ ഏറ്റവും സവിശേഷ ഉൽപ്പന്നമായി തിരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാനത്തെ ഓരോ ജില്ലയിലും ഒരു സവിശേഷ ഉൽപ്പന്നം തിരിച്ചറിയുക, അതിനെ ബ്രാൻഡ് ചെയ്യൽ, വിപണി അഭിഗമ്യത, സ്ഥാപനപര പിന്തുണ, ദൃശ്യപരത എന്നിവ നൽകുക, അതിന്റെ പിന്നിലുള്ള സമൂഹത്തെ ശാക്തീകരിക്കുക എന്ന ആശയം ലളിതമെങ്കിലും വിപ്ലവകരവുമായിരുന്നു. ഇന്ന്, ഈ കരകൗശല വസ്തുക്കൾ അന്താരാഷ്ട്ര വ്യാപാര മേളകളിൽ പ്രദർശിപ്പിക്കപ്പെടുന്നു. തദ്ദേശീയരുടെ അഭിമാനം വർദ്ധിച്ചു, വരുമാനം അഭിവൃദ്ധിപ്പെട്ടു, ഒരുകാലത്ത് സാമ്പത്തിക അനിശ്ചിതത്വത്തിൽ വലഞ്ഞിരുന്ന ഒരു ജില്ല പിന്നീട് സ്വയംപര്യാപ്തതയുടെയും സമൃദ്ധിയുടെയും മാതൃകയായി മാറി.

മൊറാദാബാദ് പൊതുസാഹചര്യത്തിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല, വളരെ വലിയൊരു കഥയിലെ ആദ്യ അധ്യായമായി അത് മാറി. 2025 ഡിസംബറോടെ ഒ.ഡി.ഒ.പി ദേശീയ തലത്തിൽ അംഗീകരിക്കപ്പെടുകയും ദശലക്ഷക്കണക്കിന് സംരംഭകരുടെയും, കരകൗശല വിദഗ്ധരുടെയും, കർഷകരുടെയും ജീവിതത്തെ സ്പർശിച്ചുകൊണ്ട് 770-ലധികം ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഉത്തർപ്രദേശിൽ ആരംഭിച്ചത് ഇപ്പോൾ പ്രാദേശിക സാമ്പത്തിക പരിവർത്തനത്തിൽ ഇന്ത്യയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന സംരംഭമാണ്.


വളർച്ചയ്ക്കും വികസനത്തിനും ഇന്ധനമേകുന്ന ഒ.ഡി.ഒ.പി

സന്തുലിതമായ പ്രാദേശിക വികസനം
കരകൗശല വിദഗ്ധരുടെയും ഉൽപ്പാദകരുടെയും ശാക്തീകരണം
കയറ്റുമതി പ്രോത്സാഹനം
പൈതൃക സംരക്ഷണം
സാമ്പത്തിക സ്വാധീനം
തൊഴിൽ സൃഷ്ടി
ആഗോള അംഗീകാരം

ഓരോ ജില്ലയിൽ നിന്നും ഒരു തനതായ ഉൽപ്പന്നം തിരിച്ചറിഞ്ഞ് ബ്രാൻഡ് ചെയ്യുന്നതിലൂടെ സന്തുലിതമായ പ്രാദേശിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഒ.ഡി.ഒ.പി ശ്രമിക്കുന്നത്, അതിനൊപ്പം ഏകോപിത സ്ഥാപനപര പിന്തുണയിലൂടെ കരകൗശല വിദഗ്ധർക്കും പ്രാദേശിക ഉൽപാദകർക്കും വിപണി പ്രവേശനം ശക്തിപ്പെടുത്തുന്നു. ജില്ലാതല മൂല്യ ശൃംഖലകളിലുടനീളം വരുമാനം ശക്തിപ്പെടുത്തുന്നതിലൂടെയും, വിപണി പ്രവേശനം വിപുലീകരിക്കുന്നതിലൂടെയും, ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും ഈ സംരംഭം ഗണ്യമായ സാമ്പത്തിക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബ്രാൻഡ് ചെയ്യൽ, പ്രദർശനങ്ങൾ, ആഗോള പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ, ഒ.ഡി.ഒ.പി സുസ്ഥിരമായ രീതികളെയും സാംസ്‌കാരിക വിനിമയത്തെയും പിന്തുണയ്ക്കുന്നതിനൊപ്പം, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആഗോള അംഗീകാരം വർദ്ധിപ്പിച്ചിട്ടുണ്ട്.

വളർച്ചാ ചാലകശക്തിയായി ജില്ലകൾ

കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡി.പി.ഐ.ഐ.ടി) നേതൃത്വം നൽകുന്ന ഒ.ഡി.ഒ.പി സംരംഭം, ഓരോ ജില്ലയുടെയും അതുല്യമായ സാമ്പത്തിക സാധ്യതകൾ തുറക്കുക, സന്തുലിതമായ പ്രാദേശിക വളർച്ചയിലേക്ക് നയിക്കുക, ദേശീയ, ആഗോള വിപണികളിൽ മത്സരിക്കാൻ പ്രാദേശിക കരകൗശല വിദഗ്ധരെയും സംരംഭകരെയും സജ്ജരാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ വിശാലമായ വികസന മുൻഗണനകളുമായി സാംസ്‌കാരിക പൈതൃകത്തെ സമന്വയിപ്പിക്കുന്നതിലൂടെ, പരമ്പരാഗത കഴിവുകളെ സുസ്ഥിരമായ ഒരു സാമ്പത്തിക ചാലകശക്തിയാക്കി മാറ്റുന്നു.

ഈ സംരംഭം ലക്ഷ്യമിടുന്നത്:

സന്തുലിതമായ പ്രാദേശിക വളർച്ച പ്രോത്സാഹിപ്പിക്കുക: മേഖലാതല അസമത്വങ്ങൾ കുറയ്ക്കുന്നതിനും സമഗ്ര വികസനം ഉറപ്പാക്കുന്നതിനും ഓരോ ജില്ലയുടെയും സാമ്പത്തിക ശക്തികൾ വികസിപ്പിക്കുക.  
 
തൊഴിലവസരങ്ങളും ഗ്രാമീണ സംരംഭകത്വവും പ്രാപ്യമാക്കുക: ആത്മനിർഭര ഭാരതിന്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ കർഷകരെയും, കരകൗശല വിദഗ്ധരെയും, നെയ്ത്തുകാരെയും, പ്രാദേശിക ഉൽപ്പാദകരെയും ശാക്തീകരിച്ചുകൊണ്ട് ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുക.
ദേശീയ ഉൽപ്പാദന ദൗത്യങ്ങളുമായി സംയോജിപ്പിക്കുക: ആഭ്യന്തര ശേഷികളും ആഗോള മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയിൽ നിർമ്മിക്കൽ (മെയ്ക്ക് ഇൻ ഇന്ത്യ), പ്രാദേശിക ഉല്പ്പന്നങ്ങൾക്കായി ശബ്ദമുയർത്തുക (വോക്കൽ ഫോർ ലോക്കൽ), ജില്ലകളെ കയറ്റുമതി കേന്ദ്രങ്ങളാക്കൽ തുടങ്ങിയ സംരംഭങ്ങളുമായി സംയോജിപ്പിക്കുക.
വിപണി പ്രവേശനം വർദ്ധിപ്പിക്കൽ:
 
വിൽപ്പനയും പ്രചാരണവും വർദ്ധിപ്പിക്കുന്നതിനായി ജി.ഇ.എം എന്ന കേന്ദ്രസർക്കാറിന്റെ ഇ-വിപണിസങ്കേത (ഇ-മാർക്കറ്റ്പ്ലേസ്)ത്തിൽ ഒരു സമർപ്പിത ഒ.ഡി.ഒ.പി പ്രദർശന കവാടം, സംസ്ഥാനതല ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ എന്നിവയുൾപ്പെടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി വിപണി ബന്ധങ്ങളുടെ വിപുലീകരണം.


ഒ.ഡി.ഒ.പിയ്ക്ക് കീഴിലുള്ള സ്ഥാപനപരമായ ഭരണവും ഉൽപ്പന്ന തിരഞ്ഞെടുപ്പ് ചട്ടക്കൂടും:

ഒ.ഡി.ഒ.പിയുടെ വിജയം അതിന്റെ പൊരുത്തമുള്ളതും എന്നാൽ ഘടനാപരവുമായ ഭരണ മാതൃകയിലാണ്. കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ എന്നിവയുടെ സഹകരണ ഉദ്യമങ്ങളിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.

ഒ.ഡി.ഒ.പി സംരംഭത്തിന് കീഴിൽ, നിലവിൽ പ്രവർത്തനതലത്തിലുള്ള ആവാസവ്യവസ്ഥയെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുകയും അന്തിമ പട്ടിക കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പിനെ (ഡി.പി.ഐ.ഐ.ടി) അറിയിക്കുകയും ചെയ്യുന്നു.

ഡി.പി.ഐ.ഐ.ടിയുടെ ഡിജിറ്റൽ പോർട്ടലിൽ 1,200-ലധികം ഒ.ഡി.ഒ.പി ഉൽപ്പന്നങ്ങൾ പട്ടികയിലാക്കി രേഖപ്പെടുത്തിയിട്ടുണ്ട്. തുണിത്തരങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ മുതൽ കരകൗശല വസ്തുക്കൾ, ധാതുക്കൾ വരെയുള്ള മേഖലകൾ ഇതിൽ ഉൾപ്പെടുന്നു.

 


ജി.ഇ.എം-ഒ.ഡി.ഒ.പി ബസാർ പോലുള്ള ഇ-കൊമേഴ്സ് സംരംഭങ്ങളിലൂടെ, ഇന്ത്യയിലെ ഏറ്റവും മികച്ച ഒ.ഡി.ഒ.പി ഉൽപ്പന്നങ്ങൾ വിശാലമായ വിപണികളിൽ പ്രദർശിപ്പിക്കപ്പെടുന്നു, ഇത് കരകൗശല വിദഗ്ധരെ ശാക്തീകരിക്കുകയും വിപണി പ്രവേശനം വിപുലീകരിക്കുകയും ചെയ്യുന്നു.

ഉത്തർപ്രദേശ്: രാഷ്ട്രത്തിന് ഒരു മാതൃക


 

ഒ.ഡി.ഒ.പി സംരംഭത്തിന് പിന്നിലെ മുൻനിര സംസ്ഥാനമായ ഉത്തർപ്രദേശ്, ഈ പദ്ധതിയ്ക്ക് കീഴിൽ ഗണ്യമായ സാമ്പത്തിക പരിവർത്തനം അനുഭവവേദ്യമാക്കി. 2025- ലെ ഉത്തർപ്രദേശ് അന്താരാഷ്ട്ര വ്യാപാര മേള (യു.പി.ഐ.ടി.എസ്) ഒ.ഡി.ഒ.പി അഭൂതപൂർവമായ ദേശീയ, ആഗോള ദൃശ്യപരത നേടി. ഈ സംരംഭം ഉത്തർപ്രദേശിൽ നിന്നുള്ള ജില്ലാ-നിർദ്ദിഷ്ട ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിൽ എത്താൻ എങ്ങനെ വഴിയൊരുക്കിയെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തുപറഞ്ഞു. 466 സ്റ്റാളുകൾ ഉൾപ്പെട്ട യു.പി.ഐ.ടി.എസ് 2025 ലെ ഒ.ഡി.ഒ.പി പവലിയനിൽ 20.77 കോടി രൂപയുടെ വ്യാപാര താത്പര്യങ്ങളും ഇടപാടുകളും സൃഷ്ടിച്ചു.

അതുപോലെ, പ്രയാഗ് രാജിൽ 2025 ലെ മഹാകുംഭമേളയിൽ, പരമ്പരാഗത കരകൗശല വൈദഗ്ധ്യത്തിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോമായി ഒ.ഡി.ഒ.പി ഉയർന്നുവന്നു. 6,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു പ്രദർശന മേഖല, രാജ്യമെമ്പാടുമുള്ള കരകൗശല വിദഗ്ധരെ ഒരുമിച്ച് കൊണ്ടുവന്നു. ബനാറസി അലങ്കാരനെയ്ത്തുപട്ട്, കുശിനഗർ പരവതാനികൾ, ഫിറോസാബാദ് സ്ഫടികസാമഗ്രികൾ, വാരണാസി മര കളിപ്പാട്ടങ്ങൾ, ലോഹനിർമിത കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള സവിശേഷമായ കരകൗശല വസ്തുക്കൾ പ്രദർശിപ്പിച്ചു. കാശി മേഖലയിൽ നിന്നുള്ള 34 എണ്ണമുൾപ്പെടെ ഉത്തർപ്രദേശിൽ നിന്നുള്ള ജിഐ-ടാഗ് രേഖപ്പെടുത്തിയ 75 ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരവും പ്രദർശിപ്പിച്ചു.

ഉത്തർപ്രദേശിലെ സ്വാധീനം

കയറ്റുമതി 76 ശതമാനം വർദ്ധിച്ചു, 2017-18 ലെ 88,967 കോടി രൂപയിൽ നിന്ന് 2023-24 ൽ 1.71 ലക്ഷം കോടി രൂപയായി ഗണ്യമായി ഉയർന്നു.

ഒ.ഡി.ഒ.പി ധനസഹായ വിഹിത ദായക പദ്ധതിയ്ക്ക് കീഴിൽ 6,000 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചു.

ഒ.ഡി.ഒ.പി നൈപുണ്യ വികസന, തൊഴിലുപകരണ വിതരണ പദ്ധതിക്ക് കീഴിൽ 1.25 കോടിയിലധികം ഒ.ഡി.ഒ.പി കരകൗശല വിദഗ്ധർക്ക് പരിശീലനം നൽകുകയും ആധുനിക  ഒ.ഡി.ഒ.പി തൊഴിലുപകരണങ്ങൾ നൽകുകയും ചെയ്തു.

പിഎം ഏകതാ മാളുകൾ: ഇന്ത്യയുടെ കരകൗശല പൈതൃകത്തിലേക്കുള്ള പ്രശസ്ത പ്രവേശനകവാടങ്ങൾ:

ഒ.ഡി.ഒ.പി, ജി.ഐ, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വിൽക്കുന്നതിനുമുള്ള സമർപ്പിത ചില്ലറവില്പന, പ്രദർശന കേന്ദ്രങ്ങളായാണ് പി.എം ഏകതാ മാളുകൾ (യൂണിറ്റി മാളുകൾ) വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് ഓരോ മാളിലും പ്രത്യേക സ്ഥലം നൽകാൻ പദ്ധതിയിട്ടിട്ടുണ്ട്, ഇത് വിശാലമായ വിപണി പ്രവേശനം, ശക്തമായ ദൃശ്യപരത, ജില്ലാതല സവിശേഷതകൾക്ക് മെച്ചപ്പെട്ട ഉപഭോക്തൃ സമ്പർക്കം എന്നിവ പ്രാപ്തമാക്കുന്നു.

 



 

സവിശേഷതകൾ:

ഒരു മേൽക്കൂരയ്ക്ക് കീഴിൽ എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജില്ലാ പ്രദർശനങ്ങൾക്കും പ്രത്യേക ഇടങ്ങൾ ഒരുക്കി ഇന്ത്യയുടെ വൈവിധ്യത്തെ ആഘോഷിക്കുന്നു.

ഓരോ സംസ്ഥാനത്തിനും കുറഞ്ഞത് 100 കോടി രൂപ ഉൾപ്പെടെ, കരകൗശല വിദഗ്ധരെയും സംരംഭകരെയും ശാക്തീകരിക്കുന്നതിന് 5,000 കോടി രൂപയുടെ പലിശ രഹിത പിന്തുണ നൽകുന്നു.

27 സംസ്ഥാനങ്ങളിലായി 29 യൂണിറ്റി മാളുകൾക്ക് അംഗീകാരം ലഭ്യമാക്കി ദ്രുതഗതിയിലുള്ള വിന്യാസം.

ദേശീയ ബ്രാൻഡ് വത്കരണം, ബഹുഭാഷാ ചിഹ്നങ്ങൾ എന്നിവയും അനുഭവ മേഖലകൾ, തിയേറ്ററുകൾ, ഭക്ഷ്യ പൊതുശാലകൾ (ഫുഡ് കോർട്ടുകൾ) തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഉൾപ്പെടുന്ന സവിശേഷ വാസ്തുവിദ്യ.

സംസ്ഥാന ഉടമസ്ഥതയിലും പ്രൊഫഷണൽ നിയന്ത്രണത്തിലും ഒരു പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെ പ്രവർത്തിക്കുന്നു.

ഒ.ഡി.ഒ.പി, പ്രാദേശിക കരകൗശല വസ്തുക്കൾ എന്നിവയെ ദേശീയ സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും ആഗോള വിപണി ലക്ഷ്യകേന്ദ്രങ്ങളിലേക്കും ഉയർത്തുന്നു.

ഈ മുൻനിര കേന്ദ്രങ്ങൾ വെറും വിപണികൾ മാത്രമല്ല, കരകൗശല വൈദഗ്ധ്യത്തിന്റെ ക്ഷേത്രങ്ങൾ കൂടിയാണ്. ഗ്രാമീണ കരകൗശല വിദഗ്ധരുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്ന, ഓരോ ഉൽപ്പന്നവും പൈതൃകത്തിന്റെ കഥ പറയുന്ന സ്ഥലങ്ങളാണിവ. സ്വയംപര്യാപ്തവും സാംസ്‌കാരിക ആത്മവിശ്വാസമുള്ളതുമായ ഇന്ത്യ എന്ന ദർശനം സ്പഷ്ടവും ഊർജ്ജസ്വലവുമായ ഒരു ആവിഷ്‌കാരം ഇവിടങ്ങളിൽ കണ്ടെത്തുന്നു.

ഒ.ഡി.ഒ.പിയുടെ ആഗോള സമ്പർക്കം:

അന്താരാഷ്ട്ര വേദികളിൽ അതുല്യവും ഉയർന്ന നിലവാരമുള്ളതും സുസ്ഥിരവുമായ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ, ഇന്ത്യയിലെ ജില്ലകളെ ആഗോള സമ്പദ്വ്യവസ്ഥയിൽ ശക്തമായ സംഭാവനയേകുന്നവരായി ഉയർന്നുവരാൻ ഒ.ഡി.ഒ.പി സഹായിക്കുന്നു.

നിങ്ങൾക്കറിയാമോ ???

ഗ്രാമീണ കരകൗശല വിദഗ്ധർക്കും വനിതാ സ്വയം സഹായ ഗ്രൂപ്പുകൾക്കും വിപണി പ്രവേശനവും ദൃശ്യപരതയും വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സരസ് ആജീവിക സ്റ്റോറുകൾ പോലുള്ള പ്ലാറ്റ്ഫോമുകളിൽ ജില്ലാ-നിർദ്ദിഷ്ട തദ്ദേശീയ ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുത്ത പ്രദർശനയിടമായി ഒ.ഡി.ഒ.പി തലം പവർത്തിക്കുന്നു.


പ്രധാന സവിശേഷതകൾ:

പ്രദർശന മേളകൾ, പ്രദർശനയിടങ്ങൾ, ഒ.ഡി.ഒ.പി തലങ്ങൾ, നയതന്ത്ര സമ്മാനങ്ങൾ
എന്നിവയിലൂടെ എൺപതിലധികം ഇന്ത്യൻ ദൗത്യങ്ങൾ വിദേശത്ത് ഈ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

ഒ.ഡി.ഒ.പി ഉൽപ്പന്നങ്ങൾ അന്താരാഷ്ട്രതലത്തിൽ ജനപ്രിയമാക്കുന്നതിനായി, ജി-20 യോഗങ്ങളിൽ സമ്മാനങ്ങളുടെ ഭാഗമായി അവ ഉൾപ്പെടുത്തി.

സുസ്ഥിരമായ വിദേശ വിപണി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനായി മൂന്ന് അന്താരാഷ്ട്ര വിപണനകേന്ദ്രങ്ങൾ ഒ.ഡി.ഒ.പി ഉൽപ്പന്നങ്ങൾ വിൽക്കുന്നു (മുസ്തഫ സെന്ററിലും കശ്മീർ ഹെറിറ്റേജിലുമായി സിംഗപ്പൂരിൽ രണ്ടും, കുവൈത്തിലെ ഹക്കിമി സെന്ററിൽ ഒന്നുമാണവ)

 



 

ഉപസംഹാരം: ലോക വേദിയിൽ തിളങ്ങുന്ന ജില്ലാഗാഥ:

ഒ.ഡി.ഒ.പിയുടെ കഥ ഇന്ത്യയുടെയും, ഉത്പതിഷ്ണുതയിൽ അതിജീവിച്ച കരകൗശല വൈദഗ്ധ്യത്തിന്റെയും, പാരമ്പര്യങ്ങളെ സജീവമായി നിലനിർത്തിയ കരകൗശല വിദഗ്ധരുടെയും, ഒടുവിൽ അവയെ ആഗോള വേദിയിൽ പ്രതിഷ്ഠിച്ച ഒരു രാജ്യത്തിന്റെയും കഥയാണ്. മൊറാദാബാദിലെ തിളങ്ങുന്ന പിത്തളയിൽ നിന്ന് പിഎം ഏകതാ മാളുകളിലെ തട്ടുകളിലേക്കും അന്താരാഷ്ട്ര സമ്മാനപ്പൊതികളിലേക്കും വരെയെത്തിച്ച്, ഒ.ഡി.ഒ.പി പ്രാദേശിക നൈപുണ്യത്തെ ദേശീയ അഭിമാനമായും ആഗോള അവസരമായും മാറ്റി.
ഇത് 'ഒരു ജില്ല, ഒരു ഉൽപ്പന്നം' എന്നതിൽ മാത്രം ഒതുങ്ങുന്നില്ല, ഗ്രാമങ്ങൾക്ക് എത്രയോ അപ്പുറം അംഗീകാരം നേടുന്ന ദശലക്ഷക്കണക്കിന് അഭിലാഷങ്ങളെയാണ് ഇത് ഇപ്പോൾ പ്രതിനിധീകരിക്കുന്നത്. പുതിയ വിപണികൾ തുറക്കുകയും പിഎം ഏകതാ മാളുകൾ ഉയരുകയും ചെയ്യുമ്പോൾ, ഇന്ത്യയിലെ പ്രാദേശിക തെരുവുകൾ ആത്മവിശ്വാസത്തോടെ ലോക വേദിയിലേക്ക് ചുവടുവെക്കുന്നു, കൂടാതെ ഓരോ കരകൗശല വിദഗ്ധരും തങ്ങളുടെ കരകൗശലം എല്ലായ്‌പ്പോഴും അതർഹിച്ചതുപോലെ ശോഭിക്കുന്നതായി കാണുന്നതിലേക്ക് കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു.  

അവലംബം:

Prime Minister's Office:

Ministry of Development of North-East Region:

Ministry of Commerce & Industry:

Ministry of Micro, Small & Medium Enterprises:

Others:

Click here to see pdf

***

(Explainer ID: 157074) आगंतुक पटल : 33
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Punjabi , Gujarati , Kannada
Prime Minister mygov.in Content Link
National Portal Of India
STQC Certificate