Social Welfare
                            
                            
                                ഇന്ത്യയിലെ വയോജനങ്ങൾ
                        
                            
                                ജനസംഖ്യയും വെല്ലുവിളികളും ഗവൺമെന്റ് പദ്ധതികളും
                        
                        
                            Posted On:
                            28 OCT 2025 10:56AM
                        
                         
പ്രധാന വിവരങ്ങൾ
* ഇന്ത്യയിലെ മുതിർന്ന പൗരന്മാരുടെ എണ്ണം 2036-ഓടെ ഏകദേശം 230 ദശലക്ഷമായി വർദ്ധിക്കുമെന്ന് കണക്കാക്കുന്നു. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം 15% വരും.
* ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുതലാണ്. 2036-ഓടെ ഈ പ്രാദേശിക അസമത്വം കൂടുമെന്ന് കണക്കാക്കുന്നു.
* കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയമാണ് മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള നോഡൽ മന്ത്രാലയം. മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി നിയമങ്ങളും നയങ്ങളും പരിപാടികളും നടപ്പിലാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നത് ഈ മന്ത്രാലയമാണ്.
* മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം (2007), മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച (ഭേദഗതി) നിയമം (2019) എന്നിവ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും പരിപാലനം നൽകാൻ മക്കളെയും അവകാശികളെയും നിയമപരമായി ബാധ്യസ്ഥരാക്കുന്നു.
ആമുഖം
ഇന്ത്യ അതിവേഗം ജനസംഖ്യാപരമായ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 2011-ൽ 100 ദശലക്ഷമായിരുന്ന മുതിർന്ന പൗരന്മാരുടെ (60 വയസും അതിൽ കൂടുതലും) ജനസംഖ്യ 2036-ഓടെ 230 ദശലക്ഷമായി, ഇരട്ടിയിലധികം വർധിക്കുമെന്ന് കണക്കാക്കുന്നു. 2036 ആകുമ്പോഴേക്കും ഏകദേശം ഏഴ് ഇന്ത്യക്കാരിൽ ഒരാൾക്ക് 60 വയസോ അതിൽ കൂടുതലോ പ്രായമുണ്ടാകുമെന്ന് ഈ പരിണാമം സൂചിപ്പിക്കുന്നു. ഇത് രാജ്യത്തിൻ്റെ ജനസംഖ്യയിൽ അടിസ്ഥാനപരമായ പുനഃക്രമീകരണത്തെ പ്രതിനിധീകരിക്കുന്നു. കുറഞ്ഞുവരുന്ന പ്രത്യുൽപാദന നിരക്ക്, വർദ്ധിച്ചുവരുന്ന ആയുർദൈർഘ്യം എന്നിവ കാരണമുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യ നിരവധി നയങ്ങളും പരിപാടികളും നിയമ വ്യവസ്ഥകളും സ്വീകരിച്ചിട്ടുണ്ട്.
മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന്റെ പ്രാധാന്യം
മെച്ചപ്പെട്ട പോഷകാഹാരവും ആരോഗ്യ സംരക്ഷണവും ഇന്ത്യയിലെ ആളുകളുടെ ആയുർദൈർഘ്യം വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്, എന്നാൽ പ്രായമേറുമ്പോഴുള്ള പുതിയ വെല്ലുവിളികളും അവസരങ്ങളും ഇത് നൽകുന്നു. സാമ്പത്തികമായി ദുർബലരായ മുതിർന്ന പൗരന്മാർക്കും വിധവകൾക്കും പെൻഷൻ, മതിയായ ഭവനം, ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് ഗവൺമെന്റ് മുൻഗണന നൽകണം.

കുടുംബത്തെയും സമൂഹത്തെയും കേന്ദ്രീകരിച്ചുള്ള പദ്ധതികൾക്ക്  പ്രാധാന്യം നൽകിക്കൊണ്ട്, സാമ്പത്തിക സുരക്ഷ, ഡിജിറ്റൽ സാക്ഷരതാ പരിശീലനം, ദീർഘകാല പരിചരണ ഇൻഷുറൻസ്, ഡിജിറ്റൽ ആരോഗ്യ പരിരക്ഷാ ലഭ്യത, സഹായക സാങ്കേതികവിദ്യകൾ, പങ്കാളിത്ത വേദികൾ എന്നിവ ഉറപ്പാക്കുന്നത് മുതിർന്ന പൗരന്മാരെ ഇന്ത്യയുടെ വളർന്നുവരുന്ന 'സിൽവർ സമ്പദ്‍വ്യവസ്ഥ'യിലേക്ക്, അതായത് 50 വയസ്സിനു മുകളിലുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ചരക്കുകളും സേവനങ്ങളും നയിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക്, ഫലപ്രദമായി ഉൾപ്പെടുത്തുന്നതിന് നിർണായകമാണ്. ഇത്, മുതിർന്ന പൗരന്മാർക്ക് അവരുടെ അനുഭവവും വൈദഗ്ധ്യവും ഉപയോഗിച്ച് വിവിധ മേഖലകളിൽ സംഭാവന ചെയ്യാൻ കഴിയുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
ജനസംഖ്യാ പ്രവണതകൾ
മുതിർന്ന പൗരന്മാരുടെ ജനസംഖ്യ എങ്ങനെ മാറുന്നു, ഭാവിയിൽ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അറിയുന്നതിനായി, ടെക്നിക്കൽ ഗ്രൂപ്പ് ഓൺ പോപ്പുലേഷൻ പ്രൊജക്ഷൻസ് (TGPP) 2020 ജൂലൈയിൽ ഇന്ത്യക്കും സംസ്ഥാനങ്ങൾക്കുമായി ഒരു "ജനസംഖ്യാ പ്രൊജക്ഷൻ റിപ്പോർട്ട്" തയ്യാറാക്കി. ഈ റിപ്പോർട്ട് അനുസരിച്ച്, 2036-ഓടെ ഇന്ത്യയിലെ മുതിർന്ന പൗരന്മാരുടെ എണ്ണം 230 ദശലക്ഷത്തിൽ എത്തും. ഇത് സമൂഹത്തിൽ ആഴത്തിലുള്ള മാറ്റങ്ങൾ വരുത്തുകയും വിപുലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. നമ്മുടെ രാജ്യത്ത് പ്രായമായവരുടെ ജനസംഖ്യയിൽ കാര്യമായ പ്രാദേശിക അസമത്വങ്ങളുണ്ട്, കൂടാതെ ഈ ജനസംഖ്യാപരമായ മാറ്റം രാജ്യത്തുടനീളം ഒരുപോലെയല്ല.
കേരളം, തമിഴ്‌നാട്, ഹിമാചൽ പ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വികസിത രാജ്യങ്ങളിലേതിന് സമാനമായി മുതിർന്ന പൗരന്മാരുടെ എണ്ണം കൂടുതലാണ്. കേരളത്തിൽ മുതിർന്ന പൗരന്മാരുടെ ജനസംഖ്യ 2011-ലെ 13%-ൽ നിന്ന് 2036-ഓടെ 23% ആയി വർദ്ധിക്കുമെന്ന് കണക്കാക്കുന്നു. ഇതോടെ കേരളം ഏറ്റവും പ്രായം കൂടിയ ജനസംഖ്യയുള്ള സംസ്ഥാനമായി മാറും. ഇതിനു വിപരീതമായി, പല വടക്കൻ, കിഴക്കൻ സംസ്ഥാനങ്ങളിലും ഇപ്പോൾ മുതിർന്ന പൗരന്മാരുടെ എണ്ണം കുറവാണ്. എങ്കിലും, അവരുടെ എണ്ണം അതിവേഗം വർദ്ധിക്കുകയാണ്. ഉദാഹരണത്തിന്, ഉത്തർപ്രദേശിൽ ഈ വിഭാഗം 2011-ലെ 7%-ൽ നിന്ന് 2036-ഓടെ 12% ആയി കൂടുമെന്ന് പ്രവചിക്കപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിൽ ശരാശരിയെക്കാൾ കൂടുതൽ മുതിർന്ന പൗരന്മാരുള്ളത്, ഇന്ത്യയുടെ വൈവിധ്യമാർന്ന ജനസംഖ്യാ ചിത്രം എടുത്തുകാണിക്കുന്നു.
ഇന്ത്യയിലെ വാർദ്ധക്യ ജനസംഖ്യയുടെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള ഒരു സുപ്രധാന ദേശീയ സർവേയാണ് ലോഞ്ചിറ്റ്യൂഡിനൽ ഏജിംഗ് സ്റ്റഡി ഓഫ് ഇന്ത്യ (LASI) 2021. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ പഠനം ലോകത്തിലെ തന്നെ ഏറ്റവും വലുതാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 12% മുതിർന്ന പൗരന്മാരാണെന്നും ഇത് പ്രതിവർഷം ഏകദേശം 3% വളർച്ചയോടെ 2050-ഓടെ 319 ദശലക്ഷമായി ഉയരുമെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. മുതിർന്ന പൗരന്മാരിൽ ലിംഗാനുപാതം 1,000 പുരുഷന്മാർക്ക് 1,065 സ്ത്രീകൾ എന്ന നിലയിലാണ്. മൊത്തം മുതിർന്ന പൗരന്മാരിൽ 58% സ്ത്രീകളാണ്, അതിൽ 54% പേർ വിധവകളാണ്. മൊത്തത്തിലുള്ള ആശ്രിതത്വ അനുപാതം 100 ജോലി ചെയ്യുന്ന പ്രായത്തിലുള്ളവർക്ക് 62 ആശ്രിതർ എന്ന നിലയിലാണ്, ഇത് ഇന്ത്യയിൽ വർധിച്ചുവരുന്ന വാർദ്ധക്യ ജനസംഖ്യയുടെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങൾ എടുത്തുകാണിക്കുന്നു.
മുതിർന്ന പൗരന്മാർ നേരിടുന്ന വെല്ലുവിളികൾ
സ്ഥാപനപരമായും കുടുംബപരമായും മതിയായ പിന്തുണാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇന്ത്യയിലെ മുതിർന്ന പൗരന്മാർ പലപ്പോഴും ദുർബലമായ അവസ്ഥയിലാണ് കാണപ്പെടുന്നത്. അവർക്ക് പലതരത്തിലുള്ള വെല്ലുവിളികൾ നേരിടേണ്ടിവരുന്നു:
ആരോഗ്യം: മാനസികാരോഗ്യ പ്രശ്നങ്ങൾ (ഡിമെൻഷ്യ, അൽഷിമേഴ്സ്), വർദ്ധിച്ചുവരുന്ന വൈകല്യങ്ങൾ, വയോജന അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, മെഡിക്കൽ സേവനങ്ങൾ ലഭിക്കുന്നതിലെ നഗര-ഗ്രാമീണ വ്യത്യാസം.
സാമ്പത്തികം: സാമൂഹിക സുരക്ഷാ വ്യവസ്ഥകളുടെ അപര്യാപ്തത, വർധിച്ചുവരുന്ന ജീവിതച്ചെലവുകളും ചികിത്സാ ചെലവുകളും, പരിമിതമായ സാമ്പത്തിക സ്രോതസ്സുകൾ.
സാമൂഹികം: ദുർബലമാകുന്ന കുടുംബ പിന്തുണാ സംവിധാനങ്ങൾ, സാമൂഹിക ഒറ്റപ്പെടൽ, അവഗണന, കൂട്ടായ്മയുടെ അഭാവം തുടങ്ങിയവ.
ഡിജിറ്റൽ വിഭജനം: സാങ്കേതികവിദ്യ സ്വീകരിക്കുന്നതിനുള്ള തടസ്സങ്ങൾ, പരിശീലനത്തിൻ്റെയും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഉപകരണങ്ങളുടെയും അഭാവം.
അടിസ്ഥാന സൗകര്യങ്ങൾ: അപര്യാപ്തമായ സാക്ഷരത, ദുർബല വിഭാഗമായി മുതിർന്ന പൗരന്മാരെ കണക്കിലെടുക്കാത്ത അടിയന്തര പ്രതികരണ സംവിധാനം. റാമ്പുകൾ, കൈവരികൾ, എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ശുചിമുറികൾ എന്നിവ പലയിടത്തും ഇല്ലാത്തതിനാൽ ഇന്ത്യയിലെ പൊതു ഇടങ്ങളും ഗതാഗത സംവിധാനങ്ങളും പൊതുവെ മുതിർന്ന പൗരന്മാർക്ക് അനുയോജ്യമല്ല.
മുതിർന്ന പൗരന്മാർക്കായുള്ള ഇന്ത്യയിലെ ഗവൺമെന്റ് സംരംഭങ്ങൾ
മുതിർന്ന പൗരന്മാർ നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യാ ഗവൺമെൻ്റ് നിരവധി സംരംഭങ്ങളും നയങ്ങളും കർമ്മ പദ്ധതികളും ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയ (MoSJE)മാണ് മുതിർന്ന പൗരന്മാരുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചുമതലയുള്ള നോഡൽ മന്ത്രാലയം. ധനകാര്യം, ആരോഗ്യം, കുടുംബക്ഷേമം, ആയുഷ് എന്നിവയുൾപ്പെടെയുള്ള വിവിധ മന്ത്രാലയങ്ങളുമായും സംസ്ഥാന ഗവൺമെന്റുകൾ, ഗവൺമെന്റ്-ഇതര സ്ഥാപനങ്ങൾ, പൗരസമൂഹം, സ്വകാര്യ മേഖല എന്നിവയുമായും MoSJE അടുത്ത സഹകരണത്തോടെ പ്രവർത്തിക്കുന്നു. മുതിർന്ന പൗരന്മാരുടെ പരിചരണം, ക്ഷേമം, അന്തസ്സ് എന്നിവ പ്രോത്സാഹിപ്പിക്കാനും അവരുടെ മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങളാണ് ഗവൺമെന്റ് നടപ്പിലാക്കുന്നത്. പ്രധാന സംരംഭങ്ങളിൽ ഇവ ഉൾപ്പെടുന്നു:
അടൽ പെൻഷൻ യോജന (APY)

ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഒരു പ്രധാന സാമൂഹിക സുരക്ഷാ പദ്ധതിയാണിത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് (PFRDA) ഇത് നിയന്ത്രിക്കുന്നത്. പാവപ്പെട്ടവർക്കും പിന്നാക്കം നിൽക്കുന്നവർക്കും ഉൾപ്പെടെ എല്ലാ ഇന്ത്യക്കാർക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. 2015 മെയ് 9-ന് ആരംഭിച്ച പദ്ധതി, 18 നും 40 നും ഇടയിൽ പ്രായമുള്ള, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള പൗരന്മാർക്ക് (2022 ഒക്ടോബർ 1 മുതൽ ആദായനികുതിദായകർ ഒഴികെ) ലഭ്യമാണ്. പദ്ധതി വരിക്കാർക്ക് 60 വയസ്സ് തികഞ്ഞ ശേഷം പ്രതിമാസം 1,000 രൂപ മുതൽ 5,000 രൂപ വരെ ഏറ്റവും കുറഞ്ഞ പെൻഷൻ ഉറപ്പുനൽകുന്നു. പദ്ധതിയിൽ ഉൾപ്പെട്ട അംഗത്തിന്റെ മരണശേഷം അതേ തുക പങ്കാളിക്ക് ലഭിക്കുന്നു. ഇരുവരും മരണപ്പെട്ടാൽ, പെൻഷൻ സമ്പാദ്യം നോമിനിക്ക് ലഭിക്കും. 60 വയസ്സ് വരെ പ്രതിമാസ, ത്രൈമാസ, അല്ലെങ്കിൽ അർദ്ധവാർഷിക ഇടവേളകളിൽ ഓട്ടോ-ഡെബിറ്റ് വഴി പണം അടയ്ക്കാം. പെൻഷൻ തുക നൽകാൻ വരുമാനം അപര്യാപ്തമാണെങ്കിൽ, കുറവുള്ള തുക ഗവൺമെന്റ് വഹിക്കും. 2019 മാർച്ചിലെ 1.54 കോടി എൻറോൾമെൻ്റിൽ നിന്ന് 2025 ഒക്ടോബർ 5-ഓടെ വരിക്കാരുടെ എണ്ണം 8.27 കോടിയായി ഉയർന്നു. നിലവിൽ 49,000 കോടിയിലധികം രൂപാ മൂല്യമുള്ള ആസ്തി (AUM) ഈ പദ്ധതിക്കുണ്ട്.
അടൽ വയോ അഭ്യുദയ യോജന
കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയ (MoSJE) ത്തിന്റെ കീഴിലുള്ള അടൽ വയോ അഭ്യുദയ യോജന (AVYAY), ഇന്ത്യയിലെ മുതിർന്ന പൗരന്മാരെ ശാക്തീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സമഗ്ര സംരംഭമാണ്. മുതിർന്ന പൗരന്മാർ സമൂഹത്തിന് നൽകിയ അമൂല്യമായ സംഭാവനകളെ ഈ പദ്ധതി അംഗീകരിക്കുകയും ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അവരുടെ സജീവമായ പങ്കാളിത്തവും ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിച്ചുകൊണ്ട് അവരുടെ മൊത്തത്തിലുള്ള ക്ഷേമവും സാമൂഹിക ഉൾപ്പെടുത്തലും ഉറപ്പാക്കാൻ ഇത് ലക്ഷ്യമിടുന്നു. അതുവഴി രാഷ്ട്രത്തിനായുള്ള അവരുടെ ആജീവനാന്ത സേവനത്തെ ആദരിക്കുന്നു. പദ്ധതിയുടെ ഘടകങ്ങൾ ഇവയാണ്:
മുതിർന്ന പൗരന്മാർക്കായുള്ള സംയോജിത പരിപാടി (IPSrC)
സംസ്ഥാന ഗവൺമെന്റുകൾ, രജിസ്റ്റർ ചെയ്ത സൊസൈറ്റികൾ വഴിയുള്ള കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങൾ, പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, ഗവൺമെന്റിതര, സന്നദ്ധ സംഘടനകൾ, നെഹ്‌റു യുവ കേന്ദ്ര സംഗതൻ (NYKS) പോലുള്ള അംഗീകൃത യുവജന സംഘടനകൾ എന്നിവയുൾപ്പെടെ വിവിധ നിർവ്വഹണ ഏജൻസികൾക്ക് സീനിയർ സിറ്റിസൺസ് ഹോമുകൾ (വൃദ്ധസദനങ്ങൾ), തുടർച്ചയായ പരിചരണ ഭവനങ്ങൾ, മൊബൈൽ മെഡികെയർ യൂണിറ്റുകൾ, ഫിസിയോതെറാപ്പി ക്ലിനിക്കുകൾ, റീജിയണൽ റിസോഴ്‌സ് ആൻഡ് ട്രെയിനിംഗ് സെന്ററുകൾ എന്നിവയുടെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഫോർ സീനിയർ സിറ്റിസൺസ് (IPSrC) ഗ്രാന്റ്-ഇൻ-എയ്ഡ് നൽകുന്നു. 2025 ഓഗസ്റ്റ് വരെ, രാജ്യത്തുടനീളം 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 696 സീനിയർ സിറ്റിസൺ ഹോമുകൾ പ്രവർത്തിക്കുന്നുണ്ട്, ദരിദ്രരായ മുതിർന്ന പൗരന്മാർക്ക് അഭയം, പോഷകാഹാരം, വൈദ്യ പരിചരണം, വിനോദം എന്നിവ ഉൾപ്പെടുന്ന സൗജന്യ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, 2025-26 സാമ്പത്തിക വർഷത്തിൽ പദ്ധതി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി 84 പുതിയ സീനിയർ സിറ്റിസൺ ഹോമുകൾ തിരഞ്ഞെടുത്തു, ഇത് വയോജനങ്ങൾക്കുള്ള ഈ സുപ്രധാന പിന്തുണാ സംവിധാനത്തിന്റെ വ്യാപ്തി കൂടുതൽ വിപുലീകരിക്കുന്നു.
രാഷ്ട്രീയ വയോശ്രീ യോജന (RVY)
വാർദ്ധക്യസഹജമായ വൈകല്യങ്ങൾ അനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് സഹായോപകരണങ്ങൾ നൽകുന്ന പദ്ധതിയാണിത്. 2017 ഏപ്രിൽ 1-നാണ് ഈ പദ്ധതി ആരംഭിച്ചത്. ഊന്നുവടികൾ, എൽബോ ക്രച്ചസ്, വാക്കറുകൾ, ശ്രവണസഹായികൾ, വീൽചെയറുകൾ, പല്ലുകൾ എന്നിവയുൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകി അവരുടെ ശാരീരിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് പുനഃസ്ഥാപിക്കാൻ ഇത് സഹായിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ (PSU) ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ചറിംഗ് കോർപ്പറേഷൻ (ALIMCO) ആണ് ഈ ഉപകരണങ്ങൾ നിർമ്മിക്കുന്നത്. ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെടുന്നതോ അല്ലെങ്കിൽ പ്രതിമാസ വരുമാനം 15,000 രൂപയിൽ കവിയാത്തതോ ആയ മുതിർന്ന പൗരന്മാരെയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ക്യാമ്പുകൾ വഴിയാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. 80 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർക്ക് ഉപകരണങ്ങൾ വീട്ടിൽ എത്തിച്ചുനൽകാനും സൗകര്യമുണ്ട്. 2025 ഒക്ടോബർ 15 വരെയുള്ള നിലവിലെ സ്ഥിതിവിവരക്കണക്കുകൾ താഴെ നൽകുന്നു:

വയോജന ഹെൽപ്പ്‌ലൈൻ
രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയം (MoSJE) ആരംഭിച്ച ദേശീയ ഹെൽപ്‌ലൈൻ സേവനമാണിത്. 14567 എന്ന ടോൾ ഫ്രീ നമ്പറിലൂടെ മുതിർന്ന പൗരന്മാർക്ക് സ്നേഹപൂർവ്വമായ പിന്തുണ നൽകുകയും അവരെ ബന്ധപ്പെട്ട സേവനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. 2021 ഒക്ടോബർ 1-ന് ഇന്ത്യൻ ഉപരാഷ്ട്രപതി ആരംഭിച്ച ഈ സംരംഭം ഇന്ത്യയിലെ വയോജനങ്ങളുടെ ക്ഷേമവും അന്തസ്സും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
സീനിയർ കെയർ ഏജിംഗ് ഗ്രോത്ത് എഞ്ചിൻ (SAGE) പോർട്ടൽ
യുവ സംരംഭകരെയും സ്റ്റാർട്ടപ്പുകളെയും വിശ്വസനീയമായ വയോജന പരിചരണ പരിഹാരങ്ങൾ വികസിപ്പിക്കാനും 'സിൽവർ സമ്പദ്‍വ്യവസ്ഥ'യിൽ പ്രവേശിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നൂതന സംരംഭമാണിത്. വിശ്വസനീയമായ സ്റ്റാർട്ടപ്പുകളിൽ നിന്ന് വിശ്വസനീയമായ വയോജന പരിചരണ ഉൽപ്പന്നങ്ങളും സേവനങ്ങളും കണ്ടെത്തി, പരിശോധിച്ച്, ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (IFCI) വഴി ഒരു പ്രോജക്റ്റിന് 1 കോടി രൂപ വരെ ഇക്വിറ്റി പിന്തുണ നൽകുന്നു. സ്റ്റാർട്ടപ്പിലെ മൊത്തം ഗവൺമെന്റ് ഇക്വിറ്റി 49% കവിയുന്നില്ലെന്ന് ഉറപ്പാക്കുകയും നൂതന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും അടിസ്ഥാനത്തിൽ സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഗവൺമെന്റ് ഒരു മധ്യസ്ഥനായി പ്രവർത്തിക്കുന്നു.
സീനിയർ ഏബിൾ സിറ്റിസൺസ് ഫോർ റീ-എംപ്ലോയ്‌മെൻ്റ് ഇൻ ഡിഗ്നിറ്റി (SACRED) പോർട്ടൽ
2021 ഒക്ടോബർ 1-ന് ആരംഭിച്ച SACRED പോർട്ടൽ ഡിജിറ്റിൽ പ്ലാറ്റ്‌ഫോം 60 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് രജിസ്റ്റർ ചെയ്യാനും ജോലിയും തൊഴിൽ അവസരങ്ങളും കണ്ടെത്താനും സഹായിക്കുന്നു. വിവിധ തസ്തികകളിലേക്ക് മുതിർന്ന പൗരന്മാരുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും താൽപ്പര്യങ്ങൾ തമ്മിലുള്ള വെർച്വൽ മാച്ചിങ് ഈ പോർട്ടൽ സാധ്യമാക്കുന്നു. അതുവഴി അവരുടെ വാർദ്ധക്യകാലത്ത് തൊഴിലും സാമ്പത്തിക സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നു.
വയോജന പരിചരണ പരിശീലനം
മുതിർന്ന പൗരന്മാരുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ള പ്രൊഫഷണൽ വയോജന പരിചാരകരെ പരിശീലിപ്പിക്കുന്നതിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിശീലന മൊഡ്യൂളുകളും കോഴ്സുകളും ക്ലിനിക്കൽ, നോൺ-ക്ലിനിക്കൽ വശങ്ങൾ ഉൾക്കൊള്ളുന്നു. കൂടാതെ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സൗഹൃദപരമായ ആവശ്യകതകൾക്കും പ്രാധാന്യം നൽകുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ഡിഫൻസ് വഴിയാണ് ഇത് നടപ്പിലാക്കുന്നത്. 2025 മാർച്ച് 18-ന് ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ സഹമന്ത്രി നൽകിയ വിവരങ്ങൾ പ്രകാരം, 2023-24 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയ 32 സ്ഥാപനങ്ങൾ 36,785 പരിശീലനാർത്ഥികൾക്ക് വിജയകരമായി പരിശീലനം നൽകി. അതുവഴി, രാജ്യത്തുടനീളമുള്ള മുതിർന്ന പൗരന്മാരെ സഹായിക്കാൻ ലഭ്യമായ പരിചയസമ്പന്നരായ ജെറിയാട്രിക് കെയർഗിവർമാരുടെ (വാർദ്ധക്യകാല പരിചരണം നൽകുന്നവരുടെ) എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചു.
ആയുഷ്മാൻ ഭാരത് – പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY)
സാമൂഹികവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ദ്വിതല, ത്രിതല കെയർ സേവനങ്ങൾക്കും ആശുപത്രി വാസത്തിനുമായി പ്രതിവർഷം 5 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. 2024 ഒക്ടോബർ 29-ന് ഗവൺമെന്റ് AB-PMJAY പദ്ധതിയുടെ ഗണ്യമായ വിപുലീകരണം പ്രഖ്യാപിച്ചു. ഇതനുസരിച്ച്, 4.5 കോടി കുടുംബങ്ങളിലെ 70 വയസും അതിൽ കൂടുതലുമുള്ള ഏകദേശം 6 കോടി മുതിർന്ന പൗരന്മാർക്ക് അവരുടെ സാമ്പത്തിക പശ്ചാത്തലം പരിഗണിക്കാതെ പ്രതിവർഷം ₹5 ലക്ഷം വരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യങ്ങൾ ലഭിക്കും. 2025 ജനുവരി 15 വരെ, 40 ലക്ഷത്തിലധികം മുതിർന്ന പൗരന്മാർ ഈ പദ്ധതിയിൽ വിജയകരമായി ചേർന്നിട്ടുണ്ട്. ഇത് ഇന്ത്യയിലെ വയോജനങ്ങൾക്ക് സമഗ്രമായ ആരോഗ്യ പരിരക്ഷ നൽകുന്നതിൽ ഗണ്യമായ പുരോഗതി അടയാളപ്പെടുത്തുന്നു.
ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതി (IGNOAPS)

ദേശീയ സാമൂഹ്യ സഹായ പദ്ധതിയുടെ (NSAP) ഒരു പ്രധാന ഘടകമാണ് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ പദ്ധതി (IGNOAPS). ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 60 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് ഇത് സാമ്പത്തിക സഹായം നൽകുന്നു. അർഹരായ ഗുണഭോക്താക്കൾക്ക് 79 വയസ്സ് വരെ പ്രതിമാസം 200 രൂപയും 80 വയസ്സിന് മുകളിലുള്ളവർക്ക് 500 രൂപയും പെൻഷൻ ലഭിക്കുന്നു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് NSAP കൈകാര്യം ചെയ്യുന്നത്. ഉപജീവന സുരക്ഷ, ജീവിതനിലവാരം, പൊതുജനാരോഗ്യം എന്നിവ മെച്ചപ്പെടുത്തുകയും വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് NSAP യുടെ ലക്ഷ്യം. 2025 ഒക്ടോബർ വരെ 2.21 കോടിയിലധികം പൗരന്മാർക്ക് IGNOAPS വഴി പ്രയോജനം ലഭിക്കുന്നു.
ദേശീയ വയോജന ആരോഗ്യ സംരക്ഷണ പരിപാടി (NPHCE)
നാഷണൽ പ്രോഗ്രാം ഫോർ ദി ഹെൽത്ത് കെയർ ഓഫ് എൽഡേർലി (NPHCE) 2010-11 ൽ കേന്ദ്രാവിഷ്കൃത പദ്ധതിയായി ആരംഭിച്ചു. 60 വയസ്സിന് മുകളിലുള്ളവർക്ക് പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിൽ പ്രാപ്യവും താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ സമഗ്ര ആരോഗ്യ പരിരക്ഷ നൽകുക എന്നതാണ് ലക്ഷ്യം. ജില്ലാ ആശുപത്രികളിലും അതിന് താഴെയുള്ള ആശുപത്രികളിലും ഔട്ട് പേഷ്യന്റ് വിഭാഗം (OPD), 10 കിടക്കകളുള്ള വയോജന വാർഡുകൾ, ഫിസിയോതെറാപ്പി, ലബോറട്ടറി സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള സമർപ്പിത വയോജന സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ട് ഈ പരിപാടി നിലവിൽ ഇന്ത്യയിലെ 713 ആരോഗ്യ ജില്ലകളെ ഉൾക്കൊള്ളുന്നു.
സീനിയർ സിറ്റിസൺസ് വെൽഫെയർ ഫണ്ട് (SCWF)
മുതിർന്ന പൗരന്മാരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി, ദേശീയ വയോജന നയത്തിനും ദേശീയ മുതിർന്ന പൗരന്മാരുടെ നയത്തിനും അനുസൃതമായി , 2015 ലെ ഫിനാൻസ് ആക്ട് പ്രകാരം സീനിയർ സിറ്റിസൺസ് വെൽഫെയർ ഫണ്ട് (SCWF) സ്ഥാപിതമായി. 
ചെറുകിട സമ്പാദ്യ പദ്ധതികൾ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ലൈഫ്, നോൺ-ലൈഫ് ഇൻഷുറൻസ് പോളിസികൾ, കൽക്കരി ഖനി പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ തുടങ്ങിയ സ്രോതസ്സുകളിൽ നിന്നുള്ള ക്ലെയിം ചെയ്യാത്ത ഫണ്ടുകൾ SCWF-ലേക്ക് മാറ്റുന്നു. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതിനുള്ള നോഡൽ മന്ത്രാലയമായി കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം പ്രവർത്തിക്കുന്നു.
മുതിർന്ന പൗരന്മാർക്കുള്ള സാമൂഹിക-കമ്മ്യൂണിറ്റി പിന്തുണ
മുതിർന്നവരുടെ വൈകാരിക ക്ഷേമത്തിനും സാമൂഹിക ഉൾപ്പെടുത്തലിനും സാമൂഹിക-കമ്മ്യൂണിറ്റി പിന്തുണ നിർണായക പങ്ക് വഹിക്കുന്നു. ഇത്തരം സംരംഭങ്ങൾ ഏകാന്തത കുറയ്ക്കുകയും അവരുടെ പിൽക്കാല കാലഘട്ടത്തിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന തോന്നലും ലക്ഷ്യബോധവും വളർത്തുകയും ചെയ്യുന്നു.
കുടുംബ പിന്തുണ
മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക, വൈകാരിക, പരിചരണ സഹായങ്ങൾ നൽകുന്ന പ്രാഥമിക പിന്തുണാ സംവിധാനമായി കുടുംബം നിലകൊള്ളുന്നു. എങ്കിലും, കുടിയേറ്റം, നഗരവൽക്കരണം, അണുകുടുംബങ്ങളുടെ വർദ്ധന എന്നിവ പരമ്പരാഗത കുടുംബ പരിചരണത്തിന്റെ സുരക്ഷാ വലയത്തെ ദുർബലപ്പെടുത്തി. ഇതിൻ്റെ ഫലമായി, മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം 2007 ഡിസംബറിൽ പ്രാബല്യത്തിൽ വന്നു. ഇത് മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും പരിപാലനം നൽകാൻ മക്കളെയും അവകാശികളെയും നിയമപരമായി ബാധ്യസ്ഥരാക്കുന്നു.
നിയമത്തിൽ ഇങ്ങനെ പരാമർശിക്കുന്നു: "മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനത്തിനും ക്ഷേമത്തിനും വേണ്ടി, ഭരണഘടന ഉറപ്പുനൽകുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യവസ്ഥകൾക്ക് ഫലപ്രാപ്തി നൽകുന്നതിനും, അവരുടെ മൊത്തത്തിലുള്ള ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനും, മുതിർന്ന പൗരന്മാർക്കായുള്ള സ്ഥാപനങ്ങളുടെ മാനേജ്മെന്റ്, നിയന്ത്രണം, അതിനായുള്ള സേവനങ്ങൾ, അതുമായി ബന്ധപ്പെട്ടതോ ആകസ്മികമായതോ ആയ മറ്റ് കാര്യങ്ങൾ എന്നിവയ്ക്കുമായുള്ള ഒരു നിയമം."
2019ലെ മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമ ഭേദഗതി ബിൽ മുതിർന്ന പൗരന്മാരുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനായി പ്രധാനപ്പെട്ട പരിഷ്കാരങ്ങൾ അവതരിപ്പിച്ചു. "മക്കൾ" എന്നതിൻ്റെ നിർവചനം സ്റ്റെപ്-ചിൽഡ്രൻ, ദത്തെടുത്ത മക്കൾ, മരുമക്കൾ, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നിയമപരമായ രക്ഷിതാക്കൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകരിച്ചു. "മാതാപിതാക്കൾ" എന്നതിൽ ഭാര്യാ-ഭർത്താക്കന്മാരുടെ മാതാപിതാക്കളെയും മുത്തശ്ശീമുത്തശ്ശന്മാരെയും ഉൾപ്പെടുത്തി. പ്രധാന സാമ്പത്തിക പരിഷ്കരണം പ്രതിമാസ പരിപാലനത്തിനുള്ള 10,000 രൂപയുടെ പരിധി നീക്കം ചെയ്തു. മുതിർന്ന പൗരൻ്റെ ജീവിത നിലവാരവും മക്കളുടെ വരുമാനശേഷിയും അനുസരിച്ച് ഉചിതമായ തുക തീരുമാനിക്കാൻ ട്രൈബ്യൂണലുകൾക്ക് അധികാരം നൽകി. "സാധാരണ ജീവിതം" എന്നതിലുപരി "മാന്യമായ ജീവിതം" നയിക്കാൻ മുതിർന്ന പൗരന്മാരെ പ്രാപ്തരാക്കിക്കൊണ്ട് പരിചരണ നിലവാരം ഉയർത്തി. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി, എല്ലാ പോലീസ് സ്റ്റേഷനുകളിലും മുതിർന്ന പൗരന്മാർക്കായി ഒരു നോഡൽ ഓഫീസറെയും ഓരോ ജില്ലയിലും ഒരു പ്രത്യേക പോലീസ് യൂണിറ്റിനെയും നിയമിക്കാൻ ഭേദഗതി നിർബന്ധമാക്കി. ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന ശാരീരികമോ മാനസികമോ ആയ വൈകല്യമുള്ള മുതിർന്ന പൗരന്മാർക്ക് ഹോംകെയർ സേവനങ്ങൾ അവതരിപ്പിച്ചു. "പരിപാലനം" എന്നതിലേക്ക് ആരോഗ്യം, സുരക്ഷ, സംരക്ഷണം എന്നിവയും "ക്ഷേമം" എന്നതിലേക്ക് പാർപ്പിടം, വസ്ത്രം, സുരക്ഷ എന്നിവയും വിപുലീകരിച്ചു. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ എല്ലാ ആശുപത്രികളിലും മുതിർന്ന പൗരന്മാർക്കായി പ്രത്യേക ക്യൂ, കിടക്കകൾ, വയോജന പരിചരണം എന്നിവ നൽകാനും നിയമം നിർബന്ധമാക്കുന്നു.
സാങ്കേതികവിദ്യയുടെ പങ്ക്
ഇന്ത്യയിൽ മുതിർന്ന പൗരന്മാരുടെ ആരോഗ്യം, സുരക്ഷ, ആശയവിനിമയം, സ്വാതന്ത്ര്യം, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യ പ്രധാന പങ്കുണ്ട്. ഇന്ത്യയിലെ മുതിർന്ന പൗരന്മാരുടെ ജനസംഖ്യ വർദ്ധിക്കുമെന്നതിനാൽ, ഈ വിഭാഗത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ അത്യാവശ്യമായി മാറുകയാണ്. NPHCE ക്ക് കീഴിലുള്ള ടെലിമെഡിസിൻ സേവനങ്ങൾ യാത്ര ഒഴിവാക്കിക്കൊണ്ട് ഡോക്ടർമാരുമായി ബന്ധപ്പെടാൻ അവസരം നൽകുന്നു. വീട്ടിൽ കഴിയുന്നവർക്കും ഗ്രാമപ്രദേശങ്ങളിലുള്ളവർക്കും ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്‌ഫോം സൗജന്യവും വീട്ടിലിരുന്ന് ചെയ്യാവുന്നതുമായ മെഡിക്കൽ കൺസൾട്ടേഷനുകൾ നൽകുന്നു. പ്രമേഹം, രക്താധിസമ്മർദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ കൈകാര്യം ചെയ്യാനും ഏകാന്തതയും സമ്മർദ്ദവും കാരണം ഉണ്ടാകുന്ന മാനസികാരോഗ്യ കൗൺസിലിംഗും ഇത് വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ബാൻഡുകളും പോലുള്ള ധരിക്കാവുന്ന ഉപകരണങ്ങൾ പ്രധാനപ്പെട്ട ആരോഗ്യ സൂചകങ്ങൾ ട്രാക്ക് ചെയ്യാനും ശാരീരിക പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അടിയന്തിര സാഹചര്യങ്ങളിൽ അലേർട്ടുകൾ അയയ്ക്കാനും സഹായിക്കുന്നു. ഇത് സമയബന്ധിതമായ വൈദ്യസഹായം ഉറപ്പാക്കുന്നു. ഓൺലൈൻ ഫാർമസികൾ മുതിർന്നവർക്ക് വീട്ടിലിരുന്ന് മരുന്നുകൾ ഓർഡർ ചെയ്യാനും സ്വീകരിക്കാനും എളുപ്പമാക്കുന്നു, പതിവായുള്ള യാത്രകൾ ഒഴിവാക്കി പരിചരണത്തിൻ്റെ തുടർച്ച ഉറപ്പാക്കുന്നു. ക്യാമറകളും സെൻസറുകളും ഉൾപ്പെടുന്ന സ്മാർട്ട് ഹോം സാങ്കേതികവിദ്യകൾ കുടുംബാംഗങ്ങൾക്കോ പരിചാരകർക്കോ മുതിർന്നവരുടെ ക്ഷേമം വിദൂരത്ത് നിന്നും നിരീക്ഷിക്കാൻ അനുവദിക്കുന്നു. ഇത് സ്വകാര്യത നിലനിർത്തിക്കൊണ്ട് മനസ്സമാധാനം നൽകുന്നു. ഇവയെല്ലാം, കൂടുതൽ ബന്ധിതവും സുരക്ഷിതവും മാന്യവുമായ ഒരു വാർദ്ധക്യകാല ജീവിതാനുഭവം വളർത്തുന്നു.
സീനിയർ സിറ്റിസൺസ് വെൽഫെയർ പോർട്ടൽ 
സീനിയർ സിറ്റിസൺസ് വെൽഫെയർ പോർട്ടൽ എന്നത് ഗവൺമെന്റ് പദ്ധതികൾ, പെൻഷൻ പരിപാടികൾ, ഹെൽപ്പ് ലൈനുകൾ, സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഡൗൺലോഡ് ചെയ്യാവുന്ന ഫോമുകൾ എന്നിവയിലേക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്ന ഒരു കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ്. ഇത് മുതിർന്ന പൗരന്മാർ, സന്നദ്ധ സംഘടനകൾ, പരിചരണം നൽകുന്നവർ എന്നിവർക്ക് ഏകജാലക സംവിധാനമായി പ്രവർത്തിക്കുന്നു. എന്നിരുന്നാലും, ഈ പോർട്ടലിന്റെ ഫലപ്രാപ്തി ഡിജിറ്റൽ സാക്ഷരതയെയും മുതിർന്നവർക്ക് ഇത് ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള ഔട്ട്‌റീച്ച് ശ്രമങ്ങളെയും ആശ്രയിച്ചിരിക്കുന്നു.
പ്രായമായവരെ സഹായിക്കാനുള്ള വഴികൾ
ഇന്ത്യയിലെ വയോജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ സാമൂഹിക പിന്തുണ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. കമ്മ്യൂണിറ്റി പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതും ഇൻ്റർജനറേഷനൽ പ്രോഗ്രാമുകൾ (തലമുറകളെ ബന്ധിപ്പിക്കുന്ന പരിപാടികൾ) നടത്തുന്നതും ഏകാന്തത കുറയ്ക്കാനും മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
 
മുതിർന്നവർക്കുള്ള താമസം
മുതിർന്ന പൗരന്മാർക്കായി നഗര ഇടങ്ങൾ, ഗതാഗതം, ഭവനങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യുന്നത്, എളുപ്പത്തിൽ പ്രാപ്യമായ ഗതാഗത സംവിധാനങ്ങൾ, നന്നായി പരിപാലിക്കുന്ന സൗകര്യങ്ങൾ, തടസ്സങ്ങളില്ലാത്ത കെട്ടിടങ്ങൾ, ഭാവിയിൽ അന്തസ്സും സ്വാതന്ത്ര്യവും പിന്തുണയ്ക്കുന്ന ഉപയോക്തൃ സൗഹൃദ പൊതു സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട്, യഥാർത്ഥത്തിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന നഗരങ്ങൾ നിർമ്മിക്കുന്നതിനുള്ള മികച്ച അവസരം നൽകുന്നു. വയോജന സൗഹൃദ ഭവനങ്ങളും കമ്മ്യൂണിറ്റി ജീവിത ക്രമീകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി മോഡൽ ഗൈഡ്‌ലൈൻസ് ഫോർ ഡെവലപ്‌മെൻ്റ് ആൻഡ് റെഗുലേഷൻ ഓഫ് റിട്ടയർമെൻ്റ് ഹോംസ്, 2019 പുറത്തിറക്കി.
തലമുറകൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കൽ 
2025 ലെ അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച്, തലമുറകൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെൻ്റിന്റെ കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ വകുപ്പ് (DoSJE) 'നൈതിക് പതൻ' എന്ന ഗെയിം പുറത്തിറക്കി. മുതിർന്നവരോടുള്ള സ്നേഹം, പരിചരണം, ബഹുമാനം എന്നിവയിലൂടെ കുടുംബ ബന്ധങ്ങളിലെ ധാർമ്മിക മൂല്യങ്ങളെയും നൈതികതയെയും കുറിച്ചുള്ള അവബോധം കുട്ടികൾക്ക് ഈ ഗെയിം നൽകുന്നു. കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് കളിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര വയോജന ദിനം
 
  
ഉപസംഹാരം
ഇന്ത്യയുടെ സിൽവർ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 2024-ൽ ഏകദേശം  73000 കോടി രൂപയാണ്, വരും വർഷങ്ങളിൽ ഇത് ഗണ്യമായി വർദ്ധിക്കുമെന്നാണ് പ്രവചനം. 45 നും 64 നും ഇടയിൽ പ്രായമുള്ള പ്രൊഫഷണലുകൾക്കൊപ്പം മുതിർന്ന പൗരന്മാരാണ് ആഗോളതലത്തിൽ 'ഏറ്റവും സമ്പന്നരായ പ്രായക്കാർ' എന്നും ഗവേഷണങ്ങൾ തിരിച്ചറിയുന്നു. ഇന്ത്യയിലെ സീനിയർ കെയർ (മുതിർന്ന പൗരന്മാരെ പരിചരിക്കുന്ന) മേഖല ആരോഗ്യം, ക്ഷേമം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭകർക്ക് വളരെയധികം വളർച്ചാ സാധ്യതകൾ നൽകുന്നു. സമഗ്രമായ ഒരു സീനിയർ കെയർ സംവിധാനത്തിന്, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മുതിർന്നവരുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. മുതിർന്ന പൗരന്മാരുടെ പരിചരണത്തെ ആവശ്യമായ നിയമങ്ങളും മാനദണ്ഡങ്ങളുമുള്ള ഒരു പ്രത്യേക മേഖലയായി അംഗീകരിക്കുക, വ്യക്തമായ മൂല്യനിർണ്ണയ ചട്ടക്കൂടുകളിൽ അധിഷ്ഠിതമായ നയപരവും നിയന്ത്രണപരവുമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക, ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള ഏകോപന സമീപനം ശക്തിപ്പെടുത്തുക., പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, നഗര തദ്ദേശ സ്ഥാപനങ്ങൾ, എൻ.ജി.ഒ-കൾ, സ്വകാര്യ ദാതാക്കൾ എന്നിവരുൾപ്പെടെ വിവിധ പങ്കാളികളെ ചട്ടക്കൂടിൽ ഉപയോഗപ്പെടുത്തുക, ഫലപ്രദവും കാര്യക്ഷമവുമായ നിർവ്വഹണത്തിനായി മന്ത്രാന്തര സംയോജനം ഉറപ്പാക്കുക എന്നിവ അടിസ്ഥാനപരമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
 
References
Press Information Bureau:
https://www.pib.gov.in/PressReleseDetailm.aspx?PRID=2152593
https://static.pib.gov.in/WriteReadData/specificdocs/documents/2025/may/doc202558551701.pdf
https://www.pib.gov.in/FactsheetDetails.aspx?Id=149101
https://www.pib.gov.in/PressReleasePage.aspx?PRID=2082719
https://www.pib.gov.in/PressReleasePage.aspx?PRID=1942849
Others:
https://www.socialjustice.gov.in/writereaddata/UploadFile/International_Day_of_Older_Persons636011781954563264.pdf (Page 1)
https://socialjustice.gov.in/writereaddata/UploadFile/83211672138255.pdf (Page 3)
https://esanjeevani.mohfw.gov.in/#/
https://scw.dosje.gov.in/
https://mohfw.gov.in/sites/default/files/Population%20Projection%20Report%202011-2036%20-%20upload_compressed_0.pdf
Click here to see PDF
***
SK
                        (Backgrounder ID: 155839)
                        Visitor Counter : 5
                        
                        Provide suggestions / comments