പ്രധാന വസ്തുതകള്‍
നിശബ്ദമായ ഒരു ഡിജിറ്റല്‍ വിപ്ലവത്തിലൂടെ, സര്‍ക്കാര്‍ വകുപ്പുകള്‍, മന്ത്രാലയങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ അധീനത്തിലുള്ള കാലഹരണപ്പെട്ടതോ, മിച്ചമുള്ളതോ, ഉപയോഗിക്കാത്തതോ ആയ ആസ്തികള്‍ സുതാര്യവും നിയമാധിഷ്ഠിതവുമായ ഓണ്‍ലൈന്‍ പ്രക്രിയയിലൂടെ ഏറ്റവും ഉയര്‍ന്ന വില നല്‍കുന്ന ലേലക്കാരന് വിറ്റഴിക്കാന്‍ സൗകര്യം ഒരുക്കുന്ന സംവിധാനമാണ് GeMലെ ഫോര്‍വേഡ് ഓക്ഷന്‍
ഇ-മാലിന്യങ്ങള്‍, യന്ത്രങ്ങള്‍, വാഹനങ്ങള്‍, വസ്തുവകകള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ആസ്തികള്‍ക്ക് വേഗതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്ന സുതാര്യമായ ലേല നടപടികള്‍ ഈ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നു.
2021 ഡിസംബര്‍ മുതല്‍ 2025 നവംബര്‍ വരെ 2,200 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികള്‍ GeM മുഖേന വിജയകരമായി ലേലം ചെയ്യപ്പെട്ടിട്ടുണ്ട്.
'മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവര്‍ണന്‍സ്' എന്ന കേന്ദ്ര സര്‍ക്കാര്‍ ദര്‍ശനത്തെ ഈ സംവിധാനം ശക്തമായി പിന്തുണയ്ക്കുന്നു
ആമുഖം
ഇന്ത്യയിലെ പൊതു സംഭരണ ആവാസവ്യവസ്ഥ സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചു. ഈ മുന്നേറ്റത്തിന് വേഗം പകരുന്ന തരത്തില്‍, മറ്റൊരു ഡിജിറ്റല്‍ വിപ്ലവം നിശബ്ദമായി രൂപംകൊള്ളുകയാണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും സംഭരണവുമായി ബന്ധപ്പെട്ടല്ല മറിച്ച് സര്‍ക്കാര്‍ ആസ്തികളുടെ കാര്യക്ഷമമായ വിനിയോഗത്തിലാണ് ഇത് കേന്ദ്രീകരിക്കുന്നത്. ഗവണ്‍മെന്റ് ഇമാര്‍ക്കറ്റ്‌പ്ലേസ് (GeM) ന്റെ ഫോര്‍വേഡ് ഓക്ഷന്‍ മൊഡ്യൂളാണ് ഈ നിര്‍ണായക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
സുതാര്യവും കാര്യക്ഷമവുമായ പൊതു സംഭരണത്തിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമെന്ന നിലയില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള GeM ന്റെ ഫോര്‍വേഡ് ഓക്ഷന്‍ മൊഡ്യൂള്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഉപയോഗശൂന്യമായ ആസ്തികള്‍ വില്‍പ്പന നടത്തുന്നതിനുള്ള സമ്പൂര്‍ണ്ണമായ ഓണ്‍ലൈന്‍ ലേല സംവിധാനമാണ്. സമ്പൂര്‍ണ്ണമായും ഡിജിറ്റലും സുരക്ഷിതവുമായ ഇന്റര്‍ഫേസിലൂടെ, കടലാസ് രഹിത, പണ രഹിത, സ്പര്‍ശന രഹിത ആസ്തി വില്‍പ്പന ഇതിലൂടെ സാധ്യമാകുന്നു. തദ്വാരാ കാലതാമസവും കാര്യക്ഷമതാരാഹിത്യവും ഒഴിവാക്കാന്‍ സാധിക്കുന്നു. ഈ സംവിധാനത്തിന് ഇരട്ട നേട്ടങ്ങളുണ്ട്. സ്‌ക്രാപ്പ് നിര്‍മാര്‍ജനത്തിലൂടെയുള്ള ഉയര്‍ന്ന വരുമാനവും, എല്ലാ പങ്കാളികള്‍ക്കും സുതാര്യവും ന്യായവുമായ ഗുണഫലങ്ങളും.
GeM പോര്‍ട്ടല്‍: ഇന്ത്യയുടെ ഏകീകൃത പൊതു സംഭരണ പ്ലാറ്റ്‌ഫോം
സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും സംഭരണവും വിനിയോഗവും കാര്യക്ഷമമായി നടപ്പാക്കാന്‍ സഹായിക്കുന്ന സുരക്ഷിതവും സമഗ്രവുമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് GeM. സ്റ്റാര്‍ട്ടപ്പുകള്‍, MSME കള്‍, വനിതാ സംരംഭകര്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ വിപണികളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്ന വിവിധ ശാക്തീകരണ സംരംഭങ്ങളിലൂടെ, പൊതു സംഭരണ രംഗത്ത് സമഗ്ര വളര്‍ച്ച കൈവരിക്കുന്നതില്‍ ഏലങ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.
സ്റ്റാര്‍ട്ടപ്പ് റണ്‍വേ 2.0
സമര്‍പ്പിതമായ ഒരു മാര്‍ക്കറ്റ്‌പ്ലെയ്‌സ് വിഭാഗത്തിന്റെ കീഴില്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ നൂതന ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നവര്‍ക്കു മുന്‍പില്‍ പ്രദര്‍ശിപ്പിക്കാനും, പൊതു സംഭരണ പ്രക്രിയയില്‍ സജീവമായി പങ്കെടുക്കാനും സ്റ്റാര്‍ട്ടപ്പ് റണ്‍വേ 2.0 അവസരം നല്‍കുന്നു.
MSME- SC/ST സംരംഭകര്‍
SC/ST വിഭാഗങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, MSME സംരംഭകരുടെ സജീവ പങ്കാളിത്തം പൊതു സംഭരണ മേഖലയില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി GeM വിവിധ പങ്കാളികളുമായി സഹകരിക്കുന്നു. MSME കളില്‍ നിന്ന് 25 ശതമാനം നിര്‍ബന്ധിത സംഭരണമെന്ന സര്‍ക്കാര്‍ നയത്തെ അടിസ്ഥാനമാക്കിയുള്ള ഈ ഉദ്യമങ്ങള്‍, സര്‍വ്വാശ്ലേഷിത്വവും സന്തുലിതമായ സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കുന്നതിന് സഹായിക്കുന്നു.
വുമണിയ
വനിതാ സംരംഭകരും വനിതാ സ്വയം സഹായ സംഘങ്ങളും (WSHGs) നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സമര്‍പ്പിത വേദി സജ്ജമാക്കുകയും, വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വില്‍പ്പനാവസരങ്ങളിലേക്ക് അവരെ ബന്ധിപ്പിക്കുകയും ചെയ്തുകൊണ്ട്, വനിതാ സംരംഭകത്വത്തെ ശക്തിപ്പെടുത്തുകയെന്നതാണ് വുമണിയ സംരംഭത്തിന്റെ ലക്ഷ്യം.
സരസ് ശേഖരം
സാമൂഹിക സര്‍വ്വാശ്ലേഷിത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള സ്വയംസഹായ സംഘങ്ങള്‍ നിര്‍മിക്കുന്ന കരകൗശല വസ്തുക്കള്‍, കൈത്തറി തുണിത്തരങ്ങള്‍, ഓഫീസ് സാമഗ്രികള്‍, ഫര്‍ണിച്ചറുകള്‍, അനുബന്ധ ഉപകരണങ്ങള്‍, ഇവന്റ് സുവനീറുകള്‍, വ്യക്തി ശുചിത്വ പരിചരണ ഉത്പന്നങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന ശേഖരം ഏലങ പ്ലാറ്റ്‌ഫോമില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
2025 നവംബര്‍ വരെ, ഏലങ പ്ലാറ്റ്‌ഫോം ഏകദേശം 3.27 കോടി ഓര്‍ഡറുകള്‍ വിജയകരമായി കൈകാര്യം ചെയ്തു. കൈവരിച്ച മൊത്ത വ്യാപാര മൂല്യം (GMV) 16.41 ലക്ഷം കോടി രൂപ കവിഞ്ഞു. ഇതില്‍ 7.94 ലക്ഷം കോടി രൂപ സേവനങ്ങളുടെയും 8.47 ലക്ഷം കോടി രൂപ ഉത്പന്നങ്ങളുടെയും സംഭരണമാണ്. 10,894ലധികം ഉത്പന്ന വിഭാഗങ്ങളെയും 348 സേവന വിഭാഗങ്ങളെയും പ്ലാറ്റ്‌ഫോം നിലവില്‍ പിന്തുണയ്ക്കുന്നു. ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്നതിനായി 1.67 ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ GeM ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 24 ലക്ഷത്തിലധികം വില്‍പ്പനക്കാരും സേവന ദാതാക്കളും അവരുടെ പ്രൊഫൈലുകള്‍ പൂര്‍ത്തിയാക്കി സജീവമായി പ്രവര്‍ത്തിക്കുന്നു. സൂക്ഷ്മ ചെറുകിട സംരംഭങ്ങളും (MSE) GeM ന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സഞ്ചിത ഓര്‍ഡര്‍ മൂല്യത്തിന്റെ 44.8 ശതമാനം MSE കള്‍ സംഭാവന ചെയ്യുന്നു. 11 ലക്ഷത്തിലധികം MSE കള്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവയ്ക്കായി മൊത്തം 7.35 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍ GeM മുഖേന സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
കാര്യക്ഷമമായ ആസ്തി വിറ്റഴിക്കലിനും ഭരണനിര്‍വ്വഹണത്തിനും ഏലങന്റെ ഫോര്‍വേഡ് ഓക്ഷന്‍
പൊതുവിഭവങ്ങളെ പരമാവധി മൂല്യത്തില്‍ വിനിയോഗിക്കുന്നതിനുള്ള ഫലപ്രദമായ ഉപാധിയായി ലേലങ്ങളെ തിരിച്ചറിഞ്ഞ്, സര്‍ക്കാര്‍ ആസ്തികളുടെ പരിപാലനത്തില്‍ ഒരു പുതിയ പരിവര്‍ത്തനമാണ് GeMന്റെ ഫോര്‍വേഡ് ഓക്ഷന്‍ സൃഷ്ടിക്കുന്നത്. സമ്പൂര്‍ണ്ണമായ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലേല മാനേജ്‌മെന്റ്, ഉപയോക്തൃ സൗഹൃദ നാവിഗേഷന്‍ എന്നിവ ഏകോപിപ്പിക്കുന്ന കാര്യക്ഷമവും സൗകര്യപ്രദവുമായ അന്തരീക്ഷമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. വേഗത, സുതാര്യത, കാര്യക്ഷമത എന്നിവ മുഖമുദ്രയാക്കി സര്‍ക്കാര്‍ ആസ്തികളുടെ ഓണ്‍ലൈന്‍ ലേലങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ ഈ സംവിധാനം നിര്‍ണായക പങ്ക് വഹിക്കുന്നു.
ഫോര്‍വേഡ് ഓക്ഷന്‍ മൊഡ്യൂള്‍: സര്‍ക്കാര്‍ ആസ്തികളുടെ സമഗ്ര ഡിജിറ്റല്‍ മാര്‍ക്കറ്റ്‌പ്ലേസ്
ഫോര്‍വേഡ് ഓക്ഷന്‍ ഒരു സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബിഡ്ഡിംഗ് പ്രക്രിയയാണ്. ഇതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വില്‍പ്പനക്കാരായി പ്രവര്‍ത്തിക്കുകയും, രജിസ്റ്റര്‍ ചെയ്ത ലേലക്കാര്‍ പട്ടികപ്പെടുത്തിയ സര്‍ക്കാര്‍ ആസ്തികള്‍ സ്വന്തമാക്കാന്‍ മത്സരിക്കുകയും ചെയ്യുന്നു. ആസ്തികള്‍ക്ക് കരുതല്‍ വില നിശ്ചയിക്കുന്നതിന് വകുപ്പുകള്‍ക്ക് സൗകര്യമുണ്ടായിരിക്കെ, ലേല പ്രക്രിയയുടെ അവസാനം ഏറ്റവും ഉയര്‍ന്ന വില നിര്‍ദ്ദേശിക്കുന്ന ബിഡ്ഡറെയാണ് വിജയിയായി പ്രഖ്യാപിക്കുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റില്‍ ലഭ്യമായ സര്‍ക്കാര്‍ ആസ്തികളുടെ ചില ഉദാഹരണങ്ങള്‍:
കാലഹരണപ്പെട്ട പ്രിന്ററുകള്‍, ലാപ്‌ടോപ്പുകള്‍, ഐടി ഉപകരണങ്ങള്‍ തുടങ്ങിയ ഇ-മാലിന്യങ്ങള്‍.
വിവിധ വ്യവസായ മേഖലകള്‍ക്കാവശ്യമായ വ്യാവസായിക-വ്യാവസായികേതര യന്ത്രങ്ങള്‍/ ഉപകരണങ്ങള്‍.
ഉപയോഗിച്ച ലൂബ് ഓയില്‍, ലോഹം, ലോഹേതര വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടെ പാഴ് വസ്തുക്കളും ഉപയോഗശൂന്യ വസ്തുക്കളും.
പാര്‍പ്പിട, വാണിജ്യ, സ്ഥാപന ആവശ്യങ്ങള്‍ക്കായി പാട്ടത്തിന് നല്‍കുന്ന ഭൂമിയും കെട്ടിടങ്ങളും
ഉപയോഗ കാലാവധി പൂര്‍ത്തയാക്കിയ വാഹനങ്ങള്‍(ELVs)
ഡോര്‍മിറ്ററികള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ടോള്‍ ബൂത്തുകള്‍ തുടങ്ങിയ വസ്തുവകകളുടെ സബ്ലെറ്റിംഗും പാട്ടവും
വിവിധ സര്‍ക്കാര്‍ ആസ്തികള്‍ ഏകോപിപ്പിച്ച്, ഫലപ്രദമായ വണ്‍സ്‌റ്റോപ്പ് മാര്‍ക്കറ്റ്‌പ്ലേസ് ആയി GeM മാറി.
ഇതുവരെ വിഘടിതവും സമയം അധികമെടുക്കുന്നതും കടലാസധിഷ്ഠിതവുമായിരുന്ന പ്രക്രിയകളെ കാര്യക്ഷമമായി ഏകോപിപ്പിക്കുകയും വേഗത്തിലാക്കുകയും ചെയ്യുന്നതിനോടൊപ്പം, അഭൂതപൂര്‍വമായ സുതാര്യതയും ഈ രാജ്യവ്യാപക സംരംഭം ഉറപ്പാക്കുന്നു.
2021 ഡിസംബര്‍ മുതല്‍ 2025 നവംബര്‍ വരെ, ഫോര്‍വേഡ് ഓക്ഷന്‍ മോഡ്യൂള്‍ മുഖേന 2,200 കോടി രൂപയിലധികം മൂല്യമുള്ള ലേലങ്ങള്‍ക്ക് സൗകര്യമൊരുക്കി. ഈ കാലയളവില്‍ 13,000ത്തിലധികം ലേലങ്ങള്‍ സംഘടിപ്പിക്കുകയും, 23,000ത്തിലധികം രജിസ്റ്റര്‍ ചെയ്ത ലേലക്കാരെ സ്വീകരിക്കുകയും, 17,000ത്തിലധികം ലേലങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു.

വിജയഗാഥകള്‍: ലേലങ്ങള്‍ സൃഷ്ടിക്കുന്ന യഥാര്‍ത്ഥ സ്വാധീനം
പൊതു ആസ്തികളുടെ മാനേജ്‌മെന്റില്‍ ''മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവര്‍ണന്‍സ്', വേഗത, നീതി, മൂല്യസൃഷ്ടി എന്നിവയുമായി ഏകോപിപ്പിച്ചാണ് ഈ ഡിജിറ്റല്‍ മൊഡ്യൂള്‍ പ്രവര്‍ത്തിക്കുന്നത്. കരുതല്‍ വില നിശ്ചയിക്കല്‍, പങ്കാളിത്ത മാനദണ്ഡങ്ങള്‍ നിര്‍വചിക്കല്‍, ലേലപ്രക്രിയ നിരീക്ഷിക്കല്‍ എന്നിവയില്‍ വകുപ്പുകള്‍ക്ക് സമ്പൂര്‍ണ്ണ നിയന്ത്രണം ലഭിക്കുന്നതിനാല്‍, ആസ്തി കൈകാര്യം ചെയ്യല്‍ ഇപ്പോള്‍ കൂടുതല്‍ സുതാര്യവും മത്സരാധിഷ്ഠിതവുമായിത്തീര്‍ന്നിരിക്കുന്നു. ഇതിലൂടെ മൂല്യവര്‍ധന ഉറപ്പാക്കുന്നതിനോടൊപ്പം, വരുമാന വര്‍ധനയും ഉയര്‍ന്ന കാര്യക്ഷമതയും കൈവരിച്ച് ഡിജിറ്റല്‍ ലേലങ്ങളുടെ യഥാര്‍ത്ഥ പ്രയോജനങ്ങള്‍ തെളിയിക്കപ്പെടുന്നു.
EWS വിഭാഗത്തിലുള്ളവര്‍ക്ക് പ്രതീക്ഷകള്‍ക്കുപരിയായ പ്രയോജനം
സുതാര്യതയും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് സുസ്ഥിര മൂല്യനിര്‍മ്മാണത്തിന് എങ്ങനെ വഴിയൊരുക്കുന്നുവെന്ന് ഇനിപ്പറയുന്ന ഉദാഹരണം വ്യക്തമാക്കുന്നു.
ലഖ്‌നൗവിലെ അലിഗഞ്ചില്‍ സാമ്പത്തികമായി ദുര്‍ബല വിഭാഗത്തില്‍പ്പെട്ട (EWS) 100 ഫ്‌ലാറ്റുകള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ ലേലം ചെയ്തു. ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള GeM ഫോര്‍വേഡ് ലേലത്തിലൂടെ, പ്രതീക്ഷകളെ മറികടക്കുന്ന പ്രതികരണമാണ് ലഭിച്ചത്. ഇതിന്റെ ഫലമായി, ഈ ഫ്‌ലാറ്റുകളുടെ ലേലത്തില്‍ നിന്ന് മൊത്തം 34.53 കോടി രൂപയുടെ വരുമാനം കൈവരിച്ചു.
പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ടെങ്കിലും, കാര്യക്ഷമമായ സ്‌ക്രാപ്പ് (പാഴ് വസ്തുക്കള്‍) നിര്‍മാര്‍ജനം പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും നികുതിദായകരുടെ വിഭവങ്ങള്‍ സംരക്ഷിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കുന്നു.
മാലിന്യത്തെ വരുമാനമാക്കി മാറ്റുന്നു
ന്യൂഡല്‍ഹിയിലെ നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക്, ഉപയോഗശൂന്യവും കാലഹരണപ്പെട്ടതുമായ വസ്തുക്കള്‍ സംസ്‌കരിക്കുന്നതിന് ഏറെ കാലമായി പ്രയത്‌നിച്ചിരുന്നുവെങ്കിലും, GeM ന്റെ ഫോര്‍വേഡ് ഓക്ഷന്‍ മൊഡ്യൂള്‍ മുഖേന അവ ലേലത്തിന് വച്ചപ്പോള്‍, കരുതല്‍ മൂല്യത്തേക്കാള്‍ വളരെ ഉയര്‍ന്ന ഓഫറുകള്‍ ലഭിച്ചു.
അനന്തമായ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നു
ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ആരാവലി ജിപ്‌സം ആന്‍ഡ് മിനറല്‍സ് ഇന്ത്യ ലിമിറ്റഡ്) സ്‌ക്രീന്‍ ചെയ്ത ജിപ്‌സം വിറ്റ് 3.35 കോടി രൂപ വരുമാനം നേടി.
GeM പോര്‍ട്ടല്‍ മുഖേന ജമ്മുവില്‍ ഏകദേശം 261 വാഹനങ്ങള്‍ ലേലം ചെയ്തു.
ഉപയോഗശേഷമുള്ള വസ്തുക്കള്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (BRO) വിജയകരമായി ലേലം ചെയ്തു.
ഗുല്‍മാര്‍ഗിലെ ഒരു ഡോര്‍മിറ്ററി അഞ്ച് വര്‍ഷത്തേക്ക് വിജയകരമായി പാട്ടത്തിന് നല്‍കി.
(സ്പര്‍ട്ടാര്‍) തടാകത്തിലെ ബോട്ടിംഗ് പ്രവര്‍ത്തന അവകാശങ്ങള്‍ ലേലം ചെയ്തു.
ആസ്തികളെ സുതാര്യമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ച് വ്യാപകമായ വിപണി പങ്കാളിത്തം ആകര്‍ഷിക്കുന്നത്, ന്യായവില കണ്ടെത്തല്‍, വേഗതയുള്ള ഫലങ്ങള്‍, പരമാവധി മൂല്യം എന്നിവ ഉറപ്പാക്കുന്നു. ഇത് ആസ്തി വിനിയോഗത്തെ മൂല്യസൃഷ്ടിയ്ക്കുള്ള തന്ത്രപരമായ ഉപാധിയാക്കി മാറ്റുന്നു.
ലേലം സുഗമമാക്കുന്നു: ആര്‍ക്കൊക്കെ, എങ്ങനെ പങ്കെടുക്കാന്‍ കഴിയും
GeM പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അര്‍ഹരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫോര്‍വേഡ് ഓക്ഷനുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നു. താത്പര്യമുള്ള ലേലക്കാര്‍ ആവശ്യമായ ഇടങ്ങളില്‍ നിര്‍ബന്ധമായും എര്‍ണസ്റ്റ് മണി ഡെപ്പോസിറ്റ് (EMD) സമര്‍പ്പിക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി അനുവര്‍ത്തന ക്രമങ്ങള്‍ പാലിച്ച ശേഷം, ലേലക്കാര്‍ക്ക് സുരക്ഷിതവും സുതാര്യവും, സമയബന്ധിതവും, ഓണ്‍ലൈനായും നടക്കുന്ന തത്സമയ ലേലങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യം ലഭിക്കുന്നു.
സുതാര്യത ഉറപ്പാക്കാന്‍, എല്ലാ ലേലങ്ങളും പൊതുവായി ലിസ്റ്റ് ചെയ്തിരിക്കുന്നു. എങ്കിലും, ആസ്തിയുടെ സംവേദനക്ഷമത കാരണം മുന്‍കൂട്ടി യോഗ്യത നേടിയ ലേലക്കാര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന പരിമിത കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഭരണപരിവര്‍ത്തനം: സുതാര്യത, കാര്യക്ഷമത, സുസ്ഥിരത
പൊതു സംഭരണ സംവിധാനങ്ങളില്‍ മാതൃകാപരമായ പരിവര്‍ത്തനത്തിന്റെ പ്രതീകമായി GeMലെ ഫോര്‍വേഡ് ഓക്ഷനുകളുടെ വളര്‍ച്ച വിലയിരുത്തപ്പെടുന്നു. പ്രവര്‍ത്തന കാര്യക്ഷമതയും സര്‍ക്കാര്‍ പരിഷ്‌കാരങ്ങളും അടിസ്ഥാനമാക്കിയാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലെ മികച്ച ഭരണ സംവിധാനങ്ങളെ വിജയകരമായി GeM സ്ഥാപനവത്കരിക്കുന്നത്.

ഈ പ്രക്രിയ പാരിസ്ഥിതിക ഉത്തരവാദിത്വവും സുസ്ഥിര മൂല്യസൃഷ്ടിയും പ്രോത്സാഹിപ്പിക്കുന്നു.
ദേശീയ നയങ്ങള്‍ക്കും മുന്‍ഗണനകള്‍ക്കും അനുഗുണമായി, സുസ്ഥിര പൊതു സംഭരണത്തിനുള്ള സുസ്ഥിര വികസന ലക്ഷ്യം 12.7 പിന്തുടരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അംഗീകൃത മാര്‍ഗങ്ങളിലൂടെ ഇ-മാലിന്യങ്ങള്‍, സ്‌ക്രാപ്പ്, മറ്റ് വസ്തുക്കള്‍ എന്നിവയുടെ ശരിയായ ലേലവും നിര്‍മാര്‍ജനവും സാദ്ധ്യമാക്കി, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് GeM പ്രോത്സാഹനവും പിന്തുണയും നല്‍കുന്നു.
ഉത്തരവാദിത്തം ഉറപ്പാക്കുക
GeM ഫോര്‍വേഡ് ഓക്ഷനുകള്‍ എല്ലാ ആസ്തി വില്‍പ്പനകളെയും സുതാര്യവും നിയമാധിഷ്ഠിതവുമായ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുന്നു. ഓരോ ലേലവും ദൃശ്യമാണ്, തുറന്ന ചര്‍ച്ചകളും സ്വതന്ത്രമായ ഇടപെടലുകളും ഉറപ്പാക്കുന്നു.
പ്രവര്‍ത്തന കാലതാമസം കുറയ്ക്കുക
നിര്‍മ്മാര്‍ജ്ജന പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റിയാണ് GeM കടലാസ് ജോലികള്‍ ഒഴിവാക്കുകയും അംഗീകാരങ്ങള്‍ സുഗമമാക്കുകയും വേഗത്തിലുള്ള തീരുമാനമെടുക്കല്‍ സാധ്യമാക്കുകയും ചെയ്യുന്നത്. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ ആസ്തി വില്‍പ്പന പൂര്‍ത്തിയാക്കാന്‍ വകുപ്പുകളെ സഹായിക്കുന്നു.
ന്യായമായ മത്സരം ഉറപ്പാക്കുക
സുതാര്യവും ഉപയോക്തൃ സൗഹൃദവുമായ ഡിജിറ്റല്‍ ഇന്റര്‍ഫേസിലൂടെ, ഏറ്റവും ഉയര്‍ന്ന ലേലക്കാര്‍ വിജയിക്കും. അര്‍ഹതയുള്ള രജിസ്റ്റര്‍ ചെയ്ത എല്ലാ ലേലക്കാര്‍ക്കും തുല്യഅവസരം നല്‍കുന്നതിലൂടെ നീതിപൂര്‍ണമായ മത്സരം ഉറപ്പാക്കുന്നു.
പൊതു ആസ്തികളില്‍ നിന്ന് ഉയര്‍ന്ന വരുമാനം സൃഷ്ടിക്കുക
മത്സരാധിഷ്ഠിത ലേലവും വിപുലമായ വിപണി പങ്കാളിത്തവും മൂലം, അന്തിമ ലേലത്തുക കരുതല്‍ വിലയെ മറികടക്കുന്നു. ഇതിലൂടെ, കാലഹരണപ്പെട്ട ആസ്തികളില്‍ നിന്നുള്ള മൂല്യം പരമാവധിയെത്തിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സഹായമാകുന്നു.
വേഗത്തിലുള്ള ക്ലിയറന്‍സ്
ഓക്ഷന്‍ മൊഡ്യൂള്‍ മാലിന്യ സംസ്‌കരണ പ്രക്രിയ ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്തു. സ്‌ക്രാപ്പ്, പഴയ യന്ത്രങ്ങള്‍, വാഹനങ്ങള്‍ പോലുള്ള ഉപയോഗിക്കാത്ത വസ്തുക്കള്‍ വേഗത്തില്‍ നീക്കം ചെയ്യാന്‍ ഇത് വകുപ്പുകളെ അനുവദിക്കുന്നു. ധാരാളം സ്ഥലം ഒഴിച്ചെടുക്കുകയും സംഭരണ ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.
ഉപസംഹാരം
GeM ന്റെ ഫോര്‍വേഡ് ഓക്ഷന്‍ മൊഡ്യൂള്‍ പഴയകാല മാനുഷിക പൊതു സംഭരണ പ്രക്രിയകളെ സുതാര്യവും കാര്യക്ഷമവുമായ വിപണി സംവിധാനത്തിലേക്ക് അതിവേഗം പരിവര്‍ത്തനം ചെയ്തു. ഈ പരിണാമാത്മക സംവിധാനം ആസ്തി വിനിയോഗത്തെ പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുന്നു. ഒരു പ്രാദേശിക സ്‌ക്രാപ്പ് ഡീലര്‍ മുതല്‍ വലിയ റിയല്‍ എസ്‌റ്റേറ്റുകാര്‍ വരെ, പഴയ യന്ത്രങ്ങള്‍ വില്‍ക്കുന്ന വകുപ്പുകള്‍ മുതല്‍ ബാങ്കുകള്‍ ലേലത്തില്‍ വിറ്റഴിക്കപ്പെടുന്ന സ്വത്തുക്കള്‍ വരെ, GeM ന്റെ ഡിജിറ്റല്‍ സവിശേഷതകള്‍ സര്‍ക്കാര്‍ ലേലത്തെ കാര്യക്ഷമവും മത്സരാത്മകവും വിശ്വസനീയവുമാക്കി മാറ്റിയിട്ടുണ്ട്. കൂടുതല്‍ വകുപ്പുകള്‍ ഫോര്‍വേഡ് ഓക്ഷന്‍ സ്വീകരിക്കുമ്പോള്‍, സര്‍ക്കാര്‍ വകുപ്പുകളും ബിസിനസ്സുകളും സുതാര്യ ഡിജിറ്റല്‍ ഇന്റര്‍ഫേസിലേക്കു കൂട്ടിച്ചേര്‍ക്കപ്പെടുന്നു. അവിടെ ഓരോ ലേലവും സുതാര്യമായിരിക്കും, നിയമങ്ങള്‍ മുന്‍കൂട്ടി നിര്‍വചിച്ചിരിക്കും, ഫലങ്ങള്‍ നീതിപൂര്‍വ്വകവും വിശ്വസനീയവുമായിരിക്കും. ഇത് ഡിജിറ്റല്‍ ജനാധിപത്യം, മെച്ചപ്പെട്ട സുതാര്യത, ഉയര്‍ന്ന മൂല്യസൃഷ്ടി എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.