• Skip to Content
  • Sitemap
  • Advance Search
Economy

ഇന്ത്യ–ഒമാൻ സിഇപിഎ

കയറ്റുമതി, സേവനങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയിൽ പുതിയ വ്യാപാര കരാർ കൊണ്ടുവരുന്ന മാറ്റങ്ങൾ

Posted On: 10 JAN 2026 3:11PM

പ്രധാന വസ്തുതകൾ
 

  • ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം, നിക്ഷേപം, പ്രൊഫഷണൽ മൊബിലിറ്റി, നിയന്ത്രണ സഹകരണം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ചട്ടക്കൂട് ഇന്ത്യ–ഒമാൻ സിഇപിഎ നല്കുന്നു.
  • 2024–25 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 10.61 ബില്യൺ യുഎസ് ഡോളറിലെത്തി, ഇത് ഇന്ത്യ-ഒമാൻ സാമ്പത്തിക ബന്ധത്തിൻ്റെ വർദ്ധിച്ചുവരുന്ന വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നു.
  • ഒമാനിലെ 98.08 ശതമാനം താരിഫ് ലൈനുകളിൽ ഇന്ത്യയ്ക്ക് നൂറ് ശതമാനം നികുതി രഹിത വിപണി പ്രവേശനം ലഭിക്കുന്നു, ഇത് കയറ്റുമതി മൂല്യത്തിൻ്റെ 99.38 ശതമാനം വരും. ഈ ആനുകൂല്യങ്ങൾ കരാർ നിലവിൽ വരുന്ന ആദ്യ ദിവസം മുതൽ പ്രാബല്യത്തിൽ വരും.
  • എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, മരുന്നുകൾ, കൃഷി - സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ, സമുദ്രോത്പ്പന്നങ്ങൾ, തുണിത്തരങ്ങൾ, രാസവസ്തുക്കൾ, ഇലക്ട്രോണിക്സ്, പ്ലാസ്റ്റിക്, രത്നങ്ങളും ആഭരണങ്ങളും  എന്നിവയിലുടനീളം ഈ കരാർ കയറ്റുമതി അവസരങ്ങൾ തുറക്കുന്നു.
  • തന്ത്രപരമായ ഉദാരവൽക്കരണ സമീപനത്തിലൂടെയും ഒഴിവാക്കൽ പട്ടിക (എക്സ്ക്ലൂഷൻ ലിസ്റ്റ്)  ഉൾപ്പെടുത്തിയതിലൂടെയും സെൻസിറ്റീവ് മേഖലകളെ സംരക്ഷിക്കുന്നതോടൊപ്പം തന്നെ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ  (MSMEs), തൊഴിൽ അധിഷ്ഠിത വ്യവസായങ്ങൾ, പ്രാദേശികമായ കയറ്റുമതി വളർച്ച എന്നിവയെ ഈ കരാർ പിന്തുണയ്ക്കുകയും ചെയ്യുന്നു.

 

ആമുഖം

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA)


ചരക്ക് വ്യാപാരത്തിനപ്പുറം സേവനങ്ങൾ, നിക്ഷേപം, സർക്കാർ സംഭരണം, തർക്ക പരിഹാരം, മറ്റ് നിയന്ത്രണ വശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന രാജ്യങ്ങൾ തമ്മിലുള്ള വിപുലമായ ഒരു കരാറാണിത്. പങ്കാളിത്ത രാജ്യങ്ങളിലെ വ്യത്യസ്തമായ നിയന്ത്രണ സംവിധാനങ്ങൾ തുല്യമായ ഫലങ്ങൾ നല്കുന്നു എന്നതിൻ്റെ   അടിസ്ഥാനത്തിൽ അവയെ അംഗീകരിക്കുന്ന പരസ്പര അംഗീകാര കരാറുകളും ഇതിൽ ഉൾപ്പെടുന്നു.


ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ അർത്ഥവത്തായ ഒരു ചുവടുവെയ്പ്പാണ്. ഉഭയകക്ഷി സാമ്പത്തിക സംയോജനം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ചരക്ക്-സേവന വ്യാപാരം, നിക്ഷേപം, പ്രൊഫഷണൽ മൊബിലിറ്റി, നിയന്ത്രണ സഹകരണം എന്നിവയെ ഒരൊറ്റ ഏകീകൃത ചട്ടക്കൂടിന് കീഴിൽ ഈ കരാർ കൊണ്ടുവരുന്നു.

ഒരു പ്രത്യേക മേഖലയിലോ നികുതി കുറയ്ക്കുന്നതിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, സുസ്ഥിരവും ദീർഘകാലവുമായ സാമ്പത്തിക ഇടപെടലിനെ പിന്തുണയ്ക്കുന്നതിനാണ് CEPA രൂപകൽപ്പന ചെയ്തിരിക്കുന്നത്. വ്യാപാരം സുഗമമാക്കുന്നതിലൂടെയും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെയും, തൊഴിൽ അധിഷ്ഠിത മേഖലകൾക്കും സേവനങ്ങൾക്കും പുതിയ സഹകരണ മേഖലകൾക്കും അവസരങ്ങൾ തുറന്നുനല്കാൻ  ഈ കരാർ ലക്ഷ്യമിടുന്നു. അതേസമയം, ആഭ്യന്തര മുൻഗണനകളിലും സുരക്ഷാ സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെ, വിപണി പ്രവേശനത്തിൽ സന്തുലിതവും ക്രമീകരിച്ചതുമായ സമീപനം ഇത് നിലനിർത്തുന്നു. അതോടൊപ്പം ഇരുരാജ്യങ്ങളിലേയും ബിസിനസുകൾക്കും നിക്ഷേപകർക്കും വ്യക്തമായ നിയമങ്ങളും വിപുലമായ വിപണി പ്രവേശനവും കൂടുതൽ പ്രവചനക്ഷമതയും കരാർ ഉറപ്പാക്കുന്നു.

 

ഇന്ത്യ–ഒമാൻ സാമ്പത്തിക സഹകരണം

ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിൻ്റെ നെടുംതൂണാണ് വ്യാപാരവും വാണിജ്യവും. ഉഭയകക്ഷി വ്യാപാരത്തിൽ കൂടുതൽ വളർച്ചയ്ക്കും വൈവിധ്യവൽക്കരണത്തിനുമുള്ള സാധ്യത ഇരുപക്ഷവും അംഗീകരിക്കുന്നു. 2023–24 സാമ്പത്തിക വർഷത്തിലെ 8.94 ബില്യൺ യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ, 2024–25 സാമ്പത്തിക വർഷത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 10.61 ബില്യൺ യുഎസ് ഡോളറിലെത്തി. 2025 ഏപ്രിൽ–ഒക്ടോബർ കാലയളവിലെ വ്യാപാരം 6.48 ബില്യൺ യുഎസ് ഡോളറായിരുന്നു.

 


 

  • 2024–25 സാമ്പത്തിക വർഷത്തിൽ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 4.06 ബില്യൺ യുഎസ്  ഡോളറായി രേഖപ്പെടുത്തി. 2025 ഏപ്രിൽ–ഒക്ടോബർ കാലയളവിൽ കയറ്റുമതി 2.57 ബില്യൺ യുഎസ് ഡോളറിലെത്തുകയും ഏകദേശം അഞ്ച് ശതമാനം വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.
  • ഒമാനിൽ നിന്നുള്ള ഇറക്കുമതി 2024–25 സാമ്പത്തിക വർഷത്തിൽ 6.55 ബില്യൺ യുഎസ് ഡോളറായിരുന്നു, അതേസമയം 2025 ഏപ്രിൽ–ഒക്ടോബർ കാലയളവിലെ ഇറക്കുമതി 3.91 ബില്യൺ യുഎസ് ഡോളറാണ്.


സേവന വ്യാപാരം
 

. ടെലികമ്മ്യൂണിക്കേഷൻസ്, കമ്പ്യൂട്ടർ ആൻഡ് ഇൻഫർമേഷൻ സർവ്വീസസ്, മറ്റ് ബിസിനസ് സേവനങ്ങൾ, ഗതാഗതം, യാത്രാ സേവനങ്ങൾ എന്നിവയുടെ കരുത്തിൽ ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2020-ലെ 397 മില്യൺ യുഎസ് ഡോളറിൽ നിന്ന് 2023-ൽ 617 മില്യൺ ഡോളറായി വർദ്ധിച്ചു.
 

  • . ഗതാഗതം, യാത്ര, ടെലികോം സേവനങ്ങൾ, മറ്റ് ബിസിനസ് സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഒമാനിൽ നിന്നുള്ള ഇറക്കുമതി 101 മില്യൺ യുഎസ് ഡോളറിൽ നിന്ന് 159 മില്യൺ യുഎസ് ഡോളറായി ഉയർന്നു.
  • ചരക്ക്-സേവന മേഖലകളിലെ ഈ വർദ്ധിച്ചുവരുന്ന ഇടപെടൽ ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി (CEPA) മുന്നോട്ട് പോകാനുള്ള തീരുമാനത്തിന് ശക്തമായ അടിത്തറയേകി.

 

ചരക്ക് വ്യാപാരത്തിലെ വിപണി പ്രവേശനം: ഇന്ത്യയുടെ നേട്ടങ്ങൾ

 



 

സിഇപിഎ പ്രകാരം, ഒമാനിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യ നൂറ് ശതമാനം നികുതി രഹിത വിപണി പ്രവേശനം ഉറപ്പാക്കുന്നു. ഇത് ഒമാൻ്റെ  98.08 ശതമാനം താരിഫ് ലൈനുകളേയും ഇന്ത്യയുടെ വ്യാപാര മൂല്യത്തിൻ്റെ  (2022–23 ശരാശരി പ്രകാരം) 99.38 ശതമാനത്തേയും ഉൾക്കൊള്ളുന്നു. ഈ സീറോ-ഡ്യൂട്ടി ആനുകൂല്യങ്ങളെല്ലാം കരാർ നിലവിൽ വരുന്ന ആദ്യ ദിവസം മുതൽ ബാധകമാകും, ഇത് കയറ്റുമതി ചെയ്യുന്നവർക്ക് ഉടനടി ഉറപ്പുള്ള ആനുകൂല്യങ്ങൾ നല്കുന്നു.

നിലവിൽ, എം.എഫ്.എൻ വ്യവസ്ഥ പ്രകാരം ഇന്ത്യയുടെ കയറ്റുമതി മൂല്യത്തിൻ്റെ 15.33 ശതമാനവും താരിഫ് ലൈനുകളുടെ 11.34 ശതമാനവും (2022–24 ശരാശരി) മാത്രമേ സീറോ-ഡ്യൂട്ടിയിൽ ഒമാൻ വിപണിയിൽ പ്രവേശിക്കുന്നുള്ളൂ. സിഇപിഎ  നിലവിൽ വരുന്നതോടെ, മുൻപ് അഞ്ച് ശതമാനം വരെ നികുതി നേരിട്ടിരുന്ന ഏകദേശം 3.64 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ഇന്ത്യൻ കയറ്റുമതിക്ക് വിലയിലെ മത്സരക്ഷമതയിലൂടെ ഗണ്യമായ നേട്ടം കൈവരിക്കാൻ  സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ധാതുക്കൾ, രാസവസ്തുക്കൾ, അടിസ്ഥാന ലോഹങ്ങൾ, യന്ത്രസാമഗ്രികൾ, പ്ലാസ്റ്റിക്കുകൾ, റബ്ബർ, ഗതാഗതം, ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങൾ, ഉപകരണങ്ങൾ, ഘടികാരങ്ങൾ, ഗ്ലാസ്, സെറാമിക്സ്, മാർബിൾ, പേപ്പർ, തുണിത്തരങ്ങൾ, കാർഷിക- സംസ്കരിച്ച ഭക്ഷ്യ ഉൽപ്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഈ കരാർ കയറ്റുമതി അവസരങ്ങൾ തുറക്കുന്നു.

കാര്യക്ഷമമായ നിയന്ത്രണ നടപടിക്രമങ്ങൾ, കുറഞ്ഞ പാലിക്കൽ നിബന്ധനകൾ, വേഗത്തിലുള്ള വിപണി പ്രവേശനം എന്നിവയുടെ പിന്തുണയോടെ, ഒമാൻ്റെ  28 ബില്യൺ യുഎസ് ഡോളറിലധികം വരുന്ന  ഇറക്കുമതി വിപണിയിൽ ഇന്ത്യയ്ക്ക് മികച്ച പ്രവേശനം ലഭിക്കുന്നു. ഇത് ഒന്നിലധികം ഉൽപ്പന്ന വിഭാഗങ്ങളിൽ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാരെ പ്രാപ്തരാക്കും.

 

ഇന്ത്യയുടെ വിപണി പ്രവേശന വാഗ്ദാനങ്ങളും സുരക്ഷാ സംവിധാനങ്ങളും  

സിഇപിഎ പ്രകാരം ഇരുരാജ്യങ്ങളും നികുതി ഇളവുകൾ നല്കാത്ത എല്ലാ ഇനങ്ങളും ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ആകെ താരിഫ് ലൈനുകളുടെ (12,556) 77.79 ശതമാനത്തിനും നികുതി ഉദാരവൽക്കരണത്തിന് ഇന്ത്യ തയ്യാറായിട്ടുണ്ട്. ഇത് ഒമാനിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി മൂല്യത്തിൻ്റെ  94.81 ശതമാനത്തെ ഉൾക്കൊള്ളുന്നു. അതേസമയം തന്നെ, ഇന്ത്യ നിരവധി താരിഫ് ലൈനുകളെ എക്സ്ക്ലൂഷൻ ലിസ്റ്റിൽ നിലനിർത്തിയിട്ടുണ്ട്. പ്രധാന ആഭ്യന്തര മേഖലകളേയും സെൻസിറ്റീവ് മൂല്യ ശൃംഖല വ്യവസായങ്ങളേയും സംരക്ഷിക്കാനും നിർമ്മാണ മേഖലയിലെ മത്സരക്ഷമതയും കർഷക താൽപ്പര്യങ്ങളും കാത്തുസൂക്ഷിക്കാനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.

പ്രധാന ആഭ്യന്തര മേഖലകൾ: ഗതാഗത ഉപകരണങ്ങൾ, പ്രധാന രാസവസ്തുക്കൾ, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കാപ്പി, തേയില, മൃഗങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ.


സെൻസിറ്റീവ് മൂല്യ ശൃംഖല വ്യവസായങ്ങൾ: റബ്ബർ, ലെതർ, തുണിത്തരങ്ങൾ, പാദരക്ഷകൾ, പെട്രോളിയം ഓയിലുകൾ, ധാതു അധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.


പ്രധാന കാർഷിക ഉൽപ്പന്നങ്ങൾ: പാലുൽപ്പന്നങ്ങൾ, എണ്ണക്കുരുകൾ, ഭക്ഷ്യ എണ്ണകൾ, തേൻ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ.

 

സിഇപിഎ- യുടെ മേഖല തിരിച്ചുള്ള സ്വാധീനം


എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ

യന്ത്രസാമഗ്രികൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഓട്ടോമൊബൈലുകൾ, ഇരുമ്പ്, ഉരുക്ക്, നോൺ-ഫെറസ് ലോഹങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ എഞ്ചിനീയറിംഗ് കയറ്റുമതിയുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമാണ് ഒമാൻ. 2024–25 സാമ്പത്തിക വർഷത്തിൽ ഈ മേഖലയിലെ കയറ്റുമതി 875.83 മില്യൺ യുഎസ് ഡോളറിലെത്തി.

. സിഇപിഎ പ്രകാരം, എല്ലാ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾക്കും സീറോ-ഡ്യൂട്ടി വിപണി പ്രവേശനം ലഭിക്കുന്നു. ഇത് മുമ്പുണ്ടായിരുന്ന 0–5 ശതമാനം എംഎഫ്എൻ നികുതികൾക്ക് പകരമാവുകയും ഇന്ത്യൻ കയറ്റുമതിക്കാരുടെ വിലയിലെ മത്സരക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

. നികുതി ഒഴിവാക്കുന്നതിലൂടെയും മെച്ചപ്പെട്ട വിപണി പ്രവേശനത്തിലൂടെയും, ഒമാനിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി 2030- ഓടെ 1.3–1.6 ബില്യൺ യുഎസ് ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വളർച്ചാ വേഗത വീണ്ടെടുക്കാൻ സഹായിക്കും

. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ ഉപയോഗിക്കുന്ന ഇരുമ്പ്-ഉരുക്ക് ഉൽപ്പന്നങ്ങൾ, ഒമാൻ്റെ  വൈവിധ്യവൽക്കരണത്തിന് പിന്തുണ നല്കുന്ന ഇലക്ട്രിക്-വ്യവസായ യന്ത്രസാമഗ്രികൾ, അഞ്ച് ശതമാനം നികുതി നീക്കം ചെയ്തതോടെ മോട്ടോർ വാഹനങ്ങൾ, ഇലക്ട്രിക്കൽ-നിർമ്മാണ ആവശ്യങ്ങൾക്കുള്ള ചെമ്പ് ഉൽപ്പന്നങ്ങൾ എന്നിവയിൽ പ്രധാന നേട്ടങ്ങൾ പ്രതീക്ഷിക്കുന്നു.

. ഇരുമ്പ്, ഉരുക്ക്, യന്ത്രസാമഗ്രികൾ എന്നീ വിഭാഗങ്ങളിലുള്ള എം.എസ്.എം.ഇകൾക്ക്  ഈ കരാർ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒമാൻ്റെ വ്യവസായ, അടിസ്ഥാന സൗകര്യ വിതരണ ശൃംഖലകളിലേക്ക് കൂടുതൽ വിപുലീകരണവും ആഴത്തിലുള്ള സംയോജനവും സാധ്യമാക്കുന്നതിലൂടെ ഈ കരാർ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

. വാഹനങ്ങൾ, വാഹന നിർമ്മാണവുമായി ബന്ധപ്പെട്ട ഘടകങ്ങൾ, വ്യാവസായിക ഉപകരണങ്ങൾ എന്നിവയിലെ നികുതി ഒഴിവാക്കൽ നിർമ്മാണം, ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം, ടെക്സ്റ്റൈൽസ്, കെമിക്കൽസ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള ആവശ്യകതയെ പിന്തുണയ്ക്കുന്നു.


യുഎസ്, യൂറോപ്യൻ യൂണിയൻ, മെക്സിക്കോ തുടങ്ങിയ വിപണികളിൽ ആഗോള സംരക്ഷണവാദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,  ഇന്ത്യൻ എഞ്ചിനീയറിംഗ് കയറ്റുമതിക്കാർക്ക് സ്ഥിരതയുള്ള ഒരു ബദൽ വിപണിയും തന്ത്രപരമായ വൈവിധ്യവൽക്കരണവും ഒമാൻ വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം ജിസിസിയിലേക്കും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും കൂടുതൽ പ്രവേശനം ലഭിക്കാനും ഇത് സഹായിക്കുന്നു.

 

ഫാർമസ്യൂട്ടിക്കൽസ്

2024-ൽ ഒമാൻ്റെ ഫാർമസ്യൂട്ടിക്കൽ വിപണിയുടെ മൂല്യം 302.84 മില്യൺ യുഎസ് ഡോളറായിരുന്നു. ഇത് 6.6 ശതമാനം വാർഷിക വളർച്ചാ നിരക്കിൽ (CAGR) 2031-ഓടെ 473.71 മില്യൺ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിപണി ഇപ്പോഴും ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നതിനാൽ വിദേശ വിതരണക്കാർക്ക് ഇവിടെ വലിയ ഡിമാൻഡുണ്ട്.

. സിഇപിഎ പ്രകാരം, പ്രധാനപ്പെട്ട പൂർത്തിയായ മരുന്നുകൾക്കും വാക്സിനുകൾക്കും നികുതി രഹിത പ്രവേശനം ഉറപ്പാക്കുന്നു. ഇത് പൊതു-സ്വകാര്യ മേഖലകളിലെ മരുന്ന് സംഭരണത്തിൽ മത്സരക്ഷമത വർദ്ധിപ്പിക്കുന്നു. കൂടാതെ പെൻസിലിൻ, സ്ട്രെപ്റ്റോമൈസിൻ, ടെട്രാസൈക്ലിൻ, എറിത്രോമൈസിൻ എന്നിവയുൾപ്പെടെയുള്ള പ്രധാന മരുന്ന് ചേരുവകൾക്ക്  നികുതി ഒഴിവാക്കിയത് സീറോ-ഡ്യൂട്ടി പ്രവേശനം  നല്കുന്നു. ഇത് വില സ്ഥിരതയ്ക്കും ദീർഘകാല വിതരണ കരാറുകൾക്കും സഹായകമാകും.

. യുഎസ് എഫ്ഡിഎ (USFDA), ഇഎംഎ (EMA), യുകെ എംഎച്ച്ആർഎ (UK MHRA), ടിജിഎ (TGA) തുടങ്ങിയ അംഗീകൃത കർശന നിയന്ത്രണ അതോറിറ്റികൾ അംഗീകരിച്ച മരുന്നുകൾക്ക് ഈ കരാറിലൂടെ വേഗത്തിലുള്ള നിയന്ത്രണ അനുമതികൾ ലഭിക്കും. ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ മുൻകൂട്ടിയുള്ള പരിശോധനകൾ കൂടാതെ തന്നെ 90 ദിവസത്തിനുള്ളിൽ മാർക്കറ്റിംഗ് അനുമതി ലഭിക്കാൻ ഇവയ്ക്ക്  അർഹതയുണ്ട്. പരിശോധനകൾ ആവശ്യമുള്ള സന്ദർഭങ്ങളിൽ 270 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അനുമതി നല്കാനാണ് ലക്ഷ്യമിടുന്നത്.

.  മികച്ച നിർമ്മാണ രീതികൾ (GMP) സർട്ടിഫിക്കറ്റുകളും പരിശോധനാ ഫലങ്ങളും അംഗീകരിക്കുന്നത് വഴിയും, ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് തന്നെ സ്റ്റബിലിറ്റി നിബന്ധനകൾ ലഘൂകരിക്കുന്നതിലൂടെയും ബിസിനസ്സ് ചെലവുകളും അനുമതികൾ ലഭിക്കുന്നതിനുള്ള സമയവും കുറയ്ക്കുന്നു. പ്രാദേശിക വിപണി സാഹചര്യങ്ങൾക്കും പൊതുജനാരോഗ്യ മുൻഗണനകൾക്കും അനുസൃതമായി വില നിശ്ചയിക്കുന്നതിലൂടെ ഒമാൻ വിപണിയിൽ മിതമായ നിരക്കിൽ സുസ്ഥിരമായ മരുന്ന് വിതരണം ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.

 

സമുദ്രോൽപ്പന്നങ്ങൾ

2022-24 കാലയളവിൽ ഒമാൻ്റെ മൊത്തം സമുദ്രോൽപ്പന്ന ഇറക്കുമതി 118.91 മില്യൺ ഡോളറായിരുന്നു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി വെറും 7.75 മില്യൺ ഡോളർ മാത്രമായിരുന്നു, ഇത് കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള വലിയ സാധ്യതയെ സൂചിപ്പിക്കുന്നു.കൊഞ്ച്, മത്സ്യം തുടങ്ങിയ ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങൾ ഒമാനിലേക്ക് കൂടുതൽ കയറ്റുമതി ചെയ്യാൻ ഇന്ത്യയും ഒമാനും തമ്മിലുള്ള സിഇപിഎ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

. സിഇപിഎ പ്രകാരം, സമുദ്രോൽപ്പന്നങ്ങൾക്ക് ഒമാനിൽ ഉടനടി നികുതി രഹിത പ്രവേശനം ലഭിക്കും. ഇത് മുൻപുണ്ടായിരുന്ന 0 മുതൽ 5 ശതമാനം വരെയുള്ള ഇറക്കുമതി തീരുവയ്ക്ക് പകരമാവുകയും ഇന്ത്യൻ കയറ്റുമതിക്കാർക്ക് പെട്ടെന്നുള്ള വില മത്സരക്ഷമത നല്കുകയും ചെയ്യുന്നു.

. സമുദ്രോൽപ്പന്ന മേഖല തൊഴിൽ അധിഷ്ഠിതമായതിനാൽ, വിപണി പ്രവേശനം വിപുലീകരിക്കുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്, പ്രത്യേകിച്ച് തീരദേശ മേഖലകളിലും അനുബന്ധ സംസ്കരണ പ്രവർത്തനങ്ങളിലും വലിയ സാധ്യതകൾ നല്കുന്നു.

ഉൽപ്പന്നങ്ങൾ തിരിച്ചുള്ള കണക്കുകൾ  പരിശോധിച്ചാൽ പ്രധാന വിഭാഗങ്ങളിൽ ഇന്ത്യയുടെ കയറ്റുമതി സാധ്യതകൾ ഇനിയും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 2024-ൽ ഇന്ത്യ 3.63 ബില്യൺ ഡോളറിൻ്റെ വനാമി കൊഞ്ച് (വെള്ളക്കാലൻ കൊഞ്ച്) ആഗോളതലത്തിൽ കയറ്റുമതി ചെയ്തപ്പോൾ ഒമാനിലേക്കുള്ള കയറ്റുമതി വെറും 0.68 മില്യൺ ഡോളർ മാത്രമായിരുന്നു. അതുപോലെ,  270.73 മില്യൺ ഡോളറിൻ്റെ ശീതീകരിച്ച കണവ ആഗോളതലത്തിൽ കയറ്റുമതി ചെയ്തതിൽ ഒമാനിലേക്കുള്ള വിഹിതം 0.36 മില്യൺ ഡോളർ മാത്രമാണ്.

 

കൃഷിയും സംസ്കരിച്ച ഭക്ഷണസാധനങ്ങളും

ഒമാൻ്റെ കാർഷിക ഇറക്കുമതി 2020-ലെ 4.51 ബില്യൺ ഡോളറിൽ നിന്ന് 2024-ൽ 5.97 ബില്യൺ ഡോളറായി വർദ്ധിച്ചു. ഇത് 7.29 ശതമാനം വാർഷിക വളർച്ചാ നിരക്ക് (CAGR) രേഖപ്പെടുത്തുന്നു. 2024-ലെ കണക്കനുസരിച്ച്, ഒമാൻ്റെ മൊത്തം കാർഷിക ഇറക്കുമതിയുടെ 10.24 ശതമാനം വിഹിതവുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഇതേ കാലയളവിൽ, ഒമാനിലേക്കുള്ള ഇന്ത്യയുടെ കാർഷിക കയറ്റുമതി 364.67 മില്യൺ ഡോളറിൽ നിന്ന്   556.34 മില്യൺ ഡോളറായി ഉയർന്നു, ഇത് 11.14 ശതമാനമെന്ന ശക്തമായ വാർഷിക വളർച്ചാ നിരക്ക് കാണിക്കുന്നു.

എപിഇഡിഎ (APEDA) പട്ടികയിലുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതി 299.49 മില്യൺ ഡോളറിൽ നിന്ന് 477.33 മില്യൺ ഡോളറായി വർദ്ധിച്ചു (12.36 ശതമാനം വളർച്ച). ബസുമതി അരി, പുഴുങ്ങലരി (പാർബോയിൽഡ് അരി), നേന്ത്രപ്പഴം, ഉരുളക്കിഴങ്ങ്, സവാള, സോയാബീൻ മീൽ, മധുര ബിസ്‌ക്കറ്റുകൾ, കശുവണ്ടി പരിപ്പ്, മിശ്രിത സുഗന്ധവ്യഞ്ജനക്കൂട്ടുകൾ, വെണ്ണ, ഫിഷ് ബോഡി ഓയിൽ, ചെമ്മീൻ തീറ്റ, എല്ലില്ലാത്ത ശീതീകരിച്ച മാട്ടിറച്ചി, വിരിയിക്കാനുപയോഗിക്കുന്ന മുട്ടകൾ എന്നിവയാണ് പ്രധാന കയറ്റുമതി ഇനങ്ങൾ.

 

കാർഷിക ഉൽപ്പന്നങ്ങളിലെ പ്രധാന നേട്ടങ്ങൾ

എല്ലില്ലാത്ത മാട്ടിറച്ചി: നികുതിരഹിത പ്രവേശനം ഈ മേഖലയിൽ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുന്നു. ഒമാൻ്റെ 68.27 മില്യൺ  ഡോളർ വരുന്ന ഇറക്കുമതി വിപണിയിൽ 94.3 ശതമാനം വിഹിതം ഇന്ത്യയ്ക്കാണ്.

പച്ചമുട്ട:  സീറോ-ഡ്യൂട്ടി പ്രവേശനം ഇന്ത്യയുടെ 98.3 ശതമാനം വിപണി വിഹിതം നിലനിർത്താൻ സഹായിക്കുന്നു. മുട്ട കയറ്റുമതിയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിപണിയായി ഒമാൻ മാറുന്നു.

മധുര ബിസ്‌ക്കറ്റുകൾ: നികുതിരഹിത പ്രവേശനം ഒമാൻ്റെ  8.05 മില്യൺ ഡോളർ വരുന്ന ബിസ്‌ക്കറ്റ് വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ശക്തമാക്കുന്നു. തുർക്കി, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളോടുള്ള മത്സരത്തിൽ ഇത് ഇന്ത്യയ്ക്ക് കരുത്തേകും.

വെണ്ണ: അഞ്ച് ശതമാനം നികുതി ഒഴിവാക്കുന്നത് 5.75 മില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യൻ കയറ്റുമതിക്ക് വിലയിൽ കൂടുതൽ മത്സരക്ഷമത നല്കുന്നു. ഡെന്മാർക്ക്, സൗദി അറേബ്യ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളേക്കാൾ മുൻതൂക്കം നേടാൻ ഇത് ഇന്ത്യയെ സഹായിക്കും.

പ്രകൃതിദത്ത തേൻ : നികുതി ഒഴിവാക്കിയത് ഒമാൻ്റെ  6.61 മില്യൺ  ഡോളർ വരുന്ന തേൻ വിപണിയിൽ ഇന്ത്യയുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നു. നിലവിൽ 19.2 ശതമാനം വിപണി വിഹിതമുള്ള ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയ, ചൈന, സൗദി അറേബ്യ എന്നീ രാജ്യങ്ങളെ മറികടക്കാൻ ഇത് സഹായകമാകും.

മിശ്രിത സുഗന്ധവ്യഞ്ജനക്കൂട്ടുകളും രുചിക്കൂട്ടുകളും: നികുതി രഹിത പ്രവേശനം ഒമാൻ്റെ 40.02 മില്യൺ  ഡോളർ വിപണിയിൽ ഇന്ത്യയുടെ 14.1 ശതമാനം വിഹിതം വർദ്ധിപ്പിക്കുന്നു. ഇത് ഇന്ത്യയെ അമേരിക്കയ്ക്ക് തുല്യമായ സ്ഥാനത്തെത്തിക്കുകയും സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളെക്കാൾ മുന്നിലെത്തിക്കുകയും ചെയ്യും.


അതേസമയം, ആഭ്യന്തര കർഷകരേയും തന്ത്രപ്രധാനമായ കാർഷിക താല്‍പ്പര്യങ്ങളേയും സംരക്ഷിക്കുന്നതിനായി ഇന്ത്യ കൃത്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. പാൽ ഉൽപ്പന്നങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, തേൻ തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളെ ഉടനടിയുള്ള നികുതി ഇളവുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 


 

അഞ്ചു മുതൽ പത്ത് വർഷം വരെയുള്ള ഘട്ടം ഘട്ടമായുള്ള നികുതി ഒഴിവാക്കൽ

മധുര ബിസ്‌ക്കറ്റുകൾ, റസ്ക്, ടോസ്റ്റ് ചെയ്ത ബ്രഡ്, പേസ്ട്രി, കേക്കുകൾ, പപ്പടം, വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം  തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട സംസ്കരിച്ച ഉൽപ്പന്നങ്ങളുടെ നികുതി 5 മുതൽ 10 വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി മാത്രമേ ഒഴിവാക്കുകയുള്ളൂ. ഇത് ഭക്ഷ്യസുരക്ഷയും ആഭ്യന്തര കാർഷിക താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതോടൊപ്പം കയറ്റുമതി വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

 

ഇലക്ട്രോണിക്സ്

2024-ൽ ഒമാൻ 3 ബില്യൺ ഡോളറിൻ്റെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ, ഇന്ത്യയുടെ കയറ്റുമതി വെറും 123 മില്യൺ ഡോളർ മാത്രമായിരുന്നു. ഇത് ഈ മേഖലയിൽ ഇന്ത്യയ്ക്ക് വലിയ വളർച്ചാ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്നു. സ്മാർട്ട്ഫോണുകൾ, ഫോട്ടോവോൾട്ടെയ്ക് സെല്ലുകൾ, ടെലികോം ഉപകരണങ്ങളും ഭാഗങ്ങളും, ഇലക്ട്രിക് കൺട്രോൾ അല്ലെങ്കിൽ ഡിസ്ട്രിബ്യൂഷനുള്ള ബോർഡുകളും കാബിനറ്റുകളും, സ്റ്റാറ്റിക് കൺവെർട്ടറുകൾ എന്നിവയാണ് പ്രധാന ഇറക്കുമതി വിഭാഗങ്ങൾ.

ഇന്ത്യ നിലവിൽ സ്മാർട്ട്ഫോണുകൾ, സ്റ്റാറ്റിക് കൺവെർട്ടറുകൾ, ബോർഡുകൾ, കാബിനറ്റുകൾ എന്നിവ  ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിൽ അവസാനത്തെ രണ്ട് വിഭാഗങ്ങളിലാണ് ഇന്ത്യയ്ക്ക് കൂടുതൽ സ്വാധീനമുള്ളത്. ഭൂരിഭാഗം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും ഇപ്പോൾ തന്നെ ഇറക്കുമതി നികുതി പൂജ്യം ശതമാനമാണ്. എന്നാൽ സിഇപിഎ പ്രാബല്യത്തിൽ വരുന്നതോടെ ബാക്കിയുള്ള ഇനങ്ങളായ ബോർഡുകൾ, കാബിനറ്റുകൾ, സ്റ്റാറ്റിക് കൺവെർട്ടറുകൾ, ടെലിവിഷൻ റിസപ്ഷൻ ഉപകരണങ്ങൾ എന്നിവയ്ക്കും നികുതി പൂജ്യമാകും. ഇത് നികുതി നിരക്കുകളിൽ കൃത്യത ഉറപ്പാക്കാൻ സഹായിക്കും. ഏകദേശം രണ്ട് ബില്യൺ ഡോളറോളം വരുന്ന ഒമാനിലെ പ്രധാന ഇലക്ട്രോണിക്സ് വിപണി ലക്ഷ്യമിട്ട്, ഉയർന്ന സാധ്യതയുള്ള മേഖലകളിൽ വിപണി വിഹിതം ക്രമേണ വർദ്ധിപ്പിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഇതിലൂടെ സാധിക്കും.

 

രാസവസ്തുക്കൾ

2024-ൽ ഒമാൻ 3.13 ബില്യൺ ഡോളറിൻ്റെ രാസവസ്തുക്കൾ ഇറക്കുമതി ചെയ്തപ്പോൾ, ഇന്ത്യയുടെ കയറ്റുമതി 169.41 മില്യൺ ഡോളർ മാത്രമായിരുന്നു. ഇത് ഈ മേഖലയിൽ ഇന്ത്യയ്ക്ക് വലിയ വിപണി സാധ്യതകൾ ഉണ്ടെന്ന് വ്യക്തമാക്കുന്നു.

. സിഇപിഎ പ്രകാരം അജൈവ രാസവസ്തുക്കൾ , ജൈവ രാസവസ്തുക്കൾ , മറ്റ് രാസ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഭാഗങ്ങൾക്ക് ഉടനടി നികുതിരഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. നേരത്തെ നിലനിന്നിരുന്ന 5 ശതമാനം നികുതി ഒഴിവാക്കുന്നത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് മികച്ച ലാഭവിഹിതവും വിപണിയിൽ കൃത്യതയും ഉറപ്പാക്കുന്നു.

. ഡൈകൾ,  ടാനിംഗ് എക്സ്ട്രാക്റ്റുകൾ, സോപ്പുകൾ, സർഫസ്-ആക്റ്റീവ് ഏജൻ്റുകൾ, എസൻഷ്യൽ ഓയിലുകൾ, മറ്റ് വ്യാവസായിക മിശ്രിതങ്ങൾ എന്നിവയുൾപ്പെടെയുള്ള രാസവസ്തുക്കൾക്ക് 5 ശതമാനം വരെ നികുതിയിളവ് ലഭിക്കും. ഇത് മറ്റ് സ്വതന്ത്ര വ്യാപാര കരാറുകൾ (FTA) ഇല്ലാത്ത രാജ്യങ്ങളേക്കാൾ ഇന്ത്യയ്ക്ക് വിലയിൽ മുൻതൂക്കം നല്കുന്നു.

. പെട്രോകെമിക്കൽസ്, ഹരിത ഹൈഡ്രജൻ എന്നീ മേഖലകളിലും ഗൾഫ്, ആഫ്രിക്കൻ വിപണികളുമായി ബന്ധപ്പെട്ട മൂല്യശൃംഖലകളിലും ദീർഘകാല സഹകരണത്തിന് ഈ കരാർ വഴിയൊരുക്കുന്നു. വ്യാവസായിക ആവശ്യങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത, സംയുക്ത വ്യവസായ സംരംഭങ്ങൾ , ഹരിത അസംസ്‌കൃത വസ്തുക്കൾ എന്നിവയ്ക്കുള്ള അവസരം ഒമാൻ വാഗ്ദാനം ചെയ്യുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക സഹകരണം കൂടുതൽ ശക്തമാകും

ഇന്ത്യയുടെ ആഗോള രാസവസ്തു കയറ്റുമതി 40.48 ബില്യൺ യുഎസ് ഡോളറാണെന്നിരിക്കെ, ഒമാനിലേക്കുള്ള കയറ്റുമതിയിലുണ്ടാകുന്ന ചെറിയ വർദ്ധന  പോലും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും, പ്രത്യേകിച്ച് ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക്.


തുണിത്തരങ്ങൾ

2024-ൽ ഒമാൻ്റെ മൊത്തം ടെക്സ്റ്റൈൽ ഇറക്കുമതി 597.9 മില്യൺ യുഎസ് ഡോളറായിരുന്നു. അതേസമയം , ഇന്ത്യയുടെ കയറ്റുമതി 131.8 മില്യൺ ഡോളറിലെത്തിയതോടെ ഒമാനിലെ ഇന്ത്യൻ വിഹിതം 22 ശതമാനമായി ഉയർന്നു, 2023-ൽ ഇത് 9.3 ശതമാനം മാത്രമായിരുന്നു.

. സിഇപിഎ പ്രകാരം, മുൻപ് 5 ശതമാനം വരെ ഇറക്കുമതി തീരുവ നേരിട്ടിരുന്ന ഇന്ത്യൻ ടെക്സ്റ്റൈൽ-അപ്പാരൽ ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ നികുതി രഹിത വിപണി പ്രവേശനം ലഭിക്കുന്നു. ഇത് വിലയിലെ മത്സരക്ഷമത നേരിട്ട് വർദ്ധിപ്പിക്കുകയും കയറ്റുമതിയുടെ അളവ് കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു.

. റെഡിമെയ്ഡ് വസ്ത്രങ്ങൾ (87.0 മില്യൺ ഡോളർ), മെയ്ഡ്-അപ്പുകൾ (17.4 മില്യൺ ഡോളർ), എം.എം.എഫ് തുണിത്തരങ്ങൾ (11.2 മില്യൺ ഡോളർ), ചണ ഉൽപ്പന്നങ്ങൾ (7.3 മില്യൺ ഡോളർ) എന്നിവയാണ് വളർച്ചയ്ക്ക് സാധ്യതയുള്ള പ്രധാന വിഭാഗങ്ങൾ.

. നികുതി രഹിത പ്രവേശനം റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഹോം ടെക്സ്റ്റൈൽസ്, പരവതാനികൾ, ചണം, സിൽക്ക് ഉൽപ്പന്നങ്ങൾ തുടങ്ങിയ തൊഴിൽ അധിഷ്ഠിത മേഖലകളിൽ ചൈന, ബംഗ്ലാദേശ്, തുർക്കി, യു.എ.ഇ എന്നീ പ്രമുഖ വിതരണക്കാരുമായി മത്സരിക്കാൻ ഇന്ത്യയെ ശക്തിപ്പെടുത്തുന്നു.

വർദ്ധിച്ചുവരുന്ന കയറ്റുമതി ഇന്ത്യയിലെ പ്രധാന ടെക്സ്റ്റൈൽ ക്ലസ്റ്ററുകളായ തിരുപ്പൂർ, സൂറത്ത്, ലുധിയാന, പാനിപ്പത്ത്, കോയമ്പത്തൂർ, കരൂർ, ഭദോഹി, മൊറാദാബാദ്, ജയ്പൂർ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഉത്പാദനത്തിനും തൊഴിലിനും വലിയ പിന്തുണ നല്കുമെന്ന് പ്രതീക്ഷിക്കുന്നു. സോഹാർ, ദുക്കം, സലാല തുടങ്ങിയ ലോജിസ്റ്റിക് ഹബ്ബുകളുടെ സഹായത്തോടെ ഒമാൻ വിപണിയിലേക്കുള്ള മികച്ച പ്രവേശനം ജി.സി.സി, കിഴക്കൻ ആഫ്രിക്കൻ വിപണികളിലേക്കുള്ള ഒരു പ്രവേശന കവാടമായി ഉപയോഗിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാരെ പ്രാപ്തരാക്കും.

 

പ്ലാസ്റ്റിക് മേഖല

ഇന്ത്യയുടെ ആഗോള പ്ലാസ്റ്റിക് കയറ്റുമതി 2024-ൽ 8.11 ബില്യൺ ഡോളറിലെത്തി. ഇത് ഇന്ത്യയുടെ ശക്തമായ ഉത്പാദന ശേഷിയേയും കയറ്റുമതി സജ്ജതയേയുമാണ് സൂചിപ്പിക്കുന്നത്. സിഇപിഎ - യ്ക്ക് കീഴിലുള്ള നികുതി രഹിത പ്രവേശനം, FTA  കരാറില്ലാത്ത മറ്റ് രാജ്യങ്ങളിലെ വിതരണക്കാരെ അപേക്ഷിച്ച് 5 ശതമാനം വരെ വ്യക്തമായ വില നേട്ടം ഇന്ത്യൻ വിതരണക്കാർക്ക് നല്കുന്നു.

. സിഇപിഎ പ്രകാരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ഒമാനിലേക്ക് നേരിട്ട് നികുതിയില്ലാതെ കയറ്റുമതി ചെയ്യാം. മുമ്പ് നിലവിലുണ്ടായിരുന്ന 5 ശതമാനം ഇറക്കുമതി തീരുവ ഒഴിവായതോടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിപണിയിൽ കൂടുതൽ മത്സരക്ഷമത കൈവരിക്കാനായി.

. ഇന്ത്യയുടെ പ്ലാസ്റ്റിക് മേഖല പ്രധാനമായും ചെറുകിട-ഇടത്തരം സംരംഭങ്ങളെ (MSME) ആശ്രയിച്ചായതിനാൽ, ഒമാൻ വിപണിയിലേക്കുള്ള ഈ പ്രവേശനം എല്ലാവരേയും ഉൾക്കൊള്ളുന്ന കയറ്റുമതി വളർച്ചയ്ക്കും തൊഴിൽ അധിഷ്ഠിത നിർമ്മാണ ക്ലസ്റ്ററുകൾക്കും കരുത്തേകും


2024-ൽ ഒമാൻ്റെ ആകെ പ്ലാസ്റ്റിക് ഇറക്കുമതി 1.06 ബില്യൺ യുഎസ് ഡോളറായിരുന്നു. എന്നാൽ ഇതിൽ ഇന്ത്യയുടെ വിഹിതം വെറും 89.39 മില്യൺ യുഎസ് ഡോളർ മാത്രമാണ്. ഇത് കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള വലിയ സാധ്യതയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

 

രത്നങ്ങളും ആഭരണങ്ങളും

പ്രതിവർഷം 29 ബില്യൺ ഡോളറിലധികം കയറ്റുമതിയുള്ള ഇന്ത്യ ഈ മേഖലയിലെ ആഗോള ശക്തിയാണ്. അതേസമയം, ഒമാൻ പ്രതിവർഷം ഏകദേശം 1.07 ബില്യൺ ഡോളറിൻ്റെ രത്നങ്ങളും ആഭരണങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്, ഇത് ഉപയോഗപ്പെടുത്താത്ത വലിയൊരു വിപണി സാധ്യതയെ സൂചിപ്പിക്കുന്നു. 2024-ൽ ഒമാനിലേക്കുള്ള ഇന്ത്യയുടെ ആഭരണ കയറ്റുമതി 35 മില്യൺ ഡോളറായിരുന്നു. ഇതിൽ 24.4 മില്യൺ
യുഎസ് ഡോളറിൻ്റെ പോളിഷ് ചെയ്ത പ്രകൃതിദത്ത വജ്രങ്ങളും 10 മില്യൺ യുഎസ് ഡോളറിൻ്റെ സ്വർണ്ണാഭരണങ്ങളും ഉൾപ്പെടുന്നു.

. നികുതി രഹിത പ്രവേശനത്തോടെ, ഒമാൻ വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് വജ്രങ്ങൾ, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ, പ്ലാറ്റിനം, ഇമിറ്റേഷൻ ആഭരണങ്ങൾ തുടങ്ങിയ മേഖലകളിൽ വലിയ വളർച്ചാ സാധ്യതയുണ്ട്.

. എല്ലാ ഇന്ത്യൻ രത്ന-ആഭരണ ഉൽപ്പന്നങ്ങൾക്കും മേലുണ്ടായിരുന്ന 5 ശതമാനം വരെയുള്ള ഇറക്കുമതി തീരുവ ഒഴിവാക്കി. ഇത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിപണി പ്രവേശനവും വിലയിലെ മത്സരക്ഷമതയും ഗണ്യമായി മെച്ചപ്പെടുത്തുന്നു.

. മെച്ചപ്പെട്ട വിപണി പ്രവേശനം പശ്ചിമ ബംഗാൾ, തമിഴ്‌നാട്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈദഗ്ധ്യവും അധ്വാനവും ആവശ്യമായ നിർമ്മാണ മേഖലയുമായുള്ള ഈ വിഭാഗത്തിൻ്റെ  ശക്തമായ ബന്ധത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

ഇറ്റലി, തുർക്കി, തായ്‌ലൻഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇപ്പോഴും നികുതി നിലനിൽക്കുന്നുണ്ട്. അതിനാൽ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലഭിക്കുന്ന മുൻതൂക്കം മൂലം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കയറ്റുമതി 150 മില്യൺ ഡോളർ വരെ വർദ്ധിക്കുമെന്ന് വ്യവസായ രംഗത്തെ കണക്കുകൾ സൂചിപ്പിക്കുന്നു.

 

സേവനങ്ങൾ, നിക്ഷേപം, തൊഴിൽ ചലനാത്മകത

ഇന്ത്യ-ഒമാൻ സിഇപിഎയുടെ പ്രധാന സ്തംഭമാണ് സേവന മേഖല. 2024-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സേവന വ്യാപാരം 863 മില്യൺ യുഎസ് ഡോളറായിരുന്നു. ഇതിൽ ഇന്ത്യയുടെ കയറ്റുമതി 665 മില്യൺ ഡോളറും ഇറക്കുമതി 198 മില്യൺ യുഎസ് ഡോളറുമാണ്. ഇത് ഇന്ത്യയ്ക്ക് 447 മില്യൺ ഡോളറിൻ്റെ  വ്യാപാര മിച്ചം നല്കുന്നു. ഒമാൻ്റെ  ആഗോള സേവന ഇറക്കുമതി 12.52 ബില്യൺ ഡോളറാണ്, അതിൽ ഇന്ത്യയുടെ വിഹിതം വെറും 5.31 ശതമാനം മാത്രമാണ്. ഇത് ഇന്ത്യൻ സേവന ദാതാക്കൾക്ക് ഒമാനിലുള്ള ഉപയോഗിക്കപ്പെടാത്ത ഗണ്യമായ  സാധ്യതകളെയാണ് സൂചിപ്പിക്കുന്നത്.

സിഇപിഎ പ്രകാരം, 127 സേവന ഉപമേഖലകളിൽ ഒമാൻ വിപുലമായ വിപണി പ്രവേശന വാഗ്ദാനങ്ങൾ നല്കിയിട്ടുണ്ട്. ഇത് GATS അല്ലെങ്കിൽ മികച്ച എഫ്.ടി.എ-പ്ലസ്  നിലവാരത്തിലുള്ള വാഗ്ദാനങ്ങളാണ്. ഇന്ത്യയ്ക്ക് താല്പര്യമുള്ള പ്രധാന മേഖലകളായ പ്രൊഫഷണൽ സേവനങ്ങൾ (നിയമം, അക്കൗണ്ടിംഗ്, എൻജിനീയറിംഗ്, മെഡിക്കൽ അനുബന്ധ സേവനങ്ങൾ), കമ്പ്യൂട്ടർ അനുബന്ധ സേവനങ്ങൾ, ഓഡിയോ-വിഷ്വൽ സേവനങ്ങൾ, ബിസിനസ് സേവനങ്ങളും ഗവേഷണവും, വിദ്യാഭ്യാസം, പരിസ്ഥിതി സേവനങ്ങൾ, ആരോഗ്യം, ടൂറിസം-യാത്ര അനുബന്ധ സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 


 

ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറികൾ എന്നത് ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരനെ ഒരു പ്രത്യേക ചുമതലയ്ക്കായി അവരുടെ മാതൃരാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തുള്ള ആ കമ്പനിയുടെ ബ്രാഞ്ചിലേക്കോ അനുബന്ധ സ്ഥാപനത്തിലേക്കോ സബ്സിഡിയറിയിലേക്കോ താല്ക്കാലികമായി മാറ്റുക എന്നതാണ് അർത്ഥമാക്കുന്നത്.

ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറികൾ (ICT) പരിധി 20 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തി. ഇത് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ മാനേജീരിയൽ, സ്പെഷ്യലിസ്റ്റ് ജീവനക്കാരെ ഒമാനിൽ വിന്യസിക്കാൻ സഹായിക്കും. ആദ്യമായാണ് ഒരു എഫ്‌ടി‌എ പ്രകാരം അക്കൗണ്ടിംഗ്, എൻജിനീയറിംഗ്, മെഡിക്കൽ, ഐടി, വിദ്യാഭ്യാസം, നിർമ്മാണം, കൺസൾട്ടിംഗ് എന്നീ മേഖലകളിലെ പ്രൊഫഷണലുകൾക്കായി ഒമാൻ പ്രത്യേക വാഗ്ദാനങ്ങൾ നല്കുന്നത്.

 

സേവന മേഖലയിലെ മറ്റ് പ്രധാന നേട്ടങ്ങൾ

ആരോഗ്യ, പാരമ്പര്യ വൈദ്യ സേവനങ്ങളെക്കുറിച്ചുള്ള അനുബന്ധം ലൈസൻസിംഗ്, യോഗ്യതകൾ എന്നിവയിലെ സഹകരണം, ഡിജിറ്റൽ ലൈസൻസിംഗ് പരീക്ഷകൾ, മെഡിക്കൽ വാല്യൂ ട്രാവൽ, ശേഷി വർദ്ധിപ്പിക്കൽ, ഗുണനിലവാര ഏകീകരണം പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയിലെ സംയുക്ത ഗവേഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
നിർമ്മാണ, ഇതര സേവന മേഖലകളിലെ തൊഴിൽ ചലനാത്മകത  ഇത്തരമൊരു വ്യവസ്ഥ ഒരു കരാറിൽ ഉൾപ്പെടുത്തുന്നത് ആദ്യമായാണ്. ഒമാനിലെ  ഒമാനൈസേഷൻ നയങ്ങൾക്കിടയിലും ഇന്ത്യൻ വ്യവസായ തൊഴിലാളികൾക്ക് കൃത്യമായ നിയമപരമായ വ്യക്തതയും ഉറപ്പും നല്കാൻ ഇതിലൂടെ സാധിക്കുന്നു. ഇത് നിക്ഷേപങ്ങൾക്കും സംയുക്ത സംരംഭങ്ങൾക്കും വലിയ പിന്തുണയാകും.
സാമൂഹിക സുരക്ഷാ കരാറിനെക്കുറിച്ചുള്ള (SSA) ഭാവി ചർച്ചകൾ ഇന്ത്യൻ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളുടെ തുടർച്ച ഉറപ്പാക്കാനും, രണ്ട് രാജ്യങ്ങളിലും ഒരേസമയം വിഹിതം അടയ്ക്കുന്നത് ഒഴിവാക്കാനും ഈ കരാർ ലക്ഷ്യമിടുന്നു.

 

സംസ്ഥാന, മേഖലാടിസ്ഥാനത്തിലുള്ള കയറ്റുമതി-തൊഴിൽ നേട്ടങ്ങൾ

 


 

ഇന്ത്യയുടെ കയറ്റുമതി സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യമാർന്ന ഘടനയെ പ്രതിഫലിപ്പിച്ചുകൊണ്ട്, സിഇപിഎ- യിലൂടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായ കയറ്റുമതി വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

 


 

സംസ്ഥാനാടിസ്ഥാനത്തിലുള്ള പ്രധാന കാർഷിക നേട്ടങ്ങൾ

ഉൽപ്പന്നങ്ങൾ            

സംസ്ഥാനങ്ങൾ

 മാംസം       

ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന,

ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ

മുട്ട     

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര

മധുര ബിസ്ക്കറ്റുകൾ

ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഉത്തർപ്രദേശ്

വെണ്ണ 

ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്

മിഠായികൾ

  കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര

ഉരുളക്കിഴങ്ങ് (സംസ്കരിച്ചത്)

ഗുജറാത്ത്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ,

പഞ്ചാബ്, മഹാരാഷ്ട്ര

തേൻ  

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ,

രാജസ്ഥാൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ

 

തൊഴിലധിഷ്ഠിത മേഖലകൾക്കുള്ള നേട്ടങ്ങൾ

തുണിത്തരങ്ങൾ-വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ- പാദരക്ഷകൾ, ഭക്ഷ്യ സംസ്കരണം, സമുദ്രോൽപ്പന്നങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, തിരഞ്ഞെടുത്ത എൻജിനീയറിംഗ് വിഭാഗങ്ങൾ തുടങ്ങിയ തൊഴിൽ അധിഷ്ഠിത മേഖലകൾക്ക് സിഇപിഎ ഗണ്യമായ നേട്ടങ്ങൾ നല്കുന്നു. ഈ മേഖലകൾക്ക് ശക്തമായ തൊഴിൽ ബന്ധങ്ങളുണ്ട്, കൂടാതെ ഇന്ത്യയിലുടനീളമുള്ള വലിയൊരു വിഭാഗം തൊഴിൽ ശക്തിയെ ഇവ പിന്തുണയ്ക്കുന്നു.

മിക്കവാറും എല്ലാ ഉൽപ്പന്നങ്ങൾക്കും ലഭിക്കുന്ന നികുതി രഹിത വിപണി പ്രവേശനം വഴി ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഒമാൻ വിപണിയിൽ മികച്ച വില മത്സരക്ഷമത ലഭിക്കുന്നു. ഇത് തൊഴിലധിഷ്ഠിത വ്യവസായങ്ങളിൽ വലിയ ഡിമാൻഡ് സൃഷ്ടിക്കാൻ സഹായിക്കും.

ഈ മേഖലകളിൽ പലതും പ്രധാനമായും എം.എസ്.എം.ഇ  അധിഷ്ഠിതമായതിനാൽ, സിഇപിഎ പ്രകാരമുള്ള മുൻഗണനാ പ്രവേശനം ഏഷ്യയിലേയും ജി.സി.സി- യിലേയും മറ്റ് എതിരാളികളുമായി തുല്യമായി മത്സരിക്കാൻ ഇന്ത്യയെ സഹായിക്കുന്നു. ഇത് ബിസിനസ്സ്  വിപുലീകരണത്തിനും ഉത്പാദന ശേഷി മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനും കയറ്റുമതി അധിഷ്ഠിത വളർച്ചയ്ക്കും വഴിയൊരുക്കുന്നു.

ഈ മേഖലകളിലെ ഉയർന്ന കയറ്റുമതി, തുണിത്തരങ്ങൾ, ഭക്ഷ്യ സംസ്കരണം, തുകൽ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, ചെറുകിട ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവയിലുടനീളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വരുമാന പിന്തുണ നല്കുന്നതിനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.

സംസ്കരിച്ചതും മൂല്യവർദ്ധിതവുമായ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സിഇപിഎ  എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയെ പിന്തുണയ്ക്കുകയും പ്രാദേശിക വിതരണ ശൃംഖലകളിൽ ഇന്ത്യയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

 

നിയന്ത്രണങ്ങൾ സംബന്ധിച്ച സഹകരണത്തിനുള്ള വ്യവസ്ഥകൾ


 ടി.ബി.ടി. കരാർ :  സാങ്കേതിക നിയന്ത്രണങ്ങൾ, മാനദണ്ഡങ്ങൾ, അനുരൂപീകരണ വിലയിരുത്തൽ നടപടിക്രമങ്ങൾ എന്നിവ വിവേചനരഹിതമാണെന്നും വ്യാപാരത്തിന് അനാവശ്യ തടസ്സങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും ഉറപ്പാക്കാൻ ടി.ബി.ടി. കരാർ ലക്ഷ്യമിടുന്നു.

എസ്.പി.എസ്. കരാർ : ഭക്ഷ്യസുരക്ഷ, മൃഗങ്ങളുടേയും സസ്യങ്ങളുടേയും ആരോഗ്യ പരിപാലന നിയന്ത്രണങ്ങൾ എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടതാണ് എസ്.പി.എസ്. കരാർ.


വ്യാപാരത്തിലേക്കുള്ള സാങ്കേതിക തടസ്സങ്ങൾ (TBT)ട, സാനിറ്ററി ആൻഡ് ഫൈറ്റോസാനിറ്ററി (SPS) നടപടികൾ എന്നിവയെക്കുറിച്ചുള്ള സമർപ്പിത വ്യവസ്ഥകൾ സിഇപിഎയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഒരു ചട്ടക്കൂട് ഒരുക്കുന്നു. വ്യാപാരം സുഗമമാക്കുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ, സുതാര്യത, കൺസൾട്ടേഷൻ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിന് ഈ അധ്യായങ്ങൾ ഊന്നൽ നല്കുന്നു. കൂടാതെ, എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ കൗൺസിൽ (EIC) നല്കുന്ന സർട്ടിഫിക്കറ്റുകൾ നിർബന്ധമായും സ്വീകരിക്കുന്നത് വ്യാപാരം എളുപ്പമാക്കുകയും ഒമാനിലെ തുറമുഖങ്ങളിൽ എത്തുമ്പോൾ ഇന്ത്യൻ കയറ്റുമതി ഉൽപ്പന്നങ്ങളുടെ അനാവശ്യ പരിശോധനകളും ടെസ്റ്റുകളും ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

 

മുൻഗണനാ മേഖലകളിലെ അനുരൂപീകരണ വിലയിരുത്തൽ നടപടിക്രമങ്ങളുടെ മെച്ചപ്പെടുത്തിയ ഏകീകരണം:

ഔഷധ ഉൽപ്പന്നങ്ങൾ: USFDA, EMA, UK MHRA തുടങ്ങിയ ഔദ്യോഗിക റെഗുലേറ്റർമാർ അംഗീകരിച്ച ഉൽപ്പന്നങ്ങൾക്ക് ഒമാനിൽ വേഗത്തിൽ മാർക്കറ്റിംഗ് അനുമതി ലഭിക്കും. അതോടൊപ്പം ജി.എം.പി (GMP) പരിശോധനാ രേഖകൾ സ്വീകരിക്കുന്നതിലൂടെ ഇന്ത്യൻ കയറ്റുമതിക്കാർക്ക് അനുമതി ലഭിക്കാനുള്ള സമയവും ചെലവും ഗണ്യമായി കുറയുന്നു.

ഹലാൽ, ജൈവ ഉൽപ്പന്നങ്ങൾ: ഹലാൽ സർട്ടിഫിക്കേഷൻ സംവിധാനങ്ങളും ഇന്ത്യയുടെ നാഷണൽ പ്രോഗ്രാം ഫോർ ഓർഗാനിക് പ്രൊഡക്ഷൻ (NPOP) സർട്ടിഫിക്കേഷനും സ്വീകരിക്കുന്നതിന് ഈ കരാറിൽ വ്യവസ്ഥയുണ്ട്. ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ നടപടികൾ ആവർത്തിക്കുന്നത് ഒഴിവാക്കാനും കയറ്റുമതിക്കാർക്ക് വിപണി പ്രവേശനം എളുപ്പമാക്കാനും ഇത് ലക്ഷ്യമിടുന്നു.

 

ഉപസംഹാരം

ഇന്ത്യ-ഒമാൻ സിഇപിഎ,  ചരക്ക്-സേവന വ്യാപാരം, നിക്ഷേപം, തൊഴിൽ ചലനാത്മകത, നിയന്ത്രണങ്ങൾ സംബന്ധിച്ച സഹകരണം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നു. വിപണി പ്രവേശനത്തിലും സുരക്ഷാ മുൻകരുതലുകളിലും സന്തുലിതമായ സമീപനമാണ് ഈ കരാർ പിന്തുടരുന്നത്. ഈ കരാറിലൂടെ ഉഭയകക്ഷി വ്യാപാരം വർദ്ധിക്കുമെന്നും, തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, വിതരണ ശൃംഖലകൾ ശക്തിപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, ഇന്ത്യയും ഒമാനും തമ്മിൽ കൂടുതൽ ആഴത്തിലുള്ളതും സുസ്ഥിരവുമായ സാമ്പത്തിക ബന്ധത്തിന് ഇത് പിന്തുണ നല്കുകയും ചെയ്യുന്നു.

അവലംബം:

Ministry of Commerce & Industry
https://www.pib.gov.in/PressReleasePage.aspx?PRID=2205889&reg=3&lang=2

Ministry of External Affairs

https://www.mea.gov.in/bilateral-documents.htm?dtl/40518/India++Oman+Joint+Statement+during+the+visit+of+Prime+Minister+of+India+Shri+Narendra+Modi+to+Oman+December+1718+2025
file:///C:/Users/HP/Downloads/India-Oman%20Final%20ppt%2019%20Dec%20rev.pdf

Click here to see pdf

***

(Explainer ID: 156901) आगंतुक पटल : 7
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , हिन्दी , Bengali , Kannada
Link mygov.in
National Portal Of India
STQC Certificate