• Skip to Content
  • Sitemap
  • Advance Search
Energy & Environment

ദി സസ്‌റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ (SHANTI-) ബിൽ, 2025

Posted On: 19 DEC 2025 4:55PM

പ്രധാന വസ്തുതകൾ

ഇന്ത്യയുടെ ആണവ നിയമ ചട്ടക്കൂടിനെ ഏകീകരിക്കുകയും ആധുനികവത്ക്കരിക്കുകയും ചെയ്യുകയെന്നതാണ് ഈ ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

കർശന നിയന്ത്രണത്തിലും മേൽനോട്ടത്തിലും ആണവ മേഖലയിലെ നിയന്ത്രിത സ്വകാര്യ പങ്കാളിത്തം ഇത് സാധ്യമാക്കുന്നു.

ആണവോർജ്ജ നിയന്ത്രണ ബോർഡിന് (AERB) നിയമപരമായ അംഗീകാരം നൽകുന്നതിലൂടെ ആണവ മേഖലയിലെ നിയമപരമായ നിയന്ത്രണ സംവിധാനം കൂടുതൽ ശക്തമാക്കുന്നു.

ശുദ്ധമായ ഊർജ്ജത്തിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തെ ശക്തിപ്പെടുത്തുകയും 2047 ഓടെ 100 GW ആണവോർജ്ജ ശേഷി കൈവരിക്കുകയെന്ന ദീർഘകാല ലക്ഷ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.


ആമുഖം

എന്താണ് ആണവോർജ്ജം ?

നിയന്ത്രിത അറ്റോമിക് പ്രക്രിയകൾ മുഖേന വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സ്രോതസ്സാണ് ആണവോർജ്ജം. ന്യൂക്ലിയർ ഫിഷൻ എന്ന പ്രക്രിയയിലൂടെ ആറ്റങ്ങളെ വിഭജിക്കുമ്പോൾ വൻതോതിൽ താപോർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നു. ഈ താപം, ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളാതെ, വൈദ്യുതി ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്നു. അതിനാൽ, സൗരോർജ്ജവും കാറ്റാടി ഊർജ്ജവും അടക്കമുള്ള പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾക്ക് സമാനമായ ശുദ്ധവും വിശ്വസനീയവുമായ ഊർജ്ജ പരിഹാരമെന്ന നിലയിൽ ആണവോർജ്ജം ആഗോളതലത്തിൽ അംഗീകരിക്കപ്പട്ടിരിക്കുന്നു.

സ്വന്തം ഊർജ്ജ ഭൂമികയുടെ ഭാവി പുനർവിചിന്തനം ചെയ്യുന്ന ഘട്ടത്തിൽ, കൂടുതൽ പുരോഗമനപരവും പ്രതിരോധശേഷിയുള്ളതുമായ ആണവ ആവാസവ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കുന്നതിനായി ഒരു പുതിയ നിയമനിർമ്മാണം ഇന്ത്യ മുന്നോട്ട് വയ്ക്കുന്നു. ദി സസ്‌റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ (SHANTI) ബിൽ, 2025 ആണവ മേഖലയെ നിയന്ത്രിക്കുന്ന നിലവിലെ നിയമങ്ങൾ ആധുനികവത്ക്കരിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ആണവ വികസനവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളെ ഒരൊറ്റ സമഗ്ര ഘടനയ്ക്കു കീഴിൽ ഏകീകരിക്കുന്ന ഈ ബിൽ, കൂടുതൽ കാര്യക്ഷമവും ഭാവിസജ്ജവുമായ ഒരു ഭരണനിർവ്വഹണ സംവിധാനം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ദീർഘകാല ലക്ഷ്യങ്ങളോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ നിയമം, ഇന്ത്യയുടെ ഊർജ്ജ പരിവർത്തന പ്രയാണത്തിന് ദിശാബോധം പകരുകയും, സുരക്ഷിതവും സുസ്ഥിരവുമായ ഊർജ്ജ ഭാവി കെട്ടിപ്പടുക്കുന്നതിലെ നിർണ്ണായക ഘട്ടമായി മാറുകയും ചെയ്യുന്നു.


ഇന്ത്യയുടെ ആണവ നിയമങ്ങളുടെ പരിണാമം

ദേശീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം ഉറപ്പാക്കുന്ന സുപ്രധാന നിയമനിർമ്മാണങ്ങളാണ് ഇന്ത്യയുടെ ആണവോർജ്ജ പ്രയാണത്തെ മുന്നോട്ട് നയിക്കുന്നത്. ആണവ സാങ്കേതികവിദ്യയെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്റെ  വളർന്നുവരുന്ന ആത്മവിശ്വാസവും സ്ഥാപനപരമായ പക്വതയും നിയമപരമായ ഈ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായി പ്രതിഫലിച്ചു.

1948-ലെ പ്രാരംഭ നിയമത്തിന് പകരമായി കൊണ്ടുവന്ന,1962-ലെ ആണവോർജ്ജ നിയമമാണ് ഇന്ത്യയുടെ ആണവ പദ്ധതിക്ക് ദൃഢമായ നിയമ അടിത്തറയൊരുക്കിയത്. ഇതിലൂടെ, സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവോർജ്ജത്തിന്റെ വികസനവും ഉപയോഗവും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിനെ അധികാരപ്പെടുത്തുകയും, ഗവേഷണം, വികസനം, ആണവ പദാർത്ഥങ്ങളുടെ ഉത്പാദനം, പരിപാലനം എന്നിവയിൽ കർശനമായ നിയന്ത്രണങ്ങൾ സ്ഥാപിക്കുകയും ചെയ്തു.

1962-ലെ ആണവോർജ്ജ നിയമത്തിൽ 1986, 1987, 2015 വർഷങ്ങളിൽ കൊണ്ടുവന്ന ഭേദഗതികൾ കേന്ദ്ര സർക്കാരിന്റെ പരിധിയിൽ മാത്രം നിലനിന്നിരുന്ന ആണവ മേഖലയെ മറ്റ് പങ്കാളികളിലേക്ക് കൂടി വിപുലീകരിച്ചു. സർക്കാർ സ്ഥാപനങ്ങളെയും സംയുക്ത സംരംഭങ്ങളെയും ആണവോർജ്ജ ഉത്പാദനത്തിൽ പങ്ക് വഹിക്കാൻ അനുവദിച്ച ഈ മാറ്റങ്ങൾ, തന്ത്രപരമായ മേൽനോട്ടം കൈവിടാതെ തന്നെ ആണവോർജ്ജ ശേഷിയുടെ വികസനം സാധ്യമാക്കാനുള്ള ഇന്ത്യയുടെ സന്തുലിത സമീപനത്തെ പ്രതിഫലിപ്പിക്കുന്നു.

ആണവ അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനായി, 2010-ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്ട് ‘അശ്രദ്ധയോ തെറ്റുകുറ്റങ്ങളോ ഇല്ലെങ്കിലും ബാധ്യത  ഏറ്റെടുക്കുന്നതിനുള്ള വ്യവസ്ഥ എന്ന നിലയിൽ’ (no-fault liability) അവതരിപ്പിച്ചു. ഉത്തരവാദിത്തത്തിന്റെ പരിധി വ്യക്തമായി നിർവചിക്കുന്നതിലൂടെ, ഈ നിയമം ആണവ പ്രവർത്തനങ്ങളിൽ സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും മുൻഗണന നൽകുകയും പൊതുജന വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്തു.

ബില്ലിന് പിന്നിലെ യുക്തി

ഇന്ത്യയുടെ ഊർജ്ജ പരിവർത്തനത്തിലെ നിർണ്ണായക ഘട്ടത്തിൽ, നിലവിലെ ആവശ്യങ്ങളും ദീർഘകാല അഭിലാഷങ്ങളും തമ്മിലുള്ള സന്തുലനം ഉറപ്പാക്കുന്നതിനായി രാജ്യം സ്വന്തം ആണവ നിയമചട്ടക്കൂടിന്റെ ആധാരശിലകളെ പുനഃപരിശോധിച്ചു വരികയാണ്. പതിറ്റാണ്ടുകളിലൂടെ കടന്നു പോയ ഇന്ത്യയുടെ ആണവ പദ്ധതി പക്വത കൈവരിക്കുകയും, സാങ്കേതിക ശേഷി ശക്തിപ്പെടുകയും, ശുദ്ധമായ ഊർജ്ജവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾ വിപുലമാക്കുയും ചെയ്തു. ഈ പരിണാമങ്ങൾ, സമകാലിക യാഥാർത്ഥ്യങ്ങൾക്കും നാളെയുടെ ആവശ്യകതകൾക്കും അനുഗുണമായ, ആധുനികവും സമഗ്രവുമായ നിയമനിർമ്മാണ ചട്ടക്കൂടിന്റെ ആവശ്യകത മുന്നോട്ടു വച്ചു.


വർത്തമാനകാല ദർശനം

രാജ്യത്തിന്റെ വൈദ്യുതി വിതരണത്തിൽ സ്ഥായിയായ പങ്ക് വഹിക്കുന്ന ഇന്ത്യയുടെ ആണവോർജ്ജ പദ്ധതികൾ ഇപ്പോൾ ഗണ്യമായ വികാസത്തിന് ഒരുങ്ങുകയാണ്.

സ്ഥിരതയാർന്ന സംഭാവന:

 2024–25 കാലയളവിൽ 3.1 ശതമാനം വിഹിതത്തോടെ, ഇന്ത്യയുടെ മൊത്തം വൈദ്യുതി ഉത്പാദനത്തിൽ ഏകദേശം 3 ശതമാനത്തോളം സംഭാവന ആണവോർജ്ജം നൽകുന്നു.

സ്ഥാപിത ശേഷി:

നിലവിലെ ആണവോർജ്ജ ശേഷി 8.78 ജിഗാവാട്ട് ആണ്.

ആസൂത്രിതമായ വിപുലീകരണം:

അന്താരാഷ്ട്ര സഹകരണത്തോടെ 700 മെഗാവാട്ട് മുതൽ 1000 മെഗാവാട്ട് വരെ ശേഷിയുള്ള തദ്ദേശീയ റിയാക്ടറുകൾ വികസിപ്പിച്ചു വരുന്നതിനാൽ, 2031–32 കാലയളവിൽ ആണവോർജ്ജ ശേഷി 22.38 ജിഗാവാട്ട് വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.



ആണവോർജ്ജ ദൗത്യം

2025–26 കേന്ദ്ര ബജറ്റിൽ, ചെറുകിട മോഡുലാർ റിയാക്ടറുകളുടെ (SMRs) രൂപകൽപ്പന, വികസനം, വിന്യാസം എന്നിവയ്ക്കായി ₹20,000 കോടി വകയിരുത്തിയതായി പ്രഖ്യാപിച്ചു.

ലക്ഷ്യം:

ശുദ്ധമായ ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തിക്കൊണ്ട്, 2033 ഓടെ  തദ്ദേശീയമായി രൂപകൽപ്പന ചെയ്ത അഞ്ച് ചെറുകിട മോഡുലാർ റിയാക്ടറുകളെങ്കിലും (SMRs) പ്രവർത്തനക്ഷമമാക്കുക എന്നതാണ് ലക്ഷ്യം.


ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്റെ (BARC) സംരംഭങ്ങൾ:

200 MWe ഭാരത് സ്മാൾ മോഡുലാർ റിയാക്ടർ (BSMR‑200)

55 MWe (മെഗാവാട്ട് ഇലക്ട്രിക്കൽ) SMR‑55

ഹൈഡ്രജൻ ഉത്പാദനത്തിനായി 5 MWth വരെ (മെഗാവാട്ട് തെർമൽ) ഉയർന്ന താപനിലയുള്ള ഗ്യാസ്-കൂൾഡ് റിയാക്ടർ.

തന്ത്രപരമായ ലക്ഷ്യം:

സുസ്ഥിര ഊർജ്ജ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് നൂതന ആണവ സാങ്കേതികവിദ്യകളിൽ ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുക.

ദീർഘകാല ദൗത്യം:

ഇന്ത്യയുടെ ശുദ്ധമായ ഊർജ്ജ ലക്ഷ്യങ്ങൾക്കനുപൂരകമായി, 2047 ഓടെ 100 GW ഉത്പാദനം


ഇന്ത്യ ആണവോർജ്ജ ശേഷി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത

ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകതകളും ശുദ്ധ ഊർജ്ജത്തിനായുള്ള പ്രതിബദ്ധതകളും ആണവശേഷി വികസിപ്പിക്കാനുള്ള ശക്തമായ കാരണങ്ങളാണ്. ഡാറ്റാ സെന്ററുകൾ, വ്യവസായമേഖല, ഉന്നത സാങ്കേതിക ആവശ്യകതകൾ എന്നിവയ്ക്ക്  24 മണിക്കൂറും വിശ്വസനീയമായ വൈദ്യുതി വിതരണം ആവശ്യമാണ്. നിലവിലെ നിയമങ്ങൾ ഈ വളർച്ചയെ പിന്തുണക്കാനുള്ള വേഗത പ്രദാനം ചെയ്യുന്നില്ല. 2047 ഓടെ 100 GW ആണവ ശേഷി കൈവരിക്കുക എന്ന ദേശീയ ലക്ഷ്യം നിറവേറ്റാനും, 2070 ഓടെ കൈവരിക്കേണ്ട ദീർഘകാല കാർബൺ മുക്ത ലക്‌ഷ്യം സാക്ഷാത്ക്കരിക്കാനും, വിശാലമായ പങ്കാളിത്തവും തദ്ദേശീയ വിഭവങ്ങളുടെ വിനിയോഗവും ഉറപ്പാക്കാനും, നൂതനാശയങ്ങളെയും സുരക്ഷയെയും സമന്വയിപ്പിക്കാനും ശേഷിയുള്ള ആധുനിക നിയമ ചട്ടക്കൂട് അനിവാര്യമാണ്. അതിനാലാണ് ഇന്ത്യ ആണവോർജ്ജ ദൗത്യം പ്രഖ്യാപിച്ചത്.

നിലവിലുള്ള 1962 ലെ ആണവോർജ്ജ നിയമവും 2010 ലെ സിവിൽ ലയബിലിറ്റി നിയമവും, 21-ാം നൂറ്റാണ്ടിന്റെ ആവശ്യകതകൾ നേരിടാൻ പര്യാപ്തമല്ല. സമഗ്രവും, ഏകീകൃതവുമായ ഒരു നിയമനിർമ്മാണം മൊത്തത്തിലുള്ള ഊർജ്ജ മിശ്രിതത്തിൽ ആണവോർജ്ജത്തിന്റെ പങ്ക് വികസിപ്പിക്കാനും, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനും, ഊർജ്ജേതര ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കാനും, സുരക്ഷ, സംരക്ഷണ നടപടികൾ, ബാധ്യത എന്നിവയുടെ നിലവാരം ഉയർത്തിപ്പിടിക്കാനും ഇന്ത്യയെ അനുവദിക്കുന്നു. ഇത്തരത്തിൽ, പുതിയ ബിൽ ഇന്ത്യയുടെ വികസിതമാകുന്ന ആണവ യാത്രയുടെ സ്വാഭാവിക പുരോഗതിയായി വർത്തിക്കുകയും, മേഖലയുടെ ഭാവി വളർച്ചക്ക് ദൃഢമായ അടിത്തറ പാകുകയും ചെയ്യുന്നു.

നിയമനിർമ്മാണത്തിലെ ഘടകങ്ങൾ  

ഇന്ത്യ ആധുനികവും ഭാവിസജ്ജവുമായ ആണവോർജ്ജ ഘടനയിലേക്ക് മുന്നേറുമ്പോൾ, ഭരണനിർവ്വഹണം, സുരക്ഷ, സ്ഥാപന സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്ന വ്യവസ്ഥകളുടെ ഒരു സമഗ്ര പാക്കേജാണ് ദി സസ്‌റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ (SHANTI-ശാന്തി) ബിൽ, 2025. ബില്ലിന്റെ മുഖ്യ ലക്ഷ്യങ്ങളും പ്രാധാന്യവും താഴെപ്പറയുന്ന  ഘടകങ്ങൾ മുഖേന മനസ്സിലാക്കാവുന്നതാണ്:

 


 

സ്വകാര്യ മേഖലയുടെ സഹകരണം

ശാന്തി ബിൽ, 2025 ഇന്ത്യൻ ആണവ മേഖലയിൽ പങ്കാളിത്തം വഹിക്കാൻ സ്വകാര്യ കമ്പനികൾക്ക് അവസരം നൽകുന്നു. പ്ലാന്റ് പ്രവർത്തനങ്ങൾ, വൈദ്യുതി ഉത്പാദനം, ഉപകരണ നിർമ്മാണം, യുറേനിയം-235 ന്റെ പരിവർത്തനം, ശുദ്ധീകരണം, സമ്പുഷ്ടീകരണം എന്നിവയുൾപ്പെടെയുള്ള ആണവ ഇന്ധന നിർമ്മാണ പ്രവർത്തനങ്ങളും മറ്റ് നിർദ്ദിഷ്ട വസ്തുക്കളുടെ ഉത്പാദനം, ഉപയോഗം, സംസ്കരണം, നിർമാർജനം എന്നിവയും  ഏറ്റെടുക്കാൻ  ബിൽ കമ്പനികളെ അനുവദിക്കുന്നു. സുരക്ഷയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി, വികിരണ സാധ്യതയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും, ബന്ധപ്പെട്ട നിയന്ത്രണ അധികാരിയിൽ നിന്ന് മുൻകൂർ സുരക്ഷാ അനുമതി നേടേണ്ടതാണ്, .

കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന പ്രവർത്തനങ്ങൾ

ശാന്തി ബിൽ, 2025 പ്രകാരം, അതീവ സംവേദനക്ഷമമായ ചില ആണവ ഇന്ധന-ചക്ര പ്രവർത്തനങ്ങൾ കേന്ദ്ര സർക്കാരിനോ, പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. നിർദ്ദിഷ്ട റേഡിയോആക്ടീവ് വസ്തുക്കളുടെ സമ്പുഷ്ടീകരണം, ഐസോട്ടോപ്പിക് വേർതിരിക്കൽ, പുനഃസംസ്കരണം, പുനരുപയോഗം, റേഡിയോന്യൂക്ലൈഡ് വേർതിരിക്കൽ, ഉന്നത തല മാലിന്യ മാനേജ്മെന്റ്, ഘനജല ഉത്പാദനം, നവീകരണം എന്നിവയും, സർക്കാർ പ്രത്യേകമായി വിജ്ഞാപനം ചെയ്ത മറ്റ് സൗകര്യങ്ങളും പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു.


ലൈസൻസിംഗും സുരക്ഷാ മേൽനോട്ടവും

ശാന്തി ബിൽ, 2025 ആണവോർജ്ജ ഉത്പാദനത്തിനും ഉപയോഗത്തിനും ആവശ്യമായ ലൈസൻസുകൾ, സുരക്ഷാ അംഗീകാരങ്ങൾ എന്നിവ അനുവദിക്കുന്നതിനും നിലനിർത്തുന്നതിനും റദ്ദാക്കുന്നതിനും  ഘടനാപരമായ സംവിധാനമൊരുക്കുന്നു.

ഗ്രേഡഡ് ലയബിലിറ്റി ഘടന

നിലവിലുള്ള നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി, ശാന്തി ബിൽ ഓപ്പറേറ്റർ ബാധ്യതയ്ക്ക് ഗ്രേഡഡ് ലയബിലിറ്റി ഫ്രെയിംവർക്ക് അവതരിപ്പിക്കുന്നു. ഇതിന്റെ കീഴിൽ, ഓപ്പറേറ്ററുടെ ബാധ്യതാ പരിധികൾ ബില്ലിന്റെ രണ്ടാം ഷെഡ്യൂളിൽ വിശദമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. കൂടാതെ ആണവ സംവിധാനത്തിന്റെ തരം, വലിപ്പം, സവിശേഷതകൾ എന്നിവ അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടിരിക്കുന്നു.

ഊർജ്ജേതര ആവശ്യങ്ങളുടെ നിയന്ത്രണം

ആരോഗ്യ സംരക്ഷണം, കൃഷി, വ്യവസായം, ഗവേഷണം, മറ്റ് സമാധാനപരമായ ആവശ്യങ്ങൾ എന്നിവയിൽ ആണവ-വികിരണ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള നിർദ്ദിഷ്ട നിയന്ത്രണ ചട്ടക്കൂട് ഉറപ്പാക്കുന്നു.

ചില പ്രവർത്തനങ്ങൾക്കുള്ള ഇളവ്

വ്യാവസായിക വളർച്ചയും നൂതനാശയ ഉദ്യമങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഗവേഷണം, വികസനം, നൂതനാശയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിമിത പ്രവർത്തനങ്ങൾക്ക് ലൈസൻസിൽ നിന്ന് ഇളവ് ലഭിക്കും.

സിവിൽ ബാധ്യതാ ചട്ടക്കൂട്

ആണവ പ്രവർത്തനങ്ങളിൽ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ പ്രായോഗികവും സുസ്ഥിരവുമായ സിവിൽ ബാധ്യതാ സംവിധാനം ബിൽ അവതരിപ്പിക്കുന്നു. ഇതിലൂടെ പൊതുജന വിശ്വാസവും സുരക്ഷയും ഉറപ്പാക്കുന്നു.


നിയമപരമായ അംഗീകാരം

നിയമപരമായ സ്വാതന്ത്ര്യവും ശക്തമായ അധികാരവും ഉറപ്പാക്കുന്നതിനായി ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന് (AERB)  നിയമപരമായ അംഗീകാരം നൽകുന്നു.

മെച്ചപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങൾ

സുരക്ഷ, ഗുണനിലവാരം, ഏകോപിതമായ അടിയന്തര തയ്യാറെടുപ്പ്, പ്രതികരണ സംവിധാനങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നു. ആണവ പ്രവർത്തനങ്ങളിൽ ഉന്നതമായ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നു.

ഏറ്റെടുക്കലിനുള്ള കേന്ദ്ര സർക്കാരിന്റെ അവകാശങ്ങൾ

ആണവ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക കേസുകളിൽ,  ഏറ്റെടുക്കലിനുള്ള അവകാശങ്ങൾ കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്.

തർക്ക പരിഹാര സംവിധാനം

തർക്ക പരിഹാരം സുഗമമാക്കുന്നതിനായി, ഒരു ആറ്റോമിക് എനർജി റിഡ്രസ്സൽ അഡ്വൈസറി കൗൺസിൽ സ്ഥാപിക്കുന്നു, ഇത് നിയമപരമായ പരിഹാരം ഉറപ്പാക്കുന്നതിന് സഹായകമാണ്.

അപ്പലേറ്റ് ട്രൈബ്യൂണൽ വ്യവസ്ഥ

വൈദ്യുതി നിയമം, 2003 പ്രകാരം സ്ഥാപിതമായ അപ്പലേറ്റ് ട്രൈബ്യൂണൽ, ശാന്തി ബിൽ, 2025 പ്രകാരം ഉണ്ടാകുന്ന അപ്പീലുകളും കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലെ നിർദ്ദിഷ്ട  അപ്പീലുകളും പരിഗണിക്കാൻ അധികാരമുള്ള അപ്പലേറ്റ് അതോറിറ്റിയായി പ്രവർത്തിക്കും.

ക്ലെയിംസ് കമ്മീഷണർ നിയമനം

ആണവ പ്രവർത്തനങ്ങളിൽ സംഭവിക്കുന്ന നാശനഷ്ടങ്ങൾ സംബന്ധിച്ച നഷ്ടപരിഹാര ക്ലെയിമുകൾ തീർപ്പാക്കുന്നതിനായി ക്ലെയിംസ് കമ്മീഷണർമാരെ നിയമിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനുണ്ട്.

ന്യൂക്ലിയർ ഡാമേജ് ക്ലെയിം കമ്മീഷൻ

ഗുരുതരമായ ആണവ നാശനഷ്ടങ്ങൾ ഉണ്ടാകുന്ന കേസുകൾ കൈകാര്യം ചെയ്യുകയും, സമയബന്ധിത വിധിനിർണ്ണയം ഉറപ്പാക്കുകയും ചെയ്യാൻ സമർപ്പിത കമ്മീഷൻ സ്ഥാപിക്കും.

ആണവ ആവാസവ്യവസ്ഥയിൽ ഇന്ത്യയുടെ തന്ത്രപരമായ നിയന്ത്രണം നിലനിർത്തുക എന്നതാണ് ബില്ലിന്റെ കാതലായ ലക്ഷ്യം. ഈ മേഖല സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുക്കുമ്പോഴും, നിർണായക പ്രവർത്തനങ്ങൾ സർക്കാർ മേൽനോട്ടത്തിന് കീഴിലായിരിക്കുമെന്ന് ബിൽ ഉറപ്പാക്കുന്നു.
 
അതിസംവേദന മേഖലകളുടെ നിയന്ത്രണം

ആണവ ഇന്ധന ചക്രം, മാലിന്യ സംസ്കരണം, സുരക്ഷാ സംബന്ധിയായ പ്രവർത്തനങ്ങൾ എന്നിവയിൽ സർക്കാരിന് പ്രത്യേക അധികാരമുണ്ട്.

റെഗുലേറ്ററി അധികാരം ശക്തിപ്പെടുത്തും

പരിഷ്കാരങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുകയും, ഭാവി വിപുലീകരണത്തിനായി ആണവ ഭരണനിർവ്വഹണ ചട്ടക്കൂട് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തന്ത്രപരമായ സ്വയംഭരണത്തിന് സംരക്ഷണം

ദേശ സുരക്ഷയും സ്വതന്ത്ര തീരുമാനമെടുക്കാനുള്ള ഇന്ത്യയുടെ അവകാശങ്ങളും പരമാവധി സംരക്ഷിക്കുന്ന വിധത്തിലാണ് ബിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഏകോപിത മേൽനോട്ട സംവിധാനങ്ങൾ

മെച്ചപ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും എല്ലാ ആണവ പ്രവർത്തനങ്ങളിലും സ്ഥായിയായ അനുവർത്തനം ഉറപ്പാക്കുന്നു.


ഉപസംഹാരം:

ഇന്ത്യയുടെ ആണവ പ്രയാണത്തിന്റെ അടുത്ത ഘട്ടം രൂപപ്പെടുത്തുന്നതിൽ നിർണായകമായ   ചുവടുവയ്പ്പായ ദി സസ്‌റ്റൈനബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ (SHANTI-ശാന്തി) ബിൽ, 2025, നിയമ ചട്ടക്കൂട് നവീകരിക്കുന്നതിലൂടെയും സ്ഥാപനപരമായ മേൽനോട്ടം ശക്തിപ്പെടുത്തുന്നതിലൂടെയും, കൂടുതൽ കാര്യക്ഷമവും നൂതനവും സുരക്ഷിതവുമായ ആണവ ആവാസവ്യവസ്ഥയ്ക്ക് അടിത്തറ പാകുന്നു. തന്ത്രപരമായ താത്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനൊപ്പം ശുദ്ധവും വിശ്വസനീയവുമായ ഊർജ്ജം വികസിപ്പിക്കുക എന്ന ഇന്ത്യയുടെ ദീർഘകാല ദർശനത്തെ ബിൽ പിന്തുണയ്ക്കുന്നു. കൂടുതൽ ഊർജ്ജ സ്വാതന്ത്ര്യത്തിലേക്കും സാങ്കേതിക പുരോഗതിയിലേക്കും രാജ്യം മുന്നേറുമ്പോൾ, ഇന്ത്യയുടെ ആണവോർജ്ജത്തിന്റെയും വിശാലമായ ഊർജ്ജ മേഖലയുടെയും വളർച്ചയെ മുന്നോട്ട് നയിക്കുന്നതിൽ ഈ നിയമനിർമ്മാണത്തിന് നിർണായക പങ്ക് വഹിക്കാൻ കഴിയും.


സൂചനകൾ:

Parliament of India:

https://sansad.in/ls/legislation/bills

 

Department of Atomic Energy:

https://sansad.in/getFile/loksabhaquestions/annex/186/AU1638_Yolfxg.pdf?source=pqals

https://sansad.in/getFile/loksabhaquestions/annex/186/AU490_gwc1C9.pdf?source=pqals  

The Sustainable Harnessing and Advancement of Nuclear Energy for Transforming India (SHANTI) Bill, 2025

***

(Backgrounder ID: 156607) आगंतुक पटल : 30
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , हिन्दी , Gujarati , Kannada
Link mygov.in
National Portal Of India
STQC Certificate