Social Welfare
                            
                            
                                രാഷ്ട്രീയ ഏകതാ ദിവസ്: ദേശീയ ഐക്യത്തിൻ്റെ ഒരു നെടുംതൂൺ
                        
                            
                                
                        
                        
                            Posted On:
                            30 OCT 2025 11:48AM
                        
                         
പ്രധാന വസ്തുതകൾ
* എല്ലാ വർഷവും ഒക്ടോബർ 31-ന് ആചരിക്കുന്ന രാഷ്ട്രീയ ഏകതാ ദിവസ്, ഇന്ത്യയെ ഏകീകരിക്കുന്നതിൽ സർദാർ വല്ലഭായ് പട്ടേൽ വഹിച്ച പങ്ക് സ്മരിക്കുന്നു, നിലവിലെ ദേശീയ വെല്ലുവിളികൾക്കിടയിലും, നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം പ്രോത്സാഹിപ്പിക്കുന്നു.
* 2025 ൽ സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികം ആഘോഷിക്കുന്നു.
* കെവാഡിയയിലെ ഏക്താ നഗറിൽ നടക്കുന്ന രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.
* റൺ ഫോർ യൂണിറ്റി, യൂണിറ്റി മാർച്ച് പോലുള്ള വാർഷിക പരിപാടികളിലൂടെ പൗരന്മാരെ, പ്രത്യേകിച്ച് യുവാക്കളെ, ദേശസ്‌നേഹവും സാമൂഹിക ഐക്യവും വളർത്തുന്നതിൽ പങ്കാളികളാക്കുന്നു.
ആമുഖം
സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷികത്തോടനുബന്ധിച്ചും ഇന്ത്യയുടെ ദേശീയവും രാഷ്ട്രീയവുമായ ഏകീകരണവും ഐക്യവും പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച നിർണായക പങ്കിനെ ആദരിക്കുന്നതിനുമായി എല്ലാ വർഷവും ഒക്ടോബർ 31-ന് രാഷ്ട്രീയ ഏകതാ ദിവസ് അഥവാ ദേശീയ ഐക്യ ദിനമായി ആചരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരവും സമാധാനവും അഖണ്ഡതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഈ ദിനം അടിവരയിടുന്നു, കൂടാതെ നാനാത്വത്തിൽ ഏകത്വം കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധതയ്ക്ക് പൗരന്മാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

രാഷ്ട്ര നിർമ്മാണത്തിന് സർദാർ പട്ടേൽ നൽകിയ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുന്നതിനും ആഘോഷിക്കുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന്, 2014-ലാണ് ഈ ദിനം ആദ്യമായി ആഘോഷിച്ചത്. ഇതിന് പിന്നാലെ, 2015 ഒക്ടോബർ 31-ന് നടന്ന രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷ വേളയിൽ, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ തമ്മിൽ മെച്ചപ്പെട്ട ധാരണയും ബന്ധവും വളർത്തുന്നതിനായി സുസ്ഥിരവും ചിട്ടയായതുമായ ബന്ധം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന സംരംഭം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങൾ തമ്മിലുള്ള ഈ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനായി പത്തിലധികം കേന്ദ്ര മന്ത്രാലയങ്ങളും സംസ്ഥാന ഗവൺമെന്റുകളും സ്കൂളുകളും കോളേജുകളും യുവജന സംഘടനകളും അന്നുമുതൽ വിവിധ പ്രവർത്തനങ്ങളിലൂടെ ആഘോഷിച്ചുവരികയാണ്.
സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഈ വർഷത്തെ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷം വളരെ സവിശേഷതയുള്ളതാണ്. 
അടിസ്ഥാന പൈതൃകം
ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേൽ, 1947-ലെ സ്വാതന്ത്ര്യാനന്തരം ദേശീയോദ്ഗ്രഥന  പ്രക്രിയയിൽ നിർണായക പങ്ക് വഹിച്ചു. ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെയും ജനസംഖ്യയുടെയും ഏകദേശം 40% വരുന്ന 560-ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിലേക്ക് ലയിപ്പിക്കുക എന്ന ദൗത്യം അദ്ദേഹത്തെയായിരുന്നു ഏൽപ്പിച്ചത്. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം, നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾക്ക് ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരണോ വേണ്ടയോയെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകി. വിഭജനം തടയുന്നതിന്, സർദാർ പട്ടേൽ നയതന്ത്രപരമായ ചർച്ചകൾ, പ്രേരണ, ആവശ്യമെങ്കിൽ ഉറച്ച ഭരണ നടപടികൾ എന്നിവ സമന്വയിപ്പിച്ച് ഉപയോഗിച്ചു. അദ്ദേഹം നേതൃത്വം നൽകിയ സ്റ്റേറ്റ്സ് ഡിപ്പാർട്ട്‌മെന്റ് വഴി, ഈ നാട്ടുരാജ്യങ്ങളെ 1947 ഓഗസ്റ്റ് 15-നോ അതിനു തൊട്ടുപിന്നാലെയോ വിജയകരമായി ഏകീകരിച്ചു. ഇത് ആധുനിക ഇന്ത്യയുടെ പ്രാദേശിക അഖണ്ഡത ഉറപ്പാക്കി. അദ്ദേഹത്തിൻ്റെ പരിശ്രമങ്ങൾ രാജ്യത്തിൻ്റെ സാധ്യമായ ഛിന്നഭിന്നമാകൽ ഒഴിവാക്കുകയും ഒരു ഏകീകൃത ജനാധിപത്യ റിപ്പബ്ലിക്കിന് അടിത്തറയിടുകയും ചെയ്തു. രാജ്യം വിഭജനത്തിന്റെ പ്രക്ഷുബ്ധമായ കാലഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ആഭ്യന്തര സ്ഥിരത ഉറപ്പുവരുത്തിയത് ഈ 'ഉരുക്കുമനുഷ്യന്റെ' നിർണ്ണായകമായ നേതൃപാടവമായിരുന്നു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തുടർന്നും സംരക്ഷിക്കുന്നതിനായി അദ്ദേഹം 'ഉരുക്ക് ചട്ടക്കൂട്' എന്നറിയപ്പെടുന്ന അഖിലേന്ത്യാ സർവീസസിന് രൂപം നൽകി.


ഏക ഭാരതം ശ്രേഷ്ഠ ഭാരതം: സർദാർ പട്ടേലിന്റെ പാരമ്പര്യം തുടരുന്നു
സർദാർ വല്ലഭായ് പട്ടേലിന്റെ 140-ാമത് ജന്മവാർഷികത്തോടനുബന്ധിച്ച് 2015 ഒക്ടോബർ 31-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച "ഏക ഭാരതം ശ്രേഷ്ഠ ഭാരതം" (EBSB) എന്ന സംരംഭം, ഏകീകൃത ഇന്ത്യയെക്കുറിച്ചുള്ള സർദാർ പട്ടേലിന്റെ കാഴ്ചപ്പാടിനെ ഉൾക്കൊള്ളുന്നു. ഇത് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമിടയിൽ സാംസ്കാരിക വിനിമയവും പരസ്പര ധാരണയും പ്രോത്സാഹിപ്പിക്കുകയും ആശയവിനിമയത്തിലൂടെയും കൈമാറ്റങ്ങളിലൂടെയും ഇന്ത്യയുടെ വൈവിധ്യം ആഘോഷിക്കുകയും ചെയ്യുന്നു.
ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ:
* പൗരന്മാർക്കിടയിലെ വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുക.
* സംസ്ഥാനങ്ങൾ തമ്മിലുള്ള ചിട്ടയായ ഇടപെടലുകളിലൂടെ ദേശീയോദ്ഗ്രഥനം പ്രോത്സാഹിപ്പിക്കുക.
* ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരങ്ങളെ പ്രദർശിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുക.
* ശാശ്വതമായ പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുക.
* മേഖലകൾ തമ്മിലുള്ള പരസ്പര പഠനവും മികച്ച രീതികളുടെ പങ്കുവെക്കലും പ്രോത്സാഹിപ്പിക്കുക.
ഭാഷാപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ കൈമാറ്റങ്ങളിലൂടെ വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വ്യത്യസ്ത സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സംയോജിപ്പിക്കുന്നതിലൂടെ "നാനാത്വത്തിൽ ഏകത്വം" എന്ന ആശയം EBSB പ്രോത്സാഹിപ്പിക്കുന്നു. ഈ പ്രവർത്തനങ്ങൾ രാഷ്ട്രീയ ഏകതാ ദിവസിന്റെ സന്ദേശം ഒരു ദിവസത്തിനപ്പുറത്തേക്ക് വ്യാപിപ്പിക്കുകയും ദേശീയോദ്ഗ്രഥനത്തിനായുള്ള ഒരു സുസ്ഥിര പ്രസ്ഥാനമാക്കി അതിനെ മാറ്റുകയും ചെയ്യുന്നു.
ഏകതാ ദിവസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട EBSB പരിപാടികളും സംരംഭങ്ങളും:
* ഭാഷാ സംഘം ആപ്പ്: 22 ഔദ്യോഗിക ഇന്ത്യൻ ഭാഷകളിലെ 100-ൽ അധികം ദൈനംദിന വാചകങ്ങൾ പഠിക്കാൻ.
* സാംസ്കാരിക പ്രദർശനങ്ങളും ഭക്ഷ്യമേളകളും.
* വിദ്യാർത്ഥി വിനിമയ പരിപാടികൾ: സ്കൂളുകളിലും സർവ്വകലാശാലകളിലുമുള്ള "യുവ സംഗം", EBSB ക്ലബ്ബുകൾ എന്നിവ ജോടിയാക്കിയ സംസ്ഥാനങ്ങൾക്കിടയിലെ യുവജനങ്ങളുടെ ഇടപെടൽ സുഗമമാക്കുകയും പരസ്പര ധാരണ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
* കാശി തമിഴ് സംഗമം: കാശിയും തമിഴ്‌നാടും തമ്മിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധം ആഘോഷിക്കുന്നു. കല, ഭാഷ, പാരമ്പര്യങ്ങൾ എന്നിവയുടെ കൈമാറ്റം വഴി ഐക്യം പ്രോത്സാഹിപ്പിക്കുന്നു.
* ഡിജിറ്റൽ, ഔട്ട്‌റീച്ച് ക്യാമ്പയ്നുകൾ: മൈ ഭാരത് ഡിജിറ്റൽ പോർട്ടൽ, EBSB ക്വിസ് മത്സരങ്ങൾ പോലുള്ള സംരംഭങ്ങൾ പൗരന്മാരെ ഓൺലൈനിൽ പങ്കെടുപ്പിച്ച് ഇന്ത്യയുടെ ഐക്യം, രാജ്യസ്നേഹം, സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചുള്ള അറിവ് എന്നിവ പ്രോത്സാഹിപ്പിക്കുന്നു.\
രാഷ്ട്രീയ ഏകതാ ദിവസിന് പിന്നിലെ ദർശനത്തിന്റെ ഒരു ഡിജിറ്റൽ വിപുലീകരണമായി EBSB പോർട്ടൽ വർത്തിക്കുന്നു. ദേശീയോദ്ഗ്രഥനം ശക്തിപ്പെടുത്തുന്ന സംരംഭങ്ങൾ അടയാളപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനും ഇത് ഒരു വേദി നൽകുന്നു. ഏകതാ ദിവസത്തിൽ തന്നെ ആരംഭിച്ച ഏക ഭാരതം ശ്രേഷ്ഠ ഭാരതം ബാനറിന് കീഴിൽ വിവിധ മന്ത്രാലയങ്ങൾ നടത്തുന്ന അന്തർ സംസ്ഥാന സാംസ്കാരിക വിനിമയങ്ങൾ, യുവജന പ്രവർത്തനങ്ങൾ, ക്യാമ്പയ്നുകൾ എന്നിവയുടെ റിപ്പോർട്ടുകൾ ഈ പോർട്ടലിൽ ഉൾച്ചേർക്കുന്നു. ദശലക്ഷക്കണക്കിന് പങ്കാളികളും സന്ദർശകരുമുള്ള ഈ പോർട്ടൽ, 'ദേഖോ അപ്നാ ദേശ് (ടൂറിസം), തദ്ദേശീയ കായിക സവിശേഷതകൾ (സ്പോർട്സ്) പോലുള്ള പരിപാടികൾ പ്രദർശിപ്പിക്കുന്നതിലൂടെയും ഇന്ത്യയുടെ വൈവിധ്യവും കൂട്ടായ സ്വത്വവും പ്രതിഫലിക്കുന്ന പ്രതിമാസ പ്രവർത്തനങ്ങൾ എടുത്തുകാണിക്കുന്ന EBSB വാളിലൂടെയും ഐക്യത്തിന്റെ മനോഭാവം വർഷം മുഴുവനും സജീവമായി നിലനിർത്തുന്നു.
2025-ലെ പ്രാധാന്യം: 150-ാം ജന്മവാർഷിക ആഘോഷം
ഒരു വർഷം നീണ്ടുനിൽക്കുന്ന രാജ്യവ്യാപകമായ അനുസ്മരണമായാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഐക്യത്തിനും സാമൂഹിക ഒത്തൊരുമയ്ക്കും ലോകമെമ്പാടും വെല്ലുവിളികൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, സമകാലീന ഇന്ത്യയിൽ സർദാർ പട്ടേലിന്റെ നിലനിൽക്കുന്ന പ്രസക്തിയെ ഈ നാഴികക്കല്ല് എടുത്തുകാണിക്കുന്നു. രാഷ്ട്രീയ ഏകതാ ദിവസിന്റെ മനോഭാവം ഏക ഭാരതം ശ്രേഷ്ഠ ഭാരതത്തിന്റെ (EBSB) തത്വങ്ങളുമായി ആഴത്തിൽ യോജിച്ചുപോകുന്നു, ഇത് സാംസ്കാരിക വിനിമയം, ഭാഷാപരമായ പ്രശംസ, ജോടിയാക്കിയ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണപ്രദേശങ്ങൾ തമ്മിലുള്ള പരസ്പര ധാരണ എന്നിവയിലൂടെ പൗരന്മാർക്കിടയിൽ വൈകാരിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ശ്രമിക്കുന്നു. ഈ സംരംഭങ്ങൾ ഒരുമിച്ച്, നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ ശക്തിപ്പെടുത്തുകയും ദേശീയോദ്ഗ്രഥനത്തെ കേവലം ഒരാചരണത്തിൽ നിന്ന് തുടർച്ചയായ ഒരു ജനകീയ പ്രസ്ഥാനമായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. 
 
 
ഒക്ടോബർ 31-ന് രാവിലെ 8 മണിയോടെ പ്രധാനമന്ത്രി സ്റ്റാച്യു ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങൾ നടക്കും. സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള പരിപാടികളും പ്രവർത്തനങ്ങളും താഴെക്കൊടുക്കുന്നു:
	
		
			| വിഭാഗം | വിശദാംശങ്ങൾ | 
		
			| പ്രധാന പരിപാടിയുടെ തീയതി | ഒക്ടോബർ 31 (എല്ലാ വർഷവും) — ദേശീയ ഐക്യദിനം ആചരിക്കുന്നു | 
		
			| പ്രധാന പരേഡ് / ആഘോഷത്തിനുള്ള സ്ഥലം (ഈ വർഷം) | 
				ഗുജറാത്തിലെ നർമ്മദ ജില്ലയിലെ ഏക്താ നഗർ (മുമ്പ് യൂണിറ്റി ടൗൺ)ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ ടീമിന്റെ എയർ ഷോ. | 
		
			| പരേഡ് - പങ്കെടുക്കുന്ന യൂണിറ്റുകൾ | - 9 സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിംഗ് സംഘങ്ങൾ + 1 യുടി പോലീസ്. - 4 കേന്ദ്ര സായുധ പോലീസ് സേനകൾ (CAPF) - എൻസിസി കേഡറ്റുകൾ - പ്രത്യേക വിഭാഗങ്ങൾ: ഉദാ: ബിഎസ്എഫ് ഡോഗ് സ്ക്വാഡ്, അസം പോലീസ് മോട്ടോർസൈക്കിൾ പ്രദർശനം, ബിഎസ്എഫ് ഒട്ടക സംഘവും ബാൻഡും. | 
		
			| വനിതാ ഓഫീസർമാരുടെ പങ്ക് / പ്രത്യേക ഹൈലൈറ്റ് | പ്രധാനമന്ത്രിക്ക് നൽകുന്ന ഗാർഡ് ഓഫ് ഓണറിന് ഒരു വനിതാ ഓഫീസർ നേതൃത്വം നൽകും. | 
		
			| സാംസ്കാരിക പരിപാടിയും "ഫ്ലോട്ടുകളും" (झांकियाँ) | 
				विविधतामेंएकता  (നാനാത്വത്തിൽ ഏകത്വം) എന്ന പ്രമേയത്തിന് കീഴിൽ വിവിധ സംസ്ഥാനങ്ങളെ/കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന ഫ്ലോട്ടുകൾ.ഇന്ത്യൻ ക്ലാസിക്കൽ, നാടോടി കലകൾ പ്രദർശിപ്പിക്കുന്ന ഏകദേശം 900 കലാകാരന്മാരെ ഉൾപ്പെടുത്തി സാംസ്കാരിക മന്ത്രാലയം ഒരു വലിയ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു. | 
		
			| വിപുലീകൃത ഉത്സവം / “ഇന്ത്യ പർവ്” | 2025 നവംബർ 1 മുതൽ 15 വരെ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാംസ്കാരിക പ്രകടനങ്ങളും ഭക്ഷ്യമേളയും ഉൾക്കൊള്ളുന്ന ഭാരത് പർവ് ഏക്താ നഗറിൽ നടക്കും. നമ്മുടെ ഗോത്ര സമൂഹങ്ങളുടെ മഹത്തായ സംസ്കാരവും പ്രതിരോധശേഷിയും ഉയർത്തിക്കാട്ടുന്ന, ബിർസ മുണ്ട ജയന്തി ആഘോഷിക്കുന്ന പ്രത്യേക പരിപാടികളോടെ നവംബർ 15 ന് ഉത്സവം സമാപിക്കും. | 
		
			| മറ്റ് ലോജിസ്റ്റിക് ഹൈലൈറ്റുകൾ | 
				ഡൽഹിയിൽ (രാജ്ഘട്ട് മുതൽ ചെങ്കോട്ട വരെ) നടക്കുന്ന "റൺ ഫോർ യൂണിറ്റി" മാരത്തണിൽ ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ, സിഎപിഎഫ് തുടങ്ങിയവരുടെ പങ്കാളിത്തം ഉണ്ടാകും.    - പരിപാടി നടക്കുന്ന ആഴ്ചയിൽ ഏക്താ നഗറിൽ 280 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും | 
	
 
ഇന്ത്യൻ ഇനം നായകളുടെ പ്രത്യേക മാർച്ചിംഗ് സംഘം
2025-ലെ രാഷ്ട്രീയ ഏകതാ ദിവസ് പരേഡിൽ, ഇന്ത്യൻ ഇനം നായകളുടെ ഒരു പ്രത്യേക മാർച്ചിംഗ് സംഘം അണിനിരക്കും. അതിർത്തി സുരക്ഷാ സേനയിലെ (BSF) റാംപൂർ ഹൗണ്ടുകളും മുധോൾ ഹൗണ്ടുകളും ഈ സംഘത്തിൽ ഉൾപ്പെടും. സേനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നവ എന്ന നിലയിൽ ഈ നായകളുടെ പങ്ക് കാഴ്ചക്കാർക്ക് മുന്നിൽ പ്രദർശിപ്പിക്കും.
ആത്മനിർഭർ ഭാരത് എന്ന ആശയം പ്രതിഫലിപ്പിക്കുന്ന ഈ തദ്ദേശീയ ഇനങ്ങൾ അവയുടെ അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കും. ഓൾ ഇന്ത്യ പോലീസ് ഡോഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ "റിയ" എന്ന മുധോൾ ഹൗണ്ട് ആയിരിക്കും സംഘത്തെ നയിക്കുക. ഗുജറാത്തിലെ ഏക്താ നഗറിൽ നടക്കുന്ന പരേഡിലെ ഇവയുടെ പങ്കാളിത്തം, രാജ്യസുരക്ഷയ്ക്കുള്ള ഇവയുടെ സംഭാവനകളെ ഉയർത്തിക്കാട്ടുകയും ഇന്ത്യയുടെ തദ്ദേശീയ പൈതൃകത്തെ ആഘോഷിച്ചുകൊണ്ട് നാനാത്വത്തിൽ ഏകത്വം എന്ന പ്രമേയം അടിവരയിടുകയും ചെയ്യുന്നു.
സർദാർ @150 യൂണിറ്റി മാർച്ച്


കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം, 'ഏക ഭാരതം, ആത്മനിർഭർ ഭാരതം' എന്ന തത്വങ്ങളുമായി യോജിച്ചുകൊണ്ട്, യുവജനങ്ങളിൽ ഐക്യം, രാജ്യസ്നേഹം, പൗരബോധം എന്നിവ വളർത്തുന്നതിനായി മൈ ഭാരത് പ്ലാറ്റ്‌ഫോം വഴി രാജ്യവ്യാപകമായി ഒരു യൂണിറ്റി മാർച്ച് സംഘടിപ്പിച്ചു. 2025 ഒക്ടോബർ 6-ന് കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ മൈ ഭാരത് പോർട്ടലിൽ തുടക്കം കുറിച്ച ഈ സംരംഭത്തിൽ, സോഷ്യൽ മീഡിയ റീൽസ് മത്സരം, ഉപന്യാസ മത്സരം, സർദാർ@150 യങ് ലീഡേഴ്സ് പ്രോഗ്രാം എന്നിവ ഉൾപ്പെടുന്നു. ഈ മത്സരങ്ങളിലെ 150 വിജയികൾ ദേശീയ പദയാത്രയിൽ പങ്കെടുക്കും.
യൂണിറ്റി മാർച്ച് രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. 2025 ഒക്ടോബർ 31 മുതൽ നവംബർ 25 വരെയുള്ള ഒന്നാം ഘട്ടത്തിൽ ഓരോ പാർലമെൻ്റ് മണ്ഡലത്തിലെയും ജില്ലകളിൽ ജില്ലാതല പദയാത്രകൾ നടക്കും. ഈ മാർച്ചിന് മുന്നോടിയായി, സ്കൂളുകളിലും കോളേജുകളിലും സർദാർ പട്ടേലിൻ്റെ ജീവിതത്തെയും സംഭാവനകളെയും കുറിച്ചുള്ള ഉപന്യാസ-സംവാദ മത്സരങ്ങൾ, സെമിനാറുകൾ, തെരുവുനാടകങ്ങൾ എന്നിവയുൾപ്പെടെയുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. പദയാത്രയ്‌ക്കൊപ്പം, ജലാശയങ്ങളിലെ ശുചീകരണ യജ്ഞങ്ങൾ, "സർദാർ ഉപവൻ" സംരംഭത്തിന് കീഴിലുള്ള വൃക്ഷത്തൈ നടീൽ പരിപാടികൾ, വനിതാ ക്ഷേമ ക്യാമ്പുകൾ, യോഗ-ആരോഗ്യ ക്യാമ്പുകൾ, "വോക്കൽ ഫോർ ലോക്കൽ" പ്രോത്സാഹന ക്യാമ്പയ്നുകൾ തുടങ്ങിയ നിരവധി വികസന പ്രവർത്തനങ്ങളും നടക്കും. 2025 നവംബർ 26 മുതൽ ഡിസംബർ 6 വരെ നടക്കുന്ന ദേശീയ മാർച്ച് സർദാർ പട്ടേലിന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ കരംസദിൽ നിന്ന് കെവാഡിയയിലെ സ്റ്റാച്യു ഓഫ് യൂണിറ്റി വരെ 152 കിലോമീറ്റർ സഞ്ചരിക്കും. എൻഎസ്എസ് വിദ്യാർത്ഥികൾ, എൻസിസി കേഡറ്റുകൾ, മൈ ഭാരത് വോളണ്ടിയർമാർ, യുവ നേതാക്കൾ എന്നിവരുടെ പങ്കാളിത്തത്തോടെ യാത്രാമധ്യേയുള്ള ഗ്രാമങ്ങളിൽ സാമൂഹിക വികസന പ്രവർത്തനങ്ങൾ നടത്തും. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരവും സർദാർ പട്ടേലിന്റെ ജീവിതവും പ്രദർശിപ്പിക്കുന്ന ഒരു പ്രദർശനവും ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കും.
 
 
റൺ ഫോർ യൂണിറ്റി 
രാഷ്ട്രീയ ഏകതാ ദിവസിനോടനുബന്ധിച്ചുള്ള ഗവൺമെന്റ് തലത്തിലുള്ള ക്യാമ്പയ്നുകളിൽ "റൺ ഫോർ യൂണിറ്റി" ഒരു പ്രധാന പരിപാടിയാണ്. ദേശീയ ഐക്യത്തിലേക്ക് ഒരുമിച്ച് മുന്നേറുന്നതിനെ പ്രതിനിധീകരിക്കുന്ന രാജ്യവ്യാപകമായ ഈ മാരത്തോൺ പരിപാടി, 2025-ലെ പ്രധാന ആഘോഷത്തിന് മുന്നോടിയായി ഒക്ടോബർ 31-നാണ് നിശ്ചയിച്ചിരിക്കുന്നത്. ന്യൂഡൽഹിയിൽ കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന ഫ്ലാഗ്-ഓഫ് പരിപാടികൾ ഉൾപ്പെടെ പ്രധാന നഗരങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു. സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികം അനുസ്മരിച്ചുകൊണ്ട് റൺ ഫോർ യൂണിറ്റിയിൽ രാജ്യമെമ്പാടുമുള്ള പൗരന്മാർ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
ഉപസംഹാരം
വിവിധ നാട്ടുരാജ്യങ്ങളെ കോർത്തിണക്കി ഏകീകൃത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സർദാർ പട്ടേൽ വഹിച്ച ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ്റെ ഓർമ്മപ്പെടുത്തലാണ് രാഷ്ട്രീയ ഏകതാ ദിവസ്. ഇത് രാജ്യത്തിന്റെ പുരോഗതിക്ക് അടിത്തറയിടുന്നു. പ്രതിജ്ഞകൾ, മാർച്ചുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ ചരിത്രപരമായ ആദരവും സമകാലിക ഇടപെടലും സംയോജിപ്പിച്ചുകൊണ്ട് ഈ ആചരണം മുൻകാല  വിജയങ്ങളെ അനുസ്മരിക്കുക മാത്രമല്ല, ആധുനിക വിഭജന ശക്തികളെ സജീവമായി പ്രതിരോധിക്കുകയും "ഏക ഭാരതം, ശ്രേഷ്ഠ ഭാരതം" എന്ന മനോഭാവത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രാഷ്ട്രീയ ഏകതാ ദിവസ് ദേശീയോദ്ഗ്രഥനത്തിൻ്റെ പ്രതീകാത്മകമായ ഒരു ദിവസമായി അടയാളപ്പെടുത്തുമ്പോൾ, ഏക ഭാരതം ശ്രേഷ്ഠ ഭാരതം ആ ദൗത്യത്തെ രാഷ്ട്രീയ ഭാഷാ സമരോഹുകൾ, സാംസ്കാരിക പ്രദർശനങ്ങൾ, യുവജന പരിവർത്തന പരിപാടികൾ പോലുള്ള ചിട്ടയായ പ്രവർത്തനങ്ങളിലൂടെ വർഷം മുഴുവനും വ്യാപിപ്പിക്കുന്നു. ഈ സുസ്ഥിര സംരംഭങ്ങൾ, നാനാത്വത്തിൽ ഏകത്വം എന്ന മനോഭാവം വാർഷിക ആചരണത്തിനപ്പുറവും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കുന്നു.
 
 
References
Press Information Bureau:
Ministry of Youth Affairs & Sports
Government of India
Click here to see PDF
***
SK
 
                        (Backgrounder ID: 155830)
                        Visitor Counter : 4
                        
                        Provide suggestions / comments
                        Read this release in: 
                        
                                
                                
                                    English 
                            
                                ,
                            
                                
                                
                                    Urdu 
                            
                                ,
                            
                                
                                
                                    हिन्दी 
                            
                                ,
                            
                                
                                
                                    Marathi 
                            
                                ,
                            
                                
                                
                                    Bengali 
                            
                                ,
                            
                                
                                
                                    Manipuri 
                            
                                ,
                            
                                
                                
                                    Assamese 
                            
                                ,
                            
                                
                                
                                    Gujarati 
                            
                                ,
                            
                                
                                
                                    Odia 
                            
                                ,
                            
                                
                                
                                    Telugu 
                            
                                ,
                            
                                
                                
                                    Kannada