Others
ഇന്ത്യ-ജോർദാൻ നയതന്ത്ര ബന്ധങ്ങൾ
Posted On:
16 DEC 2025 1:26PM
പ്രധാന വസ്തുതകൾ
2025 ഡിസംബർ 15–16 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജോർദാനിലേക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യത്തെ സമ്പൂർണ്ണ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്.
പുനരുപയോഗ ഊർജ്ജം, ജലവിഭവ പരിപാലനം, സാംസ്കാരിക വിനിമയം, ഡിജിറ്റൽ പരിഹാരങ്ങൾ, പെട്രയെയും എല്ലോറയെയും ബന്ധിപ്പിക്കുന്ന ട്വിന്നിംഗ് കരാർ അടക്കം അഞ്ച് മേഖലകളിൽ ധാരണാപത്രങ്ങൾ (MoUs) ഒപ്പുവെക്കപ്പെട്ടു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ 75-ാം വാർഷികമാണിത്.
ജോർദാൻ്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അടുത്ത 5 വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 5 ബില്യൺ യുഎസ് ഡോളറായി ഉയർത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ഫോസ്ഫേറ്റ്, പൊട്ടാഷ് വളങ്ങളുടെ ഇന്ത്യയിലെ മുൻനിര വിതരണക്കാരാണ് ജോർദാൻ.
നിലവിൽ 17,500 ഓളം ഇന്ത്യൻ പൗരന്മാർ ജോർദാനിൽ വസിക്കുന്നു. അവരിൽ ഭൂരിഭാഗവും വസ്ത്രവ്യവസായം, നിർമ്മാണം, ഉത്പാദനം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നു.
ആമുഖം
2025 ഡിസംബർ 15 മുതൽ 18 വരെയുള്ള, ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള ത്രിരാഷ്ട്ര സന്ദർശനത്തിൻ്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ഡിസംബർ 15–16 തീയതികളിലായി ജോർദാനിലെ അമ്മാനിൽ സന്ദർശനത്തിനെത്തി. സന്ദർശനത്തിനിടെ, 2025 ഡിസംബർ 15-ന് ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ച നടത്തി. ജോർദാനിലേക്കുള്ള അദ്ദേഹത്തിൻ്റെ ആദ്യ സമ്പൂർണ്ണ ഔദ്യോഗിക സന്ദർശനമായിരുന്നു ഇത്. മുമ്പ്, 2018 ഫെബ്രുവരിയിൽ പലസ്തീനിലേക്കുള്ള യാത്രാമധ്യേ അദ്ദേഹം ജോർദാൻ സന്ദർശിച്ചിരുന്നു.
പതിറ്റാണ്ടുകളുടെ നയതന്ത്ര സൗഹൃദം, ഘടനാപരമായ രാഷ്ട്രീയ സംഭാഷണം, ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക സഹകരണം എന്നിവയാൽ കെട്ടിപ്പടുത്തതാണ് ഇന്ത്യ-ജോർദാൻ ബന്ധങ്ങൾ. 1950-ൽ നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം, പതിവ് നേതൃതല ഇടപെടലുകൾ, സ്ഥാപനപരമായ സംവിധാനങ്ങൾ, മേഖലാ സഹകരണം എന്നിവയാൽ പിന്തുണയ്ക്കപ്പെടുന്ന പക്വമായ പങ്കാളിത്തമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പരിണമിച്ചു. ഈ ബന്ധത്തിലെ പ്രധാന സ്തംഭമാണ് വ്യാപാര-സാമ്പത്തിക പങ്കാളിത്തം. ജോർദാൻ്റെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ധാന്യങ്ങൾ, ശീതീകരിച്ച മാംസം, പെട്രോളിയം ഉത്പന്നങ്ങൾ, കാലിത്തീറ്റ മുതലായവ ഇന്ത്യ ജോർദാനിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ, വളങ്ങൾ, പ്രത്യേകിച്ച് ഫോസ്ഫേറ്റുകൾ, പൊട്ടാഷ് എന്നിവ ഇറക്കുമതി ചെയ്യുന്നു. ദീർഘകാല സംയുക്ത സംരംഭങ്ങളുടെ കമ്മീഷനിംഗും ജോർദാനിൽ ഇന്ത്യൻ ഉടമസ്ഥതയിലുള്ള നിർമ്മാണ യൂണിറ്റുകളുടെ സജീവ പ്രവർത്തനവും ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ആഴത്തിലുള്ള വാണിജ്യ സഹകരണത്തെ പ്രതിഫലിപ്പിക്കുന്നു. വിദേശകാര്യ ഓഫീസ് തലത്തിലെ ആശയവിനിമയങ്ങളും നേതൃതല ഇടപെടലുകളും ഉൾപ്പെടെയുള്ള ഉന്നതതല രാഷ്ട്രീയ ഇടപെടൽ ഉഭയകക്ഷി ബന്ധങ്ങൾക്ക് ആക്കം കൂട്ടുന്നു.
വർഷങ്ങളായി തുടരുന്ന ഇന്ത്യ-ജോർദാൻ ഉഭയകക്ഷി ബന്ധം
പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതവും ഊഷ്മളവുമായ ബന്ധമാണ് ഇന്ത്യയും ജോർദാനും പങ്കുവെക്കുന്നത്. സഹകരണത്തിനും സൗഹൃദത്തിനുമുള്ള ആദ്യ കരാർ 1947-ൽ ഒപ്പുവച്ചതോടെയാണ് നയതന്ത്രബന്ധങ്ങൾ ആരംഭിച്ചത്. തുടർന്ന് 1950-ൽ ഇരു രാജ്യങ്ങളും തമ്മിൽ ഔപചാരികമായ നയതന്ത്ര ബന്ധം നിലവിൽ വന്നു. ഈ വർഷം ഇന്ത്യ–ജോർദാൻ നയതന്ത്ര ബന്ധം സ്ഥാപിതമായതിൻ്റെ 75-ാം വാർഷികമാഘോഷിക്കുകയാണ്.
1. ഉന്നതതല രാഷ്ട്രീയ വിനിമയങ്ങൾ
ഉന്നതതല ആശയ വിനിമയങ്ങളിലൂടെയാണ് ഈ ബന്ധത്തിൻ്റെ അടിത്തറ കെട്ടിപ്പടുത്തത്. 2018 ഫെബ്രുവരിയിൽ പലസ്തീൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി ജോർദാൻ സന്ദർശിച്ചു. തുടർന്ന് 2018 ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ അബ്ദുള്ള രണ്ടാമൻ രാജാവ് ഇന്ത്യ സന്ദർശിച്ചു. പ്രതിനിധിതല ചർച്ചകൾ, സിഇഒമാരുടെ വട്ടമേശ സമ്മേളനം, ‘ഇസ്ലാമിക പൈതൃകം: ധാരണയും മിതത്വവും പ്രോത്സാഹിപ്പിക്കൽ’ എന്ന സമ്മേളനത്തിലെ സംയുക്ത അഭിസംബോധന, 12 ധാരണാപത്രങ്ങൾ/കരാറുകൾ ഒപ്പുവയ്ക്കൽ എന്നിവ ഈ സന്ദർശനത്തിൻ്റെ ഭാഗമായിരുന്നു. അഞ്ച് വർഷക്കാലത്തേക്ക് ഐടി പ്രൊഫഷണലുകൾക്ക് പരിശീലനം നൽകുന്നതിനായുള്ള ഒരു C-DAC എക്സലൻസ് സെൻ്റർ ജോർദാനിൽ സ്ഥാപിക്കുന്നതും, ഫാർമസ്യൂട്ടിക്കൽ മരുന്നുകളും വാക്സിനുകളും ഉൾപ്പെടുന്ന 5 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള സാധന സഹായ പാക്കേജിനുമുള്ള പ്രഖ്യാപനങ്ങളുണ്ടായി.
അതിനുശേഷം, 2024 ജൂണിൽ ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി7 ഉച്ചകോടിയിലും, 2023 ഡിസംബറിൽ ദുബായിൽ നടന്ന സിഒപി-28ലും, 2019 ഒക്ടോബറിൽ റിയാദിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഇനിഷ്യേറ്റീവിലും, 2019 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടന്ന 74-ാമത് യുഎൻജിഎയിലും ഉൾപ്പെടെ ഒട്ടേറെ അവസരങ്ങളിൽ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തി.
ഇതിനുപുറമെ, 2025 ഏപ്രിൽ 24-ന് പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇരു നേതാക്കളും ടെലിഫോൺ സംഭാഷണം നടത്തി. ആക്രമണത്തെ അപലപിച്ച ജോർദാൻ രാജാവ് ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിനുള്ള പിന്തുണ ആവർത്തിച്ചു. ഗാസയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി 2023 ഒക്ടോബറിൽ ഇരു നേതാക്കളും ഫോണിൽ സംസാരിക്കുകയും ഭീകരവാദം, അക്രമം, സാധാരണക്കാരുടെ ജീവഹാനി എന്നിവ സംബന്ധിച്ച ആശങ്കകൾ പങ്കുവെക്കുകയും ചെയ്തു.
2025-ൽ, ഇന്ത്യ–ജോർദാൻ ബന്ധം ഘടനാപരമായ നയതന്ത്ര ഇടപെടലുകളുടെ ഫലമായി കൂടുതൽ പുരോഗമിച്ചു. ഏപ്രിൽ 29-ന്, അമ്മാനിൽ, ഇന്ത്യൻ സെക്രട്ടറി (CPV & OIA) യും ജോർദാനിയൻ വിദേശകാര്യ, പ്രവാസി മന്ത്രാലയത്തിൻ്റെ സെക്രട്ടറി ജനറലും സഹ-അധ്യക്ഷത വഹിച്ച് ഇന്ത്യ–ജോർദാൻ വിദേശകാര്യ ഓഫീസ് നാലാംവട്ട ചർച്ച നടന്നു. ഇതിനെത്തുടർന്ന്, സെപ്റ്റംബർ 2-ന് ആരോഗ്യ സഹകരണത്തെക്കുറിച്ചുള്ള സംയുക്ത കർമ്മ സമിതിയുടെ രണ്ടാം വട്ട യോഗവും വെർച്വലായി സംഘടിപ്പിച്ചു. ഈ യോഗത്തിൽ, ഇന്ത്യൻ ഫാർമക്കോപ്പിയയുടെ അംഗീകാരം, ഔഷധങ്ങൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങളുടെ നിയന്ത്രണം, ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ, നോൺ-കമ്മ്യൂണിക്കബിൾ രോഗങ്ങൾ എന്നിവയെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു. ഒക്ടോബർ 13 മുതൽ 15 വരെ, ഇന്ത്യൻ സെക്രട്ടറി (South) ജോർദാൻ സന്ദർശിച്ചപ്പോൾ, സെക്രട്ടറി ജനറൽ അംബ് ദൈഫല്ല അലി അൽ-ഫായസിനെ കണ്ട്, വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ വിലയിരുത്തി. ഈ സന്ദർശനത്തിൽ, ഡയറക്ടർ ജനറൽ (Asia & Oceania Affairs) മുഹമ്മദ് അബു വെൻഡി പങ്കെടുത്തു.
2017 ഡിസംബറിൽ ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദിയുടെ ഇന്ത്യാ സന്ദർശനം; 2020 ജനുവരിയിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശ്രീ അജിത് കുമാർ ഡോവലിൻ്റെ ജോർദാൻ സന്ദർശനം; 2020 ജനുവരി, ഒക്ടോബർ മാസങ്ങളിൽ ഉഭയകക്ഷി വിഷയങ്ങളും കോവിഡ്-19 സഹകരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രിയും (EAM) ജോർദാനിയൻ വിദേശകാര്യ മന്ത്രി സഫാദിയും ടെലിഫോൺ ചർച്ച നടത്തി..
2. വ്യാപാര, സാമ്പത്തിക സഹകരണം
വർഷങ്ങളായി ഇന്ത്യയും ജോർദാനും തമ്മിലുള്ള സാമ്പത്തിക സഹകരണം ഗണ്യമായി ശക്തിപ്പെട്ടിട്ടുണ്ട്; ഉഭയകക്ഷി വ്യാപാരം സ്ഥിരതയാർന്ന വളർച്ചയാണ് പ്രകടിപ്പിക്കുന്നത്. ജോർദാൻ്റെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. 2023–24 സാമ്പത്തിക വർഷത്തിൽ ഇന്ത്യ–ജോർദാൻ ഉഭയകക്ഷി വ്യാപാര മൂല്യം 2.875 ബില്യൺ യുഎസ് ഡോളറിലെത്തി. ഇതിൽ ജോർദാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 1.465 ബില്യൺ യുഎസ് ഡോളറായിരുന്നു. ഈ വ്യാപാരബന്ധങ്ങൾക്ക് അടിത്തറയാകുന്ന സ്ഥാപനപരമായ ചട്ടക്കൂടുകളിൽ 1976 ലെ വ്യാപാര കരാറിൻ്റെ ഭാഗമായി രൂപീകരിച്ച വ്യാപാര–സാമ്പത്തിക സംയുക്ത സമിതി (TEJC), സമുദ്ര മേഖലാ സംഭാഷണ സംവിധാനങ്ങൾ, മേഖലാധിഷ്ഠിത കർമ്മ സമിതികൾ എന്നിവ ഉൾപ്പെടുന്നു

പ്രധാന സാമ്പത്തിക, വ്യാപാര സംരംഭങ്ങൾ / നാഴികക്കല്ലുകൾ
*ഫോസ്ഫോറിക് ആസിഡ് ഉത്പാദിപ്പിച്ച് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി, ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപ്പറേറ്റീവ് (IFFCO), ജോർദാൻ ഫോസ്ഫേറ്റ് മൈൻസ് കമ്പനി (JPMC), എന്നിവയുടെ സംയുക്ത സംരംഭമായ ജോർദാൻ ഇന്ത്യ ഫെർട്ടിലൈസർ കമ്പനി (JIFCO) കമ്മീഷൻ ചെയ്തു. ഏകദേശം 860 ദശലക്ഷം യുഎസ് ഡോളർ മൂല്യമുള്ള ഈ പദ്ധതി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഫോസ്ഫോറിക് ആസിഡിൻ്റെ വിശ്വസനീയമായ പ്രധാന ഉറവിടങ്ങളിലൊന്നായി വർത്തിക്കുന്നു. വളങ്ങൾ—പ്രധാനമായും ഫോസ്ഫേറ്റുകളും പൊട്ടാഷും—ഇന്ത്യയ്ക്ക് വിതരണം ചെയ്യുന്ന മുൻനിര പങ്കാളിയാണ് ജോർദാൻ.
*മുൻകാലങ്ങളിൽ, ഇൻഡോ-ജോർദാൻ കെമിക്കൽ കമ്പനി (ജോർദാൻ ഫോസ്ഫേറ്റ് മൈൻസ് കമ്പനി (JPMC) യും സതേൺ പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കോർപ്പറേഷനും-SPIC) സംയുക്തമായി നടത്തിയിരുന്ന ഫോസ്ഫോറിക് ആസിഡ് പ്ലാൻ്റ് 169.5 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപത്തോടെ കമ്മീഷൻ ചെയ്തിരുന്നു; ഉത്പാദനത്തിൻ്റെ സിംഹഭാഗവും ഇന്ത്യയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്.
*2022 മെയ് മാസത്തിൽ ജോർദാൻ ഫോസ്ഫേറ്റ് മൈൻസ് കമ്പനി (JPMC) നിരവധി ഇന്ത്യൻ ഫോസ്ഫേറ്റ്/ഫോസ്ഫേറ്റ്-വള കമ്പനികളുമായി മൊത്തം 1.5 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവച്ചു. അതുപോലെ, അറബ് പൊട്ടാഷ് കമ്പനിയും ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡും (IPL) തമ്മിൽ ഇന്ത്യൻ വിപണിയിലേക്ക് പ്രതിവർഷം 275,000 മുതൽ 325,000 ടൺ വരെ പൊട്ടാഷ് വിതരണം ചെയ്യുന്നതിനായി അഞ്ചുവർഷത്തെ ധാരണാപത്രവും ഒപ്പുവച്ചു.
*ജോർദാനിലെ ക്വാളിഫൈഡ് ഇൻഡസ്ട്രിയൽ സോണുകളിൽ (QIZ) പ്രവാസി ഇന്ത്യക്കാരുടെ (NRI) ഉടമസ്ഥതയിലുള്ള 15-ലധികം വസ്ത്ര നിർമ്മാണ കമ്പനികൾ പ്രവർത്തിക്കുന്നു, ഏകദേശം 500 ദശലക്ഷം യുഎസ് ഡോളറിൻ്റെ നിക്ഷേപത്തോടെ. ഈ കമ്പനികൾ ജോർദാനിൽ വസ്ത്രങ്ങൾ നിർമ്മിക്കുമ്പോൾ, ജോർദാൻ–-USA FTA ചട്ടക്കൂടിൻ്റെ കീഴിൽ ഫിനിഷ്ഡ് പ്രോഡകറ്റ്സ് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നു.
*2025-ൽ, ഇന്ത്യ-ജോർദാൻ സാമ്പത്തിക സംരംഭങ്ങളിൽ പ്രധാനമായവ ഇനിപ്പയുന്നവയാണ്:
2025 ഫെബ്രുവരി 5-ന്, ജോർദാൻ സൊസൈറ്റി ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഏജൻസുകളുമായി സഹകരിച്ച്, മധ്യപ്രദേശിനെ പ്രധാന വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി പരിചയപ്പെടുത്തുന്ന വിനോദസഞ്ചാര -പ്രോത്സാഹന പരിപാടി നടന്നു. ഇതോടൊപ്പം, ഇന്ത്യ–ജോർദാൻ നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ചു. നിക്ഷേപവും വ്യാപാരവും വർദ്ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ, 2025 ഫെബ്രുവരി 19-ന് ജോർദാനിയൻ ബിസിനസ്‌മെൻ അസോസിയേഷനും (JBA) മറ്റ് പങ്കാളികളുമായി ചേർന്ന് വ്യാപാര-പ്രോത്സാഹന സെമിനാർ സംഘടിപ്പിച്ചു. കൂടാതെ, 2025 ഓഗസ്റ്റ് 12–14 തീയതികളിൽ അമ്മാനിൽ നടന്ന മൂന്നാം അന്താരാഷ്ട്ര ഭക്ഷ്യ-ഭക്ഷ്യ സാങ്കേതിക എക്‌സ്‌പോയിൽ ഇന്ത്യൻ കമ്പനികളുടെ പങ്കാളിത്തത്തെയും നയതന്ത്ര ദൗത്യം സ്വാഗതം ചെയ്തു.
3. പ്രതിരോധ ബന്ധങ്ങൾ
ഇന്ത്യയും ജോർദാനും 2018 ൽ പ്രതിരോധ സഹകരണം സംബന്ധിച്ച ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. 2024 ൽ, ഇന്ത്യയുടെ കര, വ്യോമ, നാവിക സേനാ പ്രതിനിധികളടങ്ങിയ മൂന്നംഗ സംഘം അക്കാബയിൽ നടന്ന സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്‌സ് എക്സിബിഷൻ ആൻഡ് കോൺഫറൻസിൽ (SOFEX) പങ്കെടുത്തു. ജോർദാനിയൻ റോയൽ നേവി പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചു. അവർ കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡ്, ഏഴിമല നേവൽ അക്കാദമി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സന്ദർശനം 2024 ഏപ്രിൽ 29 മുതൽ മെയ് 4 വരെ നീണ്ടു.
4. ശാസ്ത്ര സാങ്കേതിക വിദ്യ
അൽ-ഹുസൈൻ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ (HTU) പുതുതലമുറ ഐടി സൗകര്യമായ ഇന്ത്യൻ-ജോർദാൻ സെൻ്റർ ഓഫ് എക്സലൻസ് ഇൻ ഇൻഫർമേഷൻ ടെക്നോളജി (IJCOEIT) 2021 ഒക്ടോബർ 02 ന് ഉദ്ഘാടനം ചെയ്തു. സൂപ്പർ കമ്പ്യൂട്ടർ പരം ശവാക്, നൂതന പരിശീലന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ അത്യാധുനിക ഐടി അടിസ്ഥാന സൗകര്യങ്ങളോടെയാണ് ഈ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. 2018 മാർച്ചിൽ ജോർദാൻ രാജാവായ അബ്ദുള്ള-രണ്ടാമൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ ഒപ്പുവച്ച ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിൽ പൂർണമായും ഭാരത സർക്കാരിൻ്റെ ധനസഹായത്തോടെ, നൂതന മേഖലകളിൽ ജോർദാനിലെ സോഫ്റ്റ്‌വെയർ വൈദഗ്ദ്ധ്യം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. സൈബർ സുരക്ഷ, വെബ് ഡെവലപ്മെന്റ്, മെഷീൻ ലേണിംഗ്, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ വളർന്നുവരുന്ന മേഖലകളിലെ ജോർദാനിലെ വിദഗ്ധർക്കായി ഭാരത സർക്കാരിൻ്റെ മാസ്റ്റർ ട്രെയിനർമാർ കോഴ്സുകൾ നടത്തുന്നു. അവർ ജോർദാനിയൻ യുവാക്കളെ IJCOEIT ൽ പരിശീലിപ്പിക്കുന്നു. 3000 ജോർദാനിയൻ വിദഗ്ധരെ/പ്രൊഫഷണലുകളെ കേന്ദ്രത്തിൽ പരിശീലിപ്പിക്കും. അമ്മാനിൽ സംഘടിപ്പിച്ച ജോർദാനുമായുള്ള നാലാംവട്ട വിദേശകാര്യ ഓഫീസ് ചർച്ചകൾക്കിടെ, സെക്രട്ടറി (CPV & OIA) യും ജെഎസ് (WANA) യും അൽ-ഹുസൈൻ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ (HTU) ഇന്ത്യ-ജോർദാൻ സെൻ്റർ ഓഫ് എക്സലൻസ് ഇൻ ഐ ടി (IJCoEIT) യും സന്ദർശിച്ചു.
5. വിദ്യാഭ്യാസവും ജനങ്ങൾ തമ്മിലുള്ള ബന്ധവും
ഇന്ത്യയും ജോർദാനും വിദ്യാഭ്യാസ,നൈപുണ്യ വികസന മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഐഐടികൾ, ഐഐഎമ്മുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc) തുടങ്ങി ആഗോളതലത്തിൽ പ്രശസ്തമായ സ്ഥാപനങ്ങളടങ്ങിയ ലോകത്തിലെ ഏറ്റവും വലിയതും വൈവിധ്യമാർന്നതുമായ ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളിലൊന്നാണ് ഇന്ത്യയ്ക്കുള്ളത്. ഇതുമൂലം ജോർദാനിയൻ വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള പ്രധാന ആകർഷണ കേന്ദ്രമായി ഇന്ത്യ മാറിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇന്ത്യൻ സാങ്കേതിക-സാമ്പത്തിക സഹകരണ (ITEC) പദ്ധതിയുടെ ഭാഗമായി ജോർദാനിന് 50 പരിശീലന സ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ട്. ഇതുവരെ 2,500-ൽ അധികം ജോർദാനിയൻ പൗരന്മാർ ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് ബിരുദങ്ങളും അക്കാദമിക യോഗ്യതകളും നേടിയിട്ടുണ്ട്. 2024–25 അധ്യയന വർഷത്തിൽ, ജോർദാൻ 37 സിവിലിയൻ ഐടിഇസി സ്ലോട്ടുകൾ, 4 സ്പെഷ്യൽ എക്സിക്യൂട്ടീവ് പ്രോഗ്രാമുകൾ, 5 ഐസിസിആർ (ICCR) സ്കോളർഷിപ്പുകൾ എന്നിവ പ്രയോജനപ്പെടുത്തി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ പങ്കാളിത്തത്തിൻ്റെ വളർച്ച വ്യക്തമാക്കുന്നു.
2018 മാർച്ചിൽ ജോർദാൻ രാജാവായ അബ്ദുള്ള രണ്ടാമൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ, ഇന്ത്യയും ജോർദാനും മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട ഒരു കരാറിലും നയതന്ത്രവും ഔദ്യോഗികവുമായ പാസ്‌പോർട്ട് ഉടമകൾക്കായി വിസ രഹിത യാത്ര അനുവദിക്കുന്ന കരാറിലും ഒപ്പുവച്ചു. നിലവിൽ ഏകദേശം 17,500 ഇന്ത്യൻ പൗരന്മാർ ജോർദാനിൽ താമസിച്ചുവരുന്നു. ഇവരിൽ ഭൂരിഭാഗവും തുണിത്തര വ്യവസായം, ഉത്പാദനം, നിർമ്മാണ മേഖല, ആരോഗ്യപരിചരണം, നഴ്‌സിംഗ്, സർവകലാശാലകൾ, ഐടി, ധനകാര്യ സ്ഥാപനങ്ങൾ, ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികൾ തുടങ്ങിയ മേഖലകളിൽ തൊഴിൽ ചെയ്യുന്നു. 2009 മുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ജോർദാൻ വിസ ഓൺ അറൈവൽ സൗകര്യം നൽകിവരുന്നു. ഇതിനു പുറമെ, 2023 മുതൽ ഇ-വിസ സംവിധാനവും പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യ–ജോർദാൻ ജനകീയ ബന്ധങ്ങൾക്കും വിനോദസഞ്ചാര സഹകരണത്തിനും കൂടുതൽ ഊർജം ലഭിച്ചിട്ടുണ്ട്.
അമ്മാനിൽ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള വിമാന സർവീസുണ്ട്. ഓപ്പറേഷൻ സിന്ധു എന്ന പേരിൽ ഇസ്രായേലിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളും സഹകരിച്ചു.
6. സാംസ്കാരിക വിനിമയങ്ങൾ
ഇന്ത്യയും ജോർദാനും തമ്മിൽ ഊഷ്മളവും ദീർഘകാലീനവുമായ സാംസ്കാരിക ബന്ധങ്ങളുണ്ട്. ഇന്ത്യൻ സംസ്കാരത്തോട്, പ്രത്യേകിച്ച് ബോളിവുഡ് സിനിമകളോടും സംഗീതത്തോടും ജോർദാനിൽ ശക്തമായ ആസ്വാദനവും താൽപ്പര്യവും കാണപ്പെടുന്നു. നൃത്തം, സംഗീതം എന്നിവ ഉൾപ്പെടുന്ന പതിവ് സാംസ്കാരിക വിനിമയ പരിപാടികളും അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അടുത്തകാലത്ത്, 2024 ജൂലൈയിൽ, ഐസിസിആർ (ICCR)യുടെ പിന്തുണയോടെ “നടരാജ് സംസ്കൃതിക് ശില്പി സമാജ്” എന്ന ഇന്ത്യൻ സാംസ്കാരിക സംഘം, ജോർദാനിലെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക പരിപാടികളിലൊന്നായ 38-ാമത് ജെറാഷ് ഫെസ്റ്റിവൽ ഓഫ് കൾച്ചർ ആൻഡ് ആർട്‌സിൽ പങ്കെടുത്ത് ആസാമീസ് നാടോടി നൃത്തം അവതരിപ്പിച്ചു. ഈ പ്രകടനം ഇന്ത്യൻ സാംസ്കാരിക വൈവിധ്യം ജോർദാൻ ജനതയ്ക്ക് പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ സംഭാവന നൽകി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഗുണഫലങ്ങൾ
2025 ഡിസംബർ 15-ന് പ്രധാനമന്ത്രി ജോർദാൻ്റെ തലസ്ഥാനമായ അമ്മാനിലെത്തി. അവിടെ ജോർദാൻ പ്രധാനമന്ത്രി ഡോ. ജാഫർ ഹസ്സൻ അദ്ദേഹത്തെ ഔപചാരികമായും ആചാരപരമായും വരവേറ്റു. ഇന്ത്യ–ജോർദാൻ ബന്ധങ്ങളുടെ ശക്തിയും സൗഹൃദവും പ്രതിഫലിപ്പിക്കുന്നതായിരുന്നു സ്വീകരണ പരിപാടി. മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുന്നതിൻ്റെ (ജോർദാൻ, എത്യോപ്യ, ഒമാൻ) ആദ്യ ഘട്ടമാണിത്. 37 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ നിന്ന് ജോർദാനിലേക്കുള്ള സമ്പൂർണ്ണ ഉഭയകക്ഷി സന്ദർശനം നടന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു ഇത്.
ജോർദാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി. ജോർദാനിലെ മുതിർന്ന സർക്കാർ പ്രതിനിധികളുമായും അദ്ദേഹം വിശദമായ ചർച്ചകൾ നടത്തി. വ്യാപാരവും നിക്ഷേപവും, പ്രതിരോധവും സുരക്ഷയും, പുനരുപയോഗ ഊർജ്ജം, വളങ്ങളും കൃഷിയും, നൂതനാശയങ്ങൾ, ഐടി, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, അപൂർവ്വ ധാതുക്കൾ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, ഔഷധമേഖല, വിദ്യാഭ്യാസവും കാര്യക്ഷമതാ വികസനവും, വിനോദസഞ്ചാരവും പൈതൃക സംരക്ഷണവും, സംസ്കാരവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ഉൾപ്പെടെയുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ–ജോർദാൻ ഉഭയകക്ഷി വ്യാപാരം 5 ബില്യൺ യുഎസ് ഡോളറായി ഉയർത്തുകയെന്ന ലക്ഷ്യം പ്രധാനമന്ത്രി മുന്നോട്ടുവച്ചു. കൂടാതെ, ജോർദാൻ്റെ ഡിജിറ്റൽ പേയ്‌മെൻ്റ് സംവിധാനവും ഇന്ത്യയുടെ യുണൈറ്റഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (UPI) സംവിധാനവും തമ്മിലുള്ള സഹകരണ സാധ്യതകൾ പരിശോധിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയിലേക്കുള്ള വളം വിതരണക്കാരിൽ പ്രധാനസ്ഥാനമാണ് ജോർദാനുള്ളത്. ഇന്ത്യയിൽ ഫോസ്ഫറ്റിക് വളത്തിൻ്റെ വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിൻ്റെ ഭാഗമായി, ജോർദാനിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും കമ്പനികൾ തമ്മിലുള്ള സജീവമായ ചർച്ചകൾ പുരോഗമിച്ചുവരികയാണ്.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ശക്തമായ പരസ്പര പിന്തുണയും ഐക്യദാർഢ്യവും ഇരു രാജ്യങ്ങളും ആവർത്തിച്ചു. എല്ലാ രൂപത്തിലും ഭാവത്തിലും ഉള്ള ഭീകരതയെ ശക്തമായി അപലപിച്ച നേതാക്കൾ, ഭീകരതയ്‌ക്കെതിരെ ആഗോളതലത്തിൽ ഏകോപിതവും ദൃഢവുമായ നടപടികൾ ആവശ്യമാണ് എന്ന നിലപാട് ആവർത്തിച്ചു. ഇതോടൊപ്പം, മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെയും മറ്റ് പ്രധാന ആഗോള വിഷയങ്ങളെയും കുറിച്ച് അവർ പരസ്പരം കാഴ്ചപ്പാടുകൾ പങ്കുവച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയും ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
ഇന്ത്യയും ജോർദാനും തമ്മിൽ ധാരണാപത്രങ്ങൾ ഒപ്പുവച്ചു
1. നവ, പുനരുപയോഗ ഊർജ്ജ മേഖലയിലെ സാങ്കേതിക സഹകരണം സംബന്ധിച്ച ധാരണാപത്രം
2. ജലവിഭവ പരിപാലന, വികസന മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം
3. പെട്ര-എല്ലോറ ട്വിന്നിംഗ് കരാർ
4. 2025-2029 വർഷത്തേക്കുള്ള സാംസ്കാരിക വിനിമയ പരിപാടിയുടെ പുതുക്കൽ
5. ജനസംഖ്യാതലത്തിൽ വിജയകരമായി നടപ്പാക്കിയ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ഡിജിറ്റൽ പരിഹാരങ്ങൾ പങ്കിടുന്നതിനുള്ള സഹകരണത്തെക്കുറിച്ചുള്ള താത്പര്യപത്രം
ഉപസംഹാരം
ശക്തമായ ഉഭയകക്ഷി ബന്ധങ്ങളിലൂടെ സാമ്പത്തികമടക്കമുള്ള മേഖലകളിൽ എങ്ങനെ മികച്ച നേട്ടങ്ങൾ സൃഷ്ടിക്കാമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഇന്ത്യ–ജോർദാൻ ബന്ധം. പ്രാദേശിക സ്ഥിരതയും ഭീകരവാദത്തിനെതിരായ സഹകരണവും കേന്ദ്രീകരിച്ച് പതിവായി നടക്കുന്ന കൂടിയാലോചനകൾ, നേതൃതല യോഗങ്ങൾ, സമാന കാഴ്ചപ്പാടുകൾ എന്നിവ ഈ പങ്കാളിത്തത്തിന് തന്ത്രപരമായ ആഴം പകരുന്നു. സമീപകാലത്തെ ഉന്നതതല സന്ദർശനം ഈ നേട്ടങ്ങളെ കൂടുതൽ സമഗ്രമാക്കുകയും സഹകരണത്തിന് പുതിയ ഊർജം പകരുകയും ചെയ്യും. ഇന്ത്യ, പശ്ചിമേഷ്യയുമായുള്ള ഇടപെടൽ കൂടുതൽ ആഴത്തിലാക്കുന്ന സാഹചര്യത്തിൽ, സാമ്പത്തികവും രാഷ്ട്രീയവുമായ വിശ്വസനീയ പങ്കാളിയെന്ന നിലയിൽ ജോർദാൻ്റെ പങ്ക് ഏറെ പ്രാധാന്യമർഹിക്കുന്നു. വിശ്വാസം, വ്യാപാരം, തന്ത്രപരമായ വിന്യാസം എന്നിവയെ ആധാരമാക്കിയ സന്തുലിതവും ദീർഘകാലീനവുമായ ബന്ധമാണ് ഇതിൽ പ്രതിഫലിക്കുന്നത്.
അവലംബം:
(Backgrounder ID: 156544)
आगंतुक पटल : 7
Provide suggestions / comments