Economy
ഇന്ത്യ മാറുന്നു AIയിലൂടെ
സമഗ്ര നവീകരണത്തിന് കരുത്ത് പകർന്ന് ₹10,300 കോടിയിലധികം നിക്ഷേപങ്ങളും 38,000 GPU-കളും
Posted On:
12 OCT 2025 4:31PM
പ്രധാന വസ്തുതകൾ
ഇന്ത്യാ AI മിഷന് വേണ്ടി അഞ്ച് വർഷത്തേക്ക് ₹10,300+ കോടി അനുവദിച്ചു, 38,000 ജിപിയു-കൾ വിന്യസിച്ചു.
സാങ്കേതികവിദ്യ, AI മേഖലയിൽ 6 ദശലക്ഷം ആളുകൾ ജോലി ചെയ്യുന്നു.
ഈ വർഷം സാങ്കേതിക മേഖലയിൽ നിന്നുള്ള വരുമാനം 280 ബില്യൺ ഡോളർ കവിയുമെന്ന് കണക്കാക്കുന്നു.
2035 ആകുമ്പോഴേക്കും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ 1.7 ട്രില്യൺ ഡോളർ കൂട്ടിച്ചേർക്കാൻ AIയ്ക്ക് കഴിയും.
|
ആമുഖം
സാങ്കേതികവിദ്യ ജീവിതത്തെ മാറ്റിമറിക്കുകയും രാജ്യത്തിന്റെ പുരോഗതി രൂപപ്പെടുത്തുകയും ചെയ്യുന്ന, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) നയിക്കുന്ന ഒരു പുതിയ യുഗത്തിന്റെ ആരംഭത്തിലാണ് ഇന്ത്യ ഇന്ന് എത്തിനിൽക്കുന്നത്. ഗവേഷണ ലാബുകളിലോ വൻകിട കമ്പനികളിലോ മാത്രമായി AI ഒതുങ്ങുന്നില്ല. എല്ലാ തലങ്ങളിലുമുള്ള പൗരന്മാരിലേക്കും AI എത്തിച്ചേരുന്നു. വിദൂര പ്രദേശങ്ങളിലെ ആരോഗ്യ പരിരക്ഷാ ലഭ്യത മെച്ചപ്പെടുത്തുന്നത് മുതൽ വിളകളെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കാൻ കർഷകരെ സഹായിക്കുന്നത് വരെ, AI നമ്മുടെ ദൈനംദിന ജീവിതം കൂടുതൽ ലളിതവും മികച്ചതും പരസ്പര ബന്ധിതവുമാക്കുന്നു. വ്യക്തിഗത പഠനത്തിലൂടെ ക്ലാസ് മുറികളിൽ വിപ്ലവം സൃഷ്ടിക്കുകയും നഗരങ്ങളെ വൃത്തിയുള്ളതും സുരക്ഷിതവുമാക്കുകയും വേഗതയേറിയതും ഡാറ്റാധിഷ്ഠിതവുമായ ഭരണത്തിലൂടെ പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഇന്ത്യാ AI മിഷൻ (IndiaAI Mission), സെൻ്റേഴ്സ് ഓഫ് എക്സലൻസ് ഫോർ AI (Centres of Excellence for AI) തുടങ്ങിയ സംരംഭങ്ങളാണ് ഈ പരിവർത്തനത്തിന്റെ കാതൽ. ഇവ കമ്പ്യൂട്ടിംഗ് പവറിലേക്കുള്ള പ്രവേശനം വിപുലീകരിക്കുകയും ഗവേഷണത്തെ പിന്തുണയ്ക്കുകയും സ്റ്റാർട്ടപ്പുകളെയും സ്ഥാപനങ്ങളെയും ആളുകൾക്ക് നേരിട്ട് പ്രയോജനം ചെയ്യുന്ന പരിഹാരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നു. AIയെ സുതാര്യവും എല്ലാവർക്കും പ്രാപ്യമാകുന്നതുമാക്കി മാറ്റുന്നതിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിലൂടെ നൂതന ആശയങ്ങൾ സമൂഹത്തെ മുഴുവനായി അഭിവൃദ്ധിപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുന്നു.
എന്താണ് AI (നിർമ്മിത ബുദ്ധി)?
മനുഷ്യബുദ്ധി ആവശ്യമുള്ള ജോലികൾ ചെയ്യാനുള്ള യന്ത്രങ്ങളുടെ കഴിവാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്(AI) അഥവാ നിർമ്മിത ബുദ്ധി. അനുഭവങ്ങളിൽ നിന്ന് പഠിക്കാനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും സങ്കീർണ്ണമായ പ്രശ്നങ്ങൾ സ്വതന്ത്രമായി പരിഹരിക്കാനും സിസ്റ്റങ്ങളെ ഇത് പ്രാപ്തമാക്കുന്നു. വിവരങ്ങൾ വിശകലനം ചെയ്യാനും പാറ്റേണുകൾ തിരിച്ചറിയാനും പ്രതികരണങ്ങൾ സൃഷ്ടിക്കാനും AI ഡാറ്റാസെറ്റുകൾ, അൽഗോരിതങ്ങൾ, ബൃഹത്തായ ഭാഷാ മോഡലുകൾ എന്നിവ ഉപയോഗിക്കുന്നു. കാലക്രമേണ, ഈ സംവിധാനങ്ങൾ അവയുടെ പ്രകടനം മെച്ചപ്പെടുത്തുന്നു, മനുഷ്യരെപ്പോലെ ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ആശയവിനിമയം നടത്താനും അവയെ പ്രാപ്തമാക്കുന്നു.
|
നീതി ആയോഗിന്റെ 'AI ഫോർ ഇൻക്ലൂസീവ് സോസൈറ്റൽ ഡെവലപ്‌മെന്റ്' (ഒക്ടോബർ 2025) എന്ന റിപ്പോർട്ടിലും ഈ സമഗ്ര കാഴ്ചപ്പാട് പ്രതിഫലിക്കുന്നു. ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാമ്പത്തിക ഉൾപ്പെടുത്തൽ എന്നിവയിലേക്കുള്ള പ്രവേശനം വിപുലീകരിക്കുന്നതിലൂടെ ഇന്ത്യയിലെ 490 ദശലക്ഷം അസംഘടിത തൊഴിലാളികളെ AI എങ്ങനെ ശാക്തീകരിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ ഉൽപ്പാദനക്ഷമതയും അതിജീവനശേഷിയും വർദ്ധിപ്പിക്കാൻ AI-അധിഷ്ഠിത ഉപകരണങ്ങൾക്ക് എങ്ങനെ കഴിയുമെന്ന് ഇത് എടുത്തുകാണിക്കുന്നു. AI യുടെ നേട്ടങ്ങൾ ഓരോ പൗരനിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, ആഴത്തിലുള്ള സാമൂഹികവും സാമ്പത്തികവുമായ വിഭജനങ്ങൾ നികത്താൻ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നും റിപ്പോർട്ട് ഊന്നിപ്പറയുന്നു.
നിലവിൽ ഇന്ത്യയിലെ AI ആവാസവ്യവസ്ഥ
ഇന്ത്യയുടെ സാങ്കേതിക മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു. ഈ വർഷം വാർഷിക വരുമാനം 280 ബില്യൺ യുഎസ് ഡോളർ കവിയുമെന്നാണ് കണക്കാക്കുന്നത്.
സാങ്കേതിക വിദ്യ, AI മേഖലയിൽ 6 ദശലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നു.
രാജ്യത്തെ 1,800+ ഗ്ലോബൽ ക്യാപബിലിറ്റി കേന്ദ്രങ്ങളിൽ, 500-ലധികം കേന്ദ്രങ്ങളും AI-യിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ഇന്ത്യയിൽ ഏകദേശം 1.8 ലക്ഷത്തോളം സ്റ്റാർട്ടപ്പുകളുണ്ട്. കഴിഞ്ഞ വർഷം ആരംഭിച്ച പുതിയ സ്റ്റാർട്ടപ്പുകളിൽ ഏകദേശം 89%-വും അവരുടെ ഉൽപ്പന്നങ്ങളിലോ സേവനങ്ങളിലോ AI ഉപയോഗിച്ചു.
NASSCOM AI അഡോപ്ഷൻ സൂചികയിൽ, ഇന്ത്യ നാലിൽ 2.45 പോയിന്റ് നേടി, ഇത് 87% സംരംഭങ്ങളും AI സൊല്യൂഷനുകൾ സജീവമായി ഉപയോഗിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു.
AI ഉപയോഗിക്കുന്ന മുൻനിര മേഖലകളിൽ വ്യാവസായികവും ഓട്ടോമോട്ടീവും, ഉപഭോക്തൃ വസ്തുക്കളും റീട്ടെയിലും, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങളും ഇൻഷുറൻസും, ആരോഗ്യ പരിരക്ഷ എന്നിവ ഉൾപ്പെടുന്നു. AI-യുടെ മൊത്തം മൂല്യത്തിന്റെ 60 ശതമാനത്തോളം ഇവ സംഭാവന ചെയ്യുന്നു.
സമീപകാല BCG സർവേ പ്രകാരം, ഏകദേശം 26% ഇന്ത്യൻ കമ്പനികളും ഗണ്യമായ AI പക്വത (maturity) കൈവരിച്ചിട്ടുണ്ട്.
|
ഇന്ത്യ ഒരു സമഗ്ര AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുമ്പോൾ, അതിന്റെ വർദ്ധിച്ചുവരുന്ന ആഗോള അംഗീകാരം ഈ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. സ്റ്റാൻഫോർഡ് AI സൂചിക പോലുള്ള റാങ്കിംഗുകൾ AI നൈപുണ്യം, ശേഷി, നയങ്ങൾ എന്നിവയിൽ ഇന്ത്യയെ മികച്ച നാല് രാജ്യങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ഗിറ്റ്ഹബിലെ AI പ്രോജക്ടുകൾക്ക് ഏറ്റവും വലിയ രണ്ടാമത്തെ സംഭാവന നൽകുന്ന രാജ്യവുമാണ് ഇന്ത്യ. ഇത് ഇന്ത്യൻ ഡെവലപ്പർ സമൂഹത്തിന്റെ ശക്തി എടുത്തുകാണിക്കുന്നു. കരുത്തുറ്റ STEM (ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം) അധ്വാനശേഷിയിലും വികസിച്ചുകൊണ്ടിരിക്കുന്ന ഗവേഷണ ആവാസവ്യവസ്ഥയിലും വളർന്നുവരുന്ന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളിലും ഊന്നി, സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും 2047-ഓടെ വികസിത ഭാരതം എന്ന ദീർഘകാല ലക്ഷ്യത്തിനും വേണ്ടി AI-യെ പ്രയോജനപ്പെടുത്താൻ ഇന്ത്യ സ്വയം സ്ഥാനമുറപ്പിക്കുന്നു

ഇന്ത്യാ AI മിഷൻ (IndiaAI Mission)
"ഇന്ത്യയിൽ AI നിർമ്മിക്കുക, ഇന്ത്യയ്ക്ക് വേണ്ടി AI പ്രവർത്തിപ്പിക്കുക" (Making AI in India and Making AI Work for India) എന്ന കാഴ്ചപ്പാടോടെ, അഞ്ച് വർഷത്തേക്ക് 10,371.92 കോടി രൂപയുടെ ബജറ്റ് വിഹിതത്തിൽ ഇന്ത്യാ AI മിഷന് കേന്ദ്ര മന്ത്രിസഭ 2024 മാർച്ചിൽ അംഗീകാരം നൽകി. നിർമ്മിത ബുദ്ധിയിൽ ഇന്ത്യയെ ഒരു ആഗോള നേതാവാക്കാനുള്ള നിർണായക ചുവടുവെപ്പാണ് ഈ ദൗത്യം.
ഇന്ത്യാ AI മിഷൻ അതിൻ്റെ തുടക്കം മുതൽ രാജ്യത്തിൻ്റെ കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ (Computing Infrastructure) വികസിപ്പിക്കുന്നതിൽ ശക്തമായ മുന്നേറ്റം കൈവരിച്ചു. ആദ്യ ലക്ഷ്യമായിരുന്ന 10,000 GPU-കളിൽ നിന്ന്, ഇന്ത്യ ഇപ്പോൾ 38,000 GPU-കൾ എന്ന നേട്ടം കൈവരിച്ചു. ഇത് ലോകോത്തര AI ഉപാധികൾ താങ്ങാനാവുന്ന വിലയ്ക്ക് പ്രാപ്തമാക്കുന്നു.
എന്താണ് GPU?
GPU അല്ലെങ്കിൽ ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റ് എന്നത് കമ്പ്യൂട്ടറുകളിലെ ഒരു കാര്യക്ഷമമായ ചിപ്പാണ്. വേഗത്തിൽ ചിന്തിക്കാനും ഇമേജുകൾ പ്രോസസ്സ് ചെയ്യാനും AI പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കാനും ഒരു സാധാരണ പ്രോസസ്സറിനേക്കാൾ കൂടുതൽ കാര്യക്ഷമമായി സങ്കീർണ്ണമായ ജോലികൾ ചെയ്യാനും ഇത് മെഷീനുകളെ സഹായിക്കുന്നു.
|
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള ഒരു സ്വതന്ത്ര ബിസിനസ് വിഭാഗമായ ഇന്ത്യാ AI ആണ് ഈ മിഷൻ നടപ്പിലാക്കുന്നത്. നവീകരണത്തെ പ്രോത്സാഹിപ്പിക്കുക, സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുക, ഡാറ്റ ആക്‌സസ് ശക്തിപ്പെടുത്തുക, പൊതു നന്മയ്ക്കായി AI-യുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ഒരു സമഗ്രമായ ആവാസവ്യവസ്ഥയാണ് ഇതുവഴി കെട്ടിപ്പടുക്കുന്നത്.

ഇന്ത്യാ AI മിഷന്റെ ഏഴ് സ്തംഭങ്ങൾ ഇവയാണ്:
1. ഇന്ത്യാ AI കമ്പ്യൂട്ട് പില്ലർ
ഉയർന്ന നിലവാരമുള്ള GPU-കൾ (High-end GPUs) താങ്ങാനാവുന്ന ചെലവിൽ ലഭ്യമാക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, 38,000-ത്തിലധികം GPU-കൾ മിഷൻ്റെ ഭാഗമായി ലഭ്യമാക്കിയിട്ടുണ്ട്. മണിക്കൂറിന് ₹65 എന്ന സബ്‌സിഡി നിരക്കിൽ ഈ GPU-കൾ ലഭ്യമാണ്.
2. ഇന്ത്യാ AI ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ്
ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ചുള്ള AI ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരോഗ്യം, കൃഷി, കാലാവസ്ഥാ വ്യതിയാനം, ഭരണം, അസിസ്റ്റീവ് ലേണിംഗ് സാങ്കേതികവിദ്യകൾ എന്നീ മേഖലകൾ ഉൾപ്പെടുന്നു. 2025 ജൂലൈ മാസത്തോടെ 30 ആപ്ലിക്കേഷനുകൾക്ക് അംഗീകാരം നൽകി കഴിഞ്ഞു. സൈബർ സുരക്ഷാ പോലുള്ള നിർണ്ണായക മേഖലകൾക്കായി മന്ത്രാലയങ്ങളുമായി സഹകരിച്ച് ഹാക്കത്തോണുകൾ സംഘടിപ്പിക്കുന്നു. ഉദാഹരണത്തിന്, സൈബർഗാർഡ് ഹാക്കത്തോൺ.
3. AIകോശ് (ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോം)
AIകോശ് AI മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി വലിയ ഡാറ്റാസെറ്റുകൾ വികസിപ്പിക്കുന്നു. ഇത് ഗവൺമെന്റ്, ഗവൺമെന്റിതര ഉറവിടങ്ങളിൽ നിന്നുള്ള ഡാറ്റ സംയോജിപ്പിക്കുന്നു. നിലവിൽ 3,000-ൽ അധികം ഡാറ്റാ സെറ്റുകളും 20 മേഖലകളിലായി 243 AI മോഡലുകളും ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. അടിസ്ഥാന മൊഡ്യൂളുകൾ നിർമ്മിക്കുന്നതിനുപകരം AI പരിഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവ ഡെവലപ്പർമാരെ സഹായിക്കുന്നു. 2025 ജൂലൈയോടെ പ്ലാറ്റ്‌ഫോമിൽ 265,000-ത്തിലധികം സന്ദർശനങ്ങളും 6,000 രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 13,000 ഡൗൺലോഡുകളും ഉണ്ട്.
4. ഇന്ത്യാ AI ഫൗണ്ടേഷൻ മോഡലുകൾ
AI രംഗത്ത് ഇന്ത്യയുടെ പരമാധികാരം (Sovereign Capability) ഉറപ്പാക്കാനും ആഗോള തലത്തിൽ മത്സരക്ഷമത നേടാനും വേണ്ടി, ഇന്ത്യൻ ഡാറ്റയും ഭാഷകളും ഉപയോഗിച്ച് രാജ്യത്തിൻ്റേതായ ലാർജ് മൾട്ടിമോഡൽ മോഡലുകൾ (LMMs) വികസിപ്പിക്കുന്നു. ഇന്ത്യാ AIയ്ക്ക് 500-ലധികം അപേക്ഷകൾ ലഭിച്ചു. ആദ്യ ഘട്ടത്തിൽ സർവം AI, സോക്കറ്റ് AI, ജ്ഞാനി AI, ഗാൻ AI എന്നീ നാല് സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തു.
5. ഇന്ത്യാ AI ഫ്യൂച്ചർ സ്കിൽസ്
AI രംഗത്ത് നൈപുണ്യമുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുന്നു. 500 PhD ഗവേഷകർക്കും 5,000 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും 8,000 ബിരുദ വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായം നൽകുന്നു. 2025 ജൂലൈ വരെ 200-ലധികം വിദ്യാർത്ഥികൾക്ക് ഫെലോഷിപ്പുകൾ ലഭിച്ചു. 26 സ്ഥാപനങ്ങൾ PhD വിദ്യാർത്ഥികളെ ഉൾപ്പെടുത്തി. ടയർ 2, ടയർ 3 നഗരങ്ങളിൽ ഡാറ്റ, AI ലാബുകൾ സ്ഥാപിക്കുന്നു. 27 ലാബുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുമായി (NIELIT) ചേർന്ന് തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ, 174 ITIകളെയും പോളിടെക്നിക്കുകളെയും ലാബുകൾക്കായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നാമനിർദ്ദേശം ചെയ്തു
6. ഇന്ത്യാ AI സ്റ്റാർട്ടപ്പ് ഫിനാൻസിംഗ്
AI സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകുന്നു. 2025 മാർച്ചിൽ ആരംഭിച്ച AI സ്റ്റാർട്ടപ്പ്സ് ഗ്ലോബൽ പ്രോഗ്രാം സ്റ്റേഷൻ എഫ്, HEC പാരീസ് എന്നിവയുമായി സഹകരിച്ച് യൂറോപ്യൻ വിപണിയിലേക്ക് വിപുലീകരിക്കാൻ 10 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നു.
7. സുരക്ഷിതവും വിശ്വസനീയവുമായ AI
ശക്തമായ ഭരണനിർവ്വഹണത്തോടെ ഉത്തരവാദിത്തമുള്ള AI ഉപയോഗം ഉറപ്പാക്കുന്നു. ആദ്യ റൗണ്ടിൽ എട്ട് പ്രോജക്ടുകൾ തിരഞ്ഞെടുത്തു. മെഷീൻ അൺലേണിംഗ്, ബയസ് മിറ്റിഗേഷൻ, സ്വകാര്യത സംരക്ഷിക്കുന്ന ML, വിശദീകരണക്ഷമത, ഓഡിറ്റിംഗ്, ഗവേണൻസ് ടെസ്റ്റിംഗ് എന്നിവയിൽ അവ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രണ്ടാം റൗണ്ടിൽ 400-ലധികം അപേക്ഷകൾ ലഭിച്ചു. ഇന്ത്യാ AI സേഫ്റ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നുപ്രവർത്തിക്കുന്നതിന് 2025 മെയ് 9-ന് പങ്കാളിത്ത സ്ഥാപനങ്ങളെ ക്ഷണിച്ചു.

2025 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിലെ AI
2025 ഒക്ടോബർ 8 ന് ന്യൂഡൽഹിയിലെ യശോഭൂമിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 9-ാമത് ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രധാന ആകർഷണമായിരുന്നു. "പരിവർത്തനത്തിനായി നവീകരിക്കുക (ഇന്നൊവേറ്റ് ടു ട്രാൻസ്ഫോം)" എന്ന പ്രമേയത്തിൽ, ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പും COAI-യും ചേർന്നാണ് ഒക്ടോബർ 8 മുതൽ 11 വരെ പരിപാടി സംഘടിപ്പിച്ചത്.
നെറ്റ്‌വർക്കുകൾ, സേവനങ്ങൾ, അടുത്ത തലമുറാ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയിൽ AI യുടെ പരിവർത്തനാത്മക പങ്ക് എടുത്തുകാണിച്ച അന്താരാഷ്ട്ര AI ഉച്ചകോടി ഉൾപ്പെടെ, ആറ് പ്രധാന ആഗോള ഉച്ചകോടികൾ IMC 2025-ൽ ഉണ്ടായിരുന്നു. AI, 5G, 6G, സ്മാർട്ട് മൊബിലിറ്റി, സൈബർ സുരക്ഷ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഗ്രീൻ ടെക്നോളജി എന്നിവയിലായി 1,600-ലധികം പുതിയ ഉപയോഗ സാധ്യതകൾ (use-cases) 100-ൽ അധികം സെഷനുകളിലൂടെയും 800-ൽ അധികം സ്പീക്കർമാരിലൂടെയും അവതരിപ്പിച്ചു.
150 രാജ്യങ്ങളിൽ നിന്നുള്ള 1.5 ലക്ഷത്തിലധികം സന്ദർശകരും 7,000 ആഗോള പ്രതിനിധികളും 400 കമ്പനികളും ഈ പരിപാടിയിൽ പങ്കെടുത്തു. AI-യുടെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ഭാവി രൂപപ്പെടുത്തുന്നതിനായി നവീകരണ വിദഗ്ധർ, സ്റ്റാർട്ടപ്പുകൾ, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ എന്നിവരെ ഇത് ഒരു കുടക്കീഴിൽ കൊണ്ടുവന്നു.
|
മറ്റ് പ്രധാന ഗവൺമെന്റ് സംരംഭങ്ങളും നയരൂപീകരണ നടപടികളും
പരിവർത്തന സംരംഭങ്ങളുടെ ഒരു പരമ്പരയിലൂടെ ഇന്ത്യാ ഗവൺമെന്റ് അതിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാഴ്ചപ്പാട് പ്രവർത്തനക്ഷമമാക്കുകയാണ്. ശക്തമായ ഒരു AI ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക, നവീകരണം പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനകരമാണെന്ന് ഉറപ്പാക്കുക എന്നിവയിൽ ഈ ശ്രമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ലോകോത്തര ഗവേഷണ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിൽ മുതൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത AI മോഡലുകൾ വികസിപ്പിക്കുന്നതിൽ വരെ നയം, അടിസ്ഥാന സൗകര്യങ്ങൾ, ശേഷി വർദ്ധിപ്പിക്കൽ എന്നിവ സമന്വയിപ്പിച്ചാണ് ഗവൺമെന്റ് മുന്നോട്ട് പോകുന്നത്.
AI-യുടെ മികവിന്റെ കേന്ദ്രങ്ങൾ (Centres of Excellence for AI)
ഗവേഷണാധിഷ്ഠിത നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, ആരോഗ്യം, കൃഷി, സുസ്ഥിര നഗരങ്ങൾ തുടങ്ങിയ പ്രധാന മേഖലകളിൽ ഗവൺമെന്റ് മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ (CoE-കൾ) സ്ഥാപിച്ചിട്ടുണ്ട്. 2025 ലെ ബജറ്റിൽ വിദ്യാഭ്യാസത്തിനായുള്ള നാലാമത്തെ CoE പ്രഖ്യാപിച്ചു. അക്കാദമിക സ്ഥാപനങ്ങൾ, വ്യവസായ മേഖല, ഗവൺമെന്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഒരുമിച്ച് പ്രവർത്തിക്കാനും വിപുലമായി പ്രയോഗിക്കാൻ കഴിയുന്ന AI പരിഹാരങ്ങൾ വികസിപ്പിക്കാനും സഹായകമാകുന്ന സഹകരണ ഇടങ്ങളായി (Collaborative Spaces) പ്രവർത്തിക്കുന്നതിനാണ് ഈ കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതോടൊപ്പം, ഭാവിക്ക് സജ്ജമായ തൊഴിലാളിവർഗ്ഗത്തെ സൃഷ്ടിക്കുന്നതിനായി, വ്യവസായ-അനുബന്ധ AI നൈപുണ്യ പരിശീലനം നൽകാൻ അഞ്ച് ദേശീയ നൈപുണ്യ മികവിൻ്റെ കേന്ദ്രങ്ങളും (National Centres of Excellence for Skilling) സ്ഥാപിച്ചു.
AI വൈദഗ്ധ്യ രൂപരേഖ
ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് AI-യിൽ ആവശ്യമായ നൈപുണ്യം നൽകാനും അത് നയരൂപീകരണത്തിലും ഭരണനിർവ്വഹണത്തിലും പ്രയോഗിക്കാനും സഹായിക്കുന്ന ചിട്ടയായ പരിശീലന സംവിധാനമാണിത്. ആഗോള മാനദണ്ഡങ്ങൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ രൂപരേഖ, ഇന്ത്യയുടെ പൊതുമേഖല അറിവുള്ളതും ചടുലവും AI- നയിക്കുന്ന ഭാവിക്കായി തയ്യാറുള്ളതുമാണെന്ന് ഉറപ്പാക്കുന്നു.
ഇന്ത്യാ AI സ്റ്റാർട്ടപ്പ്സ് ഗ്ലോബൽ ആക്സിലറേഷൻ പ്രോഗ്രാം
പാരീസിലെ സ്റ്റേഷൻ എഫിന്റെയും HEC പാരീസിന്റെയും സഹകരണത്തോടെ ആരംഭിച്ച ഈ പരിപാടി, ആഗോള വൈദഗ്ദ്ധ്യം, നെറ്റ്‌വർക്കുകൾ, വിഭവങ്ങൾ എന്നിവയിലേക്ക് പ്രവേശനം നൽകിക്കൊണ്ട് ഭാവി വാഗ്ദാനങ്ങളായ പത്ത് ഇന്ത്യൻ AI സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നു. അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാനും കാലുറപ്പിക്കാനും ഇന്ത്യൻ ഇന്നൊവേറ്റർമാരെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
സർവം AI: സ്മാർട്ടർ ആധാർ സർവീസസ്
ബെംഗളൂരു ആസ്ഥാനമായ സർവം AI എന്ന കമ്പനി, നൂതന AI ഗവേഷണത്തെ പ്രായോഗികമായ ഭരണപരിഹാരങ്ങളാക്കി മാറ്റുന്നു. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യുമായി സഹകരിച്ച്, ജനറേറ്റീവ് AI ഉപയോഗിച്ച് ആധാർ സേവനങ്ങൾ കൂടുതൽ മികച്ചതും സുരക്ഷിതവുമാക്കുന്നു. 2025 ഏപ്രിലിൽ, പൊതു സേവന വിതരണം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ വിശ്വാസം പ്രോത്സാഹിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു ഓപ്പൺ സോഴ്‌സ് മോഡലായ ഇന്ത്യയുടെ സോവറിൻ LLM ഇക്കോസിസ്റ്റം നിർമ്മിക്കുന്നതിനുള്ള അംഗീകാരം സർവം AI-ക്ക് ലഭിച്ചു.
ഭാഷിണി: ഡിജിറ്റൽ ഉൾപ്പെടുത്തലിനുള്ള ശബ്ദം
ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ വിവർത്തന, സംഭാഷണ ടൂളുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ഭാഷാ തടസ്സങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിടുന്ന ഒരു AI-അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് ഭാഷിണി. വായിക്കാനോ എഴുതാനോ ബുദ്ധിമുട്ടുള്ളവർക്ക് പോലും ഡിജിറ്റൽ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ ബഹുഭാഷാ AI പരിഹാരങ്ങൾ വിന്യസിക്കുന്നതിനായി ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനും CRIS-ഉം (Centre for Railway Information Systems) 2025 ജൂണിൽ ഒരു ധാരണാപത്രം (MoU) ഒപ്പുവെച്ചു.
2022 ജൂലൈയിൽ ആരംഭിച്ച ശേഷം ഭാഷിണി 10 ലക്ഷത്തിലധികം ഡൗൺലോഡുകൾ പിന്നിട്ടു, 20 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്നു, 350-ൽ അധികം AI മോഡലുകൾ സംയോജിപ്പിക്കുന്നു.. 450+ സജീവ ഉപഭോക്താക്കളുമായി, ഇത് ഡിജിറ്റൽ ഉൾപ്പെടുത്തലിനെ പ്രോത്സാഹിപ്പിക്കുകയും ഭാഷാപരമായ വിഭജനങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഭാരത്ജെൻ AI: ഇന്ത്യയുടെ ബഹുഭാഷാ AI മോഡൽ
2025 ജൂൺ 2-ന് ഭാരത്ജെൻ ഉച്ചകോടിയിൽ ആരംഭിച്ച ഭാരത്ജെൻ AI, ഗവൺമെന്റ് ധനസഹായത്തോടെ നിർമ്മിച്ച ആദ്യത്തെ, തദ്ദേശീയ മൾട്ടിമോഡൽ ലാർജ് ലാംഗ്വേജ് മോഡലാണ്. ഇത് 22 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുകയും ടെക്സ്റ്റ്, സംഭാഷണം, ഇമേജ് എന്നിവ മനസ്സിലാക്കാനുള്ള കഴിവ് സംയോജിപ്പിക്കുകയും ചെയ്യുന്നു.
ആഭ്യന്തര ഡാറ്റാസെറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച ഭാരത്ജെൻ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ഉൾക്കൊള്ളുകയും ഇന്ത്യൻ ആവശ്യങ്ങൾക്കനുസൃതമായി AI പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്കും ഗവേഷകർക്കും ഒരു പൊതുവേദി നൽകുകയും ചെയ്യുന്നു.
ഇന്ത്യാ AI ഇംപാക്ട് ഉച്ചകോടി 2026
2026 ഫെബ്രുവരിയിൽ ഇന്ത്യാ AI ഇംപാക്ട് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. ഉച്ചകോടി ഇന്ത്യയുടെ AI കഴിവുകൾ പ്രദർശിപ്പിക്കുകയും മേഖലകളിലുടനീളം നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 2025 സെപ്റ്റംബർ 18-ന് ഈ പരിപാടിയുടെ ലോഗോയും പ്രധാന സംരംഭങ്ങളും ഇന്ത്യ അനാച്ഛാദനം ചെയ്തു.

പ്രധാന സംരംഭങ്ങൾ:
AI പിച്ച് ഫെസ്റ്റ് (UDAAN): വനിതാ നേതാക്കളെയും മാറ്റത്തിന്റെ വക്താക്കളായ ഭിന്നശേഷിക്കാരെയും കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള AI സ്റ്റാർട്ടപ്പുകൾക്കുള്ള ഒരു പ്ലാറ്റ്‌ഫോം.
യുവാക്കൾക്കും സ്ത്രീകൾക്കും മറ്റ് പങ്കാളികൾക്കുമുള്ള ആഗോള നവീകരണ വെല്ലുവിളികൾ: വിവിധ മേഖലകളിലെ പൊതു വെല്ലുവിളികൾക്ക് AI അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്താൻ ഇത് പ്രോത്സാഹിപ്പിക്കുന്നു.
ഗവേഷണ സിമ്പോസിയം: ഏറ്റവും പുതിയ AI ഗവേഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഇന്ത്യ, ഗ്ലോബൽ സൗത്ത്, അന്താരാഷ്ട്ര സമൂഹം എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ ഗവേഷകരെ അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനും സംഭാവനകൾ കൈമാറുന്നതിനും സഹകരണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഒരുമിച്ച് കൊണ്ടുവരുന്നതിനും ലക്ഷ്യമിടുന്നു.
AI എക്‌സ്‌പോ: ഉത്തരവാദിത്തപരമായ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ എക്‌സ്‌പോയിൽ ഇന്ത്യയിൽ നിന്നും 30+ രാജ്യങ്ങളിൽ നിന്നുമുള്ള 300+ പ്രദർശകർ പങ്കെടുക്കും.
ഉച്ചകോടിയുടെ ലോഗോയും പ്രധാന മുൻനിര സംരംഭങ്ങളും അനാച്ഛാദനം ചെയ്ത പരിപാടിയിൽ ഇന്ത്യ-നിർദ്ദിഷ്ട ഡാറ്റയിൽ പരിശീലനം ലഭിച്ച തദ്ദേശീയ AI മോഡലുകൾ നിർമ്മിക്കുന്നതിനുള്ള എട്ട് പുതിയ അടിസ്ഥാന മാതൃക സംരംഭങ്ങൾ ആരംഭിച്ചു. ഇന്ത്യയിലുടനീളം മുപ്പത് ലാബുകൾ ആരംഭിച്ച് 570 ലാബുകളുടെ ഒരു ശൃംഖല സൃഷ്ടിക്കുന്ന AI ഡാറ്റ ലാബുകളിലായിരുന്നു മറ്റൊരു പ്രധാന ശ്രദ്ധ. ആദ്യത്തെ 27 ലാബുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുമായി (NIELIT) സഹകരിച്ചാണ് സ്ഥാപിച്ചത്. ഇന്ത്യാ AI മിഷന്റെ ഫ്യൂച്ചർ സ്കിൽസ് സംരംഭത്തിന് കീഴിലാണ് ഈ ലാബുകൾ അടിസ്ഥാന AI, ഡാറ്റാ പരിശീലനം നൽകുന്നത്.
13,500 സ്കോളർമാരെ പിന്തുണയ്ക്കുന്നതിനായി ഇന്ത്യാ AI ഫെലോഷിപ്പ് പ്രോഗ്രാമും പോർട്ടലും ഈ പരിപാടിയിൽ വിപുലീകരിച്ചു. ഇതിൽ 8,000 ബിരുദ വിദ്യാർത്ഥികൾ, 5,000 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ, എല്ലാ വിഷയങ്ങളിലുമുള്ള 500 PhD ഗവേഷകർ എന്നിവർ ഉൾപ്പെടുന്നു. എഞ്ചിനീയറിംഗ്, മെഡിസിൻ, നിയമം, വാണിജ്യം, ബിസിനസ്സ്, ലിബറൽ ആർട്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ഇപ്പോൾ ഫെലോഷിപ്പുകൾ ലഭ്യമാണ്.
ദൈനംദിന ജീവിതത്തിലും ജോലിയിലും AI
ആരോഗ്യം, കൃഷി എന്നിവ മുതൽ വിദ്യാഭ്യാസം, ഭരണം, കാലാവസ്ഥാ പ്രവചനം വരെ ദൈനംദിന ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളെയും സ്പർശിക്കുന്ന നൂതനാശയങ്ങളുടെ ഒരു പുതിയ തരംഗമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഇത് രോഗങ്ങൾ വേഗത്തിൽ നിർണ്ണയിക്കാൻ ഡോക്ടർമാരെ സഹായിക്കുന്നു, ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിൽ (ഉദാഹരണത്തിന്, എപ്പോൾ വിതയ്ക്കണം, എത്രമാത്രം വെള്ളം വേണം) കർഷകരെ സഹായിക്കുന്നു, വിദ്യാർത്ഥികളുടെ പഠനരീതി മെച്ചപ്പെടുത്തുകയും മികച്ച പഠന ഫലങ്ങൾ നേടാൻ സഹായിക്കുകയും ചെയ്യുന്നു. ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നു.
ഈ പരിവർത്തനത്തിന്റെ കാതൽ ലാർജ് ലാംഗ്വേജ് മോഡൽ (LLM) ആണ്. ഇത്, വലിയ അളവിലുള്ള ഡാറ്റയിൽ നിന്ന് പഠിച്ച്, മനുഷ്യസമാനമായ രീതിയിൽ ടെക്സ്റ്റ് മനസ്സിലാക്കാനും സൃഷ്ടിക്കാനും കഴിവുള്ള ഒരു നൂതന AI സംവിധാനമാണ്. LLM-കളാണ് ചാറ്റ്ബോട്ടുകൾ, വിവർത്തന ഉപകരണങ്ങൾ, വെർച്വൽ അസിസ്റ്റന്റുകൾ എന്നിവ സാധ്യമാക്കുന്നത്. സ്വന്തം ഭാഷയിൽ വിവരങ്ങൾ തേടാനും ഗവൺമെന്റ് സേവനങ്ങൾ ഉപയോഗിക്കാനും പുതിയ കഴിവുകൾ നേടാനും ഇത് ആളുകളെ സഹായിക്കുന്നു.
|
ഇന്ത്യയുടെ AI സമീപനം, സാങ്കേതികവിദ്യക്കപ്പുറം ഉൾക്കൊള്ളലിനും ശാക്തീകരണത്തിനും ഊന്നൽ നൽകുന്നു. ദേശീയ സംരംഭങ്ങളിലൂടെയും ആഗോള സഹകരണങ്ങളിലൂടെയും, യഥാർത്ഥ ലോകത്തിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും പൊതു സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഓരോ പൗരനും അവസരങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിനും AI ഉപയോഗിക്കുന്നു. ഗ്രാമീണ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതും കാലാവസ്ഥ പ്രവചിക്കുന്നതും മുതൽ കോടതി വിധിന്യായങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതും വരെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും നീതിയുക്തവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പുരോഗതിയുടെ ശക്തമായ സഹായിയായി AI ഉയർന്നുവരുന്നു.
AI ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്ന ചില പ്രധാന മേഖലകൾ ഇവയാണ്:
ആരോഗ്യ സംരക്ഷണം
AI ആരോഗ്യ സംരക്ഷണ വിതരണത്തെ സമൂലമായി പരിവർത്തനം ചെയ്യുന്നു. രോഗങ്ങൾ നേരത്തെ കണ്ടെത്താനും, മെഡിക്കൽ സ്കാനുകൾ വിശകലനം ചെയ്യാനും, വ്യക്തിഗത ചികിത്സകൾ ശുപാർശ ചെയ്യാനും ഇത് ഡോക്ടർമാരെ സഹായിക്കുന്നു. AI-യുടെ പിന്തുണയുള്ള ടെലിമെഡിസിൻ പ്ലാറ്റ്‌ഫോമുകൾ ഗ്രാമീണ മേഖലയിലെ രോഗികളെ മുൻനിര ആശുപത്രികളിലെ വിദഗ്ധരുമായി ബന്ധിപ്പിക്കുന്നു, പരിചരണ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം സമയവും ചെലവും ലാഭിക്കുന്നു. ആരോഗ്യരംഗത്തെ സുരക്ഷിതവും ധാർമ്മികവുമായ AI പ്രോത്സാഹിപ്പിക്കുന്ന HealthAI എന്ന ആഗോള സ്ഥാപനത്തിലെ ഇന്ത്യയുടെ പങ്കാളിത്തവും യുകെ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായി ICMR-ഉം ഇന്ത്യാ AI-യും തമ്മിലുള്ള സഹകരണവും ഉത്തരവാദിത്തമുള്ള നവീകരണവും ആഗോള നിലവാരവും ഉറപ്പാക്കുന്നു.
കൃഷി
കർഷകരെ സംബന്ധിച്ച് AI ഒരു വിശ്വസനീയ ഡിജിറ്റൽ കൂട്ടാളിയാണ്. കാലാവസ്ഥാ പ്രവചനം, കീടങ്ങളുടെ ആക്രമണം കണ്ടെത്തൽ, ജലസേചനത്തിനും വിതയ്ക്കുന്നതിനും ഏറ്റവും അനുയോജ്യമായ സമയം നിർദ്ദേശിക്കൽ എന്നിവ AI ചെയ്യുന്നു. പിഎം കിസാൻ സമ്മാൻ നിധി പോലുള്ള ഗവൺമെന്റ് പദ്ധതികൾ പ്രാപ്തമാക്കാൻ കർഷകരെ സഹായിക്കുന്ന വെർച്വൽ അസിസ്റ്റന്റ് ആയ കിസാൻ ഇ-മിത്ര പോലുള്ള സംരംഭങ്ങളിലൂടെ കൃഷി, കർഷകക്ഷേമ മന്ത്രാലയം AI ഉപയോഗിക്കുന്നു.
ദേശീയ കീട നിരീക്ഷണ സംവിധാനവും (National Pest Surveillance System) വിള ആരോഗ്യ നിരീക്ഷണവും ഉപഗ്രഹ ഡാറ്റ, കാലാവസ്ഥാ വിവരങ്ങൾ, മണ്ണ് വിശകലനം എന്നിവ സംയോജിപ്പിച്ച് തത്സമയ ഉപദേശം നൽകുന്നു.
വിദ്യാഭ്യാസവും നൈപുണ്യ വികസനവും
പഠനം കൂടുതൽ ഉൾക്കൊള്ളുന്നതും ആകർഷകവും ഭാവിക്ക് സജ്ജമാക്കുന്നതുമാക്കാൻ AI വിദ്യാഭ്യാസത്തിൽ സംയോജിപ്പിക്കുന്നു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (NEP) പ്രകാരം, CBSE ആറാം ക്ലാസ് മുതൽ 15 മണിക്കൂർ AI നൈപുണ്യ മൊഡ്യൂളും, 9 മുതൽ 12 വരെ ക്ലാസുകളിൽ AI ഒരു ഓപ്ഷണൽ വിഷയമായും നൽകുന്നു. NCERT യുടെ DIKSHA ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോം, പ്രത്യേകിച്ച് കാഴ്ച വൈകല്യമുള്ള പഠിതാക്കൾക്ക്, വീഡിയോകളിലെ കീവേഡ് തിരയൽ, വായിച്ചു കേൾപ്പിക്കാനുള്ള സവിശേഷതകൾ എന്നിവ പോലുള്ള AI ടൂളുകൾ ഉപയോഗിച്ച് പ്രവേശനക്ഷമത വർദ്ധിപ്പിക്കുന്നു.
കൂടാതെ, MeitY യുടെ കീഴിലുള്ള നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ (NeGD), അതിന്റെ പങ്കാളികളുമായി സഹകരിച്ച്, 8 മുതൽ 12 വരെയുള്ള ക്ലാസുകൾ മുതൽ 12 വരെയുള്ള ക്ലാസുകൾ വരെയുള്ള വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന രീതിയിൽ AI, സാമൂഹിക കഴിവുകൾ എന്നിവയിൽ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു ദേശീയ പരിപാടിയായ YUVAi: യൂത്ത് ഫോർ ഉന്നതി ആൻഡ് വികാസ് വിത്ത് AI നടപ്പിലാക്കിയിട്ടുണ്ട്. കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി, ഗതാഗതം, ഗ്രാമവികസനം, സ്മാർട്ട് സിറ്റി, നിയമം, നീതി എന്നീ എട്ട് മേഖലകളിൽ AI വൈദഗ്ദ്ധ്യം നേടാനും പ്രയോഗിക്കാനുമുള്ള ഒരു വേദി ഈ പരിപാടി വിദ്യാർത്ഥികൾക്ക് നൽകുന്നു.
ഭരണനിർവ്വഹണവും നീതിനിർവ്വഹണവും
ഭരണനിർവ്വഹണവും പൊതുസേവന വിതരണവും AI പുനർരൂപകൽപ്പന ചെയ്യുന്നു. സുപ്രീം കോടതിയുടെ അഭിപ്രായത്തിൽ, ഇ-കോർട്ട്സ് പ്രോജക്റ്റ് ഫേസ് III പ്രകാരം, നീതിന്യായ വ്യവസ്ഥയെ കൂടുതൽ കാര്യക്ഷമവും സുതാര്യവും എല്ലാവർക്കും പ്രാപ്യവുമാക്കാൻ AI സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്നു. നിർമ്മിത ബുദ്ധിയും മെഷീൻ ലേണിംഗ്, ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് തുടങ്ങിയ അതിന്റെ ഉപവിഭാഗങ്ങളും വിവർത്തനം, പ്രവചനം, ഭരണപരമായ കാര്യക്ഷമത, ഓട്ടോമേറ്റഡ് ഫയലിംഗ്, ഇന്റലിജന്റ് ഷെഡ്യൂളിംഗ്, ചാറ്റ്ബോട്ടുകൾ വഴിയുള്ള ആശയവിനിമയം എന്നിവയിൽ ഉപയോഗിക്കുന്നു.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധിന്യായങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിന് ഹൈക്കോടതികളിലെ AI ട്രാൻസ്‍ലേഷൻ കമ്മിറ്റികൾ മേൽനോട്ടം വഹിക്കുന്നു. e-HCR, e-ILR പോലുള്ള ഡിജിറ്റൽ ലീഗൽ പ്ലാറ്റ്‌ഫോമുകൾ വഴി പൗരന്മാർക്ക് വിവിധ പ്രാദേശിക ഭാഷകളിലുള്ള വിധികൾ ഓൺലൈനിൽ ലഭ്യമാക്കുന്നു, ഇത് നീതി നിർവ്വഹണം കൂടുതൽ സുതാര്യവും ഉൾക്കൊള്ളുന്നതുമാക്കുന്നു.
കാലാവസ്ഥാ പ്രവചനവും കാലാവസ്ഥാ സേവനങ്ങളും
പ്രകൃതി ദുരന്തങ്ങൾ പ്രവചിക്കുന്നതിനും പ്രതികരിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശേഷി AI ഉപയോഗിച്ച് വർദ്ധിപ്പിക്കുന്നു. മഴ, മൂടൽമഞ്ഞ്, ഇടിമിന്നൽ, തീ എന്നിവ പ്രവചിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് AI-അധിഷ്ഠിത മോഡലുകൾ ഉപയോഗിക്കുന്നു. അഡ്വാൻസ്ഡ് ഡ്വോരാക് ടെക്നിക് (AiDT) ചുഴലിക്കാറ്റിൻ്റെ തീവ്രത കണക്കാക്കാൻ സഹായിക്കുന്നു. വരാനിരിക്കുന്ന AI ചാറ്റ്ബോട്ടായ മൗസംജിപിടി കർഷകർക്കും ദുരന്ത നിവാരണ ഏജൻസികൾക്കും തത്സമയ കാലാവസ്ഥ, കാലാവസ്ഥാ ഉപദേശങ്ങൾ നൽകാൻ ലക്ഷ്യമിടുന്നു.
AI തൊഴിലില്ലായ്മയിലേക്ക് നയിക്കുമോ?
നിർമ്മിത ബുദ്ധി പലപ്പോഴും ജോലികൾക്ക് ഭീഷണിയായി കാണപ്പെടുന്നു, പക്ഷേ വാസ്തവത്തിൽ, അത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു. NASSCOMന്റെ "അഡ്വാൻസിങ് ഇന്ത്യാസ് AI സ്കിൽസ്" (ഓഗസ്റ്റ് 2024) റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ AI പ്രൊഫഷണലുകളുടെ എണ്ണം 2027 ഓടെ 6–6.5 ലക്ഷത്തിൽ നിന്ന് 12.5 ലക്ഷത്തിലധികം ആയി വർധിക്കാൻ സാധ്യതയുണ്ട്.
ഡാറ്റാ സയൻസ്, ഡാറ്റ ക്യൂറേഷൻ, AI എഞ്ചിനീയറിംഗ്, അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ AI പുതിയ ആവശ്യകതകൾക്ക് വഴി തുറക്കുന്നു. 2025 ഓഗസ്റ്റ് വരെ, ഏകദേശം 8.65 ലക്ഷം ഉദ്യോഗാർത്ഥികൾ വളർന്നുവരുന്ന വിവിധ സാങ്കേതിക കോഴ്സുകളിൽ ചേരുകയോ പരിശീലനം നേടുകയോ ചെയ്തിട്ടുണ്ട്, ഇതിൽ 3.20 ലക്ഷം പേർ AI, ബിഗ് ഡാറ്റ അനലിറ്റിക്സ് എന്നിവയിലും ഉൾപ്പെടുന്നു.
ഭാവിയിലേക്ക് തൊഴിലാളികളെ സജ്ജമാക്കുന്നതിനായി, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, MeitY, AI ഉൾപ്പെടെ 10 പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ ഐടി പ്രൊഫഷണലുകളെ നിലവിലുള്ള നൈപുണ്യം മെച്ചപ്പെടുത്താനും വർദ്ധിപ്പിക്കാനും ഒരു ദേശീയ പരിപാടിയായ ഫ്യൂച്ചർ സ്കിൽസ് പ്രൈം (FutureSkills PRIME) ആരംഭിച്ചു. 2025 ഓഗസ്റ്റ് വരെ, 18.56 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഫ്യൂച്ചർസ്കിൽസ് പ്രൈം പോർട്ടലിൽ രജിസ്റ്റർ ചെയ്തു, 3.37 ലക്ഷത്തിലധികം പേർ അവരുടെ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കി.
|
സമഗ്ര സാമൂഹിക വികസനത്തിനായി AI

'AI ഫോർ ഇൻക്ലൂസീവ് സൊസൈറ്റൽ ഡെവലപ്‌മെന്റ്' (ഒക്ടോബർ 2025) റിപ്പോർട്ട് ഇന്ത്യയിലെ അസംഘടിത തൊഴിലാളികളെ ശാക്തീകരിക്കുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള രൂപരേഖ മുന്നോട്ടുവെക്കുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ എങ്ങനെയാണ് അവഗണിക്കപ്പെട്ട തൊഴിലാളികളിലേക്ക് എത്തുക, അതുവഴി അവർക്ക് തടസ്സങ്ങൾ മറികടക്കാനും ഇന്ത്യയുടെ വികസന ചരിത്രത്തിൽ സ്വന്തം ഇടം നേടാനും കഴിയുക എന്ന നിർണായക ചോദ്യം റിപ്പോർട്ട് ചോദിക്കുന്നു.
അസംഘടിത തൊഴിലാളികളുടെ യഥാർത്ഥ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട്. രാജ്കോട്ടിലെ ഹോം ഹെൽത്ത് കെയർ ജീവനക്കാരൻ, ഡൽഹിയിലെ മരപ്പണിക്കാരൻ, കർഷകൻ എന്നിങ്ങനെ പലരുടെയും വെല്ലുവിളികളെയും അഭിലാഷങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഈ കഥകൾ അവർ നേരിടുന്ന തടസ്സങ്ങളും എന്നാൽ, സാങ്കേതികവിദ്യക്ക് അവരെ ശാക്തീകരിക്കാനുള്ള വലിയ സാധ്യതകളും കാണിക്കുന്നു. ഈ ദശലക്ഷക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം, സാങ്കേതികവിദ്യ അവരുടെ നൈപുണ്യത്തെ ഇല്ലാതാക്കുകയല്ല, മറിച്ച് അത് അവയെ വർദ്ധിപ്പിക്കുകയാണ് വേണ്ടത്.
ഇന്ത്യയിലെ 49 കോടി അസംഘടിത തൊഴിലാളികൾ നേരിടുന്ന വ്യവസ്ഥാപരമായ തടസ്സങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ബ്ലോക്ക്‌ചെയിൻ, റോബോട്ടിക്‌സ്, ഇമ്മേഴ്‌സീവ് ലേണിംഗ് എന്നിവ എങ്ങനെ ഇല്ലാതാക്കുമെന്ന് നീതി ആയോഗിന്റെ രൂപരേഖ ചർച്ച ചെയ്യുന്നു. 2035 ആകുമ്പോഴേക്കും, വോയ്‌സ്-ഫസ്റ്റ് എഐ ഇന്റർഫേസുകൾ ഭാഷയും സാക്ഷരതാ തടസ്സങ്ങളും മറികടക്കുന്ന ഒരു ഭാവിയെ ഇത് വിഭാവനം ചെയ്യുന്നു. സമയബന്ധിതവും സുതാര്യവുമായ പേയ്‌മെൻ്റുകൾ ഉറപ്പാക്കാൻ സ്മാർട്ട് കോൺട്രാക്റ്റുകൾ സഹായകമാകും. മൈക്രോ-ക്രഡൻഷ്യൽസ് വഴിയും ആവശ്യത്തിനനുസരിച്ചുള്ള പഠനത്തിലൂടെയും (ഓൺ-ഡിമാൻഡ് ലേണിംഗ്) തൊഴിലാളികൾക്ക് അവരുടെ താൽപ്പര്യത്തിനും വേഗതയ്ക്കും അനുസരിച്ച് നൈപുണ്യം വർദ്ധിപ്പിക്കാൻ സാധിക്കും.
ഇന്ത്യയുടെ അസംഘടിത മേഖലയിൽ അതിനൂതന സാങ്കേതികവിദ്യകൾ വലിയ തോതിൽ വിന്യസിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ സംരംഭമായ ഡിജിറ്റൽ ശ്രമ്സേതു മിഷനാണ് ഈ ലക്ഷ്യത്തിന്റെ കാതൽ. ഇന്ത്യയിലെ അസംഘടിത തൊഴിലാളികൾക്കിടയിൽ അതിനൂതന സാങ്കേതികവിദ്യകൾ വലിയ തോതിൽ എത്തിക്കുന്നതിന് വ്യക്തിഗത/മേഖല അധിഷ്ഠിത മുൻഗണന, സംസ്ഥാനതലത്തിലുള്ള നടപ്പാക്കൽ, നിയന്ത്രണപരമായ പിന്തുണ, തന്ത്രപരമായ പങ്കാളിത്തം എന്നീ നാല് പ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനായി റോബസ്റ്റ് മൾട്ടി ലെവൽ ഇമ്പാക്ട് ഇവാലുവേഷൻ ചട്ടക്കൂട്ട് ഉപയോഗിച്ച് ഗവൺമെന്റ്, വ്യവസായം, പൗരസമൂഹം എന്നിവയെ ഒരുമിച്ച് അണിനിരത്തും.
ഈ സമഗ്ര ഡിജിറ്റൽ മുന്നേറ്റം കൈവരിക്കുന്നതിന് ശുഭാപ്തിവിശ്വാസത്തിനപ്പുറം കൂടുതൽ ആവശ്യമാണെന്ന് റിപ്പോർട്ട് ഊന്നിപ്പറയുന്നു. ഗവേഷണ വികസനത്തിലും ലക്ഷ്യബോധത്തോടെയുള്ള നൈപുണ്യ പരിശീലന പരിപാടികളിലും ശക്തമായ ഒരു നവീകരണ ആവാസവ്യവസ്ഥയിലും കൂട്ടായ നിക്ഷേപങ്ങൾ ഇതിന് ആവശ്യമാണ്. ആധാർ, യുപിഐ, ജൻ ധൻ തുടങ്ങിയ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുമായുള്ള ഇന്ത്യയുടെ മുൻകാല വിജയങ്ങൾ, വലിയ തോതിലുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യക്ക് സാധ്യമാണെന്ന് കാണിക്കുന്നു.
നിർദ്ദിഷ്ട നടപ്പാക്കൽ രൂപരേഖ:
ഘട്ടം 1 (2025–2026): മിഷൻ ഓറിയന്റേഷൻ
വ്യക്തമായ ലക്ഷ്യങ്ങൾ, സമയപരിധികൾ, അളക്കാവുന്ന ഫലങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന മിഷൻ ചാർട്ടറിന്റെ കരട് തയ്യാറാക്കൽ. മുൻഗണനകൾ നിശ്ചയിക്കുന്നതിനും ലക്ഷ്യങ്ങൾ നിർവചിക്കുന്നതിനും ഗവൺമെന്റ്, വ്യവസായം, അക്കാദമിക്, പൗരസമൂഹം എന്നിവിടങ്ങളിൽ നിന്നുള്ള പങ്കാളികളെ ഉൾപ്പെടുത്തും.
|
ഘട്ടം 2 (2026–2027): സ്ഥാപനപരമായ രൂപരേഖയും ഭരണനിർവ്വഹണ ഘടനയും
ക്രോസ്-സെക്ടറൽ ഭരണസംവിധാനങ്ങൾ, നേതൃത്വപരമായ റോളുകൾ, നടപ്പാക്കൽ രൂപരേഖ എന്നിവ സ്ഥാപിക്കൽ. ആഭ്യന്തര നവീകരണവും പൊതു-സ്വകാര്യ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, നിയമപരവും ഡിജിറ്റൽപരവുമായ അടിസ്ഥാന സൗകര്യങ്ങളുടെ സജ്ജീകരണത്തിലും ഈ ഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കും.
|
ഘട്ടം 3 (2027–2029): പൈലറ്റുകളും തിരഞ്ഞെടുത്ത പ്രോഗ്രാമുകൾ ആരംഭിക്കലും
ഉയർന്ന സന്നദ്ധതയുള്ള മേഖലകളിൽ, യഥാർത്ഥ സാഹചര്യങ്ങളിൽ പരിഹാരങ്ങൾ പരീക്ഷിക്കുന്നതിനായി പൈലറ്റ് പദ്ധതികൾ നടപ്പാക്കും. ശക്തമായ നിരീക്ഷണ, വിലയിരുത്തൽ ചട്ടക്കൂടുകളുടെ പിന്തുണയോടെ, പ്രവേശനക്ഷമതയ്ക്കും ലാസ്റ്റ്-മൈൽ അഡോപ്ഷനും മുൻഗണന നൽകും
|
ഘട്ടം 4 (2029 മുതൽ): രാജ്യവ്യാപക വിന്യാസവും സംയോജനവും
വിജയകരമായ പരിഹാരങ്ങൾ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. പ്രാദേശിക പൊരുത്തപ്പെടുത്തലുകൾ മേഖലകളിലുടനീളമുള്ള തൊഴിലാളികളുടെ പ്രാദേശിക പ്രസക്തിയും ചലനാത്മകതയും ഉറപ്പാക്കും. ദൗത്യം സ്ഥാപനവൽക്കരിക്കുകയും അതിന്റെ നേട്ടങ്ങൾ വ്യാപകമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ ഘട്ടം ലക്ഷ്യമിടുന്നത്.
|
2035 ഓടെ, സമഗ്രമായ AI വിന്യാസത്തിൽ ഇന്ത്യയെ ഒരു ആഗോള നേതാവാക്കി മാറ്റാൻ ഈ ദൗത്യം ലക്ഷ്യമിടുന്നു. സാങ്കേതികവിദ്യ വളർച്ചയെ നയിക്കുക മാത്രമല്ല, ഉപജീവനമാർഗ്ഗങ്ങളെ ശക്തിപ്പെടുത്തുകയും അവസരങ്ങളിലേക്കുള്ള പ്രവേശനം സാധ്യമാക്കുകയും നീതിയും ശാക്തീകരണവുമുള്ള ഒരു ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രാജ്യത്തിൻ്റെ യാത്രയെ പിന്തുണയ്ക്കുകയും ചെയ്യുമെന്ന് ഇത് ഉറപ്പാക്കാൻ ശ്രമിക്കുന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെയുള്ള ഇന്ത്യയുടെ യാത്ര വ്യക്തമായ കാഴ്ചപ്പാടും ദൃഢനിശ്ചയവും പ്രതിഫലിപ്പിക്കുന്നു. കമ്പ്യൂട്ടിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതു മുതൽ തദ്ദേശീയ മോഡലുകളെ പരിപോഷിപ്പിക്കുകയും സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ, രാജ്യത്തെ പൗരന്മാർക്ക് പ്രയോജനം നൽകുകയും നൂതനാശയങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന ഒരു ശക്തമായ AI ആവാസവ്യവസ്ഥ ഇന്ത്യ സൃഷ്ടിക്കുന്നു. കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭരണം എന്നിവയിലെ സംരംഭങ്ങളുടെ പ്രായോഗിക പ്രയോഗങ്ങൾ യഥാർത്ഥ സ്വാധീനം പ്രകടമാക്കുന്നു. ഇന്ത്യാ AI മിഷൻ, ഡിജിറ്റൽ ശ്രമ്സേതു, ഫൗണ്ടേഷണൽ മോഡൽ വികസനം തുടങ്ങിയ തന്ത്രപരമായ സംരംഭങ്ങൾ നൂതനാശയങ്ങൾ എല്ലാ പൗരന്മാരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതോടൊപ്പം ഗവേഷണം, നൈപുണ്യം, സംരംഭകത്വം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നു. ആഗോള AI നേതാവായി ഉയർന്നുവരുന്നതിനും 2047-ലെ വികസിത ഇന്ത്യ എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ ശ്രമങ്ങൾ ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ നൽകുന്നു.
References:
Ministry of Electronics & IT
Ministry of Communications
Department of Science and Technology
Ministry of Agriculture & Farmers Welfare
NITI Ayog
Click here to see pdf
***
(Backgrounder ID: 155536)
Visitor Counter : 11
Provide suggestions / comments