Posted On:
22 DEC 2025 10:13PM
പ്രധാന നേട്ടങ്ങൾ
- ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രകാരം ഇന്ത്യൻ കയറ്റുമതിയുടെ നൂറ് ശതമാനം തീരുവയും ഒഴിവാക്കി
- അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ യുഎസ് ഡോളറിൻ്റെ നിക്ഷേപ വാഗ്ദാനം. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാമ്പത്തിക-തന്ത്രപരമായ സഹകരണം ശക്തമാക്കും.
- ക്ഷീര, കാർഷിക മേഖലയിലെ ഇന്ത്യയുടെ പ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു. അതേസമയം, ടെക്സ്റ്റൈൽ, ലെതർ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്ക് ഈ കരാർ വലിയ നേട്ടമുണ്ടാക്കും.
- ആരോഗ്യ സേവനങ്ങളിലും പരമ്പരാഗത വൈദ്യശാസ്ത്രത്തിലും സഹകരിക്കാനുള്ള അനുബന്ധ കരാറിൽ ന്യൂസിലൻഡ് ആദ്യമായി ഒപ്പുവെച്ചു.
- STEM ബിരുദധാരികൾക്കും വിദഗ്ധരായ പ്രൊഫഷണലുകൾക്കും സ്റ്റുഡൻ്റ് മൊബിലിറ്റി, പോസ്റ്റ് സ്റ്റഡി വർക്ക് വിസ സൗകര്യങ്ങൾ ലഭിക്കും. കൂടാതെ 5,000 വിദഗ്ധ തൊഴിലുകൾക്കായി പുതിയ വിസ പാതകൾ തുറക്കും.
ആമുഖം
സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആഗോളതലത്തിൽ രാജ്യത്തിൻ്റെ അന്തസ്സ് ഉയർത്തുന്നതിനുമായി ഇന്ത്യ ആഗോള വ്യാപാര പങ്കാളിത്തം ക്രമാനുഗതമായി വിപുലീകരിച്ചു വരികയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. ഈ മാസം ഒമാനുമായി ഒപ്പിട്ടതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. ഇന്ത്യയും ന്യൂസിലാൻഡും ദീർഘവീക്ഷണത്തോടെയുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. ഇത് ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിലെ ചരിത്രപരമായ ഒരു നാഴികക്കല്ലാണ്. ഇന്ത്യയുടെ സുപ്രധാന മേഖലകളെ സംരക്ഷിച്ചുകൊണ്ട്, ഇന്ത്യൻ കയറ്റുമതിക്ക് ന്യൂസിലാൻഡിൽ അഭൂതപൂർവമായ തീരുവ രഹിത പ്രവേശനം ഈ കരാർ ഉറപ്പാക്കുന്നു. ഇത് രാജ്യത്തിൻ്റെ സാമ്പത്തിക പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ഇന്ത്യയുടെ ദേശീയ മുൻഗണനകളുമായി പൊരുത്തപ്പെടുന്ന സമഗ്ര വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) ചർച്ചകൾ 2025 മാർച്ചിലാണ് പ്രഖ്യാപിച്ചത്. വിവിധ ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിൽ 2025 ഡിസംബറിൽ കരാർ അന്തിമരൂപത്തിലെത്തി. ഇന്ത്യ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ എഫ്.ടി.എ- കളിൽ ഒന്നായി ഇത് മാറി. ഈ കരാർ ഇന്ത്യൻ കയറ്റുമതിക്ക് ന്യൂസിലാൻഡ് വിപണിയിൽ കൂടുതൽ പ്രവേശനവും തീരുവ ഇളവുകളും നല്കുന്നതിനോടൊപ്പം, വിശാലമായ ഓഷ്യാനിയ, പസഫിക് ദ്വീപ് വിപണികളിലേക്കുള്ള പ്രവേശന കവാടമായി വർത്തിക്കുകയും ചെയ്യുന്നു. വൈദഗ്ധ്യമുള്ള തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രധാന രാജ്യമായി മാറാൻ ഈ കരാറിലൂടെ ഇന്ത്യക്ക് അവസരമൊരുങ്ങും. അതോടൊപ്പം ആയുഷ്, യോഗ പരിശീലകർ, ഇന്ത്യൻ പാചകവിദഗ്ധർ, സംഗീത അധ്യാപകർ തുടങ്ങിയ മേഖലകളിലും ഐടി, എഞ്ചിനീയറിംഗ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നിർമ്മാണം തുടങ്ങിയ താൽപ്പര്യ മേഖലകൾക്ക് കീഴിലുള്ള സേവനങ്ങളിലും ഭാവി സഹകരണത്തിനുള്ള സാധ്യതകൾ ഈ കരാർ തുറന്നു നല്കുന്നു.
മൊത്തത്തിൽ, വിപണി പ്രവേശനം വിപുലീകരിക്കുകയും സേവന മേഖലയിലെ വ്യാപാരം മെച്ചപ്പെടുത്തുകയും തൊഴിൽ കുടിയേറ്റ പാതകൾ സൃഷ്ടിക്കുകയും ദീർഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്ന പ്രവചനാധീനവും സുതാര്യവുമായ ഒരു ചട്ടക്കൂട് ഈ കരാർ സ്ഥാപിക്കുന്നു.
ഇന്ത്യ - ന്യൂസിലാൻഡ്: ഉഭയകക്ഷി വ്യാപാര ബന്ധങ്ങൾ
ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള പങ്കാളിത്തം സാമ്പത്തിക യാഥാർത്ഥ്യങ്ങളിലും ശക്തമായ ജനകീയ ബന്ധങ്ങളിലും അധിഷ്ഠിതമാണ്. നിലവിൽ, ഓഷ്യാനിയ മേഖലയിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ന്യൂസിലാൻഡ്.

49,380 യുഎസ് ഡോളർ പ്രതിശീർഷ വരുമാനമുള്ള ന്യൂസിലാൻഡ്, ഓഷ്യാനിയ മേഖലയിലെ ഉയർന്ന വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ്. 2024-ൽ ന്യൂസിലാൻഡിൻ്റെ ഇറക്കുമതി 47 ബില്യൺ ഡോളറും കയറ്റുമതി 42 ബില്യൺ ഡോളറുമായിരുന്നു. ന്യൂസിലാൻഡ് ഓരോ വർഷവും അതിൻ്റെ ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (GDP) ഏകദേശം 8 ശതമാനം വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കുന്നു. 2025 മാർച്ചിലെ കണക്കനുസരിച്ച് ഇവരുടെ ആകെ വിദേശ നിക്ഷേപ മൂല്യം 422.6 ബില്യൺ യുഎസ് ഡോളറാണ്.
ഏകദേശം 3 ലക്ഷത്തോളം ഇന്ത്യൻ വംശജരും പ്രവാസി ഇന്ത്യക്കാരും ന്യൂസിലാൻഡിൽ താമസിക്കുന്നുണ്ട്. ഇത് ആ രാജ്യത്തെ ആകെ ജനസംഖ്യയുടെ ഏകദേശം 5 ശതമാനത്തോളമാണ്. ഈ പ്രവാസി സമൂഹം ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു സാംസ്കാരിക-സാമ്പത്തിക പാലമായി വർത്തിക്കുകയും, ശക്തമായ ഉഭയകക്ഷി ബന്ധങ്ങളെ പിന്തുണയ്ക്കുന്നതിലും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും അവിടെ കൂടുതൽ വിപണി ഉറപ്പാക്കുന്നതിലും വലിയ പങ്ക് വഹിക്കുകയും ചെയ്യുന്നു.
പുതിയ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സാമൂഹിക-സാമ്പത്തിക അടിത്തറയിലാണ് ഈ സ്വതന്ത്ര വ്യാപാര കരാർ കെട്ടിപ്പടുക്കുന്നത്.
- ചരക്ക് വ്യാപാരം : 2023-24 കാലയളവിലെ 873 ദശലക്ഷം യു.എസ്. ഡോളറിൽ നിന്ന് 2024-25-ൽ 1.3 ബില്യൺ യുഎസ് ഡോളറായി വളർന്നു, അതായത് 49 ശതമാനം വളർച്ച രേഖപ്പെടുത്തി.
- ന്യൂസിലാൻഡിലേക്കുള്ള ചരക്ക് കയറ്റുമതി: 2024-25-ൽ ഇത് 711 ദശലക്ഷം ഡോളറായി ഉയർന്നു, 32 ശതമാനത്തിൻ്റെ പോസിറ്റീവ് വളർച്ചയാണ് ഇവിടെ പ്രകടമായത്.
- സേവന മേഖലയിലെ വ്യാപാരം: ന്യൂസിലാൻഡിലേക്കുള്ള ഇന്ത്യയുടെ സേവന കയറ്റുമതി 2024 ൽ 13 ശതമാനം വർദ്ധിച്ച് 634 മില്യൺ യുഎസ് ഡോളറിലെത്തി. യാത്ര, ഐടി, ബിസിനസ് സേവനങ്ങൾ എന്നിവ പ്രധാന മേഖലകളിൽ ഉൾപ്പെടുന്നു.

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ഉഭയകക്ഷി ചരക്ക് വ്യാപാരം 2015-16 ലെ 855 ദശലക്ഷം യുഎസ് ഡോളറിൽ നിന്ന് 2024-25 ൽ 1298 ദശലക്ഷം യുഎസ് ഡോളറായി വർദ്ധിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ കയറ്റുമതിയിൽ 130 ശതമാനം വർദ്ധനയുണ്ടായപ്പോൾ ഇറക്കുമതിയിൽ കേവലം 7.21 ശതമാനം വളർച്ച മാത്രമേ ഉണ്ടായുള്ളൂ. 2024-25 സാമ്പത്തിക വർഷത്തിൽ, ന്യൂസിലാൻഡിൽ നിന്നുള്ള ഇറക്കുമതിയേക്കാൾ കൂടുതലായിരുന്നു ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി. ഇത് ആ രാജ്യവുമായുള്ള വ്യാപാരത്തിൽ ഇന്ത്യക്ക് അനുകൂലമായ സാഹചര്യം നിലനിർത്താൻ സഹായിച്ചു.
സ്വതന്ത്ര വ്യാപാര കരാറിൻ്റെ (FTA) പ്രധാന സവിശേഷതകൾ
- ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കുള്ള തീരുവ ന്യൂസിലാൻഡ് പൂർണ്ണമായും ഒഴിവാക്കി.
- അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളറിൻ്റെ നിക്ഷേപ വാഗ്ദാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സാമ്പത്തിക-തന്ത്രപരമായ സഹകരണം ശക്തമാക്കും.
- കാർഷിക ഉൽപ്പാദനക്ഷമതാ പങ്കാളിത്തത്തിലൂടെ, കർഷകരുമായി സഹകരിച്ച് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും അവരെ ആഗോള മൂല്യശൃംഖലയുടെ ഭാഗമാക്കാനും ഈ കരാർ ലക്ഷ്യമിടുന്നു.
- ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ, രത്നങ്ങളും ആഭരണങ്ങളും, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയ തൊഴിലധിഷ്ഠിത മേഖലകൾക്ക് നികുതിരഹിത പ്രവേശനം നല്കിക്കൊണ്ട് എം.എസ്.എം.ഇ- കൾക്കും തൊഴിലവസരങ്ങൾക്കും ഉത്തേജനം.
- 29.97 ശതമാനം താരിഫ് ലൈനുകൾ ഒഴിവാക്കിക്കൊണ്ട് 70.03 ശതമാനം താരിഫ് ലൈനുകളിൽ ഇന്ത്യ വിപണി പ്രവേശനം വാഗ്ദാനം ചെയ്തിട്ടുണ്ട്. 30 ശതമാനം ഇനങ്ങളിൽ തീരുവ ഉടനടി ഒഴിവാക്കും, ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കും.
- ചില ഉൽപ്പന്നങ്ങളെ നികുതി ഇളവുകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ക്ഷീര ഉൽപ്പന്നങ്ങൾ (പാൽ, ക്രീം, മോര്, തൈര്, ചീസ് തുടങ്ങിയവ), മൃഗ ഉൽപ്പന്നങ്ങൾ (ആട്ടിറച്ചി ഒഴികെയുള്ളവ), സസ്യ ഉൽപ്പന്നങ്ങൾ (സവാള, കടല, പയർ വർഗ്ഗങ്ങൾ, ചോളം, ബദാം മുതലായവ), പഞ്ചസാര, കൃത്രിമ തേൻ, മൃഗക്കൊഴുപ്പ്, സസ്യ എണ്ണകൾ, ആയുധങ്ങളും വെടിക്കോപ്പുകളും, രത്നങ്ങളും ആഭരണങ്ങളും, ചെമ്പ് ഉൽപ്പന്നങ്ങൾ (കാഥോഡുകൾ, കാട്രിഡ്ജുകൾ, ലോഹദണ്ഡ്, ബാറുകൾ, കോയിലുകൾ തുടങ്ങിയവ), അലുമിനിയം ഉൽപ്പന്നങ്ങൾ (ഇൻഗോട്ടുകൾ, ബില്ലറ്റുകൾ, വയർ ബാറുകൾ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
- ആകെ ഉൽപ്പന്ന വിഭാഗങ്ങളുടെ 30 ശതമാനത്തിന്മേലുള്ള ഇറക്കുമതി തീരുവ ഉടനടി ഒഴിവാക്കും. മരം, കമ്പിളി, ആട്ടിറച്ചി, അസംസ്‌കൃത തുകൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
- 35.60 ശതമാനം ഉൽപ്പന്നങ്ങളുടെ തീരുവ 3, 5, 7, 10 വർഷങ്ങൾ കൊണ്ട് ഘട്ടം ഘട്ടമായി ഒഴിവാക്കും. പെട്രോളിയം ഓയിൽ, മാൾട്ട് എക്സ്ട്രാക്റ്റ്, സസ്യ എണ്ണകൾ, തിരഞ്ഞെടുത്ത ഇലക്ട്രിക്കൽ-മെക്കാനിക്കൽ യന്ത്രസാമഗ്രികൾ, പെപ്റ്റോണുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
- 4.37 ശതമാനം ഉൽപ്പന്നങ്ങളുടെ തീരുവയിൽ കുറവ് വരുത്തും. വൈൻ, ഔഷധ മരുന്നുകൾ, പോളിമറുകൾ, അലുമിനിയം, ഇരുമ്പ്-സ്റ്റീൽ ഉൽപ്പന്നങ്ങൾ മുതലായവ ഇതിൽ ഉൾപ്പെടുന്നു.
- 0.06 ശതമാനം ഉൽപ്പന്നങ്ങൾ നിശ്ചിത അളവ് വരെ മാത്രം കുറഞ്ഞ നികുതിയിൽ അനുവദിക്കും. തേൻ, ആപ്പിൾ, കിവി ഫ്രൂട്ട്, മിൽക്ക് ആൽബുമിൻ ഉൾപ്പെടെയുള്ള ആൽബുമിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി പ്രവേശനം
സ്വതന്ത്ര വ്യാപാര കരാറിലൂടെ (FTA) ഇന്ത്യയ്ക്കുണ്ടാകുന്ന നേട്ടങ്ങൾ:
- കരാർ പ്രാബല്യത്തിൽ വരുന്നതോടെ ന്യൂസിലാൻഡിൻ്റെ നൂറ് ശതമാനം ഉൽപ്പന്ന വിഭാഗങ്ങൾക്കും (8,284 താരിഫ് ലൈനുകൾ) ഇറക്കുമതി തീരുവ ഉടനടി ഒഴിവാക്കി (സീറോ ഡ്യൂട്ടി) കൊണ്ടുള്ള വിപണി പ്രവേശന വാഗ്ദാനമാണ് ന്യൂസിലാൻഡ് നല്കിയിരിക്കുന്നത്.
- ടെക്സ്റ്റൈൽ/വസ്ത്ര ഉൽപ്പന്നങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ശിരോവസ്ത്രം, സെറാമിക്സ്, പരവതാനികൾ, ഓട്ടോമൊബൈലുകൾ, വാഹന ഘടകങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി ഉൽപ്പന്നങ്ങളിലെ 450 ഓളം വിഭാഗങ്ങളിൽ ന്യൂസിലൻഡ് ഏകദേശം 10 ശതമാനം നികുതി നിലനിർത്തിയിരുന്നു. കൂടാതെ, 2025-ൽ ശരാശരി 2.2 ശതമാനമായിരുന്ന നികുതി, കരാർ പ്രാബല്യത്തിൽ വരുന്നതോടെ പൂജ്യമായി മാറും.
- ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ തുടങ്ങിയ തൊഴിൽ കേന്ദ്രീകൃത മേഖലകളിലെ നിരവധി ഉൽപ്പന്നങ്ങളിലേക്കും മേഖലകളിലേക്കും ഈ ഓഫർ നേട്ടങ്ങൾ വ്യാപിപ്പിക്കുന്നു.
- ഗതാഗതം/ഓട്ടോ, ഫാർമസ്യൂട്ടിക്കൽസ്, പ്ലാസ്റ്റിക് & റബ്ബർ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക് യന്ത്രങ്ങൾ, മെക്കാനിക്കൽ യന്ത്രസാമഗ്രികൾ, രാസവസ്തുക്കൾ തുടങ്ങിയ വളർന്നുവരുന്നതും നൂതനവുമായ എഞ്ചിനീയറിംഗ് മേഖലകൾ;
- പഴങ്ങൾ, പച്ചക്കറികൾ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾ
- ആഭ്യന്തര വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇറക്കുമതിയിലൂടെയുള്ള നേട്ടങ്ങൾ: മരത്തടികൾ, കോക്കിംഗ് കോൾ, മാലിന്യങ്ങൾ, ഇരുമ്പ് അടങ്ങിയതും അല്ലാത്തതുമായ ലോഹങ്ങളുടെ അവശിഷ്ടങ്ങൾ
കൃഷി, സാങ്കേതിക സഹകരണം, കർഷക വരുമാന വളർച്ച എന്നിവയ്ക്കുള്ള നേട്ടങ്ങൾ
- ഇന്ത്യയിലെ കിവി, ആപ്പിൾ, തേൻ ഉത്പാദകരുടെ ഉൽപ്പാദനക്ഷമതയും ഗുണനിലവാരവും ആ മേഖലയിലെ ശേഷിയും മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക കേന്ദ്രീകൃത കർമ്മപദ്ധതികൾ നടപ്പിലാക്കാൻ ന്യൂസിലൻഡ് സമ്മതിച്ചു.
- മികവിൻ്റെ കേന്ദ്രങ്ങൾ സ്ഥാപിക്കൽ, മെച്ചപ്പെട്ട നടീൽ വസ്തുക്കൾ, കർഷകർക്കുള്ള ശേഷി വർദ്ധിപ്പിക്കൽ, തോട്ട പരിപാലനത്തിനുള്ള സാങ്കേതിക പിന്തുണ, വിളവെടുപ്പിനു ശേഷമുള്ള പ്രവർത്തനങ്ങൾ, വിതരണ ശൃംഖല, ഭക്ഷ്യ സുരക്ഷ എന്നിവ ഈ സഹകരണത്തിൽ ഉൾപ്പെടുന്നു.
- ഉയർന്ന ഗുണമേന്മയുള്ള ആപ്പിൾ കർഷകർക്കായുള്ള പദ്ധതികളും സുസ്ഥിര തേനീച്ച വളർത്തൽ രീതികളും ഉത്പാദനവും ഗുണനിലവാരവും വർദ്ധിപ്പിക്കും.
- ന്യൂസിലാൻഡിൽ നിന്നുള്ള തിരഞ്ഞെടുത്ത കാർഷിക ഉൽപ്പന്നങ്ങൾക്ക് (ആപ്പിൾ, കിവി, മനുക തേൻ) ഇന്ത്യയിൽ നല്കുന്ന വിപണി പ്രവേശനവുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു.
- കുറഞ്ഞ ഇറക്കുമതി വില, സീസണൽ ഇറക്കുമതി എന്നിവയോടുകൂടിയ താരിഫ് റേറ്റ് ക്വാട്ട (TRQ) സംവിധാനത്തിലൂടെയാണ് ഈ വിപണി പ്രവേശനം നിയന്ത്രിക്കപ്പെടുന്നത്. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകുന്നതോടൊപ്പം ആഭ്യന്തര കർഷകരെ സംരക്ഷിക്കുകയും ചെയ്യുന്നു.
- എല്ലാ TRQ-കളും കാർഷിക സാങ്കേതിക പ്രവർത്തന പദ്ധതികളുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ വിപണി പ്രവേശനവും ആഭ്യന്തര കാർഷിക മേഖലയുടെ സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് ഒരു 'ജോയിൻ്റ് അഗ്രികൾച്ചർ പ്രൊഡക്റ്റിവിറ്റി കൗൺസിൽ'(സംയുക്ത കാർഷികോല്പാദന സമിതി) ഇതിന് മേൽനോട്ടം വഹിക്കും.
ചരക്കുകൾക്കപ്പുറമുള്ള വിപുലമായ അവസരങ്ങൾ
സേവന മേഖല
ന്യൂസിലാൻഡിൻ്റെ എക്കാലത്തെയും മികച്ച വാഗ്ദാനം: 118 സേവന മേഖലകളിൽ സഹകരണവും, 139 മേഖലകളിൽ 'മോസ്റ്റ് ഫേവേർഡ് നേഷൻ' (MFN) പദവിയും നല്കിക്കൊണ്ടുള്ള ഉറപ്പാണ് ന്യൂസിലൻഡ് നല്കിയിരിക്കുന്നത്.
ആരോഗ്യവും പരമ്പരാഗത വൈദ്യശാസ്ത്രവും : ആയുർവേദം, യോഗ, മറ്റ് പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങൾ എന്നിവയിലെ വ്യാപാരം സുഗമമാക്കുന്നത് ലക്ഷ്യമിട്ട് ന്യൂസിലാൻഡ് ആദ്യമായി ഇന്ത്യയുമായി ഒരു അനുബന്ധ കരാറിൽ ഒപ്പുവെച്ചു. ഇന്ത്യയുടെ ആയുഷ് സംവിധാനങ്ങൾക്ക് ആഗോള അംഗീകാരം നല്കുന്നതിനും ചികിത്സാപരമായ യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനും, വെൽനസ് സേവനങ്ങളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഈ ചരിത്രപരമായ തീരുമാനം സഹായിക്കുന്നു. ആരോഗ്യ-ക്ഷേമ മേഖലകളിലേയും പരമ്പരാഗത വൈദ്യശാസ്ത്ര സേവനങ്ങളിലേയും ആഗോള കേന്ദ്രമെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുന്നു. ഇന്ത്യയുടെ ആയുഷ് ശാഖകൾക്ക് (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സോവ-റിഗ്പ, സിദ്ധ, ഹോമിയോപ്പതി) ന്യൂസിലാൻഡിലെ മവോറി ആരോഗ്യ രീതികൾക്കൊപ്പം ഈ കരാർ പ്രധാന പ്രാധാന്യം നല്കുന്നു.
മൊബിലിറ്റിയും വിദ്യാഭ്യാസവും
വിദ്യാർത്ഥി മൊബിലിറ്റി: ഏതെങ്കിലും ഒരു രാജ്യവുമായി ആദ്യമായാണ് ന്യൂസിലാൻഡ് 'സ്റ്റുഡൻ്റ് മൊബിലിറ്റി ആൻഡ് പോസ്റ്റ് സ്റ്റഡി വർക്ക് വിസ' അനുബന്ധ കരാറിൽ ഒപ്പുവെയ്ക്കുന്നത്. ഭാവിയിൽ നയപരമായ മാറ്റങ്ങൾ വന്നാലും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനകാലത്ത് ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാം. കൂടാതെ പഠനശേഷം ജോലി ചെയ്യുന്നതിനായുള്ള വിസ കാലാവധിയും വർദ്ധിപ്പിച്ചു (STEM ബിരുദം: 3 വർഷം; മാസ്റ്റേഴ്സ്: 3 വർഷം വരെ; ഡോക്ടറേറ്റ്: 4 വർഷം വരെ).
പ്രൊഫഷണൽ പാതകൾ: ഇന്ത്യക്ക് താൽപ്പര്യമുള്ള മേഖലകളിൽ 3 വർഷം വരെ താമസിക്കുന്നതിനായി വിദഗ്ധരായ 5,000 ഇന്ത്യക്കാർക്ക് വിസ ക്വാട്ട അനുവദിച്ചു. ഇതിൽ ഇന്ത്യയുടെ തനതായ തൊഴിലുകളും (ആയുഷ് പ്രാക്ടീഷണർമാർ, യോഗ പരിശീലകർ, ഇന്ത്യൻ ഷെഫുമാർ, സംഗീത അധ്യാപകർ), ഐടി, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ, വിദ്യാഭ്യാസം, നിർമ്മാണം തുടങ്ങിയ മറ്റ് പ്രധാന മേഖലകളും ഉൾപ്പെടുന്നു.
വർക്കിംഗ് ഹോളിഡേ വിസ: പ്രതിവർഷം 1,000 ഇന്ത്യൻ യുവാക്കൾക്ക് 12 മാസത്തേക്ക് ന്യൂസിലാൻഡിൽ മൾട്ടിപ്പിൾ എൻട്രി വിസ സൗകര്യം പ്രയോജനപ്പെടുത്താം.
ഈ വ്യവസ്ഥകൾ ഇന്ത്യയിലെ യുവജനങ്ങൾക്കും പ്രൊഫഷണലുകൾക്കും ആഗോളതലത്തിൽ പരിചയം നേടുന്നതിന് അഭൂതപൂർവമായ അവസരങ്ങൾ സൃഷ്ടിക്കുന്നു
നിക്ഷേപവും സാമ്പത്തിക സഹകരണവും
എഫ്.ഡി.ഐ വാഗ്ദാനം: ദീർഘകാല സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ന്യൂസിലാൻഡ് അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 20 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കും.
ജൈവ പ്രാഥമിക ഉൽപ്പന്നങ്ങൾ: ഓർഗാനിക് സർട്ടിഫിക്കേഷനുകൾ ഇരുരാജ്യങ്ങളും പരസ്പരം അംഗീകരിക്കുന്ന കാര്യത്തിൽ ധാരണയാകും.
എം.എസ്.എം.ഇ സഹകരണം: ചെറുകിട ബിസിനസ്സുകൾക്ക് വ്യാപാര സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും ആഗോള വിപണിയിൽ പ്രവേശിക്കുന്നതിനും സഹായിക്കുന്ന സ്ഥാപനപരമായ ബന്ധങ്ങൾ സ്ഥാപിക്കും.
സാങ്കേതിക സഹായം: ആയുഷ്, ഓഡിയോ വിഷ്വൽ വ്യവസായങ്ങൾ, ടൂറിസം, കായികമേഖല, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ എന്നിവയിൽ സഹകരിക്കാൻ ധാരണയായി. ഈ സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയുടെ ആയുഷ് സമ്പ്രദായങ്ങളെ അന്താരാഷ്ട്രതലത്തിൽ പ്രോത്സാഹിപ്പിക്കുകയും, ചികിത്സാപരമായ യാത്രകൾക്ക് കരുത്തേകുകയും, ഇന്ത്യയെ ഒരു ആഗോള വെൽനസ് ഹബ്ബായി ഉയർത്തുകയും ചെയ്യുന്നു.
സാംസ്കാരികവും പരമ്പരാഗതവുമായ അറിവ്
- ആയുഷ് മേഖലയിലും ഇന്ത്യയുടെ പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളിലും പ്രത്യേക സഹകരണം ഉറപ്പാക്കാൻ ധാരണയായി.
- സാംസ്കാരിക വിനിമയവും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂസിലാൻഡിലെ തദ്ദേശീയരായ മവോറി സമൂഹങ്ങളുമായുള്ള സമ്പർക്കം വർദ്ധിപ്പിക്കും. ഇത് ഇന്ത്യയുടെ സോഫ്റ്റ് പവർ ശക്തിപ്പെടുത്തുകയും നമ്മുടെ പൈതൃകത്തിന് ആഗോള അംഗീകാരം നല്കുകയും ചെയ്യുന്നു.
റെഗുലേറ്ററി, സ്ഥാപന വ്യവസ്ഥകൾ
ഔഷധങ്ങളും മെഡിക്കൽ ഉപകരണങ്ങളും: നിയന്ത്രണ നടപടികൾ വേഗത്തിലാക്കുന്നതിനും വിശ്വസനീയമായ റെഗുലേറ്റർമാരുടെ (യുഎസ്, ഇയു, യുകെ, കാനഡ) പരിശോധനകൾ അംഗീകരിക്കുന്നതിനുമുള്ള പ്രത്യേക അനുബന്ധങ്ങൾ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബൗദ്ധിക സ്വത്തവകാശങ്ങൾ: ഇന്ത്യയുടെ ഭൗമസൂചികാപദവി ലഭിച്ച ഉൽപ്പന്നങ്ങൾക്ക് (GI) യൂറോപ്യൻ യൂണിയൻ നിലവാരത്തിലുള്ള സംരക്ഷണം നല്കുന്നതിനായി 18 മാസത്തിനുള്ളിൽ തങ്ങളുടെ നിയമങ്ങൾ ഭേദഗതി ചെയ്യുമെന്ന് ന്യൂസിലാൻഡ് ഉറപ്പുനല്കി.
കസ്റ്റംസ്, വ്യാപാരം സുഗമമാക്കൽ: അഡ്വാൻസ് റൂളിംഗുകൾ, ഇലക്ട്രോണിക് ഡോക്യുമെൻ്റേഷൻ, വേഗത്തിലുള്ള ക്ലിയറൻസ് സമയങ്ങൾ (48 മണിക്കൂറിനുള്ളിൽ, നശിച്ചുപോകുന്ന സാധനങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ) എന്നിവ ഉറപ്പാക്കും.
റൂൾസ് ഓഫ് ഒറിജിൻ(ROO): കരാർ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും മുൻഗണനാ വിപണി പ്രവേശനത്തിൻ്റെ സുതാര്യത ഉറപ്പാക്കുന്നതിനുമുള്ള ശക്തമായ ചട്ടക്കൂട് രൂപീകരിച്ചു.
മുന്നോട്ടുള്ള പാത
പരസ്പര ധാരണയ്ക്കും സുതാര്യതയ്ക്കും വിധേയമായി, ഔദ്യോഗികമായ സംയുക്ത പ്രഖ്യാപനത്തിന് ശേഷം നിശ്ചയിക്കപ്പെട്ട തീയതിയിൽ ചർച്ച ചെയ്ത കരാർ രേഖകൾ പ്രസിദ്ധീകരിച്ചേക്കാം. ഇരുരാജ്യങ്ങളിലേയും ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം കരാർ ഒപ്പിടും. അടുത്ത വർഷത്തോടെ ഇത് അംഗീകരിക്കപ്പെടുമെന്നും പ്രാബല്യത്തിൽ വരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
മേഖലാടിസ്ഥാനത്തിലുള്ള സവിശേഷതകൾ:
ഇന്ത്യ- ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ വൈവിധ്യമാർന്ന മേഖലകളിൽ നികുതിയില്ലാത്തതോ അല്ലെങ്കിൽ മുൻഗണനാടിസ്ഥാനത്തിലുള്ളതോ ആയ വിപണി പ്രവേശനം ഉറപ്പാക്കുന്നു. ഈ നേട്ടങ്ങൾ ഇന്ത്യയുടെ കയറ്റുമതി വർദ്ധിപ്പിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഓഷ്യാനിയ മേഖലയിലെ ഇന്ത്യൻ വ്യവസായങ്ങളുടെ മത്സരക്ഷമത ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

|
മേഖല
|
ഇന്ത്യയുടെ കയറ്റുമതി
|
താരിഫ് പരിധി
|
സ്വാധീനവും അവസരവും
|
|
കൃഷി
|
2024–25 ൽ 51.8 ബില്യൺ ഡോളർ, 2023–24 ൽ ഇത് 48.3 ബില്യൺ ഡോളർ ആയിരുന്നു, 7.3% വളർച്ച.
|
1,379 താരിഫ് ലൈനുകൾ, ഇത് ആകെ ഉൽപ്പന്ന വിഭാഗങ്ങളുടെ 17 ശതമാനം വരും
ഏറ്റവും ഉയർന്ന നിരക്കായ അഞ്ച് ശതമാനം നികുതി പൂർണ്ണമായും ഒഴിവാക്കി (ചായയ്ക്ക് നിലവിൽ പൂജ്യം നികുതിയാണ്).
|
പഴങ്ങളും പച്ചക്കറികളും: പുതിയ ഉൽപ്പന്നങ്ങളുടേയും ഉദ്യാനപരിപാലനവുമായി ബന്ധപ്പെട്ട കയറ്റുമതിയുടേയും വിപണി സാധ്യത വർദ്ധിപ്പിക്കുന്നു.
കാപ്പി, ചായ, കൊക്കോ, സുഗന്ധവ്യഞ്ജനങ്ങൾ: ഉയർന്ന നിലവാരമുള്ളതും മൂല്യവർദ്ധിതവുമായ കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് സഹായകമാകുന്നു.
ധാന്യങ്ങൾ: ഇന്ത്യൻ ധാന്യ കയറ്റുമതിയുടെ ആഗോള മത്സരക്ഷമത മെച്ചപ്പെടുത്തുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ: സംസ്കരിച്ച ഭക്ഷണങ്ങൾ: റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങളുടേയും സംസ്കരിച്ച ഭക്ഷണങ്ങളുടേയും കയറ്റുമതിക്ക് ഗുണകരമാവുകയും ഇന്ത്യയുടെ ഫുഡ് പ്രോസസ്സിംഗ് മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
|
|
സമുദ്രാധിഷ്ഠിത മേഖല
|
2024 സാമ്പത്തിക വർഷത്തിലെ 6.8 ബില്യൺ ഡോളറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 7.0 ബില്യൺ ഡോളറായി വർദ്ധിച്ചു.
ഇതേ കാലയളവിൽ ന്യൂസിലാൻഡിലേക്കുള്ള കയറ്റുമതി 15.35 ദശലക്ഷം യുഎസ് ഡോളറിൽ നിന്ന് 15.89 ദശലക്ഷം യുഎസ് ഡോളറായി ഉയർന്നു.
|
363 താരിഫ് ലൈനുകളിലൂടെയാണ് സമുദ്ര മേഖല കടന്നുപോകുന്നത് (ആകെയുള്ളതിൻ്റെ 4.4 ശതമാനം)
കരാറിന് മുമ്പ് അഞ്ച് ശതമാനം വരെയായിരുന്ന നികുതി ഇപ്പോൾ പൂജ്യമായി കുറച്ചു.
|
ന്യൂസിലാൻഡ് ലോകമെമ്പാടുനിന്നുമായി ശരാശരി 0.26 ബില്യൺ ഡോളറിൻ്റെ സമുദ്രോൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള നികുതിയില്ലാത്ത പ്രവേശനം കൂടുതൽ വിപണി ലഭ്യമാക്കുന്നതിനും കയറ്റുമതി വളർച്ചയ്ക്കും പിന്തുണ നല്കുന്നു.
|
|
ടെക്സ്റ്റൈൽ, വസ്ത്ര വ്യാപാരം
|
2023–24-ലെ 34.8 ബില്യൺ ഡോളറിൽ നിന്ന് 2024–25-ൽ 36.9 ബില്യൺ ഡോളറായി വർദ്ധിച്ചു, 6.1 ശതമാനം വളർച്ച.
ഇതേ കാലയളവിൽ ന്യൂസിലാൻഡിലേക്കുള്ള കയറ്റുമതി 98.14 മില്യൺ യുഎസ് ഡോളറിൽ നിന്ന് 103.14 മില്യൺ യുഎസ് ഡോളറായി ഉയർന്നു.
|
മൊത്തം താരിഫ് ലൈനുകളുടെ 13 ശതമാനം പ്രതിനിധീകരിക്കുന്ന 1,057 താരിഫ് ലൈനുകൾ.
കരാറിന് മുമ്പ് 10 ശതമാനം വരെയായിരുന്ന നികുതി ഇപ്പോൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് 'സീറോ-ഡ്യൂട്ടി' മാർക്കറ്റ് പ്രവേശനം ഉറപ്പാക്കി.
|
കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കനുസരിച്ച് ന്യൂസിലാൻഡ് ലോകമെമ്പാടുനിന്നുമായി ശരാശരി 1.90 ബില്യൺ ഡോളറിൻ്റെ തുണിത്തരങ്ങളും വസ്ത്രങ്ങളും ഇറക്കുമതി ചെയ്യുന്നുണ്ട്.
ഈ നടപടി ഇന്ത്യയുടെ മത്സരശേഷി വർദ്ധിപ്പിക്കുകയും ന്യൂസിലാൻഡ് വിപണിയിൽ ഉയർന്ന കയറ്റുമതി വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
|
|
എഞ്ചിനീയറിംഗ് മേഖല
|
2024 സാമ്പത്തിക വർഷത്തിലെ 64.4 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 77.5 ബില്യൺ ഡോളറായി വർദ്ധിച്ചു, ഇത് 20.3% വളർച്ചയാണ് സൂചിപ്പിക്കുന്നത്.
ഇതേ കാലയളവിൽ ന്യൂസിലാൻഡിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി 47.76 ദശലക്ഷം യുഎസ് ഡോളറിൽ നിന്ന് 68.26 ദശലക്ഷം യുഎസ് ഡോളറായി ഉയർന്നു.
|
1,396 താരിഫ് ലൈനുകൾ (ആകെയുള്ളതിൻ്റെ 16.9 ശതമാനം)
കരാറിന് മുമ്പ് ശരാശരി 10 ശതമാനം വരെയായിരുന്ന നികുതി ഇപ്പോൾ പൂർണ്ണമായും ഒഴിവാക്കി
|
കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കനുസരിച്ച് ന്യൂസിലാൻഡ് ലോകമെമ്പാടുനിന്നുമായി ശരാശരി 11 ബില്യൺ യുഎസ് ഡോളറിൻ്റെ എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള നികുതിയില്ലാത്ത പ്രവേശനം കൂടുതൽ വിപണി ലഭ്യമാക്കുന്നതിനും കയറ്റുമതി മേഖലയിലെ വൻ വളർച്ചയ്ക്കും പിന്തുണ നല്കുന്നു.
|
|
തുകൽ ഉൽപ്പന്നങ്ങളും പാദരക്ഷകളും
|
2023–24-ലെ 5.3 ബില്യൺ ഡോളറിൽ നിന്ന് 2024–25-ൽ 5.5 ബില്യൺ ഡോളറായി വർദ്ധിച്ചു.
2024–25 കാലയളവിൽ ന്യൂസിലാൻഡിലേക്കുള്ള തുകൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 8.52 ദശലക്ഷം യുഎസ് ഡോളറാണ്.
|
പാദരക്ഷകൾ, തുകൽ ഉൽപ്പന്നങ്ങൾ, അനുബന്ധ സാമഗ്രികൾ എന്നിവ ഉൾപ്പെടുന്ന 181 താരിഫ് ലൈനുകൾ.
കരാറിന് മുമ്പ് 10 ശതമാനം വരെയായിരുന്ന നികുതി ഇപ്പോൾ പൂജ്യമായി കുറച്ചു.
|
കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കനുസരിച്ച് ന്യൂസിലാൻഡ് ലോകമെമ്പാടുനിന്നുമായി ശരാശരി 0.51 ബില്യൺ യുഎസ് ഡോളറിൻ്റെ തുകൽ-പാദരക്ഷ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
ലെതർ പാദരക്ഷകൾ, ഫിനിഷ്ഡ് ലെതർ, ബാഗുകൾ, ബെൽറ്റുകൾ, വാലറ്റുകൾ, ഫാഷൻ ആക്സസറികൾ എന്നിവയുൾപ്പെടെയുള്ള ഇടത്തരം മുതൽ ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങളുടെ വിപണി വിപുലീകരണത്തിനും കയറ്റുമതി വർദ്ധിപ്പിക്കുന്നതിനും ഈ തീരുമാനം സഹായിക്കുന്നു.
|
|
ഫാർമസ്യൂട്ടിക്കൽസ്
|
2023-24-ലെ 22.1 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2024–25-ൽ 24.5 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചു, 10.8% വളർച്ച.
2024–25 കാലയളവിൽ ന്യൂസിലാൻഡിലേക്കുള്ള ഫാർമസ്യൂട്ടിക്കൽ കയറ്റുമതി 57.52 ദശലക്ഷം യുഎസ് ഡോളറാണ്.
|
90 താരിഫ് ലൈനുകൾ; കരാറിന് മുമ്പ് 5 ശതമാനം വരെയായിരുന്ന നികുതി ഇപ്പോൾ പൂജ്യമായി കുറച്ചു.
|
കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കനുസരിച്ച് ന്യൂസിലാൻഡ് ലോകമെമ്പാടുനിന്നുമായി ശരാശരി 1.4 ബില്യൺ ഡോളറിൻ്റെ ഔഷധ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
നികുതി ഒഴിവാക്കിയത് വിപണി പ്രവേശനം വിപുലീകരണത്തിനും കയറ്റുമതി വളർച്ചയ്ക്കും കരുത്തേകും.
|
|
പ്ലാസ്റ്റിക്, റബ്ബർ
|
2024 സാമ്പത്തിക വർഷത്തിലെ 12 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 13 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചു.
ഇതേ കാലയളവിൽ ന്യൂസിലാൻഡിലേക്കുള്ള കയറ്റുമതി 18.87 ദശലക്ഷം ഡോളറിൽ നിന്ന് 23.66 ദശലക്ഷം ഡോളറായി ഉയർന്നു.
|
397 താരിഫ് ലൈനുകൾ (ആകെയുള്ളതിൻ്റെ 4.8 ശതമാനം)
കരാറിന് മുമ്പ് ശരാശരി 10 ശതമാനം വരെയായിരുന്ന തീരുവ ഇപ്പോൾ പൂർണ്ണമായും ഒഴിവാക്കി.
|
കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കനുസരിച്ച് ന്യൂസിലാൻഡ് ലോകമെമ്പാടുനിന്നുമായി ശരാശരി 2.05 ബില്യൺ ഡോളറിൻ്റെ പ്ലാസ്റ്റിക്, റബ്ബർ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്.
സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള നികുതിയില്ലാത്ത പ്രവേശനം കൂടുതൽ വിപണി ലഭ്യമാക്കുന്നതിനും കയറ്റുമതി വളർച്ചയ്ക്കും പിന്തുണ നല്കുന്നു.
|
ഇന്ത്യയുടെ ആഗോള വ്യാപാര ശൃംഖലകൾ
ഇന്ത്യൻ ബിസിനസ്സുകൾ, കർഷകർ, വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ എന്നിവർക്ക് പുതിയ അവസരങ്ങൾ തുറക്കുന്നതിനും ആഗോള മൂല്യ ശൃംഖലകളിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമായാണ് സ്വതന്ത്ര വ്യാപാര കരാറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടോ അതിലധികമോ രാജ്യങ്ങൾ തമ്മിലുള്ള ഒരു കരാറാണിത്. അവിടെ ചരക്കുകളുടേയും സേവനങ്ങളടേയും വ്യാപാരം, നിക്ഷേപകർക്കും ബൗദ്ധിക സ്വത്തവകാശങ്ങൾക്കുമുള്ള സംരക്ഷണം എന്നിവ രാജ്യങ്ങൾ അംഗീകരിക്കുന്നു.
മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാർ, താരിഫ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്തുകൊണ്ട് ചരക്കുകളുടേയും സേവനങ്ങളുടേയും വിപണി പ്രവേശനം എളുപ്പമാക്കുകയും മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം ശക്തിപ്പെടുത്തുകയും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും സർക്കാർ സംഭരണത്തിലും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു.
നിക്ഷേപകർക്ക് ന്യായമായ പരിഗണനയും ഇതിലൂടെ ഉറപ്പാക്കുന്നു. മൊത്തത്തിൽ, അതിർത്തികൾക്കപ്പുറം ബിസിനസ്സ് ചെയ്യുന്നവർക്ക് കൂടുതൽ പ്രവചനാതീതവും തുല്യവുമായ ഒരു സാഹചര്യം ഇത് ഒരുക്കുന്നു.
ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ സ്വാധീനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, വ്യാപാര-സാമ്പത്തിക സഹകരണത്തിനായി ലോകരാജ്യങ്ങൾ മുൻഗണന നൽകുന്ന പങ്കാളിയായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്.
ഇന്ത്യയുടെ പ്രധാന വ്യാപാര കരാറുകൾ:
- ഇന്ത്യ - ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA), 2025
- ഇന്ത്യ - യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA), 2025ഇന്ത്യ - യുണൈറ്റഡ് അറബ് എമിറേറ്റ്സ് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA), 2022
- സ്വിറ്റ്സർലാൻഡ്, നോർവേ, ഐസ്‌ലാൻഡ്, ലിച്ചെൻസ്റ്റൈൻ എന്നിവയുമായുള്ള ഇന്ത്യ - EFTA വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ (TEPA), 2024
- ഇന്ത്യ - ഓസ്‌ട്രേലിയ സാമ്പത്തിക സഹകരണ, വ്യാപാര കരാർ (ECTA), 2022
- ഇന്ത്യ - മൗറീഷ്യസ് സമഗ്ര സാമ്പത്തിക സഹകരണ, പങ്കാളിത്ത കരാർ (CECPA), 2021
ഉപസംഹാരം
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യയുടെ വ്യാപാര നയതന്ത്രത്തിലെ നിർണ്ണായകമായ ഒരു നിമിഷത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് സമഗ്ര സാമ്പത്തിക സഹകരണത്തിനുള്ള പുതിയ പാതകൾ തുറക്കുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണി പ്രവേശനം ഉറപ്പാക്കുന്നതിലൂടെയും, സേവന മേഖലയിലും മൊബിലിറ്റിയിലും കൂടുതൽ അവസരങ്ങൾ വികസിപ്പിക്കുന്നതിലൂടെയും, കൃഷി, നിക്ഷേപം, തുടങ്ങിയ വളർന്നുവരുന്ന മേഖലകളിലെ സഹകരണം ആഴത്തിലാക്കുന്നതിലൂടെയും ഈ കരാർ സമ്പദ്‌വ്യവസ്ഥയിലുടനീളം പ്രകടവും വിശാലവുമായ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്നു.
കർഷകർ, എം.എസ്.എം.ഇ - കൾ എന്നിവർ മുതൽ വിദ്യാർത്ഥികൾക്കും വിദഗ്ദ്ധരായ പ്രൊഫഷണലുകൾക്കും വരെ ഈ കരാറിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ വിപുലമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വിശ്വസനീയവും ഭാവിയിലേക്കുള്ളതുമായ ഒരു ആഗോള പങ്കാളിയെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുകയും, ആഗോളതലത്തിൽ സംയോജിപ്പിക്കപ്പെട്ട 'വികസിത ഭാരതം 2047' എന്ന ദർശനത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.