• Skip to Content
  • Sitemap
  • Advance Search
Technology

ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഭാവിയുടെ മുന്നേറ്റം

Posted On: 27 OCT 2025 6:12PM

ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിര്‍മാണ ദൗത്യത്തിന് (ഇസിഎംഎസ്)  കീഴിൽ  5,532 കോടി രൂപ നിക്ഷേപത്തോടെ ആദ്യ ഏഴ് പദ്ധതികൾക്ക് അംഗീകാരം

പ്രധാന വസ്തുതകള്‍:

  • ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിര്‍മാണ ദൗത്യത്തിന് (ഇസിഎംഎസ്)  കീഴിൽ ആകെ 5,532 കോടി രൂപ നിക്ഷേപത്തോടെ ഏഴ് പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു.
  • 44,406 കോടി രൂപയുടെ ഉല്പാദനത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതികൾ 5,195 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
  • ഇസിഎംഎസ് പദ്ധതിയ്ക്ക് കീഴിലെ നിക്ഷേപ പ്രതിബദ്ധത  1.15 ലക്ഷം കോടി രൂപയിലെത്തിയതോടെ ലക്ഷ്യമിട്ടതിൻ്റെ ഇരട്ടിയായി.
  • 2024–25 സാമ്പത്തിക വർഷം ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി വിഭാഗമായി ഇലക്ട്രോണിക്സ് മേഖല മാറി.

ആമുഖം

ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിര്‍മാണ ദൗത്യത്തിന് (ഇസിഎംഎസ്) കീഴിൽ 5,532 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതോടെ ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമാണ ചരിത്രം പുതിയ അധ്യായത്തിന് തുടക്കം കുറിച്ചു.  ആദ്യ ഏഴ് പദ്ധതികൾ രാജ്യത്തെ ഇലക്ട്രോണിക്സ് ഘടകങ്ങളുടെ വളർന്നുവരുന്ന മേഖലയ്ക്ക് പുത്തന്‍ ഊര്‍ജം പകരുമെന്ന് ഉറപ്പുനൽകുന്നു.  44,406 കോടി രൂപയുടെ ഉല്പാദന മൂല്യവും 5,000-ത്തിലേറെ പുതിയ തൊഴിലവസരങ്ങളുമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ ഇലക്ട്രോണിക്സ് മൂല്യ ശൃംഖലയ്ക്ക് കരുത്തേകാന്‍  നടത്തുന്ന ശക്തമായ നീക്കത്തിന്‍റെ  സൂചന നല്‍കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് അംഗീകാരം ലഭിച്ച പദ്ധതികൾ പ്രഖ്യാപിച്ചത്. നിർമാണത്തെ വന്‍തോതില്‍ പിന്തുണയ്ക്കാന്‍ മൂല്യമേറിയ  ഇലക്ട്രോണിക്സ് ഘടകങ്ങൾക്ക്  ശക്തമായ ആഭ്യന്തര അടിത്തറ കെട്ടിപ്പടുക്കുന്നതിൽ സർക്കാര്‍ പുലര്‍ത്തുന്ന ശ്രദ്ധയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.  

സമീപ വർഷങ്ങളിൽ രാജ്യത്തെ ഇലക്ട്രോണിക്സ് മേഖല അസാധാരണ വളർച്ച കൈവരിക്കുകയും 2024–25 സാമ്പത്തികവര്‍ഷം വലുതും അതിവേഗം വളരുന്നതുമായ മൂന്നാമത്തെ കയറ്റുമതി വിഭാഗമായി മാറുകയും ചെയ്തു. ഈ മുന്നേറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നൂതന ഇലക്ട്രോണിക്സ് നിർമാണത്തിൽ ആഗോള നേതൃത്വമായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ എത്തിക്കാനാണ് ഇസിഎംഎസ് ശ്രമിക്കുന്നത്.  

പദ്ധതി അവലോകനം
ഏകദേശം 2.7 ബില്യൺ യുഎസ് ഡോളറിന് തുല്യമായ 22,919 കോടി രൂപ ആകെ വകയിരുത്തി 2025 ഏപ്രിൽ 8-നാണ്  ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിര്‍മാണ പദ്ധതി  (ഇസംഎംഎസ്) വിജ്ഞാപനം ചെയ്തത്. നിര്‍ബന്ധിതമല്ലാത്ത ഒരു വർഷത്തെ സജ്ജീകരണ  കാലയളവടക്കം ആറുവർഷമാണ്  പദ്ധതി കാലാവധി. രാജ്യത്ത് ഇലക്ട്രോണിക്സ് ഘടകങ്ങളുടെ  ശക്തവും സ്വയംപര്യാപ്തവുമായ  നിർമാണ മേഖല കെട്ടിപ്പടുക്കാൻ  പദ്ധതി ലക്ഷ്യമിടുന്നു. മൂല്യ ശൃംഖലയിലുടനീളം ആഭ്യന്തര - ആഗോള നിക്ഷേപം ആകർഷിക്കുന്നതിലും ഉയർന്ന ആഭ്യന്തര മൂല്യവർധന പ്രോത്സാഹിപ്പിക്കുന്നതിലും ആഗോള ഇലക്ട്രോണിക്സ് വ്യാപാരത്തിലെ  പ്രധാനിയായി ഇന്ത്യയെ അടയാളപ്പെടുത്തുന്നതിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അവശ്യഘടകങ്ങൾ, ഉപ-സംയോജനങ്ങള്‍, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ ഉല്പാദനം രാജ്യത്ത് പ്രോത്സാഹിപ്പിച്ച് ഇന്ത്യയുടെ ഇലക്ട്രോണിക്സ് വ്യവസായത്തെ ആഗോള മൂല്യ ശൃംഖലകളുമായി സംയോജിപ്പിക്കാൻ ഇസിഎംഎസ്  ശ്രമിക്കുന്നു.

2025 സെപ്റ്റംബർ 30 വരെ പദ്ധതിയ്ക്ക് കീഴിലെ  നിക്ഷേപ പ്രതിബദ്ധത  1,15,351 കോടി രൂപയായി ഉയർന്നു. യഥാർത്ഥ ലക്ഷ്യമായ  59,350 കോടി രൂപയെ അപേക്ഷിച്ച്  ഇരട്ടിയോളമാണിത്.  അടുത്ത ആറ് വർഷത്തിനകം  പ്രതീക്ഷിക്കുന്ന 10,34,751 കോടി രൂപയുടെ ഉല്പാദനം  ആദ്യ പ്രവചനത്തേക്കാൾ 2.2 മടങ്ങ് കൂടുതലാണ്.  പ്രോത്സാഹനത്തുകയായി നൽകാൻ ഉദ്ദേശിക്കുന്ന 41,468 കോടി രൂപ യഥാർത്ഥ കണക്കായ 22,805 കോടി രൂപയുടെ ഏകദേശം 1.8 മടങ്ങാണ്.  1,41,801 പ്രത്യക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി നേരിട്ടുള്ള  91,600 തൊഴിലവസരങ്ങളെന്ന ലക്ഷ്യം മറികടക്കുന്നു. കൂടാതെ നിരവധി  പരോക്ഷ തൊഴിലവസരങ്ങളും പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്നു.  

ഇസിഎംഎസ് അംഗീകാരത്തിന് കീഴില്‍ ആദ്യ ഘട്ടത്തിലെ  ഉല്പന്നങ്ങള്‍
ആധുനിക സാങ്കേതികവിദ്യയെ സംബന്ധിച്ച് നിർണായകമായ  മൂല്യമേറിയ വിവിധയിനം ഇലക്ട്രോണിക് ഘടകങ്ങളും സാമഗ്രികളുമാണ് ആദ്യത്തെ അംഗീകാരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  സ്മാർട്ട്‌ഫോണുകൾ, വാഹനങ്ങള്‍, മെഡിക്കൽ ഉപകരണങ്ങൾ, ടെലികമ്യൂണിക്കേഷൻ, വ്യാവസായിക സംവിധാനങ്ങൾ എന്നിവയിലുടനീളം ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഘടകങ്ങളുടെ വിപുലമായ ഉല്പാദനം സാധ്യമാക്കുന്ന ഈ പദ്ധതികൾ ആഗോള മൂല്യശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു.  

ക്യാമറ മൊഡ്യൂൾ ഉപസംയോജനം  

സ്മാർട്ട്‌ഫോണുകളിലും ഡ്രോണുകളിലും  മെഡിക്കൽ ഉപകരണങ്ങളിലും റോബോട്ടുകളിലുമെല്ലാം ക്യാമറ മൊഡ്യൂൾ ഉപസംയോജനം  ഉപയോഗിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളിൽ  വ്യക്തതയേറിയ ചിത്രങ്ങളും വീഡിയോകളും പകർത്തുന്ന ഇവ സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ, സുരക്ഷാ ക്യാമറകൾ, വാഹന സംവിധാനങ്ങൾ, ഐഒടി  ഉപകരണങ്ങൾ എന്നിവയിലെ ചിത്രീകരണ ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നു.  

ബഹുതല പിസിബി

വാഹനങ്ങള്‍, കൺസ്യൂമർ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഐസിടി - മെഡിക്കൽ ഉപകരണങ്ങൾ, ടെലികമ്യൂണിക്കേഷൻ, വ്യോമയാന നിര്‍മാണം, പ്രതിരോധം, വ്യാവസായിക നിർമാണം എന്നിവയിൽ ഒന്നിലേറെ തലങ്ങളില്‍ പ്രിന്‍റ് ചെയ്ത  സർക്യൂട്ട് ബോർഡുകൾ (പിസിബി) ഉപയോഗിക്കുന്നു. ദ്വാരങ്ങളിലൂടെ വയറിങ് ചെയ്ത് പരസ്പരം ബന്ധിപ്പിച്ച ഒന്നിലധികം ചെമ്പ്, ഡൈഇലക്‌ട്രിക് പാളികൾ ഇവയ്ക്കുണ്ട്. കൺസ്യൂമർ ഇലക്ട്രോണിക്സ്, വ്യാവസായിക നിയന്ത്രണ സംവിധാനങ്ങള്‍, വാഹന സംവിധാനങ്ങള്‍ എന്നിവയിൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നു.

എച്ച്ഡിഐ പിസിബി

കൺസ്യൂമർ ഇലക്ട്രോണിക്സ്, ശരീരത്തില്‍ ധരിക്കുന്ന ഉപകരണങ്ങളിലെ സാങ്കേതികവിദ്യ, വാഹന ഇലക്ട്രോണിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, ടെലികമ്യൂണിക്കേഷൻ, വ്യോമയാന നിര്‍മാണം, പ്രതിരോധം എന്നിവയിൽ സാന്ദ്രതയേറിയ ഇൻ്റർകണക്ട് പിസിബികൾ (എച്ച്ഡിഐ പിസിബി) ഉപയോഗിക്കുന്നു. മൈക്രോ വയകളും  ബ്ലൈൻഡ് - ബറീഡ് വയകളും വയ -ഇൻ-പാഡ് ഘടനകളും നേർത്ത ട്രാക്കുകളും  കുറഞ്ഞ വിടവുമുള്ള  പിസിബികളുടെ നൂതന പതിപ്പുകളാണിവ. സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ശരീരത്തില്‍ ധരിക്കുന്ന ഇലക്ട്രോണിക്  ഉപകരണങ്ങൾ, വ്യോമയാന നിര്‍മാണം, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയ്ക്കായി ചെറുതും  പ്രകടന ശേഷി ഉയര്‍ന്നതുമായ രൂപകല്പനകള്‍ ഇവ സാധ്യമാക്കുന്നു.

ലാമിനേറ്റ് (കോപ്പർ ക്ലാഡ് ലാമിനേറ്റ്)

വാഹനനിര്‍മാണം, കൺസ്യൂമർ ഇലക്ട്രോണിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, ഐസിടി, ടെലികമ്യൂണിക്കേഷൻ, വ്യോമയാന നിര്‍മാണം, പ്രതിരോധം, വ്യാവസായിക നിർമാണം എന്നിവയിൽ കോപ്പർ ക്ലാഡ് ലാമിനേറ്റുകൾ ഉപയോഗിക്കുന്നു. ബഹുതല പിസിബികളുടെ നിർമാണത്തിന്‍റെ അടിസ്ഥാന ഘടകമാണിവ.  

പോളിപ്രൊപിലീന്‍ ഫിലിം

കൺസ്യൂമർ ഇലക്ട്രോണിക്സ്, വാഹനനിര്‍മാണം, ഐസിടി, വ്യാവസായിക - നിർമാണ മേഖലകൾ, ടെലികമ്യൂണിക്കേഷൻ, കമ്പ്യൂട്ടിങ്  മേഖലകളിലെ കപ്പാസിറ്ററുകൾക്ക് വേണ്ടി പോളിപ്രൊപിലീന്‍ ഫിലിം ഉപയോഗിക്കുന്നു. കപ്പാസിറ്ററുകളുടെ ഉല്പാദനത്തിലെ പ്രധാന ഘടകമാണിത്.  

ഇസിഎംഎസ് അംഗീകരിച്ച അപേക്ഷകളുടെ അവലോകനം
രാജ്യത്ത് മൂല്യമേറിയ ഘടകങ്ങളുടെ ഉല്പാദന ശേഷി വർധിപ്പിക്കുന്നതില്‍ മുൻനിര ആഭ്യന്തര നിർമാതാക്കളുടെ ശക്തമായ പ്രതിബദ്ധതയാണ് ആദ്യ ഘട്ടത്തിൽ അംഗീകാരം ലഭിച്ച അപേക്ഷകൾ പ്രതിഫലിപ്പിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന   പദ്ധതികളിൽ  5,532 കോടി രൂപയുടെ നിക്ഷേപമുണ്ട്.  44,406 കോടി രൂപയുടെ ഉല്പാദനവും 5,195 പുതിയ തൊഴിലവസരങ്ങളുമാണ് ഇതുവഴി പ്രതീക്ഷിക്കുന്നത്.

Applicant Name

Product

Project Location

Cumulative Investment ( crore)

Cumulative Production ( crore)

Incremental Employment (Persons)

Kaynes Circuits India Private Limited

Multi-Layer Printed Circuit Board (PCB)

Tamil Nadu

104

4,300

220

Kaynes Circuits India Private Limited

Camera Module Sub-Assembly

Tamil Nadu

325

12,630

480

Kaynes Circuits India Private Limited

HDI PCB

Tamil Nadu

1,684

4,510

1,480

Kaynes Circuits India Private Limited

Laminate

Tamil Nadu

1,167

6,875

300

SRF Limited

Polypropylene Film

Madhya Pradesh

496

1,311

225

Syrma Strategic Electronics Private Limited

Multi-Layer Printed Circuit Board (PCB)

Andhra Pradesh

765

6,933

955

Ascent Circuits Pvt Ltd

Multi-Layer Printed Circuit Board (PCB)

Tamil Nadu

991

7,847

1,535

Total

   

5,532

44,406

5,195

 

ഇലക്ട്രോണിക്സ്: ഇന്ത്യയുടെ മുൻനിര കയറ്റുമതി രംഗം

2021–22  ഏഴാം സ്ഥാനത്തായിരുന്ന ഇലക്ട്രോണിക്സ് മേഖല 2024–25-ൽ രാജ്യത്തെ വലുതും അതിവേഗം വളരുന്നതുമായ മൂന്നാമത്തെ കയറ്റുമതി വിഭാഗമായി മാറി.  2025–26 സാമ്പത്തിക വർഷം ആദ്യ പകുതിയിൽ 22.2 ബില്യൺ യുഎസ് ഡോളര്‍ രേഖപ്പെടുത്തിയ ഇലക്ട്രോണിക്സ് കയറ്റുമതി  ശക്തമായ വളർച്ചാ വേഗം നിലനിർത്തുകയും  രാജ്യത്തെ രണ്ടാമത് വലിയ കയറ്റുമതി വിഭാഗമെന്ന നിലയിലേക്ക്  മേഖലയെ  എത്തിക്കുകയും ചെയ്യുന്നു.

രാജ്യത്തെ ഇലക്ട്രോണിക്സ് ഉല്പാദനം 2014–15- സാമ്പത്തികവര്‍ഷത്തെ  1.9 ലക്ഷം കോടി രൂപയിൽ നിന്ന് 2024–25-ൽ  11.3 ലക്ഷം കോടി രൂപയായി വളർന്ന് ആറ് മടങ്ങ് വർധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിൽ കയറ്റുമതി  38,000 കോടി രൂപയിൽ നിന്ന്  3.27 ലക്ഷം കോടി രൂപയായി  ഉയര്‍ന്ന് എട്ട് മടങ്ങ് വർധന കാഴ്ചവെച്ചു.   കഴിഞ്ഞ ദശകം ഇലക്ട്രോണിക്സ് നിർമാണമേഖല രാജ്യത്തുടനീളം  25 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്.  

ഈ പരിവർത്തനത്തിൽ മൊബൈൽ നിർമാണമേഖലയ്ക്ക്  സുപ്രധാന പങ്കുണ്ട്. ഈ വിഭാഗത്തിലെ ഉല്പാദനം 2014–15-ല്‍  18,000 കോടി രൂപയായിരുന്നത്  2024–25-ൽ  5.45 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.  28 മടങ്ങ് വർധനയാണിത്.  2014-ൽ കേവലം രണ്ട് മൊബൈൽ ഫോൺ നിർമാണ കേന്ദ്രങ്ങള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 300-ലേറെ കേന്ദ്രങ്ങളുമായി ലോകത്തെ രണ്ടാമത് വലിയ മൊബൈൽ ഫോൺ നിർമാതാക്കളാണ് ഇന്ത്യ.

മൊബൈൽ ഫോണുകളുടെ കയറ്റുമതിയിലും രാജ്യം ശ്രദ്ധേയ പുരോഗതി കൈവരിച്ചു.  2014–15-ല്‍  1,500 കോടി രൂപയിയായിരുന്ന കയറ്റുമതി മൂല്യം  2024–25-ൽ  2 ലക്ഷം കോടി രൂപയിലെത്തിയതോടെ 127 മടങ്ങ് വർധനയാണ് അടയാളപ്പെടുത്തിയത്.  2024-ൽ ആപ്പിൾ മാത്രം  1,10,989 കോടി രൂപയുടെ ഐഫോണുകള്‍ കയറ്റുമതി ചെയ്തതോടെ 42% വാർഷിക വളർച്ചയോടെ  ഒരുലക്ഷം കോടി രൂപയെന്ന ലക്ഷ്യം  മറികടന്നു. 2025–26- സാമ്പത്തികവര്‍ഷം ആദ്യ അഞ്ച് മാസങ്ങളിൽ സ്മാർട്ട്‌ഫോൺ കയറ്റുമതി  ഒരു ലക്ഷം കോടി രൂപയിലെത്തിയത്  കഴിഞ്ഞ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 55% വർധന രേഖപ്പെടുത്തുന്നു.

ഒരു പതിറ്റാണ്ട് മുൻപ് ആവശ്യകതകളുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്ത നിലയില്‍നിന്ന്  മിക്ക ഉപകരണങ്ങളും ആഭ്യന്തരമായി നിർമിക്കുന്ന നിലയിലേക്ക് മൊബൈൽ ഫോണ്‍ ഉല്പാദനത്തിൽ രാജ്യം ഏറെക്കുറെ സ്വയംപര്യാപ്തത കൈവരിച്ചുകഴിഞ്ഞു.  ഈ പരിവർത്തനം ഇന്ത്യയുടെ നയപരമായ ആവാസവ്യവസ്ഥയുടെ കരുത്തും ആഗോള ഇലക്ട്രോണിക്സ് നിർമാണ - കയറ്റുമതി മേഖലകളിലെ വിശ്വസ്ത കേന്ദ്രമെന്ന നിലയിലേക്കുള്ള  ഉയര്‍ച്ചയും എടുത്തു കാണിക്കുന്നു.
 
ഉപസംഹാരം
ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമാണ മേഖല  നിര്‍ണായക നിമിഷത്തിലാണ് നിലകൊള്ളുന്നത്. ഇലക്ട്രോണിക്സ് ഘടകങ്ങളുടെ നിര്‍മാണ ദൗത്യത്തിന് (ഇസിഎംഎസ്) കീഴിലെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചത്  കേവലം വ്യാവസായിക നാഴികക്കല്ല് മാത്രമല്ല, മറിച്ച് സ്വയംപര്യാപ്തത മെച്ചപ്പെടുത്താനും സാങ്കേതിക ഉല്പാദനത്തിൽ രാജ്യത്തിൻ്റെ ആഗോള സ്ഥാനം ശക്തിപ്പെടുത്താനുമുള്ള തന്ത്രപരമായ ചുവടുവെയ്പ്പ് കൂടിയാണ്. ശക്തമായ നിക്ഷേപ പ്രതിബദ്ധതകളും റെക്കോഡ് ഉല്പാദന ലക്ഷ്യങ്ങളും സ്ഥിരമായ തൊഴിലവസരങ്ങളും ഉറപ്പാക്കി രാജ്യത്തെ ഇലക്ട്രോണിക്സ് മൂല്യ ശൃംഖലയുടെ അടിത്തറ ശക്തിപ്പെടുത്താൻ  പദ്ധതി പൂര്‍ണസജ്ജമാണ്.  

ഇലക്ട്രോണിക്സ് ഘടകങ്ങൾ മുതൽ പൂർണതോതിലുള്ള ഉപകരണങ്ങൾ വരെ നിർമാണ രംഗത്ത്   ആത്മവിശ്വാസത്തോടെ മുന്നേറുകയാണ് ഇന്ത്യ. കയറ്റുമതിയിലെ വളർച്ചയും ആഭ്യന്തര ഉല്പാദനത്തിലെ ഉയർച്ചയും മൊബൈൽ നിർമാണത്തിൻ്റെ അതിവേഗ  വികാസവും  ഒരുമിച്ച് ഈ മുന്നേറ്റത്തിന് വ്യക്തമായ ദിശാബോധം പകരുന്നു.  രാജ്യത്തെ ആവശ്യങ്ങൾക്കായി ഉല്പാദിപ്പിക്കുന്നതിനൊപ്പം ആഗോള വിതരണ ശൃംഖലകൾക്ക് ഇന്ത്യ കരുത്തേകുന്നു.  ഈ ശ്രമങ്ങൾ തുടരുന്നതിലൂടെ ആഗോള ഇലക്ട്രോണിക്സ് കേന്ദ്രമായി മാറുകയെന്ന രാജ്യത്തിൻ്റെ കാഴ്ചപ്പാട് അതിവേഗം സാക്ഷാത്ക്കരിക്കപ്പെടുന്നു.

അവലംബം:

PIB Backgrounders:

Ministry of Commerce and Industry:

Click here for pdf file. 

****

(Backgrounder ID: 155812) आगंतुक पटल : 18
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Nepali , Marathi , Manipuri , Bengali , Assamese , Gujarati , Odia , Kannada
Link mygov.in
National Portal Of India
STQC Certificate