• Sitemap
  • Advance Search
Economy

കയറ്റുമതി പ്രോത്സാഹന ദൗത്യം: ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിനുള്ള ഏകീകൃത ചട്ടക്കൂട്

Posted On: 06 DEC 2025 10:08AM

പ്രധാന വസ്തുതകൾ

  • കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി ₹25,060 കോടി ചെലവിൽ, പ്രത്യേകിച്ച് MSME കൾക്കും തൊഴിൽ-തീവ്ര മേഖലകൾക്കും വേണ്ടിയുള്ള കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന് (EPM) ഗവൺമെന്റ് അംഗീകാരം നൽകി.
  • വേഗതയേറിയതും സുതാര്യവുമായ വിതരണത്തിനായി, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) മുഖേനയുള്ള ഏകീകൃതവും ഡിജിറ്റൽ സംവിധാനത്തിലധിഷ്ഠിതവുമായ ചട്ടക്കൂട് നിലവിലുള്ള നിരവധി കയറ്റുമതി-പിന്തുണാ പദ്ധതികൾക്ക് പകരമാകും.
  • നിര്യാത് പ്രോത്സാഹൻ, നിര്യാത് ദിശ എന്നിവ കയറ്റുമതിക്കാർക്ക് സാമ്പത്തികവും വിപണി-സജ്ജതാ പിന്തുണയും നൽകുന്നു.
  • ₹20,000 കോടിയുടെ ക്രെഡിറ്റ് ഗ്യാരണ്ടിയും RBI-യുടെ ആശ്വാസ നടപടികളും പണലഭ്യത ശക്തിപ്പെടുത്തുകയും കയറ്റുമതി ക്രെഡിറ്റ് സമ്മർദ്ദങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു.
  • വിശാലവും സമഗ്രവുമായ കയറ്റുമതി വളർച്ച ഉറപ്പാക്കാൻ താരിഫ് സ്വാധീനമുള്ള മേഖലകളിലും പാരമ്പര്യേതര ജില്ലകളിൽ നിന്നുള്ള കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

ആമുഖം

ഇന്ത്യയുടെ കയറ്റുമതി പ്രകടനം രാജ്യത്തിന്റെ സാമ്പത്തിക തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാണ്; ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഉൽപ്പാദന-സേവന മേഖലകളിലെ വളർച്ചയെ നയിക്കാനും ഇന്ത്യൻ സ്ഥാപനങ്ങളെ ആഗോള മൂല്യ ശൃംഖലകളുമായി സംയോജിപ്പിക്കാനും സഹായിക്കുന്നു. കയറ്റുമതി മത്സരക്ഷമത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പ്രത്യേകിച്ച് MSME-കൾ, ആദ്യമായി കയറ്റുമതി ചെയ്യുന്നവർ, തൊഴിൽ-തീവ്ര മേഖലകൾ എന്നിവയ്ക്കായി, ഗവൺമെന്റ് കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന് (EPM) അംഗീകാരം നൽകി.

2025-26 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഈ ദൗത്യം, നിരവധി വിഘടിച്ച കയറ്റുമതി-പിന്തുണാ സംരംഭങ്ങളെ ഒരൊറ്റ ഫലത്തെ അടിസ്ഥാനമാക്കിയുള്ളതും ഡിജിറ്റലായി പ്രാപ്‌തമാക്കിയതുമായ ചട്ടക്കൂടിലേക്ക് ലയിപ്പിച്ചുകൊണ്ട് ഒരു വലിയ ഘടനാപരമായ പരിഷ്കരണത്തെ പ്രതിനിധീകരിക്കുന്നു. 2025-26 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ മൊത്തം ₹25,060 കോടി വകയിരുത്തിയിരിക്കുന്ന EPM, ഇന്ത്യയുടെ കയറ്റുമതി ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്താനും താങ്ങാനാവുന്ന വ്യാപാര ധനസഹായത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്താനും വിവിധ മേഖലകളിലും പ്രദേശങ്ങളിലുടനീളം ആഗോള വിപണി സന്നദ്ധതയും മത്സരക്ഷമതയും വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.

ദൗത്യം എന്തിന്? നയപരമായ യുക്തി

പലിശ സമീകരണം, വിപണി പ്രവേശന സംരംഭങ്ങൾ, കയറ്റുമതി പ്രോത്സാഹന പദ്ധതികൾ, അടിസ്ഥാന സൗകര്യ പിന്തുണ തുടങ്ങിയ നിരവധി ലക്ഷ്യബോധമുള്ള ഇടപെടലുകളിലൂടെ ഇന്ത്യയുടെ കയറ്റുമതി ആവാസവ്യവസ്ഥയ്ക്ക് സമീപ വർഷങ്ങളിൽ പിന്തുണ ലഭിച്ചിട്ടുണ്ട്. താങ്ങാനാവുന്ന വ്യാപാര ധനകാര്യത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര കയറ്റുമതി മാനദണ്ഡങ്ങളോടുള്ള പാലനം പിന്തുണയ്ക്കുക, ഏകോപിപ്പിച്ച കയറ്റുമതി ബ്രാൻഡിംഗും വിപണി പ്രവേശന സൗകര്യവും മെച്ചപ്പെടുത്തുക, ഉൾപ്രദേശങ്ങളിലെയും കുറഞ്ഞ കയറ്റുമതി തീവ്രതയുള്ള പ്രദേശങ്ങളിലെയും കയറ്റുമതിക്കാർക്കുള്ള ലോജിസ്റ്റിക്സ് ദോഷങ്ങൾ കുറയ്ക്കുക തുടങ്ങിയ കയറ്റുമതി മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിന് തിരിച്ചറിഞ്ഞ പ്രധാന ഘടകങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഈ ദൗത്യം കെട്ടിപ്പടുക്കുന്നത്.

സമീപകാല കയറ്റുമതി പ്രവണതകൾ ചരക്ക്, സേവന മേഖലകളിലെ മത്സരക്ഷമതയും വിപണി സന്നദ്ധതയും ശക്തിപ്പെടുത്താൻ കഴിയുന്ന കൂടുതൽ ഏകോപിതവും ഡിജിറ്റലായി പ്രാപ്തമാക്കിയതുമായ ഒരു പിന്തുണാ ചട്ടക്കൂടിന്റെ പ്രാധാന്യം അടിവരയിടുന്നു.

നിരവധി പദ്ധതികളെ ഒരൊറ്റ, ഡിജിറ്റലായി കൈകാര്യം ചെയ്യുന്നതും ഫല-ബന്ധിതവുമായ ഘടനയിലേക്ക് ഏകീകരിക്കുന്നതിലൂടെ, കയറ്റുമതി പ്രോത്സാഹന ദൗത്യം ഇന്ത്യയിലെ കയറ്റുമതിക്കാർക്ക് കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമായ പിന്തുണ നൽകാനും വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള വ്യാപാര സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന ഏകീകൃതവും വഴക്കമുള്ളതും പ്രതികരിക്കുന്നതുമായ ഒരു ചട്ടക്കൂട് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

ഘടന, ഭരണം, ധനസഹായം

2025-26 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെ ആകെ ₹25,060 കോടി അടങ്കലോടെ ആറ് വർഷം നീണ്ടുനിൽക്കുന്നതാണ് EPM. വാണിജ്യ വകുപ്പ്, MSME മന്ത്രാലയം, ധനകാര്യ മന്ത്രാലയം, കയറ്റുമതി പ്രോത്സാഹന കൗൺസിലുകൾ, കമ്മോഡിറ്റി ബോർഡുകൾ, ധനകാര്യ സ്ഥാപനങ്ങൾ, വ്യവസായ അസോസിയേഷനുകൾ, സംസ്ഥാന ​ഗവൺമെന്റുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സ്ഥാപനപരമായ ചട്ടക്കൂടിലാണ് ദൗത്യം നിലകൊള്ളുന്നത്.

വാണിജ്യ, കസ്റ്റംസ് സംവിധാനങ്ങളുമായി യോജിപ്പിച്ച് അപേക്ഷ മുതൽ അംഗീകാരം, വിതരണം വരെയുള്ള പൂർണ്ണമായ പ്രക്രിയകൾക്കായി ഒരു സമർപ്പിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കുന്ന നിർവ്വഹണ ഏജൻസിയായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) പ്രവർത്തിക്കും. അന്തർ മന്ത്രാലയ ഏകോപനം, സംസ്ഥാന പങ്കാളിത്തം, ഡാറ്റാധിഷ്ഠിത നിരീക്ഷണം എന്നിവയ്ക്ക് ദൗത്യം ഊന്നൽ നൽകുന്നു.

രണ്ട് സംയോജിത ഉപ-പദ്ധതികൾ: നിര്യാത് പ്രോത്സാഹൻ & നിര്യാത് ദിശ

ധനകാര്യ, സാമ്പത്തികേതര മേഖലകളിൽ സഹായകമാകുന്ന രണ്ട് സംയോജിത ഉപപദ്ധതികളിലൂടെയാണ് EPM പ്രവർത്തിക്കുന്നത്:

നിര്യാത് പ്രോത്സാഹൻ (സാമ്പത്തിക പിന്തുണ നൽകുന്നവ) ഈ ഉപ-പദ്ധതി MSME കയറ്റുമതിക്കാർക്ക് താങ്ങാനാവുന്ന വ്യാപാര ധനകാര്യത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രീ-ഷിപ്പ്‌മെന്റ്, പോസ്റ്റ്-ഷിപ്പ്‌മെന്റ് ക്രെഡിറ്റുകളിലെ പലിശ സബ്‌വെൻഷൻ, കയറ്റുമതി ഫാക്‌ടറിംഗ്, ഡീപ്-ടയർ ഫിനാൻസിംഗ്, ഇ-കൊമേഴ്‌സ് കയറ്റുമതിക്കാർക്കുള്ള ക്രെഡിറ്റ് കാർഡുകൾ, കയറ്റുമതി വായ്പയ്ക്കുള്ള കൊളാറ്ററൽ പിന്തുണ, പുതിയതോ ഉയർന്ന അപകടസാധ്യതയുള്ളതോ ആയ വിപണികൾക്കുള്ള ക്രെഡിറ്റ്-വർദ്ധിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നിര്യാത് ദിശ (സാമ്പത്തികേതര പിന്തുണ നൽകുന്നവ) - കയറ്റുമതി ഗുണനിലവാരത്തിനും അനുസരണത്തിനുമുള്ള പിന്തുണ (ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ, ഓഡിറ്റുകൾ), അന്താരാഷ്ട്ര ബ്രാൻഡിംഗ്, പാക്കേജിംഗ് സഹായം, വ്യാപാര മേളകളിലും വാങ്ങുന്നവരും വിൽപ്പനക്കാരും തമ്മിലുള്ള കൂടിക്കാഴ്ചകളിലും പങ്കാളിത്തം, കയറ്റുമതി വെയർഹൗസിംഗും ലോജിസ്റ്റിക്സും, വിദൂര ജില്ലകളിലെ കയറ്റുമതിക്കാർക്കുള്ള ഉൾനാടൻ ഗതാഗത റീഇംബേഴ്സ്മെന്റ്, ക്ലസ്റ്ററുകളിലെയും അസോസിയേഷനുകളിലെയും ജില്ലാതല സൗകര്യ സെല്ലുകളിലെയും ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലൂടെ വിപണി സന്നദ്ധതയും മത്സരക്ഷമതയും ഉയർത്താൻ ഈ ഉപ-പദ്ധതി ലക്ഷ്യമിടുന്നു.

ഡിജിറ്റൽ നിർവ്വഹണവും നിരീക്ഷണവും

അപേക്ഷ മുതൽ അംഗീകാരം, വിതരണം വരെയുള്ള എല്ലാ പ്രക്രിയകളും DGFT സംയോജിതവും പേപ്പർ രഹിതവുമായ രീതിയിൽ കൈകാര്യം ചെയ്യുന്ന പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് EPM-ന്റെ പ്രധാന രൂപകൽപ്പനാ സവിശേഷത. നിലവിലുള്ള വ്യാപാര സംവിധാനങ്ങളുമായി ഈ പ്ലാറ്റ്‌ഫോം യോജിപ്പിക്കും, ഇത് വേഗത്തിലുള്ള പ്രോസസ്സിംഗും ദൗത്യ ഇടപെടലുകളുടെ സുതാര്യമായ വിതരണവും സാധ്യമാക്കും.

ആഗോള വ്യാപാര സംഭവവികാസങ്ങളോട് പ്രതികരിക്കാൻ കഴിവുള്ള, ഫലത്തെ അടിസ്ഥാനമാക്കിയുള്ള, അഡാപ്റ്റീവ് സംവിധാനമാണ് ഈ ദൗത്യം. ഡിജിറ്റൽ ആർക്കിടെക്ചർ ഏകോപിത നിർവ്വഹണം, ഫലാധിഷ്ഠിത വിതരണം, സമയബന്ധിതമായ മേൽനോട്ടം എന്നിവയെ പിന്തുണയ്ക്കുന്നു, ഇത് കാര്യക്ഷമത, സമഗ്രത, കയറ്റുമതി സന്നദ്ധത എന്നിവയിലുള്ള ദൗത്യത്തിന്റെ ഊന്നലിനെ അടിവരയിടുന്നു.

മേഖലാപരവും പ്രാദേശികവുമായ ശ്രദ്ധ

ആഗോള താരിഫ് വർദ്ധനവുകൾ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകൾക്ക്, പ്രത്യേകിച്ച് തുണിത്തരങ്ങൾ, തുകൽ, രത്നങ്ങളും ആഭരണങ്ങളും, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നിവയ്ക്ക് EPM മുൻഗണന നൽകുന്നു, അതോടൊപ്പം മറ്റ് വളർന്നുവരുന്ന കയറ്റുമതി മേഖലകളെ പിന്തുണയ്ക്കുന്നതിനുള്ള വഴക്കവും നിലനിർത്തുന്നു. MSME-കൾ, ആദ്യമായി കയറ്റുമതി ചെയ്യുന്നവർ, തൊഴിൽ-തീവ്ര മൂല്യ ശൃംഖലകൾ എന്നിവയെ ദൗത്യം വ്യക്തമായി ലക്ഷ്യമിടുന്നു, ഇത് എല്ലാവരെയും ഉൾക്കൊള്ളുന്ന വ്യാപനം ഉറപ്പാക്കുന്നു.

നിര്യാത് ദിശ ഘടകത്തിന് കീഴിൽ, ഉൾനാടൻ ഗതാഗത റീഇംബേഴ്‌സ്‌മെന്റ്, വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് പിന്തുണ, വ്യാപാര മേളകളിൽ പങ്കാളിത്തം, ബ്രാൻഡിംഗ് & പാക്കേജിംഗ് സഹായം, ജില്ലാതല ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ നടപടികൾ ഉൾനാടൻ, കുറഞ്ഞ കയറ്റുമതി തീവ്രതയുള്ള ജില്ലകളിലേക്ക് കേന്ദ്രീകരിക്കുന്നു. ഈ ശ്രമങ്ങൾ ഇന്ത്യയുടെ കയറ്റുമതിയുടെ ഭൂമിശാസ്ത്രപരമായ വ്യാപനം വികസിപ്പിക്കാനും ആഗോള വിപണികളിൽ സമഗ്രമായ പങ്കാളിത്തം സാധ്യമാക്കാനും ലക്ഷ്യമിടുന്നു.

കയറ്റുമതിക്കാർക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി

ദൗത്യത്തിനൊപ്പം, കയറ്റുമതിക്കാർക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിയുടെ (CGSE) വിപുലീകരണത്തിന് ഗവൺമെന്റ് അംഗീകാരം നൽകി, ഇത് MSME-കൾ ഉൾപ്പെടെയുള്ള അർഹരായ കയറ്റുമതിക്കാർക്ക് ₹20,000 കോടി അധിക ക്രെഡിറ്റ് പിന്തുണ നൽകുന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ് (DFS) ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ നാഷണൽ ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റി കമ്പനി ലിമിറ്റഡ് (NCGTC) അധിക ക്രെഡിറ്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്ന അംഗീകൃത വായ്പ നൽകുന്ന സ്ഥാപനങ്ങൾക്ക് (MLI) 100% ക്രെഡിറ്റ് ഗ്യാരണ്ടി കവറേജ് നൽകും.

NCGTC മുഖേന 100% ഗവൺമെന്റ് ഓഫ് ഇന്ത്യ ഗ്യാരണ്ടി നൽകുന്നതിലൂടെ, ഈ പദ്ധതി ഈടില്ലാത്ത വായ്പാ പ്രവേശനം, അനുവദിച്ച കയറ്റുമതി പ്രവർത്തന മൂലധന പരിധിയുടെ 20% വരെ അധിക പ്രവർത്തന മൂലധനം എന്നിവ സാധ്യമാക്കി ദ്രവ്യത ശക്തിപ്പെടുത്തുന്നു. 2026 മാർച്ച് 31 വരെ സാധുതയുള്ള ഗവൺമെന്റിന്റെ ഈ തീരുമാനം പുതിയ കയറ്റുമതി വിപണികൾ കണ്ടെത്താനും ഇന്ത്യൻ കയറ്റുമതിക്കാരുടെ ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റെഗുലേറ്ററി, സെൻട്രൽ ബാങ്ക് പിന്തുണ (ആർബിഐ നടപടികൾ)

ആഗോള വ്യാപാര തടസ്സങ്ങൾക്കിടയിൽ കയറ്റുമതി മേഖലയിലെ ദ്രവ്യത സമ്മർദ്ദം ലഘൂകരിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പ്രഖ്യാപിച്ച അനുബന്ധ നടപടികളാൽ ദൗത്യത്തിന്റെ ഫലപ്രാപ്തി കൂടുതൽ ശക്തിപ്പെടുന്നു. കടം തിരിച്ചടയ്ക്കുന്നതിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനും നിലനിൽക്കുന്ന കയറ്റുമതി അധിഷ്ഠിത ബിസിനസ്സുകളുടെ തുടർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി 2025 നവംബറിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ട്രേഡ് റിലീഫ് മെഷേഴ്സ്) ഡയറക്ഷൻസ്, 2025 RBI പുറത്തിറക്കി.

RBI പ്രഖ്യാപിച്ച പ്രധാന നടപടികൾ

  1. തിരിച്ചടവുകൾക്ക് മൊറട്ടോറിയം — 2025 സെപ്റ്റംബർ 1 നും ഡിസംബർ 31 നും ഇടയിൽ അടയ്‌ക്കേണ്ട ടേം ലോൺ ഇൻസ്റ്റാൾമെന്റുകളിൽ മൊറട്ടോറിയം നൽകാനും പ്രവർത്തന മൂലധന (WC) സൗകര്യങ്ങളുടെ പലിശ മാറ്റിവയ്ക്കാനും റെഗുലേറ്റഡ് സ്ഥാപനങ്ങൾക്ക് (RE) കഴിയും. ലളിതമായ പലിശ അടിസ്ഥാനത്തിൽ, കൂട്ടുപലിശ കൂടാതെ, ഈടാക്കും. കൂടാതെ 2026 മാർച്ച് 31 നും സെപ്റ്റംബർ 30 നും ഇടയിൽ തിരിച്ചടയ്ക്കാവുന്ന ഫണ്ടഡ് ഇന്ററസ്റ്റ് ടേം ലോൺ (FITL) ആയി പരിവർത്തനം ചെയ്യാവുന്നതാണ്.
  2. കയറ്റുമതി ക്രെഡിറ്റ് കാലാവധി നീട്ടൽ പ്രീ-ഷിപ്പ്‌മെന്റ്, പോസ്റ്റ്-ഷിപ്പ്‌മെന്റ് കയറ്റുമതി വായ്പകൾക്കുള്ള അനുവദനീയമായ വായ്പാ കാലാവധി 2026 മാർച്ച് 31 വരെ വിതരണം ചെയ്യുന്ന വായ്പകൾക്ക് 450 ദിവസമായി നീട്ടി.

2025 ഓഗസ്റ്റ് 31-ന് മുമ്പ് കയറ്റുമതിക്കാർ ഇതിനകം ഉപയോഗിച്ച പാക്കിംഗ് ക്രെഡിറ്റ് സൗകര്യങ്ങൾക്ക്, സാധനങ്ങൾ അയയ്ക്കാൻ കഴിയാതെ വന്നാൽ, ആഭ്യന്തര വിൽപ്പന വരുമാനം അല്ലെങ്കിൽ കയറ്റുമതി കരാറുകളുടെ മാറ്റം ഉൾപ്പെടെയുള്ള ഏതെങ്കിലും നിയമാനുസൃതമായ ബദൽ ഉറവിടത്തിൽ നിന്ന് പണം ലിക്വിഡേറ്റ് ചെയ്യാൻ RE-കൾക്ക് അനുവദിക്കാം.

  1. പ്രവർത്തന മൂലധന മാനേജ്‌മെന്റിലെ വഴക്കം പ്രാബല്യത്തിലുള്ള കാലയളവിൽ ദ്രവ്യത നിലനിർത്തുന്നതിന്, മാർജിനുകൾ കുറയ്ക്കുകയോ പ്രവർത്തന മൂലധന പരിധികൾ പുനർനിർണ്ണയിക്കുകയോ ചെയ്തുകൊണ്ട് ഡ്രോയിംഗ് പവർ പുനഃക്രമീകരിക്കാൻ RE-കൾക്ക് കഴിയും.
  2. അസറ്റ് ക്ലാസിഫിക്കേഷനിലെ റെഗുലേറ്ററി ഇളവ് (ഫോർബയൻസ്) — IRACP മാനദണ്ഡങ്ങൾ പ്രകാരം ഡെയ്‌സ്-പാസ്റ്റ്-ഡ്യൂ (DPD) കണക്കുകൂട്ടലുകളിൽ നിന്ന് മൊറട്ടോറിയം/ഡിഫർമെന്റ് കാലയളവ് ഒഴിവാക്കപ്പെടും; ആശ്വാസം നൽകുന്നത് പുനഃസംഘടനയായി കണക്കാക്കില്ല; കടം വാങ്ങുന്നവരുടെ ക്രെഡിറ്റ് ചരിത്രങ്ങളെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ക്രെഡിറ്റ് ബ്യൂറോകൾക്ക് (CIC) നിർദ്ദേശമുണ്ട്.
  3. പ്രൊവിഷനിംഗ് ആവശ്യകത — 2025 ഓഗസ്റ്റ് 31 വരെ സ്റ്റാൻഡേർഡ് ആയിരുന്നതും ആശ്വാസം ലഭിച്ചതുമായ യോഗ്യതയുള്ള കടമെടുത്ത അക്കൗണ്ടുകളിൽ റെഗുലേറ്റഡ് സ്ഥാപനങ്ങൾ 5 ശതമാനത്തിൽ കുറയാത്ത ഒരു പൊതു വ്യവസ്ഥ ഏർപ്പെടുത്തണം.
  4. കയറ്റുമതി സാക്ഷാത്കാരത്തിനുള്ള FEMA ഇളവുകൾ — 2025-ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്‌മെന്റ് (കയറ്റുമതി ചെയ്ത ചരക്കുകളും സേവനങ്ങളും) (രണ്ടാമത്തെ ഭേദഗതി) റെഗുലേഷനുകൾ പ്രകാരം, കയറ്റുമതി വരുമാനം സാക്ഷാത്കരിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമുള്ള കാലാവധി ഒമ്പത് മാസത്തിൽ നിന്ന് 15 മാസമായി നീട്ടി. കൂടാതെ, അഡ്വാൻസ് പേയ്മെന്റുകൾക്കെതിരെയുള്ള ഷിപ്പ്മെന്റ് കാലാവധി ഒരു വർഷത്തിൽ നിന്ന് മൂന്ന് വർഷമായി വർദ്ധിപ്പിച്ചു.

ഈ റെഗുലേറ്ററി, സാമ്പത്തിക നടപടികൾ ഒരുമിച്ച് ചേർന്ന്, കയറ്റുമതിക്കാർക്ക് സംയോജിത പിന്തുണയുടെ ഒരു ചട്ടക്കൂട് നൽകുന്നു - ദ്രവ്യത നിലനിർത്തൽ, ക്രെഡിറ്റ് അച്ചടക്കം സംരക്ഷിക്കൽ, മെച്ചപ്പെടുത്തിയ കയറ്റുമതി ആവാസവ്യവസ്ഥ എന്ന ദൗത്യത്തിന്റെ ലക്ഷ്യവുമായി യോജിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പ്രതീക്ഷിക്കുന്ന ഫലങ്ങളും മാക്രോ ഇക്കണോമിക് ലിങ്കേജുകളും

കൂടുതൽ മത്സരക്ഷമവും പ്രതിരോധശേഷിയുള്ളതുമായ ഒരു കയറ്റുമതി ആവാസവ്യവസ്ഥ പ്രാപ്തമാക്കുന്നതിന് ധനസഹായം, ഗുണനിലവാര മാനദണ്ഡങ്ങൾ, വിപണി പ്രവേശനം, സ്ഥാപന ശേഷി എന്നിവയിലുടനീളം നിർണ്ണയിക്കാവുന്ന നേട്ടങ്ങൾ നൽകുന്നതിനാണ് ഈ ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകോപിതവും സാങ്കേതികവിദ്യാധിഷ്ഠിതവും വ്യവസായത്തിന് പ്രതികരിക്കുന്നതുമായ ഒരു ചട്ടക്കൂട് നൽകുന്നതിലൂടെ, വ്യാപാര ധനസഹായം, അനുസരണാ സന്നദ്ധത, ജില്ലാതല പങ്കാളിത്തം തുടങ്ങിയ മേഖലകളിലെ പിന്തുണ EPM ശക്തിപ്പെടുത്തുന്നു.

EPM ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു:

  • MSME-കൾക്ക് താങ്ങാനാവുന്ന വ്യാപാര ധനസഹായത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുക.
  • അനുസരണവും സർട്ടിഫിക്കേഷൻ പിന്തുണയും വഴി കയറ്റുമതി സന്നദ്ധത വർദ്ധിപ്പിക്കുക.
  • ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിപണി പ്രവേശനം, ബ്രാൻഡിംഗ്, ദൃശ്യപരത എന്നിവ മെച്ചപ്പെടുത്തുക.
  • പാരമ്പര്യേതര ജില്ലകളിൽ നിന്നും മേഖലകളിൽ നിന്നുമുള്ള കയറ്റുമതി വർദ്ധിപ്പിക്കുക.
  • ഉൽപ്പാദനം, ലോജിസ്റ്റിക്സ്, അനുബന്ധ സേവനങ്ങൾ എന്നിവയിലുടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.

ഈ ഫലങ്ങൾ ദേശീയ ലക്ഷ്യങ്ങളുമായി യോജിക്കുന്നു, കയറ്റുമതിയുടെ നേതൃത്വത്തിലുള്ള വളർച്ചയെ ശക്തിപ്പെടുത്തുന്നു, ആത്മനിർഭർ ഭാരത് പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ വികസിത ഭാരതം @ 2047 എന്ന ദീർഘകാല കാഴ്ചപ്പാടിന് സംഭാവന നൽകുന്നു. കയറ്റുമതി പിന്തുണ ഏകീകരിക്കുകയും ആധുനികവൽക്കരിക്കുകയും ചെയ്യുന്നതിലൂടെ, ദൗത്യം ഇന്ത്യയെ ആഗോള വ്യാപാരത്തിൽ പ്രതിരോധശേഷിയുള്ളതും വിശ്വസ്തവും മത്സരക്ഷമവുമായ ഒരു പങ്കാളിയായി മാറ്റാൻ ലക്ഷ്യമിടുന്നു.

ഉപസംഹാരം

ഏകീകൃതവും സാങ്കേതികവിദ്യാധിഷ്ഠിതവും സമഗ്രവുമായ ഒരു കയറ്റുമതി ആവാസവ്യവസ്ഥയിലേക്കുള്ള നിർണ്ണായകമായ ഒരു ചുവടുവയ്പ്പാണ് കയറ്റുമതി പ്രോത്സാഹന ദൗത്യം. സാമ്പത്തിക പ്രോത്സാഹനങ്ങൾ, സാമ്പത്തിക സൗകര്യങ്ങൾ, ഡിജിറ്റൽ ഭരണം, റെഗുലേറ്ററി വഴക്കം എന്നിവ ഒരൊറ്റ മിഷൻ മോഡ് ചട്ടക്കൂടിലേക്ക് ലയിപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ ആഗോള വ്യാപാര മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു വേദി ഗവൺമെന്റ് സൃഷ്ടിച്ചിരിക്കുന്നു. RBI-യുടെ ദുരിതാശ്വാസ നടപടികൾക്കും വിപുലീകരിച്ച ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിനുമൊപ്പം ഈ ദൗത്യം വികസിക്കുമ്പോൾ, അത് കയറ്റുമതിയുടെ നേതൃത്വത്തിലുള്ള വളർച്ചയ്ക്ക് ഒരു മുഴുവൻ ഗവൺമെന്റ് സമീപനം അടിവരയിടുന്നു, MSME-കളെ ശാക്തീകരിക്കുകയും വിപണികൾ വൈവിധ്യവത്കരിക്കുകയും ആഗോള വാണിജ്യത്തിൽ

ഇന്ത്യയെ പ്രതിരോധശേഷിയുള്ളതും വിശ്വസ്തവുമായ ഒരു പങ്കാളിയായി സ്ഥാപിക്കുകയും ചെയ്യുന്നു.

 

 


References

Ministry of Commerce & Industry

https://www.pib.gov.in/PressReleasePage.aspx?PRID=2189383
https://www.pib.gov.in/PressReleasePage.aspx?PRID=2190829

Cabinethttps://www.pib.gov.in/PressReleasePage.aspx?PRID=2189389&s=09
RBI
https://www.rbi.org.in/Scripts/NotificationUser.aspx?Id=12921&Mode=0

https://rbidocs.rbi.org.in/rdocs/content/pdfs/FEMA23(R)(7)13112025.pdf

See in PDF

***

SK

(Explainer ID: 156845) आगंतुक पटल : 63
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Kannada