• Skip to Content
  • Sitemap
  • Advance Search
Infrastructure

പ്രഗതി: സഹകരണാത്മകവും ഫലാധിഷ്ഠിതവുമായ ഭരണനിർവഹണത്തിന്റെ ഒരു ദശകം

Posted On: 13 JAN 2026 6:54PM

പ്രധാന വസ്തുതകൾ

  • 85 ലക്ഷം കോടിയിലധികം രൂപയുടെ പദ്ധതികൾ വേഗത്തിലാക്കുന്നതിലൂടെ പ്രഗതി ഇന്ത്യയുടെ വികസനം ഗണ്യമായി ത്വരിതപ്പെടുത്തി.
  • പ്രഗതിക്ക് കീഴിൽ, 382 പ്രധാന ദേശീയ പദ്ധതികൾ വ്യവസ്ഥാപിതമായി അവലോകനം ചെയ്യുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു.
  • കണ്ടെത്തിയ 3,187 പ്രശ്നങ്ങളിൽ 2,958 എണ്ണം ഇതിനകം പരിഹരിച്ചു, ഇത് പദ്ധതികളുടെ കാലതാമസം കുറയ്ക്കുന്നതിനും അധികച്ചെലവ് ഒഴിവാക്കുന്നതിനും കാരണമായി.
  • പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തത്സമയ ഏകോപനം ഈ പ്ലാറ്റ്‌ഫോം ഉറപ്പാക്കുന്നു, ഇത് ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു.

 

പ്രഗതി: റിയൽ-ടൈം ഗവേണൻസിന്റെ ഒരു മാതൃക

സംസ്ഥാനങ്ങളുമായും കേന്ദ്ര മന്ത്രാലയങ്ങളുമായും സഹകരിച്ച് പദ്ധതികൾ, പദ്ധതി നടത്തിപ്പ്, പരാതി പരിഹാരം എന്നിവ പ്രധാനമന്ത്രി നേരിട്ട് തത്സമയം അവലോകനം ചെയ്യുന്നതിനായുള്ള ഇന്ത്യാ ​ഗവൺമെന്റിന്റെ മുൻനിര പ്ലാറ്റ്‌ഫോമാണ് പ്രഗതി (പ്രോ-ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷൻ). ഡിജിറ്റൽ ഗവേണൻസിന് എങ്ങനെ ഗവൺമെന്റിന്റെ ലക്ഷ്യങ്ങളെ യഥാർത്ഥവും ദൃശ്യവുമായ പുരോഗതിയാക്കി മാറ്റാൻ കഴിയുമെന്നതിന്റെ ശക്തമായ ഉദാഹരണമാണ് പ്രഗതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ 2015-ൽ ആരംഭിച്ച പ്രഗതി, ഇന്ത്യയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളെയും പ്രധാന സാമൂഹിക പരിപാടികളെയും നിരീക്ഷിക്കുന്ന രീതിയെ പുനർനിർമ്മിച്ചു. കേവലം ഒരു അവലോകന ഫോറം എന്നതിലുപരി, ഉദ്യോഗസ്ഥതലത്തിലെ മന്ദത ഇല്ലാതാക്കാനും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള 'ടീം ഇന്ത്യ' സമീപനം ശക്തിപ്പെടുത്താനും സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്ന ഒരു സംസ്കാരം കെട്ടിപ്പടുക്കാനുമുള്ള ശ്രമത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. മുൻ ​ഗവൺമെന്റുകൾ ആരംഭിച്ചതും ദീർഘകാലമായി മുടങ്ങിക്കിടന്നതുമായ നിരവധി പദ്ധതികൾ പ്രഗതി പ്ലാറ്റ്‌ഫോമിലൂടെ ഏറ്റെടുക്കുകയും തുടർന്ന് തടസ്സങ്ങൾ നീക്കി പൂർത്തിയാക്കുകയും ചെയ്തു. 1997-ൽ വിഭാവനം ചെയ്ത ബോഗിബീൽ റെയിൽ-കം-റോഡ് പാലം, 1997-ൽ വിഭാവനം ചെയ്ത നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം, 2007-ൽ അംഗീകരിച്ച ഭിലായ് സ്റ്റീൽ പ്ലാന്റ് നവീകരണം എന്നിവയുൾപ്പെടെയുള്ള വിവിധ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു.

എന്താണ് പ്രഗതി? ആവശ്യകതയെന്ത്?

ഇന്ത്യയിലെ പൊതു പ്രോജക്റ്റുകളിലും പദ്ധതികളിലും ദീർഘകാലമായി നിലനിന്നിരുന്ന വലിയ വെല്ലുവിളിയായിരുന്നു സമയവും ചെലവും അമിതമായി വർദ്ധിക്കുന്നത്. ഭരണകൂടത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ഈ പ്രശ്നം പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി വിഭാവനം ചെയ്ത സമഗ്ര പരിഹാരമാണ് പ്രഗതി. ഇന്ത്യാ ​ഗവൺമെന്റിന്റെയും സംസ്ഥാന ഗവൺമെന്റുകളുടെയും പ്രധാന പദ്ധതികളും പരാതികളും നിരീക്ഷിക്കാനും അവലോകനം ചെയ്യാനും രൂപകൽപ്പന ചെയ്ത സവിശേഷവും സംയോജിതവും സംവേദനാത്മകവുമായ പ്ലാറ്റ്‌ഫോമാണ് പ്രഗതി. ഡിജിറ്റൽ ഡാറ്റ മാനേജ്‌മെന്റ്, വീഡിയോ കോൺഫറൻസിംഗ്, ജിയോ-സ്പേഷ്യൽ ടെക്‌നോളജി എന്നീ മൂന്ന് ആധുനിക സാങ്കേതികവിദ്യകളെ പ്രഗതി പ്ലാറ്റ്‌ഫോം ഒരുമിച്ച് കൊണ്ടുവരുന്നു. പ്രോജക്റ്റ് സൈറ്റുകളിൽ നിന്നുള്ള പൂർണ്ണമായ വിവരങ്ങളുടെയും അത്യാധുനിക ദൃശ്യ തെളിവുകളുടെയും പിന്തുണയോടെ ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാൻ ഈ സംവിധാനത്തിലൂടെ പ്രധാനമന്ത്രിക്ക് സാധിക്കുന്നു. ഈ സംരംഭം ഇ-ഗവേണൻസിലെ ഒരു നൂതനമായ ചുവടുവെപ്പും സുതാര്യമായ ഭരണത്തിന്റെ തത്വങ്ങളുടെ ഉദാഹരണവുമാണ്.

പ്രഗതിയുടെ ഉത്ഭവവും പരിണാമവും

സ്വാഗത് (സ്റ്റേറ്റ് വൈഡ് അറ്റൻഷൻ ഓൺ ​ഗ്രീവൻസസ് ബൈ ആപ്ലിക്കേഷൻ ഓഫ് ടെക്നോളജി) എന്ന പദ്ധതിയിൽ നിന്നാണ് പ്രഗതി പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശ്രീ നരേന്ദ്ര മോദി 2003 ഏപ്രിലിൽ ആരംഭിച്ചതാണ് സ്വാഗത്. പരാതി പരിഹാരത്തിനായി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യകാല പ്ലാറ്റ്‌ഫോമുകളിൽ ഒന്നായിരുന്നു ഇത്. ​ഗവൺമെന്റിനെ കൂടുതൽ സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കാൻ രൂപകൽപ്പന ചെയ്ത ഈ പദ്ധതിക്ക് പല ഇന്ത്യൻ ഭാഷകളിലും 'സ്വാഗതം' എന്നർത്ഥം വരുന്ന 'സ്വാഗത്' എന്ന പേര് അങ്ങേയറ്റം അനുയോജ്യമായിരുന്നു. പൗരന്മാർക്ക് പരാതികൾ ഓൺലൈനായി സമർപ്പിക്കാനും നടപടികൾ നിരീക്ഷിക്കാനും വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്യോഗസ്ഥരുമായി സംവദിക്കാനും ഇതിലൂടെ സാധിച്ചു. വ്യവസ്ഥാപിതമായ സ്ക്രീനിംഗ് പ്രക്രിയയിലൂടെ ഗൗരവമേറിയ വിഷയങ്ങൾ മുഖ്യമന്ത്രിയുടെ പക്കലെത്തിച്ചു, അതേസമയം പ്രതിമാസ പൊതുജനസമ്പർക്ക പരിപാടികൾ പൗരന്മാർക്ക് അവരുടെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ നേരിട്ട് അവതരിപ്പിക്കാനുള്ള അവസരം നൽകി. കാലക്രമേണ, പൊതുസേവന രംഗത്ത് സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തിയതിന് സ്വാഗത് വ്യാപകമായി അംഗീകരിക്കപ്പെട്ടു.

2014-ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം, സ്വാഗതിന്റെ അടിസ്ഥാന മാതൃക ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ പ്രധാനമന്ത്രി മോദി ശ്രമിച്ചു. പ്രഗതിയിലൂടെ വ്യക്തിഗത പരാതികളിൽ നിന്ന് മാറി വലിയ പ്രോജക്റ്റുകളിലേക്കും പദ്ധതികളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു - പ്രത്യേകിച്ച് വിവിധ ഏജൻസികളുടെയോ കേന്ദ്ര-സംസ്ഥാന ഏകോപനത്തിന്റെയോ അഭാവം കാരണം തടസ്സപ്പെട്ട പദ്ധതികളിൽ. ആ അർത്ഥത്തിൽ പ്രഗതി കേവലമൊരു ഡിജിറ്റൽ അപ്‌ഗ്രേഡ് മാത്രമല്ല; അത് ഭരണനിർവഹണ രീതിയിലെ ഒരു മാറ്റമാണ് - കൂടുതൽ സമയബന്ധിതവും ഫലധിഷ്ഠിതവും സഹകരണാത്മകവും "മിനിമം ഗവൺമെന്റ്, മാക്സിമം ഗവേണൻസ്" എന്ന വിപുലമായ തത്വവുമായി യോജിക്കുന്നതുമാണ്.

ഘടനാപരമായ അവലോകനവും തുടർനടപടികളും

  • കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന ​ഗവൺമെന്റുകളുടെയും ഏകോപിത ശ്രമങ്ങളിലൂടെ പദ്ധതികൾ നിരീക്ഷിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനുമുള്ള സാങ്കേതിക അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് പ്രഗതി. ഇത് പി.എം ഗതിശക്തി, പരിവേഷ്, പി.എം റെഫ് പോർട്ടൽ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെയും സംയോജിപ്പിക്കുന്നു.
  • ഉന്നത തലത്തിൽ, നിശ്ചയിക്കപ്പെട്ട പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും കേന്ദ്ര സെക്രട്ടറിമാരുമായും പ്രധാനമന്ത്രി പ്രഗതി അവലോകന യോഗങ്ങൾ നടത്തുന്നു.
  • യോഗങ്ങൾക്ക് ശേഷം ഒരു മൾട്ടി ടിയർ ഫോളോ-അപ്പ് സംവിധാനം തീരുമാനങ്ങളുടെ സമയബന്ധിതമായ നടപ്പിലാക്കൽ ഉറപ്പാക്കുന്നു. പ്രോജക്റ്റുകൾ ക്യാബിനറ്റ് സെക്രട്ടേറിയറ്റ് നിരീക്ഷിക്കുമ്പോൾ, മറ്റ് പദ്ധതികളും പരാതികളും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിരന്തര മേൽനോട്ടത്തിൽ മന്ത്രാലയ തലത്തിൽ അവലോകനം ചെയ്യുന്നു.

പ്രോജക്റ്റ് & ഇഷ്യൂ എസ്കലേഷൻ മെക്കാനിസം

സാധാരണ പ്രശ്നങ്ങൾ മന്ത്രാലയ തലത്തിൽ പരിഹരിക്കപ്പെടുമ്പോൾ, സങ്കീർണ്ണവും നിർണ്ണായകവുമായ വിഷയങ്ങൾ പ്രഗതിയുടെ അവലോകനത്തിലേക്ക് മാറ്റുന്നു.

സഹകരണാത്മക ഫെഡറലിസവും ഭരണനിർവഹണവും ശക്തിപ്പെടുത്തൽ\

പ്രഗതി സഹകരണാത്മക ഫെഡറലിസത്തെ പ്രായോഗികമായി സ്ഥാപനവൽക്കരിക്കുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിമാരും കേന്ദ്ര സെക്രട്ടറിമാരും ഒരേ പ്ലാറ്റ്‌ഫോമിൽ പങ്കെടുക്കുന്നതിലൂടെ അന്തർ സംസ്ഥാന വിഷയങ്ങളും കേന്ദ്ര-സംസ്ഥാന തർക്കങ്ങളും തത്സമയം വേഗത്തിൽ പരിഹരിക്കപ്പെടുന്നു. താഴെ പറയുന്നവ ഉറപ്പാക്കുന്നതിലൂടെ ഈ പ്ലാറ്റ്‌ഫോം തടസ്സങ്ങൾ നീക്കുന്നു:

  • വിവിധ മന്ത്രാലയങ്ങളും സംസ്ഥാന ​ഗവൺമെന്റുകളും തമ്മിലുള്ള നേരിട്ടുള്ള ഏകോപനം ഉറപ്പാക്കുന്നതിലൂടെ ഈ പ്ലാറ്റ്‌ഫോം തടസ്സങ്ങൾ നീക്കുന്നു.
  • ക്യാബിനറ്റ് സെക്രട്ടേറിയറ്റ് നിരീക്ഷിക്കുന്ന സമയബന്ധിതമായ തുടർനടപടികൾ.
  • വിഘടിച്ച ഉത്തരവാദിത്തത്തിന് പകരം ഫലങ്ങളിൽ പങ്കാളിത്ത ഉത്തരവാദിത്തം ഉറപ്പാക്കുന്നു.

ഈ മാതൃക മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം ഗണ്യമായി മെച്ചപ്പെടുത്തുകയും വലിയ പൊതു പദ്ധതികളെ കാലതാമസത്തിലാക്കിയിരുന്ന നടപടിക്രമങ്ങളിലെ തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്തു.

പ്രധാന അടിസ്ഥാന സൗകര്യ മേഖലകളിൽ പ്രഗതിയുടെ സ്വാധീനം

പ്രധാന അടിസ്ഥാന സൗകര്യ മേഖലകളിലെ തടസ്സങ്ങൾ നീക്കുന്നതിലും പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുന്നതിലും പ്രഗതി നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ചില പ്രധാന സ്വാധീനങ്ങൾ ചുവടെ എടുത്തുകാണിച്ചിരിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങൾക്കപ്പുറം: സാമൂഹിക മേഖലയും പൗര കേന്ദ്രീകൃത ഭരണവും

തുടക്കത്തിൽ വലിയ പ്രോജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും പിന്നീട് സാമൂഹിക പദ്ധതികളിലേക്കും പൊതുജന പരാതികളിലേക്കും പ്രഗതി വ്യാപിച്ചു, ഇത് അതിനെ ഒരു പൗരകേന്ദ്രീകൃത ഭരണ ഉപാധിയാക്കി മാറ്റി.

പ്രഗതിയിലൂടെ ചിറകുവിടർത്തിയ ദീർഘകാല പദ്ധതികളുടെ ഉദാഹരണങ്ങൾ

പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പല പദ്ധതികളും പ്രഗതി പ്ലാറ്റ്‌ഫോമിന് കീഴിൽ ഏറ്റെടുത്തതിന് ശേഷം പൂർത്തിയാക്കുകയോ തടസ്സങ്ങൾ നീക്കുകയോ ചെയ്തു, ഇത് ഉന്നതതല നിരീക്ഷണത്തിന്റെയും ഇന്റർ-​ഗവൺമെന്റൽ ഏകോപനത്തിന്റെയും സ്വാധീനം വ്യക്തമാക്കുന്നു.

  • 1997-ൽ വിഭാവനം ചെയ്ത അസമിലെ ബോഗിബീൽ റെയിൽ-റോഡ് പാലം സാമ്പത്തിക-ഏകോപന വെല്ലുവിളികൾ കാരണം രണ്ട് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്നു. പ്രഗതിക്ക് കീഴിലുള്ള നിരന്തരമായ അവലോകനങ്ങളെത്തുടർന്ന്, വിവിധ ഏജൻസികൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും നടത്തിപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു, ഇത് 2018-ൽ പദ്ധതി പൂർത്തിയാക്കാനും ഉദ്ഘാടനം ചെയ്യാനും കാരണമായി, വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റിയും തന്ത്രപരമായ മൊബിലിറ്റിയും ഗണ്യമായി മെച്ചപ്പെടുത്തി.

  • 1997-ൽ വിഭാവനം ചെയ്ത നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ഭൂമി ഏറ്റെടുക്കൽ, പദ്ധതി ബാധിത കുടുംബങ്ങളുടെ പുനരധിവാസം, വിവിധ ഏജൻസികളുടെ ഇടപെടൽ എന്നിവ കാരണം ഏകദേശം 25 വർഷത്തോളം വൈകി. പ്രഗതിയുടെ ഇടപെടലിനെത്തുടർന്ന്, ദീർഘകാലമായി നിലനിന്നിരുന്ന ഈ പ്രശ്നങ്ങൾ കേന്ദ്ര-സംസ്ഥാന ഏകോപനത്തിലൂടെ സമയബന്ധിതമായി പരിഹരിക്കുകയും പദ്ധതിയുടെ തടസ്സങ്ങൾ നീക്കി നിർമ്മാണം ഗണ്യമായി വേഗത്തിലാക്കുകയും ചെയ്തു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2025 ഒക്ടോബറിൽ പദ്ധതിയുടെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു.

  • 2007-ൽ അംഗീകരിച്ച ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ നവീകരണവും വിപുലീകരണവും കരാർ തർക്കങ്ങൾ, നടപ്പിലാക്കുന്നതിലെ വെല്ലുവിളികൾ, അധികച്ചെലവ് എന്നിവ കാരണം ഏകദേശം 15 വർഷത്തോളം നീണ്ടുപോയി. പ്രഗതിക്ക് കീഴിലുള്ള ഉന്നതതല നിരീക്ഷണം മന്ത്രാലയങ്ങൾ തമ്മിലുള്ളതും പൊതുമേഖലാ സ്ഥാപനതല തടസ്സങ്ങൾ പരിഹരിക്കാൻ സഹായിച്ചു. ഇത് നവീകരണ പരിപാടി പൂർത്തിയാക്കുന്നതിനും പ്ലാന്റിന്റെ ശേഷിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും വഴിയൊരുക്കി.
  • 2012 ഡിസംബറിൽ അനുമതി ലഭിച്ച ഛത്തീസ്ഗഢിലെ ലാറ സൂപ്പർ തെർമൽ പവർ പ്രോജക്റ്റ് (ഒന്നാം ഘട്ടം) ഭൂമി ഏറ്റെടുക്കൽ, കരാറുകാരുമായി ബന്ധപ്പെട്ട പരിമിതികൾ എന്നിവ കാരണം 13 വർഷത്തിലേറെ വൈകി. പ്രഗതിയിലൂടെയുള്ള നിരന്തരമായ നിരീക്ഷണവും പ്രശ്നപരിഹാരവും പദ്ധതിയുടെ തടസ്സങ്ങൾ നീക്കാൻ സഹായിച്ചു, ഇത് യൂണിറ്റുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും ദേശീയ വൈദ്യുതി ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും കാരണമായി.
  • 2008-ൽ അംഗീകരിച്ച മധ്യപ്രദേശിലെ ഗദർവാര സൂപ്പർ തെർമൽ പവർ പ്രോജക്റ്റ് ഭൂമി, ഇന്ധന ലഭ്യത, നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം ഒരു പതിറ്റാണ്ടിലേറെയായി വൈകിയിരുന്നു. പ്രഗതിക്ക് കീഴിൽ ഏറ്റെടുത്ത ശേഷം, ശേഷിക്കുന്ന അനുമതികളും ഏകോപന പ്രശ്നങ്ങളും വേഗത്തിലാക്കി, ഇത് പദ്ധതി കമ്മീഷൻ ചെയ്യുന്നതിനും പ്രാദേശിക വൈദ്യുതി ലഭ്യത ശക്തിപ്പെടുത്തുന്നതിനും കാരണമായി.

  • ഇന്ത്യയുടെ കിഴക്കൻ മേഖലയിലെ വൈദ്യുതി ഉൽപ്പാദന രംഗത്തെ സുപ്രധാന ഘടകമായി അംഗീകരിക്കപ്പെട്ട നോർത്ത് കരൺപുര സൂപ്പർ തെർമൽ പവർ പ്രോജക്റ്റ് (NKSTPP) കിഴക്കൻ ഇന്ത്യയിലെ വൈദ്യുതി ലഭ്യതയും ഗ്രിഡ് വിശ്വാസ്യതയും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു മുൻനിര തെർമൽ പവർ പദ്ധതിയാണ്. 2019-20 സാമ്പത്തിക വർഷത്തിൽ പദ്ധതിയുടെ ഭൗതിക പുരോഗതി ഏകദേശം 60% ആയിരുന്നു. 2021 സെപ്റ്റംബറിൽ നടന്ന പ്രഗതി അവലോകനം ഉൾപ്പെടെയുള്ള കൃത്യമായ ഇടപെടലുകളെത്തുടർന്ന്, പദ്ധതി നടത്തിപ്പിൽ ശ്രദ്ധേയമായ വേഗത കൈവരിക്കുകയും 2023-24 സാമ്പത്തിക വർഷത്തോടെ ഭൗതിക പുരോഗതി 87 ശതമാനമായി ഉയരുകയും ചെയ്തു.
  • ഇന്ത്യയുടെ ഊർജ്ജ സുരക്ഷാ ഘടനയിൽ നബിനഗർ സൂപ്പർ തെർമൽ പവർ പ്രോജക്റ്റ് (NSTPP) തന്ത്രപരമായ സ്ഥാനം വഹിക്കുന്നു. പ്രഗതി സംവിധാനത്തിന് കീഴിൽ പ്രശ്നങ്ങൾ അവതരിപ്പിച്ചതോടെ പരിഹരിക്കപ്പെടാത്ത ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ വിഷയങ്ങൾ എന്നിവ പരിഹരിക്കപ്പെട്ടു. ഈ ഇടപെടൽ കേന്ദ്രീകൃത നിരീക്ഷണവും ഉത്തരവാദിത്തവും ഉറപ്പാക്കി, ഇത് ഭൂമിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ ക്രമേണ പരിഹരിക്കുന്നതിനും പദ്ധതി നടത്തിപ്പ് പുനരാരംഭിക്കുന്നതിനും കാരണമായി.
  • പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് (PMSSY) കീഴിൽ തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലെ ബിബിനഗറിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) സ്ഥാപിക്കപ്പെടുന്നു. 2023 ജൂൺ 28-ന് പ്രഗതി സംവിധാനത്തിന് കീഴിൽ പദ്ധതി അവലോകനം ചെയ്തു, അതിനുശേഷം പദ്ധതി നടത്തിപ്പിൽ വ്യക്തമായ പുരോഗതി നിരീക്ഷിക്കപ്പെട്ടു. 2023 സെപ്റ്റംബർ 14 വരെ 29% ആയിരുന്ന ഭൗതിക പുരോഗതി, 2023-24 സാമ്പത്തിക വർഷാവസാനത്തോടെ 57% ആയി കുത്തനെ വർദ്ധിച്ചു; പ്രഗതിക്ക് കീഴിലുള്ള കൃത്യമായ നിരീക്ഷണത്തിന്റെയും വേഗത്തിലുള്ള തീരുമാനമെടുക്കലിന്റെയും സ്വാധീനമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
  • സാംബയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) സ്ഥാപിതമായതോടെ ജമ്മു കശ്മീർ ആരോഗ്യ സേവന ലഭ്യതയുടെയും മികവിന്റെയും പുതിയ യുഗത്തിലേക്ക് കടന്നിരിക്കുന്നു. മേഖലയിലെ ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ജമ്മു എയിംസിനുള്ള ദേശീയ പ്രാധാന്യം കണക്കിലെടുത്ത്, പദ്ധതിയും അതിലെ നിർണ്ണായക തടസ്സങ്ങളും പ്രോജക്റ്റ് മോണിറ്ററിംഗ് ഗ്രൂപ്പ് (PMG) ഏറ്റെടുക്കുകയും പിന്നീട് പ്രഗതി സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. 2023 ജൂൺ 28-ന് പ്രഗതിക്ക് കീഴിൽ പദ്ധതി അവലോകനം ചെയ്തു. പദ്ധതിയുടെ നടത്തിപ്പ് സാഹചര്യത്തെ മാറ്റിമറിക്കുന്നതിൽ പ്രഗതിയുടെ ഇടപെടൽ നിർണ്ണായകമാണെന്ന് തെളിഞ്ഞു. വിഷയം ഭരണനിർവഹണത്തിന്റെ ഉന്നത തലത്തിലേക്ക് എത്തിയതോടെ, വിവിധ വകുപ്പുകളിലെ ഉത്തരവാദിത്തം ശക്തമായി ഉറപ്പാക്കപ്പെട്ടു.
  • പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയ്ക്ക് (PMSSY) കീഴിൽ 2017 മെയ് 24-നാണ് ഗുവാഹത്തിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (AIIMS) അനുമതി നൽകിയത്. 2018 ഏപ്രിലിലും 2023 ഫെബ്രുവരിയിലും നടന്ന അവലോകനങ്ങളിലൂടെ പ്രഗതി ഒരു നിർണ്ണായക ഇടപെടൽ പ്ലാറ്റ്‌ഫോമായി പ്രവർത്തിച്ചു. വൈദ്യുത അടിസ്ഥാന സൗകര്യങ്ങൾ കമ്മീഷൻ ചെയ്യൽ, മഴവെള്ള സംസ്കരണ സംവിധാനങ്ങൾ വേഗത്തിലാക്കൽ, ജലവിതരണ സജ്ജീകരണം ഉറപ്പാക്കൽ, പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ മറ്റ് ഏകോപനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന കാര്യങ്ങൾ പരിഹരിക്കാൻ പ്രഗതിയുടെ മേൽനോട്ടം നേരിട്ട് സഹായിച്ചു.

  • മുംബൈ മെട്രോപൊളിറ്റൻ റീജിയണിലെ വൈദ്യുതി വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യാ ​ഗവൺമെന്റിന്റെ ഊർജ്ജ മന്ത്രാലയം വിഭാവനം ചെയ്ത പദ്ധതിയാണ് മുംബൈ ഉർജ്ജ മാർഗ് ലിമിറ്റഡ് (MUML). ഭൂമി, വനം, റൈറ്റ് ഓഫ് വേ (RoW), ഭരണപരമായ തടസ്സങ്ങൾ എന്നിങ്ങനെ പരസ്പരബന്ധിതമായ നിരവധി പ്രതിസന്ധികൾ ഈ പദ്ധതി നേരിട്ടു. 2024 ഒക്ടോബറിലാണ് ഇതിന് അനുമതി നൽകിയത്. പ്രഗതിയുടെ ഇടപെടലുകൾ ചിതറിക്കിടന്ന അനുമതികളെ ഏകോപിതമായ പ്രവർത്തനമാക്കി മാറ്റി, ഇത് നാഴികക്കല്ലുകൾ കൈവരിക്കാൻ സഹായിച്ചു - 2023-ഓടെ 80% RoW ക്ലിയറൻസ്, 2024 ഓഗസ്റ്റോടെ നിർമ്മാണ പ്രവർത്തനങ്ങളുടെ പൂർത്തീകരണം, 2024 സെപ്റ്റംബറിൽ ട്രാൻസ്മിഷൻ ലൈനുകൾ വിജയകരമായി ചാർജ് ചെയ്യൽ - അങ്ങനെ പദ്ധതിയുടെ വേഗത വീണ്ടെടുക്കുകയും MUML പദ്ധതി സമയബന്ധിതമായി കമ്മീഷൻ ചെയ്യുകയും ചെയ്തു.
  • സിക്കിമിലെ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുതി എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു അന്തർ സംസ്ഥാന ട്രാൻസ്മിഷൻ സിസ്റ്റം (ISTS) പദ്ധതിയാണ് 400 kV D/C തീസ്ത III–കിഷൻഗഞ്ച് ട്രാൻസ്മിഷൻ ലൈൻ (214 കി.മീ). എഞ്ചിനീയറിംഗ് രൂപകൽപ്പനയിൽ മാറ്റം വരുത്താതെ തന്നെ, അധികാരപരിധിയിലെ തടസ്സങ്ങൾ നീക്കിയും വിവിധ ഏജൻസികളെ ഏകോപിപ്പിച്ചും ഉന്നതതല നിർദ്ദേശങ്ങളെ എങ്ങനെ താഴെത്തട്ടിൽ നടപ്പിലാക്കാം എന്നതിന്റെ തെളിവായി ഈ പദ്ധതി നിലകൊള്ളുന്നു. ദുഷ്കരമായ ഭൂപ്രകൃതിയിലും മികച്ച പ്രവർത്തനക്ഷമതയോടെ പദ്ധതി കമ്മീഷൻ ചെയ്യാൻ സഹായിച്ച കേന്ദ്ര-സംസ്ഥാന ഏകോപനത്തിന്റെ ഒരു മാതൃകയായി ഇത് തുടരുന്നു.
  • ഡൽഹിയിലെ റോഡ് ഇൻഫ്രാസ്ട്രക്ചർ വർദ്ധിപ്പിക്കുന്നതിനും ഗതാഗത കാര്യക്ഷമത വീണ്ടെടുക്കുന്നതിനുമുള്ള ഒരു പരിവർത്തന ഇടപെടലായാണ് NH-344M-ന് അരികിലുള്ള UER-II പദ്ധതി വിഭാവനം ചെയ്തത്. ഡൽഹി-എൻ‌സി‌ആർ യാത്രാ സൗകര്യത്തിനുള്ള ഇതിന്റെ തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത്, പദ്ധതി പ്രോജക്റ്റ് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ (PMG) കീഴിൽ സൂക്ഷ്മ നിരീക്ഷണത്തിനായി എടുക്കുകയും പിന്നീട് പ്രഗതി സംവിധാനത്തിലൂടെ ദേശീയ തലത്തിൽ അവലോകനം ചെയ്യുകയും ചെയ്തു. ഓരോ തീർപ്പുകൽപ്പിക്കാത്ത പ്രശ്നവും ഉത്തരവാദിത്തങ്ങളും സമയപരിധികളും സഹിതം ഡിജിറ്റലായി ട്രാക്ക് ചെയ്തതോടെ, വകുപ്പുകൾക്കിടയിലെ ദീർഘകാലമായുള്ള തടസ്സങ്ങൾ നീക്കുന്നതിൽ പ്രഗതിയുടെ ഇടപെടൽ നിർണ്ണായകമായി.

  • NH-161-ലെ സംഗറെഡ്ഡിഅകോളനന്ദേഡ് ഭാഗത്തിന്റെ നാലുവരിപ്പാത, മഹാരാഷ്ട്രയിലെ അകോളയിൽ (NH-53) നിന്ന് തെലങ്കാനയിലെ സംഗറെഡ്ഡി വരെ വാഷിം, ഹിംഗോളി, നന്ദേഡ്, ഡെഗ്ലൂർ വഴി 426 കിലോമീറ്റർ നീളുന്നു. ഭാരത്‍മാല പരിയോജനയ്ക്ക് കീഴിലുള്ള ഇൻഡോർഹൈദരാബാദ് ഇക്കണോമിക് കോറിഡോറിന്റെ ഭാഗമായ ഈ തന്ത്രപ്രധാന ഹൈവേ, മധ്യ-ദക്ഷിണ ഇന്ത്യയിലെ പ്രധാന നഗരങ്ങൾക്കും സാമ്പത്തിക കേന്ദ്രങ്ങൾക്കും ഇടയിൽ തടസ്സമില്ലാത്ത കണക്റ്റിവിറ്റി നൽകുന്നു. ഈ പദ്ധതി പ്രഗതി പോർട്ടലിലേക്ക് വ്യാപിപ്പിച്ചു. ഏകോപിത ഇടപെടൽ എല്ലാ പങ്കാളികളെയും - സംസ്ഥാന അധികാരികൾ, ജില്ലാ ഭരണകൂടം, പദ്ധതി നിർമ്മാതാക്കൾ - വ്യക്തമായ സമയപരിധികളും ഉത്തരവാദിത്തവുമുള്ള ഒരൊറ്റ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവന്നു. ആറ് മാസത്തിനുള്ളിൽ ഈ ദീർഘകാല പ്രശ്നങ്ങൾ പരിഹരിച്ചത് സങ്കീർണ്ണമായ അടിസ്ഥാന സൗകര്യ തടസ്സങ്ങൾ നീക്കുന്നതിലും സമയബന്ധിതമായ നടത്തിപ്പിലും പ്രഗതി സംവിധാനത്തിന്റെ പരിവർത്തനപരമായ പങ്ക് എടുത്തുകാണിക്കുന്നു.
  • ജമ്മു-ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ പണി 1994 ഒക്ടോബറിൽ ആരംഭിച്ചതാണ് (അനുമതി ലഭിച്ചത് 1994 മാർച്ച് 31-ന്), എന്നാൽ ദുഷ്കരമായ ഭൂപ്രകൃതി, ഭൂമി ഏറ്റെടുക്കൽ പ്രശ്നങ്ങൾ, വനം വകുപ്പിന്റെ അനുമതികൾ, സുരക്ഷാ വെല്ലുവിളികൾ എന്നിവ കാരണം ഏകദേശം 25 വർഷത്തോളം പുരോഗതി വളരെ മന്ദഗതിയിലായിരുന്നു. പ്രഗതിക്ക് കീഴിൽ പദ്ധതി അവലോകനം ചെയ്ത ശേഷം, നിർണ്ണായകമായ അനുമതികൾ വേഗത്തിലാക്കുകയും ഏകോപിതമായ പ്രവർത്തനത്തിലൂടെ തടസ്സങ്ങൾ പരിഹരിക്കുകയും ചെയ്തു; ഇത് പദ്ധതി പൂർത്തിയാക്കുന്നതിനും കശ്മീർ താഴ്വരയിൽ റെയിൽ ഗതാഗതം യാഥാർത്ഥ്യമാക്കുന്നതിനും കാരണമായി.

  • NH-75-ലെ ഖജുരി-വിന്ധംഗഞ്ച് ഭാഗത്തിന്റെ നാലുവരിപ്പാത ജാർഖണ്ഡിലെ തന്ത്രപ്രധാനമായ ഒരു ഹൈവേ നവീകരണ പദ്ധതിയാണ്, ഇത് പ്രാദേശികവും അന്തർ സംസ്ഥാനവുമായ റോഡ് കണക്റ്റിവിറ്റി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. പദ്ധതിയുടെ സങ്കീർണ്ണമായ അവസാന ഘട്ടങ്ങളിലും പുരോഗതി നിലനിർത്താൻ സാധിച്ചു എന്നത് പ്രഗതിയുടെ മേൽനോട്ടത്തിന്റെ മൂല്യത്തെ പ്രതിഫലിപ്പിക്കുന്നു. 2024 ഓഗസ്റ്റിലെ പ്രഗതി അവലോകനത്തിന് മുമ്പ് 44.4% ആയിരുന്ന ഭൗതിക പുരോഗതി പിന്നീട് 92.02% ആയി ഉയർന്നു, ഇത് സുസ്ഥിരമായ നടത്തിപ്പിന്റെയും ഫലപ്രദമായ പ്രശ്നപരിഹാരത്തിന്റെയും തെളിവാണ്. ഭൂമി, അനുമതികൾ, ഏകോപനം എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ കാരണം വലിയ പദ്ധതികൾ പലപ്പോഴും മന്ദഗതിയിലാകുന്ന ഘട്ടത്തിൽപ്പോലും, ഉയർന്ന തലത്തിലുള്ള നിരീക്ഷണവും സംസ്ഥാന-ജില്ലാ തലങ്ങളിലെ ഏകോപിതമായ പ്രവർത്തനവും എങ്ങനെ മുരടിപ്പ് ഒഴിവാക്കാനും കൃത്യസമയത്ത് പണി പൂർത്തിയാക്കാനും സഹായിച്ചുവെന്ന് ഈ പുരോഗതി അടിവരയിടുന്നു.
  • ഔദ്യോഗികമായി 'അടൽ ബിഹാരി വാജ്‌പേയി സെവ്‌രിനാവ ഷെവ അടൽ സേതു' എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് (MTHL), ഇന്ത്യയിലെ ഏറ്റവും വലിയ നഗര ഗതാഗത പരിവർത്തന പദ്ധതികളിലൊന്നാണ്. ഇന്ത്യാ ​ഗവൺമെന്റ്, മഹാരാഷ്ട്ര ഗവൺമെന്റ്, ജപ്പാൻ ഇന്റർനാഷണൽ കോപ്പറേഷൻ ഏജൻസി (JICA) എന്നിവയുടെ സാമ്പത്തിക സഹായത്തോടെ മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (MMRDA) നടപ്പിലാക്കിയ ഈ പദ്ധതി 21.8 കിലോമീറ്റർ നീളമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലമാണ്. പ്രഗതി സംവിധാനത്തിന്റെ കീഴിൽ, ചിട്ടയായതും സമയബന്ധിതവുമായ ഒരു ഭരണനിർവഹണ ചട്ടക്കൂടിലൂടെയാണ് പദ്ധതി മുന്നോട്ട് പോയത്, ഇത് സ്ഥാപനങ്ങൾ തമ്മിലുള്ള കൃത്യമായ ഏകോപനവും പുരോഗതിയും ഉറപ്പാക്കി.

  • ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് നടപ്പിലാക്കുന്ന ജഗദീഷ്പൂർ-ഹാൽദിയ & ബൊക്കാറോ-ധാമ്ര പ്രകൃതി വാതക പൈപ്പ് ലൈൻ (JHBDPL), ദേശീയ ഗ്യാസ് ഗ്രിഡിനെ കിഴക്കൻ, വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്ന ഒരു രാജ്യന്തര പൈപ്പ് ലൈൻ പദ്ധതിയാണ്. പ്രഗതിക്ക് ശേഷം, സാങ്കേതികമായി സാധ്യമായ ഇടങ്ങളിലൊക്കെ കമ്മീഷനിംഗ് ആരംഭിച്ചു; അതേസമയം പരിഹരിക്കപ്പെടാത്ത ഭാഗങ്ങളെ പ്രധാനമന്ത്രിയുടെ ഓഫീസ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ്, DPIIT എന്നിവയുടെ നിരീക്ഷണത്തിലൂടെ "ഉയർന്ന മുൻഗണനാ പദവിയിലേക്ക്" മാറ്റുകയും ജില്ലാ തലത്തിലെ തടസ്സങ്ങൾ നീക്കാൻ സംസ്ഥാന ഗവൺമെന്റുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഘട്ടം ഘട്ടമായുള്ള കാത്തിരിപ്പിന് പകരം വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ച് പണി നടത്തുന്ന രീതിയിലേക്ക് മാറിയത് പദ്ധതിയുടെ ഗതി മാറ്റുകയും, കാലതാമസത്തിൽ നിന്ന് പൂർത്തീകരണത്തിലേക്ക് വേഗത്തിൽ നീങ്ങാൻ സഹായിക്കുകയും ചെയ്തു.
  • പ്രഗതി: പദ്ധതികൾ വേഗത്തിലാക്കുന്നതിലെ ഒരു ആഗോള കേസ് സ്റ്റഡി
  • ഓക്സ്ഫോർഡിലെ സെയ്ദ് ബിസിനസ് സ്കൂൾ തയ്യാറാക്കിയ ഫ്രം ഗ്രിഡ്ലോക്ക് ടു ഗ്രോത്ത്: ഹൗ ലീഡർഷിപ്പ് എനേബിൾസ് ഇൻഡ്യയുടെ പ്രഗതി ഇക്കോസിസ്റ്റം ടു പവർ പ്രോഗ്രസ്എന്ന പഠനം പ്രഗതിയെ താഴെ പറയുന്ന രീതിയിൽ വിശേഷിപ്പിക്കുന്നു:
  • ഉന്നതതല ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും ദീർഘകാലമായി മുടങ്ങിക്കിടന്ന അടിസ്ഥാന സൗകര്യ-സാമൂഹിക പദ്ധതികൾ വേഗത്തിലാക്കുകയും ചെയ്ത പരിവർത്തനപരമായ ഡിജിറ്റൽ ഗവേണൻസ് പ്ലാറ്റ്‌ഫോം.
  • തത്സമയ പ്രോജക്റ്റ് മോണിറ്ററിംഗിനും ​ഗവൺമെന്റ് ഏകോപനത്തിനുമുള്ള ഒരു ആഗോള മാതൃകയും "സത്യസന്ധമായ വിവരങ്ങളുടെ ഏക സ്രോതസ്സും".
  • വികസ്വര സമ്പദ്‌വ്യവസ്ഥകൾക്ക് അനുകരിക്കാവുന്ന ഒരു ആഗോള മാതൃക; ഇതിന് അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വളർച്ച, മെച്ചപ്പെട്ട പൊതുവിശ്വാസം എന്നിവ കൈവരിക്കാൻ സാധിക്കും.
  • സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഭരണകൂടങ്ങളെയും കേന്ദ്ര മന്ത്രാലയങ്ങളെയും ഒരേ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്നതിലൂടെ രാഷ്ട്രീയത്തിനതീതമായ ശ്രദ്ധ പദ്ധതികൾക്ക് ഉറപ്പാക്കുന്ന സഹകരണാത്മക ഫെഡറലിസത്തിലെ ഒരു സ്ഥാപനരൂപം.

 

ബഹുമുഖ സ്വാധീനം

അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രഗതിയുടെ സ്വാധീനം നാല് തലങ്ങളിൽ ദൃശ്യമാണ്:

സാമ്പത്തികം: കാലതാമസം വിലക്കയറ്റം വഴിയുള്ള പദ്ധതി ചെലവുകൾ വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് - മറിച്ച് യാത്രക്കാരുടെ സഞ്ചാരത്തിലൂടെയും വാണിജ്യ പ്രവർത്തനങ്ങളിലൂടെയും ഈ ആസ്തികൾ നൽകേണ്ട സാമ്പത്തിക നേട്ടങ്ങളെ അത് വൈകിപ്പിക്കുകയും ചെയ്യുന്നു. പ്രശ്നപരിഹാരവും പൂർത്തീകരണവും വേഗത്തിലാക്കുന്നതിലൂടെ, ഈ നേട്ടങ്ങൾ നേരത്തെ ലഭ്യമാക്കാനും നിക്ഷേപിക്കുന്ന ഓരോ രൂപയുടെയും മൂല്യം വർദ്ധിപ്പിക്കാനും പ്രഗതി സഹായിക്കുന്നു.

സാമൂഹികം: വേഗത്തിലുള്ള പൂർത്തീകരണമെന്നാൽ ജനങ്ങൾക്ക് നേരത്തെ പ്രയോജനം ലഭിക്കുന്നുവെന്നാണ് അർത്ഥം. മികച്ച റോഡുകൾ വിദൂര പ്രദേശങ്ങളെ സ്കൂളുകളുമായും ആശുപത്രികളുമായും വിപണികളുമായും ബന്ധിപ്പിക്കുന്നു; റെയിൽവേ ലിങ്കുകൾ, പാലങ്ങൾ, ലോജിസ്റ്റിക് നവീകരണങ്ങൾ എന്നിവ പ്രാദേശിക സംരംഭങ്ങളെയും തൊഴിലവസരങ്ങളെയും പിന്തുണയ്ക്കുന്നു. ഇതിന്റെ ആകെത്തുക എന്നത് കൂടുതൽ ബന്ധിക്കപ്പെട്ട ഒരു ഇന്ത്യയാണ് - അവിടെ സൗകര്യങ്ങൾ, അവസരങ്ങൾ, ജീവിതനിലവാരം എന്നിവ പൗരന്മാർക്ക് അനുഭവവേദ്യമാകുന്ന രീതിയിൽ മെച്ചപ്പെടുന്നു.

പാരിസ്ഥിതികം: സുസ്ഥിരതയെ ബലികൊടുത്തുകൊണ്ടുള്ള ആധുനികവൽക്കരണം സാധ്യമല്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നതിലൂടെ പ്രഗതി ഉത്തരവാദിത്തമുള്ള വികസനത്തെ പിന്തുണയ്ക്കുന്നു; ഇത് മലിനീകരണവും വിഭവ ദുരുപയോഗവും വർദ്ധിപ്പിക്കുന്ന അനാവശ്യമായ കാലതാമസം കുറയ്ക്കുന്നു. പി.എം ഗതിശക്തി വനങ്ങൾ, വന്യജീവി കേന്ദ്രങ്ങൾ, പരിസ്ഥിതിലോല പ്രദേശങ്ങൾ എന്നിവ ഒരേ ജി.ഐ.എസ് (GIS) പ്ലാനിംഗ് ക്യാൻവാസിൽ ഉൾപ്പെടുത്തുന്നു, അതിനാൽ ഒരു പ്രോജക്റ്റ് അന്തിമമാക്കുന്നതിന് മുമ്പ് തന്നെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലകൾ തിരിച്ചറിയാൻ സാധിക്കുന്നു. ഇത് തുടക്കത്തിൽത്തന്നെ തിരിച്ചറിയാൻ കഴിയുന്നത് പ്ലാനിംഗ് സുഗമമാക്കുന്നു; ഏജൻസികൾക്ക് പകരം വഴികൾ കണ്ടെത്താനും പരിസ്ഥിതി ആഘാതം കുറയ്ക്കാനുമുള്ള നടപടികൾ മുൻകൂട്ടി സ്വീകരിക്കാനും സാധിക്കുന്നു. കൂടാതെ ഡിജിറ്റൽ അവലോകനത്തെയും വീഡിയോ കോൺഫറൻസിംഗിനെയും ആശ്രയിക്കുന്നതിലൂടെ, കാർബൺ മലിനീകരണത്തിന് കാരണമാകുന്ന യാത്രകളുടെ ആവശ്യം കുറയ്ക്കുന്നു.

സദ്ഭരണം: പ്രഗതി എന്നത് പ്രോജക്റ്റുകൾ വേഗത്തിലാക്കുന്നത് മാത്രമല്ല - അത് പദ്ധതികൾ കൃത്യമായി നടപ്പിലാക്കുന്ന ഒരു സംസ്കാരത്തെ ശക്തിപ്പെടുത്തുന്നു. ഇത് സുതാര്യത, സമയബന്ധിതമായ ഉത്തരവാദിത്തം, ​ഗവൺമെന്റുകൾ തമ്മിലുള്ള ഏകോപനം എന്നിവ ഉറപ്പിക്കുന്നു; കൂടാതെ പ്രവർത്തന രീതികളിലെ മെച്ചപ്പെടുത്തലുകൾ എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കാൻ ഇത് സഹായിച്ചിട്ടുണ്ട്. അതിലൂടെ, വികസനത്തിന്റെ ഗുണങ്ങൾ രാജ്യത്തുടനീളം തുല്യമായി എത്തിക്കാൻ ലക്ഷ്യമിട്ടുള്ള നവീകരണങ്ങൾക്കും സംരംഭങ്ങൾക്കും ഇതൊരു ഉത്തേജകമായി പ്രവർത്തിക്കുന്നു.

പ്രഗതി @ 50

പ്രഗതി അതിന്റെ 50-ാമത് യോഗം എന്ന നാഴികക്കല്ല് പിന്നിടുമ്പോൾ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നേതൃത്വം, സഹകരണാത്മക ഫെഡറലിസം, നിരന്തരമായ നിരീക്ഷണം എന്നിവയ്ക്ക് എങ്ങനെ ഗവൺമെന്റിന്റെ ലക്ഷ്യങ്ങളെ ദേശീയ തലത്തിൽ ഫലങ്ങളാക്കി മാറ്റാൻ കഴിയുമെന്നതിന്റെ കൃത്യമായ ഉദാഹരണമായി ഇത് നിലകൊള്ളുന്നു. റോഡ്, റെയിൽവേ, ഊർജ്ജം, ജലവിഭവം, കൽക്കരി എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ അഞ്ച് നിർണ്ണായക അടിസ്ഥാന സൗകര്യ പദ്ധതികൾ ഈ യോഗത്തിൽ പ്രധാനമന്ത്രി അവലോകനം ചെയ്തു. 5 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികളുടെ ആകെ ചെലവ് 40,000 കോടി രൂപയിലധികമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഇന്ത്യയുടെ ഭരണസംസ്കാരത്തിൽ ഉണ്ടായ ആഴത്തിലുള്ള മാറ്റത്തിന്റെ പ്രതീകമായി ഇത് വർത്തിക്കുന്നു.

References

Prime Minister’s Office

Click here to see in pdf

***

SK

(Explainer ID: 156951) आगंतुक पटल : 3
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Kannada
Link mygov.in
National Portal Of India
STQC Certificate