Social Welfare
കാശി തമിഴ് സംഗമം 4.0
വിജ്ഞാന പാരമ്പര്യങ്ങളെയും സംസ്കാരങ്ങളെയും സമൂഹങ്ങളെയും വീണ്ടും ബന്ധിപ്പിക്കുന്നു
Posted On:
01 DEC 2025 11:00AM
|
പ്രധാന വസ്തുതകൾ
- തമിഴ്‌നാടും കാശിയും തമ്മിലുള്ള സാംസ്കാരികവും നാഗരികവുമായ ബന്ധം മുന്നോട്ട് കൊണ്ടുപോകുന്ന കാശി തമിഴ് സംഗമം 4.0, 2025 ഡിസംബർ 2 ന് ആരംഭിക്കും.
- "നമുക്ക് തമിഴ് പഠിക്കാം – തമിഴ് കർക്കളം" എന്നതിലാണ് ഈ പതിപ്പ് ഊന്നൽ നൽകുന്നത്. തമിഴ് ഭാഷാ പഠനത്തിനും ഭാഷാപരമായ ഐക്യത്തിനും ഇത് കേന്ദ്രസ്ഥാനം നൽകുന്നു.
- പ്രധാന പരിപാടികളിൽ തമിഴ് കർക്കളം (വാരാണസി സ്കൂളുകളിൽ തമിഴ് പഠിപ്പിക്കൽ), തമിഴ് കർപോം (കാശി മേഖലയിലെ 300 വിദ്യാർത്ഥികൾക്കായി തമിഴ് പഠന യാത്രാ പര്യടനങ്ങൾ), തെങ്കാശിയിൽ നിന്ന് കാശിയിലേക്കുള്ള നാഗരിക പാത കണ്ടെത്തുന്ന അഗസ്ത്യ മുനി വാഹന പര്യടനം എന്നിവ ഉൾപ്പെടുന്നു.
- കാശി മുതൽ തമിഴ്‌നാട് വരെയുള്ള സാംസ്കാരിക പാതയെ പ്രതീകാത്മകമായി പൂർത്തീകരിക്കുന്ന രാമേശ്വരത്ത് നടക്കുന്ന മഹത്തായ സമാപന ചടങ്ങോടെയാണ് ഈ വർഷത്തെ സംഗമം സമാപിക്കുക.
|
ഒരു പുരാതന ബന്ധം പുതുക്കുന്നു: എന്താണ് കാശി തമിഴ് സംഗമം?

നൂറ്റാണ്ടുകളായി ഇന്ത്യൻ ഭാവനയിൽ ജീവിക്കുന്ന ഒരു ബന്ധത്തിൻ്റെ ആഘോഷമാണ് കാശി തമിഴ് സംഗമം. എണ്ണമറ്റ തീർത്ഥാടകർക്കും പണ്ഡിതന്മാർക്കും അന്വേഷകർക്കും തമിഴ്‌നാടിനും കാശിക്കും ഇടയിലുള്ള യാത്ര കേവലം ഒരു ഭൗതിക യാത്രയായിരുന്നില്ല— അത് ആശയങ്ങൾ, തത്ത്വചിന്തകൾ, ഭാഷകൾ, ജീവിത പാരമ്പര്യങ്ങൾ എന്നിവയുടെ ഒരു പ്രവാഹമായിരുന്നു. ഈ ആവേശത്തിൽ നിന്നാണ് സംഗമം ഉരുത്തിരിഞ്ഞത്, തലമുറകളായി ഇന്ത്യയുടെ സാംസ്കാരിക ഭൂമികയെ നിശബ്ദമായി രൂപപ്പെടുത്തിയ ഒരു ബന്ധത്തെ ഇത് ജീവസുറ്റതാക്കുന്നു.
രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷം തികഞ്ഞതിൻ്റെ ഓർമ്മ പുതുക്കുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷ വേളയിൽ, 2022-ൽ ആരംഭിച്ച സംഗമം, രാജ്യത്തെ ബന്ധിപ്പിക്കുന്ന സാംസ്കാരിക തുടർച്ചയെ ഉറപ്പിക്കാനുള്ള ലക്ഷ്യബോധമുള്ള ഒരു ശ്രമമായി ഉയർന്നുവന്നു. ഉൾക്കണ്ണുകൊണ്ട് നോക്കാനുള്ള ഈ ആവേശത്തിൽ, ഇന്ത്യയുടെ കാലാതീതമായ ശക്തികളെ ആഘോഷിക്കുന്നതിനായി, ആത്മീയ ചിന്തകൾ, കലാപരമായ ആവിഷ്കാരങ്ങൾ, പാണ്ഡിത്യപരമായ കൈമാറ്റങ്ങൾ എന്നിവയ്ക്ക് നൂറ്റാണ്ടുകളായി മാർഗ്ഗനിർദ്ദേശം നൽകിയ ഒരു പുരാതന ബന്ധത്തിന് ദേശീയ വേദി നൽകാൻ കാശി തമിഴ് സംഗമം സഹായിച്ചു.
ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിൻ്റെ സാരാംശം ഉൾക്കൊള്ളുന്ന ഈ സംരംഭം സ്വന്തം സംസ്കാരങ്ങൾക്കപ്പുറമുള്ള സമ്പന്നത മനസ്സിലാക്കാനും അഭിനന്ദിക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്. ഐ.ഐ.ടി. മദ്രാസും ബനാറസ് ഹിന്ദു സർവകലാശാലയും (ബി.എച്ച്.യു.) പ്രധാന വിജ്ഞാന പങ്കാളികളായി പ്രവർത്തിക്കുന്നു. റെയിൽവേ, സാംസ്കാരികം, ടൂറിസം, ടെക്സ്റ്റൈൽസ്, യുവജനകാര്യം, കായികം തുടങ്ങി പത്ത് മന്ത്രാലയങ്ങളുടെയും ഉത്തർപ്രദേശ് ഗവൺമെന്റിന്റെയും പങ്കാളിത്തമുണ്ട്. വിദ്യാർത്ഥികൾ, കരകൗശല വിദഗ്ധർ, പണ്ഡിതർ, ആത്മീയ നേതാക്കൾ, അധ്യാപകർ, സാംസ്കാരിക പ്രവർത്തകർ എന്നിവരെ ഒരുമിപ്പിച്ച് കൊണ്ടുവന്ന് അവർക്കിടയിൽ ആശയങ്ങൾ, സാംസ്കാരിക രീതികൾ, പരമ്പരാഗത അറിവുകൾ എന്നിവ കൈമാറ്റം ചെയ്യാൻ കാശി തമിഴ് സംഗമം സൗകര്യമൊരുക്കുന്നു. സംഗമത്തിൻ്റെ ഓരോ പതിപ്പിലും തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികളും മറ്റും ഒരാഴ്ച മുതൽ പത്ത് ദിവസം വരെ കാശി സന്ദർശിക്കുകയും കാശിയിലെ ക്ഷേത്രങ്ങളും തമിഴ് ബന്ധങ്ങളുള്ള കേന്ദ്രങ്ങളും അയോധ്യ, പ്രയാഗ്‌രാജ് തുടങ്ങിയ അയൽ പ്രദേശങ്ങളും സന്ദർശിക്കുകയും ചെയ്യുന്നു. അവർ സെമിനാറുകൾ, ചർച്ചകൾ, സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും കാശിയിലെ തങ്ങളുടെ പങ്കാളികളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നു.
കാശി തമിഴ് സംഗമം 4.0: 'തമിഴ് കർക്കലാം' – നമുക്ക് തമിഴ് പഠിക്കാം
വളർന്നു വരുന്ന ഈ സാംസ്കാരിക സംഗമത്തിൻ്റെ അടുത്ത അധ്യായമാണ് കാശി തമിഴ് സംഗമം 4.0. ഇത് അതിൻ്റെ വ്യാപ്തിയും ലക്ഷ്യവും വർദ്ധിപ്പിക്കുന്നു. 2025 ഡിസംബർ 2 ന് ആരംഭിക്കാൻ നിശ്ചയിച്ചിരിക്കുന്ന ഈ പതിപ്പ്, മുൻ സംഗമങ്ങളുടെ സത്ത നിലനിർത്തുന്നതോടൊപ്പം ഭാഷാ പഠനത്തിനും അക്കാദമിക് കൈമാറ്റത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നു. വടക്കേ ഇന്ത്യയിലെ ഏറ്റവും പുണ്യകേന്ദ്രങ്ങളിലൊന്നായ കാശിയിൽ നിന്ന് തമിഴ് ആത്മീയ പൈതൃകത്തിൻ്റെ ഏറ്റവും ആദരണീയമായ സ്ഥലങ്ങളിലൊന്നായ രാമേശ്വരത്തേക്കുള്ള യാത്ര പ്രതീകാത്മകമായി പൂർത്തിയാക്കി, രാമേശ്വരത്ത് നടക്കുന്ന ഒരു സമാപന ചടങ്ങോടെ ആഘോഷങ്ങൾ പൂർത്തിയാകും. വടക്ക്-തെക്ക് ദിശയിലുള്ള ഈ യാത്ര, രണ്ട് ഊർജ്ജസ്വലമായ സാംസ്കാരിക ഭൂമിശാസ്ത്രങ്ങൾക്കിടയിലുള്ള പാലം എന്ന സംഗമത്തിൻ്റെ യഥാർത്ഥ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
"നമുക്ക് തമിഴ് പഠിക്കാം – തമിഴ് കർക്കലാം" എന്നതിലാണ് കാശി തമിഴ് സംഗമം 4.0-യുടെ കാതൽ. എല്ലാ ഇന്ത്യൻ ഭാഷകളും പങ്കിട്ട ഭാരതീയ ഭാഷാ കുടുംബത്തിൽ പെടുന്നു എന്ന വിശ്വാസം മുന്നോട്ട് കൊണ്ടുപോയിക്കൊണ്ട് ഈ പതിപ്പ് തമിഴ് ഭാഷാ പഠനത്തിന് പ്രാധാന്യം നൽകുന്നു. ഭാഷാ വൈവിധ്യം സാംസ്കാരിക ഐക്യത്തെ ശക്തിപ്പെടുത്തുന്നു എന്ന ലളിതവും ശക്തവുമായ സന്ദേശമാണ് ഈ പ്രമേയം നൽകുന്നത്. ഈ വർഷത്തെ പതിപ്പ്, ഭാഷാ അധിഷ്ഠിത സാംസ്കാരിക കൈമാറ്റത്തിനും യുവജന പങ്കാളിത്തത്തിനും ഊന്നൽ നൽകിക്കൊണ്ട് ഒരു ശക്തമായ വിദ്യാഭ്യാസ ശ്രദ്ധയും അവതരിപ്പിക്കുന്നു. കാശി മേഖലയിലെ വിദ്യാർത്ഥികൾക്ക് തമിഴ് ഭാഷയിൽ മുഴുകാനും തമിഴ്‌നാടിൻ്റെ സമ്പന്നമായ പൈതൃകം നേരിട്ട് അനുഭവിക്കാനും അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഇത് സാംസ്കാരിക ഐക്യം എന്ന ആശയത്തെ പ്രതീകാത്മകതയ്ക്കപ്പുറം എത്തിക്കുന്നു.
ഈ വികസിത ദർശനത്തിന് അനുസൃതമായി, തമിഴ്‌നാട്ടിൽ നിന്നുള്ള ഏഴ് വിശാലമായ വിഭാഗങ്ങളിൽ നിന്നുള്ള (വിദ്യാർത്ഥികൾ, അധ്യാപകർ, എഴുത്തുകാർ/മാധ്യമ പ്രവർത്തകർ, കൃഷി/അനുബന്ധ മേഖലകളിൽ നിന്നുള്ളവർ, പ്രൊഫഷണലുകളും കരകൗശല വിദഗ്ധരും, സ്ത്രീകൾ, ആത്മീയ പണ്ഡിതർ) 1,400-ൽ അധികം പ്രതിനിധികൾ കാശിയിലെ പരിപാടികളിൽ പങ്കെടുക്കും. ഇവരുടെ പങ്കാളിത്തം, ഈ പ്രമേയത്തിൻ്റെ സത്ത സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ഇത് കാശി തമിഴ് സംഗമം 4.0 നെ എല്ലാവരെയും ഉൾക്കൊള്ളുന്നതും ദൂരവ്യാപകമായ സ്വാധീനമുള്ളതുമാക്കുന്നു.
കാശി തമിഴ് സംഗമം 4.0: പ്രധാന സംരംഭങ്ങൾ
ഉത്തർപ്രദേശിലെ വിദ്യാർത്ഥികളെ തമിഴ് പഠിപ്പിക്കുന്നു – “നമുക്ക് തമിഴ് പഠിക്കാം – തമിഴ് കർക്കലാം”
ഈ പതിപ്പിൻ്റെ ഒരു പ്രധാന സംരംഭം, പ്രത്യേകിച്ച് കാശി മേഖലയിൽ, തമിഴ് പഠനം ഘടനാപരമായി അവതരിപ്പിക്കുക എന്നതാണ്.
- ഹിന്ദി അറിയുന്ന 50 തമിഴ് അധ്യാപകരെ (ഡി.ബി.എച്ച്.പി.എസ്. പ്രചാരകർ ഉൾപ്പെടെ) 2025 ഡിസംബർ 2 മുതൽ ഡിസംബർ 15 വരെ വാരാണസിയിലെ 50 സ്കൂളുകളിൽ വിന്യസിക്കും.
- ഇവർ ഉത്തർപ്രദേശിൽ എത്തുന്നതിനുമുമ്പ് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിൽ (CICT) പരിശീലനം നേടും.
- ഓരോ അധ്യാപകരും 30 വിദ്യാർത്ഥികളുള്ള ബാച്ചുകൾക്ക് അടിസ്ഥാന സംഭാഷണം, ഉച്ചാരണം, അക്ഷരമാല എന്നിവ ഉൾക്കൊള്ളുന്ന ഹ്രസ്വകാല സ്പോക്കൺ തമിഴ് മൊഡ്യൂളുകൾ നൽകും.
- ഈ സംരംഭത്തിലൂടെ മൊത്തം 1,500 വിദ്യാർത്ഥികൾ പ്രാഥമിക തമിഴ് പഠിക്കും.
- ബി.എച്ച്.യു.വിലെ തമിഴ് വകുപ്പ്, സി.ഐ.ഐ.എൽ. മൈസൂരു, ഐ.ആർ.സി.ടി.സി., വാരാണസി ഭരണകൂടം എന്നിവ ഏകോപനത്തിനും ലോജിസ്റ്റിക്സിനും പിന്തുണ നൽകുന്നു.
ഈ സംരംഭം തമിഴ്‌നാടിന് പുറത്ത് തമിഴ് പഠനം വികസിപ്പിക്കുന്നതിനും ഭാഷാപരമായ ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കുന്നതിനും ഒരു സുപ്രധാന ചുവടുവെപ്പാണ്.
തമിഴ്‌നാട് സന്ദർശിച്ച് തമിഴ് പഠിക്കാം – പഠനയാത്രാ പരിപാടി
ഉത്തർപ്രദേശിലെ തമിഴ് അധ്യയനത്തിന് പൂരകമായി, കാശി മേഖലയിൽ നിന്നുള്ള യുവജനങ്ങൾക്കായി ഒരു വലിയ തോതിലുള്ള വിദ്യാഭ്യാസ പര്യടനമുണ്ട്.
- ഉത്തർപ്രദേശിൽ നിന്നുള്ള 300 കോളേജ് വിദ്യാർത്ഥികൾ തമിഴ് ഭാഷ പഠിക്കുന്നതിനായി 10 ബാച്ചുകളിലായി തമിഴ്‌നാട് സന്ദർശിക്കും.
- ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിൽ (CICT) ഒരു ഓറിയന്റേഷൻ പരിപാടിയിൽ അവർ പങ്കെടുക്കും. തുടർന്ന് സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങളിൽ തമിഴ് ഭാഷാ ക്ലാസുകളും സാംസ്കാരിക സെഷനുകളും നടക്കും.
- ഓരോ സ്ഥാപനവും വിദ്യാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കുകയും വിഷയ കോർഡിനേറ്റർമാരെ നൽകുകയും ചരിത്രപരമായ തമിഴ്-കാശി ബന്ധങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് പഠന യാത്രകൾ സംഘടിപ്പിക്കുകയും ചെയ്യും.
- എല്ലാ വിദ്യാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ ലഭിക്കും.
സ്ഥാപനങ്ങളുടെ പട്ടിക:
|
ബാച്ച് നമ്പർ
|
സ്ഥാപനത്തിന്റെ പേര്
|
|
1, 2
|
ഐഐടി മദ്രാസ് (2 ബാച്ച് വിദ്യാർത്ഥികൾ)
|
|
3
|
സെൻട്രൽ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി
|
|
4
|
ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്, ഡീംഡ് യൂണിവേഴ്സിറ്റി, ഡിണ്ടിഗൽ
|
|
5
|
ഭാരതീയ വിദ്യാ ഭവൻ
|
|
6
|
ശ്രീ ശങ്കര ആർട്സ് ആൻഡ് സയൻസ് കോളേജ്, ഏനാത്തൂർ, കാഞ്ചീപുരം
|
|
7
|
ശ്രീ ചന്ദ്രശേഖരേന്ദ്ര സരസ്വതി മഹാവിദ്യാലയം, കാഞ്ചീപുരം
|
|
8
|
കൊങ്ങുനാട് ആർട്സ് & സയൻസ് കോളേജ്, കോയമ്പത്തൂർ
|
|
9
|
ശാസ്ത്ര സർവകലാശാല, തഞ്ചാവൂർ
|
|
10
|
ഗണാദിപതി തുളസീസ് ജെയിൻ എഞ്ചിനീയറിംഗ് കോളേജ് (GTEC), വെല്ലൂർ
|
വടക്കേ ഇന്ത്യയിലെ യുവ പഠിതാക്കൾക്ക് തമിഴ് ഭാഷ, പൈതൃകം, സമകാലിക സാംസ്കാരിക ആചാരങ്ങൾ എന്നിവയിൽ നേരിട്ടുള്ള അനുഭവം നേടാൻ ഈ പരിപാടി ഉറപ്പാക്കുന്നു.
അഗസ്ത്യ മുനി വാഹന പര്യടനം (SAVE - സേജ് അഗസ്ത്യ വെഹിക്കിൾ എക്സ്പെഡിഷൻ)

തമിഴ്, ഇന്ത്യൻ പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ ഒരു സാസ്കാരിക പാതയെ വീണ്ടും കണ്ടെത്താൻ സഹായിക്കുന്ന അഗസ്ത്യ മുനി വാഹന പര്യടനം (SAVE), കെ.ടി.എസ് 4.0-യുടെ ഏറ്റവും പ്രതീകാത്മകമായ സംരംഭങ്ങളിൽ ഒന്നാണ്.
- ഈ പര്യടനം 2025 ഡിസംബർ 2-ന് തെങ്കാശിയിൽ (തമിഴ്നാട്) നിന്ന് ആരംഭിച്ച് 2025 ഡിസംബർ 10-ന് കാശിയിൽ എത്തിച്ചേരും.
- ഇത് അഗസ്ത്യ മുനിയുമായി ബന്ധപ്പെട്ട ഐതിഹാസിക പാത പിന്തുടരുന്നു, ഇന്ത്യൻ വിജ്ഞാന സമ്പ്രദായങ്ങളിലെ തമിഴ്നാടിന്റെ സംഭാവനയെ ഇത് പ്രതിഫലിപ്പിക്കുന്നു.
- സാംസ്കാരിക ഐക്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ വടക്കോട്ട് യാത്ര ചെയ്യുകയും ഒരു ശിവക്ഷേത്രം നിർമ്മിക്കുകയും ചെയ്ത പാണ്ഡ്യ ഭരണാധികാരിയായ ആദി വീര പരാക്രമ പാണ്ഡ്യന്റെ പാരമ്പര്യത്തെ ഈ യാത്ര ആദരിക്കുന്നു. ഇതിന്റെ ഫലമായാണ് തെങ്കാശി ("ദക്ഷിണ കാശി") എന്ന പേരുവന്നത്.
- യാത്രാമാർഗ്ഗത്തിൽ, ചേര, ചോള, പാണ്ഡ്യ, പല്ലവ, ചാലൂക്യ, വിജയനഗര കാലഘട്ടങ്ങളിലെ നാഗരിക ബന്ധങ്ങളെ ഇത് ഉയർത്തിക്കാട്ടുന്നു.
- ഇത് ക്ലാസിക്കൽ തമിഴ് സാഹിത്യം, സിദ്ധവൈദ്യം, പങ്കിട്ട പൈതൃക പാരമ്പര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നു.
തമിഴ്നാടും കാശിയും തമ്മിലുള്ള ആശയങ്ങളുടെയും സംസ്കാരത്തിന്റെയും ആത്മീയ പഠനത്തിന്റെയും ആഴത്തിലുള്ള ചരിത്ര പ്രസ്ഥാനത്തെ ഈ പര്യടനം പ്രതീകപ്പെടുത്തുന്നു.
1.0 മുതൽ 4.0 വരെ: കാശി തമിഴ് സംഗമത്തിന്റെ യാത്ര
2022-ൽ ആരംഭിച്ചതു മുതൽ, കാശി തമിഴ് സംഗമം തമിഴ്നാടും കാശിയും തമ്മിലുള്ള ഒരു ഘടനാപരമായ സാംസ്കാരിക, വിദ്യാഭ്യാസ ഇടപെടലായി വികസിച്ചു. ഓരോ പതിപ്പും ക്യുറേറ്റഡ് പ്രതിനിധി സംഘങ്ങൾ, തീമാറ്റിക് ഫോക്കസ് ഏരിയകൾ, അക്കാദമിക ഇടപെടലുകൾ, പൈതൃക അനുഭവങ്ങൾ എന്നിവയിലൂടെ അതിന്റെ വ്യാപ്തി വികസിപ്പിക്കുകയും രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള നാഗരിക ബന്ധം ക്രമാനുഗതമായി ശക്തിപ്പെടുത്തുകയും ചെയ്തു.
കാശി തമിഴ് സംഗമം 1.0 (നവംബർ – ഡിസംബർ 2022)

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കാശി തമിഴ് സംഗമത്തിന്റെ ആദ്യ പതിപ്പ്, തുടർന്നുള്ള പതിപ്പുകളിലൂടെ ശക്തിപ്പെടുന്ന സാംസ്കാരിക പാലത്തിന് അടിത്തറയിട്ടു. 2022 നവംബർ 16 മുതൽ ഡിസംബർ 15 വരെ നടന്ന ആദ്യ പതിപ്പ്, തമിഴ്നാടും കാശിയും തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ ഒരു വലിയ, ആഴത്തിലുള്ള രൂപത്തിൽ പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവന്നു.
പ്രധാന സവിശേഷതകൾ:
- വിദ്യാർത്ഥികൾ, അധ്യാപകർ, കരകൗശല വിദഗ്ധർ, കർഷകർ, എഴുത്തുകാർ, ആത്മീയ നേതാക്കൾ, പ്രൊഫഷണലുകൾ, സാംസ്കാരിക പ്രവർത്തകർ എന്നിങ്ങനെ 12 വ്യത്യസ്ത ഗ്രൂപ്പുകളിലായി തമിഴ്നാട്ടിൽ നിന്ന് 2,500-ൽ അധികം പേർ.
- വാരാണസി, പ്രയാഗ്‌രാജ്, അയോധ്യ എന്നിവ ഉൾപ്പെടുന്ന എട്ട് ദിവസത്തെ ക്യൂറേറ്റഡ് ടൂറുകൾ.
- പ്രധാന സാംസ്കാരിക, ആത്മീയ കേന്ദ്രങ്ങളായ കാശി വിശ്വനാഥ ക്ഷേത്രം, കേദാർ ഘട്ട്, സാരാനാഥ്, കാശിയിലെ തമിഴ് പൈതൃക കേന്ദ്രങ്ങൾ എന്നിവ സന്ദർശിച്ചു.
- മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ പൂർവ്വിക ഭവനം സന്ദർശനവും നഗരത്തിലെ തമിഴ് സംസാരിക്കുന്ന സമൂഹങ്ങളുമായുള്ള ആശയവിനിമയവും.
- തമിഴ്‌നാട്ടിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമുള്ള കലാകാരന്മാർ പങ്കെടുക്കുന്ന ദൈനംദിന സാംസ്കാരിക പരിപാടികൾ ബിഎച്ച്‌യുവിൽ നടക്കും
- കൈത്തറി, കരകൗശല വസ്തുക്കൾ, ODOP ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ, പരമ്പരാഗത വിഭവങ്ങൾ എന്നിവയുടെ പ്രദർശനങ്ങൾ
- തമിഴ്നാടും കാശിയും തമ്മിലുള്ള ചരിത്രപരവും സാഹിത്യപരവുമായ ബന്ധങ്ങൾ പര്യവേക്ഷണം ചെയ്ത അക്കാദമിക സെഷനുകൾ, പ്രഭാഷണ-പ്രകടനങ്ങൾ, കമ്മ്യൂണിറ്റി ഇടപെടലുകൾ.
കാശി തമിഴ് സംഗമം 2.0 (ഡിസംബർ 2023)
2023 ഡിസംബർ 17 മുതൽ 30 വരെ വാരാണസിയിലെ നമോ ഘട്ടിൽ നടന്ന കാശി തമിഴ് സംഗമത്തിന്റെ രണ്ടാം പതിപ്പ്, ആദ്യ വർഷം സ്ഥാപിച്ച സാംസ്കാരിക വിനിമയത്തിന്റെ വ്യാപ്തിയും ആഴവും വർധിപ്പിച്ചു.



കെ.ടി.എസ് 2.0-യുടെ പ്രധാന സവിശേഷതകൾ:
- ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി തമിഴ്നാട്ടിൽ നിന്നുള്ള 1,435 പ്രതിനിധികൾ വാരാണസി, പ്രയാഗ്‌രാജ്, അയോധ്യ എന്നിവ ഉൾപ്പെടുന്ന എട്ട് ദിവസത്തെ ക്യൂറേറ്റഡ് ടൂറുകളിൽ പങ്കെടുത്തു. കാശി വിശ്വനാഥ ക്ഷേത്രം, സാരാനാഥ്, സുബ്രഹ്മണ്യ ഭാരതിയുടെ വീട് തുടങ്ങിയ പ്രധാന ആത്മീയ, തമിഴ് പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ചു.
- പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ആദ്യത്തെ തത്സമയ തമിഴ് പരിഭാഷ ഈ പതിപ്പിൽ അവതരിപ്പിച്ചു, ഇത് പ്രതിനിധികളുമായി തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കി.
- നമോ ഘട്ടിൽ നടന്ന ദിവസേനയുള്ള സാംസ്കാരിക പരിപാടികളിൽ ഇരു സംസ്ഥാനങ്ങളിലെയും ക്ലാസിക്കൽ, നാടോടി, സമകാലിക പ്രകടനങ്ങൾ പ്രദർശിപ്പിച്ചു. കൂടാതെ, ഒരു പ്രത്യേക അഗസ്ത്യ ജയന്തി സെഷൻ ഉൾപ്പെടെ ഏഴ് തീമാറ്റിക് അക്കാദമിക് സെഷനുകളും നടന്നു.
- കൈത്തറി, കരകൗശല വസ്തുക്കൾ, ഒ.ഡി.ഒ.പി. ഉൽപ്പന്നങ്ങൾ, പുസ്തകങ്ങൾ, പ്രാദേശിക വിഭവങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു വലിയ പ്രദർശനം 22 ലക്ഷം രൂപയുടെ വിൽപ്പന രേഖപ്പെടുത്തുകയും 2 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുകയും ചെയ്തു.

- ഔദ്യോഗിക കെ.ടി.എസ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ 8.5 കോടി പൗരന്മാരിലേക്ക് എത്തിയ (Brand24) ശക്തമായ ഡിജിറ്റൽ പ്രചാരണം, 2.5 ലക്ഷം ഇടപെടലുകളോടെ മൊത്തം 8 ദശലക്ഷം റീച്ച് നേടി.

കാശി തമിഴ് സംഗമം 3.0 (ഫെബ്രുവരി 2025)

2025 ഫെബ്രുവരി 15 മുതൽ 24 വരെ നടന്ന കാശി തമിഴ് സംഗമത്തിന്റെ മൂന്നാം പതിപ്പ്, കൂടുതൽ ആഴത്തിലുള്ള തീമാറ്റിക് ശ്രദ്ധയോടെ തമിഴ്നാടും കാശിയും തമ്മിലുള്ള സാംസ്കാരിക, വൈജ്ഞാനിക പാലം വികസിപ്പിച്ചു.
കെ.ടി.എസ് 3.0-യുടെ പ്രധാന സവിശേഷതകൾ:
- അഗസ്ത്യ മുനിയെക്കുറിച്ചുള്ള സമർപ്പിത തീമാറ്റിക് ഫോക്കസ്, അദ്ദേഹത്തിന്റെ സാഹിത്യം, ഭാഷാശാസ്ത്രം, തത്വശാസ്ത്രം, ഭാരതീയ വിജ്ഞാന പാരമ്പര്യങ്ങൾ എന്നിവയിലേക്കുള്ള സംഭാവനകൾ ഉയർത്തിക്കാട്ടുന്ന പ്രദർശനങ്ങളും ചർച്ചകളും.
- വാരാണസി, പ്രയാഗ്‌രാജ്, അയോധ്യ എന്നിവിടങ്ങളിലെ സാംസ്കാരികമായി പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ. പ്രയാഗ്‌രാജിലെ 2025-ലെ മഹാകുംഭമേളയും പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രവും ഉൾപ്പെടുത്തി, പ്രതിനിധികൾക്ക് ആഴത്തിലുള്ള ആത്മീയ, സാംസ്കാരിക അനുഭവം നൽകി.
- ഇന്ത്യൻ വിജ്ഞാന പാരമ്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന എൻ.ഇ.പി. 2020-ന് അനുസൃതമായി, പുരാതന തമിഴ് വിജ്ഞാന സമ്പ്രദായങ്ങളെ ആധുനിക ഗവേഷണം, നവീകരണം, സമകാലിക വിദ്യാഭ്യാസം എന്നിവയുമായി ബന്ധിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾ, സെമിനാറുകൾ, ഇന്റർഡിസിപ്ലിനറി സെഷനുകൾ.
- വിദ്യാർത്ഥികൾ, അധ്യാപകർ, എഴുത്തുകാർ, കരകൗശല വിദഗ്ധർ, സംരംഭകർ, വനിതാ കൂട്ടായ്മകൾ, ഡി.ബി.എച്ച്.പി.എസ്. പ്രചാരകർ, യുവ നൂതനാശയക്കാർ എന്നിങ്ങനെ വൈവിധ്യമാർന്ന ഗ്രൂപ്പുകളുടെ പങ്കാളിത്തം, അർത്ഥവത്തായ ക്രോസ്-റീജിയണൽ കൈമാറ്റവും ആഴത്തിലുള്ള കമ്മ്യൂണിറ്റി ബന്ധവും സാധ്യമാക്കി.
- പാരമ്പര്യവും ആധുനികതയും സംഗമിക്കുന്ന ഒരു വേദിയായി കെ.ടി.എസ് 3.0, സംഗമത്തിന്റെ പങ്ക് ശക്തിപ്പെടുത്തി. പഠനം, സംവാദം, പങ്കിട്ട സാംസ്കാരിക അനുഭവം എന്നിവയിലൂടെ തമിഴ്നാടും കാശിയും തമ്മിലുള്ള സാംസ്കാരിക തുടർച്ചയ്ക്ക് ഇത് ഊന്നൽ നൽകി.
കാശി – തമിഴ് ബന്ധം ശക്തിപ്പെടുത്തുന്നു: ഒരു ശാശ്വത സാംസ്കാരിക തുടർച്ച

കാശി തമിഴ് സംഗമം നാല് പതിപ്പുകളിലൂടെ, സാംസ്കാരിക വിനിമയം ജീവിതാനുഭവത്തിൽ വേരൂന്നിയതാകുമ്പോൾ അത് എങ്ങനെ യഥാർത്ഥത്തിൽ പരിവർത്തനാത്മകമാകുമെന്ന് തെളിയിച്ചു. ഓരോ പതിപ്പും ഈ യാത്രയ്ക്ക് ഒരു പ്രത്യേക മാനം നൽകിയിട്ടുണ്ട്: കെ.ടി.എസ് 1.0-യുടെ വലിയ തോതിലുള്ള സാംസ്കാരിക ഉൾക്കൊള്ളൽ, കെ.ടി.എസ് 2.0-യുടെ വികസിപ്പിച്ച പൊതുജന പങ്കാളിത്തവും വിഷയാധിഷ്ഠിത ഇടപെടലുകളും, കെ.ടി.എസ് 3.0-യുടെ വിജ്ഞാന കേന്ദ്രീകൃതവും അഗസ്ത്യ മുനിയെ കേന്ദ്രീകരിച്ചുള്ളതുമായ ചർച്ചകൾ. കെ.ടി.എസ് 4.0-യിലൂടെ, തമിഴ് ഭാഷാ പഠനത്തെ മുൻപന്തിയിൽ നിർത്തിക്കൊണ്ട്, 'തമിഴ് കർക്കളം', 'തമിഴ് കർപോം', ഘടനാപരമായ പഠന യാത്രകൾ എന്നിവയിലൂടെ ദ്വിമുഖ ഭാഷാ ഇടപെടൽ സാധ്യമാക്കി സംഗമം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.
ഒരു അനുസ്മരണ പരിപാടിക്ക് അപ്പുറം തുടർച്ചയായ ഒരു സാംസ്കാരിക പാതയിലേക്ക് സംഗമം എങ്ങനെ നീങ്ങി എന്ന് ഈ പതിപ്പുകൾ ഒരുമിച്ച് വ്യക്തമാക്കുന്നു. പ്രതിനിധികൾ കാശിയിലെ ഘാട്ടുകളിലും ക്ഷേത്രങ്ങളിലും തമിഴ് പൈതൃകം വീണ്ടും കണ്ടെത്തുന്നു; ഉത്തർപ്രദേശിൽ നിന്നുള്ള വിദ്യാർത്ഥികൾ തമിഴ്നാട് നേരിട്ട് അനുഭവിക്കുന്നു; അധ്യാപകർ പുതിയ പഠിതാക്കൾക്ക് തമിഴ് പരിചയപ്പെടുത്തുന്നു; ഇരു പ്രദേശങ്ങളിലെയും കമ്മ്യൂണിറ്റികൾ സാഹിത്യം, കരകൗശല വസ്തുക്കൾ, വിഭവങ്ങൾ, പങ്കിട്ട ആത്മീയ പാരമ്പര്യങ്ങൾ എന്നിവയിലൂടെ ബന്ധപ്പെടുന്നു.
ഈ ക്യുമുലേറ്റീവ് യാത്ര ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്നതിൻ്റെ പ്രധാന കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു. പരസ്പരം ഭാഷകൾ, പാരമ്പര്യങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവയുമായുള്ള അടുപ്പത്തിലൂടെ ദേശീയ ഐക്യം ശക്തിപ്പെടുന്നു. അഗസ്ത്യ മുനി വാഹന പര്യടനം പോലുള്ള സംരംഭങ്ങളിലൂടെ ഉയർത്തിക്കാട്ടിയ പുരാതന ബന്ധങ്ങളുടെ പുനർനിർമ്മാണവും, സ്കൂളുകൾ, സർവ്വകലാശാലകൾ, സാംസ്കാരിക വേദികൾ എന്നിവിടങ്ങളിൽ സമകാലിക പഠന ഇടങ്ങൾ സൃഷ്ടിക്കുന്നതും വർഷം മുഴുവനും നീണ്ടുനിൽക്കുന്ന സാംസ്കാരിക വിനിമയം, ഭാഷാപരമായ അഭിനന്ദനം, യുവജന പങ്കാളിത്തം എന്നിവയിലുള്ള ഇ.ബി.എസ്.ബി. (EBSB) ഊന്നലിനെ പ്രതിഫലിക്കുന്നു.
പുതിയ ഭാഷാപരവും വിദ്യാഭ്യാസപരവുമായ ശ്രദ്ധയോടെ കാശി തമിഴ് സംഗമം 4.0 പുരോഗമിക്കുമ്പോൾ, സാംസ്കാരിക ധാരണ സ്ഥിരമായ ഇടപെടലിലൂടെയാണ് കെട്ടിപ്പടുക്കുന്നത് എന്ന ആശയം ഇത് ശക്തിപ്പെടുത്തുന്നു. പൈതൃകത്തെ പരിപോഷിപ്പിച്ചും ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിച്ചും അർത്ഥവത്തായ ജനകീയ സമ്പർക്കം സാധ്യമാക്കിയും സംഗമം ഇന്ന് ഒരു ശാശ്വത സാംസ്കാരിക തുടർച്ചയായി നിലകൊള്ളുന്നു - തമിഴ്നാടും കാശിയും തമ്മിലുള്ള കാലാതീതമായ ബന്ധം കൂടുതൽ ആഴത്തിലാക്കുകയും പങ്കിട്ട നാഗരിക അനുഭവത്തിലൂടെ ഇന്ത്യയുടെ ഐക്യം സമ്പന്നമാക്കുകയും ചെയ്യുന്നു.

References:
https://kashitamil.iitm.ac.in/home
https://www.pib.gov.in/PressReleasePage.aspx?PRID=2192810
https://www.pib.gov.in/PressReleasePage.aspx?PRID=2187556
https://x.com/PIB_India/status/1992118405592441194
https://www.pib.gov.in/PressReleasePage.aspx?PRID=1980376
https://static.pib.gov.in/WriteReadData/specificdocs/documents/2025/feb/doc2025214502301.pdf
https://static.pib.gov.in/WriteReadData/specificdocs/documents/2025/jun/doc202562561301.pdf
https://blogs.pib.gov.in/blogsdescrI.aspx?feaaid=81
https://www.pib.gov.in/PressReleasePage.aspx?PRID=2192810#:~:text=Sage%20Agasthya%20Vehicle%20Expedition%20from,Kashi%20on%2010th%20December%202025.
https://kashitamil.bhu.edu.in/index.html
https://www.pmindia.gov.in/en/image-gallery/
Click here to see pdf
***
SK
(Explainer ID: 156865)
आगंतुक पटल : 13
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Kannada