Social Welfare
ഇന്ത്യയിലെ ദത്തെടുക്കൽ
Posted On:
16 DEC 2025 12:04PM
പ്രധാന കാര്യങ്ങൾ
ഇന്ത്യയിലെ ദത്തെടുക്കൽ സംവിധാനം 2015 ലെ ബാലനീതി നിയമം, 2022-ലെ ദത്തെടുക്കൽ ചട്ടങ്ങൾ എന്നിവയ്ക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്, വാത്സല്യ ദൗത്യം (മിഷൻ വാത്സല്യ) ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി കേന്ദ്ര ദത്തെടുക്കൽ വിഭവ അതോറിറ്റി (സിഎആർഎ) ഇത് സാധ്യമാക്കുന്നു.
സിഎആർഎയുടെ ഡിജിറ്റൽ സംവിധാനമായ 'കെയറിങ്‌സ്' (കുട്ടികളുടെ ദത്തെടുക്കൽ വിഭവ, വിവര, മാർഗ്ഗനിർദ്ദേശക സംവിധാനം) സുതാര്യവും സുരക്ഷിതവും ശിശു കേന്ദ്രീകൃതവുമായ ദത്തെടുക്കൽ ഉറപ്പാക്കുന്നു, ഇത് രാജ്യവ്യാപകമായി ദത്തെടുക്കാൻ തത്പരരായ രക്ഷിതാക്കളെ ഭൂമിശാസ്ത്രപരമായ തടസ്സങ്ങളില്ലാതെ രജിസ്റ്റർ ചെയ്യാനും ദത്തെടുക്കാനും പ്രാപ്തമാക്കുന്നു.
60 ദിവസത്തെ ഗാർഹിക പഠന റിപ്പോർട്ടുകൾ, 48-96 മണിക്കൂർ ശുപാർശാ ജാലകങ്ങൾ, നിർബന്ധിത ദ്വിവർഷ തുടർ നടപടികൾ (ഫോളോ-അപ്പ്) എന്നിവ കുട്ടികളുടെ ക്ഷേമം ഉറപ്പാക്കുന്നു.
ആമുഖം
ഓരോ കുട്ടിക്കും സ്‌നേഹനിർഭരമായ കുടുംബ അന്തരീക്ഷത്തിൽ വളരാനുള്ള അവകാശം ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന് (എംഡബ്ല്യുസിഡി) കീഴിലുള്ള കേന്ദ്ര ദത്തെടുക്കൽ വിഭവ അതോറിറ്റി (സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി-സിഎആർഎ) വഴി, കുട്ടികളുടെ ഏറ്റവും മികച്ച താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം രാജ്യത്തിനകത്തും പുറത്തും ദത്തെടുക്കൽ സുഗമമാക്കുന്നതിന് കേന്ദ്രസർക്കാർ സമഗ്രമായൊരു നിയമ-സ്ഥാപനപര ചട്ടക്കൂട് സ്ഥാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ നിയമപരമായ ദത്തെടുക്കലിനെ നിയന്ത്രിക്കുന്നത് 2021 ൽ ഭേദഗതി ചെയ്ത 2015 ലെ ബാല നീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം, 2022-ലെ ദത്തെടുക്കൽ ചട്ടങ്ങൾ എന്നിവയാണ്. അനാഥരായ, ഉപേക്ഷിക്കപ്പെട്ട, വളർത്താൻ ഏൽപ്പിക്കപ്പെട്ട കുട്ടികളെ ദത്തെടുക്കാൻ തത്പരരായ രക്ഷിതാക്കളുമായി പൊരുത്തപ്പെടുത്തുന്നതിന് സുതാര്യവും ശിശുകേന്ദ്രീകൃതവുമായ ഒരു സംവിധാനം ഇവ പ്രദാനം ചെയ്യുന്നു. കുടുംബത്തിൽ സ്ഥിരമായ ഇടമൊരുക്കുന്നത് കുട്ടികളുടെ വൈകാരികവും സാമൂഹികവും അവബോധപരവുമായ വികസനം ഉറപ്പാക്കുന്നുവെന്ന് തിരിച്ചറിഞ്ഞുകൊണ്ട്, സ്ഥാപനപരമായ പുനരധിവാസത്തേക്കാൾ കുടുംബാധിഷ്ഠിത പരിചരണത്തിനാണ് ഈ ചട്ടക്കൂട് മുൻഗണന നൽകുന്നത്.
ഇന്ത്യയിലെ ദത്തെടുക്കൽ ആവാസവ്യവസ്ഥ - നിയമപരമായ വ്യവസ്ഥകൾ, നടപടിക്രമ ആവശ്യകതകൾ, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ചൂഷണത്തിനെതിരായ സംരക്ഷണസംവിധാനങ്ങൾ, വൈവിധ്യ ആവശ്യകതകളുള്ള കുട്ടികൾക്കുള്ള പ്രത്യേക വ്യവസ്ഥകൾ - ദത്തെടുക്കൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിൻ്റെ തുടർച്ചയായ ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നു.
നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂട്
കേന്ദ്ര ദത്തെടുക്കൽ വിഭവ അതോറിറ്റി (സിഎആർഎ)

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന് കീഴിലുള്ള ഒരു നിയമാനുസൃത സ്ഥാപനമാണ് കേന്ദ്ര ദത്തെടുക്കൽ വിഭവ അതോറിറ്റി അഥവാ സിഎആർഎ. അനുബന്ധ/അംഗീകൃത ദത്തെടുക്കൽ ഏജൻസികൾ വഴി അനാഥരോ ഉപേക്ഷിക്കപ്പെട്ടവരോ പരിപാലനത്തിന് ഏൽപ്പിക്കപ്പട്ടവരോ ആയ കുട്ടികളെയും ദത്ത് നൽകുന്നതിനുള്ള കേന്ദ്രീകൃത സമിതിയായി ഇത് പ്രവർത്തിക്കുന്നു. കൂടാതെ, ബന്ധു ദത്തെടുക്കൽ, രണ്ടാനച്ഛൻ/രണ്ടാനമ്മമാരുടെ ദത്തെടുക്കൽ, വളർത്തു പരിചരണത്തിനായുള്ള ദത്തെടുക്കൽ എന്നിവയും സിഎആർഎ വഴി സാധ്യമാക്കുന്നു.
ഇത് ഇനി പറയുന്നവയ്ക്ക് അനുസൃതമായി രാജ്യത്തിനകത്തുള്ള ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കുകയും സുഗമമാക്കുകയും രാജ്യാന്തര ദത്തെടുക്കലിനെ വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്നു:
2015-ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമം (2021-ൽ ഭേദഗതി ചെയ്തത്)
ദത്തെടുക്കൽ ചട്ടങ്ങൾ, 2022
മാതൃകാ വളർത്തു പരിചരണ മാർഗ്ഗനിർദ്ദേശങ്ങൾ, 2024
ഈ ചട്ടക്കൂടുകൾ ഓരോ ദത്തെടുക്കൽ തീരുമാനത്തിലും കുട്ടിയുടെ മികച്ച താൽപ്പര്യങ്ങൾ കേന്ദ്രബിന്ദുവായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.
ഡിജിറ്റൽ ദത്തെടുക്കൽ സംവിധാനം
സിഎആർഎ ഒരു കേന്ദ്രീകൃത ഓൺലൈൻ ദത്തെടുക്കൽ പ്ലാറ്റ് ഫോമായ വാത്സല്യ ദൗത്യ (മിഷൻ വാത്സല്യ)ത്തിലാണ് പ്രവർത്തിക്കുന്നത്.
ഈ സംവിധാനം ഇവ ഉറപ്പാക്കുന്നു:
ദത്തെടുക്കൽ പ്രക്രിയയിൽ പൂർണ്ണ സുതാര്യത
സംവേദനക്ഷമമായ വിവരങ്ങളുടെ സുരക്ഷയും രഹസ്യസ്വഭാവവും
ശിശു കേന്ദ്രീകൃതമായ തീരുമാനമെടുക്കൽ
എല്ലാ സംസ്ഥാനങ്ങളിലുമുള്ള ദത്തെടുക്കാൻ തത്പരരായ രക്ഷിതാക്കൾക്ക് തുല്യ അഭിഗമ്യത.
നിയമപരമായി സ്വതന്ത്രരായ കുട്ടികളുടെയും ദത്തെടുക്കാൻ തത്പരരായ രക്ഷിതാക്കളുടെയും സ്വയംപ്രവർത്തിത, മുൻഗണനാധിഷ്ടിത പൊരുത്തപ്പെടുത്തൽ
കുട്ടികളെ നേരിട്ട് തിരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക ആവശ്യങ്ങൾ, ദ്രുത പ്ലേസ്മെൻ്റ് ടാബുകൾ തുടങ്ങിയ സവിശേഷതകൾ
എല്ലാ തത്പരകക്ഷികൾക്കും തത്സമയ എസ്എംഎസ്, ഇമെയിൽ ജാഗ്രതാനിർദേശങ്ങൾ ഉപയോഗിച്ച് ആദ്യന്ത അപേക്ഷാ അനുധാവനം.
ദത്തെടുക്കാൻ തത്പരരായ രക്ഷിതാക്കൾ(പിഎപികൾ)ക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാനും ഈ സുഗമമായ ഡിജിറ്റൽ സംവിധാനത്തിലൂടെ ഏത് സംസ്ഥാനത്തുനിന്നും കുട്ടികളെ ദത്തെടുക്കാനും കഴിയും, ഇത് ഭൂമിശാസ്ത്രപരമായ തടസ്സങ്ങൾ ഇല്ലാതാക്കുകയും നടപടിക്രമങ്ങളുടെ സമയം കുറയ്ക്കുകയും ചെയ്യുന്നു.
ദത്തെടുക്കൽ പ്രക്രിയ: പ്രധാന സവിശേഷതകൾ
ആർക്കൊക്കെ ദത്തെടുക്കാം?
ദത്തെടുക്കാൻ തത്പരരായ രക്ഷിതാക്കൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ 2015 ലെ ബാലനീതി നിയമത്തിലെ 57-ാം വകുപ്പിലും 2022 ലെ ദത്തെടുക്കൽ ചട്ടങ്ങളിലെ 5, 21 ചട്ടങ്ങളിലും വ്യക്തമായി നിർവചിച്ചിരിക്കുന്നു. പ്രധാന വ്യവസ്ഥകളിൽ ഇവ ഉൾപ്പെടുന്നു:
* ഇന്ത്യയിൽ താമസിക്കുന്നവർ സിഎആർഎയുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
* വിദേശ ഇന്ത്യൻ പൗരൻമാരും ഇന്ത്യയിൽ താമസിക്കുന്ന വിദേശികൾക്കും രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് അവരുടെ എംബസിയിൽ നിന്നോ ഹൈക്കമ്മീഷനിൽ നിന്നോ നിരാക്ഷേപ സാക്ഷ്യപത്രം (എൻഒസി) ആവശ്യമാണ്. ദത്തെടുക്കൽ ഇന്ത്യയിലെയും ദത്തെടുക്കാൻ പോകുന്ന മാതാപിതാക്കളുടെ മാതൃരാജ്യത്തിലെയും നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് എൻഒസി സ്ഥിരീകരിക്കുന്നു.
* പ്രവാസി ഇന്ത്യക്കാർ (എൻആർഐകൾ), വിദേശത്ത് താമസിക്കുന്ന വിദേശ ഇന്ത്യൻ പൗരൻമാർ, വിദേശികൾ, എന്നിവർ പ്രത്യേക പെരുമാറ്റച്ചട്ടം (പ്രോട്ടോക്കോൾ) പാലിക്കുകയും അംഗീകൃത വിദേശ ദത്തെടുക്കൽ ഏജൻസികൾ (എഎഫ്എഐ), കേന്ദ്ര അതോറിറ്റികൾ (സിഎ), അല്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങൾ (ഐഡിഎം) എന്നിവയിലൂടെ രജിസ്റ്റർ ചെയ്യുകയും വേണം. അവരുടെ രാജ്യത്ത് എഎഫ്എഎ അല്ലെങ്കിൽ സിഎ ഇല്ലെങ്കിൽ, അവർ ബന്ധപ്പെട്ട സർക്കാർ വകുപ്പുമായോ ഇന്ത്യൻ നയതന്ത്ര ദൗത്യവുമായോ ബന്ധപ്പെടണം.
* അവിവാഹിതരായ സ്ത്രീകൾക്ക് ഏത് ലിംഗത്തിലുള്ള കുട്ടിയെയും ദത്തെടുക്കാം; വിവാഹമോചിതരായ അവിവാഹിതരായ സ്ത്രീകൾക്ക് ഒരു പെൺകുട്ടിയെ ദത്തെടുക്കാം; വകുപ്പ് 57(4), ചട്ടം 5(2)(സി) എന്നിവ പ്രകാരം അവിവാഹിതരായ പുരുഷന്മാർക്ക് പെൺകുട്ടിയെ ദത്തെടുക്കാൻ അർഹതയില്ല.
* ചട്ടം 5 (7) പ്രകാരം, രണ്ടോ അതിലധികമോ കുട്ടികളുള്ള ദമ്പതിമാർക്ക്, അവർ ബന്ധുക്കളോ രണ്ടാനച്ഛനോ അല്ലാത്ത പക്ഷം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയോ അല്ലെങ്കിൽ പരിപാലിച്ച് അധിവസിപ്പിക്കാൻ പ്രയാസമുള്ള കുട്ടികളെയോ മാത്രമേ ദത്തെടുക്കാൻ കഴിയൂ. കുട്ടിയുടെ നേരിട്ടുള്ള സംവരണത്തിന് മാത്രമേ അവർക്ക് അർഹതയുള്ളൂ എന്നതിനാൽ, ഈ പിഎപികൾക്ക് 'കെയറിങ്‌സ്'ൽ സീനിയോറിറ്റി(മൂപ്പവകാശം)യ്ക്ക് അർഹതയില്ല.
* വരുമാനം: സിഎആർഎ മാർഗ്ഗനിർദ്ദേശങ്ങൾ പിഎപികൾക്കുള്ള ഏറ്റവും കുറഞ്ഞതോ പരമാവധിയോ ആയ വരുമാനം വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും, വരുമാനം സ്ഥിരതയുള്ളതും കുട്ടിയുടെ ക്ഷേമവും വളർത്തലും ഉറപ്പാക്കാൻ പര്യാപ്തവുമായിരിക്കണം.
* എച്ച്എസ്ആർ ഏജൻസിയുടെ അംഗീകാരത്തിന് അനുസൃതമായി, ഭിന്നശേഷിക്കാർക്ക് ഒരു കുട്ടിയെ ദത്തെടുക്കാം.
രജിസ്‌ട്രേഷനും രേഖകളും:
2022- ലെ ദത്തെടുക്കൽ ചട്ടങ്ങളുടെ ആറാം പട്ടിക പ്രകാരം പിഎപികൾ നിർബന്ധമായും നിർദ്ദിഷ്ട രൂപമാതൃകയിൽ ഓൺലൈനായി അപേക്ഷിക്കുകയും ഇനിപ്പറയുന്നവ ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ സമർപ്പിക്കുകയും വേണം:
*തിരിച്ചറിയുന്നതിനും, വിലാസം തെളിയിക്കുന്നതിനുമുള്ള രേഖകൾ (ആധാർ കാർഡ്, പാസ്പോർട്ട്, വോട്ടർ ഐഡി, വൈദ്യുതി ബിൽ അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് ടെലിഫോൺ ബിൽ)
*പിഎപികൾക്ക് വിട്ടുമാറാത്തതോ, പകർച്ചവ്യാധികളോ, മാരകമായതോ ആയ രോഗങ്ങളൊന്നുമില്ലെന്നും ദത്തെടുക്കാൻ യോഗ്യരാണെന്നും സാക്ഷ്യപ്പെടുത്തുന്ന കുറഞ്ഞത് എംബിബിഎസ് ബിരുദധാരിയായ ഏതെങ്കിലും അംഗീകൃത ഡോക്ടറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്.
*വിവാഹ സർട്ടിഫിക്കറ്റ് (ദമ്പതികൾക്ക്) അല്ലെങ്കിൽ വിവാഹമോചന ഉത്തരവ് (ബാധകമെങ്കിൽ)
*വരുമാനം തെളിയിക്കുന്ന രേഖ
*കുടുംബ ചിത്രങ്ങൾ
താമസ രേഖയായി വാടക കരാർ സമർപ്പിക്കാൻ കഴിയില്ല. പിഎപികൾ ആധാർ കാർഡ്, വൈദ്യുതി ബിൽ, പോസ്റ്റ്പെയ്ഡ് ടെലിഫോൺ ബിൽ, വോട്ടർ ഐഡി കാർഡ്, അല്ലെങ്കിൽ പാസ്പോർട്ട് എന്നിവ നിലവിലെ വിലാസത്തോടുകൂടി നൽകണം. അല്ലെങ്കിൽ ഈ രേഖകളിൽ ഏതെങ്കിലുമൊന്നിൽ വിലാസം പുതുക്കണം.
രജിസ്‌ട്രേഷൻ ഫോമിലെ 'ദത്തെടുക്കലിൻ്റെ പ്രചോദനം' എന്ന വിഭാഗത്തിൽ, പിഎപികൾ ദത്തെടുക്കാൻ ആഗ്രഹിക്കുന്നതിൻ്റെ കാരണങ്ങൾ വിശദീകരിക്കണം. ഒരു കുട്ടിയെ ദത്തെടുക്കുന്നതിനുള്ള വ്യക്തിപരമായ വികാരങ്ങളും അഭിലാഷങ്ങളും പങ്കു വെക്കാനുള്ള അവസരമാണിത്.
രജിസ്‌ട്രേഷൻ കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ രേഖകൾ അപ് ലോഡ് ചെയ്തിരിക്കണം, അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടുകയും പിഎപികൾക്ക് വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതായി വരികയും ചെയ്യും. മുമ്പത്തെ അപേക്ഷ പുതുക്കാനുള്ള ഒരു ഐച്ഛികവുമില്ല. പിഎപികൾ ഇതിനായി പുതിയ രജിസ്‌ട്രേഷൻ തയ്യാറാക്കണം.
കൂടുതൽ വിവരങ്ങൾക്ക്, ദയവായി 2022- ലെ ദത്തെടുക്കൽ ചട്ടങ്ങൾ പരിശോധിക്കുക.
ഗാർഹിക പഠന റിപ്പോർട്ട് (ഹോം സ്റ്റഡി റിപ്പോർട്ട് -എച്ച്എസ്ആർ)
രജിസ്‌ട്രേഷനും രേഖകളും സമർപ്പിച്ചതിന് ശേഷം, പ്രത്യേക ദത്തെടുക്കൽ ഏജൻസി (എസ്എഎ) യിലെയോ ജില്ലാ ശിശു സംരക്ഷണ യൂണിറ്റി(ഡിസിപിയു)ലേയോ ഒരു ഒരു സാമൂഹിക പ്രവർത്തകൻ 60 ദിവസത്തിനുള്ളിൽ സമഗ്രമായൊരു ഗാർഹിക പഠന റിപ്പോർട്ട് തയ്യാറാക്കുന്നു. വൈകാരിക സന്നദ്ധത, സാമ്പത്തിക സ്ഥിരത, ദത്തെടുക്കലിനുള്ള പ്രചോദനം എന്നിവയുൾപ്പെടെ വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി തത്പരരായ രക്ഷിതാക്കളുടെ അനുയോജ്യത ഈ റിപ്പോർട്ട് വിലയിരുത്തുന്നു. മൂന്നു വർഷക്കാലത്തേക്ക് സാധുതയുള്ള ഗാർഹിക പഠന റിപ്പോർട്ട്, കാലഹരണപ്പെടുന്നതിന് മുമ്പ് വീണ്ടും സാധൂകരിക്കണം. രജിസ്‌ട്രേഷൻ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ (രണ്ട് മാസം) എച്ച്എസ്ആർ ഏജൻസി ഗാർഹിക പഠന റിപ്പോർട്ട് പൂർത്തിയാക്കണം, കൂടാതെ മൂന്ന് വർഷം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പുനർ നിർണ്ണയം ഉറപ്പാക്കണം.
ഒരു കുട്ടിയെ കരുതലിൽ വെച്ചതിനു ശേഷം പിഎപികളുടെ ഗാർഹിക പഠന റിപ്പോർട്ട് (എച്ച്എസ്ആർ) അതിൻ്റെ കാലഹരണ തീയതിയോട് അടുക്കുകയാണെങ്കിൽ, അനുരൂപമാക്കൽ പ്രക്രിയ എച്ച്എസ്ആർ കാലഹരണപ്പെടുന്നതിന് മുമ്പ് സമയബന്ധിതമായി പൂർത്തിയാക്കണം.
സീനിയോരിറ്റിയും പൊരുത്തപ്പെടലും:
രജിസ്‌ട്രേഷൻ്റെ തീയ്യതി അനുസരിച്ചാണ് സീനിയോറിറ്റി നിർണയിക്കുന്നത്. കുട്ടികളുടെ കൈമാറ്റത്തെയും ഇത് നിയന്ത്രിക്കുന്നു.
ചട്ടം 3(ബി) പ്രകാരം പിഎപികൾക്ക് തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ രണ്ട് സംസ്ഥാനങ്ങളെയോ, അല്ലെങ്കിൽ പകരമായി സംസ്ഥാനങ്ങളുടെ ഒരു ഗണത്തെയോ തിരഞ്ഞെടുക്കാം.
2022 നവംബറിന് ശേഷം രജിസ്റ്റർ ചെയ്ത പിഎപികൾക്ക് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നോ ഇന്ത്യയിലെവിടെ നിന്നോ കുട്ടികളുടെ മുൻഗണന സ്വീകരിക്കാൻ അർഹതയില്ല; അവ രണ്ട് സംസ്ഥാനങ്ങളിലേക്കോ ഒരു ഗണത്തിലേക്കോ പരിമിതപ്പെടുത്തിയിരിക്കുന്നു. പിഎപികളുടെ മുൻഗണനകളുമായി (പ്രായം, ലിംഗഭേദം, സംസ്ഥാനം) പൊരുത്തപ്പെടുന്ന സീനിയോറിറ്റിയും കുട്ടികളുടെ ലഭ്യതയും അടിസ്ഥാനമാക്കിയാണ് കുട്ടികളുടെ കൈമാറ്റ പ്രക്രിയ നടപ്പാക്കുന്നത്. പിഎപികളുടെ മുൻഗണനയ്ക്ക് അനുസൃതമായി ശുപാർശ നിർവഹിക്കുന്ന സിഎആർഎ, എന്നാൽ കുട്ടികളുടെ ജാതി, വിശ്വാസപ്രമാണം, മതം എന്നിവ പരിഗണിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.
പിഎപികൾ മുൻഗണനകൾ മാറ്റുമ്പോൾ സീനിയോറിറ്റിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, എന്നാൽ ശുപാർശകൾ സീനിയോറിറ്റി നമ്പറിനെയല്ല, മറിച്ച് രജിസ്‌ട്രേഷൻ തീയതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. സീനിയോറിറ്റി നമ്പർ ചലനാത്മകമാണ്.
പിഎപികൾ ഒരു കുട്ടിക്കായി അവരുടെ മുൻഗണനകൾ മാറ്റുമ്പോൾ, അവരുടെ സീനിയോറിറ്റി നമ്പറിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.
എന്നിരുന്നാലും, ഈ മാറ്റം സാധാരണയായി കാര്യമായ സ്വാധീനം ചെലുത്തില്ല, കാരണം കുട്ടികളെക്കുറിച്ചുള്ള ശുപാർശകൾ സീനിയോറിറ്റിയുടെ അളവ് അനുസരിച്ചല്ല, സീനിയോറിറ്റി തീയതിയിൽ മാത്രമാണ് നടപ്പിലാക്കുന്നത്.
എച്ച്എസ്ആർ പുനർനിർണ്ണയത്തിലെ കാലതാമസം സീനിയോറിറ്റിയെ ബാധിക്കില്ല, എന്നാൽ പുനർനിർണ്ണയം പൂർത്തിയാകുന്നതുവരെ പിഎപികൾക്ക് കുട്ടികൾ കൈമാറ്റം ചെയ്യപ്പെടാനുള്ള അർഹതയുണ്ടായിരിക്കില്ല. കാലതാമസ സമയത്ത്, പിഎപികളുടെ സീനിയോറിറ്റി പോർട്ടലിൽ ദൃശ്യമാകില്ല.
ദമ്പതികളായി രജിസ്റ്റർ ചെയ്‌തെങ്കിലും പിന്നീട് വിവാഹമോചനം നേടിയ/വൈധവ്യം ബാധിച്ച, അല്ലെങ്കിൽ അവിവാഹിതരായി രജിസ്റ്റർ ചെയ്‌തെങ്കിലും പിന്നീട് വിവാഹിതരായ പിഎപികൾക്ക് 44(6), 44(7) ചട്ടങ്ങൾ പ്രകാരം പ്രത്യേക വ്യവസ്ഥകൾ നിലവിലുണ്ട്.
എച്ച്എസ്ആർ അംഗീകാരം ലഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ ഒരു ശുപാർശ പോലും ലഭിക്കാത്ത പിഎപികൾ:
ചട്ടം 5(9) അനുസരിച്ച്, നൂറ്റി പത്ത് വർഷത്തെ സംയുക്ത വർഷങ്ങൾ പിന്നിട്ടവർ ഒഴികെയുള്ളവരുടെ സീനിയോറിറ്റി അവർ രജിസ്റ്റർ ചെയ്ത തീയതി മുതൽ കണക്കാക്കും.
പിഎപികൾക്ക് ശുപാർശ ലഭിക്കുകയും എച്ച്എസ്ആർ പുനർനിർണ്ണയം നടത്തുകയും ചെയ്തുകഴിഞ്ഞാൽ, ശേഷിക്കുന്ന ശുപാർശകൾക്ക് പിഎപികളുടെ നിലവിലെ പ്രായം പരിഗണിക്കും. പ്രായ മാനദണ്ഡങ്ങളെക്കുറിച്ചുള്ള വ്യക്തതയ്ക്കായി, 2022 ലെ ദത്തെടുക്കൽ ചട്ടങ്ങളുടെ വ്യവസ്ഥ 5(4) കാണുക.
സ്ഥലംമാറ്റ പശ്ചാത്തലം:
വിദേശത്തേക്ക് മാറുന്ന സ്വദേശി പിഎപികൾ: വിദേശത്തേക്ക് മാറുമ്പോൾ, മുൻ രജിസ്‌ട്രേഷൻ പിൻവലിക്കാതെ, രാജ്യത്തിനുള്ളിലെ ദത്തെടുക്കലിനായി പിഎപികളിലെ സ്വദേശികൾ/വിദേശ ഇന്ത്യക്കാർ/പ്രവാസികൾ എന്നിവർ വീണ്ടും രജിസ്റ്റർ ചെയ്യണം. അവർക്ക് അവരുടെ രാജ്യത്തിനുള്ളിലെ രജിസ്‌ട്രേഷൻ തുടരുകയോ, സ്വദേശികൾ/വിദേശ ഇന്ത്യക്കാർ/പ്രവാസികൾ ആയി പുതുതായി രജിസ്റ്റർ ചെയ്യുകയോ ചെയ്യാം. വീണ്ടും രജിസ്റ്റർ ചെയ്യുമ്പോൾ മുമ്പത്തെ രജിസ്‌ട്രേഷൻ്റെ അടിസ്ഥാനത്തിൽ അവരുടെ സീനിയോറിറ്റി നിലനിർത്തിയേക്കാം. കൂടുതൽ വ്യക്തതയ്ക്കായി, അവർ ബന്ധപ്പെട്ട എഎഫ്എഎ, കേന്ദ്ര അതോറിറ്റി അല്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര ദൗത്യം എന്നിവയെ ബന്ധപ്പെടാം.
ഇന്ത്യയിലേക്ക് താമസം മാറുന്ന അന്തർ-രാജ്യ പിഎപികൾ:
ഇന്ത്യയിലേക്ക് താമസം മാറുന്ന രാജ്യാന്തര പിഎപികൾ 'കെയറിങ്‌സ്' ൽ സ്വദേശി ആയി വീണ്ടും രജിസ്റ്റർ ചെയ്യുകയും എച്ച്എസ്ആർ പൂർത്തിയാക്കുകയും വേണം. രജിസ്‌ട്രേഷൻ കഴിഞ്ഞാൽ, അവരുടെ അഭ്യർത്ഥന പ്രകാരം, മുൻ രജിസ്‌ട്രേഷനെ അടിസ്ഥാനമാക്കി അവരുടെ സീനിയോറിറ്റി നിലനിർത്താവുന്നതാണ്.
കുട്ടികളെ ശുപാർശ ചെയ്യുന്ന പ്രക്രിയ:
പിഎപികൾക്ക് അവരുടെ സീനിയോറിറ്റിയും മുൻഗണനകളും (പ്രായം, ലിംഗഭേദം, സംസ്ഥാനം) അടിസ്ഥാനമാക്കി മൂന്ന് ശുപാർശകൾ വരെ ലഭിക്കും
തുടർച്ചയായ ശുപാർശകൾക്കിടയിൽ ഒരു മാസത്തെ ഇടവേളയുണ്ട്
സ്വദേശി പിഎപികൾക്ക്: പ്രൊഫൈൽ കണ്ടതിന് ശേഷം ഒരു കുട്ടിയെ സംരക്ഷണ സംവരണത്തിന് പരിഗണിക്കാൻ 48 മണിക്കൂർ.
രാജ്യാന്തര പിഎപികൾക്ക്: ഒരു കുട്ടിയെ സംരക്ഷണ സംവരണത്തിന് പരിഗണിക്കാൻ 96 മണിക്കൂർ
ഓരോ ശുപാർശയിലും കുട്ടിയുടെ ഫോട്ടോഗ്രാഫുകൾ, ശിശു പഠന റിപ്പോർട്ട്, (സിഎസ്ആർ), വൈദ്യ പരിശോധനാ റിപ്പോർട്ട് (എംഇആർ) എന്നിവ ഉൾപ്പെടുന്നു
പിഎപികൾ സംരക്ഷണ കരുതലിൽ പരിഗണിച്ച കുട്ടിയെ സ്വീകരിക്കുന്നില്ലെങ്കിൽ, അവരുടെ സ്ഥാനം സീനിയോറിറ്റി പട്ടികയുടെ അടിയിലേക്ക് മാറ്റും (ചട്ടം 11(14))
മൂന്ന് ശുപാർശകൾ ലഭിച്ചിട്ടും ഒരു കുട്ടിയെ കരുതൽ സംരക്ഷണയിൽ സ്വീകരിച്ചില്ലെങ്കിൽ, സ്വദേശികളും വിദേശ ഇന്ത്യക്കാരും പ്രവാസികളുമായ പിഎപികൾ ഒരു വർഷത്തേക്ക് ദത്തെടുക്കൽ പ്രക്രിയയിൽ നിന്ന് വിലക്കപ്പെടും. അതുപോലെ, രണ്ട് ശുപാർശകൾക്ക് ശേഷവും ഒരു കുട്ടിയെ കരുതലിൽ വെച്ചില്ലെങ്കിൽ, വിദേശ പിഎപികൾ ഒരു വർഷത്തേക്ക് വിലക്കപ്പെടും.
ഡീബാർ ചെയ്ത കാലയളവിനുശേഷം, പിഎപിമാർ പുതിയ യോഗ്യതാപത്രങ്ങൾ ഉപയോഗിച്ച് പുതുതായി രജിസ്റ്റർ ചെയ്യണം. സീനിയോറിറ്റി പുതിയ രജിസ്‌ട്രേഷൻ തീയ്യതിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഒരു വർഷത്തെ ഡീബാർ ചെയ്ത കാലയളവ് പൂർത്തിയാക്കിയ ശേഷം, മുഴുവൻ പ്രക്രിയയും പുതിയ അപേക്ഷയായി കണക്കാക്കും. പിഎപിമാർക്ക് അവരുടെ മുൻ/പഴയ അപേക്ഷ തുടരാൻ കഴിയില്ല.
പിഎപികളുടെ കാത്തിരിപ്പ് കാലയളവ് അവരുടെ സീനിയോറിറ്റിയെയും കുട്ടികളുടെ ലഭ്യതയെയും ആശ്രയിച്ചിരിക്കുന്നു. പ്രായം, ലിംഗഭേദം, ആരോഗ്യം, കുട്ടിയുടെ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം മുതലായവ സംബന്ധിച്ച് പിഎപികൾ നൽകുന്ന മുൻഗണന അനുസരിച്ചിരിക്കുമത്. എന്നിരുന്നാലും, പിഎപികൾക്ക് അവരുടെ ലോഗിൻ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അവരുടെ സീനിയോറിറ്റി അഭിഗമ്യമാവും.
ഏഴ് ദിവസത്തെ പോർട്ടൽ വഴി കരുതിവെക്കപ്പെട്ട കുട്ടികളെ വിദേശ പിഎപികൾക്ക് റഫർ ചെയ്യുന്നു. ശുപാർശകൾക്കിടയിൽ ഒരു മാസത്തെ ഇടവേളയോടെ രണ്ട് കുട്ടികളുടെ പ്രൊഫൈലുകൾ വരെ ശുപാർശ ചെയ്യുന്നു.
ശിശു പഠന റിപ്പോർട്ടും വൈദ്യ പരിശോധനയും:
ദത്തെടുക്കലിന് നിയമപരമായി സ്വാതന്ത്ര്യമുള്ള കുട്ടികൾക്കായി തയ്യാറാക്കിയ വിശദമായ ഒരു രേഖയാണ് ശിശു പഠന റിപ്പോർട്ട് (ചൈൽഡ് സ്റ്റഡി റിപ്പോർട്ട്). പേര്, പ്രായം, ലിംഗഭേദം, ജനന സ്ഥലം, ഏൽപ്പിക്കലിൻ്റെയോ ഉപേക്ഷിക്കലിൻ്റെയോ സാഹചര്യങ്ങൾ, തുടങ്ങിയ കുട്ടിയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ബുദ്ധിശക്തി, പെരുമാറ്റം, വ്യക്തിത്വം, കേളീ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ പുരോഗതി എന്നിവയുൾപ്പെടെ കുട്ടിയുടെ വികസനത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും റിപ്പോർട്ട് നൽകുന്നു.
വൈദ്യ പരിശോധനാ റിപ്പോർട്ട് (എംഇആർ) അംഗീകാരമുള്ള ഒരു ആരോഗ്യ വിദഗ്ധൻ, സാധാരണയായി ഒരു ശിശുരോഗ വിദഗ്ദ്ധൻ ആണ് സമഗ്രമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം നൽകുന്നത്.
ഇത് കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും വൈദ്യചികിത്സാ നിലയെയും സൂചിപ്പിക്കുന്നു. ദത്തെടുക്കലുമായി മുന്നോട്ടുപോകുന്നതിനുമുമ്പ് ദത്തെടുക്കാൻ പോകുന്ന മാതാപിതാക്കൾക്ക് കുട്ടിയുടെ ശാരീരികവും മാനസികവുമായ അവസ്ഥയെക്കുറിച്ച് പൂർണ്ണമായ അറിവുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു. കുട്ടിയുടെ അവസ്ഥയെക്കുറിച്ച് 15 ദിവസത്തിനുള്ളിൽ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.
പൊരുത്തപ്പെടലും കരുതലിൽവെക്കലും:
പ്രത്യേക ദത്തെടുക്കൽ ഏജൻസികൾ നിയുക്ത പോർട്ടലിൽ നിന്ന് പിഎപികളെക്കുറിച്ചുള്ള വിശദാംശങ്ങൾ നേടുകയും, പൊരുത്തപ്പെടുന്നതിനായി കൂടിക്കാഴ്ച നിശ്ചയിക്കുകയും ചെയ്യുന്നു. ദത്തെടുക്കൽ കമ്മിറ്റി ദത്തെടുക്കലിൽ തത്പരരായ രക്ഷിതാക്കളുടെ അനുയോജ്യത വിലയിരുത്തുകയും കൂടിക്കാഴ്ചാ സമയങ്ങളിൽ പ്രക്രിയ രേഖപ്പെടുത്തുകയും ചെയ്യുന്നു. ജില്ലാ മജിസ്ട്രേറ്റ് 60 ദിവസത്തിനുള്ളിൽ ദത്തെടുക്കൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.
ദത്തെടുക്കൽ ഫീസ്
ഇന്ത്യയിൽ താമസിക്കുന്ന സ്വദേശികൾക്കോ പ്രവാസികൾക്കോ വിദേശികൾക്കോ:
ഗാർഹിക പഠന റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 6,000 രൂപ
കുട്ടിയെ കരുതലിൽ വെയ്ക്കുമ്പോൾ 50,000 രൂപ (കൂടുതൽ വരുന്ന ഓരോ കുട്ടിക്കും 10,000 രൂപ)
ദത്തെടുക്കലിനു ശേഷമുള്ള നാല് തുടർ സന്ദർശനങ്ങൾക്ക് ഓരോന്നിനും 2,000 രൂപ (ആകെ 8,000 രൂപ)
രാജ്യാന്തര ദത്തെടുക്കലുകൾക്ക്, സ്വീകരിക്കുന്ന രാജ്യത്തിൻ്റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും എച്ച്എസ്ആർ ഫീസ്. ദത്തെടുക്കൽ പൂർവ്വ വളർത്തു പരിചരണ (പ്രീ-അഡോപ്ഷൻ ഫോസ്റ്റർ കെയർ) സമയത്ത് ഒരു സാധാരണ കുട്ടിക്ക് 50,000 രൂപയും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടിയെ ദത്തെടുക്കുന്നതിന് 5,000 ഡോളറും ആണ് ഫീസ്. തുടർനടപടികളുടെ ഫീസ് എന്നത് സ്വീകരിക്കുന്ന രാജ്യത്തെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന കുറിപ്പ്:
2024 ജനുവരി രണ്ടിന് നടന്ന 36-ാമത് യോഗത്തിൽ സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം, സവിശേഷ ദത്തെടുക്കൽ ഏജൻസികൾക്ക് ഒരിക്കൽ സമർപ്പിച്ചുകഴിഞ്ഞാൽ ദത്തെടുക്കൽ ഫീസ് തിരികെ ലഭിക്കുന്നതല്ല.
പ്രാദേശിക ദത്തെടുക്കൽ ഏജൻസികൾ ദത്തെടുക്കുന്നതിൽ തത്പരരായ ഭാവി മാതാപിതാക്കളെ പണത്തിനായി ചൂഷണം ചെയ്യുന്നത് തടയാൻ നിശ്ചിത ഫീസ് ഘടന, സിഎആർഎയുടെ ഡിജിറ്റൽ ദത്തെടുക്കൽ പ്രക്രിയ, പരാതി പരിഹാര സംവിധാനം, നിയമപരമായ ശിക്ഷകൾ തുടങ്ങിയ കർശന നടപടികൾ നിലവിലുണ്ട്.
ദത്തെടുക്കലിനു ശേഷമുള്ള തുടർനടപടികൾ
രാജ്യത്തിനുള്ളിലെ ദത്തെടുക്കൽ: 2 വർഷത്തിനുള്ളിൽ 4 തുടർ സന്ദർശനങ്ങൾ
രാജ്യാന്തര ദത്തെടുക്കൽ: 2 വർഷത്തിനുള്ളിൽ 6 തുടർ സന്ദർശനങ്ങൾ
കുട്ടിയുടെ ക്ഷേമവും കുടുംബവുമായുള്ള സുഗമമായ സംയോജനവും ഈ സന്ദർശനങ്ങൾ ഉറപ്പാക്കുന്നു. മാതാപിതാക്കളിൽ ഒരാൾ വിദേശത്ത് ജോലി ചെയ്യുന്നുണ്ടെങ്കിൽ, ദത്തെടുത്ത കുട്ടിയുമായി 2 വർഷം പൂർത്തിയാകുന്നതിന് മുമ്പ് കുടുംബത്തിന് താമസം മാറ്റാം, ശേഷിക്കുന്ന തുടർ നടപടികൾ അവരുടെ പുതിയ സ്ഥലത്തെ അംഗീകൃത ഏജൻസി നടത്തും.
രാജ്യത്തിനകത്തെ ദത്തെടുക്കലിന്, കുറഞ്ഞത് ദത്തെടുക്കൽ അനന്തര തുടർനടപടി റിപ്പോർട്ട് പൂർത്തീകരിച്ചതിന് ശേഷം മാത്രമേ സിഎആർഎ കുട്ടിയുടെ പാസ്പോർട്ടിനായി ഒരു പിന്തുണക്കത്ത് നൽകൂ. നിയമപരമായ ദത്തെടുക്കലിൻ്റെ 2 വർഷം പൂർത്തിയായിട്ടുണ്ടെങ്കിൽ, 2022 ലെ ദത്തെടുക്കൽ ചട്ടങ്ങളിലെ 42 ാം വ്യവസ്ഥ അനുസരിച്ച് ഒരു പിന്തുണക്കത്ത് ആവശ്യമില്ല.
ദത്തെടുക്കലിൻ്റെ പ്രത്യേക വിഭാഗങ്ങൾ
രണ്ടാനമ്മ/രണ്ടാനച്ഛൻ ദത്തെടുക്കൽ
സിഎആർഎ വെബ്സൈറ്റിൽ 'രക്ഷിതാക്കൾ' എന്ന വിഭാഗത്തിന് കീഴിൽ നൽകിയിരിക്കുന്ന പ്രക്രിയ പിന്തുടർന്ന് രണ്ടാനച്ഛനും രണ്ടാനമ്മയ്ക്കും അവരുടെ കുട്ടിയെ ദത്തെടുക്കാൻ കഴിയും. രണ്ടാം രക്ഷിതാവിനായുള്ള ദത്തെടുക്കൽ രജിസ്‌ട്രേഷൻ ഫോം സമർപ്പിച്ചതിന് ശേഷം, ജൈവിക രക്ഷിതാവിൻ്റെയും രണ്ടാനച്ഛൻ/രണ്ടാനമ്മ എന്നിവരുടേയും സന്ദർശന അവകാശമുള്ള രക്ഷിതാവിൻ്റെയും സമ്മതം ആവശ്യമാണ്. ഈ സമ്മതം ശിശു ക്ഷേമസമിതി മുമ്പാകെ നൽകണം.
കുട്ടിയുടെ കരുതൽഅവകാശം സംബന്ധിച്ച കേസ് കോടതിയിൽ പരിഗണിക്കപ്പെടുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട കോടതി കേസ് തീർപ്പാക്കിയതിനുശേഷം മാത്രമേ ദത്തെടുക്കൽ പ്രക്രിയ ആരംഭിക്കാൻ പാടുള്ളൂ.
ബന്ധു ദത്തെടുക്കൽ:
ബന്ധു ദത്തെടുക്കലിൽ, ബന്ധു എന്നത് പിതൃ/മാതൃ സഹോദരൻ/സഹോദരി, അല്ലെങ്കിൽ അച്ഛച്ചൻ അല്ലെങ്കിൽ മാതൃസഹോദരി, അല്ലെങ്കിൽ പിതൃ/മാതൃ മുത്തശ്ശൻ തുടങ്ങിയ അടുത്ത കുടുംബാംഗങ്ങളെ സൂചിപ്പിക്കുന്നു.
ബന്ധു അല്ലെങ്കിൽ രണ്ടാനച്ഛൻ/രണ്ടാനമ്മ ദത്തെടുക്കൽ കേസുകളിൽ ഒഴികെ, പിഎപികൾക്ക് പരിചയമുള്ള ഒരു കുട്ടിയെ സ്വയം ദത്തെടുക്കാൻ കഴിയില്ല. ബന്ധുക്കൾ ദത്തെടുക്കുന്നതിനുള്ള യോഗ്യതയും നടപടിക്രമവും സിഎആർഎ വെബ്സൈറ്റിൽ 'രക്ഷിതാക്കൾ' പ്രധാന മെനുവിന് കീഴിൽ ലഭ്യമാണ്.
സഹോദരങ്ങളെ ദത്തെടുക്കൽ
രണ്ടോ അതിലധികമോ സഹോദരങ്ങളെ ശുപാർശ ചെയ്യുന്നതാണ് സഹോദര ദത്ത് വിഭാഗം കൊണ്ട് സൂചിപ്പിക്കുന്നത്, അതിൽ ഇരട്ടകളും ഉൾപ്പെടാം. ദത്തെടുക്കൽ സമയത്ത് സഹോദരങ്ങളെ ഒരുമിച്ച് നിർത്തുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഇതിൽ ഒരു കുട്ടി മുൻഗണനയുമായി പൊരുത്തപ്പെടുകയും മറ്റുള്ളവർക്ക് കുട്ടിയേക്കാൾ പ്രായക്കൂടുതലുണ്ടാവുകയോ ചെയ്യാം. സഹോദരങ്ങളെ ദത്തെടുക്കുന്നതിന് പ്രത്യേക മിനിമം വരുമാന ആവശ്യകതകളൊന്നുമില്ല. ഗാർഹിക പഠന റിപ്പോർട്ട് തയ്യാറാക്കൽ വേളയിൽ സാമൂഹിക പ്രവർത്തകൻ യോഗ്യതയും അനുയോജ്യതയും വിലയിരുത്തുന്നു.
എച്ച്എസ്ആർ വഴി സാമ്പത്തിക ശേഷിയെ സന്ദർഭോചിതമായി വിലയിരുത്തുന്നു.
ദ്രുത വിന്യാസ വിഭാഗം
ദ്രുത വിന്യാസ (ഐ.പി) വിഭാഗത്തിൽ, 6 നും 18 നും ഇടയിൽ പ്രായമുള്ള മുതിർന്ന കുട്ടികളെ ദത്തെടുക്കാൻ ലഭ്യമാണ്. ഈ കുട്ടികളെ സ്ഥിരാവാസമൊരുക്കുക പലപ്പോഴും ബുദ്ധിമുട്ടാണ്, കൂടാതെ 'കെയറിങ്‌സ്'ലെ ഉടനടിയുള്ള വിന്യാസ തലം വഴി നേരിട്ട് തിരഞ്ഞെടുക്കാനും കഴിയും.
ലിവ്-ഇൻ ദമ്പതിമാർക്കുള്ള പ്രത്യേക പരിഗണനകൾ
ഇപ്പോൾ, അവിവാഹിത പിഎപികൾക്കോ 2 വർഷത്തെ സ്ഥിരതയുള്ള ദാമ്പത്യജീവിതമുള്ള വിവാഹിത ദമ്പതിമാർക്കോ കുട്ടികളെ ദത്തെടുക്കാം. വിവാഹിതരാവാത്ത, ദീർഘകാല ബന്ധമുള്ള അവിവാഹിത ലിവ്-ഇൻ പങ്കാളികളുള്ള അവിവാഹിത പിഎപികളുടെ സ്ഥിതിവിവരം രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു സർക്കുലർ സിഎആർഎ വെബ്സൈറ്റിൽ ലഭ്യമാണ്.
ദേശീയ ദത്തെടുക്കൽ അവബോധം 2025: #ഓരോ കുട്ടിയും പ്രധാനമാണ്'
എല്ലാ കുട്ടികളും സ്‌നേഹവും കരുതലുമുള്ള കുടുംബാന്തരീക്ഷം അർഹിക്കുന്നു എന്ന അടിസ്ഥാന തത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയിലുടനീളം എല്ലാ വർഷവും നവംബർ മാസം ദേശീയ ദത്തെടുക്കൽ അവബോധ മാസമായി ആചരിക്കുന്നു. 2025 ലെ ദത്തെടുക്കൽ അവബോധ മാസത്തിൻ്റെ പ്രമേയം 'പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളു(ദിവ്യാംഗ് കുട്ടികൾ)ടെ സ്ഥാപനവത്കൃതമല്ലാത്ത പുനരധിവാസം' എന്നതായിരുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ സഹാനുഭൂതിയുടെ കണ്ണിലൂടെയല്ല, മറിച്ച് ഉൾച്ചേർക്കൽ, സ്വീകാര്യത, തുല്യത എന്നിവയിലൂടെ കാണാൻ പൊതുജനങ്ങളെയും തത്പരകക്ഷികളെയും പ്രേരിപ്പിക്കുക എന്നതായിരുന്നു ഈ വർഷത്തെ ലക്ഷ്യം. ശാരീരികമോ വികസനപരമോ ആയ വെല്ലുവിളികൾ പരിഗണിക്കാതെ, ഓരോ കുട്ടിക്കും കുടുംബജീവിതത്തിനും വാത്സല്യത്തിനും അന്തസ്സിനും അവകാശമുണ്ടെന്ന് #ഓരോ കുട്ടിയും പ്രധാനമാണ്' കാമ്പയിൻ ഉയർത്തിക്കാട്ടി.
പ്രത്യേക ശ്രദ്ധ: പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ (ദിവ്യാംഗ് കുട്ടികൾ) ദത്തെടുക്കുന്നതിനാണ് സിഎആർഎ മുൻഗണന നൽകുന്നത്. പ്രത്യേക പരിഗണനാവശ്യങ്ങൾ എന്നാൽ കഴിവില്ലായ്മ എന്നല്ല അർത്ഥമാക്കുന്നതെന്നും ആ കുട്ടികളിൽ പലർക്കും നേരിയതോ താൽക്കാലികമോ ആയ ആരോഗ്യപ്രശ്‌നങ്ങൾ മാത്രമേ ഉള്ളൂവെന്നും ഊന്നിപ്പറയുന്നു.
പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ ദത്തെടുക്കലിനുള്ള പിന്തുണ:
സാധാരണ കുട്ടിയെ ദത്തെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ദത്തെടുക്കൽ തത്പരരായ മാതാപിതാക്കൾക്ക് അതേ രജിസ്‌ട്രേഷനിൽ ഒരു പ്രത്യേക പരിഗണന ആവശ്യമുള്ളതോ അല്ലെങ്കിൽ ദത്തെടുത്ത് പരിപാലിക്കാൻ പ്രയാസമുള്ള കുട്ടിയെയോ കരുതലിൽ വെക്കാൻ കഴിയും.
പിഎപികൾ ഈ സംവരണത്തിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവരുടെ സീനിയോറിറ്റിയെ ബാധിക്കില്ല.
രാജ്യാന്തര ദത്തെടുക്കലുകൾക്ക്, ദത്തെടുക്കൽ പൂർവ്വ വളർത്തു പരിപാലനം (പിഎഎഫ്‌സി) സമയത്ത് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയെ ദത്തെടുക്കുന്നതിനുള്ള ഫീസ് 5,000 ഡോളർ ആണ്.
സ്‌പെഷ്യൽ നീഡ്‌സ് പോർട്ടലിൽ നിന്നുള്ള സംവരണത്തിന് ശേഷം, പ്രത്യേക ദത്തെടുക്കൽ ഏജൻസികൾ കുട്ടികളുടെ അധിക ഫോട്ടോഗ്രാഫുകളും വീഡിയോ ക്ലിപ്പുകളും ശേഖരിച്ചൊരുക്കുകയും കുട്ടികളുമായുള്ള വീഡിയോ കോളുകൾ ക്രമീകരിക്കുകയും ചെയ്യുന്നു.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന വിദേശത്ത് താമസിക്കുന്ന, വിദേശ ഇന്ത്യക്കാരായ ദമ്പതിമാർക്ക് ഈ സൗകര്യപ്രദമായ ഇടപെടലുകൾ വഴി കുട്ടിയെ കാണാനോ സന്ദർശിക്കാനോ കഴിയും.
ദത്തെടുക്കൽ ചട്ടങ്ങളിലെ വ്യവസ്ഥ 5(7) പ്രകാരം, രണ്ടോ അതിലധികമോ കുട്ടികളുള്ള ദമ്പതിമാർക്ക് അവർ ബന്ധുക്കളോ രണ്ടാനച്ഛൻ/രണ്ടാനമ്മ അല്ലാത്ത പക്ഷം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയോ അല്ലെങ്കിൽ ദത്തെടുത്ത് പരിപാലിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികളെയോ മാത്രമേ ദത്തെടുക്കാൻ കഴിയൂ,
സ്‌പെഷ്യൽ നീഡ്‌സ് പോർട്ടൽ വഴി നേരിട്ട് സംവരണം ചെയ്യുന്ന സാഹചര്യത്തിൽ, സംവരണ തീയതി മുതൽ 30 ദിവസത്തിനുശേഷം, പിഎപിയുടെ സീനിയോറിറ്റിയെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നം പരിഗണിക്കാതെ, കുട്ടിയെ പിഎപിയുടെ പ്രൊഫൈലിൽ നിന്ന് സ്വയമേവ വിടുതൽ ചെയ്യും.
വളർത്തൽ സ്ഥിരത: ദത്തെടുക്കലിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പ്.
ദത്തെടുക്കൽ ദീർഘകാല കുടുംബ സംയോജനത്തിനുള്ള കേന്ദ്ര മാർഗമായി തുടരുമ്പോൾ, വളർത്തു പരിചരണം (ഫോസ്റ്റർ കെയർ) ഒരു സുപ്രധാന ഇടക്കാല സംവിധാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് മുതിർന്ന കുട്ടികൾക്കും ശ്രദ്ധാപൂർവ്വമായ വിന്യാസത്തിന് കൂടുതൽ സമയം ആവശ്യമുള്ളവർക്കും.
സ്ഥിരമായ ദത്തെടുക്കലിനുള്ള ശ്രമങ്ങൾ തുടരുമ്പോൾ തന്നെ വളർത്തു പരിചരണം കുട്ടികൾക്ക് പരിപോഷിതവും കുടുംബസമാനവുമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇത് അവരെ സ്ഥാപനപരമായ പരിചരണത്തിൽ വിടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം വൈകാരിക സ്ഥിരതയും സാധാരണാവസ്ഥയും കെട്ടിപ്പടുക്കാൻ സഹായിക്കുന്നു. ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വളർത്തു പരിചരണം ലഭ്യമാകൂ; വിദേശത്ത് താമസിക്കുന്ന വ്യക്തികൾക്ക് ഇന്ത്യയിൽ നിന്നുള്ള ഒരു കുട്ടിയെ വളർത്താൻ കഴിയില്ല.
വളർത്തു പരിചരണ പ്രക്രിയ
ഭാവി വളർത്തു രക്ഷിതാക്കൾ (പ്രോസ്‌പെക്റ്റീവ് ഫോസ്റ്റർ പാരൻ്റ് സ്-പിഎഫ്പികൾ)ക്കായുള്ള വളർത്തു പരിചരണ പ്രക്രിയയിൽ നിരവധി ഘട്ടങ്ങൾ ഉൾപ്പെടുന്നു:
സ്വയം രജിസ്‌ട്രേഷൻ: കുടുംബ ഫോട്ടോ, തിരിച്ചറിയൽ പ്രമാണം, മെഡിക്കൽ സർട്ടിഫിക്കറ്റ്, വരുമാന തെളിവ്, വിവാഹം/വിവാഹമോചന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ പിഎഫ്പികൾ ജില്ലാ ശിശു സംരക്ഷണ യൂണിറ്റു (ഡിസിപിയു)കളിൽ സമർപ്പിക്കുന്നു.
ചുരുക്കപട്ടികയും പൊരുത്തപ്പെടലും: ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾ പിഎഫ്പികളെ അവലോകനം ചെയ്യുകയും ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നു. തുടർന്ന് ആവശ്യാനുസരണം കുട്ടിയുമായി ഒത്തുനോക്കുന്നതിനായി ശിശു ക്ഷേമ സമിതി(സിഡബ്ല്യുസി)യ്ക്ക് സമർപ്പിക്കുന്നു.
വിന്യാസ പ്രക്രിയ: അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ശിശു ക്ഷേമ സമിതി ഒരു വളർത്തു പരിചരണ ഉത്തരവ് പുറപ്പെടുവിക്കുകയും പിഎഫ്പി ഒരു സമ്മതപത്രത്തിൽ ഒപ്പിടുകയും ചെയ്യുന്നു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റുകൾ ആവശ്യമായ രേഖകൾ അപ് ലോഡ് ചെയ്യുന്നു.
പ്രതിമാസ പരിശോധനകൾ: കുട്ടിയുടെ ക്ഷേമവും കുടുംബ നിലവാരവും ഉറപ്പാക്കാൻ സിഡബ്ല്യുസി പതിവായി വീട്ടിൽ പരിശോധനകൾ നടത്തുന്നു.
വളർത്തു ദത്തെടുക്കൽ: വളർത്തു പരിചരണത്തിൽ 2 വർഷത്തിനുശേഷം, കുട്ടി നിയമപരമായി സ്വതന്ത്രനാണെങ്കിൽ, നടപടി ദത്തെടുക്കലിലേക്ക് പോവാം.
കുട്ടികളുടെ രേഖകൾ: ഡിസിപിയു കുട്ടിയുടെ പരിചരണ പദ്ധതി, സാമൂഹിക അന്വേഷണ റിപ്പോർട്ട്, മെഡിക്കൽ പരിശോധനാ ഫലങ്ങൾ, പിഎഫ്പിയുടെ ഗാർഹിക പഠന റിപ്പോർട്ട് എന്നിവ അവലോകനത്തിനായി അപ് ലോ ഡ് ചെയ്യുന്നു.
വളർത്തു ദത്തെടുക്കൽ (ഫോസ്റ്റർ അഡോപ്ഷൻ) പ്രക്രിയ
ഈ പ്രക്രിയയിൽ ഇവ ഉൾപ്പെടുന്നു:
ഡിസിപിയു വഴി വളർത്തു മാതാപിതാക്കളുടെ രജിസ്‌ട്രേഷൻ
ഡിസിപിയു വഴി കുട്ടിയുടെ രജിസ്‌ട്രേഷൻ
ഡിസിപിയു സംസ്ഥാന ദത്തെടുക്കൽ വിഭവ ഏജൻസിയ്ക്ക് നിർദേശം അയയ്ക്കുന്നു. അവരത് സിഎആർഎയ്ക്ക് അയയ്ക്കുന്നു
സിഎആർഎ ഒരു മുൻകൂർ അനുമതി കത്ത് നൽകുന്നു, തുടർന്ന് നിർദേശം എസ്എആർഎ യിലേക്കും പിന്നീട് തുടർന്ന് ഡിസിപിയുവിലേക്കും തിരികെ പോകുന്നു.
ദത്തെടുക്കൽ ഉത്തരവിനായി ഡിസിപിയു ജില്ലാ മജിസ്ട്രേറ്റിന് അന്തിമ അപേക്ഷ സമർപ്പിക്കുന്നു
സുരക്ഷാ മുൻകരുതലുകളും സുതാര്യതയും: നിയമപരമായ വിശ്വാസം ശക്തിപ്പെടുത്തൽ
ആഭ്യന്തരമോ രാജ്യാന്തരമോ ആയ ഓരോ ദത്തെടുക്കലും കർശനവും നിയന്ത്രിതവുമായ ഒരു പ്രക്രിയ പിന്തുടരുന്നുവെന്ന് സിഎആർഎ ഉറപ്പാക്കുന്നു:
നിയമപരമായ അനുമതിയും കുട്ടികളുടെ സംരക്ഷണ സുരക്ഷിതത്വവും ഉറപ്പാക്കിക്കൊണ്ട്, ബാല നീതി നിയമവും 2022 ലെ ദത്തെടുക്കൽ ചട്ടങ്ങളും അനുസരിച്ചാണ് ദത്തെടുക്കൽ നടത്തുന്നത്.
'കെയറിങ്‌സ്' എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയുള്ള ദത്തെടുക്കൽ പ്രക്രിയ സുതാര്യത, കാര്യക്ഷമമായ അനുരൂപമാക്കൽ, സംവേദനക്ഷമമായ വിവരങ്ങളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ദത്തെടുക്കലിന് തത്പരരായ രക്ഷിതാക്കൾ(പിഎപി), രജിസ്‌ട്രേഷൻ, ഗാർഹിക പഠന റിപ്പോർട്ട്, കുട്ടികളുടെ ശുപാർശ, നിശ്ചിത സമയപരിധിയ്ക്കുള്ളിൽ തിരഞ്ഞെടുക്കൽ, ദത്താനന്തര തുടർനടപടികൾ എന്നിവയുൾപ്പെടെയുള്ള ഒരു നിയന്ത്രിത നടപടിക്രമം പിന്തുടരുന്നു.
ദത്തെടുക്കലിന് ലഭ്യമാവുന്ന എല്ലാ കുട്ടികളും (അനാഥർ, പരിത്യജിക്കപ്പെട്ടവർ, ഏൽപ്പിക്കപ്പെട്ടവർ) ദത്തെടുക്കപ്പെടാൻ നിയമപരമായി സ്വാതന്ത്ര്യമുള്ളവരാണെന്ന് ശിശു ക്ഷേമ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊരുത്തപ്പെടൽ വേളയിൽ സിഎആർഎ കുട്ടിയുടെ ജാതി, വിശ്വാസപ്രമാണം അല്ലെങ്കിൽ മതം എന്നിവ പരിഗണിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല; ദത്ത് തത്പര രക്ഷിതാക്കളുടെ സംസ്ഥാനം, പ്രായം, ലിംഗഭേദം തുടങ്ങിയ മുൻഗണനകളെ അടിസ്ഥാനമാക്കിയുള്ളതാണ് ശുപാർശകൾ.
കുട്ടിയുടെ അവസ്ഥയെക്കുറിച്ച് സിഎംഒ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും
ജില്ലാ മജിസ്ട്രേറ്റ് 60 ദിവസത്തിനുള്ളിൽ ദത്തെടുക്കൽ ഉത്തരവ് പുറപ്പെടുവിക്കും
ചൂഷണവും നിയമവിരുദ്ധ ദത്തെടുക്കലും തടയൽ
നിശ്ചിത ഫീസ് ഘടന ഏജൻസികളുടെ സാമ്പത്തിക ചൂഷണം തടയുന്നു
ഡിജിറ്റൽ പ്രക്രിയ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു
ആശങ്കകൾക്ക് പരാതി പരിഹാര സംവിധാനം ലഭ്യമാണ്
ലംഘനങ്ങൾക്ക് നിയമപരമായ പിഴകൾ
ദത്തെടുക്കലിന് നിയമപരമായി സ്വതന്ത്രരായി പ്രഖ്യാപിക്കപ്പെട്ട കുട്ടികളെ മാത്രമേ സിഎആർഎ പ്രസ്തുത നടപടിക്രമത്തിന് വിധേയമാക്കുന്നുള്ളൂ. ഹിന്ദു ദത്തെടുക്കൽ, പരിപാലന നിയമം (എച്ച്എഎംഎ) പ്രകാരം നടപടിക്രമങ്ങൾ ചെയ്ത വ്യവഹാരങ്ങൾ ഒഴികെ, സിഎആർഎയുടെ നിർദ്ദിഷ്ട ചട്ടക്കൂടിന് പുറത്ത് നടത്തുന്ന ഏതൊരു സ്വകാര്യ ദത്തെടുക്കലും (കക്ഷികൾക്കിടയിൽ നേരിട്ട്) നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു.

ഭരണപരമായ അധിക സുരക്ഷാ മുൻകരുതലുകൾ:
'കെയറിങ്‌സ്' പോർട്ടലിലെ പ്രൊഫൈൽ അപ്‌ഡേറ്റ് ടാബ് വഴി പിഎപികൾക്ക് അവരുടെ വിലാസം പുതുക്കി രേഖപ്പെടുത്താൻ കഴിയും
ലോഗിൻ അടിസ്ഥാനവിവരങ്ങൾ വഴി പിഎപികൾക്ക് അവരുടെ സീനിയോറിറ്റിയും അപേക്ഷാ നിലയും അനുധാവനം ചെയ്യാൻ കഴിയും
https://carings.wcd.gov.in/CARA_Dashboard.aspx എന്നതിലെ 'കെയറിങ്‌സ്' ഡാഷ്ബോർഡിലൂടെ തത്സമയ ദത്തെടുക്കൽ വിവരങ്ങൾ അഭിഗമ്യമാവും.
ലോഗിൻ അടിസ്ഥാനവിവരങ്ങൾ മറന്നുപോയ പിഎപികൾക്ക് പാസ്വേഡ് പുനഃസജ്ജീകരണ സൗകര്യങ്ങൾ ലഭ്യമാണ്.
രാജ്യാന്തര ദത്തെടുക്കൽ:
കുടുംബങ്ങൾക്കായുള്ള ആഗോള പാതകൾ സുഗമമാക്കുന്നു
സിഎആർഎയുടെ അനുശാസനം, രാജ്യത്തിനകത്തും പുറത്തുമുള്ള ദത്തെടുക്കലിനെ അന്താരാഷ്ട്ര കീഴ്‌വഴക്കങ്ങൾക്ക് അനുസൃതമായി ഉൾക്കൊള്ളുന്നു, ഇത് പ്രത്യേക പരിഗണന ആവശ്യമുള്ളവർ ഉൾപ്പെടെയുള്ള ഇന്ത്യൻ കുട്ടികൾക്ക് അനുയോജ്യമാകവെ വിദേശത്ത് വീടുകൾ കണ്ടെത്താൻ പ്രാപ്തമാക്കുന്നു. അതേസമയം കുട്ടികളുടെ ഏറ്റവും നല്ല താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണ മേൽനോട്ടം നിലനിർത്തുകയും ചെയ്യുന്നു.
പ്രധാന പ്രക്രിയാ ഘടകങ്ങൾ
വിദേശ ഇന്ത്യക്കാർ, പ്രവാസികൾ, വിദേശത്ത് താമസിക്കുന്ന വിദേശപൗരർ എന്നിവർ അംഗീകൃത വിദേശ ദത്തെടുക്കൽ ഏജൻസികൾ (എഎഫ്എഎ), കേന്ദ്ര അധികാരികൾ (സിഎ), അല്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര ദൗത്യങ്ങൾ (ഐഡിഎം) വഴി രജിസ്റ്റർ ചെയ്യണം.
2022 ലെ ദത്തെടുക്കൽ ചട്ടങ്ങളിലെ വ്യവസ്ഥ 15 പ്രകാരം വിദേശ ഇന്ത്യക്കാരെയും പ്രവാസി ഇന്ത്യക്കാരെയും സ്വദേശി ഇന്ത്യക്കാർക്ക് തുല്യമായി പരിഗണിക്കുന്നു.
വിദേശത്തുള്ള ദത്ത് തത്പരരായ രക്ഷിതാക്കൾക്ക് പ്രൊഫൈൽ കണ്ടതിന് ശേഷം ഒരു കുട്ടിയെ ദത്തിനായി സംവരണം ചെയ്യാൻ 96 മണിക്കൂർ സമയമുണ്ട്.
കുട്ടിയെ സ്വീകരിച്ചതിന് ശേഷം 10 ദിവസത്തിനുള്ളിൽ നിരാക്ഷേപപത്രം (എൻഒസി) നൽകും. എല്ലാ രേഖകളും പ്രത്യേകിച്ച് സ്വീകരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വകുപ്പ് 5/17 പൂർത്തീകരിച്ചാൽ.
2 വർഷത്തിനുള്ളിൽ ആറ് നിർബന്ധിത വിന്യാസാനന്തര തുടർനടപടികൾ കുട്ടിയുടെ ക്ഷേമം ഉറപ്പാക്കുന്നു
2015 ലെ ബാല നീതി നിയമവും 2022 ലെ ദത്തെടുക്കൽ ചട്ടങ്ങളും കർശനമായി പാലിക്കുന്നത് കുട്ടികളുടെ ഏറ്റവും നല്ല താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു.
മനഃശാസ്ത്ര റിപ്പോർട്ട് ആവശ്യകതകൾ
അംഗീകൃത മാനസികാരോഗ്യ വിദഗ്ധർക്ക്, അത് സർക്കാരായാലും സ്വകാര്യമായാലും, മനഃശാസ്ത്ര റിപ്പോർട്ട് തയ്യാറാക്കാവുന്നതാണ്.
പ്രത്യേക ഫോർമാറ്റ് ഇല്ല, എന്നാൽ ഒരു കുട്ടിയെ ദത്തെടുക്കുന്നതിനും പരിപാലിക്കുന്നതിനും പിഎപികളുടെ അനുയോജ്യത വിശകലനം ചെയ്യുന്നതിന് റിപ്പോർട്ട് വിശദമായിരിക്കണം.
രാജ്യാന്തര എച്ച്എഎംഎ പ്രക്രിയ
1956 ലെ ഹിന്ദു ദത്തെടുക്കൽ, പരിപാലന നിയമം അനുസരിച്ച് പ്രവാസി ഇന്ത്യക്കാർക്കോ വിദേശ പൗരത്വ കാർഡ് ഉടമകൾക്കോ രാജ്യാന്തര ദത്തെടുക്കൽ നടപടിക്രമങ്ങളിൽ നിരവധി ഘട്ടങ്ങളുണ്ട്.
ദത്തെടുക്കാൻ തത്പരരായ രക്ഷിതാക്കൾ ആദ്യം, സ്വീകരിക്കുന്ന രാജ്യത്തെ ദത്തെടുക്കൽ ഏജൻസിയെ ബന്ധപ്പെടണം, അവർ സിഎആർഎയിലേക്കുള്ള അപേക്ഷയെ പിന്തുണയ്ക്കുന്നു.
തുടർന്ന് സിഎആർഎ വിവരങ്ങൾ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി പങ്കിടുന്നു, അവർ ഒരു കുടുംബ പശ്ചാത്തല റിപ്പോർട്ട് തയ്യാറാക്കുന്നു.
അന്വേഷണം പൂർത്തിയാക്കിയ ശേഷം, ജില്ലാ മജിസ്ട്രേറ്റ് സിഎആർഎയ്ക്ക് ഒരു സ്ഥിരീകരണ സർട്ടിഫിക്കറ്റ് അയയ്ക്കുന്നു.
പിന്നീട്, സ്വീകരിക്കുന്ന രാജ്യം ഹേഗ് ഉടമ്പടിയിൽ ഒപ്പിട്ടതാണോ എന്നതിനെ ആശ്രയിച്ച് സിഎആർഎ ഒരു നിരാക്ഷേപപത്രമോ പിന്തുണാ കത്തോ നൽകുന്നു.
സൂക്ഷിപ്പിൻ്റെ നടപടിക്രമം
എൻഒസിക്ക് ശേഷം, മാതാപിതാക്കൾക്ക് ഒരു ഉറപ്പോടെ കുട്ടിയെ ദത്ത് പൂർവ്വ വളർത്തു പരിചരണ (പ്രീ-അഡോപ്ഷൻ ഫോസ്റ്റർ കെയർ) ത്തിലേക്ക് കൊണ്ടുപോകാം
ദത്തെടുക്കൽ ഉത്തരവ്, പാസ്പോർട്ട്, വിസ എന്നിവ ലഭ്യമായതിന് ശേഷം അന്തിമ സൂക്ഷിപ്പ് അനുവദിക്കും
കൂടുതൽ വിവരങ്ങൾക്ക് ദയവായി സിഎആർഎ സന്ദർശിക്കുക.
ഉപസംഹാരം: സുരക്ഷിതമായ ഭാവിക്കും ശക്തമായ കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു ദർശനം
അനാഥരായ, ഉപേക്ഷിക്കപ്പെട്ട, വളർത്താൻ ഏൽപ്പിക്കപ്പെട്ട ഓരോ കുട്ടിക്കും സ്‌നേഹനിർഭരമായ കുടുംബ അന്തരീക്ഷത്തിൽ വളരാനുള്ള അവസരം ഉറപ്പാക്കുന്നതിനുള്ള സമഗ്രവും ശിശു കേന്ദ്രീകൃതവുമായ ഒരു സമീപനമാണ് ഇന്ത്യയുടെ ദത്തെടുക്കൽ ചട്ടക്കൂട് പ്രതിനിധീകരിക്കുന്നത്.
കേന്ദ്ര ദത്തെടുക്കൽ വിഭവ അതോറിറ്റിയിലൂടെയും 2015 ലെ ബാലനീതി നിയമം, 2022 ലെ ദത്തെടുക്കൽ ചട്ടങ്ങൾ എന്നിവയിലെ ശക്തമായ നിയമ വ്യവസ്ഥകളിലൂടെയും ദത്തെടുക്കാൻ തത്പരരായ രക്ഷിതാക്കൾക്ക് കുട്ടികളുടെ സംരക്ഷണത്തിനായി കർശനമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിക്കൊണ്ട്, ദത്തെടുക്കൽ പ്രക്രിയയിൽ അഭിഗമ്യത ഉറപ്പാക്കുന്ന സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു സംവിധാനം സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. തുടർച്ചയായ ബോധവത്കരണ ശ്രമങ്ങളിലൂടെ, ദത്തെടുക്കൽ വെറുമൊരു പ്രക്രിയയല്ലാതെ പുതിയ തുടക്കങ്ങളുടെ ഒരു ആഘോഷമാക്കുന്ന, ഓരോ കുട്ടിയും പ്രാധാന്യമർഹിക്കുന്ന, ഓരോ കുടുംബവും ശാക്തീകരിക്കപ്പെടുന്ന, ഓരോ ഭാവിയും സുരക്ഷിതമാക്കുന്ന ഒരു ആവാസവ്യവസ്ഥയെയാണ് ഇന്ത്യ കെട്ടിപ്പടുക്കുന്നത്.
Click here to see pdf
*****
(Backgrounder ID: 156550)
आगंतुक पटल : 5
Provide suggestions / comments