സംഗ്രഹം:
* 15.72 കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ സുരക്ഷിതമായ പൈപ്പ് വെള്ളം ലഭ്യമാണ്.
* 2019 ല്‍ ദൗത്യം ആരംഭിച്ച സമയത്ത്, 3.23 കോടി കുടുംബങ്ങള്‍ക്ക് മാത്രമേ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. അതിനുശേഷം, അധികമായി 12.48 കോടി കുടുംബങ്ങളെ കൂടി ദൗത്യവുമായി ബന്ധിപ്പിച്ചിരുന്നു, ഇത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ അടിസ്ഥാന സൗകര്യ വികസനങ്ങളിലൊന്നാണ്.
* ദൗത്യനിര്‍മാണ സമയത്ത് മൂന്നു കോടി വ്യക്തിവര്‍ഷ തൊഴില്‍ സൃഷ്ടിക്കാന്‍ സാധിച്ചു. ഏകദേശം 25 ലക്ഷം സ്ത്രീകള്‍ക്ക് സ്ഥല പരിശോധനാ സാമഗ്രികള്‍ (ഫീല്‍ഡ് ടെസ്റ്റിങ് കിറ്റുകള്‍) ഉപയോഗിക്കാന്‍ പരിശീലനം നല്‍കി.
* രാജ്യത്ത് സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന കുടിവെള്ളം ലഭ്യമാക്കുന്നത് 4 ലക്ഷം വയറിളക്ക മരണങ്ങള്‍ ഒഴിവാക്കുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. രാജ്യത്ത് സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന കുടിവെള്ളത്തിന്റെ സാര്‍വത്രിക വ്യാപ്തി ഉപയോഗിച്ച്, ഏകദേശം 14 ദശലക്ഷം വൈകല്യക്രമീകൃത ജീവിത വര്‍ഷങ്ങള്‍ (ഡിഎഎല്‍വൈ) ഒഴിവാക്കാനാകുമെന്നും കണക്കാക്കപ്പെടുന്നു.
* എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷന്‍ നല്‍കുന്നത് ജലശേഖരണത്തില്‍ ഓരോ ദിവസവും 5.5 കോടി മണിക്കൂര്‍ എന്ന തോതില്‍ ഗണ്യമായ സമയം പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍ (ഈ ക്ലേശത്തിന്റെ മുക്കാല്‍ ഭാഗം) ലാഭിക്കുമെന്ന് ലോകാരോഗ്യസംഘടന അവകാശപ്പെടുന്നു.
* 202526 ല്‍ ഇന്ത്യയിലുടനീളമുള്ള 2,843 ജല പരിശോധനാ ലബോറട്ടറികള്‍ 38.78 ലക്ഷം സാമ്പിളുകള്‍ പരിശോധിച്ച്, കര്‍ശനമായ ജല ഗുണനിലവാര നിരീക്ഷണം ഉറപ്പാക്കി.
ആമുഖം
നിലവില്‍ 81 ശതമാനത്തിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ പൈപ്പ് വെള്ളം ലഭ്യമാക്കിക്കൊണ്ട് ജല ജീവന്‍ ദൗത്യം (ജല്‍ ജീവന്‍ മിഷന്‍/ഹര്‍ ഘര്‍ ജല്‍) പ്രകാരം ഒരു സുപ്രധാന നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ് ഇന്ത്യ.
2025 ഒക്ടോബര്‍ 22 ലെ കണക്കനുസരിച്ച്, 15.72 കോടിയിലധികം ഗ്രാമീണ വീടുകള്‍ക്ക് ഗാര്‍ഹിക ടാപ്പുകള്‍ വഴി സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നു, ഇത് ഗ്രാമീണ ഇന്ത്യയിലെ സാര്‍വത്രിക ജല സുരക്ഷയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ്. ദൗത്യത്തിന് കീഴില്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 2,08,652 കോടി രൂപയുടെ കേന്ദ്ര വിഹിതം നല്‍കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ഇത് വലിയ തോതില്‍ വിനിയോഗിക്കപ്പെടുകയും ചെയ്തു.
ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും പൈപ്പ് വെള്ളം എത്തിക്കുക എന്ന ഉള്‍ക്കാഴ്ചയോടെ 2019 ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ദൗത്യം ആരംഭിച്ചത്. അക്കാലത്ത്, 3.23 കോടി വീടുകള്‍ക്ക് (16.71 ശതമാനം) മാത്രമേ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. അതിനുശേഷം, 12.48 കോടി വീടുകള്‍ കൂടി ഇതില്‍ ബന്ധിപ്പിക്കപ്പെടുകയും ഗ്രാമീണ ഇന്ത്യയിലെ മൗലികമായ അടിസ്ഥാന സൗകര്യങ്ങളുടെ ഏറ്റവും വേഗതയേറിയ വികാസങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തു.
വീടുകളിലേക്ക് വെള്ളം കൊണ്ടുവരിക എന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ലേശത്തില്‍ നിന്ന് അമ്മമാരെയും സഹോദരിമാരെയും മോചിപ്പിക്കാനും ജല ജീവന്‍ ദൗത്യം ശ്രമിക്കുന്നു. അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹികസാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനും, ജീവിതസൗകര്യമേകുന്നതിനും, ഗ്രാമീണ കുടുംബങ്ങള്‍ക്ക് അഭിമാനവും അന്തസ്സും നല്‍കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
സുസ്ഥിരതയ്ക്കും സമൂഹ പങ്കാളിത്തത്തിനും ദൗത്യം തുല്യ പ്രാധാന്യം നല്‍കുന്നു. പുനരുപയോഗിക്കാവുന്ന മലിനജലത്തിന്റെ കൈകാര്യം, ജലസംരക്ഷണം, മഴവെള്ള സംഭരണം എന്നിവയിലൂടെ റീചാര്‍ജ്, പുനരുപയോഗം തുടങ്ങിയ ഉറവിട സുസ്ഥിരതാ നടപടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. അവബോധവും ഉടമസ്ഥാവകാശവും സൃഷ്ടിക്കുന്നതിനുള്ള പ്രധാന ഘടകങ്ങളായി വിവരങ്ങള്‍, വിദ്യാഭ്യാസം, ആശയവിനിമയം (ഐഇസി) പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു സമൂഹാധിഷ്ഠിത സമീപനത്തിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്. വെള്ളത്തിനായുള്ള ഒരു ജനകീയ പ്രസ്ഥാനം (ജന്‍ ആന്ദോളന്‍) കെട്ടിപ്പടുക്കാനും അത് ഒരു പൊതു ദേശീയ മുന്‍ഗണനയാക്കുന്നതിനും ദൗത്യം ശ്രമിക്കുന്നു.
ലക്ഷ്യങ്ങള്‍
ജല ജീവന്‍ ദൗത്യത്തിന്റെ വിശാലമായ ലക്ഷ്യങ്ങളില്‍ ഇവ ഉള്‍പ്പെടുന്നു:
ജല ജീവന്‍ ദൗത്യത്തിനു കീഴിലുള്ള പുരോഗതി (2025 ഒക്ടോബര്‍ 22 വരെ)
ഇന്ത്യയിലെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും സുരക്ഷിതവും പര്യാപ്തവുമായ കുടിവെള്ളം ഉറപ്പാക്കുന്നതില്‍ ജല ജീവന്‍ ദൗത്യം സുസ്ഥിരമായ പുരോഗതി കൈവരിക്കുന്നു.
ജില്ലാതല പുരോഗതി: 192 ജില്ലകളിലെ എല്ലാ വീടുകളിലും സ്‌കൂളുകളിലും അങ്കണവാടി കേന്ദ്രങ്ങളിലും പൈപ്പ് വെള്ളം എത്തിയിട്ടുണ്ട്, ഇതില്‍ 116 ജില്ലകള്‍ പരിശോധനയ്ക്ക് ശേഷം ഗ്രാമസഭാ പ്രമേയങ്ങളിലൂടെ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
ബ്ലോക്ക്, പഞ്ചായത്ത്, ഗ്രാമ കവറേജ്:
- ബ്ലോക്കുകള്‍: 1,019 എണ്ണം സാക്ഷ്യപ്പെടുത്തി കൊണ്ട്, 1,912 ബ്ലോക്കുകളില്‍ പൂര്‍ണ്ണ കവറേജ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്,
- ഗ്രാമപഞ്ചായത്തുകള്‍: 1,25,185 എണ്ണം റിപ്പോര്‍ട്ട് ചെയ്തു. അവയില്‍ 88,875 പഞ്ചായത്തുകളുടേത് സാക്ഷ്യപ്പെടുത്തുകും ചെയ്തു.
- ഗ്രാമങ്ങള്‍: 2,66,273 ഇടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും, ഇതില്‍ 1,74,348 പേര്‍ക്ക് ഹര്‍ ഘര്‍ ജല്‍ സംരംഭത്തിന് കീഴില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുകയും ചെയ്തു.
100 ശതമാനം കവറേജുള്ള സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍: ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ദാദ്ര നാഗര്‍ ഹവേലി ദാമന്‍ ദിയു, ഹരിയാന, തെലങ്കാന, പുതുച്ചേരി, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, മിസോറം, അരുണാചല്‍ പ്രദേശ് എന്നിങ്ങനെ പതിനൊന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും പൂര്‍ണ്ണമായ പൈപ്പ് വെള്ള കണക്ഷന്‍ പ്രാപ്യമാക്കിയിട്ടുണ്ട്.
സ്ഥാപനതല കവറേജ്: രാജ്യത്തുടനീളമുള്ള 9,23,297 സ്‌കൂളുകളിലും 9,66,876 അങ്കണവാടി കേന്ദ്രങ്ങളിലും പൈപ്പ് വഴിയുള്ള ജലവിതരണം ഉറപ്പാക്കിയിട്ടുണ്ട്.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ജലവിതരണ വകുപ്പ് ആ ഭരണ യൂണിറ്റിലെ എല്ലാ വീടുകളിലും സ്‌കൂളുകളിലും അങ്കണവാടി കേന്ദ്രങ്ങളിലും ടാപ്പുകള്‍ വഴി വെള്ളം വിതരണം ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നതാണ് 'റിപ്പോര്‍ട്ട് ചെയ്തു' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാല്‍ ഗ്രാമത്തിലെ എല്ലാ വീടുകളിലും, സ്‌കൂളുകളിലും, അങ്കണവാടി കേന്ദ്രങ്ങളിലും പൈപ്പ് വെള്ളം ലഭിക്കുന്നുണ്ടെന്ന ജലവിതരണ വകുപ്പിന്റെ അവകാശവാദം ഉറപ്പുവരുത്തിയ ശേഷം ഗ്രാമസഭ പ്രമേയം പാസാക്കി എന്നാണ് 'സാക്ഷ്യപ്പെടുത്തി' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. എല്ലാ വീടുകളിലും പൈപ്പ് വെള്ളം ലഭിക്കുന്നുണ്ടെന്ന് പ്രഖ്യാപിക്കുന്ന സര്‍ട്ടിഫിക്കറ്റ് ജലവിതരണ വകുപ്പ് ഗ്രാമപഞ്ചായത്തിന് നല്‍കിയതിന് ശേഷമാണ് ഇത് നടപ്പിലാക്കുന്നത്.
ഗുണനിലവാരം ഉറപ്പാക്കലും നിരീക്ഷണവും:
ജല ജീവന്‍ ദൗത്യത്തിന് കീഴില്‍, ഗ്രാമപ്രദേശങ്ങളില്‍ സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിന് ഗുണനിലവാര തീര്‍ച്ചപ്പെടുത്തലിനും നിരീക്ഷണത്തിനുമായി കരുത്തുറ്റ ഒരു സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.
202526 കാലയളവില്‍ (2025 ഒക്ടോബര്‍ 21 വരെ), രാജ്യത്തെ 4,49,961 ഗ്രാമങ്ങളിലായി ആകെ 2,843 ലബോറട്ടറികള്‍ (2,184 സ്ഥാപനപരവും 659 ഡബ്ല്യു.ടി.പി അധിഷ്ഠിതവും) 38.78 ലക്ഷം ജല സാമ്പിളുകള്‍ പരിശോധിച്ചു.
സമൂഹതല പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി, 5.07 ലക്ഷം ഗ്രാമങ്ങളിലായി 24.80 ലക്ഷം സ്ത്രീകള്‍ക്ക് സ്ഥല പരിശോധനാ സാമഗ്രികള്‍ ഉപയോഗിച്ച് ജലഗുണനിലവാരം പരിശോധിക്കുന്നതിന് പരിശീലനം നല്‍കിയിട്ടുണ്ട്. ഈ സമൂഹാധിഷ്ഠിത സമീപനം ജല മലിനീകരണം നേരത്തേ കണ്ടെത്തുന്നത് ഉറപ്പാക്കുകയും ഗ്രാമീണ ജല ഗുണനിലവാര നിരീക്ഷണത്തിന്റെ പ്രാദേശിക ഉടമസ്ഥാവകാശം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ജല ജീവന്‍ ദൗത്യ(ജെജെഎം)ത്തിന്റെ പ്രധാന ഘടകങ്ങള്‍:
ജല ജീവന്‍ ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്, ഇനിപ്പറയുന്ന ഘടകങ്ങള്‍ വിഭാവനം ചെയ്തിട്ടുണ്ട്:
ഗ്രാമപ്രദേശങ്ങളിലെ പൈപ്പ് ജലവിതരണ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ ഗ്രാമീണ വീടുകളിലേക്കും പൈപ്പ് ജല കണക്ഷന്‍ ഉറപ്പാക്കുന്നതിന് ഗ്രാമങ്ങള്‍ക്കുള്ളില്‍ പൈപ്പ് ജല സംവിധാനങ്ങളുടെ വികസനം.
സുസ്ഥിര കുടിവെള്ള സ്രോതസ്സുകള്‍ ജലവിതരണ സംവിധാനത്തിന് ദീര്‍ഘകാല സുസ്ഥിരത നല്‍കുന്നതിന് വിശ്വസനീയമായ കുടിവെള്ള സ്രോതസ്സുകളുടെ വികസനവും/അല്ലെങ്കില്‍ നിലവിലുള്ള സ്രോതസ്സുകളുടെ വര്‍ദ്ധനവും.
ബൃഹദ് ജല കൈമാറ്റവും വിതരണവും: ബൃഹദ് ജല കൈമാറ്റ സംവിധാനങ്ങള്‍, ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍, വിതരണ ശൃംഖലകള്‍ എന്നിവ സ്ഥാപിക്കല്‍.
ജല ഗുണനിലവാരത്തിനായുള്ള സാങ്കേതിക ഇടപെടലുകള്‍: ജലത്തിന്റെ ഗുണനിലവാരം പ്രശ്‌നമാവുന്ന ഇടങ്ങളില്‍ ജലത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യകള്‍ നടപ്പിലാക്കല്‍.
നിലവിലുള്ള പദ്ധതികളുടെ നവീകരണം: പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക ടാപ്പ് കണക്ഷനുകള്‍ (എഫ്എച്ച്ടിസി) പ്രതിദിനം കുറഞ്ഞത് 55 ലിറ്റര്‍ (എല്‍പിസിഡി) സേവന നിലവാരത്തില്‍ നല്‍കുന്നതിന് പൂര്‍ത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെ തലമുയര്‍ത്തുക.
പുനരുപയോഗിക്കാവുന്ന മലിനജലം കൈകാര്യം ചെയ്യല്‍ ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് പുനരുപയോഗിക്കാവുന്ന മലിനജലത്തിന്റെ സംസ്‌കരണവും പുനരുപയോഗവും.
സമൂഹ ശേഷി വികസനം: ജലത്തിന്റെ സുസ്ഥിരമായ കൈകാര്യം ചെയ്യലിനായി സമൂഹങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക.
ആകസ്മിക(കണ്ടിജന്‍സി) വിഹിതങ്ങള്‍: പ്രകൃതി ദുരന്തങ്ങളില്‍ നിന്നോ ദുരന്തങ്ങളില്‍ നിന്നോ ഉണ്ടാകുന്ന അപ്രതീക്ഷിത വെല്ലുവിളികള്‍ അല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഫണ്ട് അനുവദിക്കല്‍.
ഡിജിറ്റല്‍ നവീകരണത്തിലൂടെ ഗ്രാമീണ ജലവിതരണത്തെ പരിവര്‍ത്തനം ചെയ്യുന്നു
കേന്ദ്ര ജലശക്തി മന്ത്രാലയത്തിലെ കുടിവെള്ള, ശുചിത്വ വകുപ്പ് (ഡിഡിഡബ്ല്യുഎസ്), നവീകരിച്ച ഗ്രാമീണ പൈപ്പ് ജലവിതരണ പദ്ധതി (ആര്‍പിഡബ്ല്യുഎസ്എസ്) മൊഡ്യൂള്‍, ഗ്രാമീണ ജല സേവനങ്ങളില്‍ ഡിജിറ്റല്‍ ഭരണനിര്‍വഹണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്.
എല്ലാ പൈപ്പ് ജല പദ്ധതികള്‍ക്കും ഡിജിറ്റല്‍ രേഖപ്പെടുത്തല്‍ സങ്കേതമായി വര്‍ത്തിക്കുന്ന പുതിയ സംവിധാനം, സുതാര്യത, കണ്ടെത്തല്‍, ഡാറ്റാധിഷ്ഠിത നിരീക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് ഓരോന്നിനും ഒരു സവിശേഷ ആര്‍പിഡബ്ല്യുഎസ്എസ് ഐഡി നല്‍കുന്ന പദ്ധതി പുരോഗമിക്കുകയാണ്. 2025 നവംബറോടെ ആര്‍പിഡബ്ല്യുഎസ്എസ് ഐഡി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ജിഐഎസ് മാപ്പിങ്, പിഎം ഗതി ശക്തി എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം തത്സമയ ഡാഷ്‌ബോര്‍ഡുകള്‍, പ്രവചനാത്മക വിശകലനങ്ങള്‍, കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും പരിപാലനത്തിനുമുള്ള ഉപകരണങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. ജല സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും ജല, ശുചീകരണ, ശുചിത്വ മേഖലയിലെ പ്രാദേശിക നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പരിശോധിച്ചുറപ്പിച്ച ഡാറ്റ ഉപയോഗിച്ച് പഞ്ചായത്തുകളെയും ഗ്രാമ ജല ശുചിത്വ സമിതികളെയും ഇത് ശാക്തീകരിക്കുന്നു.
ജല ജീവന്‍ ദൗത്യത്തിന് കീഴിലുള്ള ഉത്തരവാദിത്തം, സുസ്ഥിരത, സാമൂഹികപങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനായി നവീകരിച്ച ആര്‍പിഡബ്ല്യുഎസ്എസ് ഐഡി സൃഷ്ടിക്കലിനായുള്ള മൊഡ്യൂള്‍ പുരോഗതിയിലാണ്.
ജല ജീവന്‍ ദൗത്യത്തിന്റെ സ്വാധീനം
ജല്‍ജീവന്‍ ദൗത്യം നടപ്പാക്കിയത് ഗ്രാമീണ ജീവിതത്തില്‍ ഗണ്യമായ പുരോഗതി കൊണ്ടുവന്നതായി നിരവധി ദേശീയ, അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.
എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷന്‍ ലഭ്യമാവുന്നതിലൂടെ പ്രതിദിനം 5.5 കോടി മണിക്കൂറിലധികം ലാഭിക്കാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ജലമെത്തിക്കാനുള്ള ക്ലേശത്തിന്റെ മുക്കാല്‍ ഭാഗവും വഹിക്കുന്ന സ്ത്രീകളാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍.
ഇന്ത്യയിലെ എല്ലാ വീടുകളിലും സുരക്ഷിതമായി കൈകാര്യം ചെയ്യുന്ന കുടിവെള്ളം സാര്‍വത്രികമായി ഉറപ്പാക്കുന്നതിലൂടെ വയറിളക്ക രോഗങ്ങള്‍ മൂലമുള്ള 4 ലക്ഷത്തോളം മരണങ്ങള്‍ തടയാനും, 14 ദശലക്ഷത്തോളം വൈകല്യഅനാരോഗ്യ ക്രമീകരണം കാരണം നഷ്ടമാവുന്ന ജീവിത വര്‍ഷങ്ങള്‍ (ഡിസെബിലിറ്റി അഡ്ജസ്റ്റഡ് ലൈഫ് ഇയേഴ്‌സ്) ഒഴിവാക്കാനും ആരോഗ്യപരിപാലന ചെലവില്‍ 8.2 ലക്ഷം കോടി രൂപ വരെ ലാഭിക്കാനും കഴിയുമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.
എസ്ബിഐ ഗവേഷണ പ്രകാരം, വീടിന് പുറത്തുനിന്ന് വെള്ളം കൊണ്ടുവരേണ്ടി വരുന്ന കുടുംബങ്ങളുടെ ശതമാനത്തില്‍ 8.3 ശതമാനം പോയിന്റ് ഇടിവ് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി ഏകദേശം 9 കോടി സ്ത്രീകള്‍ക്ക് ഇനി വെള്ളം കൊണ്ടുവരേണ്ട സാഹചര്യം ഇല്ലാതായി. അതോടൊപ്പം, കൃഷിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തത്തില്‍ 7.4 ശതമാനം പോയിന്റ് വര്‍ദ്ധനയും രേഖപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷിതമായ ജല സംരക്ഷണം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ മരണനിരക്ക് ഏകദേശം 30 ശതമാനം കുറയ്ക്കുമെന്നും, ഇത് പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം ജീവന്‍ രക്ഷിക്കുമെന്നുമാണ് നൊബേല്‍ സമ്മാന ജേതാവായ പ്രൊഫ. മൈക്കല്‍ ക്രെമറിന്റെ ഗവേഷണം അഭിപ്രായപ്പെടുന്നത്.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി (ഐഎല്‍ഒ) ചേര്‍ന്ന് നടത്തിയ പഠനം പ്രകാരം, ജല ജീവന്‍ ദൗത്യത്തിന് നിര്‍മാണസമയത്ത് ഏകദേശം 3 കോടി വ്യക്തിവര്‍ഷ തൊഴില്‍ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നും ഏകദേശം 25 ലക്ഷം സ്ത്രീകള്‍ക്ക് ഫീല്‍ഡ് ടെസ്റ്റിങ് കിറ്റുകള്‍ (പ്രദേശ പരിശോധനാ ഉപകരണങ്ങള്‍) ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.
സമൂഹം നയിക്കുന്ന, സാങ്കേതികവിദ്യ വഴിയൊരുക്കുന്ന വിജയഗാഥകള്‍:
'എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്നതിനുള്ള ഒരു പ്രധാന വികസന മാനദണ്ഡമായി ജല ജീവന്‍ ദൗത്യം മാറിയിരിക്കുന്നു' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ഈ ദൗത്യത്തിന്റെ വിജയം അടിസ്ഥാന സൗകര്യ സൃഷ്ടിയില്‍ മാത്രമല്ല, 'ജന്‍ ഭാഗീദാരി സേ പെയ്ജല്‍ പ്രബന്ധന്‍ (പൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള നിര്‍വഹണം)' എന്ന സാങ്കേതികവിദ്യയുടെ നൂതന ഉപയോഗവുമായി സംയോജിപ്പിച്ച സമൂഹം നയിക്കുന്ന ജലഭരണം എന്ന ആശയത്തിലുമാണ്.
ജല കൈകാര്യത്തിലെ വനിതാ നേതൃത്വം
മഹാരാഷ്ട്ര മഹാപന്‍ ഗ്രാമത്തില്‍, അമൃത്‌നാഥ് മഹിളാ സമൂഹ എന്ന വനിതാ സ്വയം സഹായ സംഘമാണ് ഗ്രാമത്തിലെ ടാപ്പ് ജല പദ്ധതി കൈകാര്യം ചെയ്യുന്നത്. പമ്പ് പ്രവര്‍ത്തിപ്പിക്കുക, ജലവിതരണ സംവിധാനം പരിപാലിക്കുക, മീറ്ററിലെ രേഖപ്പെടുത്തിയ അളവ് എടുക്കുക, ജല ബില്ലുകള്‍ ശേഖരിക്കുക, പരാതികള്‍ പരിഹരിക്കുക എന്നിവയെല്ലാം അവരുടെ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു.
ആ സംഘത്തിന് 100 ശതമാനം ജല ബില്‍ ശേഖരണം നടത്താന്‍ സാധിക്കുകയും അതുവഴി പദ്ധതിയുടെ സാമ്പത്തികസ്ഥിരത ഉറപ്പാക്കി അതിനെ സ്വയംപര്യാപ്ത സംവിധാനമാക്കി മാറ്റാനാവുകയും ചെയ്തു. കാര്യക്ഷമമായ നടത്തിപ്പിലൂടെ ആ സ്വയംസഹായസംഘം 1,70,000 രൂപ സമ്പാദിക്കുകയും ഇതിലൂടെ സുസ്ഥിര വരുമാനമുണ്ടാക്കുന്ന ഘടകമായും സമൂഹനേതൃത്വത്തിലുള്ള സേവന നിര്‍വഹണ മാതൃകയായും സംഘം മാറി.
നാഗാലാന്‍ഡിലെ ഉറവിട സുസ്ഥിരതയും കാലാവസ്ഥാ പ്രതിരോധവും
നാഗാലാന്‍ഡിലെ വോഖയില്‍, ജല ജീവന്‍ ദൗത്യത്തിന് കീഴില്‍ ജനങ്ങള്‍ അവരുടെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നു. സമൂഹങ്ങള്‍ 'ജനം ആദ്യം, ഉറവിടം ആദ്യം' എന്ന സമീപനം പിന്തുടരുന്നു. വര്‍ഷങ്ങളായി അവരുടെ ടാപ്പുകള്‍ സംരക്ഷിക്കുന്നതിനും സ്വതന്ത്രമായ ജലപ്രവാഹം ലഭിക്കുന്നതിനും ജലാശയങ്ങള്‍ സംരക്ഷിക്കുന്നത് പ്രധാനമാണെന്ന് വോഖയിലെ സമൂഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ജെജെഎമ്മിന്റെ പിന്തുണയോടെയും വനം, മണ്ണ്, ജല സംരക്ഷണ വകുപ്പുകളുമായി സഹകരിച്ചും, നശിച്ചു പോയ മലഞ്ചരിവുകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഗ്രാമവാസികള്‍ കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. മണ്ണൊലിപ്പ് തടയുന്നതിനും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാന്‍ സഹായിക്കുന്നതിനുമായി അവര്‍ കിടങ്ങുകള്‍, റീ ചാര്‍ജ് കുഴികള്‍, മഴവെള്ള സംഭരണി ടാങ്കുകള്‍ എന്നിവ നിര്‍മ്മിച്ചിട്ടുണ്ട്. മണ്ണിനെ പിടിച്ചുനിര്‍ത്താന്‍ ആല്‍ഡര്‍, ഓക്ക്, മുള തുടങ്ങിയ പ്രാദേശിക മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. ഈ തോട്ടംകൃഷി പദ്ധതികള്‍ക്ക് വനിതാ സംഘങ്ങള്‍ നേതൃത്വം നല്‍കുമ്പോള്‍ യുവജന ക്ലബ്ബുകള്‍ റീചാര്‍ജ് ഘടനകള്‍ പരിപാലിക്കുന്നു.
ആസ്സാമിലെ ആരോഗ്യ, ശുചിത്വ പരിവര്‍ത്തനം
ആസ്സാമിലെ ബോര്‍ബോറി ഗ്രാമത്തില്‍, ജല ജീവന്‍ ദൗത്യത്തിന്റെ കീഴിലുള്ള സമൂഹ സംവേദനക്ഷമത ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ജലജന്യ രോഗങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിച്ചു. പൈപ്പ് വെള്ളവും ശുചിത്വ ബോധവത്കരണ പ്രചാരണ പരിപാടികളും ആരംഭിച്ചതിനുശേഷം, 2022-23 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 27 ല്‍ നിന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ പൂജ്യമായി കുറഞ്ഞെന്നു മാത്രമല്ല, മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തതുമില്ല.
പ്രാദേശിക നേതാവ് ബിന്ദു ദേവി ജലവിതരണ പദ്ധതിക്കായി തന്റെ ഭൂമി ദാനം ചെയ്യുക മാത്രമല്ല, ജലവിതരണ സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുന്നതിന് ഓരോ വീടും പ്രതിദിനം ഒരു രൂപ സംഭാവന ചെയ്യുന്ന ഒരു സുസ്ഥിര അറ്റകുറ്റപ്പണി മാതൃകയും പ്രോത്സാഹിപ്പിച്ചു. ഈ സമീപനം സമൂഹ ഉടമസ്ഥതയും ഉത്തരവാദിത്തവും വളര്‍ത്തിയെടുക്കുകയും സംവിധാനത്തിന്റെ സുഗമവും ദീര്‍ഘകാലവുമായ പ്രവര്‍ത്തനം ഉറപ്പാക്കുകയും ചെയ്തു.
രാജസ്ഥാനില്‍ ജലക്ഷാമം ജലസുരക്ഷയിലേക്ക് മാറുന്നു
രാജസ്ഥാനിലെ ബൊത്താര ഗ്രാമത്തില്‍, ഒരു സമൂഹയോഗത്തില്‍ കടുത്ത ജലക്ഷാമവും ഭൂഗര്‍ഭജല ചൂഷണവും 103 ശതമാനം കവിഞ്ഞതായി കണ്ടെത്തി. ഈ തിരിച്ചറിവ് ജല ജീവന്‍ ദൗത്യ പ്രകാരം എല്ലാ വീടുകള്‍ക്കും സുസ്ഥിരമായ കുടിവെള്ളം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു ജലസുരക്ഷാ പദ്ധതി തയ്യാറാക്കുന്നതിലേക്ക് നയിച്ചു. ജലസുരക്ഷാ സമിതിയുടെ യോഗത്തില്‍, ജെജെഎമ്മിന് കീഴില്‍ നിര്‍മ്മിച്ച പുതിയ തുറന്ന കിണറിന് ഫലപ്രദമായ റീചാര്‍ജ് നടപടികളുടെ പിന്തുണ ആവശ്യമാണെന്നും ഗ്രാമവാസികള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇവയില്ലാതെ, കിണര്‍ ഇപ്പോഴും വറ്റിപ്പോകുന്നുണ്ട്.
ജലസുരക്ഷാ സമിതി ഒരു ജലസുരക്ഷാ പദ്ധതി തയ്യാറാക്കുകയും വരമ്പുകള്‍ മുതല്‍ താഴ്‌വരകള്‍ വരെയുള്ള സമീപനം സ്വീകരിക്കുകയും ചെയ്തു. ചെക്ക് ഡാമുകളും കോണ്ടൂര്‍ ട്രെഞ്ചുകളും നിര്‍മ്മിക്കുകയും ചെക്ക് ഡാം പൂര്‍ത്തിയായി പത്ത് ദിവസത്തിനുള്ളില്‍ തുറന്ന കിണറിലെ ജലനിരപ്പ് 70 അടി ഉയരാന്‍ കാരണമാവുകയും ചെയ്തു. ഈ ശ്രമം ഗ്രാമത്തിന്റെ വാര്‍ഷിക ജലസംഭരണ ശേഷി 11.77 ശതമാനം വര്‍ദ്ധിപ്പിക്കുകയും, റീചാര്‍ജ് ഘടനകള്‍ക്കുള്ള മൊത്തം ചെലവിന്റെ അഞ്ച് ശതമാനം സമൂഹം സംഭാവന ചെയ്യുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ ഡിജിറ്റല്‍ ഗവേണന്‍സും സുതാര്യതയും
പശ്ചിമബംഗാളിന്റെ 'ജല്‍ മിത്ര' ആപ്ലിക്കേഷന്‍ സമൂഹജല ഭരണത്തിലുള്ള നിരീക്ഷണത്തിലും സുതാര്യതയിലും വിപ്ലവം സൃഷ്ടിച്ചു. ജല്‍ മിത്ര' മൊബൈല്‍ ആന്‍ഡ് വെബ് ആപ്ലിക്കേഷന്‍, ജല ജീവന്‍ ദൗത്യവുമായി (ജെ.ജെ.എം) സംയോജിപ്പിച്ച ഒരു നിര്‍വഹണ വിവര സംവിധാനം (എംഐഎസ്) ആണ്. ഡിജിറ്റല്‍ നൂതനാശയങ്ങളിലൂടെ സുസ്ഥിര സേവന വിതരണം, സമൂഹ ഉടമസ്ഥാവകാശം, പങ്കാളിത്ത നിരീക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട്, എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക ടാപ്പ് കണക്ഷനുകള്‍ (എഫ്.എച്ച്.ടി.സി) ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഡിജിറ്റല്‍ നിര്‍വഹണ വിവര സംവിധാന പ്ലാറ്റ്‌ഫോം 13.70 കോടി സമൂഹ പ്രവര്‍ത്തനങ്ങള്‍ (ഏപ്രില്‍ 2024 മുതല്‍ ആഗസ്റ്റ് 2025 വരെ) കണ്ടെത്തി വിലയിരുത്തുകയും 22,111 ഗ്രാമങ്ങളിലായി 80.39 ലക്ഷം കുടുംബങ്ങളുടെ പ്രവര്‍ത്തന വിലയിരുത്തലുകള്‍ സുഗമമാക്കുകയും 4,522 ജല്‍ ബച്ചാവോ സമിതികള്‍ രൂപീകരിക്കുന്നതിന് പിന്തുണ നല്‍കുകയും ചെയ്തു. തകര്‍ന്ന കരകൃത പ്രക്രിയയെ, ഉത്തരവാദിത്തവും സുസ്ഥിരമായ പ്രവര്‍ത്തനക്ഷമതയും ഉറപ്പാക്കുന്ന ഒരു തത്സമയ, ഡാറ്റാധിഷ്ഠിത സംവിധാനം ഉപയോഗിച്ച് ആപ്പ് പുനഃസ്ഥാപിച്ചു.
ഉപസംഹാരം
81 ശതമാനത്തിലധികം വീടുകളിലും സുരക്ഷിതമായ പൈപ്പ് വെള്ളം ലഭ്യമാക്കുന്നതിലൂടെ ജല ജീവന്‍ ദൗത്യം ഗ്രാമീണ ഇന്ത്യയെ പരിവര്‍ത്തനം ചെയ്യുകയാണ്. വെറും ആറ് വര്‍ഷത്തിനുള്ളില്‍, ദ്രുതഗതിയിലുള്ള വികാസം, ഡിജിറ്റല്‍ നൂതനാശയങ്ങള്‍, ശക്തമായ സാമൂഹിക പങ്കാളിത്തം എന്നിവയിലൂടെ എല്ലാ വീടുകളിലും വെള്ളം (ഹര്‍ ഘര്‍ ജല്‍) എന്ന ദര്‍ശനം യാഥാര്‍ത്ഥ്യമാക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കപ്പുറം, ഗ്രാമങ്ങളിലെ ആരോഗ്യം, ഉപജീവനമാര്‍ഗ്ഗം, അന്തസ്സ് എന്നിവ ജെജെഎം മെച്ചപ്പെടുത്തുന്നു. ഇത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സ്ത്രീകളുടെ സമയം ലാഭിക്കുകയും ജലജന്യ രോഗങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. സുസ്ഥിരതയും തുല്യതയും അതിന്റെ കാതലായി കരുതി, ഈ ദൗത്യം സദ്ഭരണത്തിന്റെയും ജനങ്ങള്‍ നയിക്കുന്ന വികസനത്തിന്റെയും ഒരു മാതൃകയായി നിലകൊള്ളുകയും ഇത് ഇന്ത്യയെ സാര്‍വത്രികവും വിശ്വസനീയവുമായ ജലസുരക്ഷയിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു.
അവലംബം:
Ministry of Jal Shakti
PIB backgrounders
See in PDF
****