Economy
സമ്പാദ്യത്തിൽ നിന്ന് കരുത്തിലേക്ക്: സുകന്യ സമൃദ്ധി യോജനയിലൂടെ ഇന്ത്യയിലെ പെൺകുട്ടികളെ ശാക്തീകരിക്കുന്നു
Posted On:
21 JAN 2026 12:36PM
|
പ്രധാന വസ്തുതകൾ
- കേന്ദ്ര ഗവൺമെന്റിന്റെ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പ്രചാരണത്തിന്റെ ഭാഗമായി 2015 ജനുവരി 22-നാണ് സുകന്യ സമൃദ്ധി യോജന ആരംഭിച്ചത്.
- ഇന്ത്യാ ഗവൺമെന്റ് വിജ്ഞാപനം ചെയ്ത ഒരു ചെറുകിട സമ്പാദ്യ പദ്ധതിയായ ഇതിൽ, ഗവൺമെന്റ് കാലാകാലങ്ങളിൽ പ്രഖ്യാപിക്കുന്ന നിരക്കിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കും. പദ്ധതിയുടെ നിയമങ്ങൾക്കനുസൃതമായി ഈ തുക തിരികെ നൽകുന്നതാണ്. നിലവിൽ സുകന്യ സമൃദ്ധി യോജനയ്ക്ക് കീഴിലുള്ള പലിശ നിരക്ക് 8.2 ശതമാനമാണ്.
- പദ്ധതിയുടെ തുടക്കം മുതൽ, 4.53 കോടിയിലധികം അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. മൊത്തം നിക്ഷേപം 3.33 ലക്ഷം കോടി രൂപയിലധികം വരും (2025 ഡിസംബറിലെ കണക്കനുസരിച്ച്).
|
പെൺകുട്ടികളെ ശാക്തീകരിക്കുന്നു: സുകന്യ സമൃദ്ധി യോജനയ്ക്ക് പിന്നിലെ കാഴ്ചപ്പാട്

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് പ്രത്യാശയുടെയും ശാക്തീകരണത്തിന്റെയും ശക്തമായ പ്രതീകമായി സുകന്യ സമൃദ്ധി യോജന (SSY) തിളങ്ങുന്നു. ഇത് അവരുടെ സ്വപ്നങ്ങളെ പരിപോഷിപ്പിക്കാനും ഭാവി സുരക്ഷിതമാക്കാനുമുള്ള ഗവൺമെന്റിന്റെ അടിയുറച്ച പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഒരു സമ്പാദ്യ സംരംഭം എന്നതിലുപരിയായാണ് 2015 ജനുവരി 22-ന് 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പ്രചാരണത്തിന് കീഴിൽ ആരംഭിച്ച ഈ പദ്ധതി വിഭാവനം ചെയ്യപ്പെട്ടത്. സാമ്പത്തിക സുരക്ഷയും സാമൂഹിക മാറ്റവും തമ്മിലുള്ള ഒരു പാലമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി നേരത്തെ തന്നെ ആസൂത്രണം ചെയ്യാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആത്മവിശ്വാസം, ഉൾപ്പെടുത്തൽ, ദീർഘകാല പുരോഗതി എന്നിവ താഴെത്തട്ടിൽ വളർത്താൻ സുകന്യ സമൃദ്ധി യോജന സഹായിച്ചു.
2026 ജനുവരി 22-ന് സുകന്യ സമൃദ്ധി യോജന 11 വർഷം പൂർത്തിയാക്കുമ്പോൾ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് തങ്ങളുടെ പെൺമക്കളുടെ വാഗ്ദാനങ്ങളിലുള്ള കൂട്ടായ വിശ്വാസത്തിന്റെ സാക്ഷ്യമായി ഇത് നിലകൊള്ളുന്നു. പദ്ധതിയുടെ തുടക്കം മുതൽ 4.53 കോടിയിലധികം അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്. ഓരോ അക്കൗണ്ടും ഓരോ പെൺകുട്ടിയുടെയും കഴിവിനെക്കുറിച്ചുള്ള വിശ്വാസത്തിന്റെ കഥയാണ് പറയുന്നത്. ഒരു പെൺകുട്ടിയെ ശാക്തീകരിക്കുന്നത് കുടുംബങ്ങളെയും സമൂഹങ്ങളെയും ആത്യന്തികമായി രാജ്യത്തെത്തന്നെയും ശക്തിപ്പെടുത്തുന്നുവെന്ന ആശയത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു - ഇത് സുകന്യ സമൃദ്ധി യോജനയെ സമത്വത്തിലേക്കും അവസരങ്ങളിലേക്കുമുള്ള ഒരു രാജ്യവ്യാപക മുന്നേറ്റമാക്കി മാറ്റുന്നു.
പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നു: സുകന്യ സമൃദ്ധി യോജന എങ്ങനെ പ്രവർത്തിക്കുന്നു?
SSY പദ്ധതി ഒരു കുറഞ്ഞ റിസ്ക് നിക്ഷേപ പദ്ധതിയാണ്, ഓരോ പാദത്തിലും തീരുമാനിക്കുകയും വാർഷികമായി നൽകുകയും ചെയ്യുന്ന നിരക്കുകൾക്കനുസൃതമായി മുതലും പലിശയും ഗവൺമെന്റ് ഗ്യാരണ്ടി നൽകുന്നതാണ്.
|
നിങ്ങൾക്കറിയാമോ?
സുകന്യ സമൃദ്ധി യോജന പദ്ധതിയിലെ പ്രതിവർഷം 8.2% എന്ന പലിശ നിരക്ക് പെൺകുട്ടികൾക്കായി സമർപ്പിച്ചിരിക്കുന്ന സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്!
|
ഈ പദ്ധതിക്ക് സാമ്പത്തികവും സാമൂഹികവുമായ പ്രാധാന്യമുണ്ട്; ഇത് കേവലമൊരു സാമ്പത്തിക നിക്ഷേപം മാത്രമല്ല, പെൺകുട്ടികൾക്ക് ശോഭനവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കുന്നതിനുള്ള ഒരു ഉത്തേജകം കൂടിയാണ്. പെൺകുട്ടിയുടെ വിദ്യാഭ്യാസത്തിനും വിവാഹ ചെലവുകൾക്കും വേണ്ടിയുള്ളതാണ് ഇത്. വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷയും അവകാശങ്ങളും വർദ്ധിപ്പിക്കുന്നതിലൂടെ, ഈ സംരംഭം സ്ത്രീ ശാക്തീകരണത്തെ ശക്തിപ്പെടുത്തുകയും ഭാവിയിലെ 'ആത്മനിർഭർ' എന്ന കാഴ്ചപ്പാടിലേക്ക് സംഭാവന നൽകുകയും ചെയ്യുന്നു.

എന്താണ് SSY അക്കൗണ്ട്, ആർക്കൊക്കെ ഇത് തുറക്കാം?
സുകന്യ സമൃദ്ധി യോജന പദ്ധതിയിലേക്ക് നിക്ഷേപിക്കുന്ന പണം സൂക്ഷിക്കുന്ന അക്കൗണ്ടാണ് SSY അക്കൗണ്ട്. മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ അവരുടെ ഇന്ത്യൻ പെൺകുട്ടികൾക്കായി ഏതെങ്കിലും ഇന്ത്യാ പോസ്റ്റ് ഓഫീസിലോ പൊതുമേഖലാ ബാങ്കുകളുടെ ശാഖകളിലോ അംഗീകൃത സ്വകാര്യ ബാങ്കുകളിലോ (HDFC ബാങ്ക്, ആക്സിസ് ബാങ്ക്, ICICI ബാങ്ക്, IDBI ബാങ്ക്) അക്കൗണ്ട് തുറക്കാവുന്നതാണ്.
- പെൺകുട്ടി ജനിച്ച സമയം മുതൽ 10 വയസ്സ് തികയുന്നതുവരെ എപ്പോൾ വേണമെങ്കിലും അക്കൗണ്ട് തുറക്കാം.
- ഒരു പെൺകുട്ടിക്ക് ഒരു അക്കൗണ്ട് മാത്രമേ അനുവദിക്കൂ, ഒരു കുടുംബത്തിന് പരമാവധി രണ്ട് പെൺകുട്ടികൾക്കായി അക്കൗണ്ടുകൾ തുറക്കാം. എന്നിരുന്നാലും, ഇരട്ടക്കുട്ടികളോ മൂന്നു കുട്ടികളോ ഒരുമിച്ച് ജനിക്കുന്ന സാഹചര്യങ്ങളിൽ, ബന്ധപ്പെട്ട ജനന സർട്ടിഫിക്കറ്റുകൾക്കൊപ്പം സത്യവാങ്മൂലം സമർപ്പിക്കുകയാണെങ്കിൽ രണ്ടിലധികം അക്കൗണ്ടുകൾ അനുവദനീയമാണ്.
- ഇന്ത്യയിലെ ഏത് സ്ഥലത്തേക്കും അക്കൗണ്ട് മാറ്റാവുന്നതാണ്.
പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് തികയുന്നതുവരെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മാതാപിതാക്കളോ/ രക്ഷിതാവോ ആണെന്നത് ശ്രദ്ധേയമാണ്. സമ്പാദ്യത്തിന്റെ മേൽനോട്ടം വഹിക്കാനും കുട്ടിയുടെ വിദ്യാഭ്യാസത്തിനും ഭാവി ആവശ്യങ്ങൾക്കുമായി പണം ഫലപ്രദമായി വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാനും ഇത് രക്ഷിതാവിനെ അനുവദിക്കുന്നു. പതിനെട്ട് വയസ്സ് തികയുമ്പോൾ, ആവശ്യമായ രേഖകൾ സമർപ്പിച്ച് അക്കൗണ്ട് ഉടമയ്ക്ക് (പെൺകുട്ടിക്ക്) സ്വയം അക്കൗണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാം.
അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ ഏവ?
ഒരു SSY അക്കൗണ്ട് തുറക്കുന്നതിന് നാല് പ്രധാന രേഖകൾ ആവശ്യമാണ്:
- ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ ലഭ്യമായ സുകന്യ സമൃദ്ധി അക്കൗണ്ട് ഓപ്പണിംഗ് ഫോം
- പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്
- യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകിയ ആധാർ നമ്പർ
- ആദായനികുതി നിയമങ്ങളിൽ നിർവചിച്ചിട്ടുള്ള സ്ഥിര അക്കൗണ്ട് നമ്പർ (PAN) അല്ലെങ്കിൽ ഫോം 60
SSY അക്കൗണ്ടിനായി എത്ര രൂപ നിക്ഷേപിക്കണം?
മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും കുറഞ്ഞത് 250 രൂപ പ്രാരംഭ നിക്ഷേപം നടത്തി SSY അക്കൗണ്ട് ആരംഭിക്കാം. തുടർന്നുള്ള നിക്ഷേപങ്ങൾ 50-ന്റെ ഗുണിതങ്ങളായി നടത്താം, എന്നാൽ ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം. പരമാവധി വാർഷിക നിക്ഷേപ പരിധി 1,50,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട് - ഇതിൽ കൂടുതലായി വരുന്ന തുകയ്ക്ക് പലിശ ലഭിക്കില്ലെന്ന് മാത്രമല്ല, ആ തുക തിരികെ നൽകുകയും ചെയ്യും.
അക്കൗണ്ട് തുറന്ന തീയതി മുതൽ പതിനഞ്ച് വർഷം വരെ നിക്ഷേപം നടത്താം.
|
നിങ്ങൾക്കറിയാമോ?
സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 3,33,000 കോടി രൂപ കവിഞ്ഞു! (2025 ഡിസംബർ)
|
പലിശ കണക്കാക്കുന്നത് എങ്ങനെ?
ഓരോ മാസവും കണക്കാക്കുന്ന പലിശ, ഓരോ സാമ്പത്തിക വർഷത്തിന്റെയും അവസാനം അക്കൗണ്ടിലേക്ക് ചേർക്കുന്നു. വർഷത്തിനിടയിൽ അക്കൗണ്ട് മറ്റൊരു ബാങ്കിലേക്കോ പോസ്റ്റ് ഓഫീസിലേക്കോ മാറ്റിയാലും സാമ്പത്തിക വർഷാവസാനം പലിശ ക്രെഡിറ്റ് ചെയ്യപ്പെടും. ഇത് പെൺകുട്ടിയുടെ സമ്പാദ്യത്തിന് സുസ്ഥിരവും സുരക്ഷിതവുമായ വളർച്ച ഉറപ്പാക്കുന്നു.

SSY അക്കൗണ്ടിൽ നിന്ന് എങ്ങനെ ഒരാൾക്ക് പണം പിൻവലിക്കാം?
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി, മുൻ സാമ്പത്തിക വർഷാവസാനമുള്ള ബാലൻസിന്റെ 50% വരെ അക്കൗണ്ട് ഉടമയ്ക്ക് പിൻവലിക്കാവുന്നതാണ്. അക്കൗണ്ട് ഉടമയ്ക്ക് പതിനെട്ട് വയസ്സ് തികയുകയോ അല്ലെങ്കിൽ പത്താം ക്ലാസ് പാസാവുകയോ ചെയ്യുമ്പോൾ (ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്) ഈ സൗകര്യം ലഭ്യമാകും. അപേക്ഷിക്കുന്നതിനായി, വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള അഡ്മിഷൻ ഓഫർ ലെറ്റർ അല്ലെങ്കിൽ ഫീസ് അടയ്ക്കേണ്ട വിവരങ്ങൾ കാണിക്കുന്ന സ്ലിപ്പ് പോലുള്ള രേഖകൾ സഹിതം ഔദ്യോഗിക അപേക്ഷ സമർപ്പിക്കണം.
തുക ഒറ്റത്തവണയായോ അല്ലെങ്കിൽ തവണകളായോ പിൻവലിക്കാം. വർഷത്തിൽ ഒരു തവണ എന്ന നിലയിൽ പരമാവധി അഞ്ച് വർഷം വരെ ഇത്തരത്തിൽ പിൻവലിക്കാൻ സാധിക്കും. എല്ലാ സാഹചര്യങ്ങളിലും പിൻവലിക്കുന്ന തുക സമർപ്പിച്ച രേഖകളിൽ കാണിച്ചിരിക്കുന്ന യഥാർത്ഥ ഫീസിനേക്കാൾ കൂടാൻ പാടില്ല.
സുകന്യ സമൃദ്ധി യോജന (SSY) അക്കൗണ്ട് എപ്പോൾ കാലാവധി പൂർത്തിയാകും? അക്കൗണ്ട് നേരത്തെ ക്ലോസ് ചെയ്യാൻ പറ്റുമോ?
അക്കൗണ്ട് ആരംഭിച്ച് 21 വർഷം പൂർത്തിയാകുമ്പോഴാണ് SSY അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നത്. പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ അക്കൗണ്ട് നേരത്തേ അവസാനിപ്പിക്കാൻ അനുവാദമുള്ളൂ:
|
അക്കൗണ്ട് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ
|
- അക്കൗണ്ട് ഉടമ അപേക്ഷയോടൊപ്പം നോട്ടറി സാക്ഷ്യപ്പെടുത്തിയ നോൺ-ജുഡീഷ്യൽ സ്റ്റാമ്പ് പേപ്പറിൽ ഒരു സത്യവാങ്മൂലവും വിവാഹ തീയതിയിൽ കുറഞ്ഞത് പതിനെട്ട് വയസ്സ് പ്രായമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖയും സമർപ്പിക്കണം.
- വിവാഹത്തിന് ഒരു മാസം മുമ്പോ വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷമോ മാത്രമേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയൂ. അംഗീകാരം ലഭിച്ചാൽ, അക്കൗണ്ട് ഉടമയ്ക്ക് പലിശ സഹിതമുള്ള തുക പിൻവലിക്കാൻ അപേക്ഷിക്കാം, ഇത് കൃത്യസമയത്ത് പണം ലഭ്യമാകുമെന്ന് ഉറപ്പാക്കുന്നു.
|
|
അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ
|
- അപേക്ഷ സമർപ്പിച്ച് അധികാരി നൽകിയ മരണ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഉടൻ തന്നെ അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്.
- മരണത്തീയതി വരെ സമാഹരിച്ച പലിശയുൾപ്പെടെ ബാക്കി തുക രക്ഷിതാവിന് നൽകും.
- മരണത്തീയതി മുതൽ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതുവരെയുള്ള കാലയളവിലേക്കുള്ള പലിശ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകൾക്ക് ബാധകമായ നിരക്കിൽ കണക്കാക്കും.
|
എന്നിരുന്നാലും, അക്കൗണ്ട് ആരംഭിച്ച് ആദ്യത്തെ അഞ്ച് വർഷത്തിനുള്ളിൽ കാലാവധിക്ക് മുമ്പുള്ള ക്ലോഷർ അനുവദനീയമല്ല.
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി യോജന ഒരു മികച്ച തിരഞ്ഞെടുപ്പാകുന്നത് എന്തുകൊണ്ട്?
ഗവൺമെന്റ് പിന്തുണയുള്ള പ്രശസ്തമായ ഈ സമ്പാദ്യ പദ്ധതി ഉയർന്ന വരുമാനം, നികുതി ആനുകൂല്യങ്ങൾ, വിദ്യാഭ്യാസത്തിനും ഭാവി ആവശ്യങ്ങൾക്കുമായി പണം പിൻവലിക്കാനുള്ള സൗകര്യം എന്നിവ നൽകിക്കൊണ്ട് പെൺകുട്ടികൾക്കായി ദീർഘകാല സാമ്പത്തിക സുരക്ഷയൊരുക്കുന്നു. പെൺകുട്ടിയുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ ഇത് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു:
|
ഈ പദ്ധതി കേന്ദ്ര ധനകാര്യ മന്ത്രാലയം കാലാകാലങ്ങളിൽ വിജ്ഞാപനം ചെയ്യുന്ന ആകർഷകമായ പലിശ നിരക്ക് നൽകുന്നു, ഇത് കാലക്രമേണ സമ്പാദ്യം ക്രമമായി വളരാൻ സഹായിക്കുന്നു.
|
|
ഈ പദ്ധതിക്ക് കീഴിലുള്ള നിക്ഷേപങ്ങൾക്ക് 1961-ലെ ആദായനികുതി നിയമം സെക്ഷൻ 80C പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്.
|
|
കുറഞ്ഞ വാർഷിക വിഹിതം 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ്. കൂടാതെ, ഭാഗികമായി പണം പിൻവലിക്കാനുള്ള സൗകര്യവും പ്രയോജനപ്പെടുത്താം.
|
|
കാലാവധി പൂർത്തിയാകുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്തില്ലെങ്കിൽ പോലും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന് ബാധകമായ നിരക്കിൽ അതിന് പലിശ ലഭിക്കുന്നത് തുടരും.
|

അവളോടൊപ്പം വളരുന്ന ഒരു പദ്ധതി
ഇന്ത്യയിലെ പെൺകുട്ടികൾക്ക് സുരക്ഷിതവും ശാക്തീകരിക്കപ്പെട്ടതുമായ ഭാവി കെട്ടിപ്പടുക്കുന്നതിലേക്കുള്ള അർത്ഥവത്തായ ഒരു ചുവടുവെപ്പാണ് സുകന്യ സമൃദ്ധി യോജന. ദീർഘകാല സമ്പാദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വിദ്യാഭ്യാസത്തിനും സാമ്പത്തിക സ്വാതന്ത്ര്യത്തിനും മുൻഗണന നൽകുന്നതിലൂടെയും ഈ പദ്ധതി കുടുംബങ്ങൾക്കുള്ളിൽ സാമ്പത്തിക ഉത്തരവാദിത്തവും വലിയ തോതിലുള്ള സാമൂഹിക പുരോഗതിയും പ്രോത്സാഹിപ്പിക്കുന്നു.
അക്കൗണ്ടുകളുടെ എണ്ണത്തിലുള്ള തുടർച്ചയായ വർദ്ധന ഈ സംരംഭത്തിലുള്ള വർദ്ധിച്ചുവരുന്ന വിശ്വാസത്തെയും സ്വാധീനത്തെയും എടുത്തുകാണിക്കുന്നു. ഇന്ത്യ ലിംഗസമത്വത്തിലേക്കും ഉൾപ്പെടുത്തലിലേക്കും മുന്നേറുമ്പോൾ ഓരോ പെൺകുട്ടിക്കും വളരാനും വിജയിക്കാനും അവളുടെ പൂർണ്ണ ശേഷി തിരിച്ചറിയാനും ആവശ്യമായ വിഭവങ്ങളും ആത്മവിശ്വാസവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ SSY സുപ്രധാന പങ്ക് വഹിക്കുന്നു.
https://www.pib.gov.in/PressReleasePage.aspx?PRID=2094807®=3&lang=2#:~:text=Maturity%20of%20the%20account,access%20to%20funds%20when%20needed.
https://www.pib.gov.in/PressReleaseIframePage.aspx?PRID=1778546®=3&lang=2
https://www.pib.gov.in/PressReleaseIframePage.aspx?PRID=1990745®=3&lang=2
https://static.pib.gov.in/WriteReadData/specificdocs/documents/2022/jan/doc20221207101.pdf
Prime Minister's Office
https://www.pib.gov.in/PressReleseDetail.aspx?PRID=2191605®=3&lang=1
Directorate of Small Savings, Govt. of Assam
https://smallsavings.assam.gov.in/portlets/take-care-with-sukanya-samriddhi-account
https://finance.assam.gov.in/portlets/sukanya-samriddhi-for-your-girl-child
Government of Uttar Pradesh, Moradabad Division
https://moradabaddivision.nic.in/scheme/sukanya-samriddhi-yojana/
Sansad.in
https://sansad.in/getFile/loksabhaquestions/annex/178/AU767.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/184/AU3747_MIzukL.pdf?source=pqals
mygov.in
https://transformingindia.mygov.in/scheme/sukanya-samriddhi-yojana/#intro
State Bank of India
https://www.sbisecurities.in/calculators/sukanya-samriddhi-yojana
https://sbi.bank.in/web/personal-banking/investments-deposits/govt-schemes/sukanya-samriddhi-yojana
Others
https://www.ibef.org/news/over-us-36-72-billion-deposited-in-banks-under-sukanya-samriddhi-scheme-prime-minister-mr-narendra-modi
Click here for pdf file.
(Explainer ID: 157034)
आगंतुक पटल : 24
Provide suggestions / comments