Social Welfare
സോമനാഥ് സ്വാഭിമാൻ പർവ്
ആഴത്തിൽ വേരൂന്നിയ വിശ്വാസത്തിന്റെയും നാഗരിക അഭിമാനത്തിന്റെയും ആയിരം വർഷങ്ങൾ
Posted On:
10 JAN 2026 9:46AM
|
പ്രധാന വസ്തുതകൾ
- 1026-ൽ ഗസ്നിയിലെ മഹ്മൂദ് സോമനാഥ് ക്ഷേത്രത്തിന് നേരെ നടത്തിയ ആദ്യ ആക്രമണത്തിന്റെ 1,000 വർഷങ്ങൾ പിന്നിടുന്ന വേളയിലാണ് സോമനാഥ് സ്വാഭിമാൻ പർവ് (2026 ജനുവരി 8–11) ആചരിക്കുന്നത്.
- ഇന്ത്യൻ നാഗരികതയുടെ അചഞ്ചലമായ ചൈതന്യത്തെയും സമ്പന്നമായ സാംസ്കാരിക-ആത്മീയ പൈതൃകത്തെയും ഈ പർവ് ആഘോഷിക്കുന്നു.
- പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ജനുവരി 10, 11 തീയതികളിൽ പ്രധാന അനുസ്മരണ പരിപാടികളിൽ പങ്കെടുക്കാൻ സോമനാഥ് സന്ദർശിക്കും.
- സോമനാഥ് ക്ഷേത്രം പ്രതിവർഷം 92–97 ലക്ഷം ഭക്തരെ ആകർഷിക്കുന്നു.
- സോമനാഥിൽ സ്ത്രീകൾക്ക് നിർണ്ണായകമായ പങ്കുണ്ട്. സോമനാഥ് ടെമ്പിൾ ട്രസ്റ്റിലെ 906 ജീവനക്കാരിൽ 262 പേർ സ്ത്രീകളാണ്; ആകെ 363 ഓളം സ്ത്രീകൾക്ക് ഇവിടെ തൊഴിൽ ലഭിക്കുന്നുണ്ട്, ഇതിലൂടെ പ്രതിവർഷം ഏകദേശം 9 കോടി രൂപ വരുമാനം അവർക്ക് ലഭിക്കുന്നു.
|
ആമുഖം
सौराष्ट्रे सोमनाथं च श्रीशैले मल्लिकार्जुनम् ।
उज्जयिन्यां महाकालम्ॐकारममलेश्वरम्”
ദ്വാദശ ജ്യോതിർലിംഗ സ്തോത്രത്തിലെ ഈ പ്രാരംഭ ശ്ലോകം, 12 പവിത്രമായ ജ്യോതിർലിംഗങ്ങളിൽ ഒന്നാമതായി ഗുജറാത്തിലെ സോമനാഥിനെ പ്രതിഷ്ഠിക്കുന്നു, ഇത് ഇന്ത്യയുടെ ആത്മീയ പൈതൃകത്തിൽ സോമനാഥിനുള്ള സ്ഥാനത്തെ സൂചിപ്പിക്കുന്നു. ഇന്ത്യയുടെ ആത്മീയ ഭൂമിശാസ്ത്രത്തിന്റെ അടിത്തറയാണ് സോമനാഥ് എന്ന നാഗരിക വിശ്വാസത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഗുജറാത്തിലെ വരാവലിന് അടുത്തുള്ള പ്രഭാസ് പടാനിൽ സ്ഥിതി ചെയ്യുന്ന സോമനാഥ് കേവലം ഒരു ആരാധനാലയം മാത്രമല്ല, ഇന്ത്യയുടെ നാഗരിക തുടർച്ചയുടെ ജീവസ്സുറ്റ പ്രതീകം കൂടിയാണ്.
നൂറ്റാണ്ടുകളായി കോടിക്കണക്കിന് ആളുകളുടെ ആദരവിനും പ്രാർത്ഥനയ്ക്കും സോമനാഥ് പാത്രമായിട്ടുണ്ട്. ഭക്തിയ്ക്ക് പകരം നാശമായിരുന്നു അക്രമികളുടെ ഉദ്ദേശ്യം, അവർ സോമനാഥിനെ ആവർത്തിച്ച് ലക്ഷ്യം വെച്ചു. എന്നിരുന്നാലും, സോമനാഥിന്റെ ചരിത്രം നിർവചിക്കപ്പെട്ടിരിക്കുന്നത് കോടിക്കണക്കിന് ഭക്തരുടെ അജയ്യമായ ധൈര്യം, വിശ്വാസം, ദൃഢനിശ്ചയം എന്നിവയാലാണ്.
സ്വാഭിമാൻ പർവ്: കൂട്ടായ അഭിമാനത്തിന്റെ ദേശീയ ആവിഷ്കാരം
1026 ജനുവരിയിൽ സോമനാഥ് ക്ഷേത്രത്തിന് നേരെ നടന്ന രേഖപ്പെടുത്തപ്പെട്ട ആദ്യ ആക്രമണത്തിന്റെ ആയിരം വർഷങ്ങൾ തികയുന്നതിന്റെ ദേശീയ അനുസ്മരണത്തിന്റെ ഭാഗമായി 2026 ജനുവരി 8 മുതൽ 11 വരെ സോമനാഥ് സ്വാഭിമാൻ പർവ് സംഘടിപ്പിക്കുന്നു.
ഈ ആചരണം നാശത്തിന്റെ സ്മരണയായല്ല, മറിച്ച് അതിജീവനത്തിനും വിശ്വാസത്തിനും നാഗരികമായ ആത്മാഭിമാനത്തിനുമുള്ള ആദരമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. നൂറ്റാണ്ടുകളായി ഭക്തിയേക്കാൾ ഉപരിയായി തകർക്കുക എന്ന ലക്ഷ്യത്തോടെ അക്രമികൾ സോമനാഥിനെ ആവർത്തിച്ച് ലക്ഷ്യംവെച്ചു. എന്നാൽ ഓരോ തവണയും ദേവി അഹല്യാ ഭായ് ഹോൾക്കറെപ്പോലുള്ള ഭക്തരുടെ കൂട്ടായ ദൃഢനിശ്ചയത്തിലൂടെ ക്ഷേത്രം പുനർനിർമ്മിക്കപ്പെട്ടു. പുനരുദ്ധാരണത്തിന്റെ ഈ അചഞ്ചലമായ ചക്രം സോമനാഥിനെ ഇന്ത്യയുടെ നാഗരിക തുടർച്ചയുടെ ശക്തമായ പ്രതീകമാക്കി മാറ്റി.

സ്വാതന്ത്ര്യാനന്തരം, 1951 മെയ് 11-ന് നിലവിലുള്ള സോമനാഥ് ക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുകൊടുത്തതിന്റെ എഴുപത്തിയഞ്ചാം വർഷവും 2026-ൽ വരുന്നു. ഈ രണ്ട് നാഴികക്കല്ലുകളും ചേർന്നാണ് സോമനാഥ് സ്വാഭിമാൻ പർവ്വിന് അടിത്തറയിടുന്നത്.
നാല് ദിവസത്തെ പർവ്വത്തിൽ, സോമനാഥ് ആത്മീയ പ്രവർത്തനങ്ങളുടെയും സാംസ്കാരിക ചിന്തകളുടെയും ദേശീയ അനുസ്മരണത്തിന്റെയും കേന്ദ്രമായി മാറിയിരിക്കുന്നു. ഏകതയുടെയും കൂട്ടായ വിശ്വാസത്തിന്റെയും പ്രതീകമായ 72 മണിക്കൂർ നീണ്ടുനിൽക്കുന്ന 'അഖണ്ഡ ഓംകാർ ജപം' ഈ ആഘോഷത്തിന്റെ ഒരു പ്രധാന സവിശേഷതയാണ്. ഇതിനോടൊപ്പം ഭക്തിസംഗീതം, ആത്മീയ പ്രഭാഷണങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും ക്ഷേത്ര നഗരത്തിലുടനീളം സംഘടിപ്പിക്കുന്നു.
ഇന്ത്യയുടെ സനാതന നാഗരിക യാത്രയിലുള്ള അഭിമാനത്തിന്റെയും സ്മരണയുടെയും ആത്മവിശ്വാസത്തിന്റെയും കൂട്ടായ ആവിഷ്കാരമായി സോമനാഥ് സ്വാഭിമാൻ പർവ് നിലകൊള്ളുന്നു.
ചരിത്രപരമായ പശ്ചാത്തലം: അതിജീവനത്തിന്റെ സഹസ്രാബ്ദം
സോമനാഥിന്റെ ചരിത്രപരമായ വേരുകൾ പുരാതന ഇന്ത്യൻ പാരമ്പര്യങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്നു. സോമനാഥ് സ്ഥിതി ചെയ്യുന്ന പ്രഭാസ് തീർത്ഥം ശിവഭഗവാനുമായും ചന്ദ്രദേവൻ നടത്തിയ ആരാധനയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഐതിഹ്യമനുസരിച്ച്, ചന്ദ്രൻ ഇവിടെ ശിവനെ ആരാധിക്കുകയും ശാപത്തിൽ നിന്ന് മോചിതനാവുകയും ചെയ്തു, ഇത് ഈ സ്ഥലത്തിന് വലിയ ആത്മീയ പ്രാധാന്യം നൽകുന്നു.
നൂറ്റാണ്ടുകളായി, സോമനാഥ് നിർമ്മാണത്തിന്റെ പല ഘട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു, അവ ഓരോന്നും ആ കാലഘട്ടത്തിലെ ഭക്തിയും കലാവിരുതും വിഭവശേഷിയും പ്രതിഫലിപ്പിക്കുന്നു. വ്യത്യസ്ത വസ്തുക്കൾ ഉപയോഗിച്ച് ഇവിടെ തുടർച്ചയായി ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെട്ടതിനെക്കുറിച്ച് പുരാതന വിവരണങ്ങൾ പറയുന്നു, ഇത് നവീകരണത്തെയും തുടർച്ചയെയും സൂചിപ്പിക്കുന്നു. പതിനൊന്നാം നൂറ്റാണ്ടിലാണ് സോമനാഥിന്റെ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ ഘട്ടം ആരംഭിച്ചത്.

1026 ജനുവരിയിൽ, ഗസ്‌നിയിലെ മഹ്മൂദിൽ നിന്ന് സോമനാഥ് അതിന്റെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട ആക്രമണം നേരിട്ടു. നൂറ്റാണ്ടുകളായി ക്ഷേത്രം ആവർത്തിച്ച് നശിപ്പിക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയും ചെയ്ത ഒരു നീണ്ട കാലഘട്ടത്തിന്റെ തുടക്കമായിരുന്നു ഇത്. ഇതൊക്കെയാണെങ്കിലും ജനങ്ങളുടെ കൂട്ടായ ബോധത്തിൽ നിന്ന് സോമനാഥ് ഒരിക്കലും ഇല്ലാതായില്ല. ക്ഷേത്രത്തിന്റെ തകർച്ചയുടെയും പുനരുജ്ജീവനത്തിന്റെയും ഈ ചക്രം ലോകചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. സോമനാഥ് ഒരിക്കലും കേവലം കല്ലുകൾ കൊണ്ടുള്ള ഒരു നിർമ്മിതിയായിരുന്നില്ല, മറിച്ച് വിശ്വാസത്തിന്റെയും സ്വത്വത്തിന്റെയും നാഗരിക അഭിമാനത്തിന്റെയും ജീവസ്സുറ്റ രൂപമായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.
1947 നവംബർ 12-ന്, അതായത് കാർത്തിക മാസം ഒന്ന്, ദീപാവലി ദിനത്തിൽ സർദാർ വല്ലഭായ് പട്ടേൽ സോമനാഥിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കുകയും ക്ഷേത്രം പുനർനിർമ്മിക്കാനുള്ള തന്റെ ദൃഢനിശ്ചയം പ്രകടിപ്പിക്കുകയും ചെയ്തു. സോമനാഥിന്റെ പുനരുദ്ധാരണം ഇന്ത്യയുടെ സാംസ്കാരിക ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹത്തിന്റെ ദർശനം. ജനപങ്കാളിത്തത്തോടും ദേശീയ ദൃഢനിശ്ചയത്തോടും കൂടിയാണ് പുനർനിർമ്മാണം ഏറ്റെടുത്തത്. 'കൈലാസ മഹാമേരു പ്രസാദ' വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഇന്നത്തെ ക്ഷേത്രം 1951 മെയ് 11-ന് അന്നത്തെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ സാന്നിധ്യത്തിൽ പ്രതിഷ്ഠിച്ചു. ഈ ചടങ്ങ് കേവലം ഒരു ക്ഷേത്രം വീണ്ടും തുറക്കുന്നതിനെ മാത്രമല്ല, ഇന്ത്യയുടെ നാഗരിക ആത്മാഭിമാനത്തിന്റെ പുനഃസ്ഥാപനത്തെയും അടയാളപ്പെടുത്തി.
പുനർനിർമ്മിച്ച സോമനാഥ് ക്ഷേത്രം 1951-ൽ തുറന്നുകൊടുത്തതിന്റെ 50 വർഷം തികയുന്ന വേളയിൽ, 2001 ഒക്ടോബർ 31-ന് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ക്ഷേത്രത്തിന്റെ പുനർനിർമ്മാണത്തിൽ സർദാർ വല്ലഭായ് പട്ടേൽ, കെ.എം.മുൻഷി തുടങ്ങിയവർ വഹിച്ച സുപ്രധാന പങ്കിനെ ആ ചടങ്ങ് എടുത്തുപറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിന്റെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടിയിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി, അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ലാൽ കൃഷ്ണ അദ്വാനി തുടങ്ങിയ പ്രമുഖരും പങ്കെടുത്തു.

2026-ൽ രാജ്യം 1951-ലെ ആ ചരിത്രപരമായ ചടങ്ങിന്റെ 75 വർഷങ്ങൾ ആഘോഷിക്കുകയാണ്. ഇത് സോമനാഥ് ക്ഷേത്രം വീണ്ടും തുറന്നതിനെ മാത്രമല്ല, ഇന്ത്യയുടെ നാഗരിക ആത്മാഭിമാനത്തിന്റെ പുനഃസ്ഥാപനത്തെയും അടയാളപ്പെടുത്തിയിരുന്നു. ഏഴര പതിറ്റാണ്ടുകൾക്ക് ശേഷം, നമ്മുടെ കൂട്ടായ ദേശീയ ദൃഢനിശ്ചയത്തിന്റെ അചഞ്ചലമായ കരുത്ത് പ്രതിഫലിപ്പിച്ചുകൊണ്ട് സോമനാഥ് നവോന്മേഷത്തോടെ നിലകൊള്ളുന്നു.
സോമനാഥ് ക്ഷേത്രം: പ്രൗഢി, വിശ്വാസം, ജീവസ്സുറ്റ പൈതൃകം
ഭഗവാൻ ശിവന്റെ 12 ആദി ജ്യോതിർലിംഗങ്ങളിൽ ആദ്യത്തേതായാണ് സോമനാഥ് ആരാധിക്കപ്പെടുന്നത്. നിലവിലെ ക്ഷേത്ര സമുച്ചയത്തിൽ ഗർഭഗൃഹം, സഭാമണ്ഡപം, നൃത്തമണ്ഡപം എന്നിവ ഉൾപ്പെടുന്നു; ഇവ അറബിക്കടലിന്റെ തീരത്ത് ഗാംഭീര്യത്തോടെ ഉയർന്നുനിൽക്കുന്നു. ക്ഷേത്രത്തിന്റെ മുകളിൽ 150 അടി ഉയരമുള്ള ശിഖരവും അതിന്റെ അഗ്രത്തിൽ 10 ടൺ ഭാരമുള്ള കലശവുമുണ്ട്. 27 അടി ഉയരമുള്ള ധ്വജദണ്ഡ് ക്ഷേത്രത്തിന്റെ അചഞ്ചലമായ വ്യക്തിത്വത്തെ വിളിച്ചോതുന്നു. തലമുറകളുടെ ഭക്തിയെയും കരവിരുതിനെയും പ്രതീകവൽക്കരിച്ചുകൊണ്ട് സ്വർണ്ണം പൂശിയ 1,666 കലശങ്ങളും 14,200 ധ്വജങ്ങളും ഈ സമുച്ചയത്തെ അലങ്കരിക്കുന്നു.

സോമനാഥ് ഇന്നും സജീവമായ ആരാധനാ കേന്ദ്രമാണ്. പ്രതിവർഷം എത്തുന്ന ഭക്തരുടെ എണ്ണം 92 മുതൽ 97 ലക്ഷം വരെയാണ് (2020-ൽ ഏകദേശം 98 ലക്ഷം തീർത്ഥാടകർ ക്ഷേത്രം സന്ദർശിച്ചു). ബിൽവ പൂജ പോലുള്ള ചടങ്ങുകൾ 13.77 ലക്ഷത്തിലധികം ഭക്തരെ ആകർഷിക്കുന്നു; 2025-ലെ മഹാശിവരാത്രിയിൽ 3.56 ലക്ഷം ഭക്തർ എത്തിയിരുന്നു. സോമനാഥിന്റെ ചരിത്രവുമായി ഭക്തരെ ബന്ധിപ്പിക്കുന്നതിൽ സാംസ്കാരിക സംരംഭങ്ങൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 2003-ൽ ആരംഭിക്കുകയും 2017-ൽ 3D ലേസർ സാങ്കേതികവിദ്യയോടെ പരിഷ്കരിക്കുകയും ചെയ്ത 'ലൈറ്റ് ആൻഡ് സൗണ്ട് ഷോ' കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 10 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിച്ചു. 'വന്ദേ സോമനാഥ് കലാ മഹോത്സവം' പോലുള്ള പരിപാടികൾ ഏകദേശം 1,500 വർഷം പഴക്കമുള്ള നൃത്ത പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിച്ചു. ശ്രീ സോമനാഥ് ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സോമനാഥ് പുനരുദ്ധാരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഭരണപരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, പൈതൃക സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ ഒരു ആത്മീയ-സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ ക്ഷേത്രത്തിന്റെ പങ്ക് ശക്തിപ്പെടുത്തി.
ആത്മീയ ഉണർവും പദയാത്രയും
സോമനാഥ് സ്വാഭിമാൻ പർവ്വിന് മുന്നോടിയായി സോമനാഥ് സവിശേഷമായ ആത്മീയ ആവേശത്തിന്റെ അന്തരീക്ഷത്തിന് സാക്ഷ്യം വഹിച്ചു. ഗിർനാർ തീർത്ഥക്ഷേത്രത്തിൽ നിന്നും മറ്റ് പുണ്യകേന്ദ്രങ്ങളിൽ നിന്നുമുള്ള സന്യാസിമാർ ശംഖ് ചൗക്കിൽ നിന്ന് സോമനാഥ് ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തി. ശിവന് പ്രിയപ്പെട്ട ഡമരുവിന്റെയും പരമ്പരാഗത വാദ്യോപകരണങ്ങളുടെയും ഭക്തിസംഗീതത്തിന്റെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്. സിദ്ധിവിനായക് ധോൾ ഗ്രൂപ്പിലെ ഏകദേശം 75 മേളക്കാർ പങ്കെടുത്തു, ഇത് താളാത്മകവും ആത്മീയവുമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. "ഹർ ഹർ മഹാദേവ്" വിളികൾ ക്ഷേത്രപരിസരത്ത് മുഴങ്ങിക്കേട്ടു. സന്യാസിമാരും വിശിഷ്ടാതിഥികളും അതീവ ഭക്തിയോടെ പ്രാർത്ഥനകൾ അർപ്പിച്ചു. പുഷ്പവൃഷ്ടിയോടെ സ്വാഗതം ചെയ്യപ്പെട്ട പദയാത്ര ക്ഷേത്രസമുച്ചയത്തെ ദിവ്യമായ ഒരു കാഴ്ചയാക്കി മാറ്റി. പങ്കെടുത്ത ഭക്തർക്ക് ആഴത്തിലുള്ള ആത്മീയ സംതൃപ്തി അനുഭവപ്പെട്ടു.
സോമനാഥിലെ സ്ത്രീ ശാക്തീകരണവും സുസ്ഥിരതയും
2018-ൽ "സ്വച്ഛ് ഐക്കോണിക് പ്ലേസ്" ആയി പ്രഖ്യാപിക്കപ്പെട്ട സോമനാഥ് നൂതനമായ സുസ്ഥിര കർമപരിപാടികൾ നടപ്പിലാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ പൂക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വെർമി കമ്പോസ്റ്റ് 1,700 ബിൽവ മരങ്ങൾക്ക് വളമായി ഉപയോഗിക്കുന്നു. മിഷൻ ലൈഫിന് കീഴിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ പേവർ ബ്ലോക്കുകളാക്കി മാറ്റുന്നു; പ്രതിമാസം 4,700 ബ്ലോക്കുകൾ ഇത്തരത്തിൽ നിർമ്മിക്കുന്നുണ്ട്. മഴവെള്ള സംഭരണ സംവിധാനങ്ങൾ പ്രതിമാസം ഏകദേശം 30 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കുന്നു.
72,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന 7,200 മരങ്ങളുള്ള മിയാവാക്കി വനം പ്രതിവർഷം ഏകദേശം 93,000 കിലോഗ്രാം കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്നു. ശുദ്ധീകരിച്ച അഭിഷേക ജലം 'സോമഗംഗാജൽ' ആയി കുപ്പികളിലാക്കി വിതരണം ചെയ്യുന്നു; 2024 ഡിസംബർ വരെ 1.13 ലക്ഷത്തിലധികം കുടുംബങ്ങൾ ഇതിന്റെ ഗുണഭോക്താക്കളായി.
സ്ത്രീ ശാക്തീകരണത്തിന്റെ ശക്തമായ കേന്ദ്രമായും സോമനാഥ് മാറിയിട്ടുണ്ട്. സോമനാഥ് ടെമ്പിൾ ട്രസ്റ്റിലെ 906 ജീവനക്കാരിൽ 262 പേർ സ്ത്രീകളാണ്. ബിൽവ വനത്തിന്റെ മാനേജ്‌മെന്റ് പൂർണ്ണമായും സ്ത്രീകൾക്കാണ്. പ്രസാദ വിതരണത്തിൽ 65 സ്ത്രീകളും ക്ഷേത്രത്തിലെ ഭക്ഷണശാലകളിൽ 30 സ്ത്രീകളും ജോലി ചെയ്യുന്നു. മൊത്തത്തിൽ 363 സ്ത്രീകൾക്ക് ഇവിടെ തൊഴിൽ ലഭിക്കുന്നു, ഇതിലൂടെ പ്രതിവർഷം ഏകദേശം 9 കോടി രൂപ അവർ സമ്പാദിക്കുന്നു; ഇത് ക്ഷേത്ര സമുച്ചയത്തിൽ നിന്ന് ഉടലെടുക്കുന്ന സാമ്പത്തിക സ്വാശ്രയത്വത്തെയും അന്തസ്സിനെയും പ്രതിഫലിപ്പിക്കുന്നു.
പ്രധാനമന്ത്രിയുടെ സന്ദർശനവും അനുബന്ധ പരിപാടികളും

2026 ജനുവരി 8 മുതൽ 11 വരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ സോമനാഥ് സ്വാഭിമാൻ പർവ് ദേശീയ പ്രാധാന്യം കൈവരിക്കുകയാണ്. 2026 ജനുവരി 10-ന് പ്രധാനമന്ത്രി സോമനാഥിൽ എത്തുകയും സ്വാഭിമാൻ പർവ്വിനോടനുബന്ധിച്ചുള്ള പ്രധാന ആത്മീയ ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യും. വൈകുന്നേരം അദ്ദേഹം ക്ഷേത്രപരിസരത്ത് നടക്കുന്ന ഓംകാർ മന്ത്ര ജപത്തിൽ പങ്കെടുക്കും; വിശ്വാസത്തിന്റെ തുടർച്ചയെയും ഐക്യത്തെയും നാഗരിക കരുത്തിനെയും പ്രതീകവൽക്കരിക്കുന്ന 72 മണിക്കൂർ നീളുന്ന അഖണ്ഡ ഓംകാർ ജപത്തിന്റെ ഭാഗമാകും ഇത്. അന്നുതന്നെ വൈകുന്നേരം സ്വാഭിമാൻ പർവ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഡ്രോൺ ഷോയ്ക്കും പ്രധാനമന്ത്രി സാക്ഷ്യം വഹിക്കും.
2026 ജനുവരി 11-ന് സോമനാഥ് സ്വാഭിമാൻ പർവ്വിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രതീകാത്മക ഘോഷയാത്രയായ 'ശൗര്യ യാത്ര'യ്ക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും. നൂറ്റാണ്ടുകളായുള്ള പ്രതിസന്ധികളിലും സോമനാഥിനെ കാത്തുസൂക്ഷിച്ച ധീരതയുടെയും ത്യാഗത്തിന്റെയും അജയ്യമായ ചൈതന്യത്തിന്റെയും പ്രതീകമാണ് ശൗര്യ യാത്ര. യാത്രയ്ക്ക് ശേഷം പ്രധാനമന്ത്രി സോമനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. തുടർന്ന് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. ക്ഷേത്രത്തിന്റെ നാഗരിക പ്രാധാന്യം, സ്വാഭിമാൻ പർവ്വിന്റെ പ്രസക്തി, സോമനാഥുമായി ബന്ധപ്പെട്ട വിശ്വാസം, അതിജീവനം, ആത്മാഭിമാനം എന്നിവയുടെ ശാശ്വതമായ സന്ദേശം എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിക്കും. ഈ പരിപാടികളിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തം സോമനാഥ് സ്വാഭിമാൻ പർവ്വിന്റെ ദേശീയ പ്രാധാന്യം വർദ്ധിപ്പിക്കുകയും ഭാരതത്തിന്റെ ആത്മീയ-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ നാഗരിക തുടർച്ചയുടെയും കൂട്ടായ ആത്മവിശ്വാസത്തിന്റെയും ജീവിക്കുന്ന പ്രതീകമെന്ന നിലയിലുള്ള സോമനാഥിന്റെ പങ്കിനെ ഈ സന്ദർശനം എടുത്തുകാട്ടുന്നു.


ഉപസംഹാരം
സോമനാഥ് സ്വാഭിമാൻ പർവ് ഇന്ത്യയുടെ നാഗരിക ആത്മവിശ്വാസം പുനഃസ്ഥാപിക്കുന്നു. ഇത് നാശത്തേക്കാൾ അതിജീവനത്തെയും ഭയത്തേക്കാൾ വിശ്വാസത്തെയും ബഹുമാനിക്കുന്നു. സൗരാഷ്ട്രയുടെ തീരത്ത് നിലകൊള്ളുന്ന സോമനാഥ് ക്ഷേത്രം ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് ഇന്നും പ്രചോദനമാണ്. നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾ ചരിത്രത്തിൽ മാഞ്ഞുപോകുമെന്നും എന്നാൽ നീതിയിലും ഐക്യത്തിലും ആത്മാഭിമാനത്തിലും അധിഷ്ഠിതമായ വിശ്വാസം എന്നെന്നും നിലനിൽക്കുമെന്നും ഇത് എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച താഴെ പറയുന്ന സംസ്കൃത ശ്ലോകം സോമനാഥിന്റെ ആത്മീയ സത്തയെ ഉയർത്തിക്കാട്ടുന്നു:
आदिनाथेन शर्वेण सर्वप्राणिहिताय वै।
आद्यतत्त्वान्यथानीयं क्षेत्रमेतन्महाप्रभम्।
प्रभासितं महादेवि यत्र सिद्ध्यन्ति मानवाः॥
അർത്ഥം: ആദിനാഥനായ ശിവൻ എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിനായി തന്റെ ശാശ്വത തത്വത്തിലൂടെ പ്രഭാസ് ഖണ്ഡം എന്നറിയപ്പെടുന്ന ഈ പവിത്രവും അതീവ ശക്തവുമായ പ്രദേശത്തെ പ്രകടമാക്കി. ദിവ്യപ്രഭയാൽ കുളിച്ചുനിൽക്കുന്ന ഈ പുണ്യഭൂമിയിലാണ് മനുഷ്യർ ആത്മീയ പൂർണ്ണതയും പുണ്യവും മോക്ഷവും കൈവരിക്കുന്നത്.
References:
- https://www.pib.gov.in/PressNoteDetails.aspx?NoteId=154536&ModuleId=3®=3&lang=2
- https://www.pib.gov.in/PressReleasePage.aspx?PRID=2122423®=3&lang=2
- https://www.pib.gov.in/PressReleasePage.aspx?PRID=2212756®=3&lang=2
- https://www.pib.gov.in/PressReleasePage.aspx?PRID=2212686®=3&lang=1
- https://www.pib.gov.in/PressReleasePage.aspx?PRID=2212293®=3&lang=1
- https://www.pib.gov.in/PressReleseDetailm.aspx?PRID=2212686®=3&lang=2
- https://www.newsonair.gov.in/hm-amit-shah-appeals-to-nation-to-join-somnath-swabhiman-parv/
- https://somnath.org/
- https://somnath.org/jay-somnath
- https://somnath.org/somnath-darshan/
- https://somnath.org/social-activities/
- https://girsomnath.nic.in/about-district/history
- DIPR, Gujarat
Click here to see pdf
***
SK
(Explainer ID: 156938)
आगंतुक पटल : 5
Provide suggestions / comments