Economy
നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം:
മറന്നുപോയ സാമ്പത്തിക ആസ്തികൾ തിരികെ നേടുന്നതിനും പൗരന്മാരുടെ ഉടമസ്ഥാവകാശം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗ്ഗരേഖ.
Posted On:
26 DEC 2025 11:41AM
പ്രധാന വിവരങ്ങൾ:
# “നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം” (Aapki Poonji, Aapka Adhikar,“आपकी पूंजी, आपका अधिकार") എന്നത് അവകാശികളില്ലാതെ കിടക്കുന്ന സാമ്പത്തിക ആസ്തികൾ കണ്ടെത്താനും അവ തിരികെ നേടാനും പൗരന്മാരെ സഹായിക്കുന്നതിനുള്ള ഒരു രാജ്യവ്യാപക ബോധവൽക്കരണ പരിപാടിയാണ്.
# ബാങ്കുകൾ, ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ടുകൾ, ഡിവിഡന്റുകൾ, ഓഹരികൾ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയിൽ നിയന്ത്രിത സാമ്പത്തിക വ്യവസ്ഥയ്ക്കുള്ളിലായി അവകാശികളില്ലാതെ കിടക്കുന്ന സമ്പാദ്യങ്ങൾ ഈ പദ്ധതിയുടെ പരിധിയിൽ വരുന്നു.
# ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസും സാമ്പത്തിക മേഖലയിലെ റെഗുലേറ്റർമാരും ചേർന്നാണ് ഈ സംരംഭം ഏകോപിപ്പിക്കുന്നത്. ഡിജിറ്റൽ പോർട്ടലുകളും ജില്ലാതല സേവന കേന്ദ്രങ്ങളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.
# വിവിധ സർക്കാർ വകുപ്പുകൾ, റെഗുലേറ്റർമാർ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനത്തിലൂടെ ഏകദേശം ₹2,000 കോടി രൂപ ഇതുവരെ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകിയിട്ടുണ്ട്.
ആമുഖം

തലമുറകളായി ഭാരതീയ കുടുംബങ്ങൾ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചും, ഇൻഷുറൻസ് പോളിസികൾ വാങ്ങിയും, മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചും, ഓഹരികളിൽ നിന്ന് ലാഭവിഹിതം സമ്പാദിച്ചും, വിരമിക്കൽ കാലത്തേക്കായി പണം മാറ്റിവെച്ചും അതീവ ജാഗ്രതയോടെ സമ്പാദിക്കുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുക, ആരോഗ്യ സംരക്ഷണ ആവശ്യങ്ങളെ പിന്തുണയ്ക്കുക, വാർദ്ധക്യകാലത്ത് അന്തസ്സോടെയുള്ള ജീവിതം ഉറപ്പുവരുത്തുക തുടങ്ങിയ പ്രത്യാശകളോടെയും ഉത്തരവാദിത്തത്തോടെയുമാണ് ഇത്തരം സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത്.
എങ്കിലും, കാലങ്ങൾകൊണ്ട് കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ ഈ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം ആരും അവകാശപ്പെടാതെ അവശേഷിക്കുന്നു. ഈ പണം അപ്രത്യക്ഷമാവുകയോ ദുരുപയോഗം ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. മറിച്ച്, അവബോധമില്ലായ്മ, കാലഹരണപ്പെട്ട രേഖകൾ, താമസസ്ഥലത്തെ മാറ്റങ്ങൾ, അല്ലെങ്കിൽ രേഖകളുടെ കുറവ് എന്നിവ കാരണം യഥാർത്ഥ ഉടമകളിൽ നിന്ന് വേർപെട്ട്, നിയന്ത്രിത സാമ്പത്തിക സ്ഥാപനങ്ങളിൽ സുരക്ഷിതമായി ഇരിക്കുകയാണ്. പല സാഹചര്യങ്ങളിലും, ഇത്തരം ആസ്തികൾ നിലവിലുണ്ടെന്ന കാര്യം പോലും പല കുടുംബങ്ങളും അറിയുന്നില്ല.
പൗരന്മാരെ അവരുടെ മറന്നുപോയ ഈ സാമ്പത്തിക ആസ്തികളുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനും, വ്യക്തികൾക്കും കുടുംബങ്ങൾക്കും അവകാശപ്പെട്ട പണം ഒടുവിൽ അവരുടെ കൈകളിൽ തന്നെ എത്തിച്ചേരുന്നു എന്ന് ഉറപ്പാക്കുന്നതിനുമുള്ള ഒരു രാജ്യവ്യാപക ശ്രമമാണ് "നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം".
എന്താണ് അവകാശപ്പെടാത്ത സാമ്പത്തിക ആസ്തികൾ?

സാമ്പത്തിക സ്ഥാപനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന പണം, അക്കൗണ്ട് ഉടമയോ അവരുടെ നിയമപരമായ അവകാശികളോ ദീർഘകാലത്തേക്ക് കൈപ്പറ്റാതിരിക്കുമ്പോൾ അവ 'അവകാശപ്പെടാത്ത സാമ്പത്തിക ആസ്തികൾ' (Unclaimed financial assets) ആയി മാറുന്നു. അത്തരം ആസ്തികളിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു:
$ പത്തു വർഷമോ അതിലധികമോ കാലമായി ഇടപാടുകൾ നടക്കാത്ത സേവിംഗ്സ് അക്കൗണ്ടുകൾ, കറന്റ് അക്കൗണ്ടുകൾ, ഫിക്സഡ് ഡിപ്പോസിറ്റുകൾ, റിക്കറിംഗ് ഡിപ്പോസിറ്റുകൾ തുടങ്ങിയ ബാങ്ക് നിക്ഷേപങ്ങൾ.
$ നിശ്ചിത തീയതി കഴിഞ്ഞിട്ടും വിതരണം ചെയ്യപ്പെടാത്ത ഇൻഷുറൻസ് പോളിസി തുകകൾ.
$ ബാങ്ക് അക്കൗണ്ടിലെ മാറ്റം, അക്കൗണ്ട് ക്ലോസ് ചെയ്യൽ, രേഖകളിലെ ബാങ്ക് വിവരങ്ങൾ അപൂർണ്ണമാകൽ തുടങ്ങിയ കാരണങ്ങളാൽ ക്രെഡിറ്റ് ചെയ്യാൻ കഴിയാത്ത മ്യൂച്വൽ ഫണ്ട് നിക്ഷേപ തുകകളോ ലാഭവിഹിതങ്ങളോ.
$ അവകാശികളില്ലാത്തതിനാൽ നിയമപരമായ അതോറിറ്റികളിലേക്ക് മാറ്റപ്പെട്ട ഓഹരികളും ലാഭവിഹിതങ്ങളും (Dividends).
$ സാധാരണ രീതിയിൽ കൈപ്പറ്റാത്ത പെൻഷൻ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ.
ജോലി സംബന്ധമായ സ്ഥലമാറ്റം, ബന്ധപ്പെടാനുള്ള വിവരങ്ങളിലെ മാറ്റം, പഴയ ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യൽ, അല്ലെങ്കിൽ കുടുംബാംഗങ്ങൾക്കും നിയമപരമായ അവകാശികൾക്കും വിവരങ്ങൾ ലഭ്യമല്ലാത്തത് തുടങ്ങിയ ദൈനംദിന ജീവിത സാഹചര്യങ്ങൾ കാരണമാണ് മിക്കവാറും ആസ്തികൾ അവകാശികളില്ലാത്ത അവസ്ഥയിലേക്ക് മാറുന്നത്.
“നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം” പദ്ധതി
വെല്ലുവിളിയെ വ്യവസ്ഥാപിതവും ജനസൗഹൃദവുമായ രീതിയിൽ നേരിടുന്നതിനായി, 2025 ഒക്ടോബറിൽ സർക്കാർ രാജ്യവ്യാപകമായ ഒരു ബോധവൽക്കരണ-സഹായ ക്യാമ്പയിനായി “आपकी पूंजी, आपका अधिकार – നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം” എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ്, താഴെ പറയുന്ന പ്രധാന സാമ്പത്തിക മേഖല റെഗുലേറ്റർമാരുമായി സഹകരിച്ചാണ് ഈ പദ്ധതി ഏകോപിപ്പിക്കുന്നത്:
*ഭാരതീയ റിസർവ് ബാങ്ക് (RBI)
*ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)
*സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI)
*ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റി (IEPFA)
*പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (PFRDA)
ലളിതമായ നടപടിക്രമങ്ങളിലൂടെയും സുതാര്യമായ സംവിധാനങ്ങളിലൂടെയും, പൗരന്മാർക്ക് നിയമപരമായി അവകാശപ്പെട്ട സാമ്പത്തിക ആസ്തികൾ തിരിച്ചറിയുന്നതിനും അവ ലഭ്യമാക്കുന്നതിനും തിരികെ നേടുന്നതിനും സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അവകാശപ്പെടാത്ത പണത്തിന്റെ വ്യാപ്തി

ഇന്ത്യയിലെ അവകാശം ഉന്നയിക്കാത്ത സാമ്പത്തിക ആസ്തികളുടെ അളവ് വളരെ വലുതാണ്, കൂടാതെ ഇത് ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയുടെ വിവിധ മേഖലകളിലായി വ്യാപിച്ചു കിടക്കുന്നു. ലഭ്യമായ ഏകദേശ കണക്കുകൾ പ്രകാരം, ഇന്ത്യൻ ബാങ്കുകളിൽ മാത്രം ഏകദേശം ₹78,000 കോടി രൂപ അവകാശികളില്ലാത്ത നിക്ഷേപങ്ങളായി ഉണ്ട്. അവകാശികളില്ലാത്ത ഇൻഷുറൻസ് പോളിസി തുകകൾ ഏകദേശം ₹14,000 കോടി രൂപയും, മ്യൂച്വൽ ഫണ്ടുകളിലെ അവകാശികളില്ലാത്ത തുക ഏകദേശം ₹3,000 കോടി രൂപയുമാണ്. കൂടാതെ, കൈപ്പറ്റാത്ത ലാഭവിഹിതം (Dividends) ഏകദേശം ₹9,000 കോടി വരും.
ഈ തുകകളെല്ലാം ചേർത്തു പരിശോധിക്കുമ്പോൾ, സാമ്പത്തിക വ്യവസ്ഥയ്ക്കുള്ളിൽ സുരക്ഷിതമായി ഇരിക്കുമ്പോഴും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന, പൗരന്മാരുടേതായ സമ്പാദ്യത്തിന്റെ വലിയ തോതിലുള്ള വ്യാപ്തി വ്യക്തമാകുന്നു.
എന്തുകൊണ്ടാണ് അവകാശപ്പെടാത്ത ആസ്തികൾ പ്രധാനമാകുന്നത്?
അവകാശം ഉന്നയിക്കപ്പെടാത്ത പണം എന്നത് കേവലം ഒരു സാമ്പത്തിക കണക്ക് മാത്രമല്ല. പല കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവന സഹായം അല്ലെങ്കിൽ അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കേണ്ട തുക ഇത്തരത്തിൽ തടഞ്ഞുവെക്കപ്പെടുകയോ ലഭ്യമാകാതിരിക്കുകയോ ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. മുതിർന്ന പൗരന്മാരെ സംബന്ധിച്ചിടത്തോളം, അവരുടെ അത്യാവശ്യ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന പെൻഷനോ ഇൻഷുറൻസ് ആനുകൂല്യങ്ങളോ ആയിരിക്കാം ഇത്.
ഒരു സാമ്പത്തിക വ്യവസ്ഥയുടെ തലത്തിൽ പരിശോധിച്ചാൽ, അവകാശികളില്ലാത്ത ആസ്തികൾ പൗരന്മാരും ഔദ്യോഗിക സാമ്പത്തിക സംവിധാനവും തമ്മിലുള്ള ബന്ധത്തെ ദുർബലപ്പെടുത്തുന്നു. തങ്ങൾക്ക് അവകാശപ്പെട്ട പണം ലഭ്യമാകാതെ വരുമ്പോൾ, അത് ജനങ്ങൾക്ക് വ്യവസ്ഥിതിയിലുള്ള വിശ്വാസത്തെയും പങ്കാളിത്തത്തെയും ബാധിക്കുന്നു. "നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം" എന്ന സംരംഭത്തിലൂടെ ഈ പ്രശ്നം പരിഹരിക്കുന്നത് കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനോടൊപ്പം, സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യതയും എല്ലാവരെയും ഉൾക്കൊള്ളാനുള്ള കഴിവും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അവകാശികളില്ലാത്ത ആസ്തികൾ കണ്ടെത്തുന്നതിനുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ
അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ – ഉദ്ഗം (UDGAM) പോർട്ടൽ
ഭാരതീയ റിസർവ് ബാങ്ക് വികസിപ്പിച്ച ഉദ്ഗം (UDGAM) പോർട്ടൽ, പദ്ധതിയിൽ പങ്കാളികളായ ബാങ്കുകളിലെ അവകാശികളില്ലാത്ത നിക്ഷേപങ്ങൾ ഒരിടത്തുനിന്ന് തന്നെ തിരയാനുള്ള സൗകര്യം പൗരന്മാർക്ക് നൽകുന്നു. ഇത്തരം നിക്ഷേപങ്ങളുടെ ക്ലെയിമുകൾ അതത് ബാങ്കുകൾ വഴിയാണ് തീർപ്പാക്കുന്നതെങ്കിലും, അവകാശികളില്ലാത്ത തുകകൾ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താൻ ഈ പോർട്ടൽ നിങ്ങളെ സഹായിക്കുന്നു.
ഒരു ബാങ്ക് നിക്ഷേപം പത്തോ അതിലധികമോ വർഷം അവകാശികളില്ലാതെ തുടരുകയാണെങ്കിൽ, അത് ഡിപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് (DEA Fund) മാറ്റപ്പെടും. എന്നിരുന്നാലും, ഈ പണം ഇപ്പോഴും ഉപഭോക്താവിന്റേതാണ്. ഉപഭോക്താവിനോ അവരുടെ നിയമപരമായ അവകാശികൾക്കോ ഈ തുക തിരികെ ലഭിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.
താഴെ പറയുന്ന ലിങ്കിലൂടെ ഈ പോർട്ടൽ സന്ദർശിക്കാവുന്നതാണ്:
https://udgam.rbi.org.in/unclaimed-deposits/#/login
ഇൻഷുറൻസ് തുകകൾ – ബീമാ ഭരോസ (Bima Bharosa) പോർട്ടൽ
അവകാശികളില്ലാത്ത ഇൻഷുറൻസ് പോളിസി തുകകൾ കണ്ടെത്തുന്നതിന് ബീമാ ഭരോസ പോർട്ടൽ വ്യക്തികളെ സഹായിക്കുന്നു. ഇൻഷുറൻസ് കമ്പനികളുടെ അന്വേഷണ പേജുകളിലേക്കുള്ള ലിങ്കുകൾ നൽകുന്നതിലൂടെ, പോളിസി ഉടമകൾക്കും നോമിനികൾക്കും നിയമപരമായ അവകാശികൾക്കും തങ്ങൾക്ക് ലഭിക്കാനുള്ള തുകകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ ഈ പോർട്ടൽ സൗകര്യമൊരുക്കുന്നു.
ഒരു ഇൻഷുറൻസ് തുക നൽകേണ്ട തീയതി കഴിഞ്ഞ് പന്ത്രണ്ട് മാസത്തിന് ശേഷവും കൈപ്പറ്റാതെ ഇരുന്നാൽ അതിനെ 'അവകാശികളില്ലാത്ത തുക'യായി കണക്കാക്കുന്നു. പത്ത് വർഷത്തിലധികം അവകാശികളില്ലാതെ തുടരുന്ന ഇൻഷുറൻസ് തുകകൾ സർക്കാർ നിയന്ത്രിക്കുന്ന സീനിയർ സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്ക് (SCWF) മാറ്റുന്നു. ഇത്തരം കൈമാറ്റങ്ങൾ ഉടമസ്ഥാവകാശത്തെ ബാധിക്കില്ല; തുക കൈമാറിയ തീയതി മുതൽ 25 വർഷം വരെ അത് ക്ലെയിം ചെയ്യാനുള്ള അവകാശം ഗുണഭോക്താക്കൾക്ക് ഉണ്ടായിരിക്കും.
നിശ്ചിത നടപടിക്രമങ്ങൾ പാലിച്ച്, തുക SCWF-ലേക്ക് മാറ്റിയ ശേഷവും പോളിസി ഉടമകൾക്കോ നോമിനികൾക്കോ അവകാശികൾക്കോ ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനിയെ സമീപിച്ച് ക്ലെയിം നടപടികൾ ആരംഭിക്കാവുന്നതാണ്. അവകാശികളില്ലാത്ത ഇൻഷുറൻസ് തുകകൾ കൈപ്പറ്റുന്നതിന് പ്രത്യേക ഫീസുകൾ നൽകേണ്ടതില്ല.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടികളും ഈ സംവിധാനം പ്രോത്സാഹിപ്പിക്കുന്നു. ബന്ധപ്പെടാനുള്ള വിവരങ്ങൾ പുതുക്കുക, നോമിനികളെ രജിസ്റ്റർ ചെയ്യുകയും വിവരങ്ങൾ കൃത്യമാക്കുകയും ചെയ്യുക, കുടുംബാംഗങ്ങളെ ഇൻഷുറൻസ് പോളിസികളെക്കുറിച്ച് അറിയിക്കുക, ഡിജിലോക്കർ (DigiLocker) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പോളിസി രേഖകൾ ഡിജിറ്റലായോ അല്ലാതെയോ സൂക്ഷിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പോളിസികൾ ആധാറുമായും പാൻ (PAN) കാർഡുമായും ബന്ധിപ്പിക്കാവുന്നതുമാണ്.
താഴെ പറയുന്ന ലിങ്കിലൂടെ ഈ പോർട്ടൽ സന്ദർശിക്കാവുന്നതാണ്:
https://bimabharosa.irdai.gov.in/
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ – മിത്ര (MITRA) പോർട്ടൽ
എം.എഫ് സെൻട്രലിൽ (MF Central) ലഭ്യമായ മിത്ര (Mutual Fund Investment Tracing and Retrieval Assistant - MITRA), അവകാശികളില്ലാത്തതും സജീവമല്ലാത്തതുമായ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ കണ്ടെത്താൻ നിക്ഷേപകരെ സഹായിക്കുന്നു. നിശ്ചിത സെർച്ച് മാനദണ്ഡങ്ങൾ ഉപയോഗിച്ച്, ഇത്തരം നിക്ഷേപങ്ങൾ ഏത് മ്യൂച്വൽ ഫണ്ടിലാണ് ഉള്ളതെന്ന് തിരിച്ചറിയാൻ ഈ പ്ലാറ്റ്‌ഫോം നിക്ഷേപകരെ അനുവദിക്കുന്നു.
ഒരു നിശ്ചിത സ്കീമിലുള്ള നിക്ഷേപങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ നിക്ഷേപകർക്ക് നൽകുന്ന സവിശേഷ തിരിച്ചറിയൽ നമ്പറാണ് ഫോളിയോ നമ്പർ (Folio number).
ബാങ്ക് അക്കൗണ്ടുകളിലെ മാറ്റം അല്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യൽ, അപൂർണ്ണമായ രേഖകൾ, കാലഹരണപ്പെട്ട കോൺടാക്റ്റ് വിവരങ്ങൾ, അല്ലെങ്കിൽ കെ.വൈ.സി (KYC) നടപടികൾ പൂർത്തിയാക്കാത്തത് തുടങ്ങിയ കാരണങ്ങളാൽ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മെച്യൂരിറ്റി തുകയോ ലാഭവിഹിതമോ ക്രെഡിറ്റ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് മ്യൂച്വൽ ഫണ്ട് തുകകൾ 'അവകാശികളില്ലാത്തവ' ആയി മാറുന്നത്.
ഇത്തരം സന്ദർഭങ്ങളിൽ പണം നഷ്ടപ്പെടുന്നില്ല; നിശ്ചിത തീയതിയിൽ ഇത് പ്രത്യേകം നിശ്ചയിച്ചിട്ടുള്ള 'അൺക്ലെയിംഡ് സ്കീമുകളിലേക്ക്' മാറ്റുകയും ക്ലെയിം ചെയ്യുന്നത് വരെ അവിടെ സുരക്ഷിതമായിരിക്കുകയും ചെയ്യും. കൂടാതെ, ഒരു ഫോളിയോയിൽ ബാലൻസ് ഉണ്ടെങ്കിലും പത്ത് വർഷമായി നിക്ഷേപകൻ ഇടപാടുകളൊന്നും നടത്തിയിട്ടില്ലെങ്കിൽ ആ മ്യൂച്വൽ ഫണ്ട് ഫോളിയോ 'ഇനാക്ടീവ്' (Inactive) ആയി കണക്കാക്കും.
അവകാശികളില്ലാത്തതോ സജീവമല്ലാത്തതോ ആയ നിക്ഷേപങ്ങൾ തിരിച്ചറിയാൻ മിത്ര സഹായിക്കുന്നു, അതിനുശേഷം നിക്ഷേപകർക്ക് ബന്ധപ്പെട്ട അസറ്റ് മാനേജ്‌മെന്റ് കമ്പനിയെയോ (AMC) രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റിനെയോ (RTA) സമീപിച്ച് ക്ലെയിം നടപടികൾ ആരംഭിക്കാവുന്നതാണ്.
ഭാവിയിൽ ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായി കെ.വൈ.സി വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കോൺടാക്റ്റ് രേഖകൾ എന്നിവ കൃത്യമായി പുതുക്കാനും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ കൃത്യമായി പരിശോധിക്കാനും ഈ സംവിധാനം നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നു.
താഴെ പറയുന്ന ലിങ്കിലൂടെ ഈ പോർട്ടൽ സന്ദർശിക്കാവുന്നതാണ്:
https://app.mfcentral.com/investor/signin
ലാഭവിഹിതങ്ങളും ഓഹരികളും – IEPFA പോർട്ടൽ
തുടർച്ചയായി ഏഴ് വർഷക്കാലം കൈപ്പറ്റാതെയോ അവകാശികളില്ലാതെയോ കിടക്കുന്ന ലാഭവിഹിതങ്ങളും (Dividends) ഓഹരികളും കമ്പനികൾ ഇൻവെസ്റ്റർ എജ്യുക്കേഷൻ ആൻഡ് പ്രൊട്ടക്ഷൻ ഫണ്ട് അതോറിറ്റിയിലേക്ക് (IEPFA) മാറ്റുന്നു. പാൻ (PAN), പേര് അല്ലെങ്കിൽ കമ്പനിയുടെ പേരും ഡിമാറ്റ് ഐഡി (Demat ID)/ഫോളിയോ നമ്പറും നൽകിക്കൊണ്ട് അവകാശികളില്ലാത്ത ലാഭവിഹിതങ്ങളോ ഓഹരികളോ നിക്ഷേപങ്ങളോ കണ്ടെത്താൻ IEPFA പോർട്ടൽ സൗകര്യമൊരുക്കുന്നു.
IEPFA-യിൽ ക്ലെയിം ഫയൽ ചെയ്യുന്നതിന് യാതൊരുവിധ നിരക്കുകളും ഈടാക്കുന്നില്ല. കൂടാതെ, ഈ ഫണ്ടിലേക്ക് മാറ്റിയ തുകകൾ ക്ലെയിം ചെയ്യുന്നതിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ല. യഥാർത്ഥ അവകാശിക്ക് തുക കൈമാറ്റം ചെയ്യപ്പെട്ടതിന് ശേഷം എപ്പോൾ വേണമെങ്കിലും റീഫണ്ടിനായി അപേക്ഷിക്കാവുന്നതാണ്.
താഴെ പറയുന്ന ലിങ്കിലൂടെ ഈ പോർട്ടൽ സന്ദർശിക്കാവുന്നതാണ്:
https://www.iepf.gov.in/content/iepf/global/master/Home/Home.html
ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന പ്രവർത്തനങ്ങൾ
“നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം” എന്ന സംരംഭം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും നേരിട്ടുള്ള ഇടപെടലുകളെയും സംയോജിപ്പിച്ചുകൊണ്ട് രാജ്യത്തുടനീളം വിപുലമായ പ്രചാരണം ഉറപ്പാക്കുന്നു.
2025 ഒക്ടോബറിൽ ആരംഭിച്ച ഈ പദ്ധതി, 2025 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തെ രാജ്യവ്യാപകമായ ഒരു തീവ്രയജ്ഞമായാണ് നടപ്പിലാക്കിയത്. ഇതിൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നു. അവബോധം ,ലഭ്യത, പ്രവർത്തനം എന്നീ മൂന്ന് ലക്ഷ്യങ്ങളിലൂന്നിയ (3A Framework) ഈ കാമ്പയിൻ, ലളിതവും സുതാര്യവുമായ നടപടിക്രമങ്ങളിലൂടെ പൗരന്മാർക്ക് അവരുടെ സമ്പാദ്യം വീണ്ടെടുക്കാൻ സഹായിക്കുന്നു.
2025 ഒക്ടോബർ മുതൽ ഡിസംബർ 19 വരെ രാജ്യത്തെ 668 ജില്ലകളിൽ പ്രത്യേക സഹായ ക്യാമ്പുകൾ (Facilitation camps) സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുടെ സജീവ പങ്കാളിത്തം പ്രാദേശിക തലത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ ഈ ക്യാമ്പുകൾ സഹായിച്ചു.
@ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റികളും സ്റ്റേറ്റ് ലെവൽ ഇൻഷുറൻസ് കമ്മിറ്റികളും ചേർന്ന് ലീഡ് ബാങ്കുകളുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും സഹകരണത്തോടെയാണ് ഈ ക്യാമ്പുകൾ നടത്തിയത്.
@ അവകാശികളില്ലാത്ത ആസ്തികൾ പരിശോധിക്കുന്നതിനും ക്ലെയിമുകൾ സമർപ്പിക്കുന്നതിനും പൗരന്മാരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്കുകളും ഡിജിറ്റൽ കിയോസ്കുകളും സജ്ജീകരിച്ചിരുന്നു.
@ സാമ്പത്തിക ഉൾപ്പെടുത്തൽ (Financial inclusion) പദ്ധതികളിൽ ചേരുന്നതിനും കെ.വൈ.സി (KYC) നടപടികൾ പൂർത്തിയാക്കുന്നതിനും പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. ഇത് ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയുമായുള്ള അവരുടെ ബന്ധത്തെ കൂടുതൽ ശക്തമാക്കി.
ജില്ലാതല ഫലങ്ങൾ
ദേശീയ തലത്തിലുള്ള ലക്ഷ്യങ്ങളെ പ്രാദേശിക തലത്തിൽ അളക്കാവുന്ന നേട്ടങ്ങളാക്കി മാറ്റാൻ ജില്ലാതലത്തിലുള്ള പ്രവർത്തനങ്ങളിലൂടെ സാധിച്ചു. സജീവമല്ലാത്തതും അവകാശികളില്ലാത്തതുമായ സാമ്പത്തിക അക്കൗണ്ടുകൾ തിരിച്ചറിയുകയും, അവ വീണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. പലയിടങ്ങളിലും ഇത്തരം ബോധവൽക്കരണ പരിപാടികൾക്കിടയിൽ തന്നെ തുകകൾ ഗുണഭോക്താക്കൾക്ക് ഉടൻ കൈമാറുന്നതിനും (On-the-spot settlements) സാധിച്ചു. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മറ്റ് സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയെല്ലാം ഒരേ പ്ലാറ്റ്‌ഫോമിൽ അണിനിരന്നത് സേവനങ്ങൾ ഏകോപിപ്പിക്കാനും, ജനങ്ങളുമായുള്ള ആശയവിനിമയം ലളിതമാക്കാനും, നടപടിക്രമങ്ങളിലെ കാലതാമസം കുറയ്ക്കാനും സഹായിച്ചു.
കൈവരിച്ച പുരോഗതി
സർക്കാർ വകുപ്പുകൾ, റെഗുലേറ്റർമാർ, സാമ്പത്തിക സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത ശ്രമങ്ങൾ ക്യാമ്പയിൻ കാലയളവിൽ മികച്ച ഫലങ്ങൾ നൽകി. ഏകദേശം ₹2,000 കോടി രൂപയാണ് അതിന്റെ യഥാർത്ഥ ഉടമകൾക്ക് തിരികെ നൽകിയത്. ദീർഘകാലമായി അവകാശികളില്ലാതെ കിടന്നിരുന്ന ഈ സാമ്പത്തിക ആസ്തികൾ തിരികെ ലഭിച്ചത് ഒട്ടനവധി കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി.
സാമ്പത്തികമായ വീണ്ടെടുക്കലിന് പുറമെ, നോമിനേഷൻ (നിക്ഷേപകർ മരണപ്പെട്ടാൽ തുക ലഭിക്കേണ്ട വ്യക്തിയെ നിശ്ചയിക്കൽ), രേഖകൾ സൂക്ഷിക്കൽ എന്നിവയെക്കുറിച്ച് ജനങ്ങളിൽ വലിയ തോതിലുള്ള അവബോധം സൃഷ്ടിക്കാൻ ഈ സംരംഭത്തിന് സാധിച്ചു. ഇത് ഓരോ കുടുംബങ്ങളെയും അവരുടെ സാമ്പത്തിക ആസൂത്രണം കൂടുതൽ ഫലപ്രദമാക്കാൻ സഹായിച്ചു.

ഉപസംഹാരം
"आपकी पूंजी, आपका अधिकार – നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം" എന്നത് വ്യക്തികളെയും കുടുംബങ്ങളെയും അവർക്ക് നിയമപരമായി അവകാശപ്പെട്ട സാമ്പത്തിക ആസ്തികളുമായി വീണ്ടും ബന്ധിപ്പിക്കുന്ന, ജനസൗഹൃദപരമായ ഒരു സവിശേഷ സംരംഭമാണ്. അവബോധം, ലളിതമായ പ്രാപ്യത , ഏകോപിതമായ സഹായ സംവിധാനങ്ങൾ എന്നിവ സമന്വയിപ്പിക്കുന്നതിലൂടെ, ഈ പദ്ധതി സാമ്പത്തിക വ്യവസ്ഥയിലെ ദീർഘകാലമായുള്ള ഒരു വിടവ് നികത്തുകയും അവകാശികളില്ലാത്ത സമ്പാദ്യങ്ങൾ തിരിച്ചറിഞ്ഞ് യഥാർത്ഥ ഉടമകൾക്ക് തിരികെ ലഭിക്കുന്നു എന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
വിശാലമായ അർത്ഥത്തിൽ, ഈ സംരംഭം സാമ്പത്തിക സ്ഥാപനങ്ങളിലുള്ള വിശ്വാസം വർദ്ധിപ്പിക്കുകയും, സാമ്പത്തിക ഉൾപ്പെടുത്തൽ (Financial Inclusion) ശക്തിപ്പെടുത്തുകയും, ഉത്തരവാദിത്തമുള്ള സാമ്പത്തിക ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വ്യക്തിഗത സമ്പാദ്യങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്നും, സംരക്ഷിക്കപ്പെടുന്നുണ്ടെന്നും, കൈമാറാൻ കഴിയുന്നതാണെന്നും ഉറപ്പാക്കുന്നതിലൂടെ, കൂടുതൽ സുതാര്യവും ജനപക്ഷത്തു നിൽക്കുന്നതുമായ ഒരു സാമ്പത്തിക വ്യവസ്ഥിതി കെട്ടിപ്പടുക്കാൻ ഈ പദ്ധതി സഹായിക്കുന്നു.
PIB റിസർച്ച്
അവലംബം:
Ministry of Finance
https://financialservices.gov.in/beta/sites/default/files/2025-10/LIC-Booklet-Design-for-Finance-Ministry_SEPT-2025_ENG-07-10-25.pdf
https://www.pib.gov.in/PressReleasePage.aspx?PRID=2180477®=3&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2200982®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2180029®=3&lang=2
DD News
https://ddnews.gov.in/en/pm-modi-urges-citizens-to-join-your-money-your-right-movement/
Link for video:
https://www.youtube.com/watch?v=c1CdZ2LnwII
Click here to see pdf
***
SK
(Explainer ID: 156937)
आगंतुक पटल : 50
Provide suggestions / comments