Technology
ചിപ്‌സ് ടു സ്റ്റാർട്ട്-അപ്പ് (C2S) പ്രോഗ്രാം
ഇന്ത്യയുടെ തദ്ദേശീയ ചിപ്പ് ഡിസൈൻ മേഖലയെ പരിപോഷിപ്പിക്കുന്നു
Posted On:
18 JAN 2026 9:47AM
|
പ്രധാന വസ്തുതകൾ
- 1 ലക്ഷത്തിലധികം വ്യക്തികൾ ചിപ്പ് ഡിസൈൻ പരിശീലനത്തിൽ അംഗങ്ങളായി ചേർന്നു, ഇതിൽ ഏകദേശം 67,000 പേർക്ക് ഇതുവരെ പരിശീലനം ലഭിച്ചു.
- വ്യവസായ പങ്കാളികളുമായി സഹകരിച്ച് ചിപ്‌ഇൻ (ChipIN) സെന്റർ 6 ഷെയേർഡ് വേഫർ റണ്ണുകളും 265-ലധികം പരിശീലന സെഷനുകളും നടത്തി.
- സെമി-കണ്ടക്ടർ ലബോറട്ടറി (SCL) ചിപ്പ് ഡിസൈനിംഗിൽ വിപുലമായ പ്രായോഗിക പരിശീലനം സാധ്യമാക്കി. 46 സ്ഥാപനങ്ങളിൽ നിന്നായി 122 അപേക്ഷകൾ ലഭിച്ചു, ഇതിൽ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത 56 ചിപ്പുകൾ വിജയകരമായി നിർമ്മിക്കുകയും പാക്കേജ് ചെയ്ത് വിതരണം ചെയ്യുകയും ചെയ്തു.
- പങ്കെടുത്ത സ്ഥാപനങ്ങൾ 75-ലധികം പേറ്റന്റുകൾ ഫയൽ ചെയ്യുകയും 500-ലധികം ഐപി കോറുകൾ, ASICകൾ, SoC ഡിസൈനുകൾ വികസിപ്പിക്കുകയും ചെയ്യുന്നു.
|
ആമുഖം
സാമ്പത്തിക വളർച്ചയുടെയും സാങ്കേതിക ശേഷിയുടെയും ദേശീയ പ്രതിരോധത്തിന്റെയും തന്ത്രപരമായ സ്തംഭമായി ഇന്ത്യ അതിന്റെ സെമി കണ്ടക്ടർ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയാണ്. അത്യാധുനിക ഇലക്ട്രോണിക്സിനും നിർമിത ബുദ്ധി (AI) അധിഷ്ഠിത ആപ്ലിക്കേഷനുകൾക്കുമുള്ള ആഗോള ആവശ്യം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സെമി കണ്ടക്ടർ വ്യവസായം 2030-ഓടെ ഏകദേശം 1 ട്രില്യൺ യുഎസ് ഡോളറിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, ആഗോള സെമി കണ്ടക്ടർ തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ളവരുടെ കുറവുണ്ട്, ഇതിന്റെ ഫലമായി 2032-ഓടെ 10 ലക്ഷത്തിലധികം അധിക വിദഗ്ധ പ്രൊഫഷണലുകളെ ആവശ്യമായി വരും. ഇത് ലക്ഷ്യബോധമുള്ള സംരംഭങ്ങളിലൂടെ ആഗോള സെമി കണ്ടക്ടർ ആവാസവ്യവസ്ഥയിൽ ഇന്ത്യയെ ഒരു സുപ്രധാന പങ്കാളിയായി മാറ്റുന്നു.
ചിപ്പ് ഡിസൈനിംഗിനെ ഒരു തന്ത്രപരമായ ദേശീയ മുൻഗണനയായി അംഗീകരിച്ചുകൊണ്ട്, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ഇന്ത്യയുടെ സെമി കണ്ടക്ടർ ഡിസൈൻ രംഗം മാറ്റുന്നതിനായി സജീവമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ചിപ്‌സ് ടു സ്റ്റാർട്ട്-അപ്പ് (C2S) പ്രോഗ്രാമിന് കീഴിലുള്ള 305 വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് (DLI) സ്കീമിന് കീഴിലുള്ള 95 സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ ഏകദേശം 400 ഓളം സംഘടനകളിലായി ഈ സംരംഭങ്ങൾ വ്യാപിച്ചുകിടക്കുന്നു.
സെമി കണ്ടക്ടർ ചിപ്പ് ഡിസൈനിംഗിൽ രാജ്യവ്യാപകമായ പങ്കാളിത്തം പ്രാപ്തമാക്കുന്നതിലൂടെ, C2S പ്രോഗ്രാം അത്യാധുനിക ഡിസൈൻ കഴിവുകളിലേക്കുള്ള പ്രവേശനം ജനാധിപത്യവൽക്കരിക്കുന്നു. സ്ഥാപനമോ സ്ഥലമോ പരിഗണിക്കാതെ നൂതനമായ സെമി കണ്ടക്ടർ പരിഹാരങ്ങൾ വികസിപ്പിക്കാൻ ഇത് വിദ്യാർത്ഥികളെയും ഗവേഷകരെയും സംരംഭകരെയും ശാക്തീകരിക്കുന്നു; കൂടാതെ സാങ്കേതിക സ്വയംപര്യാപ്തതയുടെയും ആഗോള മത്സരക്ഷമതയുടെയും കാഴ്ചപ്പാടിന് അനുസൃതമായി തദ്ദേശീയമായ കണ്ടുപിടുത്തങ്ങളെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

അവലോകനം: ചിപ്‌സ് ടു സ്റ്റാർട്ട്-അപ്പ് (C2S) പ്രോഗ്രാം
ഇന്ത്യയിലുടനീളമുള്ള അക്കാദമിക് സ്ഥാപനങ്ങളെ ഉൾപ്പെടുത്തി 2022-ൽ MeitY ആരംഭിച്ച അഞ്ച് വർഷത്തേക്ക് ആകെ 250 കോടി രൂപ ചെലവ് വരുന്ന ഒരു സമഗ്ര ശേഷി വികസന സംരംഭമാണ് C2S പ്രോഗ്രാം. ബിരുദ, ബിരുദാനന്തര, ഡോക്ടറൽ തലങ്ങളിലായി 85,000 വ്യവസായ-സജ്ജരായ പ്രൊഫഷണലുകളെ വികസിപ്പിക്കുകയാണ് C2S പ്രോഗ്രാം ലക്ഷ്യമിടുന്നത്. ഇതിൽ ഇവർ ഉൾപ്പെടുന്നു:
- ചിപ്പ് ഡിസൈനിലെ വിപുലമായ ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 200 പിഎച്ച്ഡി സ്കോളർമാർ
- VLSI അല്ലെങ്കിൽ എംബഡഡ് സിസ്റ്റങ്ങളിൽ വൈദഗ്ധ്യമുള്ള 7000 എം.ടെക് ബിരുദധാരികൾ
- VLSI-ൽ പ്രത്യേക പരിശീലനം ലഭിച്ച കമ്പ്യൂട്ടർ, കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക് സിസ്റ്റംസ് പ്രോഗ്രാമുകളിൽ നിന്നുള്ള 8800 എം.ടെക് ബിരുദധാരികൾ
- VLSI അധിഷ്ഠിത കോഴ്സുകളിലൂടെ പരിശീലനം ലഭിച്ച 69,000 ബി.ടെക് വിദ്യാർത്ഥികൾ

കൂടാതെ, മനുഷ്യവിഭവശേഷി സൃഷ്ടിക്കുന്നതിനപ്പുറം 25 സ്റ്റാർട്ടപ്പുകളുടെ ഇൻകുബേഷനെ ഉത്തേജിപ്പിക്കാനും 10 സാങ്കേതിക കൈമാറ്റങ്ങൾ സാധ്യമാക്കാനും C2S പ്രോഗ്രാം ലക്ഷ്യമിടുന്നു. സ്മാർട്ട് ലാബ് സൗകര്യങ്ങൾ ലഭ്യമാക്കാനും ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനും 50 പേറ്റന്റുകൾ സൃഷ്ടിക്കാനും കുറഞ്ഞത് 2,000 കേന്ദ്രീകൃത ഗവേഷണ പ്രസിദ്ധീകരണങ്ങളെ പിന്തുണയ്ക്കാനും ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു. C2S പ്രോഗ്രാമിന്റെ ഈ സംയോജിത സമീപനം നൂതന ആശയങ്ങളെ പിന്തുണയ്ക്കുകയും തൊഴിൽക്ഷമത വർദ്ധിപ്പിക്കുകയും ഇന്ത്യയുടെ സെമി കണ്ടക്ടർ മൂല്യശൃംഖലയിൽ കൂടുതൽ സജീവമായ പങ്ക് വഹിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഈ പ്രോഗ്രാം സെമി കണ്ടക്ടർ മേഖലയിലെ സ്വയംപര്യാപ്തതയ്ക്കും നവീകരണത്തിനും ആഗോള മത്സരക്ഷമതയ്ക്കും ശക്തമായ അടിത്തറയാണ്.
പ്രോഗ്രാം സമീപനവും നടപ്പാക്കലും
ചിപ്പ് ഡിസൈനിംഗ്, ഫാബ്രിക്കേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയം നൽകുന്ന സമഗ്രമായ സമീപനമാണ് C2S പ്രോഗ്രാം സ്വീകരിക്കുന്നത്. വ്യവസായ പങ്കാളികളുമായുള്ള സഹകരണത്തോടെയുള്ള പതിവ് പരിശീലന സെഷനുകളിലൂടെയും മെന്റർഷിപ്പിലൂടെയും പ്രായോഗിക പിന്തുണയിലൂടെയുമാണ് ഇത് കൈവരിക്കുന്നത്. അത്യാധുനിക EDA സോഫ്റ്റ്‌വെയറുകളും സെമി കണ്ടക്ടർ ഫൗണ്ടറികളും ഉൾപ്പെടെയുള്ള അത്യാധുനിക ചിപ്പ് ഡിസൈൻ ടൂളുകളിലേക്കും ഫാബ്രിക്കേഷൻ സൗകര്യങ്ങളിലേക്കും ടെസ്റ്റിംഗ് റിസോഴ്സുകളിലേക്കും വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്നു; ഇത് സ്വന്തമായി ചിപ്പുകൾ രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും പരീക്ഷിക്കാനും അവരെ പ്രാപ്തരാക്കുന്നു. ആപ്ലിക്കേഷൻ-സ്പെസിഫിക് ഇന്റഗ്രേറ്റഡ് സർക്യൂട്ട് (ASIC), സിസ്റ്റംസ്-ഓൺ-ചിപ്പ് (SoC), ഇന്റലക്ച്വൽ പ്രോപ്പർട്ടി (IP) കോർ ഡിസൈനുകൾ എന്നിവയുടെ വർക്കിംഗ് പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കുന്നതിനായി C2S പ്രോഗ്രാമിന് കീഴിൽ ഗവേഷണ-വികസന (R&D) പ്രോജക്റ്റുകൾ നടപ്പിലാക്കുന്നതും ഈ അവസരങ്ങളിൽ ഉൾപ്പെടുന്നു. ഈ ഘടനാപരമായ പരിശീലനം അക്കാദമിക് പഠനവും പ്രായോഗിക സെമി കണ്ടക്ടർ ഡിസൈനും തമ്മിലുള്ള വിടവ് നികത്തുന്നു.
|
ഏകോപന സംഘടന
|
രീതി
|
മേഖല
|
|
പങ്കെടുക്കുന്ന 100+ അക്കാദമിക് സ്ഥാപനങ്ങൾ
(പ്രോജക്റ്റ് ഫണ്ടുകൾ, EDA ടൂളുകൾ,പരിശീലനങ്ങൾ എന്നിവയുടെ ഗുണഭോക്താക്കൾ)
|
- ഡിസൈനിംഗിനും ഫാബ്രിക്കേഷനുമുള്ള ഗവേഷണ-വികസന (R&D) പദ്ധതികളുടെ നടത്തിപ്പ് (2–5 വർഷം)
- പാഠ്യപദ്ധതിയുടെ ഭാഗമായുള്ള നിർദ്ദേശങ്ങൾ, ഹ്രസ്വകാല കോഴ്സുകൾ, ലാബുകൾ, വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ (സമീപത്തുള്ള സ്ഥാപനങ്ങൾ ഉൾപ്പെടെ)
|
പദ്ധതികളിലൂടെ ചിപ്പ് ഡിസൈനിംഗ്, ഫാബ്രിക്കേഷൻ, ടെസ്റ്റിംഗ് എന്നിവയിൽ സമ്പൂർണ്ണ പരിചയം
|
|
200+ മറ്റ് സംഘടനകൾ
(EDA ടൂളുകൾ, പരിശീലനങ്ങൾ എന്നിവയുടെ ഗുണഭോക്താക്കൾ)
|
പാഠ്യപദ്ധതിയുടെ ഭാഗമായുള്ള നിർദ്ദേശങ്ങൾ, ഹ്രസ്വകാല കോഴ്സുകൾ, ലാബുകൾ, വിദ്യാർത്ഥികളുടെ പ്രോജക്റ്റുകൾ
|
അത്യാധുനിക EDA ടൂളുകൾ ഉപയോഗിച്ചുള്ള പൊതുവായ ചിപ്പ് ഡിസൈൻ രീതികൾ
|
|
ChipIN സെന്റർ, C-DAC ബെംഗളൂരു
(300+ സ്ഥാപനങ്ങൾക്ക് സേവനം നൽകുന്നു)
|
വ്യവസായ പങ്കാളികളുമായി സഹകരിച്ചുള്ള പതിവ് പരിശീലന സെഷനുകൾ. ലഭ്യമായ സൗകര്യങ്ങൾ:
|
അത്യാധുനിക ടൂളുകൾ ഉപയോഗിച്ചുള്ള പ്രത്യേക ഡിസൈൻ മേഖലകൾ
|
|
EDA ടൂളുകൾ
|
സിനോപ്സിസ്, കാഡൻസ്, IBM, സീമെൻസ് EDA, ആൻസിസ്, കീസൈറ്റ് ടെക്നോളജീസ്, സിൽവാക്കോ, AMD, റെനെസാസ്
|
|
ഫൗണ്ടറി ആക്‌സസ്
|
SCL, IMEC, MUSE സെമികണ്ടക്ടറുകൾ
|
|
ചിപ്പ് ഡിസൈൻ രീതി
|
ChipIN സെന്റർ, NIELIT
|
|
|
സ്മാർട്ട് ലാബ്, NIELIT കാലിക്കറ്റ് (അഖിലേന്ത്യാ തലത്തിലുള്ള സ്ഥാപനങ്ങൾ)
|
നിശ്ചയിക്കപ്പെട്ട ഹ്രസ്വകാല, സർട്ടിഫിക്കേഷൻ കോഴ്സുകൾ
|
കേന്ദ്രീകൃത ഹാർഡ്‌വെയർ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പൊതുവായ ചിപ്പ് ഡിസൈൻ രീതികൾ
|
പേറ്റന്റുകൾ, സാങ്കേതികവിദ്യാ കൈമാറ്റങ്ങൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ എന്നിവയിലൂടെ നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ, വിദ്യാർത്ഥികൾക്കും സ്ഥാപനങ്ങൾക്കും വർക്കിംഗ് ചിപ്പ് ഡിസൈനുകൾ, സിസ്റ്റം-ലെവൽ ചിപ്പുകൾ, പുനരുപയോഗിക്കാവുന്ന ഡിസൈൻ ബ്ലോക്കുകൾ എന്നിവ വികസിപ്പിക്കാൻ കഴിയുമെന്ന് ഈ സംയോജിത സമീപനം ഉറപ്പാക്കുന്നു.

|
ചിപ്‌ഇൻ (ChipIN) സെന്റർ: C2S പ്രോഗ്രാമിന് കീഴിൽ ചിപ്പ് ഡിസൈൻ, ഫാബ്രിക്കേഷൻ പിന്തുണ നൽകുന്നു
ബെംഗളൂരുവിലെ സി-ഡാക്കിലെ ചിപ്‌ഇൻ സെന്റർ, രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പങ്കിട്ട സെമികണ്ടക്ടർ ഡിസൈൻ ഇൻഫ്രാസ്ട്രക്ചർ നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവിധാനങ്ങളിൽ ഒന്നാണ്. സമ്പൂർണ്ണ ഡിസൈൻ സൈക്കിളിനെ ഉൾക്കൊള്ളുന്ന അത്യാധുനിക ചിപ്പ് ഡിസൈൻ ടൂളുകൾ, കമ്പ്യൂട്ടർ - ഹാർഡ്‌വെയർ ഇൻഫ്രാസ്ട്രക്ചർ, ഇന്റലക്ച്വൽ പ്രോപ്പർട്ടി കോറുകൾ, സാങ്കേതിക മെന്റർഷിപ്പ് എന്നിവയിലേക്കുള്ള പ്രവേശനം ഇത് വാഗ്ദാനം ചെയ്യുന്നു. ഈ കേന്ദ്രീകൃത പിന്തുണ സ്ഥാപനങ്ങളെ ചിപ്പ് ഡിസൈനിംഗും ഫാബ്രിക്കേഷൻ പ്രവർത്തനങ്ങളും ഏറ്റെടുക്കാൻ പ്രാപ്തരാക്കുന്നു, ഇത് ഇന്ത്യയുടെ ആഭ്യന്തര സെമികണ്ടക്ടർ ഡിസൈൻ ശേഷിയെ ശക്തിപ്പെടുത്തുന്നു.
C2S പ്രോഗ്രാമിന് കീഴിലുള്ള ചിപ്‌ഇൻ സെന്ററിന്റെ പങ്ക്
- ഡിസൈൻ ശേഖരണവും ഫാബ്രിക്കേഷനും: C2S പ്രോഗ്രാം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ചിപ്പ് ഡിസൈനുകൾ ചിപ്‌ഇൻ സെന്റർ ശേഖരിക്കുന്നു. ഓരോ മൂന്ന് മാസ കൂടുമ്പോഴും ഈ ഡിസൈനുകൾ ഗ്രൂപ്പുകളായി തിരിച്ച് 180 nm സാങ്കേതികവിദ്യ ഉപയോഗിച്ച് ഫാബ്രിക്കേഷൻ നടത്തുന്നതിനായി മൊഹാലിയിലെ സെമി-കണ്ടക്ടർ ലാബിലേക്ക് (SCL) അയയ്ക്കുന്നു.
- ഡിസൈൻ വെരിഫിക്കേഷൻ: ഡിസൈനുകൾ ഫാബ്രിക്കേഷൻ ആവശ്യകതകൾ പാലിക്കുന്നുണ്ടോയെന്ന് ചിപ്‌ഇൻ സെന്റർ പരിശോധിക്കുകയും ഫീഡ്‌ബാക്കിലൂടെയും തിരുത്തലുകളിലൂടെയും അവ മെച്ചപ്പെടുത്താൻ വിദ്യാർത്ഥികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഡിസൈനുകൾ സെന്റർ ഒരു സിംഗിൾ ഷെയേർഡ് വേഫറിലേക്ക് സംയോജിപ്പിക്കുന്നു. ഈ ഷെയേർഡ് വേഫർ SCL മൊഹാലിയിലേക്ക് അയയ്ക്കുന്നു. SCL മൊഹാലി ചിപ്പുകൾ നിർമ്മിക്കുകയും പാക്കേജ് ചെയ്യുകയും വിദ്യാർത്ഥികൾക്ക് തിരികെ നൽകുകയും ചെയ്യുന്നു.
- സാങ്കേതിക പിന്തുണ: പങ്കാളിത്ത സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ചിപ്‌ഇൻ സെന്റർ കേന്ദ്രീകൃതമായ സാങ്കേതിക പിന്തുണ നൽകുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചിപ്‌ഇൻ സെന്റർ 4,855 പിന്തുണാ അഭ്യർത്ഥനകൾ പരിഹരിച്ചിട്ടുണ്ട്.
|
C2S പ്രോഗ്രാമിന്റെ പ്രധാന നേട്ടങ്ങൾ
ശേഷി വികസനം, ഇൻഫ്രാസ്ട്രക്ചർ ലഭ്യത, പ്രായോഗിക ചിപ്പ് ഡിസൈൻ പ്രാപ്തമാക്കൽ എന്നിവയിലുടനീളം ചിപ്‌സ് ടു സ്റ്റാർട്ട്-അപ്പ് പ്രോഗ്രാം അളക്കാവുന്ന ഫലങ്ങൾ നൽകിയിട്ടുണ്ട്. ദേശീയ സാങ്കേതിക സൗകര്യങ്ങളുടെയും ഫാബ്രിക്കേഷൻ പിന്തുണയുടെയും സംയോജനത്തിലൂടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും സ്റ്റാർട്ടപ്പുകളിൽ നിന്നും വലിയ തോതിലുള്ള പങ്കാളിത്തം ഈ പ്രോഗ്രാം സാധ്യമാക്കി.
- 300 അക്കാദമിക സ്ഥാപനങ്ങളും 95 സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ 400 സ്ഥാപനങ്ങളിൽ നിന്നുള്ള ഏകദേശം 1 ലക്ഷത്തോളം വ്യക്തികൾ പങ്കിട്ട ദേശീയ EDA അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ചു, ഇത് 175 ലക്ഷം മണിക്കൂറിലധികം ടൂൾ ഉപയോഗത്തിന് കാരണമായി.
- കഴിഞ്ഞ വർഷങ്ങളിൽ മൊഹാലിയിലെ സെമി-കണ്ടക്ടർ ലബോറട്ടറിയിൽ ചിപ്‌ഇൻ സെന്റർ 6 ഷെയേർഡ് വേഫർ റണ്ണുകൾ സംഘടിപ്പിച്ചു, ഇത് 46 സ്ഥാപനങ്ങളിൽ നിന്നുള്ള 122 ചിപ്പ് ഡിസൈൻ ശുപാർശകൾ സാധ്യമാക്കി.
- വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത ആകെ 56 ചിപ്പുകൾ വിജയകരമായി നിർമ്മിക്കുകയും പാക്കേജ് ചെയ്ത് നൽകുകയും ചെയ്തു.
- വിദ്യാർത്ഥികൾക്കും ഗവേഷകർക്കും എഞ്ചിനീയർമാർക്കുമായി പ്രധാന ചിപ്പ് ഡിസൈൻ മേഖലകളിൽ 265-ലധികം വ്യവസായ നേതൃത്വത്തിലുള്ള പരിശീലന സെഷനുകൾ നടത്തി.
- പങ്കാളിത്ത സ്ഥാപനങ്ങൾ ചിപ്പ് ഡിസൈൻ, സെമികണ്ടക്ടർ മാനുഫാക്ചറിംഗ് വർക്ക്ഫ്ലോകൾ എന്നിവയിലുടനീളം 75-ലധികം പേറ്റന്റുകൾ ഫയൽ ചെയ്തിട്ടുണ്ട്.
- പ്രതിരോധം, ടെലികോം, ഓട്ടോമോട്ടീവ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, വ്യാവസായിക ആപ്ലിക്കേഷനുകൾ എന്നിവയ്ക്കായി സ്ഥാപനങ്ങൾ 500-ലധികം ഐപി കോറുകൾ, ആപ്ലിക്കേഷൻ സ്പെസിഫിക് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ, സിസ്റ്റം-ഓൺ-ചിപ്പ് ഡിസൈനുകൾ എന്നിവ വികസിപ്പിക്കുന്നു.
- പ്രായോഗിക പഠനം, ഡിസൈൻ മൂല്യനിർണ്ണയം, പ്രോട്ടോടൈപ്പിംഗ് പ്രവർത്തനങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നതിനായി പങ്കാളിത്ത സ്ഥാപനങ്ങൾക്ക് കേന്ദ്രീകൃതവും വിതരണം ചെയ്തതുമായ ഫീൽഡ് പ്രോഗ്രാമബിൾ ഗേറ്റ് അറേ (FPGA) ബോർഡുകൾ നൽകി.
- പരം ഉത്കർഷ് (PARAM Utkarsh) സൂപ്പർ കമ്പ്യൂട്ടറിലൂടെ ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് സൗകര്യം നൽകി.
C2S പ്രോഗ്രാമിനെ പിന്തുണയ്ക്കുന്ന സ്ഥാപന ചട്ടക്കൂട്
സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ പിന്തുണയും വൻതോതിലുള്ള ശേഷി വികസനവും സമന്വയിപ്പിക്കുന്ന ഏകോപിത സ്ഥാപന ചട്ടക്കൂടിലൂടെ ചിപ്‌സ് ടു സ്റ്റാർട്ട്-അപ്പ് പ്രോഗ്രാമിന് കീഴിലുള്ള ഇന്ത്യയുടെ ചിപ്പ് ഡിസൈൻ ആവാസവ്യവസ്ഥ ശക്തമാക്കപ്പെടുന്നു. സി-ഡാക് (C-DAC), ചിപ്‌ഇൻ സെന്റർ തുടങ്ങിയ പ്രധാന പ്രോഗ്രാമുകളും സ്ഥാപനങ്ങളും ചിപ്പ് ഡിസൈൻ വിദ്യാഭ്യാസത്തിനും നവീകരണത്തിനും സമഗ്രമായ പിന്തുണ നൽകുന്നു. ഗവേഷണ-വികസന സ്ഥാപനങ്ങളെയും വ്യവസായ പങ്കാളികളെയും സമന്വയിപ്പിക്കുന്നതിലൂടെ, C2S സ്ഥാപന ചട്ടക്കൂട് തദ്ദേശീയമായ ചിപ്പ് ഡിസൈനിംഗിനെ പിന്തുണയ്ക്കുകയും സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ സെമികണ്ടക്ടർ ഡിസൈൻ ആവാസവ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്ഷ്യത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.
ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം (MeitY)
MeitY ദേശീയ സെമികണ്ടക്ടർ സംരംഭങ്ങൾക്ക് നേതൃത്വം നൽകുകയും നയപരമായ ദിശാബോധം നൽകുകയും ചിപ്‌സ് ടു സ്റ്റാർട്ട്-അപ്പ് പ്രോഗ്രാം പോലുള്ള പദ്ധതികൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ചിപ്പ് ഡിസൈൻ, മാനുഫാക്ചറിംഗ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഇത് സ്ഥാപനപരവും വ്യവസായപരവുമായ പങ്കാളിത്തങ്ങളെ ഏകോപിപ്പിക്കുന്നു. MeitY പൊതുവായ നയപരമായ ദിശാബോധം, ഫണ്ടിംഗ് പിന്തുണ, C2S-നായുള്ള പ്രോഗ്രാം മേൽനോട്ടം എന്നിവ നൽകുന്നു. ഇന്ത്യയുടെ ആഭ്യന്തര സെമികണ്ടക്ടർ ഡിസൈൻ വ്യവസായത്തിലെ നിലവിലുള്ള പോരായ്മകൾ പരിഹരിക്കാൻ ഇത് ലക്ഷ്യമിടുന്നു. സെമികണ്ടക്ടർ മൂല്യശൃംഖലയിൽ ഇന്ത്യൻ കമ്പനികളെ ഉയർന്ന തലത്തിലേക്ക് എത്തിക്കാൻ ഇത് ശ്രമിക്കുന്നു.
സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (C-DAC)
ചിപ്പ് ഡിസൈൻ പ്രാപ്തമാക്കുന്നതിനുള്ള ദേശീയ കേന്ദ്രമായി പ്രവർത്തിക്കുന്ന ചിപ്‌ഇൻ സെന്റർ ബെംഗളൂരുവിൽ സി-ഡാക് സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ഈ കേന്ദ്രം വാണിജ്യപരമായ EDA ടൂളുകൾ, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് വിഭവങ്ങൾ, ഐപി ലൈബ്രറികൾ, സാങ്കേതിക മെന്ററിംഗ് എന്നിവയിലേക്ക് പങ്കിട്ട പ്രവേശനം നൽകുന്നു. ഡിസൈൻ ഓൺബോർഡിംഗ്, വെരിഫിക്കേഷൻ, ഫാബ്രിക്കേഷനായുള്ള അഗ്രഗേഷൻ എന്നിവയും ഇത് കൈകാര്യം ചെയ്യുന്നു.
സെമി-കണ്ടക്ടർ ലബോറട്ടറി (SCL), മൊഹാലി
ചിപ്‌സ് ടു സ്റ്റാർട്ട്-അപ്പ് പ്രോഗ്രാമിന് കീഴിൽ, പങ്കാളിത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും ഗവേഷകരും വികസിപ്പിച്ച ചിപ്പ് ഡിസൈനുകളുടെ ഫാബ്രിക്കേഷൻ ഷെയേർഡ് വേഫർ റണ്ണുകളിലൂടെ SCL സുഗമമാക്കുന്നു. സ്ഥാപിതമായ പ്രോസസ് ടെക്നോളജികൾ ഉപയോഗിച്ച് SCL ഫാബ്രിക്കേഷൻ ഏറ്റെടുക്കുകയും അംഗീകൃത ഡിസൈനുകൾക്ക് പാക്കേജിംഗ് പിന്തുണ നൽകുകയും ചെയ്യുന്നു. നിർമ്മിച്ച ചിപ്പുകൾ സ്ഥാപനങ്ങൾക്ക് തിരികെ നൽകുന്നു, ഇത് സിലിക്കണിൽ ഡിസൈനുകൾ സാധൂകരിക്കാനും പോസ്റ്റ്-ഫാബ്രിക്കേഷൻ പരിശോധനയിലും മൂല്യനിർണ്ണയത്തിലും പ്രായോഗിക പരിചയം നേടാനും വിദ്യാർത്ഥികളെ അനുവദിക്കുന്നു.
ഈ ഏകോപിത സ്ഥാപന ചട്ടക്കൂടുകൾ ദേശീയ ചിപ്പ് ഡിസൈൻ ഇൻഫ്രാസ്ട്രക്ചറിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുകയും അക്കാദമിക-വ്യവസായ സഹകരണം ശക്തിപ്പെടുത്തുകയും വ്യവസായ സജ്ജരായ ചിപ്പ് ഡിസൈനർമാരുടെ ഒരു നിരയെ കെട്ടിപ്പടുക്കുകയും ചെയ്യുന്നു. തദ്ദേശീയ ചിപ്പ് ഡിസൈൻ ശേഷി വർദ്ധിപ്പിക്കുന്നതിലും ആഗോള സെമികണ്ടക്ടർ ആവാസവ്യവസ്ഥയിൽ ഇന്ത്യയെ വിശ്വസനീയമായ ഒരു പങ്കാളിയായി മാറ്റുന്നതിലും ഇത് നിർണ്ണായക പങ്ക് വഹിക്കുന്നു.
ഉപസംഹാരം
നവീനതയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ദേശീയ സുരക്ഷയ്ക്കും സെമികണ്ടക്ടറുകൾ ഒരു തന്ത്രപരമായ അടിത്തറയായി മാറിയിരിക്കുന്നു. സെമികണ്ടക്ടർ ഡിസൈനിലും പ്രതിഭകളെ വികസിപ്പിക്കുന്നതിലുമുള്ള നേതൃത്വം ആഗോള സാങ്കേതിക മത്സരക്ഷമതയിൽ കൂടുതൽ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, ഭാവിയിലെ സെമികണ്ടക്ടർ സാങ്കേതികവിദ്യകളെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ ഇന്ത്യ അതിന്റെ അക്കാദമിക - നവീനാശയ ആവാസവ്യവസ്ഥയെ സജ്ജമാക്കുന്നു.
ശക്തവും സ്വയംപര്യാപ്തവുമായ ഒരു സെമികണ്ടക്ടർ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയാണ് ചിപ്‌സ് ടു സ്റ്റാർട്ട്-അപ്പ് പ്രോഗ്രാം പ്രതിഫലിപ്പിക്കുന്നത്. വൻതോതിലുള്ള നൈപുണ്യ വികസനം, പ്രായോഗിക ഡിസൈൻ അനുഭവം, ദേശീയ അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള പ്രവേശനം എന്നിവ പ്രാപ്തമാക്കുന്നതിലൂടെ തദ്ദേശീയ ചിപ്പ് ഡിസൈനിലും നവീകരണത്തിലും സംഭാവന നൽകാൻ ഈ പ്രോഗ്രാം വിദ്യാർത്ഥികളെയും ഗവേഷകരെയും സ്റ്റാർട്ടപ്പുകളെയും സംരംഭകരെയും ശാക്തീകരിക്കുന്നു. ഈ ശ്രമങ്ങൾ ഇന്ത്യയുടെ പ്രതിഭാ അടിത്തറയെ ശക്തിപ്പെടുത്തുകയും സാങ്കേതിക സ്വയംപര്യാപ്തതയെ പിന്തുണയ്ക്കുകയും സെമികണ്ടക്ടർ ഡിസൈനിലും വികസനത്തിലും ആഗോളതലത്തിൽ മത്സരക്ഷമതയുള്ള ഒരു കേന്ദ്രമായി മാറാനുള്ള രാജ്യത്തിന്റെ യാത്രയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.
References
Ministry of Electronics and IT - Chips of Start-up Programme Portal
Press Information Bureau
Ministry of Skill Development and Entrepreneurship
Kindly click here for PDF
***
SK
(Explainer ID: 157006)
आगंतुक पटल : 12
Provide suggestions / comments