• Skip to Content
  • Sitemap
  • Advance Search
Others

കോമൺവെൽത്ത് സ്പീക്കർമാരുടെ 28-ാമത് സമ്മേളനം - പാർലമെന്ററി ചർച്ച ശക്തിപ്പെടുത്തുന്നു

Posted On: 19 JAN 2026 4:53PM

പ്രധാന വസ്തുതകൾ

  • 2026 ജനുവരി 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ വെച്ച് നടന്ന കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനത്തിന് (CSPOC) ഇന്ത്യ ആതിഥേയത്വം വഹിച്ചു.
  • 1969-ൽ സ്ഥാപിതമായ CSPOC-യുടെ ന്യൂഡൽഹിയിൽ നടന്ന 28-ാമത് സമ്മേളനത്തിൽ 61 സ്പീക്കർമാരും പ്രിസൈഡിംഗ് ഓഫീസർമാരും പങ്കെടുത്തു - ഇതൊരു ചരിത്രപരമായ പങ്കാളിത്തമാണ്.
  • ജനാധിപത്യഭരണവും ഭരണഘടനാ സ്ഥാപനങ്ങളും ശക്തിപ്പെടുത്തുന്നതിൽ നിയമനിർമ്മാണസഭകളുടെ വികസിച്ചുകൊണ്ടിരിക്കുന്ന പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഈ സമ്മേളനം ഉന്നതതല വേദിയൊരുക്കി.
  • 2025 ജനുവരിയിൽ ഗേൺസിയിൽ നടന്ന CSPOC സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഇന്ത്യ അധ്യക്ഷത വഹിക്കുകയും 2026-ലെ സമ്മേളനത്തിന്റെ അജണ്ടയും സ്ഥാപനപരമായ ദിശയും രൂപപ്പെടുത്തുകയും ചെയ്തു.
  • 2026-ലെ CSPOC പ്രമേയങ്ങൾ AI, സോഷ്യൽ മീഡിയ, സുരക്ഷ, പൊതുജന പങ്കാളിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു; ഇത് പാർലമെന്ററി പ്രവർത്തനങ്ങൾക്കും ജനാധിപത്യത്തിന്റെ അതിജീവനത്തിനുമെതിരായ പുതിയ വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്നു.

ആമുഖം

 

കോമൺവെൽത്ത് രാഷ്ട്രങ്ങളിലെ ഉന്നതതല പാർലമെന്ററി ഫോറമാണ് കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും സമ്മേളനം (CSPOC). ഇത് കോമൺവെൽത്തിലെ 53 പരമാധികാര രാഷ്ട്രങ്ങളിലെ ദേശീയ പാർലമെന്റുകളിൽ നിന്നുള്ള സ്പീക്കർമാരെയും പ്രിസൈഡിംഗ് ഓഫീസർമാരെയും ഒപ്പം 14 അർദ്ധ-സ്വയംഭരണ പാർലമെന്റുകളെയും ഒന്നിപ്പിക്കുന്നു. വൈവിധ്യമാർന്ന ഭരണഘടനാപരവും നിയമപരവും പാർലമെന്ററി പരവുമായ പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രിസൈഡിംഗ് ഓഫീസർമാർക്കിടയിലുള്ള ചർച്ചയ്ക്ക് ഇത് ഘടനാപരമായ ഒരു വേദി നൽകുന്നു.

https://static.pib.gov.in/WriteReadData/userfiles/image/image003E7YN.png

ഈ സമ്മേളനം ഒരു സ്വതന്ത്ര പാർലമെന്ററി ബോഡി ആയിട്ടാണ് പ്രവർത്തിക്കുന്നത്. കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷനുമായോ (CPA) കോമൺവെൽത്ത് സെക്രട്ടേറിയറ്റുമായോ ഇതിന് ഔദ്യോഗിക ബന്ധമില്ല, എങ്കിലും ഇതിലെ അംഗങ്ങൾ മറ്റ് കോമൺവെൽത്ത് പാർലമെന്ററി സ്ഥാപനങ്ങളിലും അംഗങ്ങളാണ്, കൂടാതെ ഇതിന്റെ നടപടികൾ വിശാലമായ പാർലമെന്ററി വ്യവസ്ഥയുമായി പൊരുത്തപ്പെട്ടുപോകുന്നവയുമാണ്.

CSPOC രണ്ട് വർഷത്തിലൊരിക്കൽ വിളിച്ചുകൂട്ടുന്നു, ഇടയിലുള്ള വർഷത്തിൽ സ്ഥാപനപരമായ കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനും അജണ്ട നിശ്ചയിക്കുന്നതിനും അടുത്ത സമ്മേളനത്തിനായുള്ള സംഘടനാപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുമായി ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ചേരുന്നു. ഇത് പാർലമെന്റുകൾക്കിടയിൽ തുടർച്ചയായ ഇടപെടൽ ഉറപ്പാക്കുന്നു. ഇന്ത്യ ഈ പ്രക്രിയയിൽ സജീവ പങ്കാളിയാണ്, കൂടാതെ 1970-71, 1986, 2010, 2026 എന്നീ നാല് അവസരങ്ങളിൽ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്; ഇത് കോമൺവെൽത്ത് പാർലമെന്ററി ചട്ടക്കൂടിലുള്ള ഇന്ത്യയുടെ തുടർച്ചയായ ഇടപെടലിനെയും നേതൃത്വത്തെയും പ്രതിഫലിപ്പിക്കുന്നു. 29-ാമത് സമ്മേളനം 2028- ലണ്ടനിൽ നടക്കും.

ചരിത്രപരമായ ഉത്ഭവവും നിയമ ചട്ടക്കൂടും

1969-ൽ കാനഡയിലെ ഹൗസ് ഓഫ് കോമൺസ് സ്പീക്കറായിരുന്ന ലൂസിയൻ ലാമൗറക്സിന്റെ മുൻകൈയിൽ CSPOC സ്ഥാപിതമായത്. പാർലമെന്ററി നേതൃത്വം, നടപടിക്രമങ്ങൾ, സ്ഥാപനപരമായ അഖണ്ഡത എന്നിവയ്ക്ക് മാത്രമായി സമർപ്പിക്കപ്പെട്ട ഒരു ഘടനാപരമായ, രാഷ്ട്രീയേതര വേദിയുടെ ആവശ്യകത കോമൺവെൽത്ത് പ്രിസൈഡിംഗ് ഓഫീസർമാർ തിരിച്ചറിഞ്ഞതിൽ നിന്നാണ് ഈ സംരംഭം ഉണ്ടായത്. പാർലമെന്ററി ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങളെക്കുറിച്ചുള്ള കൂട്ടായ ധാരണ വളർത്തുന്നതിനും നിഷ്പക്ഷതയും നടപടിക്രമപരമായ സത്യസന്ധതയും നിലനിർത്തുന്നതിൽ പ്രിസൈഡിംഗ് ഓഫീസർമാരുടെ പങ്കിനെ പിന്തുണയ്ക്കുന്നതിനുമായി ഈ പ്രത്യേക സ്ഥാപനപരമായ വിടവ് നികത്താൻ CSPOC വിഭാവനം ചെയ്യപ്പെട്ടു.

സ്റ്റാൻഡിംഗ് റൂൾസ് ചട്ടക്കൂട്

സമ്മേളനം അംഗീകരിക്കുകയും കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യുകയും ചെയ്യുന്ന 'സ്റ്റാൻഡിംഗ് റൂൾസ്' പ്രകാരമാണ് CSPOC പ്രവർത്തിക്കുന്നത്. ഇതിന്റെ ഘടന, പ്രവർത്തനം, തീരുമാനമെടുക്കൽ എന്നിവ നിയന്ത്രിക്കുന്ന ആഭ്യന്തര നിയമ ചട്ടക്കൂടായി ഇത് മാറുന്നു.

പ്രധാന വ്യവസ്ഥകൾ:

  • സ്വതന്ത്ര പരമാധികാര കോമൺവെൽത്ത് രാഷ്ട്രങ്ങളിലെ ദേശീയ പാർലമെന്റുകളിലെ സ്പീക്കർമാർക്കും പ്രിസൈഡിംഗ് ഓഫീസർമാർക്കും മാത്രമായി അംഗത്വം പരിമിതപ്പെടുത്തിയിരിക്കുന്നു.
  • പാർലമെന്റ് പിരിച്ചുവിടപ്പെട്ട സാഹചര്യത്തിൽ, ഒരു പിൻഗാമി തിരഞ്ഞെടുക്കപ്പെടുന്നത് വരെ അവസാനമായി സേവനമനുഷ്ഠിച്ച പ്രിസൈഡിംഗ് ഓഫീസർ പ്രതിനിധിയായി തുടരും.
  • ഡെപ്യൂട്ടി സ്പീക്കർമാർക്കോ തത്തുല്യമായ സ്ഥാനത്തുള്ളവർക്കോ പകരക്കാരായി പൂർണ്ണ അവകാശങ്ങളോടെ പങ്കെടുക്കാം, എന്നാൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗത്വത്തിന് ഇവർ അർഹരായിരിക്കില്ല.
  • അജണ്ട നിശ്ചയിക്കൽ, നടപടിക്രമങ്ങൾ നിയന്ത്രിക്കൽ, ക്വോറം, വോട്ടിംഗ്, ഭാരവാഹികളുടെ കാലാവധി എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ നിയമങ്ങൾ നിർദ്ദേശിക്കുന്നു.

സമ്മേളനങ്ങൾക്കിടയിലുള്ള കാലയളവിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ഈ നിയമങ്ങൾ അവലോകനം ചെയ്യുകയും പൂർണ്ണ സമ്മേളനം ഭേദഗതികൾ വരുത്തുകയും ചെയ്യുന്നു. ഇത് ഉയർന്നുവരുന്ന പാർലമെന്ററി വെല്ലുവിളികളോട് പ്രതികരിക്കുമ്പോൾ തന്നെ സ്ഥാപനപരമായ തുടർച്ച ഉറപ്പാക്കുന്നു.

CSPOC-യുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും

പാർലമെന്ററി ജനാധിപത്യത്തിൽ നിഷ്പക്ഷത പാലിക്കാനുള്ള പ്രിസൈഡിംഗ് ഓഫീസർമാരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തം പ്രതിഫലിപ്പിക്കുന്ന വ്യക്തമായ നിർദ്ദേശങ്ങളോടെയാണ് CSPOC പ്രവർത്തിക്കുന്നത്.

പ്രധാന ലക്ഷ്യങ്ങൾ: സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും ഭാഗത്തുനിന്ന് നിഷ്പക്ഷതയും നീതിയും നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക; കോമൺവെൽത്തിലുടനീളമുള്ള പാർലമെന്ററി ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങളെക്കുറിച്ചുള്ള അറിവും ധാരണയും പ്രോത്സാഹിപ്പിക്കുക; അനുഭവങ്ങളും മികച്ച രീതികളും കൈമാറുന്നതിലൂടെ നിയമനിർമ്മാണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക.

പ്രവർത്തനപരമായ പങ്ക്: പാർലമെന്ററി നടപടിക്രമങ്ങൾ, ധാർമ്മികത, സ്ഥാപനപരമായ സുരക്ഷാ സംവിധാനങ്ങൾ, ഭരണം എന്നിവയെക്കുറിച്ചുള്ള സംവാദത്തിന് ഇത് ഒരു പ്ലാറ്റ്ഫോം നൽകുന്നു. ഇതിന്റെ തീരുമാനങ്ങൾ നിയമപരമായി നിർബന്ധിതമല്ലെങ്കിലും കോമൺവെൽത്ത് പാർലമെന്റുകളിൽ അവയ്ക്ക് വലിയ സ്വാധീനമുണ്ട്.

സമകാലിക പ്രസക്തി: ഡിജിറ്റൽ പരിവർത്തനം (AI-യുടെ പ്രയോഗം പോലുള്ളവ), പൊതുജന പങ്കാളിത്തം, അംഗങ്ങളുടെ ക്ഷേമം, സ്ഥാപനപരമായ സ്വയംഭരണവും വിശ്വാസ്യതയും സംരക്ഷിക്കൽ തുടങ്ങിയ പുതിയ മുൻഗണനകളുമായി CSPOC പൊരുത്തപ്പെട്ടുപോകുന്നത് തുടരുന്നു.

സ്ഥാപനപരമായ ഘടനയും ഭരണവും

 

CSPOC-യുടെ സ്ഥാപനപരമായ ചട്ടക്കൂട് രൂപകൽപ്പന ചെയ്തിരിക്കുന്നത് രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന സമ്മേളനങ്ങൾക്കിടയിൽ തുടർച്ചയും പ്രാദേശിക സന്തുലിതാവസ്ഥയും ഫലപ്രദമായ ഏകോപനവും ഉറപ്പാക്കുന്നതിനാണ്. ഒരു സ്ഥിരം സെക്രട്ടേറിയറ്റിന്റെ പിന്തുണയോടെ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി വഴിയാണ് പ്രധാനമായും ഭരണം നടത്തുന്നത്.

 

സ്റ്റാൻഡിംഗ് കമ്മിറ്റി: സമ്മേളനങ്ങൾക്കിടയിലുള്ള കാലയളവിൽ പ്രധാന ഭരണസമിതിയായി സ്റ്റാൻഡിംഗ് കമ്മിറ്റി പ്രവർത്തിക്കുന്നു. ഇത് ഭാവി സമ്മേളനങ്ങളുടെ വേദിയും സമയവും നിർണ്ണയിക്കുന്നു, അജണ്ടയിലെ പ്രമേയങ്ങൾ നിർദ്ദേശിക്കുന്നു, സ്റ്റാൻഡിംഗ് റൂൾസ് അവലോകനം ചെയ്യുന്നു, കൂടാതെ സംഘടനാപരവും ഭരണപരവും ലോജിസ്റ്റിക്കലുമായ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു; അതിലൂടെ സമ്മേളനങ്ങൾക്കിടയിലുള്ള കാലയളവിൽ തുടർച്ചയും തന്ത്രപരമായ ദിശയും ഉറപ്പാക്കുന്നു.

 

ഘടനയും പ്രാതിനിധ്യവും: അടുത്ത ആതിഥേയ പാർലമെന്റിലെ ലോവർ ഹൗസിലെ സ്പീക്കറോ പ്രിസൈഡിംഗ് ഓഫീസറോ ആണ് കമ്മിറ്റിയുടെ അധ്യക്ഷൻ. ഇതിൽ കോമൺവെൽത്തിന്റെ ഭൂമിശാസ്ത്രപരമായ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന പ്രാദേശിക പ്രതിനിധികളും മുൻകാലത്തേതും നിലവിലേതും ഭാവിയിലേതുമായ ആതിഥേയരിൽ നിന്നുള്ള എക്‌സ് ഒഫീഷ്യോ അംഗങ്ങളും ഉൾപ്പെടുന്നു. സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ 15 അംഗങ്ങളാണുള്ളത്. തീരുമാനങ്ങൾ എടുക്കുന്നതിന് അഞ്ച് അംഗങ്ങളുടെ ക്വോറം ആവശ്യമാണ്.

 

സെക്രട്ടേറിയറ്റ് പിന്തുണ: തുടക്കം മുതൽ കാനഡ സെക്രട്ടേറിയറ്റ് സേവനങ്ങൾ നൽകിവരുന്നു, ഇത് സ്ഥാപനപരമായ സ്ഥിരതയും തുടർച്ചയും ഉറപ്പാക്കുന്നു.

CSPOC-യിൽ ഇന്ത്യയുടെ പങ്ക്

ഇന്ത്യയുടെ ദീർഘകാല പാർലമെന്ററി പാരമ്പര്യങ്ങളും കോമൺവെൽത്ത് പാർലമെന്ററി വേദികളിലെ സജീവ പങ്കാളിത്തവും പ്രതിഫലിപ്പിക്കുന്ന വിധത്തിൽ, ഇന്ത്യ CSPOC-യുമായി തുടർച്ചയായതും അർത്ഥവത്തായതുമായ ഇടപെടൽ നിലനിർത്തിയിട്ടുണ്ട്.

https://static.pib.gov.in/WriteReadData/userfiles/image/image0041F9L.png

28-ാമത് CSPOC-യുടെ ആതിഥേയത്വം (2026)

2026 ജനുവരി 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് സ്പീക്കർമാരുടെയും പ്രിസൈഡിംഗ് ഓഫീസർമാരുടെയും 28-ാമത് സമ്മേളനത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു. ലോക്‌സഭാ സ്പീക്കർ ഓം ബിർലയുടെ അധ്യക്ഷതയിലാണ് സമ്മേളനം സംഘടിപ്പിച്ചത്. ഡൽഹിയിലെത്തിയ സ്പീക്കർമാർക്കും പ്രിസൈഡിംഗ് ഓഫീസർമാർക്കും അനുഗമിക്കുന്ന പ്രതിനിധികൾക്കും ഇന്ത്യയുടെ 'അതിഥി ദേവോ ഭവ' എന്ന സങ്കല്പം പ്രതിഫലിപ്പിക്കുന്ന രീതിയിൽ പരമ്പരാഗതമായ വരവേൽപ്പ് നൽകി. സംവിധാൻ സദനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത സമ്മേളനം, ഈ പരിപാടിക്കും അതിന്റെ പാർലമെന്ററി സ്വഭാവത്തിനും നൽകുന്ന ദേശീയ പ്രാധാന്യം അടിവരയിട്ടു.

28-ാമത് CSPOC 42 കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നും നാല് അർദ്ധ-സ്വയംഭരണ പാർലമെന്റുകളിൽ നിന്നുമുള്ള 61 പാർലമെന്ററി നേതാക്കളെ ഒരുമിച്ച് കൊണ്ടുവന്നു. ഇത് ഇന്നുവരെയുള്ള ഏറ്റവും വലിയ പതിപ്പുകളിലൊന്നായി മാറുകയും വിശ്വസനീയവും പ്രസക്തവുമായ പാർലമെന്ററി ഫോറമെന്ന നിലയിൽ CSPOC-യിലുള്ള തുടർച്ചയായ ആത്മവിശ്വാസം വ്യക്തമാക്കുകയും ചെയ്തു.

28-ാമത് CSPOC-യുടെ അജണ്ടയിലെ മുൻഗണനകൾ

2026 ജനുവരി 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ നടന്ന 28-ാമത് സമ്മേളനത്തിന്റെ അജണ്ട, നിയമസഭകൾ നേരിടുന്ന സമകാലിക വെല്ലുവിളികളെയും ആധുനിക ജനാധിപത്യ രീതികളെയും ചുറ്റിപ്പറ്റിയാണ് രൂപപ്പെടുത്തിയത്. സമ്മേളനത്തിൽ ചർച്ച ചെയ്ത പ്രധാന പ്രമേയങ്ങൾ ഇവയാണ്:

https://static.pib.gov.in/WriteReadData/userfiles/image/image005MBR6.png

  • പാർലമെന്ററി പ്രവർത്തനങ്ങളിൽ നിർമിത ബുദ്ധിയുടെയും (AI) ഡിജിറ്റൽ ടൂളുകളുടെയും പങ്ക്.
  • പാർലമെന്ററി ചർച്ചകളിലും സ്ഥാപനപരമായ അധികാരത്തിലും സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനം.
  • പാർലമെന്റിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ വർദ്ധിപ്പിക്കുകയും ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുകയും ചെയ്യുക.
  • പാർലമെന്റ് അംഗങ്ങളുടെയും പാർലമെന്ററി ജീവനക്കാരുടെയും സുരക്ഷ, ആരോഗ്യം, ക്ഷേമം.

സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ഇന്ത്യയുടെ പങ്ക്

തയ്യാറെടുപ്പ് ഘട്ടത്തിൽ, 2025 ജനുവരിയിൽ ഗേൺസിയിൽ നടന്ന CSPOC സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കർ അധ്യക്ഷത വഹിച്ചു, ഇത് സമ്മേളനത്തിന്റെ അജണ്ടയും സ്ഥാപനപരമായ ദിശയും രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ നേതൃപരമായ പങ്ക് വീണ്ടും ഉറപ്പിച്ചു.

28-ാമത് CSPOC-യുടെ (ഇന്ത്യ) യുടെ മുന്നേറ്റം

AI-യും സോഷ്യൽ മീഡിയയും ജനാധിപത്യ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും തെറ്റായ വിവരങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ, സാമൂഹിക ധ്രുവീകരണം തുടങ്ങിയ വെല്ലുവിളികൾക്കും അവ കാരണമായിട്ടുണ്ടെന്ന് ഇന്ത്യ യോഗത്തെ അറിയിച്ചു.

ധാർമ്മികമായ AI-യിലൂടെയും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സോഷ്യൽ മീഡിയ ചട്ടക്കൂടുകളിലൂടെയും ഈ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് നിയമസഭകളുടെ കൂട്ടായ ഉത്തരവാദിത്തമാണെന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞു; അതേസമയം ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുകയും വേണം.

കാര്യക്ഷമത, സുതാര്യത, എല്ലാവരെയും ഉൾക്കൊള്ളൽ, പൊതുജന പങ്കാളിത്തം എന്നിവ വർദ്ധിപ്പിക്കുന്നതിനായി പാർലമെന്ററി പ്രവർത്തനങ്ങളിൽ നിർമ്മിത ബുദ്ധി‌യും സോഷ്യൽ മീഡിയയും പ്രയോഗിക്കുന്നതിൽ 28-ാമത് CSPOC ശ്രദ്ധ കേന്ദ്രീകരിച്ചു.

പാർലമെന്റിന്റെയും ​ഗവൺമെന്റിന്റെയും കൂട്ടായ പരിശ്രമത്തിലൂടെ കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ക്ഷേമധിഷ്ഠിതമായ നിയമനിർമ്മാണങ്ങൾ നടത്തുകയും ജനകേന്ദ്രീകൃതമായ നയങ്ങൾ രൂപീകരിക്കുകയും ചെയ്തുവെന്നും ഇത് വികസിത ഭാരതം, ആത്മനിർഭർ ഭാരതം എന്നിവയിലേക്കുള്ള ഇന്ത്യയുടെ പുരോഗതിയെ വേഗത്തിലാക്കിയെന്നും ഇന്ത്യ യോഗത്തെ അറിയിച്ചു.

ബജറ്റും നിയമനിർമ്മാണങ്ങളും പരിശോധിക്കുന്നതിൽ "മിനി പാർലമെന്റുകൾ" എന്നറിയപ്പെടുന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ നിർണ്ണായക പങ്ക് ഇന്ത്യ ചൂണ്ടിക്കാട്ടുകയും പാർലമെന്ററി പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഈ കമ്മിറ്റികളെ ശക്തിപ്പെടുത്താൻ പ്രിസൈഡിംഗ് ഓഫീസർമാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ഇന്ത്യയിൽ സ്ത്രീകൾ വിവിധ മേഖലകളിൽ പങ്കാളികളാവുക മാത്രമല്ല, അവയ്ക്ക് നേതൃത്വം നൽകുകയുമാണെന്ന് ഇന്ത്യ എടുത്തുപറഞ്ഞു. ഇന്ത്യയുടെ രാഷ്ട്രപതിയും ഡൽഹി മുഖ്യമന്ത്രിയും സ്ത്രീകളാണെന്നും ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങളിൽ ഏകദേശം 15 ലക്ഷം സ്ത്രീ പ്രതിനിധികൾ (തിരഞ്ഞെടുക്കപ്പെട്ട നേതാക്കളിൽ 50 ശതമാനത്തോളം) ഉണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി; ഇത് ആഗോളതലത്തിൽ തന്നെ സമാനതകളില്ലാത്ത നേട്ടമാണ്.

CSPOC, ഗ്ലോബൽ സൗത്ത് എന്നിവയോടുള്ള ഇന്ത്യയുടെ സമകാലിക നിലപാടും പ്രസക്തിയും

https://static.pib.gov.in/WriteReadData/userfiles/image/image0064V96.png

സ്വന്തം ജനതയ്ക്കും ആഗോള സമൂഹത്തിനും പ്രയോജനപ്പെടുന്ന രീതിയിലാണ് അതിന്റെ ജനാധിപത്യ കരുത്തും സ്ഥാപനപരമായ ശേഷിയും ഉപയോഗിച്ചിട്ടുള്ളതെന്ന് ഇന്ത്യ ആഗോള നേതാക്കളുമായി പങ്കുവെച്ചു. 150-ലധികം രാജ്യങ്ങളിലേക്ക് മരുന്നുകളും വാക്സിനുകളും വിതരണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉത്പാദക രാജ്യമാണ് ഇന്ത്യ. സ്റ്റീൽ, നെല്ല് ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തും വ്യോമയാന വിപണിയിൽ മൂന്നാം സ്ഥാനത്തും റെയിൽവേ ശൃംഖലയിൽ നാലാം സ്ഥാനത്തും മെട്രോ റെയിൽ സംവിധാനത്തിൽ മൂന്നാം സ്ഥാനത്തുമാണ് ഇന്ത്യ.

വൈവിധ്യത്തെ ഇന്ത്യ അതിന്റെ ജനാധിപത്യത്തിന്റെ കരുത്താക്കി മാറ്റിയെന്നാണ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ജനാധിപത്യ സ്ഥാപനങ്ങൾ "സ്ഥിരതയും വേഗതയും വ്യാപ്തിയും" നൽകുന്നുവെന്നും അവിടെ "ജനാധിപത്യം എന്നാൽ അവസാനത്തെ വ്യക്തിയിലേക്കും എത്തിക്കുക" എന്നാണെന്നും അദ്ദേഹം പറഞ്ഞു. സംഭാഷണങ്ങളുടെയും ചർച്ചകളുടെയും ആഴത്തിലുള്ള വേരുകളിലാണ് ജനാധിപത്യം നിലനിൽക്കുന്നത്. ഒരു വിവേചനവുമില്ലാതെ ഓരോ വ്യക്തിക്കും ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് പൊതുജനക്ഷേമ മനോഭാവത്തോടെയാണ് ഇന്ത്യ പ്രവർത്തിക്കുന്നത്. ഈ ക്ഷേമ മനോഭാവം കാരണം അടുത്ത കാലത്തായി 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായെന്ന് അദ്ദേഹം പങ്കുവെച്ചു. "ഇന്ത്യയിൽ, ജനാധിപത്യം ഫലം നൽകുന്നു" എന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

CSPOC ചട്ടക്കൂടിനുള്ളിൽ ഈ ഗുണങ്ങൾ ഇന്ത്യയെ പാരമ്പര്യവും സ്ഥാപനപരമായ പരിവർത്തനവും തമ്മിൽ ബന്ധിപ്പിക്കാൻ കഴിവുള്ള വിശ്വസനീയവും മാതൃകയാക്കാവുന്നതുമായ ഒരു പാർലമെന്ററി ജനാധിപത്യ രാജ്യമായി പ്രതിഷ്ഠിക്കുന്നു. പ്രധാനമന്ത്രി സൂചിപ്പിച്ചതുപോലെ, ഇന്ത്യ "എല്ലാ ആഗോള വേദികളിലും ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ശക്തമായി ഉയർത്തുന്നു". ഇത് കോമൺവെൽത്തിലുടനീളമുള്ള നിയമനിർമ്മാണസഭകളെ ശക്തിപ്പെടുത്തുന്നതിൽ ഒരു പങ്കാളിയെന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കിനെ ശക്തിപ്പെടുത്തുന്നു. ജി20 അധ്യക്ഷതയിലും ഇന്ത്യ ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളെ ആഗോള അജണ്ടയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഉപസംഹാരം

ജനുവരി 16-ന് നടന്ന സമാപന സമ്മേളനത്തിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർല 29-ാമത് CSPOC-യുടെ അധ്യക്ഷസ്ഥാനം യുകെ ഹൗസ് ഓഫ് കോമൺസ് സ്പീക്കർ സർ ലിൻഡ്‌സെ ഹോയ്‌ലിന് ഔദ്യോഗികമായി കൈമാറുകയും ലണ്ടനിൽ നടക്കാനിരിക്കുന്ന അടുത്ത സമ്മേളനത്തിന് ആശംസകൾ നേരുകയും ചെയ്തു. പങ്കെടുക്കുന്ന രാജ്യങ്ങളിലുടനീളം പാർലമെന്ററി ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാനമായ ഒരു രാഷ്ട്രീയേതര വേദിയായി CSPOC സേവനമനുഷ്ഠിക്കുന്നു. നിഷ്പക്ഷത, നടപടിക്രമപരമായ നീതി, സ്ഥാപനപരമായ അഖണ്ഡത എന്നിവ ഉയർത്തിപ്പിടിക്കാൻ പ്രിസൈഡിംഗ് ഓഫീസർമാരെ പ്രാപ്തരാക്കുന്നതിലൂടെ CSPOC കൂട്ടായ പാർലമെന്ററി നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന സമ്മേളനങ്ങളിലൂടെയും സ്റ്റാൻഡിംഗ് കമ്മിറ്റി പ്രവർത്തനങ്ങളിലൂടെയും ഇത് സുസ്ഥിരമായ സംവാദങ്ങളെയും പുതിയ നിയമനിർമ്മാണ വെല്ലുവിളികൾക്കെതിരെയുള്ള ഏകോപിത പ്രതികരണങ്ങളെയും പിന്തുണയ്ക്കുന്നു. 2026-28-ാമത് CSPOC-ക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചത് രാജ്യത്തിന്റെ പാർലമെന്ററി പാരമ്പര്യത്തെയും സാങ്കേതികവിദ്യ, പൊതുജന പങ്കാളിത്തം, സ്ഥാപനപരമായ പ്രതിരോധശേഷി എന്നിവയിലൂന്നിയ ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയെയും എടുത്തുകാണിക്കുന്നു.

Conference of Speakers and Presiding Officers of the Commonwealth (CSPOC)

Lok Sabha Sansad

Commonwealth Parliamentary Association

Click here for pdf file.

 

-SK-

(Explainer ID: 157035) आगंतुक पटल : 34
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Gujarati , Kannada , Urdu , Urdu , Manipuri
Link mygov.in
National Portal Of India
STQC Certificate