Economy
റെയർ എർത്ത് പെർമനൻ്റ് മാഗ്നെറ്റുകളുടെ നിർമ്മാണ ആവാസവ്യവസ്ഥ ഇന്ത്യയുടെ അടുത്ത സാങ്കേതിക മുന്നേറ്റത്തിന് കരുത്ത് പകരുന്നു.
Posted On:
27 DEC 2025 1:29PM
പ്രധാന വസ്തുതകൾ
. ആഭ്യന്തര സംയോജിത REPM നിർമ്മാണ ആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിന് സർക്കാർ 7,280 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്കി.
. റെയർ എർത്ത് ഓക്സൈഡുകൾ മുതൽ ഫിനിഷ്ഡ് മാഗ്നറ്റുകൾ വരെയുള്ള മുഴുവൻ മൂല്യ ശൃംഖലയും ഉൾപ്പെടുത്തി പ്രതിവർഷം 6,000 മെട്രിക് ടൺ ആഭ്യന്തര ഉത്പാദന ശേഷി സൃഷ്ടിക്കുന്നു.
. ഇലക്ട്രിക് മൊബിലിറ്റി, പുനരുപയോഗിക്കാവുന്ന ഊർജ്ജം, ഇലക്ട്രോണിക്സ്, എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങിയ നിർണ്ണായക മേഖലകളിൽ സ്വയംപര്യാപ്തത ശക്തിപ്പെടുത്തുന്നു.
. ശക്തമായ റെയർ എർത്ത് വിഭവങ്ങളുടെ ലഭ്യതയും, NCMM, MMDR ആക്ട് പരിഷ്കാരങ്ങൾ ഉൾപ്പെടെയുള്ള നയ സംരംഭങ്ങളും ഇതിന് പിന്തുണ നല്കുന്നു.
. ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ദീർഘകാല വ്യാവസായിക വളർച്ച സാധ്യമാക്കുകയും ചെയ്യുമ്പോൾ ആഗോള അഡ്വാൻസ്ഡ്-മെറ്റീരിയൽ മൂല്യ ശൃംഖലയിൽ ഇന്ത്യയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നു.
ആമുഖം
7,280 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ 'സിൻ്റേർഡ് റെയർ എർത്ത് പെർമനൻ്റ് മാഗ്നെറ്റുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി' ക്ക് സർക്കാർ അംഗീകാരം നല്കി. റെയർ എർത്ത് ഓക്സൈഡുകൾ മുതൽ ഫിനിഷ്ഡ് മാഗ്നറ്റുകൾ വരെയുള്ള മുഴുവൻ ശൃംഖലയേയും ഉൾപ്പെടുത്തിക്കൊണ്ട്, ഇന്ത്യയിൽ പ്രതിവർഷം 6,000 മെട്രിക് ടൺ സംയോജിത REPM നിർമ്മാണ ശേഷി സ്ഥാപിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ആഭ്യന്തരമായി ഒരു സംയോജിത ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങൾ, പുനരുപയോഗിക്കാവുന്ന ഊർജ്ജ സംവിധാനങ്ങൾ, ഇലക്ട്രോണിക്സ്, എയ്‌റോസ്‌പേസ്, പ്രതിരോധം എന്നീ മേഖലകളിലെ നിർണ്ണായക ഘടകങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത വർദ്ധിപ്പിക്കാനും ആഗോള REPM വിപണിയിൽ ഇന്ത്യയെ ഒരു പ്രധാന ശക്തിയായി മാറ്റാനും ഈ സംരംഭം ഉദ്ദേശിക്കുന്നു. കൂടാതെ, ആത്മനിർഭർ ഭാരത്, തന്ത്രപ്രധാന മേഖലകൾക്കായുള്ള സുസ്ഥിര വിതരണ ശൃംഖലകൾ, രാജ്യത്തിൻ്റെ ദീർഘകാല നെറ്റ് സീറോ 2070 ലക്ഷ്യം എന്നിവയുൾപ്പെടെയുള്ള വിശാലമായ ദേശീയ ലക്ഷ്യങ്ങളെ ഇത് പിന്തുണയ്ക്കുകയും ചെയ്യുന്നു.
എന്താണ് റെയർ എർത്ത് പെർമനന്റ് മാഗ്നറ്റ് (REPM) ?
സ്ഥിര കാന്തങ്ങളിൽ ഏറ്റവും ശക്തമായ ഇനങ്ങളിൽ ഒന്നാണ് REPM-കൾ. ഒതുക്കമുള്ളതും ഉയർന്ന പ്രകടനം കാഴ്ചവെക്കുന്നതുമായ കാന്തിക ഘടകങ്ങൾ ആവശ്യമുള്ള സാങ്കേതികവിദ്യകളിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നു. ഇവയുടെ ഉയർന്ന കാന്തിക ശക്തിയും സ്ഥിരതയും താഴെ പറയുന്ന മേഖലകളിൽ ഇവയെ അവിഭാജ്യമാക്കുന്നു:
. ഇലക്ട്രിക് വാഹന മോട്ടോറുകൾ
. വിൻഡ് ടർബൈൻ ജനറേറ്ററുകൾ
. ഉപഭോക്തൃ, വ്യാവസായിക ഇലക്ട്രോണിക്സ്
. എയ്‌റോസ്‌പേസ്, പ്രതിരോധ സംവിധാനങ്ങൾ
. പ്രിസിഷൻ സെൻസറുകളും ആക്ച്യുവേറ്ററുകളും
ചെറിയ വലുപ്പത്തിൽ പോലും ശക്തമായ കാന്തിക പ്രകടനം കാഴ്ചവെക്കാനുള്ള REPM-കളുടെ കഴിവ് ആധുനിക എഞ്ചിനീയറിംഗ് ആപ്ലിക്കേഷനുകളിൽ ഇവയെ അത്യന്താപേക്ഷിതമാക്കുന്നു. ശുദ്ധ ഊർജ്ജം, അഡ്വാൻസ്ഡ് മൊബിലിറ്റി, പ്രതിരോധം തുടങ്ങിയ മുൻഗണനാ മേഖലകളിൽ ഇന്ത്യ ഉത്പാദനം വികസിപ്പിക്കുമ്പോൾ, ദീർഘകാല മത്സരക്ഷമതയ്ക്കും വിതരണ ശൃംഖലയുടെ സുസ്ഥിരതയ്ക്കും ഉയർന്ന പ്രകടനശേഷിയുള്ള കാന്തങ്ങളുടെ വിശ്വസനീയമായ ആഭ്യന്തര വിതരണം ഉറപ്പാക്കുന്നത് അതീവ പ്രാധാന്യമർഹിക്കുന്നു.
ഇന്ത്യയുടെ നിലവിലെ സാഹചര്യവും പദ്ധതിയുടെ ആവശ്യകതയും

തീരപ്രദേശങ്ങളിലും ഉൾനാടൻ മേഖലകളിലുമായി വ്യാപിച്ചുകിടക്കുന്ന മോണോസൈറ്റ് നിക്ഷേപങ്ങളിലൂടെ ഇന്ത്യയ്ക്ക് ഗണ്യമായ അളവിൽ റെയർ എർത്ത് ധാതുക്കളുടെ ശേഖരമുണ്ട്. ഏകദേശം 13.15 ദശലക്ഷം ടൺ മോണോസൈറ്റ് നിക്ഷേപം ഇന്ത്യയിലുണ്ട്. ഇതിൽ നിന്ന് ഏകദേശം 7.23 ദശലക്ഷം ടൺ റെയർ എർത്ത് ഓക്സൈഡുകൾ (REO) ലഭ്യമാകുമെന്ന് കണക്കാക്കപ്പെടുന്നു. ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട്, കേരളം, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തീരദേശ മണൽത്തിട്ടകളിലും ചുവന്ന മണൽ പ്രദേശങ്ങളിലും ഉൾനാടൻ എക്കൽ മണ്ണിലുമാണ് ഈ നിക്ഷേപങ്ങൾ കാണപ്പെടുന്നത്. സ്ഥിര കാന്തങ്ങളുടെ നിർമ്മാണം ഉൾപ്പെടെയുള്ള റെയർ എർത്ത് അധിഷ്ഠിത വ്യവസായങ്ങളുടെ പ്രാഥമിക അസംസ്കൃത വസ്തുവായി ഈ ഓക്സൈഡുകൾ പ്രവർത്തിക്കുന്നു.
കൂടാതെ, ഗുജറാത്തിലേയും രാജസ്ഥാനിലേയും ഹാർഡ്-റോക്ക് മേഖലകളിൽ 1.29 ദശലക്ഷം ടൺ REO സ്രോതസ്സുകൾ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വിപുലമായ പര്യവേക്ഷണ സംരംഭങ്ങളിലൂടെ 482.6 ദശലക്ഷം ടൺ റെയർ എർത്ത് അയിര് ശേഖരം കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്, REPM നിർമ്മാണം ഉൾപ്പെടെയുള്ള റെയർ എർത്ത് അധിഷ്ഠിത വ്യവസായങ്ങളെ പിന്തുണയ്ക്കാൻ ആവശ്യമായ ഗണ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യയിൽ ധാരാളമായി ലഭ്യമാണെന്നാണ്.
ഇന്ത്യയ്ക്ക് ശക്തമായ റെയർ എർത്ത് വിഭവ അടിത്തറയുണ്ടെങ്കിലും, സ്ഥിര കാന്തങ്ങളുടെ ആഭ്യന്തര ഉത്പാദനം ഇപ്പോഴും വികസിതമായിട്ടില്ല. അതിനാൽ നിലവിലെ ആവശ്യങ്ങളുടെ വലിയൊരു ഭാഗം നിറവേറ്റാൻ ഇറക്കുമതിയെ ആശ്രയിക്കുന്നത് തുടരുന്നു. ഔദ്യോഗിക വ്യാപാര കണക്കുകൾ പ്രകാരം 2022-23 മുതൽ 2024-25 വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സ്ഥിര കാന്ത ഇറക്കുമതിയുടെ ഭൂരിഭാഗവും ചൈനയിൽ നിന്നായിരുന്നു. മൂല്യത്തിൻ്റെ അടിസ്ഥാനത്തിൽ 59.6 ശതമാനം മുതൽ 81.3 ശതമാനം വരെയും, അളവിൻ്റെ അടിസ്ഥാനത്തിൽ 84.8 ശതമാനം മുതൽ 90.4 ശതമാനം വരെയുമാണ് ഇറക്കുമതിയെ ആശ്രയിക്കുന്നത്.
അതേസമയം, വരാനിരിക്കുന്ന ഡിമാൻഡ് പ്രൊജക്ഷനുകൾ ആഭ്യന്തര ശേഷി വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകത എടുത്തുകാണിക്കുന്നു. ഇലക്ട്രിക് മൊബിലിറ്റി, പുനരുപയോഗ ഊർജ്ജ വിന്യാസം, ഇലക്ട്രോണിക്സ് നിർമ്മാണം, തന്ത്രപ്രധാനമായ മറ്റ് ആപ്ലിക്കേഷനുകൾ എന്നിവയിലെ വളർച്ച കാരണം ഇന്ത്യയുടെ REPM ഉപഭോഗം 2030-ഓടെ ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, വർദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനും വിതരണ ശൃംഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും സംയോജിത REPM നിർമ്മാണ ശേഷി വികസിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
പദ്ധതിയുടെ പ്രധാന ഘടകങ്ങൾ

ഇന്ത്യയിൽ എൻഡ്-ടു-എൻഡ് REPM നിർമ്മാണത്തിനായി സമഗ്രമായ ഒരു ചട്ടക്കൂട് ഈ പദ്ധതി സ്ഥാപിക്കുന്നു. ഇത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ദീർഘകാല മത്സരക്ഷമത ഉറപ്പാക്കുന്നതിനും സഹായിക്കുന്നു.
. ഓക്സൈഡ് അസംസ്കൃത വസ്തുക്കൾ മുതൽ അന്തിമ ഉൽപ്പന്നം വരെയുള്ള മുഴുവൻ ഘട്ടങ്ങളും ഉൾപ്പെടുത്തിക്കൊണ്ട്, ഉയർന്ന പ്രകടനശേഷിയുള്ള കാന്തിക സാമഗ്രികൾക്കായി പൂർണ്ണമായും സംയോജിപ്പിച്ച ഒരു ഉത്പാദന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാനും, പ്രതിവർഷം 6,000 മെട്രിക് ടൺ ആഭ്യന്തര നിർമ്മാണ ശേഷി സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു.
. ആഗോള മത്സരാധിഷ്ഠിത ബിഡ്ഡിംഗ് പ്രക്രിയയിലൂടെ അഞ്ച് ഗുണഭോക്താക്കൾക്കായി ആകെ ഉത്പാദന ശേഷി വിഭജിച്ചു നല്കും. ഓരോ ഗുണഭോക്താവിനും പ്രതിവർഷം 1,200 മെട്രിക് ടൺ ശേഷി വരെ ലഭിക്കാൻ അർഹതയുണ്ടായിരിക്കും, ഇത് ഉത്പാദനത്തിൽ വൈവിധ്യവും ആവശ്യമായ തോതിലുള്ള വളർച്ചയും ഉറപ്പാക്കുന്നു.
. ഈ പദ്ധതിയിൽ ശക്തമായ പ്രോത്സാഹന ഘടന ഉൾപ്പെടുന്നു. REPM ഉത്പാദനത്തിനായി അടുത്ത അഞ്ച് വർഷത്തേക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളായി 6,450 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.
. ആധുനികവും സംയോജിതവുമായ REPM നിർമ്മാണ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനായി 750 കോടി രൂപയുടെ മൂലധന സബ്സിഡി നല്കുന്നതാണ്.
. ഏഴ് വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. ആദ്യത്തെ രണ്ട് വർഷം സംയോജിത REPM സൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനുള്ള കാലയളവായിരിക്കും. ഇതിനെത്തുടർന്ന് അടുത്ത അഞ്ച് വർഷം വിൽപ്പനയുമായി ബന്ധിപ്പിച്ച ആനുകൂല്യങ്ങൾ വിതരണം ചെയ്യും. സമയബന്ധിതമായി ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും പ്രാരംഭ ഉത്പാദന-വിപണി വികസന ഘട്ടങ്ങളിൽ സ്ഥിരത നല്കുന്നതിനുമാണ് ഈ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.
ദേശീയ മുൻഗണനകളും വിശാലമായ സർക്കാർ സംരംഭങ്ങളുമായുള്ള ഏകോപനവും
ആഭ്യന്തര REPM നിർമ്മാണ ശേഷി സ്ഥാപിക്കുന്നത് പല ദേശീയ മുൻഗണനകളേയും പിന്തുണയ്ക്കുന്നു. ഇന്ത്യയുടെ വ്യാവസായികവും സാങ്കേതികവുമായ പുരോഗതിയുടെ കേന്ദ്രസ്ഥാനത്തുള്ള തന്ത്രപ്രധാനവും അത്യാധുനികവുമായ മേഖലകൾക്ക് ഈ കാന്തങ്ങൾ അത്യന്താപേക്ഷിതമാണ്. ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്തുക, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യവസായങ്ങൾക്കായി വിതരണ ശൃംഖലയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക, അതോടൊപ്പം ഇന്ത്യയുടെ ദീർഘകാല സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് സംഭാവന നല്കുക എന്നിവയാണ് സർക്കാർ സംരംഭം ലക്ഷ്യമിടുന്നത്.
. ഊർജ്ജക്ഷമതയുള്ള മോട്ടോറുകൾ, കാറ്റാടി-വൈദ്യുത സംവിധാനങ്ങൾ, മറ്റ് ഹരിത സാങ്കേതികവിദ്യകൾ എന്നിവയിൽ റെയർ എർത്ത് മാഗ്നെറ്റുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അതിനാൽ ഈ സംരംഭം രാജ്യത്തിൻ്റെ വിശാലമായ ശുദ്ധ-ഊർജ്ജ പരിവർത്തനവുമായും നെറ്റ് സീറോ 2070 ലക്ഷ്യവുമായും ചേർന്നുനിൽക്കുന്നു.
. REPM-കളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നത് ദേശീയ സുരക്ഷയ്ക്കും സ്വയംപര്യാപ്തതയ്ക്കും ഒരുപോലെ പ്രധാനമാണ്. പ്രതിരോധ, എയ്‌റോസ്‌പേസ് സംവിധാനങ്ങളിൽ ഈ കാന്തങ്ങൾ ഉപയോഗിക്കുന്നതിനാൽ, രാജ്യത്തിനകത്ത് തന്നെ സംയോജിത ഉൽപ്പാദന ശേഷി വികസിപ്പിക്കുന്നത് നിർണ്ണായകമായ ആപ്ലിക്കേഷനുകൾക്ക് സുരക്ഷിതമായ ലഭ്യത ഉറപ്പാക്കുകയും നിലവിലുള്ള തദ്ദേശീയവൽക്കരണ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
. നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷൻ (NCMM) വഴി നിർണ്ണായക ധാതുക്കളുടെ മൂല്യ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ വിശാലമായ ശ്രദ്ധയെ ഇത് പൂരകമാക്കുന്നു. അത്യാധുനിക മേഖലകളിൽ ഉപയോഗിക്കുന്ന റെയർ എർത്ത് മൂലകങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ധാതുക്കളുടെ ലഭ്യതയും സംസ്കരണ ശേഷിയും മെച്ചപ്പെടുത്താൻ ഈ പദ്ധതി ലക്ഷ്യമിടുന്നു.
ഇന്ത്യയുടെ എൻഡ്-ടു-എൻഡ് മൂല്യ ശൃംഖല തന്ത്രം
വൈവിധ്യമാർന്ന വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന പകരം വെക്കാനില്ലാത്ത പ്രകൃതിദത്ത മൂലകങ്ങളേയും സംയുക്തങ്ങളേയുമാണ് നിർണ്ണായക ധാതുക്കൾ എന്ന് വിളിക്കുന്നത്.
സാങ്കേതിക പുരോഗതി പ്രാപ്തമാക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും പ്രാപ്തമാക്കുന്ന സമകാലിക വ്യാവസായിക സമ്പദ്‌വ്യവസ്ഥകളിൽ ഇവയ്ക്കുള്ള പ്രധാന പങ്ക് കണക്കിലെടുക്കുമ്പോൾ, നിർണ്ണായക ധാതുക്കളുടെ ലഭ്യത ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു തന്ത്രപ്രധാന മുൻഗണനയായി മാറിയിരിക്കുന്നു.
2025 ജനുവരിയിൽ അംഗീകരിച്ച NCMM, നിർണ്ണായക ധാതുക്കളുടെ ദീർഘകാല സുസ്ഥിര വിതരണം ഉറപ്പാക്കാനും ധാതു പര്യവേക്ഷണം, ഖനനം മുതൽ ഗുണഭോക്തൃവൽക്കരണം, സംസ്കരണം, ഉപയോഗശേഷമുള്ള ഉൽപ്പന്നങ്ങളിൽ നിന്നുള്ള വീണ്ടെടുക്കൽ വരെയുള്ള എല്ലാ ഘട്ടങ്ങളും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ നിർണ്ണായക ധാതു മൂല്യ ശൃംഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
. ആഭ്യന്തര REPM ഉൽപാദന ശേഷി വികസിപ്പിക്കുന്നത് കേവലമൊരു സാങ്കേതിക അനിവാര്യത മാത്രമല്ലെന്നും മറിച്ച് സ്വയംപര്യാപ്തത കൈവരിക്കുക, ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുക, നൂതന ഗതാഗത സൗകര്യങ്ങളെ പിന്തുണയ്ക്കുക, പ്രതിരോധ-തന്ത്രപ്രധാന ഉത്പാദന ആവാസവ്യവസ്ഥകളെ ശക്തിപ്പെടുത്തുക തുടങ്ങിയ ഇന്ത്യയുടെ സുപ്രധാന തന്ത്രങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും ഈ ബന്ധങ്ങൾ വ്യക്തമാക്കുന്നു.
. ഇന്ത്യയുടെ നിർണ്ണായക ധാതു, നൂതന നിർമ്മാണ ആവാസവ്യവസ്ഥകളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിലവിലുള്ള നിരവധി സർക്കാർ സംരംഭങ്ങളുമായി REPM പദ്ധതി കൂടുതൽ ചേർന്നുനിൽക്കുന്നു.
. നയ പരിഷ്കാരങ്ങൾ, പ്രത്യേകിച്ച് 1957 ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെൻ്റ് ആൻഡ് റെഗുലേഷൻ) നിയമത്തിലെ ഭേദഗതികൾ, നിർണ്ണായകവും തന്ത്രപ്രധാനവുമായ ധാതുക്കളുടെ ഒരു പ്രത്യേക പട്ടിക അവതരിപ്പിച്ചു. കൂടാതെ, ഖനന പാട്ടങ്ങളും സംയോജിത ലൈസൻസുകളും ലേലം ചെയ്യാൻ സർക്കാരിനെ അധികാരപ്പെടുത്തുകയും ചെയ്തു. ഇത് പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തിനുള്ള അവസരങ്ങൾ വർദ്ധിപ്പിച്ചു.
നിർണ്ണായക ധാതുക്കൾക്കായുള്ള ഖനന പരിഷ്കാരങ്ങൾ

ഖനികളുടെ നിയന്ത്രണത്തിനും ധാതുക്കളുടെ വികസനത്തിനുമായി 1957 ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെൻ്റ് ആൻഡ് റെഗുലേഷൻ) നിയമം (MMDR നിയമം) നിലവിൽ വന്നു. ഇന്ത്യയുടെ നിർണ്ണായക ധാതു ആവാസവ്യവസ്ഥയെ (നിർണ്ണായകവും ഭൂമിക്കടിയിൽ ആഴത്തിൽ കാണപ്പെടുന്നതുമായ ധാതുക്കൾക്കായി) ശക്തിപ്പെടുത്തുന്നതിനായി 2023 ലെ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെൻ്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി നിയമത്തിലൂടെ ഇത് പരിഷ്കരിച്ചു. ധാതു പര്യവേക്ഷണത്തിൻ്റെ എല്ലാ മേഖലകളിലും സ്വകാര്യ പങ്കാളിത്തം അനുവദിക്കുക, ധാതു ഖനന അനുമതികൾ ലേലം ചെയ്യാൻ സർക്കാരിനെ അധികാരപ്പെടുത്തുക, പുതിയ എക്സ്പ്ലോറേഷൻ ലൈസൻസ് രീതി അവതരിപ്പിക്കുക എന്നിവ ഇതിൻ്റെ ഭാഗമാണ്.
. NCMM, നിയന്ത്രണ പരിഷ്കാരങ്ങൾ, REPM നിർമ്മാണ പദ്ധതി എന്നിവയുൾപ്പെടെയുള്ള ഈ സംരംഭങ്ങൾ ഒരുമിച്ച്, REPM ശേഷി വർദ്ധിപ്പിക്കുന്നതിനും, ഇന്ത്യയുടെ വിശാലമായ വ്യാവസായിക, ശുദ്ധ-ഊർജ്ജ, തന്ത്രപ്രധാന മുൻഗണനകളുമായി സംയോജിപ്പിക്കുന്നതിനുമുള്ള ശക്തമായ ഒരു ആഭ്യന്തര അടിത്തറ സൃഷ്ടിക്കുന്നു.
ആഗോള സന്ദർഭവും ഇന്ത്യയുടെ അവസരവും
റെയർ എർത്ത് വസ്തുക്കളുടേയും സ്ഥിരം കാന്തങ്ങളുടെയും ആഗോള വിതരണ ശൃംഖലകൾ പലപ്പോഴും തടസ്സങ്ങളുടെ കാലഘട്ടങ്ങൾ നേരിട്ടിട്ടുണ്ട് . ഇത് ഇത്തരം വിഭവങ്ങൾ സുരക്ഷിതമായും വൈവിധ്യമാർന്ന സ്രോതസ്സുകളിൽ നിന്നും ലഭ്യമാക്കേണ്ടതിൻ്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ദീർഘകാല വിതരണ സുരക്ഷ ഉറപ്പാക്കുന്നതിനായി നയ പരിഷ്കാരങ്ങളും, ലക്ഷ്യമിട്ടുള്ള ആഭ്യന്തര ശേഷി വർദ്ധിപ്പിക്കൽ ശ്രമങ്ങളും ഉൾപ്പെടെ നിരവധി നടപടികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്.
ധാതു സമ്പന്ന രാജ്യങ്ങളായ ഓസ്‌ട്രേലിയ, അർജൻ്റീന, സാംബിയ, പെറു, സിംബാബ്‌വെ, മൊസാംബിക്, മലാവി, കോട്ട് ഡി ഐവയർ എന്നിവയുമായി കേന്ദ്ര ഖനി മന്ത്രാലയം ഉഭയകക്ഷി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ, മിനറൽസ് സെക്യൂരിറ്റി പാർട്ണർഷിപ്പ് (MSP), ഇൻഡോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് (IPEF), ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്നോളജീസ് (iCET) തുടങ്ങിയ ബഹുരാഷ്ട്ര വേദികളിലും ഇന്ത്യ പങ്കാളിയാണ്. നിർണ്ണായക ധാതുക്കളുടെ സുസ്ഥിരമായ വിതരണ ശൃംഖല കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് ഇവയെല്ലാം പിന്തുണ നല്കുന്നു.
ഈ ശ്രമങ്ങൾക്ക് പൂരകമായി, ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് (KABIL) അർജൻ്റീന പോലുള്ള രാജ്യങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ ലിഥിയം, കൊബാൾട്ട് എന്നിവയുൾപ്പെടെയുള്ള തന്ത്രപ്രധാനമായ ധാതു ആസ്തികൾ വിദേശത്ത് പര്യവേക്ഷണം ചെയ്യാനും ഏറ്റെടുക്കാനും ശ്രമിക്കുന്നു. ഇലക്ട്രിക് മൊബിലിറ്റി, പുനരുപയോഗ ഊർജ്ജ സംവിധാനങ്ങൾ, ഇലക്ട്രോണിക്സ്, പ്രതിരോധ ആപ്ലിക്കേഷനുകൾ എന്നിവയ്ക്ക് ആവശ്യമായ നിർണ്ണായക ധാതുക്കൾ സുരക്ഷിതമാക്കുന്നതിനുള്ള ഇന്ത്യയുടെ തന്ത്രത്തിൻ്റെ ഒരു പ്രധാന ഘടകമാണ് ഈ സംരംഭങ്ങൾ.
കേന്ദ്ര ഖനി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO), ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL), മിനറൽ എക്സ്പ്ലോറേഷൻ ആൻഡ് കൺസൾട്ടൻസി ലിമിറ്റഡ് (MECL) എന്നിവയുടെ സംയുക്ത സംരംഭമാണ് ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് (KABIL). വിദേശത്തുള്ള ധാതു നിക്ഷേപങ്ങൾ കണ്ടെത്തുക, പര്യവേഷണം നടത്തുക, അവ ഏറ്റെടുക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നിവയിലൂടെ ഇന്ത്യയുടെ നിർണ്ണായകവും തന്ത്രപ്രധാനവുമായ ധാതുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനാണ് ഇത് സ്ഥാപിതമായത്. വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കും ശുദ്ധ ഊർജ്ജ വ്യവസായങ്ങൾക്കുമായി ആഭ്യന്തര മൂല്യശൃംഖലയെ ശക്തിപ്പെടുത്തുക വഴി മേയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കരുത്തുറ്റ പിന്തുണ നല്കുക എന്നതാണ് ഇതിൻ്റെ ദൗത്യം.
ഈ സാഹചര്യത്തിൽ, ആഭ്യന്തര REPM നിർമ്മാണ ശേഷി വികസിപ്പിക്കുന്നത്, രാജ്യത്തിനകത്തെ വ്യാവസായിക വളർച്ചയെ പിന്തുണയ്ക്കുന്നതോടൊപ്പം അത്യാധുനിക സാമഗ്രികളുടെ ആഗോള മൂല്യശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള സമയബന്ധിതമായ അവസരം നല്കുന്നു.
ഉപസംഹാരം
സിൻ്റേർഡ് റെയർ എർത്ത് പെർമനൻ്റ് മാഗ്നെറ്റുകളുടെ (REPM) നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ പദ്ധതി മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനും, സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിലുള്ള ഉത്പാദന വിപുലീകരണത്തെ പിന്തുണയ്ക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഉയർന്ന കാര്യക്ഷമതയുള്ള സംവിധാനങ്ങളിൽ ഈ വസ്തുക്കക്കുള്ള പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ഇന്ത്യയുടെ ഊർജ്ജ-പരിവർത്തന ലക്ഷ്യങ്ങൾക്കും ഇത് വലിയ സംഭാവന നല്കുന്നു. ആഭ്യന്തര ശേഷി സ്ഥാപിക്കുന്നതിലൂടെയും, അനുബന്ധ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെയും സർക്കാരിൻ്റെ ഈ സംരംഭം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, വ്യാവസായിക ശേഷി വർദ്ധിപ്പിക്കുന്നതിനും, ആത്മനിർഭർ ഭാരത്, വികസിത് ഭാരതം @2047 എന്നീ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നത്തിനും സഹായിക്കും.
റഫറൻസുകൾ:
Click here to see pdf
***
(Explainer ID: 156765)
आगंतुक पटल : 5
Provide suggestions / comments