Infrastructure
ഇന്ത്യയിലെ തുരങ്കങ്ങള്‍: ഭൗമോപരിതലത്തിനടിയിലെ എഞ്ചിനീയറിംഗ് വിസ്മയങ്ങള്‍
Posted On:
14 JAN 2026 1:23PM
പ്രധാന വസ്തുതകള്‍:
• അടല്‍ തുരങ്കം പോലുള്ള നാഴികക്കല്ല് പദ്ധതികളിലൂടെ, ഇന്ത്യ അതിന്റെ തുരങ്ക അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം വികസിപ്പിക്കുകയാണ്.
•12.77 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള T50 ടണല്‍ പോലുള്ള റെക്കോര്‍ഡ് സൃഷ്ടിക്കുന്ന റെയില്‍ ലിങ്കുകള്‍ ഇന്ത്യയുടെ ചരക്ക്, ഗതാഗത ശൃംഖലയെ പുനര്‍നിര്‍വചിക്കുന്നു
•സോജില പോലുള്ള വരാനിരിക്കുന്ന മെഗാ തുരങ്കങ്ങള്‍ എല്ലാ കാലാവസ്ഥയിലും ലഡാക്കിലേക്കുള്ള പ്രവേശനം സാധ്യമാക്കും. ഇത് ഗതാഗത സംവിധാനം, സുരക്ഷാ വ്യാപ്തി, പ്രാദേശിക വളര്‍ച്ച എന്നിവ വര്‍ദ്ധിപ്പിക്കും.
ഗതാഗത സംവിധാനം രൂപപ്പെടുത്തുന്നു : ഇന്ത്യയിലെ തുരങ്കങ്ങളുടെ കഥ
ഇന്ത്യയിലെ തുരങ്കങ്ങള്‍ അടിസ്ഥാന സൗകര്യ വികസനമെന്നതിനേക്കാള്‍ ഉപരിയാണ്; ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ മറികടക്കാനുള്ള രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ അവ പ്രതിഫലിപ്പിക്കുന്നു. ഒരിക്കല്‍ സമ്പര്‍ക്ക സംവിധാനങ്ങള്‍ പരിമിതമായിരുന്ന പര്‍വതങ്ങളിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും തുരങ്കങ്ങള്‍ വഴി എക്കാലവും ഗതാഗതം സാധ്യമാക്കി. അവ വിദൂര പ്രദേശങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്തു. തന്ത്രപ്രധാനമായ ഹിമാലയന്‍ തുരങ്കങ്ങള്‍ മുതല്‍ നഗരങ്ങളിലെ മെട്രോ നെറ്റ്‌വര്‍ക്കുകള്‍ വരെ, ഈ പദ്ധതികള്‍ രാജ്യത്തിന്റെ യാത്രാ, ചരക്ക് നീക്കത്തെ പരിവര്‍ത്തനം ചെയ്യുന്നു. ആധുനിക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യയും നൂതന ആസൂത്രണവും പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച തുരങ്കങ്ങള്‍ സാമ്പത്തിക വളര്‍ച്ചയിലും ദേശീയ സുരക്ഷയിലും പ്രാദേശിക വികസനത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നു. പരസ്പരബന്ധിതവും പ്രതിരോധശേഷിയുള്ളതുമായ ഒരു രാജ്യത്തെ അവ രൂപപ്പെടുത്തുന്നു.
ദേശീയ പാത വികസനം, തന്ത്രപരമായ അതിര്‍ത്തി അടിസ്ഥാന സൗകര്യങ്ങള്‍, മെട്രോ റെയില്‍ വളര്‍ച്ച, ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍, വിദൂര പ്രദേശങ്ങളിലെ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഗതാഗത സംരംഭങ്ങള്‍ എന്നിവയിലൂടെയാണ് ഇന്ത്യയുടെ തുരങ്കനിര്‍മ്മാണ മേഖലയിലെ കുതിച്ചുചാട്ടം സാധ്യമാകുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച്, ഏറ്റവും വേഗത്തില്‍ വളരുന്ന നിര്‍മ്മാണ മേഖലകളില്‍ ഒന്നായി തുരങ്കനിര്‍മ്മാണം മാറിയിരിക്കുന്നു.
തുരങ്കനിര്‍മ്മാണ അടിസ്ഥാന സൗകര്യങ്ങള്‍ എന്നത്തേക്കാളും പ്രധാനമാകുന്നത് എന്തുകൊണ്ട്?
തുരങ്കങ്ങള്‍ ഇന്ത്യയുടെ വികസന ഭൂപടത്തെ ദ്രുത ഗതിയില്‍ പുനര്‍നിര്‍മ്മിക്കുന്നു. പരമ്പരാഗത ഗതാഗത മാര്‍ഗങ്ങള്‍ക്ക് പകരം മികച്ചതും സുരക്ഷിതവും കൂടുതല്‍ സുസ്ഥിരവുമായ ബദല്‍ സംവിധാനം വാഗ്ദാനം ചെയ്യുന്നു. അവയുടെ സ്വാധീനം എഞ്ചിനീയറിംഗ് മികവിനുമപ്പുറമാണ്. അവ പ്രാദേശിക വികസനത്തെ ഉത്തേജിപ്പിക്കുന്നു, തന്ത്രപരമായ തയ്യാറെടുപ്പ് വര്‍ദ്ധിപ്പിക്കുന്നു, ദശലക്ഷക്കണക്കിന് പേരുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നു.

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന തുരങ്ക നിര്‍മാണ സാങ്കേതികവിദ്യ
കഴിഞ്ഞ ദശകത്തില്‍, ഇന്ത്യയുടെ തുരങ്ക നിര്‍മാണ ശേഷി വികസിച്ചുകൊണ്ടിരിക്കുന്നു. പരമ്പരാഗത ഡ്രില്‍& ബ്ലാസ്റ്റ് രീതികളില്‍ നിന്ന് അത്യാധുനിക സാങ്കേതികവിദ്യകളിലേക്ക് ഇത് പുരോഗമിച്ചു. ഇത് വേഗതയേറിയതും സുരക്ഷിതവും കൂടുതല്‍ സങ്കീര്‍ണ്ണവുമായ ഭൂഗര്‍ഭ തുരങ്ക നിര്‍മ്മാണം സാധ്യമാക്കുന്നു. ആധുനിക പദ്ധതികള്‍ ഇപ്പോള്‍ നൂതനമായ ഭൂമിശാസ്ത്ര മാപ്പിംഗിനെയും തത്സമയ നിരീക്ഷണ സംവിധാനങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഇത് ദുഷ്‌കരമായ സാഹചര്യങ്ങളില്‍ പോലും എഞ്ചിനീയര്‍മാരെ നീളവും ആഴവുമേറിയ തുരങ്കങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രാപ്തമാക്കുന്നു.
വെന്റിലേഷന്‍ സംവിധാനങ്ങള്‍, അടിയന്തര രക്ഷപ്പെടല്‍ മാര്‍ഗങ്ങള്‍, അഗ്‌നിശമന യൂണിറ്റുകള്‍, എല്‍ഇഡി ലൈറ്റിംഗ്, സിസിടിവി നിരീക്ഷണം, കേന്ദ്രീകൃത ടണല്‍ കണ്‍ട്രോള്‍ റൂമുകള്‍ എന്നിവയാല്‍ സജ്ജീകരിച്ചിരിക്കുന്ന എഞ്ചിനീയറിംഗ് ഹൈടെക്, സുരക്ഷാ സംയോജിത ഇടനാഴികളായാണ് ആധുനിക ഇന്ത്യന്‍ തുരങ്കങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ആധുനികവത്കരണം പ്രവര്‍ത്തന വിശ്വാസ്യതയും ദുരന്ത ഇടപെടല്‍ സംവിധാനവും ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ തുരങ്ക വിപ്ലവത്തെ നയിക്കുന്ന പ്രധാന സാങ്കേതികവിദ്യകള്‍:
ടണല്‍ ബോറിംഗ് മെഷീനുകള്‍ (TBMകള്‍):
മെട്രോ ശൃംഖലകളിലും നീളം കൂടിയ റെയില്‍/റോഡ് തുരങ്കങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്ന TBMകള്‍, ജനസാന്ദ്രതയുള്ളതും ഭൂമിശാസ്ത്രപരമായി സങ്കീര്‍ണ്ണമായതുമായ പ്രദേശങ്ങളില്‍ ഉയര്‍ന്ന കൃത്യത, കുറഞ്ഞ പ്രകമ്പനം, മെച്ചപ്പെട്ട സുരക്ഷ എന്നിവ നല്‍കുന്നു.
•പുതിയ ഓസ്ട്രിയന്‍ ടണലിംഗ് രീതി (NATM)
ഹിമാലയത്തില്‍ വ്യാപകമായി സ്വീകരിച്ചിരിക്കുന്ന NATM, എഞ്ചിനീയര്‍മാര്‍ക്ക് ഭൂമി തുരക്കല്‍ പ്രക്രിയയെ തത്സമയം ക്രമീകരിക്കാന്‍ അനുവദിക്കുന്നു. ഇത് ദുര്‍ബലമായ പാറകള്‍ നിറഞ്ഞ മേഖലയില്‍ അനുയോജ്യമായിരിക്കുന്നു.
•സംയോജിത തുരങ്ക നിയന്ത്രണ സംവിധാനങ്ങള്‍ (ITCS)
ആധുനിക റോഡ് തുരങ്കങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട സംവിധാനമായ ITCS, വെന്റിലേഷന്‍ നിയന്ത്രണം, അഗ്‌നിബാധ കണ്ടെത്തല്‍, ആശയവിനിമയ ശൃംഖലകള്‍, സിസിടിവി, അടിയന്തര പരിപാലനം എന്നിവ ഒരു കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിച്ച് 24/7 സുരക്ഷ ഉറപ്പാക്കുന്നു.
ഇന്ത്യയുടെ നാഴികക്കല്ലായി മാറിയ തുരങ്കങ്ങള്‍: ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍വചിക്കുന്നു
ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തുടനീളം യാത്ര, ചരക്ക് നീക്കം എന്നിവയെ പുനര്‍നിര്‍വചിക്കുന്ന ശ്രദ്ധേയമായ തുരങ്കങ്ങളുടെ ഒരു പരമ്പരയ്ക്ക് കാരണമായി. ബൃഹത്തായ നവീകരണത്തിനും പ്രശ്‌നപരിഹാരത്തിനും സാക്ഷ്യമായി ഓരോ തുരങ്കവും നിലകൊള്ളുന്നു.
അടല്‍ തുരങ്കം:
പിര്‍ പഞ്ചല്‍ പര്‍വതനിരകളുടെ മഞ്ഞുമൂടിയ കൊടുമുടികള്‍ക്ക് താഴെയായി സ്ഥിതി ചെയ്യുന്ന അടല്‍ ടണല്‍ 9.02 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചിക്കുന്നു. ഈ പാത റോഹ്താങ് ചുരത്തെ മറികടക്കുന്നു. ഇതിന്റെ പൂര്‍ത്തീകരണം കണക്റ്റിവിറ്റിയെ മാറ്റിമറിച്ചു. മണാലിയില്‍ നിന്നും ലാഹൗള്‍സ്പിതിയിലെ വിദൂര താഴ്‌വരകളിലേക്ക് വര്‍ഷം മുഴുവനും തടസ്സമില്ലാത്ത യാത്ര സാധ്യമാക്കുന്നു. വെല്ലുവിളി നിറഞ്ഞ പര്‍വത സാഹചര്യങ്ങളില്‍ സിവിലിയന്മാര്‍ക്കും പ്രതിരോധ സേനയ്ക്കും സുരക്ഷിതവും വിശ്വസനീയവുമായ പ്രവേശനം ഉറപ്പാക്കുക എന്നതാണ് തുരങ്കത്തിന്റെ തന്ത്രപരമായ പ്രാധാന്യം. ഇതിനെ, 2022 ല്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് യുകെ 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ തുരങ്കമായി ഔദ്യോഗികമായി അംഗീകരിച്ചു. ഈ തുരങ്കം മണാലി-സര്‍ച്ചു ദൂരം 46 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാ സമയം നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ ലാഭിക്കുകയും ചെയ്തു. ശൈത്യകാല താപനില 25°C ലേക്ക് താഴുകയും തുരങ്കത്തിന്റെ ഉള്‍ഭാഗം ചിലപ്പോള്‍ 45°C വരെ താപനിലയില്‍ എത്തുകയും ചെയ്യുന്ന കഠിനമായ ഹിമാലയന്‍ സാഹചര്യങ്ങളില്‍ നിര്‍മ്മിച്ച ഇതിന് അസാധാരണമായ പ്രതിരോധശേഷി ആവശ്യമാണ്. ദുര്‍ബലമായ ഭൂപ്രകൃതി, തുരങ്കത്തില്‍ വെള്ളം കയറുന്നതിന് ഒരിക്കല്‍ കാരണമായ സെരി നല നീരൊഴുക്ക്, അമിതഭാരം, കനത്ത മഞ്ഞുവീഴ്ച എന്നിവയെയെല്ലാം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ (BRO) സമര്‍പ്പിത എഞ്ചിനീയര്‍ കര്‍മ്മയോഗികള്‍ വിജയകരമായി തരണം ചെയ്തു.


ഇസഡ്‌മോര്‍/സോനമാര്‍ഗ് തുരങ്കം

സമുദ്രനിരപ്പില്‍ നിന്ന് 8,650 അടി ഉയരത്തിലുള്ള പര്‍വതങ്ങളിലൂടെ വാര്‍ത്തെടുത്ത 12 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എഞ്ചിനീയറിംഗ് വിസ്മയമായ സോനമാര്‍ഗ് തുരങ്കം ജമ്മു കശ്മീരിലെ യാത്രയെ പരിവര്‍ത്തനം ചെയ്യാന്‍ ഒരുങ്ങുന്നു. 2,700 കോടി രൂപ ചെലവിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 6.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു പ്രധാന തുരങ്കം, ഒരു എഗ്രസ് തുരങ്കം, ശ്രീനഗറില്‍ നിന്നും സോന മാര്‍ഗിലെ താഴ്‌വാരത്തിലേക്കും ലഡാക്കിലേക്കും ഒരു ജീവനാഡി സൃഷ്ടിക്കുന്ന ആധുനിക റോഡുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇനി ഹിമപാതങ്ങളോ മണ്ണിടിച്ചിലോ കനത്ത മഞ്ഞുവീഴ്ചയോ ഈ പ്രദേശത്തെ, മറ്റിടങ്ങളില്‍ നിന്നും വിച്ഛേദിക്കില്ല. പ്രധാന ആശുപത്രികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും തുരങ്കം വഴി സാധ്യമാണ്. ഹിമാലയന്‍ ഭൂമിശാസ്ത്രത്തെ വെല്ലുവിളിച്ചുകൊണ്ട് ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് രീതി (NATM) ഉപയോഗിച്ച് നിര്‍മ്മിച്ച ഈ തുരങ്കം ഒരു പ്രധാന സാങ്കേതിക നാഴികക്കല്ലാണ്. പൊതുജന മുന്നറിയിപ്പ് സംവിധാനം, ഇലക്ട്രിക്കല്‍ ഫയര്‍ സിഗ്‌നലിംഗ് സംവിധാനം, റേഡിയോ റീബ്രോഡ്കാസ്റ്റ് സിസ്റ്റം (FM), ഡൈനാമിക് റോഡ് ഇന്‍ഫര്‍മേഷന്‍ പാനല്‍ (DRIP) തുടങ്ങിയ നൂതന സംവിധാനങ്ങളുള്ള ഒരു സംയോജിത തുരങ്ക പരിപാലന സംവിധാനം (ITMS) ഇതില്‍ ഉള്‍പ്പെടുന്നു. മണിക്കൂറില്‍ ഏകദേശം 1,000 വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വരാനിരിക്കുന്ന സോജില തുരങ്കവുമായി (2028) ചേര്‍ക്കുമ്പോള്‍, യാത്ര 49 കിലോമീറ്ററില്‍ നിന്ന് 43 കിലോമീറ്ററായി ചുരുങ്ങും. വേഗത മണിക്കൂറില്‍ 30 കിലോമീറ്ററില്‍ നിന്ന് 70 കിലോമീറ്ററായി ഉയരും. ഇത് പ്രതിരോധം, ചരക്ക് നീക്കം, ശൈത്യകാല ടൂറിസം, സാഹസിക കായിക വിനോദങ്ങള്‍, ഈ പര്‍വതങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ഉപജീവനമാര്‍ഗ്ഗം എന്നിവ വര്‍ദ്ധിപ്പിക്കും.
സേല തുരങ്കം

അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ 'വികസിത ഭാരതം, വികസിത വടക്ക് കിഴക്കന്‍ മേഖല' പരിപാടിയില്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച സേല തുരങ്കം തേസ്പൂര്‍-തവാങ് റൂട്ടില്‍ 13,000 അടി ഉയരത്തില്‍ ബി ആര്‍ ഓ ആണ് നിര്‍മ്മിച്ചത്. 825 കോടി രൂപ ചെലവിലാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്. ഇത് എല്ലാ കാലാവസ്ഥയിലും ഗതാഗത സംവിധാനം ഉറപ്പാക്കുകയും അതിര്‍ത്തി മേഖലയിലെ സാമൂഹിക-സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സായുധ സേനയ്ക്ക് വളരെയധികം തന്ത്രപരമായ അവസരം നല്‍കുകയും ചെയ്യുന്നു. ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് രീതി (NATM) ഉപയോഗിച്ച് നിര്‍മ്മിച്ച ഇത്, വിദൂര പര്‍വത സമൂഹങ്ങളുടെ ഭാവിയെ സ്ഥിരോത്സാഹത്തിനും പ്രാദേശിക പ്രതിജ്ഞാബദ്ധതയ്ക്കും എങ്ങനെ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്നതിന്റെ ശക്തമായ അടയാളമായി നിലകൊള്ളുന്നു.
ബനിഹാല്‍-ഖാസിഗുണ്ട് റോഡ് തുരങ്കം

ജമ്മുവും കശ്മീരും തമ്മിലുള്ള ബന്ധം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്ത 8.45 കിലോമീറ്റര്‍ നീളമുള്ള ഇരട്ടട്യൂബ് തുരങ്കമാണ് ബനിഹാല്‍–ഖാസിഗുണ്ട് റോഡ് തുരങ്കം. ഇത് ബനിഹാലിനും ഖാസിഗുണ്ടിനും ഇടയിലുള്ള റോഡ് ദൂരം 16 കിലോമീറ്ററും യാത്രാ സമയം ഏകദേശം ഒന്നര മണിക്കൂറും കുറയ്ക്കുകയും ചെയ്തു. തുരങ്കത്തിന്റെ ഓരോ ദിശയിലേക്കും ഓരോന്നായി രണ്ട് വ്യത്യസ്ത ട്യൂബുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ തുരങ്കം അറ്റകുറ്റപ്പണികള്‍ക്കും അടിയന്തര ഒഴിപ്പിക്കലിനും സൗകര്യമൊരുക്കി, ഓരോ 500 മീറ്ററിലും ക്രോസ് പാസേജുകള്‍ വഴി പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു റോഡ് ബന്ധം സ്ഥാപിച്ചിരിക്കുന്നതിനാല്‍ അത് പ്രവേശനക്ഷമത ശക്തിപ്പെടുത്തുകയും രണ്ട് പ്രദേശങ്ങളെയും കൂടുതല്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
•ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി തുരങ്കം

ജമ്മു & കശ്മീരിലെ ചെനാനി-നഷ്രി തുരങ്കം എന്നറിയപ്പെട്ടിരുന്ന ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി തുരങ്കം, ഉധംപൂരിനെയും റംബാനെയും ബന്ധിപ്പിക്കുന്ന 9 കിലോമീറ്റര്‍ നീളമുള്ള, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഒരു ഇരട്ടക്കുഴല്‍ റോഡ് തുരങ്കമാണ്. ദുഷ്‌കരമായ ഹിമാലയന്‍ ഭൂപ്രകൃതിയില്‍ ഏകദേശം 1,200 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിച്ച ഇത്, ജമ്മുവിനും ശ്രീനഗറിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂര്‍ കുറയ്ക്കുകയും 41 കിലോമീറ്റര്‍ റോഡ് ദൈര്‍ഘ്യം ലാഭിക്കുകയും ചെയ്തു. വിപുലമായ വെന്റിലേഷന്‍, സുരക്ഷ, വിവേകപൂര്‍വമായ ഗതാഗത സംവിധാനങ്ങള്‍ എന്നിവ, വളരെ പരിമിതമായ തോതിലെ മനുഷ്യ ഇടപെടലോടെ പൂര്‍ണ്ണമായും സംയോജിത നിയന്ത്രണ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്നുവെന്നത് ഈ തുരങ്കത്തിന്റെ സവിശേഷതയാണ്. കൂടാതെ മെച്ചപ്പെട്ട സുരക്ഷാ നടപടികളും ഇതില്‍ ഉള്‍പ്പെടുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ സംരംഭങ്ങള്‍ക്ക് അനുസൃതമായി വികസിപ്പിച്ചെടുത്ത ഈ പദ്ധതി പ്രദേശവാസികളുടെ നൈപുണ്യം മെച്ചപ്പെടുത്തി, ഈ തുരങ്കത്തിന്റെ നിര്‍മ്മാണത്തിനായി അവരെ നിയോഗിച്ചു. ഈ പദ്ധതി 2,000ത്തിലധികം പ്രദേശവാസികള്‍ക്ക് തൊഴില്‍ സൃഷ്ടിച്ചു. ഇതില്‍ ഏകദേശം 94 ശതമാനം തൊഴിലാളികളും ജമ്മു കശ്മീരില്‍ നിന്നാണ്.
°USBRL പ്രോജക്റ്റിന് കീഴിലുള്ള ടണല്‍ T50

ജമ്മു & കശ്മീരിലെ ഖാരിയെയും സമ്പറിനെയും ബന്ധിപ്പിക്കുന്ന 12.77 കിലോമീറ്റര്‍ എഞ്ചിനീയറിംഗ് കരുത്തായ ടണല്‍ T50, ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് (USBRL) പദ്ധതിക്ക് കീഴില്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഗതാഗത തുരങ്കങ്ങളിലൊന്നാണ്. ഇത് കശ്മീര്‍ താഴ്‌വരയ്ക്കും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇടയില്‍ ഒരു നിര്‍ണായക റെയില്‍ ജീവരേഖയായി മാറുന്നു. ന്യൂ ഓസ്ട്രിയന്‍ ടണലിംഗ് രീതി ഉപയോഗിച്ച് നിര്‍മ്മിച്ച ഇത്, ക്വാര്‍ട്‌സൈറ്റ്, നെയ്‌സ്, ഫൈലൈറ്റ് തുടങ്ങി ശിലാനിര്‍മിതവും വെല്ലുവിളി നിറഞ്ഞതുമായ ഭൂപ്രകൃതിയെ മുറിച്ചുകടക്കുന്നു. ഉയര്‍ന്ന ജലപ്രവാഹം, മണ്ണിടിച്ചില്‍, ലോല മേഖലകള്‍, സംയുക്ത ആഗ്‌നേയ ശിലകള്‍ എന്നിവയെ ഈ തുരങ്കം ഭേദിക്കുന്നു. സുരക്ഷയ്ക്കായി ഓരോ 375 മീറ്ററിലും, ഒരു സമാന്തര അടിയന്തിര തുരങ്കവുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു പ്രധാന കുഴല്‍ ഇതിലുണ്ട്. ഓരോ 50 മീറ്ററിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് ഒരു കേന്ദ്ര കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിരീക്ഷിക്കുന്നതിലൂടെ മെച്ചപ്പെടുത്തിയ T50, സുരക്ഷിതവും തടസ്സമില്ലാത്തതുമായ റെയില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.
കൊല്‍ക്കത്തയിലെ ജലാന്തര്‍ മെട്രോ തുരങ്കം
2024ല്‍, ഹൂഗ്ലി നദിയുടെ അടിയിലൂടെ കൊല്‍ക്കത്തയിലെ എസ്പ്ലനേഡിനെയും ഹൗറ മൈതാനത്തെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ ജലാന്തര്‍ മെട്രോ ടണല്‍ ആരംഭിച്ചുകൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഈ എഞ്ചിനീയറിംഗ് വിസ്മയം രാജ്യത്തിന്റെ വര്‍ദ്ധിച്ചുവരുന്ന സാങ്കേതിക, അടിസ്ഥാന സൗകര്യ ശേഷികളെ പ്രദര്‍ശിപ്പിക്കുക മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളിലൊന്നിന്റെ ഗതാഗത സംവിധാനത്തെ പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നു.
ഇന്ത്യയുടെ അടുത്ത തുരങ്ക പദ്ധതികള്‍
പുതിയ തലമുറ തുരങ്കങ്ങള്‍ സൃഷ്ടിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. ഈ വരാനിരിക്കുന്ന പദ്ധതികള്‍ രാജ്യത്തിന്റെ ഗതാഗത, സമ്പര്‍ക്ക പദ്ധതികള്‍ പുനര്‍നിര്‍വചിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ഇനിപ്പറയുന്ന നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍, പുരോഗതിയുടെ തോത് എടുത്തുകാണിക്കുന്നു.
•സോജില തുരങ്കം

സോജില തുരങ്കം ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ഭൂപ്രകൃതിയില്‍ ഒരു വലിയ നേട്ടമായി ഉയര്‍ന്നുവന്നു. ലഡാക്കിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്കും ഇടയില്‍ വിശ്വസനീയവും എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതുമായ ഒരു ബന്ധം സ്ഥാപിക്കുന്നതിന് ഏറ്റവും ശക്തമായ ചില ഹിമാലയന്‍ ശിലാനിരകളെ ഇത് മുറിച്ചുകടക്കുന്നു. ഇതിനകം ഏകദേശം 12 കിലോമീറ്റര്‍ പൂര്‍ത്തിയായി. വിപുലമായ സുരക്ഷാ നടപടികളും പര്‍വതങ്ങള്‍ക്കുള്ളില്‍ സ്ഥിരമായ വായുപ്രവാഹം നിലനിര്‍ത്താന്‍ രൂപകല്‍പ്പന ചെയ്ത ഒരു സെമിട്രാന്‍സ്‌വേഴ്‌സ് വെന്റിലേഷന്‍ സംവിധാനവും ഇതില്‍ സംയോജിപ്പിക്കുന്നു. പുതിയ ഓസ്ട്രിയന്‍ ടണലിംഗ് രീതി ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു സ്മാര്‍ട്ട് ടണല്‍ (SCADA) സംവിധാനമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിസിടിവി നിരീക്ഷണം, റേഡിയോ നിയന്ത്രണം, തടസ്സമില്ലാത്ത വൈദ്യുതി വിതരണം, വെന്റിലേഷന്‍ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ആധുനിക സാങ്കേതികവിദ്യ സ്വീകരിച്ചതിലൂടെ ഈ പദ്ധതിയില്‍ ഗവണ്മെന്റിന് 5,000 കോടിയിലധികം രൂപ ലാഭിക്കാന്‍ കഴിഞ്ഞു. പൂര്‍ത്തിയാകുമ്പോള്‍, ഈ അഭിലാഷ സംരംഭം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കമായും ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഇരുദിശ തുരങ്കമായും മാറും. 11,578 അടി ഉയരത്തില്‍ 30 കിലോമീറ്ററിലധികം വ്യാപ്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ പദ്ധതി 2028ല്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് . ശ്രീനഗര്‍ കാര്‍ഗില്‍ലേ ദേശീയ പാതയുടെ ഒരു നിര്‍ണായക ഘടകമെന്ന നിലയില്‍, മേഖലയിലുടനീളം സിവിലിയന്‍, സൈനിക നീക്കത്തെ ഈ തുരങ്കം സുഗമമാക്കും .
•മുംബൈ- അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ തുരങ്കം
കടലിനടിയില്‍ 4.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ ഇടനാഴി ഇന്ത്യയുടെ തുരങ്കനിര്‍മാണ ഭാവിയിലേക്ക് ഒരു കുതിച്ചുചാട്ടം അടയാളപ്പെടുത്തി. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പാതയെ നിര്‍വചിക്കുന്ന സവിശേഷതയാണിത്. തുരങ്കത്തിന്റെ അവസാന പ്രദേശമായ ഘന്‍സോളി, ഷില്‍ഫാറ്റ എന്നിവിടങ്ങളില്‍ നിന്ന് ഒരേസമയം കുഴിച്ചെടുത്ത തുരങ്ക നിര്‍മാണത്തിനിടെ അസാധാരണമായ വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. ദുഷ്‌കരമായ ജലപ്രവാഹത്തെ വിജയകരമായി മുറിച്ചു മുന്നേറിയത് , ഇന്ത്യയുടെ എഞ്ചിനീയറിംഗ് ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തിയ നേട്ടമായിരുന്നു. സമഗ്രമായ സുരക്ഷാ പിന്തുണയോടെ നൂതനമായ ഓസ്ട്രിയന്‍ ടണലിംഗ് രീതി (NATM) ഉപയോഗിച്ചാണ് പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് അതിവേഗ ട്രെയിനുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒറ്റക്കുഴല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ തുരങ്കം അത്യാധുനിക റെയില്‍ നിര്‍മ്മാണ സാങ്കേതികവിദ്യയുടെ മുന്‍നിരയില്‍ നില്‍ക്കുന്നു. ഇത് ഇന്ത്യയുടെ അടുത്ത തലമുറ ഗതാഗത അടിസ്ഥാന സൗകര്യങ്ങളെ നയിക്കുന്ന നൂതനാശയങ്ങളെ പ്രതിഫലിപ്പിക്കുന്നു.

ഋഷികേശ്-കര്‍ണപ്രയാഗ് പുതിയ റെയില്‍ പാതാ തുരങ്കങ്ങള്‍
ഉത്തരാഖണ്ഡിലെ ഋഷികേശ്-കര്‍ണപ്രയാഗ് റെയില്‍ പാത, ഹിമാലയത്തിലെ ഒരു നാഴികക്കല്ലായ തുരങ്കനിര്‍മാണ പദ്ധതിയാണ്. ഏകദേശം 125 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ഈ പാത ഭൂമിശാസ്ത്രപരമായി സങ്കീര്‍ണ്ണവും പരിസ്ഥിതി സംവേദനക്ഷമതയുള്ളതുമായ ഹിമാലയന്‍ ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്നു. ഇത് പ്രധാനമായും തുരങ്ക അധിഷ്ഠിത പദ്ധതിയായി മാറിയിരിക്കുന്നു. ഏകദേശം 105 കിലോമീറ്റര്‍ നീളമുള്ള 16 പ്രധാന പാത തുരങ്കങ്ങളും ഏകദേശം 98 കിലോമീറ്റര്‍ നീളമുള്ള 12 സമാന്തര രക്ഷാ തുരങ്കങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മൊത്തത്തില്‍, 213 കിലോമീറ്റര്‍ വ്യാപ്തിയില്‍ 199 കിലോമീറ്റര്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയായി. ഇന്ത്യന്‍ റെയില്‍വേയില്‍ ആദ്യമായി ഹിമാലയന്‍ മേഖലയില്‍ ഒരു ടണല്‍ ബോറിംഗ് മെഷീന്‍ (TBM) വിന്യസിച്ചതാണ് പദ്ധതിയുടെ ഒരു പ്രധാന സാങ്കേതിക നാഴികക്കല്ല്. 14.8 കിലോമീറ്റര്‍ നീളമുള്ള ടണല്‍ T-8 നായി ഇത് ഉപയോഗിക്കുന്നു. അവിടെ വിജയകരമായ മുന്നേറ്റം കൈവരിക്കാന്‍ കഴിഞ്ഞു. സുരക്ഷയും ദീര്‍ഘകാല സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് നൂതന ടണലിംഗ് സാങ്കേതിക വിദ്യകളും തുടര്‍ച്ചയായ നിരീക്ഷണവും സ്വീകരിച്ചിട്ടുണ്ട്. ഇത് ഋഷികേശ്-കര്‍ണപ്രയാഗ് തുരങ്കങ്ങളെ ഇന്ത്യയിലെ ഉയരത്തിലുള്ള റെയില്‍വേ തുരങ്ക നിര്‍മ്മാണത്തിന്റെ ഒരു അസാമാന്യ മാതൃകയാക്കി മാറ്റുന്നു.
തുരങ്കത്തിന്റെ ഒടുവില്‍ വികസനത്തിന്റെ വെളിച്ചം
ഇന്ത്യയുടെ തുരങ്ക അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മികച്ചതും സ്ഥിരതയുള്ളതുമായ വികസനത്തിലേക്കുള്ള വ്യക്തമായ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു. സാമ്പത്തിക വളര്‍ച്ചയെയും ദേശീയ മുന്‍ഗണനകളെയും പിന്തുണയ്ക്കുന്നതിനൊപ്പം ദീര്‍ഘകാല ഗതാഗത വെല്ലുവിളികളെ ഈ പദ്ധതികള്‍ പരിഹരിക്കുന്നു. സങ്കീര്‍ണ്ണമായ ഭൂപ്രദേശങ്ങളില്‍ സുരക്ഷിതമായി തുരങ്കങ്ങള്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ കഴിവിനെ സാങ്കേതികവിദ്യയിലും നിര്‍വ്വഹണത്തിലുമുള്ള പുരോഗതി ശക്തിപ്പെടുത്തിയിട്ടുണ്ട്. പുതിയ തുരങ്കങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുമ്പോള്‍, അവ ഗതാഗത സംവിധാനങ്ങള്‍ , വിശ്വാസ്യത, പ്രാദേശിക സംയോജനം എന്നിവ മെച്ചപ്പെടുത്തും. ഭൂമിശാസ്ത്രപരമായ സങ്കീര്‍ണ്ണതകള്‍, പുരോഗതിക്ക് വിഘാതം സൃഷ്ടിക്കാത്ത ഒരു ഭാവിയെ അവ സൂചിപ്പിക്കുന്നു.
റഫറന്‍സുകള്‍
Ministry of Railways
https://www.pib.gov.in/PressReleasePage.aspx?PRID=2168979®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2150293
Ministry of Road Transport and Highways
https://www.nhidcl.com/en/blog/sonamarg-tunnel-step-towards-regional-prosperity
https://www.pib.gov.in/PressReleaseIframePage.aspx?PRID=1915271
https://www.pib.gov.in/PressReleasePage.aspx?PRID=1486325®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=1589080®=3&lang=2
Ministry of Defence
https://www.pib.gov.in/PressReleasePage.aspx?PRID=1796961
https://www.pib.gov.in/PressReleaseIframePage.aspx?PRID=2012962®=3&lang=2
Ministry of Steel
https://www.pib.gov.in/PressReleasePage.aspx?PRID=2146321®=3&lang=2
Prime Minister’s Office
https://www.pib.gov.in/PressReleasePage.aspx?PRID=2092468®=3&lang=2
https://www.pib.gov.in/PressReleaseIframePage.aspx?PRID=1819193®=3&lang=2
Press Information Bureau
https://www.pib.gov.in/PressNoteDetails.aspx?NoteId=154553&ModuleId=3®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=155002&ModuleId=3®=3&lang=2
https://www.pib.gov.in/PressNoteDetails.aspx?NoteId=154624&ModuleId=3®=6&lang=1
Others Links
https://www.pib.gov.in/PressReleseDetailm.aspx?PRID=1583779®=3&lang=2
https://ladakh.gov.in/ladakh-chief-secretary-reviews-zojila-tunnel-progress-12-km-completed-project-on-track-for-2028-finish/
https://marvels.bro.gov.in/AtalTunnel
https://marvels.bro.gov.in/BROMarvels/SelaTunnel
Click here for pdf file.
***
(Explainer ID: 156963)
आगंतुक पटल : 18
Provide suggestions / comments