• Skip to Content
  • Sitemap
  • Advance Search
Social Welfare

ദേശീയ യുവജന ദിനം 2026

Posted On: 11 JAN 2026 4:20PM

 

പ്രധാന വസ്തുതകൾ

  • വലിയ തോതിലുള്ള യുവജന പങ്കാളിത്തം: മൈ ഭാരത്, NSS തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വിവിധ ജില്ലകളിലും സ്ഥാപനങ്ങളിലും യുവാക്കൾക്ക് സന്നദ്ധസേവനം, നേതൃത്വം, രാഷ്ട്രനിർമ്മാണം എന്നിവയിൽ പങ്കാളികളാകാൻ അവസരമൊരുക്കുന്നു.
  • വിദ്യാഭ്യാസത്തിൽ നിന്ന് തൊഴിലിലേക്കുള്ള വഴി: സ്കിൽ ഇന്ത്യ, PMKVY, PM-സേതു, അഗ്നിപഥ്, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പ്രധാന പദ്ധതികൾ നൈപുണ്യ വികസനത്തിൽ നിന്ന് ജോലിയിലേക്കും സംരംഭകത്വത്തിലേക്കുമുള്ള വഴികൾ ശക്തമാക്കുന്നു.
  • ആരോഗ്യത്തിലും ക്ഷേമത്തിലുമുള്ള ഊന്നൽ: ഫിറ്റ് ഇന്ത്യ, RKSK, കാശി പ്രഖ്യാപനം എന്നിവ യുവാക്കളുടെ ശാരീരികക്ഷമത, മാനസികാരോഗ്യം, ലഹരിമുക്ത ജീവിതം എന്നിവയ്ക്കായുള്ള സമഗ്ര സമീപനത്തെ അടിവരയിടുന്നു.

 

"യുവത്വത്തിന്റെ ശക്തിയാണ് ലോകത്തിന്റെ പൊതുസ്വത്ത്" - സ്വാമി വിവേകാനന്ദൻ

 

ആമുഖം

സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12-ന് എല്ലാ വർഷവും ദേശീയ യുവജന ദിനമായി ആചരിക്കുന്നു. സ്വഭാവശുദ്ധി, ധീരത, രാഷ്ട്രനിർമ്മാണം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്ത്യൻ യുവതലമുറകളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഒരു അനുസ്മരണ ദിനം എന്നതിലുപരി, 2047-ഓടെ വികസിത ഭാരതം ന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന്റെ നട്ടെല്ലായി വർത്തിക്കുന്ന ഇന്ത്യയിലെ യുവാക്കളുടെ അഭിലാഷങ്ങൾ, ഊർജ്ജം, ഉത്തരവാദിത്തങ്ങൾ എന്നിവയെക്കുറിച്ച് ചിന്തിക്കാനുള്ള നിമിഷമാണ് ദേശീയ യുവജന ദിനം.

ഇന്ത്യയിലെ ജനസംഖ്യയുടെ 65 ശതമാനത്തിലധികം 35 വയസ്സിന് താഴെയുള്ളവരായതിനാൽ, യുവജന വിഭവശേഷിക്ക് വലിയ സാധ്യതകളുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ട് പൗരപങ്കാളിത്തം, നൈപുണ്യ വികസനം, സംരംഭകത്വം, ആരോഗ്യം, കായികം, ദേശീയ സേവനം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു യുവജന ശാക്തീകരണ ആവാസവ്യവസ്ഥയ്ക്ക് ഇന്ത്യാ ഗവൺമെന്റ് രൂപം നൽകിയിട്ടുണ്ട്.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നേതൃത്വത്തിലും വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെയും പ്രവർത്തിക്കുന്ന ചട്ടക്കൂട്, യുവ ഇന്ത്യക്കാരെ വികസനത്തിന്റെ ഗുണഭോക്താക്കൾ മാത്രമല്ല, രാഷ്ട്രനിർമ്മാണത്തിലെ സജീവ പങ്കാളികളാക്കി മാറ്റാനും ലക്ഷ്യമിടുന്നു.

യുവജന ഇടപെടലും നേതൃത്വവും പൗര പങ്കാളിത്തവും

നേതൃത്വം, പൗര പങ്കാളിത്തം, വികസന അവസരങ്ങൾ എന്നിവയിൽ യുവാക്കളെ ഉൾപ്പെടുത്തിക്കൊണ്ട് നിരവധി സംരംഭങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും യുവജന ശാക്തീകരണം നടപ്പിലാക്കുന്നു:

മേരാ യുവ ഭാരത് (MY Bharat)

ഇന്ത്യാ ഗവൺമെന്റിന്റെ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് മേരാ യുവ ഭാരത്. സന്നദ്ധസേവനം, പ്രായോഗിക പഠനം, നേതൃത്വം, നൈപുണ്യ വികസനം എന്നിവയ്ക്കുള്ള അവസരങ്ങളുമായി യുവാക്കളെ ബന്ധിപ്പിക്കുന്നതിലൂടെ അവരെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള, സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഒരു ദേശീയ പ്ലാറ്റ്ഫോമാണിത്. ഗവൺമെന്റ് മന്ത്രാലയങ്ങൾ, സ്ഥാപനങ്ങൾ, സ്വകാര്യ സംഘടനകൾ, പൗരസമൂഹം എന്നിവയെ ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനത്തിൽ 'മൈ ഭാരത്' ഒന്നിപ്പിക്കുന്നു. "യുവ ശക്തി സേ ജൻ ഭാഗിദാരി" എന്ന മനോഭാവത്തിൽ ഊന്നിനിൽക്കുന്ന പ്ലാറ്റ്ഫോം, യുവ പൗരന്മാരെ രാഷ്ട്രനിർമ്മാണത്തിലും വികസിത ഭാരതം@2047 എന്ന കാഴ്ചപ്പാടിലും സജീവ പങ്കാളികളായി പ്രതിഷ്ഠിക്കുന്നു.

2023 ഒക്ടോബർ 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്ലാറ്റ്ഫോം ഔദ്യോഗികമായി അവതരിപ്പിച്ചു. യുവ പൗരന്മാരെ സന്നദ്ധസേവനം, നൈപുണ്യ വികസനം, നേതൃത്വം എന്നിവയ്ക്കുള്ള അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത ഡിജിറ്റൽ കവാടമായി 'മൈ ഭാരത്' പോർട്ടൽ പ്രവർത്തിക്കുന്നു. സുഗമമായ രജിസ്ട്രേഷൻ, ഡിജിറ്റൽ ഐഡികൾ, അവസരങ്ങൾ കണ്ടെത്തൽ, തത്സമയ ഇംപാക്ട് ഡാഷ്ബോർഡുകൾ എന്നിവ ഇത് സാധ്യമാക്കുന്നു. 2025 നവംബർ 26 വരെയുള്ള കണക്കനുസരിച്ച് മൈ ഭാരത് പോർട്ടലിലെ ആകെ രജിസ്ട്രേഷനുകളുടെ എണ്ണം 2.05 കോടിയാണ്.

14.5 ലക്ഷത്തിലധികം സന്നദ്ധസേവന അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട്, 16,000-ത്തിലധികം യൂത്ത് ക്ലബ് അംഗങ്ങളുടെയുംഗവൺമെന്റ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻജിഒകൾ എന്നിവയുൾപ്പെടെ 60,000-ത്തിലധികം പങ്കാളിത്ത സ്ഥാപനങ്ങളുടെയും വിശാലമായ ശൃംഖലയെ 'മൈ ഭാരത്' ഇപ്പോൾ ബന്ധിപ്പിക്കുന്നു. റിലയൻസ് പോലുള്ള പ്രമുഖ കോർപ്പറേറ്റ് പങ്കാളികളുമായുള്ള സഹകരണം ഇതിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. പങ്കാളിത്തങ്ങൾ യുവാക്കളുടെ ഊർജ്ജത്തെ പൗര-സാമൂഹിക വികസനത്തിലേക്ക് നയിക്കുന്ന ഫലപ്രദമായ പരിപാടികളും ബൂട്ട്ക്യാമ്പുകളും വാഗ്ദാനം ചെയ്യുന്നു.

എക്സ്പീരിയൻഷ്യൽ ലേണിംഗ് പ്രോഗ്രാമുകൾ (ELP) പോലുള്ള വിവിധ പങ്കാളിത്ത സംരംഭങ്ങ പ്ലാറ്റ്ഫോം പതിവായി സംഘടിപ്പിക്കുന്നു. വിവിധ മന്ത്രാലയങ്ങൾ, സംഘടനകൾ, വ്യവസായങ്ങൾ, യൂത്ത് ക്ലബ്ബുകൾ, മറ്റ് പങ്കാളികൾ എന്നിവർക്കായി സമപ്പിത വെബ് സ്പേസും ഇത് നൽകുന്നു. സന്നദ്ധസേവന പരിപാടികൾ, ശേഷിവികസന പ്രവർത്തനങ്ങൾ, യുവജന പങ്കാളിത്ത സംരംഭങ്ങൾ എന്നിവ നടത്തുന്നതിന് ഇടം ഉപയോഗിക്കാം.

സന്നദ്ധസേവനം, നൈപുണ്യ വികസനം, യുവ നേതൃത്വം, രാഷ്ട്രനിർമ്മാണ അവസരങ്ങൾ എന്നിവയിലേക്കുള്ള നിങ്ങളുടെ കവാടമായ മൈ ഭാരതിൽ രജിസ്റ്റർ ചെയ്യുന്നതിനായി ഇപ്പോൾ സ്കാൻ ചെയ്യൂ!

മൈ ഭാരത് മൊബൈൽ ആപ്പ് (2025 ഒക്ടോബറിൽ ആരംഭിച്ചു)

യുവജന പങ്കാളിത്തം മൊബൈൽ അധിഷ്ഠിതവും കൂടുതൽ പ്രാപ്യവുമാക്കുന്നതിനായി 2025 ഒക്ടോബർ 1-ന് 'മൈ ഭാരത്' മൊബൈൽ ആപ്പ് പുറത്തിറക്കി. പോർട്ടലിന്റെ പ്രധാന പ്രവർത്തനങ്ങളെ കൂടുതൽ സൗകര്യത്തോടും വിപുലമായ രീതിയിലും ആപ്പ് ഒരുമിച്ച് കൊണ്ടുവരുന്നു. ഇതിൽ ബഹുഭാഷാ പിന്തുണ, AI അധിഷ്ഠിത ചാറ്റ്ബോട്ടുകൾ, വോയ്സ് അസിസ്റ്റ് നാവിഗേഷൻ, സ്മാർട്ട് CV ബിൽഡർ ടൂളുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് യുവ പൗരന്മാർക്ക് യാത്രയിലായിരിക്കുമ്പോൾ തന്നെ അവസരങ്ങൾ കണ്ടെത്താനും സാക്ഷ്യപ്പെടുത്തിയ ഡിജിറ്റൽ പ്രൊഫൈലുകൾ നിർമ്മിക്കാനും സഹായകമാകുന്നു. ആപ്പ് പുറത്തിറക്കുന്ന സമയത്ത് 1.81 കോടിയിലധികം യുവാക്കളും 1.20 ലക്ഷം സംഘടനകളും പ്ലാറ്റ്ഫോമിൽ ഇതിനകം രജിസ്റ്റർ ചെയ്തിരുന്നു. ഓരോ പങ്കാളിയുടെയും ദേശീയ-സാമൂഹിക പദ്ധതികളിലെ സംഭാവനകൾ പ്രതിഫലിപ്പിക്കുന്ന ഡിജിറ്റൽ സർട്ടിഫിക്കറ്റുകളും എൻഗേജ്മെന്റ് ബാഡ്ജുകളും ആപ്പ് നൽകുന്നു.

മൈ ഭാരത് 2.0

ഇന്ത്യൻ യുവാക്കളുടെ ഡിജിറ്റൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി മൈ ഭാരത് 2.0 പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന്, 2025 ജൂൺ 30-ന് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം (MYAS), ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ (DIC), കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവയുമായി ധാരണാപത്രം (MoU) ഒപ്പുവെച്ചു.

പരിഷ്കരിച്ച പ്ലാറ്റ്ഫോം രാജ്യത്തുടനീളമുള്ള യുവാക്കളെ ശാക്തീകരിക്കുന്നതിനും അവരെ പരസ്പരം ബന്ധിപ്പിക്കുന്നതിനും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ നൽകാനും സഹായിക്കും.

  • അമൃത്-പീഥിയെ ശാക്തീകരിക്കാനും 2047-ഓടെ വികസിത ഭാരതം എന്ന കാഴ്ചപ്പാട് നടപ്പിലാക്കാനും മൈ ഭാരത് 2.0 ലക്ഷ്യമിടുന്നു.
  • സ്മാർട്ട് സിവി ബിൽഡർ, AI ചാറ്റ്ബോട്ടുകൾ, വോയ്സ് അസിസ്റ്റഡ് നാവിഗേഷൻ എന്നിവ യുവാക്കൾക്ക് ലഭ്യമാക്കാൻ ഇത് ലക്ഷ്യമിടുന്നു.
  • നാഷണൽ കരിയർ സർവീസസ്, മെന്റർഷിപ്പ് ഹബ്, ഫിറ്റ് ഇന്ത്യ എന്നിവയ്ക്കായി പ്രത്യേക വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു പ്രധാന സഹകരണം 2025 ഓഗസ്റ്റ് 13-ന് 'സ്കൂൾ ഓഫ് അൾട്ടിമേറ്റ് ലീഡർഷിപ്പ് ഫൗണ്ടേഷനുമായി' (SOUL) ഔദ്യോഗികമായി ഒപ്പുവച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ഒരു ലക്ഷം യുവനേതാക്കളെ പരിശീലിപ്പിക്കാനാണ് സഹകരണം ലക്ഷ്യമിടുന്നത്.

നാഷണൽ സർവീസ് സ്കീം (NSS)

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള ഒരു പദ്ധതിയാണ് നാഷണൽ സർവീസ് സ്കീം. സാമൂഹിക സേവനത്തിലൂടെ യുവാക്കളുടെ വ്യക്തിത്വ വികസനം സാധ്യമാക്കുന്നതിനൊപ്പം വിദ്യാർത്ഥി യുവാക്കളിൽ സാമൂഹിക അവബോധം വളർത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 1969- 37 സർവ്വകലാശാലകളിലായി ഏകദേശം 40,000 വോളണ്ടിയർമാരുമായി ആരംഭിച്ച എൻഎസ്എസ്, ഇന്ന് 657 സർവ്വകലാശാലകളിലേക്കും 51 പ്ലസ് ടു കൗൺസിലുകളിലേക്കും വ്യാപിച്ചു കിടക്കുന്നു. 20,669 കോളേജുകൾ/സാങ്കേതിക സ്ഥാപനങ്ങൾ, 11,988 സീനിയർ സെക്കൻഡറി സ്കൂളുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ താഴെ പറയുന്ന പരിപാടികൾ ഉൾപ്പെടുന്നു:

  • നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് (NIC)
  • അഡ്വഞ്ചർ പ്രോഗ്രാം
  • റിപ്പബ്ലിക് ദിന പരേഡ് ക്യാമ്പ്
  • നാഷണൽ യൂത്ത് ഫെസ്റ്റിവൽസ് (വർഷം തോറും ജനുവരി 12-16 വരെ)
  • നാഷണൽ സർവീസ് സ്കീം അവാർഡുകൾ

പ്രതിവർഷം 3.9 ദശലക്ഷത്തിലധികം എൻഎസ്എസ് വോളണ്ടിയർമാർ സാമൂഹിക സേവനം, സാമൂഹിക അവബോധ പരിപാടികൾ, വികസന പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുന്നു. കൂടാതെ, സാമൂഹിക സേവനത്തിലൂടെ സാംസ്കാരിക വൈവിധ്യം, ദേശസ്നേഹം, ദേശീയ ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി എൻഎസ്എസ് ഓരോ വർഷവും ഓരോ ക്യാമ്പിലും തിരഞ്ഞെടുത്ത 200 വോളണ്ടിയർമാർക്കായി നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പുകൾ (NIC) സംഘടിപ്പിക്കുന്നു.

വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് (VBYLD)

ദേശീയ യുവജനോത്സവത്തിൽ നിന്ന് പുനർരൂപകൽപ്പന ചെയ്ത ഒന്നാണ് വികസിത ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് (VBYLD). യുവാക്കളുടെ ആശയങ്ങൾക്കും പരിഹാരങ്ങൾക്കുമായുള്ള ഒരു ദേശീയ പ്ലാറ്റ്ഫോമാണിത്. ഇതിന്റെ രണ്ടാം പതിപ്പ് 2026 ജനുവരി 9 മുതൽ 12 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. വികസിത ഭാരത് ചലഞ്ച് ട്രാക്കിൽ നിന്നുള്ള 1,500 യുവാക്കൾ, കൾച്ചറൽ ആൻഡ് ഡിസൈൻ ട്രാക്കിൽ നിന്നുള്ള 1,000 പേർ, 100 അന്താരാഷ്ട്ര പ്രതിനിധികൾ, 400 പ്രത്യേക അതിഥികൾ എന്നിവരുൾപ്പെടെ ഏകദേശം 3,000 പേർ ഇതിൽ പങ്കെടുക്കും. നാല് ഘട്ടങ്ങളുള്ള വികസിത ഭാരത് ചലഞ്ച് ട്രാക്കിലാണ് ചർച്ചകൾ അധിഷ്ഠിതമായിരിക്കുന്നത്. മൈ ഭാരത്, മൈ ഗവ് (MyGov) എന്നിവയിൽ നടന്ന രാജ്യവ്യാപകമായ ഡിജിറ്റൽ ക്വിസ്സിൽ 50.42 ലക്ഷത്തിലധികം യുവാക്കൾ പങ്കെടുത്തു. ദേശീയ യുവജന ദിനത്തിൽ പത്ത് ദേശീയ മുൻഗണനാ വിഷയങ്ങളിലുള്ള തങ്ങളുടെ ആശയങ്ങൾ യുവനേതാക്കൾ രാജ്യത്തിന്റെ നേതൃത്വത്തിന് മുന്നിൽ അവതരിപ്പിക്കുന്നതോടെ പരിപാടി സമാപിക്കും.

അഗ്നിപഥ് പദ്ധതി

2022 ജൂൺ 15-നാണ് ഗവൺമെന്റ് അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. പദ്ധതി പ്രകാരം, പുരുഷന്മാർക്കും സ്ത്രീകൾക്കും മൂന്ന് സേനകളിലെയും 'ഓഫീസർ റാങ്കിന് താഴെയുള്ള' കേഡറിലേക്ക് നാല് വർഷത്തേക്ക് 'അഗ്നിവീർ' ആയി നിയമനം ലഭിക്കുന്നു. 17.5 മുതൽ 21 വയസ്സ് വരെയുള്ള യുവാക്കളെ നാല് വർഷത്തെ സൈനിക സേവനത്തിനായി അഗ്നിവീർ ആയി നിയമിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 46,000 പേരടങ്ങുന്ന ആദ്യ ബാച്ച് 2023- പരിശീലനം പൂർത്തിയാക്കി. അച്ചടക്കം, നേതൃപാടവം, സാങ്കേതിക വൈദഗ്ധ്യം എന്നിവയ്ക്കൊപ്പം അവർക്ക് സേവാ നിധി പാക്കേജും സേവനാനന്തര തൊഴിലവസരങ്ങളിൽ മുൻഗണനയും ലഭിച്ചു. 2025 ഫെബ്രുവരി വരെ ഏകദേശം 1.5 ലക്ഷം അഗ്നിവീർമാരെ പദ്ധതി പ്രകാരം എൻറോൾ ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി സ്കില്ലിങ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫോർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐടിഐയീസ് (PM-SETU)

2025 ഒക്ടോബറിൽ ഗവൺമെന്റ് പി.എം - സേതു ആരംഭിച്ചു. ഇന്ത്യയിലെ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ (ITI) ശൃംഖലയെ ആധുനികവൽക്കരിക്കാനും തൊഴിലധിഷ്ഠിത പരിശീലനത്തെ ആഗോള വ്യവസായ നിലവാരത്തിലേക്ക് ഉയർത്താനുമുള്ള ഒരു പ്രധാന കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്. 60,000 കോടി രൂപയുടെ നിക്ഷേപത്തോടെ, 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും അടങ്ങുന്ന ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിലൂടെ രാജ്യത്തെ 1,000 ഗവൺമെന്റ് ഐടിഐകളെ നവീകരിക്കാൻ PM-SETU ലക്ഷ്യമിടുന്നു. ഓരോ ഹബ് ഐടിഐയും ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ ലേണിംഗ് സിസ്റ്റങ്ങൾ, ഇൻകുബേഷൻ സൗകര്യങ്ങൾ, പ്ലേസ്മെന്റ് സെല്ലുകൾ, ട്രെയിനർമാർക്കുള്ള പരിശീലന സൗകര്യങ്ങൾ എന്നിവയുള്ള വിപുലമായ നൈപുണ്യ-നവീന കേന്ദ്രങ്ങളായി വികസിപ്പിക്കുന്നു. സ്പോക്ക് ഐടിഐകൾ ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് ചെറിയ പട്ടണങ്ങളിലേക്കും പിന്നോക്ക ജില്ലകളിലേക്കും ഇതിന്റെ സേവനം വ്യാപിപ്പിക്കുന്നു. പദ്ധതി "ഗവൺമെന്റ് ഉടമസ്ഥതയിലുള്ളതും വ്യവസായം നിയന്ത്രിക്കുന്നതുമായ" മാതൃകയാണ് സ്വീകരിക്കുന്നത്. ഇതിൽ ആങ്കർ ഇൻഡസ്ട്രി പാർട്ണേഴ്സ് കോഴ്സുകളും പരിശീലനങ്ങളും തൊഴിൽ വിപണിയിലെ ഡിമാൻഡിന് അനുസൃതമാണെന്ന് ഉറപ്പാക്കുന്നു. പരിശീലനത്തെ ആധുനിക തൊഴിൽ വിപണിക്ക് അനുയോജ്യമാക്കുന്നതിലൂടെ ഐടിഐ സംവിധാനത്തിലെ നിലവിലുള്ള വിടവുകൾ നികത്തുന്നതിനായി 2025 ഒക്ടോബർ 4-ന് പ്രധാനമന്ത്രി PM-SETU ഉദ്ഘാടനം ചെയ്തു. 34 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ജവഹർ നവോദയ വിദ്യാലയങ്ങളിലും ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും 1,200 വൊക്കേഷണൽ സ്കിൽ ലാബുകൾ ഉദ്ഘാടനം ചെയ്തത് ഉൾപ്പെടെ 62,000 കോടിയിലധികം രൂപയുടെ യുവജന കേന്ദ്രീകൃത പദ്ധതികളുടെ ഭാഗമായിരുന്നു ഇത്.

ലാബുകൾ ഉൾനാടൻ-ഗോത്ര മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഐടി, ഓട്ടോമോട്ടീവ്, കൃഷി, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, ടൂറിസം തുടങ്ങി ഉയർന്ന ഡിമാൻഡുള്ള 12 മേഖലകളിൽ പ്രായോഗിക പരിശീലനം നൽകും.

ദേശീയ വിദ്യാഭ്യാസ നയം 2020-നും സിബിഎസ്ഇ കരിക്കുലത്തിനും അനുസൃതമായി, തൊഴിൽ നൈപുണ്യത്തിന്റെ ആദ്യകാല അടിത്തറ പാകുന്നതിനായി 1,200 തൊഴിലധിഷ്ഠിത അധ്യാപകർക്ക് പരിശീലനം നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്.

വിദ്യാഭ്യാസവും നൈപുണ്യ വികസനവും

ചിട്ടയായ പരിശീലനം, സർട്ടിഫിക്കേഷൻ, വ്യവസായ പങ്കാളിത്തം എന്നിവയിലൂടെ നൈപുണ്യ വിടവ് നികത്തുന്നതിനും യുവാക്കളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനും ഇന്ത്യാ ഗവൺമെന്റ് സമഗ്രമായ പരിപാടികൾ നടപ്പിലാക്കിയിട്ടുണ്ട്.

2014 മുതൽ കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം വിവിധ പദ്ധതികളിലൂടെ 6 കോടിയിലധികം ഇന്ത്യക്കാരെ അവരുടെയും രാജ്യത്തിന്റെയും ശോഭനമായ ഭാവി കെട്ടിപ്പടുക്കാൻ ശാക്തീകരിച്ചു.

വിവിധ പരിപാടികളിലൂടെ യുവാക്കൾക്ക് വശ്യമായ വ്യവസായ സംബന്ധിയായ നൈപുണ്യങ്ങൾ നൽകുന്ന ഇന്ത്യയുടെ സ്കിൽ ഇന്ത്യ മിഷനാണ് (SIM)   പരിവർത്തനത്തിന്റെ കാതൽ.

സ്കിൽ ഇന്ത്യ മിഷൻ

ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് 2015 ജൂലൈ 15-നാണ് പ്രധാനമന്ത്രി സ്കിൽ ഇന്ത്യ മിഷൻ (SIM) ഉദ്ഘാടനം ചെയ്തത്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY), ജൻ ശിക്ഷൺ സൻസ്ഥാൻ (JSS), നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (NAPS), ഐടിഐകളിലെ ക്രാഫ്റ്റ്സ്മാൻ ട്രെയിനിംഗ് സ്കീം (CTS) എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ നൈപുണ്യ പരിശീലനവും പുനർപരിശീലനവും ക്യാമ്പയ്ൻ നൽകുന്നു.

2025 ഫെബ്രുവരിയിൽ, പുനർരൂപകൽപ്പന ചെയ്ത 'സ്കിൽ ഇന്ത്യ പ്രോഗ്രാം' 2022-23 മുതൽ 2025-26 വരെയുള്ള കാലയളവിലേക്ക് 8,800 കോടി രൂപയുടെ അടങ്കലോടെ അംഗീകരിച്ചു.

ഇത് പ്രധാനമന്ത്രി കൗശൽ വികാസ് യോജന 4.0 (PMKVY 4.0), പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (PM-NAPS), ജൻ ശിക്ഷൺ സൻസ്ഥാൻ (JSS) പദ്ധതി എന്നിവയെ ഒരൊറ്റ കേന്ദ്ര പദ്ധതിയിലേക്ക് ലയിപ്പിച്ചു.

പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY)

2015 ജൂലൈ 15-ന് ആരംഭിച്ച പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY), ഇന്ത്യയിലുടനീളമുള്ള യുവാക്കൾക്ക് ഹ്രസ്വകാല നൈപുണ്യ പരിശീലനം, നൈപുണ്യ വികസനം അല്ലെങ്കിൽ പുനർ നൈപുണ്യ പരിശീലനം എന്നിവ നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. രാജ്യത്തെ ഹ്രസ്വകാല നൈപുണ്യ വികസന ആവാസവ്യവസ്ഥയുടെ നട്ടെല്ലായി ഇത് പ്രവർത്തിക്കുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള യുവാക്കളെ ഗുണനിലവാരമുള്ള പരിശീലനത്തിലൂടെയും സർട്ടിഫിക്കേഷനിലൂടെയും വ്യവസായത്തിന് അനുയോജ്യമായ നൈപുണ്യം നൽകി സജ്ജരാക്കുന്നതിൽ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിർമ്മാണം, ആരോഗ്യപരിരക്ഷ, വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, റീട്ടെയിൽ തുടങ്ങി വിപുലമായ മേഖലകളെ PMKVY വർഷങ്ങളായി ഉൾക്കൊള്ളുന്നു. ഗ്രാമപ്രദേശങ്ങളിലേക്കും ഉൾനാടൻ പ്രദേശങ്ങളിലേക്കും സർട്ടിഫൈഡ് പരിശീലനം വ്യാപിപ്പിക്കുന്നതിലൂടെ, തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ PMKVY-ക്ക് കഴിഞ്ഞു. ഗുണഭോക്താക്കളിൽ 45% സ്ത്രീകളാണെന്നതും പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുടെ വലിയ പങ്കാളിത്തവും പദ്ധതിയുടെ പ്രത്യേകതയാണ്. ഭാവി സമ്പദ്വ്യവസ്ഥയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റോബോട്ടിക്സ്, മെക്കാട്രോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡ്രോൺ സാങ്കേതികവിദ്യ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (IoT) തുടങ്ങിയ അത്യാധുനിക വ്യവസായങ്ങളെ കൂടി ഉൾപ്പെടുത്തി PMKVY വികസിച്ചിരിക്കുന്നു.

കുറിപ്പ്: പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY) ആരംഭിച്ചത് മുതൽ 2025 ഒക്ടോബർ 31 വരെ എൻറോൾ ചെയ്ത ആകെ ഉദ്യോഗാർത്ഥികളുടെ എണ്ണം 1,76,11,055 ആണ്, ഇതേ കാലയളവിൽ പരിശീലനം ലഭിച്ച ഉദ്യോഗാർത്ഥികളുടെ എണ്ണം 1,64,33,033 ആണ്.

 

  • PMKVY 1.0: 2015-16 കാലയളവിലെ പരീക്ഷണ ഘട്ടത്തിൽ 19.85 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി.
  • PMKVY 2.0: 1.10 കോടി ഉദ്യോഗാർത്ഥികൾക്ക് പരിശീലനം/ഓറിയന്റേഷൻ നൽകി.
  • PMKVY 3.0: രണ്ട് പ്രത്യേക പരിപാടികൾ ആരംഭിച്ചു:

കോവിഡ്-19 മഹാമാരിയുടെ ആഘാതം ലഘൂകരിക്കുന്നതിനായി കോവിഡ് വാരിയേഴ്സിനായുള്ള കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്സ് പ്രോഗ്രാം (CCCP ഫോർ CW).

 

ദേശീയ വിദ്യാഭ്യാസ നയം 2020 (NEP 2020) വിഭാവനം ചെയ്തതുപോലെ വൊക്കേഷണൽ വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസവുമായി സംയോജിപ്പിക്കുന്നതിനും മുഖ്യധാരയിൽ എത്തിക്കുന്നതിനുമായി സ്കിൽ ഹബ് ഇനിഷ്യേറ്റീവ് (SHI). PMKVY 3.0 പ്രകാരം 7.37 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി, ഇതിൽ CCCP-CW പ്രകാരം 1.20 ലക്ഷം ഉദ്യോഗാർത്ഥികളും SHI പ്രകാരം 1.8 ലക്ഷം പേരും ഉൾപ്പെടുന്നു.

  • PMKVY 4.0: 2022-23 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കുന്ന PMKVY 4.0 പ്രകാരം, ഊന്നൽ പ്ലേസ്മെന്റ് ട്രാക്കിംഗിൽ നിന്ന് ഓൺ-ജോബ് ട്രെയിനിംഗ് (OJT) ഉൾച്ചേർത്ത വ്യവസായ സംബന്ധിയായ നൈപുണ്യ കോഴ്സുകളിലേക്ക് മാറി. ഇത് ഉദ്യോഗാർത്ഥികളെ വിവിധ കരിയർ പാതകൾ പിന്തുടരാൻ പ്രാപ്തരാക്കുന്നു. 2022-23 മുതൽ 2024-25 സാമ്പത്തിക വർഷം വരെ 28.9 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി PMKVY പ്രകാരം പരിശീലനം നൽകി. PMKVY 4.0-ന് കീഴിൽ, സ്ത്രീകൾ, ഭിന്നശേഷിക്കാർ (PWD), പ്രത്യേക പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ എന്നിവരടങ്ങുന്ന പ്രത്യേക വിഭാഗങ്ങൾക്ക് താമസത്തിനും ഭക്ഷണത്തിനും യാത്രയ്ക്കും പിന്തുണ നൽകുന്നു.

ജൻ ശിക്ഷൺ സൻസ്ഥാൻ (JSS)

ആദ്യം 1967- ശ്രമിക് വിദ്യാപീഠ് (SVP) എന്ന പേരിൽ ആരംഭിച്ച ജൻ ശിക്ഷൺ സൻസ്ഥാൻ (JSS) പദ്ധതി, അനൗപചാരികമായ രീതിയിൽ നൈപുണ്യ പരിശീലനം നൽകാൻ ലക്ഷ്യമിടുന്നു. ഇന്ത്യാ ഗവൺമെന്റിൽ നിന്നുള്ള 100% ഗ്രാന്റോടെ രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ (NGO) വഴി ഗുണഭോക്താവിന്റെ വീട്ടുപടിക്കൽ പരിശീലനം നൽകുന്നു.

ഇത് 15-45 വയസ്സ് പ്രായമുള്ള നിരക്ഷരർക്കും നവസാക്ഷരർക്കും സ്കൂൾ ഡ്രോപ്പ് ഔട്ടുകൾക്കും (12-ാം ക്ലാസ് വരെ) തൊഴിലധിഷ്ഠിത നൈപുണ്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഗ്രാമീണ മേഖലകളിലും താഴ്ന്ന വരുമാനമുള്ള നഗരപ്രദേശങ്ങളിലുമുള്ള സ്ത്രീകൾ, എസ്സി (SC), എസ്ടി (ST), ഒബിസി (OBC), ന്യൂനപക്ഷങ്ങൾ എന്നിവരിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2018 മുതൽ 2025 ഒക്ടോബർ 31 വരെ രാജ്യത്തുടനീളം 32,53,965 ഗുണഭോക്താക്കൾക്ക് ജെഎസ്എസ് പദ്ധതി പ്രകാരം പരിശീലനം നൽകി. നിലവിൽ 26 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 289 ജെഎസ്എസുകൾ പ്രവർത്തിക്കുന്നു. ഗുണഭോക്താക്കളുടെ വാർഷിക കവറേജ് ഏകദേശം 5 ലക്ഷമാണ്, ഇതിൽ 82% പേരും സ്ത്രീകളാണ്.

നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (NAPS)

2016 ഓഗസ്റ്റിൽ ആരംഭിച്ച പദ്ധതി, അപ്രന്റീസ് സ്റ്റൈപ്പൻഡിന് സാമ്പത്തിക സഹായം നൽകിക്കൊണ്ട് അപ്രന്റീസ്ഷിപ്പ് പ്രോത്സാഹിപ്പിക്കുന്നു. പരിശീലനത്തിൽ അടിസ്ഥാന പരിശീലനവും വ്യവസായങ്ങളിലെ പ്രായോഗിക പരിശീലനവും ഉൾപ്പെടുന്നു.

പദ്ധതി ഇപ്പോൾ അതിന്റെ രണ്ടാം ഘട്ടത്തിൽ തുടരുന്നു, അവിടെ ഗവൺമെന്റ് സ്റ്റൈപ്പൻഡ് തുകയുടെ ഭാഗികമായ പങ്ക് വഹിക്കുന്നു. ഇത് അപ്രന്റീസിന് നൽകേണ്ട മിനിമം സ്റ്റൈപ്പൻഡിന്റെ 25% ആയി പരിമിതപ്പെടുത്തിയിരിക്കുന്നു (പരിശീലന കാലയളവിൽ ഒരു അപ്രന്റീസിന് പ്രതിമാസം പരമാവധി ₹1,500 വരെ). നിലവിലെ സാമ്പത്തിക വർഷത്തിൽ (2025-26), 13 ലക്ഷം അപ്രന്റീസുമാരെ ചേർക്കുക എന്ന ഭൗതിക ലക്ഷ്യമാണ് NAPS-2 പ്രകാരം നിശ്ചയിച്ചിട്ടുള്ളത്, ഇതിൽ 3.99 ലക്ഷം അപ്രന്റീസുമാരെ 2025 ജൂലൈ വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. NAPS പ്രകാരം 2016-17 മുതൽ 2025-26 സാമ്പത്തിക വർഷം വരെ (2025 ഒക്ടോബർ 31 വരെ) 49.12 ലക്ഷം അപ്രന്റീസുമാരെ നിയോഗിച്ചു.

ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (DDU-GKY)

2014 സെപ്റ്റംബർ 25-ന് ആരംഭിച്ച DDU-GKY, നാഷണൽ റൂറൽ ലിവ്ലിഹുഡ് മിഷന്റെ (NRLM) ഭാഗമാണ്. ഗ്രാമീണ പാവപ്പെട്ട കുടുംബങ്ങളുടെ വരുമാനത്തിൽ വൈവിധ്യം കൊണ്ടുവരികയും ഗ്രാമീണ യുവാക്കളുടെ കരിയർ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുക എന്ന ഇരട്ട ലക്ഷ്യങ്ങളാണ് ഇതിനുള്ളത്.

പദ്ധതി പ്രകാരം, പരിശീലനം പൂർത്തിയാക്കിയ ശേഷം 65% ഉദ്യോഗാർത്ഥികൾക്കും ആദായകരമായ ജോലി ലഭിച്ചു. 2014-15 സാമ്പത്തിക വർഷം മുതൽ 2024 നവംബർ വരെ ആകെ 16,90,046 ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുകയും 10,97,265 പേർക്ക് നിയമനം ലഭിക്കുകയും ചെയ്തു.

ഗ്രാമീണ സ്വയം തൊഴിൽ പരിശീലന സ്ഥാപനങ്ങൾ (RSETI)

2009 ജനുവരിയിൽ ആരംഭിച്ച പദ്ധതി, ഗ്രാമീണ യുവാക്കൾക്ക് സൗജന്യവും ഗുണമേന്മയുള്ളതുമായ പാർപ്പിട പരിശീലനവും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പരിശീലനാനന്തര പിന്തുണയും ക്രെഡിറ്റ് ലിങ്കേജും നൽകുന്നു. ബാങ്ക് നേതൃത്വത്തിലുള്ള സ്ഥാപനങ്ങൾ എന്ന നിലയിൽ, RSETI അതത് സ്പോൺസർ ബാങ്കുകളുടെ പേരിലാണ് അറിയപ്പെടുന്നത്.

2025 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്, 2025-26 കാലയളവിൽ 56,69,369 ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകി, 2016-17 കാലയളവിൽ ഇത് 22,89,739 ആയിരുന്നു.

സംരംഭകത്വവും സാമ്പത്തിക പുരോഗതിയും

വികസിത ഭാരതം@2047 എന്ന കാഴ്ചപ്പാടിൽ സാമ്പത്തിക ശാക്തീകരണം കേന്ദ്രസ്ഥാനത്താണ്. യഥാർത്ഥ യുവജന ശാക്തീകരണം നൈപുണ്യ വികസനത്തിന് അപ്പുറമാണെന്നും അതിന് മാന്യമായ തൊഴിലിനും സംരംഭകത്വ വിജയത്തിനുമുള്ള വഴികൾ ഒരുക്കേണ്ടതുണ്ടെന്നും ഗവൺമെന്റ് തിരിച്ചറിയുന്നു. ലിയ തോതിലുള്ള തൊഴിലവസര സൃഷ്ടി, സ്റ്റാർട്ടപ്പ് പിന്തുണാ സംവിധാനങ്ങൾ, എളുപ്പത്തിൽ ലഭ്യമാകുന്ന വായ്പാ സംവിധാനങ്ങൾ എന്നിവയിലൂടെ യുവാക്കൾക്ക് അവരുടെ ആശയങ്ങളെ സംരംഭങ്ങളായും അഭിലാഷങ്ങളെ ഉപജീവനമാർഗമായും മാറ്റാൻ കഴിയുന്ന ഒരു ആവാസവ്യവസ്ഥ ഇന്ത്യ കെട്ടിപ്പടുക്കുകയാണ്.

പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗർ യോജന

2025 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 1 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗർ യോജന പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനുള്ളിൽ 3.5 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പിന്തുണയ്ക്കുകയാണ് വിപ്ലവകരമായ പദ്ധതി ലക്ഷ്യമിടുന്നത്. പുതുതായി ജോലിയിൽ പ്രവേശിക്കുന്ന യുവാക്കൾക്ക് രണ്ട് തവണകളായി 15,000 രൂപ വരെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ പദ്ധതി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, തൊഴിലുടമകൾക്ക് ഓരോ പുതിയ ജീവനക്കാരനും പ്രതിമാസം 3,000 രൂപ വരെ പിന്തുണ ലഭിക്കും, ഇത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കും. വലിയ തോതിലുള്ള തൊഴിൽ സൃഷ്ടിയിലൂടെ സ്വതന്ത്ര ഭാരതത്തിൽ നിന്ന് സമൃദ്ധ ഭാരതത്തിലേക്കുള്ള പാലം ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ ചുവടുവെപ്പാണിത്.

സ്റ്റാർട്ടപ്പ് ഇന്ത്യ

ഇന്ത്യയിലെ നവീകരണത്തിനും സംരംഭകത്വത്തിനും ശക്തമായ ഒരു ആവാസവ്യവസ്ഥ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ 2016 ജനുവരി 16-ന് പ്രധാനമന്ത്രി സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിക്ക് തുടക്കം കുറിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) ആണ് പ്രോഗ്രാം നടപ്പിലാക്കുന്നത്.

ഇത് രാജ്യത്തെ യുവജന സാമ്പത്തിക പുരോഗതിയുടെ പ്രധാന തൂണായി വർത്തിക്കുന്നു. തൊഴിൽ സൃഷ്ടി, സാങ്കേതിക പുരോഗതി, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച എന്നിവയിൽ യുവ സംരംഭകർക്കുള്ള നിർണ്ണായക പങ്ക് സംരംഭം അംഗീകരിക്കുന്നു. ആദ്യ തലമുറയിലെയും ഗ്രാമീണ മേഖലയിലെയും നവീന സംരംഭകർക്കുള്ള തടസ്സങ്ങൾ കുറയ്ക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് സാമ്പത്തിക സഹായം, നിയന്ത്രണങ്ങളിലെ ഇളവുകൾ, ഇൻകുബേഷൻ സൗകര്യങ്ങൾ, മാർക്കറ്റ് ലിങ്കേജുകൾ, നെറ്റ്വർക്കിംഗ് അവസരങ്ങൾ എന്നിവ നൽകുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2025 ഒക്ടോബർ 31 വരെയുള്ള കണക്കനുസരിച്ച് DPIIT 1,97,692 സ്ഥാപനങ്ങളെ സ്റ്റാർട്ടപ്പുകളായി അംഗീകരിച്ചിട്ടുണ്ട്.

സംരംഭം മെട്രോ നഗരങ്ങൾക്കപ്പുറത്തേക്ക് വ്യാപിച്ചു, നിരവധി അംഗീകൃത സ്റ്റാർട്ടപ്പുകൾ ടയർ-II, ടയർ-III നഗരങ്ങളിൽ നിന്ന് പ്രവർത്തിക്കുന്നു. ഇത് ഗ്രാമീണ യുവാക്കൾക്കുള്ള വർദ്ധിച്ച പ്രവേശനക്ഷമതയെ പ്രതിഫലിപ്പിക്കുന്നു.

സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിന്റെ പ്രധാന സവിശേഷതകൾ:

  • ബിസിനസ് ചെയ്യാനുള്ള എളുപ്പം: ലളിതമായ ചട്ടങ്ങൾ, സ്വയം സാക്ഷ്യപ്പെടുത്തൽ, ഏകജാലക ക്ലിയറൻസുകൾ എന്നിവ സ്റ്റാർട്ടപ്പുകളുടെ നടപടിക്രമങ്ങൾ സുഗമമാക്കുന്നു.
  • നികുതി ആനുകൂല്യങ്ങൾ: അർഹരായ സ്റ്റാർട്ടപ്പുകൾക്ക് തുടർച്ചയായ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ നികുതി ഇളവ് ആസ്വദിക്കാം.
  • ഫണ്ടിംഗ് പിന്തുണ: 10,000 കോടി രൂപയുടെ ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പുകൾ (FFS) പ്രാരംഭ ഘട്ട ഫണ്ടിംഗിനെ പിന്തുണയ്ക്കുന്നു.
  • മേഖലാധിഷ്ഠിത നയങ്ങൾ: ബയോടെക്നോളജി, കൃഷി, പുനരുപയോഗ ഊർജ്ജം തുടങ്ങിയ മേഖലകൾക്കായുള്ള പ്രത്യേക നയങ്ങൾ ലക്ഷ്യബോധമുള്ള വളർച്ച ഉറപ്പാക്കുന്നു.

സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (SISFS)

2021 ഏപ്രിൽ മുതൽ പ്രവർത്തനക്ഷമമായ സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (SISFS), ഒരു സ്റ്റാർട്ടപ്പിന്റെ യാത്രയുടെ പ്രാരംഭ ഘട്ടത്തിലെ നിർണ്ണായക മൂലധന വിടവ് നികത്താൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക ഇടപെടലാണ്. പ്രൂഫ്-ഓഫ്-കൺസെപ്റ്റ് (PoC), പ്രോട്ടോടൈപ്പ് വികസനം, ഉൽപ്പന്ന പരീക്ഷണങ്ങൾ, വിപണി പ്രവേശനം, വാണിജ്യവൽക്കരണം എന്നിവ ഇതിലൂടെ ലക്ഷ്യമിടുന്നു.

ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) നിയന്ത്രിക്കുന്ന ഈ പദ്ധതി ഇന്ത്യയിലുടനീളമുള്ള അർഹരായ ഇൻകുബേറ്ററുകളുടെ ശൃംഖലയിലൂടെയാണ് നടപ്പിലാക്കുന്നത്. 2025 ജൂൺ 30 വരെയുള്ള കണക്കനുസരിച്ച്, വിദഗ്ധ ഉപദേശക സമിതി (EAC) 219 ഇൻകുബേറ്ററുകൾക്കായി ആകെ 945 കോടി രൂപയുടെ ഫണ്ടിംഗ് അംഗീകരിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി മുദ്ര യോജന (PMMY)

2025 ഏപ്രിൽ 8-ന് ഇന്ത്യ പ്രധാനമന്ത്രി മുദ്ര യോജനയുടെ (PMMY) പത്താം വാർഷികം ആഘോഷിച്ചു. മൈക്രോ എന്റർപ്രൈസുകൾക്കും ചെറുകിട ബിസിനസ്സുകൾക്കും ധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രധാനമന്ത്രിയുടെ മുൻനിര പദ്ധതിയാണിത്. ഈടില്ലാത്ത വായ്പകൾ നൽകുന്നതിലൂടെയും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെയും മുദ്ര (MUDRA) താഴെത്തട്ടിലുള്ള സംരംഭകത്വത്തിന്റെ ഒരു പുതിയ യുഗത്തിന് അടിത്തറയിട്ടു. സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്ക് 20 ലക്ഷം രൂപ വരെ ഈടില്ലാത്ത വായ്പ ഈ പദ്ധതി നൽകുന്നു. 2025 ഓഗസ്റ്റ് 4 വരെയുള്ള കണക്കനുസരിച്ച് ആകെ 53.85 കോടി വായ്പകളും 35.13 ലക്ഷം കോടി രൂപയും അനുവദിച്ചു. ഇതിൽ സ്ത്രീകൾ, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർ, പുതിയ സംരംഭകർ എന്നിവർക്ക് വലിയ മുൻഗണന നൽകിയിട്ടുണ്ട്.

ആരോഗ്യവും കായികക്ഷമതയും

ആരോഗ്യമുള്ള ഒരു യുവജനത ഇന്ത്യയുടെ ദീർഘകാല ഉൽപ്പാദനക്ഷമതയ്ക്കും ദേശീയ വളർച്ചയ്ക്കും സാമൂഹിക ഐക്യത്തിനും അത്യാവശ്യമാണ്. ആരോഗ്യമെന്നത് കേവലം ശാരീരികക്ഷമത മാത്രമല്ല; അത് സമഗ്രമായ ക്ഷേമമാണ്. സമീകൃത പോഷകാഹാരം, ശാരീരിക പ്രവർത്തനങ്ങൾ, പ്രതിരോധ പരിരക്ഷ എന്നിവയിലൂടെ ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാൻ ഗവൺമെന്റ് വലിയ ക്യാമ്പയ്‌നുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ്

കായികക്ഷമതയെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കുക എന്ന ലക്ഷ്യത്തോടെ 2019 ഓഗസ്റ്റ് 29-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫിറ്റ് ഇന്ത്യ മൂവ്‌മെന്റ് ആരംഭിച്ചു. ശാരീരികമായി കൂടുതൽ സജീവമായ ഒരു ജീവിതശൈലിയിലേക്ക് നീങ്ങുന്നതിനും ജനങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നതിനുമാണ് ഈ പ്രസ്ഥാനം ലക്ഷ്യമിടുന്നത്.

ഈ ദൗത്യം കൈവരിക്കുന്നതിനായി ഫിറ്റ് ഇന്ത്യ താഴെ പറയുന്ന ലക്ഷ്യങ്ങൾക്കായി വിവിധ സംരംഭങ്ങൾ ഏറ്റെടുക്കുകയും പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു:

  • എളുപ്പത്തിലും രസകരവും സൗജന്യവുമായി കായികക്ഷമതയെ പ്രോത്സാഹിപ്പിക്കുക.
  • പ്രത്യേക ക്യാമ്പയ്നുകളിലൂടെ കായികക്ഷമതയെക്കുറിച്ചും വിവിധ ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ചും അവബോധം വളർത്തുക.
  • നാടൻ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക.
  • കായികക്ഷമത ഓരോ സ്കൂളിലും കോളേജിലും സർവ്വകലാശാലയിലും പഞ്ചായത്തിലും ഗ്രാമത്തിലും എത്തിക്കുക.
  • ഇന്ത്യൻ പൗരന്മാർക്ക് വിവരങ്ങൾ പങ്കുവെക്കാനും അവബോധം സൃഷ്ടിക്കാനും വ്യക്തിഗത കായികക്ഷമതാ കഥകൾ പങ്കുവെക്കാനും ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക.

 

ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന് കീഴിലുള്ള പ്രധാന സംരംഭങ്ങൾ:

  • വിദ്യാഭ്യാസത്തിൽ കായികക്ഷമത ഉൾച്ചേർക്കുന്നതിനായി ഫിറ്റ് ഇന്ത്യ സ്കൂൾ സർട്ടിഫിക്കേഷൻ.
  • സൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി സൺഡേയ്‌സ് ഓൺ സൈക്കിൾ.
  • രാജ്യവ്യാപകമായ ഫിറ്റ്‌നസ് പ്ലെഡ്ജ് പ്രചാരണം.
  • കായികക്ഷമത വിലയിരുത്തുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമായി ഫിറ്റ് ഇന്ത്യ മൊബൈൽ ആപ്പ്.

ഈ സംരംഭങ്ങൾ ശാരീരിക പ്രവർത്തനങ്ങളെ ഒരു ദൈനംദിന ശീലമാക്കാനും യുവാക്കൾക്കും പൗരന്മാർക്കും ഇടയിൽ സമഗ്രമായ ആരോഗ്യ സംസ്കാരം വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നു.

യുവ ആത്മീയ ഉച്ചകോടിയും കാശി പ്രഖ്യാപനവും

യുവ ആത്മീയ ഉച്ചകോടിയും അതിന്റെ ഫലമായുണ്ടായ കാശി പ്രഖ്യാപനവും മാനസികാരോഗ്യം, ക്ഷേമം, ലഹരിമുക്ത ജീവിതം എന്നിവയെ യുവാക്കളുടെ സമഗ്ര വികസനത്തിന്റെ അവിഭാജ്യ ഘടകങ്ങളായി ഊന്നിപ്പറയുന്നു.

2025 ജൂലൈയിൽ വാരാണസിയിലെ രുദ്രാക്ഷ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്റർ "വികസിത ഭാരതത്തിനായി ലഹരിമുക്ത യുവത്വം" എന്ന പ്രമേയത്തിൽ യുവ ആത്മീയ ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചു. ലഹരിവിരുദ്ധ പോരാട്ടത്തിനായി യുവാക്കളുടെ നേതൃത്വത്തിലുള്ള ദേശീയ പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനുള്ള സുപ്രധാന പദ്ധതിയായ 'കാശി പ്രഖ്യാപനം' ചടങ്ങിൽ ഔദ്യോഗികമായി അംഗീകരിച്ചു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം സംഘടിപ്പിച്ച ഈ ഉച്ചകോടിയിൽ 120-ലധികം ആത്മീയ-സാമൂഹിക സാംസ്കാരിക സംഘടനകളിൽ നിന്നുള്ള 600-ലധികം യുവനേതാക്കൾക്ക് പുറമെ അക്കാദമിക് വിദഗ്ധരും സ്പെഷ്യലിസ്റ്റുകളും ​ഗവൺമെന്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ആത്മീയ കരുത്തും യുവത്വത്തിന്റെ ഇച്ഛാശക്തിയും ഒന്നിപ്പിക്കുന്നതിലൂടെ, 2047-ഓടെ ഇന്ത്യയെ ലഹരിമുക്തമാക്കാനുള്ള പ്രയാണത്തിൽ ഈ പരിപാടി ഒരു സുപ്രധാന വഴിത്തിരിവായി മാറി.

ലഹരിമുക്ത യുവജന പ്രവർത്തനങ്ങൾക്കായി അഞ്ച് വർഷത്തെ ഒരു കർമ്മപദ്ധതി കാശി പ്രഖ്യാപനം വിഭാവനം ചെയ്യുന്നു. ഇതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുതൽ ആത്മീയ സംഘടനകൾക്കും പൗര സമൂഹത്തിനും വരെ വ്യക്തമായ ലക്ഷ്യങ്ങളും സമയപരിധികളും ഓരോ പങ്കാളിയുടെയും ചുമതലകളും നിർവചിച്ചിട്ടുണ്ട്.

 

യുവജന പങ്കാളിത്തത്തിലൂടെയും നേതൃത്വത്തിലൂടെയും പരിവർത്തനാത്മകമായ സാമൂഹിക മാറ്റം കൊണ്ടുവരുന്നതിനായി മൈ ഭാരത് പ്ലാറ്റ്‌ഫോമിന് കീഴിൽ മന്ത്രാലയം നടപ്പിലാക്കുന്ന വിപുലമായ ചട്ടക്കൂടിന്റെ ഭാഗമാണ് യുവാക്കളുടെ നേതൃത്വത്തിലുള്ള ഈ പ്രസ്ഥാനം.

രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം (RKSK)

ഇന്ത്യയിലുടനീളമുള്ള 10 മുതൽ 19 വയസ്സ് വരെയുള്ള കൗമാരക്കാരുടെ സമഗ്രമായ ആരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി 2014 ജനുവരി 7-ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം (RKSK) ആരംഭിച്ചു. ഗ്രാമ-നഗര ജനസംഖ്യയെയും സ്കൂളിൽ പോകുന്നവരും പോകാത്തവരുമായ യുവാക്കളെയും വിവാഹിതരെയും അവിവാഹിതരെയും ഇത് ഉൾക്കൊള്ളുന്നു; ഒപ്പം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് പ്രത്യേക ശ്രദ്ധയും നൽകുന്നു.

കൗമാരക്കാരുടെ ക്ഷേമത്തിന് നിർണ്ണായകമായ ആറ് പ്രധാന മേഖലകളിലേക്ക് RKSK വ്യാപിച്ചു കിടക്കുന്നു:

  • പോഷകാഹാരം (പോഷകാഹാരക്കുറവും വിളർച്ചയും കുറയ്ക്കുന്നത് ഉൾപ്പെടെ)
  • ലൈംഗികവും പ്രത്യുൽപ്പാദനപരവുമായ ആരോഗ്യം (SRH)
  • മാനസികാരോഗ്യം
  • അപകടങ്ങളും അതിക്രമങ്ങളും (ലിംഗാധിഷ്ഠിത അതിക്രമങ്ങൾ ഉൾപ്പെടെ)
  • ലഹരി വസ്തുക്കളുടെ ദുരുപയോഗം
  • പകർച്ചവ്യാധിയിതര രോഗങ്ങൾ (NCD‌)

ഈ പരിപാടി ആരോഗ്യ പ്രോത്സാഹനത്തിലും പ്രതിരോധത്തിലും അധിഷ്ഠിതമായ ഒരു മാതൃകയിലാണ് പ്രവർത്തിക്കുന്നത്. ചികിത്സാ കേന്ദ്രങ്ങളിൽ മാത്രം ഒതുങ്ങാതെ സ്കൂളുകൾ, കമ്മ്യൂണിറ്റികൾ, കുടുംബങ്ങൾ തുടങ്ങിയ കൗമാരക്കാർക്ക് അനുയോജ്യമായ ഇടങ്ങളിൽ അവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു മാറ്റമാണ് ഇത് വിഭാവനം ചെയ്യുന്നത്.

ഉപസംഹാരം

ഇന്ത്യ 2026-ലെ ദേശീയ യുവജന ദിനം ആഘോഷിക്കുമ്പോൾ സന്ദേശം വ്യക്തമാണ്: രാജ്യത്തിന്റെ ഭാവി രൂപപ്പെടുന്നത് നയങ്ങളിലൂടെ മാത്രമല്ല, മറിച്ച് യുവാക്കളുടെ ഊർജ്ജത്തിലൂടെയും നൂതനാശയങ്ങളിലൂടെയും പ്രതിബദ്ധതയിലൂടെയുമാണ്. ക്ലാസ് മുറികളിലും ക്യാമ്പസുകളിലും മുതൽ സ്റ്റാർട്ടപ്പുകളിലും ഗ്രാമങ്ങളിലും സായുധ സേനയിലും സന്നദ്ധസേവന ശൃംഖലകളിലും യുവക്കളായ ഇന്ത്യക്കാർ ദേശീയ പരിവർത്തനത്തിന്റെ കഥയിൽ സജീവ പങ്കാളികളാകുന്നു.

മൈ ഭാരത് പോലുള്ള പ്ലാറ്റ്‌ഫോമുകൾ, എൻഎസ്എസ് (NSS) പോലുള്ള സേവനാധിഷ്ഠിത പ്രസ്ഥാനങ്ങൾ, വൻതോതിലുള്ള നൈപുണ്യ വികസന സംരംഭങ്ങൾ, ലക്ഷ്യബോധമുള്ള സംരംഭകത്വ പിന്തുണ എന്നിവയിലൂടെ യുവാക്കൾക്ക് ലക്ഷ്യബോധത്തോടും ഉത്തരവാദിത്തത്തോടും കൂടി നയിക്കാൻ കഴിയുന്ന ഒരു സാഹചര്യം ഇന്ത്യാ ​ഗവൺമെന്റ് ഒരുക്കുന്നു. മാനസികാരോഗ്യം, ശാരീരികക്ഷമത, സാമൂഹിക ക്ഷേമം എന്നിവയ്ക്കുള്ള തുല്യ പ്രാധാന്യം ഈ പ്രയാണം സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണെന്ന് ഉറപ്പാക്കുന്നു.

സ്വാമി വിവേകാനന്ദന്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രാഷ്ട്രനിർമ്മാണം ആരംഭിക്കുന്നത് സ്വഭാവശുദ്ധിയിലും ആത്മവിശ്വാസത്തിലും കൂട്ടായ പ്രവർത്തനത്തിലുമാണെന്ന് ദേശീയ യുവജന ദിനം ഓർമ്മിപ്പിക്കുന്നു. 2047-ലേക്ക് ഭാരതം മുന്നേറുമ്പോൾ, യുവാക്കൾ കേവലം ഭാവി കൈമാറിക്കിട്ടുന്നവർ മാത്രമല്ല - മറിച്ച് അതിന്റെ ശില്പികളുമാണ്.

 

References

https://www.niti.gov.in/sites/default/files/2025-04/Working%20Paper%20on%20Strategic%20Imperatives_04042025_NEW.pdf

https://www.pib.gov.in/Pressreleaseshare.aspx?PRID=1795442

https://www.pib.gov.in/PressReleasePage.aspx?PRID=2140894

https://nss.gov.in/about-us-

https://www.pib.gov.in/PressNoteDetails.aspx?NoteId=154537&ModuleId=3

https://www.pib.gov.in/PressNoteDetails.aspx?NoteId=154880&ModuleId=3

https://www.pib.gov.in/PressNoteDetails.aspx?NoteId=154880&ModuleId=3

https://www.msde.gov.in/offerings/schemes-and-services/details/jan-shikshan-sansthan-jss-cjM4ATMtQWa

https://yas.gov.in/sites/default/files/Draft%20NYP-2025.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2184456&reg=3&lang=2 

https://www.pib.gov.in/PressReleasePage.aspx?PRID=2197018&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2200500&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2212609&reg=3&lang=1

https://www.pib.gov.in/PressReleasePage.aspx?PRID=2174394&utm_source=chatgpt.com&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2200373&reg=3&lang=1 

https://www.pib.gov.in/PressReleaseIframePage.aspx?PRID=2100845&reg=3&lang=2#:~:text=The%20Union%20Cabinet%20has%20approved%20the%20continuation,(PM%2DNAPS)%20*%20Jan%20Shikshan%20Sansthan%20(JSS)%20Scheme

https://www.mygov.in/campaigns/fit-india/

Click here to see in pdf

***

SK

(Explainer ID: 156909) आगंतुक पटल : 32
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Gujarati , Kannada
Link mygov.in
National Portal Of India
STQC Certificate