• Skip to Content
  • Sitemap
  • Advance Search
Farmer's Welfare

സന്തുലിത വളപ്രയോഗത്തിന് പിന്തുണ: 2025-26 റാബി സീസണിലെ പോഷകാധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾ

“ഇന്ത്യൻ കാർഷിക മേഖലയിൽ താങ്ങാനാവുന്ന ചെലവും ഉൽപ്പാദനക്ഷമതയും ഉറപ്പാക്കുന്നു”

Posted On: 05 JAN 2026 12:14PM

പ്രധാന കാര്യങ്ങൾ 

* 2025-26 റാബി സീസണിലെ ഫോസ്ഫേറ്റിക്, പൊട്ടാസിക് (P&K) വളങ്ങൾക്കായുള്ള (DAP, NPKS ഗ്രേഡുകൾ ഉൾപ്പെടെ) പോഷകാധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾക്ക് ​ഗവൺമെന്റ് അംഗീകാരം നൽകി. 2025 ഒക്ടോബർ 1 മുതൽ 2026 മാർച്ച് 31 വരെയാണ് ഇതിന് പ്രാബല്യമുണ്ടായിരിക്കുക.

* 2025-26 റാബി സീസണിലേക്കുള്ള താൽക്കാലിക ബജറ്റ് വിഹിതം ഏകദേശം ₹37,952 കോടിയാണ്. ഇത് 2025 ഖാരിഫ് സീസണിലെ ബജറ്റ് വിഹിതത്തേക്കാൾ ഏകദേശം ₹736 കോടി കൂടുതലാണ്.

* 2022-23 നും 2024-25 നും ഇടയിലുള്ള കാലയളവിൽ NBS സബ്‌സിഡികൾക്കായി ₹2.04 ലക്ഷം കോടിയിലധികം വകയിരുത്തി. കർഷകർക്ക് താങ്ങാനാവുന്ന വിലയിൽ വളം ലഭ്യമാക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

* NBS പദ്ധതി ആഭ്യന്തര വളം ഉൽപ്പാദനത്തിൽ വലിയ വളർച്ചയ്ക്ക് കാരണമായി. P&K (DAP & NPKS) വളങ്ങളുടെ ഉൽപ്പാദനം 2014-ലെ 112.19 LMT-ൽ നിന്ന് 2025-ഓടെ (30.12.25 വരെ) 168.55 LMT ആയി ഉയർന്നു. ഈ കാലയളവിൽ 50 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയത്.

ആമുഖം 

മണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിനും വിള ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിലുള്ള കാർഷിക സുസ്ഥിരത ഉറപ്പാക്കുന്നതിനും സന്തുലിതമായ വളപ്രയോഗം അത്യന്താപേക്ഷിതമാണ്. ഇത് മുൻനിർത്തി, ഇന്ത്യാ ​ഗവൺമെന്റ് പോഷകാധിഷ്ഠിത സബ്‌സിഡി (NBS) പദ്ധതിക്ക് തുടർച്ചയായ മുൻഗണന നൽകിവരുന്നു. കർഷകർക്ക് പ്രധാന പോഷകങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിലൂടെ വളങ്ങളുടെ യുക്തിസഹമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിർണ്ണായകമായ ഒരു നയപരമായ ഇടപെടലാണിത്. കർഷകരുടെ ഉൽപ്പാദനച്ചെലവ് നിയന്ത്രിക്കുന്നതോടൊപ്പം പോഷക പരിപാലനം മെച്ചപ്പെടുത്തുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധതയാണ് 2025–26 റാബി സീസണിലേക്കായി പുതുക്കിയ NBS നിരക്കുകളുടെ പ്രഖ്യാപനത്തിലൂടെ പ്രതിഫലിക്കുന്നത്.

ഇന്ത്യാ ​ഗവൺമെന്റ് 2010 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് പോഷകാധിഷ്ഠിത സബ്‌സിഡി (NBS) പദ്ധതി അവതരിപ്പിച്ചത്. വളങ്ങളുടെ സന്തുലിതവും കാര്യക്ഷമവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, കർഷകർക്ക് സബ്‌സിഡി നിരക്കിലും ന്യായമായ വിലയിലും വളം ലഭ്യമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ പദ്ധതി വളം മേഖലയിലെ നിർണ്ണായകമായ ഒരു നയമാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്.

NBS ചട്ടക്കൂടിന് കീഴിൽ, വളങ്ങളിലെ പോഷകാംശത്തിന്റെ അടിസ്ഥാനത്തിലാണ് സബ്‌സിഡി നിശ്ചയിക്കുന്നത്; പ്രധാനമായും NPKS: നൈട്രജൻ (N), ഫോസ്ഫറസ് (P), പൊട്ടാസ്യം (K), സൾഫർ (S) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സമീപനം സന്തുലിതമായ പോഷക പ്രയോഗത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, തങ്ങളുടെ മണ്ണും വിളകളും ആവശ്യപ്പെടുന്ന പോഷകങ്ങൾക്കനുസരിച്ച് ശരിയായ തീരുമാനങ്ങൾ എടുക്കാൻ കർഷകരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. ദ്വിതീയ പോഷകങ്ങളുടെയും സൂക്ഷ്മ പോഷകങ്ങളുടെയും ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ, വർഷങ്ങളായുള്ള അശാസ്ത്രീയമായ വളപ്രയോഗം മൂലം ഉണ്ടായ മണ്ണിൻ്റെ ശോഷണം, പോഷക അസന്തുലിതാവസ്ഥ തുടങ്ങിയ പ്രശ്നങ്ങളെയും ഈ പദ്ധതി അഭിസംബോധന ചെയ്യുന്നു.

പോഷകാധിഷ്ഠിത സബ്‌സിഡി പദ്ധതിയുടെ ഫലങ്ങളും നയപരമായ മുൻഗണനകളും

കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയത്തിന് കീഴിലുള്ള പോഷകാധിഷ്ഠിത സബ്‌സിഡി (NBS) പദ്ധതി, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സന്തുലിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിലൂടെ ഏതെങ്കിലും ഒരു വളത്തെ മാത്രം അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാനും മണ്ണിന്റെ ആരോഗ്യം നിലനിർത്തിക്കൊണ്ട് ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്താനും കർഷകരെ സഹായിക്കുന്നു. വിള ആസൂത്രണം തടസ്സമില്ലാതെ നടത്തുന്നതിന് അത്യാവശ്യമായ വളങ്ങൾ കൃത്യസമയത്തും സബ്‌സിഡി നിരക്കിലുള്ള കുറഞ്ഞ വിലയിലും കർഷകർക്ക് ലഭ്യമാകുന്നുവെന്ന് ഈ പദ്ധതി ഉറപ്പാക്കുന്നു.കൂടാതെ, വളം നിർമ്മാണ കമ്പനികൾക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്തുന്നതിലൂടെ വളം വിപണിയിൽ ഗുണനിലവാരം, നവീകരണം, കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കാനും ഈ പദ്ധതിക്ക് സാധിക്കുന്നു. ആധുനികവും സൂക്ഷ്മ പോഷകങ്ങളാൽ സമ്പുഷ്ടവുമായ പുതിയ തരം വളങ്ങൾ അവതരിപ്പിക്കുന്നതിനെ പിന്തുണയ്ക്കുന്നതിലൂടെ കാർഷിക രീതികളെ ആധുനികവൽക്കരിക്കാൻ NBS പദ്ധതി സഹായിക്കുന്നു. ഇതിനുപുറമെ, വളങ്ങളുടെയും അസംസ്കൃത വസ്തുക്കളുടെയും ആഗോള വിലനിലവാരത്തിന് അനുസൃതമായി സബ്‌സിഡി നിരക്കുകൾ ക്രമീകരിക്കുന്നതിലൂടെ കർഷകർക്കുള്ള പിന്തുണയും സർക്കാരിന്റെ സാമ്പത്തിക ഉത്തരവാദിത്തവും ഒരുപോലെ ഉറപ്പാക്കുന്നതിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

NBS പദ്ധതിയുടെ പ്രധാന വ്യവസ്ഥകളും സവിശേഷതകളും

പോഷകാധിഷ്ഠിത സബ്‌സിഡി (NBS) പദ്ധതിക്ക് കീഴിൽ, ഡി.എ.പി (DAP) ഉൾപ്പെടെയുള്ള ഫോസ്ഫേറ്റിക്, പൊട്ടാസിക് (P&K) വളങ്ങൾക്ക് ​ഗവൺമെന്റ് നിശ്ചിത സബ്‌സിഡി നൽകുന്നു. ഈ സബ്‌സിഡി നിരക്കുകൾ വർഷത്തിലൊരിക്കലോ അല്ലെങ്കിൽ ആറുമാസത്തിലൊരിക്കലോ പുതുക്കാറുണ്ട്. ഓരോ ഗ്രേഡിലുമുള്ള വളങ്ങളിലെ പോഷകാംശത്തിന്റെ അടിസ്ഥാനത്തിലാണ് സബ്‌സിഡി തുക നിശ്ചയിക്കുന്നത്.

2023–24 റാബി സീസൺ വരെ ഡി.എ.പി (DAP), എം.ഒ.പി (MOP), എസ്.എസ്.പി (SSP) എന്നിങ്ങനെ 25 തരം പി&കെ വളങ്ങളാണ് NBS പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ 2024 ഖാരിഫ് സീസൺ മുതൽ, മൂന്ന് പുതിയ ഗ്രേഡ് വളങ്ങൾ കൂടി ഈ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.

1. NPK (11:30:14) - മഗ്നീഷ്യം, സിങ്ക്, ബോറോൺ, സൾഫർ എന്നിവയാൽ സമ്പുഷ്ടമാക്കിയത്.

2. യൂറിയ - SSP (5:15:0:10)

3. SSP (0:16:0:11) - മഗ്നീഷ്യം, സിങ്ക്, ബോറോൺ എന്നിവയാൽ സമ്പുഷ്ടമാക്കിയത്.

പുതിയ ഗ്രേഡുകൾ കൂടി ഉൾപ്പെടുത്തിയതോടെ, അംഗീകൃത നിർമ്മാതാക്കളിലൂടെയും ഇറക്കുമതിക്കാരിലൂടെയും 28 തരം പി&കെ വളങ്ങളാണ് ​ഗവൺമെന്റ് ഇപ്പോൾ സബ്‌സിഡി നിരക്കിൽ കർഷകർക്ക് നൽകുന്നത്. കർഷക കേന്ദ്രീകൃതമായ സമീപനത്തിന് അനുസൃതമായി, ഇത്തരം വളങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിന് ഗവൺമെന്റ് മുൻഗണന നൽകുന്നത് തുടരുന്നു.

NBS പദ്ധതിക്ക് കീഴിൽ, പി&കെ വളം മേഖലാ നിയന്ത്രണങ്ങൾ ഒഴിവാക്കിയ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് കമ്പനികൾക്ക് വളങ്ങളുടെ പരമാവധി വില (MRP) ന്യായമായ നിലയിൽ നിശ്ചയിക്കാൻ അനുവാദം നൽകുന്നു; എങ്കിലും ഇതിൽ ​ഗവൺമെന്റിന്റെ മേൽനോട്ടം ഉണ്ടായിരിക്കും. ഇതിന്റെ ഫലമായി, കർഷകർ ഈ വളങ്ങൾ വാങ്ങുമ്പോൾ സബ്‌സിഡിയുടെ ആനുകൂല്യം അവർക്ക് നേരിട്ട് ലഭിക്കുന്നു.

2025-26 റാബി സീസണിലെ NBS നിരക്കുകൾ

അന്താരാഷ്ട്ര വിപണിയിലെയും ആഭ്യന്തര വിപണിയിലെയും വളങ്ങളുടെയും അസംസ്‌കൃത വസ്തുക്കളുടെയും വിലയിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത്, ഡി.എ.പി (DAP), എൻ.പി.കെ.എസ് (NPKS) ഗ്രേഡുകൾ ഉൾപ്പെടെയുള്ള ഫോസ്ഫേറ്റിക്, പൊട്ടാസിക് (P&K) വളങ്ങൾക്കായി 2025-26 റാബി സീസണിലെ NBS നിരക്കുകൾക്ക് ​ഗവൺമെന്റ് അംഗീകാരം നൽകി. 2025 ഒക്ടോബർ 1 മുതൽ 2026 മാർച്ച് 31 വരെയാണ് ഇതിന് പ്രാബല്യമുണ്ടായിരിക്കുക. വിജ്ഞാപനം ചെയ്ത നിരക്കുകൾ അനുസരിച്ച് വളം കമ്പനികൾക്ക് സബ്‌സിഡി നൽകും, ഇത് കർഷകർക്ക് താങ്ങാനാവുന്ന വിലയിൽ വളം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നു. 2025-26 റാബി  സീസണിലേക്കുള്ള ഏകദേശ ബജറ്റ് വിഹിതം ₹37,952.29 കോടി രൂപയാണ്. ഇത് 2025 ഖാരിഫ് സീസണിലെ വിഹിതത്തേക്കാൾ ഏകദേശം ₹736 കോടി രൂപ കൂടുതലാണ്.

2025-26 റാബി  സീസണിലെ P&K വളങ്ങളിൽ അടങ്ങിയിരിക്കുന്ന ഓരോ കിലോഗ്രാം പോഷകങ്ങൾക്കുമുള്ള (നൈട്രജൻ (N), ഫോസ്ഫേറ്റ് (P), പൊട്ടാഷ് (K), സൾഫർ (S)) സബ്‌സിഡി നിരക്കുകൾ താഴെ പറയുന്നവയാണ്:

ക്രമ നമ്പർ              പോഷകങ്ങൾ             NBS (ഒരു കിലോ പോഷകത്തിന് ₹) 


1                                            N                                         43.02


2                                            P                                         47.96


3                                            K                                          2.38


4                                            S                                           2.87   


2025-26 റാബിയിൽ 28 ഗ്രേഡ് P&K വളങ്ങളുടെ ഉൽപ്പന്നാടിസ്ഥാനത്തിലുള്ള സബ്‌സിഡി ഇപ്രകാരമാണ്:

ക്രമ നമ്പർ                  രാസവളങ്ങളുടെ പേര്                     NBS നിരക്ക് (₹/MT) 

1                                         DAP 18-46-0-0                                         29,805       


2                                          MOP 0-0-60-0                                           1,428


3                                          SSP 0-16-0-11                                          7,408  

4                                          NPS 20-20-0-13                                        18,569

5                                           NPK 10-26-26-0                                        17,390       

6                                            NP 20-20-0-0                                            18,196  

7                                            NPK 15-15-15                                            14,004           

8                                             NP 24-24-0-0                                             21,835  

9                                              AS 20.5-0-0-23                                           9,479       

10                                              NP 28-28-0-0                                             25,474  

11                                               NPK 17-17-17                                            15,871

12                                                NPK 19-19-19                                           17,738    

13                                                NPK 16-16-16-0                                        14,938       

14                                                NPS 16-20-0-13                                        16,848                                                  
   


15                                                 NPK 14-35-14                                            23,142   

16                                                  MAP 11-52-0-0                                          29,671            

17                                                  TSP 0-46-0-0                                             22,062  

18                                                  NPK 12-32-16                                            20,890                                                                                          
                                                        


19                                                   NPK 14-28-14                                            19,785                                                        

20                                                   NPKS 15-15-15-09                                     14,262 

21                                                    NP 14-28-0-0                                             19,452
     

 
22                                                     PDM 0-0-14.5-0                                           345 

23                            യൂറിയ-എസ്എസ്പി കോംപ്ലക്സ് (5-15-0-10)                  9,088    

24                                                     NPS 24-24-0-8                                             21,835                                                

25                                                     NPK 8-21-21                                                14,013        

26                                                     NPK 9-24-24                                                15,953

27                                                     NPK 11-30-14                                               19,453                                                                                                         

28                                                      SSP 0-16-0-11                                              7,408
     


S. No                 ഫോർട്ടിഫിക്കേഷനുള്ള                                      മുകളിലുള്ള
                           പോഷകങ്ങൾ                                                          പട്ടികയിൽ                                                                                                                      
                                                                                                 സൂചിപ്പിച്ചിരിക്കുന്ന
                                                                                                 നിരക്കുകൾക്ക് പുറമേ
                                                           ഫോർട്ടിഫൈഡ്/കോട്ടിഡ് വളങ്ങൾക്കുള്ള
                                                                                          അധിക സബ്‌സിഡി (₹/MT)


 1                            ബോറോൺ (B)                                           300

 2                              സിങ്ക് (Zn)                                                    500


 2025–26 റാബി  സീസണിൽ, ഡൈ-അമോണിയം ഫോസ്ഫേറ്റിന്റെ (DAP) സബ്‌സിഡി മെട്രിക് ടണ്ണിന് ₹29,805 ആയി ഗണ്യമായി വർദ്ധിപ്പിച്ചു. 2024–25 രബി സീസണിലെ മെട്രിക് ടണ്ണിന് ₹21,911 എന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വലിയൊരു വർദ്ധനവാണ്. കൂടാതെ, 2025-26 റാബി  സീസണിലെ NBS പദ്ധതിക്ക് കീഴിൽ അമോണിയം സൾഫേറ്റും (ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതും) ഉൾപ്പെടുത്തിയിട്ടുണ്ട്.

NBS പദ്ധതിയിൽ ഉൾപ്പെട്ട ഏതൊരു P&K വളവും ബോറോൺ അല്ലെങ്കിൽ സിങ്ക് (ഫെർട്ടിലൈസർ കൺട്രോൾ ഓർഡറിൽ വ്യക്തമാക്കിയിട്ടുള്ളത് പ്രകാരം) ചേർത്ത് സമ്പുഷ്ടീകരിച്ചതോ പൊതിഞ്ഞതോ ആണെങ്കിൽ അവയ്ക്ക് സബ്‌സിഡി ആനുകൂല്യം തുടർന്നും ലഭിക്കും. കൂടാതെ, പ്രധാന പോഷകങ്ങൾക്കൊപ്പം ഇത്തരം സൂക്ഷ്മ പോഷകങ്ങളുടെ ഉപയോഗം കൂടി പ്രോത്സാഹിപ്പിക്കുന്നതിനായി, ഇത്തരത്തിൽ തയ്യാറാക്കിയ വളങ്ങൾക്ക് ഒരു മെട്രിക് ടണ്ണിന് (MT) നിശ്ചിത തുക അധിക സബ്‌സിഡിയായും നൽകും.

NBS പദ്ധതിയുടെ പ്രവർത്തന മാനേജ്‌മെന്റും നിർവ്വഹണ മേൽനോട്ടവും

2025-26 റാബി സീസണിലെ പോഷകാധിഷ്ഠിത സബ്‌സിഡി (NBS) പദ്ധതി നടപ്പിലാക്കുന്നതിൽ സുതാര്യതയും ഉത്തരവാദിത്തവും ന്യായമായ വിലയും ഉറപ്പാക്കുന്നതിന്, വളം കമ്പനികൾ താഴെ പറയുന്ന നിയന്ത്രണങ്ങളും പ്രവർത്തന നടപടികളും പാലിക്കേണ്ടതുണ്ട്:

* P&K വളങ്ങളുടെ ചെലവും പരമാവധി വിൽപന വിലയും (MRP) റിപ്പോർട്ട് ചെയ്യലും നിരീക്ഷിക്കലും

വളം കമ്പനികൾ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ഓഡിറ്റ് ചെയ്ത ചെലവ് വിവരങ്ങൾ സമർപ്പിക്കണം. P&K വളങ്ങളുടെ പരമാവധി വിൽപന വില (MRP) ന്യായമാണോ എന്ന് ഇതിലൂടെ പരിശോധിക്കാൻ സാധിക്കും. കമ്പനികൾ പ്രഖ്യാപിച്ച MRP ന്യായീകരിക്കാവുന്നതാണോ എന്ന് വിലയിരുത്താൻ ഇത് ഫെർട്ടിലൈസേഴ്സ് ഡിപ്പാർ‌ട്ട്മെന്റിനെ (DoF) സഹായിക്കുന്നു. കൂടാതെ, എല്ലാത്തരം P&K വളങ്ങളുടെയും വിൽപന വില ഫെർട്ടിലൈസേഴ്സ് ഡിപ്പാർ‌ട്ട്മെന്റിനെ കൃത്യമായി അറിയിക്കാനും ഈ വിലകൾ വിജ്ഞാപനം ചെയ്ത സബ്‌സിഡി നിരക്കുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും കമ്പനികൾ ബാധ്യസ്ഥരാണ്. വളങ്ങൾ ന്യായമായ വിലയ്ക്ക് തന്നെയാണ് കമ്പനികൾ വിൽക്കുന്നത് എന്ന് ഇതിലൂടെ ഉറപ്പുവരുത്തുന്നു. 

* ലാഭവിഹിതത്തിന്റെ നിയന്ത്രണം 

നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, നിശ്ചിത പരിധിക്കപ്പുറം നേടുന്ന ഏതൊരു ലാഭവും അന്യായമായി കണക്കാക്കുകയും ബന്ധപ്പെട്ട കമ്പനിയിൽ നിന്ന് അത് തിരിച്ചുപിടിക്കുകയും ചെയ്യും. (അന്തിമ പി & കെ വളത്തിന്റെ ഉൽപ്പാദനച്ചെലവിന്മേൽ ഇറക്കുമതിക്കാർക്ക് 8% വരെയും, നിർമ്മാതാക്കൾക്ക് 10% വരെയും സംയോജിത നിർമ്മാതാക്കൾക്ക് 12% വരെയുമുള്ള ലാഭവിഹിതം ന്യായമായി കണക്കാക്കുന്നു.)

* പരമാവധി വിൽപന വിലയുടെയും (MRP) സബ്‌സിഡിയുടെയും പ്രദർശനം 

ഓരോ വളം ചാക്കിലും താഴെ പറയുന്നവ വ്യക്തമായി പ്രദർശിപ്പിച്ചിരിക്കണം:

1. പരമാവധി വിൽപന വില (MRP).

2. ഓരോ ചാക്കിനും കിലോഗ്രാമിനും ലഭിക്കുന്ന സബ്‌സിഡി തുക.

ചാക്കിൽ രേഖപ്പെടുത്തിയിട്ടുള്ള എം.ആർ.പി (MRP) യേക്കാൾ കൂടുതൽ വില ഈടാക്കുന്നത് കുറ്റകരമാണ്. 1955-ലെ അവശ്യസാധന നിയമപ്രകാരം (Essential Commodities Act) ഇത് ശിക്ഷാർഹവുമാണ്.

* ഉൽപ്പാദനം, നീക്കം, ഇറക്കുമതി എന്നിവയുടെ നിരീക്ഷണം 

ഓൺലൈൻ വഴിയുള്ള ഇന്റഗ്രേറ്റഡ് ഫെർട്ടിലൈസർ മോണിറ്ററിംഗ് സിസ്റ്റം (iFMS), വളങ്ങളുടെ വിതരണം, നീക്കം, ഇറക്കുമതി, ആഭ്യന്തര നിർമ്മാണ യൂണിറ്റുകളുടെ ഉൽപ്പാദന പ്രവർത്തനങ്ങൾ എന്നിവയിൽ നിരന്തരമായ മേൽനോട്ടം ഉറപ്പാക്കുന്നു.

* വിതരണവും ഗതാഗത ഉത്തരവാദിത്തവും 

സിംഗിൾ സൂപ്പർ ഫോസ്ഫേറ്റ് (SSP) നിർമ്മാതാക്കൾ ഉൾപ്പെടെ എല്ലാ പി&കെ വളം നിർമ്മാതാക്കളും വിപണനക്കാരും ഇറക്കുമതിക്കാരും വളങ്ങൾ വിൽപന കേന്ദ്രങ്ങൾ വരെ ഫ്രൈറ്റ് ഓൺ റോഡ് (F.O.R.) അടിസ്ഥാനത്തിൽ എത്തിക്കുന്നുവെന്ന് ഉറപ്പാക്കണം.

* വളം വിതരണത്തിലെ ഡിജിറ്റൽ നിരീക്ഷണവും ഏകോപനവും

വിലയിരുത്തപ്പെട്ട ആവശ്യകതയുടെ അടിസ്ഥാനത്തിൽ, DoF പ്രതിമാസ വിതരണ പ്ലാനിലൂടെ ആവശ്യമായ അളവിൽ വളം അനുവദിക്കുകയും എല്ലാ മേഖലകളിലും അവയുടെ ലഭ്യത നിരന്തരമായി നിരീക്ഷിക്കുകയും ചെയ്യുന്നു. സബ്‌സിഡിയുള്ള എല്ലാ പ്രധാന വളങ്ങളുടെയും നീക്കം ഓൺലൈൻ വെബ് അധിഷ്ഠിത സംവിധാനമായ ഇന്റഗ്രേറ്റഡ് ഫെർട്ടിലൈസർ മാനേജ്‌മെന്റ് സിസ്റ്റം (iFMS) പോർട്ടലിലൂടെ നിരീക്ഷിക്കുന്നു. കൂടാതെ, കൃഷി-കർഷക ക്ഷേമ വകുപ്പും (DA&FW) DoF-യും ചേർന്ന് ആഴ്ചതോറും സംസ്ഥാന കാർഷിക ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസുകൾ നടത്തുകയും വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു.

വളം വിതരണവും മാനേജ്‌മെന്റുമായി ബന്ധപ്പെട്ട നിരവധി ഓൺലൈൻ സേവനങ്ങൾ നൽകുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഇന്റഗ്രേറ്റഡ് ഫെർട്ടിലൈസർ മാനേജ്‌മെന്റ് സിസ്റ്റം (iFMS). ഡീലർ രജിസ്‌ട്രേഷൻ, സ്റ്റോക്ക് ലഭ്യത പരിശോധിക്കൽ, ഡീലർമാരെ തിരയൽ, മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം (MIS), ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) റിപ്പോർട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വളം വിതരണ ശൃംഖലയിലുടനീളം സുതാര്യത ഉറപ്പാക്കാനും കാര്യക്ഷമത വർദ്ധിപ്പിക്കാനും തത്സമയ നിരീക്ഷണം സാധ്യമാക്കാനും iFMS സഹായിക്കുന്നു. ഇതിലൂടെ കർഷകർക്കും മറ്റ് ഗുണഭോക്താക്കൾക്കും ഗുണമേന്മയുള്ള വളങ്ങൾ കൃത്യസമയത്ത് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

പ്രധാന നാഴികക്കല്ലുകളും നേട്ടങ്ങളും ഒറ്റനോട്ടത്തിൽ

P&K വളങ്ങളുടെ ഉൽപ്പാദനത്തിലെ വളർച്ച

നൈട്രജൻ അധിഷ്ഠിതമല്ലാത്ത (P&K) വളങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി എൻ.ബി.എസ് (NBS) പദ്ധതിക്ക് കീഴിൽ നടപ്പിലാക്കിയ നയങ്ങൾ, ഡി.എ.പി (DAP), എൻ.പി.കെ.എസ് (NPKS) വളങ്ങളുടെ ഉൽപ്പാദനത്തിൽ വലിയ വർദ്ധനവിന് കാരണമായി.

ഡി.എ.പി (DAP), എൻ.പി.കെ.എസ് (NPKS) വളങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം 2014-ലെ 112.19 എൽ.എം.ടി (LMT) യിൽ നിന്ന് 2025 ഡിസംബർ 30-ഓടെ 168.55 എൽ.എം.ടി ആയി വർദ്ധിച്ചു. അതായത്, 50 ശതമാനത്തിലധികം വളർച്ചയാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ നിർമ്മാണ ശേഷി ശക്തിപ്പെടുത്തുന്നതിലും അവശ്യ സസ്യപോഷകങ്ങളുടെ സ്ഥിരമായ ലഭ്യത ഉറപ്പാക്കുന്നതിലും എൻ.ബി.എസ് പദ്ധതിയുടെ ഫലപ്രാപ്തിയാണ് ഈ വളർച്ച എടുത്തുകാട്ടുന്നത്. വളം മേഖലയിൽ 'ആത്മനിർഭർ ഭാരതം' എന്ന ​ഗവൺമെന്റിന്റെ ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.

മണ്ണിന്റെ മെച്ചപ്പെട്ട ആരോഗ്യവും കാർഷിക ഉൽപ്പാദനക്ഷമതയും

ഫോസ്ഫേറ്റിക്, പൊട്ടാസിക് (P&K) വളങ്ങളുടെ ഉപയോഗം കൃഷിയിടങ്ങളിലെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും മണ്ണിലെ വിവിധ പോഷകങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് NBS പദ്ധതിയുടെ നടപ്പിലാക്കലിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ പദ്ധതി ആരംഭിച്ചതിനുശേഷം പ്രധാന വിളകളുടെ ഉൽപ്പാദനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഭക്ഷ്യധാന്യ വിളവ് 2010-11 കാലയളവിലെ ഹെക്ടറിന് 1,930 കിലോഗ്രാം എന്നതിൽ നിന്ന് 2024-25 കാലയളവിൽ ഹെക്ടറിന് 2,578 കിലോഗ്രാം ആയി ഉയർന്നു.

NBS പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക സഹായം

2022-23 നും 2024-25 നും ഇടയിൽ ഇന്ത്യാ ​ഗവൺമെന്റ് പോഷകാധിഷ്ഠിത സബ്‌സിഡി (NBS) പദ്ധതിക്ക് കീഴിൽ ആഭ്യന്തരവും ഇറക്കുമതി ചെയ്തതുമായ P&K വളങ്ങൾക്കായി ₹2.04 ലക്ഷം കോടിയിലധികം സബ്‌സിഡിയായി അനുവദിച്ചു. കർഷകർക്ക് വളങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നതിനും അവയുടെ സന്തുലിതമായ ഉപയോഗം ഉറപ്പാക്കുന്നതിനുമുള്ള ഗവൺമെന്റിന്റെ ഉറച്ച പ്രതിബദ്ധതയാണ് ഈ തുടർച്ചയായ സാമ്പത്തിക സഹായത്തിലൂടെ വ്യക്തമാകുന്നത്.

ഉപസംഹാരം

ഇന്ത്യയുടെ വളം നയത്തിന്റെ അടിസ്ഥാനശിലയായി മാറിയിരിക്കുകയാണ് പോഷകാധിഷ്ഠിത സബ്‌സിഡി (NBS) പദ്ധതി. സന്തുലിതമായ വളപ്രയോഗം, മണ്ണിന്റെ ആരോഗ്യം, സുസ്ഥിര കൃഷി എന്നിവയെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ഏകോപിതമായ നയപരമായ നടപടികളിലൂടെ ​ഗവൺമെന്റ് ആഭ്യന്തര നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുകയും വളം ഗ്രേഡുകളുടെ എണ്ണം 25-ൽ നിന്ന് 28-ലേക്ക് വർദ്ധിപ്പിക്കുകയും ചെയ്തു. സിംഗിൾ സൂപ്പർ ഫോസ്ഫേറ്റിന് (SSP) ട്രാൻസ്പോർട്ടേഷൻ സബ്‌സിഡി നൽകുന്നതും ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനായി 'പോട്ടാഷ് ഡിറൈവ്ഡ് ഫ്രം മൊളാസസ്' (PDM) പദ്ധതിയിൽ ഉൾപ്പെടുത്തിയതും പ്രധാന നേട്ടങ്ങളാണ്. ഇന്റഗ്രേറ്റഡ് ഫെർട്ടിലൈസർ മാനേജ്‌മെന്റ് സിസ്റ്റം (iFMS) വഴിയുള്ള ഡിജിറ്റൽ നിരീക്ഷണവും സംസ്ഥാനങ്ങളുമായുള്ള കൃത്യമായ ഏകോപനവും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനൊപ്പം എല്ലാ മേഖലകളിലും വളത്തിന്റെ കൃത്യസമയത്തുള്ള ലഭ്യതയും ഉറപ്പുവരുത്തുന്നു.

2022-23 നും 2024-25 നും ഇടയിൽ നൽകിയ 2.04 ലക്ഷം കോടിയിലധികം രൂപയുടെ സാമ്പത്തിക സഹായം, കർഷകർക്ക് താങ്ങാനാവുന്ന വിലയിൽ വളം ലഭ്യമാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത എടുത്തുകാട്ടുന്നു. P&K വളങ്ങളുടെ ആഭ്യന്തര ഉൽപ്പാദനം 2014-ലെ 112.19 എൽ.എം.ടി-യിൽ നിന്ന് 2025-ഓടെ (30.12.2025 വരെ) 168.55 എൽ.എം.ടി-യായി ഉയർത്താൻ സാധിച്ചുവെന്ന് മാത്രമല്ല, ഭക്ഷ്യധാന്യ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും മണ്ണിലെ പോഷക സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും വളം മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനും ഈ പദ്ധതി സഹായിച്ചു. ഉൽപ്പാദനക്ഷമത, സുസ്ഥിരത, കർഷക ക്ഷേമം എന്നിവയെ ഒരുപോലെ സംയോജിപ്പിക്കുന്നതിൽ ഈ പദ്ധതി കൈവരിച്ച വിജയമാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

References:

India Gov

Lok Sabha

Ministry of Chemicals and Fertilizers

Ministry of Agriculture and Farmers Welfare

PIB Press Releases

PIB Backgrounder

Download in PDF

***

NK

(Explainer ID: 156908) आगंतुक पटल : 24
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate