• Skip to Content
  • Sitemap
  • Advance Search
Infrastructure

ഗതിശക്തി ബഹുമാതൃക ചരക്ക് ടെർമിനലുകൾ: ചരക്കുനീക്കത്തിലെ ഇന്ത്യയുടെ പരിവർത്തനത്തിന് കരുത്തേകുന്നു

Posted On: 13 JAN 2026 1:11PM

പ്രധാന വസ്തുതകൾ

പ്രതിവർഷം 192 ദശലക്ഷം ടൺ ശേഷിയില്‍ 306 ഗതിശക്തി ബഹുമാതൃക ചരക്കു ടെർമിനലുകൾക്ക് ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകി; ഇതിൽ 118 ടെര്‍മിനലുകള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാക്കി.  

 

2014 മുതൽ 2,672 ദശലക്ഷം ടൺ ചരക്കുനീക്കം റോഡ് മാർഗത്തിൽ നിന്ന് റെയിൽവേയിലേക്ക് മാറ്റാനായി; ഇതുവഴി 143.3 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കാൻ സാധിച്ചു.  

 

ഗതിശക്തി ബഹുമാതൃക ചരക്ക് ടെർമിനല്‍ (ജിസിടി) നയത്തിന് കീഴിൽ ഏകദേശം  8,600 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം സമാഹരിച്ചു.

 

ഈ ടെര്‍മിനലുകളിലെ ചരക്ക് വരുമാനം 2022–23 നും 2024–25 നും ഇടയിൽ നാല് മടങ്ങ്  വർധിച്ച്  12,608 കോടി രൂപയിലെത്തി.

 

ആമുഖം

ഇന്ത്യയുടെ ചരക്കുനീക്കമേഖല സമീപകാലത്ത് ശ്രദ്ധേയ പുരോഗതിയാണ് കൈവരിച്ചത്. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 7.97 ശതമാനത്തിലേക്ക്  ചരക്കുനീക്ക ചെലവ് കുറയ്ക്കാൻ സാധിച്ചത് ഈ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്. ആസൂത്രിത പരിഷ്കാരങ്ങളുടെയും സംയോജിത ആസൂത്രണത്തിന്റെയും വിജയത്തെ   പ്രതിഫലിപ്പിക്കുന്ന ഈ പരിവര്‍ത്തനം  ആഗോള മാനദണ്ഡങ്ങളുമായി  രാജ്യത്തെ കൂടുതൽ അടുപ്പിക്കുന്നു. ഏകോപിത അടിസ്ഥാന സൗകര്യ വികസനവും ഡിജിറ്റൽ സംയോജനവും ചരക്കുനീക്ക മേഖലയെ എങ്ങനെ കൂടുതൽ കാര്യക്ഷമവും മത്സരാധിഷ്ഠിതവും ഭാവി സജ്ജവുമാക്കി മാറ്റുന്നുവെന്ന് ഈ നേട്ടം തെളിയിക്കുന്നു.

 

റെയിൽവേയും ദേശീയപാതകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും  ഒരു ഏകീകൃത ചട്ടക്കൂടിന് കീഴിൽ കൊണ്ടുവന്ന പിഎം ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനാണ് ഈ പരിവർത്തനത്തിന്റെ കേന്ദ്രബിന്ദു.  തടസരഹിതമായ ബഹുമാതൃക ഗതാഗത സൗകര്യങ്ങള്‍ ഉറപ്പാക്കി  വ്യവസായങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കാനും 'ഈസ് ഓഫ് ഡൂയിങ്  ബിസിനസ്', 'മെയ്ക് ഇൻ ഇന്ത്യ'  തുടങ്ങിയ പദ്ധതികൾക്ക് പിന്തുണയേകാനും  സുസ്ഥിര പ്രാദേശിക വളർച്ച ഉറപ്പാക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഈ കാഴ്ചപ്പാടിന്റെ പ്രധാന സ്തംഭങ്ങളിലൊന്നായ ഗതിശക്തി ചരക്ക് ടെർമിനലുകൾ ഇന്ത്യയെ  ആഗോള വ്യാപാര കേന്ദ്രമാക്കി ഉയർത്തുന്ന ആധുനിക ചരക്കുനീക്ക പരിഹാരങ്ങൾക്ക്  കരുത്തേകുന്നു.

 

ഗതിശക്തി ചരക്ക് ടെർമിനലുകൾ

ട്രെയിനുകൾക്കും മറ്റ് ഗതാഗത സംവിധാനങ്ങള്‍ക്കുമിടയില്‍ ചരക്കുകൾ കയറ്റാനും ഇറക്കാനും കൈമാറ്റം ചെയ്യാനും  ഉപയോഗിക്കുന്ന കേന്ദ്രമാണ് റെയിൽവേ ചരക്ക്  ടെർമിനൽ. കണ്ടെയ്നറുകളുടെയും ഉയര്‍ന്ന അളവിലുള്ള ചരക്കുകളുടെയും കാര്യക്ഷമമായ നീക്കം സുഗമമാക്കി ചരക്കുനീക്ക ശൃംഖലയിലെ  പ്രധാന കേന്ദ്രമായി ഇത് നിലകൊള്ളുന്നു.  നേരത്തെ ഗതിശക്തി ചരക്ക് ടെർമിനലുകൾ പോലുള്ള ബഹുമാതൃക കേന്ദ്രങ്ങള്‍ ഇല്ലാതിരുന്നപ്പോൾ രാജ്യത്തെ ചരക്കുനീക്കം റോഡ്, റെയിൽ, തുറമുഖങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മാര്‍ഗങ്ങളില്‍ വ്യാപിച്ച് കിടക്കുകയായിരുന്നു. ഇത് കാലതാമസത്തിനും ഉയർന്ന ചെലവിനും ഗതാഗതക്കുരുക്കിനും കാരണമായി. വിവിധ ഗതാഗത മാർഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കാനും ചരക്ക് കൈകാര്യം ചെയ്യുന്നതിന്റെ വേഗം വര്‍ധിപ്പിക്കാനും  കാർബൺ പുറന്തള്ളൽ കുറയ്ക്കാനും ഇത്തരം സംയോജിത കേന്ദ്രങ്ങള്‍ അനിവാര്യമാണ്.  

 

റെയിൽവേ മന്ത്രാലയത്തിന്റെ 2021-ലെ ജി.സി.ടി  നയത്തിന് കീഴിൽ വികസിപ്പിച്ച് സജ്ജീകരിക്കുന്ന ആധുനിക ചരക്ക് ടെർമിനലുകളാണ് ഗതി ശക്തി ബഹുമാതൃക ചരക്ക് ടെർമിനലുകൾ (ജിസിടി). ഇവ റെയിൽവേയെ മറ്റ് ഗതാഗത സംവിധാനങ്ങളുമായി സംയോജിപ്പിക്കുന്നു.

 

ട്രെയിനുകൾ പിടിച്ചിടുന്നത് കുറയ്ക്കാനും റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ മികച്ച ഉപയോഗം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ‘എന്‍ജിൻ-ഓൺ-ലോഡ്’ പ്രവർത്തനരീതിയിലാണ് ഈ ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നത്. യന്ത്രവല്‍കൃത ചരക്കുകയറ്റ സംവിധാനങ്ങളും ചരക്കുകള്‍ കൈകാര്യം ചെയ്യാന്‍  സൈലോ  സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് ചരക്കുനീക്കത്തിന്റെ സമയം ഗണ്യമായി കുറയ്ക്കുന്നു. വേഗമേറിയതും കാര്യക്ഷമവും വിശ്വസനീയവുമായ സേവനങ്ങൾ നൽകി രാജ്യത്തെ ആകെ ചരക്കുനീക്കത്തിൽ ഇന്ത്യൻ റെയിൽവേയുടെ വിഹിതം വർധിപ്പിക്കാനാണ് ഈ കേന്ദ്രങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.  റോഡ് ഗതാഗതത്തെ അപേക്ഷിച്ച് റെയിൽ ഗതാഗതം കൂടുതൽ ഊർജക്ഷമവും ചെലവ് കുറഞ്ഞതും  ചെറിയ അളവിൽ മാത്രം കാർബൺ പുറന്തള്ളുന്നതുമാണ്. ഇത് ഇന്ത്യയുടെ ചരക്കുനീക്കത്തിലെ ചെലവ് കുറയ്ക്കാനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും അനിവാര്യമാണ്.  

 

എന്‍ജിൻ-ഓൺ-ലോഡ് സംവിധാനത്തിന് കീഴിൽ ചരക്ക് കയറ്റുന്ന സമയത്തോ ഇറക്കുന്ന സമയത്തോ എന്‍ജിന്‍  ടെർമിനലിൽ തന്നെ തുടരുന്നു. അനുവദനീയ സമയത്തിനകം റെയിൽവേയുടെ ചെലവിൽ എന്‍ജിൻ കാത്തുകിടക്കുന്നതിനാല്‍ നടപടികൾ പൂർത്തിയായ ഉടന്‍ ട്രെയിനിന് പുറപ്പെടാനാവുന്നു.  

 

ഇന്ത്യയുടെ ചരക്കുനീക്ക ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളാണ് ചരക്ക് ടെർമിനലുകൾ. തടസരഹിതമായ സമ്പര്‍ക്കസൗകര്യങ്ങള്‍, സ്വകാര്യ പങ്കാളിത്തം, ലളിതവല്‍ക്കരിച്ച നടപടിക്രമങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ടെര്‍മിനലുകളുടെ രൂപകല്പന ദേശീയ മുൻഗണനകൾക്കും സന്തുലിത പ്രാദേശിക വളർച്ചയ്ക്കും അനുസൃതമാണ്.

 

 

റെയിൽവേയെ റോഡുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളുമായി  തടസരഹിതമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഗതിശക്തി ചരക്ക്  ടെർമിനലുകൾ രൂപകല്പന ചെയ്തിരിക്കുന്നത്.

 

ഈ ടെര്‍മിനലുകളുടെ വികസനത്തിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശേഷി വർധിപ്പിക്കാനും നൂതനാശയങ്ങൾ നടപ്പാക്കാനും സാധിക്കുന്നു.

 

ജിസിടി പദ്ധതികളുടെ അംഗീകാര നടപടികൾ ലളിതവല്‍ക്കരിക്കുകയും സമയബന്ധിത അനുമതികള്‍ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ അതിവേഗ  നിർവഹണം സാധ്യമാകുന്നു.

 

ഈസ് ഓഫ് ഡൂയിങ് ബിസിനസ്, മെയ്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ ദേശീയ മുൻഗണനകൾക്ക് ഈ സംരംഭം  പിന്തുണയേകുന്നു.   

 

വിവിധ സംസ്ഥാനങ്ങളില്‍ ടെർമിനലുകൾ സ്ഥാപിക്കുന്നതിലൂടെ സന്തുലിത പ്രാദേശിക വികസനവും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയും ഉറപ്പാക്കുന്നു.

 

ഗതി ശക്തി ബഹുമാതൃക ചരക്ക് ടെർമിനൽ (ജിസിടി) നയം, 2021

ആധുനിക കാർഗോ ടെർമിനലുകളുടെ വികസനം ത്വരിതപ്പെടുത്താനും നിലവിലെ സൗകര്യങ്ങൾ പരിഷ്കരിക്കാനും 2021 ഡിസംബർ 15-നാണ് റെയിൽവേ മന്ത്രാലയം ഈ നയം അവതരിപ്പിച്ചത്. നടപടിക്രമങ്ങൾ ലളിതവല്‍ക്കരിക്കുന്നതിലും സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും വ്യാവസായിക ആവശ്യങ്ങൾക്കനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും  നയം ഊന്നൽ നൽകുന്നു.

 

ചെലവ് ഇളവുകൾ: വകുപ്പുതല ചാർജുകൾ, ഭൂമി ലൈസൻസ് ഫീസ്, വാണിജ്യ ജീവനക്കാരുടെ ചെലവ്  എന്നിവയിൽ ഇളവ് നൽകുന്നു.

 

പിന്തുണ സേവനങ്ങൾ: ചരക്കുനീക്കം സുഗമമാക്കാന്‍ പൊതുവായ ഗതാഗത സൗകര്യങ്ങൾ റെയിൽവേ തന്നെ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

 

ചരക്ക് കൂലിയിൽ ഇളവ്: പ്രതിവർഷം 10 ലക്ഷം ടണ്ണോ അതിലേറെയോ ചരക്ക് പുറത്തേക്ക് അയക്കുന്ന ടെർമിനലുകൾക്ക് മിഡ്-സെക്ഷൻ ബ്ലോക്ക് ഹട്ട്/ബ്ലോക്ക് സ്റ്റേഷൻ നിർമ്മാണ ചെലവുകളിൽ 10% ചരക്ക് കൂലി ഇളവിന് അർഹതയുണ്ട്.

 

ആസ്തി പരിപാലനം: ട്രാക്ക്, സിഗ്നലിങ്, വൈദ്യുതി ഉപകരണങ്ങള്‍ എന്നിവയുടെ പരിപാലന ചുമതല റെയിൽവേ വഹിക്കുന്നു (യാർഡ്, ചരക്കുകയറ്റ/ചരക്കിറക്ക പാതകള്‍ എന്നിവ ഇതിൽ ഉൾപ്പെടുന്നില്ല).

 

ഗതാഗത അവകാശങ്ങൾ: നിലവിലെ ട്രാക്കുകളിൽ നിന്ന് കൂടുതൽ ടെർമിനലുകളിലേക്ക് ഗതാഗതസൗകര്യം വിപുലീകരിക്കാന്‍ റെയിൽവേയ്ക്ക് അനുവാദമുണ്ടാകും.

 

ഭൂമിയുടെ വാണിജ്യ ഉപയോഗം: അധികം വരുന്ന റെയിൽവേ ഭൂമി റെയിൽ ഭൂമി വികസന  അതോറിറ്റിയുടെ  വ്യവസ്ഥകൾ പ്രകാരം വികസിപ്പിക്കാം. 

 

തന്ത്രപരമായ പ്രാധാന്യം: തടസരഹിത ബഹുതല  ചരക്കുനീക്ക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും ചരക്കുകള്‍ കൈകാര്യം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാനും ആഗോളതലത്തിൽ ഇന്ത്യയുടെ മത്സരക്ഷമത വര്‍ധിപ്പിക്കാനും ഈ നയം സഹായിക്കുന്നു.

 

ഇതുവരെ കൈവരിച്ച പുരോഗതി

ഗതിശക്തി ചരക്ക് ടെർമിനലുകൾ വിഭാവനം ചെയ്തതു മുതൽ പ്രകടമായ ഫലങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്. അനുമതികള്‍ നല്‍കുന്നതിലും പുതിയ സൗകര്യങ്ങൾ പ്രവര്‍ത്തനക്ഷമമാക്കുന്നതിലും  ചരക്ക് കൈകാര്യം ചെയ്യലില്‍ ശേഷി വർധിപ്പിക്കുന്നതിലും  സുസ്ഥിര പുരോഗതിയാണ് രേഖപ്പെടുത്തുന്നത്.

 

അനുമതികളും പ്രവര്‍ത്തനക്ഷമമാക്കലും: 306 ഗതിശക്തി ചരക്ക് ടെർമിനലുകൾക്ക് ഇന്ത്യൻ റെയിൽവേ  അനുമതി നൽകി. ഇതിൽ 118 എണ്ണം ഇതിനകം പ്രവര്‍ത്തനക്ഷമമാക്കി.   പദ്ധതി നടത്തിപ്പിലെ വേഗത്തെയാണ് ഇത്  സൂചിപ്പിക്കുന്നത്.  

 

പ്രവര്‍ത്തനക്ഷമമാക്കിയ ടെര്‍മിനലുകളും ശേഷിയും: പ്രവർത്തനമാരംഭിച്ച 118 ടെർമിനലുകൾക്ക് പ്രതിവർഷം 192 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ട്. ഇത് ചരക്കുനീക്കത്തിലെ ചെലവ് കുറയ്ക്കാനും റെയിൽ ചരക്കുനീക്കം ഗണ്യമായി വർധിപ്പിക്കാനും സഹായിക്കുന്നു.

 

സ്വകാര്യ നിക്ഷേപം: ജിസിടി നയം ആരംഭിച്ചതിനുശേഷം ഏകദേശം 8,600 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം സമാഹരിച്ചു.  വ്യവസായ മേഖലയുടെ ശക്തമായ പങ്കാളിത്തത്തെയും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയുടെ വിജയത്തെയുമാണ്  ഇത് അടിവരയിടുന്നത്.

 

പ്രവർത്തന മാനദണ്ഡങ്ങൾ: റെയിൽവേ ബോർഡ് 2022 ല്‍ പുറപ്പെടുവിച്ച ജിസിടി സംബന്ധിച്ച മാസ്റ്റര്‍ സര്‍ക്കുലര്‍ കരാറുകളെയും പ്രവർത്തന നിലവാരത്തെയും ഭേദഗതികളെയും കുറിച്ച് വിശദമായ മാർഗനിർദേശങ്ങൾ നൽകുന്നു.

 

ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും: മലിനീകരണം കുറഞ്ഞതും കാര്യക്ഷമവുമായ ഗതാഗത മാർഗമാണ് റെയിൽവേ.  റോഡ് ഗതാഗതത്തിന്റെ പകുതിയിൽ താഴെ മാത്രം ചെലവുവരുന്ന റെയില്‍ ഗതാഗതത്തില്‍  കാർബൺ പുറന്തള്ളൽ 90% കുറവുമാണ്. ചരക്കുനീക്കം റോഡിൽ നിന്ന് റെയിലിലേക്ക് മാറുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇന്ത്യയുടെ പരിസ്ഥിതി ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും സഹായിക്കുന്നു.  ഈ മാറ്റത്തിലൂടെ 2014 മുതല്‍ 2,672 ദശലക്ഷം ടൺ അധിക ചരക്കുനീക്കം റെയിൽവേ വഴി നടത്തുകയും 143.3 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളല്‍ ഒഴിവാക്കുകയും ചെയ്തു 

 

സമയബന്ധിത പൂർത്തീകരണം: ജിസിടി നയമനുസരിച്ച് അനുമതി ലഭിച്ച ഏജൻസികൾ 24 മാസത്തിനകം നിർമാണം പൂർത്തിയാക്കണം. ഇത് ടെർമിനലുകൾ കൃത്യസമയത്ത് പ്രവർത്തനസജ്ജമാണെന്ന് ഉറപ്പാക്കുന്നു.

 

ചരക്ക് വരുമാനം: ഗതി ശക്തി ചരക്ക് ടെർമിനലുകൾ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2022–23 നും 2024–25 നും ഇടയിൽ ചരക്ക് വരുമാനം നാല് മടങ്ങിലധികം വർധിച്ചത്  രാജ്യത്തെ ചരക്കുനീക്ക രംഗത്ത്  ഈ ടെര്‍മിനലുകളുടെ  വളരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. 

 

അനുമതികളിലും വരുമാനത്തിലുമുണ്ടായ ഈ വർധന ഗതിശക്തി ചരക്ക് ടെർമിനൽ നയത്തിന്റെ വ്യക്തമായ ഗുണഫലങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.  റെയിൽ ചരക്കുനീക്കത്തെ ശക്തിപ്പെടുത്തുന്ന ഈ സംരംഭം സ്വകാര്യ നിക്ഷേപം ആകർഷിക്കുകയും ഇന്ത്യൻ റെയിൽവേയെ ചരക്കുനീക്കത്തിന്റെ മുഖ്യ ചാലകശക്തിയായി മാറ്റുകയും ചെയ്തു.

 

ചരക്കുനീക്ക  മേഖലയുടെ വളർച്ചയ്ക്ക് കരുത്തേകുന്ന പ്രധാന ഗതിശക്തി ചരക്ക് ടെർമിനലുകൾ

ചരക്കുനീക്ക രംഗത്തെ  ഈ വലിയ മാറ്റം ഏതെങ്കിലും ഒരു ടെർമിനലിലൂടെയല്ല, മറിച്ച് പുതുതായി പ്രവർത്തനമാരംഭിച്ച ടെര്‍മിനലുകളുടെ  ശൃംഖലയിലൂടെയാണ് സാധ്യമാകുന്നത്. ഇതിന്റെ സ്വാധീനം വ്യക്തമാക്കുന്ന ചില പ്രധാന ഉദാഹരണങ്ങൾ താഴെ:

 

മനേസർ (ഹരിയാന) ജിസിടി: ഹരിയാനയിലെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മനേസർ ഉല്പാദന കേന്ദ്രത്തിലാണ് വാഹനവ്യവസായവുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ ഗതി ശക്തി ബഹുമാതൃക ചരക്ക് ടെർമിനൽ സ്ഥിതി ചെയ്യുന്നത്. 46 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ ടെർമിനലിൽ റെയ്ക്ക് കൈകാര്യം ചെയ്യാവുന്ന നാല് മുഴുനീള പാതകളും  എന്‍ജിൻ മാറ്റാനുള്ള  പ്രത്യേക പാതയും  ഉൾപ്പെടെ പൂർണമായി വൈദ്യുതീകരിച്ച ഇടനാഴിയുണ്ട്. ഈ പാതയുടെ ആകെ നീളം 8.2 കിലോമീറ്ററാണ്. ഹരിയാന ഓർബിറ്റൽ റെയിൽ ഇടനാഴിയുടെ ഭാഗമായ 10 കിലോമീറ്റർ ദൈർഘ്യമുള്ള പ്രത്യേക റെയിൽ ലിങ്ക് വഴി ഇത് പാത്‌ലി റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.  800 കോടി രൂപ ചെലവിൽ നിർമാണം പൂര്‍ത്തിയാക്കിയ ഈ ടെര്‍മിനലില്‍  684 കോടി രൂപ ഹരിയാന റെയിൽ അടിസ്ഥാനസൗകര്യ വികസന കോർപ്പറേഷനും  ബാക്കി തുക മാരുതി സുസുക്കിയുമാണ് വഹിച്ചത്.  പ്രതിവർഷം 4.5 ലക്ഷം വാഹനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഈ ടെർമിനൽ രാജ്യത്തെ കയറ്റിറക്ക ശേഷി ഏറ്റവുമുയർന്ന  ടെര്‍മിനലുകളിലൊന്നാണ്.

 

വടക്കുകിഴക്കൻ മേഖലയിലെ ടെർമിനലുകൾ: കൽക്കരി, കണ്ടെയ്‌നറുകൾ, ഭക്ഷ്യധാന്യങ്ങൾ, വളങ്ങൾ, സിമന്റ്, പെട്രോളിയം ഉല്പന്നങ്ങൾ, വാഹനങ്ങൾ എന്നിവ കൈകാര്യം ചെയ്ത് വടക്കുകിഴക്കൻ ഇന്ത്യയുടെ ചരക്കുനീക്ക മേഖലയെ ശക്തിപ്പെടുത്തുന്നതിൽ  അസമിലെ മോയ്നാർബന്ദ്, ചിന്നമാര ഗതിശക്തി ചരക്ക് ടെർമിനലുകൾ സുപ്രധാന പങ്കുവഹിക്കുന്നു. വടക്കുകിഴക്കന്‍ അതിര്‍ത്തിമേഖല  റെയിൽവേയുടെ  കീഴിൽ വികസിപ്പിച്ച മോയ്നാർബന്ദ് പ്രധാനമായും പെട്രോളിയം ഉല്പന്നങ്ങളുടെ നീക്കത്തിനാണ് പ്രാധാന്യം നൽകുന്നത്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കായി  പ്രത്യേക പാത സജ്ജീകരിച്ച്  പ്രവര്‍ത്തിക്കുന്ന ചിന്നമാര ടെർമിനൽ    ഭക്ഷ്യധാന്യങ്ങളുടെയും വളങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരം കേന്ദ്രങ്ങള്‍ പ്രാദേശിക വ്യാപാരം മെച്ചപ്പെടുത്തുന്നതിനൊപ്പം കർഷകരെയും വ്യവസായങ്ങളെയും വിശാല വിപണികളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇതിന് പുറമെ അസമിൽ ബൈഹത, ഹബായ്പൂർ, ജോഗിഘോപ്പ, കെന്ദുകോണ, ബസുഗാവ്, ചായഗാവ് എന്നീ ആറ് പുതിയ ചരക്ക് ടെർമിനലുകളും  നിർമാണത്തിലാണ്.   ഈ പദ്ധതികള്‍ വടക്കുകിഴക്കൻ മേഖലയിലെ ബഹുതല ഗതാഗത സൗകര്യങ്ങള്‍ കൂടുതൽ ശക്തിപ്പെടുത്തും.  

 

ഗുജറാത്തിലെ ന്യൂ സഞ്ജലി ജിസിടി: പശ്ചിമമേഖല പ്രത്യേക ചരക്കുനീക്ക  ഇടനാഴിയ്ക്ക്  സമീപം ഗതിശക്തി നയത്തിന് കീഴിൽ സ്വകാര്യ ഭൂമിയിൽ നിർമിച്ച ആദ്യ ടെര്‍മിനലാണ് ഗുജറാത്തിലെ ന്യൂ സഞ്ജലി ഗതി ശക്തി ചരക്ക് ടെർമിനൽ.  തന്ത്രപ്രധാന ചരക്കുകേന്ദ്രമായി രൂപകല്പന ചെയ്തിരിക്കുന്ന ഈ ടെര്‍മിനല്‍ അതിവേഗ ചരക്കുനീക്കം  പിന്തുണയ്ക്കുകയും കൂടുതൽ കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ചരക്കുനീക്ക പ്രവർത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

ഭാവി കാഴ്ചപ്പാടുകൾ 

ഡിജിറ്റലായി സംയോജിപ്പിച്ചതും വ്യാവസായിക  ആവശ്യങ്ങള്‍ക്ക് ചേര്‍ന്നതും ആഗോളതലത്തിൽ മത്സരക്ഷമവുമായ ലോകോത്തര ചരക്കുനീക്ക ശൃംഖലയാണ് ജിസിടി  നയം വിഭാവനം ചെയ്യുന്നത്. പ്രധാന ഭാവി മുൻഗണനകൾ:

 

ടെർമിനൽ വികസനം ത്വരിതപ്പെടുത്താന്‍ കൂടുതൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുക.

 

വ്യാവസായിക ആവശ്യങ്ങളും പ്രാദേശിക വളർച്ചാ രീതികളും പരിഗണിച്ച് പുതിയ ജിസിടി മേഖലകള്‍ തുടർച്ചയായി കണ്ടെത്തുക.

 

ഗതിശക്തി വേദിയിലൂടെ ഡിജിറ്റൽ സംയോജനം കൂടുതൽ ശക്തമാക്കുക. ഇത് തത്സമയ ചരക്കുനീക്കം നിരീക്ഷിക്കാനും  മുൻകൂര്‍ വിശകലനങ്ങൾക്കും സഹായിക്കുന്നു. 

 

ജിഡിപിയുടെ പത്ത് ശതമാനത്തിൽ താഴെയായി ചരക്കുനീക്കത്തിന്റെ ചെലവ് ക്രമീകരിക്കുകയെന്ന  നേട്ടം നിലനിർത്തി  ലോകത്തെ ഏറ്റവും മികച്ച ചരക്കുനീക്ക കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് ദീർഘകാല ലക്ഷ്യം. ഒപ്പം പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളിലൂടെ സുസ്ഥിര വികസനം ഉറപ്പാക്കുകയും ചെയ്യും. 

 

ഉപസംഹാരം 

ഇന്ത്യയുടെ ചരക്കുനീക്ക മേഖലയെ ആധുനികവൽക്കരിക്കുന്നതിലെ നിർണായക ചുവടുവെയ്പ്പാണ് ഗതിശക്തി ചരക്ക് ടെർമിനലുകൾ. അടിസ്ഥാന സൗകര്യ വികസനത്തെ ഡിജിറ്റൽ സംയോജനവുമായും സ്വകാര്യ പങ്കാളിത്തവുമായും ബന്ധിപ്പിക്കുന്നതിലൂടെ ഈ രംഗത്ത് നിലനിന്നിരുന്ന കാര്യക്ഷമതയില്ലായ്മ പരിഹരിക്കാൻ  സഹായിക്കുന്ന ഈ ടെര്‍മിനലുകള്‍ രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നു.  പദ്ധതി നിര്‍വഹണത്തിലെ പുരോഗതി തുടരുന്നതോടെ ഇന്ത്യയുടെ ചരക്കുനീക്ക രംഗത്തെ കൂടുതൽ കാര്യക്ഷമവും മത്സരാധിഷ്ഠിതവും ഭാവി സജ്ജവുമാക്കി മാറ്റാൻ ഗതിശക്തി ചരക്ക് ടെർമിനലുകൾക്ക് സാധിക്കും.

അവലംബം:

Ministry of Railways:

https://x.com/RailMinIndia/status/1991332583255478424

https://sansad.in/getFile/loksabhaquestions/annex/186/AU671_cWHwfg.pdf?source=pqals

https://sansad.in/getFile/loksabhaquestions/annex/185/AU2967_ie0VNh.pdf?source=pqals

https://www.pib.gov.in/Pressreleaseshare.aspx?PRID=1814049&reg=3&lang=2

https://indianrailways.gov.in/railwayboard/uploads/directorate/traffic_comm/Freight_Marketing_2022/GCT%20-2022.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2136909&reg=3&lang=2

https://www.facebook.com/NRlyIndia/posts/sustainable-transport-boost-100th-rake-rolls-out-from-msil-manesarthis-achieveme/1269089571924456/

https://nfr.indianrailways.gov.in/view_detail.jsp?lang=0&dcd=2908&id=0,4,268

https://x.com/dfccil_india/status/1942872988933673181

Click here for pdf file

****

 

(Explainer ID: 156946) आगंतुक पटल : 5
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Gujarati , Kannada
Link mygov.in
National Portal Of India
STQC Certificate