• Skip to Content
  • Sitemap
  • Advance Search
Social Welfare

AI-അധിഷ്ഠിത വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പ്രോത്സാഹനമേകാൻ SOAR

Posted On: 22 OCT 2025 10:07AM

പ്രധാന വസ്തുതകൾ

വികസ്വരമായ ഡിജിറ്റൽ ലോകത്ത് ഭാവി സജ്ജമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി 6 മുതൽ 12 വരെ ക്ലാസുകളിലെ സ്ക്കൂൾ വിദ്യാർത്ഥികളെയും അധ്യാപകരെയും ലക്ഷ്യമിട്ടാണ് സ്കില്ലിംഗ് ഫോർ എഐ റെഡിനെസ് (SOAR) നടപ്പാക്കുന്നത്.

വിദ്യാർത്ഥികൾക്കായി 15 മണിക്കൂർ ദൈർഘ്യമുള്ള 3 മൊഡ്യൂളുകളും അധ്യാപകർക്കായി 45 മണിക്കൂർ ദൈർഘ്യമുള്ള ഒരു സ്വതന്ത്ര മൊഡ്യൂളും SOAR-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  AI യുടെ ധാർമ്മിക ഉപയോഗം, മെഷീൻ ലേണിംഗിന്റെ അടിസ്ഥാന ആശയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഈ മൊഡ്യൂളുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

AI-അധിഷ്ഠിത പഠനവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഒരു സെന്റർ ഓഫ് എക്‌സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോർ എജ്യൂക്കേഷൻ സ്ഥാപിക്കുന്നതിനായി 2025-26 ലെ കേന്ദ്ര ബജറ്റിൽ ₹500 കോടി വകയിരുത്തിയിട്ടുണ്ട്.

2022-23 സാമ്പത്തിക വർഷം മുതൽ 2025-2026 സാമ്പത്തിക വർഷം വരെ നടപ്പാക്കുന്ന NAPS-2 ന് കീഴിൽ 2025 ജൂൺ വരെ, AI ഡാറ്റ എഞ്ചിനീയർ, മെഷീൻ ലേണിംഗ് എഞ്ചിനീയർ തുടങ്ങി AI-യുമായി ബന്ധപ്പെട്ട ജോലികളിൽ 1,480 അപ്രന്റീസുകൾക്ക് പരിശീലനം നൽകി.

ആമുഖം

AI, മെഷീൻ ലേണിംഗ്, ഡാറ്റ സയൻസ്, ഓട്ടോമേഷൻ മേഖലകളിലെ പുരോഗതിയിലൂടെ ആഗോള തൊഴിൽ ശക്തി സമൂല പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, ധനകാര്യം, വിദ്യാഭ്യാസം, ഉത്പാദനം, പൊതു സേവനങ്ങൾ തുടങ്ങിയ വ്യവസായ മേഖലകളിൽ AI സ്വാധീനം ചെലുത്താൻ ആരംഭിച്ചതോടെ, വിപുലമായ AI സാക്ഷരതയും നൈപുണ്യവും അടിയന്തിര ആവശ്യകതയായി മാറിയിട്ടുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസ ചട്ടക്കൂടിലേക്ക് നിർമ്മിത ബുദ്ധി വൈദഗ്ദ്ധ്യം സമന്വയിപ്പിക്കുന്നതിനായി നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (MSDE) നടത്തി വരുന്ന തന്ത്രപരമായ ഉദ്യമങ്ങളെയാണ് സ്കില്ലിംഗ് ഫോർ AI റെഡിനെസ് (SOAR) പ്രോഗ്രാം പ്രതിനിധീകരിക്കുന്നത്. ആഗോള സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുക എന്ന സർക്കാർ ലക്ഷ്യത്തിന് അനുപൂരകമാണിത്. 2025 ജൂലൈയിൽ ആരംഭിച്ച ഈ പരിപാടി, 2015 മുതൽ വിവിധ നൈപുണ്യ പദ്ധതികളിലൂടെ ജനങ്ങളെ ശാക്തീകരിക്കുകയും 10 വർഷമെന്ന നാഴികക്കല്ല് പിന്നിടുകയും ചെയ്ത സ്കിൽ ഇന്ത്യ മിഷൻ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾക്കും അനുപൂരകമാണ്. പ്രധാൻമന്ത്രി കൗശൽ വികാസ് യോജന (PMKVY) 4.0 പ്രകാരം AI പോലെ ഉയർന്നുവരുന്ന മേഖലകളിലേക്കുള്ള വിപുലീകരണവും ഇതിൽ ഉൾപ്പെടുന്നു.

SOAR-ന്റെ ദൗത്യം: ഭാവിയുടെ ശാക്തീകരണം


 

AI അവബോധം വളർത്തുക:

സ്ക്കൂൾ വിദ്യാർത്ഥികളിലും അധ്യാപകരിലും AI സാക്ഷരത വളർത്തുന്നതിനാണ് SOAR സംരംഭം മുൻഗണന നൽകുന്നത്. മെഷീൻ ലേണിംഗുമായി ബന്ധപ്പെട്ട (ML) അടിസ്ഥാന പാഠങ്ങൾ, നൈതിക AI ഉപയോഗം തുടങ്ങിയ മൗലികമായ AI ആശയങ്ങൾ അവതരിപ്പിക്കുന്നതിലൂടെ, യുവ പഠിതാക്കളിൽ ജിജ്ഞാസയും അഭിലാഷവും ഉണർത്താനും സാങ്കേതികവിദ്യാധിഷ്ഠിത ഭാവിയിലേക്ക് അവരെ സജ്ജരാക്കാനും ഈ പരിപാടി ലക്ഷ്യമിടുന്നു.  നിലവിലുള്ള പാഠ്യപദ്ധതികളിൽ AI മൊഡ്യൂളുകൾ ഉൾപ്പെടുത്തുന്നതിന് അധ്യാപകർക്ക് SOAR പ്രത്യേക പരിശീലനം നൽകുന്നു. ഇത് വ്യാവസായിക ആവശ്യങ്ങൾക്കനുസൃതമായ ഫലപ്രദമായ നിയോഗവും സമന്വയവും ഉറപ്പാക്കുന്നു.

സാമ്പത്തിക സ്വാശ്രയത്വത്തെ പിന്തുണയ്ക്കുന്നു:

വിവരസാങ്കേതിക വിദ്യ, ഡിജിറ്റൽ നൂതനാശയങ്ങൾ, AI (നിർമ്മിത ബുദ്ധി) അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങി ഉയർന്ന ആവശ്യകതയുള്ള മേഖലകൾക്കായി യുവാക്കളെ നൈപുണ്യ സജ്ജരാക്കുന്നതിലൂടെ സാമ്പത്തിക സ്വാശ്രയത്വമെന്ന  (ആത്മനിർഭർ ഭാരത്) ഇന്ത്യയുടെ ദർശനത്തെ SOAR തന്ത്രപരമായി പിന്തുണയ്ക്കുന്നു. തൊഴിൽ സാധ്യതയും സംരംഭകത്വവും വർദ്ധിപ്പിക്കുന്നതിനായി നൂതന  സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട വൈദഗ്ധ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന PMKVY 4.0 പോലുള്ള അഭിമാന പദ്ധതികൾക്ക് കീഴിലുള്ള ദേശീയ മുൻഗണനകൾക്ക് അനുപൂരകവുമാണ് ഈ സംരംഭം.

സാങ്കേതികവിദ്യാധിഷ്ഠിത ഇന്ത്യ കെട്ടിപ്പടുക്കുക:

AI-അധിഷ്ഠിത തൊഴിൽ മേഖലകൾക്കും സംരംഭങ്ങൾക്കും അനുയോജ്യമാം വിധം യുവാക്കളെ സജ്ജരാക്കുന്നതിലൂടെ, AI-യിൽ ആഗോള നേതൃത്വത്തിലേക്ക് ഇന്ത്യയെ ഉയർത്തുക എന്നതാണ് SOAR-ന്റെ ദീർഘകാല ദർശനം. AI-സാക്ഷരരായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശക്തമായ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിലൂടെ, AI വികസനം, ഡാറ്റാ അനലിറ്റിക്സ്, സാങ്കേതിക നവീകരണം എന്നീ മേഖലകളിലെ ജോലികൾക്കായി വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ഒരു വലിയ നിരയെ സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

  
 

നിർമ്മിതബുദ്ധി: ഇന്ത്യയുടെ വിദ്യാഭ്യാസ ഭൂമികയെ പരിവർത്തനം ചെയ്യുന്നു

നൂതനാശയങ്ങളെ പരിപോഷിപ്പിച്ചും, ഡിജിറ്റൽ സാക്ഷരത മെച്ചപ്പെടുത്തിയും, സാങ്കേതികവിദ്യാധിഷ്ഠിത ഭാവിയ്ക്കായി വിദ്യാർത്ഥികളെ സജ്ജമാക്കിയും നിർമ്മിതബുദ്ധി ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവം സൃഷ്ടിക്കുന്നു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശുപാർശകൾക്ക് അനുസൃതമായി, ക്ലാസ് മുറികളിലും നൈപുണ്യ വികസന ചട്ടക്കൂടുകളിലും AI യെ തടസ്സരഹിതമായി സംയോജിപ്പിക്കുന്നു. ഈ പരിവർത്തനത്തിന് കാരണമാകുന്ന ചില പ്രധാന സംഭവവികാസങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:


 

സ്ക്കൂൾ പാഠ്യപദ്ധതിയിൽ AI:

വിദ്യാർത്ഥികളിൽ നൂതനാശയങ്ങളും ഡിജിറ്റൽ സാക്ഷരതയും വളർത്തിയെടുക്കുന്നതിനായി, സ്ക്കൂൾ പാഠ്യപദ്ധതിയിൽ നിർമ്മിതബുദ്ധി(AI) പോലുള്ള സമകാലിക വിഷയങ്ങൾ ഉചിതമായ ഘട്ടങ്ങളിൽ ഉൾപ്പെടുത്തുന്നതിന് ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 ഊന്നൽ നൽകുന്നു. CBSE സ്ക്കൂളുകളിൽ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ) AI ഒരു വിഷയമായി ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. 2019-2020 അധ്യയന വർഷം മുതൽ ഒൻപതാം ക്ലാസിൽ ഇതാരംഭിക്കുകയും  ഇത് 2020-2021 അധ്യയന വർഷം മുതൽ പതിനൊന്നാം ക്ലാസ് വരെ നീട്ടുകയും ചെയ്തു. നൈപുണ്യ വികസനം, വ്യക്തിഗത ലേണിങ് ടൂളുകൾ തുടങ്ങിയ പ്രായോഗിക ആപ്ലിക്കേഷനുകളിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

AI-മികവിന്റെ കേന്ദ്രം:

വിദ്യാഭ്യാസത്തിൽ AI സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സംരംഭമായി ഭാരത സർക്കാർ ഒരു സെന്റർ ഫോർ AI എക്സലൻസ് (മികവിന്റെ കേന്ദ്രം) സ്ഥാപിക്കുന്നു. ഇന്ത്യൻ ഭാഷകളെ പോഷിപ്പിക്കുന്നതിനായി AI പ്രയോജനപ്പെടുത്തുക, ക്ലാസ് മുറികളിൽ വിമർശനാത്മക ചിന്ത പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത അധ്യാപന രീതികളിൽ നിന്ന് സാങ്കേതികവിദ്യാധിഷ്ഠിത സമീപനങ്ങളിലേക്കുള്ള മാറ്റത്തെ സൂചിപ്പിക്കുന്ന "ചോക്ക്ബോർഡുകളിൽ നിന്ന് ചിപ്‌സെറ്റുകളിലേക്ക്"  എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

AI അടിസ്ഥാന സൗകര്യങ്ങളും മാനവ വിഭവശേഷിയും കെട്ടിപ്പടുക്കുന്നതിനുള്ള വിശാലമായ ദേശീയ ഉദ്യമങ്ങളെ ഈ കേന്ദ്രം പിന്തുണയ്ക്കും. വിവിധ കോഴ്സുകളിൽ AI ഒരു ഐച്ഛിക വിഷയമായി പഠിപ്പിക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങൾക്കുള്ള അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (AICTE) ശുപാർശകളും ഇതിൽ ഉൾപ്പെടുന്നു.

ഡീപ് ലേണിംഗ്, മെഷീൻ ലേണിംഗ്, പ്രഡിക്റ്റീവ് ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ വിപുലമായ AI-അനുബന്ധ കോഴ്‌സുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (IIT-കൾ) ഇതിനെ പിന്തുണയ്ക്കുന്നു.

സ്‌കിൽ ഇന്ത്യ മിഷനിൽ (SIM) AI, ഡിജിറ്റൽ ലേണിംഗ് എന്നിവയുടെ സംയോജനം:

ഭാവിസജ്ജമായ തൊഴിൽ ശക്തിയെ തയ്യാറാക്കുന്നതിനായി, പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY) 4.0, നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്കീം (NAPS), ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (ITIs), നാഷണൽ സ്കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ (NSTI), സ്കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (SIDH) പ്ലാറ്റ്‌ഫോം എന്നിവയ്ക്ക് കീഴിൽ ലക്ഷ്യവേധിയായ സംരംഭങ്ങളിലൂടെ, സ്കിൽ ഇന്ത്യ മിഷനിൽ (SIM) AI, ഡിജിറ്റൽ ലേണിംഗ് പ്രോഗ്രാമുകൾ ഭാരത സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ട്.


 

SOAR: പ്രസക്തിയും പ്രതീക്ഷിത ഫലങ്ങളും

സ്‌കിൽ ഇന്ത്യ മിഷനുമായുള്ള തന്ത്രപരമായ സമന്വയം:


AI-അധിഷ്ഠിത മേഖലകളിൽ തൊഴിലവസരങ്ങളും ഉത്പാദനക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഡിജിറ്റൽ നൈപുണ്യങ്ങളിലൂടെ യുവാക്കളെ സജ്ജരാക്കിക്കൊണ്ട്, വിദ്യാർത്ഥികൾക്കായി ലക്ഷ്യവേധിയായ മൊഡ്യൂളുകൾ പ്രദാനം ചെയ്യുന്ന SOAR സ്‌കിൽ ഇന്ത്യ മിഷനെ പിന്തുണയ്ക്കുന്നു.

വികസിത ഭാരതമെന്ന ദർശനത്തിനുള്ള സംഭാവന:

എഐ ഫോർ ഓൾ സംരംഭങ്ങളിലൂടെ 2047 ഓടെ വികസിത രാഷ്ട്രം സാക്ഷാത്ക്കരിക്കുക എന്ന ഇന്ത്യയുടെ ദർശനത്തെ ഈ പരിപാടി ശക്തമായി പിന്തുണയ്ക്കുന്നു. ദേശീയ നൈപുണ്യ വികസന തന്ത്രങ്ങളിൽ ഊന്നിപ്പറഞ്ഞതുപോലെ, നൂതനാശയങ്ങളും ആഗോള മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിന് AI-യെ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിൽ ശേഷിയെ ഇത് വളർത്തിയെടുക്കുന്നു.


ഡിജിറ്റൽ സർവ്വാശ്ലേഷിത്വത്തിന് പ്രോത്സാഹനം:

സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് പോലുള്ള പ്രവേശനക്ഷമമായ പ്ലാറ്റ്‌ഫോമുകളിലേക്ക് AI പരിശീലനം സംയോജിപ്പിച്ചുകൊണ്ട് SOAR നഗര-ഗ്രാമ ഡിജിറ്റൽ വിടവ് നികത്തുന്നു. ഇത് സർക്കാർ, സ്വകാര്യ സ്ക്കൂളുകളിലുടനീളം ഡിജിറ്റൽ നൈപുണ്യങ്ങളിലേക്ക് സന്തുലിത പ്രവേശനം ഉറപ്പാക്കുന്നു, തദ്വാരാ പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുന്നു.

AI-അവബോധമുള്ള വിദ്യാർത്ഥികളും പരിശീലനം ലഭിച്ച അധ്യാപകരും:

സർക്കാർ, സ്വകാര്യ സ്ക്കൂളുകളിലുടനീളം, അധ്യാപന രീതികൾ മെച്ചപ്പെടുത്തുന്നതിനും ക്ലാസ് മുറികളിൽ AI യുടെ വ്യാപക സ്വീകാര്യത ഉറപ്പാക്കുന്നതിനുമായി അധ്യാപകരെ പരിശീലിപ്പിക്കുകയും, നൈതിക AI പ്രയോഗത്തിൽ പ്രാപ്തരാക്കുകയും AI-അവബോധമുള്ള വിദ്യാർത്ഥികളെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് SOAR ലക്ഷ്യമിടുന്നത്.

AI തൊഴിൽമേഖലകളിലെ താത്പര്യം വർദ്ധിപ്പിക്കുകയും നൈപുണ്യ പരിമിതികൾ പരിഹരിക്കുകയും ചെയ്യുക:

പ്രായോഗിക വൈദഗ്ധ്യത്തിലൂടെ യുവാക്കളിൽ AI തൊഴിൽമേഖലകളിൽ താത്പര്യം വർദ്ധിപ്പിക്കുക എന്നതാണ് SOAR പ്രോഗ്രാമിന്റെ ലക്ഷ്യം. സമഗ്ര പരിശീലനം നൽകുന്നതിലൂടെയും ഉയർന്ന ആവശ്യകതയുള്ള സാങ്കേതിക വൈദഗ്ധ്യ മേഖലകളിലേക്ക് പ്രവേശനം സാധ്യമാക്കുന്നതിലൂടെയും ഡിജിറ്റൽ നൈപുണ്യങ്ങളുടെ നഗര-ഗ്രാമീണ വിടവ് ഇത് കുറയ്ക്കുന്നു.

ഉപസംഹാരം

AI അധിഷ്ഠിത വിദ്യാഭ്യാസത്തിലും തൊഴിൽ ശക്തി വികസനത്തിലും ഇന്ത്യയെ ആഗോള നേതൃത്വത്തിലേക്ക് ഉയർത്തുന്നതിനുള്ള  നിർണ്ണായക ചുവടുവയ്പ്പാണ് സ്കില്ലിംഗ് ഫോർ AI റെഡിനസ് (SOAR) പ്രോഗ്രാം. സ്കൂൾ പാഠ്യപദ്ധതിയിലും തൊഴിലധിഷ്ഠിത പരിശീലനത്തിലും AI സാക്ഷരത ഉൾപ്പെടുത്തുന്നതിലൂടെ, SOAR വിദ്യാർത്ഥികളെയും അധ്യാപകരെയും അത്യാധുനിക നൈപുണ്യങ്ങളാൽ സജ്ജരാക്കുക മാത്രമല്ല, നൂതനാശയങ്ങളുടെയും, സാങ്കേതികവിദ്യയുടെ ധാർമ്മിക ഉപയോഗത്തിന്റെയും സംസ്ക്കാരം വളർത്തിയെടുക്കുകയും ചെയ്യുന്നു. തന്ത്രപരമായ പങ്കാളിത്തങ്ങളിലൂടെയും സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെയും, വൈവിധ്യമാർന്ന സാമൂഹിക-സാമ്പത്തിക ഗ്രൂപ്പുകളിലേക്ക് പ്രവേശനം ഉറപ്പാക്കുന്ന ഈ പരിപാടി, സാങ്കേതികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്നതിന് ഇന്ത്യയിലെ യുവാക്കളെ സജ്ജരാക്കുന്നു. വികസിത് ഭാരത് @ 2047 എന്ന ദർശനത്തിന്റെ ആധാരശിലയായി വർത്തിച്ച്, ഡിജിറ്റൽ സർവ്വാശ്ലേഷിത്വമാർന്നതും മത്സരാത്മകവും സ്വാശ്രയവും ആഗോള നൂതനാശയ ഉദ്യമങ്ങളുടെ ഭാവി രൂപപ്പെടുത്താൻ ശേഷിയുള്ളതുമായ ഇന്ത്യയ്ക്ക് SOAR അടിത്തറ പാകുന്നു. 

അവലംബം:
 

Union Budget:

https://www.indiabudget.gov.in/doc/bh1.pdf

Press Information Bureau:

https://www.pib.gov.in/PressReleasePage.aspx?PRID=2153010

https://www.pib.gov.in/PressReleseDetailm.aspx?PRID=2147048

https://www.pib.gov.in/Pressreleaseshare.aspx?PRID=1704878

Ministry of Education:

https://www.education.gov.in/sites/upload_files/mhrd/files/PIB2132184.pdf

Ministry of Skill Development and Entrepreneurship:

https://www.skillindiadigital.gov.in/home

https://sansad.in/getFile/loksabhaquestions/annex/184/AU2748_0eg8Dq.pdf?source=pqals

https://www.apprenticeshipindia.gov.in/

Others:
https://www.cprgindia.org/Padh-AI-Conclave/image/pdf/PADHAI-CONCLAVE-BROCHURE.pdf

Click here to see PDF

*****

(Backgrounder ID: 155667) Visitor Counter : 8
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate