• Skip to Content
  • Sitemap
  • Advance Search
Rural Prosperity

മാതൃകാ യുവഗ്രാമസഭ

“ ജനാധിപത്യത്തിന്റെ പാഠശാല”

Posted On: 30 OCT 2025 3:41PM

പ്രധാന സവിശേഷതകൾ

•യഥാർത്ഥ ഗ്രാമസഭ പ്രക്രിയകളെ അനുകരിച്ചുകൊണ്ട്, വിദ്യാർത്ഥികൾക്ക് അടിസ്ഥാന ജനാധിപത്യത്തിൽ പ്രായോഗിക പരിചയം നൽകുന്നതിനാണ് മാതൃക യുവഗ്രാമസഭ (MYGS) ലക്ഷ്യമിടുന്നത്. 

നേതൃ ശേഷിയും പൗര ഇടപെടലും വളർത്തിയെടുക്കുന്നതിന് ഇത് സഹായിക്കും.

•ഇത് പഞ്ചായത്തിരാജ് സംവിധാനത്തെക്കുറിച്ചുള്ള യുവാക്കളുടെ ധാരണയെ ശക്തിപ്പെടുത്തുകയും പ്രാദേശിക ഭരണത്തിൽ സുതാര്യത, ഉൾപ്പെടുത്തൽ, ഉത്തരവാദിത്വം എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

•വിദ്യാർത്ഥികളിൽ ഭരണഘടനാ മൂല്യങ്ങൾ, സാമൂഹിക ഉത്തരവാദിത്വം, പൗരബോധം എന്നിവ പരിപോഷിപ്പിക്കുകയും സജീവ പൗരന്മാരാക്കി അവരെ സജ്ജമാക്കുകയും ചെയ്യുന്നതിലൂടെ ഈ സംരംഭം 2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി (NEP) പൊരുത്തപ്പെടുന്നു

•പരിശീലനം ലഭിച്ച അധ്യാപകരിലൂടെയും മാതൃക മൊഡ്യൂളുകളിലൂടെയും ഘടനാപരമായ സൗകര്യം നൽകുന്നത് വഴി ഉയർന്ന നിലവാരമുള്ള നിർവഹണവും ഗണ്യമായ പഠന ഫലങ്ങളും ഉറപ്പാക്കുന്നു.

•ജനാധിപത്യ ഇടപെടലിനായി ആശയവിനിമയം, വിമർശനാത്മക ചിന്ത, സംഘടിത ചിന്ത, സമവായ രൂപീകരണം, തീരുമാനമെടുക്കൽ തുടങ്ങിയ അവശ്യ ജീവിത നൈപുണ്യം വികസിപ്പിക്കുന്നതിനൊപ്പം ഭരണത്തിൽ യുവജന പങ്കാളിത്തം വളർത്തിയെടുക്കുന്നതിനും ഈ പരിപാടി സഹായിക്കുന്നു.

 

ആമുഖം

പൈതൃകം, സമ്പദ്‌വ്യവസ്ഥ, കൂട്ടായ അഭിലാഷം എന്നിവയെ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെ ഗ്രാമങ്ങളാണ് രാജ്യത്തിന്റെ ജനാധിപത്യ അടിത്തറ. 6.64 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ ജനസംഖ്യയുടെ ഏകദേശം 65-70% പേർ വസിക്കുന്നതിനാൽ, ഗ്രാമീണ ഇന്ത്യയുടെ ശക്തി എന്നാൽ അതിന്റെ ഗ്രാമസഭകളുടെ ശക്തിയാണ്. അനുച്ഛേദം 243 പ്രകാരം ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ, ഗ്രാമസഭ പ്രത്യക്ഷ ജനാധിപത്യത്തെ ഉൾക്കൊള്ളുന്നു. ഓരോ മുതിർന്ന ഗ്രാമവാസിക്കും ഭരണത്തിൽ പങ്കെടുക്കാനും വികസന മുൻഗണനകളെക്കുറിച്ച് ചിന്തിക്കാനും പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ (പിആർഐ) ഉത്തരവാദിത്വം ഉറപ്പാക്കാനും ഇത് പ്രാപ്തമാക്കുന്നു. "ജനങ്ങളുടെ, ജനങ്ങളാൽ, ജനങ്ങൾക്കുവേണ്ടിയുള്ള" ഭരണത്തിന്റെ യഥാർത്ഥ ആത്മാവിനെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇത് അടിസ്ഥാനതലത്തിൽ സുതാര്യത, ഉൾക്കൊള്ളൽ, പങ്കാളിത്ത ആസൂത്രണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു.

ഗ്രാമീണ ഭരണത്തിൽ നിർണായക പങ്ക് വഹിച്ചിട്ടും, ഗ്രാമസഭകളിൽ യുവജന പങ്കാളിത്തം കുറവാണ്. പ്രധാനമായും പരിമിതമായ അവബോധം , അറിവില്ലായ്മ, അർത്ഥവത്തായി ഇടപെടുന്നതിനുള്ള അവസരങ്ങളുടെ അഭാവം എന്നിവ ഇതിന് കാരണമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യ ഇന്ത്യയിലാണ്. സമൂഹ വികസനത്തിലും പ്രാദേശിക ഭരണത്തിലും നമ്മുടെ യുവാക്കളുടെ അർത്ഥവത്തായതും ഉൽപ്പാദനപരവുമായ പങ്കാളിത്തമാണ് വികസിത ഭാരതം എന്ന ദർശനം കൈവരിക്കുന്നതിനുള്ള താക്കോൽ. അവരുടെ പങ്കാളിത്തം അടിസ്ഥാനതല ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രാതിനിധ്യപരവുമായ തീരുമാനമെടുക്കലിന് മികച്ച അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

വിദ്യാർത്ഥികളിൽ പൗരബോധം പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനുമായി, പഞ്ചായത്തി രാജ് മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ & സാക്ഷരതാ വകുപ്പുമായും ഗോത്രകാര്യ മന്ത്രാലയവുമായും സഹകരിച്ച്, യുവാക്കൾക്കിടയിൽ ജനാധിപത്യ മൂല്യങ്ങളും പൊതു ഉത്തരവാദിത്വവും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നൂതന പൗര വിദ്യാഭ്യാസ സംരംഭമായ " മാതൃക യുവ ഗ്രാമസഭ" (MYGS) എന്ന ആശയം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

മാതൃക അസംബ്ലികളുടെ  രൂപത്തിൽ, ഇത് പ്രത്യേകിച്ച് ജവഹർ നവോദയ വിദ്യാലയങ്ങൾ , ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ എന്നിവയിലെ വിദ്യാർത്ഥികൾക്ക്, അടിസ്ഥാന ജനാധിപത്യ പ്രവർത്തനത്തെക്കുറിച്ച് പ്രായോഗിക പരിചയം നൽകുന്നു. ചുമതലകൾ, സംവാദങ്ങൾ, തീരുമാനമെടുക്കൽ പ്രക്രിയ എന്നിവയിലൂടെ, വിദ്യാർത്ഥികൾ തദ്ദേശഭരണത്തിൽ  ചർച്ച, സമവായ രൂപീകരണം, പങ്കാളിത്ത ഭരണം എന്നിവയുടെ നടപടികൾ മനസ്സിലാക്കുന്നു. ഈ അനുഭവപരമായ പഠനം തദ്ദേശ സ്വയംഭരണത്തെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യം വർദ്ധിപ്പിക്കുക മാത്രമല്ല, ഉത്തരവാദിത്വബോധം, സഹകരണം, ജനാധിപത്യ സ്ഥാപനങ്ങളോടുള്ള ബഹുമാനം എന്നിവ വളർത്തുകയും ചെയ്യുന്നു.

 

 എന്താണ് JNV-കളും EMRS-കളും ?

ദേശീയ വിദ്യാഭ്യാസ നയം (1986) പ്രകാരം സ്ഥാപിതമായ റസിഡൻഷ്യൽ സ്കൂളുകളാണ് ജവഹർ നവോദയ വിദ്യാലയങ്ങൾ (JNV-കൾ). ഗ്രാമീണ മേഖലയിലെ മികച്ച പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്. സാമൂഹിക-സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ, കഴിവുള്ള കുട്ടികൾക്ക് സാംസ്കാരികപരവും ഭൗതികവുമായ വികസനം ഉൾപ്പെടെ ഗുണനിലവാരമുള്ള ആധുനിക വിദ്യാഭ്യാസം നൽകുന്നതിനാണ് ഇവ സ്ഥാപിതമായത്.

വിദൂര പ്രദേശങ്ങളിലെ പട്ടികവർഗ (എസ്ടി) വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ മികച്ച അവസരങ്ങൾ ലഭ്യമാക്കുന്നതിനും അവരെ പൊതുജനങ്ങളുമായി അവസരങ്ങളിൽ തുല്യരാക്കുന്നതിനും ഗുണനിലവാരമുള്ള അപ്പർ പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി തല വിദ്യാഭ്യാസം നൽകുന്നതിനായി ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾ (EMRS-കൾ) സ്ഥാപിച്ചിട്ടുണ്ട്.

ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിലായി ഭരണ സംവിധാനത്തെ ശാക്തീകരിക്കുന്ന ത്രിതല പഞ്ചായത്തിരാജ് സംവിധാനത്തിന് അടിത്തറയിട്ടത് 73-ാം ഭരണഘടനാ ഭേദഗതിയാണ്. ഈ ചട്ടക്കൂട് മനസ്സിലാക്കാനും അതിൽ ഇടപഴകാനും യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, പ്രത്യേകിച്ച് മാതൃക യുവ ഗ്രാമസഭ പോലുള്ള സംരംഭങ്ങളിലൂടെ, ജനാധിപത്യ പങ്കാളിത്തം, ഭരണഘടനാപരമായ ആദർശങ്ങൾ, കൂട്ടായ പുരോഗതി എന്നിവയ്ക്ക് മൂല്യം കൽപ്പിക്കുന്നവരും വിജ്ഞാനികളും ശാക്തീകരിക്കപ്പെട്ടതുമായ ഒരു തലമുറയെ സൃഷ്ടിക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

 

 മാതൃകാ യുവജന ഗ്രാമസഭ സംരംഭം, ദേശീയ വിദ്യാഭ്യാസ നയം(NEP) 2020 ന്റെ ദർശനവുമായി ശക്തമായി പൊരുത്തപ്പെടുന്നു. വിദ്യാർത്ഥികളിൽ  ഭരണഘടന പ്രതിപാദിക്കുന്ന അടിസ്ഥാന കടമകളോടും ഭരണഘടനാ മൂല്യങ്ങളോടും ആഴത്തിലുള്ള ആദരവ് വളർത്തിയെടുക്കുന്നതിനും ശക്തമായ ദേശീയബോധം സൃഷ്ടിക്കുന്നതിനും വിദ്യാഭ്യാസ പാഠ്യപദ്ധതിയുടെയും അധ്യാപനത്തിന്റെയും ആവശ്യകത ഇത് അടിവരയിടുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് തങ്ങളുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും മനസ്സിലാക്കാൻ പഠിതാക്കളെ സജ്ജമാക്കുന്നതിന് NEP 2020 ഊന്നൽ നൽകുന്നു. ഭാരതീയർ എന്ന നിലയിൽ യുവാക്കളിൽ അഗാധമായ അഭിമാനം വളർത്തിയെടുക്കാനും, അവരുടെ ചിന്തകളിലും പ്രവൃത്തികളിലും ബുദ്ധിയിലും ആ ബോധം പ്രതിഫലിപ്പിക്കുന്നതിനും ഈ നയം ലക്ഷ്യമിടുന്നു. മനുഷ്യാവകാശങ്ങൾ, സുസ്ഥിര വികസനം, ആഗോള ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ജ്ഞാനം, നൈപുണ്യം, മൂല്യങ്ങൾ, മനോഭാവങ്ങൾ എന്നിവകൊണ്ട് അവരെ സജ്ജരാക്കാനും, അതിലൂടെ അവരെ ഉത്തരവാദിത്വവും അനുകമ്പയുമുള്ള ആഗോള പൗരന്മാരായി രൂപപ്പെടുത്താനും നയം വിഭാവനം ചെയ്യുന്നു.

 ലക്ഷ്യങ്ങൾ

പങ്കാളിത്തപരവും അനുഭവപരവുമായ പഠനത്തിലൂടെ മാതൃകാ യുവഗ്രാമസഭ, വിദ്യാർത്ഥികളെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ ഘടനയും പ്രവർത്തനവും പരിചയപ്പെടുത്തുന്നു. പൊതു പ്രഭാഷണം, വിമർശനാത്മക ചിന്ത, സമവായ രൂപീകരണം തുടങ്ങിയ നേതൃപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനൊപ്പം ഉൾപ്പെടുത്തൽ, ഉത്തരവാദിത്വo, സുതാര്യത എന്നിവ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥ സാമൂഹിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിൽ യുവാക്കളെ ഉൾപ്പെടുത്തുന്നതിലൂടെ, ജനാധിപത്യപരവും വികസനപരവുമായ പ്രക്രിയകളിൽ സജീവമായി സംഭാവന ചെയ്യുന്ന അറിവുള്ളവരും ഉത്തരവാദിത്വമുള്ളവരുമായ പൗരന്മാരെ ഈ സംരംഭം വളർത്തിയെടുക്കുന്നു. 

 

 ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:

•പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുക - 73-ാമത് ഭരണഘടനാ ഭേദഗതിയിലൂടെ സ്ഥാപിതമായ ത്രിതല പഞ്ചായത്തീരാജ് ചട്ടക്കൂടിനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക.

•പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക - ഗ്രാമസഭകളിലും തദ്ദേശ ഭരണ പ്രക്രിയകളിലും പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുക.

•നേതൃശേഷി വികസിപ്പിക്കുക - പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ (PRI) ശക്തിപ്പെടുത്തുന്നതിനായി യുവാക്കൾക്കിടയിൽ ഉത്തരവാദിത്വബോധവും നേതൃബോധവും വളർത്തുക.

•പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചുള്ള ധാരണ പ്രോത്സാഹിപ്പിക്കുക - അടിസ്ഥാന തലത്തിൽ യഥാർത്ഥ പ്രായോഗിക ഭരണ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനും വിശകലനം ചെയ്യുന്നതിനും വിദ്യാർത്ഥികൾക്ക് ഒരു വേദി നൽകുക.

ദർശനം

"ജനാധിപത്യ പ്രക്രിയകളിൽ സജീവമായി പങ്കെടുക്കുകയും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ദേശീയ വികസനത്തിന് സംഭാവന നൽകുകയും ചെയ്യുന്ന ശാക്തീകരിക്കപ്പെട്ട, ഉത്തരവാദിത്വവും സഹാനുഭൂതിയുമുള്ള യുവ പൗരന്മാരെ വളർത്തിയെടുക്കുക" എന്നതാണ് മാതൃക യുവ ഗ്രാമസഭയുടെ ദർശനം.

 

മാതൃകാ ഗ്രാമസഭയുടെ പ്രധാന അന്തസത്ത ഇവയാണ്:

ഭരണഘടനാ മൂല്യങ്ങളിലും ജനാധിപത്യ തത്വങ്ങളിലും അടിത്തറയുള്ള സജീവവും സഹാനുഭൂതിയും അറിവുമുള്ള യുവപൗരന്മാരെ വാർത്തെടുക്കുക

ഉൾക്കൊള്ളൽ, സമവായ രൂപീകരണം, നീതി, സമത്വം എന്നിവയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുക. സാമൂഹികമായി ഉത്തരവാദിത്വമുള്ള വ്യക്തികളാകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക.

വിദ്യാർത്ഥികൾക്കിടയിൽ നേതൃത്വം, പങ്കാളിത്തം, ആശയവിനിമയം, വിമർശനാത്മക ചിന്ത തുടങ്ങിയ പ്രധാനപ്പെട്ട ജീവിത നൈപുണ്യ ശേഷി പ്രോത്സാഹിപ്പിക്കുക

പ്രാദേശിക ഭരണ ഘടനകളെയും പ്രാദേശികവൽക്കരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളെയും കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുക.

ദേശീയ ഉദ്ഗ്രഥനത്തിനും വികസനത്തിനും പ്രതിജ്ഞാബദ്ധരായ സാമൂഹിക ഉത്തരവാദിത്വമുള്ള വ്യക്തികളാകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക.

 *മാതൃകാ യുവ ഗ്രാമസഭയുടെ സവിശേഷതകൾ* 

ഒരു മാതൃകാ ഗ്രാമസഭ/ഗ്രാമ പഞ്ചായത്ത് യോഗം നടത്തൽ

മാതൃകാ ഗ്രാമസഭാ പ്രവർത്തനത്തിൽ, യഥാർത്ഥ പ്രായോഗിക തലത്തിലെ പ്രാദേശിക ഭരണം അനുകരിക്കുന്നതിന് വിദ്യാർത്ഥികൾ വിവിധ ചുമതലകൾ ഏറ്റെടുക്കുന്നു.

ചില വിദ്യാർത്ഥികളെ സർപഞ്ച്, വാർഡ് അംഗങ്ങൾ അല്ലെങ്കിൽ പ്രസിഡന്റുമാർ എന്നിങ്ങനെ പദവികൾ നൽകി നിയമിക്കാം. സ്റ്റാൻഡിംഗ് കമ്മിറ്റികൾ, പഞ്ചായത്ത് പ്രവർത്തകർ (സെക്രട്ടറി, പിഡിഒ, സഹായക് പോലുള്ളവർ), മുൻനിര പ്രവർത്തകർ (ആശ, എഡബ്ല്യുഡബ്ല്യു, റോസ്ഗർ സഹായക് പോലുള്ളവർ), ഗ്രാമവികസനം, ആരോഗ്യം, ഡബ്ല്യുസിഡി എന്നിവയുൾപ്പെടെയുള്ള അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ മറ്റുള്ള വിദ്യാർത്ഥികൾക്ക് പ്രതിനിധീകരിക്കാം. സാമൂഹ്യ -നിർദ്ദിഷ്ട ആശങ്കകൾ പ്രകടിപ്പിക്കുന്നതിനായി ഒരു കൂട്ടം വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്തിന്റെ വിവിധ സാമൂഹിക വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നു.

 അജണ്ട വിതരണം ചെയ്യുക, യോഗത്തിന് കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും യോഗ നോട്ടീസുകൾ നൽകുക, യോഗ വിശദാംശങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുക തുടങ്ങിയ മുൻകൂർ തയ്യാറെടുപ്പ് യോഗ നടപടികളിൽ ഉൾപ്പെടുന്നു. യോഗത്തിൽ, സർപഞ്ച് ആമുഖം അവതരിപ്പിക്കുന്നു. തുടർന്ന് മുൻകാല തീരുമാനങ്ങൾ, പുരോഗതിയിലുള്ള പ്രവർത്തനങ്ങൾ, പുതിയ അജണ്ടകൾ, പ്രവർത്തന പദ്ധതിയുടെ അന്തിമരൂപം എന്നിവയെക്കുറിച്ചുള്ള അവതരണങ്ങൾ നടത്തുന്നു. കൂടാതെ, ബജറ്റ് അന്തിമമാക്കൽ, ലഭ്യമായ ഫണ്ടുകളുടെ വിലയിരുത്തൽ, നിർദ്ദിഷ്ട പ്രവൃത്തികളുടെ എസ്റ്റിമേറ്റ്, ഫണ്ടിംഗ് പോരായ്മ തിരിച്ചറിയൽ എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക പരിപാലനത്തെക്കുറിച്ചുള്ള ചർച്ചകളും നടക്കും. അധിക സാമ്പത്തിക വിഭവങ്ങൾ സമാഹരിക്കുന്നതിനായി സാധ്യതയുള്ള ഉറവിടങ്ങളും അവർ പര്യവേക്ഷണം ചെയ്യുന്നു. പ്രാദേശിക വരുമാന സൃഷ്ടിക്കായി നൂതന ആശയങ്ങൾ നിർദ്ദേശിച്ചുകൊണ്ട് ഈ വിടവുകൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികൾ സജീവമായി ചിന്തിപ്പിക്കുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നു.

പ്രധാന നിർദ്ദേശങ്ങളിൽ വോട്ടെടുപ്പ് നടത്തുക എന്നതാണ് തീരുമാനമെടുക്കൽ പ്രക്രിയയുടെ പ്രധാനഭാഗം. അതിനുശേഷം സർപഞ്ച് തീരുമാനങ്ങൾ സംഗ്രഹിക്കുന്നു. ഔപചാരിക പ്രമേയങ്ങൾ കരട് മിനിറ്റ്സ് ആയി രേഖപ്പെടുത്തുകയും സർപഞ്ച് ഉപസംഹാരം നടത്തുകയും ചെയ്യുന്നതോടെ സെഷൻ അവസാനിക്കുന്നു.

 

നിർവഹണ സമീപനം

2025 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ തിരഞ്ഞെടുത്ത ജെഎൻവികളിലും ഇഎംആർഎസുകളിലും ഒരു പൈലറ്റ് മാതൃക ഗ്രാമസഭ/ഗ്രാമപഞ്ചായത്ത് നടത്തി. മാതൃക ഗ്രാമസഭ/ഗ്രാമപഞ്ചായത്തിന്റെ ഘടനയോടൊപ്പം ഈ യോഗം നടത്തുന്നതിനുള്ള ആദ്യന്ത പ്രക്രിയ ഉൾക്കൊള്ളുന്ന ഒരു ഫോർമാറ്റ് അവർക്ക് നൽകിയിരുന്നു. നടപടികൾ മികച്ച രീതിയിൽ മനസ്സിലാക്കുന്നതിനായി മുകളിൽ പറഞ്ഞ ഘടന ഒരു ചെറിയ വീഡിയോ രൂപത്തിലും ലഭ്യമാക്കി.

 മാതൃകാ ഗ്രാമപഞ്ചായത്ത് യോഗങ്ങൾ 20% സ്കൂളുകളിൽ സംഘടിപ്പിച്ചു. 80% സ്കൂളുകളിൽ മാതൃകാ ഗ്രാമസഭ യോഗങ്ങൾ സംഘടിപ്പിച്ചു. ഈ യോഗം വിജയകരമായി നടത്തിക്കഴിഞ്ഞ ശേഷം, അവലോകനം ചെയ്യുന്നതിനായി പങ്കെടുത്ത സ്കൂളുകളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോളിൽ (എസ്ഒപി) പരിഷ്കരണം വരുത്തുകയും കൂടാതെ സംരംഭം കൂടുതൽ വിപുലീകരിക്കുന്നതിന് പ്രചാരണം വ്യാപിപ്പിക്കുകയും ചെയ്തു.

ചുവടെയുള്ള സമയക്രമത്തിൽ വിവരിച്ചിരിക്കുന്നതുപോലെ സംരംഭം ഘടനാപരമായ രീതിയിൽ പുരോഗമിക്കുന്നു:.

2025 ജൂലൈയിൽ വിവിധ സ്കൂളുകളെ തിരഞ്ഞെടുത്തു. തുടർന്ന് 2025 ജൂലൈ മുതൽ ഓഗസ്റ്റ് വരെ 200 മാസ്റ്റർ ട്രെയിനർമാർക്കും അധ്യാപകർക്കും വേണ്ടി ഒരു പരിശീലനപരിപാടി നടത്തി ,തുടർ പ്രവർത്തനങ്ങൾക്കായി അവരെ സജ്ജമാക്കി.

തുടർന്ന്, 2025 ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ ബാഗ്പത് (ഉത്തർപ്രദേശ്), അൽവാർ (രാജസ്ഥാൻ) തുടങ്ങിയ തിരഞ്ഞെടുത്ത സ്കൂളുകളിൽ മോക്ക് ഗ്രാമസഭ സെഷനുകൾ സംഘടിപ്പിച്ചു. ഇത് വിദ്യാർത്ഥികൾക്ക് പ്രാദേശിക ഭരണ പ്രക്രിയകളെക്കുറിച്ച് പ്രായോഗിക പരിചയം നൽകി.

കൂടാതെ, 2025 ഒക്ടോബർ മുതൽ നവംബർ വരെ അഞ്ച് മേഖലകളിലായി പ്രാദേശിക മത്സരങ്ങൾ നടക്കുന്നു. ഇതിലൂടെ പത്ത് ഫൈനലിസ്റ്റ് ടീമുകളെ (ജെഎൻവികളിൽ നിന്ന് അഞ്ച്, ഇഎംആർഎസുകളിൽ നിന്ന് അഞ്ച്) തിരഞ്ഞെടുക്കും.

 2025 ഡിസംബറിൽ ദേശീയതല മത്സരത്തോടെ ഈ സംരംഭം സമാപിക്കും. അവിടെ പത്ത് ഫൈനലിസ്റ്റുകളിൽ നിന്ന് മികച്ച മൂന്ന് ടീമുകളെ അനുമോദിക്കും

 

മാതൃക യുവ ഗ്രാമസഭ മൊഡ്യൂൾ

സ്കൂളുകളിൽ, പങ്കാളിത്ത ജനാധിപത്യത്തിന്റെ ദർശനം പ്രായോഗികമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സമഗ്ര ചട്ടക്കൂടായി മാതൃക യുവ ഗ്രാമസഭ മൊഡ്യൂൾ പ്രവർത്തിക്കുന്നു. ഘടനാപരമായ മാർഗ്ഗനിർദ്ദേശം, സൗകര്യങ്ങൾ, മൂല്യനിർണ്ണയ സംവിധാനങ്ങൾ എന്നിവ നൽകി അധ്യാപകരെയും വിദ്യാർത്ഥികളെയും സജ്ജമാക്കുന്നു. ഇത് യുവാക്കൾ നയിക്കുന്ന ഗ്രാമസഭകളുടെ ഫലപ്രദവും ആകർഷകവും ഉയർന്ന നിലവാരമുള്ളതുമായ നിർവഹണം ഉറപ്പാക്കുന്നു.

മനസ്സിലാക്കൽ, പഠിക്കൽ, ആനന്ദം, അഭിമാനം (Meaning, Learning, Joy, and Pride-MLJP) എന്ന ചട്ടക്കൂടാണ് എം വൈ ജി എസ് മോഡ്യൂളിന്റെ അടിത്തറ: ലക്ഷ്യബോധമുള്ള ഇടപെടൽ, അനുഭവവേദ്യമായ വിദ്യാഭ്യാസം, പൗര ശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഈ തത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നു

മൊഡ്യൂളിനെ മൂന്ന് പരസ്പരബന്ധിതമായ ഘടകങ്ങളായി തിരിച്ചിരിക്കുന്നു:

1. നാഷണൽ ലെവൽ മാസ്റ്റർ ട്രെയിനർ (NLMT) ഗൈഡ്

MYGS-നുള്ള ദേശീയ തലത്തിലെ മാസ്റ്റർ ട്രെയിനർ (NLMT) ഗൈഡ് ഗ്രാമസഭാ പ്രക്രിയകളുടെ സമഗ്രമായ അവലോകനം നൽകുകയും പങ്കെടുക്കുന്നവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും വ്യക്തമായി രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇത് MLJP ( മനസ്സിലാക്കൽ, പഠനം, ആനന്ദം, അഭിമാനം) തത്വങ്ങൾ ഉൾക്കൊള്ളുന്നു. കൂടാതെ ഫലപ്രദവും ആകർഷകവുമായ രീതിയിൽ ഘട്ടം ഘട്ടമായി കാര്യങ്ങൾ ഗ്രഹിക്കുന്നതിന് സഹായിക്കുന്ന സംവിധാനങ്ങളും ഇതിലുണ്ട്.

2. അധ്യാപകർക്കുള്ള പരിശീലന മൊഡ്യൂൾ

അധ്യാപകർക്കുള്ള സഹായ മൊഡ്യൂൾ പഠനത്തെ ആകർഷകവും പങ്കാളിത്തപരവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ചിത്രങ്ങൾ ഉൾപ്പെടുത്തി ലളിതവും ഉപയോക്തൃ-സൗഹൃദവുമായ രീതിയിൽ മാർഗ്ഗനിർദേശം നൽകുന്നു. ജനാധിപത്യം, നേതൃത്വം, ജീവിത നൈപുണ്യം എന്നിവയുടെ അടിസ്ഥാന വശങ്ങൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്താൻ ഇത് അധ്യാപകരെ സഹായിക്കുന്നു. അതേസമയം MYGS-ൽ എങ്ങനെ ഫലപ്രദമായി പങ്കെടുക്കാമെന്ന് അവർക്ക് വ്യക്തമായ ധാരണ നൽകുകയും ചെയ്യുന്നു. പരിപാടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനുള്ള ആസൂത്രണ പദ്ധതികളും മൊഡ്യൂൾ നൽകുന്നു.

3. മൂല്യനിർണ്ണയ ചട്ടക്കൂട്

MYGS ന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിന് രൂപകൽപ്പന ചെയ്ത ഒരു ഉപയോക്തൃ-സൗഹൃദ സംവിധാനമാണിത്. പരിപാടിക്ക് മുൻപ്, പരിപാടിയിൽ, പരിപാടിക്ക് ശേഷം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി സൂചകങ്ങളിലൂടെ വിലയിരുത്താവുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളെ തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനുമുള്ള വ്യത്യസ്ത സൂചകങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഈ മൊഡ്യൂളുകളെല്ലാം, സ്കൂൾ അധിഷ്ഠിത പൗര വിദ്യാഭ്യാസത്തിനായി ഒരു സമഗ്ര ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നു. ഇത് ക്ലാസ് മുറികളെ ജനാധിപത്യ പരിശീലനത്തിന്റെ സൂക്ഷ്മരൂപങ്ങളാക്കി മാറ്റുന്നു. അവ വിദ്യാർത്ഥികളെ ഭരണം നേരിട്ട് അനുഭവിക്കാനും, നേതൃ ശേഷിയും ആശയവിനിമയ പാടവവും വളർത്തിയെടുക്കാനും, ഇന്ത്യയുടെ ജനാധിപത്യ ഘടനയുടെ പ്രധാന മൂല്യങ്ങളായ സുതാര്യത, ഉൾപ്പെടുത്തൽ, ഉത്തരവാദിത്വo എന്നിവയോട് നിതാന്ത ആദരം വളർത്തിയെടുക്കാനും പ്രാപ്തരാക്കുന്നു.

പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും ധനസഹായവും അംഗീകാരവും

ഓരോ മോക്ക് ഗ്രാമസഭയും നടത്തുന്നതിന് പങ്കെടുക്കുന്ന ഓരോ സ്കൂളിനും ഒറ്റത്തവണ സാമ്പത്തിക സഹായമായി 20,000 രൂപ നൽകും. ലോജിസ്റ്റിക് പിന്തുണയും ലഘുഭക്ഷണവും ഉൾപ്പെടെ ഒരു സഭയുടെ നടത്തിപ്പിനായി ഈ ഫണ്ട് ഉപയോഗിക്കാം.

ജനാധിപത്യ ഭരണത്തിൽ സജീവമായ താൽപ്പര്യം കാണിക്കാൻ പ്രേരിപ്പിക്കുന്നതിനായി പഞ്ചായത്തിരാജ് മന്ത്രാലയത്തിൽ നിന്ന് അഭിനന്ദന സർട്ടിഫിക്കറ്റുകൾ നൽകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളെ ദേശീയ തലത്തിൽ അംഗീകരിക്കും. ഇത് വിശാലമായ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കും.

മേഖലാ തലത്തിൽ വിജയിക്കുന്ന ടീമിന് ക്യാഷ് അവാർഡ് നൽകും. ഇത് സ്കൂൾ വികസനത്തിനായി അവർക്ക് ഉപയോഗിക്കാം.

ദേശീയ തലത്തിൽ വിജയിക്കുന്ന 3 ടീമുകൾക്ക് വലിയ തുക പുരസ്കാരമായി നൽകും. സ്കൂൾ വികസനത്തിനായി ഈ ഫണ്ട് ഉപയോഗിക്കാം.

ദേശീയ തല മത്സരത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന ടീമുകളുടെ യാത്ര ചെലവ് മന്ത്രാലയം വഹിക്കും.

 

 പ്രതീക്ഷിത ഫലങ്ങൾ:

തദ്ദേശ ഭരണത്തിൽ ജനാധിപത്യ മൂല്യങ്ങളും യുവജന പങ്കാളിത്തവും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഈ സംരംഭത്തിൽ നിന്ന് ഇനിപ്പറയുന്ന ഫലങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക - തദ്ദേശ ഭരണത്തിൽ സജീവമായി പങ്കെടുക്കാനും താഴെത്തട്ടിലുള്ള ജനാധിപത്യ പ്രക്രിയകൾ മനസ്സിലാക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക.

യുവ നേതൃത്വം വളർത്തുക - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നേതൃപരമായ ചുമതലകൾ ഏറ്റെടുക്കാനും സമൂഹങ്ങൾക്ക് അർത്ഥവത്തായ സംഭാവന നൽകാനും യുവാക്കളെ പ്രചോദിപ്പിക്കുക.

യുവശബ്ദങ്ങളെ ശാക്തീകരിക്കുക - വിദ്യാർത്ഥികൾക്ക് പ്രാദേശിക വിഷയങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും ജ്ഞാനാധിഷ്ഠിതമായ ചർച്ചകളും പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ഒരു വേദി ഒരുക്കുക. 

ഗ്രാമപഞ്ചായത്തുകൾക്കുള്ളിലെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ സജീവമായി പങ്കെടുക്കാൻ യുവാക്കൾക്ക് പ്രോത്സാഹനം നൽകുക.

 

ഉപസംഹാരം

പങ്കാളിത്ത ഭരണത്തിൽ യുവ മനസ്സുകളുടെ കാഴ്ചപ്പാടും ഉത്തരവാദിത്വങ്ങളും രൂപപ്പെടുത്തുന്നതിൽ മാതൃകാ ഗ്രാമസഭ ഒരു പ്രധാന പങ്ക് വഹിക്കും. അവബോധം, നേതൃശേഷി, ഇടപെടൽ എന്നിവ വളർത്തിയെടുക്കുന്നതിലൂടെ, യുവാക്കളും തദ്ദേശ ഭരണവും തമ്മിലുള്ള വിടവ് നികത്താനും, അടുത്ത തലമുറ ഇന്ത്യയുടെ ജനാധിപത്യ, വികസന യാത്രയിൽ സംഭാവന നൽകാൻ അവരെ സജ്ജമാക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

റഫറൻസുകൾ

Ministry of Panchayati Raj

 

Ministry of Education

https://dsel.education.gov.in/nvs

 

Ministry of Tribal Affairs

https://sansad.in/getFile/annex/259/AU2536.pdf?source=pqars

Click here to see pdf

*****

(Backgrounder ID: 155843) Visitor Counter : 8
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate