Farmer's Welfare
ഓരോ പാത്രവും സുരക്ഷിതമാക്കുന്നു
81 കോടി പൗരന്മാർക്ക് ഭക്ഷണവും പോഷകാഹാര സമത്വവും ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ബഹുമുഖ ദൗത്യം
Posted On:
15 OCT 2025 5:38PM
ആമുഖം
എല്ലാ ആളുകൾക്കും, എല്ലായ്‌പ്പോഴും സജീവവും ആരോഗ്യകരവുമായ ജീവിതത്തിനായി, അവരുടെ ഭക്ഷണ ആവശ്യങ്ങളും മുൻഗണനകളും നിറവേറ്റുന്ന സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഭൗതികവും സാമ്പത്തികവുമായ രീതിയിൽ ലഭ്യമാക്കുക എന്നതാണ് ഭക്ഷ്യസുരക്ഷയുടെ ലക്ഷ്യം. ഇത് നേടുന്നതിന് മതിയായ ഭക്ഷണ ഉൽപ്പാദനം മാത്രമല്ല, അതിന്റെ തുല്യമായ വിതരണവും ആവശ്യമാണ്.

ഉൽപ്പാദനം ശക്തിപ്പെടുത്തുന്നതിനായി 2007–08 ൽ കേന്ദ്ര ഗവൺമെന്റ് ദേശീയ ഭക്ഷ്യസുരക്ഷാ മിഷൻ (NFSM) ആരംഭിച്ചു. പ്രദേശത്തിന്റെ വിസ്തൃതിയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിച്ച് അരി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുക, മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഉൽപ്പാദനക്ഷമതയും പുനഃസ്ഥാപിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കാർഷിക തല സമ്പദ്‌വ്യവസ്ഥ വർദ്ധിപ്പിക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യങ്ങൾ. 2014–15ൽ ഉൽപ്പാദനക്ഷമത, മണ്ണിന്റെ ആരോഗ്യം, കർഷക വരുമാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പരമ്പരാഗത ധാന്യങ്ങൾ കൂടി ഉൾപ്പെടുത്തി NFSM വിപുലീകരിച്ചു. 2024–25ൽ, ഭക്ഷ്യ ഉൽപ്പാദനത്തിലും പോഷകാഹാരത്തിലും ഇരട്ട ഊന്നൽ നൽകിക്കൊണ്ട് ഇത് ദേശീയ ഭക്ഷ്യസുരക്ഷാ & പോഷകാഹാര മിഷൻ (NFSNM) എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. NFSNM കീഴിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കർഷകർക്ക് വിള ഉത്പാദന, സംരക്ഷണ സാങ്കേതികവിദ്യകൾ, വിള സമ്പ്രദായം അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങൾ, സാക്ഷ്യപ്പെടുത്തിയ വിത്തുകളുടെ പുതുതായി പുറത്തിറക്കിയ ഇനങ്ങളുടെ/സങ്കരയിനങ്ങളുടെ ഉൽപാദനവും വിതരണവും, സംയോജിത പോഷക, കീട നിയന്ത്രണ സാങ്കേതിക വിദ്യകൾ, വിള സീസണിലെ പരിശീലനങ്ങളിലൂടെ കർഷകരുടെ ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ പിന്തുണകൾ നൽകുന്നു.
NFSM/NFSNM കേന്ദ്ര ശേഖരത്തിലേക്ക് ഉയർന്ന ഭക്ഷ്യധാന്യ ഉൽപാദനം ഉറപ്പാക്കുമ്പോൾ 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA), അവയുടെ തുല്യമായ വിതരണം ഉറപ്പാക്കുന്നു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA), ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (TPDS) വഴി ഗ്രാമീണ ജനസംഖ്യയുടെ 75% വരെയും നഗര ജനസംഖ്യയുടെ 50% വരെയും വരുന്ന ആളുകൾക്ക് സബ്‌സിഡിയുള്ള (നിലവിൽ സൗജന്യമായി) ഭക്ഷ്യധാന്യങ്ങൾക്ക് നിയമപരമായി അവകാശം നൽകുന്നു, ഇത് ദുർബല കുടുംബങ്ങൾക്ക് മതിയായ ഭക്ഷണവും പോഷകാഹാരവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
NFSM/NFSNM, NFSA എന്നിവ ചേർന്നാണ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ ചട്ടക്കൂടിന് അടിത്തറ നൽകുന്നത്. ഒന്ന് ഉൽപ്പാദനത്തെ നയിക്കുന്നു, മറ്റൊന്ന് വിതരണം ഉറപ്പാക്കുന്നു, അതുവഴി ഉൽപാദനക്ഷമതയുടെ നേട്ടങ്ങൾ സമഗ്രമായ വളർച്ച, സുസ്ഥിരത, പോഷകാഹാര സുരക്ഷ എന്നിവയുമായി സംയോജിപ്പിക്കുന്നു.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും TPDS ഉം
2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA), ഗ്രാമീണ ജനസംഖ്യയുടെ 75% വരെയും നഗര ജനസംഖ്യയുടെ 50% വരെയുമുള്ള ജനങ്ങളുടെ ഭക്ഷ്യ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിടുന്നു, 2011 ലെ സെൻസസ് പ്രകാരം ഇത് 81.35 കോടി ആളുകളാണ്.
അതിദരിദ്രരായ അന്ത്യോദയ അന്ന യോജന (AAY) കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്. മുൻഗണനാ കുടുംബങ്ങൾക്ക് (PHH) പ്രതിമാസം ഒരാൾക്ക് 5 കിലോഗ്രാം ഭക്ഷ്യധാന്യം, നിയമത്തിലെ ഷെഡ്യൂൾ-I-ൽ നിശ്ചയിച്ച ഏകീകൃത സബ്‌സിഡി നിരക്കിൽ (നിലവിൽ സൗജന്യമായി) ലഭിക്കാൻ അർഹതയുണ്ട്.
2023 ജനുവരി 1 മുതൽ NFSA പ്രകാരം AAY കുടുംബങ്ങൾക്കും PHH ഗുണഭോക്താക്കൾക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിരുന്നു. 2024 ജനുവരി 1 മുതൽ അഞ്ച് വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനുള്ള കാലാവധി നീട്ടിയിട്ടുണ്ട്. ഇതിനായി ഏകദേശം 11.80 ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കുന്നു, ഇത് പൂർണ്ണമായും കേന്ദ്ര ഗവൺമെന്റാണ് വഹിക്കുന്നത്.
2025 ഒക്ടോബർ വരെ, 78.90 കോടി ഗുണഭോക്താക്കൾക്ക് ഈ നിയമപ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ട്.
NFSA പ്രകാരം, അർഹരായ കുടുംബങ്ങൾക്ക് ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (TPDS) വഴി ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.
ആളുകൾക്ക് അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ അളവിലും ഗുണനിലവാരത്തിലുമുള്ള ഭക്ഷണം, താങ്ങാനാവുന്ന വിലയിൽ ഉറപ്പാക്കിക്കൊണ്ട് മനുഷ്യന്റെ ജീവിതചക്രം പരിഗണിച്ചുള്ള ഭക്ഷ്യ, പോഷകാഹാര സുരക്ഷ ഈ നിയമം നൽകുന്നു. ഗ്രാമീണ ജനസംഖ്യയുടെ 75% വരെയും നഗര ജനസംഖ്യയുടെ 50% വരെയും, അതായത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും, ഷെഡ്യൂൾ-I-ൽ നിർദ്ദേശിച്ച വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നതിന് ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, സംയോജിത ശിശു വികസന സേവനങ്ങൾ (ICDS), പിഎം-പോഷൺ പദ്ധതികൾ എന്നിവ പ്രകാരം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 6 മാസം മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കും നിർദ്ദിഷ്ട പോഷകാഹാര മാനദണ്ഡങ്ങൾക്കനുസൃതമായി ഭക്ഷണം ലഭിക്കാൻ അർഹതയുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. പോഷകാഹാരക്കുറവുള്ള 6 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഉയർന്ന പോഷകാഹാര മാനദണ്ഡങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഗർഭകാലത്തെ വേതന നഷ്ടം ഭാഗികമായി നികത്തുന്നതിനും പോഷകാഹാരം നൽകുന്നതിനും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും 6,000 രൂപയിൽ കുറയാത്ത പണമായുള്ള പ്രസവാനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. ലക്ഷ്യമിട്ട ഗുണഭോക്താക്കളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിനായി, 25.01.2023 ലെ വിജ്ഞാപനം പ്രകാരം, നിയമത്തിന്റെ ഷെഡ്യൂൾ-II-ൽ വ്യക്തമാക്കിയ പോഷകാഹാര മാനദണ്ഡങ്ങൾ കേന്ദ്ര ഗവൺമെന്റ് പരിഷ്കരിച്ചു.
ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിന്റെ (TPDS) പങ്ക്
NFSA യുടെ ആനുകൂല്യങ്ങൾ ഉദ്ദേശിച്ച ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം (TPDS) സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾക്കായുള്ള പ്രാഥമിക വിതരണ സംവിധാനമായി പ്രവർത്തിക്കുന്നു. കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്റുകളുടെ സംയുക്ത ഉത്തരവാദിത്തത്തോടെയാണ് ഇത് പ്രവർത്തിക്കുന്നത്.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) നിശ്ചിത ഡിപ്പോകളിലേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ സംഭരണം, വിഹിതം, ഗതാഗതം എന്നിവയുടെ ചുമതല കേന്ദ്ര ഗവൺമെന്റിനാണ്.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്റുകൾ സംസ്ഥാനത്തിനുള്ളിലെ വിഹിതവും വിതരണവും കൈകാര്യം ചെയ്യുന്നു, യോഗ്യരായ ഗുണഭോക്താക്കളെ തിരിച്ചറിയുന്നു, റേഷൻ കാർഡുകൾ നൽകുന്നു, കാര്യക്ഷമമായ വിതരണം ഉറപ്പാക്കാൻ ന്യായവില കടകളുടെ (FPS) പ്രവർത്തനം മേൽനോട്ടം വഹിക്കുന്നു.
ഈ ചട്ടക്കൂട് TPDS വഴി യോഗ്യരായ കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് ദരിദ്രർക്കും ദുർബലർക്കും, ഉയർന്ന സബ്സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.
നിയമപ്രകാരം ആനുകൂല്യങ്ങൾക്ക് അർഹതയുള്ള രണ്ട് വിഭാഗം കുടുംബങ്ങളെ TPDS തിരിച്ചറിയുന്നു:
- അന്ത്യോദയ അന്നയോജന (AAY) കുടുംബങ്ങൾ: ഈ കുടുംബങ്ങൾ ദരിദ്രരിൽ ഏറ്റവും ദരിദ്രരാണ്. AAY കുടുംബങ്ങൾക്ക് പ്രതിമാസം 35 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ ലഭിക്കാൻ അർഹതയുണ്ട്.
- മുൻഗണനാ കുടുംബങ്ങൾ (PHH): ഈ കുടുംബങ്ങൾക്ക് പ്രതിമാസം ഒരാൾക്ക് 5 കിലോ ഭക്ഷ്യധാന്യം ലഭിക്കാൻ അർഹതയുണ്ട്.
NFSA പ്രകാരം 2023 ജനുവരി 1 മുതൽ AAY കുടുംബങ്ങൾക്കും PHH ഗുണഭോക്താക്കൾക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിരുന്നു. സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനുള്ള കാലയളവ് 2024 ജനുവരി 1 മുതൽ അഞ്ച് വർഷത്തേക്ക് നീട്ടിയിട്ടുണ്ട്. 11.80 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വിഹിതം ഇതിന് കണക്കാക്കുകയും ഇത് പൂർണ്ണമായും കേന്ദ്ര ഗവൺമെന്റ് വഹിക്കുകയും ചെയ്യുന്നു.

|
ഗുണഭോക്താക്കൾ ആരൊക്കെ?
അന്ത്യോദയ അന്ന യോജന (AAY) കുടുംബങ്ങൾ
തിരിച്ചറിയൽ: കേന്ദ്ര ഗവൺമെന്റിന്റെ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ തിരഞ്ഞെടുത്ത കുടുംബങ്ങളാണിവ. ദരിദ്രരിൽ ഏറ്റവും ദരിദ്രരെ ഉൾക്കൊള്ളുന്നു.
യോഗ്യരായ വിഭാഗങ്ങൾ:
- ഉറപ്പായ ഉപജീവനമാർഗമോ സാമൂഹിക പിന്തുണയോ ഇല്ലാത്ത വിധവകൾ, മാരകരോഗികൾ, ഭിന്നശേഷിക്കാർ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവർ കുടുംബനാഥരായുള്ള വീടുകൾ.
- വിധവകൾ അല്ലെങ്കിൽ മാരകരോഗികൾ അല്ലെങ്കിൽ ഭിന്നശേഷിക്കാർ അല്ലെങ്കിൽ 60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർ അല്ലെങ്കിൽ കുടുംബമോ സാമൂഹിക പിന്തുണയോ ഉറപ്പായ ഉപജീവനമാർഗമോ ഇല്ലാത്ത അവിവാഹിതരായ സ്ത്രീകൾ അല്ലെങ്കിൽ അവിവാഹിതരായ പുരുഷന്മാർ.
- എല്ലാ ആദിമ ഗോത്ര കുടുംബങ്ങളും.
- ഭൂരഹിതരായ കർഷക തൊഴിലാളികൾ, നാമമാത്ര കർഷകർ, ഗ്രാമീണ കൈവേലക്കാർ/കരകൗശല വിദഗ്ധർ, ചേരികളിൽ താമസിക്കുന്നവർ, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും അസംഘടിത മേഖലയിലും മറ്റ് സമാന വിഭാഗങ്ങളിലും ദിവസവരുമാനം നേടുന്നവർ.
- എച്ച്ഐവി പോസിറ്റീവായവരുടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) എല്ലാ കുടുംബങ്ങളും.
മുൻഗണനാ കുടുംബങ്ങൾ
തിരിച്ചറിയൽ: സംസ്ഥാന /കേന്ദ്രഭരണ പ്രദേശ ഗവൺമെന്റുകൾ അവരുടെ സ്വന്തം മാനദണ്ഡങ്ങൾക്കനുസരിച്ച് തിരഞ്ഞെടുത്തത്.
|
TDPS പ്രകാരം ഗുണഭോക്താക്കളെ തിരിച്ചറിയുന്ന പ്രക്രിയ
2015 ലെ TPDS നിയന്ത്രണ ഉത്തരവ് പ്രകാരം, NFSA ഗുണഭോക്താക്കളെ തിരിച്ചറിയുന്നത് സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗവൺമെന്റുകളുടെ നേതൃത്വത്തിലുള്ള ഒരു തുടർച്ചയായ പ്രക്രിയയാണ്. അർഹതയില്ലാത്ത/ വ്യാജമായ/ ഇരട്ട റേഷൻ കാർഡുകൾ നീക്കം ചെയ്ത്, അർഹരായ കുടുംബങ്ങൾക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നു. പുതുക്കിയ ഗുണഭോക്തൃ പട്ടിക നിലനിർത്തുന്നതിലൂടെയും ഭക്ഷ്യധാന്യ വിതരണം നിയന്ത്രിക്കുന്നതിലൂടെയും ദുർബലരും ആവശ്യക്കാരുമായ ജനവിഭാഗങ്ങൾക്ക് ഫലപ്രദമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് NFSA ഉറപ്പാക്കുന്നു. ഈ പ്രക്രിയ ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്തുകയും കമ്പോളവിലകൾ സ്ഥിരപ്പെടുത്താൻ സഹായിക്കുകയും രാജ്യത്തുടനീളമുള്ള യോഗ്യരായ ഗുണഭോക്താക്കളെ ലക്ഷ്യമിടുന്നത് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രധാന ഗവൺമെന്റ് സംരംഭങ്ങൾ
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY)
രാജ്യത്ത് COVID-19 പൊട്ടിപ്പുറപ്പെടുന്നത് മൂലമുണ്ടായ സാമ്പത്തിക തടസ്സങ്ങൾ കാരണം ദരിദ്രരും ആവശ്യക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെയാണ് PMGKAY ആരംഭിച്ചത്. പദ്ധതി ഏഴ് ഘട്ടങ്ങളിലായാണ് പ്രവർത്തിച്ചിരുന്നത്. PMGKAY യുടെ ഏഴാം ഘട്ടം 31.12.2022 വരെ പ്രവർത്തിച്ചിരുന്നു.
ദരിദ്രരായ ഗുണഭോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും രാജ്യവ്യാപകമായ ഏകീകൃത സ്വഭാവവും ഫലപ്രദമായ നടത്തിപ്പും ഉറപ്പാക്കുന്നതിനുമായി, 2023 ജനുവരി 1 മുതൽ PMGKAY പ്രകാരം അന്ത്യോദയ അന്ന യോജന (AAY) കുടുംബങ്ങൾക്കും മുൻഗണനാ വിഭാഗത്തിലെ (PHH) ഗുണഭോക്താക്കൾക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചു. സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിനുള്ള കാലാവധി 2024 ജനുവരി 1 മുതൽ അഞ്ച് വർഷത്തേക്ക് നീട്ടിയിട്ടുണ്ട്, ഇതിനായുള്ള ഏകദേശം 11.80 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ചെലവ് പൂർണ്ണമായും കേന്ദ്ര ഗവൺമെന്റ് വഹിക്കും.
അരി സമ്പുഷ്ടീകരണ സംരംഭം
ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിലും സൂക്ഷ്മ പോഷക ഉപഭോഗം മെച്ചപ്പെടുത്തുന്നതിലും ഇന്ത്യാ ഗവൺമെന്റ് എല്ലായ്‌പ്പോഴും മുൻഗണന നൽകിയിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഈ ലക്ഷ്യത്തിമായി പ്രതിജ്ഞാബദ്ധമാണ്, കൂടാതെ മൊത്തത്തിലുള്ള പോഷകാഹാര സാഹചര്യം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു.
വകുപ്പ് ആരംഭിച്ച പ്രധാന ഇടപെടലുകളിൽ ഒന്നാണ് അരി സമ്പുഷ്ടീകരണ സംരംഭം.
അവശ്യ സൂക്ഷ്മ പോഷകങ്ങൾ ഉപയോഗിച്ച് പ്രധാന ഭക്ഷണവിഭവങ്ങളെ പോഷകാംശമുള്ളതാക്കുന്നത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതും സുരക്ഷിതവും ചെലവ് കുറഞ്ഞതും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതുമായ ഇടപെടലാണ്. ഇത് പോഷകാഹാരക്കുറവ് കുറയ്ക്കുന്നതിനുള്ള ഒരു പൂരക തന്ത്രമാണ്.
ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം 65% പേർക്കും അരി ഒരു പ്രധാന ഭക്ഷണമായതിനാൽ, 2019 ൽ ഇന്ത്യാ ഗവൺമെന്റ് അരി സമ്പുഷ്ടീകരണത്തിൽ ഒരു പൈലറ്റ് പ്രോഗ്രാം ആരംഭിച്ചു. 2021 ലെ ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗവൺമെന്റിന്റെ ഭക്ഷ്യ അധിഷ്ഠിത പദ്ധതികൾ വഴി 2024 ഓടെ ദരിദ്രരും ദുർബലരുമായ ജനവിഭാഗങ്ങൾക്ക് സമ്പുഷ്ടീകരിച്ച അരി ഘട്ടം ഘട്ടമായി നൽകുമെന്ന് പ്രഖ്യാപിച്ചു.
ഭാരത്തിന്റെ 1% എന്ന അനുപാതത്തിൽ എക്സ്ട്രൂഡ് ഫോർട്ടിഫൈഡ് റൈസ് കേർണലുകൾ (FRK) അരിയുമായി കൂട്ടിക്കലർത്തിയാണ് പോഷകാംശമുള്ള അരി നിർമ്മിക്കുന്നത്. ഈ FRK-കളിൽ അരിപ്പൊടിയും മൂന്ന് പ്രധാന സൂക്ഷ്മ പോഷകങ്ങളായ ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12 എന്നിവയും അടങ്ങിയിരിക്കുന്നു. വലിപ്പം, ആകൃതി, നിറം എന്നിവയിൽ അരിയോട് സാമ്യമുള്ള ഇവ സാധാരണ അരിയുടെ അതേ മണവും രുചിയും ഘടനയുമുള്ളവയാണ്.
ഇന്ത്യയിൽ അരി സമ്പുഷ്ടീകരണം നടപ്പിലാക്കാനുള്ള തീരുമാനം പൈലറ്റ് ചെയ്യൽ, സ്റ്റാൻഡേർഡൈസ് ചെയ്യൽ, ആവശ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കൽ, നടപ്പിലാക്കൽ, തുടർന്ന് വ്യാപിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന ഒരു സമ്പൂർണ്ണ പദ്ധതിയുടെ ജീവിതചക്രത്തിലൂടെ കടന്നുപോയി.
പദ്ധതി ഘട്ടം ഘട്ടമായി വിപുലീകരിച്ചു. ഘട്ടം I (2021-22) ICDS, പിഎം പോഷൺ പദ്ധതി എന്നിവ ഉൾപ്പെടുത്തി, ഘട്ടം II (2022-23) ICDS, പിഎം പോഷൺ പദ്ധതികളും മുരടിപ്പ് കൂടുതലുള്ള 269 ആസ്പിരേഷണൽ ജില്ലകളിലെ TPDS-ഉം ഉൾപ്പെടുത്തി. ഘട്ടം III (2023-24) TPDS-ന് കീഴിൽ ബാക്കിയുള്ള ജില്ലകളെ കൂടി ഉൾപ്പെടുത്തി.
2024 മാർച്ചോടെ, എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും PMGKAY, ICDS, PM-POSHAN തുടങ്ങിയ കേന്ദ്ര ഗവൺമെന്റ് പദ്ധതികൾക്ക് കീഴിൽ വിതരണം ചെയ്യുന്ന 100% അരിയും പോഷകാംശമുള്ളതാക്കി.
എല്ലാ കേന്ദ്ര ഗവൺമെന്റ് പദ്ധതികൾക്കും കീഴിലുള്ള സമ്പുഷ്ടീകരിച്ച അരിയുടെ സാർവത്രിക വിതരണം 2028 ഡിസംബർ വരെ തുടരാൻ അടുത്തിടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി, PMGKAY യുടെ ഭാഗമായി ഇതിനായുള്ള 17,082 കോടി രൂപയുടെ 100% ചെലവ് ഇന്ത്യാ ഗവൺമെന്റ് വഹിക്കും.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT)
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA) ടാർഗെറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽ (TPDS) നിരവധി പ്രധാന പരിഷ്കാരങ്ങൾ അവതരിപ്പിച്ചു, അതിൽ ഒന്നാണ് ഭക്ഷ്യ അവകാശങ്ങൾക്കായി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT) നടപ്പിലാക്കിയത്. ഭക്ഷ്യധാന്യങ്ങളുടെ ഭൗതികമായ നീക്കം കുറയ്ക്കുക, ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ ഗുണഭോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുക, ഭക്ഷണ വൈവിധ്യം വർദ്ധിപ്പിക്കുക, ചോർച്ചകൾ കുറയ്ക്കുക, ലക്ഷ്യമിടൽ മെച്ചപ്പെടുത്തുക, സാമ്പത്തിക ഉൾപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് 2015 ഓഗസ്റ്റിൽ കേന്ദ്ര ഗവൺമെന്റ് 'ഭക്ഷ്യ സബ്സിഡി പണ കൈമാറ്റ നിയമം, 2015' വിജ്ഞാപനം ചെയ്തു.
ഭക്ഷ്യ സബ്സിഡി പണ കൈമാറ്റ നിയമങ്ങൾ നടപ്പിലാക്കൽ, ഓഗസ്റ്റ്, 2015
* ഈ പദ്ധതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർബന്ധമില്ല.
* സംസ്ഥാന ഗവൺമെന്റിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ "തിരിച്ചറിയപ്പെട്ട പ്രദേശങ്ങളിൽ" മാത്രമാണ് ഇത് പ്രവർത്തിക്കുന്നത്.
* പദ്ധതിയുടെ പരിധിയിൽ വരാത്ത പ്രദേശങ്ങളിൽ പരമ്പരാഗതമായ TPDS ഭക്ഷ്യധാന്യ വിതരണം തുടരുന്നു.
ഭക്ഷണത്തിനായി നേരിട്ടുള്ള പണ കൈമാറ്റം നടപ്പാക്കൽ
സെപ്റ്റംബർ 2015: ചണ്ഡീഗഢ്, പുതുച്ചേരി (കേന്ദ്രഭരണ പ്രദേശങ്ങൾ).
മാർച്ച് 2016: ദാദ്ര നഗർ ഹവേലി & ദാമൻ ദിയുവിന്റെ ഭാഗങ്ങളിൽ.
ഈ കേന്ദ്രഭരണ പ്രദേശങ്ങളിൽ, NFSA പണ കൈമാറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്.
- സബ്‌സിഡിക്ക് തുല്യമായ പണം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യുന്നു.
- ഇത് യോഗ്യരായ കുടുംബങ്ങളെ തുറന്ന വിപണിയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ഇത് പ്രാപ്തമാക്കുന്നു.
സംയോജിത ശിശു വികസന പദ്ധതികൾ
ഗോതമ്പ് അധിഷ്ഠിത പോഷകാഹാര പരിപാടി (WBNP) യുടെയും കൗമാര പെൺകുട്ടികൾക്കായുള്ള പദ്ധതിയുടെയും കീഴിൽ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നടത്തുന്ന പദ്ധതിയാണിത്.
6 മാസം മുതൽ 59 മാസം വരെ പ്രായമുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കും 14-18 വയസ്സ് പ്രായമുള്ള കൗമാരക്കാരായ പെൺകുട്ടികൾക്കും ICDS വഴി ചൂടുള്ള വേവിച്ച ഭക്ഷണമായോ അല്ലെങ്കിൽ വീട്ടിലേക്ക് കൊണ്ടുപോകുന്ന റേഷനായോ പൂരക പോഷകാഹാരം നൽകുന്നു.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള DFPD യിൽ നിന്നുള്ള വിഹിതം: 26.46 ലക്ഷം മെട്രിക് ടൺ അരിയും ഗോതമ്പും പരമ്പരാഗത ധാന്യങ്ങളും
പിഎം പോഷൺ (പോഷൺ ശക്തി നിർമാൺ) പദ്ധതി
ഗവൺമെന്റ് സ്കൂളുകളിലെയും ഗവൺമെന്റ് സഹായത്തോടെ പ്രവർത്തിക്കുന്ന സ്കൂളുകളിലെയും കുട്ടികളുടെ പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ വിദ്യാഭ്യാസം വർദ്ധിപ്പിക്കുന്നതിനും വിശപ്പിനെ നേരിടുന്നതിനും, അതുവഴി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളിൽ പതിവ് ഹാജർ പ്രോത്സാഹിപ്പിക്കുന്നതിനും രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു നിർണായക ദേശീയ സംരംഭമാണ് പിഎം പോഷൺ (പോഷൺ ശക്തി നിർമാൺ) പദ്ധതി. ഈ പദ്ധതി പ്രകാരം, 14 വയസ്സ് വരെ പ്രായമുള്ള എല്ലാ പ്രൈമറി വിദ്യാർത്ഥികൾക്കും ഒരു പോഷകസമൃദ്ധമായ ചൂടുള്ള ഉച്ചഭക്ഷണം നൽകുന്നു. പോഷകാഹാര നിലവാരം പാലിക്കുന്ന ഉച്ചഭക്ഷണം ഉറപ്പാക്കുന്നതിലൂടെ, ഇത് കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും സ്കൂൾ ഹാജർ വർദ്ധിപ്പിക്കുകയും പഠന നിലവാരം മെച്ചപ്പെടുത്തുകയും സാമൂഹിക സമത്വവും സമൂഹ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
2024-25 സാമ്പത്തിക വർഷത്തേക്കുള്ള DFPD യിൽ നിന്നുള്ള വിഹിതം: 22.96 ലക്ഷം മെട്രിക് ടൺ അരിയും ഗോതമ്പും.
ഒരു രാജ്യം ഒരു റേഷൻ കാർഡ് (ONORC)
36 സംസ്ഥാനങ്ങളിലും/ കേന്ദ്രഭരണ പ്രദേശങ്ങളിലും വിജയകരമായി നടപ്പിലാക്കിയ ONORC പദ്ധതി, ഏകദേശം 81 കോടി ഗുണഭോക്താക്കൾക്ക് രാജ്യത്തെ ഏത് ന്യായവില കട(FPS)കളിൽ നിന്നും അവരുടെ നിലവിലുള്ള റേഷൻ കാർഡ്/ആധാർ കാർഡ് ഉപയോഗിച്ച് ഒരു ഇ-പോസ് ഉപകരണത്തിലെ ബയോമെട്രിക് പ്രാമാണീകരണം വഴി അർഹമായ ഭക്ഷ്യധാന്യങ്ങൾ വാങ്ങാനുള്ള അധികാരം നൽകുന്നു. പ്രത്യേകിച്ച് അതിഥി തൊഴിലാളികൾക്ക് (Migrant Labourers) ONORC വളരെ പ്രയോജനകരമാണ്, കൂടാതെ റേഷൻ കാർഡുകളുടെ തനിപ്പകർപ്പ് (Duplication) ഇത് തടയുന്നു. തുടക്കം മുതൽ, 2025 ഒക്ടോബർ വരെ ഏകദേശം 191 കോടി പോർട്ടബിലിറ്റി ഇടപാടുകൾ (സംസ്ഥാന, അന്തർസംസ്ഥാന) രേഖപ്പെടുത്തിയിട്ടുണ്ട്.
പൊതുവിതരണ സംവിധാനവും (PDS), ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതിയും (ആഭ്യന്തരം)
താങ്ങാനാവുന്ന വിലയിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിലൂടെ ക്ഷാമം കൈകാര്യം ചെയ്യുന്നതിനുള്ള ഒരു സംവിധാനമായി പൊതുവിതരണ സംവിധാനം (PDS) വികസിച്ചു. കാലക്രമേണ, രാജ്യത്തെ ഭക്ഷ്യ സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനുള്ള ഗവൺമെന്റ് നയങ്ങളുടെ ഒരു പ്രധാന ഭാഗമായി PDS മാറി. സാങ്കേതികവിദ്യാധിഷ്ഠിത പരിഷ്കാരങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തിലെ കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം എന്നിവ ഗണ്യമായി വർദ്ധിപ്പിച്ചിട്ടുണ്ട്, ഇതിന്റെ ഫലമായി റേഷൻ കാർഡുകളുടെയും ഗുണഭോക്തൃ ഡാറ്റാബേസുകളുടെയും 100% ഡിജിറ്റൈസേഷൻ, റേഷൻ കാർഡുകളുടെ 99.9% ആധാർ സീഡിംഗ്, സബ്‌സിഡി ഭക്ഷ്യധാന്യങ്ങളുടെ സുതാര്യവും ബയോമെട്രിക്/ആധാർ പ്രാമാണീകരിച്ചതുമായ വിതരണത്തിനായി ഇപോസ് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഏകദേശം 99.6% (5.43 ലക്ഷത്തിൽ 5.41 ലക്ഷം) ന്യായവില കടകളുടെ (FPS) ഓട്ടോമേഷൻ എന്നിവ സാധ്യമായി. കൂടാതെ, കമ്പോള ലഭ്യത വർദ്ധിപ്പിക്കുന്നതിനും പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും പൊതുജനങ്ങൾക്ക് താങ്ങാനാവുന്ന വില ഉറപ്പാക്കുന്നതിനുമായി മിച്ച ഭക്ഷ്യധാന്യങ്ങൾ (ഗോതമ്പ്, അരി) ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി (ആഭ്യന്തര) [OMSS(D)] വഴി വിൽക്കുന്നു.
ഇത് താഴെ പറയുന്നവയ്ക്ക് സഹായകമാണ്:
* വിപണിയിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുക
* വില സ്ഥിരപ്പെടുത്തി പണപ്പെരുപ്പം നിയന്ത്രിക്കുക
* ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക
* പൊതുജനങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ കൂടുതൽ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുക
കൂടാതെ, ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി (ആഭ്യന്തരം) നയപ്രകാരം സാധാരണ ഉപഭോക്താക്കൾക്ക് സബ്സിഡി നിരക്കിൽ ഗോതമ്പ് മാവും അരിയും നൽകുന്നതിനായി ഭാരത് ആട്ടയും ഭാരത് അരിയും പുറത്തിറക്കി.
NFSA പ്രകാരം ഭക്ഷ്യധാന്യങ്ങളുടെ സംഭരണവും ശേഖരവും വിഹിതവും
സംസ്ഥാന ഗവൺമെന്റ് ഏജൻസികളും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (FCI) മിനിമം താങ്ങുവില (MSP)യിലാണ് അരിയുടെയും ഗോതമ്പിന്റെയും സംഭരണം നടത്തുന്നത്. ഇത് ധാന്യങ്ങൾ ന്യായമായ ശരാശരി ഗുണനിലവാര (FAQ) മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഈ സംഭരിക്കുന്ന ധാന്യങ്ങൾ കേന്ദ്ര ശേഖരത്തിൽ സൂക്ഷിക്കുകയും ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA), മറ്റ് ക്ഷേമ പദ്ധതികൾ (OWS) എന്നിവ പ്രകാരം വിതരണം ചെയ്യുകയും ചെയ്യുന്നു.
ഓരോ വിപണന സീസണിനും മുമ്പ്, രണ്ട് സംവിധാനങ്ങൾ വഴിയാണ് സംഭരണം നടക്കുന്നത്:
* വികേന്ദ്രീകൃത സംഭരണ സംവിധാനം (DCP) - NFSA യ്ക്കും മറ്റ് ക്ഷേമ പദ്ധതികൾക്കും കീഴിൽ നെല്ല്/അരി, ഗോതമ്പ് എന്നിവ സംസ്ഥാന ഗവൺമെന്റുകൾ നേരിട്ട് വാങ്ങുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. സംസ്ഥാന വിഹിതത്തിൽ കൂടുതലുള്ള ഏതൊരു സ്റ്റോക്കും FCI-ക്ക് കൈമാറുന്നു.
* കേന്ദ്രീകൃത സംഭരണ സംവിധാനം (നോൺ-DCP) - എഫ്‌സിഐ അല്ലെങ്കിൽ സംസ്ഥാന ഏജൻസികൾ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുകയും സംസ്ഥാനത്തിനുള്ളിലെ വിതരണത്തിനോ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിനോ വേണ്ടി FCI-ക്ക് കൈമാറുകയും ചെയ്യുന്നു.
രണ്ട് സംവിധാനങ്ങളും കർഷകരുടെ വരുമാനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം പൊതുവിതരണത്തിനായി ഭക്ഷ്യധാന്യങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നു.
രാജ്യത്തുടനീളം ഭക്ഷ്യസുരക്ഷയും ഫലപ്രദമായ വിതരണവും ഉറപ്പാക്കുന്നതിന്, പൊതുവിതരണ സംവിധാനത്തിന്റെ (PDS) നട്ടെല്ലായി പ്രവർത്തിക്കുന്ന ഒരു കേന്ദ്ര ഭക്ഷ്യധാന്യ ശേഖരം ഗവൺമെന്റ് നിലനിർത്തുന്നു. 2025 ജൂലൈ 1 ലെ കണക്കനുസരിച്ച്, കേന്ദ്ര ശേഖരത്തിൽ യഥാക്രമം 135.40 ലക്ഷം മെട്രിക് ടൺ, 275.80 ലക്ഷം മെട്രിക് ടൺ എന്നീ സംഭരണ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി 377.83 ലക്ഷം മെട്രിക് ടൺ (എൽഎംടി) അരിയും 358.78 ലക്ഷം മെട്രിക് ടൺ ഗോതമ്പും ഉണ്ടായിരുന്നു. ഈ സ്റ്റോക്കുകൾ ആദ്യം NFSA/PMGKAY പ്രകാരമുള്ള വാർഷിക വിഹിതങ്ങൾ, മറ്റ് ക്ഷേമ പദ്ധതികൾ, ദുരന്തങ്ങൾക്കോ ഉത്സവങ്ങൾക്കോ വേണ്ടിയുള്ള അധിക ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നു. മിച്ച ഭക്ഷ്യധാന്യങ്ങൾ ഓപ്പൺ മാർക്കറ്റ് സെയിൽ പദ്ധതി (ആഭ്യന്തരം) വഴിയാണ് വിറ്റഴിക്കുന്നത്, അതേസമയം അർഹരായ രാജ്യങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം വഴി പൂർണ്ണ ഗ്രാന്റായി മാനുവിക സഹായം നൽകുന്നു.


ഇന്ത്യയിലെ ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്ന ഒരു അടിസ്ഥാന സ്തംഭമാണ് മിനിമം താങ്ങുവില (MSP) സംവിധാനത്തിന് കീഴിൽ പ്രധാന ഭക്ഷ്യധാന്യങ്ങളായ നെല്ലും ഗോതമ്പും സംഭരിക്കുന്നത്. പ്രധാനമായും ഭക്ഷ്യധാന്യങ്ങളുടെ ഭൗതിക ലഭ്യത ഉറപ്പാക്കുകയും കർഷകർക്കും ഉപഭോക്താക്കൾക്കും സ്ഥിരതയും സാമ്പത്തിക പ്രാപ്യതയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 2025 ഒക്ടോബർ 13 വരെ, ഖാരിഫ് വിപണന സീസൺ (KMS) 2024-25 ലെ നെല്ല് സംഭരണം 813.88 ലക്ഷം മെട്രിക് ടണ്ണിലെത്തി. ഇതിന് ₹1.9 ലക്ഷം കോടി രൂപ താങ്ങുവിലയായി കണക്കാക്കുന്നു, ഇത് 1.15 കോടി കർഷകർക്ക് പ്രയോജനം ചെയ്തു. റാബി വിപണന സീസൺ (RMS) 2024-25-ൽ 266.05 ലക്ഷം മെട്രിക് ടൺ ഗോതമ്പ് സംഭരിച്ചു. ഇതിന് ₹60,526.80 കോടി രൂപ മൂല്യമുണ്ട്, ഇത് 22.49 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്തു. RMS 2025-26-ൽ (2025 ഓഗസ്റ്റ് 11 വരെ) 300.35 ലക്ഷം മെട്രിക് ടൺ ഗോതമ്പ് സംഭരിച്ചു. ഇതിന് ₹72,834.15 കോടി രൂപ മൂല്യമുണ്ട്, ഇത് 25.13 ലക്ഷം കർഷകർക്ക് പ്രയോജനം ചെയ്തു.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (NFSA) നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്നതിനും ഭക്ഷ്യധാന്യങ്ങളുടെ സമയബന്ധിതമായ വിതരണം ഉറപ്പാക്കുന്നതിനുമായി, 2025 ജൂലൈയിലെ കണക്കനുസരിച്ച് 2025-26 സാമ്പത്തിക വർഷത്തിൽ NFSA പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങളുടെ ആകെ വാർഷിക വിഹിതം 18,498.94 ആയിരം ടണ്ണും 2024-25 സാമ്പത്തിക വർഷത്തിൽ 55,493.044 ആയിരം ടണ്ണും ആയിരുന്നു.

പൊതുവിതരണ സംവിധാനത്തിലെ (PDS) സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനുള്ള പ്രധാന നടപടികൾ
പൊതുവിതരണ സംവിധാനത്തിലെ (PDS) പരിഷ്കാരങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഗവൺമെന്റ് നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ട്: -
ഡിജിറ്റൈസേഷൻ: എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും റേഷൻ കാർഡുകളും ഗുണഭോക്താക്കളുടെ ഡാറ്റാബേസും പൂർണ്ണമായും (100%) ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.
സുതാര്യതയും പരാതി പരിഹാരവും: രാജ്യവ്യാപകമായി ഒരു സുതാര്യതാ പോർട്ടൽ, ഓൺലൈൻ പരാതി പരിഹാര സംവിധാനം, ടോൾ-ഫ്രീ നമ്പർ എന്നിവ നടപ്പിലാക്കിയിട്ടുണ്ട്.
ഓൺലൈൻ അലോക്കേഷൻ & സപ്ലൈ ചെയിൻ മാനേജ്മെന്റ്: DBT, ഡയറക്ട് ബെനിഫിറ്റ് ക്യാഷ് ട്രാൻസ്ഫർ സ്കീമുകൾ സ്വീകരിച്ച ചണ്ഡീഗഡ്, പുതുച്ചേരി, ദാദ്ര & നാഗർ ഹവേലിയിലെ നഗരപ്രദേശങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും/യുടികളിലും ഓൺലൈൻ അലോക്കേഷൻ നടപ്പിലാക്കിയിട്ടുണ്ട്. മറുവശത്ത്, 31 സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും വിതരണ ശൃംഖലാ മാനേജ്‌മെന്റ് കമ്പ്യൂട്ടർവത്കരിച്ചു.
ആധാർ സീഡിംഗ്: ദേശീയ തലത്തിൽ ഏകദേശം 99.9% റേഷൻ കാർഡുകളും ആധാർ നമ്പറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.
ന്യായവില കടകളുടെ (FPS) ഓട്ടോമേഷൻ: മിക്കവാറും എല്ലാ ന്യായവില കടകളിലും (FPSs) ഇപ്പോൾ ഇ-പോസ് ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇത് NFSA പ്രകാരം ബയോമെട്രിക്/ആധാർ അധിഷ്ഠിത പ്രാമാണീകരണം വഴി ഭക്ഷ്യധാന്യങ്ങൾ ഇലക്ട്രോണിക് രീതിയിൽ സുതാര്യമായി വിതരണം ചെയ്യാൻ സഹായിക്കുന്നു.
ഒരു രാജ്യം, ഒരു റേഷൻ കാർഡ് (ONORC): ഈ സംരംഭം ഗുണഭോക്താക്കൾക്ക് രാജ്യത്ത് എവിടെ നിന്നും PDS ആനുകൂല്യങ്ങൾ നേടാൻ അവസരം നൽകുന്നു. പോർട്ടബിലിറ്റിയും സൗകര്യവും ഉറപ്പാക്കുന്നു.
പൊതുവിതരണ സംവിധാനത്തിലെ പരാതികൾ അറിയിക്കുന്നതിനും പരിഹരിക്കുന്നതിനും, എല്ലാ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലും ഹെൽപ്പ് ലൈൻ നമ്പർ 1967/1800-സംസ്ഥാന സീരീസ് നമ്പർ പ്രവർത്തനക്ഷമമാണ്. PDS-ലെ അഴിമതിയും തിരിമറിയും ഉൾപ്പെടെയുള്ള പരാതികൾ ഈ വകുപ്പിൽ ലഭിക്കുമ്പോൾ, അന്വേഷണത്തിനും ഉചിതമായ നടപടികൾക്കുമായി അവ ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്റുകൾക്ക് കൈമാറുന്നു.
പൊതുവിതരണ സംവിധാനത്തിലെ (PDS) ഡിജിറ്റൽ പരിഷ്കാരങ്ങൾ
മേരാ റേഷൻ 2.0: പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന (PMGKAY) പ്രകാരമുള്ള ഗുണഭോക്താക്കൾക്ക് സുതാര്യതയും സൗകര്യവും വർദ്ധിപ്പിക്കുന്നതിനായി, കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് (DFPD) 2024 ഓഗസ്റ്റ് 20 ന് മേരാ റേഷൻ 2.0 മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. നവീകരിച്ച ആപ്പ് ഗുണഭോക്താക്കൾക്ക് അവരുടെ അർഹത, ഭക്ഷ്യധാന്യം പിൻവലിച്ചതിൻ്റെ വിശദാംശങ്ങൾ, ഏറ്റവും അടുത്തുള്ള ന്യായവില കടയുടെ (FPS) സ്ഥാനം എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുന്നു, കൂടാതെ തടസ്സമില്ലാത്തതും ഉപയോക്തൃ-സൗഹൃദവുമായ അനുഭവത്തിനായി നിരവധി പുതിയ മൂല്യവർദ്ധിത ഫീച്ചറുകളും ഇതിലുണ്ട്. ഇതിനകം 1 കോടിയിലധികം ഡൗൺലോഡുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അന്ന മിത്ര മൊബൈൽ ആപ്പ്: പൊതുവിതരണ സംവിധാനത്തിലെ ഫീൽഡ് തല ഉദ്യോഗസ്ഥർക്ക് പ്രധാനപ്പെട്ട പ്രവർത്തന ഡാറ്റയിലേക്ക് സുരക്ഷിതമായ പ്രവേശനം നൽകിക്കൊണ്ട് ഈ ആപ്പ് അവരെ ശാക്തീകരിക്കുന്നു. ന്യായവില കടകളിലെ ഡീലർമാർ, ഫുഡ് ഇൻസ്പെക്ടർമാർ, ജില്ലാ ഫുഡ് സപ്ലൈ ഓഫീസർമാർ (DFSOs) എന്നിവർക്കായി ഫീൽഡ് തല നിരീക്ഷണം, സ്റ്റോക്ക് മാനേജ്‌മെന്റ്, കംപ്ലയിൻസ് റിപ്പോർട്ടിംഗ് എന്നിവ കാര്യക്ഷമമാക്കാനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അന്ന മിത്രയുടെ പ്രധാന സവിശേഷതകൾ:
- ഫീൽഡ് തല പ്രവർത്തനങ്ങൾ, സ്റ്റോക്ക് ട്രാക്കിംഗ്, കംപ്ലയിൻസ് റിപ്പോർട്ടിംഗ് എന്നിവ സുഗമമാക്കുന്നു.
- റേഷൻ കാർഡുകളുടെ ഇടപാട് സംഗ്രഹങ്ങൾ, ഗുണഭോക്തൃ മാനേജ്മെന്റ്, മറ്റ് പങ്കാളികളുടെ വിവരങ്ങൾ എന്നിവ നൽകുന്നു.
- പരിശോധന മൊഡ്യൂളുകൾ, ഫീഡ്‌ബാക്ക്, റേറ്റിംഗ് സവിശേഷതകൾ എന്നിവ ഉൾപ്പെടുന്നു.
- ജില്ലാ തലം മുതൽ ന്യായവില കട (FPS) തലം വരെയുള്ള സ്റ്റോക്ക് മാനേജ്‌മെന്റ് സാധ്യമാക്കുന്നു.
ആനുകൂല്യങ്ങൾ:
- തടസ്സങ്ങൾ കുറയ്ക്കുകയും മാനുവൽ പേപ്പർ വർക്ക് ഇല്ലാതാക്കുകയും ചെയ്യുന്നു.
- തത്സമയ ഡാറ്റാ പ്രവേശനം വഴി തീരുമാനമെടുക്കൽ മെച്ചപ്പെടുത്തുന്നു.
- എല്ലാ പ്രധാന PDS പങ്കാളികളെയും ഒരൊറ്റ സുരക്ഷിത ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിലൂടെ സുതാര്യത, വേഗത, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നു.
നിലവിൽ, അന്ന മിത്ര ആപ്പ് അസം, മേഘാലയ, മണിപ്പൂർ, മിസോറം, സിക്കിം, ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, നാഗാലാൻഡ്, ഗോവ, ജമ്മു & കശ്മീർ, ദാമൻ & ദിയു, ലഡാക്ക്, മഹാരാഷ്ട്ര, പഞ്ചാബ്, ത്രിപുര എന്നിങ്ങനെ 15 ഇടങ്ങളിൽ പ്രവർത്തനക്ഷമമാണ്. ഇത് ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കുമുള്ള ഇതിൻ്റെ വ്യാപിപ്പിക്കൽ ഘട്ടം ഘട്ടമായി നടപ്പാക്കി വരുന്നു.
സ്മാർട്ട്-പിഡിഎസ്
നിലവിലുള്ള പരിഷ്കാരങ്ങൾക്ക് കൂടുതൽ കരുത്തേകാൻ, കേന്ദ്ര ഗവൺമെന്റ് സ്മാർട്ട്-പി.ഡി.എസ് (SMART-PDS - പൊതുവിതരണ സമ്പ്രദായത്തിലെ സാങ്കേതികവിദ്യയിലൂടെയുള്ള ആധുനികവൽക്കരണത്തിനും പരിഷ്കാരങ്ങൾക്കുമുള്ള പദ്ധതി) സംരംഭം 2025 ഡിസംബറോടെ വിവിധ ഘട്ടങ്ങളിലായി ആരംഭിക്കാൻ ഒരുങ്ങുകയാണ്. പൊതുവിതരണ സംവിധാനത്തിന്റെ സാങ്കേതിക അടിത്തറ ശക്തിപ്പെടുത്താനും സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പ്രധാനമായും നാല് മൊഡ്യൂളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇത് പ്രവർത്തിക്കുക:
1. ഭക്ഷ്യധാന്യ സംഭരണം
2. വിതരണ ശൃംഖല മാനേജ്മെന്റും ധാന്യങ്ങളുടെ വിഹിതവും
3. റേഷൻ കാർഡും ന്യായവില കടകളുടെ മാനേജ്മെന്റും
4. ബയോമെട്രിക് അധിഷ്ഠിത ധാന്യ വിതരണ മൊഡ്യൂൾ (e-KYC)).
ഉപസംഹാരം
ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ ഘടന കാർഷിക ഉത്പാദനം ശക്തിപ്പെടുത്തുക, സമത്വപരമായ വിതരണം ഉറപ്പാക്കുക എന്നീ ഇരട്ട തന്ത്രങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. അതേസമയം, 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമ(NFSA)ത്തിനോടൊപ്പം പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്നയോജന (PMGKAY), വികേന്ദ്രീകൃത സംഭരണ പദ്ധതി (DCP), ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി – ആഭ്യന്തരം (OMSS-D) തുടങ്ങിയ മുൻനിര പദ്ധതികൾ ചേരുമ്പോൾ, ഏകദേശം 81 കോടി ആളുകൾക്ക് താങ്ങാനാവുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിതരണം ഉറപ്പാക്കുന്നു. ഇത് അവർക്ക് താങ്ങാനാവുന്ന വിലയിൽ ഭക്ഷ്യധാന്യം ലഭിക്കുന്നുണ്ടെന്നും വില സ്ഥിരത നിലനിർത്തുന്നുണ്ടെന്നും ദുർബല കുടുംബങ്ങളെ വിശപ്പിൽ നിന്നും പോഷകാഹാരക്കുറവിൽ നിന്നും സംരക്ഷിക്കുന്നുണ്ടെന്നും ഉറപ്പാക്കുന്നു.
References
World Bank
https://www.worldbank.org/en/topic/agriculture/brief/food-security-update/what-is-food-security
Ministry of Food and Public Distribution
https://www.pib.gov.in/factsheetdetails.aspx?id=148563
https://www.pib.gov.in/PressNoteDetails.aspx?NoteId=151969&ModuleId=3
https://www.pib.gov.in/PressReleasePage.aspx?PRID=1592269
https://www.pib.gov.in/PressReleasePage.aspx?PRID=2098449
https://www.pib.gov.in/PressReleasePage.aspx?PRID=2159013
https://www.pib.gov.in/PressReleasePage.aspx?PRID=1988732.
https://www.pib.gov.in/PressNoteDetails.aspx?NoteId=151969&ModuleId=3
https://dfpd.gov.in/implementation-of-nfsa/en
https://sansad.in/getFile/loksabhaquestions/annex/185/AU4518_ge2pFO.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AU602_TrQ8Qc.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AU4410_Jc3GA9.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AU1688_G6tfjV.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AU4141_ES2bf4.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AU4518_ge2pFO.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AU2834_fivpqa.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AS390_q5eZib.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AU1781_sGYRRs.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AS242_Qrobv3.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AU1763_1EKZjU.pdf?source=pqals
https://sansad.in/getFile/loksabhaquestions/annex/185/AU2834_fivpqa.pdf?source=pqals
https://www.nfsm.gov.in/Guidelines/NFSNM%20GUIDELINES%20APPROVED%20FY%202025-2026.pdf
https://oilseeds.dac.gov.in/doddocuments/Nodalcropsduring.pdf
https://dfpd.gov.in/procurement-policy/en
https://www.nfsm.gov.in/Guidelines/Guideline_nfsmandoilseed201819to201920.pdf
https://nfsm.gov.in/Guidelines/NFSNM%20GUIDELINES%20APPROVED%20FY%202025-2026.pdf
https://www.pib.gov.in/PressReleseDetailm.aspx?PRID=2055957
Click here to see pdf
***
SK
(Backgrounder ID: 155612)
आगंतुक पटल : 36
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
English
,
Urdu
,
Nepali
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Kannada