• Skip to Content
  • Sitemap
  • Advance Search
Farmer's Welfare

ദേശീയ ക്ഷീര ദിനം

"ധവള വിപ്ലവത്തെ ആദരിക്കുന്നു"

Posted On: 25 NOV 2025 3:31PM

 

പ്രധാന വസ്തുതകൾ

  • ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമാണ് ഇന്ത്യ. 239.30 ദശലക്ഷം ടൺ ഉത്പാദന വർധവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2026-ൽ ഇത് 242 ദശലക്ഷം ടണ്ണിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് ആഗോള വിതരണത്തിൻ്റെ 32 ശതമാനം സംഭാവന ചെയ്യുന്നു.
  • ആഗോള സഹകരണ റാങ്കിംഗിൽ അമുൽ മുന്നിട്ട് നിൽക്കുകയും 2024–25 കാലയളവിൽ ₹90,000 കോടിയിലധികം വിറ്റുവരവ് രേഖപ്പെടുത്തുകയും ചെയ്തു.
  • ദേശീയ ക്ഷീര വികസന പരിപാടി (NPDPD) 31,000-ത്തിലധികം ക്ഷീര സഹകരണ സംഘങ്ങൾക്ക് പുനരുജ്ജീവനം നൽകുകയും പാൽ തണുപ്പിക്കൽ, ഗുണനിലവാര പരിശോധന സൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയും ചെയ്തു.
  • 2028-29 ഓടെ 75,000 പുതിയ ക്ഷീര സഹകരണ സംഘങ്ങൾ രൂപീകരിക്കാനും സംഭരണ, സംസ്കരണ ശേഷി ഗണ്യമായി വർദ്ധിപ്പിക്കാനും ധവള വിപ്ലവം 2.0 ലക്ഷ്യമിടുന്നു.
  • 2025-ലെ GST പരിഷ്കാരങ്ങൾ മിക്ക ക്ഷീര ഉൽപ്പന്നങ്ങളുടെയും നികുതി പൂജ്യം അല്ലെങ്കിൽ 5 ശതമാനമായി കുറച്ചു.

 

ആമുഖം

ഇന്ത്യയുടെ പോഷകാഹാര രംഗത്ത് പാലിന് സുപ്രധാന സ്ഥാനമുണ്ട്. ഉയർന്ന നിലവാരമുള്ള ജന്തുജന്യ പ്രോട്ടീനും കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങളും മറ്റ് സൂക്ഷ്മ പോഷകങ്ങളും എളുപ്പത്തിൽ ആഗിരണം ചെയ്യാവുന്ന രൂപത്തിൽ പാൽ നൽകുന്നു. ഏതാണ്ട് സമ്പൂർണ്ണ ആഹാരമായി കണക്കാക്കപ്പെടുന്ന പാൽ എല്ലാ പ്രായക്കാർക്കും വളർച്ച, എല്ലുകളുടെ ആരോഗ്യം, ഉന്മേഷം എന്നിവയെ സഹായിക്കുന്നു.

ആഗോള ഉത്പാദനത്തിൻ്റെ ഏകദേശം നാലിലൊന്ന് സംഭാവന ചെയ്തുകൊണ്ട് ഇന്ത്യ സ്ഥിരമായി ലോകത്തിലെ മുൻനിര പാൽ ഉത്പാദക രാജ്യമെന്ന സ്ഥാനം നിലനിർത്തുന്നു. കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയുടെ ക്ഷീരമേഖല 70 ശതമാനം വികസിക്കുകയും ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് ഏകദേശം 5 ശതമാനം സംഭാവന ചെയ്യുകയും 8 കോടിയിലധികം കർഷകർക്ക് നേരിട്ട് തൊഴിൽ നൽകുകയും ചെയ്തു (ദേശീയ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം). കൂടാതെ, ഉത്പാദനത്തിലും ശേഖരണത്തിലും വനിതാ കർഷകർ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് ക്ഷീരമേഖലയെ എല്ലാവരെയും ഉൾക്കൊള്ളുന്നതും ലിംഗഭേദങ്ങളെ പരിഗണിക്കുന്നതുമായ വളർച്ചയുടെ ശക്തമായ ഒരു ഉപാധിയാക്കി മാറ്റുന്നു.

ഇന്ത്യയിലെ "ധവള വിപ്ലവത്തിന്റെ പിതാവ്" എന്നറിയപ്പെടുന്ന ഡോ.വർഗ്ഗീസ് കുര്യൻ്റെ ജന്മവാർഷികം പ്രമാണിച്ച് എല്ലാ വർഷവും നവംബർ 26 ന് ദേശീയ ക്ഷീര ദിനം ആചരിക്കുന്നു. പാൽ ഉത്പാദനത്തിൽ രാജ്യത്തിൻ്റെ നേതൃത്വം നിലനിർത്തുന്നതിനും, സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പോഷകാഹാരപരമായി സുരക്ഷിതവുമായ ഒരു ഭാവിയേക്കുള്ള യാത്രയെ ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധരായ ദശലക്ഷക്കണക്കിന് കർഷകരെ ഈ ദിനം ആദരിക്കുന്നു.

ഇന്ത്യയുടെ ക്ഷീരമേഖലയുടെ ചരിത്രപരമായ നാൾവഴികൾ

1950-കളിലും 1960-കളിലും ഇന്ത്യയിൽ പാലിന് ക്ഷാമമുണ്ടായിരുന്നു, രാജ്യത്തിന് ഇറക്കുമതിയെ ആശ്രയിക്കേണ്ടി വന്നു. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ ദശകത്തിൽ പാൽ ഉത്പാദനം 1.64% എന്ന സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) രേഖപ്പെടുത്തി, ഇത് 1960-കളിൽ 1.15% ആയി കുറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കന്നുകാലി സമ്പത്തുള്ള രാജ്യമായിരുന്നിട്ടും ഇത് സംഭവിച്ചു. സർദാർ വല്ലഭായ് പട്ടേൽ, മഹാത്മാഗാന്ധി, ത്രിഭുവൻദാസ് പട്ടേൽ തുടങ്ങിയ നേതാക്കളുടെ മാർഗ്ഗനിർദ്ദേശത്തിൽ വളർന്ന ആനന്ദ് സഹകരണ മാതൃകയുടെ വിജയത്തിലാണ് ഇന്ത്യയിലെ ആധുനിക ക്ഷീര പ്രസ്ഥാനം കെട്ടിപ്പടുത്തത്. 1965-ൽ ദേശീയ ക്ഷീര വികസന ബോർഡ് (NDDB) സ്ഥാപിതമായി, വർഗ്ഗീസ് കുര്യൻ അതിൻ്റെ ആദ്യ ചെയർമാനായി നിയമിതനായി. ഗ്രാമീണ തലത്തിൽ കർഷകരെ ശക്തമായ പാൽ ഉത്പാദക സഹകരണ സംഘങ്ങളായി സംഘടിപ്പിച്ച് ആനന്ദ് സഹകരണ മാതൃക ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുക എന്നതായിരുന്നു ബോർഡിൻ്റെ ദൗത്യം.

അമുലിന്റെ മുൻഗാമിയായ കൈര ജില്ലാ സഹകരണ പാൽ ഉത്പാദക യൂണിയൻ്റെ നേട്ടങ്ങളെ അടിസ്ഥാനമാക്കി, NDDB 1970-ൽ ഓപ്പറേഷൻ ഫ്ലഡ് ആരംഭിച്ചു. ഗ്രാമങ്ങളിലെ പാൽ ഉത്പാദനം വർദ്ധിപ്പിക്കാനും പാൽ സമൃദ്ധമായ പ്രദേശങ്ങളിലെ സഹകരണ സംഘങ്ങൾക്ക് പ്രധാന നഗരവിപണികളിലേക്ക് പാൽ കാര്യക്ഷമമായി വിതരണം ചെയ്യാൻ കഴിയുന്ന ഒരു ചിട്ടയായ സംവിധാനം വികസിപ്പിക്കാനും ഈ മഹത്തായ പരിപാടി ലക്ഷ്യമിട്ടു. ഈ സംരംഭം ഇന്ത്യയെ പാൽ ക്ഷാമമുള്ള രാജ്യത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാഷ്ട്രമാക്കി മാറ്റി. ദേശീയ തലത്തിലുള്ള പ്രാധാന്യവും ക്ഷീര വികസനത്തിനുള്ള സംഭാവനയും പരിഗണിച്ച്, 1987-ൽ ഒരു പാർലമെൻ്റ് നിയമത്തിലൂടെ NDDB-യെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി പ്രഖ്യാപിച്ചു.

A diagram of a dairy developmentAI-generated content may be incorrect.

ഇന്ത്യയുടെ ക്ഷീര സമ്പദ്‌വ്യവസ്ഥയുടെ പരിവർത്തനം: പുരോഗതിയുടെ ഒരു ദശകം

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ, ഇന്ത്യയുടെ ക്ഷീരമേഖല ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. 2014–15-ലെ 146.30 ദശലക്ഷം ടൺ എന്നതിൽ നിന്ന് 2023–24-ൽ പാൽ ഉത്പാദനം 239.30 ദശലക്ഷം ടണ്ണായി വർദ്ധിച്ചു, ഇത് 63.56 ശതമാനം വർദ്ധനവാണ്. പ്രതിശീർഷ പാൽ ലഭ്യതയും പ്രതിദിനം 124 ഗ്രാമിൽ നിന്ന് 471 ഗ്രാമായി കുതിച്ചുയർന്നു. കന്നുകാലികൾ, എരുമ, മിഥുൻ, യാക്ക് എന്നിവ ഉൾപ്പെടെ 303.76 ദശലക്ഷമാണ് ഇന്ത്യയുടെ ക്ഷീര സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂൺ.

2014-നും 2022-നും ഇടയിൽ കന്നുകാലികളുടെ ഉത്പാദനക്ഷമത (കിലോഗ്രാം/വർഷം) 27.39 ശതമാനം വർദ്ധിച്ചു, ഇത് ആഗോളതലത്തിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ്. ലോക ശരാശരിയായ 13.97 ശതമാനത്തേക്കാൾ ഇത് വളരെ കൂടുതലാണ്. ആടുകളും (74.26 ദശലക്ഷം) ചെമ്മരിയാടുകളും (148.88 ദശലക്ഷം) ക്ഷീരോത്പാദനത്തിൽ, പ്രത്യേകിച്ച് വരണ്ട അർദ്ധ-വരണ്ട പ്രദേശങ്ങളിൽ, ഗണ്യമായ സംഭാവനകൾ നൽകുന്നു. പാൽ ഉത്പാദനമുള്ള മൃഗങ്ങളുടെ എണ്ണം 86 ദശലക്ഷത്തിൽ നിന്ന് 112 ദശലക്ഷമായി വർദ്ധിച്ചു, കൂടാതെ തദ്ദേശീയ പശു ഇനങ്ങളിൽ നിന്നുള്ള പാൽ ഉത്പാദനം 29 ദശലക്ഷം ടണ്ണിൽ നിന്ന് 50 ദശലക്ഷം ടണ്ണായി ഉയർന്നു.

പ്രജനനം വർദ്ധിപ്പിക്കുന്നതിലും ജനിതക ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും മൃഗങ്ങളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ ഗോകുൽ മിഷൻ, ലൈവ്‌സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാം (LHDCP) പോലുള്ള സംരംഭങ്ങളാണ് ഈ വിജയത്തിന് പിന്നിൽ. കൂടാതെ, പരമ്പരാഗത മൃഗചികിത്സ (Ethnoveterinary Medicine - EVM) യെ ആയുർവേദവുമായി സംയോജിപ്പിക്കുന്നത് ആൻ്റിബയോട്ടിക്കുകൾക്ക് സുസ്ഥിരവും കുറഞ്ഞ ചെലവിലുള്ളതുമായ ബദലുകൾ വാഗ്ദാനം ചെയ്യുന്നു, അതുവഴി കന്നുകാലികളുടെ മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു.

A blue and white advertisement with cows in a penAI-generated content may be incorrect.

രാഷ്ട്രീയ ഗോകുൽ മിഷൻ്റെ കീഴിലുള്ള പുരോഗതി

തദ്ദേശീയ കന്നുകാലികളെയും എരുമകളെയും സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, കന്നുകാലികളുടെ ജനിതക സാധ്യത മെച്ചപ്പെടുത്തുക, പാൽ ഉത്പാദനവും മൊത്തത്തിലുള്ള ഉത്പാദനക്ഷമതയും മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ 2014 മുതൽ കേന്ദ്ര മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് രാഷ്ട്രീയ ഗോകുൽ മിഷൻ നടപ്പാക്കിവരുന്നു. കന്നുകാലി മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനായി 2025 മാർച്ചിൽ മിഷൻ പരിഷ്കരിച്ചു. ഇപ്പോൾ 1,000 കോടി രൂപയുടെ അധിക വിഹിതത്തോടെ വികസന പരിപാടികളുടെ പദ്ധതിയുടെ കേന്ദ്ര മേഖലാ ഘടകമായി ഇത് പ്രവർത്തിക്കുന്നു, ഇത് 2021 മുതൽ 2026 വരെയുള്ള 15-ാം ധനകാര്യ കമ്മീഷന്റെ കാലയളവിൽ മൊത്തം വിഹിതം 3,400 കോടി രൂപയായി ഉയർത്തുന്നു.

പരിഷ്കരിച്ച മിഷൻ മുൻ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി, ബീജസങ്കലന കേന്ദ്രങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൃത്രിമ ബീജസങ്കലന ശൃംഖല വികസിപ്പിക്കുന്നതിനും ലിംഗനിർണ്ണയം ചെയ്ത ബീജം വഴിയും ത്വരിതപ്പെടുത്തിയ മെച്ചപ്പെടുത്തൽ പരിപാടികളിലൂടെയും ശാസ്ത്രീയ പ്രജനനം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ഊന്നൽ നൽകുന്നു. രാഷ്ട്രീയ ഗോകുൽ മിഷൻ വഴി ഇന്ത്യ തദ്ദേശീയ കന്നുകാലി ഇനങ്ങളെ സംരക്ഷിക്കുകയും ജനിതക വൈവിധ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവരെ 92 ദശലക്ഷത്തിലധികം മൃഗങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിച്ചു, ഇത് 56 ദശലക്ഷത്തിലധികം കർഷകരെ പിന്തുണയ്ക്കുന്നു.

കൃത്രിമ ബീജസങ്കലനം: പാൽ ഉത്പാദനവും കന്നുകാലികളുടെ ഉൽപാദനക്ഷമതയും വർദ്ധിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ് കൃത്രിമ ബീജസങ്കലനം. നിലവിൽ, ഇന്ത്യയിലെ 33 ശതമാനം പ്രജനനയോഗ്യമായ കന്നുകാലികളെ ഈ രീതിയിലൂടെയാണ് പരിരക്ഷിക്കപ്പെടുന്നത്. അതേസമയം, 70 ശതമാനം മൃഗങ്ങൾ ഇപ്പോഴും ജനിതക ഗുണം അറിയാത്ത സ്ക്രബ് കാളകളെ ആശ്രയിക്കുന്നു. 2024-25-, രാജ്യത്തുടനീളം മൊത്തം 565.55 ലക്ഷം ബീജസങ്കലനങ്ങൾ നടത്തി, ഇത് ശാസ്ത്രീയ പ്രജനന രീതികളുടെ വിപുലീകരണത്തിൽ ഒരു വലിയ മുന്നേറ്റം കുറിച്ചു.

ദേശീയ കൃത്രിമ ബീജസങ്കലന പരിപാടി (NAIP): ദേശീയ കൃത്രിമ ബീജസങ്കലന പരിപാടിക്ക് (NAIP) കീഴിൽ, കർഷകരുടെ വീട്ടുപടിക്കൽ സൗജന്യ ബീജസങ്കലന സേവനങ്ങൾ നൽകുന്നു. 2025 ഓഗസ്റ്റ് വരെ, ഈ പരിപാടി 9.16 കോടി മൃഗങ്ങളിലേക്ക് എത്തുകയും 14.12 കോടി ബീജസങ്കലനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത് 5.5 കോടിയിലധികം കർഷകർക്ക് പ്രയോജനകരമായി. വിപുലമായ പ്രത്യുൽപാദന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി, 22 IVF ലബോറട്ടറികൾ സ്ഥാപിക്കുകയും 10 ദശലക്ഷത്തിലധികം ലിംഗനിർണ്ണയം ചെയ്ത ബീജ ഡോസുകൾ ഉത്പാദിപ്പിക്കുകയും ചെയ്തു. ഇതിൽ 70 ലക്ഷം ഡോസുകൾ ഇതിനകം ഉപയോഗിച്ചു കഴിഞ്ഞു. ഇത് കർഷകരെ കൂടുതൽ പെൺ കിടാക്കളെ ലഭിക്കുന്നതിനും ഭാവിയിലെ പാൽ ഉത്പാദനം ശക്തിപ്പെടുത്തുന്നതിനും സഹായിച്ചു.

മൈത്രികൾ: ഗ്രാമീണ മേഖലകളിൽ പ്രജനന സേവനങ്ങൾ എത്തിക്കുന്നതിനായി, പരിശീലനം ലഭിച്ച മൾട്ടിപർപ്പസ് AI ടെക്നീഷ്യൻമാരെ മൈത്രികൾ എന്ന പേരിൽ നിയമിച്ചിട്ടുണ്ട്. ഈ സാങ്കേതിക വിദഗ്ധർ 3 മാസത്തെ പരിശീലനം നേടുകയും ആവശ്യമായ ഉപകരണങ്ങൾക്കായി ₹50,000 വരെ ഗ്രാന്റുകൾ നേടുകയും ചെയ്യുന്നു. സേവന വരുമാനത്തിലൂടെ ഇവർ പിന്നീട് സ്വയംപര്യാപ്തരാകുന്നു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ, 38,736 മൈത്രികളെ നിയമിച്ചു, ഇവർ വീട്ടുവാതിൽക്കൽ വെറ്റിനറി, പ്രജനന സേവനങ്ങൾ നൽകുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

സന്തതി പരിശോധന: ബുള്ളുകളുടെ ജനിതക മൂല്യം അവയുടെ പെൺകിടാങ്ങളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്ന പ്രോജനി ടെസ്റ്റിംഗ് വഴി ശാസ്ത്രീയ വിലയിരുത്തൽ നടത്തുന്നു. 2021-നും 2024-നും ഇടയിൽ, 4,111 എന്ന ലക്ഷ്യത്തിൽ 3,747 സന്തതി പരിശോധന നടത്തിയ ബുള്ളുകളെ ഉത്പാദിപ്പിച്ചു, കൂടാതെ കർഷകർക്ക് ഉയർന്ന ഗുണമേന്മയുള്ള കന്നുകാലികളെ ഉറപ്പാക്കുന്നതിനായി 132 ബ്രീഡ് മൾട്ടിപ്ലിക്കേഷൻ ഫാമുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ദേശീയ ക്ഷീരവികസന പരിപാടിക്ക് (NPDD) കീഴിലെ പുരോഗതി

പാൽ, പാലുൽപ്പന്നങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി സംഘടിത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുമായി 2014-2015 മുതൽ ദേശീയ ക്ഷീരവികസന പരിപാടി രാജ്യവ്യാപകമായി നടപ്പിലാക്കുന്നു. സഹകരണ ഫെഡറേഷനുകൾ, യൂണിയനുകൾ, ഉത്പാദക കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ട ഉത്പാദകരെ പിന്തുണയ്ക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനും ശക്തിപ്പെടുത്താനും ഈ പദ്ധതി സഹായിച്ചു.

ഈ പദ്ധതി 2021 ജൂലൈയിൽ പുനഃക്രമീകരിക്കുകയും 2021-22 മുതൽ 2025-26 വരെ നടപ്പിലാക്കുന്നതിനായി ഇനിപ്പറയുന്ന രണ്ട് ഘടകങ്ങളായി തിരിക്കുകയും ചെയ്തു:

(i) NPDD യുടെ 'A ഘടകം' സംസ്ഥാന സഹകരണ ക്ഷീര ഫെഡറേഷനുകൾ/ജില്ലാ സഹകരണ പാൽ ഉത്പാദക യൂണിയനുകൾ/സ്വയം സഹായ സംഘങ്ങൾ/പാൽ ഉത്പാദക കമ്പനികൾ/കർഷക ഉത്പാദക സംഘടനകൾ എന്നിവയ്ക്കായി ഗുണമേന്മയുള്ള പാൽ പരിശോധനാ ഉപകരണങ്ങളും പ്രാഥമിക ശീതീകരണ സൗകര്യങ്ങളും സ്ഥാപിക്കുന്നതിനോ നവീകരിക്കുന്നതിനോ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

(ii) NPDD പദ്ധതിയുടെ 'B ഘടകം' "സഹകരണ സ്ഥാപനങ്ങൾ വഴിയുള്ള ക്ഷീരവികസനം" എന്ന ലക്ഷ്യത്തോടെ, കർഷകർക്ക് സംഘടിത വിപണികളിലേക്കും ആധുനിക ക്ഷീര സംസ്കരണ സൗകര്യങ്ങളിലേക്കും വിപണന അടിസ്ഥാന സൗകര്യങ്ങളിലേക്കും പ്രവേശനം വർദ്ധിപ്പിക്കുകയും ഉത്പാദകരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ പാൽ, പാലുൽപ്പന്നങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

സഹകരണ ക്ഷീര ശൃംഖല

കാലക്രമേണ, 31,908 ക്ഷീര സഹകരണ സംഘങ്ങൾ സംഘടിപ്പിക്കുകയോ പുനരുജ്ജീവിപ്പിക്കുകയോ ചെയ്തു. ഇതിലൂടെ 17.63 ലക്ഷം പുതിയ പാൽ ഉത്പാദകർ കൂട്ടിച്ചേർക്കപ്പെടുകയും പ്രതിദിന പാൽ സംഭരണം 120.68 ലക്ഷം കിലോഗ്രാം വർദ്ധിപ്പിക്കുകയും ചെയ്തു. ഈ പരിപാടി 61,677 ഗ്രാമീണതല പാൽ പരിശോധനാ ലബോറട്ടറികൾ, 149.35 ലക്ഷം ലിറ്റർ മൊത്തം ശീതീകരണ ശേഷിയുള്ള ഏകദേശം 6,000 ബൾക്ക് മിൽക്ക് കൂളറുകൾ, കൂടാതെ നൂതന മായം ചേർക്കൽ കണ്ടെത്തൽ സാങ്കേതികവിദ്യകളോടെ 279 ക്ഷീര പ്ലാൻ്റ് ലബോറട്ടറികളുടെ നവീകരണത്തിനും കാരണമായി. റിപ്പോർട്ട് അനുസരിച്ച്, നടപ്പ് വർഷത്തിൽ 1,804 പുതിയ ക്ഷീര സഹകരണ സംഘങ്ങൾ ഇതിനകം രൂപീകരിക്കുകയും 37,793 പാൽ ഉത്പാദകർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ഈ സംരംഭത്തിന് കീഴിൽ 2025 ഒക്ടോബറിൽ നിരവധി പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു. മെഹ്‌സാന, ഇൻഡോർ, ഭിൽവാര എന്നിവിടങ്ങളിലെ പുതിയ പാൽപ്പൊടി, യുഎച്ച്ടി (അൾട്രാ-ഹൈ ടെമ്പറേച്ചർ) പ്ലാൻ്റുകൾ എന്നിവയും തെലങ്കാനയിലെ കരിംനഗറിലെ ഗ്രീൻഫീൽഡ് ഡയറി പ്ലാൻ്റും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ₹219 കോടി മൊത്തം നിക്ഷേപത്തിൽ ഒരു സംയോജിത ക്ഷീര പ്ലാൻ്റിനും കന്നുകാലി തീറ്റ യൂണിറ്റിനുമുള്ള തറക്കല്ലിടൽ ജോലികളും ആരംഭിച്ചു. ഇന്ത്യയുടെ സഹകരണ ക്ഷീരമേഖലയിൽ 22 പാൽ ഫെഡറേഷനുകൾ, 241 ജില്ലാ യൂണിയനുകൾ, 28 വിപണന ക്ഷീരസംഘങ്ങൾ, 25 പാൽ ഉത്പാദക സംഘടനകൾ (MPO) എന്നിവ ഉൾപ്പെടുന്നു. ഇവയെല്ലാം ചേർന്ന് 2.35 ലക്ഷം ഗ്രാമങ്ങളിൽ സേവനം നൽകുകയും 1.72 കോടി ക്ഷീരകർഷകരെ ബന്ധിപ്പിക്കുകയും ന്യായവിലയും കാര്യക്ഷമമായ പാൽ സംസ്കരണവും ഉറപ്പാക്കുകയും ചെയ്യുന്നു.

ക്ഷീരമേഖലയിലെ 70 ശതമാനം തൊഴിലാളികളും 35 ശതമാനം സഹകരണ അംഗങ്ങളും ഉൾപ്പെടുന്ന ഈ ആവാസവ്യവസ്ഥയിൽ സ്ത്രീകൾ കേന്ദ്രബിന്ദുവായി തുടരുന്നു. NDDB ഡയറി സർവീസസിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 48,000-ത്തിലധികം വനിതാ സഹകരണ സംഘങ്ങളും 16 ഓൾ-വുമൺ എംപിഒകളും 35,000 ഗ്രാമങ്ങളിലായി 1.2 ദശലക്ഷം ഉത്പാദകരെ പ്രതിനിധീകരിക്കുന്നു. ആന്ധ്രാപ്രദേശിലെ ശ്രീജ മിൽക്ക് പ്രൊഡ്യൂസർ ഓർഗനൈസേഷൻ എന്ന ഓൾ-വുമൺ എംപിഒ, ചിക്കാഗോയിൽ നടന്ന വേൾഡ് ഡയറി സമ്മിറ്റിൽ വെച്ച് ഇൻ്റർനാഷണൽ ഡയറി ഫെഡറേഷനിൽ നിന്ന് ഡയറി ഇന്നൊവേഷൻ അവാർഡ് നേടിക്കൊണ്ട് ശാക്തീകരണത്തിൻ്റെ പ്രതീകമായി വേറിട്ടുനിൽക്കുന്നു.

ആഗോള സഹകരണ പ്രസ്ഥാനത്തിൻറെ മുൻനിരയിലേക്ക് അമുലിൻ്റെ വളർച്ച

ഇന്ത്യൻ സഹകരണ ക്ഷീര പ്രസ്ഥാനത്തിൻ്റെ ശക്തിയും വ്യാപ്തിയും എടുത്തു കാണിച്ചുകൊണ്ട് ഇൻ്റർനാഷണൽ കോഓപ്പറേറ്റീവ് അലയൻസിൻ്റെ ആഗോള റാങ്കിംഗിൽ അമുലിന് ഒന്നാം സ്ഥാനം. ഇന്ത്യയുടെ ക്ഷീരവിപ്ലവത്തിന് പിന്നിലെ കേന്ദ്രശക്തിയായി അമുൽ ഇപ്പോഴും തുടരുന്നു. 36 ലക്ഷം കർഷക അംഗങ്ങൾ, 18,000 ഗ്രാമീണ സൊസൈറ്റികൾ, 18 ജില്ലാ യൂണിയനുകൾ എന്നിവ ഉൾപ്പെടുന്ന അതിൻ്റെ ശൃംഖല വഴി, ദിവസേന 30 ദശലക്ഷം ലിറ്ററോളം പാൽ രാജ്യത്തുടനീളം അമുൽ ശേഖരിക്കുന്നു.

 

2024–25 സാമ്പത്തിക വർഷത്തിൽ, അമുലിൻ്റെ വിറ്റുവരവ് ₹90,000 കോടി കടന്നു. ദശലക്ഷക്കണക്കിന് ചെറുകിട ഉത്പാദകരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം സാധ്യമായത്. ഇതിൽ 65 ശതമാനത്തിലധികവും സ്ത്രീകളാണ്. വ്യക്തിഗതമായി ചെറിയ തോതിലുള്ള സംഭാവനകളിലൂടെ ലോകത്തിലെ ഏറ്റവും വലിയ സഹകരണ സ്ഥാപനങ്ങളിലൊന്ന് വിജയകരമായി കൈകാര്യം ചെയ്യാനും നിലനിർത്താനും അവർക്കുള്ള കഴിവ്, ഇന്ത്യയിലെ ഗ്രാമീണ വികസനത്തിനും സാമ്പത്തിക ശാക്തീകരണത്തിനും സഹകരണ സ്ഥാപനങ്ങൾക്കുള്ള വലിയ സാധ്യതയാണ് എടുത്തുകാണിക്കുന്നത്.

 

ക്ഷീരമേഖലയിലെ പുതിയ ജിഎസ്ടി പരിഷ്കാരങ്ങൾ

ഇന്ത്യയുടെ ക്ഷീരമേഖലയ്ക്ക് വലിയ ഉണർവ്വേകിക്കൊണ്ട്, 2025 സെപ്റ്റംബർ 3-ന് ചേർന്ന 56-ാമത് ജിഎസ്ടി കൗൺസിൽ യോഗം പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ നികുതി കാര്യക്ഷമമാക്കുന്നതിനുള്ള വിപുലമായ തീരുമാനങ്ങൾക്ക് അംഗീകാരം നൽകി. ക്ഷീരവ്യവസായത്തിനായുള്ള ജിഎസ്ടി നിരക്കുകളിൽ വരുത്തിയ ഏറ്റവും വിപുലമായ മാറ്റങ്ങളിൽ ഒന്നാണിത്. വ്യാപകമായി ഉപയോഗിക്കുന്ന നിരവധി ഉൽപ്പന്നങ്ങൾക്ക് ഇനി നികുതി ഒഴിവാക്കുകയോ അല്ലെങ്കിൽ 5% സ്ലാബിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു.

2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ നിരക്കുകൾ മൂല്യ ശൃംഖലയിലുടനീളം ഗണ്യമായ ആശ്വാസം നൽകുന്നു. അൾട്രാ-ഹൈ ടെമ്പറേച്ചർ (UHT) പാൽ, മുൻകൂട്ടി പായ്ക്ക് ചെയ്ത പനീർ എന്നിവയ്ക്ക് ഇപ്പോൾ നികുതിയില്ല. വെണ്ണ, നെയ്യ്, ഡയറി സ്പ്രെഡുകൾ, ചീസ്, കണ്ടൻസ്ഡ് പാൽ, പാൽ അധിഷ്ഠിത പാനീയങ്ങൾ എന്നിവയെല്ലാം 12 ശതമാനം സ്ലാബിൽ നിന്ന് 5 ശതമാനം സ്ലാബിലേക്ക് മാറ്റി. നേരത്തെ 18 ശതമാനം ജിഎസ്ടി ഉണ്ടായിരുന്ന ഐസ്ക്രീമിൻ്റെ നികുതിയും 5 ശതമാനമായി കുറച്ചു. കൂടാതെ, പാൽ കൊണ്ടുപോകുന്ന പാൽ ടിന്നുകൾക്ക് ഇനി 12 ശതമാനത്തിന് പകരം 5 ശതമാനം നികുതി നൽകിയാൽ മതി.

ഈ പരിഷ്‌കാരം ഉത്പാദകരുടെയും ഉപഭോക്താക്കളുടെയും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിലൂടെ ക്ഷീര സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ക്ഷീരകർഷകരെ ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട, ഇടത്തരം, ഭൂരഹിത കർഷകർ ഉൾപ്പെടുന്ന 8 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് കുറഞ്ഞ നികുതി ഘടന നേരിട്ട് പ്രയോജനകരമാകും. കുറഞ്ഞ നികുതി ഘടന പ്രവർത്തനച്ചെലവ് കുറയ്ക്കാനും മായം ചേർക്കൽ തടയാനും ആഭ്യന്തര, അന്തർദേശീയ വിപണികളിൽ ഇന്ത്യൻ ക്ഷീര ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കാനും സാധ്യതയുണ്ട്.

ക്ഷീര വളർച്ചയ്ക്കായുള്ള നിലവിലെ ദേശീയ ശ്രമങ്ങൾ

ധവള വിപ്ലവം 2.0

ധവള വിപ്ലവം 2.0-യ്ക്കുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (SOP) 2024 സെപ്റ്റംബർ 19-ന് പുറത്തിറക്കുകയും തുടർന്ന് 2024 ഡിസംബർ 25-ന് ഔപചാരികമായി അവതരിപ്പിക്കുകയും ചെയ്തതോടെ ക്ഷീര സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ വികസിപ്പിക്കുന്നതിനും സംഘടിത ക്ഷീരമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമുള്ള പുതിയ ദേശീയ ശ്രമങ്ങൾക്ക് തുടക്കമായി. 2024–25 മുതൽ 2028–29 വരെ 5 വർഷം ഈ പരിപാടി തുടരും. ഈ കാലയളവിൽ സഹകരണ സ്ഥാപനങ്ങളുടെ പാൽ സംഭരണം പ്രതിദിനം 1,007 ലക്ഷം കിലോഗ്രാമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

75,000 പുതിയ ക്ഷീര സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിലൂടെ സഹകരണ ശൃംഖല വികസിപ്പിക്കുന്നത് ഈ സംരംഭത്തിൻ്റെ പ്രധാന സവിശേഷതയാണ്. സംഘടിത ക്ഷീര സംവിധാനത്തിന് പുറത്തുള്ള ഗ്രാമങ്ങളിൽ ഈ സൊസൈറ്റികൾ സ്ഥാപിക്കും. വനിതാ കർഷകരെ ചേർക്കുന്നതിൽ വലിയ ഊന്നൽ നൽകും. ഈ വിപുലീകരണത്തോടൊപ്പം, നിലവിലുള്ള 46,422 ക്ഷീര സഹകരണ സംഘങ്ങളെ മെച്ചപ്പെട്ട സേവനങ്ങൾ നൽകാനും അംഗങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും വേണ്ടി ശക്തിപ്പെടുത്തും.

ധവള വിപ്ലവം 2.0 സുസ്ഥിരതയ്ക്കും കാര്യക്ഷമമായ വിഭവ ഉപയോഗത്തിനും ശക്തമായ ശ്രദ്ധ നൽകുന്നു. മൂന്ന് പ്രത്യേക മൾട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികൾ (MSCS) സ്ഥാപിക്കപ്പെടുന്നു. ഒന്ന്, കന്നുകാലി തീറ്റ, ധാതു മിശ്രിതങ്ങൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ വിതരണം ചെയ്യും. മറ്റൊന്ന്, ജൈവവളങ്ങളുടെ ഉത്പാദനത്തെ പിന്തുണയ്ക്കുകയും ചാണകം, കാർഷിക അവശിഷ്ടങ്ങൾ എന്നിവ ശാസ്ത്രീയമായി ഉപയോഗിച്ച് ജൈവവളങ്ങളും ബയോഗ്യാസും ഉത്പാദിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് പ്രകൃതി കൃഷിക്കും സർക്കുലാർ സമ്പദ്‌വ്യവസ്ഥയ്ക്കും സംഭാവന നൽകും. മൂന്നാമത്തേത്, ചത്ത മൃഗങ്ങളുടെ തോൽ, അസ്ഥികൾ, കൊമ്പുകൾ എന്നിവ സംഘടിതമായും പാരിസ്ഥിതികപരമായും ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യും.

സഹകരണ വളർച്ചയ്ക്ക് ഊർജ്ജം പകർന്ന് സാബർ ഡയറിയുടെ പുതിയ പ്ലാൻ്റ്

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി 2025 ഒക്ടോബർ 3-ന് ഹരിയാനയിലെ റോത്തക്കിൽ സാബർ ഡയറി പ്ലാൻ്റ് ഉദ്ഘാടനം ചെയ്തു. ഏകദേശം ₹350 കോടി ചെലവിൽ നിർമ്മിച്ച ഈ സൗകര്യം, തൈര്, സംഭാരം, യോഗർട്ട് എന്നിവയുടെ ഉത്പാദനത്തിനായി സമർപ്പിച്ചിട്ടുള്ള രാജ്യത്തെ ഏറ്റവും വലിയ പ്ലാൻ്റാണ്. പാൽ ഉത്പാദകരെ പിന്തുണയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത ഇത് ഡൽഹി ദേശീയ തലസ്ഥാന മേഖലയുടെ (Delhi-NCR) മുഴുവൻ ക്ഷീര ഉൽപ്പന്നങ്ങളുടെ ആവശ്യകതയും നിറവേറ്റാൻ ഹരിയാനയെ പ്രാപ്തമാക്കും.

ഗുജറാത്തിലെ ഒരു സഹകരണ സംരംഭമായി ആരംഭിച്ച സാബർ ഡയറി ഇപ്പോൾ 9 സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതായും കർഷകർക്ക് പുതിയ വഴികൾ തുറക്കുന്നതായും ഉദ്ഘാടന വേളയിൽ എടുത്തുകാണിച്ചു. ഇത് പ്രതിനിധീകരിക്കുന്ന സഹകരണ പ്രസ്ഥാനം 35 ലക്ഷം സ്ത്രീകളെ ശാക്തീകരിച്ചിട്ടുണ്ട്. അവർ ഒറ്റയ്ക്ക് ഗുജറാത്തിൽ മാത്രം ₹85,000 കോടിയുടെ വാർഷിക ബിസിനസ്സ് നടത്തുന്നു.

റോത്തക് പ്ലാൻ്റ് പ്രതിദിനം 150 മെട്രിക് ടൺ തൈര്, 10 മെട്രിക് ടൺ യോഗർട്ട്, 3 ലക്ഷം ലിറ്റർ സംഭാരം, 10,000 കിലോഗ്രാം മധുരപലഹാരങ്ങൾ എന്നിവ ഉത്പാദിപ്പിക്കാൻ കഴിയും വിധം കാര്യമായ ഉൽപാദന ശേഷിയോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സഹകരണ ക്ഷീര ശൃംഖല ശക്തിപ്പെടുത്താനും ഈ ഉൽപാദന ശേഷി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ക്ഷീരമേഖലയും ഭാവി കാഴ്ചപ്പാടുകളും

അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (APEDA) 2025 സെപ്റ്റംബറിലെ പ്രതിമാസ ഡാഷ്‌ബോർഡ് അനുസരിച്ച്, ശക്തമായ ആഭ്യന്തര ആവശ്യം, പ്രജനന രീതികളിലെ പുരോഗതി, അനുകൂലമായ നയം എന്നിവ കാരണം വരും വർഷങ്ങളിൽ ഇന്ത്യയുടെ പാൽ ഉത്പാദനം ക്രമാനുഗതമായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിർമ്മിത ബുദ്ധി, ലിംഗനിർണ്ണയം ചെയ്ത ബീജം തുടങ്ങിയ നൂതന ഉപകരണങ്ങളുടെ വർദ്ധിച്ച ഉപയോഗം, കന്നുകാലികളുടെ ഗുണമേന്മ മെച്ചപ്പെടുത്തിയും ഉത്പാദനക്ഷമത വർദ്ധിപ്പിച്ചും കർഷകരെ ഉയർന്ന വിളവ് നേടാൻ സഹായിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദക രാജ്യമെന്ന സ്ഥാനം നിലനിർത്തിക്കൊണ്ട്, 2025-26-ൽ ഇന്ത്യ ആഗോള പാൽ വിതരണത്തിലേക്ക് ഏകദേശം 32 ശതമാനം സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു. APEDA-യുടെ കണക്കനുസരിച്ച് (സെപ്റ്റംബർ 2025), 2026-ലെ പ്രവചനം ദേശീയ പാൽ ഉത്പാദനം 242 ദശലക്ഷം ടണ്ണായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. കന്നുകാലികളുടെ എണ്ണത്തിൽ രാജ്യം ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു. 2024-ലെ 35 ശതമാനത്തിൽ നിന്ന് 2025-36 ശതമാനമായി സ്ഥിരമായ വർദ്ധന രേഖപ്പെടുത്തി, ഇത് ക്ഷീരമേഖലയുടെ ദീർഘകാല പ്രതിരോധശേഷി യെ ശക്തിപ്പെടുത്തുന്നു.

2028-29-ഓടെ പാൽ സംസ്കരണ ശേഷി പ്രതിദിനം നിലവിലുള്ള 660 ലക്ഷം ലിറ്ററിൽ നിന്ന് 100 ദശലക്ഷം ലിറ്ററായി വർദ്ധിപ്പിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു. മെച്ചപ്പെട്ട ആസൂത്രണത്തിനും ലക്ഷ്യമിട്ട ഇടപെടലുകൾക്കും പിന്തുണ നൽകുന്നതിനായി പശുധൻ സംരംഭം വഴി സമഗ്രമായ കന്നുകാലി ഡാറ്റാബേസ് തയ്യാറാക്കുന്നു. ഇനം മെച്ചപ്പെടുത്തുന്നതിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്നുണ്ട്. കുളമ്പുരോഗം, ബ്രൂസെല്ലോസിസ് എന്നിവയിൽ നിന്ന് കന്നുകാലികളെ സംരക്ഷിക്കുന്നതിനായി രാജ്യവ്യാപകമായി വലിയ തോതിലുള്ള വാക്സിനേഷൻ ഡ്രൈവുകൾ നടന്നുവരികയാണ്. 2030-ഓടെ ഈ രണ്ട് രോഗങ്ങളും നിർമാർജ്ജനം ചെയ്യുക എന്ന ദേശീയ ലക്ഷ്യത്തോടെ ഈ വാക്സിനുകൾ സൗജന്യമായാണ് നൽകുന്നത്. ഈ ശ്രമങ്ങളെല്ലാം ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും മൂല്യ ശൃംഖല ശക്തിപ്പെടുത്താനും സമീപഭാവിയിൽ പാൽ കയറ്റുമതിയിൽ മുൻനിര രാജ്യമായി ഇന്ത്യയെ മാറ്റാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരിഷ്കരിച്ച ദേശീയ ക്ഷീരവികസന പരിപാടിക്ക് (NPDD) കീഴിൽ, 2025-26-21,902 പുതിയ ക്ഷീര സഹകരണ സംഘങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു. ഇതിനായി ₹407.37 കോടി സാമ്പത്തിക ചെലവ് കണക്കാക്കുന്നു. ഇതിൽ ₹211.90 കോടി ഇന്ത്യാ ഗവൺമെൻ്റാണ് നൽകുന്നത്.

ക്ഷീരമേഖലയിലെ മികവിനുള്ള ആദരം

കന്നുകാലി-ക്ഷീരമേഖലകളിലെ മികച്ച സംഭാവനകൾക്ക് അംഗീകാരം നൽകിക്കൊണ്ട് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് ദേശീയ ഗോപാൽ രത്ന അവാർഡ് 2025 പ്രഖ്യാപിച്ചു. ദേശീയ ക്ഷീര ദിനമായ 2025 നവംബർ 26-ന് ഈ അവാർഡുകൾ സമ്മാനിക്കും.

തദ്ദേശീയ കന്നുകാലികളെ വളർത്തുന്ന മികച്ച ക്ഷീരകർഷകർ, മികച്ച പ്രകടനം കാഴ്ചവെക്കുന്ന ക്ഷീര സഹകരണ സ്ഥാപനങ്ങൾ അല്ലെങ്കിൽ പാൽ ഉത്പാദക സംഘടനകൾ, കൃത്രിമ ബീജസങ്കലന സാങ്കേതിക വിദഗ്ധർ എന്നിവരെയാണ് അവാർഡുകൾ നൽകി ആദരിക്കുന്നത്. ആദ്യത്തെ രണ്ട് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം നേടുന്നവർക്ക് യഥാക്രമം ₹5 ലക്ഷം, ₹3 ലക്ഷം, ₹2 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. സുസ്ഥിരവും സമഗ്രവുമായ ക്ഷീര വളർച്ച എന്ന ഇന്ത്യയുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ക്ഷീര സമൂഹത്തിൽ മികവും നവീകരണവും അർപ്പണബോധവും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ അംഗീകാരം ലക്ഷ്യമിടുന്നത്.

ഉപസംഹാരം

2025-ലെ ദേശീയ ക്ഷീര ദിനം ആനന്ദിൽ സ്ഥാപിച്ച സഹകരണ അടിത്തറയിൽ നിന്ന് ലോകത്തിലെ മുൻനിര പാൽ ഉത്പാദക രാജ്യമെന്ന ഇന്നത്തെ സ്ഥാനത്തേക്കുള്ള ഇന്ത്യയുടെ ക്ഷീരമേഖലയുടെ പരിണാമത്തെ പ്രതിഫലിപ്പിക്കുന്നു. ഓപ്പറേഷൻ ഫ്ലഡ്, ക്ഷീര സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തൽ, സുസ്ഥിരമായ ​ഗവൺമെന്റ് പിന്തുണ എന്നിവയിലൂടെ കൈവരിച്ച പുരോഗതി മൊത്തത്തിലുള്ള പാൽ ഉത്പാദനത്തിൽ ഗണ്യമായ നേട്ടങ്ങൾ, പ്രതിശീർഷ ലഭ്യത വർദ്ധിപ്പിക്കൽ, മെച്ചപ്പെട്ട കന്നുകാലി ഉൽപാദനക്ഷമത എന്നിവയ്ക്ക് കാരണമായി. രാഷ്ട്രീയ ഗോകുൽ മിഷൻ, ദേശീയ കൃത്രിമ ബീജസങ്കലന പരിപാടി, ദേശീയ ക്ഷീരവികസന പരിപാടി തുടങ്ങിയ പദ്ധതികൾ ശാസ്ത്രീയ പ്രജനനം, മെച്ചപ്പെട്ട മൃഗാരോഗ്യ സേവനങ്ങൾ, ക്ഷീര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വ്യാപ്തി വർദ്ധിപ്പിച്ചു.

വനിതാ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനങ്ങളുടെയും വലിയ തോതിലുള്ള ഉത്പാദക സംഘടനകളുടെയും അമുൽ, സബർ ഡയറി പോലുള്ള പ്രമുഖ ക്ഷീര സ്ഥാപനങ്ങളുടെയും വർദ്ധിച്ചുവരുന്ന പ്രാധാന്യം ഈ മേഖലയുടെ സമഗ്രതയും അതിൻ്റെ സാമ്പത്തിക സ്വാധീനവും വർദ്ധിപ്പിക്കുന്നു. ജിഎസ്ടി കൗൺസിലിൻ്റെ പരിഷ്‌കാരങ്ങൾ, മെച്ചപ്പെടുത്തിയ സംസ്കരണ ശേഷി, ധവള വിപ്ലവം 2.0-ൻ്റെ ശ്രദ്ധ എന്നിവ ശക്തവും കൂടുതൽ സുസ്ഥിരവുമായ ക്ഷീര സംവിധാനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. രാജ്യം ദേശീയ ക്ഷീര ദിനം ആചരിക്കുമ്പോൾ, ശക്തവും ഉൽപ്പാദനക്ഷമവും പുരോഗമനപരവുമായ ഒരു ക്ഷീര സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ തുടരുന്ന കർഷകരെയും സഹകരണ സ്ഥാപനങ്ങളെയും ഇത് അംഗീകരിക്കുന്നു.

 

References

Ministry of Fisheries, Animal Husbandry and Dairying

https://dahd.gov.in/sites/default/files/2025-05/Annual-Report202425.pdf

National Dairy Development Board

https://www.nddb.coop/sites/default/files/pdfs/NDDB_AR_2023_24_Eng.pdf

APEDA

https://apeda.gov.in/sites/default/files/2025-10/MIC_Monthly_dashboard_Dairy_30102025.pdf

PIB Press Release

https://www.pib.gov.in/PressReleasePage.aspx?PRID=2077029

https://www.pib.gov.in/PressReleseDetailm.aspx?PRID=2174456

https://www.pib.gov.in/PressNoteDetails.aspx?NoteId=155298&ModuleId=3

https://www.pib.gov.in/PressReleasePage.aspx?PRID=2172880

https://www.pib.gov.in/PressReleasePage.aspx?PRID=2152462

https://www.pib.gov.in/PressReleasePage.aspx?PRID=2112693

https://www.pib.gov.in/PressReleasePage.aspx?PRID=2178028

https://www.pib.gov.in/PressReleasePage.aspx?PRID=2188432

https://www.pib.gov.in/PressReleasePage.aspx?PRID=2163730

https://www.pib.gov.in/PressReleseDetailm.aspx?PRID=2077736

https://www.pib.gov.in/PressReleasePage.aspx?PRID=2190731

https://www.pib.gov.in/PressReleaseIframePage.aspx?PRID=2031242

Click here for pdf file.

***

SK

 

(Explainer ID: 156870) आगंतुक पटल : 19
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Gujarati , Kannada
Link mygov.in
National Portal Of India
STQC Certificate