Farmer's Welfare
ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ
ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനുള്ള ഒരു ബ്ലൂപ്രിന്റ്
Posted On:
23 OCT 2025 10:09AM
പ്രധാന നേട്ടങ്ങൾ
* ഇന്ത്യയിലുടനീളമുള്ള 10.05 കോടി ഗ്രാമീണ കുടുംബങ്ങളെ 90.9 ലക്ഷം സ്വയം സഹായ സംഘങ്ങളുമായി ഏകോപിപ്പിച്ചു.
* സംരംഭകത്വ പരിപാടികളിലൂടെ 4.6 കോടി മഹിളാ കിസാൻമാർക്കും 3.74 ലക്ഷം സംരംഭങ്ങൾക്കും പിന്തുണ നൽകി.
* DDU-GKY പദ്ധതിയുടെ കീഴിൽ 17.5 ലക്ഷം ഗ്രാമീണ യുവാക്കൾക്ക് പരിശീലനം നൽകി, അതിൽ 11.48 ലക്ഷം പേർക്ക് ഇതിനോടകം നിയമനം ലഭിച്ചു.
* ഗ്രാമീണ സാമ്പത്തിക ഉൾപ്പെടുത്തലും വായ്പാ ലഭ്യതയും ഉത്തേജിപ്പിക്കുന്നതിനായി 47,952 ബാങ്ക് സഖിമാരെ നിയമിച്ചു.
* കൃഷി, തടി ഇതര വനവിഭവങ്ങൾ, കന്നുകാലിവളർത്തൽ, കാർഷികേതര സംരംഭങ്ങൾ എന്നിവയിലൂടെ സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിച്ചു.
ഇന്ത്യാ ഗവൺമെന്റിന്റെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന ഒരു പ്രധാന ദാരിദ്ര്യ നിർമാർജന പദ്ധതിയാണ് ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAY-NRLM). ദരിദ്ര കുടുംബങ്ങൾക്ക് ലാഭകരമായ സ്വയം തൊഴിലും വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങളും ലഭ്യമാക്കുന്നതിലൂടെ ദാരിദ്ര്യം കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇത് ദരിദ്രർക്ക് സുസ്ഥിരവും വൈവിധ്യമാർന്നതുമായ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നു. ഗ്രാമീണ ദരിദ്ര കുടുംബങ്ങളെ സ്വയം സഹായ സംഘങ്ങളിലേക്ക് (SHG) ഏകോപിപ്പിക്കുക, കടുത്ത ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ കഴിയുന്നത്ര വരുമാന വർദ്ധനവ് നേടുന്നതുവരെ സാമ്പത്തിക പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ അവർക്ക് നിരന്തരമായ പിന്തുണയും പരിപോഷണവും നൽകുക എന്നിവയാണ് DAY-NRLM ലക്ഷ്യമിടുന്നത്.
DAY-NRLM ന്റെ വിജയം ഗ്രാമീണ ജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചു എന്നതിൽ നിന്ന് വ്യക്തമാണ്. മേഘാലയയിലെ ഹൈനിദാമങ്കി കനായിയുടെ കഥ അത്തരത്തിലുള്ള ഒന്നാണ്. 2020 ജനുവരിയിൽ കിർഷാൻലാങ് സ്വയം സഹായ സംഘത്തിൽ ചേർന്നതോടെയാണ് ഒരു വിജയകരമായ സംരംഭകയാകാനുള്ള അവരുടെ യാത്ര ആരംഭിച്ചത്. സ്വയം സഹായ സംഘത്തിന്റെ പിന്തുണയോടെയും ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ മാർഗ്ഗനിർദ്ദേശത്തോടെയും റോസ്, കറ്റാർ വാഴ, ഓറഞ്ച്, ലെമൺ ഗ്രാസ് എന്നിവയുടെ സോപ്പുകൾ ഹൈനിദമങ്കി കൈകൊണ്ട് നിർമ്മിക്കാൻ തുടങ്ങി. 2023 ഏപ്രിലിൽ ബിസിനസ്സ് തുടങ്ങി ഏതാനും മാസങ്ങൾക്കകം, 2023 ഓഗസ്റ്റിൽ അവരുടെ കഠിനാധ്വാനത്തിന് ഫലം കണ്ടുതുടങ്ങി. കഴിവ് തിരിച്ചറിഞ്ഞ്, സ്വയം സഹായ സംഘം വഴി അവർക്ക് 1.8 ലക്ഷം രൂപയുടെ ബാങ്ക് വായ്പ ലഭിച്ചു. ഇതുപയോഗിച്ച് അവർ പുതിയ യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവ വാങ്ങുകയും സോപ്പുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ലാബ് പരിശോധന നടത്തുകയും ചെയ്തു.

മെല്ലെ മെല്ലെ, എന്നാൽ സ്ഥിരതയോടെ, ഹൈനിദാമങ്കിയുടെ സംരംഭം ശോഭിച്ചു. അവരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിഞ്ഞു. ഇത് അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയും കൂടുതൽ വലിയ സ്വപ്നങ്ങൾ കാണാൻ അവർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്തു. സ്വന്തം വിജയത്തിൽ മാത്രം അവർ ഒതുങ്ങിനിന്നില്ല, തന്റെ ഗ്രാമത്തിലെ മറ്റ് സ്വയം സഹായ സംഘാംഗങ്ങളെ അവർ സോപ്പുണ്ടാക്കാൻ പരിശീലിപ്പിക്കാനും അറിവ് പങ്കുവെക്കാനും മറ്റുള്ളവരെ അവരുടെ സംരംഭക സ്വപ്നങ്ങൾ പിന്തുടരാൻ പ്രചോദിപ്പിക്കാനും തുടങ്ങി.
പഴയ സ്വർണ്ണജയന്തി ഗ്രാമീൺ സ്വരോസ്ഗർ യോജന (SGSY) പുനഃസംഘടിപ്പിച്ചുകൊണ്ട് 2010-ൽ ഒരു മിഷൻ-മോഡ് പദ്ധതിയായാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (NRLM) ആരംഭിച്ചത്. 2016-ൽ ഈ പദ്ധതിക്ക് ദീൻദയാൽ അന്ത്യോദയ യോജന – ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (DAYNRLM) എന്ന് പുനർനാമകരണം ചെയ്തു. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ സംയുക്തമായി ഈ കേന്ദ്രാവിഷ്കൃത പദ്ധതിക്ക് ധനസഹായം നൽകുന്നു. ദരിദ്രരുടെ ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംരംഭങ്ങളിൽ ഒന്നാണിത്.
ഈ മിഷൻ അതിന്റെ ലക്ഷ്യങ്ങൾ നേടാനായി നാല് പ്രധാന ഘടകങ്ങളിൽ നിക്ഷേപം നടത്തുന്നു:
* ഗ്രാമീണ ദരിദ്ര സ്ത്രീകളുടെ സ്വയം നിയന്ത്രിതവും സാമ്പത്തികമായി നിലനിൽക്കുന്നതുമായ കൂട്ടായ്മകളെ സാമൂഹികമായി ഏകോപിപ്പിക്കലും പ്രോത്സാഹിപ്പിക്കലും ശക്തിപ്പെടുത്തലും.
* സാമ്പത്തിക ഉൾപ്പെടുത്തൽ
* സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ
* സാമൂഹിക ഉൾപ്പെടുത്തൽ, സാമൂഹിക വികസനം, സംയോജനത്തിലൂടെ അവകാശങ്ങൾ ലഭ്യമാക്കൽ.

DAY-NRLM ന്റെ ലക്ഷ്യങ്ങൾ
DAY-NRLM, ദരിദ്രർക്കായി, പ്രത്യേകിച്ച് സ്ത്രീകൾക്കായി, സ്വയം സഹായ സംഘങ്ങൾ പോലുള്ള ശക്തമായ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ഈ സ്ഥാപനങ്ങളെ വിവിധതരം സാമ്പത്തിക സേവനങ്ങളും ഉപജീവനമാർഗ്ഗങ്ങളും ലഭ്യമാക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. ഇവ അവർക്ക് ഉപജീവനമാർഗ്ഗങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും ദീർഘകാല പിന്തുണ നൽകുന്നു.
മിഷന്റെ മിക്ക ഇടപെടലുകളും നടപ്പിലാക്കുന്നതും വികസിപ്പിക്കുന്നതും സ്വയം സഹായ സംഘത്തിലെ സ്ത്രീകൾ തന്നെയാണ്. ഇവർ കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരായി (CRP) പരിശീലനം നേടിയവരാണ് – കൃഷി സഖികൾ, പശു സഖികൾ, ബാങ്ക് സഖികൾ, ബീമാ സഖികൾ, ബാങ്കിംഗ് കറസ്പോണ്ടന്റ് സഖികൾ തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു.
ഗാർഹിക പീഡനം, സ്ത്രീകളുടെ വിദ്യാഭ്യാസം, ലിംഗഭേദവുമായി ബന്ധപ്പെട്ട മറ്റ് ആശങ്കകൾ, പോഷകാഹാരം, ശുചിത്വം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെയും പെരുമാറ്റ വ്യതിയാന ആശയവിനിമയത്തിലൂടെയും സ്വയം സഹായ സംഘത്തിലെ സ്ത്രീകളെ ശാക്തീകരിക്കാനും മിഷൻ പ്രവർത്തിക്കുന്നു.
ഈ പദ്ധതിക്ക് കീഴിൽ രൂപീകരിക്കുന്ന സ്വയം സഹായ സംഘങ്ങളുടെ ലക്ഷ്യങ്ങൾ ഇവയാണ്:
* ഔപചാരിക വായ്പകൾ ലഭ്യമാക്കുക
* ഉപജീവനമാർഗ്ഗങ്ങൾ വൈവിധ്യവത്കരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള പിന്തുണ നൽകുക.
* സംയോജനത്തിലൂടെ അവകാശങ്ങളും പൊതു സേവനങ്ങളും ലഭ്യമാക്കുക.

DAY-NRLM വഴിയുള്ള സ്ത്രീ ശാക്തീകരണം
ദരിദ്ര കുടുംബങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെ, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാനും ഉപജീവനമാർഗ്ഗങ്ങൾ വൈവിധ്യവത്കരിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും പ്രാപ്തരാക്കുക എന്നതാണു മിഷന്റെ പ്രധാന ലക്ഷ്യം. സാമ്പത്തികമായി, നിർണ്ണായകമായ സാമ്പത്തിക, സാങ്കേതിക, വിപണന വിഭവങ്ങൾ നൽകുന്ന കമ്മ്യൂണിറ്റി സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മിഷൻ സ്ത്രീകളെ ശാക്തീകരിക്കുന്നു.
ദീൻദയാൽ അന്ത്യോദയ യോജന – ദേശീയ ഗ്രാമീണ ഉപജീവന മിഷൻറെ കീഴിൽ ഔപചാരിക ധനകാര്യ സ്ഥാപനങ്ങളിലൂടെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 11 ലക്ഷം കോടി രൂപയുടെ വായ്പ വിതരണം ചെയ്തുകൊണ്ട് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നു. സ്വയം സഹായ സംഘങ്ങളും ഔപചാരിക ബാങ്കിംഗ് സ്ഥാപനങ്ങളും തമ്മിലുള്ള കണ്ണിയായി പ്രവർത്തിക്കുന്ന, പരിശീലനം ലഭിച്ച ബാങ്ക് സഖികളും ബാങ്കിംഗ് കറസ്‌പോണ്ടന്റ് സഖികളുമാണ് ഇത് സാധ്യമാക്കുന്നത്. ഈ 11 ലക്ഷം കോടി രൂപയുടെ വിതരണം, ജാമ്യമില്ലാത്ത വായ്പകൾ, പലിശ ഇളവുകൾ, മറ്റ് സാമ്പത്തിക സഹായങ്ങൾ എന്നിവയാൽ പിന്തുണയ്ക്കപ്പെടുന്നു. 98 ശതമാനത്തിലധികം വരുന്ന അസാധാരണമായ തിരിച്ചടവ് നിരക്ക് ഈ പദ്ധതികളുടെ കാര്യക്ഷമതയും സുസ്ഥിരതയും അടിവരയിടുന്നു.
ഉപജീവനമാർഗ്ഗങ്ങളുടെ കാര്യത്തിൽ, DAY-NRLM കാർഷിക, കാർഷികേതര പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. കാർഷിക-പാരിസ്ഥിതിക സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ 'മഹിളാ കിസാൻ' എന്നറിയപ്പെടുന്ന വനിതാ കർഷകരെ മിഷൻ ശാക്തീകരിക്കുന്നു. ഈ ഇടപെടലുകൾക്ക് കീഴിൽ 4.62 കോടി വനിതകൾ ഉൾപ്പെട്ടിട്ടുണ്ട്. പരിശീലനം ലഭിച്ച കൃഷി സഖി, പശു സഖി എന്നീ ഉപജീവന കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരുടെ ശക്തമായ ഒരു ശൃംഖല, മഹിളാ കിസാൻമാർക്ക് കൈത്താങ്ങ് നൽകാനും വർഷം മുഴുവനും വിപുലീകരണ സേവനങ്ങൾ നൽകാനും വിന്യസിക്കപ്പെട്ടിരിക്കുന്നു.
സ്റ്റാർട്ട്-അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം (SVEP) പോലുള്ള ഉപ പദ്ധതികളിലൂടെ കരകൗശല വസ്തുക്കൾ, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലെ ചെറുകിട സംരംഭങ്ങളെയും മിഷൻ പ്രോത്സാഹിപ്പിക്കുന്നു. 3.74 ലക്ഷത്തിലധികം സംരംഭങ്ങൾക്ക് ഇത് പിന്തുണ നൽകിയിട്ടുണ്ട്. ഗാർഹിക പീഡനം, സ്ത്രീ വിദ്യാഭ്യാസം, ലിംഗഭേദവുമായി ബന്ധപ്പെട്ട മറ്റ് ആശങ്കകൾ, പോഷകാഹാരം, ശുചിത്വം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെയും പെരുമാറ്റ വ്യതിയാന ആശയവിനിമയത്തിലൂടെയും എസ്എച്ച്ജി സ്ത്രീകളെ ശാക്തീകരിക്കുന്നതിനും മിഷൻ പ്രവർത്തിക്കുന്നു.
കൃഷി സഖി: കൃഷി അധിഷ്ഠിത സേവനങ്ങൾ കുറവോ ചെലവേറിയതോ ആയ ഗ്രാമപ്രദേശങ്ങളിൽ അവസാന ഘട്ട പിന്തുണ ഉറപ്പാക്കുന്ന ഒരു കമ്മ്യൂണിറ്റി അഗ്രികൾച്ചർ സർവീസ് പ്രൊവൈഡറാണ് (CASP) കൃഷി സഖി. സുസ്ഥിര കൃഷിയിൽ അവബോധം വളർത്തുകയും കമ്മ്യൂണിറ്റി ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനായി കാർഷികോൽപ്പന്നങ്ങളുടെ ശേഖരണവും വിപണനവും സുഗമമാക്കുന്നു.
ബാങ്ക് സഖി: ബാങ്കിംഗ് സേവനങ്ങളിൽ സ്വയം സഹായ സംഘങ്ങളെ സഹായിക്കുന്നതിനായി ബാങ്ക് ശാഖയിൽ പ്രവർത്തിക്കുന്ന, പരിശീലനം ലഭിച്ച ഒരു എസ്.എച്ച്.ജി. അംഗമാണ് ബാങ്ക് സഖി. എസ്.എച്ച്.ജി. സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കാൻ അവർ സഹായിക്കുന്നു, ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകൾക്ക് സൗകര്യമൊരുക്കുന്നു, കൂടാതെ എസ്.എച്ച്.ജി.കൾക്ക് വായ്പകളും മറ്റ് ബാങ്കിംഗ് സൗകര്യങ്ങളും ലഭിക്കുന്നതിന് ക്രെഡിറ്റ് ലിങ്കേജ് പ്രാപ്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.
പശു സഖി: വെറ്ററിനറി പരിചരണം കുറവോ ചെലവേറിയതോ ആയ ഗ്രാമപ്രദേശങ്ങളിൽ കന്നുകാലി പരിപാലന സേവനങ്ങൾ ഉറപ്പാക്കുന്ന ഒരു കമ്മ്യൂണിറ്റി ആനിമൽ-കെയർ സർവീസ് പ്രൊവൈഡറാണ് (CASP) പശു സഖി. കന്നുകാലികളെ അടിസ്ഥാനമാക്കിയുള്ള ഉപജീവനമാർഗ്ഗങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും കമ്മ്യൂണിറ്റി ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം ഗ്രാമീണ വരുമാനം മെച്ചപ്പെടുത്തുന്നതിനായി കന്നുകാലികളുടെ ഉൽപ്പന്നങ്ങൾ സംയോജിപ്പിച്ച് വിപണനം ചെയ്യാനും അവർ സഹായിക്കുന്നു.

DAY-NRLM 28 സംസ്ഥാനങ്ങളിലായി 6 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 10.05 കോടി ഗ്രാമീണ സ്ത്രീ കുടുംബങ്ങളെ 90.90 ലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങളിലേക്ക് ഏകോപിപ്പിച്ചു. മറ്റ് ശ്രദ്ധേയമായ നേട്ടങ്ങളിൽ ഇവ ഉൾപ്പെടുന്നു:
* 4.62 കോടി എസ്.എച്ച്.ജി. അംഗങ്ങൾ മഹിളാ കിസാൻമാരായി പ്രവർത്തിക്കുന്നു.
* 3.5 ലക്ഷം കൃഷി സഖികളെയും പശു സഖികളെയും വിന്യസിച്ചു.
* 6,000 സംയോജിത കൃഷി ക്ലസ്റ്ററുകൾ രൂപീകരിച്ചു.
* 1.95 ലക്ഷം ഉൽപ്പാദക ഗ്രൂപ്പുകൾ രൂപീകരിച്ചു, ഇത് 50 ലക്ഷത്തിലധികം ഗ്രാമീണ സ്ത്രീകൾക്ക് പ്രയോജനം ചെയ്തു.
* 282 ബ്ലോക്കുകളിലായി 3.74 ലക്ഷം സംരംഭങ്ങൾക്ക് പിന്തുണ ലഭിച്ചു.
* 2013-14 മുതൽ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ₹11 ലക്ഷം കോടിയുടെ വായ്പ ലഭിച്ചു
* സ്വയം സഹായ സംഘങ്ങളുടെ ക്രെഡിറ്റ് ലിങ്കേജ് സുഗമമാക്കുന്നതിനായി ബാങ്ക് ശാഖകളിൽ 47,952 ബാങ്ക് സഖികളെ വിന്യസിച്ചു.
DAY-NRLM-ന് കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങൾ
2025 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ സ്വയം സഹായ സംഘങ്ങളുള്ളതും പദ്ധതിയുടെ ആരംഭം മുതൽ ഏറ്റവും കൂടുതൽ വനിതാ കുടുംബങ്ങളെ സ്വയം സഹായ സംഘങ്ങളിൽ അണിനിരത്തിയതുമായ സംസ്ഥാനങ്ങളിൽ ബിഹാർ, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവ ഉൾപ്പെടുന്നു.
2025 ഫെബ്രുവരി 28 വരെയുള്ള കണക്കനുസരിച്ച് സാമ്പത്തിക സഹായത്തിന്റെയും ഉൾപ്പെടുത്തലിന്റെയും കാര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ 2024-25 സാമ്പത്തിക വർഷത്തിൽ മാതൃകാപരമായ പ്രകടനം കാഴ്ചവെച്ചു.
സ്വയം സഹായ സംഘങ്ങൾക്ക് നൽകുന്ന മൂലധന പിന്തുണയ്ക്കായി, ഉത്തർപ്രദേശും ബിഹാറും യഥാക്രമം ₹1,23,326 ലക്ഷവും ₹1,05,132 ലക്ഷവും വിതരണം ചെയ്തു, രണ്ടും അവരുടെ ലക്ഷ്യങ്ങളെ മറികടന്നു. സ്വയം സഹായ സംഘങ്ങൾക്കുള്ള ബാങ്ക് വായ്പകൾ ലഭ്യമാക്കുന്ന കാര്യത്തിൽ, ₹34,83,725 ലക്ഷം വിതരണവുമായി ആന്ധ്രാപ്രദേശ് രാജ്യത്ത് മുന്നിൽ നിൽക്കുന്നു.
സുസ്ഥിര ഉപജീവനമാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങൾ കാർഷിക- കാർഷികേതര മേഖലകളിൽ മികവ് പുലർത്തിയിട്ടുണ്ട്. കാർഷിക-പാരിസ്ഥിതിക രീതികൾക്ക് കീഴിൽ ഏറ്റവും കൂടുതൽ 'മഹിളാ കിസാൻമാരെ' (വനിതാ കർഷകർ) ഉൾപ്പെടുത്തിയതിൽ മഹാരാഷ്ട്ര (12,97,051 വനിതകൾ) ഒന്നാമതാണ്. ഉത്തർപ്രദേശ് (11,37,950), ആന്ധ്രാപ്രദേശ് (10,43,085) എന്നിവ തൊട്ടുപിന്നിലുണ്ട്.
സ്റ്റാർട്ട്-അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന് (SVEP) കീഴിൽ കാർഷികേതര ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ അസം (9,557 സംരംഭങ്ങൾക്ക് പിന്തുണ നൽകി) മുന്നിലാണ്. കേരളവും (5,802) പശ്ചിമ ബംഗാളും (4,933) ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
DAY-NRLM-ന്റെ കീഴിലുള്ള നൈപുണ്യ വികസന, തൊഴിൽ പരിപാടികൾ
DAY-NRLM-ന് കീഴിൽ കേന്ദ്ര മന്ത്രാലയം രണ്ട് കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നു. ഗ്രാമീണ മേഖലയിലെ ദരിദ്രരായ യുവാക്കളെ തൊഴിൽ വൈദഗ്ധ്യം നൽകി സജ്ജരാക്കുകയും താഴെപ്പറയുന്ന പരിപാടികളിലൂടെ ദാരിദ്ര്യ നിർമാർജനത്തിന് സംഭാവന നൽകുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
1. ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (DDU-GKY):
15 മുതൽ 35 വയസ്സുവരെയുള്ള ഗ്രാമീണ യുവാക്കൾക്ക് പ്ലേസ്‌മെൻ്റോട് കൂടിയ നൈപുണ്യ പരിശീലനം നൽകുന്നു. ഔപചാരിക തൊഴിൽ വിപണിയിൽ മിനിമം വേതനമോ അതിൽ കൂടുതലോ നേടാൻ പങ്കാളികളെ പ്രാപ്തരാക്കുന്ന, തൊഴിൽ പ്ലേസ്‌മെൻ്റുകളുമായി ബന്ധിപ്പിച്ച പ്രായോഗിക നൈപുണ്യ വികസനം ഈ പരിപാടി ഉറപ്പാക്കുന്നു. 2025 ജൂൺ വരെ, 17.50 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുകയും 11.48 ലക്ഷം പേർക്ക് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
2. ഗ്രാമീണ സ്വയം തൊഴിൽ പരിശീലന സ്ഥാപനങ്ങൾ (RSETI):
18 മുതൽ 50 വയസ്സുവരെയുള്ള യുവാക്കൾക്കായുള്ള, ബാങ്കുകളുടെ സ്പോൺസർഷിപ്പിലുള്ള കേന്ദ്രങ്ങളാണിവ. സംരംഭകത്വ പരിശീലനം നൽകുകയും അടിസ്ഥാന സൗകര്യങ്ങൾക്കും പരിശീലന ചെലവുകൾക്കും സാമ്പത്തിക സഹായം നൽകിക്കൊണ്ട് സ്വയംതൊഴിലും വേതനാധിഷ്ഠിത തൊഴിലും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പദ്ധതിയുടെ തുടക്കം മുതൽ 2025 ജൂൺ വരെ, ആകെ 56.69 ലക്ഷം ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുകയും 40.99 ലക്ഷം പേരെ നിയമിക്കുകയും ചെയ്തു.

DDU-GKY-യിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ (2014-15 മുതൽ 2025 ജൂൺ വരെ)
ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന പ്രകാരം, ഉത്തർപ്രദേശ് (2,44,528 പേർ) ആണ് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകിയത്. ഒഡിഷ (2,15,409), ആന്ധ്രാപ്രദേശ് (1,33,842) എന്നിവ തൊട്ടുപിന്നിലുണ്ട്.
തൊഴിൽ നിയമനങ്ങളുടെ കാര്യത്തിൽ, ഒഡിഷ (1,77,165 പേർക്ക് ജോലി ലഭിച്ചു) ആണ് മുന്നിൽ. ആന്ധ്രാപ്രദേശും (1,17,881 പ്ലേസ്‌മെൻ്റുകൾ) മികച്ച പ്രകടനം കാഴ്ചവെക്കുന്നു.
RSETI-യിൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ (2014-15 മുതൽ 2025 ജൂൺ വരെ)
ഗ്രാമീണ സ്വയം തൊഴിൽ പരിശീലന സ്ഥാപനങ്ങളുടെ പദ്ധതിക്ക് കീഴിൽ, ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുകയും (7,55,966) കൂടുതൽ സംരംഭകരെ വിജയകരമായി സ്ഥിരപ്പെടുത്തുകയും (5,54,877) ചെയ്തുകൊണ്ട് ഉത്തർപ്രദേശ് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനമായി നിലകൊള്ളുന്നു. പരിശീലനത്തിലും സ്ഥിരപ്പെടുത്തുന്നതിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച മറ്റ് സംസ്ഥാനങ്ങളിൽ രാജസ്ഥാൻ (4,34,478 പേർക്ക് പരിശീലനം; 3,19,948 പേരെ സ്ഥിരപ്പെടുത്തി), മധ്യപ്രദേശ് (4,36,835 പേർക്ക് പരിശീലനം; 3,08,280 പേരെ സ്ഥിരപ്പെടുത്തി), കർണാടക (4,19,299 പേർക്ക് പരിശീലനം; 3,05,397 പേരെ സ്ഥിരപ്പെടുത്തി) എന്നിവ ഉൾപ്പെടുന്നു.
DAY-NRLM-ൻ്റെ കീഴിലുള്ള അഡ്വാൻസ്ഡ് ആൻഡ് മാർക്കറ്റിംഗ് പരിശീലനം
സ്വയം സഹായ സംഘത്തിലെ അംഗങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്, നൂതന പരിശീലനവും വിപണന വൈദഗ്ധ്യവും നൽകുന്നതിനായി കേന്ദ്ര ഗവൺമെന്റ് സ്വീകരിച്ച നടപടികൾ ഇവയാണ്:
* ദേശീയ, സംസ്ഥാന തലങ്ങളിൽ SARAS ആജീവിക മേളകൾ വർഷം തോറും സംഘടിപ്പിക്കുന്നു. ഇത് വിപണനത്തിനും അനുബന്ധ കാര്യക്ഷമതകൾക്കും പ്രത്യേക പരിശീലനം നൽകുന്നു. ഏറ്റവും ഒടുവിൽ മേള നടന്നത് 2025 സെപ്റ്റംബർ 5 മുതൽ 22 വരെ ന്യൂഡൽഹിയിൽ വെച്ചായിരുന്നു.
(SARAS ആജീവക മേള 2025 നെക്കുറിച്ച് കൂടുതലറിയാൻ @ https://www.pib.gov.in/FeaturesDeatils.aspx?NoteId=155247&ModuleId=2 എന്നതിൽ ക്ലിക്ക് ചെയ്യുക)
* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആൻഡ് പഞ്ചായത്തിരാജ് (NIRD&PR), DAY-NRLM-ൻ്റെ പിന്തുണയോടെ എസ്.എച്ച്.ജി. അംഗങ്ങളുടെയും ഗ്രാമീണ സംരംഭകരുടെയും ശേഷി വർദ്ധിപ്പിക്കുന്നതിനായി വിപണന വൈദഗ്ധ്യത്തിൽ പരിശീലകർക്ക് പരിശീലനം നൽകുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ NIRD&PR 44 പരിശീലന, ശേഷി വർദ്ധിപ്പിക്കൽ പരിപാടികൾ നടത്തി.
ഉപസംഹാരം
ഇന്ത്യയിലെ ഗ്രാമീണ ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെയും സ്ത്രീ ശാക്തീകരണത്തിൻ്റെയും അടിസ്ഥാന ശിലയായി DAY-NRLM മാറിയിരിക്കുന്നു. ഇത് ഔപചാരിക വായ്പ, നൈപുണ്യം, വിപണന അവസരങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുകയും സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾക്കും സാമ്പത്തിക പ്രതിരോധശേഷിക്കും വഴിയൊരുക്കുകയും ചെയ്തു. നൈപുണ്യ വികസനം, സംരംഭകത്വം, പ്രധാന ഗവൺമെന്റ് പദ്ധതികളുമായുള്ള സംയോജനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങളിലൂടെ NRLM വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിൻ്റെ ശക്തമായ നിരീക്ഷണ സംവിധാനങ്ങൾ, എസ്.എച്ച്.ജി.കളും ബാങ്കുകളുമായുള്ള ദൃഢമായ ബന്ധം, ശേഷി വർദ്ധിപ്പിക്കൽ നടപടികൾ എന്നിവ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു. ഇത് സമഗ്ര വളർച്ചയുടെയും ഗ്രാമീണ സമൂഹങ്ങളിലെ മെച്ചപ്പെട്ട ജീവിത നിലവാരത്തിന്റെയും ശക്തമായ പ്രേരകശക്തിയായി മാറുന്നു.
അവലംബം
Ministry of Rural Development
https://static.pib.gov.in/WriteReadData/specificdocs/documents/2023/dec/doc2023126279701.pdf https://aajeevika.gov.in/home https://aajeevika.gov.in/what-we-do/institutional-capacity-building https://darpg.gov.in/sites/default/files/National%20Rural%20Livilihood%20Mission.pdf https://aajeevika.gov.in/about/goal https://nrlm.gov.in/dashboardForOuter.do?methodName=dashboard https://sansad.in/getFile/loksabhaquestions/annex/185/AU380_bavCuN.pdf?source=pqals https://sansad.in/getFile/loksabhaquestions/annex/185/AU2551_O3P2KL.pdf?source=pqals https://sansad.in/getFile/loksabhaquestions/annex/185/AS138_slGOkB.pdf?source=pqals https://sansad.in/getFiles/loksabhaquestions/annex/185/AU3714_fGFnWZ.pdf?source=pqals https://sansad.in/getFile/loksabhaquestions/annex/185/AU380_bavCuN.pdf?source=pqals https://sansad.in/getFile/loksabhaquestions/annex/185/AU4171_T2uTD0.pdf?source=pqals https://sansad.in/getFile/loksabhaquestions/annex/185/AU2591_TWzqam.pdf?source=pqals https://www.pib.gov.in/FactsheetDetails.aspx?Id=149112 https://www.pib.gov.in/PressReleasePage.aspx?PRID=2043778 https://www.pib.gov.in/PressReleasePage.aspx?PRID=2112203 https://msrls.nic.in/sites/default/files/pldsuccess-storiesmeghalaya.pdf
https://asrlms.assam.gov.in/sites/default/files/swf_utility_folder/departments/asrlm_pnrd_uneecopscloud_com_oid_66/portlet
/level_2/Guidance%20Note_Krishi%20Sakhi.pdf
https://asrlms.assam.gov.in/sites/default/files/Hand%20Book%20for%20Bank%20Sakhi.pdf https://asrlms.assam.gov.in/sites/default/files/swf_utility_folder/departments/asrlm_pnrd_uneecopscloud_com_oid
_66/portlet/level_2/Guidance%20Note_Pashu%20Sakhi.pdf https://lakhpatididi.gov.in/about-lakhpati-didi/
https://www.pib.gov.in/PressReleasePage.aspx?PRID=2149656
Click here for pdf file.
***
SK
(Explainer ID: 155678)
आगंतुक पटल : 59
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Hindi_Ddn
,
Nepali
,
Marathi
,
Bengali
,
Assamese
,
Manipuri
,
Gujarati
,
Odia
,
Kannada