• Skip to Content
  • Sitemap
  • Advance Search
Technology

ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് സ്കീം

(രൂപകൽപനാ ബന്ധിത പ്രോത്സാഹന പദ്ധതി) ഇന്ത്യയുടെ സെമികണ്ടക്ടർ ഡിസൈൻ (അർദ്ധ ചാലക രൂപകല്പന) ആവാസവ്യവസ്ഥയ്ക്ക് പ്രോത്സാഹനമേകുന്നു

Posted On: 04 JAN 2026 12:10PM
പ്രധാന വസ്തുതകൾ

സെമികണ്ടക്ടർ മൂല്യ ശൃംഖലയുടെ പ്രധാന ചാലക ശക്തിയാണ് ചിപ്പ് ഡിസൈൻ. ഇത് മൊത്തം മൂല്യവർദ്ധനയുടെ  50% വരെയും, ബിൽ ഓഫ് മെറ്റീരിയൽസ് (BOM) ചെലവിൻ്റെ  20–50% വരെയും, ഫാബ്‌ലെസ് സെഗ്മെൻ്റ്  മുഖേനയുള്ള ആഗോള സെമികണ്ടക്ടർ വിൽപ്പനയുടെ ഏകദേശം 30–35% വരെയും സംഭാവന ചെയ്യുന്നു.

സെമിക്കോൺ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക മന്ത്രാലയം (MeitY) നടപ്പാക്കുന്ന ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് പദ്ധതി (രൂപകൽപനാ ബന്ധിത പ്രോത്സാഹന പദ്ധതി-DLI), സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരക്ഷമവുമായ ശക്തമായ ചിപ്പ് ഡിസൈൻ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.

വീഡിയോ നിരീക്ഷണം, ഡ്രോൺ കണ്ടെത്തൽ, എനർജി മീറ്ററിംഗ്, മൈക്രോപ്രൊസസ്സറുകൾ, ഉപഗ്രഹാധിഷ്ഠിത ആശയവിനിമയം, IoT SoC-കൾ ഉൾപ്പെടെയുള്ള തന്ത്രപരമായ മേഖലകളെ ലക്ഷ്യമിട്ട് ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പിന്തുണയുള്ള 24 ചിപ്പ് ഡിസൈൻ പദ്ധതികൾ നടപ്പിലാക്കുന്നു.

16 ടേപ്പ്-ഔട്ടുകൾ, 6 ASIC ചിപ്പുകൾ, 10 പേറ്റൻ്റുകൾ, 1,000-ത്തിലധികം എഞ്ചിനീയർമാർ, 3 മടങ്ങിലധികം സ്വകാര്യ നിക്ഷേപം എന്നിവ മുഖേന DLI- പദ്ധതികൾ അതിവേഗ വളർച്ച കൈവരിക്കുകയാണ്.

ആമുഖം

ആരോഗ്യസംരക്ഷണം, ഗതാഗതം, ആശയവിനിമയം, പ്രതിരോധം, ബഹിരാകാശം, നൂതന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ അടക്കമുള്ള മേഖലകളിലെ നിർണായക ഘടകമായി സെമികണ്ടക്ടർ ചിപ്പുകളെ അംഗീകരിച്ചുകൊണ്ട്, സെമികണ്ടക്ടർ മേഖലയിലെ അഭിലാഷ പദ്ധതികളെ ദ്രുതഗതിയിൽ മുന്നോട്ട് കൊണ്ടുപോകുകയാണ് ഇന്ത്യ. ഡിജിറ്റലൈസേഷനും ഓട്ടോമേഷനും വേഗം കൈവരിക്കുന്ന സാഹചര്യത്തിൽ , സെമികണ്ടക്ടർ ചിപ്പുകൾക്കുള്ള ആഗോള ആവശ്യം ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടുള്ള സത്വര പ്രതികരണമെന്ന നിലയിൽ, സെമിക്കോൺ ഇന്ത്യ പ്രോഗ്രാമും ഇന്ത്യ സെമികണ്ടക്ടർ മിഷനും (ISM) മുഖേന ഭാരത സർക്കാർ ആഭ്യന്തര സെമികണ്ടക്ടർ ആവാസവ്യവസ്ഥയെയും വിതരണ ശൃംഖലയെയും ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര നടപടികൾ സ്വീകരിച്ചുവരുന്നു. എന്നിരുന്നാലും, സെമികണ്ടക്ടർ ഉത്പാദനം പരിമിതമായ ചില ഭൂമിശാസ്ത്ര മേഖലകളിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, ആഗോള വിതരണ ശൃംഖലകൾ ദുർബലവും തടസ്സങ്ങൾക്ക് വിധേയവുമാണ്. ആഗോള സെമികണ്ടക്ടർ മേഖലയിലെ തന്ത്രപരവും വിശ്വസനീയവുമായ പങ്കാളിയായി ഇന്ത്യ ഉയർന്നുവരുന്ന സാഹചര്യത്തിൽ, ആഗോള ഉത്പാദന അടിത്തറ വൈവിധ്യവത്കരിക്കേണ്ടതിൻ്റെ  ആവശ്യകത ഇത്  അടിവരയിടുന്നു.
 

നിങ്ങൾക്കറിയാമോ? സെമികണ്ടക്ടർ മൂല്യ ശൃംഖലയുടെ പ്രധാന ചാലക ശക്തിയാണ് ഫാബ്‌ലെസ് ചിപ്പ് ഡിസൈൻ.

ഇലക്‌ട്രോണിക്‌സ് മൂല്യശൃംഖലയിൽ ഫാബ്‌ലെസ് സെമികണ്ടക്ടർ കമ്പനികൾക്ക് തന്ത്രപരമായി ഏറ്റവും ഉയർന്ന മൂല്യമുണ്ട്. കാരണം ഉത്പന്നങ്ങളുടെ ബുദ്ധി, കാര്യക്ഷമത, സുരക്ഷ എന്നിവയെ നിർണ്ണയിക്കുന്ന ചിപ്പുകൾ അവർ രൂപകൽപ്പന ചെയ്യുന്നു. ഫാബുകൾ സിലിക്കൺ നിർമ്മാണം നിർവഹിക്കുകയും, EMS സ്ഥാപനങ്ങൾ ഉപകരണങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഒരു സെമികണ്ടക്ടറിൻ്റെ  മൂല്യത്തിൻ്റെ  പകുതിയിലധികം ഭൗതിക ഉൽപാദനത്തിൽ നിന്നല്ല, മറിച്ച് ഡിസൈൻ കാര്യക്ഷമത, ബൗദ്ധിക സ്വത്തവകാശങ്ങൾ (IP) എന്നിവയിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. ഫാബ്‌ലെസ് സെമികണ്ടക്ടർ ഡിസൈൻ മോഡലുകൾ താരതമ്യേന കുറഞ്ഞ മൂലധന ചെലവിൽ ഉയർന്ന മൂല്യവർദ്ധന സൃഷ്ടിക്കുന്നവയാണ്.രൂപകൽപ്പനയും  ബൗദ്ധിക സ്വത്തവകാശവും (IP) ഉത്പന്നത്തിൻ്റെ  സാമ്പത്തിക മൂല്യത്തിന് ആനുപാതികമായതിലധികം സംഭാവന നൽകുന്നു എന്നതാണ് ഇതിന് കാരണം.

ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ പ്രാദേശികമായി നിർമ്മിച്ചാലും ശക്തമായ ഫാബ്‌ലെസ് ശേഷിയില്ലെങ്കിയിൽ ഇറക്കുമതി ചെയ്യുന്ന കോർ സാങ്കേതികവിദ്യകളെ ഏതൊരു രാജ്യവും  ആശ്രയിച്ചിരിക്കേണ്ടിവരും. അതിനാൽ, ശക്തവും സജീവവുമായ ഫാബ്‌ലെസ് ആവാസവ്യവസ്ഥ സൃഷ്ടിക്കുകയെന്നത് മൂല്യശൃംഖലയിലെ ഏറ്റവും നിർണായക മേഖലയിലെ ബൗദ്ധിക സ്വത്ത് രാജ്യത്തിനുള്ളിൽ നിലനിർത്താനും, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, ആഭ്യന്തരവും ആഗോളവുമായ ഉത്പാദനത്തെ ആകർഷിക്കാനും, ദീർഘകാല സാങ്കേതിക നേതൃത്വം ഏറ്റെടുക്കാനും ഇന്ത്യയെ പ്രാപ്തമാക്കുന്നു.

DLI പദ്ധതി

 

ശക്തമായ സെമികണ്ടക്ടർ ആവാസവ്യവസ്ഥ വികസിപ്പിക്കുകയെന്ന ഇന്ത്യയുടെ അഭിലാഷത്തെ മുന്നോട്ട് നയിക്കുന്നതിൽ ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പദ്ധതി ഒരു സുപ്രധാന ഉപാധിയാണ്. ആഭ്യന്തര സ്റ്റാർട്ടപ്പുകൾക്കും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും സാമ്പത്തിക പ്രോത്സാഹനങ്ങൾ നൽകുകയും, വിപുലമായ രൂപകല്പനാധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങളിലേക്ക് പ്രവേശനക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ, ശക്തവും സ്വാശ്രയവുമായ ചിപ്പ് ഡിസൈൻ ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനായി സെമിക്കോൺ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന നിലയിൽ കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയം (MeitY) പദ്ധതി നടപ്പിലാക്കി വരുന്നു.

DLI പദ്ധതിയ്ക്കുള്ള അർഹത

സെമികണ്ടക്ടർ ഉത്പന്നങ്ങളുടെ രൂപകൽപ്പനക്കും വിന്യാസത്തിനും സാമ്പത്തിക പ്രോത്സാഹനമേകുകയും, രൂപകല്പനാധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള പിന്തുണ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ സ്റ്റാർട്ടപ്പുകൾക്കും MSME കൾക്കും പരിഗണന നൽകുന്നു. കൂടാതെ, ആഭ്യന്തര കമ്പനികൾക്ക് സ്വന്തം സെമികണ്ടക്ടർ ഡിസൈനുകൾ വിന്യസിക്കുന്നതിനുള്ള സാമ്പത്തിക പ്രോത്സാഹനം ലഭ്യമാക്കുന്നു.


MSME കൾ:

2020 ജൂൺ 1-ന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നിർവചിക്കപ്പെട്ടിരിക്കുന്നു.

സ്റ്റാർട്ടപ്പുകൾ:

2019 ഫെബ്രുവരി 19-ന് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നിർവചിക്കപ്പെട്ടിരിക്കുന്നു.

ആഭ്യന്തര കമ്പനികൾ:

2017 ലെ നേരിട്ടുള്ള വിദേശ നിക്ഷേപ (FDI) നയ സർക്കുലർ അല്ലെങ്കിൽ നിലവിലുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്, സ്ഥിരതാമസക്കാരായ ഇന്ത്യൻ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളായി നിർവചിക്കപ്പെട്ടിരിക്കുന്നു.

ൻ്റഗ്രേറ്റഡ് സർക്യൂട്ടുകൾ (ഐസികൾ), ചിപ്‌സെറ്റുകൾ, സിസ്റ്റംസ്-ഓൺ-ചിപ്പ് (SoCകൾ), സമ്പൂർണ്ണ സിസ്റ്റങ്ങൾ, ഐപി കോറുകൾ എന്നിവ ഉൾപ്പെടുന്ന രൂപകൽപന, വികസനം, വിന്യാസം അടക്കമുള്ള മുഴുവൻ പ്രക്രിയകളിലും സെമികണ്ടക്ടർ രൂപകൽപ്പനയ്ക്ക് DLI പദ്ധതി സമഗ്ര പിന്തുണ നൽകുന്നു. ഇലക്ട്രോണിക് ഉത്പന്നങ്ങളിൽ തദ്ദേശീയ സെമികണ്ടക്ടർ ഉള്ളടക്കവും ബൗദ്ധിക സ്വത്തവകാശവും (IP) പ്രോത്സാഹിപ്പിക്കുന്നതിലൂടെ, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക, ആഭ്യന്തര മൂല്യവർധന മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

DLI പദ്ധതിക്ക് കീഴിലുള്ള സാമ്പത്തിക പ്രോത്സാഹനങ്ങളും ഡിസൈൻ അടിസ്ഥാന സൗകര്യ പിന്തുണയും

സാമ്പത്തിക പ്രോത്സാഹനങ്ങൾ

ഉത്പന്ന രൂപകൽപ്പനയുമായി ബന്ധപ്പെട്ട പ്രോത്സാഹനം

വിന്യാസവുമായി ബന്ധപ്പെട്ട പ്രോത്സാഹനം

ചെലവിൻ്റെ  50% വരെ റീഇംബേഴ്സ്മെൻ്റ്  ലഭിക്കും.

  • ഒരു അപേക്ഷയ്ക്കുള്ള റീഇംബേഴ്സ്മെൻ്റ് പരമാവധി ₹15 കോടിയായി പരിമിതപ്പെടുത്തിയിരിക്കുന്നു.
  • ൻ്റഗ്രേറ്റഡ് സർക്യൂട്ടുകൾ (ഐസികൾ), ചിപ്‌സെറ്റുകൾ, സിസ്റ്റംസ്-ഓൺ-ചിപ്പ് (SoCകൾ) സിസ്റ്റങ്ങൾ, ഐപി കോറുകൾ, സെമികണ്ടക്ടർ-ലിങ്ക്ഡ് ഡിസൈനുകൾ എന്നിവയ്ക്കായി സെമികണ്ടക്ടർ രൂപകൽപ്പനയിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്ക് പിന്തുണ ലഭ്യമാണ്.

 

  • ഡിപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെൻ്റീവ്
  • അഞ്ച് വർഷത്തേക്ക് അറ്റ വിറ്റുവരവിൻ്റെ 6% മുതൽ 4% വരെ ഇൻസെൻ്റീവ് നൽകുന്നു.
  • ഒരു അപേക്ഷയ്ക്ക് പരമാവധി ₹30 കോടിയാണ് പ്രോത്സാഹന പരിധി.
  • 1–5 വർഷങ്ങളിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ സഞ്ചിത അറ്റ വിൽപ്പന, സ്റ്റാർട്ടപ്പുകൾക്കും/MSME കൾക്കും ₹ 1 കോടിയും ആഭ്യന്തര കമ്പനികൾക്ക് 5 കോടിയുമാണ്.
  • ഇലക്ട്രോണിക് ഉത്പന്നങ്ങളിൽ ഡിസൈൻ വിജയകരമായി വിന്യസിക്കണം.

 

ഡിസൈൻ അടിസ്ഥാനസൗകര്യ പിന്തുണ

അംഗീകൃത കമ്പനികൾക്ക് ഡിസൈൻ അടിസ്ഥാനസൗകര്യ പിന്തുണ സുഗമമാക്കുന്നതിനായി DLI പദ്ധതിയ്ക്ക് കീഴിൽ സി-ഡാക് ChipIN സെൻ്റർ സ്ഥാപിച്ചു:
  •  നാഷണൽ EDA  (ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ) ടൂൾ ഗ്രിഡ്: സ്റ്റാർട്ടപ്പുകൾക്കും MSME കൾക്കും ചിപ്പ് ഡിസൈൻ പ്രവർത്തനങ്ങൾക്കായുള്ള നൂതന EDA ടൂളുകളുടെ കേന്ദ്രീകൃത സൗകര്യത്തിൻ്റെ  വിദൂര പ്രവേശനം (Remote access) ലഭ്യമാക്കും.
  • SoC ഡിസൈൻ പ്രവർത്തനങ്ങൾക്കായുള്ള ഐപി കോറുകളുടെ റിപ്പോസിറ്ററിയിലേക്ക് ഫ്ലെക്സിബിൾ ആക്‌സസ് ലഭ്യമാക്കും.
  • ഐപി കോർ റിപ്പോസിറ്ററി: സെമികണ്ടക്ടർ ഫൗണ്ടറികളിൽ MPW രീതിയിൽ ഡിസൈൻ സൃഷ്ടിക്കുന്നതിനുള്ള സാമ്പത്തിക പിന്തുണ.
  • MPW പ്രോട്ടോടൈപ്പിംഗ് പിന്തുണ: 
  • പോസ്റ്റ്-സിലിക്കൺ വാലിഡേഷൻ പിന്തുണ: ഫാബ്രിക്കേറ്റഡ് ASIC, സിലിക്കൺ പ്രൊമോട്ട് പ്രവർത്തനങ്ങളുടെ പരിശോധനയ്ക്കും സാധൂകരണത്തിനുമുള്ള സാമ്പത്തിക പിന്തുണ.

DLI പദ്ധതിയുടെ പ്രധാന സവിശേഷതകളും നേട്ടങ്ങളും

2021 ഡിസംബറിൽ ആരംഭിച്ച ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പദ്ധതി, ഇന്ത്യയിൽ ശക്തവും സ്വാശ്രയവുമായ സെമികണ്ടക്ടർ ഡിസൈൻ ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങൾ, നൂതന ഡിസൈൻ ഉപകരണങ്ങളിലേക്കുള്ള പ്രവേശനം, പ്രോട്ടോടൈപ്പിംഗ് പിന്തുണ എന്നിവ ലഭ്യമാക്കി, ആശയങ്ങളെ യഥാർത്ഥ സിലിക്കൺ ചിപ്പുകളിലേക്ക് തടസ്സരഹിതമായി പരിവർത്തനം ചെയ്യാൻ പദ്ധതി സഹായമേകുന്നു. ചിപ്പ് രൂപകൽപ്പനയ്ക്കായി പങ്കിടാവുന്ന ദേശീയ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട്, ആവാസവ്യവസ്ഥയ്ക്കനുഗുണമാം വിധം ശക്തമായ അടിത്തറയൊരുക്കുന്നു.

ഈ അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന സ്തംഭമാണ് ചിപ് ഇൻ (ChipIN) സെൻ്റർ, രാജ്യവ്യാപകമായി 400 സ്ഥാപനങ്ങളിലെ ഏകദേശം 1 ലക്ഷം എഞ്ചിനീയർമാർക്കും വിദ്യാർത്ഥികൾക്കും ചിപ്പ് ഡിസൈനിങ്ങിനുള്ള നൂതന EDA ഉപകരണങ്ങളിലേക്കുള്ള പ്രവേശനത്തെ ഇത് ജനാധിപത്യവത്ക്കരിച്ചു. ഇത് ലോകത്തെ ഏറ്റവും വലിയ കേന്ദ്രീകൃത ചിപ്പ് ഡിസൈൻ സൗകര്യങ്ങളുടെ ഉപയോക്തൃ അടിത്തറയായി  മാറ്റിയിരിക്കുന്നു. ചിപ്‌സ്-ടു-സ്റ്റാർട്ടപ്പ് (C2S) പദ്ധതിയ്ക്ക് കീഴിലുള്ള ഏകദേശം 305 അക്കാദമിക സ്ഥാപനങ്ങൾക്കും, ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പദ്ധതിയ്ക്ക് കീഴിലുള്ള 95 സ്റ്റാർട്ടപ്പുകൾക്കും ലഭിക്കുന്ന പിന്തുണ, നവസംരംഭകരുടെ പ്രാരംഭ ഘട്ട പ്രവേശന തടസ്സങ്ങൾ ഗണ്യമായി കുറയ്ക്കുന്നു.

ഈ ഉദ്യമങ്ങൾക്ക് അനുപൂരകമായി, ഉന്നത നിലവാരമുള്ള ചിപ്പ് ഡിസൈൻ സോഫ്റ്റ്‌വെയർ പ്രദാനം ചെയ്യുന്ന ദേശീയ പ്ലാറ്റ്‌ഫോമായ ഇന്ത്യയുടെ EDA ഗ്രിഡ് 2026 ജനുവരി 2-നു വരെ 95 DLI പിന്തുണയുള്ള സ്റ്റാർട്ടപ്പുകളുടെ 54,03,005 മണിക്കൂർ സഞ്ചിത ഉപയോഗം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എല്ലാ സംസ്ഥാനങ്ങളിലെയും സ്റ്റാർട്ടപ്പുകൾ, MSME കൾ, ഗവേഷകർ എന്നിവരിൽ ഗ്രിഡിൻ്റെ  ശക്തമായ സ്വീകാര്യത പ്രതിഫലിപ്പിക്കുന്നു.

ഈ നടപടികൾ ആഭ്യന്തര സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ വ്യക്തമായ ഗുണഫലങ്ങൾ സൃഷ്ടിച്ചു. DLI പദ്ധതിയ്ക്ക് കീഴിലുള്ള പിന്തുണ മുഖേന കമ്പനികൾ നൂതനാശയങ്ങളിൽ നിന്നു നിർവ്വഹണത്തിലേക്ക് കടന്നു. പത്ത് പേറ്റൻ്റുകൾ ഫയൽ ചെയ്തു.16 ചിപ്പ്-ഡിസൈൻ ടേപ്പ്-ഔട്ടുകൾ പൂർത്തീകരിച്ചു. ആറ് സെമികണ്ടക്ടർ ചിപ്പുകൾ വിജയകരമായി നിർമ്മിച്ചു — ഇത് ആശയത്തിൽ നിന്നു സിലിക്കണിലേക്കുള്ള  പരിവർത്തനത്തിൽ നാഴികക്കല്ലുകളായി മാറി. സമാന്തരമായി, 1,000-ത്തിലധികം വിദഗ്ധ എഞ്ചിനീയർമാരെ DLI-പിന്തുണയുള്ള പദ്ധതികളിലൂടെ പരിശീലിപ്പിക്കുന്നതിൽ സജീവമായ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുടെ ഡിസൈൻ പ്രതിഭയെ വിപുലീകരിച്ച് ശക്തിപ്പെടുത്തുന്നു. കൂടാതെ, 140-ലധികം പുനരുപയോഗിക്കാവുന്ന സെമികണ്ടക്ടർ ഐപി കോറുകൾ വികസിപ്പിച്ചു. ഇത് വിപുലമായ ചിപ്പ് വികസനത്തിന് നിർണായക സഹായകമായി വർത്തിക്കുന്നു.

ഈ വിജയങ്ങളെ അടിസ്ഥാനമാക്കി, DLI പദ്ധതി ഇപ്പോൾ ഡിസൈൻ വാലിഡേഷനിൽ നിന്ന് ഉത്പാദനത്തിലേക്ക് ഉള്ള പരിവർത്തനത്തിലാണ്. ഇത് സ്റ്റാർട്ടപ്പുകളെയും MSME കളെയും വൻകിട ഉത്പാദനം, സിസ്റ്റം സമന്വയം, വിപണി വിന്യാസം എന്നിവയിലേക്ക് മുന്നേറാൻ  സഹായിക്കുന്നു. വികസിച്ചുവരുന്ന ഈ ആവാസവ്യവസ്ഥ ഇന്ത്യയുടെ ആഭ്യന്തര സെമികണ്ടക്ടർ നൈപുണ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനു മാത്രമല്ല, ആഗോള ചിപ്പ് രൂപകൽപ്പനയ്ക്കും നൂതനാശയ രംഗങ്ങളിൽ രാജ്യത്തെ വിശ്വസനീയമായ പങ്കാളിയായി സ്ഥാപിക്കുന്നതിലും സഹായിക്കുന്നു.

സെമികണ്ടക്ടർ ഡിസൈനിനുള്ള പ്രധാന സ്ഥാപന ചട്ടക്കൂടുകൾ

നയനിർദ്ദേശം, നിക്ഷേപ പിന്തുണ, ശേഷി വർദ്ധിപ്പിക്കൽ, തദ്ദേശീയ സാങ്കേതിക വികസനം എന്നിവ സമന്വയിക്കുന്ന ഏകോപിത സ്ഥാപന ചട്ടക്കൂടിലൂടെ ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥയെ  ശക്തിപ്പെടുത്തുന്നു. പ്രധാന പദ്ധതികളും ഏജൻസികളും മുഖേന ചിപ്പ് രൂപകൽപ്പനയും നിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വൈദഗ്ധ്യമുള്ള പ്രതിഭകളെ രൂപപ്പെടുത്തുകയും, ഓപ്പൺ സോഴ്‌സ് മൈക്രോപ്രൊസസ്സർ ആർക്കിടെക്ചറുകൾ പരിപോഷിപ്പിക്കുകയും ചെയ്യും വിധം പൂർണ്ണ പിന്തുണ നൽകുന്നു. ഇതിലൂടെ ഇന്ത്യ സ്വാശ്രയവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ സെമികണ്ടക്ടർ ഡിസൈൻ ആവാസവ്യവസ്ഥയിലേക്ക് ഉറച്ചതും നിരന്തരവുമായ പുരോഗതി കൈവരിക്കുന്നു.

1.കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയം (MeitY):

കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയം (MeitY) ദേശീയ സെമികണ്ടക്ടർ സംരംഭങ്ങൾക്ക്  നേതൃത്വവും നയപരമായ നിർദ്ദേശങ്ങളും നൽകുന്നു. ഒപ്പം പദ്ധതികൾ നടപ്പിലാക്കുക്കുകയും ഇന്ത്യയുടെ ചിപ്പ് ഡിസൈൻ, നിർമ്മാണ ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് സ്ഥാപന, വ്യാവസായിക  പങ്കാളിത്തങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയമാണ് (MeitY)ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആഭ്യന്തര സെമികണ്ടക്ടർ ഡിസൈൻ വ്യവസായത്തിൽ നിലവിലുള്ള പരിമിതികൾ നികത്താൻ ഇത് ലക്ഷ്യമിടുന്നു. ഇന്ത്യൻ കമ്പനികളെ സെമികണ്ടക്ടർ മൂല്യ ശൃംഖലയിലേക്ക് ഉയർത്താൻ സഹായിക്കുന്നു.

2.സെമികോൺ ഇന്ത്യ പ്രോഗ്രാം (SIM):

₹76,000 കോടി രൂപ അടങ്കലുള്ള ഈ പദ്ധതി സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമ്മാണം, ഡിസൈൻ ആവാസവ്യവസ്ഥ എന്നിവയിലെ നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നു. ഡിസൈൻ, നിർമ്മാണം, ഉൽ‌പാദനം എന്നിവയ്‌ക്ക് പൂർണ്ണ പിന്തുണ ഉറപ്പാക്കിക്കൊണ്ട്, ഈ പരിപാടിയുടെ കീഴിലാണ് DLI സ്കീം പ്രവർത്തിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയത്തിൻ്റെ  (MeitY) ഒരു പ്രധാന ഗവേഷണ വികസന സംഘടനയായ C-DAC, നോഡൽ ഏജൻസിയായി DLI പദ്ധതി നടപ്പിലാക്കുന്നതിൻ്റെ  ഉത്തരവാദിത്തം നിർവ്വഹിക്കുന്നു.

3.ചിപ്‌സ് ടു സ്റ്റാർട്ടപ്പ് (C2S) പ്രോഗ്രാം:

രാജ്യത്തുടനീളമുള്ള അക്കാദമിക് സ്ഥാപനങ്ങളിൽ ആരംഭിച്ച സമഗ്ര ശേഷി വികസന (capacity building) പരിപാടിയായ C2S,  സെമികണ്ടക്ടർ ചിപ്പ് ഡിസൈനിൽ B.Tech, M.Tech, PhD തലങ്ങളിലായി 85,000 വ്യവസായസജ്ജരായ മാനവവിഭവശേഷി സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു.

4.മൈക്രോപ്രൊസസ്സർ വികസന പരിപാടി:

മദ്രാസ് ഐഐടിയിലെ  C-DAC ലും ബോംബെ ഐഐടിയിലും ആരംഭിച്ച മൈക്രോപ്രൊസസ്സർ വികസന പരിപാടി, സ്വാശ്രയത്വത്തിലേക്കുള്ള ഒരു ചുവടുവയ്പ്പായി ഓപ്പൺ സോഴ്‌സ് ആർക്കിടെക്ചർ അധിഷ്ഠിത മൈക്രോപ്രൊസസ്സറുകളുടെ കുടുംബമായ VEGA12, SHAKTI13, AJIT എന്നിവയുടെ രൂപകൽപ്പന, വികസനം, നിർമ്മാണം എന്നിവയിലേക്ക് നയിച്ചു.

ഈ സ്ഥാപന സംരംഭങ്ങൾ ഒരുമിച്ച് ഇന്ത്യയുടെ സെമികണ്ടക്ടർ അഭിലാഷങ്ങൾക്ക് ശക്തമായ അടിത്തറ പാകുന്നു. സ്റ്റാർട്ടപ്പുകൾ, MSMEകൾ, അക്കാദമിക സ്ഥാപനങ്ങൾ എന്നിവയെ നവീകരിക്കാനും വികസിപ്പിക്കാനും സഹായിക്കുന്നു. ഗവേഷണം മുതൽ ഉത്പാദനം വരെയുള്ള വിടവ് നികത്തുന്നതിലൂടെ,  സ്വാശ്രയത്വവും ആഗോള മത്സരശേഷിയും വർദ്ധിപ്പിക്കുകയും ആഗോള സെമികണ്ടക്ടർ ഭൂമികയിൽ തന്ത്രപരമായ പങ്കാളിയായി ഇന്ത്യയെ സ്ഥാപിക്കുകയും ചെയ്യുന്നു.

ഇന്ത്യയുടെ ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) പദ്ധതിയുടെ വിജയഗാഥകൾ

*വീഡിയോ നിരീക്ഷണം, ഡ്രോൺ കണ്ടെത്തൽ, എനർജി മീറ്ററിംഗ്, മൈക്രോപ്രൊസസ്സറുകൾ, ഉപഗ്രഹാധിഷ്ഠിത ആശയവിനിമയം, IoT SoC-കൾ എന്നിവ ഉൾപ്പെടെയുള്ള തന്ത്രപരമായ മേഖലകളെ ലക്ഷ്യമിട്ട് ഡിസൈൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (DLI) സ്‌കീമിൻ്റെ  പിന്തുണയുള്ള 24 ചിപ്പ് ഡിസൈൻ പദ്ധതികൾ നടപ്പിലാക്കുന്നു. കൂടാതെ, 95 കമ്പനികൾക്ക് ഇൻഡസ്ട്രി-ഗ്രേഡ് EDA ടൂളുകളിലേക്ക് പ്രവേശനം ലഭിച്ചു, ഇത് ഇന്ത്യൻ ചിപ്പ് ഡിസൈൻ സ്റ്റാർട്ടപ്പുകളുടെ രൂപകല്പനാ ചെലവുകളും ഇൻഫ്രാസ്ട്രക്ചർ  ചെലവുകളും   ഗണ്യമായി കുറയ്ക്കുന്നു. ഗുണഭോക്താക്കൾക്കായി, DLI പദ്ധതി ലോകോത്തര സെമികണ്ടക്ടർ നൂതനാശയങ്ങളെ എങ്ങനെ പരിപോഷിപ്പിക്കുന്നു എന്നതിൻ്റെ  മുൻനിര ഉദാഹരണങ്ങളായി താഴെപ്പറയുന്ന കമ്പനികൾ വേറിട്ടുനിൽക്കുന്നു:

*വെർവെസെമി മൈക്രോഇലക്ട്രോണിക്സ് (Vervesemi Microelectronics) 110+ സെമികണ്ടക്ടർ ഐപികൾ, 25 ഇൻ്റഗ്രേറ്റഡ് സർക്യൂട്ടുകൾ (ICs) ഉത്പന്നങ്ങൾ, 10 അംഗീകരിച്ച പേറ്റൻ്റുകൾ, 5 വ്യാപാര രഹസ്യങ്ങൾ എന്നിവയടങ്ങിയ ശക്തമായ പോർട്ട്ഫോളിയോ കൈവശം വെച്ചിട്ടുണ്ട്. ഫാനുകൾ, കൂളറുകൾ, മിക്സർ ഗ്രൈൻഡറുകൾ, എയർ കണ്ടീഷണറുകൾ, വാഷിംഗ് മെഷീനുകൾ, ഡ്രോണുകൾ, ഇ-സ്കൂട്ടറുകൾ, ഇ-റിക്ഷകൾ പോലുള്ള ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകൾക്കായി മോട്ടോർ-കൺട്രോൾ ചിപ്പുകൾ കമ്പനി വികസിപ്പിക്കുന്നു. ഈ ചിപ്പുകൾ പ്രത്യേക ക്ലാസ് BLDC മോട്ടോറുകളെ പിന്തുണയ്ക്കുന്നു. രണ്ട് ചിപ്പുകൾക്ക് പൈലറ്റ്-ലോട്ട് സാമ്പിളുകൾ പൂർത്തിയാക്കിയ ശേഷമുള്ള പരീക്ഷണങ്ങൾ വിജയകരമായി നടന്നതായും, ഈ വർഷം അവസാനം ഫൗണ്ടറിയിൽ നിന്നുള്ള മൂന്നാമത്തെ ചിപ്പ് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള ചിപ്പുകൾ ഉപയോഗിച്ച് ഉത്പന്ന വികസനത്തിലേർപ്പെട്ടു വരുന്നു. ഇതിലൂടെ ഒട്ടേറെ ആഗോള ഉപഭോക്താക്കളും പദ്ധതികളിൽ പങ്കാളികളായിട്ടുണ്ട്.

*ഇന്ത്യയിലെ ഏറ്റവും ശക്തമായ എംബഡഡ് പ്രോസസർ ‘ഡോളമൈറ്റ്’ നിർമ്മിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ, ഇൻകോർ സെമികണ്ടക്റ്റേഴ്സ് (InCore Semiconductors) തദ്ദേശീയ RISC-V മൈക്രോപ്രോസസർ ഐപികളുടെയും SoC ഡിസൈൻ ഓട്ടോമേഷൻ ഉപകരണങ്ങളുടെയും രൂപകൽപ്പന, വികസനം എന്നിവ നിർവ്വഹിക്കുന്നു. ഈ ചിപ്പുകൾ എൻട്രി-ലെവൽ സ്മാർട്ട്‌ഫോണുകളും എഡ്ജ്-എഐ ആപ്ലിക്കേഷനുകളും ലക്ഷ്യം വയ്ക്കുന്നു. 180 nm മുതൽ 16 nm വരെയുള്ള സാങ്കേതിക നോഡുകളിൽ നിർമ്മിച്ച ഒന്നിലധികം ഉപഭോക്തൃ ചിപ്പുകളിൽ ഇത് വിജയകരമാണെന്ന്  തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇൻകോറിൻ്റെ പ്രോസസർ, ഐപി കോറുകളുടെ പോർട്ട്ഫോളിയോ തന്ത്രപരവും വാണിജ്യപരവുമായ വ്യത്യസ്ത ആപ്ലിക്കേഷനുകൾ സാധ്യമാക്കുന്നതിനൊപ്പം, ഇറക്കുമതി ചെയ്ത CPU ഐപികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

*സിസിടിവി സുരക്ഷിത നിരീക്ഷണം, സ്മാർട്ട് സെൻസറുകൾ, റോബോട്ടിക്സ്, ഡ്രോണുകൾ, മൊബിലിറ്റി ആപ്ലിക്കേഷനുകൾ എന്നിവയ്‌ക്കായി AI-ശേഷിയുള്ള SoC-കളുടെ രൂപകൽപ്പനയിലും വികസനത്തിലും നേത്രസെമി (Netrasemi) ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇൻ-ഹൗസ് AI/ML ആക്സിലറേറ്ററുകൾ, വിഷൻ പ്രോസസ്സിംഗ്, വീഡിയോ എഞ്ചിനുകൾ എന്നിവ സംയോജിപ്പിച്ചുകൊണ്ട്, ഒരു നൂതന 12 nm പ്രോസസ് നോഡിൽ ഇന്ത്യയിലെ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത ആദ്യ AI SoC കമ്പനി വിജയകരമായി ടേപ്പ് ചെയ്തിട്ടുണ്ട്.  ഇന്ത്യൻ സെമികണ്ടക്ടർ കമ്പനിക്കായി ഇന്നുവരെയുള്ളതിൽ ഏറ്റവും വലിയ സ്വകാര്യ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗും നേത്രസെമിയെ പിന്തുണയ്ക്കുന്നു. ലോ-എൻഡ് മുതൽ ഹൈ-കോംപ്ലക്സിറ്റി നിരീക്ഷണ SoC-കളിലേക്കുള്ള ഡിസൈൻ ടേപ്പ്-ഔട്ടുകളുടെ ഒരു പരമ്പര അടുത്ത വർഷം പുറത്തിറക്കാൻ ലക്ഷ്യമിടുന്നു.

*വീടുകളെയും ബിസിനസുകളെയും അതിവേഗ ഫൈബർ നെറ്റ്‌വർക്കുകളുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്ന തദ്ദേശീയ ഫൈബർ-ബ്രോഡ്‌ബാൻഡ് സൊല്യൂഷനായ വിഹാൻ, അഹീസ ഡിജിറ്റൽ ഇന്നൊവേഷൻസ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. VEGA പ്രോസസർ അടിസ്ഥാനമാക്കിയുള്ള ഗിഗാബിറ്റ് പാസീവ് ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് (GPON), ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ടെർമിനൽ (ONT), ഫൈബർ ടെർമിനേഷൻ, ഡാറ്റ പ്രോസസ്സിംഗ്, നെറ്റ്‌വർക്ക് മാനേജ്‌മെൻ്റ്  എന്നിവ ഒരൊറ്റ SoC-യിലേക്ക് സംയോജിപ്പിക്കുന്ന ചിപ്-ഡ്രൈവൻ നെറ്റ്‌വർക്ക് സൊല്യൂഷനുകളാണ് ഇതിൽ പ്രധാനം. വിശ്വസനീയവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിക്ക് ഇത് സഹായകമാണ്. 2026 ൽ ഉപഭോക്തൃ പര്യവേക്ഷണത്തിനായി റഫറൻസ് പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിക്കാനുള്ള പാതയിലാണ് അവർ.

*എല്ലാ കാലാവസ്ഥയിലും വിശ്വസനീയമായി പ്രവർത്തിക്കുന്നതും, സുരക്ഷ, സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ, എഡ്ജ് കമ്പ്യൂട്ടിംഗ്, ഉയർന്നുവരുന്ന 6G സെൻസർ നെറ്റ്‌വർക്കുകൾ, ഡ്രോൺ ഡിറ്റക്ഷൻ പോലുള്ള നിർണായക ആപ്ലിക്കേഷനുകളിൽ പുരോഗതി പ്രാപിക്കുന്നതുമായ നൂതന റഡാർ-ഓൺ-ചിപ്പ് AAGYAVISION രൂപകൽപ്പന ചെയ്യുന്നു.

തദ്ദേശീയ ചിപ്പ് ഡിസൈൻ നൈപുണ്യങ്ങളെ തെളിയിക്കപ്പെട്ടതും വിപണിസജ്ജവുമായ ഉത്പന്നങ്ങളാക്കി DLI എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്ന് ഈ വിജയഗാഥകൾ വ്യക്തമാക്കുന്നു. നൂതന രൂപകൽപ്പന, പ്രോട്ടോടൈപ്പിംഗ്, വാണിജ്യവത്ക്കരണം എന്നിവയെ പിന്തുണയ്ക്കുന്നതിലൂടെ, ഈ പദ്ധതി ഇന്ത്യയുടെ സാങ്കേതിക സ്വാശ്രയത്വത്തെയും ആഗോള സെമികണ്ടക്ടർ ഡിസൈൻ ആവാസവ്യവസ്ഥയിലെ  സ്ഥാനത്തെയും ശക്തിപ്പെടുത്തുന്നു.
 

ഉപസംഹാരം

ആഗോള സെമികണ്ടക്ടർ മൂല്യ ശൃംഖലയിലെ ഏറ്റവും തന്ത്രപരവും ഉന്നത മൂല്യവുമുള്ള വിഭാഗമായ ചിപ്പ് ഡിസൈനിൽ ഇന്ത്യയുടെ ചുവടുറപ്പിക്കുന്നതിൽ ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് (DLI) പദ്ധതി നിർണായക പങ്ക് വഹിക്കുന്നു. ഇറക്കുമതി ചെയ്ത സെമികണ്ടക്ടർ ഐപികളെയും ചിപ്പുകളെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും, ഭൗമരാഷ്ട്രീയ, സപ്ലൈ-ചെയിൻ തടസ്സങ്ങൾക്കെതിരായ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലൂടെയും, പ്രതിരോധം, ടെലികോം, AI, മൊബിലിറ്റി എന്നിവയ്‌ക്കായുള്ള നിർണായക സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിലൂടെയും, DLI തന്ത്രപരമായ സ്വയംഭരണത്തിനും ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും അടിത്തറയിടുന്നു. ഡീപ്-ടെക് നവീകരണത്തെ ആഗോളതലത്തിൽ മത്സരാധിഷ്ഠിത ഉത്പന്നങ്ങളിലേക്ക് വിവർത്തനം ചെയ്യുന്നതിലൂടെയും, സ്റ്റാർട്ടപ്പുകളെയും MSME-കളെയും വളർത്തിയെടുക്കുന്നതിലൂടെയും, ഉയർന്ന വൈദഗ്ധ്യമുള്ള എഞ്ചിനീയറിംഗ് തൊഴിൽശക്തി കെട്ടിപ്പടുക്കുന്നതിലൂടെയും ഈ പദ്ധതി ഉന്നത മൂല്യമുള്ള വളർച്ച സാധ്യമാക്കുന്നു.

DLI- പിന്തുണയുള്ള സ്ഥാപനങ്ങൾ ഒന്നിലധികം ചിപ്പ് ടേപ്പ്-ഔട്ടുകൾ, സിലിക്കൺ-പ്രൂവ്ഡ് ഡിസൈനുകൾ, പേറ്റൻ്റുകൾ, പുനരുപയോഗിക്കാവുന്ന ഐപികൾ, പരിശീലനം ലഭിച്ച പ്രതിഭകൾ, പ്രവർത്തന രൂപകൽപ്പന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നേടിയെടുക്കുന്നതിലൂടെ ഗുണഫലങ്ങൾ ഇതിനോടകം പ്രകടമാണ്. ഈ ആവാസവ്യവസ്ഥ ഉത്പാദന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, സിലിക്കൺ-സാധുതയുള്ള ഡിസൈനുകൾ വൻതോതിലുള്ള നിർമ്മാണം, സിസ്റ്റം സംയോജനം, വിപണി വിന്യാസം എന്നിവയിലേക്ക് സുതാര്യമായി പ്രവേശിക്കുന്നു. അതിലൂടെ, ആഭ്യന്തര വിതരണ ശൃംഖലകളും സ്വാശ്രയ സെമികണ്ടക്ടർ ആവാസവ്യവസ്ഥയും ശക്തിപ്പെടുമ്പോൾ ഇന്ത്യൻ കമ്പനികൾ വിശ്വസനീയമായ ആഗോള വിതരണക്കാരായി സ്ഥാപിക്കപ്പെടുന്നു.

സൂചനകൾ 
(Explainer ID: 156833) आगंतुक पटल : 9
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Gujarati , Kannada
Link mygov.in
National Portal Of India
STQC Certificate