Posted On:
09 JAN 2026 10:37AM
പ്രധാന വസ്തുതകള്‍
-
ദേശീയ ഡിജിറ്റൽ ലൈവ്സ്റ്റോക്ക് ദൗത്യത്തിന് കീഴിൽ 35.68 കോടിയിലധികം കന്നുകാലികൾക്ക് "പശു ആധാർ" നൽകിയത് മൃഗങ്ങളുടെ ഉടമസ്ഥാവകാശവും ആരോഗ്യവിവരങ്ങളും കൃത്യമായി കണ്ടെത്താൻ സഹായിക്കുന്നു.
-
54 പാല്‍ യൂണിയനുകളിലായി 17.3 ലക്ഷത്തിലേറെ പാലുല്പാദകർ ഓട്ടോമാറ്റിക് പാല്‍ സംഭരണ സംവിധാനത്തിൻ്റെ പ്രയോജനം നേടുന്നു. ഇത് പണമിടപാടുകളിൽ സുതാര്യതയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുന്നു.
-
വിവരാധിഷ്ഠിത തീരുമാനങ്ങൾ കൈക്കൊള്ളാനും പ്രവർത്തനങ്ങൾ വിലയിരുത്താനും 198 പാല്‍ യൂണിയനുകളും 15 ഫെഡറേഷനുകളും ഇൻ്റർനെറ്റ് അധിഷ്ഠിത പാലുല്പാദക വിവര സംവിധാനം (i-DIS) ഉപയോഗിക്കുന്നു.
-
ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പാൽ വിതരണ പാതകളുടെ ശാസ്ത്രീയ ക്രമീകരണം ഉറപ്പാക്കിയതിലൂടെ പല സംസ്ഥാനങ്ങളിലെയും സഹകരണ സംഘങ്ങൾക്ക് ഗതാഗതച്ചെലവ് ഗണ്യമായി കുറയ്ക്കാനും വിതരണക്ഷമത മെച്ചപ്പെടുത്താനും സാധിച്ചു.
ആമുഖം
ലോകത്തെ ഏറ്റവും വലിയ പാലുല്പാദക രാജ്യമായ ഇന്ത്യ ആഗോള ഉല്പാദനത്തിൻ്റെ 25 ശതമാനവും സംഭാവന ചെയ്യുന്നു. രാജ്യത്തെ ക്ഷീരമേഖലയുടെ വികാസത്തിനൊപ്പം ഉല്പാദനക്ഷമതയും സുതാര്യതയും കർഷകക്ഷേമവും മെച്ചപ്പെടുത്തുന്നതിൽ ഡിജിറ്റൽ സംവിധാനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. കർഷകരെയും സഹകരണ സംഘങ്ങളെയും ക്ഷീര മൂല്യശൃംഖലയിലെ മറ്റ് പങ്കാളികളെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങള്‍ വികസിപ്പിച്ച് ദേശീയ ക്ഷീര വികസന ബോർഡ് ഈ പരിവർത്തനത്തിന് നേതൃത്വം നൽകുന്നു. പ്രവർത്തനങ്ങളുടെ ആധുനികവൽക്കരണം, കാര്യക്ഷമതയിലെ പ്രശ്നങ്ങള്‍ ലഘൂകരിക്കല്‍, വിവരശേഖരം സുഗമമാക്കല്‍ എന്നിവയിലൂടെ ലോകത്തെ ഏറ്റവും വലിയ ക്ഷീര ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നു.
ദേശീയ ഡിജിറ്റൽ ലൈവ്സ്റ്റോക്ക് ദൗത്യം
മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിൻ്റെ സഹകരണത്തോടെ ദേശീയ ക്ഷീരവികസന ബോര്‍ഡ് നടപ്പാക്കുന്ന ദേശീയ ഡിജിറ്റൽ ലൈവ്സ്റ്റോക്ക് ദൗത്യം "ഭാരത് പശുധൻ" എന്നറിയപ്പെടുന്ന ഏകീകൃത ഡിജിറ്റൽ കന്നുകാലി ആവാസവ്യവസ്ഥയിലേക്കുള്ള സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു.
വിവരശേഖരത്തിൻ്റെ അടിസ്ഥാനത്തില്‍ കന്നുകാലി പരിപാലനം മെച്ചപ്പെടുത്തുന്നതിന് പ്രജനനം, കൃത്രിമ ബീജസങ്കലനം, ആരോഗ്യ സേവനങ്ങൾ, പ്രതിരോധ കുത്തിവെയ്പ്പ്, ചികിത്സ തുടങ്ങിയ ഫീൽഡ് പ്രവർത്തനങ്ങൾ ഭാരത് പശുധൻ വിവരശേഖരത്തില്‍ രേഖപ്പെടുത്തുന്നു. 84 കോടിയിലധികം വിവരങ്ങള്‍ ഇതിനകം ഈ വിവരശേഖരത്തില്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. മൃഗ ഡോക്ടർമാരും പ്രാദേശികതല പ്രവർത്തകരും ഉൾപ്പെടെ ഫീൽഡ് ഉദ്യോഗസ്ഥർ ഈ സംവിധാനം പ്രയോജനപ്പെടുത്താൻ കർഷകരെ സഹായിക്കുന്നു.
കർഷകരെ ശാക്തീകരിക്കാനും ഉല്പാദനക്ഷമത മെച്ചപ്പെടുത്താനും മൃഗങ്ങളുടെ സവിശേഷ തിരിച്ചറിയൽ സംവിധാനം, വിവരസംയോജനം, മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങള്‍ ദേശീയ ഡിജിറ്റല്‍ ലൈവ്സ്റ്റോക്ക് ദൗത്യത്തില്‍ ഉപയോഗിക്കുന്നു. രാജ്യത്തെ ഓരോ കന്നുകാലിയ്ക്കും ഡിജിറ്റൽ തിരിച്ചറിയല്‍ രേഖ ഉറപ്പാക്കാനും അവയുടെ ആരോഗ്യ രേഖകളുമായും ഉല്പാദനക്ഷമത വിവരങ്ങളുമായും അതിനെ ബന്ധിപ്പിക്കാനും ദൗത്യം ലക്ഷ്യമിടുന്നു. സംസ്ഥാനങ്ങളിലുടനീളം പദ്ധതി നടപ്പാക്കുന്നതിന് സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ ദേശീയ ക്ഷീരവികസന ബോര്‍ഡ് നൽകുന്നു.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി എല്ലാ കന്നുകാലികൾക്കും ചെവിയിൽ ഘടിപ്പിക്കുന്ന ടാഗിൻ്റെ രൂപത്തിൽ 12-അക്ക സവിശേഷ ബാർകോഡ് സഹിതം ഐഡി നൽകുന്നു. "പശു ആധാർ" എന്നാണ് ഈ സവിശേഷ കോഡിന് പേര്. പ്രതിരോധ കുത്തിവെയ്പ്പ്, പ്രജനനം, ചികിത്സ തുടങ്ങി മൃഗങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ നടപടികളും രജിസ്റ്റർ ചെയ്യുന്ന പ്രധാന തിരിച്ചറിയൽ ഉപാധിയായി ഇത് പ്രവർത്തിക്കുന്നു. ഈ വിവരങ്ങളെല്ലാം ടാഗ് ഐഡിയ്ക്ക് കീഴില്‍ ഒരിടത്ത് തന്നെ കാണാനാവും. കർഷകർക്കും അതത് മൃഗങ്ങളുടെയോ പ്രദേശങ്ങളുടെയോ ചുമതല വഹിക്കുന്ന ഫീൽഡ് മൃഗ ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും ഈ വിവരങ്ങള്‍ ലഭ്യമാകും. 2025 നവംബർ വരെ 35.68 കോടിയിലധികം പശു ആധാർ കാർഡുകളാണ് നല്‍കിയത്.
ദേശീയ ഡിജിറ്റൽ ലൈവ്സ്റ്റോക്ക് ദൗത്യത്തിന് കീഴിലെ ‘1962 ആപ്പ്’ മികച്ച കന്നുകാലി വളർത്തല്‍ രീതികളെക്കുറിച്ചും സർക്കാർ പദ്ധതികളെക്കുറിച്ചും ആധികാരിക വിവരങ്ങൾ നൽകുന്നു. കൂടാതെ, മൊബൈൽ മൃഗപരിപാലന കേന്ദ്രങ്ങളിലൂടെ കർഷകരുടെ വീട്ടുപടിക്കൽ മൃഗസംരക്ഷണ സേവനങ്ങൾ എത്തിക്കാന്‍ 1962 എന്ന ടോൾ ഫ്രീ നമ്പറും ലഭ്യമാണ്.
ഓട്ടോമാറ്റിക് പാൽ സംഭരണ സംവിധാനം (AMCS)
ദശലക്ഷക്കണക്കിന് കർഷകരിൽ നിന്ന് പ്രതിദിനം നടത്തുന്ന പാൽ സംഭരണമാണ് ഇന്ത്യയുടെ സഹകരണ പാൽ വിപണന മാതൃകയുടെ കേന്ദ്രബിന്ദു. ഈ പ്രക്രിയ സുതാര്യവും കാര്യക്ഷമവും കർഷക സൗഹൃദവുമാക്കുന്നതിന് ദേശീയ ക്ഷീരവികസന ബോര്‍ഡ് ഡയറി സഹകരണ സംഘങ്ങളിലെ പ്രവർത്തനങ്ങളുടെ എല്ലാ വശങ്ങളും കൈകാര്യം ചെയ്യാന്‍ കരുത്തുറ്റതും സംയോജിതവുമായ സോഫ്റ്റ്‌വെയർ സംവിധാനമായ ഓട്ടോമാറ്റിക് പാല്‍ സംഭരണ സംവിധാനം (AMCS) വികസിപ്പിച്ചെടുത്തു.
പാലിൻ്റെ അളവ്, ഗുണനിലവാരം, കൊഴുപ്പിൻ്റെ അളവ് എന്നിവയുൾപ്പെടെ ഓരോ വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തിയും കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ഉടനടി കൈമാറിയും പാൽ സംഭരണ പ്രക്രിയയെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നു. സ്വതന്ത്ര സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ വിവരങ്ങൾ കണ്ടെത്തുന്നതിലെ എളുപ്പം ഉറപ്പാക്കുന്ന ഈ സംവിധാനം മാനുഷിക പിശകുകൾ ഇല്ലാതാക്കുകയും എല്ലാ തലങ്ങളിലും സുതാര്യത പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കർഷകർക്ക് അവരുടെ പ്രതിദിന വില്പനയും പണമിടപാടുകളും സംബന്ധിച്ച് തത്സമയ എസ്എംഎസ് വിവരങ്ങള്‍ ലഭിക്കുന്നു. അതേസമയം, സഹകരണ സംഘങ്ങൾക്ക് മെച്ചപ്പെട്ട പാൽ സംഭരണത്തിനും ഉല്പാദന ആസൂത്രണത്തിനുമായി വിവരാധിഷ്ഠിത ഉൾക്കാഴ്ചകളും ലഭിക്കുന്നു.
ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചും എല്ലാ പങ്കാളികൾക്കും മൊബൈൽ അധിഷ്ഠിത വിവരങ്ങൾ ലഭ്യമാക്കിയും ഈ സംവിധാനം യൂണിയൻ, ഫെഡറേഷൻ, ദേശീയ തലങ്ങളിൽ സംയോജിപ്പിച്ചിരിക്കുന്നു. നിലവിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന ഈ സംവിധാനം 26,000-ത്തിലധികം ക്ഷീര സഹകരണ സംഘങ്ങളെ ഉൾക്കൊള്ളുന്നു. കൂടാതെ 54 പാല്‍ യൂണിയനുകളിലായി 17.3 ലക്ഷത്തിലധികം പാലുല്പാദകർക്ക് (2025 ഒക്ടോബർ 22 ലെ കണക്കനുസരിച്ച്) ഇതിൻ്റെ പ്രയോജനം ലഭിക്കുന്നു. ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ക്ഷീര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് പുലര്‍ത്തുന്ന പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
സംയോജിത ഓട്ടോമാറ്റിക് പാൽ സംഭരണ സംവിധാനത്തിന് താഴെ പറയുന്ന പ്രധാന ആപ്ലിക്കേഷനുകൾ / ഘടകങ്ങളുണ്ട്:
-
ഡിസിഎസ് ആപ്ലിക്കേഷൻ: വിൻഡോസ് / ലിനക്സ്, ആൻഡ്രോയിഡ് സംവിധാനങ്ങളില്‍ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ സംഘ തലത്തിലെ പൊതുവായ ബഹുഭാഷാ AMCS ആപ്ലിക്കേഷൻ.
-
പോർട്ടൽ ആപ്ലിക്കേഷൻ: യൂണിയൻ, ഫെഡറേഷൻ, ദേശീയ തലങ്ങളിലെ പൊതുവായ കേന്ദ്രീകൃത AMCS പോർട്ടലുകൾ.
-
ആൻഡ്രോയിഡ് ആപ്പുകൾ: സൊസൈറ്റി സെക്രട്ടറി, ഡയറി സൂപ്പർവൈസർ, കർഷകര്‍ എന്നിവർക്കായി പ്രത്യേകം തയ്യാറാക്കിയ പൊതുവായ ബഹുഭാഷാ മൊബൈൽ ആപ്ലിക്കേഷനുകൾ.

ആൻഡ്രോയിഡ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ ആപ്ലിക്കേഷൻ കർഷകർക്ക് ഒരു 'ഡിജിറ്റൽ പാസ്ബുക്ക്' ആയും ഡയറി സെക്രട്ടറിമാർക്കും സൂപ്പർവൈസർമാർക്കും തത്സമയ വിവരങ്ങളും മുന്നറിയിപ്പുകളും നൽകുന്ന സംവിധാനമായും പ്രവർത്തിക്കുന്നു. ഇതുവരെ (2025 ഒക്ടോബർ 22 ലെ കണക്കനുസരിച്ച്) 2.43 ലക്ഷത്തിലധികം കർഷകരും 1,374 സൂപ്പർവൈസർമാരും 13,644 സെക്രട്ടറിമാരും AMCS മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദേശീയ ക്ഷീരവികസന ബോര്‍ഡിൻ്റെ ഡയറി ഇആർപി (NDERP)

ക്ഷീര, ഭക്ഷ്യ എണ്ണ വ്യവസായങ്ങൾക്കായി പ്രത്യേകം വികസിപ്പിച്ച് രൂപകല്പന ചെയ്ത സമഗ്ര വെബ് അധിഷ്ഠിത സ്ഥാപന വിവരാസൂത്രണ സംവിധാനമാണ് ദേശീയ ക്ഷീരവികസന ബോര്‍ഡിൻ്റെ ഡയറി ഇആർപി (NDERP). ഒരു സ്വതന്ത്ര സംവിധാനമുപയോഗിച്ച് (Frappe ERPNext) നിർമിച്ച ഇതിന് പ്രത്യേക സോഫ്റ്റ്‌വെയർ ആവശ്യമില്ലാത്തതിനാൽ കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് തടസമില്ലാതെ ഉപയോഗിക്കാനാവും. വിതരണക്കാർക്ക് ആൻഡ്രോയിഡ്, ഐ.ഒ.എസ് (mNDERP) പതിപ്പുകളില്‍ ലഭ്യമായ ഈ സംവിധാനത്തിന് ലൈസൻസ് ഫീസുകളോ ഉപയോഗത്തിന് പ്രത്യേക ചാര്‍ജുകളോ ഇല്ലാത്തതിനാൽ സമ്പൂർണവും ചിലവ് കുറഞ്ഞതുമായ പരിഹാരമാർഗമാണിത്.
വിതരണക്കാർക്ക് NDERP-യുമായി സംയോജിപ്പിച്ച ഓൺലൈൻ സംവിധാനമാണ് iNDERP പോർട്ടൽ (https://inderp.nddb.coop). ഓർഡറുകൾ, വിതരണ ചലാനുകൾ, ഇൻവോയ്‌സുകൾ, പണമിടപാടുകള്‍ എന്നിവ കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഇത് അവരെ സഹായിക്കുന്നു. വിതരണക്കാർക്ക് വിതരണ നടപടികള്‍ പരിശോധിക്കാനും കുടിശ്ശിക തുക സംബന്ധിച്ച വിവരങ്ങള്‍ കാണാനും ഇൻവോയ്‌സുകൾ നേരിട്ട് ശേഖരിക്കാനും ഇതിലൂടെ സാധിക്കുന്നു. പാല്‍ യൂണിയനുകളുമായും ഫെഡറേഷനുകളുമായും ഏകോപനം സുഗമമാക്കാനും ഇത് വഴിയൊരുക്കുന്നു.
ആൻഡ്രോയിഡ്, ഐ.ഒ.എസ് എന്നിവയിൽ ലഭ്യമായ mNDERP മൊബൈൽ ആപ്പ് വിതരണക്കാർക്ക് iNDERP-ക്ക് സമാനമായ സൗകര്യങ്ങൾ എവിടെയും ലഭ്യമാക്കുന്നു. സ്മാർട്ട്ഫോണിലൂടെ ഓർഡറുകൾ നൽകാനും വിതരണ പ്രക്രിയകള്‍ പരിശോധിക്കാനും ഇൻവോയ്‌സുകൾ കാണാനും പണമിടപാടുകള്‍ നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കുന്നു. ക്ഷീര വ്യാപാര പ്രവർത്തനങ്ങളിൽ സുതാര്യതയും സൗകര്യവും വർധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
ധനകാര്യ - അക്കൗണ്ടിങ് പ്രക്രിയകള്‍, വാങ്ങൽ, വസ്തുവിവര പട്ടിക, വിപണനവും വിതരണവും, നിർമാണ സംസ്കരണ പ്രവര്‍ത്തനങ്ങള്‍, മനുഷ്യവിഭവശേഷിയും ശമ്പള വിതരണവും തുടങ്ങി പ്രധാന പ്രവർത്തന മേഖലകളെല്ലാം ഈ സംവിധാനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്നതിന് ഇവയോരോന്നും ഉന്നതതല പ്രവര്‍ത്തനക്രമങ്ങളുമായും ദ്വിതല പരിശോധന (മേക്കര്‍-ചെക്കര്‍) സവിശേഷതകളുമായും ബന്ധിപ്പിച്ചിരിക്കുന്നു. വിവിധ തലങ്ങളിലെ പദ്ധതി നിര്‍വഹണത്തിന് വിവരാധിഷ്ഠിത തീരുമാനങ്ങളെടുക്കാന്‍ സഹായകമായ ഡാഷ്‌ബോർഡുകളും വിശകലന സംവിധാനങ്ങളും ഈ സംവിധാനത്തിലുണ്ട്.
പാൽ സംഭരണം, സംസ്‌കരണം, വിതരണം എന്നിവയെ ഉൾക്കൊള്ളുന്ന "പശു മുതൽ ഉപഭോക്താവ് വരെ" എന്ന സമഗ്ര ഡിജിറ്റൽ പരിഹാരത്തിനായി ഓട്ടോമാറ്റിക് പാല്‍ സംഭരണ സംവിധാനവുമായി NDERP-യെ സംയോജിപ്പിച്ചിട്ടുണ്ട്. കാര്യക്ഷമത വർധിപ്പിക്കാന്‍ ഉല്പാദന തലത്തില്‍ ഉൾപ്പെടുത്തിരിക്കുന്ന 'മാസ്-ബാലൻസിങ്' സാങ്കേതികവിദ്യ സംസ്‌കരണ സമയത്തെ നഷ്ടം കുറയ്ക്കാൻ ക്ഷീര സ്ഥാപനങ്ങളെ സഹായിക്കുന്നു.
സെമന്‍ സ്റ്റേഷന്‍ മാനേജ്മെൻ്റ് സിസ്റ്റം (SSMS)
മരവിപ്പിച്ച ബീജമാത്രകളുടെ ഉല്പാദനം കാര്യക്ഷമമാക്കാനും കേന്ദ്രസർക്കാർ നിശ്ചയിച്ച അവശ്യ ഏകീകൃത മാനദണ്ഡങ്ങളും ഏകീകൃത പ്രവർത്തന രീതികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും രൂപകല്പന ചെയ്ത സമഗ്ര ഡിജിറ്റൽ സംവിധാനമാണ് സെമന്‍ സ്റ്റേഷന്‍ മാനേജ്മെൻ്റ് സിസ്റ്റം (SSMS). കാളകളുടെ ജീവിതചക്ര പരിപാലനം, ബീജോല്പാദനം, ഗുണനിലവാര നിയന്ത്രണം, ജൈവസുരക്ഷ, ഫാം-കാലിത്തീറ്റ അനുബന്ധ പ്രവര്‍ത്തനങ്ങള്‍, വില്പന നിരീക്ഷണം എന്നിവയുൾപ്പെടെ ബീജ ശേഖരണ കേന്ദ്രങ്ങളുടെ എല്ലാ പ്രധാന പ്രവർത്തനങ്ങളും ഈ സംവിധാനത്തില്‍ ഉൾക്കൊള്ളുന്നു. ലബോറട്ടറി ഉപകരണങ്ങളുമായും ആർഎഫ്ഐഡി ടാഗുകളുമായും ഇവയെ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഉല്പാദനം മുതൽ വിതരണം വരെ ഓരോ ഘട്ടവും ഡിജിറ്റലായി നിരീക്ഷിക്കാനും കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനും സാധിക്കുന്നു.
ബീജ ശേഖരണ കേന്ദ്രങ്ങളും ഫീൽഡ് തല സംവിധാനങ്ങളും (ഉദാഹരണത്തിന് മൃഗാരോഗ്യ - ഉല്പാദനക്ഷമതാ വിവരശൃംഖല - INAPH) തമ്മിൽ വിവരങ്ങള്‍ തത്സമയം പങ്കിടാന്‍ സഹായിക്കുന്ന INSPRM എന്ന ദേശീയ പോർട്ടലുമായി SSMS-നെ ബന്ധിപ്പിച്ചിരിക്കുന്നു. ഈ സംയോജനം രാജ്യത്തുടനീളം വിതരണം ചെയ്യുന്ന ഓരോ ബീജമാത്രയുടെയും ഉറവിടം കണ്ടെത്താനും കേന്ദ്രീകൃത വിവരശേഖരത്തിലൂടെ ഏകോപിത നിരീക്ഷണത്തിനും വഴിയൊരുക്കുന്നു. ലോകബാങ്ക് ധനസഹായത്തോടെ ദേശീയ ക്ഷീരവികസന ബോര്‍ഡ് നടപ്പാക്കിയ പ്രഥമ ദേശീയ ക്ഷീരാസൂത്രണത്തിന് (NDP-I) കീഴിൽ വികസിപ്പിച്ച ഈ സംവിധാനം രാജ്യത്തെ ബീജ ശേഖരണ കേന്ദ്രങ്ങളെ ആധുനികവൽക്കരിക്കുകയും ഇന്ത്യയുടെ കൃത്രിമ ബീജസങ്കലന ശൃംഖലയെ ശക്തിപ്പെടുത്തുകയും ചെയ്തു. നിലവിൽ നിലവാരമനുസരിച്ച് തരംതിരിച്ച രാജ്യത്തെ 38 ബീജശേഖരണ കേന്ദ്രങ്ങൾ ഉല്പാദനത്തിൽ ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കാൻ ഈ സംവിധാനം ഉപയോഗിക്കുന്നു.
മൃഗാരോഗ്യ - ഉല്പാദനക്ഷമതാ വിവരശൃംഖല (INAPH)
കർഷകരുടെ വീട്ടുപടിക്കൽ ലഭ്യമാക്കുന്ന പ്രജനന, പോഷകാഹാര, ആരോഗ്യ സേവനങ്ങളെക്കുറിച്ച് വിശ്വസനീയ വിവരങ്ങൾ തത്സമയം ശേഖരിക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് മൃഗാരോഗ്യ - ഉല്പാദനക്ഷമതാ വിവരശൃംഖല അഥവാ ഇൻഫർമേഷൻ നെറ്റ്‌വർക്ക് ഫോർ അനിമൽ പ്രൊഡക്റ്റിവിറ്റി ആൻഡ് ഹെൽത്ത് - INAPH. പദ്ധതി പുരോഗതി വിലയിരുത്താനും നിരീക്ഷിക്കാനും ഇത് സഹായിക്കുന്നു.
ഇൻ്റർനെറ്റ് അധിഷ്ഠിത ക്ഷീര വിവര വിനിമയ സംവിധാനം (i-DIS)
ക്ഷീരമേഖലയിലെ കൃത്യമായ ആസൂത്രണത്തിനും വിവരാധിഷ്ഠിത തീരുമാനങ്ങൾ കൈക്കൊള്ളാനും കാര്യക്ഷമമായ വിവര നിര്‍വഹണം അനിവാര്യമാണ്. ദേശീയ ക്ഷീരവികസന ബോര്‍ഡ് വികസിപ്പിച്ച ഇൻ്റർനെറ്റ് അധിഷ്ഠിത ക്ഷീര വിവര വിനിമയ സംവിധാനം (i-DIS) ക്ഷീര സഹകരണ സംഘങ്ങള്‍ക്കും പാല്‍ യൂണിയനുകൾക്കും ഫെഡറേഷനുകള്‍ക്കും മറ്റ് അനുബന്ധ കേന്ദ്രങ്ങള്‍ക്കും വിവരങ്ങൾ വ്യവസ്ഥാപിതമായി ശേഖരിക്കാനും പങ്കിടാനും വിശകലനം ചെയ്യാനും ഏകീകൃത ഡിജിറ്റൽ സംവിധാനമൊരുക്കുന്നു. പാൽ സംഭരണവും വിൽപനയും, ഉല്പന്ന നിർമാണവും വിതരണവും, സാങ്കേതിക സഹായങ്ങളുടെയും സാമഗ്രികളുടെയും വിതരണം തുടങ്ങിയ പ്രവർത്തന സൂചകങ്ങൾ പരിശോധിക്കാന്‍ ഈ സംവിധാനം പങ്കാളികളെ പ്രാപ്തരാക്കുന്നു. ഒപ്പം ഓരോ സംഘടനയ്ക്കും മറ്റുള്ളവരുമായി പ്രവര്‍ത്തനം താരതമ്യം ചെയ്ത് വിലയിരുത്താനും ഇതിലൂടെ സാധിക്കുന്നു.
നിലവിൽ രാജ്യത്തെ ഏകദേശം 198 പാല്‍ യൂണിയനുകളും 29 ക്ഷീര വിപണന കേന്ദ്രങ്ങളും 54 കാലിത്തീറ്റ ഉല്പാദക കേന്ദ്രങ്ങളും 15 ഫെഡറേഷനുകളും i-DIS-ൻ്റെ ഭാഗമാണ്. വിശ്വസനീയവും സമഗ്രവുമായ ദേശീയ സഹകരണ ക്ഷീര വ്യവസായ വിവരശേഖരം രൂപീകരിക്കാൻ ഇത് വഴിയൊരുക്കുന്നു. ഈ വിവരാധിഷ്ഠിത ആവാസവ്യവസ്ഥ ക്ഷീരമേഖലയിലെ തന്ത്രപരമായ തീരുമാനങ്ങൾക്കും നയരൂപീകരണത്തിനും പിന്തുണയേകുന്നു. i-DIS ഫലപ്രദമായി ഉപയോഗിക്കാനും ആസൂത്രണത്തിലും പ്രവർത്തനങ്ങളിലും അതിൻ്റെ മികച്ച ഉപയോഗം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ദേശീയ ക്ഷീരവികസന ബോര്‍ഡ് യൂണിയനുകളിലെ എംഐഎസ് ഉദ്യോഗസ്ഥർക്ക് പരിശീലനം പുതുക്കാന്‍ പതിവായി ശില്പശാലകള്‍ നടത്തിവരുന്നു.
പാൽ വിതരണ പാതകളുടെ ശാസ്ത്രീയ ക്രമീകരണം
ഇന്ത്യയുടെ ക്ഷീര വിതരണ ശൃംഖലയുടെ വിജയത്തിന് കാര്യക്ഷമമായ പാൽ സംഭരണവും വിതരണവും അത്യന്താപേക്ഷിതമാണ്. ഈ പ്രക്രിയ കൂടുതൽ ചെലവ് കുറഞ്ഞതും വ്യവസ്ഥാപിതവുമാക്കാൻ ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പാൽ വിതരണ പാതകളുടെ ശാസ്ത്രീയ ക്രമീകരണം ദേശീയ ക്ഷീരവികസന ബോര്‍ഡ് അവതരിപ്പിച്ചു. പാരമ്പര്യ രീതികളില്‍നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ മാപ്പുകളില്‍ പാൽ സംഭരണ-വിതരണ പാതകള്‍ രേഖപ്പെടുത്തി ഒന്നിലധികം വിതരണശൃംഖലകളെ എളുപ്പത്തില്‍ വിശകലനം ചെയ്യാനും വിവരാധിഷ്ഠിത തീരുമാനങ്ങൾ കൈക്കൊള്ളാനും ഈ ഡിജിറ്റൽ സമീപനം സഹായിക്കുന്നു.
വിതരണ പാതയുടെ ജിഐഎസ് അധിഷ്ഠിത ആസൂത്രണം ഉപയോഗപ്പെടുത്തുന്നതിലൂടെ യാത്രാദൂരം, ഇന്ധനച്ചെലവ്, സമയം എന്നിവ കുറയ്ക്കാനാവുന്നു. ഇത് പാൽ സംഭരണത്തിലും വിതരണത്തിലും സമഗ്ര കാര്യക്ഷമത വർധിപ്പിക്കുന്നു. 2022 ഓഗസ്റ്റിൽ വിദർഭ മറാത്ത്‌വാഡ ഡയറി വികസന പദ്ധതിക്ക് കീഴിലാണ് ദേശീയ ക്ഷീരവികസന ബോര്‍ഡ് ഈ പ്രക്രിയ ആരംഭിച്ചത്. നാല് പാൽ ശീതീകരണ കേന്ദ്രങ്ങളുടെ പാതകള്‍ പുനർരൂപകല്പന ചെയ്തതോടെ ഗതാഗതച്ചെലവിൽ ഗണ്യമായ ലാഭമുണ്ടായി. വാരണാസി മില്‍ക്ക് യൂണിയൻ, വെസ്റ്റ് അസാം മില്‍ക്ക് യൂണിയൻ, ജാർഖണ്ഡ് മില്‍ക്ക് ഫെഡറേഷൻ, ഇൻഡോർ മിൽക്ക് യൂണിയൻ എന്നിവിടങ്ങളിലും സമാന രീതികൾ മികച്ച ഫലങ്ങൾ നൽകി. ക്ഷീര ഗതാഗതത്തില്‍ വന്‍തോതില്‍ ചെലവ് കുറയ്ക്കാനാവുന്ന സാധ്യതയാണ് ഇത് കാണിക്കുന്നത്.
ഈ സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിക്കാൻ സഹകരണ സംഘങ്ങളെ സഹായിക്കുന്നതിന് വെബ് അധിഷ്ഠിതവും ശാസ്ത്രീയവുമായ ഒരു ഊർജ്ജിത സഞ്ചാരപഥ ആസൂത്രണ സോഫ്റ്റ്‌വെയർ ദേശീയ ക്ഷീരവികസന ബോര്‍ഡ് വികസിപ്പിച്ചിട്ടുണ്ട്. ക്ഷീര സഹകരണ സംഘങ്ങൾക്ക് സൗജന്യമായി ലഭ്യമായ ഈ ഉപകരണം തത്സമയ പാത ആസൂത്രണവും മെച്ചപ്പെട്ട പ്രവർത്തന നിയന്ത്രണവും സാധ്യമാക്കുന്നു. സാങ്കേതികവിദ്യയെ സഹകരണ സംഘങ്ങളുടെ പ്രവർത്തനക്ഷമതയുമായി സംയോജിപ്പിക്കുന്ന ദേശീയ ക്ഷീരവികസന ബോര്‍ഡിൻ്റെ വിതരണ പാതകളുടെ ശാസ്ത്രീയ ക്രമീകരണ സംരംഭം രാജ്യത്തെ ക്ഷീരമേഖലയിൽ സുസ്ഥിരവും ലാഭകരവുമായ പാല്‍വിതരണ ഗതാഗത സംവിധാനത്തിന് പുതിയ മാതൃക സൃഷ്ടിക്കുന്നു.
ഉപസംഹാരം
ലോകത്തെ പാലുല്പാദനത്തിൻ്റെ നാലിലൊന്ന് സംഭാവന ചെയ്യുന്ന ഇന്ത്യയുടെ ക്ഷീരമേഖല ദേശീയ ക്ഷീരവികസന ബോർഡിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ ഡിജിറ്റൽ പരിവർത്തനത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. NDLM, AMCS, NDERP, SSMS, i-DIS, പാല്‍വിതരണ പാതകളുടെ ശാസ്ത്രീയ ക്രമീകരണ രീതികള്‍ തുടങ്ങിയ സംയോജിത സംവിധാനങ്ങളിലൂടെ ഈ മേഖല കൂടുതൽ കാര്യക്ഷമതയിലേക്കും സുതാര്യതയിലേക്കും മുന്നേറുകയാണ്. പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്തെ ദശലക്ഷക്കണക്കിന് ചെറുകിട-നാമമാത്ര ക്ഷീരകർഷകർ ആധുനികവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ആവാസവ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഈ സംവിധാനങ്ങൾ ഉറപ്പാക്കുന്നു.
സഹകരണ ശക്തിയെ ഡിജിറ്റൽ നൂതനാശയങ്ങളുമായി സംയോജിപ്പിച്ച് സുസ്ഥിര ക്ഷീര വികസനത്തിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയാണ് ഇന്ത്യ. ഓരോ ലിറ്റർ പാലും ഓരോ കന്നുകാലികളും ഇപ്പോൾ സുതാര്യവും കാര്യക്ഷമവുമായ മൂല്യശൃംഖലയുടെ ഭാഗമാണ്. സുരക്ഷിതവും സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ പാലുല്പാദനത്തിൽ ഇന്ത്യയെ ആഗോള നേതൃനിരയില്‍ പ്രതിഷ്ഠിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ഈ പ്രവർത്തനങ്ങൾ വിരൽ ചൂണ്ടുന്നത്. ഉല്പാദകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമായ തരത്തില്‍ ക്ഷീരമേഖലയെ ഡിജിറ്റലായി ശാക്തീകരിക്കാന്‍ ദേശീയ ക്ഷീരവികസന ബോര്‍ഡ് പുലര്‍ത്തുന്ന ദീർഘവീക്ഷണത്തിൻ്റെ പ്രതിഫലനമാണിത്.
അവലംബം:
- https://www.pib.gov.in/PressReleasePage.aspx?PRID=2114715
- https://www.pib.gov.in/PressReleseDetail.aspx?PRID=2115188
- https://amcs.nddb.coop/
- https://amcs.nddb.coop/Home/UnionDetails
- https://amcs.nddb.coop/Home/About
- https://nderp.nddb.coop/subpage?i-NDERP
- https://nderp.nddb.coop/subpage?m-NDERP
- https://nderp.nddb.coop/subpage?NDERP
Click here to see pdf
***