• Skip to Content
  • Sitemap
  • Advance Search
Security

ചുവപ്പ് ഇടനാഴിയിൽ നിന്ന് നക്‌സൽ രഹിത ഭാരതത്തിലേക്ക്: നിർണായക നേട്ടങ്ങളുടെ ഒരു ദശകം (2014-2025)

Posted On: 13 DEC 2025 1:40PM

പ്രധാന കാര്യങ്ങൾ

നക്‌സൽ ബാധിത ജില്ലകളുടെ എണ്ണം 2014-ലെ 126 ൽ നിന്നും 2025 ൽ വെറും 11 എന്ന നിലയിലേക്ക് എത്തിച്ചുവെന്നതും, ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട ജില്ലകൾ 36 ൽ നിന്നും വെറും മൂന്നായി കുറഞ്ഞുവെന്നതും ചുവപ്പ് ഇടനാഴി (റെഡ് കോറിഡോർ)യുടെ ആസന്നമായ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്.

 12,000 കിലോമീറ്ററിലധികം റോഡുകൾ, പ്രതിരോധമൊരുക്കി സുരക്ഷിതമാക്കിയ 586 പോലീസ് സ്റ്റേഷനുകൾ, 361 പുതിയ ക്യാമ്പുകൾ, പ്രവർത്തനക്ഷമമായ 8,500 ൽ അധികം മൊബൈൽ ടവറുകൾ, പിടിച്ചെടുത്ത 92 കോടി രൂപയുടെ ആസ്തികൾ എന്നിവ പ്രധാന പ്രദേശങ്ങളിലെ മാവോയിസ്റ്റുകളുടെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ ആധിപത്യത്തെ അവസാനിപ്പിച്ചു.

2025-ൽ മാത്രം 317 നക്‌സലുകൾ (ഉന്നത നേതൃത്വം ഉൾപ്പെടെ) നിർവീര്യമാക്കപ്പെട്ടു, 800-ലധികം പേർ അറസ്റ്റിലായി. ഏകദേശം 2,000 പേർ കീഴടങ്ങി. ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന നക്‌സൽ കൊഴിഞ്ഞുപോക്കുണ്ടായി. 2026 മാർച്ചോടെ നക്‌സൽ മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള കുതിപ്പും ഇത് പ്രകടമാക്കുന്നു.

ആമുഖം

ഇടതു പക്ഷ തീവ്രവാദ (എൽഡബ്ല്യുഇ) ത്തിനെതിരായ കേന്ദ്ര സർക്കാരിന്റെ നിർണായക പ്രതിരോധ തന്ത്രത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, രാജ്യത്തുടനീളമുള്ള നക്‌സൽ ബാധിത മേഖലകൾ കുറയ്ക്കുന്ന കാര്യത്തിൽ ഗണ്യമായ പുരോഗതി കൈവരിച്ചു. നിർണായക ഇടപെടലുകളിലൂടെ, ഏറ്റവും കൂടുതലായി നക്‌സൽ ബാധിതമായ ജില്ലകൾ 2014-ലെ 36-ൽ നിന്ന് 2025-ൽ 3 ആയി കുറയ്ക്കപ്പെട്ടു, ആകെയുള്ള എൽഡബ്ല്യുഇ ബാധിത ജില്ലകൾ 126-ൽ നിന്ന് 11 ആയി കുറയ്ക്കുകയും ചെയ്തു.

മുൻ സർക്കാരുകളുടെ വികല സമീപനത്തിന് പകരമായി, നക്‌സലിസത്തിനെതിരെ ഏകീകൃതവും ബഹുമുഖവും നിർണായകവുമായ ഒരു തന്ത്രമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സംഭാഷണം- സുരക്ഷ- ഏകോപനം എന്ന വ്യക്തമായ തത്വങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ, എല്ലാ നക്‌സൽ ബാധിത പ്രദേശങ്ങളെയും 2026 മാർച്ചോടെ പൂർണ്ണമായും നക്‌സൽ വിമുക്തമാക്കുക എന്ന ഉറച്ച ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്.

10 വർഷത്തിനിടെ നക്‌സൽ അക്രമത്തിൽ ഗണ്യമായ കുറവ്:
ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ഒഡീഷ, മഹാരാഷ്ട്ര, കേരളം, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവയുടെ ചില ഭാഗങ്ങളെയും ബാധിച്ചുകൊണ്ട് രാജ്യത്ത് നക്‌സലിസം 'ചുവപ്പ് ഇടനാഴി' മുഴുവൻ വ്യാപിച്ചു കിടന്നിരുന്നു. ഇടതുപക്ഷ തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ ബഹുമുഖ പ്രതിരോധ തന്ത്രം നക്‌സൽ അക്രമങ്ങളെ കുത്തനെ കുറയ്ക്കുകയും പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുകയും ജില്ലകളെ പുനഃസംയോജിപ്പിക്കുകയും ചെയ്തു.


2004-2014 മുതൽ 2014-2024 വരെ,

1. അക്രമ സംഭവങ്ങൾ 53 ശതമാനം കുറഞ്ഞ് 16,463 ൽ നിന്ന് 7,744 ആയി.


 

2. സുരക്ഷാ സേനയുടെ മരണങ്ങൾ 73 ശതമാനം കുറഞ്ഞ്, 1,851 ൽ നിന്ന് 509 ആയി


 

3. പൗരൻമാരുടെ മരണങ്ങൾ 70 ശതമാനം കുറഞ്ഞ്, 4,766 ൽ നിന്ന് 1,495 ആയി.

 


 

 2024-2025 ലെ പ്രവർത്തന നേട്ടങ്ങൾ

2025 ൽ ഇതുവരെ 317 നക്‌സലുകളെ നിർവീര്യമാക്കി, 862 പേരെ അറസ്റ്റ് ചെയ്തു, 1,973 പേർ കീഴടങ്ങി. 2024 ൽ മാത്രം 290 പേരെ നിർവീര്യമാക്കി, 1,090 പേരെ അറസ്റ്റ് ചെയ്തു, 881 പേർ കീഴടങ്ങി. 2024 ൽ ഒരു കേന്ദ്ര കമ്മിറ്റി അംഗവും 2025 ൽ 5 പേരും ഉൾപ്പെടെ ആകെ 28 മുൻനിര നക്‌സൽ നേതാക്കളെ നിർവീര്യമാക്കി.

27 കൊടും നക്സലുകൾ ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിൽ കൊല്ലപ്പെട്ടത്, 2025 മെയ് 23 ന് ബിജാപൂരിൽ 24 പേരുടെ കീഴടങ്ങൽ, 2025 ഒക്ടോബറിൽ ഛത്തീസ്ഗഢ് (197), മഹാരാഷ്ട്ര (61) എന്നിവിടങ്ങളിലായി 10 മുതിർന്ന നക്‌സലുകൾ ഉൾപ്പെടെ 258 പേരുടെ കീഴടങ്ങൽ എന്നിവ പ്രധാന വിജയങ്ങളിൽ ഉൾപ്പെടുന്നു.

സുരക്ഷാ പരിധി നേട്ടങ്ങൾ
കേന്ദ്ര സർക്കാരിനു കീഴിൽ, 2025 ൽ ഏറ്റവും കൂടുതൽ നക്‌സലിസം ബാധിച്ച 3 ജില്ലകൾ മാത്രമേയുള്ളൂ, 2014 ൽ ഇത് 36 ആയിരുന്നു. മൊത്തം നക്‌സൽ ബാധിത ജില്ലകൾ 2014 ൽ 126 ആയിരുന്നത് 2025 ൽ വെറും 11 ആയി കുറഞ്ഞു. 2014 വരെ 66 മാത്രമുള്ളതിൽ നിന്ന് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പ്രതിരോധമൊരുക്കി സുരക്ഷിതമാക്കി നിർമ്മിച്ച പോലീസ് സ്റ്റേഷനുകൾ (എഫ്പിഎസ്) 586 ആയി ഉയർന്നു.


2013-ൽ 76 ജില്ലകളിലായി നക്‌സൽ സംഭവങ്ങൾ രേഖപ്പെടുത്തുന്ന പോലീസ് സ്റ്റേഷനുകളുടെ എണ്ണം 330 ആയിരുന്നത് 2025 ജൂൺ ആയപ്പോഴേക്കും 22 ജില്ലകളിലായി വെറും 52 ആയി കുറഞ്ഞു. കൂടാതെ, കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 361 പുതിയ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിക്കുകയും പ്രവർത്തന മേഖലാപരിധി ശക്തിപ്പെടുത്തുന്നതിനായി രാത്രികാലത്ത് ഇറങ്ങാവുന്ന (നൈറ്റ്-ലാൻഡിങ്) 68 ഹെലിപാഡുകൾ നിർമ്മിക്കുകയും ചെയ്തു.

നക്‌സലുകളുടെ സാമ്പത്തിക ഞെരുക്കം
എൻഐഎയിൽ ഒരു പ്രത്യേക ഏജൻസി രൂപവത്കരിച്ചുകൊണ്ട് കേന്ദ്ര സർക്കാർ നക്‌സൽ ധനസഹായം ഫലപ്രദമായി തടഞ്ഞു. അത് 40 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ പിടിച്ചെടുത്തു. സംസ്ഥാനങ്ങൾ 40 കോടി രൂപയിലധികം പിടിച്ചെടുത്തപ്പോൾ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 12 കോടി രൂപ കണ്ടുകെട്ടി. അതേസമയം നഗര നക്‌സലുകൾക്ക് ധാർമ്മികവും മാനസികവുമായ കടുത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും അവരുടെ വിവര, യുദ്ധ ശൃംഖലകളിൽ നിയന്ത്രണം കർശനമാക്കുകയും ചെയ്തു.

 


 

കേന്ദ്രസർക്കാർ വക സംസ്ഥാനങ്ങളുടെ ശേഷി വികസനം:

പ്രധാന സുരക്ഷാ, അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രകാരം വർദ്ധിച്ച സാമ്പത്തിക സഹായത്തിലൂടെയും ലക്ഷ്യകേന്ദ്രീകൃത സഹായത്തിലൂടെയും കേന്ദ്രസർക്കാർ ഇടതുപക്ഷ തീവ്രവാദ ബാധിത സംസ്ഥാനങ്ങളുടെ ശേഷി ശക്തിപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ 11 വർഷത്തിനിടെ ഇടതുപക്ഷ തീവ്രവാദ ബാധിത സംസ്ഥാനങ്ങൾക്ക് സുരക്ഷാ അനുബന്ധ ചെലവ് (എസ്ആർഇ) പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ 3,331 കോടി രൂപ അനുവദിച്ചു, ഇത് കഴിഞ്ഞ 10 വർഷത്തിനിടെയുള്ള ഫണ്ട് വകയിരുത്തലിൽ 155 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

*  പ്രത്യേക അടിസ്ഥാനസൗകര്യ പദ്ധതി (എസ്‌ഐഎസ്) പ്രകാരം, സംസ്ഥാന പ്രത്യേക സേന (എസ്എഫ്), പ്രത്യേക ഇന്റലിജൻസ് ശാഖകൾ (എസ്‌ഐബി) എന്നിവ ശക്തിപ്പെടുത്തുന്നതിന് 371 കോടി രൂപയും, 246 എഫ്പിഎസുകൾക്ക് പ്രാരംഭ ഘട്ടത്തിൽ 620 കോടി രൂപയും കേന്ദ്ര സർക്കാർ അംഗീകരിച്ചു. പദ്ധതി 2026 വരെ നീട്ടുകയും, ഈ വിപുലീകൃത കാലയളവിൽ എസ്എഫ്, എസ്‌ഐബി, ജില്ലാ പോലീസ് എന്നിവയുടെ കൂടുതൽ മെച്ചപ്പെടുത്തലിനായി 610 കോടി രൂപയും 56 അധിക എഫ്പിഎസുകൾക്ക് 140 കോടി രൂപയും അനുവദിക്കുകയും ചെയ്തു.

*  കഴിഞ്ഞ 8 വർഷത്തിനിടയിൽ (2017-18 മുതൽ), 1,757 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭ്യമായി. ഇതുവരെ 445 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്.

*  2014 മുതൽ ആകെ 586 എഫ്പിഎസുകൾ നിർമ്മിച്ചു.

*  പ്രത്യേക കേന്ദ്ര സഹായം (എസ്‌സിഎ) പദ്ധതി പ്രകാരം 3,817.59 കോടി രൂപ അനുവദിച്ചു.

കേന്ദ്ര ഏജൻസികൾക്കുള്ള പിന്തുണ

പദ്ധതി (എസിഎഎൽഡബ്ല്യുഇഎംഎസ്) പ്രകാരം, കഴിഞ്ഞ 10 വർഷത്തിനിടെ ക്യാമ്പ് അടിസ്ഥാന സൗകര്യങ്ങൾക്കായി 125.53 കോടി രൂപയും ആശുപത്രികളുടെ നവീകരണത്തിനും സ്ഥാപിക്കുന്നതിനുമായി 12.56 കോടി രൂപയും അനുവദിച്ചു.

അടിസ്ഥാന സൗകര്യ വികസനം
ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി റോഡ് ശൃംഖലകളും മൊബൈൽ കണക്റ്റിവിറ്റിയും വികസിപ്പിച്ചുകൊണ്ട്, അഭിഗമ്യത, സുരക്ഷാ പ്രതികരണം, സാമൂഹിക-സാമ്പത്തിക സംയോജനം എന്നിവ മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ റോഡ് കണക്റ്റിവിറ്റി:
2014 മെയ് മുതൽ 2025 ആഗസ്റ്റ് വരെ, കേന്ദ്ര സർക്കാർ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ 12,000 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡുകൾ നിർമ്മിച്ചു. അതേസമയം 20,815 കോടി രൂപ ചെലവിൽ മൊത്തം 17,589 കിലോമീറ്ററിനുള്ള പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. മുമ്പ് എത്തിച്ചേരാൻ കഴിയാതിരുന്ന പ്രദേശങ്ങളിൽ എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റിയും ചലനാത്മകതയും ഉറപ്പാക്കുന്നു.

മൊബൈൽ നെറ്റ്‌വർക്ക് വിപുലീകരണം:
ആദ്യ ഘട്ടത്തിൽ, 4,080 കോടി രൂപ ചെലവിൽ 2,343 (2ജി) മൊബൈൽ ടവറുകൾ സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ 2,210 കോടി രൂപയുടെ നിക്ഷേപത്തിൽ 2,542 ടവറുകൾ അനുവദിച്ചു, അതിൽ 1,154 എണ്ണം ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, അഭിലാഷ ജില്ലകൾ-4ജി പൂരിത പദ്ധതികൾക്ക് കീഴിൽ, 8,527 (4ജി) ടവറുകൾ അംഗീകരിച്ചു, യഥാക്രമം 2,596 ഉം 2,761 ഉം ടവറുകൾ ഇപ്പോൾ പ്രവർത്തനക്ഷമമാണ്, അവ കൊടുംനക്‌സൽ മേഖലകളിൽ ആശയവിനിമയവും ഇന്റലിജൻസ് വ്യാപ്തിയും സമൂലമായി മെച്ചപ്പെടുത്തുന്നു.

ബാധിത ജില്ലകളിൽ സാമ്പത്തിക ഉൾച്ചേർക്കൽ
1,804 ബാങ്ക് ശാഖകൾ, 1,321 എടിഎമ്മുകൾ, 37,850 ബാങ്കിങ് കറസ്പോണ്ടന്റുകൾ എന്നിവ സ്ഥാപിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഇടതുപക്ഷ തീവ്രവാദ ബാധിത ജില്ലകളിൽ ആഴത്തിലുള്ള സാമ്പത്തിക ഉൾച്ചേർക്കൽ ഉറപ്പാക്കിയിട്ടുണ്ട്. 90 ജില്ലകളിലായി ഓരോ അഞ്ച് കിലോമീറ്ററിലും കവറേജ് ലഭിക്കുന്ന 5,899 പോസ്റ്റ് ഓഫീസുകളും തുറന്നു , മുമ്പ് നക്സൽ സ്വാധീനത്തിലായിരുന്ന വിദൂരമേഖലകളിലെ  സമൂഹങ്ങളിലേക്ക് ബാങ്കിങ്, തപാൽ, പണമടയ്ക്കൽ സേവനങ്ങൾ നേരിട്ട് എത്തിച്ചു.

വിദ്യാഭ്യാസ ശാക്തീകരണം (48 ജില്ലകളിൽ നൈപുണ്യ വികസനം)
495 കോടി രൂപയുടെ നിക്ഷേപത്തോടെ 48 വ്യാവസായിക പരിശീലന സ്ഥാപനങ്ങൾ (ഐടിഐകൾ) അനുവദിച്ചുകൊണ്ടും 61 നൈപുണ്യ വികസന കേന്ദ്രങ്ങൾ (എസ്ഡിസികൾ) അംഗീകരിച്ചുകൊണ്ടും കേന്ദ്ര സർക്കാർ 48 ഇടതുപക്ഷ തീവ്രവാദ ബാധിത ജില്ലകളിൽ നൈപുണ്യ വികസന സംരംഭങ്ങൾ ആരംഭിച്ചു. ഇതിൽ 46 ഐടിഐകളും 49 എസ്ഡിസികളും ഇതിനകം തന്നെ പ്രവർത്തനക്ഷമമാണ്, പ്രാദേശിക യുവാക്കൾക്ക് തൊഴിൽപരമായ പരിശീലനവും തൊഴിലവസരങ്ങളും നൽകുന്നു, അതുവഴി നക്‌സൽ റിക്രൂട്ട്‌മെന്റ് കുറയ്ക്കുകയും വിദൂര സമൂഹങ്ങളെ മുഖ്യധാരാ സമ്പദ് വ്യവസ്ഥയിലേക്ക് സംയോജിപ്പിക്കുകയും ചെയ്യുന്നു.

എൻഐഎയിൽ പ്രത്യേക വിഭാഗം:
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒരു സമർപ്പിത നക്‌സൽ വിരുദ്ധ വിഭാഗം സ്ഥാപിച്ചു, അത് 108 കേസുകൾ അന്വേഷിക്കുകയും 87 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ത്വരിതപ്പെടുത്തിയ ഈ പ്രോസിക്യൂഷൻ നടപടികളിലൂടെ മാവോയിസ്റ്റ് സംഘടനാ ഘടനയെ ഗണ്യമായി ദുർബലപ്പെടുത്തി. 2018 ൽ അതേകാലത്ത് തന്നെ, കേന്ദ്ര സർക്കാർ ഛത്തീസ്ഗഢിലെ ഏറ്റവും കൂടുതലായി നക്‌സൽ ബാധിതമായ ജില്ലകളായ ബിജാപൂർ, സുക്മ, ദന്തേവാഡ എന്നിവിടങ്ങളിൽ നിന്നുള്ള 400 പ്രാദേശിക യുവാക്കൾ ഉൾപ്പെടെ 1,143 പേരെ ഉൾപ്പെടുത്തി, ബസ്തരിയ ബറ്റാലിയൻ വിപുലീകരിച്ചു. മുൻ നക്‌സൽ ശക്തികേന്ദ്രങ്ങളെ കലാപത്തിനെതിരെ പോരാടുന്ന പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉറവിടങ്ങളാക്കി മാറ്റി.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നക്‌സലുകളിൽ നിന്ന് മോചിതമായ പ്രദേശങ്ങൾ (വിജയഗാഥകൾ)

മൂന്ന് പതിറ്റാണ്ടുകൾ നീണ്ട മാവോയിസ്റ്റ് നിയന്ത്രണത്തിലുള്ള ബുദ്ധ പഹാദ്, പരസ്‌നാഥ്, ബരാമസിയ, ചക്രബന്ധ (ബീഹാർ) എന്നിവയുൾപ്പെടെയുള്ള ദീർഘകാല നക്‌സൽ കോട്ടകൾ, ഒക്ടോപസ്, ഡബിൾ ബുൾ, ചക്ബന്ധ തുടങ്ങിയ നിർണായക പ്രവർത്തനങ്ങളിലൂടെ സുരക്ഷാ സേന മോചിപ്പിച്ചു, ഒറ്റപ്പെട്ട കാടുകൾക്കുള്ളിൽ സ്ഥിരക്യാമ്പുകൾ സ്ഥാപിച്ചു. അതുവരെ അഭേദ്യമായിരുന്ന അബുജ്മദ് (ഛത്തീസ്ഗഡ്) മേഖലയിൽ എത്തിച്ചേർന്നു.
ഈ തുടർ ആക്രമണങ്ങൾ പിഎൽജിഎ ബറ്റാലിയനെ ബിജാപൂർ-സുക്മയിലെ തങ്ങളുടെ പ്രധാന പ്രദേശം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കി, നക്‌സലൈറ്റുകളുടെ 2024 ലെ തന്ത്രപരമായ പ്രത്യാക്രമണ കാമ്പെയ്നിന്റെ (ടിസിഒസി) പൂർണ്ണ പരാജയത്തിന് കാരണമായി. അത് അവരുടെ തന്ത്രപരമായ ശക്തികേന്ദ്രത്തിന്റെയും പ്രവർത്തന ആധിപത്യത്തിന്റെയും തകർച്ചയെ അടയാളപ്പെടുത്തുകയും ചെയ്തു.


കീഴടങ്ങൽ, പുനരധിവാസ പദ്ധതി

കേന്ദ്ര സർക്കാരിന്റെ കീഴടങ്ങലും പുനരധിവാസവും നയം ആകർഷകമായ പ്രോത്സാഹനങ്ങളും ഉറപ്പായ ഉപജീവനമാർഗ്ഗവും വാഗ്ദാനം ചെയ്തുകൊണ്ട് നക്‌സൽ കേഡറുകളുടെ തകർച്ച ത്വരിതപ്പെടുത്തി. ഉയർന്ന റാങ്കിലുള്ള എൽഡബ്ല്യുഇ കേഡറുകൾക്ക് 5 ലക്ഷം രൂപ, ഇടത്തരമോ/താഴെക്കിടയിലോ ആയ റാങ്കിലുള്ള കേഡറുകൾക്ക് 2.5 ലക്ഷം രൂപ, കീഴടങ്ങുന്ന എല്ലാവർക്കും 36 മാസം നീണ്ടുനിൽക്കുന്ന പ്രൊഫഷണൽ പരിശീലനത്തിന് 10,000 രൂപ പ്രതിമാസ സ്‌റ്റൈപ്പൻഡ് എന്നിങ്ങനെ ലഭ്യമാക്കി. ഇതിന്റെ ഫലമായി, ഈ വർഷം മാത്രം 521 എൽഡബ്ല്യുഇ കേഡർമാരാണ് കീഴടങ്ങിയത്. പുതിയ സംസ്ഥാന സർക്കാർ അധികാരമേറ്റതിനുശേഷം ഇത് ആകെ 1,053 ആയി ഉയരുകയും, നൂറുകണക്കിന് മുൻ കലാപകാരികളെ തൊഴിലും സുരക്ഷയും ഉറപ്പാക്കി മുഖ്യധാരയിലേക്ക് വിജയകകരമായി കൊണ്ടുവരികയും ചെയ്തു.


ഉപസംഹാരം
കഴിഞ്ഞ പതിനൊന്ന് വർഷത്തിനിടയിൽ, കേന്ദ്ര സർക്കാരിന്റെ ഏകോപിതവും ബഹുമുഖവുമായ തന്ത്രങ്ങൾ സംയോജിപ്പിച്ച് അനുരൂപമാക്കിയ സുരക്ഷാ പ്രവർത്തനങ്ങൾ, അഭൂതപൂർവമായ അടിസ്ഥാന സൗകര്യ മുന്നേറ്റം, സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കൽ, ദ്രുതഗതിയിലുള്ള വികസന പൂരിതാവസ്ഥ, ആകർഷകമായ കീഴടങ്ങൽ നയം എന്നിവ 2014-ലെ 126 ജില്ലകളിൽ നിന്ന് 2025-ൽ വെറും 11 ജില്ലകളിലായി ഇടതുപക്ഷ തീവ്രവാദത്തെ ചുരുക്കി, 'ഏറ്റവും കൂടുതൽ നക്‌സൽ ബാധിതമായ' ജില്ലകളിൽ മൂന്നെണ്ണം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.
അക്രമം 70 ശതമാനത്തിലധികം കുറഞ്ഞു, പൗരൻമാരുടെയും സുരക്ഷാ സേനാംഗങ്ങളുടെയും മരണനിരക്ക് കുറഞ്ഞു, ഉന്നത മാവോയിസ്റ്റ് നേതൃത്വത്തെ വ്യവസ്ഥാപിതമായി നിർവീര്യമാക്കി, ആയിരക്കണക്കിന് കേഡർമാർ സായുധ പോരാട്ടത്തിന് പകരം മുഖ്യധാരാ ജീവിതം തിരഞ്ഞെടുത്തു. ചെറുത്തുനിൽപ്പിന്റെ ഭാഗങ്ങൾ ഇനിയും അവശേഷിക്കുകയും, 2026 മാർച്ച് 31 എന്ന പ്രഖ്യാപിത സമയപരിധി വരെ പൂർണ്ണമായ നക്‌സൽ ഉന്മൂലനത്തിനായി നിരന്തരമായ ജാഗ്രത ആവശ്യപ്പെടുന്നുണ്ടെങ്കിലും, പാത വളരെ സ്പഷ്ടമാണ്.  നക്‌സൽ കലാപത്തിന്റെ പ്രത്യയശാസ്ത്രപരവും പ്രവർത്തനമേഖലാപരവുമായ നട്ടെല്ല് തകർക്കപ്പെട്ടിരിക്കുന്നു, ഇത് ശാശ്വത സമാധാനത്തിനും വികസനത്തിനും വളരെക്കാലമായി അവ രണ്ടും നഷ്ടപ്പെട്ട പ്രദേശങ്ങളിൽ വഴിയൊരുക്കുന്നു. 

അവലംബം:

PIB

https://www.pib.gov.in/PressReleasePage.aspx?PRID=2179459&reg=3&lang=2

https://www.pib.gov.in/PressReleseDetailm.aspx?PRID=2130295&reg=3&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1991936&reg=3&lang=2

Jharkhand Police

https://jhpolice.gov.in/news/police-reaching-out-villagers-under-operation-goodwill-8090-1351598017

Ministry of Home Affairs

Click here to see PDF

***

(Backgrounder ID: 156485) आगंतुक पटल : 4
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Telugu , Kannada
Link mygov.in
National Portal Of India
STQC Certificate